Thursday, October 1, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 5)



ബോൾഷേവിക്ക് വെടിയുണ്ടകളേറ്റു  മരിച്ച രാജകുടുംബവും ദുഃഖ പര്യവസാനവും  
By ജോസഫ് പടന്നമാക്കൽ

1917 മാർച്ച് പതിനഞ്ചാം തിയതി റഷ്യൻ സാർ ചക്രവർത്തി 'നിക്ലാവൂസ് രണ്ടാമൻ'  തന്റെ സാമ്രാജ്യത്തിന്റെ  രാജകിരീടം സ്വയം പരിത്യാഗം ചെയ്തുകൊണ്ട്  സ്വന്തം  സഹോദരൻ 'ഗ്രാൻഡ്‌ ഡ്യൂക്ക് മിഖായിലിന്' 'സാർ' എന്ന  രാജാധികാരപദവി നല്കി  ഒപ്പിട്ട ഒരു വിളംബരം പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ ഡ്യൂക്ക്മിഖായൽ,  സാർ നിക്ലാവൂസിന്റെ ഇംഗിതത്തിനെതിരായി 'ചക്രവർത്തി'സ്ഥാനം നിരസിക്കുകയാണുണ്ടായത്.  രാജകീയ വിളംബരത്തിന്റെ ചുരുക്കമിങ്ങനെയാണ്.


"പ്രിയപ്പെട്ട ജനങ്ങളേ,  കഴിഞ്ഞ മൂന്നു വർഷങ്ങളായി   രാജ്യം ആക്രമിച്ച വിദേശീയരായ  ശത്രുക്കളോട്  നാം  പൊരുതിക്കോണ്ടിരിക്കുകയായിരുന്നു. അവർ  നമ്മുടെ രാജ്യത്തെ  കീഴ്പ്പെടുത്തി അടിമത്വത്തിൽ  ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.  രാജ്യം അഭിമുഖീകരിക്കുന്ന  നിർണ്ണായകമായ ഈ അപകട മുഹൂർത്തത്തിൽ   വീണ്ടുമൊരു  പരീക്ഷണഘട്ടത്തിൽക്കൂടി കടന്നുപോവാനാണ് ദൈവം ഇച്ഛിക്കുന്നത്.   രാജ്യത്തിനുള്ളിലെ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റിവിട്ട് ശത്രുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നു.  എന്തു  വില കൊടുത്താണെങ്കിലും പവിത്രമായ ഈ ജന്മഭൂമിയുടെ സുരക്ഷിതത്വത്തിനും നമ്മുടെ ആത്മാഭിമാനത്തിനുമായി  യുദ്ധം കൂടിയേ തീരു. ശത്രുവിനെ ഈ മണ്ണില്നിന്നും ഇല്ലായ്മ ചെയ്തേ മതിയാവൂ.  റഷ്യാ മഹാരാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്നത് നമ്മുടെ ധീര പോരാളികളായ പട്ടാളക്കാരുടെ മനോവീര്യത്തിൽക്കൂടിയാണ്. അവരുടെ ആത്മാഭിമാനം നാം വസിക്കുന്ന മഹത്തായ ഈ  രാജ്യത്തിന്റെ ഭാവിയ്ക്കും ആവശ്യമാണ്. രാജ്യത്തിന്റെ നിലനില്പ്പിനായുള്ള ഈ പോരാട്ടത്തിൽ  ജനങ്ങളുടെ ഭാവിക്കായി, സുരക്ഷിതത്വത്തിനായി അവസാന തുള്ളി രക്തം കൊടുത്താണെങ്കിലും നാം വിജയിച്ചേ മതിയാവൂ.


സർവ്വ ശക്തനായ ദൈവത്തിൽ സർവ്വതും അർപ്പിച്ചുകൊണ്ട്  രാജകിരീടം പരിത്യജിക്കാൻ ഞാൻ  തീരുമാനിച്ചിരിക്കുന്നു.  ഞങ്ങളുടെ പ്രിയപ്പെട്ട പുത്രനും  കിരീടത്തിന്റെ അവകാശിയാകാതെ   രാജ്യത്തിന്റെ തുടർച്ചയവകാശം എന്റെ  സഹോദരൻ ഗ്രാൻഡ്‌ ഡ്യൂക്ക് മൈക്കിൾ അല്ക്സാന്ദ്രോവി മിഖായിലിന്  അർപ്പിക്കുകയാണ്.   റഷ്യൻ സാമ്രാജ്യത്തിന്റെ കിരീടവകാശിയായ   അദ്ദേഹത്തിനു  സർവ്വ വിധ നന്മകളും അനുഗ്രഹാശിസുകളും നേരുന്നു. നമ്മുടെ രാജ്യം  പരമ്പരാഗതമായി അനുവർത്തിച്ചുപോന്ന  തത്ത്വങ്ങൾക്കധിഷ്ടിതമായി സത്യവും നീതിയും നിലനിർത്തി കൊണ്ട് എന്റെ സഹോദരൻ  രാജ ധർമ്മത്തിനായുള്ള  പ്രതിജ്ഞ ചെയ്യുന്നതായിരിക്കും.


പ്രശ്ന സങ്കീർണ്ണങ്ങളായ ഈ  ദിനങ്ങളിൽ പുതിയതായി വാഴിക്കുന്ന രാജാവിനെ അനുസരിക്കുകയും അദ്ദേഹത്തെയും രാജ്യകാര്യങ്ങളിൽ ചുമതലപ്പെട്ടവരെയും സഹായിക്കുകയും വേണം.   ഐശ്വര്യപൂർണ്ണമായ നല്ല നാളെയ്ക്കായും നമ്മുടെ വിജയത്തിനായും റഷ്യമഹാരാജ്യത്തിന്റെ നേട്ടങ്ങൾക്കായും  പുതിയതായി വാഴിക്കുന്ന ചക്രവർത്തിയ്ക്ക് സർവ്വശക്തനായ ദൈവം ശക്തി  നല്കട്ടെയെന്നും നമുക്കൊത്തൊരുമിച്ചു പ്രാർഥിക്കാം". (ഒപ്പ്, സർ  നിക്ലൗവൂസ് രണ്ട്)


റോമോലോവ് രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച വിപ്ലവത്തിനുശേഷം വന്ന താല്ക്കാലിക ഭരണകൂടം നിക്ലൗവൂസിനെയും അലക്സാഡ്രായേയും മക്കളെയും താല്ക്കാലികമായി ഒരു കൊട്ടാരത്തിൽ തടങ്കലിലാക്കിയിരുന്നു. അത് നിക്ലൗവൂസ് കുടുംബം വക സാർക്കൊയെ സെലോയിലുള്ള 'അലക്സാണ്ടർ' കൊട്ടാരമായിരുന്നു. 1917-ആഗസ്റ്റിൽ അവരെ കെറൻസ്ക്കി ഭരണകൂടം തലസ്ഥാനത്തുനിന്നും സൈബീരിയായിലുള്ള ടോബോൾക്കിൽ മാറ്റി താമസിപ്പിച്ചു. രാജ്യം മുഴുവൻ ഇളകി മറിഞ്ഞിരിക്കുന്ന വിപ്ലവക്കാരിൽ നിന്നും നിക്ലാവൂസ് കുടുംബത്തിന്റെ സുരഷിതത്വവും പുതിയതായി വന്ന ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. ടോബോൾക്കിൽ 1917 നവംബറിലെ ബോൾഷേവിക്ക് വിപ്ലവം വരെ താമസിച്ചു. എന്നാൽ 1918-ൽ താല്ക്കാലിക സർക്കാരിനെ മറിച്ചിട്ട് അധികാരത്തിൽ വന്ന ബോൾഷേവിക്കുകാരുടെ നിയന്ത്രണത്തിലുള്ള 'യെകറ്റെറിൻ' എന്ന സ്ഥലത്തേയ്ക്ക് അവരെ വീണ്ടും മാറ്റി പാർപ്പിച്ചു. 1918 ഏപ്രിൽ പതിനെട്ടാം തിയതി നിക്ലവൂസും അലക്സാഡ്രായും മകൾ മരിയായും 'ല് പാറ്റെവ്'  എന്ന വസതിയിലെത്തി. പുതിയ വാസസ്ഥലത്ത്‌ പ്രവേശിച്ചയുടൻ സുരക്ഷിതാ ജോലിക്കാർ അവരുടെ പെട്ടികൾ തുറക്കാൻ പറഞ്ഞു. അലക്സാഡ്രാ പെട്ടെന്നുതന്നെ പറ്റില്ലാന്നു പറഞ്ഞു. നിക്ലൗവൂസ്, ഭാര്യയെ ന്യായികരിച്ചുകൊണ്ട് 'ഞങ്ങൾക്ക് ഇതുവരെയും നല്ല മാര്യാദയോടെയുള്ള പരിഗണനയായിരുന്നു ലഭിച്ചിരുന്നത്. അവരെല്ലാം മാന്യന്മാരായിരുന്നു. എന്നാൽ ഇപ്പോൾ?'  'നിങ്ങൾ ഇനിമേൽ സാർ ചക്രവർത്തിയല്ലെന്നു ' മനസിലാക്കണമെന്നും നിങ്ങളെ ഒറ്റയ്ക്ക് ജയിലിടച്ച് നിർബന്ധിത കഠിന തടവ്‌ നല്കുമെന്നും അയാൾ ഭീക്ഷണിപ്പെടുത്തി. ഭർത്താവിന്റെ സുരക്ഷിതത്വം കരുതി അലസാഡ്ര പെട്ടി തുറക്കാൻ അനുവദിച്ചു. മെയ് മാസമായപ്പോൾ ബാക്കി കുടുംബാംഗങ്ങളും വന്നെത്തി. അലക്സാഡ്രായ്ക്ക് കുടുംബാംഗങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ സന്തോഷവുമായി. നേരത്തെ അവർക്ക് വരാൻ സാധിക്കാതിരുന്നത്, അലക്സിയ്ക്ക് അസുഖമായിരുന്നതിനാലായിരുന്നു.     


എഴുപത്തിയഞ്ച് സുരക്ഷിതാ ജോലിക്കാർ ആ വീടിനു ചുറ്റും കാവലുണ്ടായിരുന്നു. കൂടുതലും അപമാര്യാദയുള്ളവരും അടുത്തുള്ള ഫാക്റ്ററികളിലെ തൊഴിലാളികളുമായിരുന്നു. അവരുടെ കമാണ്ടർ 'അലക്സാണ്ടർ അവദെയെവ്' എന്ന ഒരു ബോൾഷേവിക്കുകാരനായിരുന്നു. അയാൾ ക്രൂരനും പിശാചിന്റെ സ്വഭാവമുള്ളവനും മദ്യപാനിയുമായിരുന്നു. കമാണ്ടറായ 'അവദെയെവി'ന്റെ സമീപം നിക്ലൗവൂസ് കുടുംബം എന്തെങ്കിലും ആവശ്യമായി ചെന്നാൽ അയാൾ നിന്ദ്യമായി അസഭ്യ വാക്കുകൾകൊണ്ട് ചീത്ത വിളിക്കുമായിരുന്നു. അവിടെയുള്ള കെട്ടിടത്തിനു ചുറ്റും നടക്കുന്ന കാവൽക്കാർ 'നിക്ലൗവൂസ് ഒരു രക്തക്കുടിയനും അലക്സാഡ്രാ  ജർമ്മൻ യക്ഷിയെന്നും'  കുടുംബം കേൾക്കെ ഉറക്കെ പരിഹസിക്കുമായിരുന്നു.


നിക്ലാവൂസ് കുടുംബത്തെ സംബന്ധിച്ച്  'ല് പാറ്റെവ്' വസതിയിലെ താമസം കഠിനവും ജീവിതം ദുഷ്ക്കരവുമായിരുന്നു . ഓരോ ദിവസം കടന്നുപോവുംതോറും പിറ്റേ ദിവസം ആ വീട്ടിൽ കാണുമോയെന്ന സന്ദേഹമായിരുന്നു അവരുടെ മനസ്സിൽ നിറഞ്ഞിരുന്നത്. മരണത്തെ കാത്തു കിടക്കുന്ന കാളരാത്രികളും  അനുഭവങ്ങളും അവരെ അലട്ടിയിരുന്നു. യാതൊരു സ്വാതന്ത്ര്യവും നല്കിയിരുന്നില്ല. കാവൽക്കാരുടെ  മേൽനോട്ടത്തിൽ പിന്നാമ്പുറത്തുള്ള പൂന്തോട്ടത്തിൽ അവർക്ക് വ്യായാമം ചെയ്യാൻ ഒന്നര മണിക്കൂർ അനുവദിച്ചിരുന്നു. അലക്സിയ്ക്ക് നടക്കാൻ സാധിക്കാത്തതുകൊണ്ട് അവനെ ഒരു വണ്ടിയിൽ ഉന്തിക്കൊണ്ടു പോവണമായിരുന്നു. അവരോടൊപ്പം അലക്സാഡ്രാ  അപൂർവമായെ സമയം ചിലവഴിച്ചിരുന്നുള്ളൂ. അവർ കൂടുതൽ സമയം ബൈബിൾ വായനയിലായിരുന്നു. രാത്രി കാലങ്ങളിൽ നിക്ലൗവൂസ് ചീട്ടു  കളിക്കുകയോ വായിക്കുകയോ ചെയ്യും. രാജ്യത്ത്  സംഭവിക്കുന്ന വാർത്തകൾ അറിയാൻ സാധിക്കില്ലായിരുന്നു. വളരെ പഴകിയ കാലഹരണപ്പെട്ട പത്രങ്ങൾ വായിക്കാൻ നല്കുമായിരുന്നു.


'ദിമിത്രി വോല്കോ ഗോനോവും'  സോവിയറ്റ് ചരിത്രകാരൻമാരും വിശ്വസിക്കുന്നത് 'വ്ലാഡിമർ ലെനിൻ'  തന്റെ വ്യക്തിപരമായ  വിരോധം കൊണ്ട് രാജ കുടുംബത്തെ വെടിവെച്ചു വധിക്കാനുള്ള ആജ്ഞ നല്കിയെന്നാണ്. അതിനുള്ള അവ്യക്തമായ തെളിവുകളുമുണ്ട്.സോവിയറ്റ് രേഖകളനുസരിച്ച് സോവിയറ്റിന്റെ ഭാഗമായ 'യൂറൽ റീജിയനൽ' അധികാരികൾ കുടുംബത്തെ വധിക്കാൻ തീരുമാനമെടുത്തെന്നാണ്. ലെനിന്റെ അധികാരത്തിൽ രാജകുടുംബത്തെ ഇല്ലാതാക്കിയെന്ന് 'ലിയോണ്‍ ട്രോട്സ്കിയുടെ' ഡയറിയിലുണ്ട്.  1918 ജൂലൈ നാലാംതിയതി എകറ്റെരിൻബർഗ്  ചെക്കായിലെ  ( Ekaterinburg Cheka )
'ല് പാറ്റെവ്' വസതിയുടെ കമാണ്ടറായി 'യാക്കോവ് യൂറോവ്സ്ക്കി' നിയമതിനായി.  യൂറോവ്സ്ക്കി  രാജകുടുംബത്തെ ഇല്ലാതാക്കണമെന്ന് ചിന്തിച്ചിരുന്ന  തീവ്ര ചിന്താഗതിക്കാരനും വധശിക്ഷ നടപ്പാക്കാൻ വിശ്വസിക്കാവുന്ന  ബോൾഷേവിക്കു  പ്രവർത്തകനുമായിരുന്നു.   യൂറോവ്സ്ക്കി അവിടെ ചുമതലയേറ്റയുടൻ ധൃതഗതിയിൽ രാജകുടുംബം വസിക്കുന്നിടം കൂടുതൽ സുരക്ഷിത മേഖലയാക്കി. രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ ആഭരണങ്ങൾ  ശേഖരിച്ച് ഒരു പെട്ടിയ്ക്കുള്ളിലാക്കി മുദ്ര വെച്ചു.  എങ്കിലും അമൂല്യങ്ങളായ  പവിഴങ്ങളും വൈരക്കല്ലുകളും രത്നങ്ങളും അലക്സാഡ്രായും മക്കളും ഒളിച്ചു വെച്ചിരുന്നത് മരണശേഷമാണ് കണ്ടെടുത്തത്. ജൂലൈ പതിമൂന്നാതിയതി 'യൂറോസ്ക്കി'  രാജകുടുംബത്തെ വധിക്കാനുള്ള ആജ്ഞ കൊടുത്തു.


1918- ജൂലൈ പതിന്നാലാം തിയതി ഞായറാഴ്ച പ്രാർത്ഥിക്കാനായി  രണ്ടു പുരോഹിതർ 'ല് പാറ്റെവ്'   വസതിയിൽ വന്നു. ഫാദർ സ്ട്രോസീവ് എന്ന പുരോഹിതൻ രേഖപ്പെടുത്തിയിരിക്കുന്നതായത് ,  "ആ വസതിയുടെ സ്വീകരണമുറിയിൽ ഡീക്കനും യൂറോസ്ക്കിയും താനുമായി  പോയപ്പോൾ നിക്ലൗവൂസും അലക്സാഡ്രായും അകത്തെ മുറിയിൽനിന്നും വന്നു. രണ്ടു പെണ്‍മക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. 'നിങ്ങൾ എല്ലാവരും ഇവിടെയുണ്ടോയെന്നു' യൂറോസ്ക്കി  അവരോടു ചോദിക്കുന്നതും ഒർമ്മിക്കുന്നുണ്ട് . 'ഞങ്ങൾ എല്ലാവരും ഇവിടെയുണ്ടെന്നു' അലക്സാഡ്ര   ഉത്തരവും പറഞ്ഞു.  മുറിയുടെ കവാടത്തിൽ രണ്ടു പെണ്‍ മക്കളെ കൂടാതെ മകനായ അലക്സി ഒരു വീൽ കസേരയിൽ ഇരിയ്ക്കുന്നുണ്ടായിരുന്നു. ഒരു ജായ്ക്കറ്റും ഒരു നാവികന്റെ കോളറുള്ള ഷർട്ടും  ധരിച്ചിട്ടുണ്ടായിരുന്നു. അവൻ മഞ്ഞളിച്ച് ക്ഷീണിതനായിരുന്നെങ്കിലും മുമ്പ് കണ്ടതിനേക്കാളും കുറച്ചുകൂടി ആരോഗ്യമുള്ളവനായി തോന്നി. അലക്സാഡ്രയും കൂടുതൽ ഉന്മേഷവതിയായി  അന്ന് കാണപ്പെട്ടു. കുർബാനയുടെ  സമയം  പ്രാർത്ഥനാ ഗീതങ്ങൾ പാടിയപ്പോൾ പുറകിൽ നിന്നുകൊണ്ടിരുന്ന രാജകുടുംബം മുട്ടിൽ നിന്ന്   പ്രാർത്ഥിക്കുന്നതും ഒർമ്മിക്കുന്നു. "


1918 ജൂലൈ പതിനാറാം തിയതിയും രാജകുടുംബത്തെ സംബന്ധിച്ചടത്തോളം   ഒരു സാധാരണ ദിവസം പോലെ കടന്നുപോയി. അന്ന്  നാലുമണിയ്ക്കും രാജകുടുംബം സായന്ഹ സവാരിക്കായി താമസിക്കുന്ന സ്ഥലത്തിലെ ചെറിയ ഉദ്യാനത്തിൽ നടക്കാനിറങ്ങി. വൈകുന്നേരമായപ്പോൾ അവിടുത്തെ അടുക്കള ജോലിക്കാരനായ 'ലിയോര്‍ദ്  സെഡിനേവിനെ' പറഞ്ഞു വിട്ടു.   ഏഴുമണിയായപ്പോൾ യൂറോവ്സ്കി അവിടെയുള്ള കാവൽക്കാരോട് തന്റെ മുറിയിൽ വരാൻ ആവശ്യപ്പെട്ടു. അവിടെ സൂക്ഷിച്ചിരിക്കുന്ന എല്ലാ തോക്കുകളും റിവോൾവാറും കൊണ്ടുവരാനും അയാൾ ആവശ്യപ്പെട്ടു. പന്ത്രണ്ട് ശക്തിയേറിയ റിവോൾവാർ അയാളുടെ മേശമേൽ നിരത്തിക്കൊണ്ട് പറഞ്ഞു,   'ഇന്നു രാത്രി നാം രാജ  കുടുംബത്തെ ഓരോരുത്തരെയും വെടിവെച്ച് ഇല്ലാതാക്കുന്നു.'  ആ സമയം കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ഒന്നുമറിയാതെ രാജകുടുംബം ചീട്ടു കളിയിൽ മുഴുകിയിരിക്കുകയായിരുന്നു. പത്തരയായപ്പോൾ അവർ കിടക്കാൻ പോയി.


1918 ജൂലൈ പതിനേഴാം തിയതി അതിരാവിലെ റഷ്യാരാജ്യം ഭരിച്ചിരുന്ന സാർ ചക്രവർത്തിയേയും സാറിനിയേയും തീവ്രമായ അസുഖമുണ്ടായിരുന്ന അലക്സിയുൾപ്പടെയുള്ള എല്ലാ മക്കളെയും അവരുടെ കുടുംബത്തെ പരിചരിച്ചുകൊണ്ടിരുന്ന സേവകരെയും 'ല് പാറ്റെവ്'  വസതിയുടെ ബേസ്മെന്റിൽ കൊണ്ടുപോയി മുറിയിൽ അടച്ചു.  നിക്ലൗവൂസ് ആവശ്യപ്പെട്ടതുകൊണ്ട് കാവൽക്കാർ മൂന്നു കസേരകൾ അവർക്കിരിക്കാനായി  കൊടുത്തു. നിമിഷങ്ങൾക്കകം തോക്കുധാരികളായ ഭീകരപട മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. പടയെ നയിക്കുന്ന യൂറോവ്സ്ക്കി പടയാളികളോട് നേരെ നില്ക്കാൻ ആവശ്യപ്പെട്ടു. അലക്സാഡ്രാ ഉഗ്രകോപം കൊണ്ട് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ യൂറോവ്സ്കി പറഞ്ഞു, 'നിങ്ങളെ രക്ഷിക്കാനുള്ള സകല പഴുതുകളും അടഞ്ഞു. ഇനി ഞങ്ങൾക്ക് നിങ്ങളെ വെടി വെയ്ക്കേണ്ടതായുണ്ട്. ' നിക്ലൗവൂസ് കസേരയിൽനിന്ന് ചാടിയെഴുന്നേറ്റ് 'എന്ത്?' എന്നു ചോദിക്കുകയും വെടിയുണ്ടകൾ അദ്ദേഹത്തിൻറെ തലയിൽ പതിക്കുകയും ഒരേ സമയമായിരുന്നു. നെഞ്ചിലും  തലയോട്ടിയിലും വെടിയുണ്ടകൾ തുളച്ചു കയറ്റി. രണ്ടു സേവകരെയും ഭർത്താവിനെയും   വെടിവെയ്ക്കുന്നത് നിസഹായായ അലക്സാഡ്ര നോക്കിനിന്നു. മിലിട്ടറി കമ്മീഷണർ 'പീറ്റർ എർമാക്കോവ്'   അവരുടെ നേരെ തോക്കു ചൂണ്ടി. അവർ പുറകോട്ടു തിരിഞ്ഞ് കുരിശടയാളം നെറ്റിയിൽ  വരച്ചു തീരുന്നതിനു മുമ്പ് എർമാക്കോവിന്റെ വെടിയുണ്ടകൾ അവരുടെ ഇടത്തെ ചെവിക്കു മുകളിലായി  പതിച്ചുകൊണ്ട് വലത്തെ ചെവിയുടെ വശത്തുകൂടി പാഞ്ഞു പോയി.   അവിടെയുള്ള രാജകുടുംബമടക്കമുള്ള  എല്ലാവരെയും വെടിവെച്ചശേഷം മൃഗീയനായ എർമാക്കോവ്'  മദ്യ ലഹരിയിൽ അലക്സാഡ്രായുടെയും നിക്ലൗവൂസിന്റെയും   മൃതശരീരങ്ങളെ തോക്കിന്റെ മുനകൊണ്ട് ആഞ്ഞു   കുത്തി. വെടിയുണ്ടകളുടെ ശക്തിയിൽ അവരുടെ എല്ലുകൾവരെ ചിതറി കിടന്നിരുന്നു.


'ല് പാറ്റെവ്'  വസതിയിൽ 'റോമനോവ്' കുടുംബത്തിന്റെ വധശേഷം അലക്സാഡ്രയുടെയും നിക്ലാവൂസിന്റെയും മക്കളുടെയും സേവകരുടെയും മൃതദേഹങ്ങളിലുള്ള തുണികൾ കത്തിച്ചു കളഞ്ഞതായി യൂറോവ്സ്ക്കിയുടെ കുറിപ്പിലുണ്ട്. ആദ്യം മൃതശരീരങ്ങൾ പന്ത്രണ്ടു മൈലുകൾ ദൂരമുള്ള 'യെകാറ്റെറിൻബർഗിന്' വടക്കുവശം 'ഗനീനാ യാമായിൽ' ഉപയോഗിക്കാത്ത ഖനികൾക്കുള്ളിലിട്ടു. അന്നുതന്നെ  മൃതദേഹങ്ങൾ വീണ്ടും എടുക്കപ്പെട്ടു. മൃതദേഹങ്ങളിലെ മുഖങ്ങൾ തിരിച്ചറിയാനാവാതെ വികൃതമായും ചിതറിയുമായിരുന്നു കിടന്നിരുന്നത്.  സല്ഫ്യൂരിക്ക്  ആസിഡ് മൃതദേഹങ്ങളിൽ ഒഴിച്ചിരുന്നു. പെട്ടെന്നുതന്നെ ഒരു റയിൽവേ പാളത്തിനു സമീപം മറവു ചെയ്തു.  രാജകുടുംബത്തിലെ    'മരിയായുടെയും'  'അനസ്റ്റഷ്യായുടെയും' മൃതദേഹങ്ങൾ  2007 വരെ കണ്ടുകിട്ടിയിട്ടില്ലായിരുന്നു. 1990 -ൽ സോവിയറ്റ്  യൂണിയന്റെ പതനത്തിനു മുമ്പ് റോമോനോവ് കുടുംബത്തിലെയും അവരുടെ വിശ്വസ്ഥരായ സേവകരുടെയും ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.  1970-ൽ വെളിച്ചത്തു വന്ന 1990 വരെ പുറത്തു വിടാഞ്ഞ യൂറോവസ്ക്കിയുടെ ഒരു 'റിപ്പോർട്ട്'    ഉത്തരവാദിത്തപ്പെട്ട പരിശോധകർക്ക്   ഈ മൃതദേഹങ്ങൾ കണ്ടെടുത്ത് തിരിച്ചറിയാൻ  സഹായകമായി.   2008 ജനുവരി 22 നു കിട്ടിയ ജനറ്റിക്ക്‌ റിപ്പോർട്ടിൽമേൽ  ഒരു യുവാവിന്റെയും രണ്ടു യുവതികളുടെയും മൃതാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞു. യുവാവിന്റെത് മകൻ അലസ്ക്സിയുടെയും  യുവതിയുടെ മൃതദേഹം അനസ്റ്റഷ്യായുടെയോ മരിയായുടെതോ  എന്നും വെളിവാക്കിയിരിക്കുന്നു.  ഡി എൻ എ  ടെസ്റ്റുകളുടെ വെളിച്ചത്തിലാണ് മൃതദേഹങ്ങളെ സംബന്ധിച്ച അനുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.


രാജകീയ കൂട്ടക്കൊലകളുടെ  മൃതശരീരങ്ങളിലെ  അവശിഷ്ടങ്ങളിലുള്ള  ഡി എൻ എ പരീഷണം മരിച്ച വ്യക്തികളെ തിരിച്ചറിയാൻ സഹായിച്ചു.   അലക്സാഡ്രായുടെ  മൂത്ത സഹോദരി ഹെസ്സെയിലെ വിക്ടോറിയ രാജകുമാരിയുടെ  കൊച്ചുമകന്റെ രക്ത സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്കായി ഉപയോഗിച്ചു.   അതുമൂലം അലക്സാഡ്രയെയും മക്കളെയും തിരിച്ചറിയാൻ കഴിഞ്ഞു. റഷ്യയിൽ 1890-ൽ മരിച്ച നിക്ലൗവൂസിന്റെ സഹോദരന്റെ കുടുംബങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. 1998-ൽ രാജകുടുംബത്തെ വധിച്ച എണ്‍പതാം വാർഷികത്തിൽ അലക്സാഡ്രായുടെയും നിക്ലൗവൂസിന്റെയും   മക്കളുടെയും ഭൗതികാവശിഷ്ടങ്ങൾ   സെന്റ്‌ കാതറിൻ ചാപ്പലിലും പോൾ കത്തീഡ്രലിലുമായി ആഘോഷപൂർവ്വം അടക്കം ചെയ്തിരുന്നു. രണ്ടായിരാമാണ്ടിൽ അലക്സാഡ്രായെയും ഭർത്താവ് നിക്ലൗവൂസിനെയും മക്കളേയും റഷ്യൻ ഓർത്തഡോക്സ്‌  സഭ സഹനത്തിന്റെ പ്രതീകമായി വിശുദ്ധ ഗണങ്ങളിൽ ഉൾപ്പെടുത്തി. അനേകായിരം ഭക്തജനങ്ങൾ നിഷ്കളങ്കരായ മക്കളുൾപ്പെട്ട അവരുടെ കബറിടങ്ങൾ സന്ദർശിക്കുന്നുണ്ട്.

(തുടരും)


സാർ നിക്ലൗവൂസ് രണ്ടാമന്റെ പുത്രിമാർ, മരണത്തിനു മുമ്പുള്ള അവസാന ഫോട്ടോ. 


'ല് പാറ്റെവ്' വീടിന്റെ സ്ഥാനത്ത് രാജരക്തത്തിന്മേൽ പണുത പള്ളി.    

1917 ആഗസ്റ്റ് മുതൽ 1918 ഏപ്രിൽ വരെ രാജകുടുംബം തടങ്കലിൽ താമസിച്ച  ടോബോൾക്ക്    ഭവനം.





Tsar Nicholas II, his family

November, 1917, following the abdication of the tsar Nicholas II and the breakdown of the democratic Provisional Government which had tried to govern in ...



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...