Monday, February 20, 2017

നക്സൽ പ്രസ്ഥാനവും വർഗീസിന്റെ ജീവിതാന്ത്യവും-1



ജോസഫ് പടന്നമാക്കൽ 

1967-ൽ വെസ്റ്റ് ബംഗാൾ മേഖലകളിലുള്ള മാർസിസ്റ്റ് പാർട്ടിയിൽനിന്നു പൊട്ടിമുളച്ച നക്സൽബാരി പ്രസ്ഥാനം രാഷ്ട്രമാകെ വളർന്നു പന്തലിച്ചിരുന്നു. അവിടെ നക്സൽബാരിയെന്ന ഗ്രാമത്തിൽനിന്നാണ് നക്സലിസത്തിന്റെ തുടക്കം. മജുൻദാർ, കനുസന്യാൽ എന്നീ നക്സലുകളുടെ നേതൃത്വത്തിൽ കൃഷിക്കാരുടെ ഒരു സായുധ വിപ്ളവം 1967 മെയ്മാസത്തിൽ പൊട്ടിപ്പുറപ്പെട്ടു. 1967 ജൂലൈയിൽ പൊലീസിന് ആ വിപ്ലവം അടിച്ചമർത്താൻ കഴിഞ്ഞു. അക്കാലയളവിൽ ഭൂരിഭാഗം റെബൽ നേതാക്കളെ അറസ്റ്റും ചെയ്തു. അന്നത്തെ സായുധ ലഹളയിൽ കാര്യമായ നേട്ടങ്ങളൊന്നും നേടാൻ സാധിച്ചില്ല. പക്ഷെ നക്സൽബാരി നീക്കം ഇൻഡ്യയൊന്നാകെയുളള കാർഷിക വ്യവസ്ഥിതികളെ പരിവർത്തനവിധേയമാക്കി. ഇത്തരം സായുധ വിപ്ലവങ്ങൾക്കായി ഇന്ത്യയിലെ അനേക ഗ്രാമങ്ങളിലെ കർഷകരിലും തൊഴിലാളികളിലും നക്സലുകൾ പ്രേരണ നൽകിക്കൊണ്ടിരുന്നു. 1968-ൽ വയനാടിലുള്ള പുൽപ്പള്ളിയിലും 1969-ൽ കുറ്റിയാടിയിലും തലശേരിയിലും പിന്നീട് 1970-ൽ തിരുനെല്ലിയിലും നക്സലുകളുടെ ആക്രമവും കൊടും ക്രൂരതകളുമുണ്ടായിരുന്നു.

ഉത്തര മലബാറിൽ നക്സൽബാരിസം ചിന്തകൾ പ്രചരിക്കാൻ കാരണം മാവോയിസത്തിൽ നിന്നുള്ള പ്രചോദനമായിരുന്നു. ബൂർഷാ മുതലാളിത്വ വ്യവസ്ഥിതികൾക്കെതിരെ ചില ബുദ്ധിജീവികളും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. മാവോ തത്ത്വങ്ങൾ ആദിവാസികളുടെയും ഇടത്തരം കൃഷിക്കാരുടെയും മദ്ധ്യേ പ്രചരിക്കാനും തുടങ്ങി. കൂടാതെ ചൈനയിൽനിന്നും പ്രോത്സാഹനങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. നക്സലുകൾ വയനാട് തെരഞ്ഞെടുക്കാൻ കാരണവും ആ സ്ഥലങ്ങൾ വിപ്ലവ മുന്നേറ്റത്തിന് അനുയോജ്യ പ്രദേശങ്ങളായതുകൊണ്ടായിരുന്നു. കൊടുംവനങ്ങൾ ചുറ്റുമുണ്ടായിരുന്നതു മൂലം അക്രമകാരികൾക്ക് ഒളിക്കാനുള്ള സങ്കേതങ്ങളും സുലഭമായി വനത്തിനുള്ളിലുണ്ടായിരുന്നു.

ആദിവാസികൾ കൂടുതലായും താമസിച്ചിരുന്നത്  വയനാടൻ പ്രദേശങ്ങളിലായിരുന്നു. ഭൂരിഭാഗവും നിത്യവൃത്തിക്കുപോലും വകയില്ലാത്ത ദരിദ്രരുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അവിടെ കൃഷി ഭൂമിയിൽ പണിയെടുക്കാൻ ജോലിക്കാർ കുറവായിരുന്നു. അക്കാലങ്ങളിലുണ്ടായിരുന്ന ഭൂവുടമകൾ പാണന്മാരെയും പണിയാ, അടിയാ മുതലായ വർഗക്കാരെയും തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽനിന്നും കൊണ്ടുവരാൻ തുടങ്ങി. കൃഷിഭൂമിയില്ലാത്ത പാവങ്ങളായിരുന്നു ഭൂരിഭാഗവും. നിത്യചെലവിന് ഭൂവുടമകളിൽ നിന്നും പലപ്പോഴും അവർക്ക് പണം കടം മേടിക്കേണ്ടതായും വരുമായിരുന്നു. കൃഷിയല്ലാതെ മറ്റു തൊഴിലുകളൊന്നും അവർക്കറിയില്ലായിരുന്നു. കടങ്ങൾ വീട്ടാൻ മുതലാളികൾക്ക് അടിമ ജോലിയും ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ നക്സൽബാരിസം പ്രാചീന വർഗ്ഗക്കാരിൽ സ്വാധീനം ചെലുത്താൻ കാരണമായി.

ചൈനയിൽനിന്നും ഇന്ത്യൻ വിപ്ലവകാരികൾക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടായിരുന്നു.  അക്കാലത്ത് 'പീക്കിങ്ങ്' ഭരണകൂടം കോൺഗ്രസ്സ് സർക്കാരിനെതിരെ റേഡിയോയിൽ പ്രചരണങ്ങളും  നടത്തിക്കൊണ്ടിരുന്നു. ഇന്ത്യയിൽ ഒരു സായുധ വിപ്ലവം നടക്കുന്നതിനായി വിപ്ലവകാരികൾക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു. മാവോ തത്ത്വങ്ങളിൽ ആകൃഷ്ടരായി 1960-കളിൽ കേരളത്തിൽ നക്സൽബാരി പ്രസ്ഥാനം വേരുറയ്ക്കാൻ തുടങ്ങി. മാവോ സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ട് തീവ്രവിപ്ലവ പ്രത്യായ ശാസ്ത്രം വ്യാപിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. മനുഷ്യത്വരഹിതമായ ആ പ്രസ്ഥാനത്തിന് ഭാരതമൊട്ടാകെ രക്തപങ്കിലമായ ഒരു ചരിത്രവുമുണ്ട്.

നക്സൽബാരി പ്രസ്ഥാനത്തിന്റെ പുത്രിയായ 'അജിത' 1950 ഏപ്രിലിൽ കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും മകളായി കോഴിക്കോട് ജനിച്ചു. കുട്ടിക്കാലം മുതൽ മാർക്സിയൻ തത്ത്വങ്ങൾ പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണൻ തന്റെ രാഷ്ട്രീയത്തിലെ വഴികാട്ടിയായിരുന്നുവെന്ന് അജിത തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. 1979-ൽ അജിതയുടെ അച്ഛൻ മരിച്ചു. 'അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽക്കൂടിയാണ് മലയാളിയായ കുന്നിക്കൽ നാരായണനെ മന്ദാകിനി കണ്ടുമുട്ടിയതും പിന്നീട് വിവാഹം കഴിച്ചതും. കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങൾക്ക് നാരായണനും മന്ദാകിനിയും നേതൃത്വം കൊടുത്തിരുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമത്തിലെ പ്രതിയായ മന്ദാകിനിയെ പോലീസ് സ്റ്റേഷനുകളിൽ ക്രൂരമായി മർദ്ദിച്ചിരുന്നു. 1971-ലും 1975-ലും അടിയന്തിരാവസ്ഥ കാലങ്ങളിൽ അവരെ ജയിലിൽ അടച്ചിരുന്നു. കോഴിക്കോടുള്ള ഗുജറാത്തി സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന അവർ മരണം വരെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നു. സംഗീത പഠനം, ചിത്ര രചന, കാവ്യ രചനയിൽ ജീവിത സായാഹ്നം ചെലവഴിച്ചിരുന്നു. അജിത പ്രീ ഡിഗ്രി പൂർത്തിയാക്കാതെ വിപ്ലവ പ്രസ്ഥാനങ്ങളിൽ പങ്കുചേരാൻ തുടങ്ങി. 1970 കളിലെ നക്സൽ ബാരി പ്രസ്ഥാനത്തിൽ അവർ സജീവമായിരുന്നു. തലശേരി, പുൽപ്പള്ളി ആക്രമത്തിൽ മുന്നണി പോരാളിയായിരുന്നു. പോലീസ് സ്റ്റേഷനുകൾ സാമ്രാജ്യത്വത്തിന്റെയും ഭരണകൂടങ്ങളുടെയും മർദ്ദനോപകരണങ്ങളായി നക്സൽ പ്രസ്ഥാനം വീക്ഷിച്ചു. പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമത്തിൽ പങ്കുചേർന്ന അജിതയുൾപ്പടെ പതിമൂന്നു പേരെ ജീവപര്യന്തം ശിക്ഷിച്ചു. പോലീസ് സ്റ്റേഷനിൽ കൊടിയ ക്രൂരതകളും യാതനകളും അനുഭവിക്കേണ്ടി വന്നു.  ജയിൽ മോചിതയായശേഷം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ആത്മകഥാ കുറിപ്പുകൾ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ  സ്ഥാനവും നേടിയിരുന്നു.

വടക്കേ മലബാറിലെ വയനാടൻ ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന വർഗീസ് എന്ന നക്സൽ യുവാവ്  ചെഗുവേര എന്നു പേരുള്ള ലാറ്റിൻ അമേരിക്കയിലുണ്ടായിരുന്ന തീവ്ര വിപ്ലവകാരിയുടെ ആരാധകനായിരുന്നു. ചെഗുവേരയെപ്പോലെ  വർഗീസും 1960 കാലങ്ങളിൽ ചൂഷിത ജന്മിത്വ മുതലാളികൾക്കെതിരെ സായുധ വിപ്ലവം നയിക്കുകയായിരുന്നു. വർഗീസും അയാളുടെ അനുയായികളും വയനാടൻ വനാന്തരങ്ങളിൽക്കൂടി പാത്തും പതുങ്ങിയും  ഒളിച്ചുമിരുന്നും ജന്മി മുതലാളിത്വ വ്യവസ്ഥിതികൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കൊല്ലും കൊലയും നക്സലിസത്തിന്റെ മുദ്രിതമായ നയങ്ങളായിരുന്നു. മാർക്സിസത്തിൽനിന്നും അകൽച്ച പാലിച്ചുകൊണ്ട്‌ രക്തപങ്കിലമായ ഒരു വിപ്ലവ വ്യവസ്ഥിതിക്കാണ് അവരുടെ നയങ്ങൾ രൂപീകരിച്ചിരുന്നത്‌. അടിയോരുടെ ഗ്രാമങ്ങൾ വർഗീസിനെ 'പെരുമൻ' എന്നു വിളിച്ചിരുന്നു.

'നക്സൽ വർഗീസ്' എന്ന പേരുള്ള അരീക്കാട് വർഗീസ് 1938 ജൂൺ പതിനാലിനു ജനിക്കുകയും 1970 ഫെബ്രുവരി പതിനെട്ടാംതീയതി പോലീസുകാരുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഫ്യൂഡൽ പ്രഭുക്കന്മാരുടെ ചൂഷണത്തിനെതിരെയായിരുന്നു ഈ വിപ്ലവ പ്രസ്ഥാനം രൂപം പ്രാപിച്ചത്. നിയമവും പോലീസുകാരും കർഷകരെ പീഡിപ്പിക്കുന്നതിൽ കൂട്ടു നിൽക്കുമായിരുന്നു. വയനാട്ടിലെ ആദിവാസികളെയായിരുന്നു പണവും സ്വാധീനവുമുണ്ടായിരുന്നവർ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. 1960 കാലങ്ങളിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ കൊടുങ്കാറ്റ് ഇൻഡ്യ മുഴുവൻ ആഞ്ഞടിച്ചിരിക്കുമ്പോൾ തന്നെ  'നക്സൽ വർഗീസ്' കേരള ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വ്യക്തിയായി വളർന്നു കഴിഞ്ഞിരുന്നു.വർഗീസിന്റെ നക്സൽ പ്രവർത്തനങ്ങൾ ആസ്പദമാക്കി 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചിത്രമാണ് 'തലപ്പാവ്'. ഇതിൽ പൃഥ്വിരാജ്, ധന്യ മേരി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

വർഗീസിനൊപ്പം പത്തൊമ്പതു വയസുകാരിയായ അജിതയും  ശങ്കരൻ മാസ്റ്റർ, ഗ്രോ വാസു എന്നിവരും നക്സൽ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അജിത, പ്രീഡിഗ്രി വിദ്യാഭ്യാസം നടത്തിയിരുന്ന കാലങ്ങളിൽ തന്നെ പഠനം ഉപേക്ഷിച്ചു നക്സൽ പ്രസ്ഥാനത്തിൽ ചേർന്നിരുന്നു. വിദ്യാഹീനരായ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ 'വർഗീസ്' നക്സലാകുന്നതിനു മുമ്പും പോരാടിയിരുന്നു. നക്‌സലൈറ്റുകൾ ഏതാനും ഭൂപ്രഭുക്കന്മാരെ അക്കാലങ്ങളിൽ വധിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിച്ച് പാവങ്ങളായ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. 1970 ആയപ്പോൾ പോലീസ് അവരുടെ ശക്തിയെ ക്ഷയിപ്പിച്ചു.

വർഗീസിന്റെ നേതൃത്വത്തിലുള്ള തലശേരിയിലും പുൽപ്പള്ളിയിലുമുണ്ടായ പോലീസ് ആക്രമണം  കുപ്രസിദ്ധമാണ്. വയനാട്ടിലെ പോലീസിനെയും ഭൂപ്രഭുക്കന്മാരെയും നേരിടാൻ ആയുധം ധരിച്ചുകൊണ്ടുള്ള ഒരു ഗ്രുപ്പ് ഇവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. അജിത മാത്രമായിരുന്നു ആ ഗ്രുപ്പിലെ ഏക സ്ത്രീ. 1968 നവംബർ ഇരുപത്തിരണ്ടാം തിയതി 300 പേരോളമുള്ള നക്സൽ ഗറില്ലാകൾ കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ തലശേരി പോലീസ് സ്റ്റേഷൻ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസുകാരുടെ കൈകളിൽനിന്നും ആയുധങ്ങൾ തട്ടിയെടുക്കണമെന്നായിരുന്നു ഉദ്ദേശ്യം. അതിനു രണ്ടു ദിവസം കഴിഞ്ഞു 1968 നവംബർ ഇരുപത്തിനാലാം തിയതി വർഗീസിന്റെ നേതൃത്വത്തിൽ തേറ്റമല കൃഷ്ണൻ കുട്ടി, കുറിച്ചിയൻ, കുഞ്ഞിരാമൻ, കിസാൻ തൊമ്മൻ, ഫിലിഫ് എം പ്രസാദ്, അജിത എന്നിവരുമൊത്തു മദ്രാസ് പോലീസ് ക്യാമ്പായ പുൽപ്പള്ളി ആക്രമിച്ചു. പുൽപ്പള്ളി ദേവസ്വം ബോർഡ് 7000 കുടുംബങ്ങളെ കുടിയിറക്കുന്നതിൽ പ്രതിക്ഷേധിച്ചായിരുന്നു ഈ ആക്രമം. അന്നത്തെ സായുധ ആക്രമത്തിൽ സ്ഥലത്തെ ഒരു സബ് ഇൻസ്പെക്ടറും രണ്ടു പോലീസുകാരും ഒരു വയർലസ് ഓപ്പറേറ്ററും മരിച്ചു. പിന്നീട് ആ ഗ്രൂപ്പ് രണ്ടു ഭൂഉടമകളെ ആക്രമിച്ചു വധിക്കുകയും അവരുടെ സ്റ്റോക്കിലുണ്ടായിരുന്ന നെല്ലും ഗോതമ്പും പാവങ്ങൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. അതിനുശേഷം ഭീകരർ വയനാട്ടിലെ കൊടുംവനത്തിൽ പോയി ഒളിച്ചു. എന്നാൽ പോലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ അവരെയെല്ലാം പിടികൂടി. വർഗീസ് ഒരു പോലീസുകാരന്റെ വെടിയേറ്റ് മരിച്ചു. കിസാൻ തൊമ്മൻ ഒരു ബോംമ്പു പൊട്ടലിൽ മരിക്കുകയും ചെയ്തു.

വർഗീസ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന സത്യം ഇന്നും കേരളചരിത്രത്തിൽ അജ്ഞാതമായി തന്നെ നിലനിൽക്കുന്നു. സംഘിടിത ഏറ്റുമുട്ടലിൽ നക്സൽ നേതാവായ വർഗീസിനെ കൊല്ലാനായി രാമചന്ദ്രൻ നായർ എന്ന 'സി.ആർ. പി.' പോലീസുകാരൻ തോക്കിന്റെ കാഞ്ചി വലിച്ചുവെന്നു വിശ്വസിച്ചുവന്നിരുന്നു. നാൽപ്പതു വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ നായർ, വർഗീസിന്റെ മറ്റൊരു കഥ അവതരിപ്പിച്ചുകൊണ്ട് വാർത്തകളിൽ മുഖ്യ താരമായി മാറി. 'വർഗീസിനെ വയനാടൻ കാട്ടിൽ വെടിവെച്ചതു താനാണെന്നും വർഗീസ് ഏറ്റുമുട്ടലില്ല മരിച്ചതെന്നും പറഞ്ഞുകൊണ്ടുള്ള വെളിപ്പെടുത്തലായിരുന്നു അത്. കേസ് കോടതിയിൽ പുനർ വിചാരണം ചെയ്യുകയും ചെയ്തു. എന്നാൽ കോടതിയിൽ മൊഴി നല്കുന്നതിനുമുമ്പ് രാമചന്ദ്രൻ നായർ മരിക്കുകയും ചെയ്തു. അയാളുടെ മറ്റൊരു സഹപ്രവർത്തകനെ വിസ്തരിക്കുകയും അതനുസരിച്ചു അന്ന് വെടിവെക്കാൻ ആജ്ഞ കൊടുത്ത സീനിയർ പോലീസ് ഓഫിസറായ ശ്രീ ലക്ഷ്മണനെ ജീവപര്യന്ത്യം ശിക്ഷിക്കുകയും ചെയ്തു. അക്കാലത്തെ ചില ഉയർന്ന ഉദ്യോഗസ്ഥരെ കുടുക്കാനായി കമ്യുണിസ്റ്റ് സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ചില തീവ്രവാദികൾ രാമചന്ദ്രൻ നായരെ ബ്ലാക്ക് മെയിൽ ചെയ്തതായും പറയപ്പെടുന്നു.

നക്സൽ വർഗീസ് എങ്ങനെ കൊല്ലപ്പെട്ടുവെന്നു വെളിപ്പെടുത്തിയ രാമചന്ദ്രൻ നായരുടെ പുതിയ  കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അക്കാര്യം കോടതിയിൽ 'നായർ' സവിസ്തരം മൊഴിയായി നൽകിയ ചുരുക്കമാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്. 'കേന്ദ്ര റിസർവ് പോലീസ് (CRP) നക്സലുകളെ കീഴടക്കാനായി തിരുന്നെല്ലി വനം രണ്ടുദിവസം ചികഞ്ഞു തേടിയിരുന്നു. അതിനുശേഷം സമീപമുള്ള ഒരു അമ്പലത്തിനു സമീപം താവളമടിച്ചു. പക്ഷെ നക്സൽബാരികൾ അവർക്ക് നേരെ ബോംബെറിയുകയും അതിൽ ഒരു പോലീസുകാരന് ഗുരുതരമായ പരിക്കേൽക്കുകയുമുണ്ടായി. അന്നത്തെ ദിവസം തന്നെ നക്സൽബാരികളായ വർഗീസും കൂട്ടുകാരും നടന്നു പോയ വഴി അവർ കണ്ടുപിടിച്ചു.

നക്സൽബാരി ബന്ധമുള്ള ഏതോ ഒരു ശിവരാമൻ നായരുടെ വീട്ടിൽ വർഗീസുണ്ടെന്ന് വിവരവും കിട്ടി. 1970 ഫെബ്രുവരി പതിനേഴാം തിയതി വർഗീസ് കരിമത് ശിവരാമൻ നായരുടെ വീട്ടിൽ അഭയം തേടിയിരുന്നു. അവിടെനിന്നു ഭക്ഷണവും കഴിച്ചിരുന്നു. അയാൾ ഉറങ്ങി കിടക്കുന്ന സമയം ആരോ പോലീസിൽ അറിയിക്കുകയും അവിടെനിന്ന് വർഗീസിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ആർ. പി. (CRP) ബറ്റാലിയൻ ആ വീടിന്റെ മുമ്പിൽ തടിച്ചുകൂടിയപ്പോൾ അക്കൂടെ രാമചന്ദ്രനായരും ഉണ്ടായിരുന്നു. അകത്തു നിന്ന് ഒരു ശബ്ദം കേൾക്കുകയൂം പോലീസുകാർ വീടിന്റെ വാതിൽ തള്ളിത്തുറക്കുകയൂം ചെയ്തത് ഒരേ സമയമായിരുന്നു. വർഗീസ് കീഴടങ്ങി കൈകൾ ഉയർത്തി അവിടെ നിൽപ്പുണ്ടായിരുന്നു. "നിങ്ങൾ ആരും ഭയപ്പെടേണ്ട, ഞാൻ ഏകനാണ്, നിരായുധനുമാണെന്ന്" വർഗീസ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഉടൻ തന്നെ നക്സലൈറ് നേതാവിനെ കൈകൾ പുറകോട്ടു കെട്ടി ജീപ്പിൽ കയറ്റി. മുപ്പതു മിനിറ്റു ഡ്രൈവ് ചെയ്തശേഷം   റോഡിന്റെ താഴ്വരയിൽ മാനന്തവാടി ടൗണിനു സമീപമെത്തിയപ്പോൾ അകമ്പടിയായി മറ്റു പോലീസ് വാഹനങ്ങളും ഉണ്ടായിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ അക്കൂടെ കേരളാപോലീസിന്റെ ഡെപ്യൂട്ടി എസ്.പി. ലക്ഷ്മണനെയും ഡി.ഐ.ജി. വിജയനെയും ഒരു ജീപ്പിൽ തിരിച്ചറിഞ്ഞു.

"അവർ എന്നെ കൊല്ലാൻ പോവുന്നുവോ"യെന്നു വർഗീസ് തിരിഞ്ഞുനിന്ന് ചോദിക്കുന്നതും" രാമചന്ദ്രൻ നായരുടെ ഓർമ്മക്കുറിപ്പിലുണ്ട്. വർഗീസ് പറഞ്ഞു, "നിങ്ങളിൽ ഒരാൾക്ക് ആ ദൗത്യം നിർവഹിക്കേണ്ടി വരും. എനിക്കൊരപേക്ഷയുണ്ട്, നിങ്ങൾ എന്നെ കൊല്ലുന്നതിനുമുമ്പ് എനിക്കൊരടയാളം തരൂ, ഞാൻ വിശ്വസിക്കുന്നതായ വിപ്ലവ പ്രത്യായ ശാസ്ത്രത്തിന്റെ ചൈതന്യം ആകാശം മുഴങ്ങുമാറ്‌ ഉച്ചത്തിൽ എനിക്ക് വിളിച്ചുപറയണം." അതു പറഞ്ഞ ശേഷം വർഗീസ് നിശബ്ദനും ശാന്തനുമായിരുന്നു.

വർഗീസിനെ വഹിച്ചുകൊണ്ട് പോയ പോലീസ് ജീപ്പ് ഒരു പാറമട കണ്ടപ്പോൾ അവിടെ നിർത്തി.  അന്നത്തെ ദിവസം രണ്ടുമണിയായപ്പോൾ ഒരു പോലീസുകാരൻ വർഗീസിന്റെ കണ്ണുകൾ രണ്ടും മൂടിക്കെട്ടി. അതിനുശേഷം അയാളെ ഒരു പാറമേൽ ഇരുത്തി. കോൺസ്റ്റബിൾ നായർ അയാൾക്ക് ഭക്ഷണവും ഒരു ബീഡിയും കൊടുത്തു. ആറരമണിയായപ്പോൾ ഡപ്യുട്ടി എസ്.പി. ലക്ഷ്മണൻ നക്സലേറ്റ് നേതാവിനു ചുറ്റും പോലീസുകാരോട് നിൽക്കാൻ പറഞ്ഞു. വർഗീസിനെ വെടിവെച്ചു വധിക്കാൻ പോവുന്നുവെന്നു കോൺസ്റ്റബിൾമാരെ ലക്ഷ്മണൻ അറിയിക്കുകയും ചെയ്തു. ഡി.ഐ.ജി വിജയനും തൊട്ടടുത്തുണ്ടായിരുന്നു.

ലക്ഷ്മണൻ എല്ലാവരുടെയും മുമ്പിൽ ചെന്ന് വർഗീസിനെ വെടി വെക്കാൻ തയ്യാറുള്ളവർ കൈപൊക്കാൻ ആജ്ഞാപിച്ചു. അക്കൂടെ റപ്പായിയും ശ്രീധരനും കൈകൾ പൊക്കി. ഹനീഫ ആദ്യം കൈകൾ പൊക്കാൻ മടിച്ചെങ്കിലും അവസാനം കൈപൊക്കി. "താൻ മാത്രം കൈകളുയർത്തിയില്ലന്നും" രാമചന്ദ്രൻ നായർ പറഞ്ഞു. കാരണമെന്തെന്ന് ലക്ഷ്മണൻ ചോദിച്ചപ്പോൾ "അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു" കോൺസ്റ്റബിൾ നായരുടെ മറുപടി. ഇത് കേട്ട ലക്ഷ്മണൻ "ഒരു പോലീസുകാരനും ഇതോടൊപ്പം അപകടപ്പെട്ട രീതിയിൽ മരിക്കുമെന്നും" നായരോടായി   മുന്നറിയിപ്പ് കൊടുത്തു. നായർ ലക്ഷ്മണനിൽ നിന്നുള്ള ഭീക്ഷണികളെപ്പറ്റി ചിന്തിച്ചു. 'താൻ വർഗീസിനെ  വധിച്ചാലും ഇല്ലെങ്കിലും അയാൾ ഏതായാലും വധിക്കപ്പെടും. താൻ മരിച്ചാൽ സ്വന്തം  കുടുംബം അനാഥരായി തീരുമെന്നും ചിന്തിച്ചു. ഭാര്യ, മക്കൾ വഴിയാധാരമാകും.' അങ്ങനെയെങ്കിൽ ലക്ഷ്മണന്റെ ആജ്ഞ അനുസരിച്ചുകൊണ്ട് ദൗത്യം പൂർത്തിയാക്കുകയെന്ന മാർഗമേ നായരുടെ മുമ്പിലുണ്ടായിരുന്നുള്ളൂ.

വർഗീസിനെ വെടിവെക്കുന്നതിനുള്ള തീരുമാനത്തിൽ ഭിന്നാഭിപ്രായം പറഞ്ഞ നായരെ തന്നെ തോക്കിന്റെ കാഞ്ചി വലിക്കാൻ ലക്ഷ്മണൻ ചുമതലപ്പെടുത്തി. നായർ തോക്കിന്റെ മുന വർഗീസിന്റെ നേരെ ചൂണ്ടി. കണ്ണുകൾ മൂടപ്പെട്ടിരുന്ന വർഗീസ് നിശബ്ദനായി ഒന്നുമറിയാത്തപോലെ ആ പാറമടയിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ശാന്തനായിരുന്നെങ്കിലും സംഭവിക്കാൻ പോവുന്നതിൽ ബോധവാനായിരുന്നു. എന്തുകൊണ്ട് പെട്ടെന്ന് സംഭവിക്കുന്നില്ലായെന്നതിലും വിസ്മയഭരിതനായിരുന്നു. നായർ തോക്കിൻ മുനകൾ അവന്റെ ചങ്കിനു നേരെയുയർത്തി. അപ്പോഴാണ് അവന്റെ അപേക്ഷയെപ്പറ്റി ഓർത്തത്. വെടിവെക്കുന്നതിനു മുമ്പ് നാക്കുകൊണ്ട് ഒരു ശബ്ദമുണ്ടാക്കി. "വിപ്ലവം നീണാൾ വാഴട്ടെയെന്നു" വർഗീസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അയാളുടെ ശബ്ദം ആകാശം മുഴങ്ങത്തക്കവണ്ണമായിരുന്നു. വർഷങ്ങൾക്കുശേഷം ഓർമ്മകൾ കോർത്തിണക്കിക്കൊണ്ടുള്ള വർഗീസിന്റെ ഈ കഥ രാമചന്ദ്രൻ നായർ ചാനലുകാരുടെ ക്യാമറായുടെ മുമ്പിൽനിന്നു പറയുമ്പോൾ സ്വയം പൊട്ടി കരയുന്നുണ്ടായിരുന്നു.  നായർ പറഞ്ഞു, "നിസ്സഹായനായ താൻ തോക്കിന്റെ കാഞ്ചി വലിച്ചു. അവൻ താഴെ വീണു. മരണം സ്ഥിതികരിക്കുകയുമുണ്ടായി."

തിരുനെല്ലി പോലീസ് സ്റ്റേഷനടുത്ത്  കൂമ്പാരക്കുനിക്കു സമീപം വർഗീസിന്റെ ശരീരം കണ്ടെടുക്കപ്പെട്ടു. പള്ളി അയാളുടെ ശരീരം അടക്കാൻ സമ്മതിക്കാത്ത കാരണം വെള്ളമുണ്ടയിലുള്ള ഒഴുക്കൻമൂല പൂർവിക തറവാട്ടിൽ മൃതദേഹം സംസ്‌ക്കരിച്ചു. 1998-ൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ മൊഴി അനുസരിച്ചു ലക്ഷ്മണനെ ജീവപര്യന്തവും പതിനായിരം രൂപാ പിഴയും നൽകി ശിക്ഷിച്ചു.

അറുപതുകളിലും എഴുപതുകളിലും നക്സൽബാരിയിൽ പ്രവർത്തിച്ചിരുന്ന പ്രസിദ്ധരായവരിൽ  പലരും കാലത്തിന്റെ ഒഴുക്കിൽ പുരോഗമന വാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വർഗീസിന്റെ കൂടെ പ്രവർത്തിച്ചിരുന്ന ഫിലിപ്പ് എം പ്രസാദ് ചിന്തിക്കുന്നത് നക്സൽ പ്രസ്ഥാനവും തത്ത്വചിന്തകളും കാലഹരണപ്പെട്ടു പോയിയെന്നാണ്. അദ്ദേഹം 'സത്യസായി ബാബാ' ആശ്രമത്തിന്റെ ഒരു തീവ്രഭക്തനുമാണ്. അജിത ഇന്ന് ഭാര്യയും അമ്മയുമാണ്. സ്ത്രീകളുടെ ക്ഷേമാന്വേഷണത്തിനായുള്ള സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു വരുന്നു. ഭൂനയങ്ങളും പരിഷ്‌കാരങ്ങളും മൂലം നക്സൽ തത്ത്വസംഹിതകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇന്നലെകളുടെ നക്സൽ നേതാവായിരുന്ന കെ. വേണു തൃശൂരിൽ കെട്ടിട നിർമ്മാണങ്ങളും കോൺട്രാക്ടുമായി നടക്കുന്നു. കൂടാതെ മതസിദ്ധാന്തങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തീവ്രമായ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഇദ്ദേഹം ഇന്ന് വിശ്വസിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് ധനതത്ത്വ ശാസ്ത്രത്തിലാണ്. ചെറുപ്പമായിരുന്ന കാലങ്ങളിൽ ഇവരെയെല്ലാം ആകർഷിച്ചിരുന്നത് മാവോയുടെ തത്ത്വ സംഹിതകളായിരുന്നു. (തുടരും)



ലക്ഷ്മണൻ 




ഗ്രോവ് വാസു 




Ajitha 

Philip M Prasad 




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...