Wednesday, July 20, 2016

ശ്രേയ ജയ ദീപ്: കൊച്ചു വാനമ്പാടി






By ജോസഫ് പടന്നമാക്കൽ 

കലയുടെ കേന്ദ്രമായ കോഴിക്കോടു നഗരത്തിൽനിന്നും ഉദിച്ചുയർന്ന അനുഗ്രഹീതയായ ശ്രേയകുട്ടിയെന്ന കൊച്ചു കലാകാരി പാട്ടിന്റെ ലോകത്തിലെ ഇതിഹാസമായി മാറിയ വാനമ്പാടിയാണ്. അവൾ ആലപിക്കുന്ന മനോഹരമായ ഗാനങ്ങൾ ആരുടെയും മനസിനെ പിടിച്ചുകുലുക്കും. പ്രായത്തിൽ കവിഞ്ഞ ഭാവുകങ്ങൾ നിറഞ്ഞ ഗാനങ്ങൾ കൊണ്ടും ഹൃദയ നൈർമല്യം കര കവിഞ്ഞൊഴുകുന്ന പുഞ്ചിരികൊണ്ടും അവൾ മുതിർന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. അവൾ പാടിയ ഗാനങ്ങൾ ഒന്നു ശ്രവിച്ചാലും, "ഓരോ നിമിഷവും ദൈവമേ നിൻ സ്തുതി പാടീടും, ഞാൻ ഓരോ ശ്വാസത്തിലും ദൈവമേ നിൻ നാമം വാഴ്ത്തീടും. നിൻ സ്നേഹ മാധുര്യം ആസ്വദിച്ചങ്ങനെ ഭൂമിയിൽ മാലാഖയായി പാറി പറക്കും. വാനിലെ ദൂതുമായി പാടി നടന്നീടും..." ശ്രേയകുട്ടി ഇങ്ങനെ പാടുമ്പോൾ താളങ്ങൾകൊണ്ട് ആസ്വാദകർ കൈകൾ കൊട്ടികൊണ്ടിരിക്കും. അവളുടെ പാട്ടുകൾ ദിനം പ്രതി ലക്ഷക്കണക്കിനാളുകളാണ് ആസ്വദിക്കുന്നത്. സിനിമാ ലോകം മുഴുവനും അവളിലെ ഗായികയെ തേടി വരുന്നു. കണ്ണുകൾ മേൽപ്പോട്ടും കീഴുമായും ഇമകൾ വെട്ടിയടച്ചും താളം പിടിച്ചും പാടുന്ന ഈ കൊച്ചുഗായികയുടെ പാട്ടൊന്നു കേട്ടാൽ ആരുടെയും മനസ് ചഞ്ചലമായി പോവും. 

'ശ്രേയ ജയദീപ്‌' എന്ന പത്തു വയസുകാരി ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തിൽ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതമാണ്. ഇവൾ അഖിലേന്ത്യാ തലത്തിൽ തന്നെ  ഇന്നറിയപ്പെടുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയും. 2013-ൽ അവൾക്ക് എട്ടു വയസു പ്രായമുള്ളപ്പോൾ ജൂണിയർ പാട്ടുകാരിൽ ഏറ്റവും നല്ല പാട്ടുകാരിയായി സൂര്യ ടീവിയുടെ കിരീടമണിഞ്ഞിരുന്നു. ഇന്നവൾ സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞു. ശ്രേയ കുട്ടി പാടുമ്പോൾ അതിനൊപ്പിച്ച അവളുടെ കൈകൾ കൊണ്ടുള്ള താളങ്ങൾ ശ്രോതാക്കളുടെ മനസുകളിൽ ഈണം വെച്ച പാട്ടുകളുടെ മുദ്രകളായി പതിയുകയും ചെയ്യും. അവരും ഒപ്പം താളം പിടിക്കുന്നു. ഉയരങ്ങളുടെ കൊടുമുടികൾ കീഴടക്കാൻ ആ കുട്ടിയിൽ എല്ലാവിധ കഴിവുകളും നിറഞ്ഞിട്ടുണ്ടെന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഗീത സാമ്രാട്ടുകളായ ജഡ്ജിമാർ ഒന്നടങ്കം വിലയിരുത്തുന്നുമുണ്ട്. 

കോഴിക്കോടുള്ള ഒരു ഹൈന്ദവ കുടുംബത്തിൽ ജയദീപിന്റെയും പ്രസീതായുടെയും മകളായി 2005-ൽ 'ശ്രേയ കുട്ടി' ജനിച്ചു. അവളിപ്പോൾ കോഴിക്കോട് ദേവഗിരിയിൽ, മെഡിക്കൽ കോളേജിനു സമീപമുള്ള സി.എം.ഐ ക്കാരുടെ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവൾക്ക് 'സൗരവ'യെന്ന ഒരു കുഞ്ഞാങ്ങളയുമുണ്ട്. മലയാളം ഫിലിം വ്യവസായത്തിൽ ഈ കൊച്ചുകുട്ടിയുടെ പാട്ടുകൾ പ്രേഷകരുടെ ഹൃദയങ്ങളിൽ ഇതിനോടകം സ്ഥാനംപിടിച്ചു കഴിഞ്ഞു. അമ്പതിൽപ്പരം ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുമായി അവൾ ഇന്ത്യ മുഴുവൻ പ്രശസ്‌തയായിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോൾ മുതൽ അവളുടെ പാട്ടിന്റെ പാടവം മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. അവൾ ഏകയായിരിക്കുന്ന വേളയിൽ ആകാശത്തിലേക്ക് കണ്ണുകളുയർത്തിക്കൊണ്ട് ഈണം വെച്ചു തനിയെ പാടുമായിരുന്നു. അവളുടെ കലാചാതുര്യത്തെ അച്ഛൻ ജയ ദീപ് അവൾ കാണാതെ ഒളിഞ്ഞിരുന്നു ശ്രവിക്കുമായിരുന്നു. അവളിലെ സംഗീത കലയെ മനസിലാക്കി ഭാവഗാനങ്ങളായ കവിതകളുടെയും കീർത്തന കവിതകളുടെയും പുസ്തകങ്ങൾ  അവൾക്കു പഠിക്കാനായും പാട്ടു പാടാനായും അച്ഛൻ വാങ്ങിച്ചുകൊണ്ടു വരുമായിരുന്നു. സ്‌കൂളിൽ പാട്ടുകാരിയായി അറിയപ്പെടുന്നതിനു മുമ്പേതന്നെ അവൾ ആ ബുക്കുകളുടെ സഹായത്തോടെ പാട്ടുകൾ ഹൃദ്യസ്ഥമാക്കുകയും നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്തിരുന്നു. മാതാപിതാക്കൾക്ക് കുട്ടിയെ പാട്ടു പഠിപ്പിക്കാനായി സ്‌കൂളിൽ നിന്നും പ്രോത്സാഹനവും ലഭിച്ചിരുന്നു. സ്‌കൂൾ പ്രോഗ്രാമുകളിൽ പങ്കു ചേർന്നും പാടിക്കൊണ്ടും ശ്രേയ കുട്ടി അദ്ധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും ഒരുപോലെ കയ്യടികൾ നേടിക്കൊണ്ടിരുന്നു. 

രണ്ടു വയസുമുതൽ ടീ.വിയിലും റേഡിയോയിലും വരുന്ന പാട്ടുകളുടെ ഈരടികൾ തെറ്റാതെ അതേപടി ആവർത്തിച്ചു പാടുമായിരുന്നു. നാലു വയസുമുതൽ ക്ലാസ്സിക്കൽ സംഗീതം പഠിക്കാൻ തുടങ്ങി. സൂര്യയുടെ അഭിമാനമായ പാട്ടുകാരിയെന്ന നിലയിൽ, സൂര്യ റിയാലിറ്റി ഷോയിൽ കൂടി വളർന്നു വന്ന അവളെ 'സൂര്യാ സിംഗറെ'ന്നും അറിയപ്പെടുന്നു. എട്ടാം വയസിൽ സൂര്യയുടെ കുട്ടികൾക്കായുള്ള റിയാലിറ്റി ഷോയുടെ 'സിംഗർ കിരീടം' അണിഞ്ഞു. അന്നവൾ മത്സരത്തിൽ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. സൂര്യാടീവിയിൽനിന്നും പാട്ടിനുള്ള ഒന്നാം സമ്മാനം നേടി അത്ഭുതകരമായ വിജയം നേടിയശേഷം സിനിമയിലും പാടാനുള്ള അവസരങ്ങൾ വന്നു ചേർന്നു. 

അമ്മയുടെ മടിയിൽ കിടക്കുന്ന കാലം മുതൽ ശ്രേയ കുട്ടി പാട്ടിൽ താൽപ്പര്യം കാണിച്ചിരുന്നു. അവൾ  ബോറടിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം പാട്ടിന്റെ ലോകത്തു  പാടി നടക്കുമായിരുന്നു.  പാടാനുള്ള കഴിവുകൾ കുഞ്ഞായിരുന്നപ്പോൾ മുതൽ പഠിക്കുന്ന സ്‌കൂളിലും പ്രകടിപ്പിച്ചിരുന്നു.
ശ്രേയ കുട്ടിയുടെ ഗുരു പാട്ടുകൾ പഠിപ്പിക്കുന്ന 'താമരക്കാട് കൃഷ്ണൻ നമ്പൂതിരി'പ്പാടാണ്.  പ്രഗത്ഭനായ ഗുരുവിന്റെ കഴിവുകളും ശ്രേയ കുട്ടിയിൽ നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2013-ൽ അവൾ ആല്ബങ്ങൾക്കും സിനിമയ്ക്കുമായി പാടി തുടങ്ങി. നിരവധി ആല്ബങ്ങളിൽകൂടി ഈ കൊച്ചു വാനമ്പാടി ഇന്ന് ലോകശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. സംഗീതലോകത്തിൽ കിരീടങ്ങളണിഞ്ഞ പ്രമുഖരായവരുമൊത്ത് അവളിന്നു ആൽബങ്ങളിലുണ്ട്. കൂടുതലും ക്രിസ്തീയ ഭക്തിഗാനങ്ങളാണ് പാടിയിട്ടുള്ളത്. 'ഗോഡ്' എന്ന സിനിമയിൽ 'മാനത്തെ ഈശോയെ' എന്ന പാട്ട് ജയചന്ദ്രനുമൊപ്പം പാടി. അയപ്പതിന്തകത്തോം, ശ്രീശബരീശനെ, ശിവരാത്രി മുതലായ ഹിന്ദു ഗാനങ്ങളും ശ്രേയ കുട്ടി പാടിയിട്ടുണ്ട്. ക്രാന്തിയെന്ന ചിത്രത്തിനുവേണ്ടിയും വേണുഗോപാലനും ജയചന്ദ്രനുമൊപ്പവും പാടി. പരിസ്ഥിതി സംരക്ഷണ വിഷയത്തെ ആധാരമാക്കി സുഗതകുമാരി രചിച്ച ഗാനമായ 'ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി.. ഒരു തൈ നടാം നമുക്ക് കൊച്ചുമക്കള്‍ക്ക് വേണ്ടി…' എന്ന വരികളാണ് ശ്രേയ കുട്ടി വേണുഗോപാലിനൊപ്പം പാടിയത്.

ടെലിവിഷൻ പരിപാടികളിൽ കാണപ്പെടുന്ന റീയാലിറ്റി ഷോകളിൽ ഒരു ചാനലിലും ശ്രേയ കുട്ടി പങ്കു ചേരാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. പാട്ടിലുള്ള അവളുടെ അഭിരുചി മനസിലാക്കി മാതാപിതാക്കൾ അവളെ എല്ലാ വിധത്തിലും സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ സ്‌കൂൾ അധികൃതരും മാതാപിതാക്കളും കോഴിക്കോടുള്ള ഒരു ഹോട്ടലിൽ 'സൂര്യാ ടീവി' കുട്ടികൾക്കായി മത്സാരാർത്ഥികളെ അന്വേഷിക്കുന്നതായി അറിഞ്ഞു. സംഗീതത്തിൽ അഭിരുചിയുള്ള ആറു വയസുമുതൽ പതിമൂന്നു വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി ടെസ്റ്റുകൾ നടത്തിയിരുന്നു. 'സൂര്യാ ജൂണിയർ സിംഗർ' എന്നായിരുന്നു പരിപാടിയുടെ പേര്. കുട്ടിയുടെ പാട്ടിലുള്ള അഭിരുചി മനസിലാക്കിയ മാതാപിതാക്കൾ അവളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സൂര്യാ ടീവി ഓഡിഷന് അയച്ചു കൊടുത്തു. ഒരു ഡിസ്ക്ക് നിറയെ 'ശ്രേയ കുട്ടി' പാടിയ പാട്ടുകളുമുണ്ടായിരുന്നു. അവളെ ഓഡിഷൻ ടെസ്റ്റിനും ഇന്റർവ്യൂവിനും താമസിയാതെ വിളിക്കുകയുമുണ്ടായി. മാതാപിതാക്കളുമൊത്താണ് ആദ്യദിവസം ഓഡിഷന് പോയത്. എല്ലാവരും പ്രതീക്ഷിച്ചപോലെ ഓഡിഷൻ ടെസ്റ്റ് ഭംഗിയായി ശ്രേയ കുട്ടി അവതരിപ്പിക്കുകയും ചെയ്തു. വിജയിയായി പുറത്തു വരുകയും ടെസ്റ്റു നടത്തിയ ജഡ്ജിമാരുടെ അഭിനന്ദനങ്ങൾ നേടുകയുമുണ്ടായി. അന്ന് വൈകുന്നേരം തന്നെ ഓഡിഷൻടെസ്റ്റിൽ വിജയികളായവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഇരുപതു കുട്ടികളിൽ തങ്ങളുടെ കുഞ്ഞുമാലാഖയെ തിരഞ്ഞെടുത്തതിൽ മാതാപിതാക്കൾ അത്യന്ത സന്തോഷത്തിലുമായിരുന്നു.

സൂര്യാ ജൂണിയർ സിംഗറായി തിരഞ്ഞെടുത്ത ശേഷം ആദ്യത്തെ റിയാലിറ്റിഷോയിൽ ശ്രേയ കുട്ടി അവളുടെ മാതാപിതാക്കളും കൂട്ടുകാരുമായി സ്റ്റുഡിയോയിൽ വന്നെത്തി. സ്വയവേ വാചാലയായ അവൾ ആദ്യദിവസം തന്നെ മറ്റു റിയാലിറ്റി പാട്ടുകാരും അതിലെ പ്രവർത്തകരും ജഡ്‌ജിമാരുമായി സൗഹാർദത്തിലായിരുന്നു. പാട്ടുകാരായി മത്സര രംഗത്തെത്തുന്ന കുട്ടികൾക്കായി ജഡ്ജിമാർ ചില ഉപദേശങ്ങളും നൽകിയിരുന്നു. പാട്ടിന്റെ നാനാവശങ്ങളെപ്പറ്റിയും കുട്ടികളോടായി സംസാരിച്ചിരുന്നു. സൂര്യാ റിയാലിറ്റി ഷോയുടെ ആരംഭം മുതൽ ശ്രേയ കുട്ടി ഭംഗിയായി പാട്ടുകൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ഷോകളും ഒരുപോലെ അവൾ മികച്ച പ്രകടനങ്ങൾ ശ്രോതാക്കൾക്കായി കാഴ്ച വെച്ചിരുന്നുവെന്നു ജഡ്ജിമാർ അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാർ പറയുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധയോടെ സ്വീകരിച്ച് തെറ്റുകുറ്റങ്ങൾ അവൾ പരിഹരിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ പാട്ടുകളിലും റിയാലിറ്റി ഷോകളിലെ സ്റ്റേജുകളിൽ പാടുന്ന പാട്ടിലുമുള്ള പുരോഗതികളിലും ജഡ്ജിമാർ അതീവ സന്തുഷ്ടരായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ അവൾ ഏറ്റവും നല്ല പാട്ടുകാരിൽ അഞ്ചുപേരിൽ ഒരാളായിരുന്നു. സൂര്യയുടെ റീയാലിറ്റി ഷോകളിലെ ഒരു ഷോകളിലും അവളൊരിക്കലും ഡേഞ്ചർസോണിൽ വന്നിട്ടില്ല. അവസാനത്തേതിനു തൊട്ടുമുമ്പുള്ള   ഉപാന്ത്യ റിയാലിറ്റിഷോയിൽ ശ്രേയകുട്ടി ഉൾപ്പടെ എട്ടു മത്സാരാർത്ഥികളെ മാത്രം തിരഞ്ഞെടുത്തിരുന്നു.      


റീയാലിറ്റി ഷോകളിലെ മറ്റു മത്സരാർത്ഥികളെപ്പോലെ ശ്രേയ കുട്ടിയുടെ മുഖത്തും പാടുന്നതിനു മുമ്പും പാടുന്ന സമയത്തും മാനസിക പിരിമുറക്കങ്ങൾ ദൃശ്യമായിരുന്നു. എങ്കിലും മറ്റെല്ലാവരേക്കാളും മുമ്പേ അവൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചു. അവളിലെ മാനസിക സമ്മർദങ്ങളിൽ അയവു വരുന്നത് ജഡ്ജിമാരുടെ ഉപദേശങ്ങൾ ശ്രവിക്കുമ്പോഴായിരുന്നു. പിന്നീട് അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും കഴിഞ്ഞിരുന്നു. മത്സരത്തിന്റെ അന്ത്യഘട്ടംവരെ അവളെ പാട്ടു പഠിപ്പിക്കുന്ന 'ഗുരു' അവളുടെ പാട്ടുകൾ പുരോഗമിക്കാൻ വേണ്ടവിധം സഹായിച്ചുകൊണ്ടിരുന്നു. പാട്ടിനെപ്പറ്റിയും നല്ല ഗാനങ്ങൾ കാഴ്ച്ച വെയ്ക്കാനും ഗുരു ക്ളാസുകളും എടുക്കുമായിരുന്നു. ഗുരു അവൾക്കുവേണ്ടി പാട്ടു പാടുകയും ജഡ്‌ജിമാർ ചൂണ്ടികാണിച്ച തെറ്റുകൾ പരിഹരിക്കാൻ പരിശീലനവും നല്കുമായിരുന്നു. അവൾക്കു ലഭിക്കുന്ന നീണ്ട പരിശീലനങ്ങൾമൂലം  ജഡ്ജിമാരിൽനിന്നു നല്ല മാർക്കുകൾ നേടാനും കാരണമായി. അവസാനത്തെ ഷോയ്ക്ക് മുമ്പുള്ള പരിപാടിയിൽ നല്ല കാഴ്ച വെച്ച ശ്രേയ കുട്ടിയ്‌ക്ക്‌ ഏറ്റവും ഉയർന്ന പോയിന്റ് ലഭിച്ചു. മറ്റു മത്സരാർത്ഥികളെ പിന്തള്ളി വിജയത്തിലേക്ക് കുതിച്ചുകൊണ്ട് അവൾ ഗ്രാന്റ് ഫയ്‌നാലയിൽ വന്നെത്തി. മറ്റു അഞ്ചുപേരും കൂടി അവളോടൊത്തു ഗ്രാൻഡ് ഫയ്‌നാലയിൽ (grand finale) സ്റ്റേജിലുണ്ടായിരുന്നു. 

ശ്രേയ കുട്ടി ഗ്രാൻഡ് ഫൈനാലെ മത്സരത്തിനെത്തിയപ്പോൾ   സംഗീതാവിഷ്‌ക്കരണത്തിനായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഒരു തെറ്റും കൂടാതെ പാടിയെങ്കിൽ മാത്രമേ ഫയിനാലെയിൽ വിജയിയാകൂവെന്ന് അവൾക്കറിയാമായിരുന്നു. മത്സരാർത്ഥികൾ എല്ലാവരും ഓരോ വിധത്തിൽ പ്രഗത്ഭരായ കുട്ടികളുമായിരുന്നു. വലിയൊരു  ജനക്കൂട്ടത്തിന്റെ  മുമ്പിൽ അവളൊരിക്കലും പാട്ടു പാടിയിട്ടുമുണ്ടായിരുന്നില്ല. സെമി ഫൈനലിലും ഗ്രാൻഡ് ഫൈനലിലും പാട്ടുകൾ അങ്ങേയറ്റം ഭംഗിയാക്കാൻ അവൾ കഠിനമായി ശ്രമിച്ചു. ജൂറികൾ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ജൂറികൾ പ്രത്യേക  കൗൺസിലിംഗും നൽകിയിരുന്നു. പ്രേക്ഷകരുടെ മുമ്പിൽ ഒരോ മത്സരാർത്ഥിക്കും അതുമൂലം നല്ല പാട്ടുകൾ അവതരിപ്പിക്കാനും സാധിച്ചു.

ശ്രേയ കുട്ടി നല്ലവണ്ണം പാട്ടുകൾ പഠിച്ചു പാടാൻ തയ്യാറായി സംഗീത പ്രകടനങ്ങളിൽ വന്നതിനാൽ മറ്റെല്ലാ മത്സരാർത്ഥികളെക്കാൾ നല്ല മാർക്കുകൾ നേടുവാൻ സാധിച്ചു. അതുകൊണ്ട് സ്ഥിരം ജഡ്‌ജികളിൽ നിന്നും ക്ഷണിക്കപ്പെട്ട ജഡ്ജിമാരിൽ നിന്നും നല്ല  അഭിപ്രായങ്ങളും അഭിനന്ദനങ്ങളും  ലഭിച്ചു. അവൾ സംഗീതം ആലപിച്ചു കഴിയുമ്പോഴെല്ലാം സദസിൽനിന്നും നീണ്ട കയ്യടികളാണ് ലഭിച്ചിരുന്നത്.  മറ്റുള്ളവരും പാടുന്നത് എങ്ങനെയെന്നു ശ്രദ്ധാപൂർവം  വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാ മത്സരാർത്ഥികളും പാടുന്നത് കേട്ടശേഷം ശ്രേയ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമെന്ന് പ്രതീക്ഷകളുമുണ്ടായി. ഫലം പ്രഖ്യാപിച്ചപ്പോൾ ശ്രേയ കുട്ടിയ്ക്കായിരുന്നു ഒന്നാം സമ്മാനം. അത് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷംകൊണ്ടു മതി മറന്ന അവളുടെ കണ്ണുകളിൽ അന്നു ആനന്ദാശ്രുകൊണ്ട്   കണ്ണുനീരു നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം രൂപാ നേടുവാനും അവൾക്കു സാധിച്ചു. കൂടാതെ സിനിമയിൽ പാടാനുള്ള അവസരങ്ങൾ ലഭിക്കുകയുമുണ്ടായി.

സൂര്യാ റിയാലിറ്റി ഷോയിലെ വിജയിയായ ശ്രേയ കുട്ടിയ്ക്ക് 'വീപ്പിങ്ങ് ബോയി'യെന്ന മോളിവുഡ് സിനിമയിൽ പാട്ടു പാടാൻ അവസരം കിട്ടി. അതിൽ അവൾക്ക് രണ്ടു പാട്ടുകളുണ്ടായിരുന്നു. ആദ്യത്തെ പാട്ടു 'ചെമ ചെമ ചെമനൊരു ' എന്നതും രണ്ടാമത്തെ പാടിയ പാട്ടു താരാട്ടു പാട്ടുമായിരുന്നു. ഈ ഗാനങ്ങൾ സിനിമയിലെ 'ഹിറ്റ്‌' ഗാനങ്ങളായി ആസ്വാദകർ സ്വീകരിച്ചു.
യാദൃച്ഛികമായിട്ടായിരുന്നു സിനിമായിൽ പാടാനവസരം ലഭിച്ചതെന്ന് അവൾ പറയുന്നു. പുതിയതായി സിനിമായിൽ അരങ്ങേറിയ 'ഫെലിക്സ് ജോസഫ്' ആയിരുന്നു ഫിലിം ഡയറക്ട് ചെയ്തത്. സിനിമയിൽ ആദ്യമായി രംഗപ്രവേശനം ചെയ്ത ഫെലിക്സ് നഷ്ടം വരുമെന്നുള്ള സന്ദേഹത്തോടെയായിരുന്നു ശ്രേയ കുട്ടിയ്ക്ക് സിനിമയിൽ പാടാനുള്ള അവസരം കൊടുത്തത്. സിനിമയിൽ അഭിനയിച്ചു പരിചയമുള്ള സിനിമാ ആചാര്യന്മാരുടെയും കൊമേഡിയൻമാരുടെയും പ്രസിദ്ധ നടന്മാരുടെയും സഹായം ഈ സിനിമയുടെ വിജയത്തിനായി ലഭിച്ചിരുന്നു. സിനിമയിൽ ശ്രേയ കുട്ടി മനോഹരമായി പാടുകയും ആയിരക്കണക്കിനു ആരാധകർ ഉണ്ടാവുകയും ചെയ്തു. അന്നുമുതൽ ശ്രേയ കുട്ടിയുടെ പേര് നാടെങ്ങും പ്രസിദ്ധിയായി. സോഷ്യൽ മീഡിയാകളിൽ അവളുടെ പാട്ടുകൾ വൈറലാവുകയും ചെയ്തു. വമ്പിച്ച ആരാധകരാണ് പിന്നീട് അവൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ കുഞ്ഞുപ്രായത്തിൽ തന്നെ മുതിർന്ന ഗായകരെപ്പോലെ പാടാൻ സാധിക്കുന്നുവെന്നതും ഒരു അത്ഭുതം പോലെയാണ്.

അവളൊരു മികച്ച ഗായികയായി, പാട്ടിന്റെ റാണിയായി ഇന്ന് സംഗീതലോകം കീഴടക്കി കഴിഞ്ഞിരിക്കുന്നു. വൻകിട വാഗ്ദാനങ്ങളുമായി അനേക മ്യൂസിക്ക് ഡിറക്റ്റർമാർ  അവളെ തേടി സിനിമയിൽ പാട്ടു പാടിക്കാൻ  കാത്തു നിൽക്കുന്നു. മോളിവുഡ് ഫിലിമുകളിൽ തുടർച്ചയായി ശ്രേയയുടെ പാട്ടുകൾ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്നു. 'അമയ ഒരു ബാവുൽ പെൺകുട്ടി (Amaya oru Bavool penkutty) അമർ അക്ബർ അന്തോണി(Amar Akbar Anthony)  എന്നീ ഈണം വെച്ച അവളുടെ പാട്ടുകൾ പ്രസിദ്ധങ്ങളാണ്. മലയാളികളുടെ ഓമനയായ ശ്രേയ കുട്ടി പാടിയ 'അലൈക്കുതിക്കിത്'… എന്നു തുടങ്ങുന്ന തമിഴ് ഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. തമിഴ് പ്രേക്ഷകരെയും ആവേശംകൊള്ളിക്കുന്നു. അവൾ വളരെ കുഞ്ഞായതുകൊണ്ട് പാടേണ്ട പാട്ടുകൾ മാതാപിതാക്കളാണ് തിരഞ്ഞെടുക്കുന്നത്. പാട്ടിനോടൊപ്പം പഠനം തടസപ്പെടാതിരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. സിനിമകളിലും ചാനലുകളിലും പാട്ടുകൾ പാടുന്നതിനായുള്ള കരാറുകൾ ചുരുക്കുന്നതു മൂലം അവളുടെ മനസിനെ സദാ ഉന്മേഷവതിയായി കാത്തു സൂക്ഷിക്കാനും സാധിക്കുന്നു. പഠിക്കാൻ കൂടുതൽ സമയം കണ്ടെത്താനും കഴിയുന്നു.

ശ്രേയ കുട്ടിയ്‌ക്ക് പാട്ടു പാടാനുള്ള അസാധാരണമായ കഴിവുകൾ എങ്ങനെ ലഭിച്ചുവെന്നതും വിസ്മയകരമാണ്. കുടുംബത്തിൽ എടുത്തു പറയത്തക്ക പ്രസിദ്ധരായ പാട്ടുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ചിലരൊക്കെ തട്ടിയും മുട്ടിയും മൂളിയും പാടുന്നവരുണ്ട്. അവളുടെ വല്യമ്മ പുഷ്പ പാടും. വല്യമ്മയാണ് പാട്ടിനുള്ള പ്രചോദനങ്ങൾ നല്കിയിരുന്നതെന്നു ശ്രേയ കുട്ടി  പറയുന്നു. പാട്ടു പാടുന്നതിനായി അവളുടെ അമ്മയുടേയും അച്ഛന്റെയും സ്‌കൂളിലെ അദ്ധ്യാപകരുടെയും പൂർണ്ണമായ പിന്തുണയുണ്ടായിരുന്നു. ശ്രേയ കുട്ടി സ്‌കൂളിലും നാട്ടുകാരുടെയിടയിലും ഒരു താരമാണ്. അവളെ കാണാൻ, അവളുടെ നിഷ്കളങ്കമായ പുഞ്ചിരി ദർശിക്കാൻ മിക്ക ദിവസങ്ങളും നാട്ടുകാർ തള്ളി കയറി അവൾക്കു ചുറ്റും കൂടും. ഏവരുടെയും കണ്ണിലുണ്ണിയാണവൾ. തനിയ്ക്ക് ആരാകാനാണ് ഇഷ്ടമെന്ന് ഈ കൊച്ചു ഗായികയോട് ആരെങ്കിലും ചോദിച്ചാൽ അദ്ധ്യാപികയാകണമെന്നു പറയും. ശ്രേയ കുട്ടിയുടെ മുത്തച്ഛന്മാരുടെ സഹോദരർ പാടുന്നവരായിരുന്നു. പാട്ടു പഠിക്കുന്നതിൽ സ്‌കൂളിലെ പ്രിൻസിപ്പാളായിരുന്ന ഫാദർ  ജോണി കളത്തിങ്കലിനോടും കടപ്പാടുണ്ടെന്നു ഈ കുട്ടി പറയും. അവൾ ചിത്രങ്ങളും വരക്കും. അവധിക്കാലങ്ങളിൽ അവളുടെ കുഞ്ഞാങ്ങള സൗരവിയുമൊത്തു ബന്ധു വീടുകളിൽ സമയം ചെലവഴിക്കും.  ഇന്ന് പ്രസിദ്ധിയിലായിരിക്കുന്ന ശ്രേയ കുട്ടി സ്വന്തം വീട്ടിലായിരിക്കുമ്പോൾ സൂര്യാ ടീവിയൊഴികെ സംഗീതകച്ചേരിയുമായി ബന്ധപ്പെട്ട മറ്റു ചാനലുകാരെ മുഖം കാണിക്കാറില്ല. മാതാപിതാക്കളുടെ താത്പര്യമനുസരിച്ചു മാത്രമേ അവളുടെ സംഗീത ലോകവുമായി ബന്ധപ്പെടുകയുള്ളൂ. 

ഈ കൊച്ചു വാനമ്പാടി ഗാനങ്ങൾ പാടുമ്പോൾ കേട്ടു നിൽക്കുന്നവരുടെയും മനസുകൾ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും. അവൾ പുഞ്ചിരിയോടെ പാടുന്നു. അവൾ ഗാനങ്ങൾ പാടുന്നതിനൊപ്പം  കണ്ണുകൾ ഇമവെട്ടിക്കുന്നു. കൈകളും കൈവിരലുകളും കാർകൂന്തലും ഒപ്പം ഡാൻസ് ചെയ്യുന്നു. മധുരമായ ഗാനാമൃതം കൊണ്ടു സദസിനെ മുഴുവൻ കീഴടക്കുന്നു. അവളുടെ ഇമ്പമേറിയ ഗാനങ്ങളിൽ അറിയാതെ സഹൃദയ മനസുകൾ ലയിച്ചുപോവും. സ്വർഗം താണു വന്നു ഭൂമിയിൽ മറ്റൊരു സ്വർഗം പണിയുന്നുവെന്നു തോന്നി പോവും. ശ്രേയ കുട്ടിയുടെ ഗാനതരംഗങ്ങളെ ഇന്ന് ലക്ഷോപലക്ഷം ജനങ്ങൾ സ്നേഹിക്കുന്നു. അവളുടെ ഗാനാമൃതം അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. പാട്ടറിയാത്തവരും ഗാനത്തിനൊപ്പം അധരങ്ങൾ ചലിപ്പിച്ചു പോവും.  അവളുടെ ശബ്ദവിഹായസിങ്കലെ താളൈക്യത്തോടെയുള്ള മധുരഗാനം  ശ്രവിക്കുന്നവരുടെ  മനസുകൾ സ്വതന്ത്രമാകുന്നു. പാട്ടറിയാത്തവരും പടം വരയ്ക്കാത്തവരും പിയാനോ വായിക്കാത്തവരും പാട്ടിന്റെ ഈ രാജകുമാരിയെ ഒന്നടങ്കം സ്നേഹിക്കുന്നു. അവളുടെ ദൈവത്തെ സ്തുതിച്ചുള്ള ഗാനങ്ങൾ ഹൃദയങ്ങളിൽ ദേവാലയങ്ങൾ പണിയുന്നതായും അനുഭവപ്പെടും. മനുഷ്യർ അംബരചുംബികളായി പണിയുന്ന ദേവാലയങ്ങൾ പാഴായതായും തോന്നും.





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...