ജോസഫ് പടന്നമാക്കൽ
2015 ഡിസംബർ മാസത്തിൽ 195 രാജ്യങ്ങൾ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ സമ്മേളിക്കുകയും വർദ്ധിച്ചുവരുന്ന ഭൂമിയുടെ താപനിലയെപ്പറ്റി ചർച്ച ചെയ്യുകയുമുണ്ടായി. അനേക വർഷങ്ങളുടെ ശ്രമഫലമായിരുന്നു ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടാൻ സാധിച്ചത്.തന്മൂലം മനുഷ്യരാശിക്ക് സംഭവിക്കാവുന്ന ദുരിതങ്ങളെപ്പറ്റിയും വിശകലനം ചെയ്തു. അതനുസരിച്ച് കാലാവസ്ഥ വ്യതിയാന നിയന്ത്രണങ്ങളെ സംബന്ധിച്ച ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു. അന്നുകൂടിയ ലോകരാഷ്ട്രങ്ങളുടെ തീരുമാനമനുസരിച്ച് 2016 നവംബർ നാലാം തിയതി കാലാവസ്ഥ ക്രമീകരണ നയം നടപ്പിലാക്കിയിരുന്നു. ഭൂമിയുടെ അന്തരീക്ഷ വായുവിലുള്ള ചൂടിന്റെ അളവ് നിയന്ത്രിക്കുകയെന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. താപനില ഭൂമിയിലും ആകാശത്തിലും വെള്ളത്തിലും ഒരുപോലെ വർദ്ധിക്കാം. കഴിഞ്ഞ നൂറു വർഷത്തെ ഭൂമിയുടെ താപനില സ്‌കെയിലനുസരിച്ച് ഏകദേശം 0.75 ഡിഗ്രി സെന്റിഗ്രേഡ് അതായത് 1.4 ഫാറൻ ഹീറ്റ് വർദ്ധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നു. 1975നു ശേഷം താപനില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
പാരീസിൽ ഉടമ്പടി ഒപ്പു വെക്കുമ്പോൾ വാഹനങ്ങളും ഫാക്റ്ററികളുമൂലം ഏറ്റവുമധികം അന്തരീക്ഷം മലിനമാക്കുന്ന, വാതകങ്ങൾ പുറത്താക്കുന്ന, രാജ്യങ്ങളിൽ അമേരിക്കയുമുണ്ടായിരുന്നു. ഇത് മനുഷ്യ ജാതിക്കെതിരായ ഒരു ആക്രമണമായി ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ വിധിയെഴുതി. ലോക നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്തജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഈ ഉടമ്പടി പൂർണ്ണമല്ലെന്നു സമ്മതിച്ചിരുന്നു. ലോക താപനില നിയന്ത്രിക്കാൻ ഉടമ്പടി ആവശ്യത്തിന് മതിയാകില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഇത് ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റ വഴിത്തിരിവെന്നും വിശേഷിപ്പിച്ചു. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, "നാം വസിക്കുന്ന ഈ ഭൂമുഖത്തെ രക്ഷിക്കാനുള്ള ഏറ്റവും നല്ല അവസരമെന്നും" ഉടമ്പടിയെ ന്യായികരിച്ചുകൊണ്ടു ലോകനേതാക്കളോടു പറഞ്ഞിരുന്നു.
2017 ജൂൺ മാസത്തിൽ! പാരീസുടമ്പടിയിൽനിന്നു അമേരിക്ക പിൻവാങ്ങുന്നുവെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ അറിയിച്ചു. കൂടുതലായി വിവരങ്ങളൊന്നും നൽകാതെ പുതിയ ഒരു കാലാവസ്ഥ രൂപീകരണ നയം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ജർമ്മനിയിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും നേതാക്കന്മാർ ഉടമ്പടിയ്ക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്നുള്ള നിലപാടുമെടുത്തു. 195 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടിയാണിത്. അവരിൽ അമേരിക്കയുൾപ്പടെ 148 രാജ്യങ്ങൾ ഉടമ്പടി സമ്മതിച്ചുറപ്പിക്കുകയും ചെയ്തിരുന്നു. സിറിയായും നിക്കാർഗുവായും ഒഴിച്ചുള്ള ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു.
ഭൂമിയുടെ താപനില ഉയരുകയും താഴുകയും ചെയ്യുന്നത് സ്വാഭാവികമോ അതോ മനുഷ്യന്റ പ്രവർത്തന മണ്ഡലങ്ങളുടെ പരിണിത ഫലങ്ങളോയെന്നുള്ളത് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും രാഷ്ട്രീയക്കാരുടെയും വിവാദ വിഷയങ്ങളാണ്. വ്യാവസായിക വിപ്ളവത്തിനു മുമ്പ് കാലാവസ്ഥ വ്യതിയാനം സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്നു. അന്ന് അത്തരം മാറ്റങ്ങൾ മനുഷ്യന്റെ പ്രവർത്തനചര്യകൾ മൂലം സംഭവിച്ചിരുന്നില്ല. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറവനുസരിച്ച് കാലാവസ്ഥയുടെ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അഗ്നി പർവ്വതങ്ങൾ പൊട്ടുമ്പോളുണ്ടാകുന്ന വാതകങ്ങൾ അന്തരീക്ഷത്തെ മലിനമാക്കിയിരുന്നു. കോടാനുകോടി വർഷങ്ങളായി ഭൂമിയുടെ ഈ പ്രക്രീയ തുടർന്നുകൊണ്ടിരുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.
97 ശതമാനം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ആഗോള താപനില സംഭവിക്കുന്നത് മനുഷ്യന്റെ പ്രവർത്തന ഫലംകൊണ്ടല്ലെന്നാണ്. യന്ത്രങ്ങളിൽനിന്നും വാഹനങ്ങളിൽനിന്നും വരുന്ന വിസർജന വാതകങ്ങൾ ഭൂമിയുടെ താപനില കൂട്ടുമെന്നുള്ള കണക്കുകൂട്ടലുകൾ അസത്യങ്ങളെന്നും ശാസ്ത്രജ്ഞർ കരുതുന്നു. 2008-ൽ അമേരിക്കയിൽ 31000 ശാസ്ത്രജ്ഞർ ഒപ്പിട്ട ഒരു പെറ്റിഷനിൽ പറഞ്ഞിരിക്കുന്നത് ഭൂമി ചൂടാകാൻ കാരണം ഭ്രമണ പദങ്ങളിൽ ഭൂമി ചുറ്റുന്നതുകൊണ്ടെന്നും മനുഷ്യന്റെ പ്രവർത്തനം കൊണ്ടല്ലെന്നുമാണ്. ഫാക്റ്ററികളിലും വാഹനങ്ങളിൽ നിന്നും പുറപ്പെടുന്ന വാതകങ്ങൾ ഭൂമിയുടെ താപനില വർദ്ധിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും വാദങ്ങളായി കരുതുന്നു.
പാരീസുടമ്പടി പിൻവലിക്കുന്ന വിഷയത്തിൽ യുണൈറ്റഡ് നാഷന്റെ നിയമങ്ങളെ മാനിക്കുമെന്നും വൈറ്റ് ഹൌസ് പറഞ്ഞു. ഉടമ്പടി നിയമം അനുസരിച്ച് 2020 വരെ രാജ്യങ്ങൾക്ക് ഉടമ്പടി പിൻവലിക്കാൻ പാടില്ലെന്നുമുണ്ട്. മൂന്നുവർഷം കഴിഞ്ഞു മാത്രമേ അതിനുള്ള പേപ്പറുകൾ ഹാജരാക്കാൻ പാടുള്ളൂ. പിൻവലിക്കുന്നതിന് ഒരു വർഷം മുമ്പ് നോട്ടീസ് കൊടുത്തിരിക്കണം. 2019 നവംബറിൽ മാത്രമേ അമേരിക്കയ്ക്ക് അതിനായി അപേക്ഷ കൊടുക്കാൻ സാധിക്കുള്ളൂ. അങ്ങനെയെങ്കിൽ 2020 നവംബറിൽ ഈ ഉടമ്പടി പിൻവലിക്കാൻ സാധിക്കും. അപ്പോഴേക്കും തെരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റ് വൈറ്റ് ഹൌസിൽ വന്നു കഴിഞ്ഞിരിക്കും. അതിന്റെയർത്ഥം ഉടമ്പടിയിൽനിന്നും പിൻവാങ്ങണോയെന്ന അവസാന തീരുമാനമെടുക്കുന്നത് അമേരിക്കൻ വോട്ടർമാരായിരിക്കുമെന്നാണ്.
നിയമങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഉടമ്പടിയെ അമേരിക്ക മാനിക്കണമെന്നില്ല. അതിനാൽ ഉടമ്പടിയിലെ വ്യവസ്ഥകൾ ട്രംപ് നിരസിക്കാനാണ് സാധ്യത. പരിസ്ഥിതി സംരക്ഷണത്തിനായി 1992-ൽ സ്ഥാപിതമായ യൂ.എൻ.എഫ്.സി.സി.സി ((United Nations Framework Convention on Climate Change) അംഗത്വത്തിൽ നിന്ന് അമേരിക്കാ പിന്തിരിയുകയെന്നാണ് പോംവഴി. അതിനുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിലും ഒരു വർഷമെടുക്കും. എന്താണെങ്കിലും പാരീസുടമ്പടിയിൽ നിന്നുള്ള പിന്മാറ്റം മറ്റുള്ള ലോകരാഷ്ട്രങ്ങളുടെയിടയിൽ അമേരിക്കയെപ്പറ്റിയുള്ള മതിപ്പു കുറയാനിടയാക്കും.
ഉടമ്പടി റദ്ദാക്കിയതുമൂലം ഭൂമിയുടെ താപവും കാലാവസ്ഥയുടെ വ്യതിയാനവും സംബന്ധിച്ചുള്ള ആഗോള രാജ്യങ്ങളുടെ പിന്തുണ അമേരിക്കയ്ക്കു നഷ്ടപ്പെടും. നേതൃത്വം മറ്റു പുരോഗമിക്കുന്ന രാഷ്ട്രങ്ങൾ കരസ്ഥമാക്കും. വാസ്തവത്തിൽ ചൈന ഇനി ലോകത്തെ നയിക്കും. യൂറോപ്പിലുള്ളതുപോലെ ചൈനയുടെ കൈവശം ഊർജ്ജത്തിനാവശ്യമായ എല്ലാവിധ ആധുനിക ടെക്കനോളജികളുമുണ്ട്. പാരീസ് ഉടമ്പടി എത്രയും വേഗം നടപ്പാക്കാൻ ചൈന ആഗ്രഹിക്കുന്നു. അതേ സമയം അമേരിക്കയിലെ നല്ലയൊരു ശതമാനം റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും ചിന്തിക്കുന്നത് പാരീസ് ഉടമ്പടി രാജ്യത്തിനുപകാരപ്പെടില്ലെന്നും ഇന്ത്യയെയും ചൈനയെയും സാമ്പത്തികമായി മെച്ചപ്പെടുത്തുമെന്നുമാണ്.
ട്രംപ് പറഞ്ഞു! "അമേരിക്ക, പാരീസുടമ്പടിയിൽ നിന്ന് പിൻവാങ്ങുന്നു. കൂടുതൽ ക്രിയാത്മകമായ മറ്റൊരു ഉടമ്പടിക്കായി കൂടിയാലോചനകൾ തുടർന്നു കൊണ്ടിരിക്കും. ഉടമ്പടിയനുസരിച്ചുള്ള കാലാവസ്ഥ നിവാരണ ഫണ്ടിനു നൽകുന്ന അമേരിക്കയുടെ വക എല്ലാ സഹായങ്ങളും നിർത്തൽ ചെയ്യും. ഉടമ്പടിയിൽ തുടർന്നാൽ വലിയൊരു സമ്പത്താണ് അമേരിക്കയ്ക്ക് നഷ്ടപ്പെടാൻ പോകുന്നത്. അതേ സമയം അമേരിക്കൻ ജനതയ്ക്ക് ഉടമ്പടികൊണ്ടു യാതൊരു പ്രയോജനമില്ലതാനും." പാരീസ് ഉടമ്പടി രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നുവെന്നും ട്രംപ് കരുതുന്നു. രാജ്യത്തിനുള്ളിൽ തന്നെ രാജ്യം സംരക്ഷിക്കാൻ പ്രത്യേകമായ പരിസ്ഥിതി നിയമം ഉണ്ട്. ആ നിയമത്തെപ്പോലും ചോദ്യംചെയ്യലാണ് ഈ ആഗോള നിയമം.
അമേരിക്കയെ സംബന്ധിച്ചടത്തോളം ഈ ഉടമ്പടി രാജ്യത്തിനു പ്രയോജനപ്രദമായിരിക്കില്ലെന്നു വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. മറ്റുള്ള മൂന്നാം ലോകങ്ങളിലെ രാജ്യങ്ങൾക്കു മാത്രം പ്രയോജനപ്രദമാകുന്ന ഒരു ഉടമ്പടി മാത്രമാണിത്. 'അമേരിക്കയെ ശിക്ഷിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും' ട്രംപ് പറഞ്ഞു. അന്തരീക്ഷം മലിനീകരണം നടത്തുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് അതിൽ യാതൊരു ശിക്ഷയുമില്ല. അത് നീതിയായ ഒരു ഉടമ്പടിയല്ലെന്നും ട്രംപ് വ്യക്തമാക്കി. ഉടമ്പടി, രാജ്യത്തിലെ നികുതിദായകർക്കു ബില്യൻ കണക്കിന് ഡോളർ ചെലവുള്ള കാര്യമാണ്. അതേസമയം മറ്റു വികസിതമല്ലാത്ത രാജ്യങ്ങൾക്ക് യാതൊരു മുടക്കുമില്ല. ഉടമ്പടിയനുസരിച്ച്, അവരുടെ ചെലവുകൾ വഹിക്കാനും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ബാധ്യസ്ഥരാണ്.
പാരീസുടമ്പടി പിന്തുടർന്നാൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപക്ഷെ തകരാറുണ്ടാകാം. ശുദ്ധമായ വാതകം അന്തരീക്ഷത്തിൽ ഉത്ഭാദിപ്പിക്കുക വഴി നിലവിലുള്ള ഫാക്റ്ററികൾ അടച്ചുപൂട്ടേണ്ടി വരും. അതു വഴി മില്യൻ കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതാവും. റവന്യൂവിൽ വലിയൊരു തുക അന്തരീക്ഷ മലിനീകരണ നിർമ്മാജ്ജനത്തിനായി നീക്കി വെക്കേണ്ടി വരും. ഹരിതക ഗ്രഹ വാതകം നിറഞ്ഞിരിക്കുന്ന മലിനമായ രാജ്യത്തിന്റെ അന്തരീക്ഷം പത്തു വർഷം കൊണ്ട് ഇരുപത്തിയെട്ടു ശതമാനം കുറയ്ക്കുമെന്നായിരുന്നു അമേരിക്ക പ്രതിജ്ഞ ചെയ്തിരുന്നത്.
അമേരിക്കയുടെ കൽക്കരി വ്യവസായം തകർന്നു കൊണ്ടിരിക്കുകയായിരുന്നു. ശുദ്ധമായ കൽക്കരികൊണ്ടു അത് പുനരുദ്ധരിച്ച് വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതികളുണ്ടായിരുന്നു. കെന്റക്കിയിലും വയൊമിങ്ങിലുമുള്ള കൽക്കരി വ്യവസായികൾ പാരീസ് ഉടമ്പടി റദ്ദാക്കാൻ അമേരിക്കൻ ഭരണകൂടങ്ങളെ സ്വാധീനിച്ചിരുന്നു. അതുമൂലം കൽക്കരി ഖനികളിൽ മില്യൻ കണക്കിന് തൊഴിലവസരങ്ങൾ നിലനിർത്താൻ സാധിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കാൻ സഹായകമാകത്തക്കവണ്ണം അമേരിക്കയിൽ സുലഭമായിരിക്കുന്ന കൽക്കരിയുടെ ഖനനം പുനരാരംഭിക്കുമെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലുണ്ടായിരുന്നു. ശുദ്ധമായ ഊർജ സംസ്ക്കരണത്തിൽ കൽക്കരി വ്യവസായങ്ങൾക്ക് ഭാവിയുണ്ടായിരിക്കില്ല.
'അമേരിക്ക ആദ്യം' (America First) എന്ന പല്ലവി പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയിൽ ട്രംപ് തന്റെ വിദേശനയങ്ങളോടൊപ്പം ആവർത്തിക്കാറുണ്ടായിരുന്നു. അദ്ദേഹം, രാജ്യത്തിനുള്ളിലെ ജനങ്ങളുടെ വിശ്വസം നേടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം നികുതിദായകർക്ക് പ്രയോജനമില്ലാത്ത പാരീസ് ഉടമ്പടിയിൽനിന്നും അമേരിക്ക പിന്മാറാൻ തീരുമാനിച്ചു. അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യങ്ങളിലെ അന്തരീക്ഷ മലിന നിവാരണത്തിനു ഫണ്ട് നൽകുന്നില്ലായെന്നും തീരുമാനമെടുത്തു. അമേരിക്കയിൽ ചില പട്ടണങ്ങളിൽ പോലീസിനെ നിയമിക്കാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ രാജ്യത്തിലെ ഫണ്ട് വിദേശത്തൊഴുകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമാണ് പാരിസ് ഉടമ്പടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അമേരിക്ക എക്കാലവും പരിസ്ഥിതി സൗഹാർദ രാഷ്ട്രമായി നിലകൊള്ളാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും ഹരിതക ഗ്രഹ (ഗ്രീൻ ഹൌസ്) വാതകങ്ങളുടെ പേരിൽ രാജ്യത്തുള്ള ഒരു വ്യവസായവും പൂട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. വ്യവസായങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. 'അമേരിക്കയെ ഉപദ്രവിച്ചുകൊണ്ടു ഒരു ഉടമ്പടിക്കും തന്റെ രാജ്യം തയ്യാറല്ലെന്നും ലോകത്തോടല്ല ആദ്യം കടപ്പാട് രാജ്യത്തോടാണെന്നും' ട്രംപ് പറഞ്ഞു. ഉടമ്പടി അമേരിക്കയിലെ ജനങ്ങൾക്ക് യാതൊരു ഉപകാരവും ഇല്ല. അതേ സമയം വൻതുക ഇതിനായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് നൽകുകയും വേണം. അത് രാജ്യത്ത് സാമ്പത്തികമായ ആഘാതം ഏൽപ്പിക്കും. 'അമേരിക്കയുടെ താല്പര്യത്തിനു വിരുദ്ധമായ ഒരു ഉടമ്പടിയിലും തുടരാൻ താല്പര്യമില്ലെന്നും ഇത്തരത്തിൽ പുനഃപരിശോധന ചെയ്യേണ്ട പല ഉടമ്പടികളുമുണ്ടെന്നും' ട്രംപ് കൂട്ടി ചേർത്തു.
പാരീസ് ഉടമ്പടിയനുസരിച്ച് പുരോഗമിച്ച രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങൾക്കായി 100 ബില്യൺ ഡോളർ കാലാവസ്ഥ ഫണ്ടിന് നല്കണമെന്നുള്ളതാണ്. ഇതിനോടകം അമേരിക്കയുടെ വീതമായ 10.3 ബില്യനിൽ ഒരു ബില്യൻ ഡോളർ നൽകി കഴിഞ്ഞു. സഹായം കിട്ടുന്ന രാജ്യങ്ങൾ കൂടുതലും ഗുരുതരമായ പരീസ്ഥിതി പ്രശ്നങ്ങളുള്ളവരും സാമ്പത്തികമായി പിന്നോക്കമുള്ള രാജ്യങ്ങളുമായിരിക്കും. ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങളിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സമുദ്ര നിരപ്പുയരും. കടൽത്തീരത്തു താമസിക്കുന്നവർ അവിടെ നിന്ന് പോകേണ്ടി വരും. അത്തരം ഒരു സാഹചര്യമുണ്ടായാൽ വമ്പിച്ച അഭയാർത്ഥി പ്രശ്നങ്ങളെയും നേരിടേണ്ടി വരും. മില്യൻ കണക്കിന് ജനം ഭവനരഹിതരാകും. കുടിവെള്ളം ഇല്ലാതാകും. അടുത്ത പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ കാലാവസ്ഥയിലെ മാറ്റംകൊണ്ട് ലോകത്തുള്ള നൂറു മില്യൻ ജനങ്ങളെ ദരിദ്രരാക്കുമെന്നു അനുമാനിക്കുന്നു.
പാരീസിൽ ട്രംപ് ചെയ്ത പ്രസംഗമനുസരിച്ച് അമേരിക്കൻ നയപരിപാടികളിൽ അദ്ദേഹം വിജയിച്ചുവെന്നും തോന്നാം. പക്ഷെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ട്രംപിന്റെ തീരുമാനം ഒരു പരാജയമായി കാണാനും സാധിക്കും. അമേരിക്കൻ കമ്പനികൾക്ക് വിദേശകമ്പനികളുടെ സഹായം ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്. ഭാവിയിലും വിദേശത്ത് വ്യവസായ സംരംഭങ്ങളിൽ അമേരിക്ക ഏർപ്പെടേണ്ടി വരും. വിദേശ രാഷ്ട്രങ്ങളുടെമേൽ അമേരിക്കയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാൽ അത്തരം സംരഭങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടും.
ട്രംപിന്റെ തീരുമാനം കോർപ്പറേറ്റ് അമേരിക്ക സ്വാഗതം ചെയ്യുന്നില്ല. ഫോർച്ച്യൂൺ-'500' അമേരിക്കൻ കോർപറേഷനുകളിൽ 69 കമ്പനികൾ പാരീസ് ഉടമ്പടി സാമ്പത്തിക വളർച്ചയ്ക്ക് ഉപകാരപ്രദമെന്നു കരുതുന്നു. അവർ ഉടമ്പടിയെ പിന്തുണച്ച് കത്തുകളും പരസ്യങ്ങളും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ തീരുമാനം അമേരിക്കയിലെ വൻകിട കമ്പനികളെ നിരാശപ്പെടുത്തിയിരുന്നു. ഭാവിയിൽ കാലാവസ്ഥയെപ്പറ്റിയും പരിസ്ഥിതി താൽപ്പര്യങ്ങളെപ്പറ്റിയും ലോകരാജ്യങ്ങളുമായി പങ്കു ചേരാനുള്ള അവസരം, ഉടമ്പടി റദ്ദാക്കിയതുമൂലം അമേരിക്ക നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നാണ് അവരുടെ വാദം. വൻകിട വ്യവസായികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻതിരിഞ്ഞത് നേതൃത്വത്തിന്റെ പരാജയമായി കണക്കാക്കുന്നു. തൊഴിൽ ചെയ്യുന്നവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ജോലിചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. അമേരിക്കൻ മണ്ണിൽ നല്ല ഊർജം വേണമെന്നുള്ള തത്ത്വത്തെയുമാണ്! ബലികഴിച്ചത്. അമേരിക്കൻ നേതാക്കന്മാർ ലോകത്തിന്റെ മുമ്പിൽ ഒറ്റപ്പെട്ടു കഴിയുമ്പോൾ അത് അമേരിക്കയിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന ജനങ്ങളെയും ബാധിക്കും. ആഗോള സാമ്പത്തിക വളർച്ചയിൽ അമേരിക്കൻ സാമ്പത്തികം പരാജയപ്പെടും. തൊഴിൽ മേഖലകളിൽ ഫലപ്രദമായ പുരോഗമനം ഉണ്ടാകണമെങ്കിൽ ആഗോള സാമ്പത്തികത്തെയും (Macro Economics) ആശ്രയിക്കേണ്ടതായുണ്ട്.
പാരീസ് ഉടമ്പടിയിൽനിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അമേരിക്കയിൽനിന്നും മറ്റു രാഷ്ട്രങ്ങളിൽനിന്നും കടുത്ത എതിർപ്പുകളാണ് വന്നിരിക്കുന്നത്. ലോകനേതാക്കളും ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവർത്തകരും ഒന്നുപോലെ ഈ തീരുമാനം നിരാശജനകവും പരിതാപകരവു'മെന്നു പറഞ്ഞു. അമേരിക്കയെ വിശ്വസിക്കാൻ സാധിക്കില്ലാത്ത രാഷ്ട്രമെന്ന ധാരണയിലേക്കും എത്തിച്ചു. അന്തരീക്ഷ ശുദ്ധീകരണം ആവശ്യമുള്ള അമേരിക്കയിലെ ഏതാനും പട്ടണങ്ങളിലെ നേതൃത്വം പാരീസ് ഉടമ്പടിയെ സ്വാഗതം ചെയ്തിരുന്നു. പിറ്റ്സുബെർഗ് മേയർ പാരീസ് ഉടമ്പടിയെ ആദരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റീൽ ഉത്ഭാദിപ്പിക്കുന്ന ഫാക്റ്ററികൾ നിറഞ്ഞിരിക്കുന്ന അവിടം മലിനമായ ഒരു പട്ടണമാണ്. പട്ടണത്തിലെ വാഹനങ്ങൾ നിർബന്ധമായും ഹൈബ്രിഡ് ആക്കുമെന്നും നിരത്തുകൾ ഇലക്ട്രിക്ക് വാഹനങ്ങളായി മാറ്റപ്പെടുമെന്നും മേയർ പ്രഖ്യാപിച്ചു. ഭാവിയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഊർജം ലാഭിച്ചുകൊണ്ടു പണിയുമെന്നും അറിയിച്ചു. സോളാർ ഊർജത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ തയ്യാറാക്കുന്നു.
ഭൂമിയുടെ താപനില വ്യത്യസ്തമാകുന്നതിനു കാരണം സ്വാഭാവികമായ പ്രകൃതിയുടെ തന്നെ മാറ്റമെന്നും അനുമാനിക്കുന്നുണ്ട്. അതേ സമയം ആധുനികതയുടെ ഇന്നത്തെ ഈ താപ വർദ്ധനയുടെ കാരണം അന്തരീക്ഷം മലിനമാകുന്നതുകൊണ്ടെന്നും തത്ത്വമുണ്ട്. മോട്ടോർ വാഹനങ്ങളുടെയും ഫാക്റ്ററികളുടെയും പെട്രോളിയം ഗ്യാസുകൾ അന്തരീക്ഷത്തെ അശുദ്ധമാക്കുന്നു. കാർബൺ ഡയ് ഓക്സൈഡ് നിറഞ്ഞ വാതകങ്ങളും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുമ്പോൾ ഭൂമിയിൽ ചൂട് വർദ്ധിക്കാൻ കാരണമാകും. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിയുടെ നിഗൂഢതയിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതനുസരിച്ച് ഭൂമിയുടെ താപനില സ്വാഭാവികമായും പ്രകൃതിതന്നെ ക്രമീകരിച്ചിട്ടുമുണ്ട്. അത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും സുരക്ഷിതമായ രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ വ്യവസായ വിപ്ലവം ആരംഭിച്ചതിൽ പിന്നീട്, മനുഷ്യന്റെ ദൈനം ദിന പ്രവർത്തനങ്ങൾ കൊണ്ട്, അന്തരീക്ഷം കൂടുതൽ മലിനമാകാൻ കാരണമായി. തന്മൂലം ഭൂമിയുടെ സമതുലനാവസ്ഥക്ക് മാറ്റം വന്നു. ഭൂമിയിൽ ചൂട് ഒരു ഡിഗ്രിയോളം കൂടുതലായി വർദ്ധിച്ചിട്ടുണ്ടെന്നതും കണക്കുകൂട്ടിയിരിക്കുന്നു.
അന്തരീക്ഷത്തിലേക്ക് വമിക്കുന്ന അപകടകാരികളായ വാതകസമ്മിശ്രങ്ങളെ ഹരിതക ഗ്രഹഫല (Green House Effect) ഊർജ വാതകങ്ങൾ എന്ന് പറയും. അത് വൈദ്യുത കാന്ത തരംഗങ്ങളായി അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു. വായൂ മണ്ഡലം ചൂട് പിടിക്കുംതോറും ഭൂമിയുടെ താപ നില വർദ്ധിക്കാനും കാരണമാകും. ഹരിതക ഗ്രഹം (ഗ്രീൻ ഹൌസ്) എഫക്ട് ഭൂമിയുടെ ചൂട് വർദ്ധിപ്പിക്കുന്നുവെന്നു ശാസ്ത്രീയ പ്രബന്ധങ്ങളും വ്യക്തമാക്കുന്നു. വനനശീകരണം, ഫോസിൽ കത്തിക്കൽ മുതലായവകളും ഭൂമിയെ ചൂടു പിടിപ്പിക്കാം. നാം അധിവസിക്കുന്ന ഭൂമിയുടെ താപനിലയുടെ വർദ്ധനവ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഐസ് ഷീറ്റുകൾ ഉരുകുന്നതും, സമുദ്ര നിരപ്പ് ഉയരുന്നതും, കാലാവസ്ഥ വ്യതിയാനവും, വരൾച്ചയും, കൊടുങ്കാറ്റും, വെള്ളപ്പൊക്കവും സംഭവിക്കുന്നത് ഭൂമിയുടെ താപനില വർദ്ധിക്കുന്നതുകൊണ്ടാണ്. ഈ മാറ്റങ്ങൾ പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ബാധിക്കും. മനുഷ്യന്റെ പ്രവർത്തനചര്യകളിൽ നിന്നുമുണ്ടാകുന്ന ഹരിതക ഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചാൽ ഇന്ന് ഭൂമിയിൽ അനുഭവപ്പെടുന്ന താപ നില വർദ്ധിച്ചുകൊണ്ടിരിക്കും.
ഭൂമിക്കടിയിൽ നിന്നും രൂപപ്പെട്ട ജൈവ ഇന്ദ്രീയങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുമ്പോഴും ചൂട് വർദ്ധനവിന് കാരണമാകാം. ജീവജാലങ്ങൾക്ക് നിലനില്പിനാവശ്യമായ താപനില പ്രകൃതി നില നിർത്തുന്നുവെങ്കിൽ അതിനെ ഹരിതക ഗ്രഹാന്തര ഉദ്ധിഷ്ടസിദ്ധി (ഗ്രീൻ ഹൌസ് എഫക്റ്റ്) എന്ന് പറയും. അത് സ്വാഭാവികമായ ഭൂമിയുടെ പ്രവർത്തനമാണ്. അത്തരം വാതകങ്ങളുടെ അഭാവത്തിൽ മനുഷ്യർക്കും പക്ഷി മൃഗങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും സസ്യ ലതാതികൾക്കും ജീവസന്ധാരണം നടത്താനാവാതെ ഭൂമിതന്നെ മുഴുവനായി തണുത്തു മരവിച്ചിരിക്കും. ഭൂമിയുടെ ജീവപരമായ നിലനിൽപ്പിനു പലതരം വാതകങ്ങൾ തുല്യ അനുപാതത്തിൽ ആവശ്യമാണ്. അതിൽ എന്തെങ്കിലും വാതകം അനുപാതകമായി കുറയുകയോ കൂടുകയോ ചെയ്‌താൽ അത് ഭൂമിയുടെ താപനിലയെയും ബാധിക്കും. ചില ജീവജാലങ്ങൾക്ക് വംശ നാശം സംഭവിക്കുന്നതും ഭൂമിയുടെ ഇത്തരം വൈകൃതങ്ങളാകാം.
മനുഷ്യൻ കാരണമുള്ള ഗ്രീൻ ഹൌസ് വാതകങ്ങൾ പ്രകൃതിയിലേയ്ക്ക് വമിക്കുന്ന കാരണം പ്രകൃതി സ്വാഭാവികമായി നൽകുന്ന വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിന്റെ സമതുലനാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നു. അത്തരം അധികമായി വരുന്ന വാതകത്തെ അന്തരീക്ഷത്തിൽ നിന്നും ശുദ്ധമാക്കേണ്ടതുണ്ട്. എ.ഡി.1750 മുതലുള്ള വ്യവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷത്തിൽ ഗ്രീൻ ഹൌസ് വാതകങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, മറ്റു വാതക മൂലകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിച്ചിരിക്കുന്നതായി കാണാം. കൽക്കരി കത്തിച്ച വാതകവും അന്തരീക്ഷത്തെ കാർബൺ ഡയ് ഓക്‌സൈഡുകൊണ്ട് നാശമാക്കുന്നു. വ്യവസായങ്ങൾ, സിമന്റ് ഉത്ഭാദനം, വനം നശിപ്പിക്കൽ മുതലായവകളും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. മീതേൻ വാതകം സാധാരണ എല്ലു പൊടി പൊടിക്കുന്ന ഫാക്ടറികൾ, ഫോസിൽ, കന്നുകാലികൾ, കൃഷിയുത്ഭാദനം, നെൽവയലുകൾ എന്നിവടങ്ങളിൽ നിന്നാകാം. നൈട്രസ് ഓക്സൈഡ് വാതകങ്ങൾ കൃഷിയ്ക്കുള്ള കൃത്രിമ വളത്തിൽ നിന്നും പുറപ്പെടുവിക്കുന്നു. റെഫ്രിറിജെറ്റർ, ശീതീകരിക്കുന്ന മറ്റു മെഷീനുകൾ എന്നിവകൾ ഫ്ലൂറിനേറ്റഡ് ശ്രവണക വാതകങ്ങൾ ഉത്ഭാദിപ്പിക്കുന്നു.
ഭൂമി ചൂടുപിടിച്ചാൽ കാലാവസ്ഥയ്ക്ക് വ്യതിയാനം വരുകയും പരിസ്ഥിതിക്ക് നാശം വരുകയും ചെയ്യും. അതിനു തെളിവായി ആർട്ടിക്ക് സമുദ്രത്തിലെ ഐസ് ഉരുകുന്ന കാഴ്‌ച കാണാൻ സാധിക്കും. മഞ്ഞു കട്ടികൾ ഒഴുകി നടക്കുന്നതും ദൃശ്യമാണ്. ഭൂമിയുടെ താപം കൂടിയാൽ ഭൂപ്രദേശം മരുഭൂമിയാകും. സമുദ്ര നിരപ്പിൽനിന്നും വെള്ളം കയറി കരകളെ കീഴടക്കും. കൊടുങ്കാറ്റും ചുഴലിക്കാറ്റും ഉണ്ടാകും. ചൂട് കൂടുംതോറും വരണ്ടതും കുറച്ചു വരണ്ടതുമായ ഭൂമി ദൃശ്യമാകും. ഭൂമി ചുട്ടുപഴുത്തുകൊണ്ടുമിരിക്കും. വരണ്ട പ്രദേശങ്ങളിൽ വെള്ളത്തിന്റെ അളവുകളും കുറഞ്ഞുകൊണ്ടിരിക്കും. മഴ പെയ്യാത്ത അവസ്ഥ വന്നുചേരും. ഭൂപ്രദേശങ്ങൾ മുഴുവൻ കടുത്ത മരുഭൂമിയായി മാറ്റപ്പെടുകയും ചെയ്യും. എവിടെയും വെള്ളത്തിനു ക്ഷാമം അനുഭവപ്പെടും. മില്യൻ കണക്കിന് ജനം വെള്ളമില്ലാതെ കഷ്ടപ്പെടും. സസ്യങ്ങൾ വളരാനാകാതെയുള്ള സ്ഥിതിവിശേഷങ്ങളുമുണ്ടാകാം. ഭൂമിയുടെ ഫലഭൂയിഷ്‌ഠത നശിച്ചുകൊണ്ട് ഒടുവിൽ ആ ഭൂപ്രദേശങ്ങൾ മരുഭൂമികളായി മാറും.
കാലങ്ങൾ കഴിയുംതോറും ലോകത്തെല്ലായിടവും താപനിലയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആൽപ്സ് പർവതത്തിലും ഹിമാലയത്തിലും റോക്കി മലയിലും അലാസ്‌ക്കായിലും മഞ്ഞുരുകൽ സാധാരണമാണ്. ഇവിടെയെല്ലാം സ്‌നോയുടെ ആഴവും കട്ടിയും കുറഞ്ഞു വരുന്നതും കാണാം. കഴിഞ്ഞ മുപ്പതു വർഷങ്ങൾ കൊണ്ട് ഒരു മില്യൻ ചതുരശ്ര മൈലുകളോളം ഐസുകൾ ഇല്ലാതായിരിക്കുന്നു. 2010 മുതൽ അന്റാർട്ടിക്കായിലും ഐസ് ഉരുകുന്നത് ഇരട്ടിയായി. 1880 മുതൽ സമുദ്രത്തിന്റെ ജലനിരപ്പ് ഏകദേശം എട്ടിഞ്ചോളം വർദ്ധിച്ചിട്ടുണ്ട്. അതിശൈത്യങ്ങളുള്ള സമുദ്രങ്ങളിലെ ഐസും മഞ്ഞുകട്ടയും ഉരുകുമ്പോൾ വെള്ളത്തിന്റെ അളവും വർദ്ധിക്കും.1970നു ശേഷം കൊടുങ്കാറ്റ് വർദ്ധിച്ചിട്ടുണ്ട്. ഇതിനു കാരണം സമുദ്രത്തിൽ വെള്ളം ചൂടായി നിലനിരപ്പ് കൂടുന്നതുകൊണ്ടാണ്. പെസഫിക്കിൽ നിന്നും അറ്റ്ലാന്റിക്കിൽ നിന്നുമുള്ള കൊടുങ്കാറ്റിന്റെ ശക്തി കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ഇരട്ടിയായിട്ടുണ്ട്. ഭൂമിയുടെ താപാവസ്ഥ ഉയരുമ്പോൾ കൊടുങ്കാറ്റിന്റെ ശക്തി വളരെയധികം വർദ്ധിക്കും.
ചൂടുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ പ്രവർത്തനങ്ങളും ഭൂമിയുടെ സ്വാഭാവികതയും സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്ര ലോകം സാറ്റലൈറ്റ് വഴി അളക്കാൻ ശ്രമിക്കുന്നുണ്ട്. അക്കൂടെ ഫാക്ടറികളും മരുഭൂമികളും അഗ്നി പർവ്വതങ്ങളും അന്തരീക്ഷ വാതകങ്ങളും കാലാവസ്ഥ മാറ്റങ്ങളും സൂര്യനും, സമുദ്രങ്ങളിലെ ഐസും ചെടികളുടെ വളർച്ചയും മഴയും കാർ മേഘങ്ങളും നിരീക്ഷണത്തിലാണ്. 1950 മുതലാണ് ഭൂമിയുടെ താപനില ഉയരാൻ മനുഷ്യരും ഉത്തരവാദികളെന്ന ചിന്തകൾ ശാസ്ത്ര ലോകത്ത് പ്രചരിക്കാൻ തുടങ്ങിയത്. അഗ്നിപർവതങ്ങൾ പൊട്ടുന്ന സമയം ഭൂമിയുടെ താപനിലയ്ക്ക് വിത്യാസങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെയുള്ള പ്രകൃതിയുടെ പ്രതിഭാസങ്ങളും നിരീക്ഷണത്തിലാണ്.
No comments:
Post a Comment