Saturday, March 14, 2015

കാത്തിരിക്കുന്ന ഗ്രീൻകാർഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും



By ജോസഫ് പടന്നമാക്കൽ

ചതിയിലകപ്പെട്ട  ഒരു യുവാവിന് ആശ്വാസ വചനങ്ങളുമായി  ഗുരു ശ്രീ തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള 'ജെ.എഫ്.എ . സംഘടന' ന്യൂ ജേഴ്സി കോടതിയിൽ എത്തിയത് അഭിനന്ദനീയവും നീതിയ്ക്കു വേണ്ടി പോരാടുന്ന ഒരു സമൂഹത്തിന്റെ ശബ്ദവുമായി കരുതണം. പുതിയതായി ഈ രാജ്യത്ത് വന്നുപെടുന്നവർ പലരും നിയമത്തിന്റെ അജ്ഞതമൂലം  ഇത്തരം കുടുക്കിൽ അകപ്പെടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതുപോലെ കേസ്സിൽ അകപ്പെട്ട പലരെയും ദീർഘകാല അമേരിക്കൻ  ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയിട്ടുണ്ട്. ഒരിക്കൽ നാട്ടിൽനിന്നും വന്ന ഒരു മലയാളി യുവാവ്  അമേരിക്കൻ യുവതിയെ ഗർഭമാക്കിയതിന്  കോടതിക്കേസുകളുമായി വലിയ വില കൊടുക്കുന്നതും ഓർക്കുന്നു.   നിഷ്കളങ്കനായി  വഴിയെ നടന്ന ഒരു മദ്ധ്യവയസ്ക്കനെ പോലീസ് അതിദാരുണമായി ഉപദ്രവിച്ച കഥയും  പത്രങ്ങളിൽ നാം വായിച്ചു. സൂപ്പർ  മാർക്കറ്റിൽ നിന്നും  മറവി കാരണം പണം നല്കാതെ  ഷോപ്പിംഗ്‌ ബാഗുകൾ പുറത്തിറക്കിയതിന്  'ഷോപ്പ് ലിഫ്റ്റിങ്ങ്' എന്ന  ഓമന പേരിൽ  കൈകളിൽ വിലങ്ങു  വീണവരും  നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗിക ചൂതുകളിയിൽ  നിഷ്കളങ്കരായ ചില പുരോഹിതർ അകപ്പെടുന്നുണ്ട്.  സഭയ്ക്കെതിരെ  കേസുകൊടുത്ത്  പണം നേടാനുള്ള  സ്വാർഥത നിറഞ്ഞ ചിലരുടെ  അടവാണെന്നും   കരുതണം.  നമ്മുടെ അജ്ഞതകളെ  നിയമജ്ഞരും മുതലെടുക്കും.  ന്യൂ ജേഴ്സിയിലെ  ലൈംഗിക കുറ്റാരോപിതനായ യുവാവിന്റെ കേസ്  വഷളായത്   ഒരു  നിയമജ്ഞന്റെ  പിടിപ്പുകേടുകൊണ്ടെന്ന്   ശ്രീ കൂവള്ളൂരിന്റെ ലേഖനത്തിൽ നിന്നും മനസിലാക്കുന്നു.


സമൂഹത്തിനു വിലപ്പെട്ടതായ ചില നിയമങ്ങൾ  ഓരോ പൗരനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വൈവാഹിക ജീവിതത്തിൽക്കൂടി അമേരിക്കയിൽ കുടിയേറുന്നവർ  അറിഞ്ഞിരിക്കേണ്ട  ചില നിയമവശങ്ങളാണ്  ഈ ലേഖനത്തിന്റെ ഉള്ളടക്കം.  നിയമ പരിജ്ഞാനമില്ലാത്ത  ഞാനെഴുതിയ  ഈ ലേഖനം ഒരു പൊതു വിജ്ഞാനമായി  കരുതിയാൽ  മതിയാകും. ചില നിയമജ്ഞരുടെ  നിയമോപദേശങ്ങളടങ്ങിയ  അഭിപ്രായങ്ങളും ഈ ലേഖനത്തിന്  സഹായകമായിട്ടുണ്ട്.


അമേരിക്കൻ  പൌരനെ  വിവാഹം കഴിച്ചതു വഴി  പൌരത്വമില്ലാത്ത ഒരു പങ്കാളിയ്ക്ക് ഗ്രീൻ കാർഡിനുള്ള  അപേക്ഷ  സമർപ്പിക്കാനുള്ള   അവകാശമുണ്ട്.    ഒത്തൊരുമിച്ചു താമസിക്കാൻ  ഇമ്മിഗ്രേഷൻ വകുപ്പ്    ആദ്യം രണ്ടു വർഷത്തേയ്ക്കുള്ള  'താല്ക്കാലിക  വിസാ കാർഡ്' നല്കുന്നു.  അത്തരം  ഗ്രീൻ കാർഡുകൾ ചില    വ്യവസ്ഥകൾക്കധീനമായിരിക്കും.  താല്ക്കാലിക കാർഡു സ്ഥിരമാകുംവരെ അടിയുറച്ച ഒരു വിവാഹ ബന്ധം ഇരുവരും നിലനിർത്തേണ്ടതായുണ്ട്. രണ്ടു വർഷങ്ങൾക്കു ശേഷം ഗ്രീൻ കാർഡ്  സ്ഥിരമാകുന്നതിന്   കടമ്പകളും  കടക്കണം. രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനു മാത്രം താല്ക്കാലികമായി വിവാഹം കഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയെന്നതും  വ്യവസ്ഥകളടങ്ങിയ  രണ്ടു വർഷ  കാർഡിന്റെ  ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. ആ കാലയളവു മുഴുവനും സ്ഥിരമായ കാർഡു ലഭിക്കാൻ  വേർപിരിയാത്തൊരു   വിവാഹബന്ധം ആവശ്യവുമാണ്.  സ്ഥിരതാമസമാക്കുന്ന പങ്കാളി  ഒന്നിച്ചുള്ള വിവാഹ ജീവിതത്തിന്റെ  വിശ്വസ്തതയെ  ഇമ്മിഗ്രേഷൻ വകുപ്പിനെ ബോദ്ധ്യപ്പെടുത്തേണ്ടതായുണ്ട്.  കാർഡു  സ്ഥിരമാകാൻ   ഐ -751   എന്ന ഫോറം  പൂരിപ്പിച്ച്  ഇമ്മിഗ്രേഷൻ വകുപ്പിന് സമർപ്പിക്കണം.


സ്ഥിര ഗ്രീൻ കാർഡിനായി  താഴെ പറയുന്ന കാര്യങ്ങളിൽ  ഇമ്മിഗ്രേഷൻ വകുപ്പുമായി സഹകരിക്കേണ്ടതായുണ്ട്.

1. താൽക്കാലികമായ  ഗ്രീൻ കാർഡ് കൈവശം വെച്ചിരുന്ന നാളുകളിലെ  രണ്ടു വർഷവും  അമേരിക്കൻ പൗരനുമായുള്ള  വിവാഹ ജീവിതം  വിശ്വസ്തയോടെയായിരുന്നുവെന്ന  തെളിവുകൾ ഹാജരാക്കണം.

2.   കുഞ്ഞുങ്ങളുടെ വിവരങ്ങളും  ഗ്രീൻ കാർഡ് സ്ഥിരമാക്കാനുള്ള ഫോമിൽ കാണിച്ചിരിക്കണം.

 3. പുതുക്കുന്ന ഗ്രീൻ കാർഡു ഫോമിൽ  കുട്ടികളെ കാണിക്കാൻ  സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ  അതിനുള്ള തക്കതായ കാരണവും വെളിപ്പെടുത്തണം.

4. ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ചു പോയവരെങ്കിൽ മരിക്കും വരെ വിവാഹജീവിതം വിശ്വസ്ഥതയോടെയായിരുന്നുവെന്നും   തെളിയിക്കണം.

5 . വിവാഹ മോചനം ചെയ്തവരെങ്കിൽ  വിശ്വാസതയോടെയുള്ള  വിവാഹജീവിതം  തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട് പിരിഞ്ഞു പോയതെന്ന്  ഇമ്മിഗ്രേഷൻ വകുപ്പിനെ ബോധ്യപ്പെടുത്തണം.


അമേരിക്കൻ പൌരത്വമുള്ള ഇണയുടെ ക്രൂര മർദനം കൊണ്ടോ   കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതു കൊണ്ടോ   വിവാഹബന്ധം വേർപെടുത്തിയതെങ്കിൽ  തെളിവുകൾ ഹാജരാക്കിയാൽ   ഗ്രീൻ കാർഡു സ്ഥിരമാക്കാൻ  സാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒന്നിച്ച് സ്ഥിരം കാർഡിന് അപേക്ഷിക്കാതെ പൌരത്വമുള്ള ഇണയുടെ സഹായം കൂടാതെ, ഒറ്റയ്ക്കും അപേക്ഷിക്കാം.  മാനസികമായ പീഡനങ്ങളും സ്ഥിരമായ ഗ്രീൻകാർഡു ലഭിക്കുന്നതിനുള്ള  മാനദണ്ഡങ്ങളായി  കണക്കാക്കും.  രണ്ടു വർഷം പൂർത്തിയാകുന്നതിന് 90 ദിവസം മുമ്പ് സ്ഥിരമായ കാർഡ് ലഭിക്കാൻ  അപേക്ഷിക്കണം. സമയത്തിനപേക്ഷിച്ചില്ലെങ്കിൽ  ലഭിക്കാൻ പോകുന്ന സ്ഥിരം ഗ്രീൻ കാർഡ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തുനിന്ന് പുറത്താക്കാനുള്ള  നടപടികളും തുടങ്ങിയേക്കാം.


 താല്ക്കാലിക ഗ്രീൻ കാർഡ്  കാലയളവിൽ  വൈവാഹിക ബന്ധം  വേർപെട്ടെങ്കിൽ  അല്ലെങ്കിൽ  അമേരിക്കൻ പൗരനായ പങ്കാളിയിൽനിന്നു  ക്രൂരമായി പീഡനം സഹിക്കേണ്ടി വന്നെങ്കിൽ  ഭാര്യയും ഭർത്താവുമൊന്നിച്ച്  ഫയൽ ചെയ്യണമെന്നുള്ള നിയമ വ്യവസ്ഥകളിൽ നിന്ന് ഇളവു ലഭിക്കാം.  അങ്ങനെയുള്ള കേസുകളിൽ  സ്ഥിരം കാർഡിനായി  താൽക്കാലിക കാർഡു  ലഭിച്ച ശേഷമുള്ള  ഏതു സമയത്തും അപേക്ഷ നല്കാൻ സാധിക്കും. എന്നാൽ അത് രാജ്യത്തുനിന്ന് പുറത്താക്കുന്നതിനു മുമ്പായിരിക്കണം.  പീഡനങ്ങളെ സംബന്ധിച്ച തെളിവുകളും ഹാജരാക്കേണ്ടതായുണ്ട്.


സ്ഥിരം കാർഡിനായി  അപേക്ഷിക്കുന്നവരുടെ  കുഞ്ഞുങ്ങൾക്കും  താല്ക്കാലിക വിസായാണെങ്കിൽ   രണ്ടാം വിവാഹ വാർഷികത്തിന്  90 ദിവസം മുമ്പെങ്കിൽ  കുട്ടികളെയും  അപേക്ഷിക്കുന്ന ഫോറത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.  രണ്ടാം വർഷത്തിനു മുമ്പുള്ള   90  ദിവസം   കഴിഞ്ഞാണ്  അപേക്ഷിക്കുന്നതെങ്കിൽ പ്രത്യേകമായ അപേക്ഷാ ഫോമിൽ   വീണ്ടും അപേക്ഷിക്കേണ്ടി വരും.


  സ്ഥിരകാർഡിനായി  സമയത്ത് അപേക്ഷിച്ചില്ലെങ്കിൽ  താല്ക്കാലികമായി ലഭിച്ച  ഗ്രീൻ കാർഡ്  അസ്ഥിരപ്പെടാനും സാധ്യതയുണ്ട്.  അതിനുള്ള  നടപടികൾ  ഇമ്മിഗ്രേഷൻ വകുപ്പ് ആരംഭിക്കുന്നതായിരിക്കും.  ഇമ്മിഗ്രേഷൻ  ഓഫീസു മുമ്പാകെ    കാരണം കാണിക്കലിനായി ഹാജരാകാനുള്ള ഒരു നോട്ടീസുമുണ്ടായിരിക്കും.  കാർഡു സ്ഥിരമാക്കാനുള്ള അപേക്ഷ നല്കാത്തതിന്റെ  കാരണങ്ങൾ അവിടെ രേഖപ്പെടുത്തേണ്ടി വരും.  അതാത് ചുമതലപ്പെട്ട  ഇമ്മിഗ്രേഷൻ വകുപ്പിന്റെ ഡിറക്റ്റർക്ക്  ഫോം താമസിച്ചു പോയതിന്റെ കാരണം കാണിച്ച്   കത്തെഴുതിയാൽ മതിയായിരിക്കും. ഡിറക്റ്റർക്ക്  താല്ക്കാലിക ഗ്രീൻ കാർഡിലെ വ്യവസ്ഥകൾ  മാറ്റി സ്ഥിരമായ  ഗ്രീൻ കാർഡ്  നല്കാൻ സാധിക്കും.   തക്കതായ കാരണവും ഉണ്ടായിരിക്കണമെന്നു മാത്രം.


ഏതെങ്കിലും കാരണവശാൽ  പങ്കാളിയില്ലാതെ  ഒറ്റയ്ക്കപേക്ഷിക്കാവുന്ന സാഹചര്യങ്ങളിൽ ഒന്നിച്ച് ഫയൽ ചെയ്യുവാൻ സാധിക്കുകയില്ലായെന്നുള്ള കാരണങ്ങൾ ഇമ്മിഗ്രേഷൻ ഓഫീസിനെ അറിയിക്കണം. രാജ്യത്തു നിന്ന് പുറത്താക്കിയാൽ  സ്വന്തം രാജ്യത്തുണ്ടാകാവുന്ന   ദുരിതങ്ങളും  കഷ്ടപ്പാടുകളും ഇമ്മിഗ്രേഷൻ ഓഫീസർ  പരിഗണനയിൽ എടുക്കും. വിവാഹം  വിശ്വസ്ഥമായിരുന്നുവെന്നും കുടിയേറ്റ നിയമങ്ങൾ  തെറ്റിച്ചില്ലെന്നും  ബോധ്യപ്പെടുത്തണം.  വിവാഹ മോചനം നേടിയെങ്കിലും സമയത്ത് ഐ. 751 ഫോം ഫയൽ ചെയ്യാൻ അമാന്തം വരുത്തിയില്ലെന്നും അറിയിക്കണം. വിവാഹ ജീവിത കാലത്ത്  പൌരത്വമുള്ള പങ്കാളിയിൽ നിന്ന് പീഡനങ്ങൾ സഹിക്കേണ്ടി വന്ന കാര്യങ്ങളും വ്യക്തമാക്കണം.  പോലീസ് റിപ്പോർട്ടുണ്ടെങ്കിൽ  ഇമ്മിഗ്രേഷൻ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.  ഒന്നിച്ചുള്ള ഫയലിന് എതിർത്തത് പൌരത്വമുള്ള പങ്കാളിയെന്നും  ബോധ്യപ്പെടുത്തണം.


ഒന്നിച്ചു ഫയൽ ചെയ്ത ശേഷം   വിവാഹ മോചനത്തിനുള്ള തയാറെടുപ്പെങ്കിൽ  ഇമ്മിഗ്രേഷൻ ഓഫീസ്  അതിന്റെ തെളിവുകൾ  ഹാജരാക്കാൻ ആവശ്യപ്പെടും. വിവാഹ മോചനം നടന്നെങ്കിൽ  മോചനത്തിന്റെ  കോപ്പിയും  നല്കണം.  പങ്കാളിയുമായി ഫയൽ ചെയ്തു കഴിഞ്ഞെങ്കിൽ വിവാഹ മോചന ഡോക്കുമെൻറ്  ലഭിച്ചു കഴിഞ്ഞ്  ഒറ്റയ്ക്ക് ഫയൽ ചെയ്യാനുള്ള അവകാശം നല്കും. അങ്ങനെയെങ്കിൽ  വിവാഹ മോചനം ലഭിച്ചുവെന്ന  വ്യവസ്ഥയിൽ ഇമ്മിഗ്രേഷനുള്ള നടപടികൾ  തുടങ്ങും.


താല്ക്കാലിക കാർഡ്  സ്ഥിരമായാൽ ഇമ്മിഗ്രേഷൻ വകുപ്പ് ആദ്യം പത്തു വർഷ  ഗ്രീൻ കാർഡ് നല്കും. മൂന്നുവർഷം  കഴിഞ്ഞ്  പൗരത്വമെടുത്തില്ലെങ്കിൽ പിന്നീടത്‌ സമയമാകുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം.  ഗ്രീൻ കാർഡ് ലഭിച്ചു കഴിഞ്ഞാൽ  ഈ നാട്ടിൽ  ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും സ്ഥിരമാകും.  പുതുക്കിയ കാർഡു  ലഭിക്കുന്നതിനു മുമ്പ് ഇമ്മിഗ്രേഷൻ ഓഫീസുമായി  ഇന്റർവ്യൂ  ഉണ്ടായിരിക്കും.


സ്ഥിര ഗ്രീൻ കാർഡിനുള്ള അപേക്ഷ നിരസിക്കുന്ന പക്ഷം എന്തുകൊണ്ടാണ് ഗ്രീൻ കാർഡ് നിരസിച്ചതെന്നുള്ള  കാരണവും അതിൽ കാണിച്ചിരിക്കും. അവാസ്തവങ്ങളും സത്യ വിരുദ്ധങ്ങളുമായ കാര്യങ്ങൾ എവിടെയെല്ലാമുണ്ടെന്നും  ചൂണ്ടി കാണിക്കും. രാജ്യത്തു നിന്ന് പുറത്താക്കാനുള്ള നടപടികളും തുടങ്ങും. പുറത്താക്കുന്ന സമയത്ത് ഇമ്മിഗ്രേഷൻ അധികാരികളുമായി ചർച്ച ചെയ്ത് ഗ്രീൻ കാർഡിനുള്ള അപേക്ഷ പുന പരിശോധിക്കാവുന്നതാണ്.  ഇമ്മിഗ്രേഷൻ ജഡ്ജ് രാജ്യത്തു  നിന്ന് പുറത്താക്കാനാണ് വീണ്ടും തീരുമാനിക്കുന്നതെങ്കിൽ അതിന്റെ പേരിൽ   അപ്പീലിന് പോവാൻ  സ്ഥിര ഗ്രീൻ കാർഡിനായി   ശ്രമിക്കുന്ന പങ്കാളിയ്ക്ക് അവകാശമുണ്ട്.  കൃത്യമായ ഫീസടച്ചു കഴിഞ്ഞാൽ   വാഷിംഗ്ടൻ   ഡി.സി. യിലുള്ള  ബോർഡ്  ഓഫ് ഇമ്മിഗ്രേഷൻ വകുപ്പ് 'അപ്പീൽ' പരിഗണനയിലെടുക്കും.


ഗാർഹിക പീഡനങ്ങൾ  കൊണ്ട്   ഇരയായവർക്ക്    ഗ്രീൻകാർഡ്  മനുഷ്യത്വത്തിന്റെ പേരിൽ  നല്കുന്നുണ്ടെങ്കിലും  അതു മുതലാക്കി   ചിലർ  ദുരുപയോഗം ചെയ്യാറുണ്ട്. ഗ്രീൻ കാർഡിനുവേണ്ടി നിഷ്കളങ്കരായ പൌരത്വമുള്ള പങ്കാളിയുടെ പേരിൽ  കുറ്റാരോപണങ്ങൾ നടത്തി പോലീസ് കേസാക്കുന്നവരുമുണ്ട്.  ഒരിയ്ക്കൽ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാരനായാൽ  അത് ഒരുവന്റെ സ്വഭാവ ദൂഷ്യമായി  റിക്കോർഡുകളിൽ കടന്നുകൂടും. സ്വന്തം തൊഴിലിനുപോലും തടസങ്ങളുണ്ടാക്കാറുണ്ട്.  പുതിയ ജോലികൾ അന്വേഷിക്കുമ്പോഴും   കരിമ്പട്ടികയിൽ അകപ്പെട്ടുപൊയവർക്ക്   കമ്പനികൾ വാഗ്ദാനം ചെയ്ത  പ്രൊഫഷണൽ  നിലവാരമുള്ള ജോലി  ലഭിക്കാതെയും വരാം. നിയമത്തിന്റെ കുരുക്കിൽപ്പെട്ട് കോടതി ചെലവുകളും വക്കീലുമായി ഭാരിച്ച ബാദ്ധ്യതകൾക്കും കാരണമാകും. മിക്ക കേസുകളിലും പൌരത്വമുള്ളവരെക്കാളും  പൌരത്വമില്ലാത്തവർക്കാണ് അനുകൂലമായ വിധി വരാറുള്ളത്.


 പൌരത്വമില്ലാത്ത പങ്കാളി  ശക്തിയായ പ്രതികരണങ്ങള്‍ കോടതിയില്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. കേസുകളില്‍ കുടുങ്ങിയിരിക്കുന്നവര്‍ കുറ്റവിമുക്തരായില്ലെങ്കില്‍ അവരുടെ പ്രൊഫഷണല്‍ തൊഴിലിനെയും ബാധിക്കാനിടയുണ്ട്. കുറ്റക്കാരനെന്നുള്ള  സ്വഭാവ ദൂഷ്യ കേസുകള്‍ നിയമപരമായിത്തന്നെ രഹസ്യമായി സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളുമുണ്ട്. അതിനെ 'അഡ്‌മോണിഷ്‌മെന്റ് (Admonishment) എന്നറിയപ്പെടുന്നു. പിഴയോ ശിക്ഷയോ ഒന്നും ലഭിക്കുകയില്ല. പക്ഷേ, സമാന രീതിയിലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ കേസ് റീഓപ്പണ്‍ ചെയ്യുകയും ശിക്ഷ ലഭിക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു.  മറ്റൊന്നാണ് കേസ് മുഴുവനായും നീക്കം ചെയ്യുന്ന രീതി. അതിനെ 'എക്സ്‌പഞ്ച്മെന്റ്' (Expungement) എന്നു പറയും. ആദ്യമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് കോടതിക്ക് കേസ് 'എക്സ്‌പഞ്ച്' ചെയ്യാം. ഒരിക്കല്‍ എക്സ്‌പഞ്ച് ചെയ്താല്‍ കേസ് വിവരങ്ങള്‍ മുഴുവനായും റെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം തൊഴില്‍ ദാദാവിന് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. കുറ്റാരോപണ  വസ്തുതകള്‍  ജോലി തരുന്ന കമ്പനിയെ  അറിയിക്കേണ്ട ആവശ്യവുമില്ല. ഈ നിയമം എല്ലാ സ്‌റ്റേറ്റുകളിലും വ്യത്യസ്തമായി കാണുന്നു. 

ഏതെല്ലാം കുറ്റകൃത്യങ്ങള്‍ 'അഡ്‌മോണീഷ്' ചെയ്യാം ഏതെല്ലാം 'എക്സ്‌പഞ്ച്' ചെയ്യാം, അല്ലെങ്കില്‍ ഇവയൊന്നും ചെയ്യാന്‍ സാധിക്കില്ലായെന്നത് അതാത് സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥകളനുസരിച്ചായിരിക്കും. കേസിന്റെ വിചാരണ വേളയില്‍ ജഡ്ജിയാണ് അത് തീരുമാനിക്കുന്നത്. കേസ് 'എക്സ്‌പഞ്ച്' ചെയ്തുകഴിഞ്ഞാല്‍ കുറ്റവിമുക്തരായി ക്ലീന്‍ റിക്കോര്‍ഡു സഹിതം ജോലിയന്വേഷിക്കാനും തുടരാനും സാധിക്കും.


'എക്സ്പഞ്ച് ' (expungement) അല്ലെങ്കിൽ അഡ്മോണിഷ്മെന്റ്   അനുവദിച്ചു കിട്ടാൻ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന്  കൃത്യമായ ഒരുത്തരം പറയാൻ സാധിക്കില്ല. നീതിയുടെ ചക്രങ്ങൾ ചില സംസ്ഥാനങ്ങളിൽ സാവധാനമേ നീങ്ങുകയുള്ളൂ. ചിലയിടങ്ങളിൽ ആറേഴു മാസങ്ങൾകൊണ്ട് തീരുമാനങ്ങളാകും.


ഗ്രീൻ  കാർഡ്  ലഭിക്കാൻ   തെറ്റായ ഡോക്കുമെന്റ് നൽകുകയോ  തിരുത്തുകയോ ചെയ്‌താൽ  ഗുരുതരമായ കുറ്റമായി കണക്കാക്കും. ഡോക്കുമെന്റ് തിരുത്തുകയെന്നത്  ഒരുതരം വൈറ്റ് കോളർ  കുറ്റകൃത്യമായി  കരുതുന്നു.  സാധാരണ ഗതിയിൽ ഡോക്കുമെന്റിൽ കൃത്രിമത്വം കാണിക്കുന്നത്  ടാക്സ് പേപ്പറുകളിലും വിസായ്ക്ക് വേണ്ടിയുള്ള ഇമ്മിഗ്രേഷൻ  പേപ്പറുകളിലുമാണ്.   ഫെഡറൽ സർക്കാരുമായി  ബന്ധപ്പെട്ട കുറ്റമാണെങ്കിൽ  ശിക്ഷകളുടെ കാലാവധിയും കൂടും. ഇരുപതു വർഷം വരെ ജയിൽ ശിക്ഷയും  ലഭിക്കാം.  ഡോക്കുമെന്റുകളിൽ കള്ളയൊപ്പിടുക, ബാങ്കിലെ കടം അടയ്ക്കാൻ നിവൃത്തിയില്ലാതെ  പാപ്പരത്വം പ്രഖ്യാപിക്കുമ്പോൾ സ്വത്തുക്കൾ ഒളിച്ചു വെയ്ക്കുക, അന്വേഷണ ഉദ്യോഗസ്ഥന്മാരിൽ നിന്നും വിവരങ്ങൾ ഒളിച്ചു വെയ്ക്കുക  എന്നീ കുറ്റങ്ങളെല്ലാം  അഞ്ചും പത്തും ഇരുപതും കൊല്ലങ്ങൾ വരെ ജയിൽ ശിക്ഷ ലഭിക്കാവുന്നതാണ്.

നിയമത്തെപ്പറ്റിയുള്ള  അറിവില്ലായ്മ കോടതികളിൽ മാപ്പർഹിക്കുന്നില്ല. അത് പ്രൈമറി സ്കൂളിലെ സിവിക്ക് ക്ലാസുകളിലെ ആദ്യ പാഠവുമാണ്. ആയിരക്കണക്കിന് കുറ്റങ്ങൾ  നിയമ പുസ്തകങ്ങളിൽ ഉണ്ടെങ്കിലും  ഭൂരിഭാഗം ജനങ്ങളും നിലവിലുള്ള നിയമങ്ങളെപ്പറ്റി ബോധവാന്മാരല്ലെന്നതും   ഒരു വസ്തുതയാണ്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും വ്യത്യസ്ഥ രീതികളിലാണ്   നിയമങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത്. ഏകീകൃതമായ ഒരു നിയമം ഈ രാജ്യത്തിലില്ല. കൂടാതെ  സിറ്റികളിലെയും കൌണ്ടികളിലെയും  ജയിൽ വാസം കിട്ടാവുന്ന പരസ്പര വിരുദ്ധങ്ങളായ നിയമങ്ങൾ  വേറെയുമുണ്ട്. നിയമത്തെപ്പറ്റിയുള്ള  അറിവില്ലായ്മ  മാപ്പർഹിക്കുന്നില്ലെങ്കിൽ  അമേരിക്കയിലെ നൂറു ശതമാനം ജനതയും നിയമ പരിജ്ഞാനമുള്ളവരല്ലന്നുള്ളത് മറ്റൊരു സത്യവുമാണ്. 'ശരാശരി ഒരു അമേരിക്കൻ അറിഞ്ഞോ അറിയാതെയോ ദിനം പ്രതി മൂന്നു കുറ്റ കൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ്' പ്രസിദ്ധ നിയമജ്ഞനും  ഗ്രന്ഥകാരനുമായ  'ഡോ. ഹാർവെ സിൽവർ ഗേറ്റ്'  അഭിപ്രായപ്പെട്ടിരിക്കുന്നത്.      










 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...