Thursday, July 4, 2019

കർദ്ദിനാൾ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും, ഒരു പഠനം




ജോസഫ് പടന്നമാക്കൽ

എറണാകുളം അതിരൂപതയിലെ ഭൂമിവിവാദത്തിന്റെ സത്യം എന്തെന്നു കർദ്ദിനാൾ മാർ ജോർജ്' ആലഞ്ചേരിയും ഏതാനും പുരോഹിതരുമൊഴികെ അല്മായലോകത്തിനോ മറ്റു പുരോഹിത ലോകത്തിനോ അറിയില്ല. ഒരു വശത്ത് മാർ ആലഞ്ചേരിയും അദ്ദേഹത്തെ പിന്താങ്ങുന്നവരും മറുവശത്ത് എറണാകുളം അതിരൂപതയിലെ മെത്രാന്മാരും പുരോഹിതരും പരസ്പ്പര ചേരികളായി അണിനിരന്നുകൊണ്ട് ആക്ഷേപങ്ങളുയർത്തുന്ന വാർത്തകൾ നിത്യം നാം വായിക്കുന്നു.

ഭൂമിവിവാദത്തെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ഒരു പരിശോധനയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. മാദ്ധ്യമങ്ങൾ പൊതുവേ മാർ ആലഞ്ചേരിയെ ന്യായികരിച്ചുകൊണ്ടുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. അത് അവരുടെ ബിസിനസ് നയമാകാം! എതിർഭാഗത്തുള്ള പുരോഹിതരുടെ വാദങ്ങളും അവരുടെ  ശരിയും തെറ്റും വിലയിരുത്തേണ്ടത് നിഷ്‌പക്ഷചിന്തകൾക്കാവശ്യമാണ്.  മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ അതിരൂപത എടുത്ത തീരുമാനങ്ങളുടെയും ആലോചനസമിതികളുടെ ചർച്ചാവിഷയങ്ങളായ സാമ്പത്തിക കാര്യങ്ങളുടെയും ഒരു റിപ്പോർട്ട് വായിക്കാനിടയായി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വസ്തുതകളെ ആധാരമാക്കിയുള്ള കുറിപ്പുകളും വിൽപ്പന-വാങ്ങൽ സംബന്ധിച്ച ദുരൂഹതകളും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിരൂപതയിൽ അധാർമ്മികമായ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രമക്കേടുകളെ മറച്ചുവെച്ചുകൊണ്ട് സഭയുടെ അസ്തിത്വം തന്നെ ഇളകുന്ന വിധത്തിലാണ് ഇന്നുള്ള കർദ്ദിനാൾ, പുരോഹിത കൂട്ടായ്‌മകളുടെ പ്രവർത്തനങ്ങളിൽനിന്നും മനസിലാക്കുന്നത്. സഭയുടെ വ്യക്തിത്വം തന്നെ ചവറ്റുകൊട്ടയിലേക്കെറിയുന്ന പ്രവർത്തനങ്ങളാണ് സഭാനേതൃത്വത്തിൽനിന്നും സമീപകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമി വിവാദ പ്രശ്നങ്ങൾ അന്വേഷിക്കാൻ വന്ന വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററിന്റെ കാലാവധി അവസാനിച്ചിരുന്നു. അതിരൂപതയുടെ ചുമതല പോലീസ് അകമ്പടിയോടെ മാർ ആലഞ്ചേരിയുടെ നേതൃത്വം രാത്രിയിൽ കയ്യേറിയ സംഭവം എതിർവിഭാഗം വൈദികരെ പ്രകോപിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ വീണ്ടും വഷളായതുകാരണം ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വിമർശനങ്ങളും തുടങ്ങി. മുന്നൂറോളം പുരോഹിതർ സമ്മേളിച്ച് പ്രതിക്ഷേധ റാലികൾ സംഘടിപ്പിച്ചതും മാർ ആലഞ്ചേരിയുടെ ധാർമ്മികത്വത്തെ ചോദ്യം ചെയ്യലായിരുന്നു. വ്യാജരേഖയെന്നത് വ്യാജമോ വിവാദമോയെന്നതും തർക്കവിഷയമാണ്‌.

എറണാകുളം ജില്ലയിലെ അഞ്ചു സ്ഥലങ്ങളിൽ സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി വിൽപ്പന നടത്തിയതുമുതലാണ് വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കപ്പെടാൻ ആരംഭിച്ചത്. ഭൂമി വില്പ്പന  നടന്നപ്പോൾ പതിമൂന്നു കോടി രൂപയാണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആധാരത്തിലെ വിലയും വിറ്റ അസൽ വിലയും പൊരുത്തപ്പെടാതെ വന്നപ്പോൾ കൂടുതൽ ദുരൂഹതകൾ സൃഷ്ടിക്കുന്നതിന് കാരണമായി. 27 കോടി രൂപായ്ക്കാണ് വസ്തുക്കൾ മൊത്തമായി വിറ്റത്. അതിൽ ഒമ്പതു കോടി രൂപ അതിരൂപതയുടെ ബാങ്കിൽ പണമായി വന്നു. ബാക്കിയുള്ള പതിനെട്ടു കോടി രൂപയുടെ കണക്കിലാണ് അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിമുളച്ചത്. വസ്തു വിൽപ്പന-വാങ്ങൽ നടത്തുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ 'സാജു വർഗീസി'നാണ് വസ്തുക്കൾ വിറ്റത്. പണം രൊക്കം നല്കാനില്ലാത്തതിനാൽ ബാക്കി തരാനുണ്ടായിരുന്ന പതിനെട്ടു കോടി രൂപായ്ക്ക് പകരമായി രണ്ടിടത്തായി ഭൂമി തീറായി ഇടനിലക്കാരൻ തന്നു. തരാനുള്ള തുകയ്ക്കു തുല്യമായ വിലയുള്ള ഭൂമി സീറോ മലബാർ സഭയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു. ഇതാണ് ഭൂമിയിടപാടിനെ സംബന്ധിച്ചുള്ള സീറോ മലബാർ സഭയുടെ സാമ്പത്തിക ശാസ്ത്രവും അതുമൂലം സംഭവിച്ചുപോയ പാളീച്ചകളും.

എന്തുകൊണ്ട് ഭൂമിവില്പനയുടെ ആധാര രേഖയിൽ പതിമൂന്നു കോടി രൂപ വെച്ചുവെന്നും ചോദ്യങ്ങളുയർന്നിരുന്നു. ഒരു വ്യക്തിയും ആധാരസമയം വസ്തുക്കളുടെ മുഴുവൻ വില വെക്കാറില്ല. നികുതിയിനത്തിൽ ലാഭിക്കാനുള്ള പഴുതുകളായി വസ്തുവിന്റെ വിലയേക്കാളും കുറച്ചുള്ള പൊന്നിൻ വില കാണിക്കുന്നു. ഒരു സെന്റിന് ഭൂമിക്ക് 50000 രൂപ സർക്കാർ നിശ്ചയിക്കുന്നത് ഒരുപക്ഷെ നാം അഞ്ചു ലക്ഷത്തിനും അമ്പതു ലക്ഷത്തിനുമൊക്കെ വിറ്റെന്നിരിക്കും. പക്ഷെ ആധാരത്തിൽ കാണിക്കുന്ന തുക സർക്കാർ നിശ്ചയിച്ച പൊന്നിൻ വില മാത്രം. കേരളത്തിൽ നാം നടത്തുന്ന ഭൂമിയിടപാടുകളുടെ പച്ചപരമാർത്ഥമല്ലേയിത്? അങ്ങനെയുള്ളവർക്ക് മാർ ആലഞ്ചേരിയുടെ ധർമ്മത്തെപ്പറ്റിയും നീതിയെപ്പറ്റിയും വിമർശിക്കാൻ അവകാശമുണ്ടോ? ഈ പ്രശ്നത്തിൽ മാർ ആലഞ്ചേരിയെ മാത്രം ക്രൂശിക്കണോ? സീറോ മലബാർ സഭയുടെ കൂട്ടുത്തരവാദിത്വത്തിൽ എടുത്ത തീരുമാനമല്ലേയിത്? അതോ മാർ ആലഞ്ചേരി ഒറ്റയ്ക്ക് സീറോ മലബാർ സഭയുടെ ഭൂമി കച്ചവടം ചെയ്തോ? മാർ ആലഞ്ചേരിയുടെ 'ഒപ്പ്' ഒരു വ്യക്തിയെന്ന നിലയിലല്ല. സീറോ മലബാർ സഭയെ പ്രതിനിധികരിച്ചാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ മാർ ആലഞ്ചേരിയെ ജയിലിൽ അടക്കണമെന്ന മുറവിളികൾ ആവശ്യമുണ്ടോ? ഭൂമിയിടപാടുകളിൽ ആരാണ് തെറ്റുകാരെന്നും പാളീച്ചകൾ എവിടെയെല്ലാമെന്നുള്ള സമഗ്രമായ ഒരു പരിശോധനയും  ആവശ്യമാണ്.

ഭൂമിവിവാദത്തിൽക്കൂടി സഭയ്ക്ക് ധാർമ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികൾ ചോദ്യം ചെയ്യാൻ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും  പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മാദ്ധ്യമങ്ങൾ കൂടുതലും അധികാരവും പണവുമുള്ള പക്ഷത്തെ ന്യായീകരിക്കുന്നതും പതിവാണ്. മാദ്ധ്യമങ്ങളുടെ വരുമാനമായ പരസ്യവിപണികളാണ് അവരുടെ ലക്ഷ്യവും. ശക്തമായ പോലീസകമ്പടി അധികാരക്കസേര കയ്യാളുന്നവരുടെ അധീനതയിലുണ്ട്. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ക്രിമിനൽ മനസുള്ള നിരവധി വൈദ്യകരുടെയും അവരുടെ കൂട്ടാളികളുടെയും പ്രചരണ തന്ത്രങ്ങളും ശക്തമാണ്. സത്യം അറിയാവുന്നവർ സഭയുടെ അച്ചടക്കത്തെ ഭയന്ന് നിശബ്ദരായി കളികൾ കണ്ടുകൊണ്ടിരിക്കുന്നു.

ചരിത്ര വസ്തുതകളിലേക്ക് തിരിഞ്ഞാൽ എറണാകുളം അതിരൂപതയുടെ പ്രശ്നങ്ങൾ വാസ്തവത്തിൽ തുടക്കമിടുന്നത് കർദ്ദിനാൾ വർക്കി വിതയത്തിന്റെ കാലംമുതലാണെന്ന് കാണാം. അതിരൂപത വകയായി എറണാകുളത്ത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന കാര്യം ചർച്ച വന്നപ്പോൾ 'കർദ്ദിനാൾ വർക്കി വിതയത്തിൽ' ആ ഉദ്യമം വേണ്ടെന്നു വെക്കുകയാണുണ്ടായത്. എന്നാൽ 2013 ഏപ്രിൽ മാസത്തിൽ നടന്ന വൈദികരുടെ സാമ്പത്തികാലോചന യോഗത്തിൽ എറണാകുളത്ത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന വിഷയം വീണ്ടും ചർച്ച ചെയ്യപ്പെട്ടു. അന്നു നടന്ന സാമ്പത്തിക ചർച്ച സമ്മേളനത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായും മെഡിക്കൽ കോളേജിന് സ്ഥലം വാങ്ങുന്നതിനായും 125 കോടി രൂപ ബാങ്കിൽ നിന്നും കടമെടുക്കാൻ തീരുമാനിക്കുന്നു.

2013 ആഗസ്റ്റ് രണ്ടാം തിയതി കേരളസർക്കാരിൽനിന്നും കോളേജ് തുടങ്ങാൻ അനുവാദം ലഭിച്ചതായും അതിനായി 20 ഏക്കർ സ്ഥലം വാങ്ങുന്നതിന് തീരുമാനിച്ചതായും അന്നത്തെ പ്രൊക്കുറേറ്ററായ ഫാദർ മാത്യു മണവാളൻ അറിയിക്കുന്നു. 2014 ഏപ്രിൽ ഏഴാം തിയതി കർദ്ദിനാളിന്റെ നേതൃത്വത്തിൽ വീണ്ടും ആലോചന സമിതി യോഗം കൂടി കോളേജിന് ഭൂമി വാങ്ങുന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു. 2015 ഡിസംബർ രണ്ടാം തിയതി കൂടിയ അതിരൂപതയുടെ സാമ്പത്തികാലോചന യോഗത്തിൽ 'മറ്റൂരെന്ന സ്ഥലത്ത് 23.3 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിനായി വാങ്ങിയെന്നും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെന്നും ഫാദർ ജോഷി അറിയിച്ചു. വസ്തു വാങ്ങിയതിൽ മൊത്തം വന്ന ചെലവ് 59 കോടി രൂപായെന്നും അതിനായി രൂപതവക നാലഞ്ച് സ്ഥലങ്ങൾ വിൽക്കാനുള്ള തീരുമാനങ്ങളും അറിയിച്ചു. വരാന്തരപ്പള്ളി, പൂക്കാട് പള്ളി, കളമശേരി എന്നീ പ്രദേശങ്ങളിലുള്ള സ്ഥലങ്ങൾ വിൽക്കാനാണ് തീരുമാനിച്ചത്. ഫാദർ ജോഷിയെ വസ്തുവിൽപ്പനയ്ക്ക് സഹായിക്കാൻ മിസ്റ്റർ ജേക്കബ് മാപ്പിളശേരിയെയും പി.പി. സണ്ണിയെയും ചുമതലപ്പെടുത്തി. പിന്നീട് കണ്ടന്നൂർ, മരട്‌, തൃക്കാക്കര എന്നിവിടങ്ങളിലുള്ള സ്ഥലങ്ങൾ കൂടി വിൽക്കാൻ തീരുമാനിച്ചു.

2016 ജൂലൈയിൽ കൂടിയ സാമ്പത്തിക സമ്മേളനത്തിൽ അതിരൂപതക്ക് 68 കോടി രൂപ ബാധ്യതയുണ്ടെന്നും അതിനായി മറ്റു അഞ്ചു സ്ഥലങ്ങളും കൂടി വിൽക്കാൻ തീരുമാനിക്കുന്നുവെന്നും അറിയിച്ചു. ഭാരത മാതാ എതിർവശത്തുള്ള സ്ഥലം, എയർ പോർട്ടിന് സമീപമുള്ള സ്ഥലങ്ങൾ ഉൾപ്പടെ 'സാജു വർഗീസ്' എന്നയാൾക്ക് സെന്റിന് 9 ലക്ഷം രൂപയ്ക്ക് വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഈ തീരുമാനത്തിന് ഒരു മാസം മുമ്പ് 2016 ജൂൺ മാസത്തിൽ കൂടിയ സാമ്പത്തിക പൊതുയോഗത്തിൽ 'ഫാദർ ജോഷിയെ' പ്രസ്തുത സ്ഥലങ്ങൾ 9.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ മാർ ഇടയന്ത്രത്ത് ചുമതലപ്പെടുത്തിയിരുന്നു. ഫാദർ ജോഷി ഈ വസ്തു വിൽക്കാനായി വി.കെ.ഏജൻസീസ് എന്ന റീയൽ എസ്റ്റേറ്റുകാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ തീരുമാനങ്ങളെ മറികടന്നാണ് അതിനേക്കാളൂം കുറഞ്ഞ വിലയ്ക്ക് സാജു വർഗീസിന് വസ്തു വിൽക്കാൻ തീരുമാനിച്ചത്.  കച്ചവടങ്ങളുടെ വിവരങ്ങൾ സാമ്പത്തിക സമിതികളെ അറിയിക്കാതെ രഹസ്യമായി നടത്തിക്കൊണ്ടിരുന്നു. ഈ സ്ഥലവിൽപ്പനയാണ് അതിരൂപതയ്ക്ക് ഭീമമായ നഷ്ടം വരുത്തിയത്. അതുമൂലം മെത്രാപ്പോലീത്തായും അതിരൂപതയും ഇന്ന് കള്ളപ്പണ കൈമാറ്റമെന്ന സംശയത്തിന്റെ നിഴലിൽ വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

2017 മാർച്ച് 9-നു അതിരൂപതയുടെ സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാൻ വീണ്ടും സാമ്പത്തിക യോഗം കൂടി. പെരുമാണൂർ, കണ്ടന്നൂർ എന്നിവടങ്ങളിലുള്ള സ്ഥലം കോട്ടപ്പടിയിലുള്ള 70 ഏക്കർ സ്ഥലവുമായി വെച്ചുമാറുകയെന്നതായിരുന്നു നിർദ്ദേശം. അതിനുശേഷം 70 ഏക്കർ സ്ഥലം സെന്റിന് 1.5 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാനായിരുന്നു പദ്ധതിയിട്ടത്. സാജു വർഗീസ് സ്ഥലം വാങ്ങാനായി തയ്യാറുമായിരുന്നു. 70 ഏക്കർ സ്ഥലത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. എന്നാൽ ഈ 70 ഏക്കർ വിൽക്കുന്നതിന് മറ്റു പല ടെക്ക്നിക്കൽ തടസങ്ങളുണ്ടെന്ന് പ്രൊക്കുറേറ്റർ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് സ്ഥല ക്രയവിക്രയങ്ങൾ നടന്നില്ല. സ്ഥലത്തിന് അഡ്വാൻസ് കൊടുത്തുവോ ഇല്ലയോ നഷ്ടപ്പെട്ടോയെന്നു നിശ്ചയമില്ല.

ഇവിടെ ഗുരുതരമായ വീഴ്ച വരുത്തിയ മറ്റൊരു കാര്യവും ചിന്തനീയമാണ്. 2017 ഫെബ്രുവരി 22 ന് ദേവികുളത്ത് 17 ഏക്കർ സ്ഥലം വാങ്ങിക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിവരം ആരെയും സാമ്പത്തിക ഉപദേശ സമിതിയെയും അറിയിച്ചിട്ടില്ല. അതുപോലെ കോട്ടപ്പടിയിൽ 2017 ഏപ്രിൽ മാസം 25 ഏക്കർ സ്ഥലവും രജിസ്റ്റർ ചെയ്ത വിവരങ്ങളും ആർക്കും അറിഞ്ഞുകൂടായിരുന്നു. 2017 ഏപ്രിൽ മാസത്തിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ അതിരൂപത എവിടെയെങ്കിലും സ്ഥലം വാങ്ങുവാൻ ഉദ്ദേശമുണ്ടോയെന്ന ചോദ്യത്തിന്! ഇല്ലായെന്നുള്ള മറുപടിയായിരുന്നു മെത്രാപ്പോലീത്തായിൽ നിന്നും പ്രൊക്കുറേറ്ററിൽ നിന്നും ലഭിച്ചത്. ആ യോഗത്തിന് മൂന്നു ദിവസത്തിനുശേഷമാണ്, ആരോടും ആലോചിക്കാതെ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ 25 ഏക്കർ സ്ഥലം വാങ്ങിയത്. വാസ്തവത്തിൽ ഈ കച്ചവടം സാമ്പത്തിക ഉപദേശസമിതിയോട് ചെയ്ത വഞ്ചനയും കാനോൻ നിയമങ്ങൾ ലംഘിക്കുകയുമായിരുന്നു. പിന്നീടാണ് ആ വസ്തുവിന്മേൽ ആർച്ച് ബിഷപ്പിന്റെ സ്ഥലമെന്ന ബോർഡ് തൂക്കുന്നത്. അതിനെപ്പറ്റി വൈദികർ ചോദ്യം ചെയ്തപ്പോൾ മെത്രാപ്പോലീത്താ മാർ ആലഞ്ചേരി വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞു പോവുകയും പ്രൊക്കുറേറ്ററോട് ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രൊക്കുറേറ്ററോട് വൈദിക സമിതി ചോദിച്ചപ്പോൾ രൂക്ഷമായ പ്രതികരണം ലഭിക്കുകയാണുണ്ടായത്. ഈ കച്ചവടത്തിനു പിന്നിൽ നിഗൂഢത ഉണ്ടെന്ന് ചോദ്യം ചെയ്ത പുരോഹിതർ മനസിലാക്കുകയും ചെയ്തു. അതിനുശേഷമാണ് അങ്കമാലി രൂപതയിലെ ഏതാനും വൈദികർ വസ്തുതകൾ തേടിയുള്ള, സത്യം പുറത്തുവരാനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ അന്വേഷണത്തിൽ സ്ഥലം വാങ്ങിയതും വിറ്റതുമെല്ലാം അനധികൃതമായ ക്രയവിക്രയത്തിൽക്കൂടിയെന്നു മനസിലാക്കുകയും ചെയ്തു.

2017 സെപ്റ്റമ്പറിൽ കൂടിയ സാമ്പത്തിക പൊതുയോഗത്തിൽ അഞ്ചു സ്ഥലങ്ങൾ സെന്റിന് 9.5 ലക്ഷം രൂപക്ക് വിറ്റ കാര്യം സാമ്പത്തിക സമ്മേളനത്തിൽ പ്രൊക്യൂറേറ്റർ അറിയിക്കുന്നു. അതുവഴി 27  കോടി രൂപ ലഭിച്ചുവെന്നും അറിയിച്ചു. വാങ്ങിയവർ 9 കോടി അക്കൗണ്ടിൽ ഇടുകയും ബാക്കി 18 കോടി പിന്നീട് തരാമെന്നും സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ സെന്റിന് 4.47 ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നു. രേഖകൾ പ്രകാരം വസ്തു വിറ്റത് 13,31,44,000 രൂപയെന്നും രജിസ്റ്റർ ചെയ്തിരിക്കുന്നു. ബാക്കി പണം കള്ളപ്പണമോ, ലഭിച്ചോ, എവിടെ പോയിയെന്നോ ആർക്കും നിശ്ചയമില്ലായിരുന്നു.

എറണാകുളം അതിരൂപതയിൽ തുടർച്ചയായി നടന്ന വസ്തു ക്രയവിക്രയങ്ങളിൽ നിരവധി സംശയങ്ങൾ ബാക്കി നിൽക്കുകയാണ്. അതിരൂപത കടങ്ങൾകൊണ്ടു വലയുമ്പോൾ വീണ്ടും വസ്തുക്കൾ മേടിച്ചുകൂട്ടിയത് എന്തിനായിരുന്നു? കോട്ടപ്പടിയിൽ 25 ഏക്കർ സ്ഥലം മേടിച്ച വിവരം അറിയാവുന്നവർ കർദ്ദിനാളിനും ഒപ്പം അദ്ദേഹത്തോട് ചേർന്നു നിൽക്കുന്ന ഒന്നുരണ്ടു പുരോഹിതർക്കും മാത്രമായിരുന്നു. ഈ സാഹചര്യങ്ങളിലാണ് അനധികൃത വിൽപ്പന-വാങ്ങൽ നടത്തുന്ന രൂപതയുടെ കള്ളക്കളികൾ അറിയിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്താക്കാൻ വൈദികർ തയ്യാറായത്. വസ്തു ക്രയവിക്രയ കാര്യങ്ങൾ വൈദികർ എല്ലാ ഫൊറോനാ വികാരികളെയും അറിയിക്കുകയുമുണ്ടായി. കർദ്ദിനാൾ ഉൾപ്പടെയുള്ള സംഘത്തിന്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി പുറത്തു വരാനും തുടങ്ങി.

കർദ്ദിനാൾ ആലഞ്ചേരിയുമായി ഭൂമിയിടപാടുകളെപ്പറ്റി സംസാരിക്കാൻ 22 വൈദികരെ തിരഞ്ഞെടുത്തിരുന്നു. 2017 നവംബർ ആറിന് ആലഞ്ചേരിയുമായി പുരോഹിതർ ഒരു കൂടിക്കാഴ്ച നടത്തി. അതിനു മുമ്പ് രഹസ്യമായി ദേവികുളത്തു മേടിച്ച സ്ഥലങ്ങളുടെ റെക്കോർഡും ഇവരുടെ കൈവശമുണ്ടായിരുന്നു. ഈ വിവരം കർദ്ദിനാളും ഫാദർ ജോഷിയും, മോൺ ഫാദർ വടക്കുംപാടനും ഒഴികെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതകൾ നവംബർ മുപ്പത്തിനകം പരിഹരിക്കുമെന്ന് കർദ്ദിനാൾ അന്നു പുരോഹിതർക്ക് വാക്കു കൊടുക്കുകയും ചെയ്തു. വസ്തുവിൽപ്പനയിലുള്ള ബാക്കി തുക 'സാജു വർഗീസ്' നൽകുമെന്നും അറിയിച്ചു. എന്നാൽ സാജു വർഗീസ് ചതിയനെന്ന് പുരോഹിതർ അറിയിച്ചിട്ടും മാർ ആലഞ്ചേരി സാജു വർഗീസിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. സാജു വിശ്വസ്തനെന്നു പറഞ്ഞു ന്യായികരിക്കുകയും ചെയ്തു.

വൈദികരും മാർ ആലഞ്ചേരിയുമായുള്ള ചർച്ചകൾക്കുശേഷം പ്രൊക്കുറേറ്റർ സാമ്പത്തികാലോചന യോഗത്തിൽ കോട്ടപ്പടിയിൽ 25 ഏക്കറും ദേവികുളത്ത് പതിനേഴ് ഏക്കറും വാങ്ങിയെന്ന് ഔദ്യോഗികമായി സഭയെ അറിയിക്കുന്നു. ഇടയന്ത്രത്തിനെ അറിയിക്കാതെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നിലവിലുള്ള കടം കൂടാതെ 10 കോടി രൂപകൂടി കടമെടുത്ത വിവരങ്ങളും അറിയിക്കുന്നു. സ്ഥലങ്ങൾ മേടിച്ചതും കടമെടുത്തതും ആലോചന സമിതിയോട് ആലോചിച്ചില്ലായെന്നുള്ള കുറ്റസമ്മതവും നടത്തുന്നുണ്ട്.

2017 നവംബർ ഒമ്പതാം തിയതി നടന്ന ആലോചന യോഗത്തിൽ സ്ഥലങ്ങളെല്ലാം സാജു വർഗീസിന് വിറ്റെന്നും അയാൾ നൽകാനുള്ള 27 കോടിയിൽ 8.97 കോടി രൂപ നൽകിയെന്നും ബാക്കി 18 കോടി രൂപയ്ക്കുള്ള സ്ഥലം ദേവികുളത്ത് 17 ഏക്കർ സ്ഥലം തീറു തന്നിട്ടുണ്ടെന്നും പ്രൊക്യൂറേറ്റർ അറിയിക്കുന്നു. സ്ഥലം താൽക്കാലികമായി അതിരൂപതക്ക് എഴുതി തന്നെന്നും പറഞ്ഞു. തരാനുള്ള തുക തന്നു കഴിയുമ്പോൾ ഈ സ്ഥലം തിരിച്ചെഴുതി കൊടുക്കുമെന്നും പ്രൊക്യൂറേറ്റർ അറിയിച്ചു.

ഇത്രമാത്രം വിവാദപരമായ ഭൂമി ഇടപാടുകൾ ഉണ്ടെന്നിരിക്കവേ ശ്രീ സി.എം. ജോസഫ്, ശ്രീ സി.വി. അലക്‌സാണ്ടർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റിയെ മാർ ആലഞ്ചേരി നിയമിക്കുന്നു. 2017 നവംബർ 27-നു ശ്രീ സി.എം. ജോസഫ് സാമ്പത്തിക കാര്യസമിതിയിൽ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുന്നു. അതിരൂപതയിൽ സാമ്പത്തിക അച്ചടക്ക ലംഘനവും സാമ്പത്തിക തിരിമറികളും നടന്നിട്ടുണ്ടെന്നു കണ്ടെത്തി. റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ  കർദ്ദിനാൾ മൂന്നു വൈദികരെയും മൂന്ന് അൽമായരെയും ഉൾപ്പെടുത്തി ആറംഗ കമ്മീഷനെ തിരഞ്ഞെടുത്തു.

2017-ഡിസംബറിൽ കർദ്ദിനാൾ ചീകത്സക്കായി ഹോസ്‌പിറ്റലിൽ ആയിരിക്കവേ മാർ ഇടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ സാമ്പത്തിക കാര്യങ്ങളെ പരിഗണിക്കാൻ യോഗം കൂടി. അന്ന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കാനോൻ നിയമങ്ങൾ ലംഘിച്ചതായും അതിരൂപതയിൽ കണ്ണായ സ്ഥലങ്ങൾ നഷ്ടപ്പെട്ടതായും അതി രൂപതയിലെ സാമ്പത്തിക ബാധ്യത വർദ്ധിച്ചതായും കണ്ടെത്തി. ശരിയായുള്ള സത്യാവസ്ഥകൾ മറച്ചു വെച്ചതായും മനസിലാക്കി. പിന്നീട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷുപിതരായ കർദ്ദിനാളിന്റെ പക്ഷക്കാർ എതിർവിഭാഗത്തിനെതിരെ ആരോപണങ്ങൾ തൊടുത്തുവിട്ടിരുന്നു. ഇതിനിടെ കർദ്ദിനാളിനെ വധിക്കാൻ ശ്രമിച്ചുവെന്നും കിംവദന്തികള്‍ പരത്താനാരംഭിച്ചു. ‍എറണാകുളം രൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും പ്രചരണങ്ങൾ തുടങ്ങി. ഇത്തരണം ദുഷ്പ്രചരണങ്ങളിൽ കർദ്ദിനാളും നിശ്ശബ്ദനായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സത്യം എന്തെന്നു അറിയിക്കുകയെന്നത് അതിരൂപതയിലെ വൈദികരുടെ ബാധ്യതയുമായി. നിരന്തരം കേരള സമൂഹമൊന്നാകെ, സോഷ്യൽ മീഡിയാകളിലും, ചാനൽ ചർച്ചകളിലും വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. 2018 ജനുവരിയിൽ മാർ ആലഞ്ചേരി നിയമിച്ച കമ്മറ്റിയുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ വൈദിക സമിതി യോഗം വിളിച്ചു കൂട്ടിയിരുന്നു. റിപ്പോർട്ടിൽ പല സത്യങ്ങളും പുറത്തു വരുന്നതുകൊണ്ട് ആലഞ്ചേരി സമ്മേളനത്തിൽ സന്നിഹിതനായില്ല. സമ്മേളനത്തിൽ വരാതിരിക്കാൻ അദ്ദേഹത്തെ മൂന്നുനാലു അല്മായർ തടഞ്ഞുവെച്ചുവെന്ന് ഒരു വ്യാജനാടകവും നടത്തി.

മാർ ആലഞ്ചേരിയെ തടഞ്ഞു വെച്ചുവെന്നുള്ള വാർത്ത യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു നാടകം കളിയായിരുന്നു. അന്ന് വൈദിക സമ്മേളന യോഗം നടന്നില്ല. പിറ്റേദിവസം കമ്മറ്റി അംഗങ്ങൾ റിപ്പോർട്ട് കർദ്ദിനാളിനെ നേരിട്ടേൽപ്പിച്ചു. വീണ്ടും ജനുവരി മുപ്പതിന് വൈദിക സമ്മേളനം വിളിച്ചുകൂട്ടി. അന്നും താൻ റിപ്പോർട്ട് പഠിച്ചില്ലെന്നു  പറഞ്ഞുകൊണ്ട് കർദ്ദിനാൾ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. പിന്നീട് വിഷയം സംബന്ധിച്ച് വൈദിക സമിതികളും സാമ്പത്തിക സമിതികളും പലതവണകൾ യോഗം കൂടിയെങ്കിലും കമ്മറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ചചെയ്യാതെ ഒഴിവു കഴിവുകൾ പറഞ്ഞു കർദ്ദിനാൾ നിശ്ശബ്ദനാവുകയായിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ അദ്ദേഹം ഒരിക്കലും  തയ്യാറല്ലായിരുന്നു. മെത്രാൻ സിനഡും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സകലതും  മൂടിവെക്കാനാണ് ശ്രമിച്ചത്.

അതിരൂപതയിൽ സംഘർഷം മൂക്കുകയും കേസ് സിവിൽ കോടതിയിൽ വരുകയും ചെയ്തു. പിന്നീട് കോടതി ' മാർ ആലഞ്ചേരി'ക്കെതിരെ ക്രിമിനൽക്കേസുകളും ഫയൽ ചെയ്തു. നിരവധി മദ്ധ്യസ്ഥ  ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് കേസ് കോടതിയിൽ പോയത്. ഇതിനിടെ മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസും ലത്തീൻ ആർച്ചു ബിഷപ്പ് സൂസായ്പാക്യവും ഭാരത മെത്രാൻ സമിതിയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകൾ പുറത്താക്കാതെ ചില പിഴവുകൾ സംഭവിച്ചതായി ആലഞ്ചേരി കുറ്റം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഭൂമി വിവാദമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇന്നും ദുരൂഹതയിൽ തന്നെ തുടരുന്നു.

കർദ്ദിനാൾ ആലഞ്ചേരിയ്ക്കും ഫിനാൻസ് ഡയറക്ടർ ഫാദർ ജോഷിക്കും ഇടനിലക്കാരൻ സാജു വർഗീസീനുമെതിരെ ഒന്നും രണ്ടും മൂന്നും പ്രതികളായി സിവിൽക്കേസുകളും ക്രിമിനൽ കേസ്സുകളുമുണ്ട്. പണാപഹരണം, ഗൂഢാലോചന, കളവുപറയൽ എന്നിവക്ക് ഐപിസി 406,423,120B വകുപ്പുകൾ ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ മാർ ആലഞ്ചേരിയെ ഒന്നാംപ്രതിയായി ചേർത്തിരിക്കുന്നു.  ഭൂമി കച്ചവടത്തിൽ സാമ്പത്തിക സമിതിയുടെ അനുവാദമില്ലാതെ ആധാരങ്ങളിൽ ഒപ്പിട്ടതുകൊണ്ട് കച്ചവടത്തിലെ ക്രമക്കേടുകളിൽ ആലഞ്ചേരിക്ക് വ്യക്തിപരമായും പങ്കുണ്ടെന്നാണ് നിഗമനം. സഭയുടെ വിറ്റ ഭൂമിയെല്ലാം  ഇടനിലക്കാരൻ സാജു അഞ്ചിരട്ടി വിലക്കായിരുന്നു മറിച്ചു വിറ്റുകൊണ്ടിരുന്നത്. കാക്കനാട്ടുള്ള 60 സെന്റ് സ്ഥലം 4 കോടി രൂപയ്ക്ക് വിറ്റ വകയിൽ പണം സാജുവർഗീസിൽ നിന്നും കൈപ്പറ്റിയതായി ആധാരത്തിൽ കർദ്ദിനാൾ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ സഭയുടെ അക്കൗണ്ടിൽ ആ പണം എത്തിയില്ലാഞ്ഞതും  സാമ്പത്തിക ക്രമക്കേടുകളിലൊന്നാണ്.       

മാർ ആലഞ്ചേരി വരുത്തിവെച്ച വിനമൂലം സഭയുടെ ധാർമ്മിക നിലവാരം താണുപോയതിനാലും സഭയ്ക്ക് സംഭവിച്ചിരിക്കുന്ന സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാനും ഭൂമി വിവാദത്തെപ്പറ്റി പഠിച്ച് പരിഹാരം കാണാനുമായി സ്വതന്ത്രാധികാരമുള്ള ഒരു കമ്മറ്റിയെ നിയമിക്കണമെന്നും അതുവരെ മാർ ആലഞ്ചേരി അധികാരസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും കാണിച്ച് എറണാകുളം അങ്കമാലിയിലെ വൈദികസമിതി റോമിലേക്ക് കത്തുകൾ എഴുതിയിരുന്നു. അതിന്റെ ഫലമായി അങ്കമാലി രൂപതയിലെ പ്രശ്നങ്ങളെ വിലയിരുത്താനും ഭൂമി വിവാദത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കാനും വത്തിക്കാനിൽനിന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സ്വതന്ത്ര ഏജൻസിയെ വെച്ച് അന്വേഷണം പൂർത്തിയാക്കുകയും റിപ്പോർട്ട് റോമിലേക്ക് അയക്കുകയും ചെയ്തു. അതിലെ റിപ്പോർട്ട് അനുകൂലമല്ലെന്ന് വന്നപ്പോൾ വ്യാജരേഖ എന്ന പുകമറ സൃഷ്ടിക്കുകയും റിപ്പോർട്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു.

ബാങ്കിന്റെയും മറ്റു ഉന്നതസ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കിയെങ്കിൽ എന്തുകൊണ്ട് ഈ സ്ഥാപനങ്ങൾ ഒരു പരാതിയും പോലീസിൽ കൊടുത്തില്ലെന്നുള്ളതും ശ്രദ്ധേയമാണ്. വ്യാജരേഖകൾ പൊതുജനങ്ങളുടെ മുമ്പിൽ പരസ്യപ്പെടുത്തിയതും ആലഞ്ചേരി തന്നെ. അതിനുശേഷം തന്നെ അപമാനിച്ചുവെന്നു പറഞ്ഞുകൊണ്ട് മാർ ആലഞ്ചേരി മുതലക്കണ്ണുനീർ പൊഴിക്കുന്നതും വിചിത്രം തന്നെ. സത്യമെന്തെന്ന് മനസ്സിലാക്കിയിട്ടും കേരളത്തിലെ മെത്രാൻമാർ മുഴുവൻ മൗനത്തിലാണെന്നുള്ളതാണ് മറ്റൊരു സംഗതി. ചോദ്യങ്ങൾക്ക് മുഴുവൻ മറുപടി പറയാതെ മാർ ആലഞ്ചേരി എന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. ഭൂമിവിവാദമായി അഴിമതിയില്ലെന്ന് തെളിയിക്കാൻ കെസിബിസി പരമാവധി ശ്രമിക്കുന്നുണ്ട്. നീതി ബോധമുള്ളവരും വിവരമുള്ളവരും മെത്രാൻ സമിതികളുടെ തൊടുത്തുവിടുന്ന നുണകൾ ഇനിമേൽ വിശ്വസിക്കാൻ തയ്യാറാവുകയില്ല.








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...