Saturday, November 9, 2019

മാവോയിസവും വേട്ടകളും ഏറ്റുമുട്ടലുകളും






ജോസഫ്  പടന്നമാക്കൽ

ജനകീയ സർക്കാരുകളുടെ നിയന്ത്രണത്തിൽനിന്നും  സായുധ വിപ്ലവത്തിൽക്കൂടി ഭരണാധികാരം  പിടിച്ചെടുക്കുകയെന്നതാണ് മാവോ സിദ്ധാന്തത്തിന്റെ അത്യന്തികമായ ലക്ഷ്യം. ജനാധിപത്യത്തിന്റെ ഭാഷ ഇവർക്ക് സ്വീകാര്യമല്ല. തീവ്രചിന്തകൾ  അവരെ പിന്തുണയ്ക്കുന്നവരിലും അണികളിലും സ്വാധീനം ചെലുത്തുന്നു. ലക്ഷ്യം നേടാൻ അക്രമ മാർഗങ്ങളും കൈക്കൊള്ളാറുണ്ട്. കമ്മ്യുണിസത്തിന്റെ ഉപജ്ഞാതാവ് മാവോ സേതുങ്ങിനെയാണ് മാതൃകയാക്കുന്നതെങ്കിലും മാവോ പോലും സങ്കല്പിക്കാത്ത പ്രവർത്തനമേഖലകളാണ്  ഇവർ  അനുവർത്തിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും ശക്തിമത്തായ മാവോഗ്രുപ്പിനെ 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ്' എന്ന് വിളിക്കുന്നു. 1967-ൽ പാസാക്കിയ നിയമം അനുസരിച്ച് ഈ സംഘടന നിയമാനുസൃതമല്ലാത്ത ഭീകര സംഘടനയായി കരുതുന്നു. 2004-മുതൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള മാവോയിസ്റ്റുകൾ  കേന്ദ്രീകൃതമായ അവരുടെ സംഘടനയോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. ഓരോ വിപ്ലവകാരിയും കലാപമുന്നണികളിൽ പോരാടാൻ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡൽ യുദ്ധത്തിൽ അവർക്ക്‌ സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള സാമൂഹിക, ഭരണ വ്യവസ്ഥിതികളെയും സമൂലമായി എതിർത്തുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകളിൽ ധാരാളം സ്ത്രീകളും പ്രവർത്തിക്കുന്നുണ്ട്‌.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ കാലങ്ങളിൽ മാവോയിസ്റ്റുകൾ ആഭ്യന്തര സുരക്ഷിതത്വത്തിന് ഒരു ഭീക്ഷണിയായിരുന്നില്ല. എന്നാൽ കാലക്രമേണ ഏതാനും സ്റ്റേറ്റുകളിൽ ആദിവാസികളുടെയിടയിൽ മാവോ സിദ്ധാന്തങ്ങൾ ശക്തി പ്രാപിച്ചു വന്നു. സാധാരണ ഗതിയിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേരാൻ യാത്രാസൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. അതുമൂലം സ്റ്റേറ്റിന്റെ സ്ഥാപനങ്ങൾ അവിടെനിന്ന് നീക്കം ചെയ്തുകൊണ്ടിരുന്നു. ഇത് അവസരമാണെന്നു കണ്ട മാവോയിസ്റ്റുകൾ സർക്കാരിനു ബദലായുള്ള ഭരണ സംവിധാനങ്ങൾ രൂപീകരിക്കുകയും ആദിവാസികളുടെയിടയിൽ ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അധികാരമുറപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിലവിലുള്ള കമ്മ്യുണിസ്റ്റ് പാർട്ടികൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽനിന്നും മാറി സാമ്രാജ്യത്വ ശക്തികൾക്കൊപ്പമെന്ന് മാവോയിസ്റ്റുകൾ ചിന്തിക്കുന്നു. മാവോയിസ്റ്റുകളുടെ മറ്റൊരു പേരാണ് നക്സലിസം. അവർ ലോകത്തെയും സമൂഹത്തെയും വീക്ഷിക്കുന്നത് മാർക്സിയൻ ചിന്താഗതികളിൽക്കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം മുഴുവൻ അരക്ഷിതാവസ്ഥയിലായിരുന്നു. തൊഴിലില്ലായ്മയും രൂക്ഷമായ സാമ്പത്തിക ഞെരുക്കങ്ങളുമുള്ള കാലത്ത് മാർക്സിയൻ ചിന്തകൾ ലോകത്ത് നവോദ്ധാനം സൃഷ്ഠിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഇന്നും മാവോകൾ ചിന്തിക്കുന്നത് ലോകം മുഴുവൻ വലിയ വിപ്ലവത്തിന്റെ വക്കിലെന്നാണ്. ദക്ഷിണേഷ്യയിൽ ആകെ അരാജകത്വം നിറഞ്ഞ വിപ്ലവം മുന്നേറുന്നുവെന്നും ചിന്തിക്കുന്നു. സാമ്രാജ്യത്വം അവസാനിച്ച് കൊടികുത്തി വാഴാമെന്നാണ് അവർ കരുതുന്നത്. സാമ്രാജ്യ ശക്തിയായ അമേരിക്കയെ തകർക്കുമെന്നാണ്, മാവോകൾ വീമ്പടിക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും ശ്രീലങ്കയും ഇന്ന് അമേരിക്കയുടെ സൗഹാർദ രാജ്യങ്ങളാണ്. പാകിസ്ഥാന് അമേരിക്കയുടെ സഹായമില്ലാതെ നിലനിൽക്കാൻ സാധിക്കില്ല. ഒരു സായുധ വിപ്ലവത്തിൽ കൂടി ഈ രാജ്യങ്ങൾ കീഴടക്കി അമേരിക്കൻ സാമ്രാജ്യത്വം ഇല്ലാതാക്കാമെന്ന ഭൂതിയാണ് മാവോ വാദികൾക്കുള്ളത്. സാമ്രാജിത്വവും നാറ്റോയും ഇന്ന് ലോകത്തിലുള്ള ഏതു ഭീക്ഷണികളും നേരിടാൻ ത്രാണിയുള്ളവരാണ്. മാവോയിസ്റ്റുകൾ സാമ്രാജ്യത്തെ തൂത്തെറിയാൻ പോവുന്നതു എവിടെയെന്നും വ്യക്തമല്ല.

സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ  ശക്തമായ ബുർഷാ സമ്പ്രദായമുള്ള രാജ്യമായിട്ടായിരുന്നു വളർന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അടിത്തറ ഇന്ത്യയിൽ നന്നായി വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികസനത്തെ മാവോയിസ്റ്റുകൾ നിഷേധിക്കുന്നു. മുതലാളിത്വ കാർഷിക നയങ്ങളെ തകർക്കുകയെന്നതും മാവോയിസ്റ്റ് ചിന്താഗതിയിലുള്ളതാണ്. ലഷ്‌ക്കറുപോലെ ഭീകര സംഘടനയായിട്ടാണ് മാവോയിസ്റ്റുകളെ കരുതിയിരിക്കുന്നത്. ലഷ്ക്കറും ഹുജിയും നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. അവർക്ക് രാഷ്ട്രീയത്തിൽ പ്രത്യേകമായ ഒരു പ്രത്യേയശാസ്ത്രമില്ല. എന്നാൽ മാവോയിസ്റ്റുകളുടെ കാര്യം വ്യത്യസ്തമാണ്. അവർക്ക് രാജ്യഭരണം കൈക്കലാക്കണമെന്ന ലക്ഷ്യമാണുള്ളത്. മാവോയുടെ പ്രത്യേയശാസ്ത്രവും പിന്തുടരുന്നുവെന്നു അവർ അവകാശപ്പെടുന്നു

മാവോയിസ്റ്റുകൾ ഇന്ത്യയിൽ അനുദിനമെന്നോണം ശക്തി പ്രാപിക്കുന്ന വാർത്തകളാണ് നാം  മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്നത്. ഇന്ത്യൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയിൽ നിന്നും 1960 കളിൽ മാവോയിസ്റ്റുകൾ രൂപം പ്രാപിച്ചു. ഇന്ത്യയിലെ യഥാർത്ഥമായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളുടേതു മാത്രമെന്ന് അവർ അവകാശപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ഭരണകൂടത്തെ തകർക്കുകയെന്നാണ് ലക്‌ഷ്യം. ഒപ്പം സാമ്രാജിത്വവും ഫ്യൂഡലിസവും നശിക്കുകയും വേണം. അതിനായി  ജനങ്ങളെ അണിനിരത്തിക്കൊണ്ട് വിപ്ലവപ്രസ്ഥാനങ്ങൾ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തിനായി അനുപേക്ഷണീയങ്ങളായ സാധനസാമഗ്രികളും ആയുധങ്ങളും കൈക്കലാക്കി അധികാരം പിടിച്ചെടുക്കാൻ മാവോകൾ തന്ത്രപൂർവം ജനങ്ങളെയും ഇളക്കിക്കൊണ്ടിരിക്കുന്നു. ലഖുലേഖകൾ വഴി മാവോയിസം പ്രചരിപ്പിക്കുകയും സമത്വ സുന്ദരമായ 'ഒരു നാളെ' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. രക്തപങ്കിലമായ ഒരു വിപ്ലവത്തിന് നേതൃത്വവും നൽകുന്നു. രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാർഗങ്ങളായി സ്വീകരിക്കുന്നു. ഓരോ വിപ്ലവകാരിയും പോരാടാൻ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡൽ യുദ്ധത്തിൽ അവർക്ക്‌ സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കും. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെയും ഭരണ സംവിധാനങ്ങളെയും സമൂലമായി എതിർത്തുകൊണ്ടുമിരിക്കുന്നു. പട്ടാള അട്ടിമറിയിലൂടെ, സായുധ മിലിട്ടറി സന്നാഹങ്ങളോടെ അധികാരം കൈക്കലാക്കണമെന്ന് ജനങ്ങളെ ബോധ്യമാക്കിക്കൊണ്ടുമിരിക്കുന്നു.

പാർട്ടിയുടെ ആന്തരീക ചട്ടക്കൂട് ഇന്ന് വളരെ ശക്തമാണ്. വിദേശശക്തികളായ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങൾ ഇന്ത്യയിൽ മാവോയിസം പ്രചരിപ്പിക്കുന്നതിന് വഴിയുമൊരുക്കുന്നു.  മാവോ സംഘടനകൾ ശക്തി പ്രാപിച്ച് ഏകദേശം ഇരുപത് സ്റ്റേറ്റുകളിലോളം പ്രവർത്തിക്കുന്നുണ്ട്. ജാർഖണ്ഡ്, ഒറീസ, ബിഹാർ എന്നീ സ്റ്റേറ്റുകളിൽ ബലവത്തായ മാവോ സംഘടനകളുണ്ട്. വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, എന്നിവടങ്ങളിൽ മാവോയിസം ഭാഗികമായി നിലനിൽക്കുന്നു.   യുപിയിലും എംപിയിലും നുഴഞ്ഞു കയറാൻ തുടങ്ങിയിരിക്കുന്നു. ആന്ധ്രപ്രദേശിൽ ഇവരുടെ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ ശക്തമായിരുന്നെങ്കിലും ഇപ്പോൾ ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.  മാവോ വാദികൾ കേരളവും, കർണാടകയും തമിഴ് നാടും പടിഞ്ഞാറും കിഴക്കുമുള്ള സ്‌റ്റേറ്റുകളുമായി ബന്ധങ്ങൾ പുലർത്തുന്നു. ആസ്സാം, അരുണാചലപ്രദേശങ്ങളിൽ! പ്രതീക്ഷിക്കാതെയുള്ള ആക്രമണങ്ങളും കടന്നാക്രമണങ്ങളും സാധാരണമാണ്.

ഇന്ത്യയിൽ ഇങ്ങനെ ഒരു പ്രസ്ഥാനം എന്തുകൊണ്ടു, എങ്ങനെ  വളർന്നുവെന്നതും ചിന്തിക്കേണ്ടതുണ്ട്. കമ്മ്യുണിസം വളർന്ന നാടുകളിലെല്ലാം അരാജകത്വവും വിഭാഗിതയും ആദ്യകാലങ്ങളിൽ സംഭവിക്കാറുണ്ടായിരുന്നു.  റഷ്യയിൽ ലെനിൻ ഭരിക്കുന്ന നാളുകളിൽ രാജ്യത്ത് താറുമാറായ ജനജീവിതമായിരുന്നുണ്ടായിരുന്നത്. അത്, ബുർഷാകളുടെ കൈകളിൽ നിന്നും അധികാരമേറ്റശേഷം ജനങ്ങളിൽ ബുർഷ ചിന്താഗതികൾ അടിഞ്ഞു കൂടിയിരിക്കുന്നതായിരുന്നു കാരണം. അതിന്റെ ഫലമായി ലെനിനിസ്റ്റ് മാർക്സിസത്തിന്റെ ബുർഷാ  ചിന്താഗതികളിൽ നിന്നും മോചനം നേടി ചൈനയിൽ മാവോ സിദ്ധാന്ധം രൂപമെടുത്തു. ഇന്ത്യയിൽ 1960 മുതൽ തീവ്ര മാർക്സിയൻ മാവോ സിദ്ധാന്തങ്ങൾ വേരൂന്നാൻ തുടങ്ങി. അടുത്ത കാലത്തായി മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ചിന്തിക്കുമ്പോൾ ഈ സംഘടനയെയും ഭീകരരായി കരുതാവുന്നതാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഇവർ അക്രമാസക്‌തരായി ഭീകരാക്രമണങ്ങൾ നടത്തുന്നു. എന്നിരുന്നാലും മാവോയിസ്റ്റുകളെ അടിസ്ഥാനപരമായി ഭീകരരായി കണക്കാക്കാനും സാധിക്കില്ല. അവരുടെ ചരിതം ഇടതു പക്ഷത്തിന്റെ പ്രത്യേയ ശാസ്ത്രം തന്നെയാണ്.

1980-കളിൽ ആയുധങ്ങളും സ്ഫോടന വസ്തുക്കളും മാവോയിസ്റ്റുകൾക്കു ലഭിച്ചുകൊണ്ടിരുന്നത് ശ്രീ ലങ്കൻ എൽ.റ്റി.റ്റിയിൽ നിന്നായിരുന്നു. മാവോയിസ്റ്റുകൾ എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞെന്നും  സാംസ്ക്കാരിക വിപ്ലവം ഇന്ത്യയാകെ മുഴങ്ങുന്നുവെന്നും മാവോയിസത്തിന്റെ വസന്തം വന്നെത്തിയെന്നും, അധികാരത്തിൽ വരാൻപോവുന്നുവെന്നുമൊക്കെയുള്ള പൊള്ളയായ വാദങ്ങളും ഇവർ മുഴക്കാറുണ്ട്. അത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും യാഥാർഥ്യമാവുകയുമില്ല.

മാവോയിസ്റ് പാർട്ടിക്ക് ഒരു സെൻട്രൽ കമ്മിറ്റി, കാര്യങ്ങൾ നിർവഹിക്കാൻ കേന്ദ്ര നിർവാക സമിതി, സെൻട്രൽ മിലിറ്ററി കമ്മീഷൻ എന്നീ ഘടകങ്ങളുണ്ട്. സെൻട്രൽ മിലിറ്ററി കമ്മീഷന്റെ കീഴിലാണ് നരഹത്യകളും ഒളിക്കൊലകളും നടത്തുന്നത്. ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ പ്രത്യേക പ്രസിദ്ധീകരണ ശാലകളുമുണ്ട്. ഗറില്ലാ പട്ടാളത്തെ നിയന്ത്രിക്കാനും  ഡിപ്പാർട്ടമെന്റ് ഉണ്ട്. സ്റ്റേറ്റ്' ലവലിലും മിലിറ്ററി കമ്മിഷൻ ഉണ്ട്. ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംഘടന ശക്തിയായി പ്രവർത്തിക്കുന്നു. വിപ്ലവകാരികളെ തെരഞ്ഞെടുക്കാനും ഓഫിസുകളുണ്ട്. ആത്മരക്ഷയും അതുപോലെ സ്വയം പ്രതിരോധത്തിനായുമുള്ള പ്രായോഗിക പരിശീലനവും മാവോയിസ്റ്റുകൾ' തങ്ങളുടെ അണികൾക്ക് നൽകുന്നു.

ഏതെങ്കിലും തരത്തിൽ മാവോയിസ്റ്റുകളെ പിടികൂടിയാൽ അവർക്ക് ശക്തമായ നിയമ പരിരക്ഷ നൽകാനുള്ള ഭരണ വിഭാഗങ്ങളുമുണ്ട്. രഹസ്യാന്വഷണ മേഖലയിലും അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കും പ്രൊഫഷണലായവരെ റിക്രൂട്ട് ചെയ്യുന്നു. ഫണ്ട് ശേഖരിക്കലിനു സമൂഹത്തിൽ സ്വാധീനമായുള്ളവർ മുന്‍കൈയെടുക്കുന്നു. വിപ്ലവകാരികൾക്ക് നിയമ സഹായം, സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങൾ മുതലായവകൾ തയ്യാറാക്കി കൊടുക്കുന്നു.

മാവോയിസ്റ്റുകൾ 2004 മുതൽ ഇന്നുവരെ പതിനായിരത്തിൽപ്പരം സിവിലിയൻസിനെ കൊന്നൊടുക്കിയിട്ടുണ്ട്. അവരുടെ പരമമായ ലക്ഷ്യം രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുകയാണെങ്കിലും സാധാരണക്കാരായ പൗരന്മാരെ വധിക്കുന്ന വാർത്തകളും ദിനംപ്രതി കേൾക്കുന്നു. തങ്ങളർപ്പിക്കുന്ന ആദർശങ്ങളെ പിന്തുടരാത്തവരെയാണ്, അവർ ലക്ഷ്യമിടുന്നത്.  അവരുടെ  രഹസ്യ പദ്ധതികളെ  മനസിലാക്കി വിവരങ്ങൾ പൊലീസിനു നൽകിക്കൊണ്ട് അവരെ ഒറ്റികൊടുക്കുന്നവരെയും ഇല്ലാതാക്കാൻ ശ്രമിക്കും.  കൊല ചെയ്യുന്നതും പോലീസുകാർ, ബുർഷാകൾ, രാഷ്ട്രീയ ശത്രുക്കൾ മുതൽപേരുള്ള വർഗ ശത്രുക്കളെയായിരിക്കും. തൊഴിലാളികളോട് നീചമായി പെരുമാറുന്നവരുടെയും വിവരങ്ങൾ  ശേഖരിച്ചിരിക്കും. ഇങ്ങനെ നിഷ്കളങ്കരായവരെയും അവരുമായി ഒത്തു പ്രവർത്തിക്കുന്നവരെയും കൊല്ലുകയെന്നതും അവരുടെ അജണ്ടയാണ്. ഒടുവിൽ അധികാരം പിടിച്ചെടുക്കാൻ രാഷ്ട്രീയത്തിലെ പ്രമുഖരെയും അധികാരത്തിലിരിക്കുന്നവരെയും വധിക്കാനുള്ള ലിസ്റ്റും തയ്യാറാക്കും.

മാവോയിസ്റ്റുകൾ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കുന്നതു സാധാരണമാണ്. സ്‌കൂളുകളിലെ പഠനംമൂലം കുട്ടികളെ മാവോ ചിന്താഗതികൾക്കെതിരാക്കുമെന്നുള്ള ആശങ്ക അവരെ  അലട്ടുന്നുമുണ്ട്. നിലനിൽപ്പിനും, ആശയങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാനുമാണ് സ്‌കൂളുകളെ അക്രമിക്കാനുള്ള മനോഭാവം മാവോകൾ പുലർത്തുന്നത്.  മാവോയിസ്റുകളിൽ പ്രവർത്തിക്കുന്നവരിലധികവും, തൊഴിലില്ലാത്തവരുടെ സമൂഹങ്ങളിൽനിന്നുള്ളവരാണ്.  തൊഴിലവസരങ്ങൾ കൂടുംതോറും പ്രസ്ഥാനങ്ങൾക്ക് കോട്ടം വരുമെന്നും ഭയപ്പെടുന്നു. രാജ്യത്തിനുള്ളിലെ ആന്തരികഘടകങ്ങളെ, വികസന പ്രവർത്തനങ്ങളെ തകർക്കാനും ശ്രമിക്കുന്നു. രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നതും മാവോയിസ്റ്റുകൾ ഇഷ്ടപ്പെടില്ല. പാലങ്ങളും കെട്ടിടങ്ങളും തകർക്കലും റോഡുകൾ നാശമാക്കലും നിത്യസംഭവങ്ങളാണ്‌. ജനങ്ങളെ ജീവിത സൗകര്യങ്ങളിൽനിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും മാവോയിസ്റ്റുകളുടെ അജണ്ടകളിലുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്നതിനും പരസ്പ്പരം ഒറ്റപ്പെടുത്തുന്നതിനുമായി ടെലിഫോണും മറ്റു നെറ്റ് വർക്കുകളും നശിപ്പിക്കുന്ന പ്രവണതകൾ മാവോയിസ്റ്റുകളിൽ വർദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മാവോയിസ്‌റ്റുകൾക്ക് പ്രത്യേകമായ പ്രത്യേയ ശാസ്ത്രമോ ലക്ഷ്യങ്ങളോ കാണുമെന്നു തോന്നുന്നില്ല. തൊഴിലാളികൾക്കും കർഷകരുടെ സേവനത്തിനുമായി ഇവർ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ മാവോയിസ്റ്റുകൾ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികൾക്കു വേണ്ടിയും കർഷകർക്കു വേണ്ടിയും സംഘടനകൾ രൂപീകരിച്ചതായോ, സമരങ്ങൾ നടത്തിയതായോ ചരിത്രമില്ല. കർഷക ജനതയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്നു മാവോയിസ്റ്റുകൾ വാതോരാതെ പറയാറുണ്ട്. എന്നാൽ അവർ ശക്തി പ്രാപിച്ചിരിക്കുന്നത് ആദിവാസികളും ഗിരിവർഗക്കാരും കൂടുതലായുള്ള ബീഹാർ, ഒറീസാ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവടങ്ങളിലുള്ള വനം പ്രദേശങ്ങളിൽ മാത്രമാണ്. യാതൊരു വികസനവുമില്ലാത്ത മേഖലകൾ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുന്നു. വിപ്ലവ പ്രസ്ഥാനം കർഷക ജനതയ്ക്കും തൊഴിലാളികൾക്കും വേണ്ടിയെന്ന് മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടെങ്കിലും അവർക്കുവേണ്ടി കാര്യമായതൊന്നും നടപ്പാക്കിയിട്ടില്ല. അവർ വർഗശത്രുക്കളായി പോലീസുകാരെയും ഭരിക്കുന്ന ഗവണ്മെന്റുകളെയും കാണുന്നു. പൊലീസുകാരെയും നിഷ്കളങ്കരായ ഗ്രാമീണരെയും കൊല്ലുക എന്നതും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു.

സായുധ ആക്രമങ്ങളിൽക്കൂടി ജനജീവിതത്തെ സ്തംബിപ്പിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ആന്ധ്രാപ്രദേശിൽ പോലീസിനെയും അവർക്ക് വിവരങ്ങൾ നൽകുന്ന ഏജന്റുമാരെയും കൊന്നും ഗ്രാമീണരെയും കൊന്നും മുന്നേറിയ അവരുടെ പ്രസ്ഥാനം അവിടെ പരാജയപ്പെടുകയാണുണ്ടായത്. അതിനുശേഷമായിരുന്നു അവർ ചത്തീസ്ഗഢ്‌ഢിലേൽക്കും പശ്ചിമ ബംഗാളിന്റെ അതിർത്തിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നീങ്ങിയത്.

അക്രമം അഴിച്ചുവിടുമ്പോൾ അത് ഏറ്റവും ബാധിക്കുന്നത് ഗിരി വർഗക്കാരെയാണ്. അവിടെയാണ് മാവോയിസ്റ്റുകൾ കൂടുതൽ താവളം അടിച്ചിരിക്കുന്നതും. മാവോയിസ്റ്റുകൾ പൊലീസുകാരെ കൊല്ലുകയും പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തശേഷം ഉൾവനങ്ങളിൽ ഒളിക്കാറാണ് പതിവ്. അതിനെതിരെ ഭരണകൂടം തിരിച്ചടിക്കുമ്പോൾ സ്വത്തും ജീവഹാനിയും വീടുകളും നഷ്ടപ്പെടുന്നത് പാവപ്പെട്ട ഗിരിവർക്കാർക്കാണ്. അവർക്ക് പിന്നീട് വളരെക്കാലത്തേക്ക് അവകാശങ്ങൾക്കായി സമരം ചെയ്യാനും സാധിക്കില്ല. അനുദിനമെന്നോണം അവരുടെ ദുരിതങ്ങൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകൾ ആക്രമം കഴിഞ്ഞശേഷം ഉൾവനത്തിലേക്ക് ഓടുകയാണ് പതിവ്. അതുകൊണ്ട് അവരെ നേരിടുക എളുപ്പമല്ല. പട്ടാളം വന്നാൽ അവർക്ക് സുപരിചിതമല്ലാത്ത പ്രദേശങ്ങൾ ആയതുകൊണ്ട് കണ്ണിൽ കണ്ടവരെയെല്ലാം വെടി വെക്കുകയാണ് പതിവ്. പട്ടാള നടപടികൾ നേരിടേണ്ടി വരുന്നത് അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളായിരിക്കും. പുറത്തുനിന്ന് വരുന്ന പട്ടാളത്തിന് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാനും സാധിക്കില്ല. അവർ കണ്ണിൽ കണ്ടവരെയെല്ലാം വെടി വെച്ച് വീഴ്ത്തുകയും ചെയ്യും.

ജാർഖണ്ഡിലും ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും കുട്ടികളെ മാവോയിസ്‌റ്റുകൾ  സായുധ  പരിശീലനങ്ങൾക്കായി തെരഞ്ഞെടുക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളിൽ, നിയമ നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാകുന്നതുമൂലം കുട്ടികളെ സായുധരാക്കാൻ മാവോയിസ്റ്റുകൾ താല്പര്യപ്പെടുന്നു.  കൂടാതെ, കുഞ്ഞായിരിക്കുമ്പോഴേ ആശയങ്ങൾ കുഞ്ഞുമനസുകളിൽ നിറച്ചാൽ മാവോ പ്രസ്ഥാനം വളരുമെന്നും കണക്കുകൂട്ടുന്നു. ആദിവാസികളെ ഭീക്ഷണിപ്പെടുത്തി അവരുടെ കുട്ടികളെ പ്രസ്ഥാനത്തിൽ ചേർക്കുകയും ചെയ്യും. ആദിവാസികളിൽ നിരവധി പേർ തങ്ങളുടെ പെൺകുട്ടികളെ അക്രമ പരിശീലനത്തിനായി മാവോയിസ്റ്റുകളെ ഏൽപ്പിക്കാറുണ്ട്. മാവോയിസ്റ്റുകളോടുള്ള ഭയംമൂലവും ഭീഷണിമൂലവും മാതാപിതാക്കൾ പെൺകുട്ടികളെ അവരുടെയടുത്തു വിടുന്നു. ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങൾ മാവോ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ താല്പര്യപ്പെടുകയുമില്ല. എങ്കിലും പട്ടിണിയും ദാരിദ്ര്യവുമൂലം കുട്ടികളെ മാവോയിസ്റ്റുകളുടെ ക്യാമ്പിലയക്കാൻ നിർബന്ധിതരാവുകയും ചെയ്യും. അപകടം പിടിച്ച കലാപങ്ങളിൽ കുട്ടികളെ ശത്രുനിരകളുടെ മുമ്പിൽ നിർത്തുകയും ചെയ്യും.

ഗിരി വർഗക്കാരോട് നീതി പുലർത്താൻ സർക്കാരിനു കഴിയുന്നില്ല. വികസനവും അടിസ്ഥാന സൗകര്യങ്ങളും ഗിരി വർഗ്ഗക്കാരുടെയിടയിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. മാവോയിസത്തിന്റെ വളർച്ചക്കും അത് കാരണമായി തീർന്നു. ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ വിദേശികളും സ്വദേശികളും ശക്തമായി ഖനന വ്യവസായങ്ങളിൽ ഏർപ്പെടുന്നു. വനവിഭവങ്ങൾ ചൂഷണം ചെയ്യുന്നു. തന്മൂലം നിരവധി ആദിവാസികളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ഒറീസയിലും ചത്തീസ്ഗഢിലും അതാണ് സംഭവിക്കുന്നത്. അവരുടെ ഉപജീവന മാർഗ്ഗങ്ങളും പരമ്പരാഗത വനവാസസ്ഥലങ്ങളും നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായി അവർ മാവോയിസത്തിൽ തല്പരരാകും. ഗോത്രസമൂഹമെന്ന അവരുടെ അസ്തിത്വം തന്നെ വ്യവസായവൽക്കരണത്തിൽക്കൂടി  നഷ്ടമാകുന്നു.

 സർക്കാർ ഈ പ്രദേശങ്ങളിൽ സാമൂഹിക സാമ്പത്തിക പരിപാടികൾ വികസിപ്പിക്കേണ്ടതായുണ്ട്.  ഗിരിവർഗ്ഗക്കാരുടെ പ്രാഥമികാവകാശങ്ങൾ നേടിക്കൊടുക്കുകയും വേണം. അവരെ സംബന്ധിച്ചുള്ള വികസനമെന്നാൽ തങ്ങളുടെ പൂർവിക തലമുറകൾ മുതൽ വസിച്ചിരുന്ന സ്ഥലങ്ങൾ വീണ്ടെടുക്കുകയെന്നതാണ്.   പണിയെടുത്തു ജീവിക്കാൻ അനുകൂലമായ സാഹചര്യങ്ങളും സൃഷ്ടിക്കണം. റോഡുകളും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എല്ലാ പൗരന്മാർക്കും ഉള്ളതുപോലെ അവർക്കും ആവശ്യമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാവോയിസ്റ്റുകളുടെ വളർച്ച ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഇത് ദേശീയ പുരോഗതിക്ക് തടസമായി വന്നു. അതുമൂലം സുരക്ഷിതത്വത്തിനായി നിരവധി പ്രതിരോധ സംവിധാനങ്ങളും സർക്കാർ ഏർപ്പെടുത്തി.  ഇന്ത്യയുടെ മർമ്മപ്രധാനങ്ങളായ സ്ഥലങ്ങളുടെ സുരക്ഷിതത്തിനായി തീവ്രമായ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രശ്ന സങ്കീർണ്ണത നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റേറ്റുവക പോലീസുകാരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. മാവോകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ,  റോഡുകളും പൊതുഗതാഗതങ്ങളും വർദ്ധിപ്പിക്കുന്നതുമൂലം ഭീകരപ്രവർത്തനങ്ങൾക്ക് തടസവുമാകുന്നു. പട്ടാളവും സ്റ്റേറ്റ് അധികാരികളും വനം പ്രദേശങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. വനവിഭവങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള ആന്തരീക വികസനപ്രവർത്തനങ്ങൾ മാവോയിസത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. തന്മൂലം പുതിയ സ്ഥലങ്ങളിലേക്ക് അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തടസവുമായി. മാവോയിസ്റ്റുകളുടെ ആധിപത്യം ചുരുങ്ങുകയുമുണ്ടായി.

മാവോയിസ്‌റ്റുകൾക്ക് ഇന്ത്യയിൽ നിരവധി സംഘടനകളും വിദേശ ഭീകര പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. ജമ്മു കാശ്മീരിലെ ഭീകരരുമായി അടുത്ത സമ്പർക്കം പുലർത്തുന്നു. മണിപ്പുർ മേഖലകളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വളരെ ശക്തമാണ്. ഫിലിപ്പീൻസ്, തുർക്കി എന്നീ രാജ്യങ്ങളുമായും ഇവർ സഹകരിക്കുന്നു. ഇന്ത്യയെ തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് ഇവരെ സഹായിക്കുന്നത്. നേപ്പാളിന്റെ അതിരിലും ഇന്ത്യബംഗ്ലാദേശ് അതിർത്തികളിലും മാവോ പ്രവർത്തനങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ബംഗ്ളാ ദേശിൽനിന്ന് ഇവർക്ക് അനുകൂലമായവരെ കുടിയേറാനും സഹായിക്കുന്നു. അതിർത്തിയിൽ വെടിവെപ്പുണ്ടാകുമ്പോൾ മാവോയിസ്റ്റുകൾ ശത്രുപക്ഷങ്ങളെ സഹായിക്കുകയും അവരോടൊപ്പം സായുധ സൈന്യമെന്നപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.

കമ്മ്യുണിസ്റ്റ്പാർട്ടിയുടെ ഇടതുപക്ഷ ചിന്താഗതിയായിരുന്ന കാലത്തുള്ള ആശയങ്ങൾ മുഴുവനായി മാവോയിസ്റ്റുകൾ കടം എടുത്തിരിക്കുകയാണ്. മാവോയിസ്റ്റുകൾക്ക് ഗിരി വർഗക്കാർ കൂടാതെ പട്ടണങ്ങളിലുള്ള ചില ബുദ്ധിജീവികളെയും അനുയായികളായി ലഭിക്കാറുണ്ട്. അവരോട് അനുഭാവം പുലർത്തുന്ന നിരവധിപ്പേർ പട്ടണപ്രദേശങ്ങളിലുമുണ്ട്. പാവപ്പെട്ടവർക്കും മർദ്ദിതർക്കും വേണ്ടി പോരാടുന്നുവെന്ന് ന്യായികരിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങളെന്നു പറഞ്ഞു പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുമുണ്ട്. അവരോടുള്ള സ്നേഹപ്രകടനങ്ങൾ മാധ്യമങ്ങളിലൂടെ സജീവവുമായിരിക്കും. രാഷ്ട്രീയമായും പ്രത്യേയ ശാസ്‌ത്രമായും മാവോയിസത്തിനെ അനുകൂലിക്കുകയും ചെയ്യുന്നു.

മാവോയിസ്‌റ്റുകളുടെ വളർച്ച തടയാൻ രാജ്യത്തിലെ ഓരോ പൗരനും കടമയുണ്ട്. മാവോ വിപ്ലവകാരികളുടെ ക്രൂരതകളിൽ പ്രതിക്ഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യണം. സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മാവോയിസത്തിന്റെ ഏകാധിപത്യ ചിന്തകളെ പരിപൂർണ്ണമായി എതിർക്കുകയും വേണം. അതാണ് ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരനും പാലിക്കേണ്ട കടമയും!








 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...