Monday, November 25, 2019

പ്രസിഡന്റ് ട്രംപും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും



ജോസഫ് പടന്നമാക്കൽ

ലോകമാകമാനമുള്ള മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും പത്രങ്ങളും പ്രസിഡന്റ് ട്രംപിന്റെ 'ഇമ്പീച്ച്മെന്റ്' നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ അതീവ ജാഗ്രതയിലും മത്സരത്തിലുമാണ്. അദ്ദേഹത്തെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കം ചെയ്യാനായി കാത്തിരിക്കുന്ന വലിയ ഒരു ശത്രുനിര തന്നെ പൊതുരംഗത്തുണ്ട്. പ്രസിഡണ്ടിനെ ഔദ്യോഗിക ചുമതലകളിൽനിന്നും നീക്കം  ചെയ്യാനുള്ള കാരണങ്ങൾ അവ്യക്തതകൾ നിറഞ്ഞതാണ്. എങ്കിലും അഴിമതിയാരോപണങ്ങൾ ചുമത്തപ്പെട്ട ഒരു പ്രസിഡന്റ് രാജ്യം ഭരിക്കുകയെന്നത്, ശക്തിയേറിയ ജനാധിപത്യ രാജ്യമായ അമേരിക്കയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ പ്രശ്നവുംകൂടിയാണ്. ജനാധിപത്യം ഇവിടെ ക്രൂശിക്കപ്പെടുന്നുവോ വിജയിക്കുന്നുവോ എന്നത് വ്യക്തമാകാൻ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ആറു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകളുടെ അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചതുമൂലം ആ രാജ്യങ്ങളിലുള്ളവർ ട്രംപിന്റെ പതനം ആഗ്രഹിക്കുന്നു. കുടിയേറ്റക്കാർക്കെതിരെ കൂറ്റൻ മതിൽ   സൃഷ്ടിക്കുന്നതിലും, കുടിയേറ്റം നിർമ്മാജനം ചെയ്യാൻ ശ്രമിക്കുന്നതിലും അതൃപ്തരായ വലിയ ഒരു ജനവിഭാഗമുണ്ട്. എന്തെല്ലാം പ്രത്യാഘാതങ്ങൾ തരണം ചെയ്യേണ്ടി വന്നാലും 2020-ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിയാകണമെന്ന ഒറ്റ ഒരു ലക്ഷ്യം മാത്രമേ പ്രസിഡന്റ് ട്രംപിനുള്ളു.

അടുത്ത ഏതാനും മാസങ്ങൾ അമേരിക്കയെ സംബന്ധിച്ചടത്തോളം രാഷ്ട്രീയ കലുഷിതമായ സംഭവവികാസങ്ങളടങ്ങിയ നാളുകളായിരിക്കാം! ഡൊണാൾഡ് ട്രംപ് 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരുപ്രാവശ്യം കൂടി അമേരിക്കൻ പ്രസിഡന്റാകാൻ മത്സരരംഗത്തുണ്ട്. എന്നാൽ, അതിനുമുമ്പുള്ള 'ഇമ്പീച്ച്‌മെന്റ്' എന്ന കടമ്പ അദ്ദേഹം കടക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്! ട്രംപിനെ 'ഇമ്പീച്ച്' ചെയ്താലും അധികാര സ്ഥാനത്തുനിന്ന് പുറത്താക്കാൻ സാധിക്കുമോയെന്നാണ് അടുത്ത വിഷയം! അമേരിക്കൻ മാദ്ധ്യമങ്ങൾ മുഴുവൻ ട്രംപിന് എതിരായതുകൊണ്ട് ശരിയായ വിവരങ്ങളടങ്ങിയ ഒരു വിലയിരുത്തൽ നടത്താനും ബുദ്ധിമുട്ടാണ്.

അമേരിക്കയിൽ ഇതിനുമുമ്പും പ്രസിഡന്റ്മാരെ ഇമ്പീച്ചു ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 'പ്രസിഡന്റ് നിക്‌സൺ 'ഇമ്പിച്ച്മെന്റ് അഭിമുഖീകരിക്കുന്നതിനു മുമ്പുതന്നെ  രാജിവെച്ചു. വാട്ടർഗേറ്റ് അഴിമതിയിൽ നിക്‌സൺ കുടുങ്ങിപ്പോവുകയായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡൊണാൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാനായി സെനറ്റും കോൺഗ്രസും തയ്യാറാവുന്നത്. ഇന്നത്തെ അമേരിക്കൻ രാഷ്ട്രീയ സാഹചര്യത്തിൽ സത്യമേതെന്ന് വിലയിരുത്താനും പ്രയാസമാണ്. ട്രംപ്, മീഡിയകളെ മൊത്തമായി 'ഫേക്ക്' വാർത്തകളെന്നും വിശേഷിപ്പിക്കുന്നു. ഇത്രമാത്രം വിമർശനങ്ങൾ അഭിമുഖീകരിച്ച മറ്റൊരു പ്രസിഡന്റ് അമേരിക്കയുടെ ചരിത്രപേജുകളിൽ കയറിയിട്ടുണ്ടോയെന്നും സംശയമാണ്.

സ്വന്തം നേട്ടങ്ങൾക്കായി പ്രസിഡന്റ് പദവിയും അധികാരവും ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹത്തിനെതിരെ പരാതികൾ ഉയരുന്നു. പ്രസിഡന്റെന്ന നിലയിൽ ധാർമ്മിക മൂല്യങ്ങളെ ഗൗനിക്കാതെ തന്നിഷ്ടം പ്രവർത്തിക്കുന്നുവെന്ന ആരോപണവുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്നും ശത്രു ചേരിയിലായിരുന്ന റക്ഷ്യയുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയ കള്ളക്കളികളും ചില രഹസ്യ കൂട്ടുകെട്ടുകളും ട്രംപിനെ  വെട്ടിലാക്കിയിരുന്നു. അതിന്റെ പേരിൽ എതിർ സ്ഥാനാർഥിയായ 'ഹിലരി ക്ലിന്റനെ' തേജോവധം ചെയ്യുകയും ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. അതിൽ വ്ലാദിമിർ പുട്ടിന്റെ സഹായമുണ്ടെന്നുള്ള ആക്ഷേപവും ഇന്നും നിലനിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തുള്ള റക്ഷ്യയുടെ ഇടപെടൽ സംബന്ധിച്ച അന്വേഷണങ്ങൾ  പൂർത്തിയാകാതെ, മറുപടി കണ്ടെത്താതെ തുടരുകയും ചെയ്യുന്നു.അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അഴിമതി പിടിച്ച പ്രസിഡന്റ് ട്രംപാണെന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു.

മുൻ പ്രസിഡന്റ് 'ജെറാൾഡ് ഫോർഡ്' തന്റെ പ്രസിഡൻഷ്യൽ അധികാരമുപയോഗിച്ചുള്ള മാപ്പ് നിക്സണു കൊടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹം നിരവധി ക്രിമിനൽ കുറ്റങ്ങൾക്കു കോടതികളിൽ വിസ്താരം തേടേണ്ടി വരുമായിരുന്നു. അത്തവണ പ്രസിഡന്റ് പദത്തിന് ശ്രമിച്ച 'ഫോർഡ്' തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും നിക്സണ് നിരുപാധികം മാപ്പുനല്കിയ തീരുമാനമായിരുന്നുവെന്നും പറയപ്പെടുന്നു.

സാഹചര്യങ്ങൾ നിക്സണ് അമേരിക്കൻ പ്രസിഡന്റായി തുടരാൻ അനുകൂലമല്ലായിരുന്നെങ്കിലും അദ്ദേഹം അസാധാരണ കഴിവുണ്ടായിരുന്ന ഒരു പ്രസിഡന്റായിരുന്നു. ട്രംപിനെ അഴിമതിക്കാരനായി പത്രങ്ങൾ വിശേഷിപ്പിക്കുന്നുവെങ്കിലും ആരും ക്രിമിനൽ കുറ്റവാളിയായി ചിത്രീകരിക്കുന്നില്ല. എന്നാൽ നിക്‌സന്റെ പേരിലുള്ള ആരോപണങ്ങൾ ക്രിമിനൽ സ്വഭാവമുള്ളതായിരുന്നു. നിക്‌സൺ ചരിത്രത്തിലെ  പ്രഗത്ഭനായ പ്രസിഡണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉള്ളിൽ പൈശാചികതയുണ്ടായിരുന്നു. ഡെമോക്രറ്റിക്ക് ഹെഡ്ക്വാർട്ടേഴ്സിൽ' പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാനും ഡെമോക്രറ്റുകളുടെ ശബ്ദങ്ങൾ രേഖപ്പെടുത്താനും ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ചാരന്മാർ സംഘടിപ്പിച്ചപ്പോൾ, അവരെ പിടികൂടിയപ്പോൾ പ്രസിഡന്റ് നിക്‌സൺ അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് നിക്സണിൽ ചില അപാകതകൾ ജനങ്ങൾ ശ്രദ്ധിച്ചെങ്കിലും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയാണുണ്ടായത്. അതിബുദ്ധിമാനും, രാജ്യത്തിന് വളരെയധികം പ്രതീക്ഷകൾ നല്കിയ ആളുമായ പ്രസിഡന്റ് നിക്‌സൺ ശുദ്ധമായ മനസോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. നിക്‌സനെ ജനങ്ങളല്ല പരാജയപ്പെടുത്തിയത്! അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു നിന്നുകൊണ്ട് അഴിമതികൾ കാട്ടി അദ്ദേഹം സ്വയം പരാജയപ്പെടുകയായിരുന്നു. നിക്‌സനും അദ്ദേഹത്തിൻറെ ഭരണകൂടവും അഴിമതി നിറഞ്ഞതെന്നു അമേരിക്കൻ ജനതയ്ക്ക് അറിഞ്ഞു കൂടായിരുന്നു. പ്രതിയോഗികളെ അടിച്ചമർത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നിക്സൻറെ ഭാഗത്തുനിന്നുമുണ്ടായത്. ദുരുദ്ദേശപരമായ നിക്സൻറെ കൗശലങ്ങൾ അന്നു വിജയിച്ചില്ല. അമേരിക്കയുടെ ചരിത്രത്തിൽ വാട്ടർ ഗേറ്റ് സംഭവം നിക്‌സനെ ഒരു കുപ്രസിദ്ധ പ്രസിഡന്റാക്കുകയുമുണ്ടായി.

ഇതിനുമുമ്പും ഇമ്പീച്ച്മെന്റ് സാഹചര്യങ്ങൾ ട്രംപിനുണ്ടായിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ പേരിൽ ആറു രാജ്യങ്ങളിലുള്ളവർക്ക് വിസ നിഷേധിച്ചതും വെള്ളക്കാരല്ലാത്ത നാലു വനിതകളോടു അവരുടെ പട്ടിണി രാജ്യങ്ങളിൽ മടങ്ങി പോവാൻ പറഞ്ഞതും ട്രംപിന്റെ വ്യക്തിത്വത്തിന് ഇടിവ് തട്ടിയിരുന്നു.  സെനറ്റിനോട് ആലോചിക്കാതെ ബഡ്ജറ്റിലെ പണം ചെലവഴിച്ച സാഹചര്യങ്ങളും നിലവിലുണ്ട്.  ഇത്തരം അധികാര ദുർ'വിനിയോഗങ്ങൾക്കെതിരെ ജനപ്രതിനിധി സഭകൾക്ക് കാര്യമായ തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കാൻ സാധിച്ചില്ല. ഇപ്പോഴാണ്, അമേരിക്കൻ ജനപ്രതിനിധി സഭകളുടെ മൂന്നു  കമ്മറ്റികൾ ട്രംപിന്റെ അഴിമതിയാരോപണങ്ങൾക്കെതിരെ തെളിവെടുപ്പിനായി ഒരുമ്പെട്ടിരിക്കുന്നത്.

'ആഭ്യന്തരയുദ്ധം (സിവിൽവാർ)' ആരംഭിച്ചപ്പോൾ ടെന്നസിയിൽ വെസ്റ്റ് എച്ച് ഹുംഫ്രേയ്‌സ് (West H. Humphreys) എന്ന ജഡ്ജി കോടതിയിൽ നീതിന്യായം പ്രഖ്യാപിക്കുന്നതിൽനിന്നു പിൻവാങ്ങുകയും യുണൈറ്റഡ് സ്റ്റേറ്റിനെതിരെ കോൺഫെഡറേസിയ്ക്ക് പിന്തുണ നൽകുകയും ചെയ്തു. അദ്ദേഹത്തെ ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചതിന് ഇമ്പീച്ച് ചെയ്തു. 1913-ൽ റോബർട്ട് ഡബ്ലിയു അർച്ചബാൾഡ് (Robert W. Archbald), എന്ന ജഡ്ജിയെ ലൂയിസിയാന സർക്കാർ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതുകൊണ്ടും അഴിമതി നടത്തിയതിനും ഡീബാർ ചെയ്തു. അതുപോലെ 2010-ൽ ലൂയിസിയാനയിലെ തോമസ് പോർട്സ് ജൂനിയറിനെയും സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചതിന് (G. Thomas Porteous Jr.) നീക്കം ചെയ്തിരുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ പതിനേഴ് ജഡ്ജിമാരെയും ഉയർന്ന ഔദ്യോഗിക ഭാരവാഹികളെയും പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് വിസ്താരങ്ങൾ നടത്തിയിട്ടുണ്ട്. പതിനാലു ജഡ്ജിമാരെ സെനറ്റിൽ വിസ്തരിക്കുകയും എട്ടുപേരെ കുറ്റവാളികളായി വിധിക്കുകയും ചെയ്തു. ഭാവിയിൽ ഓഫീസ് സ്ഥാനം അലങ്കരിക്കാൻ പാടില്ലെന്ന് അവരിൽ മൂന്നുപേർക്ക് വിലക്ക് കൽപ്പിക്കുകയും ചെയ്തു.

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പിനു രണ്ടു വർഷം മുമ്പുതന്നെ ആരംഭിക്കുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രറ്റിക് എന്ന രണ്ടു പാർട്ടികളും പ്രസിഡന്റ് സ്ഥാനം ലഭിക്കാനായി കടുത്ത മത്സരങ്ങളിലുമാണ്.  ചിലപ്പോൾ അതിരുവിട്ട പ്രകോപനപരമായ പ്രസ്താവനകളും വാക് സമരങ്ങളുമുണ്ടാകാറുണ്ട്.

ഡെമോക്രറ്റിക് സ്ഥാനാർത്ഥിയായി മുൻ വൈസ്പ്രസിഡന്റ് 'ജോ ബൈഡൻ' മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ താമസിച്ചാണ്' മത്സരത്തിനായി രംഗത്ത് പ്രവേശിച്ചിരിക്കുന്നത്. ബൈഡന്റെ പ്രസിഡന്റ് മോഹമെന്ന വളർച്ചയെ തടയേണ്ടതും ട്രംപിന്റെ വിജയത്തിനാവശ്യമായി തീർന്നു. വൈസ് പ്രസിഡണ്ടെന്ന നിലയിലും നീണ്ട കാലത്തോളം സെനറ്റർ പദവി അലങ്കരിച്ചതിനാലും വൈറ്റ് ഹൌസ്സിന്റെ ഭരണ സംവിധാനത്തെപ്പറ്റി ബൈഡനു നല്ല അറിവുമുണ്ട്. ട്രംപിന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ബൈഡൻ ഒരു വെല്ലുവിളിയും കൂടിയാണ്. ബൈഡനെപ്പറ്റി ഉയർന്നു വരുന്ന ജനസ്വാധീനം ഇല്ലാതാക്കാനുള്ള മാർഗങ്ങളും അദ്ദേഹം ആരാഞ്ഞുകൊണ്ടിരുന്നു. രഹസ്യ വിവരങ്ങൾ അന്വേഷിക്കാനായി ട്രംപിന്റെ അനുയായികൾ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രൂപീകരിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു.

ട്രംപിനെ പിന്താങ്ങുന്ന അദ്ദേഹത്തിൻറെ ചാരന്മാർ എതിർ സ്ഥാനാർഥി ബൈഡന്റെ ചെയ്തികളെപ്പറ്റി അന്വേഷിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഈ രഹസ്യന്വേഷണത്തിനുള്ള പണം മുഴുവൻ ജനങ്ങളുടെ നികുതി നിക്ഷേപത്തിൽ നിന്നായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. പൊതു ഖജനാവിൽനിന്നും ട്രംപിന്റെ പ്രവർത്തനങ്ങൾക്കായി പണം ഉപയോഗിച്ചുവെന്നും നല്ലൊരു വിഭാഗം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും കരുതുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയങ്ങൾക്കായി പ്രവർത്തിക്കുന്നവർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും രഹസ്യാന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിനുള്ള വണ്ടിച്ചെലവിന് പൊതുഖജനാവ്‌ തുറന്നുവച്ചിട്ടുള്ളതുകൊണ്ട് ഇതിനായി അവര്‍ക്ക് ട്രംപിന്റെ സ്വകാര്യപ്പണം ‍ കയ്യിടേണ്ടിവന്നുമില്ല. അവരുടെ പ്രയത്‌നം വൃഥാവിലായതുമില്ല. ബൈഡന്റെ മകന്‍ 'ഹണ്ടര്‍ ബൈഡൻ'  ഉക്രെയിനിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി മുതൽമുടക്കിയതും സർക്കാരിന്റെ ഫണ്ടിൽനിന്നുള്ള നികുതിപ്പണമായിരുന്നുവെന്നു ആരോപണങ്ങളുയരുന്നു. 'ഹണ്ടർ' ഉക്രൈനിൽ  വൻതോതിൽ ബിസിനസ്സ് നടത്തുന്ന വിവരങ്ങൾ ട്രംപിന്റെ ടീമിന് മനസിലാക്കാനും സാധിച്ചു. ഉക്രൈനിൽ 'ഹണ്ടർ ബൈഡൻ' ബിസിനസ്സ് നടത്തുന്ന വിവരം ട്രംപും കൂട്ടരും വ്യക്തമായി അറിയുകയും ചെയ്തു. ഹണ്ടറിന്റെ ബിസിനസിലെ പാകപ്പിഴകളും അഴിമതികളും 'ട്രംപ്' ചാര സംഘടനകൾമുഖേന രഹസ്യമായി മനസിലാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി  ഉക്രൈൻ പ്രസിഡണ്ടിന്റെ സഹായം തേടുകയുമുണ്ടായി.

ഉക്രൈന്റെ പ്രസിഡണ്ടായ 'വ്ലാദിമിർ സെലിൻസ്‌ക്' രാഷ്ട്രീയമായി പാകതയോ പരിചയമോയുള്ള ആളല്ല. 'ഉക്രൈൻ' അമേരിക്കയുടെ സൈനിക സഹായം തേടിക്കൊണ്ടിരുന്ന കാലമായിരുന്നു. പത്തു കോടി വില വരുന്ന സൈനികോപകരണങ്ങൾ അവർക്കു വേണമായിരുന്നു. ഈ ഫണ്ട് അനുവദിക്കണമെങ്കിൽ ഹണ്ടറിനെപ്പറ്റിയുള്ള വിവരങ്ങളോ ബിസിനസ്സ് കാര്യങ്ങളോ അറിയിക്കണമെന്ന് ട്രംപ് ഡിമാൻഡും ചെയ്തു. ട്രംപിന്റെ ചാരന്മാർ ഈ വിവരം 'സെലാൻസ്‌കിയെ' അറിയിക്കുകയും ചെയ്തു. രണ്ടു പ്രസിഡന്റുമാരും ബിസിനസ്സ് സംബന്ധിച്ച കാര്യങ്ങളും ടെലിഫോണിൽ കൂടി സംസാരിച്ചിരുന്നു. ഇരുവരും ടെലിഫോണിൽക്കൂടി സംസാരിച്ച സംഗതികൾ വിവാദമായി പുറത്തു വരുകയുമുണ്ടായി. ഉക്രൈൻ പ്രസിഡണ്ടുമായുള്ള ടെലിഫോൺ സംഭാഷണങ്ങളാണ്‌ ട്രംപിനെ ഇമ്പീച്ച് ചെയ്യുന്ന ഘട്ടങ്ങൾവരെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ 2019 ജൂലൈയിൽ, പ്രസിഡന്റ് ട്രംപ് ഉക്രൈയിൻ പ്രസിഡന്റിനെ ടെലിഫോണിൽ വിളിച്ചതായുള്ള തെളിവുകൾ ലഭിച്ചു കഴിഞ്ഞു. അക്കാര്യം ട്രംപ് നിഷേധിക്കുന്നുമില്ല. പ്രസിഡണ്ടിന്റെ അഭിഭാഷകനായ 'റൂഡി ജൂലിയാനി' കഴിഞ്ഞ 2019 ഓഗസ്റ്റുമാസത്തിൽ ഉക്രൈൻ പ്രസിഡന്റുമായി സ്പെയിനിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളുടെ പരിണിതഫലമായി ഉക്രൈൻ സർക്കാർ  ആവശ്യപ്പെട്ട സാമ്പത്തിക സഹായം അമേരിക്ക അവിടെ എത്തിക്കുകയും ചെയ്തു. ട്രംപും ഉക്രൈൻ പ്രസിഡണ്ടുമായുള്ള രഹസ്യധാരണ ഈ സഹായങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് കമ്മറ്റി പ്രവർത്തിക്കുന്നത്.

ജനപ്രതിനിധി സഭയിൽ ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രമേയം പാസായേക്കാം. എന്നാൽ ഇതുസംബന്ധിച്ചുള്ള അവസാന തീരുമാനമെടുക്കേണ്ടത് ഉപരി സഭയായ സെനറ്റാണ്. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ സാധിക്കുള്ളൂ. റിപ്പബ്ലിക്കന്മാർക്ക് നാലഞ്ചു പേരുടെ ഭൂരിപക്ഷമുള്ള ആ സഭയിൽ അങ്ങനെ ഒരു പ്രമേയം പാസാക്കാൻ എളുപ്പമല്ല. സെനറ്റിൽ കുറ്റവിചാരണ നടക്കുന്നമൂലം അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന്റെ വിജയസാധ്യതകൾക്കു മങ്ങലുമേൽക്കുന്നു.

'ഡൊണാൾഡ് ട്രംപ്' പ്രസിഡന്റായ ശേഷം അമേരിക്കയുടെ സാമ്പത്തിക മേഖലകളിൽ വലിയതോതിൽ നേട്ടങ്ങളുണ്ടായിട്ടുണ്ട്. തൊഴിൽ മേഖലകളിൽ നാലു മില്യൺ ജോലിയവസരങ്ങൾ സൃഷ്ടിച്ചുവെന്നും ചരിത്രത്തിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ ഉണ്ടാക്കിയത് ഈ ഭരണകൂടമാണെന്നും അവകാശപ്പെടുന്നു. ഉത്ഭാദന രംഗത്ത് തൊഴിലവസരങ്ങൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളേക്കാൾ അധികമെന്നും ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു.  തൊഴിലില്ലായ്മ കഴിഞ്ഞ അമ്പതു വർഷങ്ങളുടെ സ്ഥിതി വിവര കണക്കുകളേക്കാൾ കുറവായും കാണുന്നു. സാമ്പത്തിക വളർച്ച കഴിഞ്ഞ ക്വാർട്ടറിൽ 4.2 ശതമാനം വർദ്ധിച്ചു. ദേശീയ ലെവലിൽ ഇടത്തരക്കാരുടെ വരുമാന വർദ്ധനവ് മുൻ വർഷങ്ങളെക്കാളും അധികമായിരുന്നു. ആഫ്രിക്കൻ അമേരിക്കരുടെയിടയിലും ഹിസ്പ്പാനിക്ക്, ഏഷ്യൻ അമേരിക്കരുടെയിടയിലും തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്ത്രീകളുടെയിടയിലുള്ള തൊഴിലില്ലായ്മ കഴിഞ്ഞ 25 വർഷങ്ങളെ തുലനം ചെയ്യുമ്പോൾ വളരെയധികം കുറഞ്ഞിരിക്കുന്നു. യുവാക്കളുടെയും ഹൈസ്‌കൂൾ ഡിപ്ലോമാ പോലും കരസ്ഥമാക്കാത്തവരുടെയും തൊഴിലില്ലായ്മ കുറയുകയും കഴിഞ്ഞ അമ്പതു വർഷങ്ങളേക്കാൾ റെക്കോർഡ് ഭേദിക്കുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം നാലു മില്യൺ ഫുഡ്സ്റ്റാമ്പ് മേടിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ചെറുകിട വ്യവസായികളുടെ വളർച്ച ആറു ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 80 വർഷങ്ങൾക്കുള്ളിൽ നൽകിയ  റിക്കോർഡ് ഭേദിച്ചുകൊണ്ടുള്ള നികുതിയിളവുകളും ചെറുകിട വ്യവസായങ്ങൾക്ക് നൽകി. ക്രെഡിറ്റ് യൂണിയനുകളുടെയും കമ്മ്യുണിറ്റി ബാങ്കുകളുടെയും വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ഫെഡറൽ സർക്കാർ ചെയ്തു കൊടുത്തു. ഹെൽത്ത് പ്ലാൻ പരിഷ്‌ക്കരിച്ചു. സാധാരണക്കാർക്കും ചെലവുകൾ വഹിക്കത്തക്ക വിധം കൂടുതൽ ജനറിക്ക് മെഡിസിനുകൾ മാർക്കറ്റിൽ ഇറക്കി. ഹെൽത്ത് കമ്പനികളെക്കൊണ്ട് നിരവധി മരുന്നുകളുടെ വിലകൾ കുറപ്പിച്ചു.

മുമ്പുള്ള വർഷങ്ങളെക്കാളും 60 ശതമാനം അധികം കൽക്കരി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പാരീസ് പരിസ്ഥിതിയുടമ്പടിയിൽ നിന്നു പിൻവാങ്ങിയതും അമേരിക്കയ്ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി. ലോക രാജ്യങ്ങൾ എന്തുതരം ഉടമ്പടികളുണ്ടാക്കിയാലും അതിൽ ഭൂരിഭാഗവും ഫണ്ട് കൊടുക്കേണ്ട ബാധ്യത അമേരിക്കയ്ക്കായിരിന്നു. ആഗോള പരിസ്ഥിതി സംരക്ഷണത്തിലും ഏറ്റവുമധികം ഫണ്ട് കൊടുക്കേണ്ട ബാധ്യതയും അമേരിക്കയ്ക്കുതന്നെ. വിദേശ രാജ്യങ്ങൾക്കുള്ള ഫണ്ടുകൾ രാജ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും തുടങ്ങി. വിദേശ ഫണ്ടുകൾ നൽകുമ്പോൾ രാജ്യത്തിന് ഗുണപ്രദമായത് ആദ്യം പരിഗണിക്കും.

അമേരിക്കൻ എംബസ്സി ജെറുസലേമിലേക്ക് മാറ്റിയതും ട്രംപ് ഭരണകൂടമാണ്. മെക്സിക്കോയുമായി ചരിത്രപരമായ വ്യവസായ ഉടമ്പടികളിൽ ഒപ്പു വെച്ചതും നേട്ടമായിരുന്നു. കയറ്റുമതികൾ വർദ്ധിക്കാനായി യൂറോപ്പ്യൻ യൂണിയനുമായി ഉടമ്പടികളിൽ ഒപ്പു വെച്ചു. ദേശീയ താൽപ്പര്യമനുസരിച്ച് വിദേശ അലുമിനിയം, സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വ്യവസായ ഇറക്കുമതി നികുതികളേർപ്പെടുത്തി. ചൈനയുടെ നിയമ പരമല്ലാത്ത വ്യവസായ നയങ്ങൾക്ക് തടസങ്ങൾ സൃഷ്ടിച്ചു. ഉൽപ്പന്നങ്ങളുടെ കയറ്റുമതികളിൽക്കൂടി 59 ബില്യൺ ഡോളർ വർദ്ധിപ്പിച്ചു.

അഭയാർഥികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെക്സിക്കോയുടെ അതിർത്തികളിൽ  ശക്തമായ മതിൽ വേണമെന്ന നയങ്ങളുമായി ട്രംപ് പോവുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നത് നിയമപരമല്ലാത്ത കുടിയേറ്റക്കാർ അമേരിക്കയിൽ കടന്നു കൂടുന്നതുകൊണ്ടെന്നും ട്രംപ് ഭരണകൂടം വിചാരിക്കുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് ഭരണനേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും  കുറ്റവിചാരണ ആരംഭിച്ചതോടെ 'അമേരിക്ക' ഇന്നു  പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന പ്രതീതിയാണ് നിലവിലുള്ളത്‌. അമേരിക്ക ഭരിച്ചിരുന്ന നിരവധി പ്രസിഡന്റുമാർക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ വേണമെന്നുള്ള ശബ്ദമുയർന്നിരുന്നെങ്കിലും ചരിത്രത്തിൽ മൂന്നു പ്രസിഡന്റുമാർക്കെതിരെ മാത്രമേ നാളിതുവരെ കുറ്റവിചാരണകൾ നടന്നിട്ടുള്ളൂ. ബിൽക്ലിന്റനും, റിച്ചാർഡ് നിക്‌സണും, ആൻഡ്രു ജാക്സണും അതാതു കാലങ്ങളിൽ കുറ്റ വിസ്താരങ്ങളെ നേരിട്ടിരുന്നു. അവരിൽ ആരെയും സെനറ്റ് കുറ്റക്കാരനെന്നു വിധിച്ചില്ല. രണ്ടാമതൊരു തിരഞ്ഞെടുപ്പിനെ അവർ അഭിമുഖീകരിച്ചുമില്ല. കുറ്റാരോപിതനായുള്ള വിചാരണയ്ക്കു ശേഷം 'ആൻഡ്രു ജാക്സനു' പാർട്ടിയുടെ നോമിനേഷൻ വീണ്ടും കൊടുത്തില്ല. നിക്സണും ക്ലിന്റനും രണ്ടാം മുഴം പ്രസിഡണ്ടായിരുന്ന സമയത്ത്, കോൺഗ്രസ്സ് ഇമ്പീച്ച്മെന്റ് നടപടികൾ തുടങ്ങിയതുകൊണ്ട് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അവർക്കു നേരിടേണ്ടി വന്നുമില്ല. നിക്സണും ക്ലിന്റണും രണ്ടാം തവണകൾ പ്രസിഡന്റായിരുന്ന സമയത്ത് ഇമ്പീച്ച്മെന്റ് അഭിമുഖീകരിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് ആദ്യ തവണതന്നെ അത് നേരിടേണ്ടി വരുന്നു. ഇമ്പീച്ച്മെന്റിൽ ട്രംപ് പ്രസിഡന്റ് പദവിയിൽനിന്നു പുറത്തുപോയാലും അദ്ദേഹത്തിന് രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തടസമുണ്ടാവുകയില്ല. 2020-ൽ ജനങ്ങളുടെ പിന്തുണയുണ്ടായാൽ വീണ്ടും അദ്ദേഹത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിനു നിയമതടസമില്ലെന്നും മനസിലാക്കുന്നു.

1788-ൽ അമേരിക്കൻ ഭരണഘടനയുണ്ടാക്കിയവർ അഴിമതിക്കാരായ ഭരണാധിപന്മാരുടെ   ഇംപീച്ച്മെന്റ് ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഭരണത്തിലിരിക്കുന്നവരെ ഇമ്പീച്ചുചെയ്താൽ   ഭരണാധിപന്മാർ തങ്ങളുടെ സ്വാധീനമുപയോഗിച്ച് രാജ്യത്ത് കുഴപ്പവും അരാജകത്വവും സൃഷ്ടിക്കുമെന്ന വാദഗതികളും ഉയർന്നിരുന്നു. അതിനാൽ, ഭരണഘടന രചിച്ചവർ 'ഇമ്പീച്ച്മെന്റ്' എന്തിനെല്ലാം നടത്തുന്നുവെന്ന കാര്യത്തിൽ നിർവചനം നൽകുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ഏകാധിപതികളായ രാജാക്കന്മാരുടെ ചരിത്രമായിരുന്നു ഇത്തരം ഒരു ഭരണഘടന രചിക്കാൻ അന്നവരെ പ്രേരിതരാക്കിയത്.

ഒരു പ്രസിഡണ്ടിനെ പുറത്താക്കാൻ സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുകയും ചെയ്തു. സെനറ്റിനു പ്രസിഡണ്ടിനെ പുറത്താക്കാനുള്ള പൂർണ്ണാധികാരം നൽകുകയും ചെയ്തു. സെനറ്റും കോൺഗ്രസുമെടുക്കുന്ന ഇമ്പിച്ച്മെന്റ് നടപടികൾക്കെതിരെയുള്ള പ്രസിഡണ്ടിന്റെ അധികാരമായ 'പാർഡൻ' അനുവദനീയമല്ലെന്നും തീരുമാനിച്ചിരുന്നു.

സെനറ്റിന്, പ്രസിഡണ്ടിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. സ്റ്റേറ്റിന്റെ ഔദ്യോഗിക നിലവാരമുള്ള സ്ഥാന മാനങ്ങൾ പിന്നീട് അവർക്ക് നൽകില്ല. എന്നാൽ, അതെല്ലാം താൽക്കാലികമാണ്. അത്തരം തീരുമാനങ്ങൾ നടപ്പാക്കാൻ അവർ കൈകാര്യം ചെയ്തിരുന്ന ഓഫീസ് സംവിധാനങ്ങൾക്കേ സാധിക്കുള്ളൂ. ഇമ്പീച്ച് ചെയ്ത പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സെനറ്റിന് ഒന്നും ചെയ്യാനാവില്ല. കുറ്റക്കാരനായി കോടതി വിധിക്കാത്തിടത്തോളം ഭാവി ഭരണകൂടങ്ങളുടെ ഓഫീസ് പദങ്ങൾ പ്രസിഡന്റിനു സ്വീകരിക്കുകയും ചെയ്യാം.

ഇമ്പീച്ച് ചെയ്ത ഒരു പ്രസിഡണ്ടിന് രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലാന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ഒഹായോ സ്റ്റെറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ വില്യം ഫോളി (William Foley) ചൂണ്ടിക്കാണിച്ചിരിക്കുന്നു. 'സെനറ്റ്' വീണ്ടും കൂടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ കുറ്റങ്ങൾക്ക് പെനാൽറ്റി നൽകിയാൽ തിരഞ്ഞെടുപ്പ് മത്സരത്തിൽ പ്രസിഡന്റിനെ  അയോഗ്യനാക്കാൻ സാധിച്ചേക്കാം. പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്താലും കുറ്റാരോപിതനാക്കിയാലും നീക്കം ചെയ്ത ഓഫീസിൽ തന്നെ അദ്ദേഹത്തിന് മത്സരിക്കുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാം.


Joe Biden and Son Hunter Biden


Ukraine President Zelensky, Trump









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...