Friday, October 7, 2016

ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും ഗർഭഛിന്ദ്ര നയങ്ങളും.


ജോസഫ് പടന്നമാക്കൽ

2016 നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യയും ഗർഭച്ഛിദ്രവും ഏറെ ചർച്ച ചെയ്യപ്പെട്ട സുപ്രധാനങ്ങളായ വിഷയങ്ങളായിരുന്നു. പ്രതിപാദ്യവിഷയത്തിൽ  വ്യത്യസ്തങ്ങളായ നിലപാടുകളാണ് ഇരു പാർട്ടികൾക്കുമുള്ളത്. ഭ്രൂണഹത്യയും ഗർഭഛിന്ദ്രവും അനുകൂലിച്ചുകൊണ്ട് ഡെമോക്രാറ്റുകൾ പ്രവർത്തിക്കുമ്പോൾ അത് പാടില്ലാന്നു റിപ്പബ്ലിക്കൻ പാർട്ടി പ്രസ്താവനകളിറക്കിയും പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി മതമൗലിക വിശ്വാസങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായങ്ങളും താല്പര്യവുമനുസരിച്ചു പ്രവർത്തിക്കുന്നു. ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഭൂരിഭാഗവും ഇസ്‌ലാം മതവും ഭ്രൂണഹത്യയെയും ഗർഭച്ഛിദ്രത്തെയും എതിർക്കുന്നതായും കാണാം. .

റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റിക്‌ പാർട്ടിയിലും ഗർഭഛിദ്രം സംബന്ധിച്ചുള്ള പ്ലാറ്റഫോമുകളിലുയരുന്ന ആശയങ്ങളിൽ വലിയ അന്തരമുണ്ട്. ജനിക്കാത്ത കുഞ്ഞിനും ഈ ഭൂമിയിൽ ജീവിക്കാനും ഈ മണ്ണിലെ ശുദ്ധവായു ശ്വസിക്കാനും  മൗലികമായ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു. നികുതി നല്കുന്നവന്റെ പണംകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നതിലും എതിർക്കുന്നു. ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘടനകളും സ്ഥാപനങ്ങളും അവരുടെ പ്രചരണങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഗർഭഛിദ്രം നടപ്പാക്കാനുള്ള നിയമനിർമ്മാണങ്ങളിലും എതിർപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്.

ഡെമോക്രാറ്റിക്‌ പാർട്ടി അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ ഗർഭഛിദ്രത്തിന് എന്നും അനുകൂലികളായിരുന്നു.  ഗർഭഛിദ്രം നടപ്പാക്കി നിയമപരിരക്ഷണം നൽകണമെന്നു പ്ലാറ്റ്‌ഫോമുകളിൽ ഡമോക്രാറ്റിക് പാർട്ടിയിലുള്ളവർ  ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഗർഭച്ഛിദ്രത്തിനെതിരായ 'ഹൈഡ് അമൻഡ്മെന്റ്' മാറ്റി ഗർഭച്ഛിദ്രത്തിനനുകൂലമായി ഭേദഗതി ചെയ്യാനും ആവശ്യപ്പെടുന്നു. അതുപ്രകാരം ഗർഭച്ഛിദ്രത്തിനുതകുംവിധം ഫെഡറൽ ഫണ്ട് അനുവദിക്കാനും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനും നിർദ്ദേശിക്കുന്നുണ്ട്. ഹിലരിയുടെ പ്ലാറ്റ് ഫോമുകളിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള ഇത്തരം നയങ്ങൾ മുഴങ്ങി കേൾക്കാം.

ഭ്രൂണഹത്യയെയും, ഗർച്ഛിദ്രങ്ങളെയും അനുകൂലിക്കുന്നവർ ചിന്തിക്കുന്നതിങ്ങനെ, ' ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തിൽ എന്തും ചെയ്യുവാൻ എനിക്കവകാശമുണ്ട്.  ഒരുവന്‍റെ സന്താനോത്ഭാതന കാര്യങ്ങളിൽ സ്വയം അനിയന്ത്രിതമായി തീരുമാനമെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.' ഭ്രൂണം എന്നുള്ളത്‌ ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ ആരംഭിക്കുന്നതു എന്നാണെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് എപ്പോളെന്നു ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.' . ഹിലരിയും വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്ത  'റ്റിം കെയിനും' (Tim Kain) ഇത് ശരി വെയ്ക്കുന്നു.

'ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക്  അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന്  ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം.' അത്തരം സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നതിന് ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻ പാർട്ടികൾക്കും ഏക അഭിപ്രായമാണുള്ളത്.

ഭ്രൂണഹത്യയെ ഡൊണാൾഡ് ട്രംപ് അനുകൂലിക്കിന്നില്ല. അദ്ദേഹം അത്തരം തീരുമാനങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. ഭ്രൂണം അലസിപ്പിക്കാതെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജീവൻ നിലനിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന്  ഒരിക്കലും അനുകൂലിയായിരുന്നില്ല. ഗർഭഛിദ്രത്തിനനുകൂലമായി വരുന്ന എല്ലാ ദേശീയ തീരുമാനങ്ങളെയും ട്രംപ് എതിർത്തുകൊണ്ടിരിക്കുന്നു. തനിക്ക് ഓരോ കുഞ്ഞുണ്ടായ സമയങ്ങളിലും അത് ദൈവത്തിന്റെ ദാനമായിട്ടു കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗർഭഛിന്ദ്രം സംബന്ധിച്ചുള്ള ഹിലരിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. 'റോ വേഴ്സസ് വേഡ്' എന്ന സുപ്രധാന കേസിലെ സുപ്രീം കോടതി തീരുമാനത്തിൽ ഹിലരി ക്ലിന്റൺ ഗർഭഛിന്ദ്രം നിയമമാക്കാൻ വോട്ടു ചെയ്തു. ഭൂമിയിലേയ്ക്ക് വരാത്ത ജനിക്കാൻ പോകുന്ന കുഞ്ഞിന് ഭരണഘടനാവകാശമില്ലെന്നുള്ള വാദഗതിയാണ് ഹിലരിയ്ക്കുള്ളത്. ജനിച്ചു ഭൂമിയിൽ വീണുകഴിഞ്ഞു മാത്രമേ പൗരാവകാശങ്ങൾ ഒരു കുഞ്ഞിന് നേടാൻ സാധിക്കുള്ളൂവെന്നും അവരുടെ വിവാദങ്ങളിലുണ്ട്. അതുവരെ കുട്ടിയെ വേണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയെ ഗർഭപാത്രത്തിൽ വഹിക്കുന്ന സ്ത്രീയെന്നാണ് ഹിലരിയുടെ അഭിപ്രായം.

വളർച്ച പ്രാപിച്ച ഗർഭ ശിശുവിനെ പുറത്തെടുത്തുള്ള ഗർഭഛിദ്രം പാടില്ലാന്നു സുപ്രീം കോടതിയുടെ 2007-ൽ നടന്ന ഒരു വിധിന്യായത്തിലുണ്ടായിരുന്നു. ഒമ്പതു ജഡ്ജിമാരിൽ അഞ്ചുപേരും അന്ന് ആ വിധി നടപ്പാക്കുന്നതിന് അനുകൂലിച്ചിരുന്നു. താൻ ഗർഭച്ഛിദ്രത്തെ എതിർക്കുന്നുവെന്നു 2000-മാണ്ടിൽ എഴുതിയ 'ദി അമേരിക്ക വി ഡിസർവെ'ന്ന (The America We Deserve)പുസ്തകത്തിൽ ട്രംപ് പറഞ്ഞിട്ടുണ്ട്. 2003 മുതൽ കിട്ടുന്ന അവസരങ്ങളിലെല്ലാം പാർഷ്യൽ അബോർഷൻ ബാൻ ആക്ടിനെ (Partial abortion ban act)എതിർത്തുകൊണ്ടുള്ള നയമായിരുന്നു ഹിലരി സ്വീകരിച്ചിരുന്നത്.

സാധാരണ ഗർഭചിന്ദ്രം രണ്ടു വിധത്തിലാണുള്ളത്. ഗർഭപാത്രത്തിൽ വളർച്ചപ്രാപിക്കാത്ത ഭ്രൂണം ഇല്ലാതാക്കുന്നതാണ് ആദ്യത്തെ രീതി. അത് ശിശു വെറും ഭ്രൂണമായിരിക്കുന്ന സമയത്തെ ചെയ്യാൻ സാധിക്കുള്ളൂ. രണ്ടാമത്തെരീതി ഗർഭത്തിൽ അഞ്ചാം മാസം മുതൽ ചെയ്യുന്നതാണ്. കുട്ടിയുടെ ശരീരവും കൈകാലുകളും രൂപം പ്രാപിച്ചശേഷം ഗർഭത്തിലുള്ള ശിശുവിന്റെ കാലുകൾ വലിച്ചെടുത്ത് ശിശുവിനെ ഇല്ലാതാക്കുന്ന രീതിയാണ്. ഇതിനെ പാർഷ്യൽ അബോർഷൻ (ഭാഗീക ഗർഭം അലസിപ്പിക്കൽ)എന്ന് പറയും. ഇത്തരം ഗർഭം അലസിപ്പിക്കൽ നിയമവിരുദ്ധമാണ്.

പാർഷ്യൽ ബർത്ത് അബോർഷൻ (Partial birth abortion) എന്നത് ഒരു രാഷ്ട്രീയ പദമാണ്. മെഡിക്കൽ നിഘണ്ടുവിൽ അങ്ങനെയൊരു പ്രയോഗം കാണില്ല. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിനു മുമ്പായുള്ള അഞ്ചാം മാസത്തിൽ അതായത് പകുതി പ്രായമുള്ള ഗർഭത്തിലുള്ള ശിശുവിനെ ഇല്ലാതെയാക്കുന്നതിനെയാണ് പാർഷ്യൽ അബോർഷനെന്നു പറയുന്നത്. രാഷ്ട്രീയ നയങ്ങളിൽ പ്രചാരണം ലഭിച്ച പാർഷ്യൽ അബോർഷനെ ഡൈലേഷൻ ആൻഡ് എക്സ്ട്രാക്ഷൻ ("dilation and extraction" and "D&X.") എന്നു മെഡിക്കൽ ലോകത്തിൽ അറിയപ്പെടുന്നു. നിലവിലുള്ള നിയമമനുസരിച്ചു ഗർഭം അലസിപ്പിക്കൽ സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ നടത്താറുള്ളൂ. സുപ്രീം കോടതിയുടെ നിർവചനത്തിൽ മാനസിക അസുഖമുള്ളവരും ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. അങ്ങനെയുള്ളവർക്കും കുഞ്ഞിനെ അബോർട്ടു ചെയ്യുന്നതിൽ നിയമം തടസ്സമാവില്ല.

2016-ൽ തെരഞ്ഞെടുക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന് സുപ്രീം കോടതിയിൽ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് ഗർഭഛിദ്രത്തിനെതിരായ പതിനൊന്നു ജഡ്ജിമാരുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതിയിൽ അത്രയും ഒഴിവുകൾ അടുത്ത നാലുവർഷത്തിനുള്ളിൽ വരുമെന്ന് കണക്കാക്കുന്നു. ഈ ജഡ്ജിമാരെല്ലാം ഗർഭത്തിൽ വളരുന്ന  ശിശുക്കളുടെ ജീവനനുകൂലികളാണ്.

മതപരമായി ചിന്തിക്കുന്നവർ ഹിലരിയുടെയും ട്രമ്പിന്റെയും നയപരിപാടികൾ സൂക്ഷ്മമായി പഠിക്കേണ്ടതായുണ്ട്. ഗർഭഛിന്ദ്രത്തെ അനുകൂലിക്കുകയും നിയമപരമാക്കാൻ തീരുമാനമെടുക്കുന്നവരെയും മാത്രമേ സുപ്രീം കോടതി ജഡ്ജിമാരാക്കുകയുള്ളൂവെന്നു ഹിലരി പറഞ്ഞുകഴിഞ്ഞു. 'റോ വേഴ്സസ് വേഡ്' കേസിൽ നിയമം പ്രാബല്യത്തിലായുള്ള വിധിയുണ്ടായിരുന്നു. ആ തീരുമാനത്തെ മാനിക്കാതെ ഒരാളിനെയും ജഡ്ജിമാരായി നിയമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്ന ഇന്ത്യാന ഗവർണ്ണർ മൈക്ക് പെൻസ്  (Mike Pence) ഗർഭഛിദ്രത്തിന് എതിരാണ്. ഭൂമിയിലേക്കുള്ള ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെ അദ്ദേഹം എതിർക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ജീവന് അനുകൂലമായുള്ള തീരുമാനങ്ങളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഗർഭച്ഛിദ്രത്തിനുള്ള പ്രമേയങ്ങൾ വന്നിരുന്ന കാലങ്ങളിൽ ശക്തിയായി എതിർക്കുമായിരുന്നു. ഗവർണ്ണർ എന്ന നിലയിൽ ജീവന് അനുകൂലമായ  ശക്തിയേറിയ പ്രചരണങ്ങൾകാരണം ഗർഭത്തിലെ ജീവന്റെ നിലനിൽപ്പിനായുള്ള സമരനായകനായി അദ്ദേഹത്തെ അറിയപ്പെടുന്നു.

ഹിലരി ക്ലിന്റനൊപ്പം തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ 'റ്റിം കെയിൻ' ഭ്രൂണഹത്യക്ക് അനുകൂലമായ നയങ്ങൾ എന്നും പിന്തുടർന്നിരുന്നു. ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള കോൺഗ്രസ്സിലെ സുപ്രധാനമായ തീരുമാനങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ പിന്തുണയുണ്ടായിരുന്നു. ആവശ്യമില്ലാത്ത ഗർഭത്തിലെ ജീവൻ നിലനിർത്തുന്നതിനു (പ്രൊ ലൈഫിന്) അദ്ദേഹം അനുകൂലമല്ല. ഗർഭഛിന്ദ്രം എല്ലാ സ്റ്റേറ്റുകളിലും നിയമപരമായി നടപ്പാക്കാൻ സെനറ്ററെന്ന നിലയിൽ കോൺഗ്രസിൽ ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംസ്ഥാനം ഗർഭഛിദ്രം എതിർക്കുന്നുവെങ്കിൽ അവരുടെ നിലവിലുള്ള നിയമം അസാധുവാകുന്ന ഫെഡറൽ വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. (S.217)

അമേരിക്കയിൽ 56 ശതമാനം ജനങ്ങൾ ഗർഭച്ഛിന്ദ്രത്തെ അനുകൂലിക്കുമ്പോൾ 41 ശതമാനം ജനങ്ങൾ മാത്രമേ ഗർഭച്ഛിദ്രത്തെ പ്രതികൂലിക്കുന്നുള്ളൂ. ബലാൽ സംഗത്തിലോ നിഷിദ്ധ സംഗമത്തിൽ നിന്നോ, വ്യപിചാരത്തിൽ നിന്നോ, അമ്മയുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടങ്ങളിലോ ഗർഭഛിദ്രം നടത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കും അനുകൂലമായ നിലപാടാണുള്ളത്. പ്ലാൻഡ് പേരന്റ് ഹുഡ് (Planned parent hood) പോലുള്ള സംഘടനകൾ കുടുംബാസൂത്രണ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതും നിർത്തൽ ചെയ്യാൻ ആവശ്യപ്പെടുന്നു. അത്തരം സ്ഥാപനങ്ങളിൽ ഗർഭം അലസിപ്പിക്കൽ ക്ലിനിക്കുകളുമുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടു നിർത്തലാക്കണമെന്നും ട്രംപിന്റെ പ്രസംഗങ്ങളിൽ ശ്രവിക്കാം. കുടുംബാസൂത്രണത്തിന്റെ ഭാഗമായ  ഗർഭനിരോധക ഗുളികകളും നിരോധക ഉറകളും മറ്റു ശാസ്ത്രീയ മാർഗങ്ങളും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാർ എതിർക്കുന്നുണ്ടെങ്കിലും അത് പാർട്ടിയുടെ നയമല്ല. സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലിൽ സ്ത്രീ സംഘടനകളിൽ നിന്നു പ്രതിഷേധ ശബ്ദങ്ങളും ഉയരുന്നുണ്ട്. ഗർഭഛിദ്രം അവകാശമായി കരുതി സ്ത്രീസംഘടനകൾ പ്രതിഷേധ റാലികളും സംഘടിപ്പിക്കാറുണ്ട്.

'ഗർഭത്തിൽ കിടക്കുന്ന അഞ്ചുമാസം പ്രായമായ ശിശുവിന് ജീവനുണ്ടെന്നും ആ ജീവനെ ഇല്ലാതാക്കുന്നത് ക്രൂരതയും തന്നിൽ വെറുപ്പുമുണ്ടാക്കുന്നുവെന്നും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി  മൈക്ക്  പെൻസ് പ്ലാറ്റ്ഫോമുകൾ പങ്കിട്ടുകൊണ്ട് കൂടെ കൂടെ സംസാരിക്കാറുണ്ട്. ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമങ്ങൾ രാഷ്ട്രത്തിനു ശാപമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകുന്നു.

ഗർഭത്തിലുള്ള ശിശുക്കളെ കൊല്ലുകയെന്നത് സാമൂഹിക മാനദണ്ഡങ്ങളിൽ അങ്ങേയറ്റം  നികൃഷ്ടമായിട്ടുള്ള ഒന്നാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ ഗർഭപാത്രത്തിൽ  വളരുന്ന കുഞ്ഞുമുതൽ ആരംഭിക്കേണ്ടതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കതയുള്ള മറ്റെന്താണുള്ളത്? നമ്മൾ വാർത്തകളിൽ 'ജിഷാ'യെന്ന ദളിതയുവതിയെ ക്രൂരമായി കൊന്ന കഥ വായിച്ചു. ഗോവിന്ദച്ചാമിയെന്നയാൾ സൗമ്യയായെന്ന പെൺകുട്ടിയെ അതിക്രൂരമാം വിധം പീഡിപ്പിച്ചു കൊന്നതും കേട്ടു. നിഷ്കളങ്കരായ നമ്മുടെ കുട്ടികൾ അമേരിക്കയിലെ കോളേജുകളിലും ക്യാമ്പസുകളിൽനിന്നും അപ്രത്യക്ഷരായി മൃഗീയമായി കൊല്ലപ്പെടുന്നു. തോക്കുകൾകൊണ്ട് വെർജീനിയ ടെക്കിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ മനസുകളിലും ദുഃഖം നിറഞ്ഞു. ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവർക്ക് അതേ ദുഃഖങ്ങൾ പേറിയുള്ള കാഴ്ചകൾ തന്നെയാണുള്ളത്. കൊലപാതകികൾക്കും ബലാത്സംഗക്കാർക്കും ജയിൽശിക്ഷയുണ്ട്. ചെറുതും വലുതുമായുള്ള ഏതു കൊലപാതകവും പൊറുക്കാൻ പാടില്ലാത്ത അനീതിയാണ്. അത് വയറ്റിൽ കിടക്കുന്ന ഗർഭത്തിലുള്ള കുഞ്ഞാണെങ്കിൽ പോലും അതേ നിയമത്തിനനുഷ്ഠിതമായിരിക്കണം.  ഗർഭച്ഛിദ്രത്തിൽക്കൂടി മനുഷ്യൻ നിസ്സഹായവരായവരെ കൊല്ലുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം നൽകിയ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കാളും മറ്റൊരു നിഷ്കളങ്കത ഒരിടത്തുമില്ല.

തൊട്ടുള്ള അയൽവാസികളുടെ വീടുകളിൽ ഗർഭത്തിലുള്ള ശിശുക്കൾ കൊല്ലപ്പെട്ടാൽ ആരുമറിയില്ല. ആരും ശ്രദ്ധിക്കുകയുമില്ല. കൊല്ലപ്പെട്ട ആ കുഞ്ഞിന് സംസാരിക്കാൻ കൂട്ടുകാരില്ല. കുറ്റവാളികളുടെ ബലിയാടാകുന്ന ആ കുഞ്ഞിനുവേണ്ടി നീതിക്കായി വാദിക്കാൻ വക്കീലന്മാരുമില്ല. ഗർഭഛിദ്രം ഗർഭപാത്രത്തിലെ രഹസ്യമായ ഒരു കൊലയാണ്. ഗർഭച്ഛിദ്രത്തിൽക്കൂടി കൊലചെയ്യുന്നത്‌ ശീതീകരിച്ച മുറികളിൽനിന്നുമാവാം. ജനിക്കാത്ത ആ കുഞ്ഞിന് നിലവിളിക്കാൻപോലും കഴിവില്ല. അതുകൊണ്ട് ആരും സഹായത്തിനായും രക്ഷിക്കാനായും എത്തില്ല. അഥവാ കരഞ്ഞാൽത്തന്നെ ആരും കേൾക്കാനും കാണില്ല. ആ കുഞ്ഞിന് ഓടാനൊരിടവുമില്ല. കുഞ്ഞിനെ പോറ്റിക്കൊണ്ടിരുന്ന സുരക്ഷിതമായിരുന്ന ആ അമ്മയുടെ ഗർഭപാത്രം ശ്മശാന ഭൂമിയിലെ ശവകുടീരംപോലെയാവുകയാണ്. പ്രായപൂർത്തിയായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളെ കൊല്ലുന്ന അത്യാധുനിക ഉപകരണങ്ങളുമായി വന്നെത്തുമ്പോൾ ആ കുഞ്ഞിന്റെ 'അമ്മ' അയാൾക്കായി കാലുകൾ വിടർത്തുകയും ഗർഭഛിദ്രം നടത്തുന്ന അയാളെക്കൊണ്ട് ഈ ഭീകര പ്രവർത്തി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. നിസ്സഹായത പൊട്ടിയുയരുന്ന  ആ കുഞ്ഞിന് ജീവിക്കാനവസരമില്ല.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നീതിക്കായി മനുഷ്യൻ പോരാടുന്നതായി കാണാം. പ്രശ്നസങ്കീർണ്ണമായ ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയവസാനിപ്പിക്കണം. ഭവനരഹിതരെ പുനരധിവസിപ്പിക്കണം. മൂന്നാം ലോകത്തിലുള്ള മാരകമായ എയ്ഡ്സ് രോഗങ്ങളെ തടയണം. ലോകത്തിന്റെ ഭൗതിക വളർച്ചക്കായി ഈ സാമൂഹിക അനീതികൾക്കെല്ലാം പോരാടുക തന്നെ വേണം. എന്നാൽ നമ്മുടെ തലമുറയിലുള്ള ഗർഭച്ഛിദ്രത്തിനെതിരായുള്ള  ഈ നിർണ്ണായക സമരം അതി ശ്രേഷ്ഠവും വിധിനിർണ്ണായകവുമാണ്. മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്‍റെ ചുമതലയാണെന്ന് ഗർഭഛിദ്രത്തിനെതിരായവർ   ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല.

ജനിക്കാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്.  മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും വ്യത്യസ്ത അവസ്ഥകളിലാണ്  ഗർഭസ്ഥശിശുവിൽ കാണുന്നത്. അതുപോലെ ജനിച്ചുവീണ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല കാലഘട്ടങ്ങളിലായി പൂർണ്ണനായ മനുഷ്യനുമാകുന്നു.

മതങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തെ എതിർക്കുന്നവർ പറയുന്നു, 'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്‍റെ ഉദരത്തിൽ ജനിക്കുകയാണ്. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിലുള്ള കുഞ്ഞിനെ പിച്ചിക്കീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽ‍സംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം? ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം.' മതങ്ങളുടെ ഇത്തരം മൗലിക ചിന്താഗതികൾ മുഴുവനായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്‌ പാർട്ടിയും  സ്വീകരിച്ചിട്ടില്ല. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സമയങ്ങളിൽ ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് ട്രമ്പിനും വൈസ് പ്രസിഡണ്ടിനുമുള്ളത്. മതം എതിർക്കുന്ന കുടുംബാസൂത്രണ രീതികളായ ഗർഭനിരോധക ഗുളികകൾക്കും നിരോധക ഉറകൾക്കും മറ്റു ശാസ്ത്രീയ മാർഗങ്ങൾക്കും ഇരു പാർട്ടികളും എതിരല്ല.

ഗർഭച്ഛിദ്ര ഫോട്ടോകൾ കണ്ടാൽ മനസിനാഘാതം ലഭിക്കാത്തവർ ആരും കാണില്ല. അത്തരം ഫോട്ടോകൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇഷ്ടപ്പെട്ടെന്നും വരില്ല.  ജനിക്കാനിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മുറിഞ്ഞ കൈകാലുകളും ശരീരവും മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്. ഇത്തരം ഫോട്ടോകൾ കണ്ട് നിരാശരാവുന്നവർ എന്തുകൊണ്ട് ഗർഭച്ഛിന്ദ്രത്തിൽ അവരുടെ മനഃസാക്ഷിയെ ഉണർത്തുന്നില്ല. ഗർഭച്ഛിദ്രം മൂലം ജനിക്കാതിരുന്ന കുഞ്ഞുങ്ങളുടെ ഈ പടങ്ങൾ നാസിക്യാമ്പിലെ ക്രൂരമായ കൂട്ടക്കൊലകളെക്കാളും ഭീകരവും ഭയാനകവുമായി തോന്നും. ജനിക്കാനിരുന്ന ഈ കുഞ്ഞുങ്ങളെ ജീവിക്കാനുവദിക്കാതെ കഷണങ്ങളായി മുറിച്ചവരും അതിനുത്തരവാദികളായവരും മൃതരായ ആ കുഞ്ഞുങ്ങളുടെ ഘാതകരും കൂടിയെന്നുള്ള വസ്തുത അവരറിയുന്നില്ല. ബീജസങ്കലനം കഴിഞ്ഞുള്ള ഓരോ ആഴ്ചകളിലെയും ഗർഭത്തിൽ മൃതരാക്കിയ പടങ്ങൾ മനസിനെ മുറിവേൽപ്പിക്കുന്നതാണ്. എങ്കിലും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അത്തരം ഫോട്ടോകൾ ഉണർവും ബോധവൽക്കരണവും നൽകും.
.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...