Sunday, March 1, 2015
കൃസ്തുവിന്റെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച്ചത് തെറ്റോ?
By ജോസഫ് പടന്നമാക്കൽ
സോഷ്യൽ മീഡിയാകളുടെ വ്യാജ പ്രചരണങ്ങൾ സഭയിൽ ദൈവവിളി കുറയാൻ കാരണമായെന്നും യുവതികളും യുവാക്കളും പഴയതുപോലെ സന്യസ്തം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരി അടുത്തയിട പറയുകയുണ്ടായി. സഭയ്ക്കുള്ളിൽ നടക്കുന്ന ചില പ്രാകൃത രീതികളും അനുസരണ പഠിപ്പിക്കലും വ്യക്തിഹത്യ കഥകളും സോഷ്യൽ മീഡിയാവഴി പുറം ലോകമറിഞ്ഞത് ശരിയാണ്. കൂടാതെ സഭയിൽ നിന്ന് പുറത്തു വന്ന ചില പുരോഹിതരുടെയും കന്യാസ്ത്രികളുടെയും കരളലിയിക്കുന്ന കഥകളും സാമൂഹിക മീഡിയാകളിൽ വരാറുണ്ട്. പുരോഹിതർ കാണിയ്ക്കുന്ന തെറ്റുകളെ മറച്ചു വെച്ചുകൊണ്ട് അതെല്ലാം ശരിയായി സ്ഥാപിക്കാനും കർദ്ദിനാൾ ആലഞ്ചേരി ആഗ്രഹിക്കുന്നുണ്ടാകാം. പുരോഹിതരായ അധികാര മോഹികളുടെ ക്രൂരതയുടെ കഥകൾ ഒളിച്ചു വെച്ചുകൊണ്ട് ദൈവവിളിയെന്ന പേരിൽ പാവപ്പെട്ട പിള്ളേരെ മെത്രാന്മാരും പുരോഹിതരും ചതിച്ചു കൊണ്ടിരുന്ന വസ്തുതകൾ പുറം ലോകമറിയാൻ തുടങ്ങിയതും സൈബർ ലോകത്തിന്റെ വളർച്ചയോടെയാണ്. സാമൂഹിക വാർത്തകളിൽ വരുന്ന സഭയുടെ കൊള്ളരുതായ്മകൾ അവാസ്തവങ്ങളെങ്കിൽ എന്തുകൊണ്ട് മെത്രാനും പുരോഹിതരും അത്തരം വാർത്തകൾ നിഷേധിക്കുന്നില്ല?
സഭയുടെ വക്താവായ തേലെക്കാടനെപ്പോലുള്ള പുരോഹിത സർപ്പ വിഷങ്ങൾ പൌരാഹിത്യത്തിന്റെ വിലയും നിലയും ഇല്ലാതാക്കുന്നതും കാണാം. കൊക്കനെയും കോട്ടൂരിനെയും പുതക്കയയെയും വെച്ചു പുലർത്തുന്ന സഭയുടെ വക്താവായി ഇയാൾ ഒരു പാവപ്പെട്ട കന്യാസ്ത്രിയുടെ ബലഹീനതകളെ കാണാതെ അവരെ പീഡിപ്പിച്ച കഥകൾ ഗൗനിക്കാതെ, കുറ്റക്കാരായ മഠത്തിനെയും അതിനുത്തരവാദി ധ്യാന ഗുരു പുരോഹിതനെയും ന്യായികരിക്കുന്നതും വിചിത്രം തന്നെ. അർദ്ധരാത്രിയിൽ വിറയ്ക്കുന്ന കൊടുംതണുപ്പത്ത് യുവതിയായ ഒരു പാവം കന്യാസ്ത്രിയെ മഠത്തിൽനിന്ന് മൃഗീയമായി മുതിർന്ന കന്യാസ്ത്രികൾ ബലമായി തൊഴിച്ചു പുറത്താക്കിയ കഥ ഇന്ന് സോഷ്യൽ മീഡിയാകളിൽ മുഴുവനായി നിറഞ്ഞിരിക്കുന്നു. നാട്ടിൽനിന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയായി അവരെ ഇറ്റലിയിൽ പറഞ്ഞു വിട്ട് അവിടെ നീണ്ട മൂന്നു വർഷങ്ങൾ അടിമവേല ചെയ്യിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും മിസ്റ്റർ തേലെക്കാടൻ കുറ്റവാളികളുടെ വക്താവായി സംസാരിക്കുന്നതും വിചിത്രം തന്നെ. സ്ത്രീത്വത്തെ ബഹുമാനിക്കാൻ അയാൾക്കറിയില്ല. തിരുസഭയെന്നാൽ തേലെക്കാടനോ? കന്യാസ്ത്രിയെ തിരിച്ചെടുക്കില്ലന്നു പറയാൻ ഇയാളാര്, ഗുണ്ടായോ, മാഫിയായോ? കന്യാസ്ത്രികൾക്ക് കന്യാകത്വം തുന്നി കെട്ടാൻ നടക്കുന്നതും സഭയുടെ ഇത്തരം വക്താക്കളാണെന്നതിലും സംശയമില്ല.അന്തസ്സും ആഭിജാത്യവും തത്ത്വ വീക്ഷണവും അവർക്കില്ലാതെ പോയത് കഷ്ടം തന്നെ. തെരുവിൽ നിസഹായയായി പുറംതള്ളപ്പെട്ട യുവകന്യാസ്ത്രിയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തേലെക്കാടന്റെ പ്രതികരണം എന്താകുമായിരുന്നുവെന്നും അറിയില്ല.
കണ്ണൂർ 'മേലെ ചൊവ്വേ' സ്വദേശിനിയായ സിസ്റ്റർ അനീറ്റാ 2004-ലാണ് കോണ്‍വെന്റിൽ ചേർന്നത്. 2007 ജനുവരി 15-ന് സഭാ വസ്ത്രം സ്വീകരിച്ച് കന്യാസ്ത്രിയായി. അതിനു ശേഷം മദ്ധ്യ പ്രദേശിൽ 'വാച്ചോർ' എന്ന സ്ഥലത്ത് പ്രോവിഡന്റ് കോണ്'വെന്റ് ഹൈസ്കൂൾ അദ്ധ്യാപകയായി ജോലിയാരംഭിച്ചു.
സിസ്റ്റർ അനീറ്റായെ അർദ്ധ രാത്രിയിലെ കൊടും തണുപ്പിൽ, ഇറ്റലിയിലെ തെരുവുകളിലേയ്ക്ക് പുറത്താക്കിയ കഥ ഇന്ന് വിവാദപരമായ ചൂടുള്ള വാർത്തയായിരിക്കുന്നു. അവരുടെ കരളലിയിക്കുന്ന ഈ കഥ അഭയായുടെ മരണശേഷം മനുഷ്യ മനസുകളെ ഒന്നായി കരയിപ്പിക്കുകയും ചെയ്യുന്നു. അവർ സഭയുടെ ജീവിക്കുന്ന മറ്റൊരു ബലിയാടാണ്.ഇറ്റലിയിൽ ഇവരെ മഠത്തിനു പുറത്താക്കിയ സമയം മുതിർന്ന കന്യാസ്ത്രികൾ കൈകളിൽ ബലമായി പിടിച്ചിരുന്നു. ഒരു കന്യാസ്ത്രി തലമുണ്ട് ഊരിക്കൊണ്ടു പോയി. പള്ളിയിൽ പ്രാർത്ഥിക്കുന്ന സമയം സിസ്റ്ററായി ഉപയോഗിച്ചിരുന്ന അവരുടെ എല്ലാ വസ്ത്രങ്ങളും ഊരിയെടുത്തിരുന്നു.
ഈ ക്രൂരത ചെയ്തതു മലയാളി കന്യാസ്ത്രികളായിരുന്നു. കൂടെ ഒരു വില്ലൻ ധ്യാനഗുരുവായ പുരോഹിതനുമുണ്ട്. ഏതാനും മലയാളികൾ ഇറ്റലിയിലെ തെരുവുകളിൽ നിന്നും അവരെ രക്ഷിച്ചതുകൊണ്ട് മറ്റപകടങ്ങളൊന്നും സംഭവിച്ചില്ല. അതുകൊണ്ട് അവർക്ക് സുരക്ഷിതമായി നാട്ടിലെത്താൻ കഴിഞ്ഞു. ഇറ്റലിയിൽ വേശ്യാലയങ്ങൾ നടത്തുന്ന മലയാളി പുരോഹിതരുടെ ഒരു മാഫിയാ ഗ്രൂപ്പുണ്ടെന്നുള്ള വാർത്ത ഏതാനും മാസങ്ങൾക്കു മുമ്പ് പത്രങ്ങളിൽ വായിച്ചിരുന്നു. പിമ്പുകളായ (Pimb) അവരുടെ കൈകളിൽ ഈ യുവകന്യാസ്ത്രി അകപ്പെട്ടിരുന്നെങ്കിൽ ഇവരുടെ ജീവിതം പിച്ചിക്കീറുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അതിനുത്തരം സഭ പറയുമായിരുന്നോ?
ഇറ്റലിയിലെ കോട്ടയംകാരൻ ഒരു വൈദികൻ വേശ്യകളെ പാർപ്പിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന വിവരം വാർത്താ മീഡിയാകളിൽക്കൂടി വെളിച്ചത്തു വന്നിരുന്നു. സമൂഹത്തിലെ വി.ഐ.പി. കളായ വൈദികരും കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയക്കാരും ഈ പഞ്ച നക്ഷത്ര ഹോട്ടലിലെ പറ്റു പടിക്കാരും ഇടപാടുകാരുമാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ നിരീക്ഷണത്തിൽ അവിടെ വൈദികരുടെ നേതൃത്വത്തിലുള്ള പത്തോളം വേശ്യാലയങ്ങൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കേരളത്തിലെ ജില്ലകളിലുള്ള മുന്നൂറോളം സ്ത്രീകളാണ് ഇത്തരം വേശ്യാലയങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. സഹപ്രവർത്തകരായ വൈദികരുടെ പള്ളി മേടകളിലേയ്ക്കും സ്ത്രീകളെ ഇവർ എത്തിക്കാറുണ്ട്. വൈദികരുടെ ഒരു അധോലോകം തന്നെ അവിടെയുള്ളതുകൊണ്ട് സ്ത്രീകൾ പേടിച്ചാണ് ജീവിക്കുന്നത്. ഭാര്യമാരെ ഇറ്റലിയിൽ വിട്ട് ചില ഭർത്താക്കന്മാർ നാട്ടിൽ ആഡംബര കാറുകളിലും ജീവിക്കാറുണ്ട്.
മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റിൽ സിസ്റ്റർ അനീറ്റ ഹൈസ്കൂൾ അദ്ധ്യാപകയായി ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ച് ഒരു ധ്യാനകേന്ദ്രത്തിന്റെ ഡിറക്റ്ററായ പുരോഹിതൻ പീഡിപ്പിച്ചനാൾ മുതലാണ് ഈ കന്യാസ്ത്രിയുടെ കണ്ണുനീരിന്റെ കഥയാരംഭിക്കുന്നത്. പുരോഹിതന്റെ ലൈംഗിക സമ്മർദ്ദത്തിന് വഴങ്ങിയില്ലെന്നുള്ളതാണ് അവർ ചെയ്ത തെറ്റ്. അയാളുടെ പേര് ഈ കന്യാസ്ത്രി വെളിപ്പെടുത്തുന്നില്ല. അത് കഥയിലെ വില്ലനായ ഈ പുരോഹിതനെ ന്യായികരിക്കാനേ പ്രയോജനപ്പെടുകയുള്ളൂ. മദ്ധ്യപ്രദേശിലുള്ള 'പാഞ്ചെരി'യിലെ' പ്രോവിഡന്റ് കോണ്‍'വെന്റിനോട് അനുബന്ധിച്ചുള്ള ധ്യാനകേന്ദ്രത്തിലെ ധ്യാന ഗുരുവായ വൈദികനാണ് ഇവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നീടുള്ള പീഡനം അധികാരികളായ കന്യാസ്ത്രികളിൽ നിന്നായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ വൈദികന്റെ മുഖം രക്ഷിക്കുന്നതിനായി കന്യാസ്ത്രികൾ ഇവരെ ഇറ്റലിയിൽ നാടു കടത്തുകയായിരുന്നു.
ഈ കോണ്‍ഗ്രിഗേഷനിലുള്ള അധികാര മത്തു പിടിച്ച കന്യാസ്ത്രികൾ ഒരു കാരണവുമില്ലാതെ സഹ കന്യാസ്ത്രികളെ ചില സമയങ്ങളിൽ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നും വിശാലമായ ഹാളിലെ തറകൾ മുഴുവൻ പട്ടികളും പന്നികളും നക്കുന്നപോലെ നാക്കു കൊണ്ട് നക്കിയ്ക്കുമെന്നും ചമ്മട്ടി കൊണ്ട് സ്വയം അടിപ്പിക്കുമെന്നും കേട്ടിട്ടുണ്ട്. പോരാഞ്ഞ് അധികാരച്ചുവയുടെ കലികൊണ്ട കന്യാസ്ത്രികൾ ഇഷ്ടമില്ലാത്തവരെ വാതിൽക്കൽ നിലത്തു കിടത്തിയിട്ട് അവിടുത്തെ മറ്റു കന്യാസ്ത്രികൾ കൂട്ടത്തോടെ തൊഴിച്ച് ആർത്തട്ടഹസിക്കുമെന്നും പഴങ്കാലത്തിലുള്ളവർ പറയുമായിരുന്നു. ഏതായാലും അത്തരം കഥകൾ സിസ്റ്റർ അനീറ്റായിൽ നിന്ന് കേട്ടില്ല.
2012 മെയ് ഇരുപത്തൊന്നാം തിയതി ഇറ്റലിയിലെ മദർ ഹൌസിലേയ്ക്ക് നിർബന്ധിതമായി നാടു കടത്തിയ അവരെ അവിടെ അടിമ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. സന്യാസ ജീവിതം ഉപേക്ഷിക്കാൻ കൂടെ കൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു. ഭീഷണിയ്ക്കു മുമ്പിൽ അടി പതറാതെ അവർ ആ മഠത്തിൽ പിടിച്ചു നിന്നു. മാനസികമായി തളർത്താൻ എല്ലാ അടവുകളും അവിടുത്തെ അധികാരികളായ മലയാളി കന്യാസ്ത്രീകൾ പ്രയോഗിച്ചുകൊണ്ടിരുന്നു. അടിയും ഇടിയും തൊഴിയും കൊടുത്ത് ദേഹോപദ്രവം ചെയ്തും പീഡിപ്പിച്ചിരുന്നു.
യുവതിയായ ഈ കന്യാസ്ത്രിയെ പുരോഹിതൻ പീഡിപ്പിച്ചപ്പോൾ എതിർത്തതിന് അയാൾ അവരുടെ മദറിനോട് പരാതിപ്പെടുകയായിരുന്നു. ഉള്ളു നിറയെ കാമം നിറഞ്ഞിരിക്കുന്ന ആ പുരോഹിതൻ ഉന്നതാധികാരികളുടെ ഇടയിൽ വളരെ പിടിപാടുള്ള മനുഷ്യനായിരുന്നു. അയാളുടെ ഇഷ്ടത്തിനൊത്തു യുവതിയായ കന്യാസ്ത്രിയെ ലഭിയ്ക്കില്ലെന്നറിഞ്ഞപ്പോൾ പ്രതികാരാഗ്നി അയാളിൽ ആളി കത്തുകയായിരുന്നു. അവസരത്തിലും അനവസരത്തിലും ഈ സിസ്റ്ററെ അപമാനിക്കാൻ മദർഹൗസിലും മറ്റു കന്യാസ്ത്രികളുടെയിടയിലും ഇയാൾ നുണ പ്രചരണവും നടത്തിക്കൊണ്ടിരുന്നു. ഇയാളുടെ നുണയിന്മേൽ സിസ്റ്റർ അനീറ്റായുടെ സ്കൂളിലെ ജോലിയിൽ അതൃപ്തയെന്നു പറഞ്ഞ് അവിടെ നിന്ന് മാറ്റാനുള്ള ശ്രമവും തുടങ്ങി. 'നിത്യ വൃതമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവരെ ഇറ്റലിയിൽ അയക്കുകയായിരുന്നു. ചതിക്കുഴിയിൽ വീഴുകയാണെന്ന് അന്നവർക്കറിയില്ലായിരുന്നു. ഇറ്റലിയിലെ മൂന്നു വർഷത്തെ മൃഗീയമായ അടിമപ്പണിയ്ക്കുശേഷം ജോലിയ്ക്ക് സ്പീഡില്ലായെന്ന് പറഞ്ഞ് മഠത്തിൽനിന്ന് പുകച്ചു തള്ളാനുള്ള ആലോചനയും തുടങ്ങി. ആത്മാർത്ഥതയില്ലായെന്ന മുടന്തൻ ന്യായം പറഞ്ഞ് നിസഹായായ അവരെ ഇറ്റലിയിലെ കോണ്'വെന്റിൽ നിന്നും പുറത്താക്കുകയായിരുന്നു.
ഇത്രമാത്രം പീഡിപ്പിച്ചിട്ടും 'സിസ്റ്റർ അനിറ്റാ' ധ്യാന ഗുരുവിന്റെ പേര് വെളിപ്പെടുത്താതും അവരുടെ വ്യക്തിത്വത്തിന്റെ മഹാത്മ്യം വർദ്ധി പ്പിക്കുന്നു. ആരുടേയും പേര് കളങ്കപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. അവർ പറയുന്നു, "ആദ്യം ഈ ധ്യാന ഗുരു ഇഷ്ടം പ്രകടിപ്പിച്ചു വന്നു. കൈയ്ക്ക് പിടിക്കാൻ തുടങ്ങിയപ്പോൾ എതിർത്തു. പിന്നീട് വാദിയെ പ്രതിയാക്കിക്കൊണ്ട് പുരോഹിതനെ ശല്യപ്പെടുത്തുന്നതായ കഥയുണ്ടാക്കി, അനീറ്റായ്ക്കെതിരെ കേസ്സായും മാറി.". മദർ ചോദ്യം ചെയ്തപ്പോൾ "ഞാനങ്ങനെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മടങ്ങി വീട്ടിൽ പ്പോവാൻ തയ്യാറാണെന്നും അനീ റ്റാ പറഞ്ഞു ." അന്ന് ഈ സിസ്റ്ററിന് മഠം സംബന്ധിച്ച അനേകം ചുമതലകളുണ്ടായിരുന്നു. സിസ്റ്ററിനോട് വിസ്താരവേളയിൽ നയൊപായത്തോടെ 'മദർ' പറഞ്ഞു, "സാരമില്ല, കുട്ടീ, ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് പുറം ലോകം അറിയാതിരുന്നാൽ മതി."
സിസ്റ്റർ അനീറ്റാ പഠിപ്പിച്ചിരുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലിയും അന്നത്തെ പ്രോഗ്രാമുകളുടെ പ്രധാന ചുമതലകൾ വ്ഹിക്കുന്നതുകൊണ്ടും അവരെ മഠത്തിൽനിന്നും ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു. മഠത്തിന് അവരെ ആവശ്യമുണ്ടായിരുന്നു. കൂടാതെ പത്താം ക്ലാസ്സിലെ പരീക്ഷകൾ നടക്കുന്ന സമയവുമായിരുന്നു. അധികാര വർഗമായ ഈ കന്യാസ്ത്രികൾ ധ്യാന ഗുരുവിനെ താങ്ങി നടക്കുന്ന ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളായിരുന്ന വിവരം അന്ന് സിസ്റ്റർ അനിറ്റായ്ക്ക് അറിയില്ലായിരുന്നു. ജൂബിലി കഴിഞ്ഞാണ് ഇറ്റലിയിലെ മഠത്തിലേയ്ക്ക് സ്ഥലം മാറ്റുന്നതായ ഓർഡർ കൊടുത്തത്. ഒരു സൂചന പോലും കൊടുക്കാതെ അത് ധ്യാന ഗുരുവും കന്യാസ്ത്രികളും ഒത്തു കളിച്ചുള്ള ഒരു തീരുമാനമായിരുന്നു. നിത്യവ്രതമെന്നു പറഞ്ഞ് ഈ യുവ കന്യാസ്ത്രിയുടെ വീട്ടുകാരെയും കബളിപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് വീട്ടുകാരെയും ധരിപ്പിച്ചത്. 'റിലീജീയസ് വിസയിൽ ഇറ്റലിയിൽ പോയ അവർക്ക് അവിടെ ലഭിച്ചത് ശാരീരിക പീഡനവും മർദ്ദനവുമായിരുന്നു. മദർ ജനറാൾ ഒഴികെ ഇറ്റലിയിലെ കോണ് വെന്റിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ മലയാളികളായിരുന്നു. പലരും ആ ധ്യാന ഗുരുവിന്റെ സുഹൃത്തുക്കളുമായിരുന്നു.
ഇറ്റലിയിൽ ഈ യുവതിയെ നിത്യം പീഡിപ്പിച്ച് മിക്ക ദിവസങ്ങളിലും പട്ടിണിയ്ക്കിട്ടിരുന്നു. മറ്റുള്ളവർ ഭക്ഷിക്കുമ്പോൾ വെള്ളം മാത്രം കൊടുത്തിരുന്നു. തുണികളെല്ലാം കത്തിച്ചു കളഞ്ഞു. നാട്ടിലേയ്ക്ക് പോകാനുള്ള വിസായും റദ്ദാക്കി. ജീവന് ഭീക്ഷനിയായപ്പോൾ അവിടെനിന്നു പോകാൻ സമ്മതിക്കുകയായിരുന്നു. സ്നേഹമുള്ള കന്യാസ്ത്രികൾ പറഞ്ഞതുകൊണ്ട്' നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കോണ്‍ഗ്രഗേഷനിൽനിന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. തക്കതായ കാരണമില്ലാതെ പറഞ്ഞയച്ചാൽ പോകില്ലെന്നും സിസ്റ്റർ അനീറ്റ തറപ്പിച്ചു പറഞ്ഞു. പ്രതികരിച്ചതിനു മൃഗീയമായി ഉപദ്രവിച്ചശേഷം പാതിരായിൽ തണുപ്പു സമയത്ത് റോഡിലേയ്ക്ക് പുറത്താക്കുകയായിരുന്നുണ്ടായത്. അങ്ങകലെ കണ്ണൂരുള്ള മാതാപിതാക്കൾ ഈ സ്ത്രീ ചെന്നായ്ക്കളുടെ മർദ്ദന മുറകൾ അറിയുന്നുണ്ടായിരുന്നില്ല. മഠത്തിലുള്ള മറ്റു കന്യാസ്ത്രികൾ നിസഹായായ സിസ്റ്റർ അനീറ്റായുടെ ദീനരോദനം കേട്ട് പൊട്ടി കരയുന്നുണ്ടായിരുന്നു.
മൂന്നു വർഷത്തിനു ശേഷം നെടുമ്പാശ്ശേരിയിൽനിന്നും ഇവർ ആലുവാ മഠത്തിൽ താമസിക്കാൻ പോകവേ വീണ്ടും ദുരന്താനുഭവങ്ങളുണ്ടായി. അവിടെയും സിസ്റ്റർ അനീറ്റായെ മഠം കന്യാസ്ത്രികൾ പീഡിപ്പിച്ചു. ഇറ്റലിയിൽനിന്നും മടങ്ങി വന്ന അവരുടെ ബാഗുകൾ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. മഠത്തിൽ പ്രവേശിപ്പിക്കാഞ്ഞതുകൊണ്ട് നടുവെയിലത്ത് പത്തു മണിക്കൂറോളം ദേശീയ പാതയിൽ നിൽക്കേണ്ടി വന്നു. നീണ്ട മണിക്കൂറുകൾ അവശയായി ദേശീയ പാതയിൽ നിന്ന ഇവരെ നാട്ടുകാർ ഇടപെട്ട് ജന സേവക മന്ദിരത്തിൽ എത്തിക്കുകയായിരുന്നു.
കന്യാസ്ത്രി മഠങ്ങൾ അരമനപോലെ പണം കൊണ്ട് കൊഴുത്തു തടിച്ചിരിക്കുകയാണ്. കോടിക്കണക്കിനുള്ള അവരുടെ അമിതമായ വരുമാനം എവിടെനിന്നെന്നും സാധാരണക്കാരെ സംബന്ധിച്ചുള്ള ഒരു ചോദ്യമാണ്. കൂലിയില്ലാതെയാണ്. കന്യാസ്ത്രികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. സ്കൂളുകളിൽ നിന്നും നേഴ്സിംഗ് ഹോമിൽ നിന്നും വരുമാനമുണ്ട്. പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കോണ്‍ഗ്രഗേഷൻ എടുക്കും. സിസ്റ്റർ അനിറ്റ അഞ്ചു വർഷം ജോലി ചെയ്തിട്ടും സ്വന്തമായി ഒറ്റ പൈസാ പോലും പുറത്തിറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്നില്ല. എല്ലാ കന്യാസ്ത്രികളുടെയും അവസ്ഥ ഇതു തന്നെയെന്ന് അവർ പറയുന്നു.
ചുറ്റുമുള്ള കന്യാസ്ത്രികൾ ഇവരെ സ്നേഹിച്ചിരുന്നു. ആരും കാണാതെ പാലും ബിസ്ക്കറ്റും കൊടുക്കുമായിരുന്നു. കൂട്ടത്തിലുള്ളവർ എന്നും കരയുമായിരുന്നു. അവരെല്ലാം ഭക്ഷണം കഴിക്കുമ്പോൾ ഇവർക്ക് വെള്ളം മാത്രം കൊടുത്തിരുന്നു. മറ്റുള്ള കന്യാസ്ത്രികൾ നിസഹായരായിരുന്നു. മദർ പറയുന്നത് അനുസരിക്കണമെന്നാണ് സന്യാസത്തിന്റെ കാതലായ ചട്ടമായി കരുതുന്നത്. തെറ്റ് ചെയ്യാത്തതുകൊണ്ടും തെറ്റിനെ കാണാൻ സാധിക്കാത്തതു കൊണ്ടും സിസ്റ്റർ അനീറ്റായെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
ഇന്നവർ സഭയുടെ പീഡങ്ങൾക്കെതിരെ മനസിടറാതെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. അചഞ്ചലമായ തീരുമാനങ്ങളോടെ തോൽക്കാൻ തയ്യാറല്ലെന്നും അവർ പറയുന്നു. ഈ അനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ആരെയും ക്രൂശിക്കാനല്ല മറിച്ച് സഭയുടെ കണ്ണുകൾ തുറക്കാനാണ് അവർ അങ്കം വെട്ടുന്നതെന്നും പറഞ്ഞു.
പത്രോസിന്റെ പാറയിൽ ക്രിസ്തു സ്ഥാപിച്ച സഭ ഇന്ന് കഠിന ഹൃദയരായ പുരോഹിതരുടെ നിയന്ത്രണത്തിൽ മണൽക്കൂമ്പാരത്തിലെ ആടിയുലയുന്ന മഹാ ഗോപുരത്തിന് സമാനമായി തീർന്നിരിക്കുന്നു. അട്ടപ്പാടിയിലെ ഗ്രാമീണരെ പരിചരിക്കുന്നതിനു പകരം പണം തേടി പരിഷ്കൃത രാജ്യങ്ങളിൽ ആത്മാക്കളെ രക്ഷിക്കാൻ തെണ്ടിയലയുന്ന ധ്യാന ഗുരുക്കളും സഭയെ തകർത്തുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു ധ്യാന ഗുരുവാണ് ഈ യുവ കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സഭയിലെ പുരോഹിത ബലാൽ സംഘ കഥകൾ നിത്യേന വാർത്തകളിൽ സ്ഥാനവും പിടിച്ചു കഴിഞ്ഞു. നടക്കില്ലന്നറിഞ്ഞപ്പോൾ അയാൾ ആ കന്യാസ്ത്രിയ്ക്ക് കൊടുക്കാവുന്നത്ര പീഡനം കൊടുത്തു. ഇങ്ങനെ ക്രൂര വിനോദങ്ങൾ നിറഞ്ഞ പുരോഹിതകഥകൾ ലോക മാധ്യമങ്ങളിൽ നിത്യ വാർത്തകളുമാണ്. ബ്രഹ്മചര്യത്തിന്റെ ദീപം കൊളുത്തേണ്ട, യേശുവിന്റെ പിന്നാലെ നടക്കേണ്ട ധ്യാന ഗുരുവായ ആ കപട പുരോഹിതനെ പരസ്യമായി വിചാരണ ചെയ്ത് അർഹമായ ശിക്ഷയും കൊടുക്കേണ്ടതാണ്. അയാൾ ചെയ്ത കുറ്റത്തിനുള്ള പ്രാശ്ചിത്തം അനുഭവിക്കേണ്ടി വന്നത് പാവം ഈ യുവ കന്യാസ്ത്രിയായിരുന്നു.
പരസ്നേഹത്തിലും പരസ്പര ധാരണയിലും ദീനദയ പ്രകടിപ്പിച്ചും ജീവിക്കേണ്ട കന്യാസ്ത്രികളാണ് ഈ ക്രൂരവിനോദം ഒരു പാവപ്പെട്ട കന്യസ്ത്രിയോട് കാണിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറിന്റെ കൈകൾ വെട്ടാൻ കൂട്ടു നിന്ന അതേ പുരോഹിതരുടെ മനസ്ഥിതിയുള്ള കന്യാസ്ത്രികളാണ് പുറത്താക്കപ്പെട്ട ഈ കന്യാസ്ത്രിയുടെ ചുമതലകൾ വഹിക്കുന്നതെന്നും അനുമാനിക്കണം. തേലെക്കാടനെപ്പോലുള്ള വിഷപുരോഹിതർ ഇത്തരം മഠങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രസവിക്കാത്ത സ്ത്രീകൾക്ക് ഈ യുവ കന്യാസ്ത്രിയുടെ നൊന്തു പ്രസവിച്ച മാതാവിന്റെയും ജന്മം കൊടുത്ത പിതാവിന്റെയും വേദനകൾ മനസ്സിലാവില്ല. വടിയും പിടിച്ച് നേർച്ചപ്പെട്ടിയിലെ പണവും വാരിക്കൂട്ടി മുത്തു കുടയിൽ നടക്കുന്ന രൂപതാ മെത്രാൻ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നുവോ? ഇവരൊക്കെ നസ്രത്തിലെ തച്ചന്റെ മകന്റെ വാക്കുകൾ ചവറ്റുകൊട്ടയിൽ എറിഞ്ഞോ? പാപിനിയായ മറിയത്തിന് മോചനമുണ്ടായിരുന്നു. ഇവർ ക്രൂശിക്കുന്നത് തെറ്റു ചെയ്യാത്ത ഒരു കന്യാസ്ത്രിയാണെന്നും ചിന്തിക്കണം. സ്ത്രീത്വത്തെ മാനിക്കാത്ത ഒരു പുരോഹിത കാട്ടാളനിൽനിന്നും രക്ഷപെട്ടതായിരുന്നു അവർ ചെയ്ത ഏക തെറ്റ്. മരിയാ ഗോരത്തി മാനം രക്ഷിച്ചതുകൊണ്ട് അവരെ പുണ്യവതിയാക്കിയ ചരിത്രവും സഭയ്ക്കുണ്ട്. കാരണം, ആ പുണ്യവതിയുടെ ഘാതകൻ പുരോഹിതനല്ലായിരുന്നു. ഒരു സ്ത്രീയുടെ വിലപ്പെട്ടതായ കന്യകാത്വം രക്ഷിച്ചത് തെറ്റോ? തുന്നി കെട്ടിയ കന്യാകത്വം കൊണ്ട് നടക്കുന്ന സെഫിയും അഭയായുടെ ജീവൻ കവർന്നെടുത്ത പുരോഹിതരും സമൂഹത്തിൽ ഇന്നും ഉന്നതരായി തന്നെ ജീവിക്കുന്നതും വിരോധാഭാസം തന്നെ.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
-
ജോസഫ് പ ടന്നമാക്കൽ ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സ...
-
ജോസഫ് പ ടന്നമാക്കൽ ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വർണ്ണ വിഭാഗങ്ങളിൽ നായർ സമൂഹ...
No comments:
Post a Comment