Friday, October 31, 2014

ഫ്രാൻസീസ് മാർപാപ്പയും മഹാവിസ്ഫോടന സിദ്ധാന്തവും പരിണാമവും പൊട്ടിത്തെറികളും



By ജോസഫ് പടന്നമാക്കൽ
മഹാവിസ്ഫോടന തത്ത്വങ്ങളെപ്പറ്റിയും പരിണാമ സിദ്ധാന്തങ്ങളെപ്പറ്റിയും മാർപാപ്പ  വത്തിക്കാനിലെ  പൊന്തിഫിക്കൽ ശാസ്ത്ര സമ്മേളനത്തിൽ സംസാരിച്ചത് കത്തോലിക്കാ സഭയിൽ തന്നെ ഒരു സ്ഫോടനം  ഉണ്ടായി.  ഇന്ന് ആഗോള തലത്തിൽ ഈ വിഷയം  ഗഹനമായി ചർച്ചയ്ക്ക് വിധേമായിരിക്കുകയാണ്.   ഈ രണ്ടു സിദ്ധാന്തങ്ങളും സത്യമാണെന്നും ദൈവമെന്നു  പറയുന്നത് മാന്ത്രിക വടി കൊണ്ട് നടക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും മാർപാപ്പ പറഞ്ഞതായി സൈബർ ലോകവും അച്ചടി മാധ്യമങ്ങളും ഒന്നായി പ്രചരിപ്പിക്കുന്നുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവന സഭയുടെ പാരമ്പര്യമായ വിശ്വാസ സത്യങ്ങൾക്ക് എതിരാണെന്ന വാദവുമായി ലോകമാകമാനം  ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നാണ്.


ബൈബിളിലെ പ്രപഞ്ചോത്ഭത്തിയും  ഉൽപ്പത്തി പുസ്തകവും തിരുത്തുന്ന വിധത്തിലാണ് മാർപാപ്പയുടെ പ്രതികരണമെന്നു പറഞ്ഞു ലോകത്തിലെ പ്രമുഖരായവർ  വിമർശനവുമായി രംഗത്തുണ്ട്. ഉൽപ്പത്തി പുസ്തകം മാർപാപ്പ തള്ളിക്കളയുന്നു, മഹാവിസ്ഫോടനവും പരിണാമവും ശരിയെന്നു പറയുന്നു, ദൈവത്തിന്റെ സൃഷ്ടിവാദത്തെ തിരസ്ക്കരിക്കുന്നു  എന്നെല്ലാമാണ് കഴമ്പില്ലാത്ത ആരോപണങ്ങൾ. ദൈവസങ്കൽപ്പത്തെ  വിശദീകരിക്കാൻ ഇന്ന് ശാസ്ത്രവും ആവശ്യമെന്ന്  മാർപാപ്പാ  പറയുന്നു.



ശാസ്ത്ര ലോകമായി  നിത്യേന ഇടപഴുകുന്ന യൂറോപ്പിലെയോ അമേരിക്കയിലെയോ ക്രിസ്ത്യാനികൾക്ക്  മാർപാപ്പയുടെ പ്രസ്താവനയിൽ അമിത പ്രാധാന്യം തോന്നിയില്ല. മാത്രവുമല്ല പരിഷ്കൃത രാജ്യങ്ങളിലെ വൻകിട മാദ്ധ്യമങ്ങൾ ഈ വാർത്ത വലിയ   പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല. മാർപാപ്പയുടെ വാക്കുകളിൽ പൊട്ടിത്തെറിയുണ്ടായത് കേരളത്തിലെ ക്രിസ്തീയേതര  ടെലിവിഷൻ പത്ര മീഡിയാകൾ വഴിയാണ്.  കർദ്ദിനാൾ ആലഞ്ചേരിയും   പ്രമുഖരായ സഭയുടെ മെത്രാന്മാരും പുരോഹിതരും മാർപാപ്പയുടെ വാക്കുകളെ   ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന്  പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.


ചങ്ങനാശേരി അതിരൂപതയിലെ വികാരി ജനറാൾ ഫാദർ മാണി പുതിയിടം പറഞ്ഞത് ഇവിടെ ഉദ്ധരിക്കട്ടെ. "മാർപ്പാപ്പായുടെ വാക്കുകളെ തെറ്റായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. സഭയുടെ പരമ്പരാഗതമായ പഠനം  പ്രപഞ്ച സൃഷ്ടി കർമ്മങ്ങളിൽ ദൈവമാണ് നിദാനമെന്നാണ്.  മനുഷ്യന്റെ സൃഷ്ടികർമ്മത്തിൽ ദൈവത്തിൻറെ  പ്രത്യേക ഇടപെടൽ ഉണ്ടെന്നുള്ള വിശ്വാസസത്യത്തിന് ഒരിയ്ക്കലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.അത് ഫ്രാൻസീസ് മാർപാപ്പയുടെ പഠനത്തിലും ഉണ്ടായിട്ടില്ല. പാപ്പാ പറഞ്ഞത് ഒരു മാന്ത്രികന്റെ വടി കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നുള്ള ധാരണ  ബൈബിൾ പാരായണത്തിൽ ഉണ്ടാകാൻ പാടില്ലായെന്നാണ്. പരിണാമ സിദ്ധാന്തവും  വിസ്ഫോടനവുമെല്ലാം ഒരു അനുമാനം മാത്രമാണ്. അത് തെളിഞ്ഞാൽ തന്നെയും സഭയുടെ വിശ്വാസത്തിന് എതിരല്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്നും മനസിലാക്കണം. അതുകൊണ്ട് മാർപാപ്പയുടെ വാക്കുകളെ തെറ്റായി ചിത്രികരിച്ച് വേദ പുസ്തകത്തിലെ ഉൽപ്പത്തി പുസ്തകത്തെ ദുർ വ്യാഖ്യാനം ചെയ്യുന്നുവെന്നു വേണം അനുമാനിക്കാൻ."   ഫാദർ പുതിയിടത്തിന്റെ വാക്കുകളിൽ യോജിക്കാനെ സാധിക്കുകയുള്ളൂ. എബ്രാഹമിക്ക് മതങ്ങളുടെ മുഴുവനായ വിശ്വാസമായ ഉൽപ്പത്തിയിലെ സൃഷ്ടി കർമ്മങ്ങളെ തുറന്നടിച്ചെതിർക്കാൻ  ലോകം ആദരിക്കുന്ന മഹാനായ ഫ്രാൻസീസ് മാർപാപ്പാ ഒരുമ്പെടുമെന്നും  തോന്നുന്നില്ല. മാത്രവുമല്ല, മഹാസ്ഫോടന തത്ത്വവും  പരിണാമ സിദ്ധാന്തവും  ശാസ്ത്രത്തിനു നാളിതു വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.  ഇന്നും ശാസ്ത്രത്തിന്റെ ഈ നിഗമനം തെളിവുകളില്ലാത്ത വെറും അനുമാനം മാത്രമാണ്.


മാർപാപ്പയുടെ വാക്കുകളെ നാം വിശകലനം ചെയ്ത് മനസിലാക്കേണ്ടതുണ്ട്. " സൃഷ്ടാവായ ദൈവം  മനുഷ്യ കുലങ്ങളെ സൃഷ്ടിച്ചു.  ഭൌതിക നിയമങ്ങളനുസരിച്ച് മനുഷ്യന് പുരോഗതിയുണ്ടായി. മഹാസ്ഫോടനം വഴി ലോകത്തിന്റെ ആരംഭവും ആകാം.  അത് സൃഷ്ടിക്ക് പരസ്പര വിരുദ്ധമാവുന്നില്ല. മഹാസ്ഫോടനവും സൃഷ്ടികളുടെ ഭാഗമായിരുന്നു. അതുപോലെ പരിണാമ ക്രിയകൾ ശരിയെന്ന് സ്ഥാപിച്ചാൽ തന്നെയും അതും സൃഷ്ടിയുടെ  ഘടകം തന്നെയാണ്. അവിടെയും സ്രഷ്ടാവിന്റെ അഭാവം കാണുന്നില്ല." മാർപാപ്പാ  ഇവിടെ   പരിണാമ സിദ്ധാന്തത്തെയോ മഹാസ്ഫോടനത്തെയോ പിന്താങ്ങുന്നതായി അദ്ദേഹത്തിന്റെ വാക്കുകളിൽ ധ്വനിക്കുന്നില്ല. ഇവിടെയെല്ലാം സൃഷ്ടാവിന്റെ മഹത്വത്തെപ്പറ്റിയാണ്  അദ്ദേഹം വിവരിക്കുന്നത്.


ശാസ്ത്രവും കത്തോലിക്കാ സഭയും തമ്മിൽ അടുക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അഭിനന്ദനീയമാണ്. മാർപാപ്പായുടെ ഈ പ്രസ്ഥാവന പുതുമ നിറഞ്ഞതായിരുന്നില്ല.   തന്റെ മുൻഗാമികളായ പന്ത്രണ്ടാം പിയൂസും ജോണ്‍  പോളും ഓരോരോ  കാലങ്ങളിൽ ശരി വെച്ചിട്ടുള്ളതാണ്. മുമ്പു  പറഞ്ഞിട്ടുള്ളതുമാണ്.  ഇവിടെ ഫ്രാൻസീസ് മാർപാപ്പാ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ല.  ലോകത്തിന്റെ തുടക്കം ദൈവസ്നേഹത്തിൽ നിന്നാണെന്നു മാർപാപ്പാ പറഞ്ഞു. മഹാസ്ഫോടനം  ലോകത്തിന്റെ ആരംഭമെന്ന് തെളിഞ്ഞാൽ തന്നെയും ദൈവത്തിന്റെ സൃഷ്ടികർമ്മങ്ങളോടുള്ള ചോദ്യമാവുകയില്ല. പകരം ദൈവത്തിനെ അവിടെയും ആവശ്യമുണ്ട്. പരിണാമ തത്ത്വങ്ങളും ദൈവ നിശ്ചയങ്ങൾക്ക് എതിരാവണമെന്നില്ല. കാരണം സൃഷ്ടി കർമ്മങ്ങളുടെ പൂർത്തികരണത്തിന് പരിണാമ തത്ത്വവും ആവശ്യമാണ്. ദൈവ ശാസ്ത്രവും ശാസ്ത്രത്തിന്റെ നേട്ടങ്ങളും അവിടെ ഒത്തു ചേരുകയാണ്. ശാസ്ത്രീയ തത്ത്വങ്ങളനുസരിച്ച് 13.7 ബില്ല്യൻ വർഷങ്ങൾക്കപ്പുറം മഹാസ്ഫോടനം  ഉണ്ടായിയെന്ന് കണക്കാക്കുന്നു.


 തെളിയപ്പെടാത്ത  അനുമാനങ്ങൾ നിറഞ്ഞിരിക്കുന്ന പരിണാമ വാദത്തെ  വേദവിജ്ഞാനത്തിനു തുല്യമായി സഭയുടെ ചട്ടക്കൂട്ടിൽ ഫ്രാൻസീസ് മാർപാപ്പാ  പ്രതിഷ്ടിച്ചുവെന്ന വാദം  ശുദ്ധ അബദ്ധമെന്നേ പറയാൻ സാധിക്കുകയുള്ളൂ.  ഡാർവിൻ  തന്നെ പറഞ്ഞിരിക്കുന്നത് ഒരു ജീവിയുടെ പരിണാമ ക്രിയയിൽ  മറ്റൊരു പരിവർത്തന തലത്തിൽ എത്താൻ ആയിരക്കണക്കിന് മദ്ധ്യജീവികളുടെ ആവശ്യമുണ്ടെന്നാണ്. അത്തരം മദ്ധ്യജീവികളെ കാലാന്തരത്തിൽ കണ്ടു പിടിക്കുമെന്നാണ് അദ്ദേഹം കണക്കു കൂട്ടിയിരിക്കുന്നത്. അറിയേണ്ട ആയിരക്കണക്കിന്  ഇടയ്ക്കുള്ള ജീവികളുടെ രഹസ്യം നാളിതുവരെയായി ആർക്കും വിവരിക്കാൻ സാധിക്കുന്നില്ല. സാധിച്ചിട്ടുമില്ല. ഭൂമിയിൽ നിന്നും ഇല്ലാതായ ആ ജീവികളുമായുള്ള കണ്ണികൾ യോജിപ്പിക്കാൻ സാധിക്കാത്ത ഡാർവിന്റെ പരിണാമത്തെ ഇന്നും ശാസ്ത്ര ലോകത്തിന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല.


ചാർല്സ് ഡാർവിൻ  തന്റെ പരിണാമ  സിദ്ധാന്തം  ശാസ്ത്ര ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചപ്പോൾ  സഭയിൽ നിന്നുള്ള എതിർപ്പുകൾ  ധാരാളം നേരിടേണ്ടി വന്നിരുന്നു. മനുഷ്യ ജാതിയും പരിണാമവംശാവലിയുടെ ഭാഗമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിനെതിരെയുള്ള  വ്യാഖ്യാനങ്ങളായി  കണക്കാക്കി സഭ അദ്ദേഹത്തെ മത ദ്രോഹിയായി പ്രഖ്യാപിച്ചു. കേസുകൾ എടുത്ത് അദ്ദേഹത്തിന് എല്ലാ വിധ പീഡനങ്ങളും നല്കി. സഭയുമായി ഏറ്റുമുട്ടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണങ്ങളിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാര്യ ഒരു ഭക്തസ്ത്രീയായിരുന്നതു കൊണ്ട് ഡാർവിന്റെ  കുടുംബ ബന്ധങ്ങളിലും പാളീച്ചകളുണ്ടായിരുന്നു. ബൈബിളിനെതിരെ  പ്രവർത്തിക്കുന്ന ഡാർവിൻ നരകത്തിൽ പോവുമെന്ന് അവർ കൂടെ കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. ഡാർവിൻ ദൈവ വിശ്വാസിയായിരുന്നില്ല.  മനുഷ്യൻ കുരങ്ങിൽനിന്നു പരിണാമം ചെയ്തുവെന്ന് അദ്ദേഹം സ്ഥാപിച്ചപ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടായി. ഡാർവിന്റെ 'തല' ഒരു കുരങ്ങിന്റെ ദേഹത്തോട് ഘടിപ്പിച്ച കാർട്ടൂണുകളും അക്കാലങ്ങളിലുണ്ടായിരുന്ന  പത്രങ്ങളിൽ സാധാരണമായിരുന്നു.


ഡാർവിൻ ജീവിച്ചിരുന്ന നാളുകളിൽ സഭയെന്നും അദ്ദേഹത്തെയും പരിണാമ തത്ത്വങ്ങളെയും  കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പുരോഹിതരുടെയും തന്റെ ഭാര്യയുടെയും വെല്ലുവിളികൾ പരിഗണിക്കാതെ തന്റെ  തത്ത്വങ്ങൾ ശരിയെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്നും സഭയിൽ ഡാർവിന്റെ തത്ത്വങ്ങളിൽ വിവാദങ്ങൾ നടക്കുന്നുണ്ട്. അമേരിക്കയിലെ  ക്രിസ്ത്യൻ വിഭാഗത്തിൽ ഭൂരിഭാഗം ഡാർവിന്റെ പരിണാമ സിദ്ധാന്തവാദം സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന്  ശഠിച്ചിരുന്നു. സ്റ്റേറ്റ് സർക്കാരുകളെയും  പരിണാമവാദം പഠിപ്പിക്കുന്നതിനെതിരെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഇന്നും പല സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വം പഠിപ്പിക്കാൻ പാടില്ലന്ന നിയന്ത്രണമുണ്ട്. ചില സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വങ്ങൾ  പഠിപ്പിക്കേണ്ടത് ബൈബിളിന്റെ വിവരണത്തോടെയായിരിക്കണമെന്നും നിയമം ഉണ്ട്.


പാരമ്പര്യ സങ്കുചിത മനസുള്ള സഭയുടെ യാഥാസ്ഥികരുടെ എതിർപ്പുകൾ അവഗണിച്ച്  ഫ്രാൻസീസ്  മാർപാപ്പാ  ശാസ്ത്രവും മതവും തമ്മിൽ അടുപ്പിക്കുന്നത് അഭിനന്ദിനീയമാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു സ്ഥാപിച്ച ഗലീലിയോയെ പീഡിപ്പിച്ച തെറ്റുകൾ സഭ വളരെ വൈകിയാണ് മനസിലാക്കിയത്. സംഘടിത മതങ്ങളോട് ഇന്ന് വിശ്വാസികൾക്കും ഗണ്യമായ മാറ്റം വരുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും വിശ്വാസം നശിച്ച് പള്ളികളും മതസ്ഥാപനങ്ങളും തീയേറ്ററുകളായി മാറുന്നു. സഭയുടെ പഴഞ്ചനായ തത്ത്വങ്ങൾ മാറ്റി ആധുനികതയുടെ ശബ്ദമുയരാൻ ഫ്രാൻസീസ് മാർപാപ്പാ   ഇവിടെ ആഗ്രഹിച്ചുവെന്നും കണക്കാക്കണം.



സഭയുടെ കഴിഞ്ഞ കാല ചരിത്രം നോക്കുകയാണെങ്കിൽ  സഭയെന്നും ശാസ്ത്രത്തെ അവഗണിച്ചതായി കാണാം. സഭയുടെ തെറ്റുകൾ  തിരുത്തി  ശാസ്ത്രത്തിനു മാർപാപ്പാ വാതിൽ  തുറന്നുകൊടുക്കുകയാണുണ്ടായത്. ഭൂമി സൂര്യനെ  ചുറ്റുന്നുവെന്ന  തത്ത്വങ്ങൾ ആവിഷ്ക്കരിച്ച ഗലീലിയോയെ സഭ പീഡിപ്പിച്ച്  ജയിലറകളിലടച്ചു. ശാസ്ത്രത്തിന്റെ  നേട്ടങ്ങൾ തിരസ്ക്കരിച്ച് ഗലീലിയോയെ മത വിദ്വേഷിയായി  സഭയുടെ ചരിത്ര താളുകളിൽ കുറിച്ചുവെച്ചു. ആധുനിക മാർപാപ്പാമാർ പൊതുവെ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു അനുകൂലമായിരുന്നു. ഫ്രാൻസീസ് മാർപാപ്പായുടെ ഈ ശാസ്ത്രീയ വീക്ഷണം പന്ത്രണ്ടാം പിയൂസ് മാർപാപ്പായ്ക്കുമുണ്ടായിരുന്നു. പരിണാമ സിദ്ധാന്ത  വാദത്തിന്റെ ശാസ്ത്രീയ പുരോഗതികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.   "പരിണാമ തത്ത്വം അനുമാനത്തെക്കാളും കൂടുതലായി നാം ചിന്തിക്കേണ്ടതായി  ഉണ്ടെന്ന്" 1995-ൽ  ജോണ്‍   പോൾ മാർപാപ്പാ പറഞ്ഞു.  പരിണാമ തത്ത്വം  നാളിതുവരെ തെളിയിക്കപ്പെട്ടില്ലെങ്കിലും  സഭയുടെ  നിലപാട്  എന്നും ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.


പ്രമുഖരായ പല ശാസ്ത്രജ്ഞരും  ഫ്രാൻസീസ് മാർപാപ്പയുടെ  ശാസ്ത്രീയ വീക്ഷണങ്ങളെ  അഭിനന്ദിച്ചിട്ടുണ്ട്.   "മാർപ്പായുടെ   ഈ പ്രസ്താവന വർത്തമാന ലോകത്തിൽ  അതിപ്രാധാന്യം അർഹിക്കുന്നുവെന്നും  നാമെല്ലാം മഹാസ്ഫോടനം കൊണ്ട് സംഭവിച്ച  ഈ ഭൂമിയിലെ  ജീവ സൃഷ്ടികളിൽപ്പെട്ടതാണെന്നും  സൃഷ്ട്ടിയിൽ നിന്നാണ് പിന്നീട് പരിണാമ തത്ത്വങ്ങൾ ഉണ്ടായതെന്നും" ഇറ്റലിയിലെ ആസ്ട്രോ ഫിസിക്സ് പ്രൊഫസർ 'ജിയോ വാന്നി ബിഗ് നാറ്റി' ഇറ്റാലിയൻ വാർത്താ ലേഖകരോട് പറഞ്ഞു.   അതുപോലെ  മിലാൻ യൂണിവേഴ്സിറ്റിയിലെ 'ജൂലിയോ ജോറോല്ലോ'  എന്ന ശാസ്ത്രജ്ഞൻ  പറഞ്ഞത് ' ഫ്രാൻസീസ് മാർപാപ്പാ മതവും ശാസ്ത്രവും തമ്മിലുള്ള വിടവുകൾ നികത്തുന്നു'വെന്നാണ്.


ഒരു ജീവിയുടെ പരിണാമത്തിൽ നിന്നും മറ്റൊരു പരിണാമത്തിൽ എത്തുന്നതിലുള്ള പ്രയാണത്തിൽ അതിന്റെ ഇടയ്ക്കുള്ള ജീവികളുടെ ഫോസില്സ് സംബന്ധിച്ചുള്ള വിവരങ്ങൾ നാളിതുവരെ  ഗവേഷകരുടെ പണിപ്പുരയിൽ എത്തിയിട്ടില്ല. പരിണാമ ശാസ്ത്രം തെളിയിക്കണമെങ്കിൽ പരിണാമ ക്രിയകളിലെ   രണ്ടു ജീവികളുടെ മദ്ധ്യേ യോജിപ്പിക്കുന്ന   ജീവന്റെ കണ്ണികൾ  ആവശ്യമാണ്. ഒരു ജീവിയുടെ കൈകൾ ചിറകുകളായി മാറ്റം വരുന്നതോ മത്സ്യങ്ങൾക്ക് കാലുകൾ കിട്ടുന്നതോ പല്ലി, പാമ്പ് പോലുള്ള  ഇഴ ജീവികൾക്ക് രോമങ്ങൾ ലഭിക്കുന്നതോ   ആയ യാതൊരു അടിസ്ഥാന ഫോസ്സിൽസും കണ്ടെത്തിയിട്ടില്ല. തെളിവുകളില്ലെങ്കിൽ   പരിണാമം ശാസ്ത്രമായി കണക്കാക്കാൻ സാധിക്കില്ല. വെറും അനുമാനമായി മാത്രമേ കരുതാൻ സാധിക്കുകയുള്ളൂ. പരിണാമം സത്യമെങ്കിൽ പരിണാമ ക്രിയകൾ സംഭവിച്ച ജീവ ജാലങ്ങൾക്കുള്ള തെളിവുകളെവിടെ ? പൂച്ചയും പട്ടിയും കുതിരയും മറ്റൊരു മൃഗത്തിൽ  നിന്നു വന്നെങ്കിൽ എന്തുകൊണ്ട് ഒരു ഫോസ്സിലെങ്കിലും ലഭിക്കുന്നില്ല.?  ഡാർവിന്റെ  ബുക്കിലും തെളിവുകളില്ലാത്ത അനുമാനങ്ങൾ മാത്രമേയുള്ളൂ. തത്ത്വങ്ങൾ മുഴുവൻ അനുമാനത്തെ അടിസ്ഥാനമാക്കി രചിച്ചതാണ്. പരിണാമം  ബുദ്ധിജീവികളുടെ  തത്ത്വമാണെങ്കിലും  നാളിതുവരെ വസ്തുതകൾ മുഴുവനായി ഉൾക്കൊള്ളിച്ച് പൂർണ്ണമായ ഒരു നിഗമനത്തിൽ പരിണാമ തത്ത്വങ്ങൾക്കെത്താൻ  സാധിച്ചിട്ടില്ല.


ജീവനു  മാത്രമേ മറ്റൊരു ജീവനെ ഉത്ഭാദിപ്പിക്കാൻ സാധിക്കുള്ളൂവെന്നു ജീവ ശാസ്ത്രത്തിൽ നാം പഠിച്ചിട്ടുണ്ട്. ആദ്യം വന്നത് കോഴിയോ മുട്ടയോ എന്നുള്ള   ചോദ്യം നാമെല്ലാം കേട്ടിരിക്കാം. അതിനുത്തരം നല്കുക സാധ്യമല്ല. ഒരു മുട്ട കോഴിയിൽനിന്നു വരുന്നു. അതുപോലെ കോഴി, മുട്ടയിൽ നിന്നു വരുന്നു. മറ്റൊന്നുള്ളത് മുട്ടയിൽ നിന്ന്  കോഴിയുണ്ടാവണമെങ്കിൽ പിടക്കോഴിയും  പൂവൻ കോഴിയുമായി  ഇണ ചേരണം. ഒരേ വംശത്തിലുള്ള  ജീവ ജാലങ്ങളിൽ നിന്നു മാത്രമേ ഉത്പാദന ശേഷിയുള്ള ബീജ സംയോഗം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ജീവന്റെ ആരംഭം ഇന്നും പരിണാമ വാദികൾക്ക് അജ്ഞാതമാണ്.


ഒരു ജീവിയുടെ തുടർച്ചയായ പെരുകലിന് മറ്റൊരു ജീവിയുടെ സഹായം ആവശ്യം വരാം. ഉദാഹരണത്തിന് വണ്ടുകളും തേനീച്ചകളും പുഷ്പങ്ങളും തമ്മിലുള്ള പരാഗം കണക്കാക്കിയാൽ മതിയാകും. തേനീച്ചകൾക്ക് നിലനില്ക്കാൻ പുഷ്പങ്ങളിലുള്ള തേൻ ആവശ്യമാണ്. അതുപോലെ പുഷ്പങ്ങൾക്ക് പരാഗം നടത്താനും  തേനിച്ചകൾ ആവശ്യമാണ്. നിലനിൽപ്പിന് തേനീച്ചകളും പുഷ്പങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  വണ്ടുകളും ഈച്ചകളും ഇല്ലാതെ എങ്ങനെ പരാഗണം നടക്കുമെന്ന ചോദ്യത്തിന് പരിണാമവാദികൾക്ക് ഉത്തരം കാണില്ല.


എല്ലാ ജീവജാലങ്ങളിലും സൃഷ്ടാവിന്റെ അളവുകൾ തെറ്റാതെയുള്ള കരവേലകൾ ഉണ്ട്. ഒരു ബാക്ട്റ്റീരിയായെ   സൃഷ്ടിച്ചതാണെങ്കിലും മനുഷ്യശരീരത്തിന്റെ നിലനില്പ്പിനാണെന്നും കാണാം. ഒരു മായപോലെ  അതങ്ങനെ സംഭവിച്ചെന്ന്  പരിണാമ വാദികളും വാദിക്കുന്നു.  അതിന്റെ  പിന്നിൽ സാങ്കേതിക വിദ്യ നടത്തിയവർ മറ്റാരുമല്ല  ദൈവമാണ്.' വാസ്തവികത' എന്ന് പറയുന്നത് മായയല്ലായെന്ന്  ദൈവവിശ്വാസികൾ വിശ്വസിക്കുന്നു. ഓരോ ജീവ ജാലങ്ങളും അനേകായിരം പ്രവർത്തനങ്ങളോടെ  നിലനില്ക്കുന്നു. ഒരേ സമയത്ത് ഓരോ നിമിഷത്തിലും സങ്കീർണ്ണമായ ജീവന്റെ ഉള്ളറയിൽ അനേകായിരം പ്രശ്നങ്ങളുണ്ട്.  പരിണാമ വാദത്തിലെ മില്ല്യൻ വർഷങ്ങൾ കൊണ്ടുള്ള മാറ്റങ്ങൾ ജീവന്റെ ഉള്ളറയിലെ  സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക്  ഉത്തരമാകില്ല. വളർന്ന ഒരു മരത്തിന്റെ സാങ്കേതികതയെപ്പറ്റി ചിന്തിക്കൂ. മരങ്ങൾ ശ്വസിക്കാൻ വായു തരുന്നു. അതുപോലെ അന്തരീക്ഷം മുഴുവൻ കാർബണ്‍  ഡൈ ഓക്സൈഡ് ഉണ്ടാകാനും കാരണമാകുന്നു. മരങ്ങളുടെ തടികളിലുള്ള  ജീവന്റെ ഫോസിലുകളുമായി കണ്ണികളുണ്ടാക്കാൻ ഭൂമുഖത്തില്ലാത്ത  ആയിരമായിരം വിവിധ തരങ്ങളിലുള്ള    സസ്യ ജീവജാലങ്ങൾ ആവശ്യമാണ്.  പക്ഷികൾ സ്വയം കൂടുവെയ്ക്കുന്നു. മരങ്ങളുടെ വേരുകൾ  മണ്ണൊലിപ്പു  തടയുന്നു. പഴവർഗങ്ങളും വിത്തുകളും തിന്നാനും ഉപയോഗിക്കുന്നു. ആഞ്ഞിലിക്കുരു  വലുതായി  വൃക്ഷമാകുന്നു.  ഇത്ര മാത്രം സങ്കീർണ്ണങ്ങളായ  ജീവന്റെ അംശമുള്ള വൃക്ഷലതാതികളെയും ജീവജാലങ്ങളെയും എങ്ങനെ പരിണാമ തത്ത്വങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. എത്രയോ ആയിരമായിരം ജീവജാലങ്ങൾ പരിണാമ പരിവർത്തനങ്ങളിൽക്കൂടി   അപ്രത്യക്ഷമായിരിക്കണം. അങ്ങനെ സംഭവിക്കുന്നതിനു മതത്തിന്റെ വിശ്വാസത്തെക്കാളും സർവ്വശക്തനെക്കാളും  പതിന്മടങ്ങ് പരിണാമത്തെയും വിശ്വസിക്കണം.


മഹാസ്ഫോടനമെന്നത്  (big bang)  പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട   മറ്റൊരു കഥയാണ്. ബില്ല്യൻ വർഷങ്ങൾക്കു മുമ്പ് ഈ പ്രപഞ്ചം മുഴുവൻ ചൂടു പിടിച്ച  ഒരു അവസ്ഥയിലായിരുന്നു. സൌരയുധങ്ങളും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഒന്നായ ഊർജത്തിൽ അടങ്ങിയിരുന്നു. മഹാസ്പോടനങ്ങളിൽക്കൂടി പൊട്ടിത്തെറിച്ച് ഗ്രഹ വ്യൂഹങ്ങളും ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാമുണ്ടായെന്ന് സ്ഫോടന തത്ത്വവാദികൾ  വിശ്വസിക്കുന്നു. നക്ഷത്ര ജാലങ്ങളെല്ലാം പ്രപഞ്ചത്തിലെ കണ്ണികളായി പൊട്ടിത്തെറിച്ചുണ്ടായതെന്നും അനുമാനിക്കുന്നു. പൊട്ടിത്തെറിച്ച  അനേക ഘടകങ്ങൾ യോജിച്ച് ഭൂമിയുണ്ടായെന്നും ശാസ്ത്ര  കണ്ടുപിടുത്തങ്ങളുടെ നിഗമനത്തിലുണ്ട്. വാസ്തവത്തിൽ ഇതൊരു ശാസ്ത്രമല്ല കഥ മാത്രം. മഹാസ്ഫോടനത്തിന്റെ  ഈ കഥയെ അനേകർ വിശ്വസിക്കുന്നുണ്ട്. ഇത്തരം അനുമാനത്തിൽക്കൂടിയുള്ള കഥകൾ  ഫ്രാൻസീസ് മാർപാപ്പാ  അംഗീകരിക്കുന്നുവെന്നു പറഞ്ഞ്  ലോകമീഡിയാകൾ  അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കേറ്റിയിരിക്കുകയാണ്.  മാർപാപ്പാ പറയാത്തതു പറഞ്ഞെന്നു പറഞ്ഞ്  സ്ഥാപിച്ചെടുക്കുന്ന  ഈ വാർത്തകൾ പത്രധർമ്മം എത്രമാത്രം താണു പോയിയെന്നുള്ളതിനുള്ള  തെളിവുകളാണ്. ബൈബിളും മഹാസ്ഫോടന  തത്ത്വവുമായി പൊരുത്തപ്പെട്ടു പോവുക പ്രയാസമാണ്. മഹാസ്ഫോടനമെന്നുള്ളത് മതത്തിനുപരിയായി ചിന്തിക്കുന്നവരുടെ ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമെന്നു പറയാം.  മഹാസ്ഫോടനതത്ത്വം ആദ്യം   ദൈവമില്ലാതെ പ്രകൃതിയെ സൃഷ്ടിച്ചത് എങ്ങനെയെന്ന  ഒരന്വേഷണമായിരുന്നു . വാസ്തവത്തിൽ മഹാസ്ഫോടനം ഇന്ന് ബൈബിളിനു പകരമായ ഒരു ദൈവിക തത്ത്വം കൂടിയാണ്. അതുകൊണ്ട് പുതിയതായി യാതൊന്നും ഈ തത്ത്വങ്ങൾ ബൈബിളിനൊപ്പം ചേർക്കേണ്ട ആവശ്യമില്ല. അതു തന്നെയാണ് ഫ്രാൻസീസ് മാർപാപ്പാ ഉദ്ദേശിച്ചതും.


ബൈബിളിന്റെ ആന്തരികതയും മഹാസ്ഫോടന തത്ത്വവുമായി ഒന്ന് തുലനം ചെയ്യാം.

(1) ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഉൽപ്പത്തി പുസ്തകം പറയുന്നു.  രാത്രിയും പകലും 24 മണിക്കൂറും സെക്കന്റും മിനിറ്റുമെല്ലാം ആ ദിവസങ്ങളിൽ കാണണം. എന്നാൽ  ഈ പ്രപഞ്ചം സൃഷ്ടിച്ചത്  ബില്ല്യൻ വർഷങ്ങൾക്കപ്പുറമെന്നും മഹാസ്ഫോടനം
സ്ഥാപിക്കുന്നു.
(2)ബൈബിൾ പറയുന്നു, നക്ഷത്രങ്ങൾ  ഉണ്ടാകുന്നതിനു മുമ്പ് ഭൂമിയെ സൃഷ്ടിച്ചു. സൂര്യനുണ്ടാകുന്നതിനു മുമ്പ് മരങ്ങളെ സൃഷ്ടിച്ചു. എന്നാൽ മഹാസ്ഫോടന തത്ത്വം തികച്ചും പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്നു.
(3)ഭൂമിയെ സൃഷ്ടിച്ചത് സ്വർഗം പോലെയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ ഭൂമിയുണ്ടായത് തിളച്ചു കൊഴുത്ത ദ്രാവകം  ഘനമായി രൂപാന്തരം പ്രാപിച്ചാണെന്ന്  മഹാസ്ഫോടനം പറയുന്നു. മഹാസ്ഫോടനം ബില്ല്യൻ വർഷങ്ങൾക്കു  മുമ്പുള്ള കഥയായിരിക്കാം. എന്നാൽ സത്യം അറിയാൻ ഈ കഥ ഭാവിയിലേക്കും  എത്തി നോക്കുന്നുണ്ട്.
(4)  ബൈബിൾ പഠിപ്പിക്കുന്നു,' അന്ത്യനാളിൽ ലോകം വിധിക്കപ്പെടും. മനുഷ്യജാതിയുടെ നന്മ തിന്മയനുസരിച്ച് ജനത്തെയും വേർതിരിക്കും. സ്വർഗവും  നരകവും നിശ്ചയിക്കപ്പെടും'. എന്നാൽ നിർണ്ണായകമായ ഈ വേദഗ്രന്ഥം മഹാസ്ഫോടന  തത്ത്വം നിരസിക്കുന്നു.
(5) മഹാസ്ഫോടന  തത്ത്വം പഠിപ്പിക്കുന്നതായത്, പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ വികസന പരിണാമത്തിൽ ജീവന്റെ നിലനില്പ്പിനാവശ്യമായ ഊർജം ഒരിക്കലില്ലാതാകും. അങ്ങനെയൊരിക്കൽ ഊർജം നശിച്ച പ്രപഞ്ചത്തിൽ ജീവനില്ലാതാകും. ബൈബിളിൽ ഈ തത്ത്വമായി യാതൊരു അടിസ്ഥാന ബന്ധവും  കാണുന്നില്ല.


മഹാസ്ഫോടനതത്ത്വത്തെ ശാസ്ത്ര ലോകത്തിലുള്ള അനേകർ എതിർക്കുന്നുണ്ട്. കൂടുതലും തെളിയിക്കപ്പെടാത്ത തത്ത്വങ്ങളെന്ന്  ശാസ്ത്രം വാദിക്കുന്നു. പ്രപഞ്ചത്തിന്റെ വികസനമോ അന്ധകാരമോ ഊർജത്തിന്റെ അഭാവമോ പരീക്ഷണ വിധേയങ്ങളാക്കാത്ത തത്ത്വങ്ങളും അനുമാനങ്ങളുമാണ്‌ മഹാസ്ഫോടന തത്ത്വത്തിൽ ഉള്ളത്. അനുമാനങ്ങളെ ഒരിക്കലും ഊർജ ശാസ്ത്രം  അംഗീകരിക്കാറില്ല. തീയറിയും ഒബ്സർവേഷനും  സയൻസിന്റെ  അവിഭാജ്യഘടകമാണ്.


ഇന്ന്  മഹാസ്ഫോടന തത്ത്വത്തെ   ശാസ്ത്രജ്ഞരിൽ അധികമാരും  ഗൌരവമായി എടുത്തിട്ടില്ല. ഈ തത്ത്വം തിരസ്ക്കരിക്കുകയാണെങ്കിൽ ബൈബിളും മഹാസ്ഫോടന തത്ത്വവും തമ്മിലുള്ള  സമതുല്യ അഭിപ്രായങ്ങൾക്ക് മങ്ങലേക്കും. വീണ്ടും  ഈ  തത്ത്വം പഠിപ്പിക്കുന്നില്ലന്നു പറയേണ്ടി വരും. ദൈവത്തിന്റെ വചനമായ ബൈബിളും സ്ഫോടന തത്ത്വവും ഒരേ ത്രാസ്സിലെ രണ്ട് അന്ധവിശ്വാസങ്ങളായി കണക്കാക്കേണ്ടി വരും.ബൈബിളിലെ ദൈവത്തിന്റെ വാക്കുകൾക്ക് മാറ്റം വരുത്തി  തിരുത്തിയും എഴുതേണ്ടി വരും.

EMalayalee: http://emalayalee.com/varthaFull.php?newsId=88285


Malayalam Daily News: http://www.malayalamdailynews.com/?p=122629








Darwin Cartoon


2 comments:

  1. NINGAL VEENDUM VIDDITHAM VILAMBUUNNU. NINGALKKU CATHOLICA SABHAYEKKURICHO, SABHA PRABODHANANGALEKKURICHO ALPA NJANAM MATHRAMANULLATHU. DO YOU THE CATHOLIC JESUIT PRIEST BEHIND THE BIG BANG THEORY , HE IS FR. GEORGE LEMITRE. BIBLE VACHANAGAL ELLAM NINGAL VACHYARTHATHIL EDUUKARUTHU. READ BIBLE , LEARN BIBLE WITHIN THE CATHOLIC CHURCH

    ReplyDelete
    Replies
    1. കദളീക്കാടാ, താങ്കൾക്ക് അല്മായ ശബ്ദത്തിൽ എഴുതിയത് മതിയായില്ലേ. ബൈബിളിലെ കൊച്ചു പുസ്തകത്തിൽനിന്ന് താങ്കൾക്ക് പീ.എച്.ഡി ഉണ്ടെന്നും അറിയാം. താങ്കൾ ഇനി ഏതു വേഷം കെട്ടിയെഴുതിയാലും എനിക്ക് മനസിലാകും. കപട നാമങ്ങളിൽ ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാൽ ഇട്ടിരിക്കുന്ന കുപ്പായത്തിനു പോലും നാണക്കേടാ? ഇപ്പോൾ ഇന്ത്യയിൽ ആണോ ? ബൈബിൾ വാച്യാർഥത്തിൽ എടുക്കണമെന്നാ ചെറുപ്പകാലങ്ങളിൽ വികാരി പഠിപ്പിച്ചത്. ബൈബിൾ കാവ്യം ആണെന്ന് ചങ്ങനാശേരി പുരോഹിതൻ യൂ ടുബിൽ തട്ടി വിടുന്നതു കേട്ടു. കുപ്പായം ഊരി ഹൈറേഞ്ചിൽ പോയി കപ്പയ്ക്ക് കിളയ്ക്കൂ അച്ചോ? .ഈ പ്രൈവറ്റ് സൈറ്റിൽ ആഞ്ചാറു ലേഖനങ്ങളിൽ എന്തൊക്കെയോ വട്ടായുടെ വട്ട് തട്ടി വിട്ടിട്ടുണ്ടല്ലോ. ഈ ലേഖനം ഞാൻ ഫേസ് ബുക്കിൽ വിടുകയാണ്. താങ്കളെ എല്ലാവരും അറിയണ്ടേ? അവിടെ നമ്മുടെ സുഹൃത്തുക്കളെല്ലാം ഉണ്ട്. പണ്ട് കളരിക്കൽ ചാക്കോച്ചന്റെ ലേഖനമായിരുന്നു താങ്കൾക്കിഷ്ടം.

      Delete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...