By ജോസഫ് പടന്നമാക്കൽ
കൊളോണിയൽ അമേരിക്കയുടെ കാലത്ത് കറുത്തവരായ ആഫ്രിക്കൻ അമേരിയ്ക്കരെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽക്കൂടിയുള്ള വാണിജ്യോത്ഭന്നങ്ങളിലൊന്നായി അന്നത്തെ വെളുത്ത വർഗക്കാരായവർ കരുതിയിരുന്നു. കന്നുകാലികളെയും ആടുമാടുകളെയും വില്ക്കുന്ന മാതിരി അടിമ വ്യാപാരത്തിൽക്കൂടി വിലപേശലുമുണ്ടായിരുന്നു. ആരോഗ്യമുള്ള അടിമകൾക്ക് കൂടുതൽ വിലയും നല്കണമായിരുന്നു. അതിശൈത്യവും കഠിന കാലാവസ്ഥകളും സഹിച്ച് പാക്കപ്പൽ നിറയെ തിക്കിനിറച്ചുകൊണ്ട് അടിമകളെ അമേരിക്കൻ തീരത്ത് കൊണ്ടു വന്നിരുന്നു. മാസങ്ങളോളമെടുക്കുന്ന കപ്പലുകളുടെ യാത്രാ ദൈർഘ്യവും കാലാവസ്തയുടെ മാറ്റങ്ങളും കാരണം മില്ല്യൻ കണക്കിന് ആഫ്രിക്കക്കാർക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
ദേശീയ റെഡ് ഇന്ത്യൻ അമേരിക്കരെ അടിമകളായി ഉപയോഗിക്കാതെ ആഫ്രിക്കരെ അടിമകളായി കൊണ്ടുവന്നതും ചരിത്രാന്വേഷകർക്ക് കൗതുകകരം തന്നെയാണ്. വേട്ടയാടി ജീവിച്ചിരുന്ന ദേശീയ റെഡ് ഇന്ത്യൻസ് കൃഷിയിടങ്ങളിൽ പണിയാൻ സമർത്ഥരായിരുന്നില്ല. മാത്രമല്ല അവരുടെയിടയിൽ സാധാരണ കണ്ടുവന്നിരുന്ന ഒരു തരം മാറാ രോഗങ്ങളെ തടയാൻ യൂറോപ്യന്മാർക്ക് സാധിക്കുമായിരുന്നില്ല. പൊതുവേ റെഡ് ഇന്ത്യൻസ് ആരോഗ്യമില്ലാത്ത ഒരു ജനതയായിരുന്നു. കാടും നാടും അവർക്ക് വശമായിരുന്നതു കൊണ്ട് യൂറോപ്യന്മാരുടെ കണ്ണുകൾ വെട്ടിച്ച് അവർക്ക് എപ്പോൾ വേണമെങ്കിലും രക്ഷപെടാനും അറിയാമായിരുന്നു. അതേസമയം ആഫ്രിക്കർ ആരോഗ്യമുള്ളവരും ശക്തന്മാരുമായിരുന്നു. കൃഷിയിൽ നല്ല വൈഭവം ഉള്ളവരുമായിരുന്നു. അവരുടെ നിറം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട് അവർക്ക് അടിമവ്യവസ്ഥയിൽ നിന്നും രക്ഷപെടാൻ എളുപ്പവുമല്ലായിരുന്നു.
കൊളോണിയൽ അമേരിക്കയിലെ അടിമകൾ യുദ്ധകാലങ്ങളിൽ അമേരിക്കയുടെ റോഡുകൾ, റയിൽവേ, കെട്ടിട നിർമ്മാണ പണികൾക്കും യുദ്ധങ്ങളുടെ മുന്നേറ്റങ്ങൾക്കും സഹായിച്ചിരുന്നു. സ്വതന്ത്രമാകുന്ന കോളനികളിൽ അടിമകളുടെ മോചനത്തിനായി പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ 1863-ൽ നിയമം പാസാക്കുകയും ചെയ്തു. അടിമത്തം , രാജ്യ പുനരുദ്ധാരണം, പൌരാവകാശ സമരങ്ങൾ എന്നിങ്ങനെ അമേരിക്കയിലെ നൂറ്റാണ്ടുകളോളമുള്ള കറുത്തവരായവരുടെ ചരിത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഘട്ടങ്ങളിലും ചരിത്രത്തിനു സാക്ഷിയായ സംഭവപരമ്പരകളുടെ കഥകളുമുണ്ട്. ഹാരി ട്യൂബ്മാൻ പോലുള്ള സ്വാതന്ത്ര്യ ദാഹികൾ അനേകം അടിമകളെ മോചിപ്പിച്ച് രക്ഷിച്ച ചരിത്രവും ഉണ്ട്. മേരി മാക് ലിയോഡു ബെത്യൂണ്‍ , ആന്റണി ഒവെർറ്റൊൻ മുതലായവർ കറുത്തവർക്കായി സ്കൂളുകളും പള്ളികളും പണികഴിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങളും ആരംഭിച്ചു. 1960- കളിൽ മാല്ക്കം എക്സ്, മാർട്ടിൻ ലൂതർ കിംഗ് മുതൽ പേർ പൌരാവകാശങ്ങൾക്കായുള്ള സമരങ്ങളുമാരംഭിച്ചു.
പഴയ കാല അമേരിക്കൻ ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കരെ അഫ്രിക്കൻ, കളേർഡ്, നീഗ്രോ, ബ്ലാക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ആഫ്രിക്കൻ വംശാവലിയെ സംബന്ധിച്ച വ്യക്തമായ ഒരു ചരിത്രമില്ല. കഴിഞ്ഞ മുന്നൂറു വർഷങ്ങൾക്കുള്ളിൽ വിവിധ സംസ്ക്കാരങ്ങളും വർണ്ണ വർഗങ്ങളും തമ്മിൽ കറുത്തവരുമായി ഒത്തൊരുമിച്ചു ജീവിച്ച കാരണം അനേകർ സങ്കര വർണ്ണമായും അറിയപ്പെടുന്നു. യൂറോപ്യന്മാരും റെഡ് ഇന്ത്യൻ അമേരിക്കരുമായ സങ്കര ജാതികളും ഈ രാജ്യത്തിന്റെ സംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്നുകഴിഞ്ഞു.
സ്പാനീഷുകാരും പൊർട്ടുഗീസുകാരുമൊത്താണ് ആദ്യമായി ആഫ്രിക്കക്കാർ അമേരിക്കൻ മണ്ണിൽ പ്രവേശിക്കാൻ തുടങ്ങിയത്. എ.ഡി. 1600-ൽ ഏകദേശം സ്വതന്ത്രരായവരും അടിമകളായവരും ഉൾപ്പടെ 275,000 ആഫ്രിക്കക്കാർ തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കാ, കരീബിയൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. 1619-ൽ ആഫ്രിക്കക്കാർ കൂട്ടത്തോടെ അമേരിക്കൻ ഭൂപ്രദേശങ്ങളിൽ വരാൻ തുടങ്ങി. ഒരു ഡച്ചു ക്യാപ്റ്റൻ ഏതാനും ആഫ്രിക്കരെ അമേരിക്കയിലെ ജെയിംസ് ടൌണിൽ വിറ്റതായി രേഖകളുണ്ട്. വിസ്തൃതമായ ഭൂപ്രദേശങ്ങളും തൊഴിലാളികളുടെ അപര്യാപ്തതയും ആദിമ ആഫ്രിക്കരെ ഈ രാജ്യത്തിലേയ്ക്ക് ആകർഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടോടു കൂടി ഏകദേശം പതിമൂന്നു ലക്ഷം ആഫ്രിക്കർ ഈ പുതിയ ഭൂമിയിൽ ഉണ്ടായിരുന്നു. 1701 മുതൽ 1810 വരെ അവരുടെ എണ്ണം 60 ലക്ഷവുമായി. ഇംഗ്ലീഷ് കോളനിയിൽ നേരിട്ട് വന്നവരും അടിമകളായി വന്നവരും അടിമ വ്യാപാരത്തിൽക്കൂടി വന്നവരുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ വന്ന അടിമകളെ കമ്പോളങ്ങളിൽ ലേല കച്ചവടങ്ങളിൽക്കൂടി വീണ്ടും വില്പ്പന നടത്തി അമേരിക്കയിലെത്തിയവരുമുണ്ട്.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചെറുപ്പക്കാരായ യൂറോപ്യരെ ചുരുങ്ങിയ കാലത്തെ വ്യവസ്ഥകളിൽ കരാർ പണിക്കായി പുതിയ ലോകമായ അമേരിക്കയിൽ കൊണ്ടുവരാറുണ്ടായിരുന്നു. തൊഴിലുടമ ജോലി വ്യവസ്ഥയിൽ യൂറോപ്പിൻ നാടുകളിൽ നിന്നും വേതനത്തിനുപുറമേ യാത്രാക്കൂലിയും വഹിക്കുമായിരുന്നു. ഏതാണ്ട് അതുപോലുള്ള വ്യവസ്ഥകളിലായിരുന്നു ആദ്യ ആഫ്രിക്കൻ തൊഴിലാളികളും അമേരിക്കയിൽ വന്നുകൊണ്ടിരുന്നത്. എന്നാൽ യൂറോപ്യന്മാർക്കുള്ള അത്തരം വ്യവസ്ഥകൾ പിന്നീട് ആഫ്രിക്കർക്ക് നല്കിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ ആഫ്രിക്കരും വെളുത്തവരും തമ്മിലുള്ള വിവേചനം ശക്തിയായിക്കൊണ്ടിരുന്നു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മസ്സാച്യൂസ് സംസ്ഥാനം 1641-ൽ നിയമപരമായി അടിമത്വം നടപ്പിലാക്കി.പിന്നീട് പതിമൂന്നു കോളനികളിലും അതാതു കാലങ്ങളിൽ അടിമത്വം നിയമത്തിൽക്കൂടി വ്യാപിപ്പിക്കുകയായിരുന്നു.
ആഫ്രിക്കരായ കറുത്തവർ അമേരിക്കയിൽ വന്ന കാലംമുതൽ മൂന്നര നൂറ്റാണ്ടോളം അവരിൽ അടിച്ചേൽപ്പിച്ച അടിമവ്യവസ്ഥിതി തുടർന്നുകൊണ്ടിരുന്നു. കൊളോണിയൽ സാമ്രാജ്യത്തിന് ബ്രിട്ടീഷുകാരുടെ അധീനതയിൽനിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും അടിമത്ത വ്യവസ്ഥിതിയ്ക്ക് ഒരു പരിഹാരമുണ്ടായില്ല. ആദർശങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ എല്ലാ മേഖലകളിലും പൊന്തി വന്നിരുന്നെങ്കിലും 1885- വരെ അടിമത്ത വ്യവസ്ഥിതി ഈ രാജ്യത്തു നിലനിന്നിരുന്നു. കറുത്തവർക്കെതിരെ ക്രൂരതയുടെ ചരിത്രം അമേരിക്കയുടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ അദ്ധ്യായങ്ങളിൽ ഇന്നും അവശേഷിക്കുന്നു.
അമേരിക്കൻ വിപ്ലവത്തിനുമുമ്പ് 'അടിമത്തം ' അമേരിക്കയുടെ എല്ലാ കോളനികളിലും പ്രാബല്ല്യത്തിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആദർശങ്ങളിലും അടിമത്ത വ്യവസ്ഥയിൽ ലാഭം കുറഞ്ഞതുകൊണ്ടും പതിനെട്ടാം നൂറ്റാണ്ടായപ്പോൾ 'അടിമത്തം ' അമേരിക്കയുടെ വടക്കേ സംസ്ഥാനങ്ങളിൽ ഇല്ലാതെയായി. അതേ സമയം തെക്കുള്ള സംസ്ഥാനങ്ങളിൽ 'അടിമത്തം ' കൂടുതൽ ശക്തമാവുകയും ചെയ്തു. തെക്കുള്ളവർക്ക് പുകയില, പഞ്ഞി കൃഷികൾക്കായി തൊഴിലാളികളെ ആവശ്യവുമായിരുന്നു. 1850-ൽ ഏകദേശം 90 ശതമാനം കറുത്തവരായവർ തെക്കേ സംസ്ഥാനങ്ങളിൽ തിങ്ങി പാർത്തിരുന്നു . അവരിൽ 95 ശതമാനവും അടിമകളായിരുന്നു. തൊഴിലുടമകളുടെ കൃഷി സ്ഥലങ്ങളിൽ ജീവിതം കഠിനവുമായിരുന്നു. കറുത്തവരുടെ സാംസ്ക്കാരിക പാരമ്പര്യങ്ങൾക്ക് തൊഴിലുടമകൾ യാതൊരു പ്രാധാന്യവും വിലയും കൽപ്പിച്ചിരുന്നില്ല. അടിമ മാർക്കറ്റിൽ ഭാര്യയേയും ഭർത്താവിനെയും വേർതിരിച്ചിരുന്നു. അമ്മമാരിൽ നിന്ന് പണിയാൻ ആരോഗ്യമുള്ള കുട്ടികളെ തൊഴിലുടമ കൊണ്ടുപോവുകയോ വില്ക്കുകയോ ചെയ്യുമായിരുന്നു. കറുത്തവരുടെ കുടുംബവും കുടുംബ സംവിധാനങ്ങളും നിശേഷം തൊഴിലുടമകൾ അങ്ങനെ തകർത്തുകൊണ്ടിരുന്നു.
പഞ്ഞി, പുകയില തോട്ടങ്ങളിൽ അനേകം തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. അവരെ നിയന്ത്രിക്കുന്ന കങ്കാണിമാരും തൊഴിൽ നല്കുന്നവരുടെ എജന്റമാരും അടിമകളെ നിർദ്ദയമായി ഉപദ്രവിക്കുമായിരുന്നു. അടിമയുടമകളോ തൊഴിലാളി ഏജന്റ്മാരോ ശിക്ഷാവിധി നടപ്പിലാക്കിയാൽ അതിനപ്പുറം തീർപ്പു കല്പ്പിക്കാൻ ഒരു നിയമ വ്യവസ്ഥിതിയുമുണ്ടായിരുന്നില്ല. അടിമ പെണ്ണുങ്ങളെ ദുരുപയോഗം ചെയ്യുകയോ ബലാത്സംഗം നടത്തുകയോ ചെയ്താൽ കുറ്റകരമായി കരുതിയിരുന്നില്ല. വെളുത്തവർക്കെതിരെ കറുത്തവരുടെ തെളിവുകൾ കോടതികൾ അംഗികരിച്ചിരുന്നുമില്ല . കറുത്തവർക്ക് താമസിക്കാൻ നല്ല വീടോ, ഭക്ഷണമോ, വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. തെക്കുള്ള അനേക സംസ്ഥാനങ്ങളിൽ കറുത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നത് നിയമ വിരുദ്ധമായിരുന്നു. അടിമകളെ നിയന്ത്രിക്കാനായുള്ള പ്രത്യേക നിയമ സംഹിതകളുമുണ്ടായിരുന്നു. അടിമകൾ എതിരഭിപ്രായങ്ങൾ പറയുന്നത് നിയമം മൂലം തടഞ്ഞിരുന്നു. കറുത്തവർക്ക് ആയുധങ്ങൾ കൈവശം വെയ്ക്കുവാൻ പാടില്ലായിരുന്നു. വെളുത്തവരുടെ അഭാവത്തിൽ കറുത്തവരായവർ കൂട്ടം കൂടി സമ്മേളിക്കാൻ അനുവദിച്ചിരുന്നില്ല.
തെക്കോ വടക്കോ വസിച്ചിരുന്ന സ്വതന്ത്രരായ കറുത്ത വർഗക്കാർ തെക്കുള്ള കറുത്ത വർഗക്കാർ അനുഭവിക്കുന്ന യാതനകളിൽ രോഷാകുലരായി ശബ്ദമുയർത്തുന്നുണ്ടായിരുന്നു. സാമൂഹിക സാമ്പത്തിക തലങ്ങളിലും വോട്ടിംഗ്, വിദ്യാഭ്യാസ മേഖലകളിലും കറുത്തവർക്കെതിരെയുള്ള അസമത്വങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1857-ലെ ഡ്രഡ്സ്കൊട്ടും സാൻഫോർഡും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ആഫ്രിക്കൻ അമേരിക്കർ സ്വതന്ത്രരാണെങ്കിലും രാജ്യത്തിലെ പൌരന്മാർ അല്ലായിരുന്നു. പൌരാവകാശങ്ങൾക്ക് അവർ അർഹരുമായിരുന്നില്ല.
അടിമത്തത്തെ ആഫ്രിക്കൻ അമേരിയ്ക്കർ പ്രതിഷേധങ്ങളും വിമർശനങ്ങളും വഴി വിവിധ നിലകളിൽ പ്രതികരിച്ചിരുന്നു. കൂടാതെ പ്രോസർ, വെസ്സെ, ടേണർ തുടങ്ങിയ സാമൂഹിക പ്രവർത്തകർ അടിമത്തത്തിനെതിരെ ശബ്ദിക്കുകയും തന്മൂലം ആയിരക്കണക്കിന് അടിമകൾ അടിമത്തത്തിൽ നിന്നും മോചിതരായി വടക്കേ അമേരിക്കയിലേയ്ക്കും കാനഡായിലേക്കും രക്ഷപ്പെടുകയുണ്ടായി. ചിലർ അവരുടെ വ്യക്തിത്വവും പാരമ്പര്യവും നിലനിർത്തികൊണ്ട് വെളുത്തവരോട് ചെറുത്തു നിന്നു. ഭൂരിഭാഗം കറുത്തവരും ജീവിക്കാൻ മറ്റു മാർഗങ്ങൾ കാണാതെ വെളുമ്പർക്ക് കീഴ്പ്പെട്ടു ജീവിച്ചു. വെളുത്തവർ കറുത്തവരെക്കാളും ഉന്നതരെന്ന ഒരു സാമൂഹിക കാഴ്ചപ്പാട് അക്കാലത്തുള്ള ജനങ്ങളുടെ മനസ്സിൽ വളർത്താൻ വെളുത്തവർക്കു കഴിഞ്ഞു.
1955 ഡിസംബർ ഒന്നുമുതൽ 1956 ഡിസംബർ ഇരുപതുവരെയുള്ള ചരിത്രപ്രസിദ്ധമായ 'മോണ്ട്ഗോമറി ബസ് ബോയ്ക്കോട്ട്' സമരം കറുത്തവരുടെ സാമൂഹിക നവോദ്ധാനത്തിന്റെ വിജയ മുന്നേറ്റമായി കരുതുന്നു. മോണ്ട്ഗോമറി സിറ്റി നിയമം അനുസരിച്ച് പൊതുവാഹനങ്ങളിൽ വർണ്ണ വിവേചനം അനുവദിനീയമായിരുന്നു. ബസിലെ ഡ്രൈവർക്ക് നിയമം നടപ്പിലാക്കാൻ പോലീസ് ഒഫീസറിന്റെ പോലുള്ള അധികാരവുമുണ്ടായിരുന്നു. ബസിന്റെ മദ്ധ്യഭാഗത്തു നിന്ന് പുറകോട്ടുള്ള സീറ്റുകൾ കറുത്തവർക്കും മുമ്പോട്ടുള്ള നിരയിലെ സീറ്റുകൾ വെളുത്തവർക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. ബസിന്റെ മുമ്പിലുള്ള സീറ്റുകൾ വെളുത്തവരെക്കൊണ്ട് നിറയുമ്പോൾ,വീണ്ടും വെളുത്തവരായ യാത്രക്കാർ ബസിനുള്ളിൽ പ്രവേശിക്കുമ്പോൾ കറുത്തവരുടെ നിരയിൽ മുമ്പിലിരിക്കുന്നവരോട് സീറ്റ് മാറി പുറകോട്ടു പോകാൻ ഡ്രൈവർ ആംഗ്യം കാണിക്കുമായിരുന്നു. ആവശ്യമെങ്കിൽ കറുത്തവർ വെളുത്തവർക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കുകയും വേണമായിരുന്നു. 1955-ഡിസംബർ ഒന്നാതിയതി മോണ്ട്ഗോമാറിയിലെ ബസിൽ 'റോസാ പാർക്ക്' എന്നൊരു ജോലിക്കാരത്തി ജോലി കഴിഞ്ഞു സഞ്ചരിക്കുകയായിരുന്നു. അന്നവർക്ക് 39 വയസ് പ്രായം. കറുത്തവർക്കായി നിശ്ചയിച്ചിരുന്ന സീറ്റുകളിൽ മുമ്പിലത്തെ നിരയിലായിരുന്നു അവർ ഇരുന്നിരുന്നത്. മുമ്പിലത്തെ സീറ്റിൽ ഇരുന്നുകൊണ്ട് 'റോസാ' യാത്ര തുടരുന്നവേളയിൽ യാത്രക്കാരെക്കൊണ്ട് ബസ് നിറയാൻ തുടങ്ങി. വെളുത്തവരായവർ ബസ്സിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. ഡ്രൈവർ ബസ് നിറുത്തിക്കൊണ്ട് മുമ്പിലത്തെ നിരയിലുള്ള നാല് യാത്രക്കാർ സീറ്റുകൾ വെളുത്ത യാത്രക്കാർക്കായി ഒഴിഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. മൂന്നു പേർ അനുസരിച്ചെങ്കിലും 'റോസാ' ഡ്രൈവറുടെ വാക്കുകളെ പുച്ഛിച്ചു തള്ളിക്കൊണ്ട് അതേ സീറ്റിൽ തന്നെയിരുന്നു. 'നിനക്ക് എന്തുകൊണ്ട് നിന്നുകൂടായെന്ന്' റോസായോട് ഡ്രൈവർ ചോദിച്ചപ്പോൾ 'തനിക്കതിന് സൌകര്യപ്പെടില്ലായെന്നു' മറുപടി കൊടുത്തു. ഡ്രൈവർ പോലീസിനെ വിളിക്കുകയും മോണ്ട്ഗോമറി സിറ്റിനിയമം തെറ്റിച്ചതിന് റോസായെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്നുതന്നെ ജാമ്യത്തിലും വിട്ടു.
'റോസായെ' അറസ്റ്റു ചെയ്ത ദിവസം 'ഈ.ഡി. നിക്സണ്‍' എന്ന സാമൂഹിക നേതാവിന്റെ നേതൃത്വത്തിൽ (ഹെഡ് ഓഫ് എൻ.എ.സി പി) മോണ്ട്ഗോമാറി ബസുകളിൽ യാത്രക്കാരെ ഉപരോധിച്ചുകൊണ്ട് സമരങ്ങൾക്ക് തുടക്കമിട്ടു. സ്ഥലത്തെ പത്രങ്ങളിൽ പരസ്യങ്ങൾ കൊടുക്കുകയും എവിടെയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. വീടുകളിൽ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. റോസായുടെ കോടതിയിലെ വിസ്താരദിനമായ 1955 ഡിസംബർ അഞ്ചാംതിയതി തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കാനും കറുത്തവരായവർ ബസുകളിൽ അന്നേദിവസം യാത്ര ചെയ്യാതിരിക്കാനും തീരുമാനമെടുത്തു. പുറത്തേയ്ക്ക് പോകാതെ വീടുകളിൽ തന്നെ കഴിയാനോ, ടാക്സിയെടുത്തു ജോലിക്ക് പോകാനോ ജോലിക്ക് നടന്നു പോകാനോ ആയിരുന്നു തീരുമാനം. ഭൂരിഭാഗം ആഫ്രോ അമേരിക്കർ അന്ന് ബസ്സിൽ കയറിയില്ല. സംഘാടകർ സമരം വിജയപ്രദമാക്കുന്നതിന് നീണ്ടകാല ബസ് യാത്രാ ഉപരോധനത്തിനായും തീരുമാനിച്ചു.
ഏതാനും നേതാക്കന്മാർ മോണ്ട്ഗോമറിയിലുള്ള മൌണ്ട് സിയോ ചർച്ചിൽ സമ്മേളിക്കുകയും ബോയ്ക്കോട്ടിനുള്ള ഭാവി പരിപാടികളെപ്പറ്റി പദ്ധതികളിടുകയും ചെയ്തു. അവർ മോണ്ട് ഗോമറിയിൽ ' സമരങ്ങൾക്കായി ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മാർട്ടിൻ ലൂതർ കിംഗ് ജൂണിയറിനെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സമൂഹത്തിലെ അനീതിയ്ക്കെതിരെയുള്ള മാറ്റത്തിന് റോസായുടെ കേസ് ഒരവസരമായും വിപ്ലവ കമ്മിറ്റി കരുതി.
റോസായെ വിസ്തരിക്കാനായി അറ്റോർണി ഫ്രെഡ് ഗ്രെയുമായി കോടതിയിലെത്തിയ സമയം അവർക്കു പിന്തുണ നല്കാൻ ആയിരക്കണക്കിന് ജനം അന്ന് കോടതി വളപ്പിലുണ്ടായിരുന്നു. മുപ്പതു മിനിറ്റിലെ വിസ്താര വേളയ്ക്കു ശേഷം സ്ഥലത്തെ നിയമം തെറ്റിച്ചതിന് പത്തു ഡോളർ പിഴയും കോടതി ചെലവു നാലു ഡോളറും റോസാ കൊടുക്കേണ്ടി വന്നു. അന്നുമുതൽ കറുത്തവർ ബസ് ബോയ്ക്കോട്ട് പൂർണ്ണമായും ആരംഭിച്ചു. ബസുകൾ യാത്രക്കാരില്ലാതെ പലപ്പോഴും കാലിയായി ഓടിക്കേണ്ടി വന്നു. ചിലർ കാർ പൂൾ വഴി ജോലിക്ക് പോയിക്കൊണ്ടിരുന്നു. മറ്റു ചിലർ ആഫ്രിക്കൻ അമേരിക്കർ ഓടിക്കുന്ന വണ്ടികളിൽ യാത്ര ചെയ്തു. നാല്പ്പതിനായിരം ആഫ്രിക്കൻ അമേരിക്കർ നടന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നു. ചിലർ ദിവസം 20 മൈയിലുകൾ നടന്നും പോകുമായിരുന്നു.
മോണ്ട്ഗോമറിയിലെ ആഫ്രിക്കൻ അമേരിക്കരിൽ ഭൂരിഭാഗം ജനങ്ങളും സമരത്തിൽ പങ്കെടുത്തതുകൊണ്ട് 'ബസ് ബോയ്ക്കോട്ട്' വിജയകരമായിരുന്നു. അനേക മാസങ്ങളോളം സമരം തുടർന്നുകൊണ്ടിരുന്നു. സിറ്റി ട്രാൻസ്പോർട്ട് കമ്പനിയുടെ സാമ്പത്തിക നില തകരാനും തുടങ്ങി. ബോയ്ക്കോട്ട് പുരോഗമിക്കുംതോറും വെളുത്തവരിൽ നിന്നും ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. കറുത്ത വർഗക്കാരുടെ പള്ളികൾ കത്തിച്ചു. മാർട്ടിൻ ലൂതർ കിംഗിന്റെയും ഈ.ഡി. നിക്സന്റെയും വീടുകൾ ബോംമ്പിട്ടു നശിപ്പിച്ചു. കറുത്തവർ നടത്തി വന്നിരുന്ന ടാക്സി കമ്പനികളുടെ ഇൻഷുറൻസ് നിറുത്തൽ ചെയ്തു. അനേക കറുത്തവരായവരെ കാരണങ്ങളില്ലാതെയും നിയമ ലംഘനത്തിനും അറസ്റ്റു ചെയ്തു.
വെളുത്തവരിൽനിന്നും തുടർച്ചയായ ആക്രമണങ്ങളും ഉപദ്രവങ്ങളും തുടർന്നപ്പോൾ ആഫ്രിക്കൻ അമേരിക്കൻ സമൂഹം നിയമപരമായ നടപടികൾക്കും തയ്യാറായി. പൊതു ഗതാഗതങ്ങളിൽ വർണ്ണ വിവേചനം അനീതിയാണെന്ന് കാണിച്ച് 'റോസായുടെ' അറ്റോർണി ഫ്രെഡ് ഗ്രേ വഴി 1956 ജൂണിൽ അലബാമ, നൊർത്തേണ്‍, മോണ്ട് ഗമറി ഡിസ്ട്രിക്റ്റ് കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്തു. കോടതി വർണ്ണ വിവേചന നിയമം (ജിം ക്രോ നിയമങ്ങൾ) ഭരണഘടനയ്ക്കെതിരെന്നു വിധി പ്രസ്താവിച്ചു. മോണ്ട് ഗോമറി സിറ്റിയിലെ അധികൃതർ കോടതിയുടെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. എന്നാൽ 1956 നവംബർ പതിനാറാം തിയതി സുപ്രീം കോടതി കീഴ്കോടതിയുടെ വിധി ശരി വെക്കുകയാണുണ്ടായത്.
ട്രാൻസ്പോർട്ട് കമ്പനിയും സിറ്റിയിലെ ബിസിനസുകളും സാമ്പത്തിക നഷ്ടംമൂലം തകർന്നുകൊണ്ടിരുന്നു. കറുത്തവർക്കെതിരെ നിയമപരമായ നടപടികൾ തുടരുന്നതു മൂലം സിറ്റിയുടെ സാമ്പത്തിക ഭദ്രതയും മോശമായി തുടങ്ങി. പൊതു വാഹനങ്ങളിൽ നിലവിലുള്ള വർണ്ണ വിവേചന വ്യവസ്ഥ ഇല്ലാതാക്കാൻ ചുമതലപ്പെട്ടവർ നിർബന്ധിതരായി. 1956 ഡിസംബർ ഇരുപത്തിയാറാം തിയതി ബോയ്ക്കോട്ട് ഔദ്യോഗികമായി അവസാനിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ 381 ദിവസങ്ങൾ നീണ്ടു നിന്ന വിജയകരമായ ഈ സമരം വർണ്ണ വിവേചന വ്യവസ്ഥയ്ക്കെതിരെയുള്ള കറുത്തവരുടെ ഒരു ജനകീയ മുന്നേറ്റമായിരുന്നു.
1955 ഡിസംബർ മുതൽ 1968 ഏപ്രിൽ വരെയുള്ള പതിമൂന്നു വർഷത്തെ മാർട്ടിൻ ലൂതർ കിംഗിന്റെ നേതൃത്വം കറുത്തവരുടെ പൌരാവകാശങ്ങൾക്കു വേണ്ടിയായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ 350 വർഷങ്ങൾ കൊണ്ട് നേടാൻ സാധിക്കാതിരുന്ന പൌരാവകാശങ്ങൾ അദ്ദേഹത്തിന്റെ ഹൃസ്വമായ ജീവിതത്തിൽ നേടാൻ സാധിച്ചു. കറുത്തവർക്കും തുല്ല്യാവകാശം വേണമെന്നുള്ള സമാധാന വിപ്ലവത്തിന് മാർട്ടിൻ ലൂതറിനാവേശം ലഭിച്ചത് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്നായിരുന്നു. ക്രിസ്തുവും ക്രിസ്തീയ ചൈതന്യവും ആ മഹാനെ നയിച്ചുകൊണ്ടിരുന്നു. മറ്റുളളവർ അക്രമ പരമായ വിപ്ലവ മാർഗങ്ങൾ തുടർന്നപ്പോൾ അദ്ദേഹം ശക്തമായ ഭാഷയിൽക്കൂടി അക്രമത്തെ എതിർത്തു. ദാരിദ്ര്യത്തിനെതിരെയും സ്ത്രീ അസമത്വത്തിനെതിരെയും ആഗോള സമാധാനത്തിനായും സമരം ചെയ്തു. കറുത്തവരും വെളുത്തവരും തുല്യരാണെന്ന് ഉച്ചത്തിൽ പ്ലാറ്റ് ഫോറങ്ങളിൽ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്, (I have a dream) നോബൽ സമ്മാനം ലഭിച്ച ദിനത്തിലെ പ്രസംഗം, ബിർമിൻഗാം ജയിലിൽ നിന്നും അയച്ച കത്ത് എന്നീ വാക്കുവൈഭവങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അതുല്യ സാഹിത്യ കണികങ്ങളായി കണക്കാക്കുന്നു. അദ്ദേഹത്തിൻറെ മഹനീയമായ ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും ഇന്ന് വെളുത്തവരെയും കറുത്തവരെയും ഒരുപോലെ സ്കൂളുകളിൽ പഠിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും പണ്ഡിതരും ഒരുപോലെ ആ മഹാനെപ്പറ്റി ഗവേഷണങ്ങൾ നടത്തി പ്രബന്ധങ്ങളും തയ്യാറാക്കുന്നു. അമേരിക്കൻ പ്രസിഡന്റല്ലാത്ത ഒരാളെ ആദരിച്ചുകൊണ്ടുള്ള ഫെഡറൽ അവധി ദിനം ' മാർട്ടിൻ ലൂതർ കിംഗ് 'ഡേ മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ പേരിൽ നൂറു കണക്കിന് പ്രതിമകളും റോഡുകളും പാർക്കുകളും പള്ളികളുമുണ്ട്. പതിമൂന്നു വർഷം മാത്രം സമാധാനത്തിന്റെ സന്ദേശവുമായി വിപ്ളവം നയിച്ച മാർട്ടിൻ ലൂതർ കിങ്ങിന്റെ ജീവിതം 1968-ഏപ്രിൽ നാലാം തിയതി ടെന്നസ്സിയിലെ മെമ്പീസിലുള്ള ലോറയിൻ മോട്ടലിൽ നടന്ന വെടിവെപ്പിൽ അവസാനിച്ചു. ഡോ. കിംഗ് വളർന്ന ജോർജിയായിലെ അറ്റ്ലാന്റായിൽ നടന്ന കിംഗിന്റെ സംസ്ക്കാര ചടങ്ങുകളിൽ ദേശീയ തലത്തിലുള്ള ഉന്നതരായ നേതാക്കന്മാർ പങ്കു കൊണ്ടിരുന്നു.
1970 മുതലാണ് ആഫ്രോ അമേരിക്കർ ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. പ്രധാന നഗരങ്ങളിൽ മേയർമാരായും ഫോർച്യൂണ്‍ 500 കമ്പനികളിലെ സി ഇ ഓ മാരായും ഉയർന്ന സ്ഥാനങ്ങളും അലങ്കരിക്കാൻ തുടങ്ങി. ഒടുവിൽ കിംഗിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടു കറുത്ത വർഗക്കാരനായ ഒബാമ അമേരിക്കയുടെ നാൽപ്പത്തി നാലാം പ്രസിഡന്റായി വൈറ്റ് ഹൗസും കീഴടക്കി. ഇന്ന് ആഫ്രിക്കൻ അമേരിക്കൻ ജനതയിൽ സമൂലമായ മാറ്റങ്ങളും പരിവർത്തനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഒരു ആഫ്രോ അമേരിക്കനോട് ആരും ബസിന്റെ പുറകിലിരിക്കാൻ പറയില്ല. വോട്ടുചെയ്യാൻ വരുന്നവരെ ഉപദ്രവിക്കാൻ ആരും തയ്യാറാവുകയില്ല. എങ്കിലും നൂറ്റാണ്ടുകളിലെ അടിമത്ത്വ വ്യവസ്ഥിതി കറുത്ത വർഗക്കാരെ സാമൂഹിക,വിദ്യാഭ്യാസ, സാമ്പത്തിക തലങ്ങളിൽ വളരെ പിന്നിലേക്ക് തള്ളിയെന്നുളത് ചരിത്ര സത്യമാണ്.
സ്വാതന്ത്ര്യം എന്തെന്നറിയാതെ മരിച്ചുപോയ അടിമകളായ അമ്മമാർ മടങ്ങി വരുകയാണെങ്കിൽ അവർ പറയും, "മക്കളെ ഇരുളിനു തുല്യമായ എന്റെ മുഖം നോക്കൂ. സത്യത്തിന്റെ ദീപമായ സൂര്യനെപ്പോലെ ഞാനിന്നു പ്രകാശിക്കുന്നു. ഒരിക്കൽ ഞാനൊരു കറുത്ത കുട്ടിയായിരുന്നു. ഞാൻ തന്നെയാണ് ചുവന്ന കടൽ. സാക്ഷാൽ കറുത്തമ്മ. കറുത്തവളായ ഞാൻ സ്വാതന്ത്ര്യത്തിനായി സ്വപ്നങ്ങൾ പടുത്തുയർത്തി.വയലുകളിൽ പണിയെടുത്ത സ്ത്രീയാണ് ഞാൻ. പഞ്ഞിക്കെട്ടുകളും ധാന്യ വിഭവങ്ങളും തലയിൽ ചുമന്നു കൊണ്ടുവന്നതും ഞാൻ തന്നെ. അടിമയായി ജോലി ചെയ്തവളും ഞാൻ തന്നെ. പ്രതിഫലമായി അവരെന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എന്റെ മക്കളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി വിറ്റു. ഭർത്താവിനെയും വിറ്റു. എനിക്ക് സുരക്ഷിതം തന്നില്ല, സ്നേഹം തന്നില്ല. ബഹുമാനവും തന്നില്ല. എന്നെ തട്ടിക്കൊണ്ടുപോയി ചാരിത്ര്യം നശിപ്പിച്ചപ്പോൾ ക്രൂരതയുടെ നിയമം എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു."
DR.Martin Luthar King (Jr) |
Rosa Park |
No comments:
Post a Comment