Friday, November 1, 2019

അൽ-ബാഗ്ദാദിയുടെ തകർന്ന ഖാലിഫസാമ്രാജ്യവും അന്ത്യവും


President Trump; Abu Bakr al-Baghdadi. (Photos: Manuel Balce Ceneta/AP, Islamic State Group/Al Furqan Media Network/Reuters TV via Reuters)

ജോസഫ്  പടന്നമാക്കൽ 

 'ഇബ്രാഹിം ഔവാദ് അൽ ബദ്രി' എന്നു പേരുണ്ടായിരുന്ന 'അബു ബക്കർ അൽ ബാഗ്ദാദി' ഇറാക്കിൽ സമാറയ്ക്ക് സമീപം 1971 ജൂലയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അയാളുടെ ശരിയായ പേര് 'ഇബ്രാഹിം അൽ-സമർറായി' (Ibrahim al-Samarrai) എന്നായിരുന്നു. മാതാപിതാക്കൾക്ക് മക്കളിൽ  മൂന്നാമത്തെ പുത്രനായിരുന്നു.

'അൽ-ബു ബാദ്‌രി' വർഗ്ഗത്തിൽ പെട്ടയാളായിരുന്നു അയാൾ. ഈ ഗോത്രത്തിന്റെ ഉപവിഭാഗങ്ങൾ രാധാവിയ്യഹ് (Radhawiyyah,) ഹുസ്സയിനിയ്യഹ (Husseiniyyah) അഡ്നാനിയ്യഹ് (Adnaniyyah) ഖുറേയ്ഷ എന്നിവകൾ ഉൾപ്പെടുന്നു. അൽ-ബാഗ്ദാദി, ഖുറേയ്ഷ വർഗ്ഗത്തിൽ ജനിച്ചു. അയാളുടെ  പിതൃ പിതാവ് 'ഹജ് ഇബ്രാഹിം അലി അൽ-ബദരി' 94 വയസുവരെ ജീവിച്ചിരുന്നുവെന്നു 'ആബിദ് ഹുമാം അൽ-അതാരി' (Abid Humam al-Athari) യുടെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. പിതൃപിതാവ്, ഇറാഖിലെ അമേരിക്കൻ ആക്രമണത്തിനും സാക്ഷിയായിരുന്നു. ബാഗ്ദാദിയുടെ പിതാവ് 'ഷെയ്ഖ് ഔവാദുവിന് (Sheikh Awwad) തന്റെ മകൻ മതപരമായ കാര്യങ്ങൾ കർശനമായി അനുഷ്ഠിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു.  കൗമാരക്കാരനായ ബാഗ്ദാദിയെ ചിട്ടയോടെ മതപഠനങ്ങൾ പഠിപ്പിക്കുമായിരുന്നു. മതം പഠിപ്പിക്കാനുള്ള അദ്ധ്യാപകനായും ബാഗ്ദാദി പിന്നീടു യോഗ്യത നേടി.

2013 ജൂലൈ മാസം 'ബഹ്‌റൈനി ഐഡിയോലോഗി ടർക്കി അൽ-ബിനാലി' എന്ന ഇറാഖി എഴുത്തുകാരൻ തന്റെ തൂലികാ നാമത്തിൽ ബാഗ്ദാദിയെ സംബന്ധിച്ച് ജീവചരിത്രമെഴുതിയിരുന്നു. ആദ്യഭാഗങ്ങൾ തുടങ്ങുന്നത് ബാഗ്ദാദിയുടെ കുടുംബചരിത്ര വിവരണങ്ങളോടെയാണ്. പ്രവാചകൻ മുഹമ്മദിന്റെ പാരമ്പര്യത്തിൽനിന്നാണ് ബാഗ്ദാദി കുടുംബത്തിന്റെ വേരുകളെന്നും ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നു. പ്രവാചകന്റെ കുടുംബപാരമ്പര്യത്തിള്ളവർക്കു മാത്രമേ 'ഖാലിഫ'യാകാൻ സാധിക്കുള്ളൂ. 'ഖാലിഫ'യെന്നാൽ!ചരിത്രപരമായി ലോകമാകമാന  മുസ്ലിമുകളുടെ നേതാവെന്നാണ് അർത്ഥം. 'അൽ-ബു ബാദ്‌രി ഗോത്ര' വർഗ്ഗത്തിൽനിന്നുള്ളതാണ് ബാഗ്ദാദി. ഈ വർഗ്ഗങ്ങൾ പ്രധാനമായും കാണപ്പെടുന്നത് ബാഗ്ദാദിന് വടക്കു കിഴക്കുള്ള സമാറ, ദിയാല എന്ന സ്ഥലങ്ങളിലാണ്. ചരിത്രപരമായി അവർ മുഹമ്മദിന്റെ പിന്തലമുറക്കാർ എന്നവകാശപ്പെടുന്നു.

ഖുറാൻ പാരായണത്തിനും പഠിക്കാനുമായി തൊട്ടടുത്തുള്ള കുട്ടികൾ ബാഗ്ദാദിയുടെ വീട്ടിൽ  വരുമായിരുന്നു. അയാളുടെ പിതാവും മുത്തച്ഛനും കൃഷിക്കാരായിരുന്നു. അമ്മയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. മതപരമായ ജീവിതം ചെറുപ്പം മുതലേ അനുഷ്ടിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവർ. അവർ പ്രസിദ്ധിയേറിയ 'അൽ ബദ്റി' എന്ന ഗോത്ര  വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു. ബാഗ്ദാദിയുടെ അമ്മാവൻ' ഇറാക്കിന്റെ ഏകാധിപതിയായിരുന്ന സദാം ഹുസൈന്റെ മിലിട്ടറിയിൽ പ്രവർത്തിച്ചിരുന്നു. ഒരു സഹോദരൻ ഇറാക്ക് സൈന്യത്തിൽ ഓഫീസറായിരുന്നു. മറ്റൊരു സഹോദരൻ ഇറാക്ക് യുദ്ധത്തിലോ ഗൾഫ് യുദ്ധത്തിലോ മരണപ്പെട്ടു. ഇറാക്ക് മിലിറ്ററിയിൽ സേവനം ചെയ്യവെയാണ് സഹോദരൻ മരിച്ചത്. മറ്റൊരു സഹോദരൻ 'ജോമാ'! ബാഗ്ദാദിയ്ക്ക് വാത്സല്യമുള്ളവനും പ്രിയപ്പെട്ടവനുമായിരുന്നു. ബാഗ്ദാദിയ്ക്ക് അയാൾ അംഗരക്ഷകനായി പ്രവർത്തിച്ചിരുന്നു. ബാഗ്ദാദിയുടെ മറ്റൊരു സഹോദരൻ ഷംസീ(Shamsi)യുമായി പരസ്പ്പരം വഴക്കിടീലും സാധാരണമായിരുന്നു. ജിഹാദികളുടെ പ്രവർത്തനങ്ങളെ ഈ സഹോദരൻ എതിർത്തിരുന്നു. 'ഷംസിയെ' ഇറാക്ക് പട്ടാളവും അമേരിക്കൻ പട്ടാളവും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ഷംസിയുടെ ആരോഗ്യം വഷളാവുകയും സാമ്പത്തികമായി തകരുകയുമുണ്ടായി.

'സമാറ' ഹൈസ്‌കൂളിലെ റിക്കോർഡു പ്രകാരം 'അൽ ബാഗ്ദാദി' 1991ൽ ഹൈസ്‌കൂൾ പരാജയപ്പെടുകയും വീണ്ടും രണ്ടാം തവണയും പരീക്ഷയെടുക്കേണ്ടതായും വന്നു. അറൂന്നൂറു മാർക്കിൽ അദ്ദേഹം നേടിയത് 481 മാർക്കുകളുടെ സ്കോർ ആയിരുന്നു. അടുത്തു കാണാനുള്ള ശേഷി തന്റെ കണ്ണുകൾക്കു കുറവായിരുന്നതിനാൽ മിലിട്ടറിയിൽ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഹൈസ്കൂൾ ഗ്രേഡ് മോശമായതിനാൽ നിയമമോ, വിദ്യഭ്യാസ വിഷയങ്ങളോ ശാസ്ത്ര വിഷയങ്ങളോ പഠിക്കാൻ ബാഗ്ദാദ് യൂണിവേഴ്സിറ്റിയിൽ അയാൾക്ക് പ്രവേശനം ലഭിച്ചില്ല. ബാഗ്ദാദിലുള്ള ഇസ്‌ലാമിക്ക് യൂണിവേഴ്സിറ്റിയിൽ ചേരുകയും ഇസ്‌ലാമിക്ക് നിയമങ്ങളും ഖുറാനും പഠിക്കുകയും ചെയ്തു. ബാഗ്ദാദിൽ സദാം യുണിവേഴ്സിറ്റിയിൽനിന്ന് 2004-ൽ ബാഗ്ദാദി! ഇസ്‌ലാമിക്ക് സ്റ്റഡീസിൽ ഡോക്ടറേറ്റ് ബിരുദമെടുത്തുവെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസി വെളിപ്പെടുത്തുകയുണ്ടായി. 2013-ൽ തീവ്ര ഐഎസ്‌ഐ   പുറപ്പെടുവിച്ച പ്രസ്താവനയിൽ അയാൾക്ക് ബിഎ, എംഎ, പിഎച്ച്ഡി  ഡിഗ്രികൾ ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിക സംസ്ക്കാരവും ചരിത്രവും ഷാരിയാ നിയമങ്ങളുമായിരുന്നു അയാളുടെ ഗവേഷണ വിഷയങ്ങൾ.

സമാറായിൽ 'ഇമാം അഹമ്മദ് ഐബിൻ ഹാൻബൽ മോസ്‌ക്കിൽ' അയാൾ മതം പഠിപ്പിച്ചുകൊണ്ടിരുന്നു. കെയ്‌റോയിൽ 'അൽ-അസർ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന അല്ലെങ്കിൽ സൗദി അറേബ്യയിൽ മെദീനയിൽ നിന്നും നേടുന്ന ആദരിക്കപ്പെടേണ്ട ബിരുദങ്ങൾ ബാഗ്ദാദിയ്ക്കുണ്ടായിരുന്നില്ല. 'ഒസാമ ബിൻ ലാദനും അതിനു മുമ്പുള്ള നേതൃത്വത്തിനും ആദരണീയമായ ഇസ്‌ലാമിക ഡിഗ്രികൾ ഉണ്ടായിരുന്നു. ബാഗ്‌ദാദിയെ സംബന്ധിച്ച് വെറും ഒരു സാധാരണ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡിഗ്രികൾ മാത്രമേയുണ്ടായിരുന്നുള്ളൂ. 'ബിൻലാദൻ' എൻജിനീയറായിരുന്നു. 'അയ്‌മെൻ അൽ-സവാഹിരി' ഡോക്ടറുമായിരുന്നു. ഇസ്‌ലാമിക് ഡിഗ്രിയുള്ളതുകൊണ്ട് ബാഗ്ദാദിക്ക് തന്റെ അനുയായികളിൽ നിന്നും സമ്പൂർണ്ണ വിശ്വാസവും ആദരവുമുണ്ടായിരുന്നു.

നീണ്ടകാലം ഇസ്ലാമിക സ്റ്റേറ്റിന്റെ നിലനില്പിൽ സംഘടനയ്ക്ക് സന്ദേഹമുണ്ടായിരുന്നെങ്കിലും പുതിയതായി ചുമതലയേറ്റ  ബാഗ്ദാദി വളരെ വൈദഗ്ദ്ധ്യത്തോടെ ഇസ്‌ലാമിക സ്റ്റേറ്റ് ഗ്രുപ്പിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ആ വർഷം ജൂലൈ അഞ്ചാം തിയതി 'ഖാലിഫ് ഇബ്രാഹിം' എന്നറിയപ്പെട്ടിരുന്ന അബു ബക്കർ അൽ ബാഗ്ദാദി അപ്രത്യക്ഷമാവുകയും പിന്നീട് ഇറാക്കിൽ മസൂളിൽ വളരെ അപൂർവ സന്ദർഭങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഇറാക്കിൽ മൊസൂളിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പടങ്ങൾ ലോക ശ്രദ്ധയിൽ വന്നതുകൊണ്ട് നാലു വർഷങ്ങൾ അയാൾ ഒളിച്ചു താമസിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പരമോന്നത നേതാവായതിനുശേഷമാണ്' അയാളുടെ പടങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. 2011-നു മുമ്പ് ബാഗ്ദാദി സംഘടനയ്ക്കുവേണ്ടിയുള്ള റേഡിയോ സന്ദേശങ്ങൾ ഒന്നും തന്നെ അയച്ചിരുന്നില്ല. 2011 മെയ്മാസം അയാൾ പുറപ്പെടുവിച്ച സന്ദേശം 'ഒസാമ ബിൻ ലാദന്റെ' മരണത്തിലുള്ള അനുശോചന സന്ദേശമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാവി വിജയം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഓഡിയോ 2012-ൽ പുറത്തു വിട്ടിരുന്നു. ഗ്രൂപ്പിന്റെ ഒളിപ്പോരുകൾ ശക്തമായതോടെ 'ബാഗ്ദാദി' ഓഡിയോ സന്ദേശങ്ങൾ കൂടെക്കൂടെ അയച്ചുകൊണ്ടിരുന്നു.

2015-ൽ ബാഗ്ദാദി ഒരു ജർമ്മൻ കൗമാരക്കാരി പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2016 ഫെബ്രുവരിയിൽ അവർ ഇറാക്കിൽ നിന്നും മറ്റു രണ്ടു സ്ത്രീകളുമായി രാജ്യം കടന്നുവെന്നും പറയപ്പെടുന്നു. അവരുടെ പേര് ദിയാൻ ക്രുഗർ (Diane Kruger) എന്നും അറിയുന്നു. 2000-ത്തിൽ ബാഗ്ദാദി ഒരു ഇറാഖി സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. ഡോക്ട്രേറ്റ് കഴിഞ്ഞയുടനെയായിരുന്നു വിവാഹം. ഈ വിവാഹത്തിൽ പതിനാറു വയസുള്ള ഒരു കുട്ടിയുണ്ട്. ബാഗ്ദാദിയുടെ അവിഹിത ബന്ധത്തിലുണ്ടായ മകൾ 'ഹാഗാർ' എന്ന പെൺകുട്ടിയേയും അവരുടെ അമ്മ 'സജ അൽ ദുലൈമി'യേയും (Saja al-Dulaimi) ലബനോൻ ജയിലിൽ അടക്കപ്പെടുകയുണ്ടായി. 2014-ൽ ആ കുട്ടിക്ക് എട്ടുവയസ് പ്രായമുണ്ടായിരുന്നു. ബാഗ്ദാദിയുടെ ഒരു പുത്രൻ 'ഹുദയഫാഹ് അൽ ബാദ്രി (Hudhayfah al-Badri) 2018 -ൽ സിറിയൻ യുദ്ധത്തിൽ മരിച്ചുപോയി.

2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചശേഷം ബാഗ്ദാദിയും സഹകാരികളും 'ജമാഅത് ജെയ്ഷ് അഹ്ൽ അൽ സൂന്നഹ വാ-ല്-ജമാഅഃ' എന്ന പേരിൽ ഒരു പട്ടാള സംഘടന രൂപീകരിച്ചു. സുന്നികളുടെ ഈ പട്ടാളം സമാറ, ദിയാല, ബാഗ്ദാദ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഷാരിയ നിയമങ്ങൾ നടപ്പാക്കുന്ന കമ്മിറ്റിയുടെ തലവൻ 'ബാഗ്ദാദി' യായിരുന്നു. 2003-ൽ വടക്കും മദ്ധ്യ ഇറാക്കിലും യു.എസ് ട്രൂപ്പിനെതിരെ യുദ്ധം ചെയ്തു. 2004 ഫെബ്രുവരിയിൽ യു.എസ്. പട്ടാളം അയാളെ പിടികൂടുകയും ജയിലിൽ ഇടുകയും ബുക്കാ ക്യാമ്പിൽ പാർപ്പിക്കുകയും ചെയ്‌തു. അവിടെ ഡിസംബർ 2006വരെ മറ്റുതടവുകാരോടൊപ്പം കഴിഞ്ഞു. യുദ്ധത്തിൽ പങ്കെടുത്തെങ്കിലും അയാളുടെ പേരിൽ ഗൗരവപരമായ കുറ്റാരോപണങ്ങൾ ഇല്ലായിരുന്നതിനാൽ തടവിൽനിന്നും മോചനം കൊടുത്തു.

2006-ൽ അല്‍ഖ്വയ്ദ ഭീകര സംഘടന (രണ്ടു നദികളുടെ സ്ഥലം) മജ്‌ലിസ് ഷുര അൽ-മുജാഹിദിൻ  (മുജാഹിദിൻ ഷുര കൌൺസിൽ) ആയി മാറുകയും പുതിയ സംഘടന പ്രത്യേക ലക്ഷ്യങ്ങളോടെ പ്രതിജ്ഞകൾ എടുക്കുകയും ചെയ്തു. താമസിയാതെ തന്നെ ഈ സംഘടനയുടെ പേര് ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI) എന്നായി മാറി. ബാഗ്ദാദി ഷാരിയ കമ്മറ്റിയുടെ തലവനുപരി ഐഎസ്‌ഐ യുടെ സീനിയർ ഉപദേഷ്ടാവുമായിരുന്നു. ഇറാക്കിലെ അമേരിക്കൻ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാൻ 2006-ൽ അല്‍ഖ്വയ്ദയുടെ ഉപവിഭാഗമായ ഇസ്‌ലാമിക്ക് സ്റ്റേറ്റിൽ ചേർന്നു. 2010 ഏപ്രിലിൽ ഐഎസ്‌ഐ യുടെ നേതാവ് അബു-ഉമർ-അൽ ബാഗ്ദാദി മരിച്ചുകഴിഞ്ഞപ്പോൾ അബു ബക്കർ അൽ ബാഗ്ദാദി ഐഎസ്‌ഐ യുടെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു. സിറിയായിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ദൈവിക രാജ്യമായി പ്രഖ്യാപിച്ചു. ബാഗ്ദാദി ആ രാജ്യത്തിന്റെ ഖാലിഫായായും അറിയപ്പെട്ടു. ഖാലിഫ് ഇബ്രാഹിം എന്ന പേരും സ്വീകരിച്ചു.

ഇസ്ലാമിക സ്റ്റേറ്റ് വ്യാപിച്ചു കിടക്കുന്നതു യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ തീരത്തെന്നും കാണാം. കൂടാതെ ഇറാക്കിലും സിറിയയിലുമുള്ള ഓയിൽ റിസർവുള്ള സ്ഥലങ്ങളാണ് അവർ കൈവശപ്പെടുത്തിയിരുന്നതും. ഇസ്‌ലാമിക സ്റ്റേറ്റ് നേതൃത്വവും, ബാഗ്ദാദിയും സ്ഥലങ്ങൾ കൈവശപ്പെടുത്തുമ്പോൾ ഇത്തരമുള്ള ഓയിൽ സുലഭതയും സാമ്പത്തിക വരുമാന വിഭവങ്ങളും കണക്കുകൂട്ടുമായിരുന്നു. ഊർജത്തിന്റെ കുത്തക വ്യാപാരം ഇവരുടെയധീനതയിൽ വേണമെന്നും ചിന്തിച്ചിരുന്നു. ഭാവിയിൽ സംഭവിക്കാൻ പോവുന്നതെന്തെന്നു ചിന്തിക്കാതെ ബാഗ്ദാദിയുടെ നേതൃത്വം വളരെ ശക്തമായി മുന്നേറിയിരുന്നു. ഇസ്‌ലാമിക സ്റ്റേറ്റിനാവശ്യമുള്ള വിഭവങ്ങൾ ശേഖരിച്ച് പട്ടാളത്തെ ശക്തമാക്കിയതിൽ 'ബാഗ്ദാദി' വിജയിക്കുകയും ചെയ്തു. ഐഎസ്‌ഐ യുടെ സമ്മതനായ  നേതാവായി വളരുകയും പ്രസ്ഥാനത്തിന്റെ സ്ഥാപകൻ 'അബു മുസാബ് അൽ-സാർഖിയവി'നെക്കാൾ പ്രസിദ്ധി നേടുകയും ചെയ്തിരുന്നു.

ഇസ്ലാമിക സ്റ്റേറ്റിന്റെ (ISI) നേതൃത്വം ഏറ്റെടുത്തശേഷം ചിതറി കിടന്ന സംഘടനയെ ഏകോപിച്ച്  കൂടുതൽ ശക്തിയാർജിക്കാൻ ബാഗ്ദാദിക്കു സാധിച്ചു. യുഎസ് മിലിറ്ററി ആക്രമണത്തിനെതിരെ സജ്ജമാക്കത്തക്കവിധം സേനയെ ഊർജിതമാക്കിക്കൊണ്ടിരുന്നു. 'ബിൻ ലാദന്റെ' മരണശേഷം ഒരു നേതൃനിരയെ കണ്ടെത്താൻ പ്രയാസമായിരുന്നു. പിന്നീടു വന്നവരുടെ കാലത്തെല്ലാം ഐസിഎസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. എന്നാൽ ബാഗ്ദാദിയ്ക്ക് 'ഖാലീഫ' സ്ഥാനവും ലഭ്യമായതോടെ ഒരു പ്രവാചകനെപ്പോലെ അയാൾ പ്രസിദ്ധനാവുകയുമുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിലെ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഭരണസംവിധാനങ്ങൾ ക്രൂരമായ നയങ്ങളായിരുന്നു പിന്തുടർന്നതെങ്കിൽ ബാഗ്ദാദി ഭരണം അതിനു വ്യത്യസ്തമായി മൃദലമായ നയങ്ങളുൾപ്പെട്ട മാർഗ്ഗങ്ങളായിരുന്നു കൈക്കൊണ്ടിരുന്നത്.  മുമ്പ്, ഇസ്‌ലാമിക സ്റ്റേറ്റ് അവരുടെ നേതാക്കന്മാരെപ്പോലും വധിക്കുകയോ അല്ലെങ്കിൽ പശ്ചാത്താപത്തോടെ സംഘടനയിൽ വന്നെത്തുന്നവരെ തിരിയെ എടുക്കുകയോ ചെയ്യുകയെന്നുള്ള നയങ്ങൾ തുടർന്നിരുന്നു. ഇത്, ഇസ്‌ലാമിക്ക് ശക്തിയെ വളർത്തുന്നതിന് സഹായകമായി. എങ്കിലും, ചില ഗോത്രക്കാർ  പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ല. എന്നാൽ പുതിയ നേതൃത്വം കൂടുതൽ മൃദുവായ സമീപനം സ്വീകരിക്കുകയും ക്രൂരമായ വധശിക്ഷകൾ കുറയ്ക്കുകയും ചെയ്തു.

2019 ഒക്ടോബർ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷൻ സ്‌ക്വാഡിൽ നിന്നും രക്ഷപെടാൻ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്ഫോടനത്തിൽ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാൻ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തിൽ  നിലവിളിക്കുന്നുണ്ടായിരുന്നു.

'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കൻ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളർ' എന്നായിരുന്നു. കൈലയുടെ അമ്മ 'മാർഷാ മുള്ളർ' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോൾ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങൾക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു.'കൈലയെ മറക്കാതെ തങ്ങളെ സഹായിച്ച അമേരിക്കൻ ഭരണകൂടത്തെയും തങ്ങൾക്കു പുകഴ്ത്താതെ വയ്യാന്നും' ആ 'അമ്മ പറഞ്ഞു.  2013 ആഗസ്റ്റിലാണ് സിറിയയുടെ അതിർത്തിയിൽ വെച്ച് മുള്ളർ പിടിക്കപ്പെട്ടത്. 2012-മുതൽ അഭയാർത്ഥികൾക്കുവേണ്ടി അവർ സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015-ൽ അവർ കൊല്ലപ്പെട്ടു. ഓപ്പറേഷനു ശേഷം പ്രസിഡന്റ് ട്രംപുമായി മുള്ളർ കുടുംബം നേരിട്ട് സംസാരിച്ചെന്നും കൈല മുള്ളറുടെ മാതാപിതാക്കൾ പറഞ്ഞു. കൈലയെ  എവിടെയാണ് അടക്കിയതെന്നുള്ള വിവരങ്ങളും കൊല്ലപ്പെട്ട സാഹചര്യങ്ങളും അന്വേഷണവിധേയമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ബാഗ്‌ദാദിയുടെ മരണത്തിൽ സിറിയായിലെ ജനങ്ങൾ പൊതുവെ സന്തോഷത്തിലാണ്. അയാളുടെ  മരണവാർത്തകൾ അവർ വളരെ കാര്യഗൗരവത്തോടെ കാണുന്നു. എൻബിസിയോടും സിബിഎസ്സിനോടും സിറിയയിലെ ദൃക്‌സാക്ഷി വിവരങ്ങൾ പറയുന്നത് കേൾക്കുമ്പോൾ അവരുടെ സന്തോഷം എത്രമാത്രമെന്നും മനസിലാക്കാനും സാധിക്കും. ഒരു മോസ്‌ക്കിന്റെ മുമ്പിൽ വെച്ച് ഒരാളിന്റെ തലവെട്ടുന്നത് കാണാൻ ഐസിഎസ് ഭീകരർ പ്രേരിപ്പിക്കുമായിരുന്നുവെന്നും 'ഡെയർ എസ- സോറി' എന്നയാൾ ചാനലുകാരോട് പറയുന്നുണ്ട്. 'അവർ മുസ്ലിമുകളല്ല; തീവ്രവാദികളാണ്. അവരുടെ ഖലീഫയായ  'ഇയാൾ' കത്തിയെരിയണമെന്നുള്ളത് സിറിയയിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. എങ്കിലും ഭീകരരുടെ ഈ ഗ്രുപ് വീണ്ടും മടങ്ങി വരുമോയെന്നുള്ള ആശങ്ക പലർക്കുമുണ്ട്. അമേരിക്കൻ പട്ടാളം അവിടെനിന്ന് പിൻതിരിഞ്ഞാൽ രാജ്യം അപകടത്തിലാകുമെന്നും ഐഎസ്‌ഐ വീണ്ടും ശക്തിപ്രാപിക്കുന്നമെന്നും അവർ ഭയപ്പെടുന്നു.

ബുക്കായിൽ യുഎസ് ക്യാമ്പിൽനിന്ന് ബാഗ്ദാദി 'മോചനം' നേടിയ ശേഷമുള്ള കാലങ്ങൾക്കുശേഷം  അയാൾക്ക് നിന്ദ്യവും ക്രൂരവുമായ മാനുഷികകുരുതികളുടെ ചരിത്രം മാത്രമേയുണ്ടായിരുന്നുള്ളൂ. യസീദികളുടെ കൂട്ടക്കൊല, വ്യാപകമായ ലൈംഗിക ആക്രമണങ്ങൾ, കൂട്ടത്തോടെയുള്ള സംഘിടിത ബലാത്സംഗങ്ങൾ, ചമ്മട്ടി കൊണ്ടുള്ള പ്രഹരം, നിത്യനെയുള്ള വധിക്കൽ എന്നിവകൾ ഭീകരരുടെ നിത്യ പൈശാചിക പ്രവർത്തികളായിരുന്നു. ഭീകര പ്രവർത്തനങ്ങളിലും കൊലകളിലും ഇയാൾ ചുക്കാൻ പിടിച്ചുകൊണ്ടിരുന്നു. ഹീനമായ പൈശാചിക പ്രവർത്തികളും ക്രൂരതകളും അയാളുടെ സംഘടനയുടെ പ്രചരണത്തിനും കൂടിയായിരുന്നു. കൂട്ടമായി കുരിശിൽ തറക്കുന്നതും കല്ലെറിഞ്ഞും തീ കത്തിച്ചും കൊല്ലുന്നതും വീഡിയോകളിൽ പ്രദർശിപ്പിച്ചിരുന്നു. 2011 മുതൽ അയാളെപ്പറ്റി വിവരം നല്കുന്നവർക്കോ, പിടിക്കാൻ സഹായിക്കുന്നവർക്കോ 10 മില്യൺ മുതൽ 25 മില്യൺ ഡോളർ വരെ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.

'ഇറാക്കിലും സിറിയായിലും അതിക്രൂരമായി കൊല്ലപ്പെട്ട അമേരിക്കക്കാരോടു നീതി പുലർത്താൻ സാധിച്ചുവെന്നും' പ്രസിഡൻഡ് ട്രംപ് പറഞ്ഞു. ലോകം മുഴുവനും ബാഗ്ദാദി ഭീകരത അഴിച്ചുവിട്ടിരുന്നു. 2014-ൽ ഇസ്‌ലാമിക്ക് സ്റേറ്റിന്റ തടവറയിൽ! കൊല്ലപ്പെട്ട 'ജെയിംസ് ഫോളിയുടെ' അമ്മയും അമേരിക്കയുടെ ഈ വിജയത്തിൽ സന്തോഷിച്ചു. അതുപോലെ ജേർണലിസ്റ്റ് 'ഓസ്റ്റിൻ ടൈസ്' 2012-ൽ സിറിയയിൽ കാണാതായി. സൈക്കോ തെറാപ്പിസ്റ്റ് 'മാജിദ് കമൽമസ്' സിറിയയിൽ 2017 മുതൽ അപ്രത്യക്ഷമായി. ഭീകരരുടെ നിയന്ത്രണത്തിൽ, ലോകം മുഴുവനും അമേരിക്കക്കാരെ തടവുകാരായി പാർപ്പിച്ചിട്ടുണ്ട്. അവരെയും മോചിപ്പിക്കാനായുള്ള ശ്രമങ്ങളിൽ അമേരിക്ക ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നു. സിറിയയിൽ തന്നെ ഒരു ഡസൻ അമേരിക്കൻ തടവുകാരുണ്ട്. 'സ്റ്റീവൻ സോട്ലോഫ്' എന്ന അമേരിക്കൻ ജേർണലിസ്റ്റ് 2013-ൽ സിറിയയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടുന്നതായി ഐഎസ്ഐയുടെ വീഡിയോയിൽ കാണിക്കുകയുണ്ടായി. ബാഗ്ദാദിയെ ഇല്ലാതാക്കിയതോടെ സ്റ്റീവൻ സോട്ലോഫിൻറെ മാതാപിതാക്കളായ 'ആർട്ടും' 'ഷേർളിയും' അത്യധികം സന്തോഷത്തിലാണ്. ബാഗ്ദാദിയെ കൊന്നവരോട് പ്രത്യേകമായ നന്ദിയും രേഖപ്പെടുത്തി. ഐഎസ്എസ് ഭീകരരോട് തുടർന്നും യുദ്ധം ചെയ്യാനും അവർ ആവശ്യപ്പെട്ടു.

'യസീദിസ്' എന്ന മതവിഭാഗമാണ് ഏറ്റവുമധികം ഐഎസ്ഐ ഭീകരർ മൂലം ദുരിതം അനുഭവിച്ചവർ! ഇറാഖിന്റെ പർവത നിരകളിൽ വസിക്കുന്ന ആയിരക്കണക്കിന് യസി‌ദീസുകളെ ഇവർ കൊന്നൊടുക്കി. അവരുടെ സ്ത്രീകളെ പട്ടാളക്കാരുടെ ലൈംഗിക അടിമകൾക്കായി ഐഎസ്ഐ  പിടിച്ചുകൊണ്ടുപോയിരുന്നു. "തങ്ങളുടെ  സമുദായത്തിൽ ഐഎസ്‌ഐ ഭീകരർ കടുത്ത മുറിവുകൾ ഏൽപ്പിച്ചിരുന്നു. അതൊരിക്കലും സുഖപ്പെടില്ലെന്നും" അഭയാർഥിയായ 'സാദിഖ് ഖുട്ടെടാ' പറയുകയുണ്ടായി. കൂടാതെ ഖുട്ടേടയുടെ രണ്ടു കസിൻസ് നഷ്ടപ്പെട്ടുവെന്നും ഭീകരർ അവരെ കൊന്നുവെന്നും പറഞ്ഞു. 'യസീദി' സ്ത്രീകളെ ഭീകരർ ബലാൽസംഗം ചെയ്യുന്നതും, മറ്റു ലൈംഗിക ആക്രമണങ്ങൾ നടത്തലും നിത്യസംഭവങ്ങളാണ്. അവരുടെ സമൂഹത്തെ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഭീകരർക്കുണ്ട്. അതിനായി യസിദീകളെ ഒന്നൊടുങ്ങാതെ കൊന്നൊടുക്കികൊണ്ടിരുന്നു. യുവതികളെ തട്ടിക്കൊണ്ടുപോയി ഭീകരരുടെ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നു. ആൺകുട്ടികളെ അടിമപ്പണിക്ക് കൊണ്ടുപോയിരുന്നു. ലോകത്തിലെ കൊടും ഭീകരനും കുറ്റവാളിയുമായ ബാഗ്ദാദിയെ  പിടിച്ചതിൽ യസീദി ജനങ്ങൾ മൊത്തം സന്തോഷത്തിലാണ്. ബാഗ്ദാദിയുടെ മരണം ഐഎസ്ഐയുടെ  അന്ത്യമല്ലെന്നും അവർക്കെതിരെ യുദ്ധം തുടരണമെന്നും യസീദികൾ ആഗ്രഹിക്കുന്നു.

പ്രസിഡന്റ് ട്രംപ് ചൂണ്ടികാണിച്ചപോലെ 'നായയാണ്' ബാഗ്ദാദിയെ രക്ഷപെടാനുള്ള അവസരങ്ങൾക്ക് തടസ്സമായത്. അതുമൂലം ആത്മഹത്യ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചു. അയാളുടെ രണ്ടു കുട്ടികളും ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബോംബുപൊട്ടി മരിക്കുകയും ചെയ്തു. ഇസ്‌ലാമിക യഹൂദ ആചാരമനുസരിച്ച് 'നായയെ' ശുദ്ധമല്ലാത്ത ഒരു മൃഗമായി കണക്കാക്കുന്നു. നായയെ വെറുക്കുന്ന സാംസ്‌കാരികാന്തരീക്ഷത്തിൽ വളർന്ന ബാഗ്ദാദിയെ നായ ആയിരിക്കാം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.

നായ അശുദ്ധമെന്ന് ഇസ്‌ലാമിന്റെ പരമ്പരാഗതമുള്ള വിശ്വാസമാണ്. പ്രാർത്ഥനാ സമയം നായയെ കണ്ടാൽ പ്രാർത്ഥന പോലും വിലയില്ലാത്തതാകുമെന്നുള്ള വിശ്വാസമാണ് ഇസ്‌ലാമിനുള്ളത്. എങ്കിലും നായയും മതചിന്തകളും ഓരോ കാലങ്ങളിലും ഓരോ സംസ്ക്കാരങ്ങളിലും വ്യത്യസ്തങ്ങളായി  കാണുന്നു. ആദ്യകാല മുസ്ലിമുകൾ നായകളെ  വളർത്തിയിരുന്നതായി ചരിത്രരേഖകളിൽ കാണാം.  പ്രവാചകൻ മുഹമ്മദും നായകൾ പരിസരങ്ങളിലുള്ള സമയം നിസ്ക്കാരം നടത്തിയ തെളിവുകളുമുണ്ട്. പ്രവാചകന്റെ കാലത്ത് മെദീന മോസ്‌ക്കിന്റെ സമീപ പ്രദേശങ്ങളിൽ ധാരാളം നായകൾ ഉണ്ടായിരുന്നു. ഇന്നും നിരവധി രാജ്യങ്ങളിൽ മുസ്ലിമുകളിൽ നായകളെ വളർത്തുന്നവരുണ്ട്. അതുപോലെ സാമ്പത്തികമായി ഉയർന്ന മുസ്ലിം രാജ്യങ്ങളിൽ നല്ല നായയുള്ളത് അവരുടെ അഭിമാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്നു.

പ്രസിഡന്റ് ട്രംപും നായകളെ ഇഷ്ടമുള്ള ആളല്ല. അതേസമയം ബാഗ്ദാദിയെ പിടിച്ച നായയെ പ്രസിഡന്റ് ട്രംപ് അത്യധികം പുകഴ്ത്തുകയും ചെയ്തു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പ്രസിഡന്റിന്റെ നായകളോടുള്ള സ്നേഹം ഇല്ലാതാവുകയും ചെയ്തു. "ഐഎസ്ഐ നേതാവായ ബാഗ്ദാദി  ഒരു പട്ടിയെപ്പോലെ ചത്തു, ഒരു ഭീരുവിനെപ്പോലെ ചത്തു, ലോകം ഇന്ന് കൂടുതൽ സുരക്ഷിതമെന്നുള്ള" പ്രസിഡന്റ് ട്രംപിന്റെ കമന്റ് ആഗോള ജനത  സന്തോഷാരവത്തോടെ ശ്രവിക്കുകയുമുണ്ടായി.

The parents of aid worker Kayla Mueller, who died in ISIS captivity in 2015, were relieved to learn about the death of ISIS leader Abu Bakr al-Baghdadi.
Kayla Mueller
Image may contain: dog


ISIS map September 2015
2004-ൽ ബാഗ്ദാദി പിടിക്കപ്പെട്ടപ്പോൾ  

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...