Monday, August 24, 2015

മനുഷ്യാവകാശ പ്രവർത്തകനായ ജിമ്മി കാർട്ടർ, ഒരു അവലോകനം




By ജോസഫ് പടന്നമാക്കൽ
നാൽപ്പതു വയസ്സിൽ കൂടുതൽ  പ്രായമുള്ള ചരിത്ര ബോധമുള്ളവർ  ജിമ്മി കാർട്ടർ അമേരിക്കയുടെ പ്രസിഡൻറായിരുന്ന കാലത്തെപ്പറ്റി  വ്യക്തമായി ഒർമ്മിക്കുന്നുണ്ടാവാം. ലോകത്തിലേയ്ക്കും വെച്ച് ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനായിരുന്ന ജിമ്മി കാർട്ടർ താമസിക്കുന്നത് എവിടെയാണെന്നറിയാമോ?  ഒരു  മുൻകാല   പ്രസിഡന്റ് എങ്ങനെയുള്ള വീട്ടിലായിരിക്കണം താമസിക്കേണ്ടത്? അമേരിക്കയിൽ കാർട്ടർ താമസിക്കുന്ന  വീടിനെ  'റാഞ്ച് ഹൌസ്' എന്നു  പറയും. പോർട്ടിക്കോയില്ലാത്ത ഒറ്റ നിലയിലുള്ള  ചെറിയ ഒരു വീട്ടിലാണ്  ജിമ്മി കാർട്ടറും റോസിലിനും താമസിക്കുന്നത്. ജോർജിയായിലെ ചെറിയ ഒരു പട്ടണമെന്നു പറയാവുന്ന 'പ്ലെയിൻ' എന്ന സ്ഥലത്ത്  1961-ൽ അദ്ദേഹം നിലക്കടല കൃഷിക്കാരനും റോസിലിൻ കൃഷിക്കാരന്റെ ഭാര്യയുമായിരുന്ന കാലഘട്ടത്തിൽ പണി കഴിപ്പിച്ച വീടാണത്.

അമേരിക്കയുടെ മുപ്പത്തിയൊമ്പതാം  പ്രസിഡന്റ്  ജിമ്മി കാർട്ടർ (James Earl Carter Jr) 1924 ഒക്ടോബർ ഒന്നാം തിയതി ജോർജിയായിലെ   'പ്ലെയിൻ' എന്ന സ്ഥലത്ത്  ഒരു സാധാരണ കടല കൃഷിക്കാരന്റെ മകനായി ജനിച്ചു. കടല കൃഷി, നേവൽ ഉദ്യോഗസ്ഥൻ എന്നീ ഉപജീവനങ്ങളിൽക്കൂടി അമേരിക്കൻ പ്രസിഡന്റ് പദവി വരെ അലങ്കരിച്ച കാർട്ടറുടെ ജീവിതയാത്ര അമേരിക്കയുടെ സംഭവ ബഹുലങ്ങളായ ചരിത്ര കാലങ്ങളിൽക്കൂടിയായിരുന്നു. അമേരിക്കൻ പ്രസിഡന്റെന്ന  നിലയിൽ കാർട്ടറുടെ  ജീവിതം പരാജയമായിരുന്നെങ്കിലും പിന്നീട് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ലോകത്തിന്റെ മുഴുവൻ ആദരവുകൾ  നേടിയെടുത്തു.
2002-ൽ നോബൽ സമ്മാനം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ജോർജിയായിൽ സ്ഥിരതാമസമാക്കിയിരുന്ന കാർട്ടറുടെ പിതാവ്  'ജെയിംസ്  കാർട്ടർ (സീനിയർ) '   കഠിനാധ്വാനിയായ ഒരു നിലക്കടല കൃഷിക്കാരനായിരുന്നു.  ചെറിയൊരു  കൃഷി പുരയിടവും കൃഷിയുത്ഭന്നങ്ങൾ സംഭരിക്കാൻ സ്റ്റോർക്കെട്ടിടവും സ്വന്തമായിട്ടുണ്ടായിരുന്നു. ജിമ്മി കാർട്ടറിന്റെ മാതാവ് 'ലിലിയൻ ഗോർഡി'  ഒരു രജിസ്റ്റേർഡ്‌ നെഴ്സായിരുന്നു. വർണ്ണ വിവേചനത്തിന്റെ അതിരുകൾ കടന്ന് കറുത്ത വർഗക്കാരുടെ ആരോഗ്യപരിപാലനങ്ങളിലും അവർ ഏർപ്പെടുമായിരുന്നു. കാർട്ടറിനു നാലുവയസുള്ളപ്പോൾ  അദ്ദേഹത്തിൻറെ കുടുംബം 'പ്ലെയിൻ' എന്ന സ്ഥലത്തുനിന്നും 'ആർച്ചേരി' എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിച്ചു. അവിടം യാതൊരു സൗകര്യവുമില്ലാഞ്ഞ ഒരു  ഗ്രാമപ്രദേശമായിരുന്നു. കഴുതകൾ ഓടിക്കുന്ന വണ്ടികളായിരുന്നു യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. വൈദ്യുതിയോ മറ്റു ജീവിതസൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. കാർട്ടർ  തനിയ്ക്കു പത്തു വയസുള്ളപ്പോൾ പിതാവിനെ കൃഷികാര്യങ്ങളിൽ സഹായിച്ചിരുന്നു. പിതാവുമൊത്തു സല്ലപിക്കുന്ന സമയം ഏറ്റവും സന്തോഷകരങ്ങളായ  ദിനങ്ങളായി കാർട്ടർ കരുത്തിയിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോയിൽ 'ബേസ് ബാൾ ഗെയിംസും' 'രാഷ്ട്രീയവും' സംബന്ധിച്ച വാർത്തകളും   അപ്പനും മകനുമൊന്നിച്ച് ശ്രവിക്കുമായിരുന്നു.

ജിമ്മി കാർട്ടറിന്റെ  മാതാപിതാക്കൾ  കുട്ടികളുടെ മതകാര്യങ്ങളിൽ വളരെ നിഷ്ക്കർഷയുള്ളവരായിരുന്നു. ബാപ്റ്റിസ്റ്റ് പള്ളികളിൽ പൊയ്ക്കോണ്ടിരുന്ന അവർ മകന്റെ ആത്മീയ കാര്യങ്ങളിലും  ശ്രദ്ധ പതിപ്പിച്ചിരുന്നു. ഞായറാഴ്ചകളിൽ വേദ പാഠം ക്ലാസുകളിൽ പോകണമെന്നു നിർബന്ധമായിരുന്നു. വെളുത്തവർ മാത്രം പഠിച്ചിരുന്ന സ്കൂളിലായിരുന്നു കാർട്ടർ പഠിച്ചിരുന്നത്. അക്കാലത്ത് വർണ്ണവിവേചനം സാമൂഹിക തലങ്ങളിൽ അസഹ്യമായി നടപ്പായിരുന്ന കാലവുമായിരുന്നു. കറുത്തവർ സ്വന്തം വീടുകളിലും പള്ളികളിലും വിദ്യാഭ്യാസം നടത്തിയിരുന്നു. വർണ്ണ വിവേചനം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലും കാർട്ടറുടെ ചെറുപ്പകാലത്തിലെ ഉറ്റവരായ രണ്ടു സുഹൃത്തുക്കൾ കറുത്ത വർഗക്കാരായിരുന്നു. അവരുടെ മാതാപിതാക്കൾ ജിമ്മി കാർട്ടറുടെ പിതാവിനൊപ്പം ജോലി ചെയ്തിരുന്നു.   1930-ലെ സാമ്പത്തിക മാന്ദ്യം ആ ഗ്രാമ പ്രദേശത്തേയും ബാധിച്ചിരുന്നു. ആ കാലഘട്ടത്തിൽ കാർട്ടർ കുടുംബം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയാണുണ്ടായത്. അക്കാലങ്ങളിൽ കൃഷിയാവിശ്യത്തിനായി  ഇരുന്നൂറു ജോലിക്കാരോളം ജിമ്മി കാർട്ടറിന്റെ പിതാവിനുണ്ടായിരുന്നു.   കാർട്ടർ കുടുംബത്തിൽ നിന്നും ആദ്യമായി ഹൈസ്കൂൾ പൂർത്തിയാക്കിയതു ജിമ്മിയായിരുന്നു.

ഹൈസ്ക്കൂൾ പഠനം  ഉന്നത ഗ്രേഡിൽ  വിജയകരമായി പൂർത്തിയാക്കിയശേഷം ' ജിമ്മി കാർട്ടർ' എഞ്ചിനീയറിംഗിന് ജോർജിയാ സൌത്ത് വെസ്റ്റേണ്‍ ജൂണിയർ കോളേജിൽ   പഠനമാരംഭിച്ചു. അവിടെ നിന്ന് നേവിയിൽ പോവുകയും ജോർജിയാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്കനോളജിയിൽ പഠനം തുടരുകയും ചെയ്തു. അഞ്ചടി ഒമ്പതിഞ്ചു മാത്രമുള്ള കാർട്ടർ നേവിയിൽ  പൊക്കം കൊണ്ടും തൂക്കം കൊണ്ടും  ചെറിയ ആളായിരുന്നെങ്കിലും അക്കാദമിക്ക്  നിലവാരത്തിൽ മറ്റെല്ലാ സഹ വിദ്യാർത്ഥികളെക്കാളും മുമ്പിലായിരുന്നു.   1946-ൽ റാങ്ക് സഹിതം എഞ്ചിനീയറിംഗ് ഡിഗ്രീ നേടി. കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരിയായിരുന്ന  റോസിലിൻ കാർട്ടറെ 1946 ജൂണിൽ വിവാഹം ചെയ്തു.പില്ക്കാലത്ത് കാർട്ടറുടെ സർവ്വവിധ ഉയർച്ചയ്ക്കും റോസിലിന്റെ ധാർമ്മിക പിന്തുണയുണ്ടായിരുന്നു.

നേവൽ ഓഫീസറായിരുന്ന  കാർട്ടർ റോസിലിനുമായുള്ള വിവാഹ ശേഷം മറ്റു മിലിട്ടറി കുടുംബങ്ങളെപ്പോലെ
ആദ്യ കാലങ്ങളിൽ  സ്ഥലം മാറ്റം കിട്ടുന്നതനുസരിച്ച്  പല സ്ഥലങ്ങളിലായി  വീടുകളും മാറി താമസിക്കേണ്ടി വന്നു.   കണക്റ്റിക്കട്ട്, സാൻഡിയോഗോ, കാലിഫോർണിയാ,വാഷിംഗ്ണ്ടൻ  എന്നീ സ്ഥലങ്ങളിലെ പരിശീലനകാലങ്ങളിൽ റോസിലിനുമൊത്തു നേവൽ കോർട്ടേഴ്സിൽ  താമസിച്ചിരുന്നു.1952-ൽ   'അഡ്മിറൽ ഹൈമാൻ റിക്കോവർ'   ന്യൂയോർക്കിൽ ന്യൂക്ലീയർ സബ് മറയിൻ പദ്ധതിയ്ക്കായുള്ള   ഒരു പ്രൊജെക്റ്റിൽ  ജോലി ചെയ്യാൻ ജിമ്മി കാർട്ടറെ ചുമതലപ്പെടുത്തി. ബുദ്ധിമാനും നിർന്ധിത കണിശക്കാരനും മറ്റുള്ളവർക്ക് പേടി സ്വപ്നവുമായിരുന്ന അഡ്മിറലിന്  കാർട്ടറിന്റെ ജോലികാര്യങ്ങളിലുള്ള കാര്യക്ഷമതയിലും കഴിവിലും  നല്ല അഭിപ്രായമുണ്ടായി. "തന്റെ  പിതാവിനു  ശേഷം തന്നെ ഏറ്റമധികം സ്വാധീനിച്ച വ്യക്തി  'റിക്കൊവർ' ആയിരുന്നുവെന്ന്" കാർട്ടർ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

കാർട്ടറിന്  മൂന്ന് ആണ്മക്കളും 'എമി' എന്ന പേരിൽ  ഒരു മകളുമാണുള്ളത്.  1953-ൽ പാൻക്രിയാറ്റ് ക്യാൻസർ വന്ന് അദ്ദേഹത്തിൻറെ പിതാവ് മരിച്ചു പോയി. പിതാവിന്റെ മരണശേഷം വസ്തു വകകളും കുടുംബ ബിസിനസ്സും നോക്കാൻ ആളില്ലാതെയായി. റോസിലിന് എതിർപ്പുണ്ടായിരുന്നെങ്കിലും കുടുംബവക വസ്തുക്കൾ സംരക്ഷിക്കാൻ, കുടുംബ കാര്യങ്ങൾ അന്വേഷിക്കാൻ  കാർട്ടർ ജോർജിയായിൽ  തന്റെ [പൂർവിക കുടുംബത്തുതന്നെ താമസമാക്കി.  അവിടെ രാഷ്ട്രീയത്തിലും സജീവമാകാൻ തുടങ്ങി. 1955-ൽ  കൌണ്ടി എഡ്യൂക്കേഷൻ  ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

1950 നു ശേഷമുള്ള കാലങ്ങളിൽ   അമേരിക്കയുടെ  തെക്കുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമേറിയ വർഷങ്ങളായിരുന്നു. 1954-ൽ സർക്കാർ സ്കൂളുകളിൽ വർണ്ണ വിവേചനം പാടില്ലാന്നുള്ള സുപ്രീം കോടതി നിയമം വന്നു. അതിന്റെ പാശ്ചാത്തലത്തിൽ  പൗരാവകാശ പ്രവർത്തകർ എല്ലാ തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സമര രംഗത്ത് വന്നു. എന്നിരുന്നാലും തെക്കുള്ള ഗ്രാമീണപ്രദേശങ്ങളിൽ വർണ്ണ വിവേചനം തുടർന്നുകൊണ്ടിരുന്നു. വെളുത്തവർക്കായി 'വൈറ്റ് സിറ്റിസണ്‍  ഗ്രൂപ്പെന്ന' സംഘടനയുമുണ്ടായിരുന്നു. ജിമ്മി കാർട്ടർ മാത്രം ആ ഗ്രാമത്തിൽ 'വൈറ്റ് സിറ്റിസണ്‍ എന്ന'  വർണ്ണ വിവേചന സഘടനയ്ക്കൊപ്പം  പങ്കു ചേർന്നില്ല. താമസിയാതെ അദ്ദേഹത്തിൻറെ വീടിന്റെ മുമ്പിൽ "കൂണ്‍സ് ആൻഡ്‌ കാർട്ടർ ഗോ ടുഗതർ"(Coons and Carter go together) എന്ന   ബോർഡു കണ്ടു.   'കൂണ്‍സ് ' എന്ന പദം  ആഫ്രിക്കൻ അമേരിക്കരെ അപമാനിച്ചുകൊണ്ടുള്ള  വെളുമ്പരുപയോഗിക്കുന്ന സംസ്ക്കാരമില്ലാത്ത ഒരു പദമായിരുന്നു.

1962-ൽ 'ജിമ്മി കാർട്ടർ'  സ്റ്റേറ്റ് സെനറ്റിൽ സെനറ്ററായി മത്സരിച്ചു. അദ്ദേഹത്തിൻറെ എതിരാളി 'ഹോമർ മൂർ' എന്ന ബിസിനസുകാരനായിരുന്നു.  പ്രാഥമിക വോട്ടെടുപ്പിൽ വോട്ടെണ്ണലിൽ ക്രിത്രിമത്വം കാണിച്ച്, കള്ളത്തരത്തിൽക്കൂടി ' മൂർ' വിജയിയായി. 'ജിമ്മി കാർട്ടർ' ജയിച്ച സ്ഥാനാർത്ഥിയെ ചോദ്യം ചെയ്തുകൊണ്ട്  കോർട്ടിൽ കേസ് ഫയൽ ചെയ്യുകയും ജോർജിയാ ജഡ്ജി കാർട്ടറിനനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ജിമ്മി കാർട്ടറെ വിജയിയായി, ജോർജിയായുടെ സെനറ്ററായി  പ്രഖ്യാപിച്ചു. രണ്ടു പ്രാവിശ്യം സെനറ്ററായി തിരഞ്ഞെടുത്ത കാർട്ടറിൽ  ജനങ്ങൾക്ക് മതിപ്പും നല്ല വിശ്വാസവുമുണ്ടായി. പൌരാവകാശങ്ങളെ പിന്തുണച്ചും,വർഗ വിവേചനങ്ങളെ  എതിർത്തും സർക്കാരിലെ അനാവശ്യ ചിലവുകൾ വെട്ടി കുറച്ചും കാർട്ടറുടെ   വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെ ജൈത്ര യാത്ര തുടർന്നു.

1966-ൽ  ജിമ്മി  കാർട്ടർ ജോർജിയായുടെ ഗവർണ്ണറായി മത്സരിക്കാൻ തീരുമാനിച്ചു. കാർട്ടറുടെ കറുത്തവർക്കു വേണ്ടിയുള്ള  പൗരാവകാശ നയങ്ങൾ മൂലം വെളുത്തവരായവരിൽ ഭൂരിഭാഗവും  അദ്ദേഹത്തെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിൻറെ ലിബറൽ നയം മൂലം പ്രൈമറിയിൽ തോല്ക്കുകയും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 'ലെസ്റ്റർ മാഡോക്സ്' എന്ന വർണ്ണ വിവേചന വാദിയാണ് വിജയിച്ചത്.

ജോർജിയാ സ്റ്റേറ്റിന്റെ നിയമമനുസരിച്ച്  ഗവർണ്ണറായി  ഒരു പ്രാവിശ്യമേ ആ സ്ഥാനത്തിരിക്കാൻ   സാധിക്കുള്ളൂ. 1970-ലെ ഗവർണ്ണർ തിരഞ്ഞെടുപ്പിനായി കാർട്ടർ പ്രചരണം ആരംഭിച്ചു. ഇത്തവണ വെളുത്തവരായ ഗ്രാമീണരുടെ വോട്ടു പിടിക്കാനുള്ള സാധ്യതകളെപ്പറ്റിയും   കാർട്ടർ ചിന്തിക്കാൻ തുടങ്ങി. 1966-ൽ അങ്ങേയറ്റം ലിബറലായതുകൊണ്ട് അദ്ദേഹത്തിനു ജയിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ കറുത്തവരായ നേതാക്കന്മാരെ പ്രചരണങ്ങളിൽ നിന്നും മാറ്റി നിർത്തി. അനേക വർണ്ണ വിവേചന വാദികളെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ചുമതലപ്പെടുത്തി.  ഗവർണ്ണർ മാഡോക്സും കാർട്ടറെ പിന്തുണച്ചു. കറുത്തവർക്കുള്ള പൌരാവകാശങ്ങൾക്കെതിരായും തുറന്നു സംസാരിക്കാൻ തുടങ്ങി. അവസരവാദി, വർണ്ണ വിവേചനം നടത്തുന്നവൻ, അജ്ഞാനീ, പിന്തിരിപ്പൻ,   ഭ്രാന്തു പിടിച്ച യാഥാസ്ഥിതികൻ,   ചുവന്ന കഴുത്തുള്ള നിലക്കടല കൃഷിക്കാരൻ മുതലായ പേരുകൾ എതിരാളികൾ കാർട്ടറെ വിളിച്ചുകൊണ്ടിരുന്നു. എന്തായാലും കാർട്ടറുടെ അടവുകൾ ഫലപ്രദമായി. 1970-ൽ കാർട്ടർ 'കാൾ സാണ്ടേ ഴ്സിനെ' പരാജയപ്പെടുത്തിക്കൊണ്ട് ജോർജിയായുടെ  ഗവർണ്ണറായി.

ജിമ്മി കാർട്ടർ,  ഗവർണ്ണറായി സ്ഥാനമേറ്റയുടൻ  വർണ്ണ വിവേചനം സമൂലം അവസാനിപ്പിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.  തിരഞ്ഞെടുപ്പുകാലങ്ങളിലെ രാഷ്ട്രീയ പ്രചരണ തന്ത്രങ്ങൾക്കു വിപരീതമായി ഗവർണ്ണറെന്ന നിലയിൽ വ്യത്യസ്തമായ നയപരിപാടികളാണ്   കാർട്ടർ  തന്റെ ഭരണ കാലങ്ങളിൽ സ്വീകരിച്ചത്.   സർക്കാരിൽ ഇരുപത്തിയഞ്ചു ശതമാനത്തോളം കറുത്തവരെ നിയമിച്ചു. ജയിൽ പരിഷ്ക്കാരവും വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും നടപ്പാക്കി. കറുത്ത വർഗക്കാരുടെ ക്ഷേമ പരിപാടികളിൽ കൂടുതൽ താല്പര്യവും കാണിച്ചിരുന്നു.   "തെക്കുള്ള യുവരക്തങ്ങളിലെ ഈ നേതാവ് വിശാലമായി ചിന്തിക്കുന്ന ഭരണ കർത്താവും  വർണ്ണ വിവേചനത്തെ എതിർക്കുന്ന സാമൂഹിക ചിന്തകനും സാമ്പത്തിക സാമൂഹിക നയങ്ങളിൽ പുരോഗമനവാദിയുമെന്ന്  'ടയിം മാഗസിൻ'   കാർട്ടറെപ്പറ്റിയുള്ള  ഒരു ലേഖനത്തിൽ   പ്രകീർത്തിച്ചിരുന്നു.

1974-ൽ അമേരിക്കയുടെ പ്രസിഡൻഡായി  മത്സരിക്കുന്ന വാർത്ത കാർട്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വർഷംകൂടി ഗവർണ്ണർ പദവിയുള്ള സമയത്ത് അദ്ദേഹം രാജ്യം മുഴുവൻ  യാത്ര ചെയ്ത് തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ഊർജമാക്കിക്കൊണ്ടിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിള്ള  ജനങ്ങളോടായി പ്രസംഗങ്ങളും നടത്തിക്കൊണ്ടിരുന്നു. പ്രമുഖരായ അനേകരുമൊത്തു  മീറ്റിംങ്ങുകളും     സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിശ്വസ്തത വീണ്ടെടുക്കുകയെന്നത് ജിമ്മി കാർട്ടറുടെ ഒരു പ്രധാന സന്ദേശമായിരുന്നു.

നിക്സന്റെ കുപ്രസിദ്ധമായ  വാട്ടർ ഗേറ്റ് സംഭവത്തിൽ നിക്സന്റെയും റിപ്പബിക്കൻ പാർട്ടിയുടെയും  പ്രതിച്ഛായ നഷ്ടപ്പെട്ട സമയവുമായിരുന്നു. വാട്ടർ ഗേറ്റ് വിവാദങ്ങളുമായി ബന്ധമില്ലാതെ വാഷിംഗ്ണ്ടനു വെളിയിലുള്ള രാഷ്ട്രീയക്കാരനെന്ന നിലയിൽ നോമിനേഷൻ കിട്ടാൻ കാർട്ടർക്ക് അനുകൂലമായ സമയവുമായിരുന്നു. 1976- ജൂലൈയിൽ ജിമ്മി കാർട്ടറിന്  ഡെമോക്രാറ്റ് നോമിനേഷൻ ലഭിച്ചു. മിനിസോട്ടായിലെ വാൾട്ടർ മോണ്ടയിലിനെ ഒപ്പം  മത്സരിക്കാൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. നിക്സണ്‍ രാജി വെച്ചശേഷം പ്രസിഡണ്ടായ ജെറാൾഡ് ഫോർഡിനോടായിരുന്നു മത്സരിക്കേണ്ടത്. 51 ശതമാനം   ജനകീയ വോട്ടോടെയും 297 ഇലക്ട്രോ വോട്ടോടെയും കാർട്ടർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

വളരെയധികം ശുഭാബ്ധി വിശ്വാസത്തോടെയാണ്  ജിമ്മി കാർട്ടർ  അമേരിക്കയുടെ  പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യകാലങ്ങളിൽ ഭരണ നിർവഹണത്തെ സംബന്ധിച്ച് മീഡിയാകളുടെ പോളുകളിൽ നല്ല മതിപ്പുണ്ടായിരുന്നു. കാർട്ടറുടെ പ്രധാന നയം ഊർജം സംബന്ധിച്ചായിരുന്നു. ഓയിൽവില രാജ്യം മുഴുവൻ വർദ്ധിച്ചു കൊണ്ടിരുന്നു. വിദേശ ഓയിലിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തി നേടാനുള്ള ശ്രമവും തുടങ്ങി. എട്ടു ശതമാനം വിദേശ ഒയിലിന്റെ  ഉപയോഗം  കുറച്ചെങ്കിലും 1979 -ലെ ഇറാനിയൻ വിപ്ലവം ഓയിൽ വില ഇരട്ടിയാകാൻ കാരണമായി. രാജ്യം മുഴുവൻ വാഹനങ്ങൾക്കുള്ള  'ഗ്യാസ്' റേഷനാക്കി. മണിക്കൂറോളം വാഹനങ്ങൾ  ഗ്യാസ് സ്റ്റേഷനുകളിൽ  നിരനിരയായി  നിന്നാലേ   റേഷനനുസരിച്ചുള്ള ഗ്യാസ് ലഭിച്ച് വണ്ടിയോടിക്കാൻ സാധിച്ചിരുന്നുള്ളൂ.

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വിലപ്പെരുപ്പവും നിയന്ത്രിക്കാൻ കാർട്ടർ കഠിനമായി പരിശ്രമിച്ചു. അദ്ദേഹത്തിൻറെ ഭരണകാലത്തിന്റെ അവസാന കാലങ്ങളിൽ ഏകദേശം എട്ടു മില്ല്യൻ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ബഡ്ജെറ്റ് കമ്മി നികത്താൻ സാധിച്ചു. ദൌർഭാഗ്യവശാൽ വിലപ്പെരുപ്പവും പലിശ നിരക്കും അങ്ങേയറ്റം വർദ്ധിച്ചുവെന്നതായിരുന്നു സത്യം. അത് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ താല്ക്കാലികമായ സാമ്പത്തിക തകർച്ചയുണ്ടായതും കാർട്ടറിന്റെ ഭരണ പരാജയമായിരുന്നു.
ആഭ്യന്തര കാര്യങ്ങളിൽ കാർട്ടർ ഭരണ കൂടത്തിന്  അനേക നേട്ടങ്ങളുണ്ടായി. പെട്രോളിയം അപര്യാപ്തത പരിഹരിക്കാൻ ഒരു ദേശീയനയം രൂപീകരിച്ചു. പെട്രോളിയം വിലകളിലുള്ള നിയന്ത്രണത്തിൽ  അയവു വരുത്തിക്കൊണ്ട് ദേശീയനിലവാരത്തിൽ ഉത്പ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിച്ചു. പരീസ്ഥിതിയും പ്രകൃതിയും മെച്ചമാക്കാൻ ശ്രമങ്ങൾ തുടങ്ങി. ദേശീയ പാർക്കുകളും അലാസ്ക്കായിലെ 103 മില്ല്യൻ ഏക്കറും പരീസ്ഥിതിയുടെ സംരക്ഷണയിൽ കൊണ്ടുവന്നു. സാമൂഹിക സേവന വകുപ്പ് വിപുലീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് പുനുദ്ധരിച്ചു. സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം പരിഷ്ക്കരിച്ചു. സ്ത്രീകൾക്ക് എക്കാലത്തെക്കാളും ജോലിയവസരങ്ങൾ ലഭിച്ചു. കറുത്തവർക്കും ഹിസ്പ്പാനിക്കിനും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ  വർദ്ധിക്കുകയും ചെയ്തു.

വിദേശനയങ്ങളിൽ കാർട്ടർക്ക് തനതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു. കാർട്ടരുടെ   നേതൃത്വത്തിലുള്ള മനുഷ്യാവകാശ  പ്രവർത്തനങ്ങളെ  സോവിയറ്റു  യൂണിയനും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും   അഭിനന്ദിച്ചിരുന്നു. ചില്ലീ, എല് സാവഡോർ, നിക്കാറാഗുവാ എന്നീ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിന്  സാമ്പത്തിക  സഹായം നിറുത്തൽ  ചെയ്തു. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ കാർട്ടറെ ലോകം മുഴുവൻ അഭിനന്ദിച്ചു. ഈജിപ്റ്റും ഇസ്രയേലും യുദ്ധമില്ലാതെ സമാധാനത്തിൽ  കഴിയാൻ കാരണമായി. '  അതനുസരിച്ച്   ഇസ്രായേൽ 'സീനായിൽ' നിന്ന് പിൻ വാങ്ങുകയും രണ്ടു സർക്കാരുകളും പരസ്പരം ബഹുമാനിക്കുന്ന ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ ഒപ്പ് വെക്കുകയും ചെയ്തു. പനാമ കനാൽ' ഉടമ്പടിയും കാർട്ടരുടെ അന്തർ ദേശീയ വിജയമായിരുന്നു. ചൈനയുമായി പൂർണ്ണമായ നയതന്ത്രബന്ധം സ്ഥാപിച്ചു.  സോവിയറ്റ് യൂണിയനുമായി ന്യൂക്ലീയറായുധങ്ങൾ നിയന്ത്രിക്കുന്ന ഉടമ്പടിയും ഉണ്ടാക്കി.

എങ്കിലും അദ്ദേഹത്തിൻറെ ഭരണകാലത്ത് രസകരമല്ലാത്ത സംഭവ വികാസങ്ങളും ഉണ്ടായി. സോവിയറ്റ്‌ യൂണിയന്റെ അഫ്ഗാൻ ആക്രമണംമൂലം  അവരുമായി ഉണ്ടാക്കിയ 'SALT ഉടമ്പടി' റദ്ദാക്കേണ്ടി വന്നു.   രാജ്യത്തെ വിലപ്പെരുപ്പവും കാർട്ടറിന്റെ പ്രതിച്ഛായ തകർത്തു.1980-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർട്ടർ പരാജിതനായി. റൊണാൾഡ്‌ റേഗനോടായിരുന്നു മത്സരിച്ചത്. 1979 -ൽ  ഇറാനിലുള്ള 66 അമേരിക്കക്കാരെ അവിടുത്തെ വിപ്ലവകാരികൾ ബന്ധികളായി പിടിച്ചു വില പേശിക്കൊണ്ടിരുന്നത് കാർട്ടർ ഭരണത്തിന്റെ പരാജയ കാരണമായിരുന്നു. അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ കാർട്ടറെ ജനം കഴിവില്ലാത്ത പ്രസിഡന്റായി വിലയിരുത്തി. അവസാനം, കാർട്ടർ പ്രസിഡന്റ് പദം അവസാനിപ്പിക്കുന്നവരെ 444 ദിവസങ്ങൾ അവരെ മോചിപ്പിക്കാനായി കാത്തിരിക്കേണ്ടി വന്നു.

വിദേശ നയങ്ങളിൽ കാർട്ടർ ഭരണത്തിൽ നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും  ആഭ്യന്തര കാര്യങ്ങളിലുള്ള ഭരണനിർവഹണത്തിന്  കാർട്ടർക്ക് വളരെയധികം തടസങ്ങളുണ്ടായിരുന്നു. കാർട്ടർ ഇഷ്ടപ്പെടുന്ന ഭരണപരമായ ബില്ലുകളൊന്നും  കോണ്‍ഗ്രസ് പാസാക്കുമായിരുന്നില്ല. കാർട്ടറുടെ അഭിപ്രായങ്ങള്ക്ക് കാര്യമായി വിലയും കല്പ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട്  നിയമങ്ങൾ പാസാക്കുവാനും ബുദ്ധിമുട്ടായിരുന്നു. അമേരിക്കയുടെ താല്പര്യം പരിഗണിക്കാത്ത പനാമ കനാൽ ഉടമ്പടി പരാജയമായിരുന്നു. തുടർച്ചയായ ഭരണവീഴ്ച്ചകൾമൂലം  ജിമ്മി കാർട്ടറുടെ ഭരണ കാലഘട്ടങ്ങൾ അമേരിക്കയുടെ കറുത്ത അദ്ധ്യായങ്ങളായി മാറി.

1980-ൽ ഒരു ഹോളിവുഡ് നടനും കാലിഫോർണിയാ ഗവർണ്ണറുമായ 'റൊണാൾഡ് റേഗൻ കാർട്ടർക്കെതിരെ പ്രസിഡൻഡായി മത്സരിക്കാൻ  രംഗത്ത് വന്നു.  തിരഞ്ഞെടുപ്പു  കാലങ്ങളിൽ  റേഗൻ ജനങ്ങളോടായി ഒരു ചോദ്യം ചോദിക്കുമായിരുന്നു ; " ഇന്നുള്ള നിങ്ങളുടെ ജീവിത നിലവാരം  നാലു വർഷം  മുമ്പുണ്ടായിരുന്നതിനേക്കാൾ മെച്ചമാണോ?" തൊഴിലില്ലായ്മയും വിലപ്പെരുപ്പവും കാരണം ഭൂരിഭാഗം അമേരിക്കൻ ജനതയുടെയും  ജീവിത നിലവാരം അക്കാലങ്ങളിൽ താണു പോയിരുന്നു. 1980-ലെ തിരഞ്ഞെടുപ്പിൽ കാർട്ടറെ പരാജയപ്പെടുത്തിക്കൊണ്ട് റൊണാൾഡ് റേഗൻ അമേരിക്കയുടെ നാൽപ്പതാം പ്രസിഡണ്ടായി.

കാർട്ടറുടെ  അമേരിക്കൻ പ്രസിഡന്റു  പദവി ഒരു പരാജയമായിരുന്നെങ്കിലും വൈറ്റ് ഹൌസിൽനിന്ന് പുറത്തിറങ്ങി കഴിഞ്ഞ് അദ്ദേഹത്തിൻറെ പേര് ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിൽ ലോകം മുഴുവൻ പ്രസിദ്ധമായി. ഇന്ന് അമേരിക്കയിലെ മഹാന്മാരായ പ്രസിഡന്റ്മാരുടെ നിരയിൽ അദ്ദേഹവുമുണ്ട്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനായി 'കാർട്ടർ പ്രസിഡൻഷിയൽ ഫൌണ്ടേഷൻ ' എന്ന സ്ഥാപനം സ്ഥാപിച്ചു.  കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും  സഹായിക്കാനായി ആ സംഘടന ആഗോളതലത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള  സമൂഹങ്ങളിൽ അദ്ദേഹത്തിന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യ പരിപാലന സേവനങ്ങളും തുടർന്നുകൊണ്ടിരുന്നു. ആഗോള സമാധാനത്തിനായി അദ്ദേഹം  വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ജനാധിപത്യം, മനുഷ്യാവകാശം, സാമ്പത്തിക സാമൂഹിക പുരോഗതി എന്നീ പ്രവർത്തനങ്ങളെ വിലമതിച്ച്  2002-ൽ ജിമ്മി കാർട്ടറിനു നോബൽ സമ്മാനം ലഭിച്ചു. പ്രസിഡൻന്റുപദം അവസാനിച്ച ശേഷം കാർട്ടർ അനേക പുസ്തകങ്ങളും എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രസിദ്ധനായ പ്രസിഡന്റെന്ന നിലയിൽ ചരിത്രത്തിൽ കാർട്ടർ ഒരിക്കലും താഴെ പോവില്ല. സമത്വം, സാഹോദര്യം, ലോക സമാധാനം, മനുഷ്യാവകാശങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ  എന്നീ തുറകളിൽ ചരിത്രത്തിലെ ഏറ്റവും  വലിയ സാമൂഹിക പ്രവർത്തകനായി അദ്ദേഹത്തിൻറെ നാമം നില നില്ക്കും. അദ്ദേഹത്തിൻറെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളെ ലോകം അംഗീകരിച്ചു കഴിഞ്ഞു. 2012-ലെ നോബൽ സമ്മാനം ലഭിച്ച വേളയിൽ അദ്ദേഹം പറഞ്ഞു, മനുഷ്യത്വത്തോടുള്ള നമ്മുടെ ബന്ധം ഭയം കൊണ്ടും സങ്കുചിത ചിന്തകൊണ്ടും വേറിട്ടവരേക്കാൾ ശക്തമാണ്. എന്താണ് നാം തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ  ദൈവം ഓരോരുത്തർക്കും  അവസരം തന്നു. നമുക്ക് മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാക്കാൻ ശ്രമിക്കാം. സമാധാനത്തിനായി ഒന്നിച്ച് ജോലി ചെയ്യാം. മാറ്റങ്ങൾ വരുത്താം. ലോകത്ത് ശാന്തിയും സമാധാനവും നേടാൻ മാറ്റങ്ങൾ കൂടിയേ തീരൂ."

ജിമ്മി കാർട്ടറിന്  മസ്തിഷ്ക്കത്തിൽ  ക്യാൻസർ രോഗം ബാധിച്ചിരിക്കുന്ന  വിവരം അദ്ദേഹം തന്നെ ലോകത്തെ അറിയിച്ചു.  ' ജീവിതത്തെ അഭിമുഖീകരിക്കാൻ  താൻ മനസ്സാ തയ്യാറായിരിക്കുന്നുവെന്നും ഇനിയെല്ലാം  ദൈവത്തിന്റെ കരങ്ങളിലെന്നും  അവിടുത്തെ വിധിയെ  മാനിക്കുന്നുവെന്നും'   ഒരു പുഞ്ചിരിയോടെ ചുറ്റും കൂടി നിന്നവരോടായി കാർട്ടർ പറഞ്ഞു.  ജീവിതത്തിൽ ഏറ്റവും ഖേദിക്കുന്ന കാര്യം എന്തെന്ന് ആരോ ചോദിച്ചപ്പോൾ "ഇറാനിൽ നിന്നും ബന്ധികളായ അമേരിക്കക്കാരെ രക്ഷിക്കാനുള്ള  'ഹെലികോപ്റ്റർ  ദൌത്യം' പരാജയപ്പെട്ടതെന്നും, മറ്റൊരു ഹെലികോപ്റ്റർ കൂടി ഒപ്പം അയച്ചിരുന്നുവെങ്കിൽ ബന്ധികളെ രക്ഷിക്കാനുള്ള ദൌത്യം വിജയകരമാകുമായിരുന്നുവെന്നും, എങ്കിലും നിരാശയില്ലെന്നും അടുത്ത നാലു വർഷം കൂടി അമേരിക്കൻ പ്രസിഡണ്ടു പദത്തിൽ ഇരിക്കുന്നതിനേക്കാൾ  ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവസരം കിട്ടിയെന്നും, താൻ സ്ഥാപിച്ച 'കാർട്ടർ ഫൗണ്ടേഷൻ സെന്ററിൽ'   അഭിമാനിക്കുന്നുവെന്നും അതുമൂലം  2002-ൽ   നോബൽ സമ്മാനം ലഭിച്ചെന്നും"  കാർട്ടർ അവരുടെ ചോദ്യങ്ങൾക്ക്  മറുപടിയായി  പറഞ്ഞു.  അദ്ദേഹം തുടർന്നു,  "കഴിഞ്ഞ കാലങ്ങളിലേയ്ക്ക്  പുറകോട്ടൊന്നു ചിന്തിച്ചാൽ സുന്ദരമായ  ഒരു ജീവിതം  തനിയ്ക്കുണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സ്നേഹിക്കുന്നവരായ ആയിരക്കണക്കിനു  സുഹൃത്തുക്കൾ ‌  തന്റെ രോഗശമനത്തിനായി  അഭിലക്ഷിക്കുന്നതും മനസിന്‌ കുളിർമ്മ നല്കുന്നു."

നേപ്പാളിൽ ഭവന രഹിതർക്കായി വീടുകൾ പണിയാൻ അടുത്ത മാസം 'കാർട്ടർ' പോകാനിരിക്കുകയായിരുന്നു. ആ ജോലി ബന്ധുജനങ്ങളെ ഏല്പ്പിച്ച് വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ അദ്ദേഹം ഒരുങ്ങുന്നു. അദ്ദേഹത്തിനായി അത്യാധുനിക ക്യാൻസർ ചീകത്സകൾ ജോർജിയായിലെ എമറി ഹോസ്പിറ്റലിൽ ലോകപ്രസിദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ   നല്കി വരുന്നു.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...