Friday, October 28, 2016

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും


ജോസഫ് പടന്നമാക്കൽ

അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാർട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാർട്ടിയെ ആദ്യകാലങ്ങളിൽ ജെഫേഴ്‌സൺ റിപ്പബ്ലിക്കൻ  പാർട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824-ൽ തോമസ് ജെഫേഴ്‌സൻ ഈ പാർട്ടിയ്‌ക്ക് രൂപകൽപ്പന നൽകിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാർട്ടിയിൽ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാർട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നൽകാൻ കാരണമായി. പാർട്ടിയുടെ തുടക്ക കാലങ്ങളിൽ ഡമോക്രറ്റുകൾ അടിമത്വത്തിനു അനുകൂലികളായിരുന്നു. കഴുതയെ അടയാളമായി പാർട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.

യാഥാർഥ്യബോധമുൾക്കൊണ്ടുകൊണ്ട് ചിന്തിക്കുകയാണെങ്കിൽ ഡെമോക്രറ്റ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ താത്ത്വികമായി വലിയ വ്യത്യാസമില്ലെന്നു കാണാം. രണ്ടു പാർട്ടികളും പരസ്പര ചേരികളായി നിന്നുകൊണ്ട് അധികാരത്തിനായി വടംവലി കൂടുന്നു.  ഒരിക്കൽ പ്രസിഡണ്ടായി തെരഞ്ഞെടുത്താൽ വീണ്ടും തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കും. ഈ രാഷ്ട്രീയ പാർട്ടികൾ  വോട്ടു ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ തിന്മ കുറവുള്ളതാർക്കാണോ അവർക്കു വോട്ടു രേഖപ്പെടുത്തുകയായിരിക്കും യുക്തി. ജനങ്ങളുടെ പ്രശ്നപരിഹാരത്തെക്കാൾ പാർട്ടിക്കുവേണ്ടിയുള്ള ഫണ്ട് ശേഖരിക്കാനാണ് രണ്ടു പാർട്ടികളും താൽപ്പര്യപ്പെടുന്നത്. കക്ഷിഭേദമേന്യേ നേതാക്കന്മാർ സ്വന്തം താല്പര്യം സംരക്ഷിക്കാനും നിലകൊള്ളുന്നു. ധനികരായവരുടെ ഭീമമായ ഡൊണേഷനും പ്രതീക്ഷിക്കും. ജനങ്ങൾക്കുവേണ്ടി ഭരിക്കാൻ ഒരു നേതാവും ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും പാർട്ടിക്ക് ഇടതുപക്ഷ ചിന്താഗതിയുണ്ടോയെന്നു നിർണ്ണയിക്കാനും സാധിക്കില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസം, തുല്യ ജോലിക്ക് തുല്യ വേതനം, എല്ലാവർക്കും വേണ്ടിയുള്ള മുതലാളിത്വ വ്യവസ്ഥകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ പരിഗണിച്ചാൽ രണ്ടു പാർട്ടികളും ഇടതുപക്ഷ ചിന്താഗതിക്കാരല്ലെന്നു മനസിലാക്കാം. പാർട്ടികളുടെ ആശയങ്ങൾ കാലത്തിനനുസരിച്ചു മാറുകയും ചെയ്യും. ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയുടെ വടക്കുള്ളവരും പടിഞ്ഞാറുള്ളവരും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തിരുന്നു. തെക്കുള്ളവരും കുടിയേറ്റക്കാരും ഡെമോക്രറ്റുകളെയായിരുന്നു പിന്തുണച്ചിരുന്നത്.  പിന്നീട്  ഡെമോക്രറ്റ് പാർട്ടി ബ്ലൂകോളർ ജോലിക്കാരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വെള്ളക്കാരുടെമേലും പ്രബലരായി. 1960-കളിൽ ഡെമോക്രറ്റുകൾ കറുത്തവരുടെ പിന്തുണ മുഴുവൻ നേടുകയും തെക്കുള്ള വെളുത്തവരുടെ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെടുന്നതിനു മുമ്പുതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രമാരംഭിച്ചിരുന്നു.  അതുകൊണ്ടാണ് ജി. ഓ. പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടിയെ പറയുന്നത്. അടിമത്വം അവസാനിപ്പിക്കുകയെന്നത് ഈ പാർട്ടിയുടെ ലക്ഷ്യമായിരുന്നു. 1860-ൽ എബ്രഹാം ലിങ്കൺ പ്രസിഡണ്ടായ നാൾ മുതലാണ് റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മഹത്വം വന്നത്. 1874-ൽ ഈ പാർട്ടിയെ നിയന്ത്രിച്ചിരുന്നവർ ആനയെ പാർട്ടിചിഹ്നമായി സ്വീകരിച്ചിരുന്നു.

ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വോട്ടു ബാങ്കിനായി ഇരു പാർട്ടികളും നികുതിയിളവുകളെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. അത്തരം നികുതിയിൽ വരുന്ന മാറ്റങ്ങൾക്ക് വ്യത്യസ്തങ്ങളായ നിലപാടുകളാണ് രണ്ടു പാർട്ടികൾക്കുമുള്ളത്. മിഡിൽ ക്ലാസ്സിനും താണ വരുമാനക്കാർക്കും ഉദാരമായ നികുതിയിളവ് നൽകണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വൻകിട കോർപ്പറേഷനും ധനികരായ വ്യക്തികൾക്കും തുല്യമായിത്തന്നെ നികുതിയിളവ് നൽകണമെന്നു വാദിക്കുന്നു. വരുമാനത്തിന്റെ അടിസ്ഥാനം കൽപ്പിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ തുല്യമായ നികുതിയിളവ് നൽകാനാണ് റിപ്പബ്ലിക്കൻ പാർട്ടി ചിന്തിക്കാറുള്ളത്.

സാമൂഹികമായ മാറ്റങ്ങളിലും ഡമോക്രറ്റുകളും റിപ്പബ്ലിക്കൻ പാർട്ടികളും തമ്മിൽ വലിയ അന്തരമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടികൾക്ക് കൂടുതലും യാഥാസ്ഥിക മനസ്സാണുള്ളത്. ഇവരെ വലതുപക്ഷ ചിന്താഗതിക്കാരെന്നു പറയാമോയെന്നറിയില്ല. റിപ്പബ്ലിക്കൻ പാർട്ടി സ്വവർഗ വിവാഹങ്ങളെ എതിർക്കുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾക്കു മാത്രം പ്രോത്സാഹനം നൽകുന്നു. ഗർഭച്ഛിദ്രത്തെ എതിർക്കുന്നു. തോക്കുകൾ സ്വന്തം ആക്കുന്നതിലും അതിന്റെ നിയന്ത്രണവും പാലിക്കുന്നു. തികച്ചും യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടുതലായുമുള്ളത്.

ജോലിസ്ഥലങ്ങളിൽ കുറഞ്ഞ വേതനം (minimum wage) വർദ്ധിപ്പിക്കുന്ന ചർച്ചകളിൽ പൊതുവെ റിപ്പബ്ലിക്കന്മാർ എതിർക്കുകയാണ് പതിവ്. ബിസിനസുകാരുടെ ബാധ്യത കൂടുകയും അതുമൂലം ബിസിനസുകളും കോർപ്പറേഷനുകളും ആദായമില്ലാതെയോ നഷ്ടത്തിലോടുകയോ ചെയ്യുമെന്നും ബിസിനസുകൾ നിർത്തലാക്കേണ്ടി വരുമെന്നും റിപ്പബ്ലിക്കന്മാർ വാദിക്കുന്നു. മിനിമം വേജ് വർദ്ധനയുണ്ടായില്ലെങ്കിൽ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ അവസരമുണ്ടാകുമെന്നും കരുതുന്നു.  ബിസിനസുകളും കോർപ്പറേഷനുകളും ലാഭത്തിൽ കൊണ്ടുവരാനും സാധിക്കും. വിലപ്പെരുപ്പം തടയാനും ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വില കുറച്ചു വിൽക്കാനും സാധിക്കും. റിപ്പബ്ലിക്കൻ പാർട്ടി പൊതുവെ  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. കമ്പനികളുടെയും വ്യവസായങ്ങളുടെയും ചെലവുകൾ കുറയ്ക്കാനുള്ള സാഹചര്യങ്ങൾ പ്രദാനം ചെയ്യുകയും ബിസിനസ്സുകൾ ആദായകരമാക്കാനുള്ള പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. അതേ സമയം ഡെമോക്രറ്റുകൾ മിനിമം വേതനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ സാധാരണക്കാരുടെ കൈവശവും വരുമാനം വർദ്ധിക്കുകവഴി ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കാനുള്ള വിഭവശേഷിയുമുണ്ടാകും. കമ്പനികളിൽ ജോലിക്കാരെ പിരിച്ചുവിടാതെ ജോലിസ്ഥിരതയും സംരക്ഷണവും ശ്രദ്ധിക്കുന്നു. ഡെമോക്രറ്റുകൾ ആരോഗ്യ സുരക്ഷാപദ്ധതികളിൽ (Health care) കൂടുതൽ പ്രാധാന്യം കൽപ്പിക്കുകയും സർക്കാരിന്റെ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ഒബാമയുടെ അഫോർഡബിൾ ഹെൽത്ത് പ്ലാൻ (Affordable Health Plan)അതിലൊന്നാണ്. അതനുസരിച്ചു ആരോഗ്യ സുരക്ഷാ പദ്ധതി എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.  എന്നാൽ റിപ്പബ്ലിക്കൻകാർ ചിന്തിക്കുന്നത് ഒബാമയുടെ സുരക്ഷതാപദ്ധതികൾ ഉപഭോക്താക്കൾക്ക് കാര്യമായി ഗുണപ്രദമാകില്ലന്നാണ്. സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തവിധം വലിയ പ്രീമിയവും കോ പേയ്മെന്റും ആരോഗ്യ സുരക്ഷിതാ പദ്ധതികൾക്ക്(Health Insurance)  നൽകണം.

ഡെമോക്രറ്റുകൾ സാധാരണക്കാർക്കും ഇടത്തരക്കാർക്കുമായി കൂടുതൽ സാമ്പത്തിക സഹായ ക്ഷേമ പരിപാടികൾ നടപ്പാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നു. തൊഴിലില്ലായ്മ വേതനം, ഫുഡ് സ്റ്റാമ്പ്, മെഡിക്കെയിഡ്, ദുർബലരായവർക്കുള്ള സഹായം മുതലാവകൾ ഡെമോക്രറ്റ് അനുകൂലിക്കുന്നു. ജനങ്ങളിൽ നിന്ന് സംഭരിക്കുന്ന നികുതി കൂടുതലും അത്തരം ക്ഷേമകാര്യങ്ങളിൽ വിനിയോഗിക്കാനുള്ള നയങ്ങളാണ് ഡമോക്രറ്റുകൾക്കുള്ളത്. റിപ്പബ്ലിക്കൻസും ഈ സാമൂഹിക പദ്ധതികൾ  അംഗീകരിക്കുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ ഫണ്ട് കുറക്കുകയും കൂടുതൽ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ക്ഷേമ പദ്ധതികൾ മാനേജ് ചെയ്യാൻ പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുകയും സർക്കാരിന്റെ ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിദേശ നയങ്ങളിലും നയരൂപീകരണങ്ങളിലും  രണ്ടു പാർട്ടികളും സമദൂരം പാലിക്കുന്നതായി കാണാം. വിദേശ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  അവിടെ അമേരിക്കയുടെ പട്ടാളയിടപെടൽ ആവശ്യമായി വരുകയാണെങ്കിൽ ഡെമോക്രറ്റുകൾ പൊതുവെ പ്രശ്നമുള്ള സ്ഥലത്തേയ്ക്ക് മാത്രമേ പട്ടാളത്തെ അയക്കാൻ താല്പര്യപ്പെടുകയുള്ളൂ. ചുരുങ്ങിയ പട്ടാളശക്തിയെ മാത്രമേ പ്രശ്ന സങ്കീർണ്ണമായ പ്രദേശത്തേയ്ക്ക് അയക്കാറുള്ളൂ. എന്നാൽ റിപ്പബ്ലിക്കൻ ചരിത്രം അങ്ങനെയല്ല. ആ രാജ്യത്തിന്റെ ഭരിക്കുന്ന ഏകാധിപതിയെ പുറത്താക്കാൻ വലിയ സൈന്യവ്യൂഹത്തിനെ പ്രശ്നങ്ങളുള്ള രാജ്യത്തിലേക്ക് അയക്കും. ഇറാഖിലെയും ലിബിയായിലെയും ചരിത്ര സംഭവങ്ങൾ അതിനുദാഹരണങ്ങളാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ഏകാധിപതികൾ സ്വന്തം ജനതയ്ക്കും അയൽരാജ്യങ്ങൾക്കും ഭീക്ഷണിയുമായിരിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ വിദേശ രാജ്യങ്ങളിൽ സഹായം എത്തിക്കാൻ രണ്ടു പാർട്ടികൾക്കും താല്പര്യമാണ്. എന്നാൽ ആ സഹായം ആർക്ക്, എങ്ങനെയെന്നുള്ള തീരുമാനങ്ങളിൽ പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും ഊർജത്തെപ്പറ്റിയുമുള്ള വിഷയങ്ങളിൽ ഇരുപാർട്ടികളും തുറന്ന സംവാദങ്ങളും ഏറ്റുമുട്ടലുകളും നടത്താറുണ്ട്. ഓയിലുകളും പെട്രോളിയം ഉൽപ്പന്നങ്ങളും കൽക്കരിയും അമേരിക്കൻ മണ്ണിൽനിന്നു ഖനനം ചെയ്യുന്നതിൽ ഡെമോക്രറ്റുകൾക്കു താല്പര്യമില്ല. ഫോസ്സിലുകളും മറ്റു ദ്രവവസ്തുക്കളും കൈകാര്യം ചെയ്യുന്ന മൂലം ഈ ഭൂമിയും പരിസ്ഥിതിയും പാടെ നശിക്കാനിടയാകുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പരിസ്ഥിതി ഒരു പ്രശ്നമല്ല. ഊർജം സ്വയം സമാഹരിക്കുന്നതിൽക്കൂടി സാമ്പത്തികം കൈവരിക്കണമെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അമേരിക്കൻ മണ്ണിൽനിന്നും ഊർജം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. അതുമൂലം പെട്രോൾ ഉൽപ്പന്നങ്ങൾ അമേരിക്കൻ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കുകയും ചെയ്യും. പരിസ്ഥിതി വാദികളുടെ വൈകാരികതയെ അവർ കണക്കാക്കുന്നുമില്ല. ഊർജ്ജത്തിനു പകരമായി സോളാർ എനർജിയും മറ്റും ഉൽപ്പാദിപ്പിക്കാൻ ഡെമോക്രറ്റുകൾ പദ്ധതികളിടുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അത് പ്രായോഗികമല്ലെന്ന് വാദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ നയങ്ങളെ സംബന്ധിച്ച് ഇരു പാർട്ടികളും പുരോഗമനപരമായ പരിവർത്തനങ്ങൾ വേണമെന്നുള്ള അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു. ആശയ വൈരുദ്ധ്യങ്ങൾ റിപ്പബ്ലിക്കരിലും ഡെമോക്രറ്റിലും ഒരുപോലെ പ്രകടമാണെന്നു മാത്രം. പാരമ്പര്യത്തെ മുറുകെ പിടിച്ചുള്ള യാഥാസ്ഥിതിക ചിന്താഗതികളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. അതിൽ മതപഠനവും ഉൾപ്പെടും. സ്‌കൂൾ തലങ്ങളിലും കോളേജ് തലങ്ങളിലും കൂടുതൽ വിഷയങ്ങളിൽ പ്രാവീണ്യം നേടാനും വിദ്യാർഥികളുടെ തൊഴിലധിഷ്ഠിതമായ പ്രായോഗിക പദ്ധതികൾ നടപ്പാക്കാനുമാണ് റിപ്പബ്ലിക്കൻ പാർട്ടി ആഗ്രഹിക്കുന്നത്. പഠിക്കുന്ന വിഷയങ്ങൾ കൂടാതെ മാനസിക വികസനത്തിനായുള്ള കൂടുതൽ പ്രോഗ്രാമുകളും വിദ്യാഭ്യാസ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും റിപ്പബ്ലിക്കർ ചിന്തിക്കുന്നു.  അതിനായി കൂടുതൽ മണിക്കൂറുകൾ വിദ്യാർഥികൾ സ്‌കൂളുകളിൽ ചെലവാക്കേണ്ടി വരും. വിദ്യാഭ്യാസപരമായ വായ്പ്പകളും ഗ്രാന്റും നൽകുന്നതിലും രണ്ടു പാർട്ടികളിലും  അഭിപ്രായ ഭിന്നതകളുണ്ട്.  ഡെമോക്രറ്റ് പാർട്ടി സർക്കാരിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ വായ്‌പ്പയും ഗ്രാന്റും നൽകാനാഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻപാർട്ടി അത്തരം സാമ്പത്തിക കാര്യങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ താല്പര്യപ്പെടുന്നു.

കുറ്റകൃത്യങ്ങളിൽ വ്യാപൃതരാവുന്നവരെ കഠിനമായി ശിക്ഷിക്കണമെന്ന മനോഭാവമാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. മയക്കു മരുന്ന് ബിസിനസുമായി മുഴുകിയിരിക്കുന്നവർക്ക്,  കഠിനമായ ശിക്ഷയും നൽകണമെന്നു വാദിക്കുന്നു. തൂക്കിക്കൊലയ്ക്കും അനുകൂലമാണ്. ഡെമോക്രറ്റുകൾ അക്കാര്യത്തിൽ കൂടുതൽ വിശാലമനസ്ക്കതയോടെ ചിന്തിക്കുന്നവരാണ്. മയക്കുമരുന്നിനടിമപ്പെടുന്നവർ രാജ്യത്തിനു അപകടകാരികളല്ലെന്നുള്ള വാദമാണ് ഡെമോക്രറ്റിനുള്ളത്. അവരെ പുനരധിവസിപ്പിക്കുകയോ ചെറിയ ശിക്ഷകൾ നൽകി മാതൃകാപരമായി ജീവിക്കാൻ സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ വേണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുന്നു. അതിനായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളുമുണ്ട്.  വധശിക്ഷയെ പൂർണ്ണമായും എതിർക്കുകയും ചെയ്യുന്നു.

ഹില്ലരി ക്ലിന്റണും ഡൊണാൾഡ് ട്രമ്പുമായുള്ള രണ്ടാമത്തെ ഡിബേറ്റിൽ ഹില്ലരിയുടെ ഇമെയിൽ (email) വിവാദം ചർച്ചകളിൽ വന്നിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ ഇമെയിൽ ആരോപണങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും അതിനായി അന്വേഷിക്കാൻ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നുമുള്ള ട്രമ്പിന്റെ ഭീക്ഷണികളും ഡിബേറ്റിനെ ചൂടുള്ളതാക്കുകയും അത് വ്യക്തിപരമായ ആക്രമങ്ങളിലേയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഔദ്യോഗിക കാര്യങ്ങളിലെ എഴുത്തുകുത്തുകൾ സർക്കാരിന്റെ ഈമെയിൽ സെർവറിൽക്കൂടി കൈകാര്യം ചെയ്യേണ്ടത് ഹിലരി തന്റെ സ്വകാര്യ ഈമെയിലിൽക്കൂടി നിർവഹിച്ചത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ക്രിമിനൽ കുറ്റങ്ങളിലേയ്ക്കുവരെ വഴിയൊരുക്കുന്ന സങ്കീർണ്ണമായ പ്രശ്നമായി തീരുകയും ചെയ്തു. ഇമെയിൽ വിവാദമെന്നുള്ളത് സാധാരണക്കാർക്ക് മനസിലാക്കുക പ്രയാസമാണ്. അതൊരു കുറ്റാരോപണമാകുന്നതെങ്ങനെയെന്നും ചിന്താ വിഷയമാകാം. സാധാരണ പോസ്റ്റ് ഓഫീസുകളിൽ എഴുത്തു കുത്തുകൾ വരുന്നപോലെ തന്നെയാണ് കംപ്യൂട്ടറുകളിലുള്ള ഡിജിറ്റൽ മെയിലുകളുടെ പ്രവർത്തനവും. സെർവറുകളിൽ വരുന്ന മെയിലുകൾ സോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ പോസ്റ്റ് മാസ്റ്ററും കാണും. അയാളുടെ ജോലി പോസ്റ്റാഫിസിനു തുല്യം തന്നെയാണ്. സഹായിക്കാൻ സഹായികളും കാണും. അവർ ഇമെയിൽ നിയന്ത്രിക്കാൻ പ്രഗത്ഭരുമായിരിക്കണം. ഹിലരിയ്ക്ക് സ്വന്തം പേരിന്റെകൂടെ 'കോം' അഡ്രസ് ഉൾപ്പെടുത്തി സ്വകാര്യമായ ഈമെയിൽ സെർവറുണ്ടായിരുന്നു. വരുന്ന ഇമെയിലുകളും പോവുന്ന ഇമെയിലുകളും കൈകാര്യം ചെയ്യാൻ ജോലിക്കാരുമുണ്ടായിരുന്നു. സ്വകാര്യ ഇമെയിൽ സെർവറായതുകൊണ്ടു ആവശ്യമായ സുരക്ഷിതാ സംവിധാനം ഉണ്ടായിരുന്നുവോയെന്നും വ്യക്തമല്ല. ഹിലരി, സ്റ്റേറ്റിന്റെ സെക്രട്ടറിയെന്ന നിലയിൽ ഈ ജോലി പരിചയമുള്ള ഫെഡറൽ ഗവണ്മെന്റ് ജോലിക്കാരായിരുന്നു മാനേജ് ചെയ്യേണ്ടിയിരുന്നത്. സ്റ്റേറ്റിന്റെ കമ്പ്യൂട്ടർ സെർവറിൽക്കൂടി ഇമെയിലുകൾ വരുകയും പോവുന്നതിനും പകരം ആ ജോലി നിർവഹിച്ചിരുന്നത് ഹിലരിയുടെ കമ്പ്യൂട്ടറിലുള്ള സ്വന്തം സെർവറായിരുന്നു.

ഹിലരിയ്ക്കു സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇമെയിൽ അഡ്രസ് ലഭിച്ചപ്പോൾ അവരുടെ സ്റ്റാഫ് അത് ഉപയോഗിക്കുകയുണ്ടായില്ല. പകരം സ്വകാര്യ സെർവറിൽ വരുന്ന കത്തിടപാടുകൾ കൈകാര്യം ചെയ്തിരുന്നു. സർക്കാരിനു വരുന്ന ഔദ്യോഗിക ഇമെയിലുകൾ മുഴുവൻ റീഡയറക്റ്റ് (Re-direct)ചെയ്ത് സ്വന്തം ഇമെയിൽ സെർവറിൽ എത്തുമായിരുന്നു. ഇമെയിലുകൾ കൈകാര്യം ചെയ്യാൻ പാർട്ട് ടൈം ജോലിക്കാരുമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഹിലരി പ്രൈവറ്റ് സെർവർ ഉപയോഗിച്ചതെന്ന് തർക്കവിഷയമാണ്. ആർക്കും വ്യക്തമായ ഒരു ഉത്തരം നൽകാനും സാധിക്കുന്നില്ല.  അവർക്ക് സ്റ്റേറ്റിന്റെ വകയും സ്വന്തമായുള്ളതുമായ രണ്ടു ടെലഫോൺ ഒരേ സമയം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകളും കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഫോണിൽ സ്റ്റേറ്റിനോടനുബന്ധിച്ചുള്ള ഇമെയിലുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഹിലരി ക്ലിന്റന്റെ ഫോണിൽ പ്രൈവറ്റായ ഇമെയിലും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഇമെയിലും ഒന്നിച്ചായപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായി.  ക്ലിന്റന്റെ സ്വകാര്യ ഈമെയിൽ സെർവർ സ്റ്റേറ്റിന്റെ ഇമെയിൽ സെർവറിനെപ്പോലെ   സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടു ശത്രു രാജ്യങ്ങളിലെ ചാരന്മാർ സ്വകാര്യ സെർവറിൽനിന്നു രഹസ്യങ്ങൾ ചോർന്നുവോയെന്നും സംശയങ്ങൾ നിഴലിക്കുന്നുണ്ട്.ഹിലരി ക്ലിന്റന്റെ സ്വകാര്യ സെർവർ ആരെങ്കിലും ഹായ്ക്ക് ചെയ്തുവോയെന്നും തെളിവുകളില്ല. എന്നാൽ ഹാക്ക് ചെയ്യുന്നവർ ഇമെയിൽ പോകുന്ന വഴികൾ മറച്ചുവെയ്ക്കുന്നതിനും സമർത്ഥരാണ്. ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും എഫ്. ബി.ഐ വിചാരിക്കുന്നു. 2016 ജൂലൈയിൽ എഫ്. ബി. ഐ നടത്തിയ അന്വേഷണത്തിൽ 81 ഇമെയിലുകൾ അതി രഹസ്യങ്ങളായതു കണ്ടു. പക്ഷെ ആ ഇമെയിലുകൾ ദേശീയ സുരക്ഷിതത്വത്തിനു ഭീക്ഷണിയായിരുന്നുവോയെന്ന് വ്യക്തമല്ല. ക്ലിന്റന്റെ ഭാഗത്തുനിന്നും അസാധാരണമായ വീഴ്ചവരുത്തലും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് എഫ്. ബി. ഐ ചൂണ്ടി കാണിച്ചിരുന്നു.

എഫ്. ബി. ഐ അന്വേഷണം തുടങ്ങിയപ്പോൾ ക്ലിന്റന്റെ സ്വകാര്യ കമ്പ്യൂട്ടർ സെർവറിൽനിന്നും ഇമെയിലുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു. ക്ലിന്റൺ ഫൗണ്ടേഷനു ലഭിച്ച ഡൊണേഷനിൽ തിരിമറികളുണ്ടെന്നും അതു പുറംലോകം അറിയാതിരിക്കാനാണ് ഇമെയിലുകൾ സെർവറിൽ നിന്നും നീക്കം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.

ട്രംപിനെപ്പറ്റിയുള്ള അധിക്ഷേപങ്ങളിൽ  മുഖ്യമായുള്ളത് ലൈംഗികപരമായിട്ടുള്ളതാണ്. വാഷിംഗ്ടൺ പോസ്റ്റ് ഒരു വീഡിയോ പുറത്തിറക്കിയ സമയം മുതലാണ് ട്രംപ് ലൈംഗിക അപവാദങ്ങളുമായി പ്രശ്നങ്ങളിൽ അകപ്പെട്ടത്. അതിലുള്ള സംഭാഷണങ്ങളാണ് അദ്ദേഹത്തെ ലൈംഗിക കുരുക്കിൽ അകപ്പെടുത്തിയത്. ട്രംപിന്റെ സംഭാഷണം തികച്ചും ലൈംഗികത നിറഞ്ഞതും ജുഗുപ്സാവഹവുമായിരുന്നു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള വാക്കുകളും സംഭാഷണത്തിലുണ്ടായിരുന്നു. ഇതിൽ കുപിതരായ റിപ്പബ്ലിക്കിലെ നേതാക്കൾ പലരും ട്രംപിനുള്ള പിന്തുണ പിൻവലിച്ചു. ഈ സംഭാഷണം രഹസ്യമായ മുറിയിൽ വെച്ചായിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം മുഴുവൻ അലയടിച്ചിരുന്നു. ഇരുപതും മുപ്പതും വർഷങ്ങളോളം രഹസ്യയറകളിൽ സൂക്ഷിച്ചുവെച്ചശേഷം പുറത്തുവിട്ട ഈ ആരോപണങ്ങൾ ട്രംപിന്റെ വ്യക്തിജീവിതത്തെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ബാധിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഡിബേറ്റിൽ ആൻഡേഴ്സൺ കൂപ്പറോട് (CNN host Anderson Cooper) ട്രംപ് ഒരു സ്ത്രീകളെയും പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞു. ഉടൻതന്നെ ന്യുയോർക്ക് ടൈംസ് ട്രംപ് പീഡിപ്പിച്ച രണ്ടു സ്ത്രീകളുടെ കഥകളുമായി പത്രറിപ്പോർട്ട് ചെയ്തു. ഒരു സംഭവം 1980-ലും മറ്റേ സംഭവം 2005-ലുമായിരുന്നു. ഇതെല്ലാം പ്രതിയോഗികൾക്ക് ലൈംഗികതയുടെ പേരിൽ ബ്ളാക്ക് മെയിലു ചെയ്യാനും ട്രംപിന്റെ വിജയസാദ്ധ്യതകൾക്ക് മങ്ങലേൽപ്പിക്കാനും സാധിച്ചു. പത്രവാർത്തകൾ മുഴുവൻ തന്നെ ട്രംപിന് അനുകൂലമല്ല. അദ്ദേഹത്തെപ്പറ്റിയുള്ള ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതങ്ങളെന്നു പറഞ്ഞുകൊണ്ട് ആരോപണങ്ങളെല്ലാം റിപ്പബ്ലിക്കൻ പാർട്ടി തള്ളിക്കളഞ്ഞു. വർഷങ്ങൾക്കു മുമ്പ് ട്രംപിന്റെ ആദ്യ ഭാര്യയായ ഐവാനെയും വൈവാഹിക ബന്ധത്തിൽ പീഡിപ്പിച്ചിരുന്നുവെന്നു ആരോപണം ഉണ്ടായിരുന്നു. ഇങ്ങനെ അപവാദങ്ങളുടെ നീണ്ട ഒരു കഥ തന്നെ ട്രംപിനുണ്ട്. ഇതെല്ലാം രാഷ്ട്രീയ ബ്ളാക്ക് മെയിലോ സത്യങ്ങളോയെന്നു നാളിതുവരെ തെളിഞ്ഞിട്ടില്ല. ആരോപണങ്ങൾ സ്ഥിതികരിക്കാൻ ഒരു ഡോക്കുമെന്റും ഹാജരാക്കിയിട്ടുമില്ല.

ട്രംപ് സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റ് വിഷയങ്ങളെപ്പറ്റി പഠിപ്പിക്കാൻ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിയിരുന്നു. റീയൽ എസ്റ്റേറ്റിൽ എങ്ങനെ ലാഭമുണ്ടാക്കാമെന്ന രഹസ്യങ്ങളടങ്ങിയ കോഴ്‌സുകൾ പഠിപ്പിക്കുമെന്നും വാഗ്ദാനങ്ങളിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം കബളിപ്പിക്കലായിരുന്നുവെന്നു അവിടെ പഠിച്ച വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. 35000 ഡോളറായിരുന്നു ഒരാളിന്റെ ഫീസ്. യൂണിവേഴ്സിറ്റിയെ സംബന്ധിച്ചുള്ള മറ്റു അഴിമതികളും പുറത്തുവന്നു. അത് സർക്കാരിന്റെ നിബന്ധനങ്ങൾ അനുസരിച്ചു രജിസ്റ്റർ ചെയ്ത യൂണിവേഴ്‌സിറ്റിയായിരുന്നില്ല. ലൈസൻസില്ലാത്ത സ്‌കൂളായതുകൊണ്ടു യൂണിവേഴ്‌സിറ്റിയുടെ പേര് പിന്നീട് 'ട്രമ്പ് എന്റർപ്രെന്യൂർ ഇനിഷ്യയെറ്റിവ് ലൈസൻസ്' (“Trump Entrepreneur Initiative,”) എന്നാക്കി.  2010 -ൽ സ്‌കൂൾ നിർത്തൽ ചെയ്തു. വിദ്യാർത്ഥികൾ ട്യൂഷൻ ഫീ മടക്കികിട്ടാനായി യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2016-ൽ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് മത്സരം ബഹുജനധാർമ്മിക രോഷമുണര്‍ത്തുന്ന പ്രവൃത്തികളുടെയും മാനഹാനികളുടെയും അപകീർത്തിപ്പെടുത്തലുകളുടെയും തെരഞ്ഞെടുപ്പ് വർഷമായിരുന്നു. ദുഷിച്ച പ്രചരണങ്ങളോടുകൂടിയ ഈ തെരഞ്ഞടുപ്പ് 1884-നു ശേഷം ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. 1884 -ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ബ്ലായിന്റെ (James blaine) ബിസിനസിലെ അഴിമതികളും പ്രസിഡണ്ടായി വിജയിച്ച ഡെമോക്രറ്റിക് സ്ഥാനാർഥി ഗ്രോവർ ക്ളീവുലന്ഡിന്റെ (Grover Cleveland) അവിഹിത ബന്ധത്തിലുള്ള കുട്ടിയെപ്പറ്റിയും അന്നത്തെ തെരഞ്ഞെടുപ്പു വേളകളിലുള്ള ചർച്ചാ വിഷയങ്ങളായിരുന്നു. നമുക്കാവശ്യമായുള്ളത് ജനങ്ങളുടെ മനസിനെ ഉൾക്കൊള്ളാനും താല്പര്യങ്ങൾ സംരക്ഷിക്കാനും തീരുമാനങ്ങളെടുക്കാൻ കഴിവുള്ളതുമായ ഒരു പ്രസിഡണ്ടിനെയാണ്. ഉചിതമായ അത്തരം തീരുമാനങ്ങൾ സമയകാലധിഷ്ഠിതമനുസരിച്ച് യാഥാസ്ഥിതികമോ ലിബറലോ ആയിരിക്കാം. വോട്ടു ചെയ്യുന്നവർ ആരുടേയും വൈകാരികമായ നയപരിപാടികളല്ല ഉൾക്കൊള്ളേണ്ടത്. നാം അവരുടെ വേതാള വാഗ്ദാനങ്ങൾ ശ്രവിക്കേണ്ടയാവശ്യവുമില്ല.

FBI Director James Comey  about Clinton email server

Oil price-bargaining
Ivanka-First wife
CNN host Anderson Cooper
Emalayalee

Malayalam Daily News

JP News

Kalavedi Online

TrueMax

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...