Friday, August 23, 2019

ജോൺ വേറ്റം എഴുതിയ കാലത്തിന്റെ കാൽപ്പാടുകൾ, ചിന്താക്കുറിപ്പുകൾ


ജോസഫ് പടന്നമാക്കൽ

ശ്രീ ജോൺ വേറ്റത്തിന്റെ 'കാലത്തിന്റെ കാൽപ്പാടുകൾ' എന്ന കഥാസമാഹാരം ലളിതമായ ഭാഷാശൈലിയും മനോഹാരിത നിറഞ്ഞതുമായ ഒരു ചെറുകഥാ പുസ്തകമാണ്. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അവതാരിക ഗ്രന്ഥത്തിന് ഗാംഭീരതയും  നൽകുന്നു. ഓരോ മനുഷ്യ ജീവിതവും നിരവധി കഥകൾകൊണ്ട് കോർത്തിണക്കിയതാണ്. അതിൽ സ്നേഹമുണ്ട്, ദുഖമുണ്ട്, ഏറ്റുമുട്ടലുകളും കലഹങ്ങളും സ്വാർഥതയും കഥകളിൽ സ്പുരിച്ചിരിക്കുന്നതു കാണാം. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരും അതോടൊപ്പം സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരും ഓരോ കഥകളിലും   ശ്രദ്ധേയമാണ്.  കാലത്തിന്റെ മാറ്റൊലിയുൾക്കൊള്ളുന്ന ഈ കൃതി പലരുടെയും അനുഭവതീരങ്ങളിൽക്കൂടി സഞ്ചരിക്കുന്നുമുണ്ട്.

ഒരു പ്രവാസി എന്നും വിമർശന വിധേയനായിരിക്കും. വർഷത്തിലൊരിക്കൽ കൈനിറച്ചു സമ്മാനങ്ങളായി നാട്ടിലെത്തിയാലും ആരും തൃപ്തരാവില്ല. ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ചില നേരംകൊല്ലികളും അവരുടെയിടയിലുണ്ട്.  ബന്ധുജനങ്ങളുടെ വീടുകളിൽ പോവാൻ  കുന്നും മലകളും കയറണം. ഭാര്യയെ ഒപ്പം കൂട്ടാതെ ബന്ധുക്കളെ കാണാൻ പോയാലും കുറ്റം. 'അമേരിക്കൻ കിളവൻ ഭാര്യയെക്കൂടാതെ വന്നുവെന്നു' കമന്റ് പാസാക്കുന്ന ചില അധമന്മാരെ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. അവർക്കറിയേണ്ടത്, മക്കളുടെ സ്വന്തം ജാതി വിട്ടുള്ള വിവാഹം, മക്കളുടെ പരാജയങ്ങൾ, വിവാഹ മോചനം എന്നിവകളാണ്. മറ്റുള്ളവരുടെ സൗഹാർദത്തിൽ ചിന്തിക്കാതെ തകർച്ചയിൽ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.  കുടുംബ രഹസ്യങ്ങൾ അറിയാനുള്ള വ്യഗ്രത, സൗഭാഗ്യത്തിൽ അസൂയ, വീഴ്ചയിൽ സന്തോഷം;  അങ്ങനെയങ്ങനെ വിമർശനങ്ങളുടെ ലോകത്തിൽക്കൂടി ഒരു പ്രവാസിക്ക് സഞ്ചരിക്കേണ്ടതായുണ്ട്.   അത്തരം   വിവരദോഷികളുടെ പ്രത്യേകതകൾ കഥകളിലുടനീളം പ്രതിഫലിക്കുന്നു.

'അമേരിക്ക' എന്ന സ്വപ്ന ഭൂമിയിൽ വന്നെത്തിയ നേഴ്‌സുമാരുടെ മഹത്വം ശ്രീ വേറ്റത്തിന്റെ കഥകളിൽ നന്നായി പകർത്തിയിരിക്കുന്നു. ആതുര ശുശ്രുഷ ചെയ്യുന്ന ഈ മാലാഖമാരുടെ ദീനദയാലുതയും സ്നേഹവും സ്പർശിക്കണമെങ്കിൽ നാം തന്നെ രോഗിയായി അവരുടെ പരിചരണത്തിൽ കിടന്ന അനുഭവങ്ങളുണ്ടായിരിക്കണം. പത്തുവർഷങ്ങൾക്കു മുമ്പ് രണ്ട്‌ ആഫ്രോ അമേരിക്കരുടെ ക്രൂര മർദ്ദനങ്ങൾക്ക് ഞാനും ഇരയായതോർക്കുന്നു. അവശനായി രക്തം വാർന്ന് അന്ന് ന്യൂറോഷൽ സൗണ്ട് ഷോർ  ഹോസ്പിറ്റലിൽ കിടന്ന സമയം എന്നെ പരിചരിച്ചത് 'ജോളി' എന്ന യുവതിയായ ഒരു നേഴ്സായിരുന്നു.  ഒരിക്കലും മറക്കാത്ത പരിചരണമായിരുന്നു എനിക്ക് ലഭിച്ചത്. സ്‌നേഹപൂർവമായ പെരുമാറ്റങ്ങൾ നമ്മുടെ വേദനകളെ ഇല്ലാതാക്കുമെന്ന് അന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു രാത്രി മുഴുവൻ ആർദ്രതയോടെ ജോളിയും സഹപ്രവർത്തകരും  എന്നെത്തന്നെ ശുശ്രുഷിച്ചതും നന്ദിയോടെ ഞാൻ ഓർമ്മിക്കുന്നു.

ശ്രീ വേറ്റത്തിന്റെ   ചെറുകഥകളുടെ തുടക്കം വാനമ്പാടി എന്ന കഥയിലൂടെയാണ്. കഥയിലെ നായിക 'സാറാ' എന്ന നേഴ്സായിരുന്നു. കഥയിൽ അവൾ പാട്ടു പാടുന്നതായി കാണുന്നില്ല.  പാടാത്ത പൈങ്കിളിയായിരുന്നു.  എങ്കിലും സ്നേഹവും കരുണയും അവളുടെ ആതുരശുശ്രുഷകളിൽ നിത്യവും പ്രതിഫലിച്ചിരുന്നു. അവളുടെ ജീവിതം അങ്ങനെ സ്നേഹ സാഗരമായ ഒരു സംഗീതമായിരുന്നു.  സാധാരണ ഒരു പെൺക്കുട്ടിയെപ്പോലെ അവളും സ്നേഹത്തിന്റെ സ്വപ്ന കൂടാരങ്ങൾ പടുത്തുയർത്തിയിരുന്നു. ഭാരിച്ച കർമ്മ വീഥികളിൽകൂടിയുള്ള ജൈത്രയാത്രയിൽ ജീവിക്കാൻ മറന്നുപോയ പാവം ഒരു പെൺകുട്ടിയുടെ കഥയാണിത്. ഒരു ചെറുപ്പക്കാരനെ അവളും സ്നേഹിച്ചിരുന്നു. ഹോസ്പിറ്റൽ ബെഡിൽ ഗുരുതരമായ രോഗവുമായി മല്ലിടുന്ന ബേബിയെന്ന ചെറുപ്പകാരനിൽ അവൾ ഹൃദയം പണയം വെച്ചു. പരസ്പരം ഒന്നാകാൻ കൊതിച്ചു. വിധി ബേബിയുടെ ജീവൻ ഒരു വിമാനാപകടത്തിൽക്കൂടി കവർന്നെടുത്തു..

'ശിഥിലബന്ധം' എന്ന ചെറുകഥ മാനുഷിക ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ്. സമ്പത്തും പ്രതാപവുമുള്ള കൃഷ്‌ണപിള്ളമാർ ഇന്നും നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഉണ്ട്. ജന്മിത്വ വ്യവസ്ഥയിൽ അടിയാന്റെ പെണ്മക്കൾ യജമാനന്റെ കാമാർത്തികളെ ശമിപ്പിക്കുന്ന കാലം.  കൃഷ്ണപിള്ളയും വേലക്കാരത്തി കൊച്ചായ കമലമ്മയെ പ്രേമിച്ചു. താണ ജാതിക്കാരിയായ കമലമ്മ അവളെ മുഴുവനായി അയാൾക്ക് അടിയറ വെച്ചു. അവളിൽ അയാൾ ഒരു ജീവനെയും സൃഷ്ടിച്ചു. ഒടുവിൽ അവളുടെ വിവാഹം വന്നപ്പോൾ അയാൾ അവളെ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ചു. അവൾ പാവപ്പെട്ടവളായിരുന്നു. അബലയായിരുന്നു. അയാൾ അവളുടെ സ്ത്രീത്വം മുഴുവനായി കവർന്നെടുത്തു. അവൾ പോയി. അതിനുശേഷം അയാളുടെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഭാര്യയായി വന്നു. കാലചക്രങ്ങൾ തിരിഞ്ഞുകൊണ്ടിരുന്നു. ഭാര്യയും മക്കളും അയാളെ പുച്ഛിച്ചു. നൈരാശ്യനായ അയാൾ വീടുവിട്ടുപോയി, അലഞ്ഞു നടന്നു. ഒടുവിൽ രോഗിയായി, അനാഥനായി മരിക്കുന്നതായിട്ടാണ് കഥ. കമലമ്മ എന്ന വേലക്കാരത്തിക്കുട്ടി ഇന്നും പ്രഭുകുടുംബങ്ങളിൽ ജീവിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്. ഒരു സ്ത്രീയുടെ മാനത്തിന് വിലകല്പിക്കാത്ത ലോകത്ത് കമലമ്മ ബലിയാടായി എവിടെയോ ജീവിക്കുന്നു. കൃഷ്ണപിള്ളമാർ ചുടുകാടുകളിലും അവശേഷിക്കുന്നു.

'ആലിപ്പഴം' ബാബുവെന്ന കഥാപാത്ര സൃഷ്ടിയുടെ പ്രവാസ ജീവിതത്തിലെ കഥയാണ്. ഇതൊരു കഥയാണെങ്കിലും നൂറു കണക്കിന് ബാബുമാർ അമേരിക്കയിൽ കുടിയേറിയവരായുണ്ട്. ഭാര്യ ഡബിൾ ജോലി. ഭർത്താവിന്റെ വിനോദം ചീട്ടുകളിയും സംഘടനാ പ്രവർത്തനങ്ങളും. ഭാര്യയുടെ കിട്ടുന്ന ശമ്പളം മുഴുവൻ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ. പരസ്പ്പരം സ്നേഹബന്ധങ്ങളില്ലാത്ത കുടുംബങ്ങൾ നിരവധി. വിവാഹം കഴിപ്പിക്കാതെ വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകളെ കറവ പശുക്കളായി പണം ഊറ്റുന്ന മാതാപിതാക്കൾ! കുടുംബഭാരങ്ങൾക്ക് ശമനം വരുത്തിയ ശേഷം   മുപ്പതും മുപ്പത്തിയഞ്ചും വയസായി നാട്ടിൽ വരുന്ന സ്ത്രീകൾക്ക് പ്രായത്തിനൊത്ത വരന്മാരെ ലഭിക്കാതെ വരുന്നു. നാലും അഞ്ചും വയസ് പ്രായം കുറഞ്ഞ  ഭർത്താക്കന്മാരേയും അമേരിക്കയിൽ എത്തിക്കുന്നു.   കുടുംബ ബന്ധങ്ങൾ' ബന്ധനങ്ങൾ പോലെയാകുമ്പോൾ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും കലഹങ്ങളും ആരംഭിക്കും. 'ആലിപ്പഴം' എന്ന ചെറുകഥയിൽക്കൂടി ഗ്രന്ഥകാരൻ പ്രവാസികളുടെ ഒരു കാലഘട്ടത്തിലെ ജീവിതത്തെപ്പറ്റി നന്നായി കഥാരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

പ്രകൃതിയെയും പ്രഭാതത്തെയും ഇരുളിനെയും ഹൃദ്യമായ ഭാഷയിൽ 'ഇരുളിന്റെ പ്രഭാതമെന്ന' കഥയിൽ ശ്രീ വേറ്റം വർണ്ണിക്കുന്നു. ഈ കഥ കൂടുതലും താത്ത്വികമായുള്ളതാണ്.  ആസ്വാദകന്റെ ആധ്യാത്മിക ചൈതന്യത്തെ ഉത്തേജിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ വേദനകളെ തലോടുന്നു. വേറ്റത്തിൻറെ ശീതളമായ കുഞ്ഞിളം കാറ്റും വായനക്കാരിൽ അനുഭൂതികളുണ്ടാക്കുന്നു. എഴുപതുകളിലും എൺപതുകളിലും ജീവിക്കാൻ വേണ്ടി വന്നെത്തിയ ഓരോ പ്രവാസി മലയാളിയുടെയും അനുഭവങ്ങളെ കഥാകൃത്ത് തന്മയത്വമായി വിവരിച്ചിട്ടുണ്ട്. അമ്മയുടെ പരിലാളനയിൽ ചാണകം മെഴുകിയ തറയിൽ തലയിണയില്ലാതെ കിടന്ന കാലങ്ങളും അമേരിക്കൻ ജീവിതവും ജീവിക്കാൻ മറന്നുപോയ മത്തായിയും ഈ കഥാസാഗരത്തിലുണ്ട്. ഒരു മകൾ ആഫ്രോ അമേരിക്കനെ വിവാഹം ചെയ്തു. മകൻ മെക്സിക്കനേയും. ഉത്തരം കിട്ടാത്ത അമേരിക്കൻ ജീവിതപടയോട്ടത്തിൽ പഴി മുഴുവൻ മത്തായിക്കും. ഹൃദ്യമായ പ്രാർത്ഥനകളൊന്നും അയാളിലെ ആത്മീയത ജ്വലിപ്പിച്ചില്ല. പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നതിനിടയിൽ മത്തായി ജീവിക്കാൻ മറന്നുപോയി. ഭാര്യ വിവാഹമോചനം നേടുന്നു. മക്കളും ഭാര്യയും നഷ്ടപ്പെട്ടപ്പോൾ മത്തായിയുടെ ജീവിതം മദ്യത്തിലടിമപ്പെട്ടു. അങ്ങനെ പ്രഭാതത്തെ ഇരുട്ടാക്കുന്ന നിരവധി മത്തായിമാരുടെ പ്രവാസജീവിതമാണ് ഇരുളുന്ന പ്രഭാതങ്ങളെന്ന കഥയിൽക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്.

'അനേകർക്കുവേണ്ടിയുള്ള' കഥയിൽ ഒരു തങ്കച്ചനാണ് കഥാപാത്രം. ഗോസിപ്പുകാരുടെ ചുറ്റുമുള്ള ഒരു ലോകത്തിൽക്കൂടിയാണ് തങ്കച്ചന്റെ തുടക്കം. മനുഷ്യന്റെ ബലഹീനതകളെ പൊക്കിയുണർത്തുകയെന്നതു സാഡിസ്റ്റ് ലോകത്തിന്റെ പ്രത്യേകതയാണ്. ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവർ...! തങ്കച്ചൻ മൂന്നു നാലു മാസങ്ങൾ തുടർച്ചയായി നാട്ടിൽ താമസിക്കുന്നു. തങ്കച്ചനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്ന കിംവദന്തികൾ പ്രചരിപ്പിക്കലും ചിലരുടെ ഹോബിയാണ്. ഭക്തിപരമായ ഒരു ജീവിതം തെരഞ്ഞെടുത്ത തങ്കച്ചൻ ഏകനായി ജീവിക്കാൻ ആഗ്രഹിച്ചു. എങ്കിലും പഴയ കാമുകിയെ കണ്ടുമുട്ടിയപ്പോൾ അയാളിൽ വികാരങ്ങളുടെ ഒരു വേലിയൊഴുക്കുകൾ  സൃഷ്ടിക്കുന്നു. സമർപ്പിതമായ ഒരു അർപ്പണബോധം വിലങ്ങുതടിയായി നിൽക്കുമ്പോൾ തനിക്ക് അനുരാഗം അനുവദനീയമോ എന്ന ചിന്തകളും തങ്കച്ചനെ അലട്ടുന്നുണ്ട്. സെമിനാരിയിൽ മടങ്ങി പോവാതെ നിൽക്കുന്ന അമ്മപോലും സഹികെട്ടു. ഒരു പട്ടക്കാരനാകണമെന്ന സ്വപ്നമായിരുന്നു അമ്മയ്ക്കും ഉണ്ടായിരുന്നത്. പതിനെട്ടു വയസിൽ വിവാഹം കഴിച്ചെങ്കിലും മുപ്പത്തി മൂന്നു വയസുവരെ പ്രസവിക്കാതിരുന്ന ഒരു അമ്മയുടെ പുത്രൻ. അവർ മകനെ പുരോഹിതനാക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങളുണ്ടാകാതിരുന്ന കാലത്ത് അവരെ 'മച്ചി' എന്ന് ജനങ്ങൾ പരിഹസിച്ചിരുന്നു. നേർച്ചകൾ മനുഷ്യ ജീവിതത്തെ ബന്ധിപ്പിക്കുന്നതും അഭിലാഷങ്ങൾക്ക് തടസം നിൽക്കുന്നതുമെന്ന് തങ്കച്ചൻ ചിന്തിച്ചു. അത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസം വരുത്തുന്നതാണ്. മനുഷ്യന്റ മൗലികാവകാശം ധിക്കരിക്കുകയും നിത്യ ദുഃഖം സൃഷ്ടിക്കുകയും ചെയ്യുന്നു. താൻ നേർച്ചയുടെ മകനാണെന്നുള്ള അന്തരംഗം തങ്കച്ചനെ അലട്ടിക്കൊണ്ടിരുന്നു.

'ജലപ്പരപ്പിലെ കാൽപ്പാടുകൾ' എന്ന കഥയിലും ഒരു തങ്കച്ചനാണ് കഥാപാത്രം. പ്രവാസികളുടെ ജീവിതസ്പന്ദനം നന്നായി ഈ കഥയിൽ കുറിച്ചിരിക്കുന്നു. ന്യൂയോർക്കിലെ സമ്പത്തിന്റെ നടുവിലും തങ്കച്ചന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവുന്നുണ്ട്. പട്ടാളത്തിൽ നിന്നും കിട്ടുന്ന വേതനം കൊണ്ട് കുടുംബത്തെ സംരക്ഷിച്ചു വന്നു. അപ്പനും അമ്മയും ഒരു സഹോദരനും സഹോദരിയുമടങ്ങിയ കുടുംബം. തനിക്ക് കിട്ടിയ സ്ത്രീധനം കൊണ്ട് സഹോദരിയെ കെട്ടിക്കുന്നു. അനുജൻ പൊന്നച്ചനും വിവാഹിതനായതോടെ പൊട്ടിത്തെറികൾ കുടുംബത്തിലുണ്ടാവുകയാണ്. നാല് മക്കളും തങ്കച്ചന്റെ ഭാര്യയുമായുള്ള തറവാട്ടിലെ താമസം മാതാപിതാക്കളെയും പൊന്നച്ചനെയും അയാളുടെ ഭാര്യയേയും അസ്വസ്ഥനാക്കുന്നു. ഒടുവിൽ തങ്കച്ചന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിനു പുറത്തുള്ള കന്നുകാലിക്കൂട്ടിൽ പാർപ്പിക്കുന്നു. അവധിക്കു വന്ന തങ്കച്ചൻ കാണുന്നത് വയറ്റിളക്കവും ചൊറിയും പിടിച്ച മക്കൾ, യാതൊരു പരാതിയുമില്ലാത്ത ആദർശവതിയായ ഭാര്യ...! വൈകാരിക സംഘട്ടനങ്ങൾ തങ്കച്ചനിൽ പൊട്ടിത്തെറിയുണ്ടാക്കി. അമ്മയും മറ്റു മക്കളും ഒരു വശത്തും മറുവശത്ത് നിസഹായരായ തങ്കച്ചനും കുടുംബവും. വീടുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ട് തങ്കച്ചൻ അവിടെനിന്നും പടിയിറങ്ങുന്നു. പ്രവാസിയായി അമേരിക്കയിൽ 33 വർഷങ്ങൾ താമസിച്ചിട്ടും സമൃദ്ധിയുടെ കൊടുമുടിയിൽ എത്തിയിട്ടും മനസെന്നും സ്വന്തം വീടും നാടുമായിരുന്നു. തകർന്ന ഒരു പ്രവാസിയുടെ സ്വപ്നങ്ങൾ അവിടെ കുടുംബബന്ധത്തിന്റെ പേരിൽ തകരുകയാണ്.

'വെളിച്ചം വിളിക്കുന്നു' എന്ന വേറ്റത്തിന്റെ കഥ അവശനായി കിടക്കുന്ന ഒരു രോഗിയുടെ ചിന്തകളാണ്. മരണത്തോട് മല്ലടിക്കുമ്പോഴും അയാളിലെ യുക്തി ചിന്തകൾക്ക് മാറ്റം വരുന്നില്ല. ദൈവമെന്ന അസ്തിത്വ ബോധം അയാളെ ഉണർത്തുന്നില്ലായിരുന്നു. ഒടുവിൽ ഒരു പുരോഹിതന്റെ സ്നേഹസ്പർശനങ്ങൾ അയാളിലെ യുക്തിചിന്തകൾക്ക് മങ്ങലേൽപ്പിക്കുന്നു. പിന്നീട് ദൈവവുമായുള്ള ഒരു സംവാദമാണ് മനസ്സിൽ ആഞ്ഞടിച്ചത്. ഓപ്പറേഷൻ തീയറ്ററിൽ പോവുമ്പോഴും പുരോഹിതന്റെ കൈവെപ്പു പ്രാർത്ഥന അയാൾ സ്വീകരിക്കുന്നുണ്ട്. ഒടുവിൽ അയാളിലെ വെളിച്ചം അസ്തമിച്ചു. അവിടെ ശാസ്ത്രം പരാജയപ്പെടുന്നു.  ജീവൻ നിത്യതയിലേക്കെന്ന സങ്കല്പത്തിലും. രക്ഷയുടെ ദൗത്യമെന്ന മനോഹര സ്വപ്നം അയാളിലെ  ഹൃദയത്തിൽ പതിയുകയാണ്. അതിലെ സത്യവും മിഥ്യയും തിരിച്ചറിയുന്നതിനു മുമ്പ് അയാൾ ഇല്ലാതാകുന്നു. മായയാകുന്നു.

സമ്പത്തിന്റെ നടുവിൽ ജീവിച്ച അച്ചാമ്മ എന്ന കഥാപാത്രത്തെ 'പുണ്യദിശ' എന്ന കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. സാഹചര്യങ്ങൾ അവരെ കുട്ടികളെ പരിചരിക്കുന്ന ഒരു നേഴ്സാക്കുകയായിരുന്നു. ഓരോ ക്രിസ്തുമസ് രാവിലും അവരുടെ ലോല ഹൃദയത്ത കാർമേഘങ്ങൾകൊണ്ട് നിറക്കുമായിരുന്നു. ഒരിക്കൽ ഒരു പോലീസുകാരൻ വഴിയിൽ കിട്ടിയ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിൽ വന്നു. ആ കുഞ്ഞിനെ മാറോട് ചേർത്തുവെച്ചപ്പോൾ അവരിലെ മാതൃഹൃദയം തുടിച്ചിരുന്നു. പിന്നീട്, ഭൂതകാലത്തിലേക്കുള്ള ചിന്തകളിലേക്ക് അച്ചാമ്മ സഞ്ചരിക്കുകയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് അവരുടെ കൊച്ചമ്മയുടെ മകനുമായി അരുതാത്തത് പലതും അവർ ചെയ്തു. ഒരു സുപ്രഭാതത്തിൽ അയാൾ അപ്രത്യക്ഷമായി. അവളുടെ ഉദരത്തിൽ വളർന്ന കുഞ്ഞിന്റെ വിവരം മാതാപിതാക്കളും അറിഞ്ഞു. അവർ ആ കുഞ്ഞിനെ എവിടെയോ ഏൽപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിരിക്കാം! സംഭവിച്ചത് ഒരു ക്രിസ്തുമസ് രാത്രിയിലായിരുന്നു. കുഞ്ഞിനെ ഒരു നോക്കു കാണാൻ സാധിക്കാത്തതിൽ ആ മാതൃഹൃദയം നിത്യവും കരഞ്ഞു. അവർക്കു വന്ന കല്യാണലോചനകൾ നിരസിച്ചുകൊണ്ടിരുന്നു. വിവാഹം കഴിക്കാതെ തന്റെ കന്യകാത്വം അപരനു നൽകിയ കുറ്റബോധം അച്ചാമ്മയെ വേട്ടയാടിക്കൊണ്ടിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്ത ചെറുപ്രായത്തിൽ സംഭവിച്ചുപോയ  തെറ്റിന് സ്വന്തം ജീവിതംതന്നെ അവർക്ക് പണയപ്പെടുത്തേണ്ടി വന്നു.

നാട്ടിൽനിന്ന് മാതാപിതാക്കളെ അമേരിക്കയിൽ കൊണ്ടുവരുകയും പിന്നീട് തിരിച്ചുപോകാൻ സാധിക്കാത്ത വിധം മക്കളുടെ അടിമയായി ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് 'നഷ്ടപുത്രനിലെ' കഥ. കുട്ടികളെ നോക്കാനുണ്ടായിരുന്നതുകൊണ്ട് 'ത്രസ്യാ' നാട്ടിൽ മടങ്ങാതെ മക്കളോടൊപ്പം കഴിഞ്ഞു. അമേരിക്കൻ ജീവിതം ഇഷ്ടപ്പെടാത്തതിനാൽ പിതാവ് നാട്ടിൽ മടങ്ങിപോവുകയും ചെയ്തു. അറുപതു വർഷത്തോളം പാപ്പിയും ത്രസ്യായും ഒന്നിച്ചു ജീവിച്ചു. ഇണപിരിയാത്ത ഇണപ്രാവുകളെപ്പോലെ! ത്രസ്യാ മരുമകളുടെ പോരിനിരയാകുന്നു. അമ്മയെ ഒരു വേലക്കാരത്തിയെപ്പോലെ കണക്കാക്കുന്നു. നാട്ടിൽ ഭർത്താവുമൊത്ത് താമസിക്കാൻ മടങ്ങി പോവണമെന്ന അവരുടെ ആഗ്രഹങ്ങളെ മരുമകൾ പുച്ഛിച്ചു തള്ളുന്നു. ഒടുവിൽ ത്രസ്യാ രോഗിയാവുന്നു. ആശുപത്രീ കിടക്കയിൽ തന്റെ ശവം നാട്ടിൽ സംസ്ക്കരിക്കണമെന്ന് മകനോട് പറയുന്നു. അവർ മരിക്കുന്നു. അമ്മയുടെ ആഗ്രഹം അനുസരിച്ച് ശവം നാട്ടിൽ കൊണ്ടുപോവാൻ ഭാര്യ സമ്മതിക്കില്ല. ഒടുവിൽ സ്വയം തീരുമാനമെടുത്ത് മകൻ ബാബു അമ്മയുടെ ശവശരീരമായി നാട്ടിലേക്ക് വിമാനം കയറുന്നതാണ് കഥ. വാർദ്ധക്യത്തിലെ ഏകാന്തത അമേരിക്കയിൽ വന്നെത്തുന്ന കുടിയേറിയവരുടെ മാതാപിതാക്കളിൽ  പ്രകടമാണ്. ത്രസ്യായുടെ ജീവിതം ഒരു അമേരിക്കൻ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആഗ്രഹങ്ങൾ സഫലമാകാതെ നൂറുകണക്കിന് അമ്മമാർ നൈരാശ്യത്തോടെ മക്കളുടെ നിയന്ത്രണത്തിൽ കഴിയുന്നതും ജീവിതം ഇവിടെ അവസാനിപ്പിക്കുന്നതും നാം കാണുന്നു. പ്രായമായ മാതാപിതാക്കളുടെ ദുരവസ്ഥയെ ഈ ചെറുകഥയിൽക്കൂടി ശ്രീ വേറ്റം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.

'മുഖങ്ങൾ' ഒരു പട്ടാളക്കാരന്റെ ഹൃദ്യമായ കഥയാണ്. യുവത്വം മുറ്റി നിന്നിരുന്ന നാളുകളിൽ ഇന്ത്യ ചൈന അതിർത്തിയിലുള്ള ഒരു ക്യാംപിനു (Camp)സമീപം ഒരു നേപ്പാളി പെണ്ണുമായി അയാൾ പ്രേമത്തിലാകുന്നു. അവൾ അയാളെ വിശ്വസിച്ചു. അയാളെ സ്വന്തമാക്കണമെന്നു പെണ്ണും ആഗ്രഹിച്ചു. മറ്റൊരു സ്ഥലത്തേക്ക് അയാൾക്ക് സ്ഥലം മാറ്റം കിട്ടി. അയാളുടെ പ്രേമം കപടമല്ലായിരുന്നെങ്കിലും ദുർബലനിമിഷങ്ങളിൽ അയാൾ അവിടെനിന്നും താമസം മാറുന്ന വിവരം അവളോട് പറഞ്ഞില്ല. കുറ്റബോധം അയാളെ അലട്ടുന്നു. വിവാഹത്തിന് പ്രേരിപ്പിക്കുന്ന അമ്മയോട് അയാൾ കാര്യങ്ങൾ പറഞ്ഞു. അവളുടെ ഉദരത്തിൽ അയാളുടെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.
അമ്മയുടെ നിർദേശപ്രകാരം വീണ്ടും മൂന്നു മാസങ്ങൾക്കു ശേഷം അയാൾ അവളെ അന്വേഷിച്ച് അതിർത്തിയിലെത്തി. എന്നാൽ ആ നേപ്പാൾ പെൺകുട്ടിയെ കണ്ടുമുട്ടാനായില്ല. ചതിയിൽ അകപ്പെട്ടെന്നു  മനസിലായ അവൾ നേപ്പാളിലേക്ക് മടങ്ങി പോയിരുന്നു. അവളെ കണ്ടുമുട്ടാനാവാതെ അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കുട്ടികൾ വേണമെന്ന ഭാര്യയുടെ മോഹം അയാൾക്ക് സാധിച്ചുകൊടുക്കാൻ കഴിയാതെ വരുന്നു. ചൈനാക്കാരുടെ വെടിയുണ്ടയേറ്റു ജീവൻ തിരിച്ചുകിട്ടിയ അയാൾക്ക് ഒരു കുട്ടിയ്ക്കു ജന്മം നൽകാൻ സാധിക്കില്ലെന്നുള്ള സത്യം ഭാര്യയോട് തുറന്നു പറഞ്ഞു. തന്റെ യൗവന കാലത്തുണ്ടായ നേപ്പാളി പെണ്ണുമായുള്ള പ്രേമത്തിന്റെ കഥയും പറഞ്ഞു.  പിന്നീടുള്ള വൈകാരിക നിമിഷങ്ങൾ!  സരളമനോഹരമായ ഭാഷയിൽ വിവരിച്ചിട്ടുണ്ട്. വായനക്കാരിൽ സന്ദിഗ്‌ദ്ധാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.

'വഴികൾ' എന്ന കഥയിൽ പത്‌നാഭൻ പിള്ള എന്ന പ്രവാസിയാണ് നായകൻ. അയാൾ സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നു. അപ്പന്റെ മദ്യപാനം കാരണം സർവ്വതും നശിച്ചു. ദാരിദ്രം ആ കുടുംബത്തെ കീഴ്പ്പെടുത്തിയെങ്കിലും അഭിമാനത്തിനു കുറവു വന്നില്ല. അത്താഴപ്പട്ടിണിയിൽ ജീവിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടു അയാളുടെ സ്വന്തം അമ്മാവൻ പതിനഞ്ചു രൂപ പത്‌നാഭന്റെ കൈവശം ഏൽപ്പിക്കുന്നു. അതിന്റെ പേരിൽ അഭിമാനിയായ അപ്പനുമായി മകൻ ഏറ്റുമുട്ടലാരംഭിക്കുന്നു. വാക്കുതർക്കങ്ങളും കയ്യേറ്റങ്ങളുമുണ്ടായിട്ടും ആ പണം തിരികെ മാതുലനെ ഏൽപ്പിക്കാൻ തയ്യാറായില്ല. അപ്പനെ ഭയന്ന് അയാൾ നാട് വിടുന്നു. ഹോട്ടൽ പണിയും ചുമട്ടു തൊഴിലാളിയുമായി ബോംബയിൽ തൊഴിൽ ജീവിതം തുടങ്ങി. അവിടെ 'ഡാർലിംഗ്' എന്ന നേഴ്സ് പെൺകുട്ടിയുമായി പ്രേമത്തിലാകുന്നു. പിതാവിൽ നിന്നും ഒളിച്ചോടിപ്പോയ കുറ്റബോധം അയാളെ അലട്ടുന്നു. ഒടുവിൽ,നാടുവിട്ട നാളുകളിൽ പിതാവ് ആത്മഹത്യ ചെയ്ത വാർത്ത അയാളെ അസ്വസ്ഥനാക്കുന്നു. ഡാർലിയുമായി വിവാഹിതനായ  ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കി. അഞ്ചു പതിറ്റാണ്ടിനുശേഷമുള്ള അയാളുടെ ജീവിത കഥകൾ അയവിറക്കുന്ന പശ്ചാത്തലമാണ് ഈ ചെറുകഥതയുടെ സാരം.

'കനലുകൾ' സജിയെന്ന പ്രവാസിയുടെ മറ്റൊരു കഥാരൂപമാണ്. ദാരിദ്രം കൊണ്ട് ഹൈസ്‌കൂളിൽ  പഠനം അയാൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കാനായി എട്ടു സെന്റ് സ്ഥലം വിറ്റ കാലം മുതൽ കിടപ്പാടമില്ലാതെ വളർന്ന യുവാവ്. നേഴ്‌സായി അമേരിക്കയിൽ പോയ സഹോദരിമൂലം അയാൾ അമേരിക്കയിലെത്തി. അപ്പോഴേക്കും പ്രായം 34. ഒരു 32 വയസുകാരിയെ വിവാഹം കഴിക്കുന്നു. ഭാര്യ വന്ധീകരണം ചെയ്തതുമൂലം പിള്ളേരുണ്ടാകില്ലെന്ന് അറിയുന്നു. ദുർബലമായ നിമിഷത്തിൽ കൂടെ ജോലി ചെയ്യുന്ന ഒരാളിന്റെ കാമർത്തിക്കുമുമ്പിൽ അവൾ കീഴ്പ്പെട്ട കഥ സജിയെ അറിയിക്കുന്നു. അന്ന് അയാളുടെ മനസ്സിൽ വൈകാരിക ഭാവങ്ങൾ നിറഞ്ഞ കൊടുങ്കാറ്റുണ്ടായി. ഒരു ദിവസം സഹോദരന്റെ വീട്ടിലെന്നു പറഞ്ഞു ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. എഴുത്തുകൾക്ക് മറുപടി നൽകാതെ അവർ ഒഴിഞ്ഞു മാറുന്നു. ഒരിക്കൽ രജിസ്റ്റെർഡായി ആയി അയാൾക്ക്' ഒരു കത്തു വന്നു. അത് അവരുമായുള്ള വിവാഹമോചനത്തിനായിരുന്നു. 
         
'പ്രവാസി' എന്ന കഥയിൽ നേഴ്സായ സുധയുടെ സംശയരോഗം ഷിബുവിനെ അമ്പരിപ്പിക്കുകയാണ്. കിംവദന്തികളുടെ പേരിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നു. ചെയ്യാത്ത കുറ്റങ്ങൾക്ക് കാര്യം അറിയാതെ ഷിബു പരവശനാവുന്നു. സുധയുടെ അഭിമാനം വേദനിക്കുന്നുവെന്നും പറയുന്നു. ഭർത്താവിനെ വെറുക്കാൻ മാത്രം കലഹം സൃഷ്ടിച്ചവർ ആരെന്നറിയാനുള്ള ജിജ്ഞാസയും ഷിബുവിനുണ്ടായി. കുടുംബ രഹസ്യങ്ങൾ  മറ്റൊരു സ്ത്രീ സുധയോട് പറഞ്ഞപ്പോൾ ഷിബുവിന് ആ സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തെറ്റിധാരണയുമുണ്ടായി. രണ്ടു പെണ്മക്കൾ ഉണ്ടായിരുന്ന അവർ മൂന്നാമതൊരു ആൺകുഞ്ഞിനായി ശ്രമിച്ചു. പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി പെൺകുഞ്ഞെന്നറിഞ്ഞപ്പോൾ അവർ ഗർഭചിന്ദ്രത്തിൽക്കൂടി ആ കുഞ്ഞിനെ ഇല്ലാതാക്കി. അത് അതീവ രഹസ്യമായി ഈ ദമ്പതികൾ സൂക്ഷിച്ചിരുന്നു. അക്കാര്യമാണ് മറ്റൊരു സ്ത്രീയിൽ നിന്നും ഭാര്യ അറിഞ്ഞത്. 'കുടുംബരഹസ്യങ്ങൾ പുറത്തുവിട്ട സ്ത്രീയുടെ ഭർത്താവാണ് അക്കാര്യം  പറഞ്ഞതെന്ന് അറിയിച്ചിട്ടും' സുധയുടെ പരിഭവം മാറിയിരുന്നില്ല. പാപബോധം കൊണ്ട് സുധ സ്വയം പള്ളിയിൽ ചെറു ശബ്ദത്തിൽ പ്രാർത്ഥിച്ചപ്പോൾ ആരോ കേട്ട കുടുംബ രഹസ്യങ്ങൾ കിംവദന്തികളായി മാറുകയായിരുന്നു.   

കുടുംബപ്രശ്നങ്ങൾ വരുമ്പോൾ പ്രശ്ന പരിഹാരത്തിനായി മന്ത്രവാദവും കൂടോത്രവും ഏലസ് കെട്ടുകയും ചെയ്യുന്ന  ഒരു കഥയാണ് 'കൂട്ടുകൃഷി'. അതുമൂലം കുടുംബജീവിതത്തിലും പോറലേക്കുന്നുണ്ട്. ദൈവഭക്തിയും പള്ളിയും പുരോഹിതരുമായി നടക്കുന്ന ഭാര്യ, കൂടോത്രങ്ങളിൽ വിശ്വസിക്കുന്ന ഭർത്താവ്, അങ്ങനെ വ്യത്യസ്ത ചിന്താഗതികളിൽ പോവുന്ന ഒരു കുടുംബത്തിന്റെ 'കഥ' കഥാകൃത്ത് തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.

അമേരിക്കൻ ജീവിതത്തിൽ ഭാര്യമാർ രണ്ടു ജോലി ചെയ്യുകയും ഭർത്താക്കന്മാർ ഭർത്താവ് ഉദ്യോഗസ്ഥരോ ചെറിയ ജോലികൊണ്ടോ കഴിയുന്നവരെന്നും പരക്കെ ആക്ഷേപമുണ്ട്. നാട്ടിലുള്ള ബന്ധു ജനങ്ങളെ കൊണ്ടുവരുകയും അവരുടെ സംരക്ഷണ ചുമതലകൾ വഹിക്കുകയും ചെയ്യേണ്ടത് ഇവിടെ വന്ന ആദ്യകാല കുടിയേറ്റക്കാരുടെ കർത്തവ്യമായിരുന്നു. ജോലിയും  കൂലിയും ഇല്ലാതെ നിരാശരായ ഭർത്താക്കന്മാർ നാട്ടിൽ മടങ്ങി പോവാനും ആഗ്രഹിക്കാറുണ്ട്. നല്ല വരുമാനമുള്ള ഭാര്യ അത്തരം സാഹസങ്ങൾക്ക് തയ്യാറാകുകയുമില്ല.  തങ്ങളുടെ കുടുംബപാരമ്പര്യം പിന്തലമുറ തുടങ്ങണമെന്നും ആഗ്രഹിക്കുന്നു. അമേരിക്കൻ സാംസ്ക്കാരികത  ഭയപ്പെടുന്നവരും മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ആശയ വൈരുദ്ധ്യങ്ങൾ നിറഞ്ഞ കഥയാണ് 'ശിലകൾ'. സ്വദേശാചാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നു ഭർത്താവും അതിന് എതിരുനിൽക്കുന്ന ഭാര്യ സരസയുമായുള്ള വഴക്കുകൾ കഥയെ തന്മയത്വരൂപിതമാക്കുന്നു.

അവസാന താളുകളിൽ 'ഭ്രമണം' എന്ന കഥയാണ്. വർഷങ്ങൾ ജയിലിനുള്ളിൽ കിടന്ന ശേഷം പുറത്തിറങ്ങിയ ഒരു നാരായണപിള്ളയുടെ കഥ. സമ്പത്തിന്റെ നടുവിൽ ജീവിച്ച അയാളെ സാഹചര്യങ്ങൾമൂലം ഒരു കൊലപാതകിയുടെ പരിവേഷം അണിയിച്ചു. ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മകളുടെ കിടപ്പറയിൽ കണ്ട ഒരു യുവാവിനെ നാരായണ പിള്ള കൊലപ്പെടുത്തി. ശിക്ഷ കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അയാൾ പുറത്തിറങ്ങുന്നു. ആരും അയാളെ സ്വീകരിക്കാൻ ഉണ്ടായിരുന്നില്ല. നാടാകെ  മാറിയിരിക്കുന്നു. പടിപ്പുരകളോടുകൂടിയ അയാളുടെ വീട് ജീർണ്ണിച്ച അവസ്ഥയിൽ കാണുന്നു. ഒരു മനുഷ്യനവിടെ പുക വലിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകളോട് അയാൾ ക്ഷമിച്ചിരുന്നു. ഭാര്യയെ കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം അയാളെ ആ വീട്ടിൽ എത്തിച്ചു. എങ്കിലും നിരാശനായി അയാൾ മടങ്ങി പോവുന്നു. എങ്ങോട്ട്? അറിയില്ല! കഥയവിടെ അവസാനിക്കുകയാണ്.

താത്ത്വികവും ആശയസമ്പുഷ്ടവുമായ ചെറുകഥാ സമാഹാരങ്ങളടങ്ങിയ 'കാലത്തിന്റെ കാൽപ്പാടുകൾ' രചിച്ച ശ്രീ ജോൺ വേറ്റത്തിന് എന്റെ അനുമോദനങ്ങൾ. അങ്ങ് എഴുതിയ പുസ്തകം കയ്യപ്പോടെ, ഉപചാര വചനങ്ങളോടെ തപാലിൽ അയച്ചു തന്ന അങ്ങേയ്ക്ക് എന്റെ നന്ദിയും. അതുപോലെ, ഈമലയാളി പത്രാധിപർ ശ്രീ ജോർജ് ജോസഫ്, പ്രസിദ്ധ സാഹിത്യകാരനായ ഡോ. എം.കാരശേരി എന്നിവരുടെ സന്നിധാനത്തിൽ നടത്തിയ പുസ്തകപ്രകാശനവും അമേരിക്കൻ മലയാള സാഹിത്യത്തിലേയും പ്രവാസി ചരിത്രത്തിലെയും ധന്യമായ നിമിഷങ്ങളായിരുന്നു.   



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...