Wednesday, October 9, 2013

ഒബാമയും ഭരണസ്തംഭനവും


By  ജോസഫ് പടന്നമാക്കൽ

അമേരിക്കൻ സർക്കാരിന്റെ ഇപ്പോഴുള്ള പ്രവർത്തനസ്തംഭനം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യസംഭവമല്ല. ഇന്നേക്ക്  18 വർഷങ്ങൾക്കുമുമ്പ് (1995-96) പ്രസിഡണ്ട്‌ ബിൽ ക്ലിന്റന്റെ കാലത്തുണ്ടായ സർക്കാർസ്തംഭനം 21 ദിവസങ്ങളോളം നീണ്ടുനിന്നു. ഒബാമയുടെ ആരോഗ്യപരിരക്ഷാപദ്ധതിയാണ് ഈ സംഭവത്തിന്റെ പിന്നിൽ മുഖ്യ ചർച്ചാവിഷയമായിരിക്കുന്നത്. ഇന്നുള്ള പ്രതിസന്ധിക്ക് റിപ്പബ്ലിക്കനും ഡെമോക്രാറ്റും പരസ്പരം കുറ്റാരോപണം നടത്തുന്നതല്ലാതെ രണ്ട് പാർട്ടികളിൽനിന്നും പരിഹാര മാർഗങ്ങൾക്കായി  ആത്മാർഥമായ ഒരു നീക്കമുണ്ടാകുന്നില്ല. ഈ മാസം പ്രശ്നങ്ങൾ പരിഹരിച്ചാൽത്തന്നെയും സർക്കാരിന്റെ നിലവിലുള്ള ഭീമമായ കടബാധ്യത വീണ്ടും വർദ്ധിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. 


ഒരു വ്യക്തിക്ക് ക്രഡിറ്റ്കാർഡിൽനിന്നും പരമാവധി കടമെടുക്കാൻ (Credit rating) അനുവദിക്കുന്നതുപോലെ രാഷ്ട്രത്തിനും കടമെടുക്കാനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. മേടിച്ച പണം തിരിച്ചുകൊടുക്കാനാവാതെ സർക്കാരിന്റെ ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ക്രെഡിറ്റ്‌ ഉയർത്തി കൂടുതൽ പണം അനുവദിച്ചാൽ മാത്രമേ രാജ്യഭരണം സുഗമമാവുകയുള്ളൂ. അമേരിക്കയിൽ നടപ്പാക്കേണ്ട അത്യാവശ്യമല്ലാത്ത പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതെ പാഴ്ചെലവുകൾ ഒഴിവാക്കിയാൽ പ്രശ്നങ്ങൾക്ക് ശമനം കണ്ടെത്തുവാൻ സാധിക്കുമെന്നും കരുതുന്നു.
 

പ്രധാന രാഷ്ട്രീയ പാർട്ടികളായ റിപ്പബ്ലിക്കനും ഡമോക്രാറ്റും തമ്മിൽ  പണത്തിന്മേലുള്ള പന്തുകളി വാർത്തകളാണ് വാഷിംഗ്ടണിൽനിന്നും എന്നും കേട്ടുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങൾ തീർക്കാതെ ഉചിതമായ മറുപടിയുമായുള്ള ഒബാമയുടെ കടുംപിടുത്തവും വിമർശനങ്ങളിലുണ്ട്. ഏത് അടിയന്തിരാവസ്തയിലും കോണ്‍ഗ്രസ്സ് അംഗങ്ങൾക്കും സെനറ്റ് മെംബർമാർക്കും പ്രസിഡന്റിനും മുടങ്ങാതെ ശമ്പളം കിട്ടിക്കൊണ്ടിരിക്കും. അത് അമേരിക്കയുടെ നിയമവ്യവസ്ഥയിലുള്ളതാണ്‌. രാജ്യം നേരിടുന്ന ഈ ദുരവസ്ഥയിൽ റിപ്പബ്ലിക്കന്റെയും ഡെമോക്രാറ്റിന്റെയും ആദർശങ്ങൾ പൊക്കിയുയർത്തി വോട്ടുബാങ്കുകളുടെ ബലം വർദ്ധിപ്പിക്കാനാണ് പലരുടെയും ശ്രമം. അതിനായി രാഷ്ട്രീയപാർട്ടികൾ പരസ്പരം ചെളിവാരിയെറിയലല്ലാതെ ജനങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ച് ബോധവാന്മാരല്ല. അമേരിക്കൻ സർക്കാരിലുള്ള ചുവപ്പുനാടകൾ വാസ്തവത്തിൽ രാജ്യത്തിന്റെ പേരുതന്നെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. രാജ്യം അഭിമുഖികരിക്കുന്ന സാമ്പത്തിക ഞെരുക്കം അവർക്ക് പ്രശ്നമല്ല. അമേരിക്കയിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെയാണ് സാമ്പത്തിക അസമത്വം ബാധിക്കുന്നത്. ഈ അടിയന്തിര സാഹചര്യം തരണം ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ച തെരഞ്ഞെടുക്കപ്പെട്ടവരെ ഒന്നടങ്കം കുറ്റപ്പെടുത്തണം. പ്രത്യേക പാർട്ടികൾ മാത്രമല്ല ഇതിന് കാരണക്കാർ.  സ്വാർഥതയാണ് ഈ സാമ്പത്തിക വിവാദങ്ങളിൽ ദൃശ്യമാകുന്നത്. ലോകത്തിന്റെ മുമ്പിൽ എന്നും അഭിമാനത്തോടെ വിലസിയിരുന്ന സമ്പന്നമായ ഈ രാജ്യത്തെ മറ്റുള്ള ലോകരാജ്യങ്ങൾ ഇന്ന് കാണുന്നത് പരിഹാസരൂപത്തിലാണ്.


ഒബാമയുടെ ആരോഗ്യപരിരക്ഷാപദ്ധതികളിൽ അമർഷംപൂണ്ട ചിലരുടെ എതിർപ്പുകൾമൂലമാണ് ദേശത്തിന്റെ ആകസ്മികമായ ഈ മഹാവിപത്തിന് കാരണമായത്‌. വാസ്തവത്തിൽ ആരോഗ്യരക്ഷാപദ്ധതി അമേരിക്കയിലെ ഖജനാവുമായി നേരിട്ട് ബന്ധമില്ല. റിപ്പബ്ലിക്കിലെ യാഥാസ്ഥിതികർക്ക് ഈ പദ്ധതികൾ ദഹിക്കുന്നില്ലാത്തുകൊണ്ട് കിട്ടിയ അവസരം അവർ മുതലാക്കുന്നുവെന്നേയുള്ളൂ. രാജ്യത്തിലെ 13 ശതമാനം മാത്രമുള്ള താഴ്ന്ന വരുമാനക്കാർക്ക് മാത്രമേ ഒബാമ പദ്ധതികൊണ്ട് പ്രയോജനമുള്ളൂവെന്നും നികുതി കൊടുക്കുന്ന എല്ലാ ജനങ്ങൾക്കും തുല്യനീതി ലഭിക്കുന്നില്ലായെന്നും യാഥാസ്ഥിതിക റിപ്പബ്ലിക്കരായവരുടെ വാദങ്ങളാണ്.


എന്തുകൊണ്ട് സർക്കാർ പ്രവർത്തനങ്ങൾ നിലച്ചുവെന്നും അതിനുള്ള സാഹചര്യങ്ങൾ എന്തെല്ലാമെന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. അമേരിക്കൻ ഭരണഘടനയനുസരിച്ച് സർക്കാരിന്റെ വരവുചെലവുകൾ സംബന്ധിച്ച ബില്ലുകൾ സെനറ്റും കോണ്ഗ്രസ്സും പാസാക്കി പ്രസിഡന്റ് ഒപ്പിടേണ്ടതായുണ്ട്. ചെറുകിട ബിസിനസ്കാർക്ക് കടം കൊടുക്കുന്നതുമുതൽ പാസ്പോർട്ട് ഏജൻസികളുടെ പ്രവർത്തനംവരെ ആവശ്യത്തിന് ഫണ്ട് ഉപയോഗിക്കാൻ ബില്ലുകൾ സെനറ്റ്ഹൌസ് മുതൽ അവതരിപ്പിക്കണം. സോഷ്യൽ സെക്യൂരിറ്റി,  ട്രാഫിക്ക് നിയന്ത്രണം, മിലിട്ടറി എന്നിവകൾക്കുള്ള പണം സർക്കാരിന്റെ പ്രവർത്തനം നിലച്ചാലും കൊടുത്തുകൊണ്ടിരിക്കണം. ഇവകൾ അത്യാവശ്യ സർവീസുകളാണ്. സർക്കാർ പ്രവർത്തനം നിന്നാലും സൈന്യങ്ങൾക്ക് യുദ്ധം ചെയ്തുകൊണ്ടിരിക്കാം. പോസ്റ്റൽ കത്തുകൾ കിട്ടികൊണ്ടിരിക്കും. അതുപോലെ കോണ്‍ഗ്രസ് അംഗങ്ങൾക്കും സെനറ്റ് അംഗങ്ങൾക്കും പ്രസിഡന്റിനും ശമ്പളം ലഭിച്ചുകൊണ്ടിരിക്കും. തെരഞ്ഞെടുക്കപ്പെട്ടവരായ ഇവരാണ് ഇന്ന് ജനങ്ങളുടെ നികുതിപ്പണം അമ്മാനമാടികൊണ്ട് സാധാരണക്കാരന്റെ ജീവിതത്തെ കുഴപ്പത്തിലാക്കുന്നത്.
സാധാരണ ബില്ലുകൾ വർഷത്തിന്റെ മധ്യകാലസമയങ്ങളിലാണ് അവതരിപ്പിച്ച് പാസാക്കാറുള്ളത്. സർക്കാരിന്റെ സാമ്പത്തികവർഷം ഒക്റ്റോബർ ഒന്നുമുതൽ തുടങ്ങി സെപ്റ്റംബർ മുപ്പതിന് അവസാനിക്കുന്നു.  കോണ്‍ഗ്രസിനും സെനറ്റിനും ചില പദ്ധതികൾക്കായി ഫണ്ട് അനുവദിക്കാതെയിരിക്കാം. രാഷ്ട്രത്തിന്റെ വരവുചെലവുമതിപ്പിൽ (budget ) പുതിയതായി ഉൾകൊള്ളിക്കേണ്ട ചില പദ്ധതികൾ വരുമ്പോഴാണ് സാധാരണ വാദപ്രതിവാദങ്ങൾ ഉണ്ടാകാറുള്ളത്. അങ്ങനെയാണ് ഒബാമായുടെ ആരോഗ്യ സുരക്ഷാപദ്ധതി കോണ്‍ഗ്രസിൽ വിവാദ വിഷയമായി തീർന്നത്. ആരോഗ്യ സുരക്ഷാപദ്ധതികൾ സാധാരണ ഫെഡറലിന്റെ നിയന്ത്രണത്തിലുള്ളതല്ല. ഒബാമയുടെ ആരോഗ്യ സുരക്ഷാപരിപാടികൾ സാമ്പത്തിക അപര്യാപ്തത വരുത്തുമെന്ന് ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതുമൂലം പ്രശ്നങ്ങൾ സങ്കീർണ്ണമാകുവാനിടയായി. ഒബാമയുടെ ആരോഗ്യാരക്ഷാ നിയമങ്ങളനുസരിച്ച് അമേരിക്കയിലെ എല്ലാ പൌരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നിർന്ധമായും വേണമെന്നുള്ളതാണ്. ഇത് തൊഴിലുടമകൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നു. ഇൻഷുറൻസ് കമ്പനികൾ സാമ്പത്തിക സമ്മർദം കാരണം പ്രീമിയവും വർദ്ധിപ്പിക്കും. അധികം വരുന്ന ചെലവ് വഹിക്കേണ്ടതും തൊഴിൽ നൽകേണ്ടവരാണ്. തന്മൂലം ഉത്പാദന ചെലവുകൾ കൂടും. ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കുന്നതുമൂലം രാജ്യത്ത് വിലപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. എത്ര ഗുരുതരമായ രോഗമുള്ളവർക്കും സുരക്ഷാ പദ്ധതിയനുസരിച്ച് ഇൻഷുറൻസ് കൊടുക്കുന്നതുവഴി  ഇൻഷുറൻസ് കമ്പനികൾ പാപ്പരത്തത്തിലേക്ക് നീങ്ങുമെന്നും ഭയപ്പെടുന്നു.
റിപ്പബ്ലിക്കൻസ്കൂടി ഒത്തുചേർന്ന് പാസാക്കിയ ഒബാമാ ആരോഗ്യപരിരക്ഷാപദ്ധതി ബില്ല് ഒരു വർഷം കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്നാണ് പുതിയ വാദങ്ങൾ. മറ്റൊന്ന് മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിച്ച് വിറ്റഴിക്കുന്ന കമ്പനികളുടെ അധിക നികുതിയിലുള്ള എതിർപ്പാണ്. ഒത്തുതീർപ്പിനുള്ള വഴികൾ കണ്ടുപിടിക്കാൻ സാധിക്കാതെ പോവുന്നതും മെഡിക്കൽ നിർമ്മാണകമ്പനികളെ തൃപ്ത്തിപ്പെടുത്താനുമാകാം. ഈ നികുതിയും ഒബാമയുടെ ആരോഗ്യരക്ഷാ പദ്ധതിയുടെ ഭാഗമാണ്. സർജറിക്കും മറ്റു മെഡിക്കൽ വകുപ്പുകൾക്കുംവേണ്ടി നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക്‌ ഇപ്പോൾ രണ്ടര ശതമാനം നികുതി കൊടുക്കുന്നുണ്ട്. ഒബാമയുടെ തീരുമാനമനുസരിച്ച് ഇങ്ങനെ കണ്ടെത്തുന്ന അധികവരുമാനം ആരോഗ്യരക്ഷക്കായി പ്രയോജനപ്പെടുത്തണമെന്നാണ്. അമേരിക്കൻ ജനതയുടെ ആരോഗ്യമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബില്ലിനെ റിപ്പബ്ലിക്കൻ പാർട്ടി എതിർക്കുന്നു. കമ്പനിയുടെ ഉത്ഭാതന ചെലവുകൾ കൂടുന്നതുമൂലം തൊഴിൽമേഖലകൾ വിദേശകമ്പനികൾ ഏറ്റെടുക്കുമെന്ന ഭയമാണ് മുമ്പിലുള്ളത്. ലക്ഷക്കണക്കിന് ജോലിക്കാർ ഈ തൊഴിൽ മണ്ഡലങ്ങളിൽ ജോലിചെയ്യുന്നുണ്ട്.
അമേരിക്കയിൽ 33 ലക്ഷം ജോലിക്കാർ അത്യാവശ്യവിഭാഗങ്ങളിൽ ജോലിചെയ്യുന്നവരാണ്. സർക്കാരിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതുമൂലം എട്ടുലക്ഷം ജോലിക്കാർ പ്രശ്നം അവസാനിക്കുംവരെ വീട്ടിൽ ഇരിക്കേണ്ടി വരുന്നു. അവർക്ക് ജോലിചെയ്യാതെ ശമ്പളം കൊടുക്കുന്നവഴി സർക്കാർ ഖജനാവ്‌ കാലിയായിക്കൊണ്ടിരിക്കും. സാമ്പത്തിക സമ്മർദം തുടർന്നുകൊണ്ടിരുന്നാൽ സ്റ്റോക്ക്മാർക്കറ്റും താഴേക്ക് പോവും. സർക്കാരിന്റെ പ്രവർത്തനസ്തംഭനം നീളുംതോറും അമേരിക്കൻ സാമ്പത്തികതയുടെ അടിത്തറ ഇളകും. ഏതാനും ദിവസങ്ങൾ മാത്രമേയുള്ളുവെങ്കിൽ സാരമായ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.  സർക്കാരിന്റെ പ്രവർത്തനാവസ്ഥ നിർജീവമായി നാലാഴ്ച തുടരുകയാണെങ്കിൽ 55 ബില്ല്യൻ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് മൂഡിസ്‌ (Moody's ) കണക്കുകൾ വ്യക്തമാക്കുന്നു.   
സാധാരണക്കാരനെ ഇന്നുള്ള സർക്കാർ സ്തംഭനംമൂലം എങ്ങനെയെല്ലാം ബാധിക്കുമെന്ന് നോക്കാം. പോസ്റ്റൽ സേവനങ്ങൾക്ക് മുടക്കം വരില്ല. കത്തുകൾ ലഭിച്ചുകൊണ്ടിരിക്കും. സൈന്യങ്ങൾക്കുള്ള ഫണ്ട് സമയാസമയങ്ങളിൽ സേവനത്തിനായി വിനിയോഗിക്കും. യുദ്ധകാലത്തെങ്കിൽ സൈന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കും. സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾക്കും മുടക്കം വരുകയില്ല. എന്നാൽ വീട് മേടിക്കുന്നവർക്ക് ഫെഡറിലിൽനിന്നും കടമെടുക്കുവാൻ കാത്തിരിക്കേണ്ടിവരും. തോക്കിന് ലൈസന്സ് വേണമെങ്കിലും പാസ്പോർട്ട് ലഭിക്കണമെങ്കിലും കാലതാമസം വേണ്ടിവരും. തന്മൂലം വിദേശ സഞ്ചാരികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. 
സർക്കാർ സ്തംഭനംമൂലം ഒബാമാ ആരോഗ്യരക്ഷാ പദ്ധതിയെ നേരിട്ട് ബാധിക്കില്ല. ഈ പദ്ധതി നടപ്പിൽ വരുത്തുന്നത് പുതിയ നികുതി വരുമാനത്തിൽനിന്നാണ്. അതുപോലെ സർക്കാർ നടപ്പാക്കണമെന്ന് വിചാരിച്ചിരുന്ന പല അനാവശ്യപദ്ധതികളും വേണ്ടെന്നുവെച്ച് നീക്കി വെച്ചിരിക്കുന്ന പണം ആരോഗ്യരക്ഷാ പദ്ധതികൾക്കായി വിനിയോഗിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക അരാജകത്വത്തിന് ഹേതുവായുള്ള അഭിപ്രായവോട്ടിൽ പങ്കെടുത്ത ജനവിഭാഗങ്ങളിൽ 46 ശതമാനംപേർ റിപ്പബ്ലിക്കൻ പാർട്ടിയേയും 36 ശതമാനംപേർ പ്രസിഡന്റിനെയും 13 ശതമാനംപേർ രണ്ടുകൂട്ടരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്.
അമേരിക്കൻ സർക്കാരിന് 16.699 ട്രില്ലിയൻ ഡോളർ തുകയാണ് ക്രഡിറ്റ്  അനുവദിച്ചിരിക്കുന്നത്. കൂടുതൽ പണം അനുവദിക്കണമെങ്കിൽ നിലവിലുള്ള  ക്രഡിറ്റ്പരിധി വർദ്ധിപ്പിക്കണം. അതിനായി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റിൽ ഉടനെതന്നെ ബില്ലും അവതരിപ്പിക്കും. സർക്കാർ സ്തംഭനം തുടരുകയാണെങ്കിൽ അമേരിക്കയുടെ ക്രെഡിറ്റ് വിലയിരുത്തലിനെ ബാധിക്കുകയും തന്മൂലം സുപ്രധാനമായ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാതെ വരുകയും ചെയ്യും.
അമേരിക്കയ്ക്ക് ഏറ്റവുമധികം കടംകൊടുക്കുന്ന രാജ്യമായ ചൈന അമേരിക്കൻ സാമ്പത്തിക പ്രശ്നത്തിൽ ആശങ്കയും പ്രകടിപ്പിച്ചുകഴിഞ്ഞു. ഒക്ടോബർ പതിനേഴാം തിയതിക്കുള്ളിൽ പ്രശ്നങ്ങൾ തീർക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനാ അമേരിക്കയുടെ സാമ്പത്തികഭദ്രതയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക നിക്ഷേപ പദ്ധതികൾക്കും ആഗോള സാമ്പത്തിക വളർച്ചക്കും തടസം വരുമെന്ന് ആ രാജ്യം ഭയപ്പെടുന്നു.
സ്തംഭനംമൂലം 300 മില്ല്യൻ ഡോളർ ദിനംപ്രതി സർക്കാരിന് നഷ്ടപ്പെടുന്നുണ്ട്. പൊതുപാർക്കുകളും കാലാവസ്ഥ നിർണ്ണയിക്കുന്ന ഓഫീസുകളും പ്രവർത്തനരഹിതമായി കഴിഞ്ഞു. തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. ഇത് തുടരുന്നപക്ഷം ഒബാമയ്ക്ക് യുദ്ധകാലംപോലുള്ള ദേശീയ അടിയന്തരാവസ്ഥ (National emergency) പ്രഖ്യാപിക്കേണ്ടി വരും. അതിനാലായിരിക്കാം വിട്ടുവീഴ്ചയില്ലാതെ ഒബാമഭരണകൂടം മുമ്പോട്ടുപൊകുന്നത്. ഗുരുതരമായ ഈ സാമ്പത്തിക കുഴപ്പങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെയാണ് ജനം കൂടുതൽ പഴിചാരുന്നത്. ജോണ്‍ മക്കയിൻവരെ റിപ്പബ്ലിക്കൻപാർട്ടിയുടെ നിരുത്തരവാദിത്തത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്.  സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ഒബാമാ ഭരണകൂടം ഒത്തുതീർപ്പിനായുള്ള ഒരു ഉപാധിക്ക് സമ്മതിക്കാതിരിക്കുന്നതും അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള  ആരോപണങ്ങളിൽ ഉണ്ട്.
അമേരിക്കയുടെ ഈ സ്തംഭനാവസ്ഥ ഒരു രാഷ്ട്രീയമായി കരുതാൻ  സാധിക്കില്ല. സാമ്പത്തിക അസമത്വം മറയാക്കി കാര്യസാധ്യത്തിനായി തെരഞ്ഞെടുത്തവരുടെ ഒരു കുട്ടിക്കളിയെന്ന് വേണം അനുമാനിക്കാൻ.  ഇത്തരം സാമ്പത്തിക അരാജകത്തം ചരിത്രത്തിൽത്തന്നെ വിരളമാണ്. ഈ സാമ്പത്തിക പോരാട്ടത്തിൽ വിജയിയായിരിക്കുന്നത് ചൈനയാണ്. ഇവിടെ ജയിക്കുന്നത് പ്രസിഡന്റോ റിപ്പബ്ലിക്കനൊയെന്ന് തീരുമാനിക്കാനും പ്രയാസമാണ്. പരാജയപ്പെടുന്നത് അമേരിക്കൻ  ജനതയായിരിക്കും.  ഒബാമ ഒരു ഒത്തുതീർപ്പിന് തയ്യാറല്ലായെന്നും വ്യക്തമായി കഴിഞ്ഞു.  എന്തുകൊണ്ട്? മറ്റെല്ലാ പ്രസിഡന്റുമാരും ബിൽക്ലിന്റനും റൊണാൾഡ് റീഗനും ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ വിജയകരമായി ഒത്തുതീർപ്പുണ്ടാക്കി. പ്രശ്നങ്ങൾ പരിഹരിച്ചു.  ബ്ലാക്ക്‌മെയിൽ ചെയ്ത് കാര്യം സാധിക്കുന്ന അംഗങ്ങളാണ് ജനപ്രതിനിധികളിലുള്ളത്. ഒരുതരം സാമ്പത്തിക ഭീകരതയെന്നും ഈ സർക്കാർപ്രവർത്തനങ്ങളുടെ മരവിപ്പിക്കലിനെ വിളിക്കാം. ജനാധിപത്യത്തിനും വ്യക്തിക്കും രാജ്യത്തിനും ഈ സ്തംഭനം അപകീർത്തികരമാണ്. അമേരിക്കയുടെ ഇന്നത്തെ ശോചനീയാവസ്ഥ  കണ്ട് കടലിന്റെ അഗാധതയിൽ കബറിനുള്ളിൽ കിടക്കുന്ന ബിൽലാഥന്റെ പ്രേതം ഒരു പക്ഷെ പൊട്ടിച്ചിരീക്കുന്നുണ്ടാകാം. വളരെക്കാലം നാം വിദേശഭീകരരെ ഭയപ്പെട്ടു. അവർ ഈ രാജ്യത്തിനെയും സമ്പത്തിനെയും ജനത്തെയും നശിപ്പിക്കുമെന്ന് ഭയപ്പെട്ടു. ഇന്ന് ഈ രാജ്യത്ത് നിയമങ്ങൾ ഉണ്ടാക്കുന്ന നുഴഞ്ഞുകയറിയവരെയാണ് ഭയപ്പെടേണ്ടത്. കഴിഞ്ഞകാലങ്ങളിൽ നാം ഭയപ്പെട്ട അതേ ഫലംതന്നെ ഇവർ രാജ്യത്തിന്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ദൈവം കനിഞ്ഞനുഗ്രഹിച്ച കോടാനുകോടി ജനങ്ങളുടെ സ്വപ്നഭൂമിയായ അമേരിക്കയെ ഒബാമഭരണകൂടം പൂർവ സ്ഥിതിയിലേക്ക് മടക്കികൊണ്ടുവരുമെന്നും പ്രതീക്ഷിക്കാം.      


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...