Thursday, November 2, 2017

സൂഫിസവും വീക്ഷ്‌ണഗതികളും ഇസ്ളാമിന്റെ ഖണ്ഡനങ്ങളും




ജോസഫ് പടന്നമാക്കൽ

സൂഫിസം, ഇസ്‌ലാമിന്റെ മൗലികതയിൽനിന്നും വളർന്നു വന്ന വ്യത്യസ്ത ചിന്തകളുള്ള ഒരു മതവിശ്വാസമാണ്. സൂഫികൾ ആത്മജ്ഞാനമുൾക്കൊണ്ട് പരിത്യാഗികളായി ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചും ഇസ്‌ലാമിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകളോടെ  ജീവിക്കുന്നു. പേർഷ്യൻ, അറേബ്യൻ ലോകത്തിൽനിന്നും ദൈവത്തെ സ്തുതിച്ചിരുന്ന യാഥാസ്ഥിതികരായ ഇസ്‌ലാമിക ചിന്തകരിൽനിന്നുമായിരുന്നു സൂഫിസത്തിന്റെ ആരംഭം. ഭൗതിക ജീവിതത്തെ മൊത്തമായി തിരസ്ക്കരിക്കുന്നു. പരമമായ സത്യം തേടി യോഗാത്മക ചിന്തകളോടെ അവർ ഇസ്‌ലാം മതത്തെ പരിപോഷിപ്പിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിലെ യാഥാസ്ഥിതിക ആചാരങ്ങളെ മുറുകെ പിടിക്കുകയും ചിലതിനെ തിരസ്ക്കരിക്കുകയും ചെയ്തിരുന്നു. ഖുറാന്റെ പ്രബോധനത്തോടെ, ജീവിക്കുന്ന കാലഘട്ടങ്ങളിൽ ആത്മാവിൽ ശക്തി പ്രാപിക്കുമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്.

സൂഫിയെന്നാൽ കമ്പളി വസ്ത്രം ധരിക്കുന്നവരെന്നാണ് അർത്ഥം. ദാരിദ്ര്യവ്രതമാണ് അവർ അനുഷ്ഠിക്കുന്നത്. സ്നേഹമാണ് ദൈവത്തിലേക്കുള്ള ഏകവഴിയെന്നു  വിശ്വസിക്കുന്നു. സൂഫികൾ കൂടുതൽ സമയവും ദൈവിക കാര്യങ്ങൾക്കായി നീക്കിവെക്കുന്നു. കവിതകൾ, സംഗീതം ഡാൻസ് എന്നിവകൾ അവരുടെ ആരാധനകളുടെ  ഭാഗമാണ്. അഞ്ചു നേരം നമസ്ക്കരിക്കൽ, ഹജ് യാത്ര, ബ്രഹ്മചര്യം എന്നിവകൾക്ക് സൂഫികൾ പ്രാധാന്യം നൽകാറില്ല. അതുകൊണ്ടാണ് യാഥാസ്ഥിതികരായ മുസ്ലിമുകൾ അവരെ തെറ്റിദ്ധരിക്കുന്നതും. സൂഫികളുടെ മധുരമായ സംഗീതത്തിന്റെ ശബ്ദതരംഗങ്ങൾ ആത്മാവിനു പുളകമേറി ദൈവവുമായി സല്ലപിക്കുന്നതായി തോന്നിപ്പോവും. അവരുടെ ആരാധന രീതികളിൽ സംഗീതവും നൃത്തവും ഉണ്ടായിരിക്കും. ആരാധനയ്‌ക്കൊപ്പം ആടിയും വശത്തിലേക്ക് ചെരിഞ്ഞും വട്ടത്തിൽ കൂട്ടമായും നൃത്തങ്ങൾ ചെയ്യും. സൂഫികൾ ഇത്തരം ആചാരങ്ങളെ നൃത്തമായി പരിഗണിക്കാറില്ല. ആത്മീയതയിൽ അലിഞ്ഞ ചലനങ്ങൾ മാത്രമെന്നാണ് അവരുടെ വിശദീകരണം.

സൂഫിസത്തിന്റെ ആരംഭം എങ്ങനെയെന്ന് പണ്ഡിതരുടെയിടയിൽ വിവിധ അഭിപ്രായങ്ങളാണുള്ളത്. സൂഫികൾക്കുപോലും അതിൽ വ്യക്തമായ ഒരു ധാരണയില്ല. ഇസ്‌ലാമിന്റെ യോഗാത്മക ദർശനപരമായ ഒരു സ്‌കൂളാണ് സൂഫിസം എന്നാണ് പാരമ്പര്യമായ വിശ്വസം. സൂഫികൾ ധ്യാനത്തിന്റെ ആവശ്യകതയെ പരിപൂർണ്ണമായി വിശ്വസിക്കുന്നവരാണ്. പ്രവാചകൻ മുഹമ്മദ് നബി 'ഹിറാ ഗുഹ'യിൽ ധ്യാനത്തിനായി പോയിരുന്ന ചരിത്രവും ഇതിനടിസ്ഥാനമായി ചൂണ്ടി കാണിക്കുന്നു. സൂഫിസത്തിന്റെ ആരംഭം പ്രവാചകനിൽ നിന്നുമെന്നും പിന്നീട് 'അലി' വഴി 'ഹസൻ ബസ്വരി'യിലേക്കും 'അബൂഹാശിമി'ലേക്കും പകർന്നുവെന്നു അവരുടെ വിശ്വാസത്തിലുണ്ട്. ഭൂരിഭാഗം സൂഫികളും മുസ്ലിമുകളാണ്. മുസ്ലിമുകൾ അല്ലാത്തവർക്ക് സൂഫികൾ ആകാൻ സാധിക്കില്ലെന്ന് അവർ വിശ്വസിക്കുന്നു. മറ്റു ചില വീക്ഷണങ്ങളും പണ്ഡിതരുടെയിടയിലുണ്ട്. സിറിയായിലും ഈജിപ്റ്റിലുമുണ്ടായിരുന്ന ക്രിസ്ത്യൻ ആത്മജ്ഞാനികളുടെ തുടർച്ചയെന്ന വാദവും ഉണ്ട്. ഈജിപ്തുകാരുടെയും സൊറാസ്ട്രിയൻകാരുടെയുമിടയിലും സൂഫിസം പോലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. 1907-ൽ 'സൂഫി ഇനായത് ഖാൻ' ആണ് സൂഫിസം പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു, 'ലോകത്തിൽ എല്ലാക്കാലത്തും ആത്മീയ ഉണർവുണ്ടായിരുന്നു. ആരുടേയും ജ്ഞാനത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. ഒരു സ്ഥലങ്ങളിലും സാധിക്കില്ല. അതുകൊണ്ടു സൂഫിസത്തിന്റെ ആരംഭം നിശ്ചയിക്കുക എന്നത് എളുപ്പമല്ല.'

ആയുധം എടുക്കുന്നവരെ ഇവർ എതിർക്കുകയും സമാധാനം കാംഷിക്കുകയും ചെയ്തിരുന്നു. സമാധാനം ദൈവികമായ കടമയായും ചിന്തിച്ചിരുന്നു. പ്രവാചകൻ മുഹമ്മദിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സ്വയം മനഃസാക്ഷിയേയും ആത്മത്തെയും മനസിലാക്കി സ്വതന്ത്രമായ ചിന്തകളോടെ അവർ ദൈവത്തെ ഉൾക്കൊണ്ടിരുന്നു. നീണ്ടകാലത്തെ അദ്ധ്യാത്മിക പരിശീലനത്തിൽക്കൂടി ആത്മബോധനം ഉൾക്കൊള്ളാമെന്നും അതുവഴി സന്തുഷ്ടത നേടാമെന്നും അവർ ചിന്തിക്കുന്നു. ഒരിക്കൽ ആത്മബോധനം ഉള്ളിൽ തട്ടിയാൽ ഒരു യോഗിയെപ്പോലെ ബാഹ്യമായ ആഡംബരങ്ങൾ സർവ്വതും ഇവർ പരിത്യജിക്കും. സൂഫിസത്തിന്റെ ശക്തിയെന്നാൽ ബാഹ്യചിന്തകൾ വെടിഞ്ഞു യോഗാത്മക ചിന്തകൾ മനസ്സിൽ ഉറപ്പിക്കുകയെന്നതാണ്.

സൂഫിസത്തിന്റെ തത്ത്വങ്ങളെ മാനിക്കാതെ മഹനീയമായ അതിന്റെ ചിന്തകളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. താടിയും മുടിയും വെച്ച് സൂഫിയെന്നും പറഞ്ഞു കഞ്ചാവടിച്ചു നടക്കുന്നവരെയും കാണാം. കുളിക്കാതെ പച്ച കമ്പളിയും പുതച്ച് ഹിപ്പികളെ പോലെ ലക്ഷ്യമില്ലാതെ നടക്കും. അതുകൊണ്ടു സത്യമായ സൂഫിസ തത്ത്വങ്ങളെ പലരും തെറ്റിദ്ധരിക്കുന്നു. വിശ്വാസത്തോടെ അവനവന്റെ കണ്ണാടിയിൽക്കൂടി സ്വയം ആത്മാവിൽ അവനെ പഠിക്കുകയെന്നതാണ് സൂഫിസം. നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അഹങ്കാരം, കോപം, അമിതമായ ആഗ്രഹങ്ങൾ, ധനമോഹം ഇവകളെല്ലാം ഒരു നല്ല സുഫിയാകാൻ വർജിക്കേണ്ടതായുണ്ട്. സ്വയം ബുദ്ധികൊണ്ട് ആത്മാവിനെ നേർവഴിക്കു സഞ്ചരിപ്പിക്കാനുള്ള ശക്തിയും സമാഹരിക്കണം. അധികാരം, സ്വത്ത്, കാമം ഇതൊന്നും സ്ഥായിയല്ല. മനുഷ്യരിൽ സംതൃപ്തിയും ഉളവാകില്ല. ദൈവത്തോട് കൂടുതൽ അടുക്കുംതോറും ദൈവികമായ ഒരു പ്രണയാവസ്ഥ കരസ്ഥമാക്കും. അപ്പോഴാണ് മനുഷ്യരിൽ സംതൃപ്തി ഉണ്ടാകുന്നതെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഇത് പരമമായ സംതൃപ്തിയാണ്. ആ പരമാനന്ദം കണ്ടെത്തുന്ന സത്യാന്വേഷി അവന്റെ ജീവിത ലക്‌ഷ്യം അവിടെ പൂർത്തികരിക്കുകയാണ്.

മനസ്സാകുന്ന അകവും ഭൗതികമായ പുറവും ശുദ്ധിയാകുന്ന അവസ്ഥ ദൈവവുമായുള്ള പ്രണയത്തിൽ കൂടി ലഭിക്കുന്നതാണെന്ന് സൂഫികൾ വിശ്വസിക്കുന്നു. ആത്മാവിന്റെ നേർവഴിയിൽ സഞ്ചരിക്കുന്നവർ കറയില്ലാത്ത സ്നേഹത്തോടെ ജീവിക്കും. മഹത്തായ ദർശനങ്ങൾ നൽകുന്ന മഹാന്മാരെ ആദരിക്കും. അധികാര സുഖങ്ങൾ ത്യജിച്ച ഒരു ആത്മീയാന്വേഷി ഉള്ളിന്റെ ഉള്ളിൽ  വിശുദ്ധ യുദ്ധം നടത്തുന്നു. ഉണർന്ന ഒരു ബോധമാണ് അവർ കൈവരിച്ചിരിക്കുന്നത്. ഗ്രന്ഥങ്ങളിലെ അറിവുമാത്രം  ഉൾക്കൊണ്ടുകൊണ്ട് വാദപ്രതിവാദങ്ങൾ നടത്തുന്നവർ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. സൂഫികൾ സ്വയം ആത്മമെന്ന സത്തയോടുള്ള വെല്ലുവിളി കൂടിയാണ് നടത്തുന്നത്. സ്വയം നമ്മെ തെറ്റു തിരുത്താതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് നമ്മുടെ പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാകുന്നത്. ശാന്തിയും സ്നേഹവും നേടാത്തത് ദുർബോധം ബാധിച്ച മനുഷ്യന്റെ ചിന്തകൾ കാരണമാണെന്നും അവർ വിശ്വസിക്കുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവത്തെ ആരാധിക്കലാണ് ഒരു മനുഷ്യന്റെ ധർമ്മം. ഒരു യജമാനനും ഒരു അടിമയും തമ്മിലുള്ള ബന്ധമാണ് ഒരു ഭക്തനും ദൈവവുമായി ഉണ്ടാവേണ്ടത്. ദൈവത്തെ അറിഞ്ഞു നല്ല മാർഗ്ഗത്തോടെ ജീവിക്കുന്നവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് വിധി ദിനത്തിൽ നരകവും ഇസ്ലാം ദൈവിക ശാസ്ത്രം കൽപ്പിക്കുന്നു. എന്നാൽ സൂഫികൾ തിരഞ്ഞെടുത്തിരിക്കുന്ന മാർഗം ഇസ്‌ലാമിന്റെ ഈ അടിസ്ഥാന തത്ത്വത്തിന് എതിരായിട്ടാണ്. ദൈവത്തെ ഭയപ്പെടാതെ ദൈവത്തെ പ്രണയിച്ച് ദൈവ സാമിപ്യം നേടാമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്. ഒരു 'സൂഫി' പാരമ്പര്യമനുസരിച്ചു മഹത്വീകരിച്ച  ശരിയത്ത് നിയമങ്ങൾ പാലിക്കണം. ദൈവത്തിനു സമർപ്പണം ചെയ്തു ദൈവത്തെ അനുഭവിക്കുകയെന്നതാണ് അവരുടെ ദൈവിക ശാസ്ത്രം. പല സ്റ്റേജുകളിൽക്കൂടിയാണ് ഒരുവൻ സൂഫിയാകുന്നത്. ഉന്നത തലങ്ങളിൽ സൂഫിയാകേണ്ടവർ ഒരു ഗുരുവിനെ കണ്ടെത്തേണ്ടതായുമുണ്ട്. ഗുരുവിന്റെ കീഴിൽ ആത്മീയ പരിശീലനം നേടുകയും വേണം.

യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിൽ നിന്നാണ് സൂഫിസത്തിന്റെ ആദ്ധ്യാത്മിക ചിന്തകൾ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ആചാരങ്ങൾ കൂടുതലും ഷാരിയ അനുസരിച്ചാണ്. ദിവസവുമുള്ള പ്രാർത്ഥന, ഉപവാസം, അർഹരായവർക്ക് ദാനം കൊടുക്കുക, മെക്കായിലേക്കുള്ള പുണ്യയാത്ര എന്നിവകൾ ആ നിയമസംഹിതകളിൽ ഉൾപ്പെടും. ഈ ആചാരങ്ങളോടൊപ്പം ബാഹ്യവും ആന്തരികവുമായ ചിന്തകളും ഉൾപ്പെടണമെന്നാണ് സൂഫികൾ ചിന്തിക്കുന്നത്. മതപരമായ കടപ്പാടുകൾ ബാഹ്യവും ആദ്ധ്യാത്മികത ആന്തരികവുമായിരുന്നു. പ്രാർത്ഥനകൾ മാത്രം ആദ്ധ്യാത്മികതയ്ക്ക് അപര്യാപ്തമെന്നു സൂഫികൾ വിശ്വസിക്കുന്നു. ഹൃദയശുദ്ധി വളർത്താതെ അമ്പതു വർഷങ്ങൾ  പ്രാർഥിച്ചാലും പ്രയോജനം ലഭിക്കില്ലെന്നുള്ള ധാരണയാണ് സൂഫികൾക്കുള്ളത്.

 'ഷാരിയ' അനുസരിച്ചുള്ള ബാഹ്യാചാരങ്ങൾക്കൊപ്പം ആത്മജ്ഞാനം കൈവരിക്കുകയെന്നത് സൂഫിസത്തിന്റെ ഒരു ഭാഗമാണ്. അതിനു മനസുകൊണ്ട് ധ്യാനിച്ച് യോഗാത്മക ദർശനം കൈവരിക്കണം. ആത്മജ്ഞാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും ഷാരിയ പരിശീലിച്ചുകൊണ്ടിരിക്കണം. എന്നാൽ അദ്ധ്യാത്മിക തലത്തിൽ പ്രവേശിക്കുകയും മനസിനെ ബലവത്തുമാക്കിക്കൊണ്ടിരിക്കണം.  സത്യമെന്തെന്നും ദൈവത്തെ അറിയുകയെന്നതും അടുത്ത ഘട്ടമാണ്. ഈ ഘട്ടത്തിലാണ് ദൈവവുമായി അടുക്കുന്നതും മനസ്സിൽ പ്രതിഷ്ഠിക്കുന്ന ദൈവവുമായി ആശയ വിനിമയം നടത്തുന്നതും. ഒരിക്കൽ ദൈവത്തെ മനസാ വരിച്ചു കഴിഞ്ഞാൽ, ആ വ്യക്തിക്ക് ദൈവവുമായി നേരിട്ട് അറിവ് ലഭിക്കുന്നു. പിന്നീട് ഒരു ഗുരുവിന്റെയും അടിമയല്ല. എങ്കിലും സൂഫികൾക്ക് ആത്മീയതലത്തിൽ ഒരു പടികൂടി മുമ്പോട്ട് പോവേണ്ടതായുണ്ട്. അവർ അതിനെ 'ഗ്‌നോസിസ്' എന്ന് പറയുന്നു. അതാണ് അദ്ധ്യാത്മിക തലത്തിൽ ഏറ്റവും ഉയർന്ന സ്ഥലം. ദൈവത്തിന്റെ സന്ദേശകരുടെയും വിശുദ്ധരുടെയും യോഗാത്മക ദർശകരുടെയും സഹകരണത്തിൽ അദ്ധ്യത്മികത അവിടെ പൂർണ്ണമായും കൈവരിക്കുകയാണ്.

സൂഫികൾ കല്ലറകളുടെ മുമ്പിൽ വിളക്കു കത്തിക്കലും എണ്ണയും ഭസ്മവും നൽകലും പുഷ്പങ്ങൾ സമർപ്പിക്കലും ചെയ്യാറുണ്ട്. 'പട്ട്' കാണിക്കയായി നൽകുകയും സാഷ്ടാംഗ നമസ്ക്കാരം ചെയ്യുകയും ചെയ്യുന്നു. ചില സൂഫികൾ മരിക്കുമ്പോൾ ഭക്തജനങ്ങൾ അവരുടെ ശവകുടീരത്തിൽ വന്നു അനുഗ്രഹങ്ങൾ മേടിക്കാറുമുണ്ട്. മരിച്ചവരുടെ ശക്തി ഉള്ളിലേക്ക് ആവഹിക്കുകയും ചെയ്യുന്നുവെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഒരു ആത്മീയശക്തി ശവകുടീരത്തിൽ നിന്നും ലഭിച്ചുവെന്ന അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ശവകുടീരങ്ങളിൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവം പ്രത്യേകമായ വാത്സല്യം നൽകുന്നുവെന്നും വിശ്വസിക്കുന്നു. ഒരു സൂഫിയുടെ ശവകുടീരത്തിൽനിന്നുള്ള അത്ഭുതങ്ങൾ പ്രസിദ്ധമാകുമ്പോൾ അനുഗ്രഹങ്ങൾ തേടി അനേകായിരങ്ങൾ അവിടെ എത്താറുണ്ട്. അവിടെ ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും മുസ്ലിമുകളും സമ്മേളിക്കുന്നു. മരിച്ച സൂഫികളെ പ്രകീർത്തിച്ചു പ്രത്യേകമായ പാട്ടുകളും ഉണ്ടായിരിക്കും. പാട്ടുകൾ രചിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ മൂല്യങ്ങളിൽ ആയിരിക്കും. സ്നേഹവും ഭക്തിയും നിറഞ്ഞ ഗാനങ്ങളാവും ഉണ്ടാവുക.

ഇസ്‌ലാമിക ഗ്രുപ്പായ 'താലിബൻകാർ' ശവകുടീരം ആരാധനയെ എതിർക്കുന്നു. ഡാൻസ് ചെയ്യുന്നതും പാട്ടു പാടുന്നതും ഇസ്‌ലാമിന്റെ തത്ത്വങ്ങൾക്ക് എതിരെന്നും പാട്ടുകൾ ബിംബാരാധനയ്ക്കു തുല്യമെന്നും ശവകുടീരങ്ങളോടുള്ള ഭക്തി അന്ധവിശ്വാസമെന്നും കരുതുന്നു. ബിംബങ്ങളെ ആരാധിക്കുന്നതിനു തുല്യമായും അവരെ കുറ്റപ്പെടുത്തുന്നു. ശവ കുടീരങ്ങളിൽ പൂജകരെ സൃഷ്ടിക്കുന്ന പേരിൽ സൂഫികൾ സൗദി അറേബ്യയായിൽ കൊല്ലപ്പെടാറുണ്ട്. സൂഫികളെ കൂട്ടമായി കൊലചെയ്യപ്പെടുന്ന അവസരങ്ങളിൽ അവർ ആയുധം എടുക്കില്ല. ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്നവർക്കെതിരെ ആയുധം എടുക്കരുതെന്ന തത്ത്വത്തെ മാനിച്ച് കീഴടങ്ങുന്ന പതിവാണ് അവർക്കുള്ളത്. അതുകൊണ്ടു സൂഫികൾ സാധാരണ സായുധ കലാപത്തിന് ഒരുമ്പെടാറില്ല.

സൂഫികളെ സാഹോദര്യം (tariqas) എന്തെന്നു പഠിപ്പിക്കാൻ ഗുരുക്കന്മാർ അവർക്കു പ്രത്യേക ക്ളാസുകൾ നടത്താറുണ്ട്. സൂഫികളിൽ ചിലർ അത്ഭുതങ്ങളും കാണിക്കുന്നു. അസുഖങ്ങൾ ഭേദപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലിം ജനതയിൽ അനേകർ സൂഫികളുടെ ആചാരങ്ങളെ അഭിമാനത്തോടെ കാണുന്നവരുമുണ്ട്. ശവകുടീരങ്ങളിൽ ഉള്ള ആരാധന മുസ്ലിമല്ലാത്തവരെ ആകർഷിക്കുന്നതിനാൽ അവിടെ ഒരു ആഗോള മതസൗഹാർദ്ദത്തിന് അടിസ്ഥാനമിടുകയാണ്. മതങ്ങൾ തമ്മിൽ സമാധാനം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ദൈവത്തെ സ്നേഹിക്കുക എന്ന ഇസ്‌ലാമിക മൂല്യങ്ങൾക്ക് അങ്ങനെയുള്ള ആചാരങ്ങൾ സഹായകമാകുമെന്ന് പുരോഗമന വാദികളായ മുസ്ലിമുകൾ ചിന്തിക്കുന്നു.

ഇസ്‌ലാമിന്റെ തത്ത്വചിന്തകളിൽ സാഹോദര്യത്വമാണ്, പുലർത്തുന്നതെങ്കിലും മദ്ധ്യകാലത്തെ മുസ്ലിമുകൾക്ക് ഇന്ത്യയിലെ ഹിന്ദുക്കളുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ലായിരുന്നു. ഹിന്ദുക്കളുടെ നീണ്ട മതാചാരങ്ങളും, ബഹു ദൈവങ്ങളും ബിംബങ്ങളും മുസ്ലിമുകളുടെ വിശ്വാസങ്ങൾക്കു എതിരായിരുന്നു. വേദ ഉപനിഷത്തുക്കളെപ്പറ്റിയുള്ള അഗാധമായ അറിവിലേക്ക് അവർ പഠിക്കാൻ മെനക്കെട്ടുമില്ല. ഇസ്‌ലാം ഭരണാധികാരികളും മത പുരോഹിതരും ഇസ്‌ലാമിക മതം പ്രചരിപ്പിക്കാനും താല്പര്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനവുമുണ്ടായിരുന്നു. മുസ്ലിം സുൽത്താന്മാർ ഹിന്ദുക്കളോട് സഹിഷ്ണതയോടെ പെരുമാറിയിരുന്നില്ല. ചില മുസ്ലിം രാജാക്കന്മാർ ഹിന്ദുക്കളുടെ അമ്പലങ്ങളും തകർത്തിരുന്നു. രണ്ടു മതങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ പരസ്പ്പരം വെറുപ്പുകൾ കാരണം നാട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിലാണ് ചിന്തകരായ സൂഫികൾ ഇന്ത്യയിൽ കാണപ്പെടാൻ തുടങ്ങിയത്. സൂഫികൾ അവിടെ ഇരു മതങ്ങളിലും സാഹോദര്യം, സ്നേഹം, സൗഹാർദം എന്നീ തത്ത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സൂഫികളുടെ ഇത്തരത്തിലുള്ള നയങ്ങൾ മദ്ധ്യകാലയുഗങ്ങളിൽ വളരെയധികം ഫലപ്രദമാവുകയും ചെയ്തു.

ഇന്ത്യയിൽ സൂഫിസം പ്രചരിപ്പിച്ചിരുന്നവരിൽ കൂടുതലും യാഥാസ്ഥിതികരല്ലാത്ത നവീകരണേച്ഛുക്കളായ മുസ്ലിമുകളായിരുന്നു. അവർ ബുദ്ധമതത്തെ പറ്റിയും വേദാന്തങ്ങളെപ്പറ്റിയും പഠിച്ചവരായിരുന്നു. അതുപോലെ അക്കാലങ്ങളിലുള്ള പ്രസിദ്ധരായ ഹൈന്ദവ സന്യാസിമാരുമായും അവർക്ക് സമ്പർക്കം ഉണ്ടായിരുന്നു. ഹൈന്ദവ മതത്തിലെ അദ്വൈത തത്ത്വചിന്തകളുടെയും സൂഫിസത്തിന്റെ ആന്തരിക സത്തയുടെയും തത്ത്വങ്ങൾക്ക് സാമ്യമുണ്ടായിരുന്നു. അതനുസരിച്ചു ഇന്ത്യയിലും സൂഫി മുന്നേറ്റമാരംഭിച്ചു.

വാസ്തവത്തിൽ ഇന്ത്യയിൽ സൂഫി മുന്നേറ്റത്തിൽ ഹിന്ദുക്കളുടെ സ്വാധീനവുമുണ്ടായിരുന്നു. ഈ മുന്നേറ്റം ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പൊതുവായ ഒരു പ്ലാറ്റ്ഫോമിനായുള്ള പ്രേരണയാവുകയും ചെയ്തു. സൂഫികളും ഇസ്‌ലാമിൽ വളരെയധികം ദൈവിക കാര്യങ്ങൾക്കായി സമർപ്പിതരായിരുന്നെങ്കിലും യാഥാസ്ഥിതിക മുസ്ലിമുകളുമായി അവർക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സൂഫികൾ ആന്തരിക പരിശുദ്ധിയിൽ വിശ്വസിച്ചിരുന്നുവെങ്കിൽ യാഥാസ്ഥിതിക  മുസ്ലിമുകൾ കൂടുതലും ഭൗതിക കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു. ആത്മാവും ദൈവവുമായുള്ള ഒത്തുചേരൽ, സ്നേഹത്തിലും ഭക്തിയിലുംകൂടിയെന്നു സൂഫികൾ വിശ്വസിച്ചു. ലോകത്തിലെ ഭൗതിക സുഖങ്ങൾ ത്യജിക്ക വഴി ദൈവത്തെ പ്രാപിക്കാമെന്ന് അവരുടെ വിശ്വാസമായിരുന്നു. മറ്റു സമൂഹങ്ങളിൽ നിന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു സൂഫികൾ നയിച്ചിരുന്നത്.

ഭാരതത്തിൽ ഇസ്ലാം മതം പ്രചരിക്കാൻ സൂഫികൾ ഒരു നിമിത്തമായിട്ടുണ്ട്. ഹിന്ദുക്കളുടെ ജാതിവ്യവസ്ഥ, തൊട്ടുകൂടാനയം എന്നീ സാമൂഹിക ഉച്ഛനീചത്വങ്ങൾ മൂലം അവരിൽ നല്ലയൊരു വിഭാഗം ഇസ്‌ലാമായി മതം മാറിയിരുന്നു. അവരുടെ സ്നേഹവും സത്യവുമുൾക്കൊണ്ട ആത്മാർത്ഥമായ പെരുമാറ്റം അനേകം ഹിന്ദുക്കളെ ആ മതത്തിലേക്ക് ആകർഷിക്കുന്നതിനു  കാരണമായി. അവരുടെ പ്രയത്നം കൊണ്ട് കാശ്മീരിൽ ഭൂരിഭാഗം ജനം ഇസ്‌ലാം സ്വീകരിച്ചു.  സൂഫികൾ വ്യാപകമായി ഇന്ത്യയിൽ പ്രചരിച്ചത് മുഗൾ ചക്രവർത്തിമാരുടെ കാലത്തായിരുന്നു. ഹൈന്ദവ രജപുത്രരുമായി വിവാഹ ബന്ധത്തിലേർപ്പിട്ടിരുന്ന മുഗളമാർ സൂഫിസ ചിന്തകൾ ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിന് കാരണക്കാരുമായിരുന്നു. സൂഫി കലകളും സാഹിത്യവും സംഗീതവും ഹൈന്ദവ മുസ്ലിം ചിന്തകളിൽ ഒരു ഐക്യബോധമുണ്ടാക്കാനും കഴിഞ്ഞു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിൽ മതസൗഹാർദം സൃഷ്ടിക്കാൻ സൂഫികൾ ഒരു കാരണമായിരുന്നു. മുഗൾ കാലഘട്ടത്തിൽ സൂഫിമാർഗം പ്രചരിച്ചപ്പോൾ സൂഫികൾ മൗലിക വാദികളായ മുസ്ലിം പണ്ഡിതരുടെ അഭിപ്രായങ്ങൾ തള്ളിക്കളയുകയും ചെയ്തു. അവരുടെ ആരാധന സ്ഥലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും ഹൈന്ദവ ജനതകളും സമ്മേളിക്കാൻ തുടങ്ങി. ഹിന്ദുക്കുട്ടികൾ മദ്രസാകളിൽ വിദ്യാഭ്യാസവും ചെയ്തിരുന്നു. ബ്രിട്ടീഷ്കാർക്കെതിരെ സൂഫികൾ പൊരുതിയതുകൊണ്ടു അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ സൂഫിസം ഇന്ത്യയിൽ പ്രചരിപ്പിക്കാനും ബുദ്ധിമുട്ടായി തീർന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിലുള്ള മൗലിക വാദികളുടെ എതിർപ്പുകളും സൂഫിസം പ്രചരിപ്പിക്കുന്നതിന് തടസമായിരുന്നു.

സൂഫി വിശ്വാസവും അദ്വൈത വിശ്വാസവുമായി വ്യത്യാസമുണ്ട്. പലരും ഒന്നാണെന്ന തെറ്റിധാരണയും പുലർത്തുന്നു. അദ്വൈത സിദ്ധാന്തങ്ങളിൽ സർവ്വ സൃഷ്ടികളിലും വസ്തുക്കളിലും ദൈവിക ചൈതന്യമുണ്ടെന്നും അത് അനശ്വരമെന്നുമാണ് വിശ്വാസം. സൂഫികളും എല്ലാ സൃഷ്ടികളും ദൈവ സൃഷ്ടിയെന്നും അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതുപോലെയെന്നും വിശ്വസിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ അദ്വൈതമെന്നു തോന്നിപ്പോവും. ദ്വൈതവാദത്തിൽ പ്രകൃതിയും പ്രപഞ്ചവും ആത്മാവും അനശ്വരമായ അസ്തിത്വമുള്ളതാണ്. ഇതെല്ലാം ദൈവത്തിന്റെ പ്രതിഫലനമെന്നു അദ്വൈതവും പറയുന്നു. എന്നാൽ സൂഫികൾ വിശ്വസിക്കുന്നത് പ്രപഞ്ചം നശ്വരമെന്നും ദൈവം അനശ്വരമെന്നുമാണ്. ഈ കാണുന്ന നാം വിശ്വസിക്കുന്ന നശ്വരമെന്നുള്ളത് മിഥ്യയല്ലെന്നും എന്നാൽ മിഥ്യയെന്നുള്ളത് നശ്വരമെന്നും സൂഫികളുടെ വിശ്വാസമാണ്.

സൂഫിസം നാടിനും സമൂഹത്തിനും വളരെയധികം ഗുണങ്ങൾ ചെയ്തിട്ടുണ്ട്. 'സൂഫിസം' കാരണം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനിടയാക്കി. സൂഫികളായി മരിച്ച വിശുദ്ധരുടെ ശവകുടീരങ്ങൾ ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഒരുപോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളായി മാറി. സൂഫികൾ ഒന്നിച്ചുകൂട്ടമായി സമ്മേളിക്കുന്ന സമയം ഹിന്ദു ശ്ലോകങ്ങളും പൂജാ പ്രാർത്ഥനകളും ഉരുവിടുകയെന്നതും പതിവാണ്. അത് ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനു സഹായകമായിരുന്നു. സൂഫി വിശുദ്ധരുടെ ഉർദുവിലുള്ള പ്രസംഗങ്ങളും പ്രഭാഷണങ്ങളും എല്ലാ ജാതികളിലുംപെട്ട ജനാവലികൾ ശ്രവിച്ചുകൊണ്ടിരുന്നു. സൂഫികളിലെ വിശുദ്ധന്മാർ നയിച്ചിരുന്നതും ലളിതമായ ജീവിതമായിരുന്നു. സാധാരക്കാരുടെ ജീവിതത്തിൽ അങ്ങനെയുള്ള ലളിത ജീവിതം പകർത്തുന്നതിനു സൂഫിസം ഒരു നിമിത്തമായിത്തീർന്നിരുന്നു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'സൂഫി റാബിയ 'അൽ-ആദവിയ്യ' എന്ന ഒരു സ്ത്രീ ഇറാഖിലുള്ള തന്റെ സ്വദേശമായ ബസ്രയിൽക്കൂടി നടക്കുകയായിരുന്നു. ഒരു കയ്യിൽ കത്തുന്ന വിളക്കും മറ്റേ കയ്യിൽ ഒരു തൊട്ടി വെള്ളവുമുണ്ടായിരുന്നു. ഇത് എന്തിനാന്നെന്ന് ചോദ്യം വന്നപ്പോൾ മറുപടി പറഞ്ഞത്, 'അവർക്ക് സ്വർഗം കത്തിച്ചു താഴെയിടണമെന്നും വെള്ളം ഒഴിച്ച് നരകത്തിലെ തീ ശമിപ്പിക്കണമെന്നു'മായിരുന്നു. അങ്ങനെയെങ്കിൽ മനുഷ്യർക്ക് നരകമെന്ന ശിക്ഷയോ സ്വർഗ്ഗമെന്ന പ്രതിഫലമോ ഇല്ലാതെ ദൈവത്തെ സ്തുതിച്ച് സ്നേഹിച്ചു ജീവിക്കാൻ സാധിക്കും. ദൈവത്തോട് സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാൻ ചില സൂഫികൾ കവിതകളും എഴുതുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സൂഫി ഡാറ്റ ഗഞ്ച ബാഖ്‌ഷ് (Data Ganj Bakhsh) എന്നയാൾ  വളരെയധികം സങ്കീർണ്ണമായ സൂഫികളുടെ ദൈവശാസ്ത്രം എഴുതിക്കൊണ്ടിരുന്നു. അതിനുത്തരം പറയാൻ ഇസ്‌ലാം പണ്ഡിതർക്ക് സാധിക്കാതെയും വന്നിരുന്നു.

കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ ഏകാന്തതയിൽ കവിയായ സൂഫി വിലപിച്ചു; 'ലോകം തന്നെ അടയ്ക്കപ്പെട്ട ഒരു ശവപേടകം പോലെയാണ്. അതിനുള്ളിൽ നമ്മെ അടച്ചിട്ടിരിക്കുന്നു. ഒപ്പം അജ്ഞതയും നിറച്ചിട്ടുണ്ട്. മൂഢതയിലും ഏകാന്തതയിലും ജീവിതം തള്ളി നീക്കുന്നു. മരണം പാഞ്ഞെത്തുമ്പോൾ ശവപേടകത്തിൽ നിന്നും ചിറകുള്ളവർ നിത്യതയിലേക്ക് പറന്നുയരുന്നു. ചിറകില്ലാത്തവർ ശവപേടകത്തിനുള്ളിൽ അടയുന്നു. കൂട്ടുകാരെ, മരണത്തിന്റെ ശവപേടകം തുറക്കുന്നതിനു മുമ്പ് ദൈവത്തിങ്കലേയ്ക്ക്! പറന്നുയരാനുള്ള പക്ഷികളാകാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങളിലെ അഭിമാനകരമായ നേട്ടങ്ങളടങ്ങിയ പക്ഷിത്തൂവലുകളുടെയും  ചിറകുകളുടെയും ബലം വർദ്ധിപ്പിക്കുകയും വേണം!' സൂഫികളുടെ സുഭാഷിതങ്ങളിൽ പറയുന്നു, 'അന്വേഷിപ്പിൻ കണ്ടെത്തും! ഞാൻ ദൈവത്തെ അന്വേഷിച്ചു. കണ്ടെത്തിയത് എന്നെത്തന്നെയായിരുന്നു. എന്നെത്തന്നെ അന്വേഷിച്ചു. എന്നിൽ സത്യവും സ്നേഹവുമായ ദൈവത്തെ മാത്രം കണ്ടു.'











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...