Wednesday, August 14, 2019

കെസിആർഎം നോർത്ത് അമേരിക്ക സമ്മേളനവും എന്റെ പ്രഭാഷണവും



ജോസഫ് പടന്നമാക്കൽ

2019 ആഗസ്റ്റ് പത്താം തിയതി ഷിക്കാഗോയിൽ മലയാളി അസോസിയേഷൻ ഹാളിൽ കേരളാ കത്തോലിക്ക നവീകരണ പ്രസ്ഥാനം നടത്തിയ സമ്മേളനത്തിൽ ഞാനും സംബന്ധിക്കുകയുണ്ടായി. നവീകരണാശയങ്ങളുൾക്കൊണ്ട പ്രസിദ്ധരായ നിരവധി പേർ സമ്മേളനത്തിലുണ്ടായിരുന്നു.  നവീകരണ ചിന്തകനും എഴുത്തുകാരനുമായ ശ്രീ ചാക്കോ കളരിക്കൽ സംഘടിപ്പിച്ച ഈ സമ്മേളനം എന്തുകൊണ്ടും ബൗദ്ധിക ചിന്താധാരയിലുള്ളവർക്ക് ഉത്തേജനം നൽകുന്നതായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീ എബ്രാഹം നെടുങ്ങാട്ട് സമ്മേളനത്തിൽ മുഖ്യ അതിഥിയായി പ്രഭാഷണം നടത്തി.

അന്തരിച്ച നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായ വി.ആർ. കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ച് ആക്റ്റ് നടപ്പാക്കാത്തതിലും മാറി മാറി വന്ന സർക്കാരുകൾ ബില്ലിനെ ഗൗനിക്കാത്തതിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ കൃഷ്‌ണയ്യരുടെ ബില്ലിനെപ്പറ്റി ഗാഢമായി ചർച്ചകൾ നടത്തുകയും സമ്മേളനത്തിൽ പങ്കുചേർന്നവർ നിരവധി നിർദേശങ്ങൾ മുമ്പോട്ട് വെക്കുകയും ചെയ്തു. സഭ നേരിടുന്ന ദുരൂഹ സാഹചര്യങ്ങൾ തരണം ചെയ്യാൻ ചർച്ച് ആക്റ്റ് അനിവാര്യമെന്നും അഭിപ്രായപ്പെട്ടു. സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പൗരാഹിത്യ ലോകം സ്വത്തുവിവരങ്ങൾ അല്മെനികളിൽ നിന്നും രഹസ്യമായി സൂക്ഷിക്കുന്നതിലും യോഗം ആശങ്കപ്പെട്ടിരുന്നു. ഇന്ന് നിലനിൽക്കുന്ന സഭാതർക്കങ്ങൾക്കെല്ലാം കാരണം ചർച്ച് ആക്റ്റിന്റെ അഭാവമെന്നും അഭിപ്രായപ്പെട്ടു.

സഭാനവീകരണത്തിനായി എന്നും മുന്നിട്ടു പ്രവർത്തിച്ച പ്രസിദ്ധരായവർക്കുള്ള പൊന്നാടകളും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സംഘടനയ്ക്കുവേണ്ടി തീവ്രമായി പ്രവർത്തിച്ച ശ്രീ ചാക്കോ കളരിക്കലിന് അപ്രതീക്ഷിതമായി നൽകിയ പൊന്നാട സദസ്യരുടെ പ്രത്യേക കയ്യടി നേടി. സഭാനവീകരണ ചിന്തകളിൽ വ്യക്തി പ്രഭാവം നേടിയ സുപ്രസിദ്ധ എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളുമടങ്ങിയ മനോഹരമായ സുവനീറിന്റെ ഉത്‌ഘാടനവും സമ്മേളനത്തോടൊപ്പം നിർവഹിച്ചു. കൂടാതെ ഡോ. ജെയിംസ് കോട്ടൂരിന്റെ മകൾ ശ്രീമതി ശാന്തിയുടെ സംഗീതാലാപം സദസിനെ മോഡി പിടിപ്പിക്കുകയും ചെയ്‌തു.

നവീകരണ വാഗ്മികളോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എന്റെ പ്രഭാഷണമാണ് താഴെ കുറിച്ചിരിക്കുന്നത്. 

സുഹൃത്തുക്കളെ,

കേരളാ ചർച്ച് റീഫോം മൂവ്മെന്റ്, North America സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ സംസാരിക്കാൻ അവസരം തന്ന, എന്നെ ക്ഷണിച്ച ശ്രീ കളരിക്കലിനും ഇതിലെ  പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. പലരും ദൂരദേശങ്ങളിൽനിന്നു ഇവിടെ വന്നെത്തിയതു സഭയോടുള്ള സ്നേഹം കൊണ്ടാണ്. തങ്ങളുടെ സഭാമാതാവ് തെറ്റായ വഴികളിൽക്കൂടി സഞ്ചരിക്കുന്ന ദുഖവും പ്രകടമായി കാണാം. പ്രത്യേകമായ ലക്ഷ്യബോധത്തോടെയും ഉദ്ദേശത്തോടെയുമാണ് നാം ഇന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.സഭയുടെ നവീകരണ ഘടകമായ ചർച്ച് ആക്റ്റ് ഈ സമ്മേളനത്തിലെ പ്രധാന വിഷയമാണ്. അതുപോലെ പ്രശസ്തരായ നാല് വ്യക്തികളെ ആദരിക്കലും.

സംഘടനയുടെ പ്രസിഡന്റ് ശ്രീ ചാക്കോ കളരിക്കൽ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കഴിഞ്ഞ ആറേഴു വർഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷെ ആദ്യമായിട്ടാണ് ഞങ്ങൾ തമ്മിൽ മുഖാ മുഖം കാണുന്നത്. പറഞ്ഞു വന്നപ്പോൾ കുടുംബക്കാരെപ്പോലെയായി. എന്റെ ബന്ധുക്കളിൽ ചിലർ അദ്ദേഹത്തിന്റെയും ബന്ധുക്കൾ. ഞങ്ങൾ രണ്ടു നസ്രാണി കോട്ടകളിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ജീവിച്ച ക്രിസ്ത്യാനികൾ. ഞാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും അദ്ദേഹം പാലായിൽ നിന്നും. കെസിആർഎം അമേരിക്കയ്ക്ക് ധീരമായി നേതൃത്വം കൊടുക്കുന്ന ശ്രീ കളരിക്കലിന് എന്റെ അഭിവാദനങ്ങൾ. ശബ്ദിക്കാത്തവരുടെ ശബ്ദമാണദ്ദേഹം.

ഇവിടെ കൂടിയിരിക്കുന്ന സദസ്യരായ നമ്മൾ ടെലി കോൺഫറൻസുകൾ വഴി ചർച്ചകൾ  നടത്തിക്കൊണ്ടിരുന്നു. മിക്കവരും അറിയുന്ന ചങ്ങാതികൾ. എങ്കിലും പുതിയ മുഖങ്ങൾ, ഒരേ ലക്ഷ്യങ്ങൾക്കായി പൊരുതുന്നവർ, വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ സാഹചര്യങ്ങളിൽ നിന്നും വന്നവരാണ് നാം. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ മലകളും നീങ്ങിപ്പോവുമെന്ന് വചനം തന്നെ പറയുന്നുണ്ട്. പക്ഷെ സാത്താനാണ് സഭയിൽ കുടികൊണ്ടിരിക്കുന്നത്. നരകവും സാത്താനും ഇല്ലെന്നു ഫ്രാൻസീസ് മാർപാപ്പാ പറയുന്നു. സാത്താനുണ്ടെങ്കിൽ സീറോ മലബാർ സഭയെ ഇന്നു ചെളിക്കുണ്ടിലിട്ടു നാറ്റിക്കുന്നതു അവൻ തന്നെ!

ഏകദേശം ഏഴെട്ടു വർഷങ്ങൾക്കുമുമ്പ് കെ.സി.ആർ.എം പാലായിലെ ഒരു സദസിൽ അന്തരിച്ച ശ്രീ ജോസഫ് പുലിക്കുന്നേൽ സാറും ഒന്നിച്ച് ഒരേ സ്റ്റേജിൽ ഇരുന്നതും ഞാൻ ഓർമ്മിക്കുന്നു. അന്ന് സത്യജ്വാലയുടെ ആദ്യത്തെ എഡിഷന്റെ ഉത്‌ഘാടനമായിരുന്നു. സഭാ നവീകരണവുമായി ബന്ധപ്പെട്ട പ്രഗത്ഭരായ പലരെയും പാലായിൽ പരിചയപ്പെടാനുമിടയായി. സഭയ്ക്കും സമുദായ പരിഷ്‌ക്കരണത്തിനും വേണ്ടി നിലകൊണ്ട 'ശ്രീ ജോസഫ് പുലിക്കുന്നേൽ' സാർ ഇന്ന് നമ്മോടുകൂടി ജീവിച്ചിരിപ്പില്ല. ആ ധീരാത്മാവിന്റെ മുമ്പിൽ ഒരു നിമിഷം ഞാൻ എന്റെ ശിരസ്സ് നമിക്കട്ടെ! സഭയുടെ നവീകരണത്തിനായി, അഴിമതി, കോഴ, പൗരാഹിത്യ മേൽക്കോയ്മ്മകൾക്കെതിരെ ഒറ്റയാനയായി പുലിക്കുന്നേൽസാർ പൊരുതി. അദ്ദേഹം തുടങ്ങിവെച്ച വിപ്ലവവീര്യങ്ങൾക്ക് മങ്ങലേൽക്കാതെ ഒരു തുടർക്കഥയെന്നോണം കെസിആർഎം പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നു. വാസ്തവത്തിൽ കെസിആർഎം സംഘടനയെ നയിക്കുന്നത് ഒരു ബൗദ്ധിക ലോകമാണ്. 1990-ലാണ് കേരള കത്തോലിക്ക റീഫോർമേഷൻ മൂവ്മെന്റ് സ്ഥാപിച്ചത്.

ആദരണീയനായ ഡോ ജെയിംസ് കോട്ടൂർ! അങ്ങൊരു ചരിത്രമാണ്. അങ്ങേയ്ക്ക് നൽകുന്ന ഈ പൊന്നാട തീർച്ചയായും ഞങ്ങളുടെയും അഭിമാനമാണ്. ധന്യമായ ഒരു ജീവിതം താങ്കൾക്ക് എന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്. നിരവധി ജന്മങ്ങൾകൊണ്ട് നേടേണ്ട നേട്ടങ്ങൾ അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഗർജിക്കുന്ന സിംഹമാണ് ശ്രീ കോട്ടൂർ. കർദ്ദിനാൾ ആലഞ്ചേരി ജെയിംസ്‌ കോട്ടൂരിന്റെ സുഹൃത്താണ്. സഭാ നവീകരണം വിഷയമാക്കി അദ്ദേഹം നിരവധി കത്തുകൾ ആലഞ്ചേരിക്ക് അയച്ചെങ്കിലും ഒരു കത്തിനു പോലും മറുപടി കിട്ടിയില്ലെന്നാണ് അറിവ്!യാഥാസ്ഥിതികനായ ആലഞ്ചേരി സഭാ നവീകരണം ആഗ്രഹിക്കുന്നില്ലായെന്നതാണ് കാരണം. നൂറു കണക്കിന് പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങളുടെ കർത്താവാണ് ജെയിംസ് കോട്ടൂർ. ഓരോ ലേഖനവും പൗരാഹിത്യത്തെ ഇരുമ്പാണികൾകൊണ്ട് അടിച്ചുറപ്പിച്ചിരിക്കുകയാണ്. കാരിരുമ്പിനേക്കാളൂം ശക്തിയേറിയ അദ്ദേഹത്തിൻറെ ലേഖനങ്ങൾ സഭയുടെയും കർദ്ദിനാൾ ആലഞ്ചേരിയുടെയും ഉറക്കവും കെടുത്തുന്നു. ഡോക്ടർ കോട്ടൂർ എഴുതിയ ജീവിതാനുഭവ കഥ വായിച്ചപ്പോൾ ഗാന്ധിജിയുടെ സത്യാന്വേഷണ കഥകളാണ് എനിക്ക് ഓർമ്മ വന്നത്. ഒരു തുറന്ന പുസ്തകംപോലെ അദ്ദേഹത്തിന്റെ അനുഭവ കഥകൾ വിവരിച്ചിട്ടുണ്ട്. സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും പാളീച്ചകളും വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന് സ്നേഹമുള്ള ഒരു കുടുംബമുണ്ട്. സ്നേഹിക്കുന്ന ഒരു ഭാര്യയുണ്ട്. സംഗീത ലോകത്തിലെ വാനമ്പാടികളായ മൂന്നു പെൺമക്കളും അവരുടെ കൊച്ചുമക്കളുമായി സന്തോഷമായി കഴിയുന്നു. കൂടാതെ ഏകമകൻ ഡോക്ടറുമാണ്. ദീർഘായുഷ്മാനായി ഭാവിയിൽ ഇനിയും നിരവധി പൊന്നാടകൾ അണിയുന്നതിനുള്ള ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.

ശ്രീ ഏ.സി. ജോർജ് എന്റെ സുഹൃത്താണ്. നാല് പതിറ്റാണ്ടിൽപ്പരമായി എനിക്ക് അദ്ദേഹത്തെ അറിയാം. ന്യൂയോർക്കിലെ മിക്ക സംഘടനകളുടെയും പ്രവർത്തകനും നേതാവും ആദ്യകാല ശില്പിയുമായിരുന്നു. ചുക്കില്ലാത്ത കഷായമില്ലെന്ന് പറഞ്ഞപോലെ ശ്രീ എ.സി. ജോർജ് ഇടപെടാത്ത സംഘടനകളില്ല. പ്രസിദ്ധനായ വാഗ്മി, എഴുത്തുകാരൻ, നർമ്മ കവി, പ്രഭാഷകൻ എന്നുവേണ്ട ഒരു സർവകലാ വല്ലഭനാണ്. സാമൂഹികമായാലും രാഷ്ട്രീയമായാലും മതപരമായാലും ചർച്ചകളിൽ മോഡറേറ്റ് ചെയ്യാനുള്ള അദ്ദേഹത്തിൻറെ കഴിവ് അസാധാരണമാണ്. ആകാശത്തിനുതാഴെയുള്ള എന്തിനെപ്പറ്റിയും ആധികാരികമായി സംസാരിക്കും.

ശ്രീ ജോർജ് മൂലെച്ചാലും എന്റെ സുഹൃത്താണ്. എഴുത്തിന്റെ ലോകത്തിലെ രാജാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ അദ്ദേഹം സത്യജ്വാല സ്ഥാപിച്ച വ്യക്തിയും അതിന്റെ പത്രാധിപരുമാണ്. കെസിആർഎം-ന്റെ ആരംഭകാലം മുതലുള്ള പ്രവർത്തകനും അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. നീണ്ട വ്യാഴവട്ടക്കാലങ്ങൾ 'ശ്രീ ജോർജ് മൂലേച്ചാൽ' സഭാ നവീകരണത്തിനായി പൊരുതി. ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച് സത്യജ്വാല പത്രം നടത്തുന്നു. ഇത്തരം പ്രസ്ഥാനങ്ങളുടെ നടത്തിപ്പുവഴി അദ്ദേഹത്തിന് വിമർശകരുമുണ്ട്, മിത്രങ്ങളുമുണ്ട്. നീണ്ട കാലം പുലിക്കുന്നേൽ സാറിന്റെ വലംകൈ ആയി പ്രവർത്തിച്ചിരുന്നു. പള്ളിയിൽ ദളിതന് ശവസംസ്ക്കാരം നിഷേധിക്കുമ്പോഴും ഭൂമി വിവാദം നടന്നപ്പോഴും ഇളങ്ങുളത്തെ പൗരാണിക പള്ളി പൊളിച്ചപ്പോഴും അറയ്ക്കൽ തിരുമേനി ഫ്രാങ്കോ തിരുമേനിയെ കൃസ്തുവാക്കിയപ്പോഴും വാക്കുകൾകൊണ്ടു ശരാഭിഷേകം നടത്താൻ  അദ്ദേഹം മുമ്പിലുണ്ടായിരുന്നു. പൗരാഹിത്യ ക്രമക്കേടുകൾക്കും അനീതിക്കുമെതിരായി നിരവധി സമരങ്ങൾക്ക് നേതൃത്വവും നൽകിയിട്ടുണ്ട്. വഴി നീളെ കുരിശുകൾ സ്ഥാപിച്ച് ട്രാഫിക്ക് ബ്ലോക്കാക്കുന്നതിനെയും ആഡംബരപ്പള്ളികളും കൂറ്റൻ കെട്ടിടങ്ങളും പണിയുന്നതിനെയും പരിസ്ഥിതിവാദിയെന്ന നിലയിൽ  വനം നശിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു. ശ്രീ ജോർജ് മൂലേച്ചാലിനെ കെസിആർഎം നോർത്ത് അമേരിക്ക പൊന്നാട നൽകി അംഗീകാരം നൽകിയതിലും അഭിനന്ദിക്കുന്നു.

ഫ്ലോറിഡയിൽ സ്ഥിരതാമസക്കാരനായ ജോർജ്ജ് നെടുവേലിയേയും കുടുംബത്തെയും എനിക്കറിയാം. അദ്ദേഹം ഒരു യാത്രാപ്രിയനാണ്. സഞ്ചാരകൃതികളും എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ 'ഡാന്യൂ ബിന്റെ നാട്ടിലെന്ന പുസ്തകം' വായിച്ചതും അതിന്റെ അഭിപ്രായം ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചതും ഓർമ്മിക്കുന്നു. ആ പുസ്തകം വെറുമൊരു സഞ്ചാര കൃതി മാത്രമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത നിരവധി സാമ്രാജ്യങ്ങളുടെ കഥയാണ്. സാമൂഹിക സേവനത്തിൽ വ്യക്തിമുദ്ര പതിച്ച അദ്ദേഹത്തിൻറെ സഹധർമ്മണി ആനി ജേക്കബിനുള്ള ഈ അവാർഡിൽ തികച്ചും അഭിമാനിക്കുന്നു. പുരുഷാധിപത്യത്തിൽ സാധാരണ സ്ത്രീകളുടെ കഴിവുകളെ തഴയുകയാണ് പതിവ്. എന്നാൽ ഇവിടെ ഈ വിശിഷ്ടമായ അവാർഡിൽക്കൂടി സ്ത്രീകൾ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. നല്ല മനസുള്ളവർക്കേ സാമൂഹിക സേവനത്തിൽക്കൂടി മറ്റുള്ളവരുടെ ഹൃദയം പിടിച്ചു പറ്റാൻ കഴിയുള്ളൂ. 'ആനി'യെന്ന സാമൂഹിക പ്രവർത്തക അങ്ങനെയൊരു സാമാന്യ സങ്കല്പം നമ്മിൽ പതിപ്പിച്ചിരിക്കുന്നു.

ചരിത്രത്തിലാദ്യമായി സീറോ മലബാർസഭ ദുരൂഹമായ സാഹചര്യങ്ങളിൽക്കൂടിയാണ്  കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങൾക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു. സഭയ്ക്കുള്ളിൽ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തിൽ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികൾ തന്നെ! ഭൂമിവിവാദത്തിൽക്കൂടി സഭയ്ക്ക് ധാർമ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികൾ ചോദ്യം ചെയ്യാൻ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.

തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കർദ്ദിനാൾ ചേരിയിൽ നിലകൊള്ളുന്നു.

സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മിൽ സ്ഥാനമഹിമകൾ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാർത്തകളാണ് പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങൾ സഭയെ രക്ഷിക്കണമേയെന്നും പ്രാർത്ഥിക്കുന്നു.

മാറ്റങ്ങൾ മനുഷ്യ ജീവിതത്തിൽ സഹജമാണ്. അല്ലെങ്കിൽ അത് പ്രകൃതി നിയമമാണ്. 'സംഭവാമി യുഗേ, യുഗേ' സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ. എന്നാൽ മാറ്റങ്ങൾ വരാത്ത ഒന്നുണ്ട്, സഭാ നേതൃത്വം. ഗോത്രകാല തത്ത്വങ്ങൾ ഇന്നും അവർ പിന്തുടരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവർ അവരെ പിന്തുടരുന്ന കാലത്തോളം സഭയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാനായും സാധിക്കില്ല. അംശവടിയും, കൂന്തൻ തൊപ്പിയും രാജകീയ കുപ്പായങ്ങളും അണിഞ്ഞാൽ അവർ സ്വർഗത്തിലേക്കുള്ള ഏണിപ്പടികളെന്നു ചിന്തിക്കും. വിശ്വസിക്കാത്തവരെ അജ്ഞാനികളെന്നു വിളിക്കും. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ച് മനുഷ്യരെ പേടിപ്പിക്കും. ഇല്ലാത്ത നരകമുണ്ടെന്നും അവിടെ അട്ടയും തേളുമാണെന്നു പറഞ്ഞു നേർച്ച പെട്ടി കാണിക്കകളായി കൊണ്ടുവരും. കൊടുത്തില്ലെങ്കിൽ പണ്ട് മഹറോൻ ഉറപ്പായിരുന്നു. ഇല്ലാത്തവനും കടം മേടിച്ച് അവരുടെ കീശ വീർപ്പിച്ചുകൊണ്ടിരിക്കണം.

മരണശേഷമുള്ള സ്വർഗമാണ് പൗരാഹിത്യം വാഗ്ദാനം ചെയ്യുന്നത്. അവിടെ  സുഖതാമസത്തിനായി അടിമയായ അല്മേനി പണം നിക്ഷേപിച്ചുകൊണ്ടിരിക്കണം. അടിമയിൽനിന്ന് കിട്ടുന്ന പണത്തിനു  കണക്കുണ്ട്. എന്നാൽ ചെലവാക്കുന്ന പണത്തിന് കണക്കില്ല. സ്വരൂപിക്കുന്ന സ്വത്തു മുഴുവൻ മെത്രാന്റെ അധീനതയിലാണ്. ഭൂമി വിവാദത്തിൽ ഇന്ത്യൻ നിയമത്തെക്കാൾ കാനോൻ നിയമം പ്രധാനമെന്ന് ആലഞ്ചേരി കോടതിയിൽ പറയുകയുണ്ടായി. സ്വത്ത് നൽകുന്നവന്, അതിന്റെ കണക്ക് ചോദിക്കാൻ അവകാശമുണ്ടെന്നു മാത്രമേ ചർച്ച് ആക്റ്റ് നിർദേശിക്കുന്നുള്ളൂ.

ഫാദർ റോബിനെയും ഫാദർ പുതുർക്കയെയും സിസ്റ്റർ സെഫിയെയും ബിഷപ്പ് ഫ്രാങ്കോയെയും കുറ്റവിമുക്തരാക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കും അല്മെനിക്കറിയണ്ടേ! പാവപ്പെട്ട വിധവയുടെ കൊച്ചു കാശു വരെയുള്ള നിക്ഷേപങ്ങളാണ് പൗരാഹിത്യ ലോകം തിന്നു കുടിച്ച്, മദാലസകളുമായി മദിച്ചുല്ലസിച്ചു നടക്കുന്നത്. അവർക്കൊരു കടിഞ്ഞാണിടുകയാണ് ചർച്ച് ആക്റ്റിന്റെ ലക്ഷ്യം. സഭയുടെ അഴിമതികളെ തടയണം. പതിമൂന്ന് ക്രിമിനൽ കേസുകളാണ് ആലഞ്ചേരിക്കെതിരെയുള്ളത്. എത്രയെത്ര കോടികൾ സഭ ചിലവാക്കിയെന്ന് ആർക്കും അറിഞ്ഞു കൂടാ. സഭയുടെ കണക്കിന്മേൽ അല്മെനിയ്ക്കും പങ്കാളിത്വമുള്ള ശക്തമായ ഓഡിറ്റ് കൂടിയേ തീരൂ. അവിടെയാണ്, ചർച്ച് ആക്ടിന്റെ പ്രസക്തി വന്നെത്തുന്നത്!

ഷിക്കാഗോ രൂപത അധ്യക്ഷനായ മാർ അങ്ങാടിയത്തിന് ചർച്ച് ആക്റ്റിനെപ്പറ്റി വലിയ കാര്യവിവരമില്ല. അങ്ങനെയൊരു നിയമം സഭയിൽ കൊണ്ടുവരുന്നതിനെപ്പറ്റി അദ്ദേഹം കേട്ടിരിക്കാനും സാധ്യതയില്ല. ചർച്ച് ആക്റ്റിനെതിരെ മണ്ടത്തരം നിറഞ്ഞ പ്രസ്താവനകൾ ഷിക്കാഗോ രൂപതയും അവരുടെ പള്ളി സംഘടനകളും പുറത്തിറക്കിയിരുന്നു. തലശേരി രൂപത ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള പഠിച്ച വിരുതരായ മെത്രാന്മാർ ചർച്ച് ആക്റ്റിനെപ്പറ്റി തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. സഭയും സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രസ്താവനകൾ ബിഷപ്പ് പാംപ്ലാനി കൂടെ കൂടെ പുറപ്പെടുവിക്കുന്നതു കാണാം. ചർച്ച് ആക്റ്റിനെതിരെ ബിഷപ്പുമാർ അബദ്ധ ജടിലങ്ങളായ  മണ്ടത്തരങ്ങൾ നിറഞ്ഞ ഇടയലേഖനങ്ങളും പള്ളികളിൽ വായിക്കാറുണ്ട്.

ഹ്യൂസ്റ്റണിൽ കർദ്ദിനാൾ ആലഞ്ചേരി ഹിൽട്ടൺ ഹോട്ടലിന്റെ പരവതാനിയിൽക്കൂടി രണ്ടു തോക്കു ധാരികളുടെ അകമ്പടികളോടെയായിരുന്നു നടപ്പ്. അൾത്താരയുടെ മുമ്പിൽ കുർബാന അർപ്പിച്ചതും   തോക്കുധാരികളുടെ നടുവിലായിരുന്നു. പോലീസകമ്പടിയില്ലാതെ ഒരു സഭയെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ആലഞ്ചേരിയെപ്പോലുള്ള ഒരാൾ സഭാനേതൃത്വത്തിന് ആവശ്യമുണ്ടോ? സ്വന്തം സഹപ്രവർത്തകരായ രണ്ടു മെത്രാന്മാരെയാണ് കോടതിയിൽ പ്രതിക്കൂട്ടിൽ കയറ്റിയിരിക്കുന്നത്.  ഐഐടി യിൽ ഗവേഷകനായ ഒരു യുവാവിനെ തല്ലി ചതച്ചപ്പോൾ അഭിനവ നീറോ ചക്രവർത്തിമാർ സഭാതലപ്പത്തിരുന്നുകൊണ്ട് വീണ വായിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ പ്രതിനിധിയാണ് തോക്കുധാരികളുടെ നടുവിൽ നിൽക്കുന്നതെന്നും ഓർമിക്കണം. യേശു ബലിയർപ്പിച്ചിരുന്നത് നിസ്സഹായരും നിരായുധരുമായ ശിക്ഷ്യമാരുടെ നടുവിൽ മലമുകളിലും. കർദ്ദിനാൾ ബലിയർപ്പിക്കുന്നതു  പ്രവാസി പ്രഭുക്കളുടെ നടുവിൽ, ഹിൽട്ടൺ ഹോട്ടലിലെന്നതും വിരോധാഭാസം തന്നെ.

സർക്കാരും കോടതിയുമെല്ലാം സഭ വിലക്ക് മേടിച്ചിരിക്കുകയാണ്. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സഭക്കറിയാം. ഭൂമി വിവാദം, ഭൂമിക്കച്ചവടം, കൊള്ള, കോഴ, കൈക്കൂലി എന്നിങ്ങനെ സഭാ നേതൃത്വം അധപതിച്ചുകൊണ്ടിരിക്കുന്നു. എന്തു സന്ദേശമാണ് ഞാൻ നിങ്ങൾക്ക് തരേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ! എനിക്ക് പറയാനുള്ളത്, ആരെ നാം ഭയപ്പെടണം? ആത്മ വീര്യത്തെക്കാളു൦‍ ഭയമോ? എന്തു തന്നെയാണെങ്കിലും വിശ്വാസമല്ലേ സഭയുടെഅടിത്തറ? വിശ്വാസമെന്നാൽ അന്ധമാകരുത്. അത് സത്യമായിരിക്കണം. ആത്മനവീകരണ ലോകത്ത്‌' സഭ ഇന്ന് നൂറ്റാണ്ടുകളോളം പിന്നിലാണ്.

സിസ്റ്റർ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിച്ചു സഭയുടെ അർത്ഥിനി സമൂഹത്തിൽ നിന്നും പുറത്താക്കി. അവർ ചെയ്ത തെറ്റെന്താണ്? കാമവെറിയന്മാരായ ചുവന്നതൊപ്പിക്കാരുടെ താളത്തിനൊത്ത് അവർ കൂട്ടുനിന്നില്ല. സിസ്റ്റർ ലൂസിക്ക് കെസിആർഎം പൂർണ്ണ പിന്തുണ കൊടുക്കണം. സഭയിലെ കൊള്ള, കൊല, സ്ത്രീ പീഡനം, വ്യപിചാരം എല്ലാം അപ്പോഴപ്പോൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ക്രിസ്തുവിന്റെ പേരുംപറഞ്ഞു പിച്ചതെണ്ടുന്ന ഇവരുടെ സത്യവും ന്യായവും എവിടെ? ലൂസിക്ക് കെസിആർഎം ശക്തമായ പിന്തുണ നൽകുന്നതും ഇന്നത്തെ നമ്മുടെ സന്ദേശമാവട്ടെ. അവർ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ പലിശ സഹിതം മടക്കികൊടുക്കാൻ സഭ ബാധ്യസ്ഥമാണ്.

അവർ കവിത എഴുതിയതും പുസ്തകം സ്വന്തം ചിലവിൽ പ്രസിദ്ധീകരിച്ചതും കന്യാസ്ത്രിയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതും സ്വന്തമായി കാറ് മേടിച്ചതും അവർക്കെതിരെയുള്ള കുറ്റാരോപണങ്ങളായിരുന്നു. പുരോഹിതർക്കും ബിഷപ്പുമാർക്കും ആഡംബര ജീവിതം ആവുകയും ചെയ്യാം. കന്യാസ്ത്രി മഠത്തിലേക്ക് മാതാപിതാക്കൾ ഒരു കുട്ടിയെ വിടുന്നത് കന്നുകാലികളെ അറവു ശാലകളിൽ അയക്കുന്നതിന് തുല്യമെന്നു മനസിലാക്കുന്നില്ല. ദാരിദ്ര വ്രതം അവരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. മഠം മതിൽക്കെട്ടിനകം പുറംലോകം അറിയാത്ത ക്രൂരതയുടെ രഹസ്യങ്ങൾ നിറച്ചിരിക്കുകയാണ്. ഒരു കുട്ടിയെ മഠത്തിലേക്ക് വിടുമ്പോൾ കുടുംബത്തിൽ നിന്നും ഒരു ഭാരം ഒഴിച്ച മട്ടിലാണ് ഭൂരിഭാഗം മാതാപിതാക്കളും.

കൗമാരവും യൗവനവും മുറ്റിനിൽക്കുന്ന കന്യാസ്ത്രീകളെ കുളത്തിൽ തള്ളിയാലും ആത്മഹത്യയായി വിധി എഴുതും. സഭയെന്നും ഇരയ്‌ക്കെതിരെ പൊരുതും. മറിയക്കുട്ടിയെ നീചമായ കുത്തിക്കൊന്ന ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നു. കന്യാസ്ത്രീകളെ പീഡിപ്പിച്ച പീഡനവീരൻ ബിഷപ്പ് ഫ്രാങ്കോ ക്രിസ്തുവാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജേക്കബ് അറക്കൻ പത്രപ്രസ്താവന നടത്തി. അഭയയെ കിണറ്റിൽ തള്ളിയ പുരോഹിതരെ രക്ഷിക്കാൻ സഭ ഇതിനോടകം 500 കോടി രൂപ ചിലവാക്കിയിരിക്കുന്നു. കൊക്കനും പുതുക്കയും സെഫിയുമെല്ലാം സഭയുടെ ഭാവി വിശുദ്ധരായിരിക്കും.

സഭ എന്തേ, മാർട്ടിൻ ലൂഥർ ചോദിച്ച ബാബിലോണിയായിലെ വേശ്യയോ? ക്രിസ്തുവിൽ ഒരിക്കലും പൗരാഹിത്യം ഉണ്ടായിരുന്നില്ല. ക്രിസ്തു അന്ന് പുരോഹിതരെ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് വിളിച്ചു. ചാട്ടവാറുകൾ കൊണ്ടടിച്ചു. മഞ്ചെട്ടി വിഷങ്ങളാണവർ! നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിൻ സ്ഥാപിച്ച രാജപാരമ്പര്യമാണ് സഭയുടെ തലപ്പത്തുള്ളവർ വഹിക്കുന്നത്. പാവപ്പെട്ട കന്യാസ്ത്രീകളെ അവരുടെ ദേവദാസിമാരായി കരുതുന്നു. അധികാരത്തിലിരിക്കുന്ന കന്യാസ്ത്രികൾ പുരോഹിതരുടെ കൂട്ടിക്കൊടിപ്പുകാരും.

എന്താണ്, അനീതിയുടെ ഈ ചട്ടക്കൂട്ടിലൊതുങ്ങിയിരിക്കുന്ന സഭയ്ക്കെതിരെ ആരും പ്രതികരിക്കാത്തത്? എന്തുകൊണ്ട്, മാറ്റത്തിന്‍റെ മുറവിളിയുമായി ജനങ്ങളിന്നു വിപ്ലവകാഹളം മുഴക്കുന്നില്ല. ധൈര്യം, പ്രത്യാശ ഒക്കെ നമ്മെ നവജീവിതത്തിലേക്കു നയിക്കുന്നു. ഒരേയൊരു ചോദ്യം നിങ്ങളോടായി എനിക്കു ചോദിക്കുവാനുള്ളതു നമ്മുടെ സഭയുടെ പരിശുദ്ധി വീണ്ടെടുക്കുവാനായി കര്‍മ്മമാര്‍ഗങ്ങളിൽക്കൂടി നിങ്ങൾക്ക്‌ എന്തു വാഗ്ദാനം നല്‍കുവാനായി സാധിക്കും? സഭയിലൊളിഞ്ഞിരിക്കുന്ന അഴുക്കു ചാനലുകളെ തുടച്ചുമാറ്റി പരിശുദ്ധമാക്കുവാനായി എന്തെല്ലാം മാർഗങ്ങൾ നമുക്ക് ഉൾക്കൊള്ളുവാൻ സാധിക്കുമെന്നും ചിന്തിക്കണം. ആദ്യംവേണ്ടതു സഭയുടെ ചിന്താഗതിയിലെ പരിവര്‍ത്തനമാണ്. തെറ്റുകളറിഞ്ഞു സമൂലവിപ്ലവത്തിന്‍റെതായ ഒരു പാതതന്നെ വെട്ടിത്തുറക്കണം. സീറോ മലബാർ സഭയിലെ കർദ്ദിനാൾ മുതൽ മെത്രാൻ-പുരോഹിതര്‍വരെ തെറ്റുകളെ തിരുത്തി ഭാവിയിലേക്കു കുതിച്ചു ചാടേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്.

എവിടെയും ശൂന്യത നിറഞ്ഞിരിക്കുകയാണ്. അധികാരമത്തു പിടിച്ചവർ, സഭയെ കീഴ്പ്പെടുത്തി. സഭയുടെ ആചാരങ്ങളിലും കര്‍മ്മങ്ങളിലും വേഷഭൂഷാദകളിലും നാം ഇന്നു കാണുന്നതു വെറും ആഢഠബരഭ്രമങ്ങളെ മാത്രം! ആത്മീയതയെ കപടതകൊണ്ടു മറച്ചു വെച്ച ഇത്തരം ആചാരങ്ങളെ നമുക്ക് ആവശ്യമുണ്ടോ? ഇവരുടെ സുഖ നിദ്രകളിന്നു വിശ്വാസികളുടെ തോളിന്മേലായി വീണ്ടും വീണ്ടും ഭാരം അര്‍പ്പിക്കുന്നു.

എന്റെ വാക്കുകൾ ക്ഷമയോടെ ശ്രവിച്ച ഏവർക്കും നന്ദി. ഈ സമ്മേളനത്തിൽ വന്നുചേരാനും നിങ്ങളോടൊപ്പം സമയം ചെലവഴിച്ചതിലും അതിയായി സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചടത്തോളം  എന്റെ ആശയങ്ങൾ ഈ സമ്മേളനത്തിൽ കൈമാറാൻ സാധിച്ചത് ഒരു അഭിമാന പുരസ്‌ക്കാരമായി കരുതുന്നു. ഏവർക്കും എന്റെ നന്ദിയും. Thank you and have wonderful evening..







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...