Tuesday, November 24, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 13)

ഗോർബചോവിനിസവും പരിഷ്ക്കാരങ്ങളും പാളീച്ചകളും   

By ജോസഫ് പടന്നമാക്കൽ




സോവിയറ്റ് യൂണിയന്റെ അവസാനത്തെ സുപ്രീം ഭരണാധികാരിയായിരുന്ന മൈക്കിൾ  ഗോർബചോവ്  റഷ്യയിൽ പ്രിവോളിയെന്ന സ്ഥലത്ത് 1931 മാർച്ച് രണ്ടാം തിയതി ജനിച്ചു. സോവിയറ്റ്  യൂണിയനിൽ   ആധികാരികമായ  ഉന്നത സ്ഥാനങ്ങളിലിരുന്ന  നേതാവ്, സർക്കാരിന്റെ  പ്രതിനിധി, ഔദ്യോഗിക വക്താവ്,  1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ്  പാർട്ടി  ജനറൽ സെക്രട്ടറി,  1990-91 കാലങ്ങളിൽ  സോവിയറ്റ്  യൂണിയൻ  പ്രസിഡണ്ട്, നോബൽ സമ്മാന ജേതാവ്   എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. രാജ്യത്തെ ജനാധിപത്യ സംവിധാനമാക്കുന്നതിനും സാമ്പത്തിക  പരിവർത്തനങ്ങൾക്കും വ്യവസായങ്ങൾ സ്വകാര്യവല്ക്കരണത്തിനും അടിസ്ഥാനമിട്ടു.  തന്മൂലമുള്ള അദ്ദേഹത്തിൻറെ പ്രയത്നങ്ങൾ  കമ്മ്യൂണിസത്തിന്റെ അധപതനത്തിനു വഴി തെളിയിച്ചു. 1991-ൽ  സോവിയറ്റ് യൂണിയൻ  ച്ഛിന്നഭിന്നമായി അനേക രാജ്യങ്ങളായി ചിതറുകയും ചെയ്തു. കൂടാതെ  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയന് കിഴക്കേ യൂറോപ്പിന്റെ മേലുണ്ടായിരുന്ന  ആധിപത്യവും  അവസാനിച്ചു.


ഗോർബചോവിന്റെ  മാതാപിതാക്കൾ  തെക്കു പടിഞ്ഞാറേ റഷ്യയിലെ 'സ്ടാവ്രോപോൾ' പ്രദേശത്തുള്ള  കൃഷിക്കാരായിരുന്നു. യുവാവായിരുന്നപ്പോൾ തന്നെ  1946-ൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. മോസ്ക്കോ യൂണിവെഴ് സിറ്റിയിൽ 1952-ൽ  നിയമം പഠിക്കാനാരംഭിച്ചു.1955-ൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സുപ്രധാനങ്ങളായ പല പദവികളിലുമിരുന്ന് പാർട്ടിയ്ക്കു  വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു. 1970-ൽ  പ്രാദേശിക  തലത്തിലെ ഒന്നാം സെക്രട്ടറിയായി.  1971-ൽ ഗോർബച്ചോവിനെ  കേന്ദ്ര കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തു.  യൂറി അണ്ട്രപ്പോവിന്റെ പതിനഞ്ചു മാസ ഭരണ കാലയളവിൽ 1982 മുതൽ 1984  വരെ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.


ബ്രഷ്നേവിന്റെ കാലത്തെ തകർന്നു കിടന്നിരുന്ന സോവിയറ്റ് യൂണിയന്റെ സാമ്പത്തികം അഭിവൃദ്ധിപ്പെടുത്തുകയെന്നത് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിൻറെ ആദ്യത്തെ ശ്രമമായിരുന്നു.  'സോവിയറ്റ് യൂണിയന്റെ സാമ്പത്തിക തലങ്ങൾ തകർന്നുവെന്നും പരിപൂർണ്ണമായ ഒരു പുനരുദ്ധാരണം ആവശ്യമാണെന്നും' 1985-ൽ   അദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തിക വിഷയങ്ങളെപ്പറ്റിയുള്ള  ഏകദേശമായ ഒരു കരടു രൂപം അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച്   കേന്ദ്ര കമ്മിറ്റിയിൽ കൊണ്ടുവന്നു. അതി വേഗതയിൽ റഷ്യയുടെ ടെക്കനോളജി നവീകരിക്കേണ്ട ആവശ്യവും അദ്ദേഹം  ചൂണ്ടി കാട്ടിയിരുന്നു. വ്യവസായവും കൃഷിയുത്ഭാനവും വർദ്ധിപ്പിക്കാനും  സർക്കാരിന്റെ വിവിധ തലങ്ങളിലുള്ള അഴിമതികളെ ഇല്ലായ്മ ചെയ്യാനും  നിർദേശങ്ങളിലുണ്ടായിരുന്നു.  കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അടിസ്ഥാന വ്യവസ്ഥിതിയെ അഴിച്ചു പണിയാതെ  സോവിയറ്റ് യൂണിയന്റെ സാമ്പത്തിക തലങ്ങൾ പരിഷ്ക്കരിക്കുകയെന്നത് എളുപ്പമല്ലെന്നും ഗോർബചോവിനു പിന്നീട് ബോധ്യമായി. വ്യവസായിക ഉത്ഭാതന മേഖലയിൽ ഉൽപ്പന്നങ്ങൾക്ക് സർക്കാരിന്റെ പൊതുവായ ഒരു മാനദണ്ഡം ആവശ്യമാണെന്നു മനസിലാക്കി റഷ്യൻ ഉല്പ്പന്നങ്ങള്ക്ക് മെച്ചമായ ഒരു നിലവാരം (ക്വാളിറ്റി കണ്ട്രോൾ)പുലർത്താനും നേതൃത്വം കൊടുത്തു.


സോവിയറ്റ് യൂണിയനിൽ മദ്യപാനികൾ  വർദ്ധിച്ച കാരണം 1985-ൽ മദ്യ നിരോധനവും  അദ്ദേഹത്തിൻറെ പരിഷ്ക്കാരങ്ങളിൽ ഒന്നായിരുന്നു. വോട്ക്കായുടെയും വൈനിന്റെയും ബീയറിന്റെയും വില കൂട്ടിക്കൊണ്ട് മദ്യവില്പ്പനയ്ക്ക് നിയന്ത്രണം കൊണ്ടുവന്നു. മദ്യം നിരോധിച്ചപ്പോൾ സർക്കാരിന്റെ വരുമാനവും കുറഞ്ഞു. അതിന്റെ ഫലമായി  കരിഞ്ചന്തയിൽ മദ്യം വില്പ്പന തുടങ്ങി. റഷ്യയുടെ  സാമ്പത്തിക വരുമാനത്തിൽ 100 ബില്ല്യൻ റൂബിൾസ്   കുറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിൻറെ ഈ പരിഷ്ക്കാരങ്ങൾക്ക് ജനങ്ങളിൽനിന്നു സ്വാഗതവും  രാജ്യത്തിന്‌ ഗുണപ്രദവുമെന്നും  പൊതുവേ വിലയിരുത്തലുണ്ടായിരുന്നു.


കേന്ദ്രീകൃത സാമ്പത്തിക പരിഷ്ക്കാരങ്ങൾ  ലക്‌ഷ്യം വെച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലുള്ള മാർക്കറ്റ്  സമ്പ്രദായത്തിനു മാറ്റങ്ങളും ആഗ്രഹിച്ചു.  1985-ൽ കേന്ദ്ര കമ്മിറ്റിയിലെ സാമ്പത്തിക സമ്മേളനത്തിൽ ഗോർബചോവ് ചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, 'സർക്കാരിന്റെ നേരിട്ടുള്ള പദ്ധതികളെക്കാളും മാർക്കറ്റ്  ധനതത്ത്വ  ശാസ്ത്രം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി കാണുന്നു. നിങ്ങളുടെ ധനതത്വ ശാസ്ത്രത്തിൽ മാർക്കറ്റ് ജീവരക്ഷകനായും കാണുന്നു.(ലൈഫ് സേവർ). എന്നാൽ സുഹൃത്തുക്കളെ നിങ്ങൾ ജീവ രക്ഷകനെ ചിന്തിക്കരുത്. ഓടുന്ന കപ്പലിനെപ്പറ്റി മാത്രം ചിന്തിക്കുക. സോഷ്യലിസമെന്നു  പറയുന്നത് ആ കപ്പലാണ്.'


1988 ജൂണിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി  കോണ്‍ഫ്രൻസിൽ ഗോർബചോവ് സർക്കാരിൽ പാർട്ടിയ്ക്കുള്ള  നിയന്ത്രണം കുറച്ചുകൊണ്ട്  വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ചു. ഭരിക്കുന്ന സർക്കാരിന്റെ നയ പരിപാടികളെ ആസൂത്രണം ചെയ്യാൻ സർക്കാർ നോമിനേറ്റു ചെയ്യുന്ന ജനകീയ ഡെപ്യൂട്ടി കോണ്‍ഗ്രസ്സെന്ന  സംഘടന രൂപീകരിച്ചു. ജനകീയ ഡപ്യൂട്ടികോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ തീരുമാനത്തിന്മേൽ  സർക്കാർ വക്താകളടങ്ങിയ പ്രസിഡണ്ട് സമ്പ്രദായം  നിയമപരമായി  നടപ്പാക്കി.  അതനുസരിച്ച് 1917-നു ശേഷം സോവിയറ്റ് യൂണിയനിൽ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് നടന്നു. 1989 മെയ്‌ ഇരുപത്തിയഞ്ചാം തിയതി ഗോർബചോവ്  സോവിയറ്റ് യൂണിയന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. മാറി മാറി വരുന്ന സർക്കാരുകളെ നിയന്ത്രിക്കാൻ കമ്മ്യൂണിസ്റ്റ്  പാർട്ടി കയ്യടക്കി വെച്ചിരുന്ന അധികാര കുത്തക അവസാനിപ്പിച്ച് 1990-ൽ ഗോർബചോവ്   സർക്കാരിന്റെ നടത്തിപ്പ്  സർക്കാർ നിശ്ചയിക്കുന്നവർക്കായി നല്കി വന്നു. അതെ സമയത്തു തന്നെ  ഡെപ്യൂട്ടി കോണ്‍ഗ്രസ്,  കമ്മ്യൂണിണിസ്റ്റ് പാർട്ടിയ്ക്കുണ്ടായിരുന്ന  ഭരണഘടനാപരമായ രാഷ്ട്രീയ  കുത്തകയധികാരം ഇല്ലാതാക്കി.  മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്കും നിയമപരമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള വഴിയുമൊരുക്കി. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യത്തിൽ രാജ്യം പ്രവർത്തിക്കാനും ഗോർബചോവ്  അവസരങ്ങൾ ഒരുക്കി കൊടുത്തു.
1990 മാർച്ച് പതിനഞ്ചാം തിയതി അമ്പത്തിയൊമ്പത് ശതമാനം ഡെപ്യൂട്ടികളുടെ വോട്ടോടെ ഗോർബചോവ്  സോവിയറ്റ് യൂണിയന്റെ ഒന്നാം എക്സിക്യൂട്ടീവ് പ്രസിഡണ്ടായി ചുമതലകളേറ്റെടുത്തു.  മാർച്ച്  ഇരുപത്തിയഞ്ചാം തിയതി സോവിയറ്റ് കോണ്‍ഗ്രസ്സിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാനായി സമ്മേളിച്ചു. ആ സമ്മേളനത്തിൽ കോണ്‍ഗ്രസ് ഗോർബചോവിനു പ്രശ്നങ്ങളൊന്നും കൊടുത്തില്ല. സോവിയറ്റ് യൂണിയനിലെ മാറ്റങ്ങൾ ലോകം മുഴുവനുമുളള  ടെലിവിഷനിലും വാർത്താ മീഡിയാകളിലും നിറഞ്ഞിരുന്നു. വിമർശനങ്ങളും മാറ്റങ്ങൾക്കായുള്ള  നിർദേശങ്ങളും പ്രോത്സാഹിപ്പിച്ചു. തെരഞ്ഞെടുപ്പിൽ  കമ്മ്യൂണിസ്റ്റ്  പാർട്ടിയിലുള്ള പലരും പരാജയപ്പെട്ടു. മോസ്ക്കോയിൽ നിന്ന് ബോറീസ് യെൽസിൻ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഗോർബചോവിന്റെ ഏറ്റവും വലിയ വിമർശകനായി മാറി .  അമേരിക്കൻ രീതി പോലെ ഗോർബചോവ് ഒരു വൈസ് പ്രസിഡൻണ്ടിനേയും തെരഞ്ഞെടുത്തു.


സോവിയറ്റ് നേതൃത്വത്തിനു മീതെ ഗോർബചോവ്‌  തന്റെ വ്യക്തിപരമായ അധികാരമെടുക്കാനാരംഭിച്ചു. ബ്രഷ്നേവിന്റെ കാലം മുതൽ തകർന്നു കിടന്ന റഷ്യൻ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണുകയെന്നത്   അദ്ദേഹത്തിൻറെ ലക്ഷ്യമായിരുന്നു. അതിനായി സോവിയറ്റ് യൂണിയനിൽ നിലവിലുള്ള പഴഞ്ചനായ ടെക്കനോളജിയെ   ആധുനികരിക്കാൻ തീരുമാനിച്ചു. പ്രോത്സാഹനങ്ങൾ നല്കി  തൊഴിലാളികളിൽ നിന്നും രാജ്യത്തിന്റെ വ്യാവസായികോത്ഭാദനം  വർദ്ധിപ്പിക്കാനും പദ്ധതികളിട്ടു.  സർക്കാർ തലങ്ങളിലുള്ള ഉദ്യോഗസ്ഥ  മേധാവിത്വവും അഴിഞ്ഞാട്ടവും ചുവപ്പു നാടകളുമില്ലാതാക്കി  സർക്കാർ സ്ഥാപനങ്ങൾ  കാര്യക്ഷമമാക്കാനും ശ്രദ്ധിച്ചിരുന്നു.   സോവിയറ്റ് യൂണിയനിൽ  ഗോർബചോവ് തുടങ്ങി വെച്ച മാറ്റങ്ങൾക്ക് ഫലം ലഭിക്കാത്തതിനാൽ രാജ്യത്തിനുള്ളിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ  സമൂലമായ മാറ്റങ്ങൾക്കായി  ശ്രമം തുടങ്ങി.   പൌരാവകാശങ്ങളും  അഭിപ്രായ സ്വാതന്ത്ര്യങ്ങളും  വിവര സാങ്കേതിക വികസനങ്ങളും  വാർത്താ  മാദ്ധ്യമങ്ങളിൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും സ്റ്റലിന്റെ ഏകാധിപത്യത്തെ  തിരസ്ക്കരിക്കലും  ഗോർബചോവിന്റെ ശ്രമഫലമായ മാറ്റങ്ങളായിരുന്നു. സോവിയറ്റ് രാഷ്ട്രീയ വ്യവസ്ഥിതിയെ പരിവർത്തന വിധേയമായ  ജനാധിപത്യ വ്യവസ്ഥിതിയിലാക്കാനും തീരുമാനിച്ചു. സർക്കാരിന്റെ ഔദ്യോഗിക പോസ്റ്റുകളിലേയ്ക്ക് വിവിധ പാർട്ടികളിൽ നിന്നും രഹസ്യ ബാലറ്റുവഴി തെരഞ്ഞെടുപ്പുകളും നടത്തിയിരുന്നു. സോവിയറ്റ് സാമ്പത്തിക ശാസ്ത്രത്തിൽ സ്വതന്ത്രമായ മാർക്കറ്റ് സമ്പ്രദായവും നടപ്പാക്കി.  മാറ്റങ്ങളെ കമ്മ്യൂണിസ്റ്റു   പാർട്ടിയ്ക്കുള്ളിലുള്ളവരും സർക്കാരിന്റെ ചുവപ്പ് നാടകളും ഒരുപോലെ എതിർത്തിരുന്നു. സാമ്പത്തിക തലങ്ങളിൽ അവർക്കുണ്ടായിരുന്ന കുത്തക സ്വാതന്ത്ര്യം വിട്ടു കളയാൻ  തയ്യാറല്ലായിരുന്നു.


രാജ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടാതെ ഗോർബചോവിന്റെ വിദേശ കാര്യചിന്തകളെ പടിഞ്ഞാറൻ രാജ്യങ്ങൾ അഭിനന്ദിച്ചിരുന്നു. ശീതസമരത്തിന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കി പടിഞ്ഞാറൻ രാജ്യങ്ങളുമായി ബന്ധങ്ങൾ പുതുക്കുന്ന കാര്യവും ഗോർബചോവ് ആരാഞ്ഞിരുന്നു. പടിഞ്ഞാറുള്ള പ്രമുഖരായ  നേതാക്കന്മാരുമായി അദ്ദേഹം നല്ല ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തു.  ജർമ്മൻ ചാൻസലർ ഹെല്മട്ട് കൌൾ, അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റേഗൻ, ബ്രിട്ടീഷ് പ്രധാന മന്ത്രി മാർഗരെറ്റ്  താച്ചർ എന്നിവർ  അദ്ദേഹത്തിൻറെ സുഹൃത്തുക്കളായിരുന്നു. താച്ചർ പറഞ്ഞു, 'ഞാൻ ഗോർബചോവിനെ ഇഷ്ടപ്പെടുന്നു. നമുക്കൊന്നിച്ച് ബിസിനസ്‌ പങ്കാളികളാകാം.'  ആഭ്യന്തര പരിഷ്ക്കാര ചിന്താഗതികൾ പോലെ സോവിയറ്റ് യൂണിയന്റെ ദീർഘ കാലമായ അന്തർ ദേശീയ ചിന്താഗതികൾക്കും അദ്ദേഹം മാറ്റങ്ങൾ വരുത്തി.


1988-ൽ ഗോർബചോവ്, ബ്രഷ്നെവിന്റെ തത്ത്വങ്ങൾ തിരസ്ക്കരിച്ചുകൊണ്ട് 'കാലഹരണപ്പെട്ട അത്തരം ചിന്താഗതികൾ ഇനിമേൽ രാജ്യത്തിനാവശ്യമില്ലെന്നും'  പ്രഖ്യാപിച്ചു. കിഴക്കുള്ള രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര കാര്യങ്ങളിൽ തനതായ  തീരുമാനങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അനുവദിച്ചു. 1989 ജൂലൈ ആറിലെ  ഫ്രാൻസിൽ നടന്ന യൂറോപ്പ്യൻ കൌണ്‍സിലിൽ ചെയ്ത പ്രസംഗത്തിൽ ഗോർബചോവ് പറഞ്ഞു, 'കഴിഞ്ഞ കാലങ്ങളിൽ ഏതാനും രാജ്യങ്ങളിൽ സാമൂഹിക രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾക്ക്  മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭാവിയിലും അവിടങ്ങളിൽ മാറ്റങ്ങൾ വരും. എന്നാൽ ഇത്  അതാതു രാജ്യങ്ങളിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലോ, മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കൈകടത്തുകയോ, സുഹൃത്തുക്കളെങ്കിലും സഖ്യ കക്ഷികളെങ്കിലും അനുവദനീയമല്ല.' ഒരു മാസത്തിനു ശേഷം 1989 ജൂണ്‍ നാലാം തിയതി പോളണ്ടിൽ തെരഞ്ഞെടുപ്പ് നടക്കുകയും കമ്മ്യൂണിസ്റ്റ്  സർക്കാരിനെ പുറത്താക്കുകയും ചെയ്തു.  1989-ൽ   ബ്രഷ്നെവിന്റെ തത്ത്വങ്ങൾ മോസ്ക്കോ തിരസ്ക്കരിച്ചതു കിഴക്കേ യൂറോപ്പ്യൻ രാജ്യങ്ങളിൽ ജനകീയ മുന്നേറ്റത്തിനു കാരണമായി. അവിടങ്ങളിൽ കമ്മ്യൂണിസം വേരോടെ പിഴുതു കളഞ്ഞു. ജനകീയ വിപ്ലവം മൂലം രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നടന്ന രക്ത ചൊരിച്ചിലുകൾ കിഴക്കേ യൂറോപ്പ് മുഴുവൻ വ്യാപിച്ചിരുന്നു. സോവിയറ്റ് യൂണിയന് കിഴക്കേ യൂറോപ്പിലുണ്ടായിരുന്ന  സ്വാധീനവും ഇല്ലാതായി.


നവംബർ മാസം ഒമ്പതാം തിയതി   ബർലിൻ മതിൽക്കെട്ടുകൾ ഭേദിച്ച് കിഴക്കേ യൂറോപ്പിലുള്ളവർ പടിഞ്ഞാറേ ജർമ്മനിയിൽ പോകാൻ അനുവദിച്ചു. കിഴക്കേ ജർമ്മനിയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെയും പ്രതിക്ഷേധറാലികളുണ്ടായിരുന്നു. ഏകദേശം ഒരു മില്ല്യൻ  കിഴക്കൻ യൂറോപ്പിലുള്ളവർ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. മുമ്പുണ്ടായ വിപ്ലവങ്ങൾ സോവിയറ്റ് യൂണിയന്റെ പട്ടാളം അടിച്ചമർത്തിയിരുന്നു. ഗൊർബി എന്ന് പശ്ചിമ ജർമ്മനിയിലെ ജനങ്ങൾ  വിളിക്കുന്ന ഗോർബചോവ് അവരുടെ വിപ്ളവ മുന്നേറ്റത്തിൽ ഇടപെടുന്നില്ലെന്നും തീരുമാനിച്ചു. ജർമ്മനിയുടെ പുനരൈക്യം അവരുടെ ആഭ്യന്തര പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള  രാജ്യങ്ങളുമായി  ഗോർബചോവ് സുധാര്യമായ  ബന്ധങ്ങൾ പടുത്തുയർത്തി. 1987- ഡിസംബറിൽ മദ്ധ്യറേഞ്ചിലുള്ള ന്യൂക്ലീയർ മിസൈലുകളുടെ  സ്റ്റോക്ക്  നശിപ്പിച്ചു കളയാൻ അമേരിക്കയിലെ റൊണാൾഡ്‌ റേഗനുമായി ഒരു ഉടമ്പടിയിൽ  ഒപ്പുവെച്ചു. സോവിയറ്റ് യൂണിയനും അമേരിക്കയും ന്യൂക്ലീയറായുധങ്ങൾ പകുതിയാക്കിക്കൊണ്ടുള്ള  തീരുമാനങ്ങളുമെടുത്തു.  1987 ഡിസംബറിൽ പ്രസിഡണ്ട് റൊണാൾഡ്‌ റേഗനും  ഫസ്റ്റ് ലേഡി  നാൻസിയുമൊത്തു ഗോർബചോവ്  വാഷിംഗ്ണ്ടണിൽ ഡിന്നർ കഴിച്ചു.1988-89-ൽ അഫ്ഗാനിസ്ഥാനിലെ  പട്ടാളക്കാരെ  പിൻവലിച്ചു. നീണ്ട ഒമ്പത് വർഷങ്ങൾ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനിൽ താവളമടിച്ചിരിക്കുകയായിരുന്നു.1979 നും 1989 നുമിടയിൽ ഏകദേശം മുപ്പതിനായിരം സോവിയറ്റ് ജനത അഫ്ഗാനിസ്ഥാനിൽ മരണമടഞ്ഞിട്ടുണ്ട്.


1989-1990 കളിലെ സംഭവ ബഹുലമായ ലോക വാർത്തകളിൽ നിറഞ്ഞിരുന്നത് ഗോർബചോവായിരുന്നു. യൂറോപ്പിന്റെ രാഷ്ട്രീയ സ്ഥിതികളെ തന്നെ ഗോർബചോവ്  തരംഗങ്ങൾ  തകിടം മറിച്ചു കളഞ്ഞു. 1989 കളിൽ കിഴക്കേ യൂറോപ്പിൽ  കമ്മ്യൂണിസം തകർന്നുകൊണ്ടിരുന്നു.  ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഒപ്പം തകർന്നു നിലം പതിച്ചു. കമ്മ്യൂണിസത്തിന്റെ നവോത്ഥാനത്തിനായുള്ള എല്ലാ  അവസരങ്ങളും  ഗോർബചോവ് വിനിയോഗിച്ചു. പുത്തനായ ആശയസംഹിതകളടങ്ങിയ ഒരു വ്യവസ്ഥയുടെ നല്ല നാളെക്കായി അദ്ദേഹം  ലോകത്തിന്റെ മുമ്പിൽ ശബ്ദിച്ചുകൊണ്ടുമിരുന്നു. 1989-90 കളിൽ ഈസ്റ്റ് ജർമ്മനി, പോളണ്ട്, ഹംഗറി, ചെക്കോസ്ലോവോക്കിയ എന്നീ രാജ്യങ്ങളിൽ  ജനാധിപത്യ സർക്കാരുകളും നിലവിൽ വന്നു. 1990-ലെ വേനൽക്കാലത്തിൽ കിഴക്കേ ജർമ്മനിയും പശ്ചിമ ജർമ്മനിയും തമ്മിൽ യോജിക്കാൻ തീരുമാനിച്ചു. അദ്ദേഹം അതിന് തടസവും നിന്നില്ല.  വേർപെട്ടു പോയ രാജ്യങ്ങളുമായി ശത്രുതാ മനോഭാവം പുലർത്താതെ  സൌഹാർദ ബന്ധങ്ങൾ ദൃഡമാക്കികൊണ്ടിരുന്നു.  പുതിയതായി രൂപം പ്രാപിച്ച രാജ്യങ്ങളിൽ സമാധാന സംവിധാനങ്ങൾക്കായും നേതൃത്വം നല്കി. ലോക രാജ്യങ്ങളുടെ  ക്ഷേമത്തിനായും സമാധാനത്തിനായും  സമയം വിനിയോഗിച്ചുകൊണ്ടിരുന്ന ഗോർബചോവിന്  അക്കൊല്ലത്തെ നോബൽ സമ്മാനം നല്കി ബഹുമാനിച്ചു. ഗോർബചോവ്  വിഭാവന ചെയ്ത ജനാധിപത്യ സ്വാതന്ത്ര്യവും  രാഷ്ട്രീയ വ്യവസ്ഥകളുടെ വികീന്ദ്രികരണവും പുതിയതായി രൂപം പ്രാപിച്ച രാജ്യങ്ങളായ അസർബൈജാൻ,ജോർജിയാ , ഉസ്ബക്കിസ്ഥാൻ, എന്നിവടങ്ങളിൽ അസമാധാനം  സൃഷ്ടിച്ചു. ചില വംശീയമായ  ഗ്രൂപ്പുകൾ ലിത്വാനിയ പോലുള്ള രാജ്യങ്ങളിൽ പ്രശ്നങ്ങളുമുണ്ടാക്കി. അവിടെയെല്ലാം  വിപ്ലവത്തിൽ അനേക ജനങ്ങൾ മരിച്ചു.


മാറ്റങ്ങൾക്കായി  തെരഞ്ഞെടുക്കപ്പെട്ടവരായ ഡപ്യൂട്ടികോണ്‍ഗ്രസ്സിൽ   കമ്മ്യൂണിസ്റ്റ്  തീവ്രവാദികളുമുണ്ടായിരുന്നു.  അവർ ഗോർബചോവിന്റെ പരിഷ്ക്കാരങ്ങളിൽ ആത്മാർത്ഥതയുള്ളവരായിരുന്നില്ല.  സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിനും  നല്ല നടത്തിപ്പിനും   അവരെ വിശ്വസിക്കാനും സാധിക്കില്ലായിരുന്നു. 1991- ആഗസ്റ്റ് പത്തൊമ്പതു മുതൽ ഇരുപത്തിയൊന്നു വരെ ഗോർബചോവും കുടുംബവും  ഭരണത്തിലെതിർപ്പുള്ള റിബലുകളുടെ നിയന്ത്രണത്തിൽ വീട്ടു തടങ്കലിലായിരുന്നു. എങ്കിലും അവരുടെ വിപ്ലവം അധിക ദിവസം നീണ്ടു നിന്നില്ല, ബോറീസ് യെല്സിന്റെ നേതൃത്വത്തിലും   മാറ്റങ്ങൾക്കായി ആഗ്രഹിച്ചവരും  വിപ്ലവകാരികളെ അടിച്ചമർത്തി. ഗോർബചോവ്  പ്രസിഡണ്ടായി തുടർന്നുവെങ്കിലും അദ്ദേഹത്തിൻറെ അധികാരം  താമസിയാതെ ക്ഷയിക്കാൻ തുടങ്ങി. യെൽസിനുമായും മാറ്റങ്ങൾക്കായി മുറവിളി കൂട്ടുന്നവരുമൊത്ത് സർക്കാർ  നടത്തിപ്പ് എളുപ്പമായിരുന്നില്ല.  ഡെപ്യൂട്ടി കോണ്‍ഗ്രസിനുള്ള അധികാരം   ജനകീയ പരിഷ്ക്കാരങ്ങളിൽക്കൂടി വർദ്ധിച്ചതു  കാരണം അവരുടെ ഇഷ്ടത്തിനനുസരിച്ച്  ഭരിക്കാൻ സാധിക്കില്ലായിരുന്നു. ഗോർബചോവ്‌ കമ്മ്യൂണിസ്റ്റ്  പാർട്ടിയിൽ നിന്നും രാജി വെച്ചു.  പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു. പാർട്ടിയ്ക്ക്  പട്ടാളത്തിന്റെ മേലും കെ ജി ബി  യുടെ മേലുള്ള നിയന്ത്രണവും നിറുത്തി. സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയാധികാരങ്ങളെക്കാൾ  ഭരണഘടനാപരമായ അധികാരങ്ങൾക്ക്  വില കല്പ്പിച്ചു. 1991 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ഗോർബചോവ് സോവിയറ്റ് യൂണിയന്റെ പ്രസിഡണ്ട്  സ്ഥാനം രാജി വെച്ചു. അന്നു തന്നെ സോവിയറ്റ് യൂണിയനും ഇല്ലാതായി.


1996-ൽ  ഗോർബചോവ്  റഷ്യയുടെ പ്രസിഡണ്ടായി മത്സരിച്ചെങ്കിലും  ഒരു ശതമാനത്തിൽ താഴെ വോട്ടാണ് കിട്ടിയത്. പിന്നീട് അദ്ദേഹം പൊതു ജീവിതത്തിൽ സജീവമായിരുന്നില്ല. നല്ലയൊരു പ്രാസംഗികൻ, ബുദ്ധി ജീവികളുടെ സംഘടനയിലെ അംഗം, ചിന്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. 2006-ൽ റഷ്യൻ ബില്ല്യനേയറും   നിയമജ്ഞനുമായ അലക്സാണ്ടർ ലെബെദെവ് മായി പങ്കു ചേർന്ന്  സ്വതന്ത്ര പത്രങ്ങളും മാസികകളും തുടങ്ങി. പത്രങ്ങളിൽക്കൂടി  ക്രംലിന്റെ നയപരിപാടികളെ വിമർശിച്ചുകൊണ്ടിരുന്നു. 2008 സെപ്റ്റംബർ മുപ്പതാം തിയതി ഗോർബചോവും ലെബെ ദേവും മൊത്തു ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചു.


ഗോർബചോവ് ഒരു ക്രിസ്ത്യൻ  ദൈവവിശ്വാസിയെന്ന് ചില മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു.  2005 ഏപ്രിൽ രണ്ടാം തിയതി ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ മരിച്ചപ്പോൾ ഗോർബചോവ്പറഞ്ഞു, "ആത്മീയ തലങ്ങളിൽ കോടാനുകോടി ജനങ്ങൾ ജോണ്‍ പോളിൽ ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ  മരണശേഷവും നമുക്കെല്ലാം ആ മഹാനുഭാവൻ  ഒരു മാതൃക തന്നെയാണ്. ദൈവത്തിന്റെ ഈ വിധിയിൽ എനിയ്ക്കൊന്നും പറയാനാവുന്നില്ല."   2005  നവംബർ ഇരുപതാം തിയതി,  മാനുഷിക മൂല്യങ്ങൾക്കായി നല്കി വരുന്ന  അത്താനാഗോറസ് ഹ്യൂമാനിറ്റോറിയനെന്ന ക്രിസ്ത്യനവാർഡ്  ലഭിച്ചത്  ഗോർബചോവിനായിരുന്നു. "താനൊരു ക്രിസ്ത്യാനിയായിരുന്നുവെന്നും വോൾഗാ നദിയിൽ തന്നെ മാമ്മോദീസ്സാ മുക്കിയെന്നും "കൂടെ കൂടെ അദ്ദേഹം പറയാറുണ്ട്. 2008 മാർച്ച് പത്തൊമ്പതാം തിയതി ഇറ്റലിയിലെ സെയിന്റ് ഫ്രാൻസീസ് അസീസ്സിയുടെ  ഭൌതിക ശരീരമടക്കിയിരിക്കുന്ന  കുടീരത്തിങ്കൽ  അവിചാരിതമായി അദ്ദേഹം പ്രാർത്ഥിക്കാനായി  എത്തിയിരുന്നു.  മുട്ടിന്മേൽ  പ്രാർത്ഥനയിൽ മുഴുകിയിരുന്ന അദ്ദേഹത്തെ കണ്ടപ്പോൾ  അദ്ദേഹമൊരു  ക്രിസ്ത്യാനിയെന്ന് ലോകം വ്യാഖ്യാനിച്ചു. കൂടാതെ ഒരു ക്രിസ്ത്യൻ വിശ്വാസിയെപ്പോലെ ഗോർബചോവ്  പറഞ്ഞു, "സെന്റ്‌ ഫ്രാൻസീസ് അസീസ്സി എന്നെ സംബന്ധിച്ചടത്തോളം  ക്രിസ്തുവിന്റെ മറ്റൊരു ബലിപീഠമാണ്. മറ്റൊരു കൃസ്തു. അസീസ്സിയുടെ  ജീവിത കഥ എന്നിൽ  ഉണർവും ഉത്തേജനവും നല്കിയിരുന്നു. അസീസ്സിയിൽ  ആവേശ ഭരിതനായി തന്നെയാണ്  ഈ മഹാകുടീരം സന്ദർശിച്ചത്." എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗോർബചൊവ്  മാധ്യമ പ്രവർത്തകരോട് പറഞ്ഞു,  "കഴിഞ്ഞ ഏതാനും നാളുകളായി മാധ്യമങ്ങൾ  എന്നെ  കൃസ്ത്യാനിയാക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ തെറ്റിധാരണ നീങ്ങാൻ നിങ്ങൾ വിചാരിക്കുന്ന എന്റെ രഹസ്യമായ ആ കത്തോലിസത്തെപ്പറ്റി   ഞാനൊന്നു  പറയട്ടെ, ഞാനൊരു നാസ്തികനാണ്. ശിഷ്ടകാലവും ഈ വിശ്വാസത്തിൽ മാത്രം  എന്റെ ജീവിതം മാറ്റമില്ലാതെ  തുടരും."

(അടുത്ത ലക്കത്തോടുകൂടി ലേഖന പരമ്പര അവസാനിക്കുന്നു)











Gorbachov with Yuri Andropov

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...