Sunday, July 3, 2016

സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയും അവളുടെ കഥയും






By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി മാത്രം. ദേശീയ സ്നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവൾക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കൻ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലർക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയെന്ന സ്തൂപത്തിനു രൂപകൽപ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോർക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ശില്പിയായിരുന്നു. താജ്മഹൽ സ്ഥാപിച്ചത് ഷാജഹാനെന്നു എല്ലാവർക്കുമറിയാം. എന്നാൽ അതിനുള്ളിൽ പ്രവർത്തിച്ച ശില്പിയുടെ കഥ അജ്ഞാതമാണ്. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയുടെ കഥയും ഏതാണ്ട് അതുപോലെ തന്നെ.


ബൃഹത്തായൊരു സ്തൂപസ്മാരകം അമേരിക്കയിൽ പണിയണമെന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1865-ൽ ഫ്രഞ്ചുകാരനും കവിയും നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന എഡൗർഡ് ഡി ലബൗളയെ(Edouard de Laboulaye) ആയിരുന്നു. ഒരു സാമൂഹിക പ്രവർത്തകനുംകൂടിയായിരുന്ന അദ്ദേഹം അടിമകളുടെ മോചനത്തിനായുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിമയുണ്ടാക്കാൻ ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന (Frederic Auguste Bartholdi) ശില്പിയ്ക്ക് അധികാരവും നൽകി. 1876 അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ പ്രതിമയുടെ പണി പൂർത്തിയായി അനാച്ഛാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയതായി ഉദയം ചെയ്ത 'സ്റ്റാച്ച്യു ഓഫ് ലിബർട്ടി' 'നിത്യവും സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായി ലോകത്തിനു വഴികാട്ടിയായി വെളിച്ചം വീശട്ടെയെന്നുള്ള' തത്വവും ലിഖിതം ചെയ്തിരുന്നു. അമേരിക്കയിലെയും  ഫ്രാൻസിലെയും ഉദാരമതികളായ അനേകരുടെ ഒത്തൊരുമിച്ചുള്ള പ്രയത്ന ഫലവും കൊണ്ടാണ് ഇങ്ങനെയൊരു സൗധം ഉയർത്താനും സാധിച്ചത്. ഫ്രാൻസിൽ ശില്പിയായിരുന്ന ഫ്രഡറിക് അഗസ്റ്റ ബർതോൾഡി ഈ മഹാ സൗധത്തിന്റെ കോപ്പർ ഫ്രേയും നിർമ്മിക്കുന്നതിനായി അലക്സാണ്ടറെ ഗുസ്താവ് ഈഫൽ (Alexandre Gustave Eiffel)എന്ന എഞ്ചിനീയറെ അധികാരപ്പെടുത്തി.


1892-ൽ സ്ഥാപിച്ച ഈ സ്മാരകം നാല്പതേക്കർ സ്ഥലത്ത് 305 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. അലങ്കാര മേലങ്കി ധരിച്ച ഒരു സ്ത്രീയുടെ രൂപമാണ് ഈ പ്രതിമ. ദീപം പിടിച്ചിരിക്കുന്ന ലിബ്രറ്റാസെന്ന റോമൻ ദേവതയോട് സാമ്യവുമുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ 1776 ജൂലൈ നാലെന്നും മേലങ്കിയിൽ ലിഖിതം ചെയ്തിട്ടുണ്ട്. അവളുടെ  കാൽപാദങ്ങളിൽ അടിമത്വത്തിന്റെ മോചനം നേടിയ പ്രതീകമായി പൊട്ടിയ ഒരു ചങ്ങലയുമുണ്ട്. ഗ്രീസിൽ നിന്നു വന്ന ഒരു കുടിയേറ്റക്കാരൻ പറഞ്ഞത്, " സ്വാതന്ത്ര്യത്തിന്റെ ചിന്ഹമായ ആ പ്രതിമയെ ഞാൻ കണ്ടു. എന്നോടായി ഞാൻ പറഞ്ഞു, സ്ത്രീയെ നീ സുന്ദരിയാകുന്നു. കൈകൾ സ്വാഗതാർഹമായി വിടർത്തികൊണ്ട് വിദൂരദേശങ്ങളിൽനിന്നു വരുന്ന വിദേശികളെയും നീ സ്വീകരിക്കുന്നു. ഈ രാജ്യത്തിനുവേണ്ടി ഞാനൊരു മുതലെന്നു തെളിയിക്കാൻ എനിക്കും അവസരങ്ങൾ തരൂ. അമേരിക്കായെന്ന ഈ സ്വപ്ന ഭൂമിയിൽ ഞാനും കർമ്മോന്മുഖനായി പവിത്രമായ ഈ മണ്ണിന്റെ ആത്മാവിനെ തേടട്ടെ. അനുഗ്രഹിച്ചാലും. എന്നുമെന്നും നീയാകുന്ന സ്വാതന്ത്ര്യത്തിന്റെ ഈ പ്രതിമ എന്റെയും മനസിന്റെ പ്രതിബിംബമായിരുന്നു."


കഴിഞ്ഞ നൂറ്റിമുപ്പതു വർഷങ്ങളിൽപ്പരമായി സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെന്ന സ്തൂപം സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിൽ വഹിച്ചുകൊണ്ട് അനേകായിരം സഞ്ചാരികളെ ദിനംപ്രതി സ്വാഗതം ചെയ്യുന്നതായി കാണാം. അണയാത്ത തേജസുമായി ഒരു കൊച്ചുതുരുത്തിൽ സ്ഥിതിചെയ്യുന്ന സ്ത്രീയുടെ രൂപമുള്ള ഭീമാകാരമായ ഈ പ്രതിമയുടെ മുമ്പിൽ രാജാക്കന്മാരും ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും വന്നും പോയും വിസ്മയകരമായി നോക്കി നിന്നിട്ടുണ്ട്.  സ്റ്റാച്ച്യു ഓഫ് ലിബർട്ടിയും അവൾ വസിക്കുന്ന ദ്വീപും എന്നുമെന്നും മാറ്റത്തിന്റേതായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ മുമ്പിൽ അവൾ പ്രഭാവവതിയായി പട്ടണത്തിനു ചുറ്റുമുള്ള സകലർക്കും കാണത്തക്ക വിധത്തിൽ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നതും കാണാം. വെട്ടിത്തിളങ്ങുന്ന ഗ്രാനേറ്റ്‌കൊണ്ടു പടുത്തുയർത്തിയ ഒരു പീഠത്തിലാണ് അവളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവളെങ്ങനെ ഈ കരയിൽ വന്നെത്തിയതെന്നും അവളൊരു കാഴ്ചവസ്തുവായതും ചുരുക്കം പേർക്കേ അറിഞ്ഞുകൂടൂ.


ഈ സ്തൂപത്തിങ്കൽ പകിട്ടാർന്ന ഒരു കഥയുണ്ട്.  ഗ്രീക്കിലെ റോഡെന്ന പട്ടണത്തിലുള്ള ദ്വീപിലെ സൂര്യദേവനായ ഹെലിയോസിന്റെ സ്തൂപം പോലെ, പൗരാണിക സംസ്‌കാരങ്ങളുടെ പ്രതീകമായ റോമൻ ദേവതകളെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ പവിഴദ്വീപായ എല്ലീസ് ഐലൻഡിൽ കരയ്ക്കടുക്കുന്ന കുടിയേറ്റക്കാർക്കായി പ്രതീക്ഷകളും നൽകിക്കൊണ്ട് ആ ദേവത അവിടെ കാത്തു നിൽക്കുന്നു. അണയാത്ത സൗന്ദര്യം മുറ്റിനിൽക്കുന്ന അവൾക്ക് തലമുറകളായുള്ള ഒരു കാത്തിരിപ്പിന്റെ ചരിത്രമുണ്ട്. വൈമാനിക യാത്രകളുടെ തുടക്കത്തോടെ കുടിയേറ്റക്കാരുടെ ആ ദേവതയോടുള്ള അഭിവാദന സാംസ്ക്കാരിക പാരമ്പര്യത്തിന് മങ്ങലേറ്റിട്ടുണ്ടെന്നുള്ളതും ഇന്നിന്റെ യാഥാർഥ്യമാണ്. എങ്കിലും ഓരോ കുടിയേറ്റ മനസിലും അവളിന്നും മൂര്‍ത്തികരണഭാവമായി നിത്യം വെട്ടി തിളങ്ങുന്നതും കാണാം.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ഫ്രാൻസിൽനിന്നു അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമെന്നു പലരും വിചാരിക്കുന്നു. എന്നാലത് ചരിത്രത്തിൽ മായം ചേർത്തുകൊണ്ടുള്ള ഒരു അയഥാർഥ്യം മാത്രമാണ്.  വാസ്തവത്തിൽ ഈ പ്രതിമയും അതിന്റെ സ്ഥാപനവും ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ഒരു സാധാരണ പ്രതിമ നിർമ്മാതാവിന്റെ ചിന്തയിൽനിന്നു വന്ന രൂപാശയമായിരുന്നു. അനുയോജ്യമായ ഒരു രാജ്യം തിരഞ്ഞെടുത്ത് ഒരു സ്ത്രീയുടെ രൂപത്തിലുള്ള  പ്രതിമ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. ഇതിനായി അമേരിക്കയിലെ ഉചിതമായ സ്ഥാനം കണ്ടുപിടിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ  സന്ദർശിച്ചതായി അദ്ദേഹത്തിന്റെ ഡയറിയിലും എഴുത്തുകുത്തിലും കാണുന്നു. അദ്ദേഹം നയാഗ്രാ വെള്ളച്ചാട്ടം മുതൽ വാഷിംഗ്ടൺ ഡിസി, ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മുതലായ സ്ഥലങ്ങളിൽ ആകർഷകമായ സ്ഥലം തേടി നടന്നു. തന്റെ സ്വപ്ന സാഷാത്ക്കരത്തിനായി ജനപിന്തുണയും ആഗ്രഹിച്ചു.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നിർമ്മാണ പ്രവർത്തനങ്ങളുമായി ധനം സമാഹരിക്കാൻ അദ്ദേഹം സമൂഹത്തിലെ ഉന്നതരായ പലരെയും സമീപിച്ചു. ഗവർണ്മെന്റിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയില്ലായിരുന്നു. ടിക്കറ്റു വെച്ചുകൊണ്ട് മാന്ത്രികരുടെ ചില അത്ഭുത കാഴ്ചകളും കലാ സാംസ്ക്കാരിക പരിപാടികളും  നടത്തി. സ്റ്റാച്ച്യൂവിന്റെ പദ്ധതികളും പ്ലാനും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പണസമ്പാദനത്തിനായുള്ള സുവനീറും വിറ്റുകൊണ്ടിരുന്നു. ഒരു ദേശീയലോട്ടറി നടത്താനുള്ള അനുവാദവും ഫ്രഞ്ചുസർക്കാരിൽ നിന്നു ലഭിച്ചു. അവസാനം അമേരിക്കൻ പത്രാധിപരായ ജോസഫ് പുലിറ്റ്‌സറിനെ കണ്ടുമുട്ടി. ഈ പ്രതിമ പണിയാൻ ഒരു പെനി സംഭാവന തരുന്നവരുടെ പേരുപോലും പുലിറ്റ്സർ  പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതുമൂലം പുലിറ്റ്സറിന്റെ പത്രത്തിന്റെ പ്രചരണവും വളരെ മടങ്ങു വർദ്ധിച്ചു. വായനക്കാർ തങ്ങളുടെ പേര് പത്രത്തിലച്ചടിച്ചു വരുന്നത് കാണാനും കൗതുകമേറിക്കൊണ്ടു പത്രങ്ങൾ മേടിച്ചുകൊണ്ടിരുന്നു.  സ്റ്റാച്ച്യൂവിനു പണമുണ്ടാക്കാൻ അതൊരു നല്ല മാർക്കറ്റിങ് തന്ത്രവൈദഗ്‌ദ്ധ്യവുമായിരുന്നു.


ആദ്യം ഈ സ്റ്റാച്ച്യൂ സൂയസ് കനാലിന്റെ തീരത്തു സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയിൽ ഈ സ്തൂപം സ്ഥാപിക്കാൻ അന്നു ബർതോൾഡിയ്ക്ക് ചിന്തകളുണ്ടായിരുന്നില്ല.  യുവാവായിരുന്നപ്പോൾ തന്നെ അദ്ദേഹം സ്തൂപ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ് സന്ദർശിച്ചു. മെഡിറ്ററേനിയനും റെഡ്സീയ്ക്കും മദ്ധ്യേ അനുയോജ്യമായ ഒരു സ്ഥലം നിർണ്ണയിക്കുകയും ചെയ്തു. 1867-ൽ ഒരു ലോകമേള നടന്നപ്പോൾ ഈജിപ്റ്റിലെ ഒരു നേതാവായ 'ഖേദിവയെ' കണ്ടുമുട്ടി. പിരമിഡ് പോലെ വിസ്മയകരമായ ഒരു സ്തൂപം സ്ഥാപിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു. സൂയസ് കനാലിന്റെ തീരത്ത് ദേവത പോലുള്ള ഒരു സ്ത്രീ  കൈകളിൽ  ദീപവും പിടിച്ചുകൊണ്ടു അയഞ്ഞ വേഷത്തിൽ നിൽക്കുന്ന രൂപം ഡിസൈൻ ചെയ്തത് ഖേദിവയെ കാണിച്ചു. ദൗർഭാഗ്യവശാൽ ഈജിപ്റ്റുമായി ഒരു സമ്മതപത്രത്തിൽ ഒപ്പിടാൻ സാധിക്കാത്തതിനാൽ ഈ പദ്ധതിയുടെ നക്കലുമായി അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചു.


അമേരിക്കക്കാർക്ക് ബർതോൾഡിയുടെ സ്വപ്നത്തിലുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളിൽ അമേരിക്കയിൽനിന്നും കാര്യമായി സഹകരണമോ ധനശേഖരണമോ സാധിച്ചില്ല. പാരിസിൽ സ്റ്റാച്ച്യൂവിന്റെ നിർമ്മാണം പൂർത്തിയാക്കാൻ പതിനഞ്ചു നീണ്ട വർഷത്തോളമെടുത്തു. അമേരിക്കക്കാർ ഇത്തരം ഒരു പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും വീണ്ടും കാലങ്ങളെടുത്തു. പ്രതിമയ്ക്കുവേണ്ടി നിർമ്മിച്ച ദീപം ആദ്യം ഫിലാഡൽഫിയായിൽ പ്രദർശിപ്പിച്ചു. അവിടെനിന്നു ജനങ്ങളുടെ നല്ല പിന്തുണ കിട്ടിയതുകൊണ്ട് സ്റ്റാച്ച്യൂ ഫിലാഡല്ഫിയായിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. തന്മൂലം സ്റ്റാച്ച്യൂവിന്റെ തല നിർമ്മിക്കാനുള്ള പണം ശേഖരിക്കാനും സാധിച്ചു. ഫിലാഡൽഫിയാക്കാരുടെ ഈ പ്രതിമയുടെ കലാനിർമ്മാണത്തിനുള്ള ആവേശത്തിൽ ബർതോൾഡി വളരെയധികം സന്തുഷ്ടനായിരുന്നു.


ഒരിക്കൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ബോസ്റ്റണിൽ സ്ഥാപിക്കാനുമൊരുങ്ങി. സ്റ്റാച്ച്യൂവിന്റെ പണി 1882-ൽ പാരീസിൽ മിക്കവാറും പൂർത്തിയാവുകയുമുണ്ടായി. ന്യൂയോർക്കിൽ അതിനുള്ള ധന സമാഹരണം കാര്യമായി സമാഹരിക്കാൻ സാധിച്ചില്ല. അക്കാലത്ത് ബോസ്റ്റൻകാർ സ്റ്റാച്ച്യൂ അവിടെ സ്ഥാപിക്കാനും  ശ്രമം തുടങ്ങി. ന്യൂയോർക്കുകാർ സ്റ്റാച്ച്യൂവിനു വേണ്ട പ്രോത്സാഹനം നല്കുന്നില്ലെന്നാരോപിച്ചുകൊണ്ട് അക്കാലങ്ങളിൽ ന്യൂയോർക്ക് ടൈംസ് ഒരു മുഖപ്രസംഗമെഴുതിയിരുന്നു. സ്റ്റാച്ച്യൂ സ്ഥാപിച്ചാൽ ബോസ്റ്റന്റെ പുരോഗമനം അതുമൂലം നേടുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. ബോസ്റ്റന്റെ തീരദേശങ്ങളിൽ പ്രതിമയുടെ സംയോജിപ്പിക്കാത്ത ഭാഗങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ടായതുകൊണ്ടു അവിടെ പ്രതിമ സ്ഥാപിക്കാമെന്നുള്ള പദ്ധതി നടന്നില്ല.


ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കും പ്രോസ്‌പ്പെറ്റ് പാർക്കും ഒരു പോലെ പ്രതിമ  സ്ഥാപിക്കാൻ പരിഗണയുണ്ടായിരുന്നു. 1871-ൽ ബർതോൾഡി ന്യൂയോർക്കിലെത്തിയപ്പോൾ അദ്ദേഹം ബ്രൂക്കിലിനിലുള്ള പുതിയ പാർക്കായ പ്രോസ്‌പ്പെറ്റും പുതിയതായി മൻഹാട്ടനിൽ പണിത സെൻട്രൽ പാർക്കും പ്രതിമ സ്ഥാപിക്കാനായി പരിഗണനയിലെടുത്തിരുന്നു. ആദ്യം സ്റ്റാച്ച്യൂവും അതിനോടനുബന്ധിച്ചുകൊണ്ടു ഒരു ലൈറ്റ്ഹൗസും പണിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയുടെ പതിനെട്ടാം പ്രസിഡന്റായ  യുളീസിസ് ഗ്രാന്റ് പ്രതിമ സ്ഥാപിക്കാൻ അനുവാദം കൊടുത്തപ്പോൾ അതു ലൈറ്റ് ഹൗസായിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അക്കാലത്തെ എൻജിനീയർമാർക്ക് ലൈറ്റുകൾ കൊടുത്തുകൊണ്ടുള്ള ഭീമാകാരമായ ഈ പ്രതിമ പണിയാൻ സാധിച്ചില്ല. അത് ബർതോൾഡിയെ വ്യാകുലപ്പെടുത്തിയിരുന്നു. പിന്നീട് ലൈറ്റ് ഹൗസിനു അനുയോജ്യമായ സ്ഥലമല്ല അവിടമെന്നും മനസിലാക്കി. രാത്രികാലങ്ങളിൽ പ്രതിമ കൂടുതൽ ദൃശ്യമാവുന്നതിനായി ശില്പിയായ ബർതോൾഡി പ്രതിമയൊന്നാകെ സ്വർണ്ണം പൂശണമെന്നും പദ്ധതിയിട്ടിരുന്നു. ന്യൂയോർക്ക് ഹാർബറിൽ സ്ഥാപിച്ച പ്രതിമയെ സ്വർണ്ണം പൂശുന്നതിനു മില്ല്യൻ കണക്കിനനു ഭീമമായ തുക ചെലവുകൾ വരുന്നതിനാൽ അത്രയും വലിയൊരു തുക നൽകാൻ ആരും തയാറായിരുന്നില്ല. അതുകൊണ്ടു അദ്ദേഹം അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.


പ്രതിമയിൽ  സംസാരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ തോമസ് എഡിസൺ ആഗ്രഹിച്ചിരുന്നു. 1878-ൽ എഡിസൺ ഫോണോഗ്രാഫ് പൊതുജനത്തിനായി അവതരിപ്പിച്ചു. പ്രതിമയ്ക്കുള്ളിൽ ഒരു മോൺസ്റ്റർ ഡിസ്ക് സംഘടിപ്പിച്ചുകൊണ്ടു മൻഹാട്ടനിലുള്ളവർ ശ്രവിക്കത്തക്കവിധം പ്രതിമയെക്കൊണ്ട് പ്രസംഗിപ്പിക്കുകയെന്നുള്ളതായിരുന്നു എഡിസന്റെ ഭാവനയിലുണ്ടായിരുന്നത്. ആരും അതിനു താല്പര്യം കാണിക്കാഞ്ഞതിനാൽ എഡിസന്റെ ചിന്തകൾ പ്രായോഗികമായില്ല.


1886-ൽ ലിബർട്ടി ഐലൻഡിൽ പ്രതിമ അനാച്ഛാദനം ചെയ്ത വേളയിൽ സഫറാഗെറ്റ്സ് എന്ന സ്ത്രീസംഘടനകളുടെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം നേടുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അക്കാലത്തു മിക്ക സ്റ്റേറ്റുകളിലും സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. പ്രതിമയുടെ അനാച്ഛാദന വേളയിൽ സ്ത്രീകളായി ബർതോൾഡിയുടെ ഭാര്യയും ഫ്രഞ്ച് എൻജിനീയറായ ഫെർഡിനാൻഡ് ഡി ലാസപ്പോയുടെ പതിമൂന്നു വയസുകാരി മകളും മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. സൂയസ് കനാൽ ഡിസൈൻ ചെയ്തതും ഈ ഫ്രഞ്ച് എഞ്ചിനീയറായിരുന്നു. സഫരാഗേറ്റുകൾ ഒരു ബോട്ടിൽ ചുറ്റും യാത്ര ചെയ്തുകൊണ്ട് പ്രതിക്ഷേധ ശബ്ദം അന്നു മുഴക്കിക്കൊണ്ടുമിരുന്നു.


1956-ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന ദ്വീപിനു 'ലിബർട്ടി ഐലൻഡെന്നു പേരു നൽകി. 1965 മെയ് പതിനൊന്നാം തിയതി എല്ലീസ് ദ്വീപും നാഷണൽ പാർക്കിനു കൈമാറുകയും ദേശീയ സ്മാരകമാക്കുകയും ചെയ്തു. 1982 -ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നവീകരിക്കാനായി പ്രസിഡന്റ് റൊണാൾഡ് റീഗൻ ക്രൈസലർ കോർപ്പറേഷൻ അധ്യക്ഷനായ 'ലീലാക്കോക്കാ' യെ ചുമതലപ്പെടുത്തി. എൺപത്തിയേഴു മില്യൻ ഡോളർ ശേഖരിച്ചുകൊണ്ട് പ്രതിമ നവീകരിക്കുകയും ചെയ്തു. ഫ്രാൻസിൽനിന്നും അമേരിക്കയിൽനിന്നും എൻജിനീയർമാർ ഒത്തൊരുമിച്ചു കൂടിയാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. തുരുമ്പു പിടിച്ച ഭാഗങ്ങൾ മാറ്റി സ്റ്റെയിൻലെസ് സ്റ്റീൽ പകരം മാറ്റി വെക്കുകയും ചെയ്തു. 1984-ൽ പ്രതിമയ്ക്ക് ചുറ്റും താൽക്കാലിക മഞ്ചങ്ങളുണ്ടാക്കി. പ്രതിമയുടെ ഉൾഭാഗങ്ങളിൽ പണികളും ആരംഭിച്ചു. തുരുമ്പു പിടിച്ച പുറംഭാഗങ്ങൾ നന്നാക്കുകയോ മാറ്റുകയോ ചെയ്തുകൊണ്ട് പെയിന്റടിച്ചു. പ്രതിമയുടെ കൈകളിൽ പിടിച്ചിരുന്ന ദീപം ജീർണ്ണിച്ചു പോയതുകൊണ്ട് ആദ്യത്തെ പോലെ തന്നെ മറ്റൊന്നു പുനഃസ്ഥാപിക്കുകയും ചെയ്തു. അതിലെ കോപ്പർകൊണ്ടുള്ള പുറംചട്ട മൊത്തമായി പെയിന്റ് ചെയ്യുകയും പഴുതുകൾ അടയ്ക്കുകയുമുണ്ടായി. 1986 ജൂലൈ അഞ്ചാംതീയതി നവീകരിച്ച സ്റ്റാച്ച്യൂ കാണാൻ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കയും പ്രതിമ നിർമ്മിച്ച നൂറാം വർഷം ആഘോഷിക്കുകയുമുണ്ടായി. അമേരിക്കയിലെയും ഫ്രഞ്ചിലെയും എഞ്ചിനീയർമാർ ഒത്തൊരുമിച്ച് പ്രതിമയുടെ നേട്ടകോട്ടങ്ങൾ എന്തെല്ലാമെന്നും വിലയിരുത്തുകയും ചെയ്തു.

അടുത്ത കാലത്ത് ഡിസ്‌കവറി ചാനലിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിൽ കാണുന്ന രൂപം പുരുഷനോ സ്ത്രീയോയെന്ന വിവാദമുണ്ടായിരുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിലെ രൂപം ബർതോൾഡിയുടെ അമ്മയുടെ പ്രതിരൂപമെന്നായിരുന്നു വെപ്പ്. സമീപകാലത്തെ വാർത്തകളിൽ ആ രൂപത്തിന്റെ പ്രതിച്ഛായ അദ്ദേഹത്തിന്റെ സഹോദരന്റേതെന്നും ചരിത്രകാർ വിശ്വസിക്കുന്നു. വിവിധ  ഫോട്ടോകളുടെ നിരീക്ഷണങ്ങളിൽക്കൂടി  പ്രതിമയുടെ മുഖം സഹോദരന്റെ തന്നെയെന്ന നിഗമനവും ശക്തമായിട്ടുണ്ട്.   ഫോക്സ് ന്യൂസിലെ യുവാവായ വാർത്താ ലേഖകൻ 'പീറ്റർ ഡൂസി' ലിബർട്ടിയുടെ മുഖം പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ ചോദ്യമായി വന്നപ്പോൾ അനേകരെ ആ വാർത്ത അതിശയിപ്പിച്ചിരുന്നു. ലിബർട്ടിയുടെ രൂപം പുരുഷനും സ്ത്രീയുമായി കൂടിയ ഭിന്നലിംഗമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്തു തന്നെയെങ്കിലും ഈ പ്രതിമ അമേരിക്കയുടെ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തി‌ഭാവമായി നിത്യം ജനഹൃദയങ്ങളിൽ കുടികൊള്ളുന്നു.

എമ്മാ ലാസറെന്ന കവിയുടെ  കവിതാസമാഹാരത്തിലെ അവളെപ്പറ്റിയുള്ള ഹൃദയംഗമമായ വാക്കുകളും ശ്രദ്ധേയമാണ്. "സ്വാതന്ത്ര്യം തേടിവരുന്ന പുത്തനായ കുടിയേറ്റക്കാരായവരേ ... പവിത്രമായ പാരമ്പര്യത്താൽ അധിഷ്ഠിതമായ നമ്മുടെ  പുണ്യഭൂമിയെ ഇനിമേൽ പരിപാലിച്ചാലും. നീണ്ട ദിനങ്ങളോളം കടലും താണ്ടി നിങ്ങളിവിടെയെത്തി. നിശബ്ദതയുടെ ഈ ഏകാന്തതയിൽ ഇന്നുമുതൽ നിങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എനിക്കു തരൂ. തണുപ്പുകൊണ്ടോ ഭയംകൊണ്ടോ ഇനിമേൽ വിറങ്ങലിക്കേണ്ടാ. തീവ്രാഭിലാഷങ്ങളുമായി വന്ന നിങ്ങൾ സ്വാതന്ത്ര്യത്തിന്റെ വായൂ ശ്വസിച്ചാലും. ഭവനരഹിതരായും ദാരിദ്ര്യത്തിലും കാറ്റത്തും കൊടുങ്കാറ്റത്തും വന്നെത്തിയവരുമായ  പ്രിയ കുടിയേറ്റക്കാരെ നിങ്ങളെന്റെ  അഭിവാദനങ്ങൾ സ്വീകരിച്ചാലും. നിങ്ങൾക്കു മുമ്പിൽ തുറന്നിരിക്കുന്ന സുവർണ്ണ വാതിലുകൾക്കൊപ്പം ഞാനെന്റെ ദീപത്തെ നിത്യവും  പ്രകാശിപ്പിച്ചുകൊണ്ട്  ഉയരങ്ങളിലുയർത്തട്ടെ."



Frederic Auguste Bartholdi
Ulysses S. Grant 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...