വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആർഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജർമ്മനിയിൽ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാൻസീസ് മാർപാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതൽ ലോകത്തുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവൻ പണപ്പിരിവിനായി വിമാനത്തിൽ സഞ്ചരിക്കുന്ന കർദ്ദിനാൾ ആലഞ്ചേരിയുൾപ്പടെയുള്ള മലയാളീ മെത്രാൻ മെത്രാപ്പോലീത്താമാർ ഭാവിപരിപാടികൾ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയിൽ മണിമാളിക പണിയാൻ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികൾ സീറോമലബാർ രൂപതകൾ ലോകം മുഴുവൻ വ്യാപിപ്പിച്ച് യൂറോപ്പിലും അമേരിക്കയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകൾ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യലിലും അഭിഷിക്തർ താൽപര്യപ്പെടുന്നു. വിദേശത്തുള്ള ഇത്തരം പരിപാടികളിൽനിന്നും അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ ആലഞ്ചേരി പിതാവ് പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവിൽ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാർപാപ്പായുടെ ശ്രദ്ധയിൽപ്പെടുത്തണം. ജർമ്മൻ മെത്രാനെക്കാളും ആഡംബരത്തിൽ കാഞ്ഞിരപ്പള്ളിമെത്രാൻ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.
ജർമ്മനിയിലെ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റി (Franz Peter Tabartz -Vanelist ) സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിർമ്മിക്കാൻ 41 മില്ല്യൻ ഡോളറാണ് ബഡ്ജെറ്റിൽ ഉൾപ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജർമ്മൻപത്രങ്ങൾ നിറയെ വാർത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിർമ്മാണത്തിനുതന്നെ ഒന്നേകാൽ മില്ല്യൻ ഡോളർ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാൻ സാധിക്കുകയുള്ളൂ. ഒന്നുകിൽ സേവനം ചെയ്യാൻ ആവാതെ കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കിൽ സഭാനിയമങ്ങൾ ലംഘിച്ചിരിക്കണം. അതിൽ രണ്ടാമത്തെ കാരണം വത്തിക്കാൻ പരിഗണനയിൽ എടുത്തേക്കാം.
ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തർ ചോദിക്കുന്നുണ്ടാവാം. സഭയിലെ രാജകുമാരന്മാർ പത്രോസിന്റെ പാറയിന്മേൽ ഉറച്ച കെട്ടിടങ്ങളിൽ വാണരുളണമെന്നും ചിന്തിക്കുന്നുണ്ടാവാം. ചുറ്റും സുന്ദരമായ കെട്ടിടങ്ങൾ ഉള്ളപ്പോൾ അഭിഷിക്തരായ തങ്ങൾക്കും എന്തുകൊണ്ട് മനോഹരമായ കൊട്ടാരങ്ങൾ ആയിക്കൂടാ? സഭ പണിതതും അത്യുന്നതനായ ദൈവത്തിന്റെ മഹത്വത്തിലാണ്. ഗോപുരങ്ങളുടെ ഉയരം കൂടുംതോറും യേശുവിൽക്കൂടി ആത്മാവിന് പിതാവിങ്കൽ പ്രാപിക്കാനും എളുപ്പമാകും. പള്ളി പണിയുന്നതും രണ്ടും മൂന്നും തലമുറകൾക്കായിട്ടാണ്. സ്വാർഥമതികളായ ഇന്നത്തെ തലമുറയ്ക്ക് മാത്രമായിട്ടല്ല.
പണുത കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ബിഷപ്പ് ആഗ്രഹിച്ചു. അതുവഴി സഭയുടെ മനോഹാരിത പുറംലോകം അറിയുവാനും ആഗ്രഹിച്ചു. യേശുവിന്റെ ആലയം മണൽപ്പുറത്തല്ല പണിയേണ്ടത്. യേശു പ്രകൃതിയുടെയും സൗന്ദര്യം ദർശിച്ചിരുന്നു. മലകളും കടലുകളും ഉദ്യാനങ്ങളും അവിടുത്തേക്കിഷ്ടമായിരുന്നു. ഈ സൌന്ദര്യം വിശ്വാസിയുടെ ഹൃദയപരിമളമാണ്. ഇതെല്ലാം അവിടുത്തെ സഭയാകുന്ന മണവാട്ടിയ്ക്ക് വിശ്വാസികൾ ഔദാര്യപൂർവം അർപ്പിച്ചതാണ്. ഇങ്ങനെയിങ്ങനെ പഴഞ്ചനായ തത്ത്വചിന്തകൾ ജർമ്മൻബിഷപ്പ് പറഞ്ഞിട്ടും സാധാരണക്കാരിൽ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഫ്രാൻസീസ് മാർപാപ്പാ ചെവികൊണ്ടില്ല.
വിശ്വാസികളുടെ പരാതികൾ പരിഗണിച്ചുകൊണ്ട് ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെ (Franz Peter Tabartz -Vanelist ) മാർപാപ്പാ അടിയന്തിരമായി വത്തിക്കാനിൽ വിളിച്ചുവരുത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ചുമതലകളിൽനിന്നും സമയപരിധി നിശ്ചയിക്കാതെ താല്ക്കാലികമായി അദ്ദേഹത്തെ പുറത്താക്കി. ഒപ്പം വത്തിക്കാന്റെ ഭരണാധികാരിയായിരുന്ന മോണ്‍സിഞ്ഞോറിനെയും നിർബന്ധിത പെൻഷൻനൽകി പറഞ്ഞുവിട്ടു. ബിഷപ്പ് റ്റാബാറ്റ്സ് -വാൻ-എല്സ്റ്റിന്റെ ആർഭാടമേറിയ ജീവിതത്തിൽ ജർമ്മൻജനത അസഹ്യരായിരുന്നു. പരിവാരസഹിതം രാജ്യങ്ങൾ ചുറ്റികറങ്ങാൻ വിമാനത്തിലെന്നും ഒന്നാംക്ലാസ് ടിക്കറ്റിലേ സഞ്ചരിക്കുമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയതുവഴി മാർപാപ്പാ വിശ്വസിക്കുന്ന തത്ത്വങ്ങൾ സഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചെന്നും അനുമാനിക്കണം. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്. പ്രേഷിതവേല ചെയ്യുവാൻ നിയുക്തരായിരിക്കുന്ന മെത്രാന്മാർ കിരീടമണിഞ്ഞ രാജകുമാരന്മാരല്ലെന്ന് ഫ്രാൻസീസ് മാർപാപ്പാ കൂടെകൂടെ പറയാറുണ്ട്. സൌമ്യതയും വിനയവുമടങ്ങിയ ലളിതമായ ജീവിതമാണ് റോമൻ ക്യൂരിയാ പരിഷ്ക്കാരത്തെക്കാൾ പ്രാധാന്യമുള്ളതെന്ന് മാർപാപ്പാ അഭിഷക്തരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സഭയിലെ നവീകരണാവശ്യം ക്യൂരിയായിൽ അല്ലെന്നും പാപ്പാ പറഞ്ഞു. വത്തിക്കാനിലെ മുരടിച്ച പുരോഹിതരുടെ അധികാരഭ്രാന്തിനെ പിഴുതുകളയാനും കൂടിയാണ് മാർപാപ്പായുടെ ഈ തേരോട്ടമെന്നും തോന്നിപ്പോവും.
മുമ്പെല്ലാം സഭയുടെ കുറ്റപത്രങ്ങളിൽ നിറഞ്ഞിരുന്നത് ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക അഴിമതികളുമായിരുന്നു. ആഡംബരവും മുത്തുകുടകളും മെത്രാനെ എഴുന്നെള്ളിപ്പും മഞ്ചത്തിൽ കൊണ്ടുപോവലും വിദേശത്താണെങ്കിൽ സ്ത്രീകളുടെ മെത്രാനുള്ള താലപ്പൊലി സ്വീകരണവും, മെത്രാന്റെ ലിമോസിയൻ സഞ്ചാരവും സീറോമലബാർ സഭകളിൽ സാധാരണമാണ്. പണക്കാരന്റെ മക്കളെ വിവാഹം ആശിർവദിക്കാൻപോലും കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കർദ്ദിനാൾ വിമാനം കയറിവന്ന വിചിത്രമായ പത്രവാർത്തകളും വായിച്ചു. ഓരോ സംഭവങ്ങളും വായിക്കുമ്പോൾ സഭയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് സഭയെ സ്നേഹിക്കുന്നവർക്ക് തോന്നിപ്പോവും. കേരളത്തിൽതന്നെ ധ്യാനകേന്ദ്രങ്ങളുടെ മറവിൽ ഭൂമിതട്ടിപ്പും കോടികൾ മുടക്കി കാറ് മേടിക്കലും അരമനകൾ പണിയലും, കമ്പോളങ്ങൾ ഉണ്ടാക്കലും കോളേജുകോഴകളും അഭിഷിക്തരുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഇത്തരം അഴിമതിക്കാരെ പിടിക്കാൻ ശക്തമായ ജനപിന്തുണ ഫ്രാൻസീസ് മാർപാപ്പായ്ക്ക് നല്കിയാലെ ഈ താപ്പാനകൾക്ക് മൂക്കുകയറിടുവാൻ സാധിക്കുകയുള്ളൂ. ജർമ്മൻ ബിഷപ്പിനെതിരെ ജർമ്മനിയിലെങ്ങുമുള്ള വിശ്വാസികളുടെ ശക്തിയേറിയ പ്രതിഷേധത്തിന്റെ അലകൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നമ്മുടെ മുമ്പിൽ ഇന്നൊരു ചോദ്യം ഉയരുകയാണ്. മണിമാളികകൾ പണിത് ആഡംബരജീവിതം നയിച്ചുജീവിക്കുന്ന അഭിഷിക്തരെ അത്തരം ദിനചര്യകൾ നാം ഇനി അനുവദിക്കേണ്ടതുണ്ടോ? മാർപാപ്പായുടെ ജർമ്മൻ മെത്രാനെതിരായുള്ള സുപ്രധാനമായ ഈ തീരുമാനത്തിൽ നാം അഭിമാനിക്കണം. മറ്റുള്ളവരുടെ പണത്തിന്റെ ശക്തിയിൽ കൈകളിൽ അംശവടിയും പിടിച്ച്, വിരലുകളിൽ മോതിരവുമണിഞ്ഞ്, തലയിൽ വർണ്ണനിറങ്ങളുള്ള മയിൽപക്ഷികളുടെ തൊപ്പിയും ധരിച്ച്, മുത്തുക്കുടകളുടെ കീഴിൽ എഴുന്നള്ളി നടക്കുന്ന അഭിഷിക്തർക്കും ഇതൊരു പാഠമാകണം. അവരെ തടയരുതെന്ന് യേശു പറഞ്ഞത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നോക്കിയായിരുന്നു. കപടത നിറഞ്ഞ പരീഷിയരെ അവിടുന്ന് ആട്ടിയോടിച്ചു. അവിടുത്തെ ചങ്ങാതികൾ പകലന്തിയോളം പണിയെടുത്തിരുന്ന നിഷ്കളങ്കരായ മുക്കുവരായിരുന്നു. സ്വാർത്ഥതയില്ലാതെ വിയർപ്പിന്റെ അപ്പം അവർ ഒന്നിച്ചു ഭക്ഷിച്ചിരുന്നു. പകലന്തിയോളം കടലിൽ പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ജനമായിരുന്നു അവിടുത്തെ പിന്തുടർന്നത്.
പുരോഹിതർക്കും അഭിഷിക്തർക്കും സഭയോടുള്ള മനസാക്ഷി നശിച്ചുവെന്നതാണ് കാലത്തിന്റെ സത്യവും. നീതിയും സത്യവും നടപ്പിലാക്കാൻ അസത്യത്തിനുനേരെ പോരാടിയേ മതിയാവൂ. അതുതന്നെയാണ് ഗീതയിലും ബൈബിളിലും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഭഗവാൻ യേശുദേവന്റെ ആ ദൌത്യം ഫ്രാൻസീസ് മാർപാപ്പാ തുടങ്ങിവെച്ചെന്ന് വേണം അനുമാനിക്കാൻ. മാർപാപ്പായെന്ന ഒരു വ്യക്തി പരിഗണിച്ചാൽമാത്രം അങ്കം ജയിക്കണമെന്നില്ല. രണഭൂമിയിലെ ശക്തരായ കൌരവപ്പടയാണ് എതിർഭാഗം നയിക്കുന്നത്. മാർപാപ്പായെ നയിക്കാൻ പരിശുദ്ധാരൂപിയുടെ ചൈതന്യമുണ്ട്. സത്യം നിലനിർത്തുന്ന പോരാട്ടത്തിനായി കർമ്മങ്ങളനുഷ്ടിക്കാൻ സമൂഹത്തിലെ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പുരോഹിതരും അഭിഷിക്തരുമെല്ലാം സമൂഹത്തിലെ വ്യക്തികൾതന്നെ. വ്യക്തികളെന്ന നിലയിൽ സത്യസന്ധമായി സഭയെ നയിക്കാൻ അവർക്ക് കടപ്പാടുള്ളപ്പോൾ വേലിതന്നെ വിളവുതിന്നാലെന്തു ചെയ്യും?
2.സുറിയാനി മെത്രാന്മാർ ചിന്തിക്കുന്നത് ഭാരതം മുഴുവൻ അവരുടെ അധീനതയിലെന്നാണ്. ഒരു ഭരണാധികാരിയും അവരെ ചോദ്യം ചെയ്യുകയില്ല. കേരളത്തിൽ മാറി മാറി വരുന്ന ഏതു ഭരണകൂടങ്ങളെയും താഴെയിറക്കാനുള്ള ശക്തി അഭിഷിക്തർക്കുണ്ട്.
3.ധാരാളിത്വത്തിൽ മതിമറന്നു ജീവിക്കുന്ന എയർപോർട്ട് പിതാക്കന്മാരും ധ്യാനഗുരുക്കളും ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് രോഗനിവാരണ അത്ഭുതചീകത്സാ പ്രതിഭാസങ്ങളുമായി ഇന്ന് സീറോ മലബാർ സഭ അധപതിച്ചിരിക്കുന്നതായി കാണാം.
4. അനുയായികളെ നിരന്തരം പറ്റിച്ചുജീവിക്കുന്ന ഇവർക്ക് നികുതി കൊടുക്കേണ്ടാ. അല്മേനിക്ക് സഭാസ്വത്തിന്മേൽ പങ്കാളിത്തം കൊടുക്കാതെ സ്വത്തുക്കൾ മുഴുവൻ കേരളസഭകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്.
5. വിധവകളുടെയും രോഗികളുടെയും ദുഖിതരുടെയും തകർന്ന കുടുംബങ്ങളുടെയും പണമാണ് ഇവർ തട്ടിയെടുത്ത് സ്വന്തമായി കളിക്കുന്നത്. അതിന് തെളിവാണ്, കാഞ്ഞിരപ്പള്ളിരൂപത മോനിക്കായെന്ന സ്ത്രീയുടെ വസ്തു തട്ടിയെടുത്ത കുപ്രസിദ്ധമായ കഥ. പരിഹാരം കാണാതെ ഇന്നും ആ സ്ത്രീ കോടതി കേസുകളുമായി കഴിയുന്നു.
6. ഏത് രാജ്യക്കാരനെങ്കിലും പുരോഹിതനെ ഒരേ അച്ചുതണ്ടിൽ വാർത്തിരിക്കുന്നു. അന്റാർട്ടിക്കായിലും ആഫ്രിക്കയിലും പാലായിലും ഘോരമായ തണുപ്പുള്ളടത്തും മഴയില്ലാത്ത നാട്ടിലും ചൂടുനിറഞ്ഞ മരുഭൂമിയിലും വസിക്കുന്ന ഭൂരിഭാഗം പുരോഹിതരുടെ സ്വഭാവം ഒന്നുപോലെതന്നെ. സ്വാർത്ഥത കൈമുതലായ ഇവർക്ക് പണത്തിന്റെ ആർത്തി ഒരിക്കലും തീരില്ല. ധൂർത്തടിക്കുന്ന കേരളത്തിലെ അച്ചന്മാരുടെയും ബിംബം മാമ്മോൻ തന്നെ.
7. അടുത്തതായി മാർപാപ്പായുടെ നടപടികൾ വേണ്ടത് തിന്നുകുടിച്ച് സുഖഭോഗം നടത്തുന്ന അഭിഷിക്തരെ തേടിപ്പിടിച്ച് സൊമാലിയായിലോ എത്തിയോപ്പിയായിലൊ പഞ്ഞം പിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിലോ അയക്കുകയെന്നതാണ്. പൈപ്പുവെള്ളമോ വൈദ്യുതിയോ ഫാനോ എയർ കണ്ടീഷനോ ലഭിക്കാത്ത ദേവാലയങ്ങളുടെ ചുമതലകൾ ഈ ധാരാളികളെ എല്പ്പിക്കണം.ആ കറുത്ത പട്ടികയിൽ കേരളത്തിലെ ഒട്ടുമുക്കാലും മെത്രാന്മാരും മെത്രാപോലീത്താമാരും കാണും.
8. പള്ളിക്ക് പത്തുശതമാനം മേടിക്കാൻ മടിയില്ല. ആ പണം ചെലവാക്കുന്നതെങ്ങനെയെന്ന് ആരും ചോദിക്കാൻ പാടില്ലായെന്നാണ് കീഴ്വഴക്കം. ഇവരിൽ എത്രപേർ സമൃദ്ധിയിൽനിന്നുപോലും ദരിദ്രരരെ സഹായിക്കുന്നുണ്ട്. പിച്ചച്ചട്ടിയിൽനിന്ന് വാരിയെടുക്കാനും ഇവർ മടിക്കില്ല. പുരോഹിതർ നടത്തുന്ന കേരളത്തിലെ ആശുപത്രികളിൽ മനുഷ്യത്വം എന്നൊന്നില്ല. പണമുള്ളവർക്ക് മാത്രം ചീകത്സയുണ്ട്. ദളിതനും പണമില്ലാത്ത ദരിദ്രനും അവിടെ പ്രവേശനമില്ല.
യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന് പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. എലികളും പാറ്റാകളും നാശം വിതച്ചുകൊണ്ട് സഭയുടെ മാളത്തിൽ നിറഞ്ഞിരിക്കുന്നു. മൊത്തം സഭയാകുന്ന ഭവനത്തിന്റെ പരിശുദ്ധിയെ വീണ്ടെടുക്കണം. എങ്കിൽ ഈ സഭ നാം ഓരോരുത്തർക്കും നന്മയെ പ്രദാനം ചെയ്യുമായിരുന്നു. ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. ജർമ്മൻ ബിഷപ്പിനെതിരായി സ്വീകരിച്ചതുപോലുള്ള നടപടികൾ കേരളത്തിലെ സമൃദ്ധിയിൽ ജീവിക്കുന്ന അഭിഷിക്തരുടെപേരിലും എടുക്കട്ടെയെന്നും ആഗ്രഹിക്കുന്നു. സഭയുടെ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാർപാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം. ദൈവത്തിന്റെ മക്കൾക്കായുള്ള പരിശുദ്ധമായ ഒരു സഭ അഭിഷിക്തർക്കുവേണ്ടിയുള്ളതല്ല.
No comments:
Post a Comment