Sunday, August 4, 2019

പ്രവാസികളും നാടിനു നൽകുന്ന സംഭാവനകളും


ജോസഫ് പടന്നമാക്കൽ

വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ രാജ്യത്തോടു കൂറുള്ളവരല്ലെന്നുള്ള ഒരു സാങ്കൽപ്പിക ഭാവന സാമാന്യ ജനങ്ങളുടെയിടയിലുണ്ട്. അവർ മറ്റു ദേശങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവരാണെന്നും  രാജ്യത്തിനുവേണ്ടി കാര്യമായ സംഭാവനകൾ' ചെയ്യുന്നവരല്ലെന്നുമാണ് വെപ്പ്. അടുത്തയിടെ ഒരു ഫേസ് ബുക്ക് സുഹൃത്ത് 'നിങ്ങൾക്ക് അമേരിക്കയോടല്ലേ കൂറെന്നും മറ്റു ദേശത്ത് വസിക്കുന്ന നിങ്ങൾക്ക് ഇന്ത്യൻ ദേശീയതയെപ്പറ്റി സംസാരിക്കുവാൻ! എന്തവകാശമെന്നും' ചോദിച്ചു. 'ആണ്ടുവട്ടം മുഴുവൻ സ്വന്തം രാജ്യത്ത് ജോലി ചെയ്തു ജീവിക്കുന്ന തങ്ങൾ മാത്രം രാജ്യസ്നേഹികളെന്നും' അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ ഒരു അജ്ഞാത സുഹൃത്തിൽനിന്നുമുള്ള ചോദ്യംമൂലം ഈ ലേഖനമെഴുതാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതിനെയൊന്നും ഞാൻ ഖണ്ഡിക്കുന്നില്ല; തീർച്ചയായും ആണ്ടുവട്ടത്തിന്റെ 365 ദിവസങ്ങളും ഇന്ത്യയുടെ വായു ശ്വസിക്കുകയും ഇന്ത്യയുടെ മണ്ണിൽനിന്ന് വിളയിച്ച ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം രാഷ്ട്രത്തോട് കടപ്പെട്ടവരാണ്. അവർ ദേശസ്നേഹികളായിരിക്കുകയും വേണം. അവരുടെ സ്വത്തും സ്ഥാവര വസ്തുക്കൾക്കും സർക്കാർ സംരക്ഷണം നൽകുന്നു. സ്വന്തം സുരക്ഷിതയ്ക്ക് പോലീസും പട്ടാളവും നിയമവും അവർക്കൊപ്പമുണ്ട്. അവരുടെ മക്കൾക്ക് രാജ്യം വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നു. ജീവിക്കാനുള്ള തൊഴിലവസരങ്ങൾ രാജ്യം സൃഷ്ടിക്കുന്നു. അന്നം തരുന്ന യജമാനനെ തീർച്ചയായും സ്നേഹിച്ചേ മതിയാകൂ.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു രാഷ്ട്രത്തോടായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, "രാജ്യം നിങ്ങൾക്ക് എന്ത് നല്കിയെന്നുള്ളതല്ല, മറിച്ച് രാജ്യത്തിനുവേണ്ടി നിങ്ങൾ എന്ത് സംഭാവനകൾ നൽകിയെന്നാണ് ചിന്തിക്കേണ്ടത്"! നെഹ്രുവിന്റെ ഈ ചോദ്യത്തിനു മുന്നിൽ രാഷ്ട്രസേവന  തല്പരരായി ജീവിക്കുന്ന എത്ര രാജ്യസ്നേഹികൾ ഇന്ത്യയിൽ വസിക്കുന്നുണ്ടെന്നും അറിഞ്ഞുകൂടാ! നെഹ്‌റുവിന്റെ  ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും കർത്തവ്യ ബോധത്തെ ഉണർത്തുന്നു. മഞ്ഞും വെയിലുമുൾക്കൊണ്ട് പട്ടാളക്കാർ അതിർത്തി കാക്കുന്നു. പാടത്തും പണിശാലകളിലും അന്നത്തിനായി കൃഷിക്കാർ കഠിനാധ്വാനം ചെയ്യുന്നു. അവർ തങ്ങളുടെ ധർമ്മനിഷ്ഠയോടെ കർത്തവ്യനിരതരായി രാജ്യസ്നേഹം പ്രകടിപ്പിക്കുന്നു. എന്നാൽ ഭൂരിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും ഖജനാവ് കാലിയാക്കി രാജ്യത്തെ ചൂഷണം ചെയ്തു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം, കോഴ, കൊള്ള എന്നീ സാമൂഹിക ദ്രോഹങ്ങൾ പതിവാണ്. അങ്ങനെയുള്ളവരെ ദേശസ്നേഹികളുടെ വകുപ്പിലുൾപ്പെടുത്താതെ സാമൂഹിക ദ്രോഹികളായും കാണേണ്ടിയിരിക്കുന്നു.

മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ അംബേദ്ക്കർ, സുബാഷ് ചന്ദ്രബോസ്, സരോജിനി നായിഡു എന്നീ സ്വാതന്ത്ര്യ സമര യോദ്ധാക്കൾ ഓരോ കാലത്ത് പ്രവാസി നാടുകളിലായിരുന്നു  ജീവിച്ചിരുന്നത്. ഏകദേശം എൺപതു വർഷങ്ങൾക്ക് മുമ്പ് പ്രവാസികളായ ജവാഹർലാൽ നെഹ്രുവും എം.കെ ഗാന്ധിയും മാതൃരാജ്യത്തേക്ക് മടങ്ങി വരുകയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പടപൊരുതുകയും ചെയ്തു. പ്രവാസി നാടുകളിൽനിന്നും നേടിയെടുത്ത സ്വാതന്ത്ര്യമോഹം അവർ ഭാരതത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു. ഇന്ന് പ്രവാസികൾക്ക് നാടിനെ സാമ്പത്തിക മേഖലകളിൽ ഉയർത്താനും സഹായിക്കാനും സാധിക്കുന്നു. അവർക്ക് അവസരങ്ങൾ നൽകിയാൽ നാടിന് മാറ്റങ്ങളും പ്രതീക്ഷിക്കാം. സ്വാതന്ത്ര്യ ബോധം അവരിലുദിച്ചത് സ്വതന്ത്രമായ രാജ്യങ്ങളിൽ ജീവിച്ച അനുഭവങ്ങളിൽ നിന്നായിരുന്നു. 'സാം പെട്രോഡായെ'പ്പോലുള്ള പ്രവാസികൾ ഇന്ത്യയെ ടെക്കനോളജിക്കൽ രാഷ്ട്രമായി ഉയർത്തി. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന ആശയങ്ങൾ ഗ്രീക്ക് ചിന്തകരിൽ നിന്നും കടമെടുത്തതാണ്. ടോൾസ്റ്റോയുടെയും ജോൺ റസ്‌ക്കിന്റെയും (John Ruskin) വൈദേശിക ചിന്തകൾ ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. സ്വരാജ്യം എന്ന ബോധം തന്നെ വൈദേശികമാണ്‌.

പ്രവാസികളിൽ പേരും പെരുമയും ആർജിച്ച പ്രസിദ്ധരായവരെയും ഈ അവസരത്തിൽ സ്മരിക്കുന്നത് നന്നായിരിക്കും. ഇന്ത്യയുടെ കാർഷിക വിപ്ളവത്തിന് പ്രധാന കാരണക്കാരൻ പ്രവാസിയായ ഡോ. ഡി ദത്ത (Dr. De Datta) എന്ന ശാസ്ത്രജ്ഞനായിരുന്നു. അതുമൂലം അരിയുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമായി. ഉൽപ്പാദന ശേഷിയുള്ള വിത്തുകൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളിൽക്കൂടി കണ്ടുപിടിച്ചു. അത് മില്യൺ കണക്കിന് ഇന്ത്യൻ ജനതയെ തീറ്റുന്നതിനും ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്തിക്കും കാരണമായി. ഗോതമ്പ് വിപ്ലവം ഡോ നോർമൻ ബോർലാന്ഗ് (Dr. Norman Borlaug) തുടങ്ങിയെങ്കിൽ ഉൽപ്പാദനശേഷിയുള്ള നെൽവിത്തുകളുടെ വിപ്ലവത്തിനു തുടക്കമിട്ടത് ഡോക്ടർ ദത്താണ്‌. ഇവർ രണ്ടുപേരുമാണ് ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ടുവന്നത്. അങ്ങനെ ഇന്ത്യയിൽ മറക്കപ്പെട്ട നിരവധി പ്രവാസി പ്രതിഭകളുണ്ട്.

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള സാമ്പത്തിക ഒഴുക്കുകളും നിക്ഷേപങ്ങളും രാജ്യത്തിന്റെ പുരോഗമന പദ്ധതികളെ സഹായിക്കുന്നു. ഇന്ത്യയിൽ പണം നിക്ഷേപിക്കാനായി പ്രവാസികളെ പ്രേരിപ്പിക്കുന്ന വസ്തുതകൾ എന്തെല്ലാം? ഏതെല്ലാം വഴികളിൽ പ്രവാസികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നു? ഇന്ത്യയിൽ എത്രമാത്രം നിക്ഷേപം അവർ കൊണ്ടുവരുന്നു? പ്രവാസികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ സമ്പത്ത് വർദ്ധിക്കുന്നുണ്ടോ? നമ്മുടെ വിദേശ നയങ്ങളുടെ നയരൂപീകരങ്ങളിൽ പ്രവാസികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനായി വിഷയത്തെ സാമാന്യമായി അവലോകനം ചെയ്യേണ്ടതുണ്ട്.

ലോകത്തിൽ ഏറ്റവുമധികം പ്രവാസികളും ഇന്ത്യക്കാരാണ്. അവർ മുഖേന ശരാശരി വർഷംതോറും 70-80 ബില്യൺ ഡോളർ വിദേശപ്പണം രാജ്യത്തിനു ലഭിക്കുന്നു. ഓരോ വർഷവും ശരാശരി പത്തു ശതമാനം വിദേശപ്പണത്തിന്റെ ഒഴുക്ക് വർദ്ധിക്കുന്നുമുണ്ട്. ഇന്ത്യയുടെ ആന്തരിക പദ്ധതികൾക്കുവേണ്ടിയുള്ള ചിലവുകൾ 94 ബില്യൺ ഡോളറാണെന്നിരിക്കെ ഇത് പ്രവാസികളിൽനിന്നും കിട്ടുന്ന വലിയ ഒരു നിക്ഷേപ തുക തന്നെയാണ്. പ്രവാസികൾ ഇന്ത്യയുടെ വരുമാനത്തോളം തുല്യമായ നല്ലൊരു തുക നാട്ടിൽ നിക്ഷേപിക്കുന്നു. യുണൈറ്റഡ് നാഷന്റെ ഒരു പഠന റിപ്പോർട്ടിൽ ഏകദേശം 15 മില്യൺ ഇന്ത്യക്കാർ പുറംനാടുകളിൽ ജീവിക്കുന്നുവെന്നു കാണുന്നു.

ഇന്ത്യൻ ഡോളറിന് 70 രൂപയെന്ന നിരക്കിൽ മാർക്കറ്റ് നിലനിൽക്കുന്നു. ഇന്ത്യൻ രൂപ വില കുറയുന്ന സമയം പ്രവാസികൾ അത് പ്രയോജനപ്പെടുത്താറുണ്ട്. പ്രവാസികളുടെ കറൻസിക്ക് കൂടുതൽ രൂപ ലഭിക്കുകയും ചെയ്യും. അങ്ങനെ ഇന്ത്യയിൽ വിദേശപ്പണത്തിന്റെ വരവും വർദ്ധിക്കുന്നു. പ്രവാസികളുടെ പണം ഇന്ത്യയിൽ ലഭിക്കാനായി സർക്കാർ മറ്റു നടപടികളും സ്വീകരിക്കാറുണ്ട്. ആകർഷണീയമായ പലിശ നിരക്കും ബാങ്കുകൾ നൽകുന്നു. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വവും ഉറപ്പും നല്കുന്നുണ്ട്.

ഇന്ത്യയുടെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമേ പ്രവാസികളുള്ളൂ. എന്നാൽ അവരുടെ സേവനം അതുല്യമാണ്. അളവില്ലാത്ത പ്രയോജനങ്ങളാണ് പ്രവാസികൾ രാഷ്ട്രത്തിന്റെ വികസനത്തിനായി  നല്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സന്ദർശിച്ച വേളയിൽ പറഞ്ഞു; "താൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അമേരിക്കയിൽ വരുന്നത് അമേരിക്കൻ പ്രസിഡന്റിനെ കാണുവാനല്ല, മറിച്ച് പ്രവാസി വ്യവസായികളെയും പ്രവാസി കോർപ്പറേറ്റുകളെയും കാണാനാണ്. ഇന്ത്യയുടെ വികസന പദ്ധതികൾ അവരിൽക്കൂടി വിജയപ്രദമാകുന്നു"

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാനങ്ങളായ നിരവധി മേഖലകളിൽ പങ്കാളികളാകാൻ പ്രവാസികൾക്കു സാധിക്കും. ഓരോ വർഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാർ ജോലിയന്വേഷിച്ചു മറുനാടുകളിൽ കുടിയേറുന്നു. അവർക്ക് മടങ്ങി വരുമ്പോൾ വിദേശത്തുനിന്നും ലഭിക്കുന്ന അറിവുകൾ ഗ്രാമപ്രദേശങ്ങൾമുതൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പകർന്നു നൽകാൻ സാധിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബിസിനസ്സുകൾ തുടങ്ങാനും സാധിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ തുടച്ചുമാറ്റി നവമായ ചിന്തകളും അറിവുകളും ജനങ്ങളിലേക്ക് പകർത്താനും ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും സർക്കാരിനൊപ്പം പ്രവർത്തിക്കാനും കഴിയുകയും ചെയ്യും.

ഒരു പ്രവാസി രാജ്യത്തിനുവേണ്ടി എന്തു ചെയ്തുവെന്നു ചോദിച്ചാൽ ഭൂരിഭാഗം പേർക്കും ഉത്തരം കാണും. ലോകമാകമാനമുള്ള പ്രവാസികൾ ഇന്ത്യയിൽ മടങ്ങി വരുന്നുവെന്ന് ചിന്തിക്കുക! അത്തരം ഒരു സ്ഥിതിവിശേഷം വന്നാൽ ഒരു വലിയ ജനതയെ താങ്ങാനുള്ള ശേഷി രാഷ്ട്രത്തിനുണ്ടായിരിക്കില്ല.  അവരുടെ പുനരധിവാസവും തൊഴിലുകളും രാജ്യത്തിൻറെ പദ്ധതികളെ താറുമാറാക്കും. വാസ്തവത്തിൽ ഓരോ പ്രവാസിയും രാജ്യത്തിനു വന്നേക്കാവുന്ന ഈ ഭാരവും ക്ലേശങ്ങളും ഇല്ലാതാക്കുകയാണ്. സ്വയം തൊഴിൽ തേടി പുറം രാജ്യങ്ങളിൽ പോവുന്നമൂലം അവർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ അവർമൂലം രാജ്യത്തിനും സ്വന്തം ജനത്തിനും ആശ്വാസവും ലഭിക്കുന്നു. അത് സർക്കാരിന്റെ ഭാവി പദ്ധതികൾക്കായി പ്രവാസികൾ  നൽകുന്ന സംഭാവനയായും കരുതണം.

വിദേശത്തുനിന്നു നേടിയെടുക്കുന്ന അറിവുകളും ടെക്കനോളജിക്കൽ പരിശീലനങ്ങളും പ്രവാസികൾ  നാടിനുവേണ്ടിയും  ഉപകാരപ്പെടുത്തുന്നു. നിരവധി പ്രൊഫസർമാരും ശാസ്ത്രജ്ഞരും തങ്ങൾക്കു കിട്ടിയ അറിവുകൾ നാടിനും പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. സർക്കാരിന് പുത്തനായ ശാസ്ത്ര, ടെക്കനോളജിക്കൽ വിവരങ്ങൾ അതാത് കാലത്ത് കൈമാറുന്നു. അതുപോലെ  പ്രവാസികളുടെ ചാരിറ്റബിൾ സംഘടനകൾ രാഷ്ട്രത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നു. പ്രവാസികളായ ഡോക്ടർമാർ ജോലികളിൽനിന്നും വിരമിച്ചശേഷം മടങ്ങിവന്നു ഇന്ത്യയുടെ ആതുര സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നതും കാണാം.

നാടിനെയും നാട്ടുകാരെയും സഹായിച്ച ഒരു ചരിത്രമാണ് പ്രവാസികൾക്കുള്ളത്. കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോൾ സഹായ ഹസ്തമായി നാനാ രാജ്യങ്ങളിലുമുള്ള പ്രവാസികൾ മുമ്പിലുണ്ടായിരുന്നു. കുടുംബത്തിൽ സഹോദരങ്ങൾക്കും മാതാ പിതാക്കൾക്കും ഭൂമി പണയപ്പെടുത്തി കടമുണ്ടാകുമ്പോഴും പെൺകുട്ടികളെ കെട്ടിക്കാൻ സമയമാവുമ്പോഴും കുടുംബത്തിന് അത്താണി ആയിരിക്കുന്നതും പ്രവാസികളായിരിക്കും. പ്രളയ കാലത്ത് ഭവനങ്ങൾ നിർമ്മിക്കുന്ന പദ്ധകൾക്ക് പ്രവാസികളുടെ സംഭാവനകൾ നിസ്തർക്കമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുരസേവനങ്ങൾക്കും അവർ എക്കാലവും മുന്നിൽ തന്നെയുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്കും ബന്ധുജനങ്ങൾക്കും പണം അയക്കുന്നതുമൂലം അവർ സമ്പാദിച്ച വിദേശപ്പണം നാടിനും ഉപകാരപ്പെടുന്നു. വിദേശത്തുള്ള തൊഴിലിൽനിന്നും ലഭിക്കുന്ന വേതനം മക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും പ്രയോജനപ്പെടുന്നതിനു പുറമെ മിച്ചമുള്ള തുകകൾ അവർ ഇന്ത്യയിലെ സേവിങ്സ് ബാങ്കിലും നിക്ഷേപിക്കുന്നു.

ധനം സമാഹരിക്കുംതോറും കുടുംബങ്ങളുടെ ജീവിത നിലവാരവും ഉയരുന്നു. അത് രാഷ്ട്രത്തിന്റെ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. രാജ്യത്തേയ്ക്ക് പണം എത്തുംതോറും ഉപഭോഗ വസ്തുക്കൾ വാങ്ങാനുള്ള ശേഷി (Purchasing power) വർദ്ധിക്കുകായും ചെയ്യും. വിദേശപ്പണം എത്തുന്നതോടെ ഇന്ത്യയുടെ അന്തർദേശീയ നിലയിലുള്ള ക്രെഡിറ്റ് റേറ്റ് (Credit rate) നന്നാകുന്നു. അതുമൂലം ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് വേൾഡ് ബാങ്ക് കുറഞ്ഞ നിരക്കിൽ വായ്‌പകൾ നൽകുകയും ചെയ്യുന്നു. വർഷംതോറും വിദേശപ്പണം പ്രവാസികൾ ഇന്ത്യയിൽ നിക്ഷേപ്പിക്കുന്ന മൂലം ഇന്ത്യയുടെ ജിഡിപി 3% ശരാശരി വർദ്ധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഇരുപതു വർഷങ്ങളായി ലോകത്തിൽ ഏറ്റവും കൂടുതൽ എൻ.ആർ.എ പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 1994 മുതൽ ഇന്ത്യയ്ക്ക് ആ പദവിയുണ്ട്. ഈജിപ്റ്റും ഫ്രാൻസും, ജർമനിയും മെക്സിക്കോയും വിദേശപ്പണം ശേഖരിക്കുന്നതിൽ ഇന്ത്യയുടെ താഴെ നിൽക്കുന്നു. ഇതിനിടയിൽ മൂന്നു പ്രാവശ്യം മാത്രമേ കൂടുതൽ വിദേശപ്പണം സമാഹരിക്കുന്നതിൽ നിന്നും ഇന്ത്യ പുറകോട്ടു പോയിട്ടുള്ളൂ. 1998-ൽ ഫ്രാൻസ് ചെറിയ മാർജിനിൽ ഇന്ത്യയേക്കാൾ കൂടുതൽ വിദേശപ്പണം നേടി. 2005-ലും 2007-ലും ചൈന ഇന്ത്യയെ കടത്തിവെട്ടി കൂടുതൽ പണം ശേഖരിച്ചിരുന്നു. അതിനുശേഷം പ്രവാസിപ്പണം ശേഖരിക്കുന്നതിൽ ഇന്ത്യ എന്നും മുമ്പിൽ തന്നെയായിരുന്നു. 2014-ലെ കണക്കിൽ ലോകത്തുള്ള എൻ.ആർ.എ കളിൽ മൊത്തം തുകയിൽ 12.1 ശതമാനം വിദേശപ്പണം നേടിയത് ഇന്ത്യയായിരുന്നു. ഇന്ത്യയ്ക്ക് ലഭിക്കുന്ന പണം കൂടുതലും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളായ യുണൈറ്റഡ് അറബ് രാജ്യങ്ങൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. യു.എ.ഇ യിൽ നിന്നുതന്നെ 12 .6 ബില്യൺ ഡോളർ ലഭിക്കുന്നു. സൗദി, അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ ബഹറിൻ നിന്ന് 37 ബില്യൺ ഡോളറും നേടുന്നു. കൂടുതലും നിക്ഷേപങ്ങൾ വന്നെത്തുന്നത് പ്രവാസികളുടെ ബന്ധുക്കളുടെ പേരിലാണ്. എക്സ്ചേഞ്ച് റേറ്റ് (Exchange rate) കൂടുന്ന സമയമെല്ലാം പ്രവാസികളുടെ കൂടുതൽ ഫണ്ടുകൾ ഇന്ത്യൻ ബാങ്കുകളിൽ എത്താറുണ്ട്.

പ്രവാസികളായ ഇന്ത്യക്കാർക്കും ഇന്ത്യയിൽ താമസിക്കുന്നവർക്കും ഇന്ത്യ പുരോഗമിക്കണമെന്ന ലക്ഷ്യമാണുള്ളത്. പ്രധാനമന്ത്രി മോദി ഈ രണ്ടു ജനവിഭാഗങ്ങളും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാനായും ശ്രമിക്കുന്നു. ലോക കറൻസിയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് ഡോളറിലാണ്. കൂടുതൽ ഡോളർ രാജ്യം നിക്ഷേപങ്ങളിൽക്കൂടി നേടുന്നതിൽക്കൂടി ഇന്ത്യൻ രൂപയുടെ വിലയെ നിയന്ത്രിക്കാനും സാധിക്കുന്നു. ക്രയവിക്രയങ്ങളിൽക്കൂടിയും നിക്ഷേപങ്ങളിൽക്കൂടിയും രാജ്യം ഡോളർ സമാഹരിക്കുംതോറും ഇന്ത്യൻ കറൻസിയുടെ വിലയും ശക്തമായിരിക്കും. രാജ്യത്ത് വിലപ്പെരുപ്പവും നിയന്ത്രണത്തിലാവും. രൊക്കം പണം കൊടുത്തുള്ള ഇറക്കുമതികൾക്കും ക്രയവിക്രയങ്ങൾക്കുള്ള വിലപേശലുകൾക്കും ഡോളർ സഹായകമാവുകയും ചെയ്യും.

1990-ൽ പ്രധാനമന്ത്രി ചന്ദ്രശേഖറിൻറെ കാലത്ത് 'ഡോളർ' അപര്യാപ്തത ഇന്ത്യയുടെ സാമ്പത്തിക മേഖലകളെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തെ മാന്ദ്യത്തിൽ ഇന്ത്യ സ്വർണ്ണം വിറ്റു ഡോളറാക്കിയ ചരിത്രവുമുണ്ട്. ഗുരുതരമായ സാമ്പത്തിക ദുരവസ്ഥകളിൽ പ്രവാസി ലോകം നിക്ഷേപങ്ങൾ വഴി രാഷ്ട്രത്തെ സഹായിച്ചുകൊണ്ടുമിരുന്നു. അന്നുമുതൽ അത്തരമൊരു സ്ഥിതിവിശേഷം ഇനിമേൽ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധകാലങ്ങളിൽ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രവാസികളിൽനിന്നു നിക്ഷേപങ്ങളും മറ്റു സഹകരണങ്ങളും ലഭിച്ചിരുന്നു. വിദേശപ്പണങ്ങളുടെ മാനദണ്ഡമായ ഡോളറു കൊണ്ട് നമുക്ക് ഓയിൽ, മെഷിനറി, വെജിറ്റബിൾ, മുതലായവ മറ്റു രാജ്യങ്ങളിൽനിന്നും വാങ്ങേണ്ടിയിരുന്നു. അടിയന്തിരമായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നസങ്കീർണ്ണമായ കാലങ്ങളിലെല്ലാം ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക രക്ഷക്കായി മുമ്പോട്ട് വരുകയും ചെയ്തിട്ടുണ്ട്. വിദേശപ്പണം ലഭിക്കാൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഉദാരവൽക്കരണം സഹായമായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്ക്കരണം ഇന്ത്യയെ കടക്കെണിയിൽനിന്നു കരകയറ്റി.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യൻ കറൻസിയുടെ വിലയിടിയാനിടയായി. ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു കാരണം. അതുമൂലം ഓയിലിന്റെ വില ക്രമാധീതമായി വർദ്ധിച്ചു. ആഭ്യന്തര കലാപങ്ങൾമൂലം പ്രവാസി രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം കുറയുമ്പോൾ അത് ഇന്ത്യൻ കറൻസിയെയും ബാധിക്കും. ഡോളർ ആഗോള മാർക്കറ്റിൽ ഇടിഞ്ഞാലും ഇന്ത്യൻ കറൻസിയുടെയും വിലയിടിയും. അതുമൂലം വിലയിടിവ് (devaluation) കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇന്ത്യൻ കറൻസിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അമേരിക്കയിൽ ഗവണ്‍മെന്റ്‌ പ്രവർത്തന രഹിതമായപ്പോൾ ('ഷട്ട് ഡൌൺ') അത് ആഗോള മാർക്കറ്റിനെയും ഇന്ത്യൻ കമ്പോള നിലവാരങ്ങളെയും ബാധിച്ചിരുന്നു.

പ്രവാസി ഇന്ത്യക്കാർ ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിനും കാരണമാകുന്നു. പ്രവാസികളുടെ വിദേശങ്ങളിലുള്ള രാഷ്ട്രീയ സംഘടനകൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.  ഇന്ത്യൻ വംശജർക്ക്, അമേരിക്കൻ രാഷ്ട്രീയത്തിൽ മുമ്പെങ്ങുമില്ലാത്തപോലെ ഇന്നു നല്ല സ്വാധീനവുമുണ്ട്. നിരവധി പേർ അമേരിക്കൻ ഫെഡറൽ സിസ്റ്റത്തിൽ ഉയർന്ന തസ്തികയിൽ സേവനം ചെയ്യുന്നു. ഇന്ത്യൻ വംശജരായ സ്റ്റേറ്റ് സെനറ്റർമാർ, ജഡ്‌ജിമാർ വരെ അമേരിക്കൻ സംവിധാനങ്ങളുടെ ഭാഗമായിരിക്കുന്നു. അങ്ങനെ പ്രവാസികൾമൂലം അമേരിക്കയും ഇന്ത്യയും തമ്മിൽ സുദൃഢമായ ഒരു ബന്ധം  സ്ഥാപിക്കാനുള്ള അവസരങ്ങൾ വന്നുചേർന്നിട്ടുണ്ട്.

പ്രവാസികൾ രാജ്യമൊന്നാകെ 'ടുറിസം' വ്യവസായ വികസനത്തിന് സഹായിക്കുന്നു. നിരവധി വിദേശത്തു താമസിക്കുന്ന സ്ഥിരതാമസക്കാർ തങ്ങളുടെ ബന്ധു ജനങ്ങളും സുഹൃത്തുക്കളുമൊത്ത് ഇന്ത്യ സന്ദർശിക്കാറുണ്ട്. അവരുമൊത്ത്  വിവാഹാഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. ഇന്ത്യ മുഴുവൻ വിനോദ യാത്ര നടത്തുകയും ഡോളർ രാജ്യത്ത് കൊണ്ടു വരുകയും ചിലവഴിക്കുകയും ചെയ്യുന്നു. അങ്ങനെ, പ്രവാസികൾ ഇന്ത്യയുടെ ടൂറിസം വ്യവസായവൽക്കരണത്തിനും വികസനത്തിനും കാരണമാകുന്നു. അതുവഴി വിദേശപ്പണവും ഇന്ത്യയിലെത്തുന്നു.

പ്രവാസികളിൽ അനേകമാളുകൾ മടങ്ങി വന്നു ഇന്ത്യയിൽ പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നു. കൂടാതെ ഇന്ത്യയും അമേരിക്കയുമായുള്ള കോർപ്പറേറ്റ് ബന്ധങ്ങൾക്ക് പ്രവാസികൾ കണ്ണികളായി പ്രവർത്തിക്കുന്നുമുണ്ട്. പ്രവാസികൾക്ക് ഭാവിയിലും തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽക്കൂടി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഉദാഹരണമായി രണ്ടുലക്ഷം പ്രവാസികളോളം കഴിഞ്ഞ വർഷങ്ങളിൽ ജോലിയിൽ നിന്നും വിരമിച്ചിട്ടുണ്ട്. അവരിൽ അനേകർ ടൂറിസ്റ്റ് വ്യവസായങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നു. 'ടുറിസം' എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് കോടിക്കണക്കിനുള്ള ഡോളറിന്റെ ആദായ മാർഗമായ വ്യവസായമാണ്. ടുറിസം വ്യവസായങ്ങൾ പരിപോഷിപ്പിക്കാൻ ഇന്ത്യ എയർപോർട്ടിൽ നിന്നും ബസ് യാത്ര സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതായുണ്ട്. വിദേശികൾക്ക് സൗകര്യപ്രദമായ 3-4 സ്റ്റാർ ഹോട്ടലുകളും നിർമ്മിക്കേണ്ടിയിരിക്കുന്നു. പരസ്പ്പരം സിറ്റികൾ ബന്ധിച്ചുള്ള വിമാന സർവീസുകളും തുടങ്ങേണ്ടതായുണ്ട്.

വിദേശത്തു താമസിക്കുന്നവരിൽ ജോലിയിൽനിന്നും വിരമിച്ച ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ ഡോക്ടർമാരും എഞ്ചിനീയർമാരും അദ്ധ്യാപകരുമുണ്ട്. പ്രവാസികളായ സാമ്പത്തിക വിദഗ്ദ്ധരുടെയും എംബിഎ ക്കാരുടെയും സേവനങ്ങൾ രാഷ്ട്രത്തിന് പ്രയോജനപ്പെടുത്തുകയുമാവാം. നിരവധിപേർ വോളന്റീയർ ജോലിക്കും തയ്യാറായി നിൽക്കുന്നു. വിദേശത്തു നേടിയ അവരുടെ വൈദഗ്ദ്ധ്യം നാടിനുപകാരപ്പെടുകയും ചെയ്യും. ഇന്ത്യയിലെ പ്രൊഫഷണൽ  സ്‌കൂളുകളിലും ലബോറട്ടറികളിലും വോളന്റീയറായി പ്രവർത്തിക്കാനും സാധിക്കുന്നു.  ഇത്തരം പ്രവാസികളെക്കൊണ്ട് പ്രയോജനപ്രദമായ കാര്യങ്ങൾ നാളിതുവരെ സർക്കാർ തലങ്ങളിൽ ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. പ്രൈവറ്റ് കൊളേജുകൾക്ക് ശാസ്ത്ര വിജ്ഞാനികളായ ഗവേഷകരുടെ സേവനം ലഭിക്കാനും സാധിക്കും. അമേരിക്കയിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും 'ഗസ്റ്റ് അദ്ധ്യാപകർ' എത്താറുണ്ട്. അതുപോലുള്ള സംവിധാനങ്ങൾ ഇന്ത്യയിലും നടപ്പായാൽ വിദ്യാഭ്യാസ നിലവാരത്തിനും മാറ്റങ്ങളുണ്ടാവാം. ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിൽ അത്തരം ഒരു ഉദ്യമത്തിന് പ്രോത്സാഹനം നൽകില്ല. 'വിദേശം' എന്നു കേൾക്കുന്നത് പലതും കൈപ്പാണെന്നുള്ള മനോഭാവമാണ് അതിനു കാരണം. ഇന്ത്യയിലെ പിന്തിരിപ്പൻ നയങ്ങളും ചിന്തകളും മാറ്റപ്പെട്ടാൽ പുത്തനായ ഒരു ബൗദ്ധിക സംസ്ക്കാരം രാജ്യത്തിനുള്ളിൽ നടപ്പാക്കാൻ സാധിക്കുമെന്നത് തർക്കമറ്റ സംഗതിയാണ്.

ഇന്ത്യയുടെ സാംസ്ക്കാരിക ജീവിതവും ചരിത്രവും വേദപാരമ്പര്യ നേട്ടങ്ങളും പുറം ലോകത്തെ മനസിലാക്കുന്നതു പ്രവാസികളാണ്. പ്രവാസി ഇന്ത്യക്കാരും അമേരിക്കയിലെ വെളുത്തവരും കറുത്തവരുമായുള്ള  വിവാഹങ്ങൾ അമ്പലങ്ങളിലും പള്ളികളിലുംവെച്ച് നടത്തുന്നതും പതിവാണ്. ഇവിടെ രണ്ടു സംസ്‌കാരങ്ങൾ തമ്മിലുള്ള ഒത്തുചേരലിൽക്കൂടി രാജ്യത്തിന്റെ മഹത്വവും ഉയരുന്നു. അമേരിക്കൻ ജനതയ്ക്ക് ഇന്ത്യൻ സംസ്ക്കാരത്തെപ്പറ്റി പഠിക്കാൻ തീക്ഷ്ണമായ ആഗ്രഹങ്ങളുണ്ട്. പ്രവാസികൾ അവരെ വീടുകളിൽ ക്ഷണിച്ച് നമ്മെത്തന്നെ പരിചയപ്പെടുത്തുന്നു. അങ്ങനെ രണ്ടു ജനതകൾ തമ്മിൽ പരസ്പ്പരം അറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ഇന്ന് ഓരോ പട്ടണ പ്രദേശങ്ങളിലും ഇന്ത്യൻ അമ്പലങ്ങൾ കാണാം. വിവിധ സംസ്‌കാരങ്ങളുൾപ്പെട്ട   ജനവിഭാഗങ്ങളുടെ നിരവധി ഭാരതീയമായ കലാ സാംസ്ക്കാരിക നിലയങ്ങളും ദൃശ്യമാണ്. ഭരതനാട്യവും കൂത്തും കർണ്ണാട്ടിക് സംഗീതവും അമേരിക്കൻ ജനതയ്ക്കും പ്രിയങ്കരമാണ്. കേരളത്തിലെ തനതായ സാംസ്ക്കാരിക കലയായ കഥകളിയിലും അവർ ആകൃഷ്ടരാണ്.പ്രവാസികൾ കൊണ്ടുവന്ന  യോഗയും അമേരിക്കക്കാർ അഭ്യസിക്കുന്നു.

വിദേശ രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ സർക്കാർ, നിരവധി പ്രോത്സാഹനങ്ങളും നൽകാറുണ്ട്. ഇന്ത്യയിൽ വ്യവസായങ്ങൾക്ക് മൂലധനം ഒഴുകാൻ വേണ്ടി പ്രവാസികൾക്കു തങ്ങളുടെ ജോലി ചെയ്യുന്ന രാജ്യത്തിലെ കറൻസിയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു. ലൈഫ് ടൈം വിസ നടപ്പാക്കിയത് നരേന്ദ മോദിജി ഭരണമാണ്. പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കുന്ന കാലത്ത് മുൻകാലങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. പുതിയ നിയമം അനുസരിച്ച് അങ്ങനെയൊരു ബാധ്യത മോദി സർക്കാർ എടുത്തുകളഞ്ഞു. വിദേശത്തു ജോലിചെയ്തു താമസിക്കുന്നവർ മടങ്ങിവരുമ്പോൾ സ്വന്തം രാജ്യത്ത് വേണ്ട അംഗീകാരം നൽകാനുള്ള  ശ്രമങ്ങളും നടക്കുന്നുണ്ട്. ഇരട്ട പൗരത്വവും പുതിയ ഭരണകൂടത്തിന്റെ നയപരിപാടികളിൽപ്പെട്ടതാണ്.

പ്രവാസികൾ ഇന്ത്യയിൽ വസ്തു വകകൾ മേടിക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറും അമേരിക്കയിലും കാനഡയിലും വസ്തുക്കൾ മേടിച്ചാൽ വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരില്ല. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വസ്തു ക്രയവിക്രയം സംബന്ധിച്ച കാര്യങ്ങൾ വ്യത്യസ്തമാണ്. വിദേശത്തു താമസിക്കുന്നവരുടെ പാരമ്പര്യമായ സ്വത്തുക്കൾ ബന്ധുജനങ്ങൾ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താറുമുണ്ട്. അവരുടെ സ്വാധീനത്തിന്റെ പേരിൽ സ്ഥലത്തെ ഉദ്യോഗസ്ഥരുമായി പലപ്പോഴും ശണ്ഠ കൂടേണ്ടിയും വരുന്നു. പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കളിൽ പുതിയ സർക്കാർ  ഗൗരവപൂർവം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതായുമുണ്ട്.




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...