By ജോസഫ് പടന്നമാക്കൽ
http://www.malayalamdailynews.com/?p=51839
പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ്വാർത്ഥതയുടെയും ശക്തിയുടെയും വിശുദ്ധ അടയാളമായി ഹൈന്ദവജനത ആദരിക്കുന്നു. ഹിന്ദുക്കൾക്കും സൊറാസ്ട്രിയർക്കും ജൈനമതക്കാർക്കും ഒന്നുപോലെ പശു ആദരണീയമാണ്. പൗരാണിക ഈജിപ്റ്റിലും ഗ്രീസിലും റോമായിലും ഇതേ വിശ്വാസം തന്നെയുണ്ടായിരുന്നു. മഹാത്മാഗാന്ധിയും പശുവിനെ ആരാധിച്ചിരുന്നു. ഗാന്ധി പറഞ്ഞു "ഞാൻ പശുവിനെ വന്ദിക്കുന്നു. എന്റെ ഈ വിശ്വാസസത്യം ലോകത്തിന്റെമുമ്പിൽ ന്യായികരിക്കാനും തയ്യാറാണ്. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹൈന്ദവധർമ്മങ്ങളുടെ കാതലായ തത്ത്വമാണ്. പശു കോടാനുകോടി ഭാരതീയരുടെ ആത്മമാതാവാണ്." സ്വന്തം അമ്മ മരിച്ചാൽ മരണാനന്തര ചെലവുകളുണ്ട്. എന്നാൽ അമ്മയായ പശു കൊല്ലപ്പെട്ടാൽ അതിന്റെ കൊമ്പും മാംസവും തൊലിയും എല്ലുമെല്ലാം മനുഷ്യന് ഗുണപ്രദമാണെന്നും പശുഭക്തർ ചിന്തിക്കുന്നു. 1966ല്‍ ഇന്ത്യയിലെ എല്ലാ വര്‍ഗ്ഗീയപാര്‍ട്ടികളും സംഘടനകളും ഒത്തുചേർന്ന് ഗോവധം ദേശീയതലത്തില്‍ നിരോധിക്കുന്നതിനായി ഒരു വന്‍പ്രകടനം സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് മുമ്പിൽ അന്ന് എട്ടോളം പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ആത്മീയ ശിക്ഷ്യനായിരുന്ന വിനോബാഭാവെ ഗോവധം ഭാരതമൊട്ടാകെ നിരോധിക്കാൻ ഇന്ത്യൻ പാർലമെന്റിന് മുമ്പാകെ നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി.
ആധുനികകാലത്ത് ഗോക്കളെ ദൈവതുല്യമായി കരുതുന്ന ഒരു സംസ്ക്കാരമാണ് ഹിന്ദുമതത്തിലെ തീവ്ര വിപ്ലവകാരികളിൽനിന്നും ഉദയം ചെയ്ത ഹിന്ദുത്വാ എന്ന പുതിയ മതത്തിനുള്ളത്. പശുവിനെ പുരാണങ്ങളിലെ കാമധേനുവിന് തുല്യമായ ദൈവമായി മതമൗലിക വാദികൾ കരുതുന്നു. സപ്ത മഹർഷികളിൽ ഒരാളായ വസിഷ്ഠ മുനിയുടെ അധീനതയിലുണ്ടായിരുന്ന പശുവാണ് കാമധേനു. ആഗ്രഹിക്കുന്നതെന്തും പ്രദാനം ചെയ്യുന്ന ദിവ്യശക്തിയുള്ള പശുവാണത്. പശുവിൽ ഭൌതികചിന്തയും ആത്മീയതയും ഒന്നുപോലെ ഹൈന്ദവാചാരങ്ങളിലെ ചിന്തകളിലുണ്ട്. അതിനെ ദിവ്യമൃഗമാക്കിക്കൊണ്ട് ഹിന്ദുത്വാ പടയാളികൾ നിഷ്കളങ്കരായ ഹിന്ദുക്കളെ അഹിന്ദുക്കൾക്കെതിരെ കലഹം സൃഷ്ടിക്കുന്നു. അനീതിയും അസമാധാനവും ഈ പുതിയ മതത്തിൽക്കൂടി രാജ്യത്തുണ്ടായി. തന്മൂലം കൊലയും കൊള്ളിവെപ്പും രാജ്യം മുഴുവൻ പടർന്നുപിടിച്ചു. പശു ഹിന്ദുത്വാവാദികളുടെ രാഷ്ട്രീയമുതലെടുപ്പിനായ മൃഗം കൂടിയാണ്.
വേദങ്ങളുടെ കാലങ്ങളിൽ പശുവധം നിരോധിച്ചിരുന്നുവെന്നുള്ള ഗോവാൾക്കരുടെ കണ്ടെത്തൽ വെറും ഭാവനാസൃഷ്ടി മാത്രമാണ്. അങ്ങനെ ചരിത്രപരമല്ലാത്തത് സ്കൂളുകളിലെ പാഠപുസ്തകങ്ങളിലും ചേർത്തിട്ടുണ്ട്. "പശു മാതാവാണ്, പശുവിനെ ഉപദ്രവിച്ചാൽ വധശിക്ഷയോ നാടുകടത്തലോ വേദങ്ങളുടെ കാലത്തുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി ഹിന്ദുത്വാവാദികൾ ലഘുലേഖകളിൽക്കൂടി പ്രചരിപ്പിക്കുന്നുമുണ്ട്. മാംസാഹാരികളായ ഒരു ജനതയെപ്പറ്റിയുള്ള വിവരങ്ങൾ വേദങ്ങളിലുള്ള സംസ്കൃത ശ്ലോകങ്ങളിൽനിന്നും വ്യക്തമാണ്. പശുക്കളുടെ മാംസം വേദങ്ങളുടെ കാലത്ത് ഭക്ഷിച്ചിരുന്നുവെന്ന് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മനുസ്മൃതിയിൽ (അദ്ധ്യായം 5, ശ്ലോകം 30) പറയുന്നു, "ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏത് മൃഗങ്ങളുടെയും മാംസം മനുഷ്യർ കഴിക്കുന്നത് പാപമല്ല." അതുപോലെ ഋഗ്വേദം(6/17/1) പ്രസ്താവിക്കുന്നത് " പശു, കാളക്കുട്ടി, കുതിര, പോത്ത് എന്നിവകളെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നുവെന്നാണ്" പെണ്‍കുട്ടികളുടെ വിവാഹത്തിൽ കാളയെയും പശുവിനെയും കൊന്നിരുന്നതായി" ഋഗ്വേദത്തിൽ (10/85/13) പരാമർശിച്ചിട്ടുണ്ട്.
വേദങ്ങളുടെ കാലങ്ങളിൽ പശുക്കളെ പരിശുദ്ധമായി കരുതിയിരുന്നെങ്കിലും വിരുന്നുകാർ വരുമ്പോൾ വിശിഷ്ട ആഹാരമായി നൽകിയിരുന്നത് ഗോമാംസമായിരുന്നു. മാംസം ഭക്ഷിച്ചിരുന്നതായി പൗരാണിക ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പണ്ഡിതർ ഒന്നടങ്കം നീതികരിച്ചിട്ടുള്ളതാണ്.എന്നാൽ പണ്ഡിതരെന്നു ഭാവിക്കുന്ന അല്പ്പജ്ഞാനികൾക്ക് സത്യങ്ങളിൽ കലിയുമിളകും. സംശയമുണ്ടെങ്കിൽ ആധുനിക ഹൈന്ദവ നവീകരണങ്ങളുടെ ചിന്തകനായ വിവേകാനന്ദന്റെ ബുക്കുകൾ മതമൌലികത പ്രചരിപ്പിക്കുന്നവർ വായിക്കട്ടെ. വിവേകാനന്ദൻ പറഞ്ഞു "ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ അതിശയിക്കും. പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആചാരങ്ങളനുസരിച്ച് അന്ന് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കരുതുകയില്ലായിരുന്നു. വിശിഷ്ടദിനങ്ങളിൽ കാളകളെ ബലിയർപ്പിച്ച് വേദങ്ങളുടെ കാലങ്ങളിൽ ഭക്ഷിച്ചിരുന്നു. (Works of Swami Vivekaananda, Volume 3 , പേജ് 536) വിവേകാനന്ദന്റെ സംപൂർണ്ണ കൃതികളടങ്ങിയ അതേ ഗ്രന്ഥത്തിൽ (പേജ് 174) വീണ്ടും പ്രമാണികരിക്കുന്നത് "മഹത്തായ ഭാരതമെന്ന വേദഭൂമിയിൽ ഒരിക്കലൊരുകാലത്ത് ഗോമാംസം തിന്നാത്ത ബ്രാഹ്മണനെ ബ്രാഹ്മണനായി കരുതുകയില്ലായിരുന്നു"വെന്നാണ്. ഹിന്ദുക്കളുടെ പൗരാണിക ഗ്രന്ഥങ്ങളിൽ ഗോമാംസം ഭക്ഷിക്കുന്നതായി ശ്ലോകരൂപേണ അനേക തെളിവുകൾ കാണാം. ഹരേരാമ കൃഷ്ണ ഭക്തർ (ISKON) യേശുവിനെ സസ്യാഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്. മുക്കവരുമൊത്ത് മത്സ്യം കഴിച്ചുകഴിഞ്ഞ യേശുവിനെയും യേശുവിന്റെ ജീവിതത്തെയും ഹൈന്ദവീകരിച്ചുകൊണ്ട് പാശ്ചാത്യക്രിസ്ത്യാനികളെ അവർ ആ മതത്തിലേക്ക് ചേർക്കുന്നു. ആൾദൈവങ്ങളും ഗുരുക്കളും പറഞ്ഞാൽ വേദവാക്യങ്ങളായി കരുതുന്നവർ സത്യത്തിന്റെ വഴി തനിയേ കണ്ടുപിടിക്കാൻ ശ്രമിക്കില്ല.
ഭാരതത്തിൽ ബുദ്ധമതം പ്രചാരത്തിലായിരുന്ന കാലങ്ങളിൽ ബ്രാഹ്മണമതം സസ്യാഹാരത്തെപ്പറ്റി പഠിപ്പിച്ചിരുന്നതായി തെളിവുകളൊന്നുമില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. അതേസമയം വേദങ്ങളുടെ കാലങ്ങളിൽ മൃഗബലികൾ അർപ്പിച്ചിരുന്നതായി അനേക ചരിത്രാതീത രേഖകൾ ശ്ലോകങ്ങളിൽക്കൂടി സ്പഷ്ടമാണ്. കൃസ്തുവിന് മുന്നൂറുവർഷങ്ങൾക്ക് മുമ്പ് രചിച്ചതെന്ന് വിശ്വസിക്കുന്ന കാമസൂത്രയിൽ മദ്യവും പട്ടിമാംസവും പുരുഷനിൽ പൗരുഷത്വവും ശൗര്യവും വർദ്ധിപ്പിക്കുമെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. രാമായണത്തിലോ മഹാഭാരതത്തിലോ സസ്യാഹാരത്തിന്റെ മഹത്വത്തെപ്പറ്റി ഒരു സ്ഥലങ്ങളിലും വിവരിക്കുന്നില്ല. പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആര്യന്മാർ സസ്യാഹാരം മാത്രം കഴിച്ചിരുന്ന ജനതയായിരുന്നില്ല. മത്സ്യവും മാംസവും അവർ വ്യാപകമായി ഭക്ഷിച്ചിരുന്നു. സീതയിൽ ആകൃഷ്ടനായ ശ്രീരാമൻ പാറപ്പുറത്തിരുന്നുകൊണ്ട് താൻ പാകംചെയ്ത മാംസത്തെപ്പറ്റി "സീത, ഞാൻതന്നെ തീയിൽ ചുട്ടെടുത്ത മാംസമാണ്. ഇത് പരിശുദ്ധവും രുചിയുള്ളതുമാണ്, ഭക്ഷിക്കൂ" വെന്ന് ശ്ലോകരൂപേണ പരാമർശിക്കുന്നുണ്ട്. ഭരതന്റെ പട്ടാളത്തിന് ആട്, മാട്, പന്നിയിറച്ചികൾ ഭക്ഷിക്കാൻ കൊടുക്കുന്നതായും വിവരിക്കുന്നുണ്ട്. ഹനുമാനും വാനരപ്പടയും സസ്യാഹാരം കഴിച്ചിരുന്നുവെന്ന് സ്ഥാപിക്കാമെങ്കിലും ബ്രാഹ്മണർ സസ്യാഹാരം മാത്രം കഴിച്ചുകൊണ്ട് ജീവിച്ചിരുന്നവരായിരുന്നില്ല. സസ്യാഹാരം ആത്മീയതയിലേക്ക് വന്നത് പിന്നീടുള്ള കാലഘട്ടങ്ങളിലാണ്. അന്ന് സന്യാസത്തിലുണ്ടായിരുന്ന മുനിമാരും സസ്യാഹാരവും മാംസവും കഴിച്ചിരുന്നു. വസിഷ്ഠ മുനിയും അഗസ്തിമുനിയും മാംസം ഭക്ഷിച്ചിരുന്നതായി പുരാണങ്ങളിലുണ്ട്.(സൊസൈറ്റി ഓഫ് രാമായണ, 1966, പേജ്147) പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ബുദ്ധന്മാരെ അനുകരിച്ച് ബ്രാഹ്മണർ മാംസം ഉപേക്ഷിച്ച് സസ്യാഹാരം ഭക്ഷിക്കുന്നവരായെന്ന് അനുമാനിക്കുന്നു.
പ്രാചീന കാലങ്ങൾമുതൽ ഗോക്കൾ വിശുദ്ധ മൃഗങ്ങൾ എന്നത് വിവാദ'മായിരുന്നുവെന്ന് പ്രസിദ്ധ ചരിത്രകാരനായ ഡി.എൻ. ജാ (D. N. Jha ) എഴുതിയ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഋഗ്വേദത്തിൽ ഗോമാംസം ബ്രാഹ്മണരുടെ പ്രധാന ഭക്ഷണമായിരുന്നു. ആര്യൻ സംസ്കാരത്തിലും പശുക്കളെ കൊന്നുതിന്നിരുന്നു. ഭാരതത്തിൽ ഇന്നും ഇന്ത്യാക്കാരിൽ ഭൂരിഭാഗവും കാളയുടെയും പശുവിന്റെയും മാംസം ഭക്ഷിക്കുന്നവരാണ്. ഗോമാംസം ഇന്ത്യയിൽ തിന്നാത്തവർ വെറും ന്യൂനപക്ഷം മാത്രമേയുള്ളൂ. ബി.ജെ.പി. ഓരോ സ്റ്റേറ്റുകളിലും ബില്ലുകൾ കൊണ്ടുവരുന്ന സമയത്ത് മൃഗങ്ങളെ സംരക്ഷിക്കാനെന്ന ന്യായവാദങ്ങൾ പറയുക സാധാരണമാണ്. എങ്കിൽ അവർ സ്വന്തം വീടുകൾ എന്തുകൊണ്ട് പരിരക്ഷിക്കുന്നില്ല. പാമ്പുകളും നായ്ക്കളും പൂച്ചകളും ആട്, പോത്തുകളും മറ്റു പക്ഷി മൃഗാദികളും കരുണ അർഹിക്കുന്നില്ലേ? ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെ ഭക്ഷണമായ ഗോമാംസം നിരോധിക്കൽ തീർത്തും മനുഷ്യത്വമില്ലായ്മയാണ്. മുസ്ലിം ക്രിസ്ത്യൻ ദളിത ജനതയെ അപമാനിക്കൽകൂടിയാണ്.
ഇന്ത്യാ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. പശുക്കളെ കൊല്ലാൻ പാടില്ലായെന്ന നിയമം നാടാകെ നടപ്പിലാക്കിയാൽ വിദേശ വരുമാനത്തെ ബാധിക്കും. പശുവളർത്തൽ ആദായകരമല്ലാത്ത തൊഴിലാകും. തന്മൂലം കൃഷിക്കാർക്ക് പശുവിനെ വളർത്താൻ താല്പര്യമില്ലാതെയാവുകയും പശുവിൻപാലിന് ക്ഷാമം വരുകയും ചെയ്യാം.
പശുക്കളെ കൊന്നതിന്റെ പേരില് നൂറുകണക്കിന് ദളിതരെ ഹിന്ദുമൗലിക വാദികൾ വധിച്ചിട്ടുണ്ട്. പശുവിനുവേണ്ടി ദളിതരെ വധിക്കുന്നതിന് പ്രശ്നമില്ല. പശുക്കളെ അറവുശാലകളിൽ വിറ്റതിന്റെ പേരിൽ മുസ്ലിമുകളെയും വധിച്ചിട്ടുണ്ട്. പശുവധ നിരോധനമെന്ന ബില്ലുകൾ ഭാരതത്തിൽ കൊണ്ടുവന്നാൽ വർഗീയ ലഹളകളും പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. വിവിധ സംസ്ക്കാരങ്ങളോടെയുള്ള ഭാരതത്തിൽ ഒരു പ്രത്യേക മതത്തിന്റെ വിശ്വാസം മറ്റുള്ള മതക്കാരിൽ അടിച്ചേൽപ്പിക്കുന്നത് ഭാരതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരാണ്. മുസ്ലിമുകൾ ഗോമാംസം കഴിക്കുന്നതുകൊണ്ടാണ് സമരപ്രിയരായി നശീകരണലഹളകൾ നടത്തുന്നതെന്നാണ് ഗോവധത്തിന് എതിരായവരുടെ മറ്റൊരഭിപ്രായം. മാംസം മനുഷ്യന്റെ മസ്സിൽശക്തി വർദ്ധിപ്പിക്കുമെന്നത് ശരിതന്നെ. എന്നാൽ വിപ്ലവങ്ങൾ മനുഷ്യന്റെ മനസിന്റെ പരിവർത്തനമാണെന്നുള്ള സാമാന്യബോധം സംഘപരിവാറിനില്ലാതെ പോയി.
പശുക്കൾ പശുഭക്തരുടെ അമ്മമാരെന്നാണ് വെപ്പ്. തീർച്ചയായും അമ്മമാരെ ബഹുമാനിക്കണം. അവർ അതിനൊപ്പം അഹിംസയും പ്രസംഗിക്കുന്നു. വഴിയരികിൽ ചത്തുകിടക്കുന്ന പശുക്കളുടെ തോലുരിയുന്ന ദളിതരെ ഹിംസയും നടത്തുന്നു. ഇവിടെയാണ് അഹിംസയുടെ പ്രമാണം മനസിലാകാത്തത്. പശുവിന്റെ മൂത്രവിസ്സർജനം ഫാർമസികളിൽ വിൽക്കാനുള്ള ഇവരുടെ തീരുമാനം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അത്തരം വിശ്വാസങ്ങൾ സ്വന്തം മതവിശ്വാസികളിലും അപകടമുണ്ടാക്കും.
പശുക്കളെ സംരക്ഷിക്കുന്നതിനായുള്ള വിപ്ലവത്തിന്റെ നീണ്ട ചരിത്രം പശുഭക്തർക്കുണ്ട്. ഇന്ന് ഭാരതത്തിൽ അനേക സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിരിക്കുകയാണ്. ഏഴുവർഷംവരെ ഗോക്കളെ കൊല്ലുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാം. ബി.ജെ. പി. ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം ഈ നിയമം പ്രാബല്യത്തിലാക്കി. ബാബറി മസ്ജിദ് തകർത്തവർക്ക് ശിക്ഷ രണ്ടുവർഷമെങ്കിൽ പശുക്കളെ കൊല്ലുന്നവർക്കോ ഹോട്ടലുകളിൽ ഗോമാംസം കൊടുക്കുന്നവർക്കോ ശിക്ഷ ഏഴുവർഷംവരെയാണ്.
ഇന്ത്യയിൽ പശുക്കളെ കൊല്ലുന്നതിലും മാംസം ഉപയോഗിക്കുന്നതിലും തടസമിട്ടുകൊണ്ട് വർഗീയശക്തികൾ ദിനംപ്രതി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പേരില് ദളിതരെ കൂട്ടക്കൊലകൾ നടത്തികൊണ്ട് പലപ്പോഴും വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടാറുണ്ട്. പശു കച്ചവടക്കാരും ഇവരുടെ മതഭ്രാന്തിന് ഇരയാകുന്നു. ഗോവധം നിരോധിക്കുകയെന്നത് വർഗീയവികാരം വളർത്തുന്നവരുടെ രാഷ്ട്രീയ മുതലെടുപ്പിനും കൂടിയാണ്.
ബി.ജെ.പി യ്ക്ക് രാഷ്ട്രീയാധികാരം കിട്ടിയ സംസ്ഥാനങ്ങളിൽ ഗോക്കളുടെ മൂത്രം ഉത്ഭാതിപ്പിച്ച് വില്ക്കാനുള്ള പ്രോത്സാഹനങ്ങളും നല്കിവരുന്നു. പശുമൂത്രം കുടിച്ചാൽ കാൻസർരോഗം ഭേദപ്പെടുമെന്നും പ്രചരണങ്ങൾ നടത്തുന്നു. പശുവിന്റെ ചാണകവും മതമൗലിക വാദികളുടെ രോഗനിവാരണങ്ങൾക്കുള്ള ഔഷധവുമാണ്. കണ്ണിനും ചെവിയുടെ അസുഖത്തിനും പശുമൂത്രം കുടിക്കാൻ ഇവർ പ്രചരണങ്ങൾ നടത്താറുണ്ട്. ചാണകത്തിൽനിന്ന് മോണരോഗങ്ങൾ ഭേദപ്പെടാൻ ടൂത്ത്പേസ്റ്റ് ഉണ്ടാക്കി വിൽക്കുന്നു. ഷേവ് ചെയ്തശേഷം മുഖത്ത് പുരട്ടാൻ ചാണകക്രീം മതതീവ്രവാദികൾ കമ്പോളത്തിൽ വിൽക്കാറുണ്ട്. തിരുപ്പതിപോലുള്ള അനേകം അമ്പലങ്ങളിൽ പശുമൂത്രം പ്രസാദമായി വിലയ്ക്ക് കൊടുക്കാറുണ്ട്. തമിഴ്നാട്ടിൽ സഞ്ചരിച്ചാലും പശുവിൽനിന്ന് മൂത്രം ശേഖരിച്ച് നേരിട്ട് കുടിക്കുന്നവരെ കാണാം. സംസ്കാര ശൂന്യരായ ഇത്തരം പ്രാകൃതജനതയെ കാണണമെങ്കിൽ വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിൽ വരണം.
ഹിന്ദുമതത്തിലെ വിപ്ലവകാരികളായ വീരഭടന്മാർ ഹിന്ദുമതം ഏത് പരിതസ്ഥിതികളിലും യുക്തിയിലും ഇണങ്ങിപ്പോകുന്ന മതമെന്ന് അവകാശപ്പെടും. എല്ലാ മതവികാരങ്ങളും ഉൾകൊള്ളുമെന്നും പറയും. സനാതനധർമ്മത്തിന്റെ തത്ത്വങ്ങളനുസരിച്ച് ശരിയാണ്. ഹിന്ദുമതത്തിന് അനേകകാര്യങ്ങൾ ഉൾകൊള്ളുവാൻ സാധിക്കും. എങ്കിലും ഹിന്ദുമതത്തിന് പൂർണ്ണമായും അങ്ങനെ ചിന്തിക്കാൻ സാധിക്കില്ല. ഒരു കൊച്ചുകുഞ്ഞിനെ ചാണകം തീറ്റി വളർത്തുന്നത് പരിഷ്കൃത ചിന്താഗതിക്കാരായ ഹിന്ദുക്കൾക്ക് അഭിമാനിക്കാൻ സാധിക്കുമോ? സനാതനമതത്തിൽ ഗോമാംസം കഴിച്ചിരുന്ന ഹിന്ദുമതം അഥവാ ബ്രാഹ്മണമതം ബുദ്ധമതത്തെ അനുകരിച്ച് സസ്യാഹാരം കഴിക്കുന്നവരായി. ബുദ്ധമതത്തിന്റെ അഹിംസാ സിദ്ധാന്തം പകർത്തികൊണ്ട് സ്വന്തം തത്ത്വചിന്തകളിൽ ഉൾപ്പെടുത്തി. എന്നാൽ ഹിന്ദുമതത്തിലെ പുതിയ വിഭാഗമായ ഹിന്ദുത്വാ മതത്തിന് ദളിതരുമായി യോജിക്കാൻമാത്രം നാളിതുവരെ സാധിച്ചിട്ടില്ല. ദളിതരെ തൊട്ടുകൂടായ്മ ഇന്നും ബ്രാഹ്മണമനസ്സിൽ നിറഞ്ഞിരിപ്പുണ്ട്. പശുവിന്റെ പാലിനെക്കാളും മാംസത്തെക്കാളും അവർക്കിഷ്ടം പശുമൂത്രവും ചാണകവുമാണ്. അവകൾ ഔഷധങ്ങളായി മറ്റ് മതവിഭാഗങ്ങളെ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു.
No comments:
Post a Comment