Thursday, March 10, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-3)



By ജോസഫ് പടന്നമാക്കൽ

ഗാന്ധിസവും ഹരിജനോദ്ധ്വാരണവും

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി അഹിംസാ സിദ്ധാന്തങ്ങളുടെ വക്താവും മാനുഷിക മൂല്യങ്ങൾക്കും സമത്വനാളേയ്ക്കും വേണ്ടി പ്രയത്നിച്ച അതുല്യ വ്യക്തിപ്രഭയുമായിരുന്നു. 1869 ഒക്ടോബർ രണ്ടാം തിയതി വൈശ്യാ സമൂഹത്തിൽ ഉന്നതകുല ജാതനായി അദ്ദേഹം ജനിച്ചു. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലാണു വളർന്നത്‌. ലണ്ടനിൽ ഉപരി വിദ്യാഭ്യാസത്തിനു പോയി അവിടെനിന്നും നിയമത്തിൽ ബാരിസ്റ്റർ ഡിഗ്രി നേടി. അതിനുശേഷം തെക്കേ ആഫ്രിക്കയിൽ പോയി നിയമ പരിശീലനം തുടർന്നു. അവിടെ തൊലിയുടെ നിറത്തിലും മതത്ത്ന്റെ പേരിലും വെള്ളക്കാരിൽനിന്നു അവഗണനകൾ ലഭിച്ചിരുന്നു. ഗാന്ധിജി തെക്കേ ആഫ്രിക്കയിൽ താമസിച്ചിരുന്ന കാലങ്ങൾ മുതൽ വർണ്ണ വിവേചനത്തിന്റെ കാഠിന്യത മനസിലാക്കിയിരുന്നു. തെക്കേ ആഫ്രിക്കയിൽ ഭരിച്ചിരുന്ന വെള്ളക്കാരുടെ ഭരണകൂടങ്ങൾ ഇന്ത്യാക്കാരോട് തികച്ചും വിവേചനപരമായിട്ടായിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. ആഫ്രിക്കയിൽ ഇരുപതു വർഷങ്ങളോളം വർണ്ണ വിവേചനത്തിനെതിരായി സമരം ചെയ്തു. അദ്ദേഹം ഭാരതത്തിൽ മടങ്ങി വന്നപ്പോൾ ഇന്ത്യയിലെ അവർണ്ണ ജാതികൾക്കെതിരെയുള്ള സാമൂഹിക അസമത്വങ്ങളെ വിലയിരുത്തുകയും  അതിനുള്ള പരിഹാരമാർഗങ്ങളെപ്പറ്റി ആരായാനും തുടങ്ങി. അവർണ്ണ ജാതികളുടെ പ്രശ്ന പരിഹാരത്തിനായി രാഷ്ട്രം മുഴുവൻ പുതുക്കി പണിയണമെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു.



ഇന്ത്യയിൽ 'തൊട്ടുകൂടാ ജാതികളുടെ' സാമൂഹിക വിപ്ലവത്തിനൊപ്പം അദ്ദേഹവും പങ്കുചേർന്നു. ഗാന്ധിജിയുടെ കാലത്ത് ദളിതരെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്‌. നിർദ്ദയമായ സമൂഹത്തിന്റെ വർണ്ണാശ്രമ കോട്ടയ്ക്കുള്ളിലെ കാഠിന്യ നിയമമനുസരിച്ച് മലിനപങ്കിലമായ എല്ലാത്തരം ജോലികളും ചെയ്തിരുന്നതു തൊട്ടുകൂടാ ജാതികളായിരുന്നു. കക്കൂസുകളും, വസ്ത്രങ്ങളും വൃത്തിയാക്കുകയും എല്ലാ ജാതികളിലെയും ശവശരീരങ്ങൾ കുഴിച്ചിടുകയം ദഹിപ്പിക്കുകയും തെരുവുകൾ വൃത്തിയാക്കുകയും വീടിനുള്ളിലെ മലിന വസ്തുക്കൾ സംഭരിച്ചിരിക്കുന്നത് കൊണ്ടുപോവുകയും ചെയ്യുക അവരുടെ തൊഴിലുകളായിരുന്നു. ഉയർന്ന ജാതികളുടെ പീഡനവും നിന്ദ്യമായ പെരുമാറ്റവും കാരണം അവരുടെ ജീവിതം ദുരിതങ്ങളും കഷടപ്പാടുകളും നിറഞ്ഞതായിരുന്നു. വൃത്തി ഹീനരായി ജീവിക്കാൻ വിധിക്കപ്പെട്ടത് കൊണ്ട് അവരുടെ നേരെ വിരൽ  ചൂണ്ടിയാലും ഉയർന്ന ജാതികളിൽ ഐത്യം കല്പ്പിക്കുമായിരുന്നു. 


തൊട്ടുകൂടാ ജാതികൾ ചെയ്യുന്ന ജോലികൾ വൃത്തികെട്ടതും രോഗാണുക്കൾ പകർത്തുന്നതുമെന്ന ധാരണ മുതിർന്ന ജാതികൾക്കുണ്ടായിരുന്നു. അവർക്ക് അമ്പലങ്ങളിലോ ആശുപത്രികളിലോ പ്രവേശനം നിഷേധിച്ചിരുന്നു. അവർണ്ണരായവരെ വീടിനുള്ളിൽ കയറ്റാതെ പുറത്തു നിർത്തുമായിരുന്നു. തൊട്ടുകൂടാ ജാതികളുടെ ജീവിത രീതികളിൽ ഗാന്ധിജിയുടെ ഹൃദയത്തെ തകർത്തിരുന്നു. ഗാന്ധിജി ഉയർന്ന ജാതിയിൽ ജനിച്ചതെങ്കിലും അദ്ദേഹത്തിൻറെ മനസാക്ഷി എന്നും സമൂഹത്തിൽ താണവരായ ജനതയോടൊപ്പമായിരുന്നു. സമൂഹത്തിന്റെ അധകൃതരോടുള്ള മനോഭാവം പാടെ മാറ്റാനുള്ള ശ്രമവും ഗാന്ധിജി ആരംഭിച്ചു. ദൈവത്തിന്റെ മക്കളെന്ന അർത്ഥത്തിൽ 'ഹരിജനങ്ങളെന്ന്' അവരെ വിളിച്ചു. ഹരിജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും ആരംഭിച്ചു. വൈശ്യാ സമൂഹത്തിൽപ്പെട്ട അദ്ദേഹം താണവരായ എല്ലാ ജാതികൾക്കുമൊപ്പം കക്കൂസുകളും ഓടകളും ദുർഗന്ധം വമിക്കുന്ന തെരുവുകളും വൃത്തിയാക്കാൻ തുടങ്ങി. അവരോടു സാഹോദര്യ മനോഭാവത്തിൽ തോളോടു തോൾ ചേർന്ന് അസഹ്യമായ അനേക ജോലികൾ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. ഉന്നതകുല ജാതികൾ സ്വപ്നത്തിൽ പോലും അത്തരം ജോലികൾ ചെയ്യാൻ തയാറാകില്ലായിരുന്നു. ഹരിജനങ്ങൾ ചെയ്യുന്ന ഹീനമായ ജോലികൾ ചെയ്‌താൽ തൊട്ടുകൂടാ ജാതികളാകില്ലെന്നുള്ള വസ്തുത ഗാന്ധിജി അവിടെ തെളിയിക്കുകയായിരുന്നു. ഗാന്ധിജിയുടെ ശ്രമം മൂലം താണ ജാതികളിലുള്ളവർ അവരുടെ ജാതികളിൽ സ്വയം അഭിമാനികളാകുകയും അവരെ അങ്ങനെ തന്നെ അറിയപ്പെടാൻ ആഗ്രഹിക്കുകയുമുണ്ടായി. സമൂഹത്തിന്റെ ചിന്താഗതികൾക്ക് മാറ്റം വരുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ഗാന്ധിജിയ്ക്ക് മാറ്റാൻ സാധിച്ചു. 



തൊട്ടു തീണ്ടായ്മ ക്രൂരവും മനുഷ്യത്വമില്ലാത്തതെന്നും മനുഷ്യന്റെ വ്യക്തി മാഹാത്മ്യത്തെ ഇല്ലാതാക്കുന്നുവെന്നും അടിമത്വത്തിനു ബ്രിട്ടീഷ്കാരല്ല ദേശീയരായ ജനതയുടെ സാമൂഹിക കാഴ്ചപ്പാടാണ് കാരണമെന്നും ഗാന്ധിജി  വിശ്വസിച്ചിരുന്നു. 'തൊട്ടുകൂടായ്മ' ഹൈന്ദവ മതത്തിന്റെ തെറ്റായ ധാരണകളിൽ ഉടലെടുത്ത തിന്മയുടെ ഭാഗമെന്നും വർണ്ണ വ്യവസ്ഥ തന്നെ ഹൈന്ദവ മതത്തിൽ നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി അവരെ ദൈവത്തിന്റെ മക്കളെന്ന അർത്ഥത്തിൽ ഹരിജനങ്ങളെന്നു വിളിച്ചു. "നാം എല്ലാം ഒരേ ദൈവത്തിന്റെ മക്കളെങ്കിൽ നമ്മിൽ തന്നെ തിരിച്ചു വ്യത്യാസം എന്തിനെന്നും 'ശുദ്രന്മാരെന്ന' ഏക വർഗം മാത്രമേ ഇന്ത്യയിലുള്ളുവെന്നും' ഗാന്ധിജി അഭിപ്രായപ്പെട്ടു. ഹിന്ദുക്കൾ സ്വയം ശൂദ്രന്മാരെന്നു വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനേക്കാളും മറ്റൊരുവൻ കൂടിയവനെന്നു ചിന്തിക്കുന്നവരെയും വിമർശിച്ചു. 'ജന്മം കൊണ്ട് ആരും മേന്മയുള്ളവരായി ജനിക്കുന്നില്ലെന്നും തോട്ടിയെന്നൊ, തുന്നൽക്കാരനെന്നൊ, തൊഴിലാളിയെന്നോ അദ്ദേഹത്തെ വിളിച്ചുകൊള്ളാനും' പറയുമായിരുന്നു.



ലോകത്തിലെ എല്ലാ മതങ്ങളും ദൈവത്തെ ഒരു സുഹൃത്തായും നിരാലംബരായവരുടെ ആശ്രയമായും കരുതുന്നുവെന്നും ഗാന്ധിജി വിശ്വസിച്ചു. ഇന്ത്യാ സ്വതന്ത്രമാകുന്ന ദിനങ്ങളിൽ ഹരിജനങ്ങളായവരുടെ സ്ഥിതി ബ്രിട്ടീഷ് ഇന്ത്യായെക്കാളും വഷളായിരിക്കുമെന്നും ചിന്തിച്ചിരുന്നു. തൊട്ടു കൂടായ്മയുടെ ദൂഷ്യവശങ്ങളെ ചൂണ്ടി കാണിച്ച് 'ഹരിജനിലും' 'യങ്ങ് ഇന്ത്യയിലും'  അദ്ദേഹം  ലേഖനങ്ങളെഴുതിയിരുന്നു. തൊട്ടുകൂടായ്മ അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നുതന്നെ നീക്കം ചെയ്യണമെന്നും എഴുതി. അവർണ്ണ ചിന്താഗതികൾ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്നും ഭഗവത്ഗീത അങ്ങനെ ഒരിക്കലും പഠിപ്പിച്ചിട്ടില്ലെന്നും ഗാന്ധിജി പറഞ്ഞു. നിയമങ്ങൾ സൃഷ്ടിക്കവഴി 'തൊട്ടു കൂടായ്മയെ' സമൂഹത്തിൽനിന്നും ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്നും ദൈവത്തിന്റെ മുമ്പിൽ അത് കുറ്റകരമെന്നുള്ള  ബോധം മനുഷ്യർക്കുണ്ടായാലെ പ്രശ്നങ്ങൾക്ക്  പരിഹാരമാവുകയുള്ളൂവെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു. 'സാമൂഹികമായി ദളിതർ കുഷ്ഠ രോഗികളെപ്പോലെയും,സാമ്പത്തികമായി അടിമകളെക്കാൾ കഷ്ടമായും ജീവിക്കുന്നുവെന്നും പറഞ്ഞു. 'ദൈവത്തിന്റെ ആലയമായ ഹൈന്ദവ ദേവാലയങ്ങളിൽ  പ്രാർത്ഥിക്കാൻ അനുവദിക്കാതെ അവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതു അധർമ്മമെന്നും' വർണ്ണ ജാതികളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.



തൊട്ടു കൂടായ്ക്കെതിരെ ഗാന്ധിജി ജീവിതകാലം മുഴുവൻ പയറ്റിയിരുന്നു. ഈ സാമൂഹിക വ്യവസ്ഥിതി ഹൈന്ദവ മതത്തിന് കളങ്കമായി അദ്ദേഹം കണ്ടു. 'സ്വാതന്ത്ര്യം ഹിന്ദുക്കൾ അർഹിക്കുന്നില്ലന്നും സ്വാതന്ത്ര്യം ലഭിച്ചാൽ മഹത്തായ ഹിന്ദു മതത്തിന് സവർണ്ണ ചിന്താഗതിയുള്ളവർ ഒരു അപമാനമായിരിക്കുമെന്നും പശുക്കളോള്ള ആനുകൂല്യവും ദയയും മനുഷ്യത്വ പരമല്ലാത്ത പ്രവർത്തനങ്ങൾക്ക് തുല്യമാവുകയില്ലെന്നും' അദ്ദേഹം തന്റെ മുഖപത്രമായ ഹരിജനിൽ എഴുതിയിരുന്നു. 1932-ൽ അദ്ദേഹം ഹരിജന സേവാ സംഘം സ്ഥാപിച്ചു. ബെർലാ, താക്കൂർ മുതൽപേർ ആ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നു. ഹരിജനങ്ങളോട് ശുചിത്വത്തെപ്പറ്റിയും കുഞ്ഞുങ്ങൾക്ക് വിദ്യ നല്കുന്നതിനെപ്പറ്റിയും വർണ്ണ ചിന്തയുള്ളവരിൽ നിന്നു അകന്നു നില്ക്കാനും ഉപദേശിച്ചിരുന്നു.



മനുഷ്യാവകാശ നിഷേധം നടക്കുന്ന ലോകത്തിലെ വലിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയേയും കരുതുന്നു. വർണ്ണ വിവേചനവും തൊട്ടുകൂടായ്മയും പ്രായോഗിക തലത്തിൽ കൊണ്ടുനടന്ന ഉയർന്ന ജാതികൾ ഇന്നും ദളിതർക്ക് മാനുഷിക പരിഗണ നല്കാതെ മനുഷ്യാവകാശങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. മനുവിന്റെ മനുസ്മൃതിയിൽ 'ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശുദ്രാ' എന്നീ നാലു വർണ്ണങ്ങളെയുള്ളൂവെന്നാണ് ഗാന്ധിജിയുടെ വാദം. ഗാന്ധിജി പറഞ്ഞു, 'തൊട്ടുകൂടായെന്ന ജാതി ഹിന്ദു മതത്തിന്റെ ഘടകമല്ല. അധകൃതരായ ജാതികൾ ബ്രഹ്മാവിന്റെ പാദത്തിങ്കൽ ജനിച്ച ദൈവത്തിന്റെ മക്കളാണ്. അവരും ബ്രാഹ്മണരെപ്പോലെ ശുദ്ര ജാതിയിൽ ജനിച്ചവരാണ്.' അംബേദ്‌ക്കർ ഹിന്ദു മതത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ തത്ത്വങ്ങളെ അംഗീകരിച്ചില്ല. വർണ്ണാശ്രമത്തിനു പുറത്തുള്ള തൊട്ടു കൂടാ ജാതികളായ  ചണ്ഡാളന്മാർ  ഗ്രാമത്തിനു പുറത്തു താമസിക്കണമെന്ന മനുവിന്റെ കൃതിയെ അംബേദ്‌ക്കർ വിശദീകരിക്കുമായിരുന്നു. 


പ്രാചീനവും അകളങ്കിതവുമായ വേദകാലങ്ങളിൽ ഹിന്ദു സമൂഹം വർണ്ണാശ്രമ ധർമ്മങ്ങളിൽ ജീവിച്ചിരുന്നുവെന്ന്  ഗാന്ധിജി വിശ്വസിച്ചിരുന്നു. ധർമ്മവും ആശ്രമവും രണ്ടായി അദ്ദേഹം കണ്ടു.' ധർമ്മം' എന്നുള്ളത് സമൂഹങ്ങളായുള്ള വേർതിരിവും ആശ്രമം മനുഷ്യന്റെ ജീവിതത്തിന്റെ നാല് ഘട്ടങ്ങളുമായി വേർതിരിക്കുന്നു. ധർമ്മം, വർണ്ണ ധർമ്മമായും ആശ്രമം, ആശ്രമ ധർമ്മമായും പിന്നീട് അറിയപ്പെട്ടു. ബ്രഹ്മചര്യം, ഗ്രഹസ്ഥ, വാനപ്രസ്ഥ, സന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങളാണുള്ളത്. ബ്രഹ്മമെന്നാല്‍ ഈശ്വരന്‍, ചര്യം എന്നാല്‍ നടപ്പ്‌ എന്നാണര്‍ത്ഥം. ഈശ്വരനെ ഓര്‍ത്തുകൊണ്ട്‌ ഈ സമയത്ത്‌ അറിവുനേടുക എന്ന ചിന്ത മാത്രമേ വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്കുണ്ടാകാവൂ. ലൌകികം, കുടുംബം, തൊഴില്‍ മുതലായവകൾ ഗൃഹസ്താശ്രമത്തിൽ ഉൾപ്പെടും. വാനപ്രസ്ഥാശ്രമം വനത്തിൽപോയി താമസിക്കുക എന്നല്ല, കുടുംബ കാര്യങ്ങളില്‍നിന്ന്‌ വിട്ട്‌ സമൂഹകാര്യങ്ങള്‍ക്കായി പ്രവർത്തിക്കുകയെന്നതാണ്. സന്ന്യാസമെന്നാൽ ധനവും കീർത്തിയും ഒന്നും ആഗ്രഹിക്കാതെ നന്മകൾ ചെയ്തു ഈശ്വരനെ ഭജിക്കുകയെന്നുമാണ്. അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ക്കണം. സമൂഹത്തില്‍ സ്നേഹവും ധര്‍മ്മവും നീതിയും നടപ്പിലാക്കേണ്ടതും അവരാണ്. വർണ്ണ ധർമ്മം മനുഷ്യകുലങ്ങളിൽ നിലനില്ക്കുകയും ആശ്രമ ധർമ്മം ഇല്ലാതാവുകയും ചെയ്തു.


വർണ്ണാശ്രമ ധർമ്മം ആദ്യകാലഘട്ടങ്ങളിൽ  സമത്വാധിഷ്‌ഠിതമായ തത്വങ്ങളിൽ ആരംഭിച്ചു. 'ജനനം കൊണ്ട് വർണ്ണ വ്യവസ്ഥയെന്നതു പിന്നീട് തെറ്റായി രൂപപ്പെട്ടതെന്നും' ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുവന്റെ ജീവിതത്തിലെ കടമകളാണ് മുഖ്യം. കടമകൾ പൂർത്തിയാക്കാത്തവനു വർണ്ണാശ്രമം നഷ്ടപ്പെടുന്നു. പൂജാരിയുടെ മകനായി ജനിച്ചവൻ വാണിജ്യം നടത്തുന്നുവെങ്കിൽ അവന്റെ വർണ്ണം രണ്ടാമത്തെ ഘട്ടമായ വൈശ്യ കുലത്തിലെത്തുമെന്നു വർണ്ണാശ്രമ ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നു. സത്യമായ വർണ്ണാശ്രമ ധർമ്മത്തെ പിന്നീട് ഉയർന്നവരും താണവരുമായി വിഭജിച്ചു. ധർമ്മത്തെ ദുരുപയോഗപ്പെടുത്തി സ്വാർത്ഥമോഹികളായവർ സമൂഹത്തെ വേർപെടുത്തുകയാണുണ്ടായത്. ഉന്നത ജാതികളെന്നു നടിക്കുന്ന പൂജാരി വർഗം പരിശുദ്ധമായ വർണ്ണ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ജാതികളും ജാതികൾക്കുമീതെ ഉപജാതികളും വർഗങ്ങളുമായും തരം തിരിക്കുകയും ചെയ്തു. നിസ്വാർത്ഥരായ വേദകാല  ജനതയിൽനിന്നും മാറ്റങ്ങളിൽക്കൂടി പിന്നീടു വന്ന  സ്വാർത്ഥരായ ജനത മനുഷ്യനെ വേർതിരിച്ചുള്ള വ്യവസ്ഥകൾ സൃഷ്ടിച്ച്, ബലഹീനരായവരെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. കാലത്തിന്റെ നെട്ടോട്ടത്തിൽ അടിച്ചമർത്തപ്പെട്ടവരായ ഈ ജനതയെ ഉന്നതകുല ജാതികളെന്നു നടിച്ചവർ' ചൂഷണവും തുടങ്ങി. 



ഗാന്ധിജി ഹരിജനിൽ എഴുതി, 'ലോകം ഇന്ന് നമ്മെയും നമ്മുടെ വർണ്ണാശ്രമ തത്ത്വങ്ങളെയും പരിഹസിക്കുന്നു. ഇന്നു  നിലവിലുള്ള ഹിന്ദു സമൂഹത്തിൽ ഒരു വർണ്ണമേയുള്ളൂ. അത് ശുദ്രന്മാരുടെതാണ്.   നമ്മുടെ സമൂഹത്തിൽ ഉയർന്നവരെന്നു ചിന്തിക്കുന്ന ഹിന്ദുക്കളുടെ ഒരു വിഭാഗമുണ്ട്. അവരുടെ ചിന്താഗതികൾ ഹിന്ദുമതത്തിന്റെ നാശത്തിലേയ്ക്ക് നയിക്കും. ശുദ്രന്മാരാണ്, അവരുടെ നെറ്റിയിലെ വിയർപ്പുകൊണ്ട് മറ്റുള്ളവരെ സേവിച്ചവരും  അവരുടെ ആശ്രയമായി എന്നും നിലകൊണ്ടവരും. ഇന്ത്യാ ഇന്നും മറ്റുള്ളവരെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌. അതുകൊണ്ട് ഓരോ ഇന്ത്യാക്കാരനും ശുദ്രജനതയിൽപ്പെട്ടവരാണ്. '



വർണ്ണ വ്യവസ്ഥ ഹിന്ദു മതത്തിലെ ഒരു തരം വൃണം പോലെയെന്നും സമൂഹത്തെ പല തട്ടുകളായി വിഭജിക്കുന്നുവെന്നും ഗാന്ധിജി പറഞ്ഞു. വിവിധ ജാതികളിൽ വിശ്വസിക്കുന്നവർ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും മിശ്ര വിവാഹത്തിനും സമൂഹത്തിന്റെ നിയന്ത്രണമുണ്ടാവുന്നു. രാജ്യത്തിലെ ബുദ്ധി ജീവികളുടെയിടയിലും ഈ പാരമ്പര്യം തുടരുന്നതും ദൗർഭാഗ്യകരമാണ്. 1901-ൽ നടന്ന കൽക്കട്ടാ കോൺഗ്രസിൽ ഗാന്ധിജി ഹാജരായിരുന്നു. ആയിരക്കണക്കിന് ഡെലിഗേറ്റുകൾ ആ മഹാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സമ്മേളനം ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിവിധ ബ്ലോക്കുകളായി തരം തിരിച്ചിരുന്നു. 'ആ വലിയ സമ്മേളനത്തിലും തൊട്ടുകൂടാ ജാതീയ ചിന്തകൾ സ്പഷ്ടമായിരുന്നുവെന്നു' ഗാന്ധിജി തന്റെ ഹരിജൻ പത്രത്തിലെ മുഖപ്രസംഗത്തിൽ എഴുതി. സമ്മേളനത്തോടനുബന്ധിച്ച് തമിഴരുടെ അടുക്കള സവർണ്ണരിൽ നിന്നും ബഹുദൂരമായിരുന്നു. തമിൾ പ്രതിനിധികൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തൊട്ടു കൂടാ സമൂഹമായിരുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത അടുക്കളകൾ അവർക്ക് നല്കിയിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെ തൊട്ടുകൂടാത്തവരുണ്ടെങ്കിൽ മറ്റുള്ള സമൂഹങ്ങളുടെ നിലനില്പ്പ് ഊഹിക്കാവുന്നതേയുള്ളൂ. സമ്മേളന നഗരം വൃത്തിയാക്കാൻ ആരും ഇല്ലാഞ്ഞതിനാൽ അവിടം മുഴുവൻ ദുർഗന്ധം വമിച്ചും മലിനവും നിറഞ്ഞതായിരുന്നു. അന്ന് സമ്മേളനത്തിൽ സംബന്ധിച്ചവർ ചിന്തിച്ചിരുന്നത് വൃത്തിയാക്കൽ ജോലി തൊട്ടുകൂടാ ജാതികൾക്കു മാത്രമെന്നായിരുന്നു. 



1917-ൽ ഗാന്ധിജി അധകൃതരുടെ ഉന്നമനത്തിനുവേണ്ടി 'ചമ്പാരനെന്ന' സ്ഥലത്ത് സംഘിടിത പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ അന്നാട്ടിലെ വക്കീൽ സുഹൃത്തുക്കളുടെ ജാതീയമായ ചിന്തകൾ അദ്ദേഹത്തെ വിസ്മയഭരിതനാക്കി. ഓരോ വക്കീലന്മാർക്കും ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക സേവകരും അടുക്കളകളുമുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രേരണമൂലം അവരുടെ ഓരോരുത്തർക്കുമുള്ള സേവകരെ പിരിച്ചുവിടാനും പൊതുവായ ഒരു അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനും തീരുമാനിച്ചു. വക്കീലന്മാരുടെ ജീവിതം ലളിതമാക്കിയതു കൂടാതെ അവരുടെ സമയവും സൌകര്യങ്ങളും അതുമൂലം മെച്ചമാക്കാനും സാധിച്ചു. മറ്റുള്ള സ്ഥലങ്ങളിലും പൊതുവായി ഭക്ഷണം കഴിക്കുന്ന രീതികൾ ഗാന്ധിജി ആവിഷ്ക്കരിച്ചു. ഗാന്ധിജിയുടെ ഈ പ്രവർത്തന വിജയത്തിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു. യുവാക്കളെ വർണ്ണ വ്യവസ്ഥകളിൽ നിന്നും അകന്നു നില്ക്കാൻ ശക്തിയായി പ്രേരിപ്പിക്കുകയും ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു. പാരമ്പര്യമായി നിലനിന്നു വരുന്ന വർഗ വിവേചനത്തെ ഉന്മൂലനം ചെയ്ത് ഹൈന്ദവരെയെല്ലാം ഒരേ ഊട്ടുശാലയിൽനിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 'വർണ്ണ വ്യവസ്ഥകൾ ഹിന്ദു മതമല്ലന്നും അതിനുള്ളിൽ കഴിയുന്ന യുവജനങ്ങൾ പുറത്തു ചാടി മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യണമെന്നു' അദ്ദേഹം സ്വന്തം പത്രത്തിൽക്കൂടിയും ലേഖനങ്ങളിലും എഴുതുമായിരുന്നു. 


തൊട്ടുകൂടായ്മയെന്നുള്ളത് ഹിന്ദുമതത്തിൽ തനിയെ വളർന്നു വന്ന മാനസികാവസ്തയെന്നും അതിൽ അസമത്വങ്ങളും ചൂഷണവും നിറഞ്ഞിരിക്കുന്നുവെന്നും ഗാന്ധിജി കണ്ടു. പാരമ്പര്യമായി തൊഴിലിനെ അടിസ്താനമാക്കിയുണ്ടായിരുന്ന നാലു വർണ്ണങ്ങൾ അന്നുള്ള സാഹചര്യങ്ങളിൽ വ്യവസായവൽക്കരണത്തിനായി സഹായിച്ചിരുന്നുവെന്നും അങ്ങനെ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. പിന്നീടത്‌ മതത്തിന്റെ ചൈതന്യം വെടിഞ്ഞ് കിരാതവലയത്തിലെത്തുകയും തൊട്ടുകൂടാ ജാതികളെന്ന അഞ്ചാമതൊരു ദുർഭൂതത്തെ സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെയൊരു ജാതി ഉയർത്തെഴുന്നേറ്റതുമൂലം ധർമ്മത്തിൽ അധിഷ്ടിതമായിരുന്ന ചതുർ വർണ്ണവ്യവസ്ഥകൾ ഹിന്ദു മതത്തിൽ അടിച്ചമർത്തപ്പെട്ടു. അതിന്റെ പരിണിത ഫലമായി ഹിന്ദു മതത്തിൻറെ പരിപാവനമായ തത്ത്വചിന്തകളെയും അതിന്റെ യാഥാര്‍ത്ഥ്യങ്ങളെയും മൂടിവെയ്ക്കേണ്ടി വന്നു. 



തൊട്ടു കൂടായ്മയ്ക്കെതിരായി ശബ്ദം ഉയർത്തുന്നവർ മനുഷ്യന്റെ തെറ്റായ ആചാരങ്ങളെയും ഹൈന്ദവ മതത്തിന്റെ ധർമ്മ ശാസ്ത്രാദികളെയും അവർക്കനുകൂലങ്ങളാക്കിക്കൊണ്ട് ഹിന്ദു മതത്തോടു ശത്രുതാ മനോഭാവം പുലർത്തുന്നതായും കാണാം. എന്നാൽ മതത്തിനുള്ളിലെ എല്ലാ ആചാരങ്ങളും നിത്യതയിലേയ്ക്കുള്ള വഴികളല്ലെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജി പറയുന്നു, "അത്തരം ദുഷിച്ചവ എന്റെ മൂക്കിൽക്കൂടി ശ്വസിച്ചുവെങ്കിൽ അതിനെ ഹിന്ദു മതമെന്ന് വിളിക്കാൻ കഴിയില്ല. ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും ബഹുമാനിക്കാൻ ഞാൻ പഠിച്ചത് എന്റെ വിശ്വാസ സത്യമായ ഹിന്ദു മതത്തിൽക്കൂടിയാണ്." ഹൈന്ദവരുടെ പരിശുദ്ധമായ സനാതന ധർമ്മത്തിലെ സവിശേഷതകളും വിശുദ്ധ വചനങ്ങളും മുഴുവനായി  ഗ്രന്ഥപ്പുരകളിൽ സൂക്ഷിച്ചു വെച്ചിട്ടില്ല. ഓരോ കാലഘട്ടത്തിൽ ഭരണചക്രം തിരിക്കുന്നവരുടെ അനുകൂലമായ സാഹചര്യങ്ങളിൽ ഹിന്ദു വേദങ്ങളെ അര്‍ത്ഥവ്യത്യാസങ്ങൾ വരുത്തി വളച്ചു തിരിച്ചിട്ടുണ്ട്. നാട്ടുവിദ്യാഭ്യാസം കൊണ്ടോ വിദേശീയ വിദ്യാഭ്യാസം കൊണ്ടോ തൊട്ടുകൂടായ്മയ്ക്ക് ശമനം വന്നിട്ടുണ്ട്. എങ്കിലും വിദ്യാഭ്യാസം നേടിയവർ ഈ സാമൂഹിക വ്യവസ്ഥകളെ ഇന്നും വിശാലമായി കാണുന്നില്ലെന്നുള്ളതും പരിതാപകരമാണ്. ഇന്ത്യയിലെ വിദ്യാസമ്പന്നരും ഈ സാമൂഹിക വ്യവസ്ഥ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ നടക്കുന്നതും നിരാശജനകമാണ്. 



കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിൽ ഇരുപത്തിയൊന്നു വയസുള്ള ഒരു സവർണ്ണ യുവതി ദളിതനായ ഒരു യുവാവിനെ സ്നേഹിച്ചു. അവർ തമ്മിൽ' വിവാഹവും കഴിച്ചു. ദളിതനെ വിവാഹം കഴിച്ച മനോദുഖത്തിൽ ആ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തു. അവരുടെ അമ്മ മകളെ ഭർത്താവ്' തട്ടിക്കൊണ്ടു പോയിയെന്നും തിരിച്ചു കിട്ടണമെന്നുമാവശ്യപ്പെട്ട്' കേസു കൊടുത്തു. അമ്മയുടെ ആവശ്യം കോടതി പരിഗണിക്കുകയും മകൾ സ്വമനസാലെ അമ്മയോടൊപ്പം മടങ്ങി വരുകയും ചെയ്തു. 'തനിയ്ക്ക് പൊന്നുപോലെയുള്ള ഒരു ഭർത്താവും സന്തോഷപ്രദമായ ദാമ്പത്തിക ജീവിതവും സ്നേഹിക്കുന്ന അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നു' യുവതി പറഞ്ഞു. 'തങ്ങൾ വിവാഹിതരായ സമയം ജാതി ഒരു പ്രശ്നമല്ലായിരുന്നുവെന്നും എന്നാൽ പിതാവിന്റെ ആത്മഹത്യയും പിന്നീടുള്ള സവർണ്ണരായവരുടെ ക്രൂരമായ പ്രവർത്തികളും മൂലം എന്തു ചെയ്യണമെന്നറിയാതെ സ്വന്തം ദാമ്പത്യ ജീവിതത്തെ തകർക്കേണ്ടി വന്നുവെന്നും' വിങ്ങിപ്പൊട്ടുന്ന ദുഃഖങ്ങൾ അമർത്തിക്കൊണ്ടു ആ യുവതി കോടതിയിൽ മൊഴിനല്കിയിരുന്നു. 



ഗാന്ധിജി ഒരിയ്ക്കൽ പറഞ്ഞു, "തൊട്ടു കൂടാ' ചിന്താഗതികൾ ഹൈന്ദവ സമൂഹത്തെ അധഃപതിപ്പിച്ചിരിക്കുന്നു. ഈ സമ്പ്രദായം ദൈവത്തിനും മനുഷ്യനും നിരക്കാത്ത അനീതിയാണ്. ഹിന്ദു മതത്തിന്റെ ജീവധാരണമായ സത്തയെ 'തൊട്ടുകൂടായ്മയെന്ന' മാരക വിഷം നശിപ്പിക്കുന്നു. ഹൈന്ദവ മതത്തിന്റെ ധര്‍മ്മശാസ്‌ത്രാദികള്‍ വർണ്ണവ്യവസ്ഥകളിലെ ഈ ക്രൂരതകളെ അംഗീകരിച്ചിട്ടുമില്ല." (തുടരും)

















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...