By ജോസഫ് പടന്നമാക്കൽ
ആഫ്രിക്കൻ അമേരിക്കരുടെ ചരിത്രത്തിൽ 'മാല്ക്കം എക്സ്' മഹാന്മാരിൽ മഹാനായി അറിയപ്പെടുന്നു. കറുത്തവരിൽ ആത്മാഭിമാനമുയർത്തുന്നതിനും ആഫ്രിക്കൻ സംസ്ക്കാര പാരമ്പര്യത്തിൽ അഭിമാനിക്കുന്നതിനും കാരണക്കാരൻ മാല്ക്കം എക്സ് ആയിരുന്നു. അമേരിക്കയിൽ കറുത്തവരുടെയിടയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചതും അദ്ദേഹമായിരുന്നു. 1960-കളിൽ കറുത്തവരുടെ വിപ്ലവ മുന്നേറ്റങ്ങൾക്കും 'കറുപ്പാണ് സൌന്ദര്യം' എന്നമുദ്രാവാക്യങ്ങൾക്കും കറുത്തവരുടെ കലാ സാംസ്ക്കാരിക നേട്ടങ്ങൾക്കും അടിസ്ഥാനമിട്ടത് അദ്ദേഹം തന്നെ. 1950-1960 കാലങ്ങളിൽ നാഷൻ ഓഫ് ഇസ്ലാം സംഘടനയുടെ ഔദ്യോഗിക വക്താവുമായിരുന്നു. ഒരു നല്ല പ്രാസംഗികനായിരുന്ന മാല്ക്കമിന് സദസിനെ ആകർഷിക്കാൻ ,ആയിരങ്ങളുടെ ഹൃദയങ്ങൾ കവരാൻ അസാധാരണമായ കഴിവുണ്ടായിരുന്നു. കറുത്തവരുടെ പൌരാവകാശങ്ങൾ എന്തു വിലകൊടുത്തും വേണ്ടി വന്നാൽ അക്രമാസക്തമായ മാർഗങ്ങളിൽക്കൂടിയും നേടണമെന്ന ചിന്തകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ കറുത്ത രാജകുമാരനെ സ്വാതന്ത്ര്യ ദാഹികളായ ലോകം എന്നും സല്യൂട്ട് ചെയ്യുന്നു
മാൽക്കം എക്സ് 1925 മെയ് പത്തൊമ്പതാം തിയതി നെബ്രാസ്ക്കായിലെ ഓമഹാ എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പകാലത്ത് 'മാല്ക്കം ലിറ്റിൽ' എന്ന ജനനപേരിൽ അറിയപ്പെട്ടിരുന്നു. പിതാവ് 'യേൽ ലിറ്റിലും' മാതാവ് 'ലൂയീസും'. യേൽ ലിറ്റിൽ ഒരു മതാദ്ധ്യാപകനും കറുത്തവരുടെ സാമൂഹിക ക്ഷേമത്തിനായി പ്രവർത്തിച്ച സംഘടനാ നേതാവുമായിരുന്നു. കറുത്തവർക്കു വേണ്ടി പ്രവർത്തിച്ച കാരണം 'കു ക്ലക്സ് ക്ലാൻ' പോലുള്ള ഭീകര സംഘടനകളിൽ നിന്നും ഭീഷണികളും പീഡനങ്ങളും നേരിടേണ്ടി വന്നു. 'മാല്ക്കം' അമ്മയുടെ ഗർഭപാത്രത്തിലായിരുന്ന സമയം അദ്ദേഹത്തിന്റെ കുടുബം അനുഭവിച്ച യാതനകളെപ്പറ്റി മാല്ക്കമിന്റെ ആത്മകഥാ പുസ്തകത്തിലുണ്ട്. "തന്റെ അമ്മ പറഞ്ഞ കഥയായിട്ടാണ് വിവരിച്ചിരിക്കുന്നത്. 'കൂക്ലസ് ക്ലാൻ യുവാക്കൾ ഒരിക്കൽ തന്റെ വീട്ടുപടിക്കൽ തോക്കുകളുമായി അപ്പനെ വെല്ലുവിളിച്ചെന്നും പുറത്തേക്കു വരാൻ അക്രോശിച്ചെന്നും ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാല്ക്കമിന് നാലു വയസു പ്രായമുള്ളപ്പോൾ സ്ഥലത്തെ ക്ലാൻ പ്രവർത്തകർ മാതാപിതാക്കളോടൊത്തു താമസിച്ചിരുന്ന വീടിന്റെ ജനാലകൾ മുഴുവൻ തല്ലി തകർത്തു. ശല്യം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ പിതാവ് 'യേൽ ലിറ്റിൽ' ഒമാഹായിൽ നിന്നും മിച്ചിഗനിലുള്ള ഈസ്റ്റ് ലാൻസിങ്ങിൽ കുടുംബ സമേതം മാറി താമസിച്ചു.
പുതിയ വാസസ്ഥലമായ ലാൻസിംഗിലും വർണ്ണ വിവേചനം പഴയതിനേക്കാൾ അതിക്രൂരമായുണ്ടായിരുന്നു. 1929-ൽ പുതിയ വീട്ടിൽ 'യേൽ ലിറ്റിൽ' കുടുംബം താമസം തുടങ്ങിയ ഏതാനും ദിവസങ്ങൾക്കുള്ളിൽ വർണ്ണ വിവേചന വാദികൾ അവരുടെ വീട് തീ വെച്ചു നശിപ്പിച്ചു. വെളുത്തവർ ഭരിക്കുന്ന കൌണ്ടിയധികാരികൾ യാതൊരു വിധ അടിയന്തിര സഹായവും ചെയ്തില്ല. കൌണ്ടി പോലീസുകാരും ഫയർ ജോലിക്കാരും അഗ്നിശമനം വരുത്താതെ കത്തുന്നത് നോക്കി നിന്നിട്ട് മടങ്ങി പോയി. ഈ കഥകളൊക്കെ മാൽക്കമിനു അമ്മയിൽനിന്നുള്ള അറിവും നേരിയ ഓർമ്മകളുമേയുള്ളൂ. 1931- ൽ വീണ്ടും രണ്ടു കൊല്ലങ്ങൾ കൂടി കഴിഞ്ഞപ്പോൾ സംഗതികൾ കൂടുതൽ വഷളാവുകയാണുണ്ടായത്. മുനിസിപ്പൽ കാറുകൾ പാർക്ക് ചെയ്യുന്ന തെരുവിൽ മാല്ക്കമിന്റെ പിതാവ് ''യേൽ ലിറ്റിലിന്റെ'' മരിച്ച ശരീരം കണ്ടെടുക്കപ്പെട്ടു. 'യേൽ ലിറ്റിലിനെ' വെളുത്തവരുടെ വർണ്ണ വിവേചന മേൽക്കോയ്മയിൽ വധിക്കപ്പെടാൻ സാഹചര്യങ്ങളുണ്ടായിട്ടും കൂടെ കൂടെ കൊല്ലുമെന്ന് ഭീഷണികൾ നിലവിലുണ്ടായിരുന്നിട്ടും അദ്ദേഹത്തിൻറെ മരണം പോലീസ് ആത്മഹത്യയാക്കി മാറ്റിയെടുത്തു. കൊല്ലപ്പെടുമെന്ന് തീർച്ചയുണ്ടായിരുന്ന മാല്ക്കമിന്റെ പിതാവ് മക്കളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി വലിയ ഒരു തുക ഇൻഷുറൻസ് എടുത്തിട്ടുണ്ടായിരുന്നതും പോലീസിന്റെ ആത്മഹത്യാ റിപ്പോർട്ടിന്മേൽ നഷ്ടപ്പെട്ടു. തന്റെ ഭർത്താവിന്റെ മരണത്തിൽ ദുഖിതയായ ഭാര്യ മാനസികമായി തകരുകയും പിന്നീടൊരിക്കലും സുഖം പ്രാപിക്കാത്ത വിധം നിത്യ രോഗിയായി തീരുകയും ചെയ്തു. 1937-ൽ അവരെ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ' മാൽക്കം എക്സ്' വീടു വിട്ടു കൂട്ടുകാരുമൊത്തു താമസിക്കുകയും ചെയ്തു.
ജൂണിയർ ഹൈസ്കൂളിൽ മാല്ക്കം എക്സു പഠിക്കുമ്പോൾ ക്ലാസ്സിലെ ഏക കറുത്ത കുട്ടിയായിരുന്നു. അക്കാഡമിക്കായി നല്ല നിലവാരം പുലർത്തിയിരുന്നതുകൊണ്ട് അദ്ധ്യാപകർക്കും മറ്റു സഹപാഠികൾക്കും മാൽക്കമിനെ പ്രിയമായിരുന്നു. ക്ലാസ്സിലെ പ്രസിഡൻഡായി തെരഞ്ഞെടുക്കുകയും ചെയ്തു. 1939-ൽ ഒരു ടീച്ചർ മാല്ക്കമിനോട് ' താൻ ഭാവിയിലെന്താകാൻ ആഗ്രഹിക്കുന്നുവെന്നു ചോദിച്ചു.' ഒരു വക്കീലാകാൻ ആഗ്രഹിക്കുന്നുവെന്നു മാല്ക്കം മറുപടി പറഞ്ഞു. 'അത്തരം ചിന്തകൾ ഒരു കറുത്ത കുട്ടി ആഗ്രഹിച്ചാൽ നടക്കില്ലെന്നും താൻ പോയി 'ആശാരിപ്പണി' പഠിക്കൂവെന്നും ടീച്ചർ ഉപദേശിച്ചു. മനുഷ്യർ നടക്കില്ലാത്തതിനെ ചിന്തിക്കാതെ യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കണമെന്നും പറഞ്ഞു. അന്ന് ഒരു കറുത്ത കുട്ടിയ്ക്ക് ഉന്നത ഡിഗ്രീ നേടുകയെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ' ഇത് മാൽക്കമിനെ വളരെയധികം വേദനിപ്പിച്ചു. പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അദ്ദേഹം പതിനഞ്ചാം വയസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.
സ്കൂൾ പഠനം ഉപേക്ഷിച്ച ശേഷം മാൽക്കം തന്റെ അർദ്ധ സഹോദരി 'എല്ലാ' യുടെ വീട്ടിൽ ബോസ്റ്റണിൽ താമസം തുടങ്ങി. 'കറുത്ത വർഗക്കാരിയെന്ന നിലയിൽ അവർ സ്വന്തം സംസ്ക്കാരത്തിലും നിറത്തിലും തികച്ചും അഭിമാനിയായിരുന്നുവെന്നും കറുപ്പിൽ അഭിമാനിച്ചിരുന്ന മറ്റൊരു സ്ത്രീയെ മാല്ക്കം കണ്ടു മുട്ടിയിട്ടില്ലെന്നും' തന്റെ ആത്മ കഥയിൽ എഴുതിയിട്ടുണ്ട്. നീഗ്രോ സ്ത്രീകളിൽ അങ്ങനെ അഭിമാനിക്കുന്നവർ അക്കാലങ്ങളിൽ ചുരുക്കമായിരുന്നു. ഒരു സാധാരണ ചെറുപ്പക്കാരനായി ജീവിച്ച 'മാല്ക്കം' കൗമാര പ്രായത്തിലെ വിവരക്കേടിൽ ബോസ്റ്റണിലെ കുറ്റവാളികളുടെ ഗ്രൂപ്പിൽ അകപ്പെട്ടു പോയി. ആരുടെയൊക്കെയോ പ്രേരണകൊണ്ട് മയക്കു മരുന്നു കച്ചവടക്കാരനായി മാറി. കുശിനിശാലയിൽ പുതിയൊരു ജോലി കിട്ടിയെങ്കിലും മയക്കു മരുന്നു ബിസിനസിൽ പണമുണ്ടാക്കിക്കൊണ്ടിരുന്നു. ക്ലബുകളിൽ ഡാൻസും ആർഭാട ജീവിതവുമായി കഴിയാനും പണമുണ്ടാക്കണമെന്ന മോഹവും മാൽക്കമിൽ വളർന്നുകൊണ്ടിരുന്നു. അത്തരം ജീവിതത്തിനു വിരാമം ഇട്ടുകൊണ്ട് 1946-ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. മോഷണ കുറ്റവും മയക്കു മരുന്നു കച്ചവടവും ചാർജു ചെയ്തതനുസരിച്ച് പത്തു വർഷത്തേക്ക് ജയിൽ ശിക്ഷ കിട്ടി.
മാല്ക്കം ജയിൽ ലൈബ്രറിയിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ചു സമയം കളഞ്ഞിരുന്നു. നഷ്ടപ്പെട്ട ഹൈസ്കൂൾ ജീവിതം വായനയിലൂടെ നേടിക്കൊണ്ടിരുന്നു. ജയിൽ വാസത്തിനിടയിൽ കറുത്തവരുടെ ഒരു തീവ്ര സംഘടനയായ നാഷൻ ഓഫ് ഇസ്ലാമിലെ അനേക അനുയായികളെയും കണ്ടുമുട്ടി. കറുത്തവർക്ക് സ്വാതന്ത്ര്യവും സമത്വവും, നീതിയും നേടുകയെന്നായിരുന്നു നാഷൻ ഓഫ് ഇസ്ലാമിന്റെ പരമമായ ലക്ഷ്യം. വെളുത്തവരിൽ നിന്നും മോചനം നേടി കറുത്തവർക്കായി കറുത്ത രാഷ്ട്രം രൂപീകരിക്കാമെന്നും കറുത്തവരുടെ ഈ മതം ചിന്തിച്ചിരുന്നു. ജയിലിൽ കിടക്കുന്ന സമയത്ത് മാല്ക്കം നാഷൻ ഓഫ് ഇസ്ലാം മതത്തിൽ ചേർന്നു. 1952-ൽ ജയിൽ വിമുക്തനായപ്പോൾ തന്റെ ജന്മനാമമായ 'ലിറ്റിൽ' എന്നുള്ളത് പേരിൽനിന്നും എടുത്തു കളഞ്ഞു. ലിറ്റിലെന്നത് അടിമത്തത്തെ സൂചിപ്പിക്കുന്നതായിരുന്നു. പകരം 'അജ്ഞാതരായ ആഫ്രിക്കൻ പൂർവിക പിതാക്കന്മാരെന്ന' അർത്ഥം ധ്വനിക്കുന്ന എക്സ് (X ) പേരിന്റെ കൂടെ ചേർത്തു.
അമേരിക്കയിൽ നാഷൻ ഓഫ് ഇസ്ലാം സ്ഥാപിച്ച 'വാലസ് ഫാർഡിനെപ്പറ്റി' വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ജനിച്ച സ്ഥലവും വ്യക്തമല്ല. നാഷൻ ഓഫ് ഇസ്ലാമിന്റെ വിശ്വാസത്തിൽ 'വാലസ് ഫാർഡ് മുഹമ്മദ് 'അള്ളാ തന്നെയെന്നും കറുത്തവരെ രക്ഷിക്കാൻ മനുഷ്യ രൂപം പ്രാപിച്ചു ഭൂമിയിൽ വന്നുവെന്നുമാണ്. ഫെബ്രുവരി 26 അദ്ദേഹത്തിൻറെ ജന്മദിനമായി കരുതി രക്ഷക ദിനമായി നാഷൻ ഓഫ് ഇസ്ലാം കൊണ്ടാടുന്നു. നാഷൻ ഓഫ് ഇസ്ലാമിന്റെ ദൈവ ശാസ്ത്രം പാരമ്പര്യ ഇസ്ലാമുമായി വ്യത്യസ്തമാണ്. അള്ളാ ഒന്നേയുള്ളൂവെന്നും, മുഹമ്മദ് അവസാനത്തെ പ്രവാചകനെന്നും നാഷൻ ഓഫ് ഇസ്ലാം വിശ്വസിക്കുന്നില്ല. ഖുറാൻ, റംസാൻ , സാധുക്കളെ സഹായിക്കുക, ഹജ്, നിത്യ പ്രാർത്ഥന എന്നീ വിശ്വാസ സംഹിതകൾക്ക് നാഷൻ ഓഫ് ഇസ്ലാം പ്രാധാന്യം കൽപ്പിക്കുന്നില്ല. മറിച്ച് ഈ മതത്തിൽ കെട്ടുകഥകൾ നെയ്തെടുത്തിരിക്കുകയാണ്. യാക്കൂബ് എന്ന ശാസ്ത്രജ്ഞൻ ആറായിരം വർഷങ്ങൾക്കു മുമ്പ് വെളുത്തവരെ സൃഷ്ടിച്ചുവെന്നാണ് എഴുതിയിരിക്കുന്നത്. അറുപത്തിയാറ് ട്രില്ല്യൻ വർഷങ്ങൾക്കു മുമ്പ് ഷബാസിന്റെ കറുത്തവരായ വർഗം ഭൂമുഖത്തുണ്ടായിരുന്നെങ്കിലും പിന്നീട് താണ ജാതികളായ വെളുത്തവരും അവരുടെ കൃസ്തുമതവും കറുത്തവരെ അടിമകളാക്കിയെന്നും വിശ്വസിക്കുന്നു. ഏലിയാ പൂലെ അക്കാലഘട്ടത്തിലാണ് ഈ മതത്തിൽ ചേർന്നത്. സ്വയം പ്രവാചകനായി ഏലിയാ മുഹമ്മദെന്നു അറിയപ്പെട്ടിരുന്നു. വാലസ് ഫാർഡിനെ അള്ളായെന്നു സ്ഥാപിച്ചത് ഏലിയാ മുഹമ്മദായിരുന്നു. അവതാര പുരുഷന്റെ പിൻഗാമിയെന്ന നിലയിൽ ഏലിയാ മുഹമ്മദിന് പ്രവാചക സ്ഥാനം നേടാനും കഴിഞ്ഞു.
സ്വതന്ത്രനായ മനുഷ്യനെന്ന നിലയിൽ മാല്ക്കം എക്സ് മിച്ചിഗനിലുള്ള ഡിറ്റ്റോയിറ്റിൽ യാത്ര ചെയ്യുകയും നാഷൻ ഓഫ് ഇസ്ലാമിനു വേണ്ടി ജോലി തുടങ്ങുകയും ചെയ്തു. കറുത്തവരുടെയിടയിൽ ദേശീയ തലത്തിൽ ഈ മതം പ്രചരിപ്പിക്കുന്നതിനും ആരംഭിച്ചു. 'മാല്ക്കം എക്സ്' ഹാർലമിലും ബോസ്റ്റണിലും നാഷൻ ഓഫ് ഇസ്ലാമിക ടെമ്പിളിലെ പുരോഹിതനായിരുന്നു. 'മുഹമ്മദ് സംസാരിക്കുന്നു' എന്ന പേരിൽ നാഷൻ ഓഫ് ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഒരു പത്രം തുടങ്ങി. തന്റെ സ്വാഭാവികമായ സ്റ്റയിലിൽ ജനങ്ങളെ ഇളക്കാൻ തക്ക പ്രസംഗ ചാതുര്യവും മാൽക്കമിനുണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങലയിൽ നിന്നും മോചനം നേടാൻ അദ്ദേഹം കൂടെ കൂടെ അനുയായികളെ ഓർമ്മിപ്പിക്കുമായിരുന്നു. അതിനായി അക്രമമാർഗങ്ങളും സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു. അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള ഒരു വിപ്ലവത്തിൽ സമാധാന വിപ്ലവം ഒന്നില്ലെന്നും സ്വതന്ത്രമായ കറുത്ത രാഷ്ട്രത്തിന് 'ഇടത്തെ കരണം' കാണിച്ചാൽ മതിയാവില്ലെന്നും മാല്ക്കം വിശ്വസിച്ചിരുന്നു. അനേക കറുത്തവരായവർ മാൽക്കമിനോടു കൂടി അണിനിരന്നുവെങ്കിലും അദ്ദേഹത്തിനെതിരായ വിമർശകരുമുണ്ടായിരുന്നു.
1958-ൽ മാൽക്കം എക്സ് നാഷൻ ഓഫ് ഇസ്ലാം അംഗമായ ബെറ്റി സാൻഡേഴ്സിനെ വിവാഹം ചെയ്തു. അവർക്ക് ആറു പെണ്‍മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം സാൻഡെഴ്സ് കറുത്തവരുടെ പൌരാവകാശങ്ങൾക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നു.
1960 കളിൽ കറുത്തവരുടെ പൌരാവകാശത്തിനായി നിലകൊള്ളുന്ന വിപ്ലവ മുന്നണിയുടെ പ്രധാന വക്താവായി മാല്ക്കം അറിയപ്പെട്ടു. സമാധാനത്തിലധിഷ്ടിതമായ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വലിയ വിമർശകനായും മാറി. 'മാൽക്കം ജനങ്ങൾക്കു സേവനം ചെയ്യാതെ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നുവെന്ന്' ഒരിക്കൽ 'കിംഗ്' പരാമർശിക്കുകയുണ്ടായി. മാൽക്കമും കിംഗും തമ്മിൽ ആശയവിത്യാസങ്ങൾ തുടർന്നിരുന്ന അതേ കാലങ്ങളിൽ, 1963- ൽ, തന്റെ ആദ്ധ്യാത്മിക ഗുരുവായ ഏലിയാ മുഹമ്മദുമായും അഭിപ്രായ ഭിന്നതകൾ ആരംഭിച്ചു. ഏലിയാ മുഹമ്മദ് പ്രവാചകനെന്ന നിലയിൽ പഠിപ്പിക്കന്ന ആദർശങ്ങൾക്കെതിരെ ജീവിക്കുന്നുവെന്ന് മാൽക്കമിനു മനസിലായി. വിവാഹത്തിനപ്പുറം അനേകം സ്ത്രീകളുമൊത്തു ഏലിയാ മുഹമ്മദ് വഴിപിഴച്ചു ജീവിക്കുന്ന വിവരങ്ങൾ അദ്ദേഹത്തെ ദുഖിതനാക്കി. അവിഹിത കുട്ടികളുടെ പൈതൃകത്വവും എലിയാ മുഹമ്മദിനുണ്ടായിരുന്നു. മാൽക്കമിനു സ്വയം ചതിക്കപ്പെട്ടെന്നും തോന്നലുണ്ടായി. 1964-ൽ അദ്ദേഹം നാഷൻ ഓഫ് ഇസ്ലാമിൽ നിന്ന് വിട പറഞ്ഞു.
നാഷൻ ഓഫ് ഇസ്ലാമിൽ നിന്ന് വേർ പിരിഞ്ഞ ശേഷം കറുത്തവർക്കായി പ്രവർത്തിക്കുന്ന പൌരാവകാശ പ്രവർത്തകരുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ മാല്ക്കം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കറുത്തവരുടെ പ്രശ്നം അമേരിക്കയുടെ പശ്ചാത്തലത്തിൽ ഒരു ആഗോള പ്രശ്നമായി യുണൈറ്റഡ് നാഷനിൽ അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കിൽ കറുത്തവരുടെ പ്രശ്നങ്ങളെ മനസിലാക്കുന്ന രാജ്യങ്ങൾ കറുത്തവരുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തെ അംഗീകരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. സർക്കാരുകൾ കറുത്തവരെ സംരക്ഷിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ കറുത്തവർ തന്നെ സ്വയം സംരക്ഷണം ഏറ്റെടുക്കണമെന്നും വിശ്വസിച്ചിരുന്നു.
ആ വർഷം തന്നെ മാല്ക്കം ആഫ്രിക്കാ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് ഒരു യാത്ര നടത്തി. ഒരു പക്ഷെ ഈ യാത്ര അദ്ദേഹത്തിൻറെ ജീവിതത്തിലെ ഒരു വഴി തിരിവായിരിക്കാം. ആഗോള കൊളോണിയൽ വാഴ്ച്ചകൾക്കെതിരെ നടന്ന സമര ചരിത്രങ്ങളെ അമേരിക്കയിലെ പൌരാവകാശ സമരങ്ങളുമായി ഒരു താരതമ്യ പഠനം നടത്താൻ ഈ യാത്രകൊണ്ട് അദ്ദേഹത്തിനു സാധിച്ചു. പാൻ ആഫ്രിക്കനിസത്തിലും സോഷ്യലിസ ആശയങ്ങളിലും പഠിക്കാനും പ്രവർത്തിക്കാനും താല്പര്യം ജനിച്ചു. മെക്കയിൽ ഹജ് തീർത്ഥാടനത്തിനു പോവുകയും അവിടെ വെച്ചു മതം മാറി പാരമ്പര്യമതമായ സുന്നി ഇസ്ലാമിൽ ചേരുകയും ചെയ്തു. വീണ്ടും അദ്ദേഹം പേരു മാറ്റി 'എല് ഹജ് മാലിക്ക് എല് ഷബാസ്' എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു.
മെക്കയിലെ തീർത്ഥാടന യാത്രയ്ക്ക് ശേഷം മാല്ക്കം അമേരിക്കയിൽ മടങ്ങിയെത്തി. പഴയ ചിന്താഗതികളിൽ പലതും ത്യജിച്ച് നവമായ ആശയങ്ങളോടെയായിരുന്നു പിന്നീടദ്ദേഹം ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചിരുന്നത്. വെളുത്തവരോടുള്ള അടങ്ങാത്ത പകയും കോപവും തീവ്ര വിപ്ലവവും അക്രമ ചിന്താഗതികളും പാടെ ഇല്ലെന്നായി. അമേരിക്കയുടെ വർണ്ണ വിവേചനത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിൽ ശുഭ പ്രതീക്ഷകളുണ്ടായി. മാനവിക സാഹോദര്യത്തിൽ വിദ്വേഷം പാടില്ലാന്നും അക്രമവും പ്രതികാരവും മനുഷ്യന്റെ അന്ധമായ കാഴ്ചപ്പാടെന്നും താൻ പുതിയതായി സ്വീകരിച്ച ഇസ്ലാം പഠിപ്പിച്ചുവെന്നു മാല്ക്കം തന്റെ അനുയായികളോട് പറയുമായിരുന്നു. അമേരിക്കയിൽ രക്ത രഹിത വിപ്ലവത്തിൽക്കൂടി പൌരാവകാശങ്ങൾ കൈവരിക്കണമെന്ന ആശയങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻറെ ചിന്തകളിൽ മുഴങ്ങി കേട്ടത്.
വിവിധ രാജ്യങ്ങളിൽക്കൂടി ലോക സഞ്ചാരം കഴിഞ്ഞ് മടങ്ങി വന്ന മാല്ക്കമിന് ഒരു ആഗോള വീക്ഷണം ലഭിച്ചിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലും ആഫ്രിക്കൻ അമേരിക്കരുടെ പോലെ തുല്യമായ പ്രശ്നങ്ങളുണ്ടെന്നും മനസിലാക്കി. ആഫ്രിക്കൻ അമേരിക്കൻ ജനത ന്യൂന പക്ഷമായിരുന്നുവെന്ന ചിന്തകൾ തെറ്റായിരുന്നുവെന്നും ആഗോള തലത്തിൽ അവർ ഭൂരിപക്ഷ ജനതയെന്നും മാല്ക്കം വിലയിരുത്തി. അദ്ദേഹം മുതലാളിത്ത ധനതത്ത്വ വ്യവസ്ഥിതിയെ വിമർശിച്ചുകൊണ്ട് തനി സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായി മാറി. ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്ത ശേഷം കറുത്തവരും വെളുത്തവരും വ്യതസ്തമായി ജീവിക്കണമെന്ന് പിന്നീടൊരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. എങ്കിലും കറുത്തവരുടെ ദേശീയത്വത്തിനായുള്ള സമരം തുടർന്നു കൊണ്ടിരുന്നു. രാഷ്ട്ര നിർമ്മാണത്തിലും പൌരാവകാശത്തിന്മേലും കറുത്തവർക്ക് സ്വയം തീരുമാനവകാശം വേണമെന്നുള്ള വാദത്തിൽ തന്നെ ഉറച്ചുനിന്നു. അവസാന നാളുകളിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വെള്ളക്കാരുൾപ്പടെയുള്ള വിപ്ലവകാരികളുമായുള്ള സമ്മേളനശേഷം കറുത്തവർക്കു മാത്രമായ ദേശീയവാദം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിച്ചിരുന്നു. മെക്കായിൽ നിന്നും എഴുതിയ പ്രസിദ്ധമായ ഒരു എഴുത്തിൽ എഴുതി "എന്റെ മെക്കയിലേക്കുള്ള പുണ്യ യാത്രാ വേളയിൽ വെളുത്തവരുമൊന്നിച്ച് ഭക്ഷണം കഴിച്ചപ്പോൾ തന്റെ മുമ്പുണ്ടായിരുന്ന വെളുത്തവരെപ്പറ്റിയുള്ള വർഗ ചിന്താഗതികളിൽ സമൂലമായ ഒരു മാറ്റം വന്നു. നാസറും ആഫ്രിക്കൻ നേതാവ് എൻ ക്രൂമായുമായുള്ള സംസാര വേളയിൽ വർണ്ണ വിവേചനത്തിന്റെ അപകടത്തെപ്പറ്റി ഒരു ഉണർവുണ്ടാക്കി. വർണ്ണ വിവേചനമെന്നുള്ളത് വെളുത്തവരുടെയോ കറുത്തവരുടെയോ മാത്രം പ്രശ്നമല്ലെന്നും മനസിലാക്കി. ഒരു കാലത്തിലല്ലെങ്കിൽ മറ്റൊരു കാലത്തിൽ ഇത് ഭൂമുഖത്തുള്ള എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങളായിരുന്നു. ആഫ്രിക്കയിൽ വിവിധ സ്ഥലങ്ങളിൽ വെളുത്തവർ കറുത്തവരെ സഹായിക്കുന്നത് കണ്ടു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ വെളുത്തവരെപ്പറ്റി വ്യത്യസ്ഥമായ ചിന്തകളിൽ ഞാൻ സ്വയം മയങ്ങി നടക്കുകയായിരുന്നു. എന്നിലെ ഭ്രാന്തൻ ചിന്താഗതികളിൽനിന്നും ഞാനിന്ന് സ്വതന്ത്രനായതിൽ സന്തോഷിക്കുന്നു. കറുത്തവരായവർ ഏതു മാർഗം സ്വീകരിച്ചാലും സ്വയം അഭിവൃത്തി പ്രാപിച്ചുകൊണ്ടായിരിക്കണം."
മാല്ക്കമിന്റെ ആശയ വിപ്ലവങ്ങൾക്ക് സമൂലമായ ഒരു പരിവർത്തനമുണ്ടായ കാലഘട്ടത്തിലായിരുന്നു നാഷൻ ഓഫ് ഇസ്ലാമിലെ പ്രവർത്തകർ തോക്കിൻ മുനകളിൽ അദ്ദേഹത്തെ വധിച്ചത്.1965 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി മാല്ക്കം എക്ക്സ് മൻഹാട്ടനിലുള്ള ഓഡ് ബോണ്‍ ബാൾ റൂമിൽ ഒരു പ്രസംഗം ചെയ്യാൻ തയ്യാറെടുക്കെ അവിടെ മൂന്നു തോക്കു ധാരികളായവർ പ്രവേശിച്ച് അദ്ദേഹത്തിന്റെ നേരെ പതിനഞ്ചു തവണകൾ വെടിവെച്ചു. കൊളംബിയ പ്രസ് ബറ്ററെനിയൻ ഹോസ്പ്പിറ്റലിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാല്ക്കം എക്സിന്റെ മരണ ശേഷം അമേരിക്കൻ മീഡിയാ അദ്ദേഹത്തെ അക്രമ മാർഗേണ പൌരാവകാശങ്ങൾക്കായി പൊരുതിയ ഒരു റാബിയായി ചിത്രീകരിച്ചു. അദ്ദേഹത്തിൻറെ പുതിയ ആധ്യാത്മിക ചിന്താഗതികളെയും സമാധാനപരമായ രാഷ്ട്രീയ തത്ത്വ മാറ്റങ്ങളെയും സംബന്ധിച്ചുള്ള വീക്ഷണങ്ങളെപ്പറ്റി വാർത്താ വക്താക്കൾ ഒന്നും തന്നെ പറഞ്ഞില്ല.
മാൽക്കമിന്റെ ഭാര്യ ബെറ്റി ഷെബാസിനു ടെലഗ്രാം ചെയ്തുകൊണ്ട് മാർട്ടിൻ ലൂതർ കിംഗ് ഒരു സന്ദേശം അയച്ചത് ഇങ്ങനെ 'നിങ്ങളുടെ ഭർത്താവിന്റെ വധം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. വർണ്ണ വിവേചന പ്രശ്നം പരിഹരിക്കാനായി ഞങ്ങൾ പരസ്പ്പരം കണ്ടുമുട്ടിയിട്ടില്ലെങ്കിലും മാൽക്കമിനൊട് എനിയ്ക്ക് പ്രത്യേകമായ സ്നേഹമുണ്ടായിരുന്നു. വർണ്ണ പ്രശ്നങ്ങൾക്കെതിരെ തന്റെടത്തോടെ വിരൽ ചൂണ്ടാൻ, വേരോടെ പിഴുതു കളയാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. കാര്യകാരണങ്ങൾ ആത്മാർത്ഥതയോടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിവുള്ള വാചാലനായ ഒരു വക്താവുമായിരുന്നു. നാം ഇന്ന് അഭിമുഖീകരിക്കുന്ന വർണ്ണ വിവേചന പ്രശ്നങ്ങളെ തരണം ചെയ്യാൻ മാല്ക്കം നല്കിയ സേവനങ്ങളെ ആർക്കും മറക്കാൻ സാധിക്കില്ല." മാല്ക്കമിന്റെ വധത്തിൽ നാഷൻ ഓഫ് ഇസ്ലാമിനു പങ്കുള്ള ആരോപണം എലിയാ മുഹമ്മദ് നിരസിച്ചുകൊണ്ട് പറഞ്ഞു, "ഞങ്ങൾക്ക് മാല്ക്കമിനെ വധിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ അതിനൊട്ടു ശ്രമിച്ചിട്ടുമില്ല. അജ്ഞത നിറഞ്ഞ, വിഡ്ഡിത്തരം നിറഞ്ഞ മാല്ക്കമിന്റെ പുതിയ ദൈവ ശാസ്ത്രം അന്ത്യത്തിന് കാരണമായി"
1963-ൽ മാല്ക്കം പ്രസിദ്ധ എഴുത്തുകാരനായ അലക്ക്സ് ഹേയിലിയുമൊത്ത് ആത്മകഥയെഴുതാൻ ആരംഭിച്ചു. തന്റെ മരണത്തിന്റെ പ്രവചനമെന്നോണം ഈ പുസ്തകം സ്വയം ജീവിതകാലത്ത് പ്രസിദ്ധീകരിക്കാൻ സാധിച്ചാൽ അതൊരു അത്ഭുതമായിരിക്കുമെന്നു ഹെയിലിയോടു മാല്ക്കം പറയുമായിരുന്നു. മാല്ക്കമിന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് ഹെയിലിക്ക് അദ്ദേഹത്തിൻറെ ആത്മകഥ പ്രസിദ്ധികരിക്കാൻ കഴിഞ്ഞു.
1980 മുതൽ 1990 വരെയുള്ള കാലയളവിൽ ചെറുപ്പക്കാരായവർ മാൽക്കമിനെ ഒരു ഹീറോയായി കരുതിയിരുന്നു. അദ്ദേഹത്തിൻറെ പടം ആയിരക്കണക്കിന് വീടുകളിലും ഒഫീസ്കളിലും സ്കൂളിലും കാണാമായിരുന്നു. ടീ ഷർട്ടുകളിലും ജായ്ക്കറ്റിലും അദ്ദേഹത്തിന്റെ പടമുള്ളത് ചെറുപ്പക്കാർക്ക് ഒരു ഹരമായിരുന്നു.
1992-ൽ അദ്ദേഹത്തിൻറെ ജീവചരിത്രം ആധാരമാക്കി 'മാല്ക്കം എക്സ് ഫിലിം' പുറത്തായി. ഡൻസൽ വാഷിംഗ്ടണ്‍ അതിൽ മാല്കം എക്സ് ആയി അഭിനയിച്ചു. 1990 കളിലെ പത്തു ഫിലിമുകളിൽ മാല്ക്കം എക്സ് ഒരു മികച്ച ഫിലിമായിരുന്നു. 1998-ൽ മാല്ക്കമിന്റെ ആത്മകഥാ പുസ്തകം 'റ്റയിം' മാഗസിൻ മികച്ച പത്തു പുസ്തകങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു.
നെബ്രാസ്ക്കായിൽ അദ്ദേഹം ജനിച്ച വീട് ചരിത്ര സ്മാരകമായി ദേശീയ രജിസ്റ്ററിൽ ചേർത്തു. മിച്ചിഗണിൽ ലിറ്റിൽ മാല്ക്കം കൗമാര പ്രായത്തിൽ ചെലവഴിച്ച ഭവനവും ചരിത്ര സ്മാരകമാണ്. സ്കൂളുകൾ, ലൈബ്രറികൾ, റോഡുകൾ,കോളേജ്, യൂണിവേഴ്സിറ്റി വരെ അദ്ദേഹത്തിൻറെ നാമത്തിലുണ്ട്. മാല്ക്കം എക്സ് ബുലവാഡ് ന്യൂയോർക്കിൽ മേയർ കോച്ചിന്റെ കാലത്ത് നല്കിയ പേരാണ്. ഡാളസ്, മിച്ചിഗണ്‍ നഗരങ്ങളിലും അദ്ദേഹത്തിന്റെ നാമത്തിൽ റോഡുകൾ കാണാം. ഡസൻ കണക്കിന് സ്കൂളുകളും മാൽക്കൻ എക്സ് ലിബറേഷൻ യൂണിവേഴ്സിറ്റിയും ഷിക്കാഗോയിലെ മാല്ക്കം എക്സ് കോളേജും സാൻഡി യോഗയിലെ മാൽക്കമിന്റെ പേരിലുള്ള ലൈബ്രറിയും ആ മഹാന്റെ വ്യക്തിത്വത്തെ അറിയിക്കുന്ന സ്മാരകങ്ങളാണ്. 1999-ൽ അമേരിക്കാ അദ്ദേഹത്തിൻറെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി. കൊളംബിയാ യൂണിവേഴ്സിറ്റി മാല്ക്കം എക്സിന്റെ പേരിൽ കറുത്തവരുടെ ചരിത്രം സംബന്ധിച്ച ഗവേഷണത്തിനായി പ്രത്യേക വിദ്യാഭ്യാസ കേന്ദ്രം തുടങ്ങി.
മാൽക്കം ഇംഗ്ലീഷിൽ എഴുതിയ ഒരു കവിതയുടെ സാരാംശം ഇങ്ങനെ: 'ഞാൻ ജനിച്ചപ്പോൾ കറുത്തവനായിരുന്നു. വളർന്നപ്പോഴും സൂര്യന്റെ ചൂടിൽ നടന്നപ്പോഴും ഭയം കൊണ്ട് വിറച്ചപ്പോഴും പനി പിടിച്ചു കിടന്നപ്പോഴും കറുത്തവനായിരുന്നു. മരിക്കുമ്പോഴും കറുത്തവൻ തന്നെ. ഹേ, വെളുത്ത മനുഷ്യാ, ഇളം ചുവപ്പായി നീ ജനിച്ചു. വെളുത്തവനായി വളർന്നു. സൂര്യന്റെ ചൂടിൽ നീ ചുവന്നവനായി. ശൈത്യത്തിൽ നീ നീലയും ഭയപ്പെട്ടപ്പോൾ മഞ്ഞയും പനിച്ചപ്പോൾ പച്ചയുമായി. നീ മരിക്കുമ്പോൾ കരിഞ്ചുവപ്പായവനും. എന്നിട്ടും വെളുത്തവനേ, നീ എന്തേ കറുത്തവനെ നിറമുള്ളവനെന്നു വിളിക്കുന്നു.?'മാല്ക്കമിന്റെ അകാലത്തിലുള്ള മരണം സ്വാതന്ത്ര്യ ദാഹികളായ ലോകത്തെ അന്ന് ഒന്നാകെ കരയിപ്പിച്ചു. 'രക്തസാക്ഷികളുടെ സുവർണ്ണ കുടീരങ്ങളിൽ മാല്ക്കം സുവർണ്ണ ദീപമായി എന്നും തെളിയപ്പെടും. സമത്വ സാഹോദര്യ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതുകൊണ്ട് ആ മഹാന് തന്റെ ജീവനെ നഷ്ടപ്പെടുത്തേണ്ടി വന്നു.
Mohammad Ali with Malcolm X |
Malcolm in Africa |
Betty Shabazz (May 28, 1934a[›] – June 23, 1997) |
Denzel Washington as Malcolm |
Heart touching words. Thanks
ReplyDelete