Wednesday, March 23, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-5)





 











വിവേകാനന്ദൻ കണ്ട കേരളമെന്ന ഭ്രാന്താലയം 

By ജോസഫ് പടന്നമാക്കൽ

ചരിത്രാതിത കാലംമുതൽ സാമൂഹിക തലങ്ങളിലും രാഷ്ട്രീയ സാംസ്ക്കാരിക സാമ്പത്തിക തലങ്ങളിലും ദളിതരെ തലമുറകളായി ചൂഷണം ചെയ്തുകൊണ്ടിരുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. സമൂഹത്തിൽ അധകൃതരായി ജീവിക്കുന്ന ദളിതർ തങ്ങളുടെ മെച്ചമായ മുന്നേറ്റത്തിനായി അധികാര സവർണ്ണ മേധാവിത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നാടാകെ സംഘടിപ്പിക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതലാണ്‌ ദളിതരുടെ പ്രതിഷേധ പ്രകടനങ്ങൾ  കേരള ചരിത്രത്തിനു തുടക്കമിട്ടത്. ഈ കാലഘട്ടത്തിൽ കര്‍മ്മോദ്യുക്തരും ഊർജസ്വലരും വ്യക്തിപ്രഭാവവുമുള്ള നേതാക്കന്മാർ സമൂഹത്തിലെ അധകൃതരായ ദളിതരുടെ സാമൂഹിക മുന്നേറ്റത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളെ ബോധാവാന്മാരാക്കുവാനും പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ ഫലമായി പുത്തനായ  സാമൂഹിക മാറ്റങ്ങൾക്കായി ദളിതരും സംഘടിക്കാൻ തുടങ്ങി. ദളിതരുടെ അത്തരം അഭിലാഷങ്ങൾ എക്കാലവും ഉയർന്ന ജാതികളുടെ അധികാര വർഗങ്ങൾ പരാജയപ്പെടുത്തിയ ചരിത്രമാണ് ഭാരതമൊട്ടാകെയുള്ളത്. ജാതിഭ്രഷ്‌ടു കല്പ്പിച്ചിരുന്ന ദളിതരെ മേൽജാതിക്കാർ എന്നും അടിമകളെപ്പോലെയാണ് കരുതിയിരുന്നത്. അത് ഇന്നും തുടരുന്നു. എങ്കിലും കാലത്തിന്റെ ചുവരെഴുത്തുങ്കൽ ഇന്ന് ദളിതരുടെ ഭയം കുറഞ്ഞു വരുന്നുണ്ട്. പൊതുസ്ഥലങ്ങളും സർക്കാർ ഓഫീസുകളും ശുചീകരണം  ചെയ്യുന്നവരുടെ ന്യായമായ വേതനത്തിനായുള്ള  അവകാശ സമരങ്ങൾ സാധാരണമായിരിക്കുന്നു. 


ആര്യന്മാരാണ്‌ വർണ്ണവ്യവസ്ഥകൾ നടപ്പാക്കിയതെന്ന് ചരിത്രം എഴുതുന്നവർ അനുമാനിക്കുന്നു. ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുമ്പ് ചാതുർവർണ്യങ്ങൾ ദ്രാവിഡരുടെയിടയിൽ ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. ആര്യൻ ആക്രമണവും സംസ്കൃത ഭാഷയുടെ ആവിർഭാവവും മനുഷ്യജാതികളെ തരം തിരിക്കുന്നതിനും മണ്ണിന്റെ മക്കളായ ആദിദ്രാവിഡരെ അടിമകളാക്കുന്നതിനും സാധിച്ചുവെന്നു ബ്രിട്ടീഷ്ചരിത്രങ്ങളിൽ സ്ഥിതികരിച്ചിട്ടുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ. ശുദ്രർ എന്നിങ്ങനെ ചതുർവർണ്ണങ്ങൾ തരം  തിരിച്ചിരിക്കുന്നു. ഈ നാലു വർണ്ണങ്ങളിൽ പെടാത്തവരെ വർണ്ണങ്ങൾക്കു വെളിയിലുള്ള അവർണ്ണരായും തൊട്ടുകൂടാ ജാതികളായും ഭ്രഷ്ടും കല്പ്പിച്ചിരിക്കുന്നു.   ഇത്തരം വർണ്ണ വിവേചനങ്ങളാണ് എക്കാലവും ഭരിക്കുന്ന സവർണ്ണ ജാതികളെ സൃഷ്ടിച്ചത്. സവർണ്ണരായവർ ശുദ്ധവും പരിശുദ്ധവും അവർണ്ണരായവർ അശുദ്ധവും കളങ്കപ്പെട്ടവരും. അങ്ങനെ ശുദ്ധമാണെന്നു കരുതുന്ന ജനതയും അവർ അശുദ്ധമെന്നു കരുതുന്നവരും വ്യത്യസ്ത ജനതകളായി രൂപാന്തരപ്പെട്ടു. അവർണ്ണരെ അടിമകളാക്കിക്കൊണ്ട് അധികാരവും വിഭവങ്ങളും സാമൂഹിക പദവികളും  സ്ഥാനമാനങ്ങളും ഭരിക്കുന്ന സവർണ്ണ വർഗങ്ങൾ കവർന്നെടുത്തുകൊണ്ടിരുന്നു.  


ഭാരതത്തിൽ മറ്റേതു പ്രദേശങ്ങളിലും നടപ്പിലായിരുന്നപോലെ കേരളത്തിലും അത്തരം ദുരാചാരാങ്ങൾ അതിപുരാതന കാലം മുതലേയുണ്ടായിരുന്നു. സാമ്പ്രദായികമായ ചതുർ വർണ്ണങ്ങളിൽ കേരളത്തെ സംബന്ധിച്ച് ബ്രാഹ്മണരും ക്ഷത്രിയരും ശുദ്രരരും ഉൾപ്പെട്ടിരുന്നെങ്കിലും വൈശ്യരുണ്ടായിരുന്നില്ല. വൈശ്യരുടെ അഭാവത്തിൽ അവരുടെ കർമ്മാനുഷ്ഠാനങ്ങളായ കച്ചവടങ്ങളും വ്യവസായങ്ങളും മുസ്ലിമുകളും ക്രിസ്ത്യാനികളും മറ്റുള്ള ജാതികളും വഹിച്ചിരുന്നു. ജാതികളുടെ ശ്രേഷ്ടതയനുസരിച്ച് തിരുവിതാകൂർ ജനതകളിൽ ബ്രാഹ്മണരും നായന്മാരും ധനവും അധികാരവുമുള്ള വർഗങ്ങളായിരുന്നു. ഈഴവർ, നാടാർ, അടിമ ജാതികൾ, തൊട്ടു തീണ്ടാൻ പാടില്ലാത്തവർ എന്നിവരെ ബ്രാഹ്മണർക്കും നായന്മാർക്കും തൊട്ടു താഴെയുള്ള ജാതികളായും കണക്കാക്കിയിരുന്നു. അവർണ്ണരായ നാടാരും ഈഴവരും പറയരും പുലയരും സവർണ്ണ ഹിന്ദുക്കൾക്കായി അടിമ ജോലി ചെയ്യണമായിരുന്നു. ഓരോ ജാതികൾക്കും താഴെ കീഴ് ജാതികളുമുണ്ടായിരുന്നു.  



കേരളത്തെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരെയാണ് ബ്രാഹ്മണരെന്നു പറഞ്ഞു വന്നിരുന്നത്. മറ്റുള്ള ജാതികളെക്കാളും ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ വകുപ്പ് മേധാവിത്വവും ബ്രാഹ്മണർ കയ്യടക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം കൊണ്ടും സാമ്പത്തിക മെച്ചം കൊണ്ടും അമ്പല പൂജാരികളെന്ന നിലയിലും പരിശുദ്ധിയുടെ കവചങ്ങൾ അണിഞ്ഞതുകൊണ്ടും സമൂഹത്തിലുള്ള സ്ഥാനമാനങ്ങൾ അവർക്കു മാത്രം ലഭിച്ചിരുന്നു. മതപരമായ അനുഷ്ഠാന വിധിപ്രകാരം ദൈവത്തിന്റെ അടുത്ത ആൾക്കാരുമായും അവരെ കരുതിയിരുന്നു. വേദങ്ങൾ വായിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അനുവദനീയമായിരുന്നുള്ളൂ. മനുവിന്റെ നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങളായും കരുതിയിരുന്നു. രാജ്യത്തുള്ള മതത്തിന്റെ നിയമമനുസരിച്ച് സർക്കാരിന്റെ ചെലവിൽ ബ്രാഹ്മണർക്ക് ഊട്ടുപുരയിൽ സൗജന്യമായി ഭക്ഷണം നല്കിയിരുന്നു. ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുകയെന്നുള്ളത് രാജാവിന്റെ പുണ്യ കർമ്മങ്ങളും. ബ്രാഹ്മണർ വൻകിട ഭൂവുടമകളും വമ്പിച്ച സ്വത്തുക്കളുടെ അധിപരുമായി മാറി. ഫ്യൂഡൽ പ്രഭുക്കരെന്ന നിലയിൽ ജന്മി സമ്പ്രദായഭൂമി അടുത്തുള്ളവർക്ക് കൃഷിക്കായി പാട്ടത്തിനു നല്കിയിരുന്നു. നായന്മാർ പൊതുവേ സൈനിക ജോലികൾ നിർവഹിച്ചിരുന്നു. താണ ജാതിക്കാരായ കുടിയാന്മാർ ഭൂപ്രഭുക്കളുടെ കരുണയിൽ ജീവിച്ചിരുന്നു. രാജാവിന്റെ മേൽ ബ്രാഹ്മണർക്ക് സ്വാധീനമേറെയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടു വരെ  നമ്പൂതിരിമാർ രാജ്യം ഭരിച്ചിരുന്നു. സാമൂഹിക ക്ഷേമങ്ങളും വിദ്യാഭ്യാസ ചുമതലകളും കലകളും സംസ്ക്കാരങ്ങളും ശാസ്ത്രവും വൈദ്യവും അവർ നിയന്ത്രിച്ചിരുന്നു. 



സാമൂഹിക വ്യവസ്ഥയിൽ ബ്രാഹ്മണർ കഴിഞ്ഞാൽ അടുത്ത സ്ഥാനമാനങ്ങൾ അലങ്കരിച്ചിരുന്നത് നായന്മാരായിരുന്നു. യുദ്ധങ്ങൾ അഭ്യസിച്ചിരുന്ന സൈനിക ജോലികൾ നായന്മാർക്ക് നല്കിയിരുന്നു. ഈ സമൂഹത്തെ ശൂദ്രന്മാരായും മാനിക്കുന്നുണ്ട്. ബ്രാഹ്മണരും നായന്മാരുമായുള്ള സഖ്യം മൂലം നായന്മാരെ ബ്രാഹ്മണ ജന്മികളുടെ വസ്തു വകകൾ സൂക്ഷിക്കാനുള്ള ചുമതലകളും പണപരമായ  ക്രയ വിക്രയ കാര്യങ്ങളും ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തിലെ വസ്തു വകകളുടെ സംരക്ഷകരായും നായന്മാരെ അറിയപ്പെട്ടു. ബ്രാഹ്മണർക്കാണ് വസ്തുവകകളുടെ ജന്മിത്വമെങ്കിലും നായന്മാർ വസ്തുക്കളുടെ ഉടമസ്തരായിരുന്നു. യുദ്ധം വരുമ്പോൾ രാജാവിന് പട്ടാളത്തെ എത്തിച്ചു കൊടുത്തിരുന്നത് നായന്മാരായിരുന്നു. നായന്മാരുടെ ഇടയിൽ നടപ്പിലായിരുന്നത്‌ മരുമക്കത്തായവും. സ്ത്രീകൾക്കായിരുന്നു സ്വത്തുക്കൾക്ക് അവകാശമുണ്ടായിരുന്നത്. കൂട്ടുകുടുംബങ്ങളായി ഒരേ മേൽക്കൂരയിൽ കഴിഞ്ഞിരുന്നു. കൂട്ടു കുടുംബത്തിൽ ഏറ്റവും മൂത്ത സഹോദരൻ കാരണവരായി മറ്റുള്ളവരെ നിയന്ത്രിച്ചിരുന്നു. വർണ്ണ വ്യവസ്ഥയിൽ നായന്മാർക്ക് പിന്നാലെ  ഈഴവരെയും  നാടാന്മാരെയും താഴെക്കിടയിലുള്ളവരായി കരുതി വന്നു.   



ഈഴവരെയും നാടാന്മാരെയും സമുന്നത ജാതികൾ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. വർണ്ണ വ്യവസ്ഥയിൽ താണ ജാതിയിൽപ്പെട്ട അവർണ്ണരായവരിൽ ഈഴവരാണ് ഏറ്റവും പ്രമുഖരായവർ. ഈഴവർ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വ്യാപിച്ചു കിടക്കുന്നു. തെക്കേ തിരുവിതാംകൂറിൽ അവരെ ഈഴവരെന്നു അറിയപ്പെടുമ്പോൾ തിരുവിതാംകൂറിന്റെ മറ്റു പ്രദേശങ്ങളിലും  കൊച്ചിയിലും അവരെ ചൊവോന്മാരെന്നു പരക്കെ വിളിക്കുന്നു. മലബാറിൽ തീയ്യന്മാരെന്ന നിലയിൽ ഈഴവരെ അറിയപ്പെടുന്നു. തെങ്ങിൽ നിന്നും പനകളിൽ നിന്നും കള്ള് ചെത്തൽ, കൃഷി, കച്ചവടം, കയർ ഉത്പ്പാദിപ്പിക്കൽ, നെയ്ത്ത് എന്നിവ അവരുടെ തൊഴിലുകളായിരുന്നു. ചിലർ ആയുർവേദ വൈദ്യരും, ജ്യോതിഷരുമായിരുന്നു. സംസ്കൃതം പഠിച്ച വിദ്വാന്മാരും ഈഴവ ജാതികളിലുണ്ടായിരുന്നു. നാടാന്മാരെപ്പോലെ ഈഴവരെയും താണ ജാതികളായി കണക്കാക്കിയിരുന്നെങ്കിലും പുലയ, പറയ, തൊട്ടുകൂടാ അധകൃത ജാതികളെക്കാളും മാന്യത കല്പ്പിച്ചിരുന്നു.



ഈഴവർക്കും ഉന്നത ജാതികളുടെ ചൂഷണവും  സാമൂഹികമായ വിലക്കുകളുമുണ്ടായിരുന്നു. താണ ജാതികൾക്കു മൊത്തം അശുദ്ധി കല്പ്പിച്ചിരുന്നതുകൊണ്ട് പൊതുവഴികളിൽക്കൂടി അവർ നടക്കുന്നത് നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളിലോ അമ്പലങ്ങളുടെയടുത്തോ ഉയർന്ന ജാതികൾ ഉപയോഗിക്കുന്ന കിണറുകൾക്കു സമീപമോ പോകാൻ അവർക്ക് പാടില്ലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ബ്രാഹ്മണിത്വത്തിന്റെ കുലീനത കല്പ്പിച്ചിരുന്ന കുടകൾ ചൂടാനോ മേൽവസ്ത്രം ധരിക്കാനോ അവകാശങ്ങളുണ്ടായിരുന്നില്ല. തലയുടെ മുമ്പിൽ തലമുടി കൂട്ടി കെട്ടണമായിരുന്നു. അവരുടെ സ്ത്രീകൾക്ക് മാറു മറക്കാനായി മേൽ കച്ചകൾ ധരിക്കാനോ ആഭരണങ്ങളിടാനോ അനുവദിച്ചിരുന്നില്ല. അമ്പലങ്ങളിൽ പൂജ നടത്തുവാൻ നിരോധിച്ചിരുന്നു. നമ്പൂതിരിമാരുടെ മുപ്പത്തിയാറടി സമീപവും നായന്മാരുടെ പന്ത്രടി സമീപവും ഈഴവർ മുതൽ താണ ജാതികൾ സഞ്ചരിക്കാൻ പാടില്ലായിരുന്നു. സർക്കാരിനും ബ്രാഹ്മണർക്കും കൂലിയില്ലാതെ സൗജന്യമായി  ജോലിയും ചെയ്യണമായിരുന്നു. 



നാടാന്മാർ അല്ലെങ്കിൽ ചാന്നാന്മാർ തെക്കേ തിരുവിതാകൂറിലും തമിഴ്നാട്ടിലും കൂടുതലായും കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ പനയിൽ കയറുക, കൃഷി, വഴി കച്ചവടങ്ങൾ  മുതലായവകൾ അവരുടെ തൊഴിലുകളായിരുന്നു. നാടാൻമാരെയും ജാതിക്കും ചതുർ വർണ്ണത്തിനും പുറത്തുള്ള തൊട്ടുകൂടാ ജാതികളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.   അവരുടെ സ്ത്രീകളുടെയും മാറിടങ്ങൾ മറയ്ക്കാൻ പാടില്ലായിരുന്നു. സർക്കാരും അവരോടു ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നത്. അവരുടെ കുടുംബത്തിൽ മരിച്ചവരുടെ ബന്ധുജനങ്ങളിൽ നിന്നും മരണ നികുതി ചുമത്തിയിരുന്നു. അമ്പലത്തിലും സർക്കാരിലും ജന്മികൾക്കും വേണ്ടി ഇവർ സൗജന്യമായി തൊഴിലുകളും ചെയ്യണമായിരുന്നു.  



കേരളത്തെ സംബന്ധിച്ച് അടിമകളായി കണക്കാക്കിയിരുന്നത് പുലയരേയും പറയരെയും കുറവരെയുമായിരുന്നു. ഉന്നത ജാതികൾ മൃഗീയമായിട്ടായിരുന്നു അവരോടു പെരുമാറിയിരുന്നത്. കഠിനമായി ജോലി ചെയ്യിപ്പിച്ച ശേഷം അന്നന്നുള്ള അപ്പത്തിനു കഷ്ടി മാത്രം കൂലി നല്കിയിരുന്നു. കന്നുകാലികളെപ്പോലെ അവരെ ചന്തകളിൽ ലേലം വിളികൾ നടത്തി വിൽപ്പന വാങ്ങലുകളും നടത്തിയിരുന്നു. കുറ്റം കാണിക്കുന്ന തൊഴിലാളികളെ ഉടമസ്ഥർക്ക് ഏതു വിധത്തിലും ശിക്ഷിക്കാൻ സാധിക്കുമായിരുന്നു. അവരെ തൊട്ടു തീണ്ടാജാതികളായി ഐത്തവും  കല്പ്പിച്ചിരുന്നു. വഴികളിൽ സഞ്ചരിക്കുന്ന ഉന്നത ജാതികളുമായി ഒരു പ്രത്യേക ദൂര വ്യത്യാസത്തിൽ നടക്കണമായിരുന്നു. അമ്പലങ്ങളുടെ സമീപമോ, പൊതു വഴികളിൽക്കൂടിയോ നടക്കാൻ പാടില്ലായിരുന്നു. മണ്ണും ചാണകവും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളിൽ പുലയരും പറയരും മറ്റു താണ ജാതികളും താമസിച്ചിരുന്നു. വിദ്യാഭ്യാസം ചെയ്യാനോ, മാന്യമായി വസ്ത്രധാരണം ചെയ്യാനോ അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ആഭരണം ധരിക്കുന്നതു പോലും കുറ്റകരമായിരുന്നു. അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്കുപോലും അവകാശമുണ്ടായിരുന്നില്ല. പ്രായപൂർത്തിയാകും മുമ്പ് അടിമ ജോലിയ്ക്കായി തൊഴിലുടമകൾ കുട്ടികളെ മാതാപിതാക്കളിൽ നിന്നും അടർത്തിയെടുക്കുമായിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്കൃത ലോകമായിരുന്നു അന്ന് ജാതി വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്. 



തിരുവിതാം കൂറിലും മലബാറിലും കേരളമാകെയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും മാറു മറയ്ക്കാനുള്ള ഈഴവ-നാടാർ സമരം സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായിരുന്നു. ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഇതൊരു പരിഹാസം നിറഞ്ഞ  കഥയായി തോന്നിയേക്കാം. പരസ്യമായി പൊതു നിരത്തുകളിൽക്കൂടി ഈഴവസ്ത്രീകൾ മുലക്കച്ചകൾ ധരിക്കാൻ പാടില്ലായെന്ന നിയമം ബ്രാഹ്മണരുടെ നിയമ പുസ്തകങ്ങളിലുണ്ടായിരുന്നു. അടിമവേല അവസാനിപ്പിക്കുന്നതിനും ആരാധന സ്വാതന്ത്ര്യം അനുവദിക്കുന്നതിനും പൊതുനിരത്തിൽക്കൂടി സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഈഴവർ സമരങ്ങളും നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതു ജാതിയെന്ന് അറിയുവാനായിരുന്നു ഉയർന്ന ജാതികൾ വസ്ത്ര കോഡുകൾ താണ ജാതികളെ അടിച്ചേൽപ്പിച്ചിരുന്നത്. സ്ത്രീകളടക്കം നായന്മാർക്കും നമ്പൂതിരിയുടെ മുമ്പിൽ ചെല്ലുമ്പോൾ മാറു മറയ്ക്കാൻ പാടില്ലായെന്ന നിയമം ഉണ്ടായിരുന്നു. ഈഴവർ, നാടാർ മുതൽ താഴോട്ടുള്ള അവർണ്ണരായവർ കണങ്കാൽവരെ, മുട്ടിനു താഴെ, മുട്ടുവരെ എന്നുള്ള വസ്ത്ര ധാരണ രീതികളിലെ മാമൂലുകൾ അവരവരുടെ ജാതികളുടെ മാനദണ്ഡമനുസരിച്ച് മാനിച്ചിരുന്നു.


1960-കളിൽ വടക്കേ മലബാറിൽ നഗ്നമാറുകളുമായി സ്ത്രീകൾ പാടങ്ങളിൽ പണിയെടുക്കുന്നത് തീവണ്ടികളിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു. മാറു മറയ്ക്കൽ നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കഥകളും കേരള ചരിത്രത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു ഈഴവ സ്ത്രീ വിദേശത്തു പോയിട്ടു മടങ്ങി വന്നത് നല്ല വിധം ഡ്രസ്സുകൾ ധരിച്ചു കൊണ്ടായിരുന്നു. അവരെ അന്ന് ഭരിച്ചിരുന്ന ആറ്റിങ്ങൽ മഹാറാണി കൊട്ടാരത്തിൽ വിളിപ്പിക്കുകയും മാറിടം മറച്ചു വെച്ചതിനു ആ സ്ത്രീയുടെ സ്തനങ്ങൾ മുറിച്ചു കളയുകയും ചെയ്തു. മുട്ടിനു താഴെ ഒരു ഈഴവ സ്ത്രീ മുണ്ട് ധരിച്ചതിന് ഒരു കൂട്ടം ഉന്നത ജാതികളിൽപ്പെട്ടവർ അവരെ പീഡിപ്പിച്ച കഥയും പഴങ്കാല ചരിത്രത്തിൽ കുറിച്ചു വെച്ചിട്ടുണ്ട്. 1859-ൽ തിരുവിതാകൂറിൽ ചാന്നാർ സ്ത്രീകൾ മാറു മറയ്ക്കാൻ വേണ്ടി സമരം ചെയ്തു. അതിനെ ചേല കലാപമെന്നു വിളിക്കുന്നു. ഹൈന്ദവ ജനതയുടെ കീഴ് ജാതിക്കാരിൽ അടിച്ചേൽപ്പിച്ചിരുന്ന ഇത്തരം അനാചാരങ്ങളിൽ ടിപ്പു സുൽത്താൻ കുപിതനായിരുന്നു. ഹൈന്ദവ ജനത പരിശുദ്ധമായി ആചരിച്ചിരുന്ന ചാതുർവർണ്ണ്യ വ്യവസ്ഥിതി ടിപ്പു സുൽത്താൻ നിന്ദ്യവും നിർദ്ദയവും മനുഷ്യത്വമില്ലാത്തതെന്നും കരുതിയിരുന്നു. ഹൈന്ദവ സ്ത്രീകളുടെ അർദ്ധ നഗ്നതയ്ക്കെതിരെയും ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാരെ വരിക്കുന്ന സമ്പ്രദായത്തെ എതിർത്തും രാജവിളമ്പരം പ്രഖ്യാപിച്ചപ്പോൾ ടിപ്പു ഹൈന്ദവരെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന പരാതികൾ ഹൈന്ദവ ജനതയിൽ നിന്നും വന്നിരുന്നു. മുസ്ലിമുകളെപ്പോലെ ഹൈന്ദവരും മാറു മറയ്ക്കണമെന്ന് ടിപ്പു ആവശ്യപ്പെട്ടപ്പോൾ ഹൈന്ദവർ അത്തരം പരിഷ്ക്കാരങ്ങൾക്ക് തയ്യാറല്ലായിരുന്നു. ക്രിസ്ത്യാനികളാകുന്ന താണ ജാതിക്കാരെ മാറു മറയ്ക്കാൻ ബ്രിട്ടീഷ് മിഷ്യണറിമാർ സഹായിച്ചിരുന്നു. 1859-ൽ ക്രിസ്ത്യാനികളായി മതം മാറുന്നവരൊഴികെ താണ ജാതികൾ അരയ്ക്കു മേലെ നഗ്നരായിരിക്കണമെന്ന് ഒരു രാജ വിളമ്പരവും ഉണ്ടായി. അവസാനം തിരുവിതാംകൂറിൽ ബ്രിട്ടീഷുകാരുടെ സ്വാധീനത്തിൽ ജാതിമത ഭേദമേന്യേ എല്ലാ വിഭാഗങ്ങൾക്കും മാറു മറയ്ക്കാമെന്നുള്ള രാജാവകാശവും ലഭിച്ചു. 



ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനും 1930-ലെ  വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന ടി.കെ. മാധവന്റെ ജീവചരിത്രത്തിൽ ഒരു അനുഭവകഥ വിവരിച്ചിട്ടുണ്ട്. ഈഴവ സ്ത്രീകൾ അന്ന് ബ്ലൌസ് ധരിക്കുന്ന കാലമല്ലായിരുന്നു. മാധവന്റെ ഭാര്യക്ക് ബ്ലൌസിടണമെന്ന ആഗ്രഹമുണ്ടായി. ഈ വിവരം ഭർത്താവിനെ അറിയിക്കുകയും ചെയ്തു. പുരോഗമന ചിന്താഗതിക്കാരനായ ഭർത്താവ് ഭാര്യയുടെ ഇഷ്ടമനുസരിച്ച് ബ്ലൌസ് വാങ്ങി കൊടുക്കുകയും ചെയ്തു. അമിതമായ സന്തോഷത്തോടെ ബ്ലൌസിട്ടുകൊണ്ട് ഭാര്യ മുറ്റത്തു നില്ക്കുകയായിരുന്നു. വിസ്മയഭരിതയായി അവർ സ്വന്തം ശരീരത്തെ നോക്കി ആകമാനം വീക്ഷിച്ചുകൊണ്ടിരുന്നു. അന്നു ബ്ലൌസ് ധരിച്ചതും നൂറ്റാണ്ടുകളിലൂടെ അർദ്ധനഗ്നതയിൽ നിന്നും ഒരു സ്ത്രീയുടെ വൈകാരിതയിൽ വന്ന മാറ്റത്തിന്റെ തുടക്കമായിരുന്നു. തിരിഞ്ഞും മറിഞ്ഞും ബ്ലൌസിട്ടുകൊണ്ട്‌ അവർ സ്വന്തം ശരീരത്തെ നോക്കി നിൽക്കേ, ടി. കെ. മാധവന്റെ അമ്മ ഓലമടലും വലിച്ചുകൊണ്ട് വരുകയായിരുന്നു. അവർ ഒരു മടലെടുത്ത് മരുമകളെ 'ആട്ടക്കാരി'യെന്നു വിളിച്ചു കൊണ്ട് ഭീകരമായി മർദ്ദിച്ചു. യാഥാസ്ഥിതികയായ മാധവന്റെ അമ്മയ്ക്ക് അന്ന് മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. ഇന്നാണെങ്കിൽ പെൺപിള്ളേർ ബ്ലൌസില്ലാതെ നടന്നിരുന്നെങ്കിൽ കഥ വേറെയാകുമായിരുന്നു. പിന്നീട് മാധവന്റെ ഭാര്യയ്ക്ക് രാത്രിയിൽ ബ്ലൌസിടാനും പകൽ ബ്ലൌസില്ലാതെ നടക്കാനും അനുവാദം കൊടുത്തു. ഇന്നത്തേതിൽനിന്നും വ്യത്യസ്തമായി അന്ന് നിലവിലുണ്ടായിരുന്ന കാലത്തിന്റെ ഒരു വൈകൃതമെന്നു മാത്രം ചിന്തിച്ചാൽ മതി. 



ഭാരതത്തിലെ രാജ്യങ്ങളിൽ കൊളോണിയൽ കാലത്ത് അങ്ങേയറ്റം ബാർബേറിയൻ ചിന്താഗതികളുള്ള രാജാക്കന്മാർ ഭരിച്ചിരുന്ന നാട് കേരളം മാത്രമായിരുന്നു. തിരുവിതാംകൂറിന്റെ ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം അവർണ്ണരായിരുന്നെങ്കിലും തിരുവിതാംകൂർ രാജാക്കന്മാർ ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ താണ ജാതിക്കാരെ അടിമകളായി കണ്ടിരുന്നു. രാജ്യത്തിലെ കിരാത നിയമവും വികൃതമായ നികുതി പിരിവുകളും അവർണ്ണരായവരെ കടക്കാരാക്കിയിരുന്നു. പുലയ ജാതി മുതൽ സ്ത്രീ പുരുഷന്മാർ വസ്ത്രങ്ങൾ ധരിക്കുന്നതിലും പുരുഷന്മാർ മീശ വളർത്തുന്നതിനും നികുതി കൊടുക്കണമായിരുന്നു.    



തിരുവിതാംകൂറിലെ അവർണ്ണർക്ക് സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പമനുസരിച്ചു 'മുലക്കരം' നല്കണമായിരുന്നു. തികച്ചും ജുഗുപ്സാവഹമായ മാറിട നികുതി അവർണ്ണ ജാതി സ്ത്രീകളുടെ സ്ത്രീത്വത്തോടുള്ള ഒരു വെല്ലുവിളിയുമായിരുന്നു. അവർണ്ണ ജാതികളെ സവർണ്ണ ജാതികളിൽ നിന്നും വേറിട്ടു തിരിച്ചറിയാൻ അവർണ്ണ സ്ത്രീകളുടെ മാറിടം മറയ്ക്കാൻ നിയമം അനുവദിച്ചിരുന്നില്ല. മനുഷ്യത്വത്തെ നിന്ദിക്കുന്ന ഈ കിരാത നിയമത്തിൽ താണ ജാതികളിലുള്ള സ്ത്രീകൾ അടിമപ്പെട്ടിരുന്നു. 1803-ലുണ്ടായിരുന്ന ചരിത്രത്തിന്റെ ഈ ഇരുണ്ട നാളുകളിൽ 'നങ്ങേലി'യെന്ന ഒരു യുവതിയായ സ്ത്രീ നികുതിയ്ക്കു പകരം തന്റെ സ്വന്തം മാറിടം മുറിച്ചു കൊടുത്ത വെല്ലുവിളിയോടെ രാജാവിന്റെ മുലക്കര നികുതി അസാധുവാക്കി. 


നങ്ങേലി ചേർത്തലയിലുള്ള  ദരിദ്രകുടുംബത്തിൽപ്പെട്ട ഒരു സാധു ഈഴവ സ്ത്രീയായിരുന്നു. അവരുടെ കുടുംബത്തിനു നികുതി കൊടുക്കാൻ കഴിവില്ലാത്ത കാരണം രാജാവിനു കടക്കാരായിരുന്നു. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥനായ പാർവത്യാരും കൂട്ടാളികളും വീട്ടിൽ വന്ന് അവരോടു രാജാവിന്റെ കരം കൊടുക്കാൻ ആവശ്യപ്പെട്ടു. നങ്ങേലി തന്റെ ശരീരത്തിൽ നിന്നും മുലകൾ മുറിച്ച് ഒരു വാഴയിലയിൽ പാർവത്യാരുടെ മുമ്പിൽ  സമർപ്പിച്ചു. രക്തം കുളിച്ചു വാതിക്കൽ മരിച്ചു വീഴുന്ന നങ്ങേലിയെ കണ്ട് ഭയം കൊണ്ട് പാർവത്യാരും സംഘവും അവിടെനിന്നും സ്ഥലം വിട്ടു. അവരുടെ ഭർത്താവ് 'ചിറു കണ്ടൻ' വന്നപ്പോൾ മാറിലെ അവയങ്ങൾ മുറിഞ്ഞ നിലയിൽ ഭാര്യ മരിച്ചു കിടക്കുന്നതു കണ്ടു. ദുഖിതനായ അയാൾ ഭാര്യയുടെ ചിതയിൽ ചാടി മരിച്ചു. സതിയെന്ന ദുരാചാരത്തിൽ ഒരു സ്ത്രീയ്ക്ക് പകരം പുരുഷൻ ചിതയിൽ ചാടി ആത്മഹത്യ ചെയ്യുന്നതും അത് ആദ്യത്തെ സംഭവമായിരുന്നു.  ഈ ദയനീയമായ മരണം നാടു മുഴുവൻ പരക്കുകയും മുലക്കരമെന്ന നികുതിയെപ്പറ്റി ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും 1912-ലെ രാജശാസനത്തിൽ ക്കൂടി നികുതിയില്ലാതാക്കുകയും ചെയ്തു. ഇന്ന് നങ്ങേലി താമസിച്ചിരുന്ന സ്ഥലത്തെ മുലച്ചി പറമ്പെന്നു അറിയപ്പെടുന്നു. മുലക്കരം സംഭവം തിരുവിതാംകൂർ രാജാവിനെതിരായ ആദ്യത്തെ കാർഷിക സമരമായിരുന്നു. അതിനുശേഷവും രാജാവിനെതിരായി തിരുവിതാംകൂറിൽ കാർഷിക  വിപ്ലവങ്ങളുണ്ടായിട്ടുണ്ട്. 



വിദ്യാഭ്യാസം കൈവരിക്കുന്നതോടെ അയിത്തം മാറുമെന്ന വിശ്വാസക്കാരനായിരുന്നു വിവേകാനന്ദന്‍. എന്നാല്‍ ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ട് ഡോക്ടര്‍ പരീക്ഷ പാസായ തനിക്കും ബി.എ.പാസായ തന്റെ ജേഷ്ഠനും തിരുവിതാംകൂറില്‍ ജോലി ലഭിച്ചില്ലെന്ന് ഡോക്ടര്‍ പല്പു പറഞ്ഞപ്പോള്‍ വിവേകാനന്ദന്റെ വിശ്വാസം തെറ്റി. അമ്പലത്തിലല്ല അമ്പലവഴികളില്‍കൂടി അയിത്ത ജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലെന്ന് ഡോ. പല്പു വിവേകാനന്ദനെ അറിയിച്ചു. ശ്രീ മൂലം രാജാവായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. ഐത്യ ജാതിയിൽപ്പെട്ടവർക്ക് ഉദ്യോഗത്തിന് വിലക്കുണ്ടായിരുന്ന കാര്യവും വിവേകാനന്ദൻ മനസിലാക്കി. ശ്രീ പത്നാഭ ക്ഷേത്രത്തിലെ കോട്ടയ്ക്കുള്ളിൽപ്പോലും അവർണ്ണരായവർക്ക് പ്രവേശനമില്ലായിരുന്നു. കൗമാര പ്രായത്തിൽ നില്ക്കുന്ന പെൺക്കുട്ടികളെ പടുവൃദ്ധന്മാർക്കു കൊടുക്കുന്ന ആചാരവും വിവേകാനന്ദന്റെ ശ്രദ്ധയിൽപ്പെട്ടു. കേരളത്തെ ഭ്രാന്താലയമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. 


മഹാകവി വള്ളത്തോള്‍ പണ്ടു പാടി,"ഭാരതമെന്നു കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം. കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞെരമ്പുകളില്‍."വാസ്തവത്തിൽ നാം സ്വാതന്ത്ര്യം നേടിയിരുന്നോ? കവിയുടെ ഈ മഹാ ഈരടികൾ തെറ്റുപറ്റിയതെന്നും തോന്നിപ്പോവുന്നു.  (തുടരും) 




  




Tippu
Pulayar Now and Then 

2 comments:

  1. തീയ്യരും ഈഴവരും പരസ്പരബന്ധമില്ലാത്ത ജാതികൾ



    1. തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ.
    പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌.
    i
    എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.

    2.ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല.

    എന്നാൽ തീയ്യ എന്നത്‌ വ്യക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം.

    3.പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും.

    4.തീയ്യർ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്‌.

    എന്നാൽ ഈഴവർക്ക്‌ ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ ഇല്ല.

    5.ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു.

    ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല.

    6.തീയ്യർ മരുമക്കത്തായം പിന്തുടർന്നു വന്നിരുന്നവരാണു.

    എന്നാൽ ഈഴവർ മക്കത്തായം പിന്തുടർന്നു വന്നവർ.

    7.തീയ്യർക്കിടയിൽ സ്ത്രീധനമില്ല .
    തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ടായിരുന്നു. പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ.

    എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.

    8.തീയ്യരുടെയും ഈഴവരുടെയും ഗ്രിഹനിർമ്മാണശൈലി വ്യത്യസ്തമാണു.



    9.ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു.

    എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി ബന്ധമില്ല.


    10.തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയൻ ടൈപ്‌ ആണു

    ഈഴവരുടെ ശരീരഘടന ശ്രീ ലങ്കൻ ടൈപ്‌ (coastal migrated human race)

    11.തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ചെയ്യുന്ന വിഭാഗമാണു തീയ്യർ.

    12.തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും).

    13.ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു.

    എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും.

    14.തീയ്യർ haplogroup L വിഭാഗത്തിൽ പെടുന്നു - caucasoid race , Indo Aryans.

    ഈഴവർ haplogroup C വിഭാഗത്തിൽ പെടുന്നു. Astraloid race ,Dravidians

    15.കോഴിക്കോട്‌ കോരപ്പുഴയ്ക്ക്‌ വടക്കു ഭാഗത്ത്‌ മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യർ, ഈഴവർ തിരുവിതാംകൂർ ഭാഗത്തും , രണ്ടു ഭാഗങ്ങളും തമ്മിൽ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്‌.

    ഇൻഡ്യൻ ഗവൺമന്റ്‌ രേഖകളിൽ തീയ്യരെ പ്രത്യേകവിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു.

    16.തീയ്യരുടെ മരണ, വിവാഹകർമ്മങ്ങൾ ഈഴവരുടേതിൽ നിന്നും വ്യത്യസ്തമാണു.

    ReplyDelete
    Replies
    1. സർ

      ഈഴവരും തീയ്യരും വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരെന്ന വിവരണങ്ങളോടെ നല്ലയൊരു മറുപടി തന്നതിൽ സന്തോഷമുണ്ട്. അഭിനന്ദിക്കുന്നു. കോഴിക്കാടുകാർ സുഹൃത്തുക്കളിൽ നിന്നും ഈ വിവരം മുമ്പ് കേട്ടിട്ടുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്തുള്ളവർ! തീയ്യരും ഈഴവരും സാംസ്ക്കാരികപരമായി ഒന്നായി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ ലേഖനം ചില ഓൺലൈൻ വെബ്‌സൈറ്റിൽ ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. മറ്റു വായനക്കാരും അറിയാൻ താഴെയുള്ള ലിങ്കിൽ താങ്കളുടെ ഈ മറുപടി പോസ്റ്റ് ചെയ്‌താൽ നന്നായിരിക്കും. സ്നേഹപൂർവ്വം,
      http://www.emalayalee.com/varthaFull.php?newsId=117946

      ജോസഫ് പടന്നമാക്കൽ (padannamakkel@yahoo.com)

      Delete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...