Saturday, March 5, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം- 2)


ദളിത നവീകരണവും പരിഷ്‌കര്‍ത്താക്കളും  


By ജോസഫ് പടന്നമാക്കൽ

1920നു ശേഷം ഭാരതത്തിൽ അനേക മത, സാംസ്ക്കാരിക സംഘടനകളും ചിന്തകരും രാഷ്ട്രീയ കൂട്ടാളികളും വർണ്ണ വ്യവസ്ഥകളെ എതിർക്കുകയും മനുഷ്യാവകാശങ്ങളെ പിന്താങ്ങുകയും ചെയ്തതിട്ടുണ്ട്.1950-ൽ ഇന്ത്യൻ ഭരണഘടനയുണ്ടായി. ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ  ഡോക്ടർ അംബേദ്‌ക്കറായിരുന്നു. വർണ്ണവ്യവസ്ഥയെ തുടച്ചു നീക്കിക്കൊണ്ട്  സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ തത്ത്വങ്ങളിൽ അടിയുറച്ചായിരുന്നു ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനയിൽ ജാതി-മത,സ്ത്രീ-പുരുഷ വർഗഭേദമില്ലാതെ മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ നിയമങ്ങളും തത്ത്വങ്ങളും പാടെ പരാജയമായിരുന്നു. 1950-ൽ നടപ്പായ ഭരണഘടനയനുസരിച്ച് 'തൊട്ടുകൂടാ നയം' നിയമത്തിനെതെരെങ്കിലും ഒരുവന്റെ ജനനമനുസരിച്ചുള്ള വർഗവിവേചനം ഭാരത മണ്ണിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.   
  
ചതുർവർണ്ണത്തിലുള്ളവരെ 'സവർണ്ണ'രെന്നും ചതുർ വർണ്ണത്തിനു പുറത്തുള്ളവരെ 'അവർണ്ണർ' അല്ലെങ്കിൽ 'തൊട്ടു തീണ്ടാ' ജാതികളെന്നും വിളിക്കുന്നു. മനുസ്മൃതിയിൽ സൂചിപ്പിച്ചിരിക്കുന്നത് 'ചണ്ഡാളന്മാർ താമസിക്കുന്ന കുടിലുകൾ ഗ്രാമങ്ങളുടെ പുറത്തായിരിക്കണം. പട്ടികളും കഴുതകളും അവരുടെ സ്വത്തുക്കളായിരിക്കും. ചത്തു പോയവരുടെ മൃതദേഹത്തിലെ വസ്ത്രങ്ങൾ അവർക്കുള്ളതാണ്‌. പൊട്ടിയ പാത്രങ്ങളിലേ അവർ ഭക്ഷണം കഴിക്കാവൂ. കാരിരുമ്പു കൊണ്ടുള്ള ആഭരണങ്ങൾ മാത്രമേ അവർ ധരിക്കാൻ പാടുള്ളൂ. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കരകൾ തോറും അലഞ്ഞു നടക്കണം. രാത്രികാലങ്ങളിൽ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ ഉറങ്ങുവാൻ പാടില്ല.' തൊട്ടു കൂടാ തീണ്ടാ ജാതികൾ ഇന്നും വർണ്ണ ജാതികളിൽ നിന്നും അകന്നു താമസിക്കണമെന്നുള്ളന്നത് പരക്കെ അറിയാവുന്ന വസ്തുതയാണ്. അതേ സമയം വർണ്ണ ജാതികൾ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലെയും പ്രധാന ഭാഗങ്ങളിൽ സുഭിക്ഷിതമായി താമസിക്കുന്നതും കാണാം. ഇതിൽ നിന്നും വ്യക്തമാകുന്നത് തൊട്ടുകൂടാ ജാതികൾ ഹിന്ദു മതത്തിന്റെ ഭാഗമല്ലായെന്നാണ്. അവരെ അകത്തി നിർത്തി വര്‍ണ്ണവിവേചനാടിസ്ഥാനത്തില്‍ വേര്‍പെടുത്തി അടിമകളാക്കിയ പാരമ്പര്യമാണ് ഹിന്ദുമതത്തിന്റെ വക്താക്കളായ ബ്രാഹ്മണ കൂട്ടായ്മയ്മകൾ നാളിതുവരെ പുലർത്തി വന്നിരുന്നത്.   

 'തൊട്ടു കൂടായ്മ അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നു തന്നെ മാറ്റി കളയണ'മെന്നും ഒരു മനുഷ്യനെയും വേറിട്ടു കാണാൻ ഹിന്ദുമതം പഠിപ്പിക്കുന്നില്ലായെന്നും' ഗാന്ധിജി പറയുമായിരുന്നു. ബ്രാഹ്മണരെക്കാളും ചണ്ഡാളർ താണ ജാതികളെന്നു ഭഗവത്ഗീത പഠിപ്പിക്കുന്നില്ല.1932- ഗാന്ധിജി ജയിലിൽ കിടന്നപ്പോൾ അദ്ദേഹം ഹരിജനങ്ങളുടെ ഉന്നമനത്തിനായി ഹരിജന സേവാ സംഘം രൂപീകരിച്ചു. ഈ സംഘടന കോൺഗ്രസിന്റെ ഭാഗമല്ലായിരുന്നു. 'തൊട്ടുകൂടാ ജാതികൾ ദുർബലരല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ജനതയും സ്വയം താഴ്ത്തപ്പെട്ടവരുമാണെന്ന്' വിവേകാനന്ദന്റെയും ഉദ്ധരണിയായിരുന്നു. 

1932-ൽ ഗാന്ധിജിയുടെ  നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ നിസഹകരണ പ്രസ്ഥാനത്തിന്റെ പേരിൽ  നാടെങ്ങും വിപ്ലവം നടക്കുന്ന സമയമായിരുന്നു.  ഗാന്ധിജിയെ നിയമ ലംഘനത്തിന്റെ പേരിൽ  യെരോവ്ദാ  ജയിലിൽ  അടയ്ക്കപ്പെട്ടിരുന്നു.  ഇന്ത്യയിലെ അധകൃതരെ സംഘടിപ്പിച്ച് അംബേദ്‌ക്കറും പൗരാവകാശങ്ങൾക്ക് മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ  അധകൃത സമുദായങ്ങൾക്ക് പ്രത്യേകമായ ഒരു ഭരണ സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചു.  വർണ്ണ വ്യവസ്ഥയിൽ അധകൃതർക്കു മാത്രമായി നിയോജകമണ്‌ഡലങ്ങൾ  തരം തിരിച്ച് തിരഞ്ഞെടുപ്പു നടത്താൻ ഒരു തീരുമാനമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിനു തടസം നല്കിക്കൊണ്ട്  ഇന്ത്യൻ ജനതയെ രണ്ടായി പിളർത്താൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച  ഈ പദ്ധതിയെ  ഗാന്ധിജി എതിർത്തു. അധകൃത ജനതയെ  തരം തിരിച്ച് ഇന്ത്യൻ ജനതയെ വിഭജിക്കുന്ന തീരുമാനത്തിൽ പ്രതിക്ഷേധിച്ച് ഗാന്ധിജി മരണം വരെ  ജയിലിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സാമൂഹിക വ്യവസ്ഥയിൽ ഉയർന്നവരും താണവരുമെന്ന അടിസ്ഥാനത്തിൽ ഇന്ത്യയെ  രണ്ടായി വിഭജിക്കപ്പെടുമെന്ന് ഗാന്ധിജി ഭയപ്പെട്ടു. യെരോവ്ദാ  ജയിലിൽ നിന്നും ഗാന്ധിജി പറഞ്ഞു, "എന്റെ ജീവിതം സമൂഹത്തിലെ അധകൃതർക്കു വേണ്ടി ബലിയിടുവാൻ  ദൈവം തന്ന ഒരു അവസരമാണ്."  അംബെദ്ക്കർ അന്ന് ഗാന്ധിജിയുടെ ചിന്താഗതികളെ ചോദ്യം ചെയ്തിരുന്നു. ഉന്നത ജാതികളും താണ ജാതികളും തമ്മിലുള്ള ഒത്തു തീർപ്പിൽ  പ്രശ്നങ്ങൾ തീരുകയും  ആറു ദിവസം നടത്തിയ ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു.


'ഹിന്ദുമതം' എന്ന മതം ദുർബലരായ ജനതയെ ചൂഷണം ചെയ്യാനുള്ള മാർഗമെന്നും അംബേദ്‌ക്കർ പറഞ്ഞിരുന്നു. 'ഹിന്ദു മതത്തെ രക്ഷിക്കണമെങ്കിൽ ബ്രാഹ്മണ മേധാവിത്വം ഇല്ലാതാക്കണം. വർണ്ണ വ്യവസ്തയെന്നുള്ളത് അടിമത്വമാണ്. തൊട്ടുകൂടായ്മ ചിന്താഗതി വർണ്ണ വ്യവസ്തയോടൊപ്പം അവസാനിപ്പിക്കണം. വർണ്ണാശ്രമത്തിന്റെ കാരണം ബ്രാഹ്മണിസവും, ബ്രാഹ്മണിസത്തിന്റെ കാരണം ഏകാധിപത്യവും രാഷ്ട്രീയ ശക്തിയുമാണ്.' അംബേദ്‌ക്കറിന്റെ മരണശേഷം ശരിയായ നേതൃത്വമില്ലാതെ ദളിത പ്രസ്ഥാനങ്ങൾ തകർന്നുകൊണ്ടിരുന്നു. ദളിതരുടെ ഉന്നമനത്തിനായി ഡോക്ടർ ഫുലെയെ മാതൃകയാക്കിക്കൊണ്ട് അംബേദ്‌ക്കർ പ്രവർത്തിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിജിയുടെ അവസാനാളുകളിൽ ഗാന്ധിജി അംബേദ്‌ക്കറിന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു. 

വർണ്ണാശ്രമ വ്യവസ്ഥിതികളെ നിയമത്തിൽക്കൂടി ഇല്ലാതാക്കുവാൻ അംബേദ്‌ക്കർ ചെയ്ത സേവനങ്ങളെ ആർക്കും നിഷേധിക്കാൻ സാധിക്കില്ല. വർണ്ണ വ്യവസ്ഥകളുടെ പരിഷ്കർത്താവെന്ന നിലയിൽ അദ്ദേഹം ഭാരതത്തിനായി ശക്തമായ ഒരു നേതൃത്വം നല്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ പരിശ്രമ ഫലങ്ങൾ ദളിതരുടെ ജീവിത നിലവാരത്തിനു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജ്യോതിർ ഫുലെയും മഹാത്മാ ഗാന്ധിയും വീര സർവെക്കറും ദയാനന്ദ സരസ്വതിയും ദളിതരുടെ ഉന്നമനത്തിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ഇന്ത്യയുടെ വർണ്ണാശ്രമ നിയമത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു. എന്നാൽ അംബേദ്‌ക്കർ വ്യത്യസ്തമായ ചിന്താഗതിയിൽക്കൂടി ഹിന്ദു മതത്തെ തന്നെ നിശിതമായി വിമർശിച്ചു. ദളിതരുടെയും സമൂഹത്തിൽ താണവരുടെയും അവകാശങ്ങൾക്കായി മാത്രം പൊരുതി. അംബേദ്‌ക്കറിന്റെ ചിന്തകളും പ്രസംഗങ്ങളും ദളിതരെ അടിമത്വത്തിനെതിരായ വിപ്ലവങ്ങളിലേയ്ക്ക് നയിച്ചു. 

1936-ഏപ്രിൽ മാസത്തിൽ 'ജാറ്റ് -പാറ്റ്-തോടക മണ്ഡൽ' എന്ന ഉന്നത ജാതിയിലുള്ള ഹൈന്ദവരുടെ സംഘടന ഡോക്ടർ അംബെദ്ക്കറിനെ   അവരുടെ ലാഹോറിൽ നടത്തിയ വാർഷിക സാമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. സമൂഹത്തിൽ വർണ്ണ വ്യവസ്ഥ അവസാനിപ്പിക്കുകയെന്നത് ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. ഡോക്ടർ അംബെദ്ക്കർ ക്ഷണം സ്വീകരിക്കുകയും അന്നു പറയാനുള്ള വിഷയത്തെപ്പറ്റി ഗഹനമായി ചിന്തിച്ച് പ്രസംഗം തയ്യാറാക്കുകയും ചെയ്തു. ഹിന്ദു മതത്തിന്റെ വർണ്ണ വ്യവസ്ഥ അവസാനിപ്പിക്കുക മാത്രമല്ല വർണ്ണ വ്യവസ്ഥ തന്നെ ഹിന്ദുമതത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന പരുഷമായ ഭാഷാ പ്രയോഗങ്ങളായിരുന്നു അംബേദ്‌ക്കറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. വർണ്ണ വ്യവസ്ഥകൊണ്ട്, പ്രത്യേകിച്ചു തൊട്ടുകൂടാ നയംകൊണ്ട്‌ ഹിന്ദു മതത്തിന് നാശം സംഭവിച്ചുവെന്നും അതുകൊണ്ട് അദ്ദേഹം ഹിന്ദു മതം ഉപേക്ഷിക്കാൻ പോകുന്ന വസ്തുതയും വെളിപ്പെടുത്തി. അതിലെ സംഘാടകർ അംബെദ്ക്കറിന്റെ ഭാഷാ പ്രയോഗങ്ങൾ നീക്കം ചെയ്യാനും ഹൈന്ദവ മതത്തോടുള്ള എതിരഭിപ്രായങ്ങൾ സംഘടനയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അറിയിച്ചു. അംബേദ്‌ക്കർ അതിനു തയ്യാറാകാത്തതുകൊണ്ട് സംഘടനാ ഭാരവാഹികൾ അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ല. അനിഹിലേഷൻ ഓഫ് കാസ്റ്റ് (Annihilation of Caste)  എന്ന പുസ്തകം പ്രസിദ്ധീകരിച്ചതുകൊണ്ട് പഞ്ചാബിലെ ഒരു മഹാസമ്മേളനത്തിനുവേണ്ടി തയാറാക്കിയ ഒരു പ്രസംഗവും അവതരിപ്പിക്കാൻ സാധിച്ചില്ല. മനുഷ്യ ജാതിയിൽ പുരുഷനെയും സ്ത്രീയേയും തുല്യവകാശങ്ങളോടെ സൃഷ്ടിച്ചെന്നും സ്ത്രീ പുരുഷ വ്യത്യാസങ്ങൾ പാപമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. 'സത് സാരാ' (the essence of truth) എന്ന പുസ്തകത്തിൽ അദ്ദേഹം ബ്രഹ്മ സമാജത്തിലെയും പ്രതനാ സമാജത്തിലെയും അവരുടെ പ്രവർത്തനങ്ങളെയും അതിനുള്ളിലെ നേതാക്കന്മാരെയും നിശിതമായി വിമർശിച്ചിട്ടുണ്ട്. "നിങ്ങളുടെ സംഘടനയുടെ സഹായം ഞങ്ങൾക്കാവശ്യമില്ലെന്നും ഞങ്ങളെപ്പറ്റി നിങ്ങൾ ആകുലരാകെണ്ടന്നും" അദ്ദേഹം എഴുതി. അവതരിപ്പിക്കാൻ സാധിക്കാതെ പോയ ഹൈന്ദവ മതത്തെ വിമർശിച്ചുകൊണ്ടുള്ള  അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ 1936 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ചു. 

രാജർഷി ചത്രപതി ഷാഹൂജി മഹാരാജാവ് സർക്കാർ ജോലി കാര്യങ്ങളിൽ ദളിതർക്കു മുൻഗണന നല്കി ആദ്യം റിസർവേഷൻ നടപ്പാക്കിയ മഹാ മനസ്ക്കനായിരുന്നു. ദളിതരുടെ സാമൂഹിക പരിഷ്ക്കാരങ്ങളിൽ അദ്ദേഹത്തിൻറെ സംഭാവനകൾ തികച്ചും വിലമതിച്ചതാണ്. ദളിതരായവരെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. അംബേദ്‌ക്കറിനെ വിദേശത്തു വിട്ടു പഠിപ്പിക്കാനുള്ള ചെലവുകൾ വഹിച്ചത് അദ്ദേഹമായിരുന്നു. 

1827-ൽ പൂനയിൽ മാലി ജാതിയിൽ ജനിച്ച 'ജ്യോതിർ ഫുലെ' സുപ്രസിദ്ധ ദളിത സാമൂഹിക പ്രവർത്തകനായും വിദ്യാഭ്യാസചിന്തകനായും അറിയപ്പെടുന്നു. അദ്ദേഹത്തിൻറെ കുടുംബം പൂക്കൾ വിതരണം ചെയ്തിരുന്ന  തൊഴിലുകളിൽ എർപ്പെട്ടിരുന്നതു കൊണ്ട് 'ഫുലെ' യെന്ന പേരും ലഭിച്ചു. പഠിക്കുന്ന കാലങ്ങളിൽ സമർത്ഥനായ വിദ്യാർഥിയായിരുന്നു. 1847-ൽ ഇംഗ്ലീഷ് സ്കൊട്ടീഷ് സ്കൂളിൽ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം പൂർത്തിയാക്കി. ജാതി മതങ്ങളില്ലാതെ ദൈവത്തിന്റെ മക്കൾ തുല്യരാണെന്നുള്ള തത്ത്വ സംഹിതകളിൽ വിശ്വസിക്കുകയും ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി സ്വീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസം ലഭിക്കാതെ ഒരു ജനം പുരോഗമിക്കുകയില്ലെന്നും പ്രത്യേകിച്ച് സ്ത്രീകൾ അടുക്കളയിൽ മാത്രം കഴിയാതെ അടിസ്ഥാന വിദ്യാഭ്യാസം നേടണമെന്നും സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അധകൃത പെൺക്കുട്ടികൾക്കായി അദ്ദേഹം 'ഭിടെ' യെന്ന ഗ്രാമത്തിൽ  ഒരു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഉയർന്ന ജാതിയിലുള്ളവർ എതിർക്കുകയും ആ സ്കൂൾ പൂട്ടിക്കുകയും ചെയ്തു. അവിടെനിന്നു അദ്ദേഹം പോവുകയും പിന്നീട് യൂറോപ്യരിൽ നിന്നും സാമ്പത്തികമായി ഉയർന്നവരിൽ നിന്നും പണം ശേഖരിച്ച് ദളിതർക്കായി മൂന്നു സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. 1851-ൽ 'ബുധാവർ പെട്ടിലും' അതേ വർഷം തന്നെ 'രാഷ്ടാ പെട്ടിലും' 1852-ൽ 'വിടൽ പെട്ടിലു'മാണ് സ്കൂളുകൾ ആരംഭിച്ചത്.1854-ൽ താണ ജാതിക്കാർക്കായി ഒരു ലൈബ്രറിയും തുടങ്ങി. പിന്നീട് സ്കോട്ടിഷ് മിഷ്യൻ സ്കൂളിൽ അദ്ധ്യാപകനായി ജോലി തുടങ്ങി. 1855-ൽ സ്വന്തം വീട്ടിൽ അദ്ദേഹത്തിൻറെ ഭാര്യയുമൊത്ത് ഒരു സായാഹ്ന സ്കൂളുമാരംഭിച്ചു. 1857-ൽ സർക്കാരും അദ്ദേഹത്തിന് ഒരു സ്കൂൾ തുടങ്ങുന്നതിനു സ്ഥലം നല്കി. മനുഷ്യാവകാശങ്ങൾക്കായും ദളിതരുടെ സാമൂഹിക നീതിക്കായും പ്രവർത്തിക്കാൻ 1860--ൽ 'സത്യ ശൊഭക' എന്ന  സംഘടന സ്ഥാപിച്ചു. 1860-ൽ അനാഥരായ സ്ത്രീകൾക്കായി ഒരു ആതുരായം തുടങ്ങി. ആരുമാരും നോക്കാനില്ലാത്ത സ്ത്രീകൾക്ക് ആ സ്ഥാപനം ഒരു ആശ്രയമായിരുന്നു. 'സതി'യ്ക്കെതിരെയും ബാലികാ ബാലന്മാരുടെ വിവാഹങ്ങൾക്കെതിരെയും അദ്ദേഹം പൊരുതിയിരുന്നു. പന്ത്രണ്ടു വയസുവരെ എല്ലാവർക്കും നിർബന്ധിത വിദ്യാഭ്യാസം വേണമെന്നും വാദിച്ചു. ബോംബയിലെ മില്ലിലെ തൊഴിലാളികൾക്ക് മെച്ചമായ ജീവിത സൗകര്യങ്ങൾക്കായും തൊട്ടുകൂടാ ജാതികളായ കൃഷിക്കാരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു. അന്നത്തെ സാമൂഹിക മാദ്ധ്യമങ്ങളിൽക്കൂടി അദ്ദേഹത്തിന്റെ ചിന്താഗതികളും ആശയങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മരണം വരെ അദ്ദേഹം വിശ്രമമില്ലാതെ ദളിതരുടെ സാമൂഹിക ഉന്നമനത്തിനായി സേവനം അനുഷ്‌ഠിച്ചുകൊണ്ടിരുന്നു

1854-ൽ ശ്രീ നാരായണ ഗുരു ജനിച്ചു. ഗുരു ജനിച്ചത്‌ വർണ്ണാശ്രമ ധർമ്മ വ്യവസ്ഥയ്ക്കു പുറത്തുള്ള ഈഴവ ജാതിയിലായിരുന്നു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. കേരളത്തിലെ പ്രവർത്തനങ്ങളിൽ  തുടക്കമിട്ട ആ മഹാപ്രസ്ഥാനം വളർന്ന് അതിന്റെ പ്രവർത്തന ശൃംഖലകൾ ഇന്നു ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പൂർവിക തലമുറകൾ മുതൽ നടപ്പിലായിരുന്ന ചതുർവർണ്ണത്തിൽ വിശ്വസിച്ചിരുന്ന ഗാന്ധിജിയെ അദ്ദേഹം വ്യക്തിപരമായും വിമർശിച്ചിരുന്നു. പ്രസംഗവും പ്രവർത്തികളും രണ്ടായി തുടരുന്ന നയങ്ങളാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദളിതർക്കായി കാര്യമായ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാതെയും മൈതാന പ്രസംഗങ്ങളിൽ മാത്രം വാചാലരുമായ കോൺഗ്രസിനെയും വർണ്ണാശ്രമ ധർമ്മത്തിൽ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധിജിയെയും ഒരുപോലെ അദ്ദേഹം വിമർശിച്ചിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മുദ്രാ വാക്യവും ശ്രീ നാരായണ ഗുരുവിന്റെതാണ്. എല്ലാ  ജാതികൾക്കും തുല്യമായി പ്രവേശിക്കാവുന്ന  അമ്പലങ്ങളും അദ്ദേഹം സ്ഥാപിച്ചു. 

1909-ൽ അവർണ്ണ ജാതിയിൽ ജഗജീവൻ റാം ജനിച്ചു. 'ചമാർ വർഗത്തിൽപ്പെട്ട' അദ്ദേഹത്തിൻറെ പിതാവ് ചത്ത മൃഗങ്ങളെ കുഴിച്ചിടുകയും ചെരുപ്പു നന്നാക്കുകയും ചെയ്യുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. വിപ്ലവകാരിയായ ജഗജീവൻ റാം മെച്ചമായ വേതനത്തിനായി ബീഹാറിൽ കാർഷിക തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങളും പ്രകടനങ്ങളും നടത്തുമായിരുന്നു. ഇന്ത്യയിലെ ബ്രഹത്തായ ഒരു സംഘടനയായ 'ദളിത്‌ വർഗ സംഘ'ത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യാ മുഴുവനുമുള്ള ദളിതരെ യോജിപ്പിച്ച് ചെറു സംഘടനകളായി ഗ്രാമങ്ങളിൽ വ്യാപിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ നയം. ജഗജീവൻ റാം കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് തൊഴിൽ നിയമങ്ങൾ പാസാക്കുകയും തൊഴിലാളികൾക്കു നിശ്ചിതമായ ഒരു കൂലി നിർണ്ണയിക്കുകയും ചെയ്തു. പിന്നോക്ക ജാതികൾക്കായുള്ള 'ബായ്ക്ക് വേർഡ് ഫെഡറേഷനും' (Backward  federation) സ്ഥാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയിലൊന്നായി അത് വളരുകയം ചെയ്തു.   ഗാന്ധിജിയെപ്പോലെ  അനീതിയും സാമൂഹിക ഉച്ഛ നീചത്വങ്ങളും   തൊട്ടു കൂടായ്മയും ഇല്ലാതാക്കാൻ  പ്രവർത്തിച്ചതിനൊപ്പം അദ്ദേഹം സത്യമായ ഹിന്ദു മതത്തിലും വിശ്വസിച്ചിരുന്നു ഹിന്ദു മതത്തിന്റെ ദുഷിച്ച തൊട്ടു തീണ്ടാ വ്യവസ്ഥിതിയെ ജഗജീവൻ റാവു   എതിർത്തിരുന്നു. വർണ്ണ വിവേചനത്തെയും യാഥാസ്ഥിതിക ചിന്തകളെയും എതിർത്തെങ്കിലും ഹൈന്ദവ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ആദർശങ്ങൾ വിളമ്പാമെന്നല്ലാതെ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളെ തുടച്ചു മാറ്റുക എളുപ്പമല്ലന്നു ആഗോള തൊഴിലാളി സംഘടനകളുടെ ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു, 

'കൻഷി റാം'  ദളിതരുടെ  സാമൂഹിക പരിഷ്ക്കാര മുന്നെറ്റത്തിനായും പരിവർത്തനത്തിനായും ശ്രമിച്ച ഒരു രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു. 'ബഹുജൻ സമാജ പാർട്ടി'യുടെ സ്ഥാപക നേതാവുമാണ്. ജീവിക്കാൻ കഷ്ടി മാത്രമുണ്ടായിരുന്ന ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. കുട്ടിക്കാലത്ത് ഉയർന്ന ജാതികളിൽ നിന്നും അദ്ദേഹത്തിന് വിവേചനങ്ങളുണ്ടായിട്ടുണ്ട്. ചെറുപ്പകാലങ്ങളിൽ വർണ്ണ ജാതികളിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളിൽ  മനം നൊന്തിരുന്നു. യുവാവായ കാലങ്ങളിൽ ദളിതരെ സംഘടിപ്പിച്ച് വർണ്ണ വ്യവസ്ഥകൾക്കെതിരെ പ്രതികരിക്കാനും തുടങ്ങി. അദ്ദേഹം അറിയപ്പെട്ട ഒരു നേതാവായി ദളിതരുടെയിടയിൽ വളർന്നു. രാഷ്ട്രീയമായ ഉയർച്ചക്കു ശേഷം മായവതിയുമായി കൂട്ടു പിടിച്ചുകൊണ്ട് ദളിതരെ ഒരേ രാഷ്ട്രീയ കുടക്കീഴിലാക്കി അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. യൂ.പിയിലും, എം പിയിലും, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാർ എന്നിവടങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കൻഷിറാമും മായാവതിയും ഹൃദയ സ്പർശമായ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങൾ സമ്മേളനങ്ങളിൽ കൂടുമായിരുന്നു. കൻഷി റാമിന്റെ പ്രവർത്തനം കൊണ്ട് മായാവതി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി. സ്ത്രീകളുടെ ഉന്നമനത്തിനായും കൻഷിറാം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഗ്രാമീണ പ്രദേശങ്ങളിൽ സ്ത്രീകളുടെ തൊഴിലിനായി വിവിധങ്ങളായ കുടിൽ വ്യവസായങ്ങളും ആരംഭിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കാൻഷി റാം  ഇന്ത്യാ കണ്ട മഹാനായ നേതാവായിരുന്നു. അംബേദ്‌ക്കറിന്റെ വലിയ ആരാധകനുമായിരുന്നു. മരണം വരെ അദ്ദേഹം ദളിതർക്കു വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. 

'രാം വിലാസ് പാസ്വാൻ' ദളിതരുടെ കരുത്തുറ്റ ഒരു നേതാവാണ്‌. ബീഹാറിലും ഇന്ത്യാ മുഴുവനായും അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു. ഏതു  സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. പാർലിമെന്റിൽ റെക്കോര്ഡു ഭേദിച്ച് അനേകം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. എൻ. ഡി.എ സർക്കാരിന്റെ കാലത്ത് റയിൽവേ ടെലകമ്മ്യൂണിക്കേഷൻ മന്ത്രിയായിരുന്നു. ദളിതരുടെ സാമൂഹിക സാമ്പത്തിക പ്രശ്ന പരിഹാരത്തിനായി എന്നും മുമ്പിലുണ്ടായിരുന്നു. 'ലോക ജനശക്തി' യെന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപികരിച്ചുകൊണ്ട് അതിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം സ്ഥാപിച്ച പാർട്ടി പ്രവർത്തനങ്ങളിൽക്കൂടി ദളിതരുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. സ്ത്രീധന സമ്പ്രദായവും പ്രായ പൂർത്തിയാകാത്തവരുടെ വിവാഹവും അദ്ദേഹം എതിർക്കുന്നു. സ്ത്രീ പീഡനങ്ങളെൾക്കെതിരെയും ശബ്ദം ഉയർത്തുന്നു. സ്ത്രീകളും പുരുഷന്മാരെപ്പോലെ തുല്യരായി വിദ്യാഭ്യാസം നേടണമെന്നും ചിന്തിക്കുന്നു.  

കെ ആർ നാരായണൻ 1921 ഫെബ്രുവരി നാലാം തിയതി സാധാരണ ഒരു ദളിത കുടുംബത്തിൽ ജനിച്ചു. സ്കൂൾ കാലങ്ങളിൽ വളരെ സമര്‍ത്ഥനായ വിദ്യാർഥിയായിരുന്നു. ജവർഹാലാൽ നെഹ്‌റു അദ്ദേഹത്തെ വിദേശ സേവനത്തിനായി നിയോഗിച്ചു. ഇന്ത്യയുടെ പണ്ഡിതനായ രാഷ്ട്രപതിയെന്നു അദ്ദേഹത്തെ അറിയപ്പെടുന്നു. എഴുതാനും വായിക്കാനും എന്നും അദ്ദേഹത്തിനു വലിയ താല്പ്പര്യമായിരുന്നു തിരുവിതാംകൂറിൽ അധ്യാപകനായി ജോലി തുടങ്ങി. 1944-ൽ ഹിന്ദു പത്രത്തിൽ പത്രാധിപരായി ജോലി ചെയ്തു. പിന്നീട് ടോക്കിയോയിലും ചൈനയിലും നയതന്ത്ര മേഖലകളിൽ വിദേശ സേവനത്തിലുമായിരുന്നു. അമേരിക്കൻ അംബാസിഡറായിരുന്നു. ലോക സഭാംഗം, കേന്ദ്ര മന്ത്രി, ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുതലായ സമുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.  

1932-ൽ ജനിച്ച യൂ.റ്റി.രാജശേഖരൻ ഷെട്ടി ഇന്ത്യാ മുഴുവൻ അറിയപ്പെട്ടിരുന്ന പ്രസിദ്ധനായ പത്ര പ്രവർത്തകനായിരുന്നു. ദളിത സാഹിത്യത്തിൽ ആധിപത്യവും വഹിച്ചിരുന്നു. 'ദളിത  വോയിസ്' എന്ന പത്രം നടത്തിയ വിവാദ നായകനുമായിരുന്നു. ദളിത സമൂഹത്തിന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ വാചാലമായ എഴുത്തുകളിൽക്കൂടി പ്രതിഫലിച്ചിരുന്നു. ദളിതർക്ക് നവോത്വാന ചിന്തകൾ പ്രദാനം ചെയ്യാൻ അദ്ദേഹത്തിൻറെ പത്ര പ്രവർത്തനങ്ങളിൽക്കൂടിയും എഴുത്തുകളിൽക്കൂടിയും സാധിച്ചു.   അദ്ദേഹം ദളിതനായിരുന്നില്ല. ഉയർന്ന ജാതിയിൽ ജനിച്ച അദ്ദേഹത്തിൻറെ പിതാവ് തിമ്മപ്പാ ഷെട്ടി ഒരു  ജില്ലാധികാരിയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങളോളം ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലി ചെയ്തു. അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവാണ്. സെമറ്റിക് മതങ്ങൾക്കെതിരെയും  ആഫ്രോ സാമൂഹിക തത്ത്വ ചിന്തകളെയും അടിസ്ഥാനമാക്കിയായിരുന്നു  ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. 

പെരിയാർ ഈ വി രാമസ്വാമി നായിക്കർ (1879 സെപ്റ്റംബർ 17-1973 ഡിസംബർ 24) സാമൂഹിക പരിഷ്കർത്താവും പ്രസിദ്ധനായ  രാഷ്ട്ര തന്ത്രജ്ഞനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനുമായിരുന്നു. തമിഴ് നാട്ടിലെ പ്രസിദ്ധനായ യുക്തിവാദിയും വർണ്ണാശ്രമത്തിനു പുറത്തുള്ള തൊട്ടുകൂടാ ജാതികൾക്കു വേണ്ടി പോരാടിയ വിപ്ലവകാരിയുമായിരുന്നു. ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഹിന്ദു മതം അദ്ദേഹം ഉപേക്ഷിച്ചു. മനുവിന്റെ തത്ത്വങ്ങൾ മനുഷ്യത്വമില്ലാത്തതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 
മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാ വർഗങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയിരുന്നു. സൂത്രശാലികളായ ചെറുവിഭാഗം ഉയർന്ന ജാതികൾ വർണ്ണ വിവേചനം സൃഷ്ടിച്ചുകൊണ്ട് വലിയൊരു ജനവിഭാഗത്തിനെ അടിമകളാക്കിയെന്നും പെരിയാർ പറയുമായിരുന്നു.   ഉന്നത ജാതികൾ കൊളുത്തിയിരിക്കുന്ന ചങ്ങലകളെ ഭേദിച്ച് നാം സ്വയം ബഹുമാനിതരാകണമെന്നും യുക്തിപൂർവ്വം ചിന്തിക്കണമെന്നും തകർന്ന ജനതകളായ ദളിതരെ അദ്ദേഹം ഉപദേശിക്കുമായിരുന്നു. പെരിയാറിന്റെ ഉദ്ധരണി ഇങ്ങനെ, "വലിയ ഒരു വിഭാഗം ജനം തൊട്ടുകൂടാ ജാതികളും മറ്റൊരു വിഭാഗം ശുദ്രൻമാരും. അവർ ദാസന്മാരായും കൂലികളായും ഹീനജോലികളും പാദസേവ ചെയ്യുന്നവരായും ജനിയ്ക്കുമ്പോഴേ നിശ്ചയിക്കും. അധകൃതരായ ഈ ജനതയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഭാരതത്തിനു എന്തിനു സ്വാതന്ത്ര്യം വേണം? മതവും അവരുടെ പുരാണങ്ങളും ദൈവങ്ങളും തികച്ചും നിരർത്ഥകവുമായിരിക്കും."

പെരിയാർ പറയുമായിരുന്നു, "പക്ഷി മൃഗാദികളിലും പുഴുക്കളിലും   വർഗ വിവേചനമില്ല. ഉയർന്നവരെന്നോ താണവരെന്നോ വ്യത്യാസവുമില്ല. മനുഷ്യൻ യുക്തി ചിന്തകനെങ്കിലും അവനുണ്ടാക്കിയ നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് ഇതെല്ലാം സഹിക്കേണ്ടി വരുന്നു. പട്ടികളിൽ ബ്രാഹ്മണരോ പറയരോ ഇല്ല. കുരങ്ങന്മാരിലും കഴുതകളിലും ഇങ്ങനെയുള്ള വർഗങ്ങളെ കാണാൻ സാധിക്കില്ല. എന്നാൽ മനുഷ്യരിൽ വ്യത്യസ്‌തതയുണ്ട്.' "യുക്തി ചിന്തയുള്ള മനുഷ്യൻ എങ്ങനെ ബ്രാഹ്മണർക്കു മാത്രം പ്രത്യേക പരിഗണന നല്കുന്നു. അടിമകളായ താണ വർഗക്കാർ അവന്റെ കാലുകളിൽ വീഴുന്നു. അവന്റെ കാലുകൾ കഴുകി ചിലപ്പോൾ ആ വെള്ളം കുടിക്കുന്നു. ഇതാണ് ഹിന്ദു തത്ത്വമെങ്കിൽ ഇതാണ്‌ ഹിന്ദുമതമെങ്കിൽ ആ മതം നമുക്കാവശ്യമില്ലന്നും" പെരിയാർ പറഞ്ഞിരുന്നു.(തുടരും)



V. T. Rajshekar Shetty, (born 1932)

Kanshi Ram, Mayavathi


Ram Vilas Paswan 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...