Friday, March 27, 2015

ഉയിർപ്പിന്റെ ചരിത്രവും വിശ്വാസങ്ങളും




By ജോസഫ് പടന്നമാക്കൽ

ക്രൂശിതനായ  ക്രിസ്തു ഉയർത്തതിന്റെ  പ്രതീകമായി  ക്രൈസ്തവ ലോകം   പവിത്രമായ   ഈസ്റ്റർ പെരുന്നാളുകൾ ആണ്ടുതോറും ആഘോഷിച്ചു വരുന്നു.  എങ്കിലും  ഈസ്റ്റർ  പാരമ്പര്യങ്ങളോ  അതിനോടനുബന്ധിച്ചുള്ള    കഥകളോ  ആഘോഷങ്ങളുടെ   ചരിത്രമോ  അധികമാരും ചിന്തിക്കാറില്ല. കൃസ്തു  ക്രൂശിതനായശേഷം മരിച്ചു  മൂന്നാംനാൾ  ഉയർത്തുവെന്ന വിശ്വാസ സത്യത്തിന്മേൽ    ഈസ്റ്റർ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷ വേളകളിൽ  'ഈസ്റ്റർ' ബണ്ണി  കുട്ടികൾക്ക് ആവേശം നൽകാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റർ മുട്ടകൾ, മിഠായികൾ, കാൻഡികൾ മുതലാവകൾ   ആഘോഷ മേളകൾക്ക് ഊഷ്മളതയും  പകരുന്നു.


 യൂറോപ്യൻ നാടുകളിലെ പേഗനീസ് മതങ്ങളിലുള്ള  ദേവിയായ  ഇയോസ്ട്രാ (Eostra) യുടെ ആഘോഷദിനം പിന്നീട് 'ഈസ്റ്ററായി' അറിയപ്പെടാൻ തുടങ്ങി. ആ ദേവത വസന്ത കാലത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും സമ്പുഷ്ട തയുടെയും വിശ്വ ദേവിയായിരുന്നു. പുലരിയുടെയും ദേവിയായിരുന്നു. കിഴക്കുനിന്നുദിക്കുന്ന  പ്രശോഭസൂര്യനെപ്പോലെ   സുന്ദരിയുമായിരുന്നു. ശൈത്യകാലത്തിനു  വിരാമമിട്ടുകൊണ്ട്  തെളിമയാർന്ന ദിനങ്ങളാക്കി പുതു ജീവിതം നല്കുന്നതും ദേവിയായിരുന്നു.  ദേവിയുടെ സാമിപ്യത്തിൽ ചെടികൾ പുഷ്പ്പിച്ചിരുന്നു. മനുഷ്യ ജീവ ജാലങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിച്ചിരുന്നതും ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിച്ചിരുന്നു.  പെറ്റു പെരുകാറുള്ള  മുയലുകൾ  അവരുടെ  ലാളിച്ചു താലോലിക്കുന്ന വളർത്തു മൃഗങ്ങളായി  കരുതുന്നു. സ്ത്രീകളുടെ ഹോർമോണായ  'എസ്ട്രോജൻ'  ഇയോസ്ട്രാ ദേവിയുടെ ശബ്ദോൽപ്പത്തിയിൽ  നിന്നും ലഭിച്ചതാണ്.  പ്രസവിക്കാത്ത സ്ത്രീകൾ  കുഞ്ഞുങ്ങളുണ്ടാകാൻ  അനുഗ്രഹവും  തേടിയിരുന്നു.  


ഈസ്റ്റർ ബണ്ണിയെ 'ഈസ്റ്റർ റാബിറ്റ്', 'ഈസ്റ്റർ ഹെരെ' എന്നീ  പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയോസ്ട്രാ (Eostra) യുടെ പ്രിയപ്പെട്ട കൂട്ടുകാരനായ 'ഹെരെ' എന്ന ദേവൻ  ഈയോസ്ട്രാ  ദേവിയുമൊത്ത് പ്രേമത്തിന്റെ സല്ലാപ ഗോപുരത്തിൽ  ഒന്നിച്ചു  സഹവസിക്കുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക്‌ ഈസ്റ്റർ ബണ്ണിയും സമ്മാനങ്ങളും  സമ്മാനിക്കുന്നത്  ദേവിയുടെ ഇഷ്ടതോഴനായ ഹെരെദേവനാണെന്നും  വിശ്വസിക്കുന്നു.


ഈസ്റ്ററുമായി  അനുബന്ധിച്ചുള്ള  പൗരാണിക  ദേവി ദേവതകളുടെ  ചരിത്രം  എങ്ങനെ,  എവിടെനിന്നു വന്നുവെന്നും വസ്തുനിഷ്ഠമായി  നാളിതുവരെ  സ്ഥിതികരിച്ചിട്ടില്ല. ഈസ്റ്റർ ബണ്ണിയിലെ പ്രതിരൂപങ്ങളായ  മുയലുകൾ ഫലഭൂയിഷ്ടിയുടെയും  ഹരിതക സസ്യ വിളകളുടെ പുനർ ജീവന്റെയും  അടയാളമായി കരുതുന്നു.  ഈസ്റ്റർ ബണ്ണിയ്ക്ക് സമാനമായുള്ള  ചിത്രങ്ങൾ മദ്ധ്യകാല ദേവാലയ  ഭിത്തികളിലും കൊത്തളങ്ങളിലുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ  ' ഉയർപ്പു നാളുകളിൽ പ്രത്യേക്ഷപ്പെടുന്ന 'ഈസ്റ്റർ ബണ്ണി'  പേഗൻ പാരമ്പര്യങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്.


 ഒരിക്കൽ ഹിമക്കട്ടകൾ  നിറഞ്ഞ ശൈത്യത്തിൽ നിന്നും വസന്തം വന്നെത്താൻ താമസിച്ചുപോയി. പാവം ഒരു പക്ഷിയുടെ ചിറകുകൾ  ചലിക്കാൻ മേലാതെ മഞ്ഞുകട്ടയ്ക്കുള്ളിൽ ഉറച്ചിരുന്നു. കരുണാമയിയായ 'ഇയോസ്ട്രാ  ദേവി' ഹിമത്തിലകപ്പെട്ടുപോയ  പക്ഷിയെ രക്ഷിച്ചു. ചിറകുകൾ നഷ്ടപ്പെട്ടെങ്കിലും അന്നുമുതൽ ദേവി ആ പക്ഷിയെ ലാളിക്കുകയും  പ്രേമത്തിന്റെ ലഹരിയിൽ ഇഷ്ട കാമുകനാക്കുകയും ചെയ്തു. ഇയോസ്ട്രാ ദേവി അവനെ 'ഹെരെ'യെന്നു വിളിച്ചു. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ അതിവേഗം ഓടാനുള്ള വരവും കൊടുത്തു. മുമ്പ് പക്ഷിയായിരുന്നതുകൊണ്ട് മഴവില്ലുപോലെയുള്ള,  വർണ്ണ നിറങ്ങളോടെയുമുള്ള മുട്ടകളിടാനും ദേവി അനുഗ്രഹിച്ചു. ഓരോ വർഷവും ഈസ്റ്റർ ദിനങ്ങളിൽ മാത്രമേ മുട്ടകളിടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വർഷത്തിലൊരിക്കൽ ' മുട്ടകൾ' കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യാൻ  'ഹെരെ' ദേവൻ ഭൂമിയിൽ  വന്നെത്താറുണ്ടെന്നുള്ള ഐതിഹ്യ കഥകളുമുണ്ട്.


ഈസ്റ്റർ ആഘോഷങ്ങൾ  യൂറോപ്പിൽ  പ്രൊട്ടസ്റ്റനറ്  മതവിഭാഗക്കാരുടെയിടയിൽ   പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്.  അമേരിക്കയിൽ ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞ് ജർമ്മൻകാർ  ഈസ്റ്റർ  ആഘോഷിക്കാൻ തുടങ്ങി. നിറം കലർത്തിയ ഈസ്റ്റർ മുട്ടകൾ  പുതു ജീവിതത്തിന്റെയും വസന്തകാല വിരുന്നിന്റെയും  പ്രതീതാത്മകമായി നിലകൊള്ളുന്നു.  യൂറോപ്പിൽ   പഴങ്കാലങ്ങളിലുള്ള  ഈസ്റ്റർ  ദിനങ്ങളിൽ  മുട്ട, വെണ്ണ, മാംസം, പാൽ  മുതലായ ഭക്ഷണപദാർത്ഥങ്ങൾ  കഴിക്കാൻ പാടില്ലായെന്ന നിബന്ധനകളുണ്ടായിരുന്നു.  നിറം കലർത്തിയ മുട്ടകൾ കൊണ്ട് പരിസരങ്ങൾ അലങ്കരിക്കുകയെന്നത്  പേഗൻ കാലങ്ങൾ മുതലുള്ള  പൌരാണിക സംസ്ക്കാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ റക്ഷ്യയിൽ   ഈ പാരമ്പര്യം രാജകീയമാക്കിയിരുന്നു. രാജകീയ സദസിലുള്ളവരും  പ്രഭുക്കന്മാരും ഈസ്റ്റർ ദിനങ്ങളിൽ സമ്മാനങ്ങൾ കൈമാറുകയെന്നത്  സാംസ്ക്കാരികമാക്കിയിരുന്നു. ' പീറ്റർ കാൾ ഫാബർഗോ'  എന്ന  കലാ വിദഗ്ദ്ധനെ  റക്ഷ്യയുടെ  അലക്സാണ്ടർ മൂന്നാമൻ സാർ ചക്രവർത്തി രാജസദസിനു വേണ്ടി  നിയമിക്കുകയും ചെയ്തു.  രാജാവിന്റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങൾ ഈസ്റ്റർ കാലങ്ങളിൽ  വർണ്ണ നിറങ്ങളാൽ  അലങ്കരിക്കുന്നതിനുപുറമേ  ചക്രവർത്തിനി സാറിനിയ്ക്ക് കൈകളിലും കഴുത്തിലും അണിയാൻ കലാ നിപുണതയോടെയുള്ള  ആഭരണങ്ങൾ പണിയുകയും  ചെയ്തിരുന്നു.


അമേരിക്കക്കാർ പൊതുവേ മധുര പലഹാരങ്ങൾ വിതരണം ചെയ്താണ് ഈസ്റ്റർ ആഘോഷിച്ചിരുന്നത്. 90 മില്ല്യൻ ചോക്കളേറ്റുകളാണ്  ഈസ്റ്റർ കാലങ്ങളിൽ അമേരിക്കയിൽ വിറ്റഴിക്കുന്നത്. ഓരോ വർഷവും 60 ബില്ലിയൻ 'ജില്ലിബിയൻസും'   മാർക്കറ്റിൽ വിറ്റഴിയുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് 'ജില്ലിബിയൻസ്' ആദ്യമായി മാർക്കറ്റിൽ  ഇറക്കിയത്. 1930 മുതൽ ഈസ്റ്റർ ക്യാൻഡിയും മാർക്കറ്റിൽ സ്ഥാനം നേടി.' ഹല്ലോവിയൻ'   കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവുമധികം ക്യാൻഡി  വിൽക്കുന്നത്  ഈസ്റ്റർ സമയങ്ങളിലാണ്. അമേരിക്കയിലെ 88 ശതമാനം  മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി  ഈസ്റ്റർ ബാസ്ക്കറ്റുകൾ  തയ്യാറാക്കുന്നു. അങ്ങനെ അറിയാൻ പാടില്ലാത്ത പല കഥകളും ഈസ്റ്റർ ആഘോഷങ്ങളുമായി അനുബന്ധിച്ചുണ്ട്. 1885-ൽ റക്ഷ്യയിലെ  സാറീന മരിയാക്ക്  അലക്സാണ്ടർ ചക്രവർത്തി കലാവിരുതുള്ള ഈസ്റ്റർ മുട്ട സമ്മാനിച്ചതുമുതൽ  ഈസ്റ്റർ ആഘോഷങ്ങൾ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റുവാനും തുടങ്ങി.      


ജനന മരണങ്ങൾക്കൊപ്പം  ഉയർപ്പെന്നുള്ളത് മനുഷ്യന്റെ ഉപബോധ മനസ്സിൽ തലമുറകളായി അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.  ദൈവങ്ങളുടെ ഉയർപ്പും അതിന്റെ   പ്രതിഫലനങ്ങളാണ്.  ചരിത്രാതീത കാലംമുതൽ   ദൈവങ്ങളുടെ ഉയർപ്പുകൾ  മനുഷ്യ ജീവിതത്തിന്റെ ബോധ മണ്ഡലങ്ങളിലുണ്ടായിരുന്നു. മരണവും ഉയർപ്പും മനുഷ്യ മനസുകളെ കീഴടക്കാൻ കാരണങ്ങളേറെയുണ്ട്.  സസ്യങ്ങൾ വസന്തകാലത്തിൽ മുളക്കുന്നു. ശിശിരകാലങ്ങളിൽ  തഴച്ചു വളരുന്നു. വേനൽ വരുമ്പോഴും മഞ്ഞുവീഴുമ്പോഴും  തളിർത്ത ചെടികൾ നശിക്കുന്നു. വീണ്ടും കാലചക്രം തിരിയുമ്പോൾ ചെടികൾ മുളയ്ക്കുന്നു.  ചെടികൾ മുളയ്ക്കുകയും വളരുകയും നശിക്കുകയും വീണ്ടും മുളയ്ക്കുകയും ചെയ്യുന്നത്  ദൈവങ്ങളുടെ ഉയർപ്പിനു സമാനമായി പ്രാചീന മനുഷ്യർ  കരുതിയിരുന്നു. ഉദിച്ചുയരുന്ന സൂര്യനും അസ്തമയവും, വീണ്ടും ഉദിക്കലും കാലാവസ്ഥ വ്യതിയാനവും രാത്രിയും പകലും രാത്രിയാകാശത്തിലെ  കോളിളക്കങ്ങളും ശാന്തതയും  മനുഷ്യന്റെ ഉണർവും ഉറക്കവും   ചിന്തകളുടെ മാറ്റവും  മരിച്ചുയർത്തെഴുന്നേല്ക്കുന്ന  ദൈവജ്ഞാനങ്ങളായി പ്രാചീന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.


ധാന്യവിളകളുടെ കൊയ്ത്തു കാലങ്ങൾ പുരാതന ജനതയിൽ പ്രത്യേക തരമായ   ആനന്ദാനുഭൂതികൾ   ജനിപ്പിക്കുമായിരുന്നു.   അന്നുള്ളവർ ആ മുഹൂർത്തങ്ങളെ  ഈശ്വരനുഗ്രഹമായി കരുതിയിരുന്നു.  തണുപ്പുകാലങ്ങളിൽ പഴയ ചെടികൾ നശിക്കുകയും  വസന്തത്തിൽ പുതിയവ മുളച്ചു വരുകയും ചെയ്യുന്ന പ്രകൃതിയുടെ  ലീലാവിലാസങ്ങളിൽ   വിസ്മയഭരിതരാകുമായിരുന്നു.   അന്നുള്ള ജനങ്ങളുടെ പരിമിതമായ   അറിവുകൾ  കൃഷിയിലും, മണ്ണ് ഉഴുതുന്നതിലും നടീലിലും  വിത്തുകൾ ഭൂമിയിൽ പാകുന്നതിലുമായിരുന്നു.  കൃഷിയിറക്കാൻ  അനുയോജ്യമായ കാലാവസ്ഥയും  ഗ്രഹിച്ചിരുന്നു. പേഗൻ മതവിശ്വാസികളും അവരുടെ ആത്മീയാനുഭൂതിയിൽ  ദൈവത്തിന്റെ മക്കളെന്നു വിശ്വസിച്ചിരുന്നു. വിത്തുകൾ ഭൂമിയിൽ കുഴിച്ചിട്ടു മുളയ്ക്കുന്നപോലെ ദൈവവും ഉയർത്തെഴുന്നേൽക്കുമെന്ന   വിശ്വാസം അവരുടെയിടയിൽ പ്രബലമായിരുന്നു.


വേനൽ, ശിശിരം, വസന്തം,  മഞ്ഞു ചതുർ കാലങ്ങൾ   ജനന മരണ  പുനർ ജന്മങ്ങളുടെ  പ്രതീകങ്ങളായി കരുതിയിരുന്നു. സൂര്യ പ്രഭ അവസാനിക്കുമ്പോൾ കൃഷികളും നശിക്കുന്നു.  പ്രാചീന ജനതകളിൽ   ധാന്യവിളകളുടെ വളർച്ചയും   നശിക്കലും വീണ്ടും പൊട്ടി മുളയ്ക്കലും സൂര്യന്റെ ഉയർത്തെഴുന്നേൽക്കലും   ഉയർപ്പെന്ന  മരണാനാന്തര  ജീവിതത്തിൽ  വിശ്വസിക്കാൻ പ്രേരകമായി.   വർഷത്തിലൊരിയ്ക്കൽ   സൂര്യൻ ഉദിക്കുകയും മരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാചീനർ വിശ്വസിച്ചിരുന്നു. അതുപോലെ സൂര്യാസ്തമയവും സൂര്യോദയവും ദൈവത്തിന്റെ മരണവും ഉയർപ്പുമായി കരുതിയിരുന്നു.  മനുഷ്യന്റെ ഉപബോധ മനസിലുണ്ടായ  അത്തരം  മാനസിക ചലനങ്ങളെ  സത്യങ്ങളായും വിശ്വസിച്ചിരുന്നു.  ആകാശ ചലനങ്ങളും   കാർമേഘങ്ങളും  ഇടിയും മിന്നലും മഴക്കാറും മാറി വീണ്ടും  പ്രശാന്ത സുന്ദരമായ ആകാശമാകുന്നതും  നിരീക്ഷിച്ചിരുന്നു. കപ്പൽ യാത്രക്കാരും ആട്ടിടയന്മാരും സന്യസ്ത  മുനികളും ഭയാനകമായ ആകാശ ഗംഗയുടെ നീക്കങ്ങൾ ഇമവെട്ടാതെ   വീക്ഷിച്ചു കൊണ്ടിരുന്നു.   ജനങ്ങൾ സമൂഹമായി ഒത്തൊരുമിച്ചുകൂടി  ആശയങ്ങൾ കൈമാറിയിരുന്നു.  വാന നിരീക്ഷണവും തിളങ്ങുന്ന നക്ഷത്രങ്ങളും വിലയിരുത്തിയിരുന്നു. ഓരോ രാത്രിയാമങ്ങളിലും  ശോഭയാർന്ന നക്ഷത്രങ്ങൾ മരിക്കുകയും രാത്രിയുടെ തുടക്കത്തിൽ വീണ്ടും ജനിക്കുകയും ചെയ്യുന്നുവെന്നു  വിലയിരുത്തി. പ്രകൃതി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതു   ദൈവങ്ങളുടെ മരണവും ഉയർപ്പുമായി   അനുമാനിച്ചിരുന്നു.  അങ്ങനെ  സൂര്യ ചന്ദ്രാദി  നക്ഷത്രങ്ങളും രാത്രിയും പകലുംപ്രകൃതിയുമെല്ലാം  ദൈവങ്ങളുടെ   ഉയർപ്പും മരണവുമായി    സാമ്യപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളായിരുന്നു അന്നുള്ളവർക്കുണ്ടായിരുന്നത്.


പ്രാചീന കൃതികളിൽ  ഉറക്കത്തെ മരണമായി കരുതിയിരുന്നു.   ഉറക്കത്തിൽ  ബോധം നശിക്കുകയും ഉണരുമ്പോൾ ബോധം വീണ്ടും വന്നു ചേരുകയും ചെയ്യുന്നു. രാവിലെ ഉണരുന്ന സമയങ്ങളിൽ   നാം കൂടുതൽ ഉന്മേഷഭരിതരാകാറുണ്ട്. ഓരോരുത്തർക്കും ലഭിക്കുന്ന പ്രായോഗിക പരിജ്ഞാനം ഉണർവോടെ കൈമാറാൻ സാധിക്കുന്നതും ആരോഗ്യപരമായ ഉറക്കത്തിനു ശേഷമായിരിക്കും. ഉണരുകയും ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന പ്രക്രീയകൾ മരണത്തിന്റെയും ഉയർപ്പിന്റെയും പ്രതീകങ്ങളായി  മനുഷ്യന്റെ മാനസിക തലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.


ചരിത്രാതീത കാലത്ത്  പ്രകൃതിയെ  ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യർ  ഭാഗ്യ ദേവതയുടെ കടാക്ഷത്തിനായി പ്രാർത്ഥിച്ചിരുന്നു.  വരൾച്ച കാലങ്ങളും യുദ്ധത്തിലുള്ള തോൽവികളും  സമൂഹത്തിന്റെ മുഴവനായ മരണമായി കരുതിയിരുന്നു.  സമൂഹം ജനങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഘടകവുമായിരുന്നു.  ഒരു സമൂഹത്തിന്റെ സഹകരണമില്ലാതെ  വ്യക്തിക്ക് ശാരീരികമായും മാനസികമായും  നില നില്പ്പ് അസാധ്യവുമായിരുന്നു.   പ്രശ്ന സങ്കീർണ്ണങ്ങളായ   ദിവസങ്ങൾ    ഓരോ വ്യക്തിയിലും വന്നും പോയുമിരുന്നിരുന്നു. മനസുകൾ അസ്വസ്ഥമാകുന്ന ദിനങ്ങളിൽ ലോകം മുഴുവനും ശോക പ്രവണതകളായി  അവന് അനുഭവപ്പെടുമായിരുന്നു. ദുഖത്തിൽ നിന്നും ആനന്ദത്തെ  പ്രാപിക്കുമ്പോൾ  ലോകം സ്വർഗ ഭൂമിയായും കരുതി സമാധാനിച്ചിരുന്നു.  മനുഷ്യനുണ്ടാകുന്ന ശോക പരമാനന്ദ മാറ്റങ്ങളും മാനസിക വ്യതിയാനങ്ങളും അവനിലെ പുതിയ ഉണർവും ഉയർപ്പുമായി കരുതിയിരുന്നു.


ചരിത്രാതീത കാലം  മുതലേ  ഉയർപ്പെന്നുള്ള ഒരു  മായാരൂപം മനുഷ്യ വർഗങ്ങളുടെ  മനസ്സുകളെ വേട്ടയാടിയിരുന്നു. കാട്ടു ജാതിക്കാരുടെയിടയിലും മലവേടരിലും  പൌരാണിക കഥ പറയുന്നവരിലും ഇത്തരം കഥകൾ പ്രചരിച്ചിരുന്നു.   ഗ്രാമീണ ട്രൈബൽ മൂപ്പന്മാർ അതാതു ദേശങ്ങളിൽ മരിച്ചുയർത്ത ദൈവ തുല്യരായ മൂപ്പൻമാരെ  പറ്റിയുള്ള ഡോക്കുമെന്റുകളും  പരീക്ഷണവിധേയമായി  തയ്യാറാക്കിയിരുന്നു.   ഒരുവൻ  മരിച്ചുകഴിഞ്ഞ് അനേക വർഷങ്ങൾക്കു ശേഷം അവരുടെ ഉയർത്തെഴുന്നേറ്റ  കഥകൾ ഇതിഹാസമാക്കുകയും ചെയ്തിരുന്നു.   ജനിയ്ക്കുകയും ഉയർക്കുകയും ചെയ്യുന്ന ഇത്തരം കെട്ടു കഥകൾ ഒരു പ്രത്യേക പ്രദേശത്തുനിന്നും   ഗ്രാമ പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. മരിച്ചവരിൽ നിന്നുയർത്ത  യേശുവിന്റെ കഥകൾ പോലെ തന്നെ അനേക പേഗൻ ദൈവങ്ങളുടെ കഥകളുമുണ്ട്.


യേശുവിന്റെ ഉയർപ്പും പേഗൻ  ദൈവങ്ങളുടെ ഉയർപ്പും വ്യത്യസ്ഥ രീതികളിലായിട്ടാണ് അറിയപ്പെടുന്നത്.  പേഗൻ  ദൈവങ്ങൾ  യേശുവിനെപ്പോലെ ചരിത്രത്തിലുള്ളവരല്ല. ' ഒരിക്കൽ ഒരിടത്ത് സംഭവിച്ചുവെന്നേ'  പുരാണ പെഗനീസ ദേവന്മാരെ വാഴ്ത്താൻ സാധിക്കുള്ളൂ.  എന്നാൽ യേശുവിന്റെ ഉയർപ്പ് പ്രത്യേക ഒരു കാലഘട്ടത്തിലും ചരിത്രത്തിന്റെ അതിർ വരമ്പിലുമായിരുന്നു.  രണ്ടാമത് പേഗൻ ദൈവങ്ങളുടെ കഥ   തെളിവുകളില്ലാത്ത   കെട്ടുകഥകളായി കരുതുന്നു.  യേശുവിന്റെ കഥ ഒരത്ഭുതമായി ശിക്ഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  യേശുവിനെ കെട്ടുകഥകളെക്കാളുപരി   അമാനുഷ്യനായ ഒരു ദിവ്യനായി, സാമൂഹിക വിപ്ലവകാരിയായി,  ദരിദ്രരുടെ കണ്ണീരൊപ്പുന്നവനായി,  രോഗികള്ക്കും ദുഖിതർക്കും ആശ്വാസമായി  കരുതുന്നു. എത്രയെത്ര അന്വേഷിച്ചാലും യേശുവിനെപ്പറ്റിയുള്ള ഗവേഷണം തീരില്ല.


ഒരു കാര്യം ചിന്തിക്കണം, യേശുവിന്റെ ഉയർപ്പ്  കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി  മാറ്റമില്ലാതെ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.  അവിടുത്തെ  സന്ദേശങ്ങൾ  ശക്തമായിത്തന്നെ മാനവ ഹൃദയങ്ങളിൽ  നിലനില്ക്കുന്നു. അതിന്റെ മാറ്റൊലി മനുഷ്യ ജാതികളിൽ   അത്യുജ്ജലമായിരുന്നു. ആട്ടീസ്, അഡോണി , ഒസിറീസ് എന്നീ പേഗൻ ദൈവങ്ങളെ അധികമാർക്കും അറിഞ്ഞു  കൂടാ. അവരുടെ കെട്ടു കഥകൾ നിലനിൽക്കുന്നുമില്ല. കെട്ടുകഥകൾക്കുപരി   'ആട്ടീസ്' എന്ന ദേവൻ  ജീവിച്ചിരുന്നുവെന്ന്  ചരിത്രത്തിൽ ചികയാനും സാധിക്കില്ല. പേഗൻ  കെട്ടുകഥകൾ എക്കാലവും അവ്യക്തമായിരുന്നു. സന്മാർഗ നിലവാരം പുലർത്തുന്ന കഥകളായിരുന്നില്ല. വിജ്ഞാനപ്രദമോ ചിന്തനീയമായ  കഥകളോ  താത്ത്വികമോ ആയിരുന്നില്ല.  യേശുവിന്റെ ഉയർപ്പെന്നുള്ള  കഥ   കുടിലുതൊട്ട്  കൊട്ടാരം വരെ   ചരിത്രതാളുകളിൽ  മാറ്റമില്ലാതെ തിളങ്ങി നില്ക്കുന്നു. ലോകമുള്ളടത്തോളം യേശുവെന്ന പ്രതിഭയ്ക്ക് മങ്ങലേൽക്കില്ല.


യേശുവിന്റെ ഉയർപ്പെന്ന  സന്ദേശം ശ്രവിക്കുന്നവൻ  പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശ്വസിക്കുന്നു.  യേശുവിന്റെ പുനരുദ്ധാരണം തങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചുവെന്നു സ്വയം പറയും.  കെട്ടുകഥകൾ മാത്രം വിശ്വസിച്ച പഴങ്കാല ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായി യേശുവെന്ന ദേവൻ  പുതിയ ഉണർവും ഉന്മേഷവും നല്കും.  അർത്ഥമില്ലാത്ത പ്രാചീന ദൈവങ്ങളെ  മനസ്സിൽനിന്നും  നീക്കി സത്യവും അഹിംസയും സംസാരിക്കുന്ന യേശുവിൽ ജനം  ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നു. 'എനിയ്ക്കു ക്രിസ്തുവിനെ മതി, ക്രിസ്ത്യാനികളെ വേണ്ടായെന്ന്'  ഗാന്ധിജി പറഞ്ഞു. യേശുവിന്റെ സന്ദേശങ്ങളെ ഉൾക്കൊള്ളാൻ   സാധിക്കുമെങ്കിലും 'ഉയർപ്പെന്ന' കഥ  അവിശ്വാസികൾക്കും അക്രൈസ്തവർക്കും   ഉൾക്കൊള്ളാൻ  പ്രയാസമായിരിക്കും. യേശുവിനെ ഉയർപ്പിച്ച  അതേ ദൈവം തന്നെയാണ് ഭാവനകൾ നിറഞ്ഞ പേഗൻ ദൈവങ്ങളെ ജനിപ്പിക്കുകയും ഉയർപ്പിക്കുകയും ചെയ്തത്.  അതെ ദൈവം തന്നെയാണ് പ്രപഞ്ച  സൃഷ്ടാവും. യേശുവിന്റെ ഉയർപ്പെന്ന ഭാവനയും സൃഷ്ടാവുമായി ബന്ധിപ്പിച്ചാലേ  യേശുവിൽ ദൈവ ദർശനം ഉൾക്കൊള്ളാൻ സാധിക്കുള്ളൂ.


എന്തുകൊണ്ട്  സൃഷ്ടാവായ ദൈവം പ്രകൃതിയേയും മനുഷ്യ ജീവജാലങ്ങളേയും   ജനന മരണങ്ങളോടെ സൃഷ്ടിച്ചുവെന്നു  ചോദ്യമുയർന്നേക്കാം. അതിനുത്തരം,  ദൈവം ഈ പ്രപഞ്ചം ശൂന്യതയിൽനിന്നു  സൃഷ്ടിച്ചുവെന്നാകാം.  ജീവിതം പോലെ മരണവും സൃഷ്ടി കർമ്മങ്ങൾക്കൊപ്പമാകാം.  നിത്യതയിലെ സൃഷ്ടികർത്താവ് നിത്യതയിലെ യേശുവിനെയും ഉയർപ്പിച്ചു. അതേ നിത്യതയിലുള്ള യേശു വീണ്ടും വരുമെന്ന വിശ്വാസവും പുലർത്തുന്നു.  ആദിയും അന്തവുമായവൻ  വർത്തമാന കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഈസ്റ്റർ മുട്ടകളും, ഈസ്റ്റർ ബണ്ണിയും, ഉദയ സൂര്യനും   വസന്തകാലാഘോഷങ്ങളും   പുനർജീവിതത്തിന്റെ അർത്ഥസൂചക പഠനങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസവും പേഗനീസവും ഒത്തൊരുമിച്ച  ഒരു സംസ്ക്കാര പാരമ്പര്യം ഈസ്റ്ററിന്റെ പുരാവൃത്തത്തിൽ നിഴലിച്ചിരിക്കുന്നതും കാണാം. 





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...