Friday, June 2, 2017

വിമോചന സമരവും പറയപ്പെടാത്ത കഥകളും



ജോസഫ് പടന്നമാക്കൽ

1956 നവംബർ ഒന്നാംതീയതി, പഴയ തിരുകൊച്ചിയുടെ ഭൂരിഭാഗം പ്രദേശങ്ങളും മലബാറും കൂട്ടിയോജിപ്പിച്ച്, കേരള സംസ്ഥാനം രൂപീകരിച്ചു. അരി വിളയുന്ന നെൽപ്പാടങ്ങൾ നിറഞ്ഞ ഫലഭൂയിഷ്ടമായ നാഞ്ചനാടൻ ഭൂപ്രദേശങ്ങൾ തിരുകൊച്ചിയിൽനിന്നും അടർത്തി തമിഴ്‌നാടിന്റെ ഭാഗമായും ചേർക്കപ്പെട്ടു. 1957-ൽ ചരിത്രത്തിലാദ്യമായി കേരള സംസ്ഥാനത്ത് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്നു. 127 അംഗങ്ങളുള്ള അസംബ്ലിയിലേയ്ക്ക് ഭരിക്കാൻ വേണ്ട നേരീയ ഭൂരിപക്ഷം നേടിയാണ്, അന്ന് കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്. അഞ്ചു സ്വതന്ത്രമാരുൾപ്പടെ  പാർട്ടി 65 സീറ്റുകൾ കരസ്ഥമാക്കിയിരുന്നു.ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു.

'നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ' എന്ന കമ്മ്യുണിസ്റ്റു മുദ്രാവാക്യം കർഷകത്തൊഴിലാളികളെ ആവേശം കൊള്ളിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി 1957-ൽ അധികാരത്തിൽ വന്നത് ഒരു വ്യക്തമായ പ്രകടന പത്രികയിൽക്കൂടിയായിരുന്നു. അതിനുമുമ്പുള്ള തിരുകൊച്ചിയിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രകടന പത്രികകളൊന്നും അവതരിപ്പിച്ചിരുന്നില്ല. ഭൂപരിഷ്‌ക്കരണം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസ പരിഷ്ക്കരണം എന്നിവകളെല്ലാം പത്രികയിൽ ഉൾപ്പെട്ടിരുന്നു.  ഭരണത്തിലിരിക്കവേ ദേവികുളത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടി നേടിയ വിജയം കേരള ജനതയിൽ നല്ല മതിപ്പുണ്ടാക്കുകയും ഭരണം സുഗമമായി തുടരുകയും ചെയ്തു. സാധാരണക്കാരെ സംബന്ധിച്ച് ഭരണം തൃപ്തികരമായിരുന്നെങ്കിലും അധികാരഭ്രമം ബാധിച്ച ചില രാഷ്ട്രീയ പാർട്ടികളെയും മതമേധാവികളെയും ഭരണം വിറളി പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

ജനക്ഷേമകരമായ പ്രവർത്തന പദ്ധതികളുമായി സർക്കാർ മുമ്പോട്ടു പോവുന്ന സന്ദർഭത്തിലാണ് കത്തോലിക്കാ സഭയ്ക്കും മന്നത്തു പത്മനാഭനും ഭരണകൂടത്തിനെതിരെ പ്രതികാര ബുദ്ധി ജനിച്ചത്. അതുവരെ കത്തോലിക്കാ സഭയുമായി അഭിപ്രായവിത്യാസത്തിൽ കഴിഞ്ഞിരുന്ന മന്നത്തു പത്ഭനാഭനെ പുരോഹിതരും ബിഷപ്പുമാരും തോളിലേറ്റിയും രഥത്തിൽ എഴുന്നള്ളിച്ചും അലങ്കരിച്ച വണ്ടികളിലും നാടു ചുറ്റിക്കാൻ തുടങ്ങി. വിമോചന സമര മുന്നണിയുടെ നേതാവായി മന്നത്തിനെ  തെരഞ്ഞെടുക്കുകയും ചെയ്തു. സഭയും അന്നത്തെ രാഷ്ട്രീയക്കാരും മന്നത്തു പത്മനാഭന്! ഭാരത കേസരിയെന്ന സ്ഥാനവും നൽകി ബഹുമാനിച്ചു. സർവ്വശ്രീ പി.റ്റി. ചാക്കോ, ആർ.ശങ്കർ, പട്ടംതാണുപിള്ള എന്നിവരും മുന്നണി പോരാളികളായിരുന്നു.

ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നതും കോൺഗ്രസ്സ് പാർട്ടിയുടെ പരാജയവും നെഹ്രുവിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. എങ്കിലും ഭരണഘടനയുടെ ചട്ടക്കൂട്ടിൽതന്നെ ഒരു സർക്കാർ രൂപീകരിക്കാൻ സമ്മതിച്ചു. അന്ന് കോൺഗ്രസ്സ് പാർട്ടിയെ നയിച്ചിരുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ മന്ത്രിസഭ ഇൻഡ്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭന്മാർ ഉൾപ്പെട്ടതായിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി വി.ആർ. കൃഷ്ണയ്യർ, കൊച്ചിൻ യുണിവേഴ്സിറ്റി വൈസ് ചാൻസലാറായിരുന്ന ജോസഫ് മുണ്ടശേരി, ഡോക്ടർ എ.ആർ.മേനോൻ, ഗൗരിയമ്മ, ടി.വി. തോമസ്, അച്യുതമേനോൻ എന്നിങ്ങനെ പ്രഗത്ഭരായവർ ഭരണത്തിലെ ഓരോ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. മന്ത്രി സഭയുടെ നിർണ്ണായക ഘട്ടത്തിൽ സ്വതന്ത്രന്മാരെ ചാക്കിടാൻ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടി ശ്രമിച്ചിരുന്നെങ്കിലും ആദർശം മുറുകെ പിടിച്ചിരുന്ന പ്രശസ്തരായ ഈ സാമാജികർ ആരും തന്നെ ഒരു കുതികാൽ വെട്ടിനു തയ്യാറായിരുന്നില്ല.അങ്ങനെ മന്ത്രിസഭയെ താഴെയിടാനുള്ള കോൺഗ്രസിന്റെ ശ്രമം വിമോചനസമരത്തിനു മുമ്പേ പരാജയപ്പെട്ടിരുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്തിലെ ഭൂനയ നിയമമനുസരിച്ച് ഇന്ത്യയിൽ ജന്മി സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. അതായത് ഭൂമി കൈവശം വെക്കാനുള്ള അവകാശം ഏതാനും വ്യക്തിഗത ജന്മി മുതലാളിമാർക്കുള്ളതായിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം  ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും സർക്കാരിന്റെ ഇടപെടൽ മൂലം ഭൂപരിഷ്‌ക്കരണ ബിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെയും കേരളത്തിലെയും ഭൂപരിഷ്‌ക്കരണ ബില്ലായിരുന്നു അതിൽ ഏറ്റവും പ്രസിദ്ധമായിരുന്നത്. ഇ.എം.എസ്. മന്ത്രിസഭയിൽ അന്ന് ഭൂനിയമം അവതരിപ്പിച്ചത്! റവന്യൂ മന്ത്രിയായിരുന്ന ശ്രീ മതി ഗൗരിയമ്മയായിരുന്നു.

കമ്മ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നയുടൻ അവർ വാഗ്ദാനം ചെയ്തതുപോലെ  ഭൂപരിഷ്ക്കരണ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണുണ്ടായത്. താമസിയാതെ വിദ്യാഭ്യാസവും തൊഴിൽ ക്ഷേമ പദ്ധതികളും പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയിട്ടു. കോൺഗ്രസ്സ് സർക്കാർ അഖിലേന്ത്യാ തലത്തിൽ ഭൂപരിഷ്‌ക്കരണ നിയമങ്ങൾ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പരിഷ്‌ക്കാരങ്ങൾ ഇന്ത്യയിൽ ഒരു സ്ഥലത്തും ഒരിക്കലും പ്രായോഗികമാക്കിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്ക്കരണത്തിനായുള്ള ബില്ല് അസംബ്ലിയിൽ കൊണ്ടുവന്നയുടൻ ആദ്യം എതിർത്തത് കോൺഗ്രസ്സ് പാർട്ടിയായിരുന്നു. ഒപ്പം ജന്മി മുതലാളിമാരും വർഗീയ ശക്തികളും ബില്ലിനെ ശക്തിയായി എതിർത്തു. അവർക്ക് കൃഷി പരിഷ്‌കാരങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നയത്തിലും പ്രത്യേകമായ സ്വാർത്ഥ താല്പര്യങ്ങളുണ്ടായിരുന്നു.

ഭൂനയ പരിഷ്‌ക്കരണ ബിൽ സഭയിൽ അവതരിപ്പിച്ചത് സാധാരണക്കാരായ കർഷകരുടെ ക്ഷേമ താല്പര്യങ്ങൾക്കുവേണ്ടിയായിരുന്നു. 'കാലാകാലങ്ങളായി ജന്മിയുടെ പുരയിടത്തിൽ കിടക്കുന്ന കുടിയാനെ അതുമൂലം പത്തു സെന്റ് ഭൂമിക്ക് അവകാശിയാക്കിയിരുന്നു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടു കൃഷിക്കാരന് കൃഷി ചെയ്യാനുള്ള അവസരം നൽകുക, ഭൂമിക്ക് പരിധി നിർണ്ണയിക്കുക, മിച്ച ഭൂമി ഭൂരഹിതരായ കൃഷിക്കാർക്ക് വിതരണം ചെയ്യുക, കൃഷിയിടങ്ങളിൽ കാണുന്ന അനീതി അവസാനിപ്പിക്കുക, സമൂഹത്തിൽ പയ്യെ പയ്യെ പുരോഗമനം കൈവരിക്കുക മുതലായ കർഷകർക്ക് ഉപകാരപ്രദമായ വകുപ്പുകൾ ഭൂനയ ബില്ലിലുണ്ടായിരുന്നു.

'ഭൂമി അദ്ധ്വാനിക്കുന്നവനെന്നുള്ള' പുരോഗമന വിപ്ലവകാരികളുടെ മുദ്രാവാക്യങ്ങൾ! രാജ്യത്തുള്ള ജന്മി മുതലാളിമാരിൽ ഞെട്ടലും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും നിശ്ചയിക്കപ്പെട്ടു. കുടികിടപ്പുകാരും കുടിലിൽ താമസിക്കുന്നവരും മിച്ചഭൂമി ലഭിക്കാനുള്ള അവകാശവും നേടി. അവർ, നൂറ്റാണ്ടുകളോളം പൂർവിക തലമുറകൾ മുതൽ ജന്മിമുതലാളിത്ത വ്യവസ്ഥിതിയിൽ അതേ ഭൂമിയിൽ പണിയെടുത്തവരായിരുന്നു. കൂടാതെ കുടികിടപ്പവകാശവും കുടിയാനെ ഭൂമിയിൽനിന്ന് ഇറക്കി വിടാതിരിക്കാനുള്ള അവകാശവും ലഭിച്ചു. ചരിത്രപരമായ ആ ഭൂനിയമം കാരണം ജന്മിത്വം അവസാനിക്കുകയും കുടിയാൻമാർ താമസിക്കുന്ന വീടും പത്തു സെന്റ്‌ പുരയിടവും ജന്മിയിൽനിന്നു അവർ സ്വന്തമാക്കുകയും ചെയ്തു. ഈ നിയമം ഇ.എം.എസിന്റെ  ആദ്യമന്ത്രിസഭയുടെ കാലത്ത് തുടങ്ങിയെങ്കിലും പൂർണ്ണാവകാശത്തോടെ പ്രാബല്യത്തിലായത് 1970 ജനുവരി ഒന്നാം തിയതിയായിരുന്നു. എങ്കിലും നാണ്യവിള നേടുന്ന ഏലം, കുരുമുളക്, തേയില, റബർ പോലുള്ള എസ്റ്റേറ്റുകൾ ഭൂപരിധിയിൽ നിന്നു ഒഴിവാക്കപ്പെട്ടിരുന്നു.

കൃഷി ഭൂമികൾ ആധുനിവൽക്കരിക്ക വഴി സാമ്പത്തിക പുരോഗതി സംസ്ഥാനമാകെ നേടിയിരുന്നു. ഒപ്പം ജന്മിത്വം അവസാനിപ്പിക്കാനും ഈ ബില്ലുമുഖേന സാധിച്ചു. ഭൂമി പാട്ടത്തിനു കൊടുത്ത് പണം ശേഖരിക്കുന്ന വ്യവസ്ഥകൾ അവസാനിപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങൾ തങ്ങൾക്കു താമസിക്കാനുള്ള ഭൂമി സ്വന്തമാക്കി. അക്കാലത്ത് ഭൂമിയുള്ളവനെ അന്തസുള്ളവനായും ഭൂമിയില്ലാത്തവനെ  അടിമയെപ്പോലെയും സമൂഹം കരുതിയിരുന്നു. കേരള ഭൂപരിഷ്ക്കരണനിയമം മനുഷ്യന്റെ ചിന്താഗതികൾക്കും മാറ്റം വരുത്തി. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ പരിഷ്‌ക്കാരങ്ങൾ  വന്നപ്പോൾ  ദരിദരനും അതിലൊരു പങ്കുപറ്റി. ആ നിയമം കൊണ്ട് സമൂഹത്തിൽ! പല പ്രതിഫലനങ്ങളുമുണ്ടായി. സാമൂഹിക ബന്ധങ്ങൾക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനങ്ങളിൽ പുത്തനായ ആവേശം പകരാൻ കാരണമായി. ഭൂമിയില്ലാത്ത ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാൻ തുടങ്ങി.

'ഇ.എം.എസ്' മന്ത്രിസഭ പോലീസ് നയങ്ങളിലും മാറ്റങ്ങൾ വരുത്തിയിരുന്നു. പോലീസ്, തൊഴിലാളികളോട് മാന്യമായും നയമായും പെരുമാറണമെന്നും നിർദ്ദേശിച്ചു. അവരുടെ അവകാശങ്ങളെ മാനിക്കണമെന്നും അവരെ മാനസികമായി ഉപദ്രവിക്കുകയോ പീഡിപ്പിക്കുയോ പാടില്ലാന്നും  ഉത്തരവ് കൊടുത്തു. പാരമ്പര്യമായി മുതലാളിമാരെ മാത്രം സഹായിക്കുന്ന പോലീസിന്റെ നയപരിപാടികളിലും മാറ്റങ്ങൾ വരുത്തിയിരുന്നു. ട്രേഡ് യൂണിയനെയും കൃഷിക്കാരെയും പാവങ്ങളെയും പീഢിപ്പിക്കൽ അവസാനിപ്പിക്കാനും സർക്കാരിൽനിന്നും ഓർഡർ കൊടുത്തിരുന്നു. കുറ്റകൃത്യങ്ങൾ മാത്രം ചെയ്യുന്നവരെ പിടിക്കുകയെന്നതു മാത്രമേ പോലീസിന്റെ ചുമതലയിൽപ്പെട്ടതുള്ളൂവെന്നും ഓർമ്മിപ്പിച്ചു. ഈ നിയമങ്ങളും ബൂർഷാ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു.

1957 ജൂലൈ പതിമൂന്നാം തിയതി വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കേരളാ  അസംബ്ലിയിൽ വിവാദപരമായ വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചു. പിന്നീട് ബിൽ പാസ്സാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രസിഡന്റ് ഒപ്പിടുന്നതിനു മുമ്പ് 'ബിൽ' സുപ്രീം കോടതിയുടെ പരിഗണനയിലും വന്നിരുന്നു. 1958 ജൂൺ മാസത്തിൽ ബില്ലിനെ കോടതി അംഗീകരിക്കുകയും ചെയ്തു. അദ്ധ്യാപകരുടെ ക്ഷേമം മുൻനിർത്തി തയ്യാറാക്കിയ ഒരു ബില്ലായിരുന്നു അത്. അദ്ധ്യാപക നിയമനത്തിൽ! പ്രൈവറ്റ് സ്‌കൂളിലും സർക്കാർ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. സർക്കാർ നിയന്ത്രണത്തോടെ അർഹരായ അദ്ധ്യാപകരെ നിയമിക്കണമെന്നുള്ള വ്യവസ്ഥ പുരോഹിതരെ ചൊടിപ്പിച്ചു. പ്രൈവറ്റ് മാനേജ്‌മെന്റിലെ അദ്ധ്യാപകർക്കുള്ള ശമ്പളം സർക്കാർ കൊടുക്കണമെന്നും നിർദ്ദേശിച്ചു. കാര്യക്ഷമതയോടെ സ്‌കൂൾ പരിപാലിക്കാത്ത പക്ഷം അഞ്ചു വർഷത്തേയ്ക്ക് സ്‌കൂളുകൾ സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള വകുപ്പുമുണ്ടായിരുന്നു. നിയമനത്തിൽ ജാതിയും മതവും റിസർവേഷനും ഉൾപ്പെടുന്നതിൽ സഭയുടെ എതിർപ്പിന് കാരണമായി. സ്‌കൂളുകളും കോളേജുകളും സർക്കാർ ഏറ്റെടുക്കുന്നുവെന്ന കിംവദന്തികൾ! സഭയും, രാഷ്ട്രീയക്കാരും ഒന്നുപോലെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

പ്രൈമറി സ്‌കൂൾ ലെവൽവരെ എല്ലാ കുട്ടികൾക്കും നിർബന്ധിത വിദ്യാഭ്യാസം നടപ്പാക്കണമായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനു പുറമെ സൗജന്യ ഭക്ഷണവും ബില്ലിൽ നിർദ്ദേശിച്ചിരുന്നു. പതിനാലു വയസുവരെ സൗജന്യമായി പഠിക്കാനുള്ള ടെക്സ്റ്റ് ബുക്കുകളും സർക്കാർ നൽകും. ഓരോ ക്ലാസിലും പഠിക്കേണ്ട പുസ്തകങ്ങൾ ഒരു വിദഗ്ദ്ധ കമ്മറ്റിയുടെ പരിഗണനയ്ക്കു ശേഷം തീരുമാനിക്കണമായിരുന്നു. കമ്മറ്റി നിശ്ചയിക്കുന്ന പുസ്തകങ്ങൾ കുട്ടികളെ ബ്രെയിൻ വാഷിങ് നടത്താനെന്നും പുരോഹിതർ ആരോപണം ഉന്നയിച്ചു. മതം പഠിപ്പിക്കുന്നതു മറ്റൊരു തരത്തിലുള്ള മസ്‌തിഷ്‌ക്ക പ്രഷാളനമെന്ന വസ്തുത പുരോഹിതർ മനസിലാക്കിയുമില്ല. കൂടാതെ ജോസഫ് മുണ്ടശേരി കമ്മ്യൂണിസ്റ്റനുഭാവമുള്ള ഒരു സഭാ വിരോധിയെന്നും പുരോഹിതർ വിധിയെഴുത്തും നടത്തിയിരുന്നു.

ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗം ഭൂസ്വത്തുള്ളവരും എസ്റ്റേറ്റ് ഉടമകളുമായിരുന്നു. ഭൂനയ ബില്ലിനെ അവർ ഭയപ്പെട്ടു. ചൈനയിലെപ്പോലെ ഭൂമി മുഴുവൻ കർഷകനാകുമെന്നുള്ള പ്രചരണവും ശക്തമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നല്ലൊരു പങ്ക് ക്രിസ്ത്യൻ മാനേജ്‌മെന്റിന്റ കീഴിലായിരുന്നു. സ്‌കൂളുകളും കോളേജുകളും കയ്യടക്കാൻ പോകുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഉയർന്ന സർക്കാർ ഉദ്യോഗങ്ങൾ വഹിച്ചിരുന്നത് നായന്മാരായിരുന്നു. ഭൂരിഭാഗം ഡോക്ടർമാരും വക്കീലന്മാരും എഞ്ചിനീയർമാരും അവരുടെ സമുദായത്തിലുള്ളവരായിരുന്നു. അവരിലെ ബുദ്ധിജീവികളിൽ നല്ലൊരു ശതമാനം കമ്മ്യുണിസത്തെ വെറുക്കുകയും ചെയ്തിരുന്നു.  ശ്രീ നാരായണ ധർമ്മ പരിപാലന സംഘങ്ങളിലുള്ള (SNDP)അനേകരും വിമോചന സമരത്തിനെ അനുകൂലിച്ചിരുന്നു. ആർ. ശങ്കറായിരുന്നു എസ്.എൻ.ഡി.പി. സംഘടനകൾ നയിച്ചിരുന്നത്. മുസ്ലിം ലീഗും വിമോചനസമരത്തിനു പിന്തുണ കൊടുത്തു. മുസ്ലിമുകളും അക്കാലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിപുലീകരിക്കുന്ന കാലമായിരുന്നു. സർക്കാരിനെതിരെ ക്രിസ്ത്യാനികളും നായന്മാരും എസ്.എൻ.ഡി.പി യും മുസ്‌ലിം ലീഗും ഒന്നുപോലെ, ഐക്യദാർഢ്യത്തോടെ സമരങ്ങൾ നയിക്കാനും തീരുമാനിച്ചു.

ഭൂനയബില്ലും വിദ്യാഭ്യാസ ബില്ലും ഖണ്ഡിച്ചുകൊണ്ട് ശ്രീ മന്നത്തു പത്ഭനാഭന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസപ്രക്ഷോപണമെന്ന പേരിൽ വിമോചന സമരത്തിനു തുടക്കമിട്ടു. മന്ത്രി സഭ താഴെയിടുന്നതിനായി സ്വതന്ത്രന്മാരെ ചാക്കിട്ടു പിടിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ ശ്രമങ്ങൾ പരാജയമായപ്പോൾ കമ്മ്യുണിസ്റ്റ് വിരോധികളെ നയതന്ത്രങ്ങളിൽക്കൂടി ഒന്നടങ്കം യോജിപ്പിക്കാൻ അവർക്കു കഴിഞ്ഞു. കോൺഗ്രസിലെ നേതാക്കന്മാരായ ആർ. ശങ്കർ, പി.റ്റി .ചാക്കോ എന്നിവരോടൊപ്പം സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ പട്ടം താണുപിള്ളയുടെ പിന്തുണയും വിമോചന സമരത്തിനുണ്ടായിരുന്നു. മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ മതപുരോഹിതരുടെയും നായർ സർവീസ് സൊസൈറ്റിയുടെയും പിന്തുണയോടെ വിമോചന സമരം കേരളം മുഴുവൻ ശക്തിയായി പൊട്ടിപ്പുറപ്പെട്ടു.  കേരളത്തിലെ പ്രബലമായ മതങ്ങൾ ഒന്നിച്ചുകൂടി കമ്മ്യുണിസത്തിനെതിരെ സമരം ചെയ്തതും ചരിത്ര സംഭവമായിരുന്നു. ക്രിസ്ത്യാനികളിൽ സുറിയാനി കത്തോലിക്കർ സമരത്തിനു ചുക്കാൻ പിടിച്ചു. മനോരമ, ദീപിക പോലുള്ള പത്രങ്ങൾ സമരക്കാരിൽ  ആവേശവും നൽകിക്കൊണ്ടിരുന്നു.

ബിഷപ്പുമാർ ഇടയലേഖനങ്ങളിറക്കിയാൽ അജഗണങ്ങൾ നന്മതിന്മകൾ ചിന്തിക്കാതെ കുറുവടികളുമായി പടയ്ക്ക് പുറപ്പെടുന്ന കാലവുമായിരുന്നു. ഇടയ ലേഖനങ്ങളുടെ പ്രവാഹവും സമരത്തിന് ആവേശം നൽകിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റുകാർ ഭൂസ്വത്തുക്കൾ മുഴുവൻ പിടിച്ചെടുക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ കയ്യടക്കാൻ പോകുന്നുവെന്നും പറഞ്ഞുകൊണ്ട് മതവും ക്രിസ്ത്യൻ മാധ്യമങ്ങളും പ്രചരണം ആരംഭിച്ചു. മതവും രാഷ്ട്രീയവും ഒത്തു ചേർന്നുള്ള അർദ്ധ സത്യങ്ങളടങ്ങിയ പ്രചരണങ്ങളിൽക്കൂടി ക്രിസ്ത്യാനികളിലും നായന്മാരിലും ഭയമുണ്ടാക്കികൊണ്ടിരുന്നു. കാരണം, ഈ രണ്ടു പ്രബല ജാതികളായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ട സമുദായക്കാർ. വിമോചന സമരം വിജയിക്കാൻ ഈ സമുദായങ്ങളുടെ സഹകരണങ്ങളും ആവശ്യമായിരുന്നു.

അക്രമണ മാർഗങ്ങളോടെയുള്ള സമരം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണത്തെ സ്തംഭിപ്പിക്കാൻ സാധിച്ചു. കേരളമാകെയുള്ള സ്‌കൂളുകൾ അടച്ചുപൂട്ടിച്ചു. ഇരുപത്തിനാലു മണിക്കൂറും ഓഫീസുകൾക്കു മുമ്പിൽ പിക്കറ്റിങ് നടത്തുകയെന്നതും സമരക്കാരുടെ അടവായിരുന്നു. 1959 ജൂൺ പന്ത്രണ്ടാം തിയതി  കെ.പി.സി.സി. യും സമരത്തിന് ആഹ്വാനം ചെയ്തു. പിക്കറ്റിങ്ങും പ്രകടനങ്ങളും നാടാകെ കൊടുമ്പിരി കൊണ്ടു. 1959 ജൂൺ ഇരുപത്തിരണ്ടാം തിയതി നെഹ്‌റു തിരുവനന്തപുരത്തെത്തി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സമരക്കാർക്ക് നിരുപാധികം മന്ത്രിസഭയുടെ രാജി മാത്രം മതിയായിരുന്നു.

ഇതിനിടയിൽ സമരത്തിന്റെ തീവ്രതയിൽ ജനങ്ങൾ അക്രമാസക്തരായപ്പോൾ അങ്കമാലിയിലും വലിയതുറയിലും വെടിവെപ്പുണ്ടായി. വെടിവെപ്പിൽ ഫ്ലോറിയെന്ന ഗർഭിണി വെടിയേറ്റു മരിച്ചത്! നാടാകെ കോളിളക്കം സൃഷ്ടിക്കുകയും സ്ത്രീ പുരുഷന്മാരും അബാല വൃദ്ധ ജനങ്ങളും സമര മുന്നണിയിൽ ഇറങ്ങുകയും ചെയ്തു. ജനങ്ങളുടെ വൈകാരികത മുതലെടുക്കാൻ ഫ്ലോറിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിലപിക്കുന്ന ഫോട്ടോകളടങ്ങിയ ലക്ഷക്കണക്കിന് പോസ്റ്ററുകൾ നാടുനീളെ പതിപ്പിച്ചുകൊണ്ടിരുന്നു. വനിതകളുടെ കുറ്റിച്ചൂലും കർഷകരുടെ തൊപ്പിപ്പാളയും ധരിച്ചുള്ള സമരം നിത്യ സംഭവങ്ങളായിരുന്നു. കേരളം മുഴുവൻ സമരാഗ്നി ജ്വലിച്ചുകൊണ്ടിരുന്നു. "തെക്കു തെക്കൊരു ദേശത്ത് ഫ്ലോറിയെന്നൊരു ഗർഭിണിയെ വെടിവെച്ചു കൊന്നൊരു സർക്കാരെ, ഞങ്ങളുടെ ചങ്കിലെ ചോരയ്ക്ക് നിങ്ങളുടെ കൊടിയുടെ നിറമാണെങ്കിൽ പകരം ഞങ്ങൾ ചോദിക്കുമെന്ന" മുദ്രാവാക്യങ്ങളും വിളിച്ച് ദീപശിഖകളുമേന്തി നാടാകെ പ്രകടനങ്ങളുമുണ്ടായിരുന്നു.

1959 ജൂലൈ മുപ്പത്തിയൊന്നാംതിയ്യതി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടന 356 പ്രകാരം പിരിച്ചുവിടുകയുണ്ടായി. സംസ്ഥാനത്തുണ്ടായ അരാജകത്വവും ആക്രമണങ്ങളും നിയമരാഹിത്യവും ജനവിപ്ലവങ്ങളും കാരണങ്ങളാൽ കേന്ദ്ര സർക്കാരിനു ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു. വാസ്തവത്തിൽ അന്ന് ഇന്ത്യൻ ജനാധിപത്യത്തിനു നേരെ കളങ്കം ചാർത്തിയ ഒരു ദിനമായിരുന്നു. ജനാധിപത്യത്തിൽക്കൂടി തെരഞ്ഞെടുത്ത സർക്കാരിനെ വിമോചന സമരം വഴി താഴെയിറക്കിയതിൽ അന്നു പങ്കെടുത്ത കോൺഗ്രസുകാർപോലും തെറ്റായിരുന്നുവെന്നു വിചാരിക്കുന്നു. ജനാധിപത്യം സ്ഥാപിക്കുന്നതിനും സ്വാതന്ത്ര്യ സമരത്തിനുവേണ്ടിയും സമരം ചെയ്ത കോൺഗ്രസ്സ് ഒരു ജനാധിപത്യ വിരുദ്ധ പാർട്ടിയായി പ്രവർത്തിക്കുകയായിരുന്നു.

കമ്മ്യുണിസം ഇന്ത്യൻമണ്ണിൽ വേരു പിടിക്കുന്നുവെന്ന യാഥാർഥ്യത്തെ അമേരിക്കയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. കേരളത്തിൽ തുടങ്ങിവെച്ച കമ്മ്യുണിസ്റ്റു പ്രസ്ഥാനങ്ങൾ കാലക്രമത്തിൽ ഇൻഡ്യ മുഴുവനായി കീഴ്പ്പെടുത്തുമെന്നു പാശ്ചാത്യ ശക്തികളും കണക്കുകൂട്ടിയിരുന്നു.1973 മുതൽ 1978 വരെ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായിരുന്ന ഡാനിയൽ പാട്രിക്ക് മോയിനിഹാന്റെ (Daniel Patrick Moynihan) ഡേഞ്ചറസ് പ്ലേസ് (A dangerous place) എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ വിമോചനസമരത്തിൽ  സി.ഐ.എ യുടെ പങ്കിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. മോയിനിഹാൻറെ അഭിപ്രായങ്ങളെ പ്രസിദ്ധ എഴുത്തുകാരനായ ഹൊവാർഡ് ഷെഫേർ (HOWARD B. SCHAFFER) തന്റെ 'എൽസ് വോർത് ബങ്കർ' (Ellsworth Bunker) എന്ന ജീവചരിത്ര ഗ്രന്ഥത്തിൽക്കൂടിയും വ്യക്തമാക്കിയിട്ടുണ്ട്. ബങ്കർ 1956 മുതൽ 1961 വരെ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിരുന്നു. അമേരിക്ക ഇന്ത്യയിൽ കമ്മ്യുണിസം വ്യാപിക്കാതിരിക്കാൻ കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയ്‌ക്കെതിരെ 'ഫണ്ട്' (Fund) നൽകിയിരുന്നുവെന്നും ബങ്കർ പറഞ്ഞിരുന്നതായി ആ പുസ്തകത്തിലുണ്ട്.കേരളത്തിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ കമ്മ്യുണിസം വേരൂന്നിയപ്പോൾ അന്ന് ഇൻഡ്യ മുഴുവൻ കമ്മ്യുണിസം വ്യാപിക്കുമെന്ന് പാശ്ചാത്യ ശക്തികൾ ഭയപ്പെട്ടിരുന്നു. റക്ഷ്യയോടും ചൈനായോടുമൊപ്പം ഇന്ത്യയും കമ്മ്യുണിസത്തിൽ വീണാൽ അത് അമേരിക്കയ്ക്ക് ഭീഷണിയായിരിക്കുമെന്നും കരുതി.

വിമോചന സമരത്തിന്റെ ശരിയും തെറ്റും വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകൾ ഇന്നും നടക്കുന്നു. സമരം അധാർമ്മികമായിരുന്നുവെന്നും സമരത്തിൽ പങ്കെടുത്തതിൽ ഖേദിക്കുന്നുവെന്നും ചിന്തിക്കുന്നവർ അനവധിയുണ്ട്. വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്തി വിദ്യാഭ്യാസത്തിൽ കമ്മ്യുണിസ്റ്റു  ചിന്താഗതികൾ സ്‌കൂളുകളിൽ പാഠ പുസ്തകമാക്കാൻ പദ്ധതിയിട്ടിരുന്നുവെന്നു സഭ ഇന്നും കുറ്റപ്പെടുത്തുന്നുണ്ട്. കമ്മ്യുണിസത്തിന്റെ പ്രത്യേയ ശാസ്ത്രം കേരളജനതയുടെ മേൽ അടിച്ചമർത്താൻ തുടങ്ങിയപ്പോഴാണ് വിമോചന സമരത്തിന് ഒരുമ്പെട്ടതെന്നും അവകാശപ്പെടുന്നു. പാകതയും ചിന്തിക്കാനും കഴിവില്ലാത്ത കാലത്തായിരുന്നു വിമോചനസമരത്തിൽ പങ്കു ചേർന്നതെന്നും എന്നാൽ അന്നത്തെ തന്റെ നടപടി അധാർമ്മികമായിരുന്നുവെന്നു പിൽക്കാലത്തു ബോദ്ധ്യപ്പെട്ടുവെന്നും വിമോചന സമരത്തിൽ പങ്കെടുത്ത സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ടി. തോമസ് അഭിപ്രായപ്പെട്ടു.

ഭൂപരിഷ്‌കരണം കൊണ്ട് ഇരുപത്തിയഞ്ചു ലക്ഷം കുടിയാന്മാരെ ഭൂമിക്കവകാശികളാക്കി. എങ്കിലും ഭൂപരിഷ്‌ക്കരണ നിയമങ്ങൾ, കോർപറേറ്റ് വ്യവസായങ്ങൾക്ക് അനുകൂലമായിരുന്നില്ല. തൊഴിലാളികൾ കൂടുതലും കമ്മ്യൂണിസ്റ്റ് അനുയായികളായിരുന്നു. ട്രേഡ് യൂണിയൻ സംഘടനകൾ കൂടുതൽ തൊഴിൽ വേതനത്തിനായി മുതലാളിമാരുമായി വിലപേശലുകളും ആരംഭിച്ചു. കമ്മ്യുണിസ്റ്റ് തത്ത്വങ്ങൾ പ്രചാരത്തിൽ വന്നതുകൊണ്ട് മുതലാളിമാർ വ്യവസായങ്ങൾ തുടങ്ങാൻ തയ്യാറായി വന്നിരുന്നില്ല. പ്രൈവറ്റ് വ്യവസായങ്ങളെ തഴഞ്ഞുകൊണ്ടു സ്റ്റേറ്റ് ലെവലിൽ ബിസിനസ്സ് തുടങ്ങിയതും വ്യവസായ വളർച്ചക്ക് അനുകൂലമായിരുന്നില്ല.

തൊഴിലാളികൾക്ക് മിനിമം കൂലി സ്ഥിരപ്പെടുത്തിയതും ഇ.എം.എസ്. മന്ത്രിസഭയുടെ തീരുമാനമായിരുന്നു. കേരളത്തിലെ വ്യവസായങ്ങളും ഫാക്ടറികളും 1957നു മുമ്പുള്ള നിലവാരത്തിൽ നിന്നും മൂന്നു വർഷംകൊണ്ട് മുപ്പതു ശതമാനം വർദ്ധിച്ചു. വിമോചന സമരം മൂലം അന്ന്‌ വിദ്യാഭ്യാസ നയം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇന്നും വ്യക്തമായ ഒരു നിയമം ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഴിമതികൾ തുടരുന്നു. കോഴ കോളേജുകൾ പടുത്തുയർത്താൻ വിദ്യാഭ്യാസക്കച്ചവടക്കാർ തമ്മിൽ മത്സരത്തിലാണ്. വർഗീയതയോടൊപ്പം കേരളത്തിൽ മൂല്യങ്ങൾ കുറഞ്ഞ കോളേജുകളുടെ എണ്ണവും പെരുകി വരുന്നതായി കാണാം.

1959-ൽ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവായിരുന്ന ബാലചന്ദ്ര രണദേവ (Balchandra Trimbak Ranadive)  എഴുതി, "കേരളത്തിലെ പതനമേറ്റ മന്ത്രിസഭ ലക്ഷ്യമില്ലാതെ സമുദ്രത്തിൽ യാത്ര ചെയ്ത ഒരു കപ്പലിനു സമാനമായിരുന്നു. ബൂർഷാ മനഃസ്ഥിതിയുള്ള പ്രഭുക്കന്മാർ നിയന്ത്രിക്കുന്ന ഒരു കേന്ദ്ര സർക്കാരിന്റെ കീഴിൽ അവർക്ക് അന്ന് പ്രവർത്തിക്കേണ്ടി വന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവൻ ഏതാനുംപേരുടെ നിയന്ത്രണത്തിൽ മാത്രമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ കേരള ജനത കമ്മ്യൂണിസത്തെ തെരഞ്ഞെടുത്തു. ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു ഭരണകൂടം അധികാരത്തിലും വന്നു. കാരണം, അത് ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ തീരുമാനമായിരുന്നു. സോഷ്യലിസമോ സോഷ്യലിസ്റ്റ് മാറ്റങ്ങളോ ആയിരിക്കില്ല ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ജനങ്ങൾക്ക് ആവശ്യമായിരുന്നത്, ഭൂപരിഷ്‌ക്കാരമുൾപ്പടെ സാമൂഹിക മാറ്റങ്ങളായിരിക്കാം. ഭരണഘടന വാഗ്ദാനം നൽകിയവിധം എല്ലാ പൗരാവകാശങ്ങളും ഉൾക്കൊണ്ട സത്യസന്ധമായ ഒരു ഭരണകൂടത്തെയും പ്രതീക്ഷിച്ചിരിക്കാം."





















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...