Monday, November 30, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 14)




  വ്ലാഡിമർ    പുടിനും നവീകരണ റഷ്യയും


By ജോസഫ് പടന്നമാക്കൽ
റഷ്യയുടെ പ്രസിഡണ്ട് 'വ്ലാഡിമിർ പുടിൻ'   ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകമറിയപ്പെടുന്ന  ശക്തനായ നേതാവും ബൃഹത്തായ  ഒരു രാഷ്ട്രത്തിന്റെ അധിപനും നൂറ്റി നാല്പ്പത്തിമൂന്നു മില്ല്യൻ ജനങ്ങളുടെ ഭരണകർത്താവുമാണ്. ഭൂമി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി പുടിനെ അമേരിക്കയിലെ  ഫോർബ്സ്  ബിസിനസ് മാഗസിൻ ചിത്രികരിച്ചിരിക്കുന്നു. പുടിന്റെ നയപരിപാടികളെയും പ്രവർത്തന മണ്ഡലങ്ങളെയും അനുകൂലിക്കുന്ന ജനത്തിന് അദ്ദേഹം  രാജ്യത്തിന്റെ രക്ഷകനും എതിരാളികൾക്ക്‌ ഏകാധിപതിയുമാണ്. അതിരില്ലാത്ത ആയുധ ന്യൂക്ലിയർ ശേഖരങ്ങളും  വമ്പിച്ച പ്രകൃതി വിഭവങ്ങളും അദ്ദേഹത്തിൻറെ നിയന്ത്രണത്തിലെന്നതും ലോക ശ്രദ്ധയ്ക്ക് കാരണങ്ങളായി കരുതുന്നു.


1952 ഒക്ടോബർ ഏഴാംതിയതി  വ്ലാഡിമർ  പുടിൻ റഷ്യയിലെ ലെനിൻ ഗ്രാഡിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. റഷ്യൻ രഹസ്യാന്വേഷണ വകുപ്പിലെ  ഉദ്യോഗസ്ഥൻ, മേധാവി, രാഷ്ട്ര  തന്ത്രജ്ഞൻ, 1999 മുതൽ  റഷ്യൻ പ്രസിഡണ്ട്,   പ്രധാന മന്ത്രി എന്നീ നിലകളിൽ  വ്ലാഡിമർ  പുടിൻ അറിയപ്പെടുന്നു.  നായാട്ടിലും  കുതിരസവാരിയിലും  വളർത്തു മൃഗങ്ങളെ പരിപാലിക്കലിലും  മീൻ പിടിക്കലിലും താല്പര്യപ്പെട്ടിരുന്നു.  പുടിന്റെ അമ്മ  'മരിയാ ഷെലോമോവ ' സാധുക്കളോട് സഹാനുഭൂതിയും അനുകമ്പയുമുള്ളവരായിരുന്നു.  പുടിൻ   ഒഴിവു സമയങ്ങളിൽ  ജൂഡോയും കരാട്ടിയും   പഠിക്കുന്നതിന് അമ്മയ്ക്കെന്നും എതിർപ്പായിരുന്നു. പിന്നീട് ജൂഡോയിൽ  മകൻ പ്രസിദ്ധനായി കഴിഞ്ഞപ്പോൾ മാതാപിതാക്കൾ മകന്റെ ഉയർച്ചയിൽ അഭിമാനിച്ചു.  അദ്ദേഹത്തിൻറെ പിതാവ് സീനിയർ വ്ലാഡിമർ  'പുടിൻ'  ഒന്നാം  ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം 1950 കളിൽ സെക്ക്യൂരിറ്റിയായും ഫോർമാനായും ജോലി ചെയ്തു.  ലോക മഹാ യുദ്ധ കാലത്ത് ജന ജീവിതം ദുരിതവും കഷ്ടപ്പാട് നിറഞ്ഞതുമായിരുന്നു. പഞ്ഞവും പടയും വസന്തയും നാടാകെ വ്യാപിച്ച്  ജനജീവിതം  പൊറുതി മുട്ടിയിരുന്നു. സെന്റ്‌ പീറ്റേഴ്സ് ബർഗിലെ  ജീവിതം കഠിനമായിരുന്നതിനാൽ പുടിൻ കുടുംബം   പോമിനോവോയെന്ന ഗ്രാമ പ്രദേശത്തെയ്ക്ക് മാറിത്താമസിച്ചു.


1985-ൽ വ്ലാഡിമർ 'പുടിൻ' ഈസ്റ്റ്‌ ജർമ്മനിയ്ക്ക് പോവുകയും 1990 വരെ അവിടെ ജോലി ചെയ്യുകയും ചെയ്തു. ഈസ്റ്റ് ജർമ്മനിയ്ക്ക്  പോവുന്നതിനു മുമ്പ്  അതിപ്രധാനമായ  മറ്റൊരു സംഭവവും നടന്നു. അദ്ദേഹം എയർ ഹോസ്റ്റസായിരുന്ന 'ല്യൂഡ്മിലാ'  എന്ന  പെണ്‍കുട്ടിയെ  1983 ജൂലൈ ഇരുപത്തിയെട്ടാം തിയതി  വിവാഹം ചെയ്തു. അവർ  മൂന്നു വർഷത്തോളം സൗഹാർദ്ദ  ബന്ധത്തിലായിരുന്നു. യാദൃശ്ചികമായി, ഒരു കൂട്ടുകാരൻ വഴിയാണ് അവർ തമ്മിൽ കണ്ടു മുട്ടിയത്‌.  1985-ൽ  അവരുടെ ആദ്യത്തെ പെണ്‍കുട്ടി മരിയായും 1986-ൽ രണ്ടാമത്തെ പെണ്‍കുട്ടി കത്രീനയും ജനിച്ചു. 'പുടിൻ' ലോകത്തിലുള്ള എല്ലാ അപ്പന്മാരെക്കാളും കുട്ടികളെ സ്നേഹിക്കുന്നുവെന്നും താൻ കുട്ടികളെ ശിക്ഷണം പഠിപ്പിക്കുമ്പോൾ അദ്ദേഹം കുട്ടികളെ കൊഞ്ചിച്ചു വഷളാക്കിയെന്നും  കുട്ടികളുടെ അമ്മ 'ല്യൂഡ് മിലാ' പറയാറുണ്ട്.  പുടിനെ  ഒരു ജോലി ഭ്രാന്തനെന്ന്  ല്യൂഡ്മിലാ വിശേഷിപ്പിക്കുമായിരുന്നു.   മുപ്പതു വർഷത്തെ വൈവാഹിക ജീവിതത്തിനുശേഷം ഇവർ  രണ്ടു പേരും പരസ്പര സമ്മതത്തോടെ  വിവാഹ മോചനം നടത്തിയിരുന്നു.


പുടിൻ, ലെനിൻ ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ് സിറ്റിയിൽ നിയമം പഠിച്ച് ബിരുദം നേടിയ ശേഷം റഷ്യയുടെ രഹസ്യാന്വേഷണ സംഘടനയായ കെ.ജി.ബി. യിൽ പതിനഞ്ചു വർഷം ജോലി ചെയ്തു. കേണൽ റാങ്കിൽ അവിടെനിന്നു വിരമിച്ചു. പിന്നീട് സെന്റ്‌ പീറ്റേഴ്സ്  ബർഗിൽ  തെരഞ്ഞെടുത്ത ആദ്യത്തെ മേയറായി.1998 ജൂലൈയിൽ ബോറീസ് യെൽസിൻ അദ്ദേഹത്തെ ഫെഡറൽ സെക്ക്യൂരിറ്റി സർവീസ് ഡയറക്റ്ററായും 1999-ൽ  പ്രധാനമന്ത്രിയായും നിയമിച്ചു. അതുവരെ പൊതുജന മദ്ധ്യത്തിൽ പ്രശസ്തനല്ലാതിരുന്ന അദ്ദേഹം  ചെച്ചന്യായിൽ നടന്ന പട്ടാളയിടപെടലിൽ  വിജയം കൈവരിച്ചുകൊണ്ട് ജനസമ്മതനായി തീർന്നു. യെല്സിന്റെ ഭരണ പരാജയങ്ങളിലും തെറ്റായ രാജ്യഭരണ നയങ്ങളിലും ജനങ്ങൾ അതൃപ്തരായിരുന്നു. സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക തകർച്ചയിലുമായിരുന്നു..


1999 ഡിസംബർ മുപ്പത്തിയൊന്നാം തിയതി  യെൽസിൻ   തന്റെ ഭരണ കാര്യങ്ങളിൽനിന്നും രാജി വെക്കുന്ന വിവരം അപ്രതീക്ഷിതമായി രാജ്യത്തെ അറിയിച്ചു.  പുടിനെ താല്ക്കാലിക പ്രസിഡണ്ടായി  നിയമിച്ചുകൊണ്ടുള്ള വിളംബരവും ചെയ്തു. നാശത്തിലേക്ക് കുതിക്കുന്ന റഷ്യയെ പുനർനിർമ്മാണം ചെയ്യുമെന്ന വാഗ്ദാനങ്ങളുമായി അമ്പത്തി മൂന്നു ശതമാനം ജനവോട്ടോടുകൂടി പുടിൻ 2000 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രസിഡൻറെന്ന നിലയിൽ അഴിമതി നിവാരണം അദ്ദേഹത്തിൻറെ മുഖ്യ അജണ്ടയായിരുന്നു. സർക്കാറിന്റെ കുത്തക അവസാനിപ്പിച്ച് വ്യക്തികളും പ്രസ്ഥാനങ്ങളുമടങ്ങിയ മാർക്കറ്റ്  ധനതത്വ ശാസ്ത്രവും അതിനായുള്ള നിയമങ്ങളുമുണ്ടാക്കി.  മീഡിയാകളുടെ കുത്തക അവസാനിപ്പിച്ച് സ്വതന്ത്രമായി  പത്ര സ്വാതന്ത്ര്യം അനുവദിച്ചു. കാര്യനിർവഹണങ്ങൾക്കായി റഷ്യയുടെ 89 പ്രവശ്യകളെ  ഏഴു ഫെഡറൽ  ഡിസ്ട്രിക്റ്റുകളായി  തിരിച്ച് ഓരോ ഡിസ്ട്രിക്റ്റിലും  പ്രസിഡണ്ട്  നേരിട്ടു   പ്രതിനിധികളെ നിയമിക്കുന്ന നിയമവുമുണ്ടാക്കി.  റഷ്യൻ പാർലമെന്റിന്റെ ഉപരിമണ്ഡലമായ ഫെഡറൽ കൌണ്‍സിലിൽ ഗവർണ്ണർമാർക്കും ഇരിക്കാനുള്ള അവകാശം എടുത്തു കളഞ്ഞു. രാജ്യത്തിലെ കുത്തക ബാങ്കിംഗ് സ്ഥാപനങ്ങളുടെ അധികാരം കുറച്ചുകൊണ്ടു പ്രമുഖരായ പലരുടെ പേരിലും ക്രിമിനൽ കേസുകളെടുത്തു. പ്രസിഡന്റെന്ന നിലയിൽ  ആദ്യ വർഷം തന്നെ  എതിരാളികളെയും   വിപ്ലവം നടത്തിയവരെയും അടിച്ചമർത്തിയത് പുടിന്റെ  വിജയമായിരുന്നു. അദ്ദേഹത്തിന്  ഭരണ തടസ്സമെന്നോണം നിർണ്ണായകമായ പ്രശ്നങ്ങളുണ്ടാക്കിയത് ചെച്ചന്യായിലായിരുന്നു. മോസ്ക്കോവരെ ഭീകരന്മാരുടെ വിളയാട്ടങ്ങളുണ്ടായി.  ഗൊറില്ലാ രീതിയിൽ പർവത പ്രദേശങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്നും റഷ്യൻ പട്ടാളത്തെ ആക്രമിച്ചു കൊണ്ടിരുന്നു.   2002-ൽ ഒളിപ്പോരുകാരെ  നശിപ്പിക്കാൻ അവർക്കെതിരെ പട്ടാളത്തെ അയച്ചു. അനേക റഷ്യൻ പട്ടാളക്കാർ ഗൊറില്ലാകളുടെ ആക്രമങ്ങളെ ചെറുത്തു നിൽക്കുന്നതിനിടയിൽ  മരണമടഞ്ഞു.


ഭാഷാ ചാതുര്യവും വാചാലനുമായ അദ്ദേഹം  മാതൃഭാഷ കൂടാതെ ജർമ്മനിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. ' നിങ്ങൾ നിയമിച്ച ഒരുവനെപ്പോലെ  നിങ്ങളുടെ സേവകനായി എന്നെ കാണൂ'വെന്ന് അദ്ദേഹം റഷ്യൻ ജനതയോട് പറയുന്ന ഒരു പല്ലവിയാണ്.  വളരെക്കാലം ജർമ്മനിയിൽ   കെ.ജി. ബിയിൽ പ്രവർത്തിച്ചിരുന്നു. ജർമ്മനിയിലെ പ്രായോഗിക പരിശീലനം കാരണം  ബെർലിനുമായി നല്ലയൊരു ബന്ധം  സ്ഥാപിക്കാൻ സാധിച്ചു. മിതവാദികളായ പലരെയും പുടിന്റെ കെ.ജി.ബി യിലെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ  അസ്വസ്ഥമാക്കുന്നുണ്ട്.അധികാരം കിട്ടി കഴിഞ്ഞ് മിതവാദികളെ  ഭരണത്തിൽനിന്നും പുറത്താക്കുന്ന ഒരു നയമായിരുന്നു അദ്ദേഹം സ്വീകരിച്ചത്.  തീവ്രവാദികളെയൊ  നിഷ്പക്ഷമായിട്ടുള്ളവരെയോ അവരുടെ സ്ഥാനത്തു നിയമിക്കുന്നു. സുപ്രധാനങ്ങളായ തീരുമാനങ്ങളെടുക്കുമ്പോൾ ക്രിയാത്മകമായ ചിന്തകളില്ലാതെ  'അതെ' 'യതെ 'യെന്നു  പറയുന്നവരെ  അദ്ദേഹം ഭരണ കാര്യങ്ങളിൽ പങ്കു കൊള്ളിപ്പിക്കാറില്ല. കുർസ്ക്കിലെ  സബ്മറയിൻ ദുരന്തം സംഭവിച്ചത് ആദ്യതവണ അദ്ദേഹം പ്രസിഡണ്ടായ കാലഘട്ടത്തിലായിരുന്നു.  റഷ്യയുടെ ദേശീയഗാനം പരിഷ്ക്കരിക്കുകയും പുതിയ വാക്കുകളോടെ ഗാനം ഇമ്പമാക്കുകയും ചെയ്തു. 2003-ലെ പൊതുതെരഞ്ഞെടുപ്പിൽ പുടിനും അനുയായികൾക്കും പാർലമെന്റ്  നിയന്ത്രണം ലഭിച്ചു. 2006-ൽ  റഷ്യയിലെ ഏറ്റവും ധനികനായ മൈക്കിൽ കോഡോർകോവ്സ്കിയെ നികുതി വെട്ടിച്ചതിനു ജയിലിൽ അടച്ചു.


ആധുനിക റഷ്യയിലെ  ശക്തനായ ഒരു നേതാവായി  വ്ലാഡിമിർ  പുടിനെ കണക്കാക്കുന്നു. തികഞ്ഞ വ്യക്തിപ്രഭാവനായ അദ്ദേഹം  ആഗോള തലത്തിലും ഇതിനോടകം  പ്രശംസകളും കീർത്തികളും  നേടി കഴിഞ്ഞിരിക്കുന്നു. ഭരണാധികാരിയെന്ന നിലയിൽ രാജ്യത്തിലെ വിഭവങ്ങൾ  ശരിയായി വിനിയോഗിച്ചുകൊണ്ട്‌ റഷ്യയെ സാമ്പത്തികമായി മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചു.  ബോറീസ് യെല്സിന്റെ ഭരണം റഷ്യൻ ജനത മടുത്തു കഴിഞ്ഞിരുന്നു.  സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളിൽ റഷ്യയെ ശക്തമാക്കാനും രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാനും പുടിനു സാധിച്ചു. എങ്കിലും രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരുന്ന  നീണ്ടകാല  പ്രശ്നങ്ങൾക്ക്  ശമനം വന്നിട്ടില്ല. വിലപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. അഴിമതികൾ തുടർന്നുകൊണ്ടിരിക്കുന്നു. റഷ്യയിൽ നിന്നും പിരിഞ്ഞുകൊണ്ട് സ്വതന്ത്രമാകണമെന്ന് ചിന്തിക്കുന്ന സ്റ്റേറ്റുകൾ  ഇന്നും ഭരണ കൂടത്തിനു അസമാധാനം നല്കുന്നു.


പുടിൻ തന്റെ അധികാരങ്ങൾ  സ്വയം കുത്തകയാക്കാതെ  സഹ പ്രവർത്തകർക്കും  തെരഞ്ഞെടുത്ത  ഗവർണ്ണമാർക്കും   പങ്കുവെച്ച് കാര്യക്ഷമതയോടെ  ഭരണം നിർവഹിക്കുന്നു.
കോർപ്പറേറ്റ്  സ്ഥാപനങ്ങളും  ബിസിനസ്സും സ്വകാര്യ മേഖലയിൽ ഉൾപ്പെടുത്തിയപ്പോൾ  'ബോറീസ്  ബെരെസോവ്സ്കിയും'  'വ്ലാഡിമർ ഗുസിസ്ക്കിയും'  വൻകിട  വ്യാവസായിക മുതലാളിമാരായി മാറി. സർക്കാരിനു നികുതി കൊടുക്കാതെ  വെട്ടിപ്പ് നടത്തിയതുമൂലം  അവർ വിദേശത്ത്  പിടികിട്ടാ പുള്ളികളായി കഴിയുന്നു.  അഴിമതികളും നികുതി വെട്ടിപ്പും നടത്തി രാജ്യം മുഴുവൻ അരാജകത്വത്തിലുമായി. മിഖായേൽ കൊഡോർകൊവ്സ്കി  ഒരിയ്ക്കൽ  റഷ്യയുടെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു. അദ്ദേഹം  നികുതി വെട്ടിപ്പു  നടത്തിയതിന്  ഇന്ന് ജയിലിലുമാണ്.


സ്വതന്ത്രമായ പത്രപ്രവർത്തന സ്വാതന്ത്ര്യം അനുവദനീയമെങ്കിലും വാർത്താ മീഡിയാകൾ  സർക്കാരിനോടനുഭാവം കാണിക്കുന്നവർ നിയന്ത്രിക്കുന്നു. സർക്കാരിന്റെ ഉടമയിലല്ലാത്ത വിദേശ ഫണ്ടുകൾക്കും നിയന്ത്രണമുണ്ട്‌. മനുഷ്യാവകാശ  പ്രവർത്തനങ്ങൾക്കായി  വിദേശ ഫണ്ടുകൾ രാജ്യത്ത് ഒഴുകുന്നത്‌ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. വാഷിംഗ്ണ്ടന്റെ  ഭീകരതയ്ക്കെതിരായുള്ള പോരാട്ടത്തിൽ പുടിനും സഹകരണം നല്കുന്നു. 'ചെച്ചൻ'  വിഘടനത്തിനായി വിപ്ലവം നടത്തുന്നവരെ 'അല്കാഡാ'  ഭീകരർക്ക് തുല്യമായി അദ്ദേഹം കരുതുന്നു.


1972-ൽ  റഷ്യയും അമേരിക്കയുമായി  'ആന്റി മിസൈയിൽ  സംബന്ധിച്ച  ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു.  പ്രസിഡണ്ട്  ബുഷ്‌  റഷ്യയുമായി ചർച്ചകൾ നടത്താതെ ആ കരാർ  റദ്ദാക്കിയതിൽ  പുടിൻ  ശക്തമായ പ്രതിഷേധം അമേരിക്കയോട് രേഖപ്പെടുത്തി.  2011 ലെ അമേരിക്കയിലെ സെപ്റ്റംബർ പതിനൊന്നാക്രമണത്തിൽ   റഷ്യയും  സമാധാനം  കാംഷിക്കുന്ന മറ്റു രാജ്യങ്ങളുമൊത്ത് ഭീകരതയ്ക്കെതിരെ ഒത്തൊരുമിച്ചു ചെറുത്തു നില്ക്കാൻ പ്രതിജ്ഞ ചെയ്തു. മാനുഷികപരമായി വിഭവങ്ങൾ വിതരണം ചെയ്യാനും അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനും  റഷ്യയുടെ  മുകളിൽക്കൂടി പറക്കാൻ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. ഇറാക്കിൽ നിന്നും സദാം ഹുസയിനെ പുറത്താക്കുന്നതിൽ  അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടുകളെ  പുടിൻ ശക്തമായി എതിർത്തിരുന്നു.


1990 മുതൽ സാമ്പത്തികമായി തകർന്ന റഷ്യയെ കരകയറ്റി പുരോഗതി കൈവരിച്ചതും പുടിന്റെ നേട്ടമായിരുന്നു. എല്ലാ വിധത്തിലും ജനങ്ങളുടെ വിശ്വാസം നേടിയ അദ്ദേഹത്തെ 2004-ലും പ്രസിഡണ്ടായി  തെരഞ്ഞെടുത്തു. 2007-ലെ പാർലമെന്റ്  തെരഞ്ഞെടുപ്പിൽ പുടിന്റെ പാർട്ടിയായ യുണൈറ്റഡ് റഷ്യാ  വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടുതൽ സീറ്റുകൾ നേടി ഭരണമുറപ്പിച്ചു.   അന്തർദേശീയ  നിരീക്ഷകരും കമ്മ്യൂണിസ്റ്റ്  പാർട്ടിയും  തെരഞ്ഞെടുപ്പ് നീതിപരമായിരുന്നില്ലെന്ന്  പരാതികൾ മുഴക്കിയെങ്കിലും  ഗൗനിക്കാതെ പുടിൻ തന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു. ഭരണഘടനയനുസരിച്ച് കാലാവധി തീർന്നപ്പോൾ പുടിൻ  അധികാരത്തിൽ നിന്ന് താഴെയിറങ്ങിയെങ്കിലും ഡിമിട്രി മെഡ് വെദേവിനെ അദ്ദേഹത്തിൻറെ പിൻഗാമിയായി  തെരഞ്ഞെടുത്തു.  

2008-ൽ മെഡ് വെദെവ്  വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും പുടിൻ യുണൈറ്റഡ് റഷ്യൻ പാർട്ടിയുടെ ചെയർമാൻ സ്ഥാനം സ്വീകരിക്കുകയും ചെയ്തു.   2008 മെയ് ഏഴാം തിയതി മെഡ് വെദെവ് രാജ്യത്തിന്റെ  പ്രസിഡണ്ടായി ചുമതലയെടുത്ത  ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുടിനെ പ്രധാന മന്ത്രിയായി നിർദ്ദേശിച്ചു.   അടുത്ത ദിവസം തന്നെ റഷ്യയുടെ പാർലമെന്റ്  പുടിന്റെ നിയമനം ശരി വെക്കുകയും ചെയ്തു. ഭരണപരമായി മെഡ് വെദെവിനു   കൂടുതൽ അവകാശ വാദങ്ങളുണ്ടായിരുന്നെങ്കിലും  ക്രംലിനിലെ പ്രധാന ഭരണാധികാരി പുടിൻ തന്നെയായിരുന്നു. മെഡ് വെദെവ് രണ്ടാം തവണയും പ്രസിഡണ്ടായി മത്സരിക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നെങ്കിലും 2011 സെപ്റ്റമ്പറിൽ അദ്ദേഹം പുടിന്‌  പിന്തുണ നൽകുകയാണുണ്ടായത്. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്ന് പ്രതിപക്ഷങ്ങൾ ആരോപിച്ചെങ്കിലും   2012  മാർച്ച്  നാലാം തിയതി പുടിനെ മൂന്നാം തവണയും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പുടിൻ പാർട്ടിയുടെ ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയും പകരം മെഡ് വെദെവിനു പാർട്ടിയുടെ നിയന്ത്രണം കൊടുക്കുകയും ചെയ്തു. 2012 മെയ് ഏഴാം തിയതി പ്രസിഡണ്ടായി ഉത്തരവാദിത്വം തുടങ്ങിയ ദിവസം മെഡ് വെദെവിനെ പ്രധാന മന്ത്രിയായി നിർദ്ദേശിക്കുകയും ചെയ്തു.

യൂ എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയിലെ കോണ്‍ട്രാക്റ്ററായ 'എഡ്വേർഡ്  സ്നോഡൻ'  ചില രഹസ്യ വിവരങ്ങൾ  കൈമാറിയതിന് 2013-ൽ റഷ്യയിൽ അഭയം തേടിയിരുന്നു. അതിന്റെ പേരിൽ  റഷ്യയും അമേരിക്കയുമായി പ്രശ്നങ്ങളുണ്ടായി. അമേരിക്കയ്ക്ക് ഭാവിയിൽ സ്നോഡൻ ദോഷങ്ങൾ വരുത്തില്ലായെന്ന ഉറപ്പിൻമേൽ  'സ്നോടനെ' പുടിൻ റഷ്യയിൽ ജീവിക്കാൻ അനുവദിച്ചിരുന്നു. ആഗസ്റ്റ് 2013-ൽ ഡമാസ്ക്കസ്സിനു സമീപം  കെമിക്കലായുധങ്ങൾ കൊണ്ടുള്ള ആക്രമണം ഉണ്ടായപ്പോൾ അമേരിക്ക പട്ടാളത്തെ അയച്ച്  അവരുടെ ആഭ്യന്തര യുദ്ധത്തിൽ ഇടപെട്ടിരുന്നു. സിറിയായുടെ കെമിക്കലായുധങ്ങൾ നശിപ്പിക്കാൻ അമേരിക്കയും റഷ്യയുമായി ഉടമ്പടിയുമുണ്ടാക്കി.

സോവിയറ്റ് നാടിന്റെ പതനശേഷം 2013 ഡിസംബർ  പതിമൂന്നാം തിയതി   നടപ്പാക്കിയ ഭരണഘടനയുടെ ആഘോഷവേളയിൽ പുടിൻ  ഏകദേശം ജയിലിൽ കിടക്കുന്ന  25000 പേരെ  മോചിപ്പിച്ചു. ഓയിൽ രാജാവായിരുന്ന 'മൈക്കായിൽ ഖോടോര്കൊവ്സ്കിയ്ക്ക്'  മാപ്പ് നല്കിക്കൊണ്ട് പതിറ്റാണ്ടുകൾ ജയിലിൽ കിടന്ന അദ്ദേഹത്തെയും മോചിപ്പിച്ചു. ഖോടോര്കൊവ്സ്കിയെ ജയിലിൽ അടച്ചത് രാഷ്ട്രീയ പ്രേരണയായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 2014 ഫെബ്രുവരിയിൽ യുക്രെനിയൻ പ്രസിഡണ്ട്  വിക്റ്റൊർ  യാനുകോവ്ക്  സർക്കാരിനെ വിപ്ലവകാരികൾ പുറത്തു ചാടിച്ചപ്പോൾ  അവിടെ നിന്നും രക്ഷപെട്ട അദ്ദേഹത്തിന് റഷ്യയിൽ അഭയം കൊടുത്തു. കീവിൽ താല്ക്കാലികമായി വന്ന സർക്കാരിനെ പുടിൻ അംഗീകരിച്ചില്ല. റഷ്യയുടെ താല്പര്യം സംരക്ഷിക്കാൻ അവിടെ പട്ടാളത്തെ അയക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടിയിരുന്നു. 2014 മാർച്ചിൽ റഷ്യൻ പട്ടാളം യുക്രെയിനിലെ ഒരു സ്വതന്ത്ര രാജ്യമായ ക്രിമിയായുടെ നിയന്ത്രണം ഏറ്റെടുത്തു. അവിടുത്തെ  ഹിതപരിശോധനയിലും ജനങ്ങളുടെ താല്പര്യം റഷ്യയോട്  ചേരാനായിരുന്നു. യുക്രയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പിനുള്ള വ്യവസ്ഥകളടങ്ങിയ സമാധാന സന്ദേശങ്ങളുമായി  പുടിൻ  ലോക നേതാക്കന്മാരെ കണ്ടിരുന്നു.യുദ്ധത്തിനു ശമനം വന്നെങ്കിലും  അതുമൂലമുണ്ടായ നാശ നഷ്ടങ്ങൾ അതിഗുരുതരമായിരുന്നു. യുണൈറ്റഡ്  നാഷന്റെ കണക്കനുസരിച്ച്   8000 പേർ കൊല്ലപ്പെടുകയും  ഒന്നര മില്ല്യൻ ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു. കണക്കില്ലാതെ ജനങ്ങൾ ഭവനരഹിതരാവുകയും മുറിവേല്ക്കുകയുമുണ്ടായി.

2015 സെപ്റ്റംബർ ഇരുപത്തിയെട്ടാം തിയതി പുടിൻ യുണൈറ്റഡ്  നാഷനിൽ ചെയ്ത പ്രസംഗത്തിൽ നാറ്റോയും യുണൈറ്റഡ്  സ്റ്റേറ്റ്സും ലോക സമാധാനത്തിനു ഭീഷണിയെന്നു  പ്രസ്താവിക്കുകയുണ്ടായി.  പുടിന്റെ ഈ പ്രസ്താവനയ്ക്ക്  രണ്ടു ദിവസത്തിനു ശേഷം റഷ്യാ, 'സിറിയായുടെ' ആഭ്യന്തര യുദ്ധത്തിൽ പങ്കു ചേർന്നു. സിറിയായുടെ  ഐ സി എസ്  അധിനിവേശ സ്ഥലങ്ങളായ ' ഹോംസും ഹാമാ' പട്ടണങ്ങൾക്കും  സമീപം റഷ്യാ ബോംബു ചെയ്തു. ഇസ്ലാമിക്ക് സ്റ്റേറ്റ്  ഭീകര വാദികളെ അമർച്ച ചെയ്യാനാണ് ബോംബു ചെയ്തതെന്നു റഷ്യാ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ ഉദാസീനതയെ റഷ്യാ  കുറ്റപ്പെടുത്തുന്നുമുണ്ട്.

കൃഷിക്കാരുടെ ക്ഷേമ കാര്യത്തിലും കൃഷിയുൽപ്പനന്ങ്ങൾ  വർദ്ധിപ്പിക്കുന്ന കാര്യത്തിലും  പുടിൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. റഷ്യാ ഇന്ന് ഭക്ഷ്യകാര്യത്തിൽ 'സ്വയം പര്യാപ്തി'  നേടിക്കൊണ്ടിരിക്കുന്നു. കൃഷിക്കാർക്ക് കൊടുത്ത പ്രോത്സാഹനവും അവരുടെ കഠിനപ്രയത്നവുമാണ്‌ ഈ നേട്ടങ്ങൾക്കു  കാരണം. വൻതോതിലുള്ള കന്നുകാലി വളർത്തലും ഭക്ഷ്യവിഭവങ്ങളുടെ പ്രോസ്സസ്സിംഗ് കമ്പനികളും രാജ്യത്തിന്റെ ഉത്ഭാദന മേഖലകളെ പരിപോഷിപ്പിക്കുന്നു. പട്ടാളത്തിൽ ജോലി ചെയ്യുന്നവർക്ക് ആകർഷിണീയമായി  കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും  താമസിക്കാൻ വീടുകളും നല്കുന്നുണ്ട്. അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചു.   രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പുടിൻ നേരിട്ട് ശ്രദ്ധ പതിപ്പിക്കുന്നു.

മോസ്ക്കോയിലെ കൊളോമ്നായിൽ അതിശക്തമായ തീപിടുത്തം മുലം വമ്പിച്ച നാശനഷ്ടങ്ങളും ആളപകടങ്ങളുമുണ്ടായി. വ്ലാഡിമർ പുടിൻ  നേരിട്ട് അവർക്കുള്ള  സഹായ ഹസ്തങ്ങളുമായി രംഗത്തു വന്നു. വീടുകൾ പണിതു കൊടുക്കുകയും നഷ്ടപരിഹാരങ്ങൾ നല്കുകയും ചെയ്തു. പുടിൻ സ്വന്തം വീട്ടിൽ നിന്നും വീടുപണികൾ ക്യാമറയിൽ ക്കൂടി വീക്ഷിച്ചു കൊണ്ടിരുന്നു. 'ഞാൻ എന്തെങ്കിലും മനുഷ്യത്വപരമായി ചെയ്യുന്നുവെങ്കിൽ എനിയ്ക്ക് അതിന്റെ പൂർണ്ണ ഫലം കാണുകയും നേരിട്ട് പ്രവർത്തിക്കുകയും ചെയ്യണമെന്ന്' അദ്ദേഹം പറയുന്നു. നിയമമനുസരിച്ച് 2018 ലും അദ്ദേഹത്തിനു പ്രസിഡണ്ടായി മത്സരിക്കാം.  ഇനി അധികാരത്തിലില്ലെന്ന് പറയുന്നുണ്ടെങ്കിലും അടുത്ത പന്ത്രണ്ടു വർഷം കൂടി  റഷ്യയെ  അദ്ദേഹം നയിക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ കരുതുന്നു.

ഭീകരന്മാർ കയ്യടക്കി വെച്ചിരിക്കുന്ന സിറിയായിലെ 'റാക്കാ'യെന്ന  പട്ടണം പിടിച്ചെടുക്കാൻ റഷ്യയുടെ  ഒരു ലക്ഷത്തി അമ്പതിനായിരം പട്ടാളത്തെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.   ഐ.എസ്.ഐ.എസ്. ഭീകരർ   റാക്കാ പട്ടണത്തെ അവരുടെ തലസ്ഥാന നഗരിയായി വിളംബരം ചെയ്തു കഴിഞ്ഞു. ഏകദേശം അയ്യായിരം ജിഹാദികൾ  പട്ടണത്തിനു കാവൽ നില്പ്പുണ്ട്. പാരിസിലെ ഭീകരർ നടത്തിയ ആക്രമണ ശേഷം ഇസ്ലാമിക്ക് സ്റ്റേറ്റിനെ തകർക്കാർ പടിഞ്ഞാറേ രാജ്യങ്ങളുമായി സഹകരിക്കാൻ പുടിൻ  തയ്യാറെന്നു സൂചന നല്കി കഴിഞ്ഞു.  ഫ്രാൻസിൽ അടുത്തയിട നടന്ന ദുഃഖകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ  ഭീകരരെ  അടിച്ചമർത്താൻ ഒത്തൊരുമിച്ചുള്ള സഹകരണം ആവശ്യമെന്നു അദ്ദേഹം ഫ്രാൻസിലെ ഡേവിഡ് കൊമ്രോണിനെ അറിയിച്ചു.    അനേക നഗരങ്ങളെ  ഒരേ സമയം തീ മഴ പെയിപ്പിച്ചു കത്തിക്കാൻ കഴിവുള്ള യുദ്ധോ പകരണങ്ങളും ആയുധങ്ങളുമായി റഷ്യൻ നാവികപ്പട  സിറിയായുടെ കടലതിർത്തിയിൽ തയ്യാറായി നില്ക്കുകയാണ്. ഇറാന്റെ വൻപടയും  റഷ്യയെ സഹായിക്കാൻ ഏതു നിമിഷവും ഒപ്പമുണ്ട്. ഐസിഎസ് നെയും സിറിയയിലെ വിമതരെയും തകർക്കുക എന്ന  റഷ്യയുടെ ലക്‌ഷ്യം ലോക സമാധാനത്തിനു തന്നെ മങ്ങലേറ്റിരിക്കുന്നു. റഷ്യയുടെ ഈ വമ്പൻ പടയെ പാശ്ചാത്യ ലോകവും അമേരിക്കയും എങ്ങനെ കാണുന്നുവെന്ന് കാത്തിരുന്നു കാണാം. ഐ സി എസ ന്റെയും റബലുകളുടെയും താവളങ്ങളിലേയ്ക്ക് റഷ്യൻ സൈന്യം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു. ഒളിത്താവളങ്ങൾ ഉപേക്ഷിച്ചു ഭീകരർ പലായനം ചെയ്യുന്ന കാഴ്ചയാണ് ലോകമിന്ന് കാണുന്നത്‌. ഐ സി എസ ന്റെ ക്രൂരതകൾ അവസാനിപ്പിക്കുമെന്ന് റഷ്യാ  പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഭീകരരോട് ക്ഷമിക്കേണ്ടത്‌ കരുണാമയമായ ദൈവമാണെന്നും അവരെ ദൈവത്തിങ്കലേയ്ക്ക് അയക്കേണ്ടത് തന്റെ കടമയാണെന്നും പുടിൻ പറഞ്ഞു. 

(റഷ്യൻ ചരിത്ര  പരമ്പര അവസാനിപ്പിക്കുന്നു. ലേഖനങ്ങൾ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാർക്കും നന്ദി. )












Putins calmly announce their divorce on state TV | CTV News
Bashar al-Assad (SYRIA)

Parents





Medvedev


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...