സാർ നിക്ലൗവൂസ് രണ്ടാമനും രാജഭരണത്തിന്റെ അന്ത്യവും
By ജോസഫ് പടന്നമാക്കൽ
1868-മെയ് ആറാം തിയതി റഷ്യയിലെ 'പുഷ്ക്കിനെന്ന' സ്ഥലത്ത് നിക്ലൗവൂസ് രണ്ടാമൻ ജനിച്ചു. 1894-ൽ പിതാവ് അലക്സാണ്ടർ മൂന്നാമൻ ചക്രവർത്തി മരിച്ചപ്പോൾ രാജ്യത്തിന്റെ കിരീടാവകാശി ആദ്യത്തെ മകനായ നിക്ലൗവൂസ് രണ്ടാമനായിരുന്നു. ഏകാധിപത്യത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെങ്കിലും രാജ്യകാര്യങ്ങളിൽ പങ്കാളികളാകുവാൻ ഒരു ഉപദേശക സമിതിയെ തിരഞ്ഞെടുക്കാൻ പിന്നീട് നിർബന്ധിതനായി. ഒന്നാം ലോക മഹായുദ്ധവും 'ബ്ലഡി സണ്‍ണ്ടെയും' രാജ്യത്തിന്റെ സാമ്പത്തിക അസമത്വവും കുറ്റ കാരണങ്ങളായി വിധിച്ച് അദ്ദേഹത്തെയും കുടുംബത്തെയും 1918 ജൂലൈ പതിനേഴാം തിയതി ബോൾഷേവിക്കുകാർ നിർദയം വധിച്ചു.
നിക്ലൗവൂസ് രണ്ടാമൻ റഷ്യയുടെ ചക്രവർത്തിയായിരുന്ന 'അലക്സാണ്ടർ മൂന്നാമന്റെയും' 'മാരിയാ ഫ്യൂഡോറോവനായുടെയും' ആദ്യത്തെ പുത്രനായിരുന്നു. മാതാവ് 'മാരിയാ' ജനിച്ചത് ഡെന്മാർക്കിലായിരുന്നു. കുട്ടികളെ നല്ലവണ്ണം പരിപാലിക്കുന്നതിൽ അവർ വളരെയധികം ശ്രദ്ധിച്ചിരുന്നു. പിതാവായ അലക്സാണ്ടർ ചക്രവർത്തി തന്റെ മകൻ ഒരു യാഥാസ്ഥിതികനായും. മതതീഷ്ണതയിലും ഏകാധിപത്യ ഭരണ കാര്യ നിർവാഹകനായും വളരാൻ പ്രേരിപ്പിക്കുമായിരുന്നു.
പ്രസിദ്ധിയേറിയ പ്രൈവറ്റ് അദ്ധ്യാപകരിൽനിന്ന് നിക്ലൗവൂസ് രണ്ടാമന് വിദ്യാഭ്യാസം ലഭിച്ചു. ചരിത്രവും വിദേശഭാഷകളും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിഷയങ്ങളിൽ ഈ രാജകുമാരൻ പ്രാവീണ്യം നേടിയിരുന്നു. എങ്കിലും രാഷ്ട്രീയവും ധനതത്വ ശാസ്ത്രവും ഈ ഭാവി ഭരണാധികാരിയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല.
1881-ൽ നിക്ലൗവൂസിനു പതിമൂന്നു വയസ് പ്രായമുള്ളപ്പോൾ അദ്ദേഹത്തിൻറെ മുത്തച്ഛൻ രാജാവ് വിപ്ലവകാരികളുടെ ബോംബേറിൽ മരണപ്പെട്ടിരുന്നു. ആ വർഷം തന്നെ അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടർ മൂന്നാമൻ കിരീടാവകാശിയായി രാജ്യഭരണം ഏറ്റെടുത്തിരുന്നു. നിക്ലൗവൂസ് രണ്ടാമൻ സ്വാഭാവികമായി അടുത്ത കിരീടവകാശിയുമായി.
നിക്ലൗവൂസിന്റെ പിതാവ് അലക്സാണ്ടർ മൂന്നാമൻ നാല്പ്പിത്തിയൊമ്പതാം വയസിൽ കിഡ്നി രോഗബാധിതനായി 1894-ഒക്ടോബർ ഇരുപതാം തിയതി മരിച്ചു. റോമിലോവ് ചക്രവർത്തിമാരുടെ തലമുറകളായി കൈമാറിയ രാജ്യാവകാശ കിരീടം അദ്ദേഹത്തിനു ലഭിച്ചു. രാജ്യ ഭരണത്തിൽ വേണ്ടത്ര പ്രായോഗിക പരിജ്ഞാനക്കുറവുകൊണ്ടും പിതാവിന്റെ പെട്ടെന്നുള്ള മരണകാരണവും കിരീടം അദ്ദേഹത്തിനു ഒരു മുൾക്കിരീടം പോലെയായിരുന്നു. " താൻ ചക്രവർത്തിയാകാൻ യോഗ്യനല്ല. ഭരിക്കാൻ തനിക്കറിഞ്ഞു കൂടാ" എന്നാലപിച്ചിട്ടും തലയിൽ വന്ന കിരീടം തട്ടിത്തെറിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
പിതാവിന്റെ മരണശേഷം നിക്ലൗവൂസ് രണ്ടാമൻ ഒരു മാസത്തിനുള്ളിൽ അലക്സാൻഡ്രിയായായെ വിവാഹം ചെയ്തു. പൊതു ജനങ്ങളുടെ മുമ്പിൽ സാറിനി അലക്സാൻഡ്രിയാ വീട്ടമ്മയാണെങ്കിലും കൊട്ടാരത്തിലെ ഭരണപരമായ രാജ്യകാര്യങ്ങളിലും അവർ താൽപ്പര്യപ്പെട്ടിരുന്നു. കൂടുതൽ സമയവും രാജ്യത്തിന്റെ ഭരണ സംവിധാനങ്ങൾ പഠിക്കാൻ അവർ കൊട്ടാരത്തിൽ സമയം ചെലവഴിച്ചിരുന്നു.
ഈ ദമ്പതികൾക്ക് 1895-ൽ ഒരു പെണ്‍കുട്ടി ജനിക്കുകയും ഓൾഗായെന്ന്(Olga) പേര് നല്കുകയും ചെയ്തു. അതിന്റെയടുത്ത വർഷം നിക്ലൗവൂസ് രണ്ടാമൻ 'സാർ' ചക്രവർത്തിയായി ഔദ്യോഗികമായി സ്ഥാനാരോഹണം ചെയ്തു. കിരീട ധാരണ വേളയിൽ മോസ്ക്കോയിലെ ജനപ്രളയത്തിനിടയിൽ നൂറുകണക്കിനു ജനം മരിക്കാനിടയായി. ദുഃഖകരമായ രാജ്യത്തിന്റെ വിനയിൽ നിക്ലൗവൂസ് രണ്ടാമനും അലക്സാൻഡ്രിയായും ഒന്നുമറിയാത്ത ഭാവത്തിൽ കിരീട ധാരണ വേളയിൽ പുഞ്ചിരിച്ചുകൊണ്ടിരുന്നു. രാജ്യത്തിലെ പ്രജകൾക്ക് പുതിയ രാജാവിനോടും ഭാര്യയോടും അതൃപ്തിയുണ്ടാവുകയും ചെയ്തു. ജനത്തിന്റെ ദുഖത്തിൽ പങ്കുചേരാത്ത രാജ ദമ്പതികൾക്കെതിരെ ജനം രോഷാകുലരായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
1897-ൽ രാജ ദമ്പതികൾക്ക് 'ടറ്റിന ' (Tatiana)എന്ന ഒരു പെണ്‍ക്കുട്ടികൂടി ജനിച്ചു. 1899-ൽ ' മരിയാ' (Maria)എന്ന മൂന്നാമത്തെ പെണ്‍ക്കുട്ടിയും 1901ൽ അനസ്റ്റസിയ (Anastasia) എന്ന നാലാമത്തെ പെണ്‍ക്കുട്ടിയും ജനിച്ചു. 1904-ൽ അടുത്ത കിരീടാവകാശിയായ 'അലക്സി'(Alexe) എന്ന ആണ്‍ക്കുട്ടിയും ജനിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അലക്സിയ്ക്ക് 'ഹീമോഫിലിയാ' എന്ന രോഗം ബാധിച്ചു. കുട്ടിയുടെ ചീകത്സയ്ക്കായി റാസ് പുട്ടിൻ എന്ന ഒരു വൈദ്യനെ കൊട്ടാരത്തിൽ പാർപ്പിച്ചിരുന്നു. പിന്നീട് റാസ്പുട്ടിൻ കൊട്ടാരത്തിലെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. അയാൾ റഷ്യയുടെ മാസ്മര ചരിത്രമായി മാറുകയും ചെയ്തു.
നിക്ലൗവൂസിന്റെ വിദേശ നയം രാജ്യങ്ങൾ കീഴടക്കി വികസിപ്പിക്കുകയെന്നല്ലായിരുന്നു. യൂറോപ്പിലെപ്പോലെയുള്ള ഒരു ഭരണ സംവിധാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1890-ൽ റഷ്യയ്ക്ക് സാമ്പത്തിക പുരോഗതി നേടാൻ സാധിച്ചു. വിദൂര കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു. 1891-ൽ ട്രാൻസ് സൈബീരിയൻ റയിൽവേയുടെ പണിയാരംഭിച്ചു. പസഫിക്ക് തീരങ്ങളുമായി റയിൽവേ ബന്ധിപ്പിക്കണമായിരുന്നു. അത് 1905-ൽ ജപ്പാന് ഭീഷണിയായി തോന്നി. ജപ്പാൻ ആ വർഷം ഡിസംബറിൽ റഷ്യയെ ആക്രമിച്ചു. പോർട്ട് ആർതറിൽ നിക്ലൗവൂസിന്റെ പട്ടാളം ജപ്പാൻ സേനയ്ക്ക് കീഴടങ്ങി. റഷ്യയുടെ പരാജയത്തിൽ ഗത്യന്തരമില്ലാതെ നിക്ലൗവൂസ് രണ്ടാമൻ ജപ്പാനുമായി സമാധാന ഉടമ്പടിയുണ്ടാക്കി.
'ബ്ലഡി സണ്ടേ' അഥവാ രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ച കൂട്ടക്കൊല ' റഷ്യൻ ചരിത്രത്തിലെ അതിക്രൂരമായ ഒരു ദിനമായി കരുതുന്നു. 1905 ജനുവരി അഞ്ചാം തിയതി 'ഫാദർ ജോർജ് ഗാപോൻ', സെന്റ് പീറ്റേ ഴ്സ് ബർഗിലെയ്ക്ക് തൊഴിലാളികളുടെ സമാധാനപരമായ ഒരു ജാഥാ നയിച്ചിരുന്നു. തൊഴിലാളികളുടെ തൊഴിൽ ക്ഷേമപദ്ധതികൾക്കായി നിക്ലൗവൂസ് രണ്ടാമന്റെ ശ്രദ്ധയിൽപ്പെടാനുള്ള അപേക്ഷയുമായിട്ടായിരുന്നു ഈ പ്രകടന ജാഥാ മുന്നേറിയത്. എന്നാൽ പട്ടാളം പ്രകടനക്കാരുടെ നേരെ വെടി വെച്ചു. ആയിരക്കണക്കിന് ജനം കൊല്ലപ്പെട്ടു. അതാണ് റഷ്യൻ ചരിത്രത്തിലെ കുപ്രസിദ്ധമായ 'രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ചയെന്ന്' അറിയപ്പെടുന്നത്. പ്രതിഷേധമായി റഷ്യയിലെ തൊഴിലാളികൾ രാജ്യം മുഴുവൻ സമരങ്ങൾ സംഘടിപ്പിച്ചു. റഷ്യാ മുഴുവനുമുള്ള കൃഷിക്കാരും തൊഴിലാളികളോട് സഹതാപം പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികളുടെ ഈ മുന്നേറ്റത്തെ പട്ടാളം അടിച്ചമർത്തി. രാജ്യം മുഴുവൻ അരാജകത്വമായിക്കൊണ്ട് മനുഷ്യജീവന് വിലയില്ലാതായി. ഒടുവിൽ രാജാവും പ്രകടനക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി. ദൈവം നിശ്ചയിച്ച ഭരണാധികാരിയാണ് താനെന്ന് നിക്ലൗവൂസ് രണ്ടാമൻ ചിന്തിച്ചിരുന്നെങ്കിലും തിരഞ്ഞെടുത്തവരെയും രാജഭരണത്തിൽ ഉള്പ്പെടുത്താൻ അദ്ദേഹം സമ്മതിച്ചു. സർക്കാർ തീരുമാനിക്കുന്ന പരിഷ്ക്കാരങ്ങൾക്ക് 'പീറ്റർ സ്റ്റൊല്പിൻ' എന്ന മന്ത്രിയുടെ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ റഷ്യൻ പട്ടാളത്തിനു നാശം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് നിക്ലൗവൂസ് രണ്ടാമൻ യുദ്ധത്തിന്റെ ചുമതല നേരിട്ടേറ്റെടുത്തു. 1915 മുതൽ 1917 വരെ അദ്ദേഹം സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും അകന്ന് യുദ്ധ മുന്നണിയിലായിരുന്നു. അദ്ദേഹത്തിൻറെ അഭാവത്തിൽ 'അലക്സാൻഡ്രിയാ രാജ്ഞി' രാജ്യകാര്യങ്ങളിലെ ഭരണച്ചുമതല ഏറ്റെടുത്തു. കൊട്ടാരം വൈദ്യനായ' റാഷ് പുട്ടിന്റെ' സഹായം രാജ്യകാര്യങ്ങളിലും തേടിയിരുന്നു. ആഭ്യന്തര കാര്യങ്ങളിൽ റാഷ് പുട്ടിന് അമിതമായ സ്വാധീനവുമുണ്ടായിരുന്നു. അതുമൂലം നിക്ലൗവൂസ് രണ്ടാമന്റെ മന്ത്രിമാർ രാജ്യകാര്യങ്ങളിൽ നിന്നും അകന്ന് രാജി വെച്ചു. അവരുടെ സ്ഥാനത്ത് 'അലക്സാൻഡ്രിയാ രാജ്ഞിയുടെയും റാഷ് പുട്ടിന്റെയും താല്പ്പര്യം നോക്കുന്നവരെ അധികാര സ്ഥാനങ്ങളിലേയ്ക്ക് നിയമിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യയ്ക്ക് തുടർച്ചയായി പരാജയങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അസഹനീയമായ ദാരിദ്ര്യവും വിലപ്പെരുപ്പവും നാടാകെ ബാധിച്ചിരുന്നു. റഷ്യയിലെ ജനത നിക്ലൗവൂസ് രണ്ടാമന്റെ യുദ്ധകാല തീരുമാനങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അലക്സാൻഡ്രിയാ സാറിനിയുടെ ഭരണ പങ്കാളിത്തവും ജനങ്ങൾ വെറുത്തിരുന്നു. 'അലക്സാൻഡ്രിയാ' ജർമ്മൻകാരത്തിയായതുകൊണ്ട് അവർ മനപൂർവം റഷ്യയെ ശത്രുക്കൾക്ക് അടിയറ വെയ്ക്കുന്നുവെന്നും ജനങ്ങൾ വിചാരിച്ചു. യുദ്ധത്തിൽ ശത്രുവിജയം അവർ ആഗ്രഹിച്ചിരുന്നുവെന്നും ജനങ്ങളുടെയിടയിൽ കിംവദന്തികളുണ്ടായിരുന്നു. 1917 ഫെബ്രുവരിയിൽ നിക്ലൗവൂസ് രണ്ടാമന്റെ പ്രജകൾ ക്ഷുപിതരായി പ്രക്ഷോപണങ്ങളാരംഭിച്ചു. 'നിക്ലൗവൂസ് ' യുദ്ധകാല തിരക്കിലായിരുന്നതുകൊണ്ട് സെന്റ് പീറ്റർഴ്സ് ബർഗിലുണ്ടായിരുന്നില്ല. മടങ്ങി വരാൻ ഒരുങ്ങിയ നിക്ലൗവൂസിനെ ജനങ്ങൾ ട്രെയിനിൽ കയറ്റാതെ തടഞ്ഞു വെച്ചു. വിപ്ലവത്തെ അടിച്ചമർത്താൻ ശ്രമിച്ച പട്ടാളക്കാരുടെയിടയിലും വിപ്ലവമുണ്ടായി. പട്ടാളക്കാരിൽ അനേകർ ജനങ്ങളോടൊപ്പം ചേർന്ന് രാജഭരണത്തിനെതിരെ യുദ്ധം ചെയ്തു. രാജ ഭരണം അവസാനിപ്പിക്കുകയല്ലാതെ നിക്ലൗവൂസിന്റെ മുമ്പിൽ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. 1917 മാർച്ച് പതിനേഴാം തിയതി അദ്ദേഹം കിരീടം ഉപേക്ഷിച്ച് ഭരണം അവസാനിപ്പിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും 'യൂറാൾ മലകളിൽ' കൊണ്ടുപോയി വിപ്ലവ സേന വീട്ടു തടങ്കലിലാക്കി.
റഷ്യാ സാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരി നിക്ലൗവൂസ് രണ്ടാമൻ ചരിത്തിൽ തെറ്റായ സ്ഥലത്ത് രേഖപ്പെടുത്തിയത് ദുഃഖകരമായ ഒരു സത്യമാണ്. പരിവർത്തന വിധേയമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ് അദ്ദേഹം റഷ്യയുടെ സാർ ചക്രവർത്തിയായത്. ഭരിക്കാനാവശ്യമായ പാണ്ഡിത്യവും ശ്രദ്ധേയമായ അനേക സത്ഗുണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു. സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും അദ്ദേഹം പറയുമായിരുന്നു, "ഞാനൊരു സാധാരണ മനുഷ്യൻ, ചക്രവർത്തിയായ അലങ്കാര രൂപം എനിയ്ക്കു വേണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല ഓർമ്മശക്തിയും ഊർജ സ്വലതയും അറിവും പാകതയും ഉറച്ച മനശക്തിയും സ്വയം നിയന്ത്രണവും സന്മാർഗ നിലവാരവുമുണ്ടായിരുന്നു. ക്ഷമയോടെ മറ്റുള്ളവരുടെ ആശയങ്ങളെ ഉൾക്കൊള്ളുന്ന ആദർശവാനായിരുന്നു. സത്യത്തിൽ അടിയുറച്ച വിശ്വാസവും വാക്കു പാലിക്കലും ആത്മാർത്ഥമായ ഹൃദയവും അദ്ദേഹത്തെ പരാജിതനാക്കിക്കൊണ്ട് മരണത്തിലേയ്ക്ക് നയിച്ചു. ഭരണ കാര്യങ്ങളെപ്പറ്റി പരിചയമില്ലാതെ നന്നേ ചെറുപ്പത്തിൽ കിരീടധാരണം ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം നിർഭാഗ്യകരമായിരുന്നു. നിക്ലൗവൂസിന്റെയും കുടുംബത്തിന്റെയും വിധി അവിടെ മുദ്ര വെച്ചു. നിക്ലൗവൂസ് വളരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടർ മൂന്നാമൻ ഭരണപരമായ ചർച്ചാ വിഷയങ്ങളിൽ മകനെ പങ്കുകൊള്ളിപ്പിക്കില്ലായിരുന്നു. അതൊരു പിതാവിൽനിന്നു വന്ന തെറ്റായിരുന്നു. പിതാവിന്റെ കാലത്ത് രാജ്യകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹം അധികം തെറ്റുകൾ വരുത്തി കൂട്ടില്ലായിരുന്നു.
റോമോലോവ് രാജവംശത്തിന്റെ മുന്നൂറാം വാർഷികം |
No comments:
Post a Comment