Saturday, September 5, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 1)



രാജവംശ പരമ്പരകൾ 

By ജോസഫ് പടന്നമാക്കൽ


വിവിധ സംസ്ക്കാരങ്ങളോടെയുള്ള  വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ജനങ്ങൾ  വസിക്കുന്ന ആധുനിക റഷ്യ  ഒരു രാഷ്ട്രമായി രൂപാന്തരപ്പെട്ടത് ചരിത്രത്തിന്റെ നാനാ കാലഘട്ടങ്ങളിൽക്കൂടിയാണ്. പൗരാണിക റഷ്യയുടെ   ചരിത്രത്തിലേയ്ക്കുള്ള തുടക്കം കുറിയ്ക്കുന്നത് വിദൂര നാടുകളിൽക്കൂടി വന്ന കുടിയേറ്റക്കാരായ  ജനങ്ങളിൽക്കൂടിയെന്നും മനസിലാക്കാം.  ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തും രാജവംശങ്ങൾ  ഉയരുകയും അസ്തമിക്കുകയും ചെയ്തിരിക്കുന്നത് കാണാം. നൂറ്റാണ്ടുകളിൽക്കൂടി പിടിച്ചെടുത്ത സ്ഥലങ്ങളും  പട്ടണങ്ങളും ചെറു രാജ്യങ്ങളും ഒന്നായി കൂടി ചേർന്നതാണ്  ഒടുവിൽ റഷ്യാ സാമ്രാജ്യമായത്. ഓരോ കാലങ്ങളിലും റഷ്യയെ വിവിധ ഭാഗങ്ങളിൽ നിന്നും  വിദേശ ശക്തികൾ ആക്രമിച്ചിട്ടുണ്ട്.   1237-ൽ  മംഗോളിയർ റഷ്യയെ ആക്രമിച്ചു. ചെങ്കിഷ്ക്കാന്റെ കൊച്ചുമകനായ ബാട്ടുഖാൻന്റെ നേതൃത്വത്തിൽ അനേക പട്ടണങ്ങളും ഗ്രാമങ്ങളും ആക്രമിച്ചിരുന്നു. ഈ കാലഘട്ടത്തിൽ പടിഞ്ഞാറുള്ള രാജ്യങ്ങളും അവരുടെ ഭീകര സൈന്യങ്ങളും രാജ്യവിസ്ത്രുതിയ്ക്ക് വേണ്ടി റഷ്യയെ ആക്രമിച്ചിട്ടുണ്ട്.


'ഇവാൻ നാലാമൻ'  എന്ന ഭീകരനായ രാജാവിന്റെ കാലത്താണ് ചിതറി കിടന്ന ഭിന്ന രാജ്യങ്ങൾ ഒന്നിച്ചുചേർത്ത് ഏകീകൃതമായ റഷ്യാ സ്ഥാപിച്ചത്.  ഇവാനു മൂന്നു വയസു പ്രായമുള്ളപ്പോൾ  പിതാവ് 'വാസിലി മൂന്നാമൻ' രാജാവ് മരിച്ചു.  ഇവാൻ  പ്രായ പൂർത്തിയാകുന്നവരെ അയാളുടെ അമ്മ രാജ്യകാര്യങ്ങൾ നോക്കിയിരുന്നു.  ഇവാന് എട്ടു വയസുള്ളപ്പോൾ അമ്മയും മരിച്ചു. അതിനു ശേഷം  'ബൊയെർസ്'  എന്ന് സ്ലാവിക്ക് നാമത്തിൽ അറിയപ്പെടുന്ന  പ്രഭുക്കന്മാർ രാജ്യം ഭരിച്ചു. 1547-ൽ ഈ പ്രഭുക്കന്മാരുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട്   'സാർ' (Tsar)എന്ന പദവി ഇവാൻ സ്വീകരിച്ചു. രാജ്യങ്ങൾ വെട്ടി പിടിച്ചും പ്രഭുക്കന്മാരെ കൊന്നും ഈ ഭീകര ഭരണം  ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറി.


1584-ൽ ഭീകരനായ ഇവാൻ മരിച്ചു. അയാളുടെ മകൻ ഫൈദോർ രാജാവായി. രാജ്യം നിയന്ത്രിച്ചിരുന്നത് അയാളുടെ സഹോദരി ഭർത്താവ് 'ബോറീസ് ഗോഡുനോവാ' ആയിരുന്നു. 1591-ൽ രാജ്യാവകാശ തർക്കത്തിൽ ഫൈദോറിന്റെ  ഇളയ സഹോദരൻ 'ദിമിത്രിയെ' ഗോഡുനോവാ'  വധിച്ചു. രക്തപങ്കിലമായ ആ സ്ഥലത്ത് പണി കഴിപ്പിച്ച ദേവാലയമാണ് സെന്റ്‌ ഡിമട്രിയസ് ദേവാലയം. 1598-ൽ  ഫൈദോർ മരിച്ചപ്പോൾ 'ഗോഡുനോവാ' സാർ ചക്രവർത്തിയായി. അയാൾ സാർ ചക്രവർത്തിയായത്‌ നിയമപരമായിട്ടല്ലായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ  ദിമിത്രി യാണെന്നു  നടിച്ചു പോളണ്ടിൽ നിന്നും  ഒരു അപരൻ റഷ്യയെ ആക്രമിച്ചു. അടുത്ത വർഷം ഗോഡുനോവാ' മരിക്കുകയും രാജ്യത്ത് പ്രശ്നങ്ങൾ തുടരുകയും ചെയ്തു. പോളീഷ് പട്ടാളക്കാരുടെ സഹായത്തോടെ അപരനായ ദിമിത്രി രാജ്യാവകാശിയെന്ന്  വാദമുന്നയിച്ച് അടുത്ത എട്ടു വർഷം റഷ്യയെ ആക്രമിച്ചുകൊണ്ടിരുന്നു. 1613-ൽ പോളീഷുകാരെ  മോസ്ക്കോയിൽ നിന്നും പുറത്താക്കി. രാജ്യത്തിലെ പ്രഭുക്കന്മാർ  (ബോയെർസ്) ഒത്തു ചേർന്ന് 'മൈക്കിൽ റോമോനോവിനെ'  സാർ ആയി തിരഞ്ഞെടുത്തു. അടുത്ത 304 വർഷങ്ങൾ റോമോനോവ്  പാരമ്പര്യത്തിലുള്ളവർ സാർ ചക്രവർത്തിമാരായി രാജ്യം ഭരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ  ബോൾ ഷേവിക്കുകൾ നടത്തിയ റഷ്യൻ വിപ്ലവത്തോടെ 'സാർ ഭരണം' അവസാനിച്ചു.


ആദ്യത്തെ ഏതാനും റോമൊനൊവ് തലമുറകൾ റഷ്യയുടെ അന്തസ്സ് പാലിക്കാൻ ശ്രമിച്ചിരുന്നു. വലിയ കുഴപ്പങ്ങളില്ലാതെ ഭരണം സുഗമമായി തുടർന്നുകൊണ്ടിരുന്നു. അധികാര കേന്ദ്രീകരണം  പരിപൂർണ്ണമായും   രാജാവിന്റെ നിയന്ത്രത്തിലായിരുന്നെങ്കിലും സാമ്പത്തിക തലങ്ങളിൽ രാജ്യം അധികം പുരോഗമിക്കുന്നില്ലായിരുന്നു. പീറ്റർ എന്ന മഹാൻ രാജ്യത്ത് പരിപൂർണ്ണമായ  മാറ്റത്തിനായി ശ്രമിച്ചു.


പീറ്റർ അയാളുടെ പിതാവായ സർ അലക്സീസിന്റെ  രണ്ടു ഭാര്യമാരിൽ ഇളയ പുത്രനായിരുന്നു. 1676-ൽ  സാർ അലക്സീസ് മരിച്ചപ്പോൾ പീറ്ററിന്റെ സഹോദരൻ  ഫീയോദർ, 'സാർ' ആയി കിരീടം ധരിച്ചു. എന്നാൽ  അനാരോഗ്യം കാരണം 'ഫീയോദർ'  1682-ൽ മരിച്ചു.  പീറ്ററിന്റെ അമ്മ  ബുദ്ധി വികസിക്കാത്ത പീറ്ററിന്റെ സഹോദരൻ  ഐവാനെ  'സാർ' ആക്കി. ക്രംലിൻ പ്രഭുക്കന്മാർക്ക് പുതിയ സാർ ചക്രവർത്തിയുടെ നിയമനം ഇഷ്ടപ്പെട്ടില്ല. അവർ കൊട്ടാരത്തിൽ തന്നെ പ്രതിഷേധങ്ങളുമായി  അലങ്കോലം ഉണ്ടാക്കുകയും 'സാർ' പദം പീറ്ററിനും ഐവാനുമായി വീതിക്കുകയും ചെയ്തു. ആദ്യ ഭാര്യയിലുള്ള ഐവാന്റെ സഹോദരി' സോഫിയായെ'  പീറ്റർ പ്രായപൂർത്തിയാകുന്നവരെ ഭരണ കാര്യങ്ങൾ എല്പ്പിക്കുകയും ചെയ്തു.


1689-ൽ പീറ്ററിന് രാജ്യം ഭരിക്കാൻ പ്രായമായപ്പോൾ 'സോഫിയാ' ബലപ്രയോഗത്തിൽക്കൂടി അധികാരം പീറ്ററിൽ നിന്നും കവർന്നെടുക്കാൻ ശ്രമം നടത്തി. സോഫിയായുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും അവരെ 'നോവോടെവിച്ചി' കോണ്‍വെന്റിൽ'  തടവുകാരിയാക്കി പാർപ്പിക്കുകയും ചെയ്തു.  ആറു വർഷത്തിനുശേഷം ഐവാൻ മരിക്കുകയും പീറ്റർ ഏക കിരീടാവകാശിയാവുകയും ചെയ്തു. മോസ്ക്കോയിൽ താമസിക്കാതെ രാജ്യകാര്യങ്ങളെപ്പറ്റി ഗഹനമായി പഠിക്കാൻ പീറ്റർ യൂറോപ്പു മുഴുവൻ പര്യടനമാരംഭിച്ചു. രണ്ടു വർഷം അവിടെ താമസിച്ച് യൂറോപ്പിലെ ഭരണാധികാരികളും രാജാക്കന്മാരുമായി  ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ സ്വയം പരിശീലിക്കാനായി ഹോളണ്ടിൽ ഒരു കപ്പലിൽ ആശാരിപ്പണിയും ചെയ്തു.   പടിഞ്ഞാറെ രാജ്യങ്ങളുടെ ഭരണപരമായ തന്ത്രങ്ങളും  വ്യവസായ ടെക്കനിക്കുകളും   അദ്ദേഹം ഗഹനമായി പഠിച്ചു. പടിഞ്ഞാറുള്ള  രാജ്യങ്ങളെപ്പോലെ റഷ്യയേയും ആധുനികരിക്കാൻ പദ്ധതിയിട്ടു. 1698-ൽ പീറ്റർ യാത്രയിലായിരുന്ന സമയത്ത്  കോണ്‍വെന്റിൽ തടവിലാക്കപ്പെട്ട സോഫിയായുടെ പ്രേരണയിൽ  ക്രെംലിനിലെ അധികാര മോഹികൾ  രാജ ഭരണം അട്ടി മറിക്കാൻ ശ്രമിച്ചു.  രാജ്യത്ത് പ്രശ്നങ്ങൾ കേട്ടറിഞ്ഞ പീറ്റർ യാത്രകൾ പൂർത്തികരിക്കാതെ  മടങ്ങി വന്നു.  വിഘടന വാദികളുടെ അധികാരഭ്രമത്തെ അടിച്ചമർത്തുകയും  അധികാരം പിടിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുകയും  സ്ഥാനമോഹികളായ ചിലരെ വധിക്കുകയും ചെയ്തു.


പീറ്റർ,  അധികാര മോഹികളിൽനിന്നുമുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച ശേഷം  രാജ്യത്തിലെ ഭരണ പരിഷ്ക്കാരങ്ങൾക്കുള്ള ശ്രമങ്ങളും ആരംഭിച്ചു.  രാജ്യത്തിലെ പ്രഭുക്കന്മാർ യൂറോപ്യന്മാരെപ്പോലെ താടിയൊതുക്കിവെച്ചു  നടക്കണമെന്ന് നിബന്ധനയുണ്ടാക്കി.  പുരുഷന്മാർ അക്കാലത്ത് പാരമ്പര്യമായി ധരിച്ചിരുന്ന ചില   വേഷവിധാനങ്ങൾ നിരോധിച്ചു. സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കാൻ രാജ്യമൊട്ടാകെ ടെക്കനിക്കൽ സ്കൂളുകൾ ആരംഭിച്ചു.ഭാഷാപരമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്  റഷ്യൻ  ഭാഷയിലെ അക്ഷരമാലകൾ ലഘുവാക്കി. നീതിന്യായ വ്യവസ്ഥ കൂടുതൽ സുഗമമാക്കാൻ കുത്തഴിഞ്ഞ കോടതികളെ പരിഷ്ക്കരിച്ചു. നൂറു കണക്കിന് പരിഷ്ക്കാരങ്ങൾ യൂറോപ്യൻ മാതൃകയിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്നു.  സെന്റ്‌ പീറ്റേഴ്സ് എന്ന പട്ടണം അദ്ദേഹത്തിൻറെ കാലത്ത് പണി തീർത്തതാണ്.   മനുഷ്യ പ്രയത്നവും ഒപ്പം ഖജനാവിലെ  പണവും ചിലവാക്കി  പട്ടണത്തിന്റെ  പണി തീരാൻ നീണ്ട ഒമ്പത് വർഷങ്ങളോളമെടുത്തു.


പീറ്റർ 1725-ൽ മരിച്ചു.  അദ്ദേഹം മഹാനായും വിവാദ പുരുഷനായും ചരിത്രകാരുടെ ഗവേഷണങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. യൂറോപ്പിലെപ്പോലെ റഷ്യയും ആധുനികരിക്കാൻ  ശ്രമിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിൻറെ ഭരണകാലത്ത്  ഉണ്ടായില്ല.  രാജ്യത്തിനു എന്തെങ്കിലും പുരോഗതിയുണ്ടായതായും  വിവാദപരമാണ്. റഷ്യയുടെ പട്ടാളത്തെ നവീകരിച്ചതും  ഭരണപരമായ സംവിധാനങ്ങളെ മാറ്റിഎടുത്തതും അദ്ദേഹത്തിൻറെ നേട്ടമാണ്. പക്ഷെ ഈ പരിഷ്ക്കാരങ്ങൾ നടത്തിയത് രാജ്യത്തിലെ കൃഷിക്കാരുടെ പണം ഞെക്കി പിഴിഞ്ഞുകൊണ്ടായിരുന്നു. അധികാരത്തിന്റെ ഗർവ്വിൽ പല പദ്ധതികൾക്കും  നിർബന്ധിതമായി അവരിൽനിന്നും പണം പിരിക്കുകയായിരുന്നു. കൃഷിക്കാരുടെ ഉന്നമനത്തിനായി പീറ്റർ ഭരണകൂടം ഒന്നും തന്നെ ചെയ്തില്ല. പീറ്ററിന് ശേഷവും അനേക സാർ രാജാക്കന്മാർ റഷ്യാ  സാമ്രാജ്യം  ഭരിച്ചു. പിന്നീടുള്ള രാജാക്കന്മാർക്കൊന്നും ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ സാധിച്ചില്ല. റഷ്യയുടെ അടിസ്ഥാന വികസനത്തിൽ പീറ്ററിന്റെ പദ്ധതികൾ പരാജയമായിരുന്നു. അതിനുശേഷം കാതറിന്റെ കാലത്താണ്  അദ്ദേഹം പദ്ധതികളിട്ട  യൂറോപ്പിലെപ്പോലെ രാജ്യം പുരോഗമിച്ചത്.


കാതറിൻ ഒരു ജർമ്മൻ രാജകുമാരന്റെ മകളായി ജനിച്ചു.  സ്വന്തം ഭർത്താവിനെ രാജാധികാരത്തിൽ നിന്നും പുറത്താക്കിക്കൊണ്ടാണ് അവർ സാറിനിയായത്. 1745-ൽ അവർ റഷ്യയുടെ കിരീടാവകാശിയായ   'കാൾ പീറ്റർ ഉൽറിച്ച്' രാജകുമാരനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം രാജാവായപ്പോൾ 'പീറ്റർ മൂന്നാമൻ' എന്നറിയപ്പെട്ടു.1762 ജൂണ്‍ മാസത്തിൽ അവർ തന്റെ ഭർത്താവ്  പീറ്റർ മൂന്നാമനെതിരെ ആഭ്യന്തര യുദ്ധം ഉണ്ടാക്കുകയും  അട്ടിമറി നടത്തി   ഭർത്താവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരം  പിടിച്ചെടുക്കുകയും ചെയ്തു.  കാതറിൻ റഷ്യയുടെ ഭരണാധികാരിയായിരിക്കെ  ഭർത്താവ് ഒരു അപകടത്തിൽപ്പെട്ടു മരിച്ചു പോവുകയാണുണ്ടായത്.


റഷ്യൻ ചരിത്രത്തിൽ കാതറിൻ സമർദ്ധയായ  ഒരു ഭരണാധികാരിയുമായിരുന്നു. പ്രഗത്ഭരായ റഷ്യൻ ഭരണാധികാരികളിൽ കാതറിന്റെ പേരും ചരിത്രത്തിൽ ഒന്നാം ശ്രേണിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അവർ   വളരെ കർശന സ്വഭാവമുള്ളവരും  രാജ്യം നിയന്ത്രിക്കാൻ തന്റെടമുള്ള  ശക്തിയേറിയ ഭരണാധികാരിയുമായിരുന്നു. രാജ്യം മുഴുവനുമുളള  ജനം അവരുടെ ഭരണകാലത്തെ അഭിനന്ദിച്ചിരുന്നു.വളരെയധികം  മതപരമായ തീഷ്ണതയും വ്യക്തി പ്രഭാവവുമുണ്ടായിരുന്ന റാണി റഷ്യൻ ഓർത്തോഡോക്സ് സഭയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. റഷ്യൻ ഭാഷ പഠിച്ച് നല്ലവണ്ണം  ഭാഷ കൈകാര്യം ചെയ്യുകയും വായനാ ശീലം വളർത്തുകയും ചെയ്തു. രാജ്ഞിയെന്നതിലുപരി  അവരെ ഒരു  പണ്ഡിതയായും  അറിയപ്പെട്ടിരുന്നു. കാതറിൻ യൂറോപ്പ് മാതൃകയിൽ റഷ്യയെ ബലവത്തായ ഒരു രാഷ്ട്രമായി കാണാൻ ആഗ്രഹിച്ചു. പീറ്ററിന്റെ പരിഷ്ക്കാരങ്ങൾ റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ള ചക്രവർത്തിമാരെപ്പോലെ  റഷ്യയിലെ എല്ലാ പ്രോവിൻസുകളുടെ മേലും കേന്ദ്രീകൃത നയമായിരുന്നു  കാതറിനും തുടർന്നത്. കലകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  താല്പര്യമുണ്ടായിരുന്ന കാതറിൻ സംഗീത, കലാ സാംസ്ക്കാരിക നിലയങ്ങൾ നാടുനീളെ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  ആശ്രമങ്ങളും പർണ്ണശാലകളും അനേക കെട്ടിടങ്ങളും പണിതു. ജനങ്ങളുടെ വായനാശീലം  വളർത്താൻ  ലൈബ്രറികൾ സ്ഥാപിച്ചു . ജേർണലുകളും പുസ്തകങ്ങളും സാഹിത്യകൃതികളും, വിശ്വവിഖ്യാതരായവരുടെ തത്ത്വചിന്തകളും വിജ്ഞാന കോശങ്ങളും ശേഖരിക്കുകയും വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. കാതറിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും രാജ്യ കാര്യങ്ങളിലെ ഉപദേശകരായിരുന്നു. ലൈംഗിക കാര്യങ്ങളിൽ അവരുടെ സുഹൃത്തുക്കളെ കൂട്ടി അവർക്കെതിരായി അപവാദങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ആർക്കും തെളിവുകളൊന്നും നിരത്താൻ സാധിച്ചിട്ടില്ല.


1796-ൽ കാതറിൻ മരിച്ചു. അവരുടെ മകൻ പോൾ ഒന്നാമൻ രാജ്യ ഭരണം ഏറ്റെടുത്തു. പോളിന്റെ ഭരണം അഞ്ചു വർഷമേ നിലനിന്നുള്ളൂ. ആ കാലഘട്ടം രാജ്യം മുഴുവൻ അസമാധനത്തിലും അരാജകത്വത്തിലുമായിരുന്നു. പോൾ മരിച്ചു കഴിഞ്ഞ് അലക്സാണ്ടർ ഒന്നാമൻ 'സാർ' ചക്രവർത്തിയായി. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ്‌ നെപ്പോളിയന്റെ പട്ടാളം റഷ്യയിൽ പ്രവേശിച്ചത്.


1812 ജൂണിൽ നെപ്പോളിയൻ റഷ്യയുമായി യുദ്ധം പ്രഖ്യാപിച്ചു. രാജ്യ വിസ്തൃതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നെപ്പോളിയൻ  യൂറോപ്പ് മുഴുവൻ സ്വന്തം  സ്വാധീനത്തിലാക്കിയിരുന്നു. നെപ്പോളിയൻ  ചില വ്യവസ്ഥകളടങ്ങിയ ഒരു ഉടമ്പടി ഒപ്പുവെയ്ക്കാൻ അലക്സാണ്ടർ  ഒന്നാമൻ സാർ ചക്രവർത്തിയെ നാലു വർഷമായി  നിർബന്ധിക്കുന്നുണ്ടായിരുന്നു.    അഞ്ചു ലക്ഷം പട്ടാളക്കാരും വൻകിട സന്നാഹങ്ങളുമായി  യുദ്ധം ചെയ്യാൻ നെപ്പോളിയന്റെ സൈന്യം റഷ്യയിൽ പ്രവേശിച്ചു. 'മാർഷൽ കുട്ടുസോവിന്റെ' നേതൃത്വത്തിലുള്ള റഷ്യൻ സൈന്യത്തിന് ഒരു യുദ്ധം ചെയ്ത് നെപ്പോളിയനെ തോല്പ്പിക്കാൻ  സാധിക്കുമായിരുന്നില്ല.   അത്രയ്ക്ക് വലിയ സൈന്യവ്യൂഹങ്ങളടങ്ങിയ   ഒരുക്കങ്ങളായിരുന്നു നെപ്പോളിയനുണ്ടായിരുന്നത്. നെപ്പോളിയന്റെ പട്ടാളത്തിന്റെ മുന്നേറ്റത്തിൽ റഷ്യൻ സൈന്യം സുരഷിതമായ സ്ഥലത്തേയ്ക്ക് പിന്തിരിഞ്ഞുകൊണ്ടിരുന്നു. വേനലായിക്കഴിഞ്ഞപ്പോൾ നെപ്പോളിയന്റെ പട്ടാളത്തിനുള്ള ഭക്ഷണവിഭവങ്ങളുടെ  ശേഖരണം ഇല്ലാതായി. അനേകം പട്ടാളക്കാർ മരിക്കുകയും അവരുടെ എണ്ണം കുറയുകയുമുണ്ടായി. എണ്ണത്തിൽ മൂന്നിൽ രണ്ടു പട്ടാളത്തോളം പഞ്ഞം കിടന്നും വസന്ത  ബാധിച്ചും റഷ്യൻ പട്ടാളക്കാരുടെ ഒറ്റ തിരിഞ്ഞുള്ള ആക്രമത്തിലും മരണമടഞ്ഞു.


റഷ്യ,  നെപ്പോളിയനുമായി ഒരു യുദ്ധത്തിനൊരുമ്പെട്ടിരുന്നെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ റഷ്യൻ സാമ്രാജ്യം നെപ്പോളിയന്റെ അധീനതയിലാകുമായിരുന്നു. സെപ്റ്റമ്പർ മാസമായപ്പോൾ നെപ്പോളിയന്റെ പട്ടാളം മോസ്ക്കൊയ്ക്ക് 70 മൈലുകൾ അടുത്തെത്തിയിരുന്നു. ബോറോഡിനോ'  എന്ന സ്ഥലത്ത് ഇരു സൈന്യങ്ങളും    അണി നിരന്നു.  കനത്ത നാശ നഷ്ടങ്ങളോടെ ഒരു ലക്ഷത്തിൽപ്പരം ആളുകൾ മരിച്ചു. യുദ്ധത്തിൽ ആരും വിജയിച്ചില്ല. യുദ്ധമായി മുമ്പോട്ട്‌ പോകുന്നത് പ്രയോജനമുണ്ടാവില്ലെന്നു  'കുട്ടുസോവ്' മനസിലാക്കിക്കൊണ്ട് റഷ്യാ പട്ടാളത്തെ പിൻവലിച്ചുകൊണ്ടിരുന്നു. മോസ്ക്കോയിലെ   ജനങ്ങളോട് സുരക്ഷിതമായ മറ്റു പ്രദേശങ്ങളിൽ രക്ഷപെടാനും ആവശ്യപ്പെട്ടു. സെപ്റ്റംബർ പതിനാലാം തിയതി നെപ്പോളിയന്റെ പട്ടാളം പട്ടണത്തിൽ പ്രവേശിച്ചപ്പോൾ പട്ടണം മുഴുവൻ ജനവാസമില്ലാതെ കിടക്കുകയായിരുന്നു. തണുപ്പുകാലത്ത് പട്ടാളക്കാർക്ക് അവിടെ കഴിഞ്ഞുകൂടാൻ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഭക്ഷണവും ഉണ്ടായിരുന്നില്ല. ആ രാത്രി പട്ടണത്തിൽ തീപിടുത്തമുണ്ടായി. വീടുകൾ മുഴുവൻ കത്തി നശിച്ചത് കൊണ്ട് ഫ്രഞ്ച്കാർക്ക് താമസിക്കാൻ വീടുകളും ഇല്ലാതായി. അഭയം കൊടുക്കാൻ ആ പ്രദേശങ്ങളിൽ  ജനവാസവുമുണ്ടായിരുന്നില്ല.


അലക്സാണ്ടർ ചക്രവർത്തിയുമായി ഒരു ഉടമ്പടിയുണ്ടാക്കാൻ  സാധിക്കാതെ നെപ്പോളിയൻ സ്വന്തം  പട്ടാളത്തോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. തെക്കോട്ടുള്ള വഴികൾ റഷ്യൻ സൈന്യം അടച്ചു വെച്ചതു കൊണ്ട് മടക്ക യാത്രയ്ക്ക് നീണ്ട വഴികൾ തിരഞ്ഞെടുക്കേണ്ടി വന്നു. അതിശൈത്യം പൂജ്യം ഡിഗ്രീ വരെ എത്തിയതിനാൽ ഫ്രഞ്ച് പട്ടാളക്കാർക്ക് അവിടെ താമസിക്കാൻ സാധിക്കുമായിരുന്നില്ല. അഞ്ഞൂറ് മൈലുകൾ തിരിയെ നടക്കണമായിരുന്നു. പതിനായിരം ഫ്രഞ്ച് പട്ടാളം മാത്രം രക്ഷപ്പെട്ടു. ഇത് നെപ്പോളിയന്റെ പതനത്തിന് കാരണമായി. നെപ്പോളിയന്റെ ആക്രമണശേഷം'റഷ്യ' ശക്തിയുള്ള ഒരു  രാജ്യമായി അറിയപ്പെട്ടെങ്കിലും രാജ്യത്ത് പരിഹാരം കാണാതെ ആഭ്യന്തര പ്രശ്നങ്ങൾ  തുടർന്നുകൊണ്ടിരുന്നു.



റഷ്യൻ സാർ ചക്രവർത്തിമാർ ഭീകരനായ ഐവാന്റെ ഭരണം മുതൽ  മറ്റു പ്രഭുക്കന്മാർക്ക് അധികാര വികീന്ദ്രികരണം നടത്താതെ ഏകാധിപത്യ ഭരണമായിരുന്നു അനുവർത്തിച്ചു വന്നത്. പ്രഭുക്കന്മാരെ തൃപ്ത്തിപ്പെടുത്താൻ  ചക്രവർത്തിമാർ ചില അടവുകളും പ്രയോഗിക്കുമായിരുന്നു. പ്രഭുക്കന്മാരുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ 'ഐവാൻ' എന്ന  ഭീകരനായ 'സാർ' കുശാല  ബുദ്ധിയുള്ളവനായിരുന്നു. പ്രകോപനങ്ങൾ വക വെക്കാതെ പ്രഭുക്കന്മാരിൽനിന്നും അധികാരം കവർന്നെടുക്കൽ  ഐവാന്റെ  നയമായിരുന്നു. അധികാരം വെട്ടി കുറയ്ക്കുന്ന സമയത്ത് അവർക്കുള്ള നഷ്ടപരിഹാരം നല്കുന്ന പതിവുമുണ്ടായിരുന്നു.  പ്രഭുക്കന്മാർ രാജ്യകാര്യങ്ങളിൽ ഇടപെടാതിരിക്കാൻ  ഭൂവുടമകളായും ജന്മിമാരായും  ഭൂമിയുടെ മേലും  കുടിയാന്മാരുടെ  മേലും അധികാരം നല്കുമായിരുന്നു.  ജന്മി സമ്പ്രദായം ആദ്യം നടപ്പിലാക്കിയത് ഭീകരനായ ഐവാനാണ്. കാതറിന്റെ കാലം മുതൽ ചക്രവർത്തിമാർ  ഏകാധിപത്യ ഭരണമാണ് തുടർന്നിരുന്നത്. കൃഷിക്കാർ പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും കീഴിൽ അടിമകളെപ്പോലെയായിരുന്നു ജോലി ചെയ്തിരുന്നത്.


പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാജാവും പ്രഭുക്കന്മാരുമായുള്ള ബന്ധങ്ങൾക്ക് മങ്ങലേറ്റു. 1825-ൽ നവീകരണാശയങ്ങളുമായി പട്ടാളത്തിലെ ഏതാനും യുവ ഓഫീസർമാർ രാജഭരണം  നിയമാധിഷ്ടിതമായ  ഒരു ഭരണഘടനയിൽക്കൂടി വേണമെന്നാവശ്യപ്പെട്ടു. രാജാക്കന്മാരുടെ ഏകാധിപത്യ മനോഭാവത്തെ അവർ എതിർത്തിരുന്നു.  നിക്ലവൂസ്  ഒന്നാമൻ ചക്രവർത്തിക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നു. പക്ഷെ അവരുടെ ഉദ്യമം പരാജയപ്പെടുകയും നിക്ലവൂസ് ഒന്നാമൻ അവർക്കെതിരെ പ്രതികാര നടപടികൾ  സ്വീകരിക്കുകയും ചെയ്തു. നിക്ലോവൂസിന്റെ പിൻഗാമി  അലക്സാണ്ടർ രണ്ടാമൻ  രാജ്യത്ത് പരിഷ്ക്കാരങ്ങൾ നടത്തുന്നതിൽ താല്പര്യമുള്ള ചക്രവർത്തിയായിരുന്നു. 1861-ൽ അലക്സാണ്ടർ രണ്ടാമൻ  ജന്മിത്വം അവസാനിപ്പിച്ചു. എങ്കിലും കൃഷിക്കാർക്ക് വലിയ പുരോഗമനമോ മാറ്റങ്ങളോ ഉണ്ടായില്ല. രാഷ്ട്രം കൂടുതൽ വ്യവസായവൽക്കരിച്ചപ്പോൾ   ഭരണ സംവിധാനങ്ങളും പ്രശ്നങ്ങളായി മാറി.  റഷ്യ വ്യവസായക ശക്തി പ്രാപിച്ചപ്പോൾ കൂടുതൽ പ്രശ്നങ്ങളുണ്ടായി. രാജ ഭരണത്തിന്റെ കുത്തക ഭരണം  പുരോഗതിയ്ക്ക്  തടസമായിക്കൊണ്ടിരുന്നു.
ഈ കാലഘട്ടത്തിൽ റഷ്യ അതിന്റെ അതിരുകൾ വികസിപ്പിച്ച് സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടിയിരുന്നു. അതിരുകൾ അഫ്ഗാനിസ്റ്റാൻ -ചൈനാ വരെയും കൂടാതെ പസഫിക്ക് കോസ്റ്റ് വരെയും വ്യാപിച്ചു കിടന്നിരുന്നു. വ്ലാടിവോസ്റ്റിക്, പോർട്ടാർതർ തുറമുഖങ്ങൾ  വ്യവസായ വരുമാനങ്ങൾക്കും  വഴി തുറന്നു കൊടുത്തു. 1891-1905 കാലങ്ങളിൽ ട്രാൻസ് സൈബീരിയൻ റയിൽവേ  പണിതു. തന്മൂലം  കിഴക്കുള്ള ഭൂവിഭാഗങ്ങളുമായി ബന്ധപ്പെടുത്താനും സാധിച്ചു.  1894-ൽ അവസാനത്തെ സാർ ചക്രവർത്തിയായ നിക്ക്ലാവൂസ് രണ്ടാമൻ ചക്രവർത്തി രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം കഴിവുള്ള ഒരു  രാജാവായിരുന്നില്ല. കിഴക്കുള്ള റഷ്യയുടെ സ്വാധീനം ജപ്പാനെ ശത്രുവാക്കി. 1905 ജനുവരിയിൽ ജപ്പാൻ റഷ്യയെ ആക്രമിച്ചു. ജപ്പാനുമായുള്ള യുദ്ധത്തിൽ റഷ്യാ ദയനീയമായി പരാജയപ്പെടുകയും നിക്ലോവൂസ് സർക്കാരിനെപ്പറ്റിയുള്ള  മതിപ്പ്  രാജ്യം മുഴുവൻ ഇല്ലാതാവുകയും ചെയ്തു. (തുടരും)


ഭീകരനായ ഐവാൻ 

കാതറിൻ രാജ്ഞി  

മഹാനായ പീറ്റർ 


Russia: House of Romanov



Russia: Aristocratic cavalry man, 16th Cent. 

സാർ നിക്ക്ലാവൂസ് രണ്ടാമൻ 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...