Friday, December 13, 2019

മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ?



ജോസഫ് പടന്നമാക്കൽ

കെ.സി.ആർ.എം നോർത്ത് അമേരിക്ക ഇക്കഴിഞ്ഞ ഡിസംബർ പതിനൊന്നാം തിയതി  സംഘടിപ്പിച്ച ടെലി കോൺഫറൻസിൽ   ന്യൂഡൽഹി സെന്റ്. സേവിയേഴ്സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളായിരുന്ന റെവ. ഡോ. വത്സൻ തമ്പുവിന്റെ 'മതം' എന്ന വിഷയത്തോടാധാരമാക്കിയുള്ള  പ്രഭാഷണം ശ്രവിക്കാനിടയായി. 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ' എന്ന വിഷയം അദ്ദേഹം വളരെ യുക്തിപൂർവം അവതരിപ്പിക്കുകയും കേട്ടുകൊണ്ടിരുന്ന അമേരിക്കയിലെ നാനാ ഭാഗത്തു വസിക്കുന്ന നവീകരണ ചിന്താഗതിക്കാരായ പ്രവാസികൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ചോദ്യോത്തരവേളകളിൽ അദ്ദേഹം നൽകിയ ഉത്തരങ്ങൾ' സരസവും പണ്ഡിതോചിതവുമായിരുന്നു. 'വത്സൻ തമ്പു' കൽക്കട്ടയിൽനിന്ന് പ്രബന്ധം അവതരിപ്പിച്ചപ്പോൾ സുപ്രസിദ്ധ വാഗ്മിയും എഴുത്തുകാരനുമായ എ.സി ജോർജ് ഈ കോൺഫറൻസിനെ കൊച്ചിയിൽനിന്നും മോഡറേറ്റ് ചെയ്തു. പ്രസിഡന്റ് ചാക്കോ കളരിക്കൽ ഡിട്രോയിറ്റിൽനിന്നു ടെലികോൺഫറൻസിൽ സംബന്ധിച്ചവരെ സ്വാഗതവും ചെയ്തു.

ദൈവശാസ്ത്രത്തെ ഉൾക്കൊണ്ടുള്ള പ്രബന്ധമായിരുന്നതിനാൽ വിഷയവുമായി എനിക്ക് പൊരുത്തപ്പെടാൻ സാധിക്കില്ലായിരുന്നു. മതവുമായി കാര്യമായി ബന്ധം പുലർത്താത്ത എനിക്ക് അവരുടെ ചർച്ചകളിൽ പങ്കുചേരാതെ കേൾവിക്കാരനെപ്പോലെ നിശബ്ദനായി മാറിനിൽക്കേണ്ടിയും വന്നു. മതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാത്ത എന്റെ മനസും മതമെന്തെന്നറിയാൻ തമ്പുവിന്റെ  പ്രഭാഷണത്തോടൊപ്പം ജിജ്ഞാസഭരിതനായിരുന്നു. മതത്തെ അദ്ധ്യാത്മികതയിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ആദ്ധ്യാത്മിക ചിന്തകളുമായി, ദൈവവുമായി, ബന്ധം പുലർത്തുന്നവർക്ക് ഈ പ്രഭാഷണം ഒരു മാർഗ്ഗദീപം തന്നെ! എന്നാൽ ഒരു യുക്തിവാദിക്ക് അത്തരം തീയോളജിക്കൽ മുദ്രണം ചെയ്ത ചിന്തകൾ അനുകൂലിക്കുവാൻ സാധിച്ചെന്നും വരില്ല. 

മതം മനുഷ്യനുവേണ്ടിയോ എന്ന ചോദ്യത്തിനുത്തരമായി 'മതത്തിന്റെ ആവശ്യമെന്തെന്നു' മറുചോദ്യമുണ്ടാകാം. ഉത്തരം കിട്ടില്ല! മതമില്ലാത്ത നിരവധി സമൂഹങ്ങൾ  ലോകത്തുള്ള സ്ഥിതിക്ക് ഈ ചോദ്യവും പ്രസക്തമായിരിക്കില്ല. ഇനി, മനുഷ്യൻ മതത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനും ഉത്തരം പറയാൻ മിടുക്കരായവർ  ദൈവശാസ്ത്ര ബിരുദക്കാർ തന്നെയാണ്. വാസ്തവത്തിൽ മതം മനുഷ്യനുവേണ്ടിയുമല്ല; മനുഷ്യൻ മതത്തിനുവേണ്ടിയുമാകരുത്. മനുഷ്യൻ മനുഷ്യനായി ജീവിക്കണം. ഓരോ രാജ്യത്തിലെയും നിയമ സംഹിതകളിൽ ജീവിക്കുന്ന മനുഷ്യന് മതം ഒരു ചൂണ്ടുപലകയല്ല. മനുഷ്യത്വത്തിൽക്കൂടി മനുഷ്യനെ കാണുകയാണ് വേണ്ടത്. അതിനിടയിൽ നുഴഞ്ഞു കയറിയ ഒന്നാണ് മതമെന്നുള്ളത്! അക്കൂടെ മതത്തെ വിറ്റു ജീവിക്കുന്ന കുറെ പുരോഹിത സമൂഹങ്ങളും മതങ്ങളെ  നിയന്ത്രിക്കുന്നു.

ഡോക്ടർ വത്സൻ തമ്പു മതാചാരങ്ങളെ വിമർശനാത്മക രൂപേണ കാണുന്നു. 'മതത്തിൽ നിലവിലുള്ള പല ആചാരങ്ങളും ദുരാചാരങ്ങളാണെന്നും സത്യത്തെ തേടിക്കൊണ്ടുള്ള നിതാന്തമായ അന്വേഷണമാണ് കാലത്തിന്റെ ആവശ്യമെന്നും' അദ്ദേഹം പറഞ്ഞു. 'അന്വേഷിപ്പിൻ കണ്ടെത്തുമെന്നുള്ളത്' യേശുവിന്റെ വചനമാണ്. വിശുദ്ധരായവർ സത്യം അന്വേഷിക്കുന്നു. എന്നാൽ പുരോഹിതന്റെ സത്യവും ധർമ്മവും വാചാലമായ നിലപാടുകളോടെ വെറും വാക്കാൽ മാത്രം അവശേഷിച്ചു. അയാളുടെ വേദ പ്രമാണം പണം മാത്രമായിരുന്നു. പണമായിരുന്നു അയാളുടെ ദൈവവുമെന്ന് ഡോക്ടർ തമ്പു പറഞ്ഞു. ചോദ്യം ചോദിക്കുന്നവനാണ് ആത്മീയതയുള്ളവനെന്നും തമ്പു വിശ്വസിക്കുന്നു. ആത്മീയതയ്ക്കുവേണ്ടി പുരോഹിതനെ ആശ്രയിക്കണ്ടെന്നും ദൈവത്തിനിടയിൽ ഒരു ഇടനിലക്കാരനെ ആവശ്യമില്ലെന്നും ആവശ്യമുള്ളത് നാം തന്നെ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ മുഴങ്ങിയിരുന്നു. ദൈവവും മതവും വിചിന്തനം ചെയ്യുന്നവർക്ക് തമ്പുവിന്റെ പ്രഭാഷണം മനസിന് കുളിർമ്മ നൽകും. ദൈവത്തെയും മതത്തെയും സ്വന്തം ജീവിതത്തിൽനിന്നും അകറ്റി നിർത്തുന്നവക്ക് തമ്പു പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചെന്നും വരില്ല.

ആരും ഒരു മതവുമായിട്ടല്ല ജനിക്കുന്നത്. ജനിക്കുമ്പോൾ സ്വന്തമായി ഒരു രാജ്യവുമില്ല. ചിലപ്പോൾ  ആകാശത്തിൽ വിമാനത്തിലായിരിക്കാം ഒരുവൻ ജനിക്കുന്നത്! ശൈശവത്തിൽ മാമ്മോദീസ മുങ്ങുന്ന ഒരു കുഞ്ഞിന് അവന്റെ മതം എന്താണെന്ന് അവൻ അല്ലെങ്കിൽ അവൾ അറിയില്ല! അതിനുശേഷം കുഞ്ഞിന്റെ തലയിൽ പ്രോഗ്രാം തുടങ്ങുന്നു. താൻ ഹിന്ദുവാണ്, മുസ്ലിമാണ്, ബ്രാഹ്മണനാണ്‌, നായരാണ്, സീറോ മലബാറാണ്, മുന്തിയ ജാതിയാണ്, ഓർത്തോഡോക്‌സാണ്' എന്നെല്ലാം തലയിൽ പ്രോഗ്രാം ചെയ്യാൻ ആരംഭിക്കും. പിന്നീട്, ക്രിസ്ത്യാനികളാണെങ്കിൽ ഇല്ലാത്ത ഒരു തോമ്മാശ്ലീഹായെയും തലയ്ക്കുള്ളിൽ കയറ്റും. അവിടെ മനുഷ്യൻ മതത്തെ സൃഷ്ടിക്കുകയാണ്. ഈ മതങ്ങളെല്ലാം കൂടി വയലാർ പാടിയതുപോലെ ദൈവങ്ങളെയും സൃഷ്ട്ടിക്കുന്നു.

ഓരോ സഭയിലും ജാതിയ സമൂഹങ്ങളിലും ക്രിസ്തുവിനു തന്നെ പല സ്വഭാവ രൂപഭാവങ്ങളാണുള്ളത്. നമുക്കെല്ലാം പൂച്ചക്കണ്ണുള്ള യൂറോപ്പ്യൻ ക്രിസ്തുവിന്റെ പടങ്ങളെയും രൂപങ്ങളെയുമാണിഷ്ടം! പഴയ നിയമത്തിലെ കൃസ്തു കോപിഷ്ഠനാണ്. ആ ദൈവത്തിന് പ്രതികാരം ചെയ്യണം. മനുഷ്യനെ പരീക്ഷിക്കണം. സ്വന്തം മകനെ ബലി കൊടുക്കാൻ ആവശ്യപ്പെടുന്നു. ബാബേൽ ഗോപുരം തകർക്കുന്നു. പാപികളെന്നു പറഞ്ഞു സോദം ഗോമോറോ നശിപ്പിക്കുന്നു. എന്നാൽ, പുതിയ നിയമത്തിലെ യേശുവെന്ന ക്രിസ്തു കരുണാമയനാണ്. ബലിയല്ല കരുണയാണ് വേണ്ടതെന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ പരസ്പ്പര വിരുദ്ധമായ ഒരേ ദൈവത്തിനെ, ഓന്തിന്റെ സ്വഭാവം പോലെ ഭാവങ്ങൾ മാറ്റുന്ന ഒരു ദൈവത്തെ മനുഷ്യൻ പൂജിക്കുന്നു. പോരാ! പുരോഹിതന്റെ ദൈവത്തിന് നാം സ്തോത്ര ഗീതങ്ങൾ പാടിക്കൊണ്ടിരിക്കണം. ഹല്ലേലൂയാ, ഹരേ റാം എന്നൊക്കെയുള്ള ഭാഷകളിൽക്കൂടി അവനെ പ്രകീർത്തിച്ചുകൊണ്ടിരിക്കണം പോൽ! അല്ലാത്ത പക്ഷം എരിയുന്ന തീയിൽ പൊരിക്കുന്ന നരകവും! അവിടെ അട്ടയും പുഴുവും തേളുമുണ്ട്! ഹിന്ദുവായ ഗാന്ധി നരകത്തിലും മറിയക്കുട്ടിയെ കൊന്ന ബെനഡിക്റ്റ് സ്വർഗ്ഗത്തിലും. മതമെന്നു പറയുന്നത് എന്തൊരു വിരോധാഭാസം! ചിന്തിക്കൂ!!! ജനിക്കുമ്പോഴേ തറവാട്ടു മഹിമ, പോരാഞ്ഞു ജാതി മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു.

മുപ്പതു വർഷങ്ങൾക്കുമുമ്പ് കത്തോലിക്കരെ 'സീറോ മലബാർ' എന്ന പേരിലല്ല അറിയപ്പെട്ടിരുന്നത്.  ഈ വാക്കുതന്നെ ഞാൻ കേൾക്കാൻ തുടങ്ങിയത് അമേരിക്കയിൽ സീറോ മലബാർ പള്ളികൾ സ്ഥാപിച്ചതുമുതലാണ്. ഞാനും ഈ സഭയുടെ അംഗമാണെന്ന് ആരൊക്കെയോ പറഞ്ഞു! എന്റെ എസ് എസ് എൽ സി ബുക്കിൽ കുറിച്ചിരിക്കുന്നത് 'റോമൻ സിറിയൻ കാത്തലിക്ക്' എന്നാണ്. അന്ന്, എന്റെ ജാതി ഉൾപ്പെട്ടുള്ള ആ ബുക്ക് കൈവശം ലഭിച്ചപ്പോൾ അഭിമാനം കൊണ്ടിരുന്നു. അതായിരുന്നു എന്റെ തലച്ചോറിനുള്ളിൽ എനിക്ക് ലഭിച്ചിരുന്ന പ്രോഗ്രാമിങ്ങും.

എഴുപതുകളിൽ അമേരിക്കയിൽ മലയാളികൾ കുടിയേറുന്ന സമയം നാട്ടിൽനിന്നും പട്ടക്കാരെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നില്ല. അന്നു ചെറിയ സമൂഹമായിരുന്ന ഓരോ മലയാളിക്കും പരസ്പ്പരം സഹായം ആവശ്യമായിരുന്നു. ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും കത്തോലിക്കനോ ഓർത്തോഡോക്സോ എന്തുമാകട്ടെ, ജാതി അവനു പ്രശ്നമായിരുന്നില്ല. പരസ്പ്പരം സ്നേഹത്തോടെ കുടുബങ്ങളും കഴിഞ്ഞിരുന്നു. അവിടേക്കാണ്, പുരോഹിതരുടെ ഇറക്കുമതികൾ ആരംഭിച്ചത്. പള്ളികൾ പണി തുടങ്ങി. പിരിവുകൾ ആരംഭിച്ചു. പരസ്പ്പരം മുന്തിയ ജാതി ആരെന്നുള്ള മത്സരങ്ങളും തുടങ്ങി. അമേരിക്കയിൽ തോമ്മാശ്ലീഹായും വന്നു. ഇറക്കുമതി ചെയ്ത പുരോഹിതർ, സ്നേഹമായി കഴിഞ്ഞിരുന്ന ഭാര്യയേയും ഭർത്താവിനെയും തമ്മിൽ തല്ലിപ്പിക്കാനും തുടങ്ങി. ചങ്ങാതികളായിരുന്നവർ പരസ്പ്പരം കണ്ടാൽ മിണ്ടാതുമായി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും കുടുംബങ്ങൾ മത്സരത്തോടെയും ശത്രുതയോടെയും കഴിയുന്നവരുമുണ്ട്. ഈ നാട്ടിൽ  വന്നെത്തിയ മതങ്ങളും പുരോഹിതരും ഉപജീവനത്തിനായി വന്ന മലയാളികളെ തമ്മിൽ വിഭിന്ന തട്ടുകളിലുമാക്കി.

എല്ലാ മതങ്ങളും സ്ത്രീയെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. പുരുഷന്റ തല ക്രിസ്തുവിന്റേതും സ്ത്രീയുടെ തല പുരുഷന്റേതുമെന്നൊക്കെയുള്ള വചനങ്ങളും പഠിക്കണം. സ്ത്രീ ഒരു മതത്തിൽ  ഉപഭോഗ വസ്തു മാത്രം. അവളെ അങ്ങനെ കരുതുന്നതും സ്ത്രീക്കിഷ്ടമാണ്. അവൾക്ക് പർദ്ദ ധരിക്കണം! പള്ളിയിൽ തലമുണ്ടിട്ടു മൂടണം! കന്യാസ്ത്രീകളെ അറബിയുടെയും യഹൂദന്റെയും വേഷം കെട്ടിക്കണം! ഒരു നൂറ്റാണ്ടു മുമ്പ് സ്ത്രീ മാറു മറയ്ക്കാൻ പാടില്ലായിരുന്നു. ബ്രാഹ്മണസ്ത്രീ 'സ്പാർത്ത' വിചാരണങ്ങളെ നേരിടണമായിരുന്നു. സർവ്വവിധ വിലക്കും പുരുഷമതം അവൾക്ക് കൊടുത്തിരിക്കുകയാണ്. സവർണ്ണാശ്രമം ചിലരുടെ രക്തത്തിൽ ഒഴുകുന്നു. ദളിതനെ പച്ചയോടെ ചുട്ടുകൊല്ലുന്ന വ്യവസ്ഥിതി ഇന്നും വടക്കേ ഇന്ത്യയിലുണ്ട്. പാക്കിസ്ഥാനിൽ മുസ്ലിമുകളല്ലാത്തവരുടെ ജീവിതം ഭീതി ജനകമാണ്‌. സമ്പന്ന രാജ്യമായ അമേരിക്കയിൽ ജീവിക്കുന്ന നമുക്ക് മതം എന്ന വ്യത്യാസം മനസിലാവില്ല. അത് മനസിലാവണമെങ്കിൽ മതഭ്രാന്തന്മാർ വസിക്കുന്ന വടക്കേ ഇന്ത്യയിൽ ജീവിക്കണം. പ്രാകൃത ദൈവങ്ങളും ക്രൂര ദൈവങ്ങളുമെല്ലാം നിറ വർണ്ണ ഭംഗികളോടെ അവരുടെയിടയിൽ വസിക്കുന്നു.

മനുഷ്യൻ മനുഷ്യനെ തിന്നിരുന്ന കാട്ടാള ജീവിതകാലത്തായിരിക്കാം പ്രവാചകരും മതവുമൊക്കെ ആരംഭിച്ചത്. മതങ്ങളുടെ കാലപ്പഴക്കം കൂടുന്തോറും ബാർബേറിയൻ ചിന്താഗതികൾ ആ മതങ്ങളിൽ കാണാൻ സാധിക്കും. അത് ഗ്രീക്ക് മതത്തിലും ഹിന്ദു മതത്തിലുമുണ്ട്. പേഗനീസം വളർത്തുന്ന ക്രിസ്തുമതത്തിലുമുണ്ട്. എല്ലാ സെമറ്റിക്ക് മതങ്ങളിലും അന്ധവിശ്വാസങ്ങൾ പുലർത്തിവരുന്നവർ മനുഷ്യനെ നയിക്കുന്നു.

മതങ്ങൾ നൽകുന്ന ധാർമ്മിക മൂല്യങ്ങളാണ്, ലോകത്തുള്ള ശാന്തിയും സമാധാനത്തിനും നിദാനമെന്നു പുരോഹിതർ പറയുന്നു. അത് ശരിയല്ല! മനുഷ്യരെ ജാതികളായി തിരിച്ച് കുറേപേർക്കു മാത്രം സുഖം നൽകുന്ന മതങ്ങൾ എന്ത് സമാധാനമാണ് ഉണ്ടാക്കുന്നത്. തെറ്റും ശരിയും ഏതെന്ന് തിരിച്ചറിയാനുള്ള വിശേഷബുദ്ധി നമ്മുടെ കൈവശമുള്ള സ്ഥിതിക്ക് മതത്തന്റെ ആവശ്യമെന്തിന്? നമുക്ക് ശരിയെന്നുള്ള ചില കാര്യങ്ങൾ മതത്തിലുണ്ടെന്നു കരുതി മതം മാത്രമാണ് ശരിയെന്നു വിചാരിക്കുന്നത് ഭോഷത്വം മാത്രം. ബൈബിൾ അനുസരിച്ച് ജീവിക്കണമെന്ന് ചില പുരോഹിതർ പറയും. ബൈബിളിലെ 'ഉത്തമ ഗീതങ്ങളും' 'ലോത്ത് പ്രവാചകനും' നമ്മുടെ സന്മാർഗികതയ്ക്ക് ചേർന്നവയുമല്ല. അതിനു വിലക്കുമില്ല. എന്നാൽ ലൂസിയുടെ പുസ്തകം പൈങ്കിളി കഥകളായി പുരോഹിതലോകം  ചിത്രീകരിക്കുകയും ചെയ്യുന്നു. വത്തിക്കാൻ മ്യുസിയത്തിലെ നഗ്നരൂപങ്ങൾ കണ്ടാൽ ദൈവികത്വം അവരിൽ ഉത്തേജിപ്പിച്ചെക്കാം. 

മനുഷ്യൻ ജീവിക്കുന്നത് മതങ്ങൾ കല്പിക്കുന്നതുപോലെയല്ല. ഓരോ മനുഷ്യന്റെയും ജീവിത സാഹചര്യങ്ങൾ അനുസരിച്ച് അവൻ ജീവിക്കുന്നു. രാജ്യങ്ങൾക്ക് വ്യത്യസ്തങ്ങളായ നിയമങ്ങൾ കാണും. രാജ്യത്തിന്റെ നിയമങ്ങളും പോലീസും സമൂഹത്തിന്റെ സംവിധാനങ്ങളും അനുസരിച്ചാണ് നമുക്ക് ജീവിക്കേണ്ടത്. അവിടെ മതത്തിന് ഒരു സ്ഥാനവുമില്ല. ഒരുവനു ശിക്ഷ വിധിക്കുന്നത് കോടതിയാണ്, മതമല്ല. സമൂഹം അംഗീകരിച്ചിരിക്കുന്ന നിയമം ചിലപ്പോൾ മതം അംഗീകരിക്കാം. ചിലപ്പോൾ മതം അംഗീകരിക്കാതെയും വരാം. അവിടെ ദേശീയ ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് മതത്തെ നാം അനുസരിക്കാതെ തിരസ്ക്കരിക്കേണ്ടിയും വരുന്നു.

മതം പുലർത്തുന്ന രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറവായിരിക്കുമെന്നു ചിലർ ചിന്തിക്കുന്നു. അതു  തെറ്റായ കണക്കാണ്. മതത്തിന്റ സ്വാധീനം കുറയുന്ന രാജ്യങ്ങളിലാണ് കുറ്റകൃത്യങ്ങൾക്കു ശമനം വരുന്നത്. എല്ലാ ഭീകരതയ്ക്കും തുടക്കം മതം തന്നെയാണ്. ബിൽലാദനം ഹിറ്റലറും ഗോഡ്സെയും മതത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. ഭഗവദ് ഗീത ഉരുവിട്ടുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ഒറ്റുകാരനായ യൂദാസും യേശുവിനൊപ്പം നടന്നവനായിരുന്നു. അവനും കേട്ടുവളർന്നത് ദൈവിക പ്രഭാഷണങ്ങൾ തന്നെയായിരുന്നു. മുപ്പതു വെള്ളിക്കാശിന് അവൻ ഗുരുവിനെ ഒറ്റു കൊടുത്തെങ്കിൽ, ഇന്നുള്ള അൾത്താരയുടെ ഒറ്റുകാർ തട്ടിയെടുക്കുന്ന കോടാനുകോടി വെള്ളിക്കാശുകളുടെ കണക്കുകൾ എത്രയെന്നു വിവരിക്കാനും സാധിക്കില്ല. 'ചർച്ച് ആക്റ്റ്' അവരെ ഭയപ്പെടുത്തുന്നു. അവരുടെ സ്വത്തുക്കളുടെ മേലുള്ള സർക്കാരിന്റെ ഓഡിറ്റിനെയും നിഷേധിക്കുന്നു. ആദിമസഭയിലെ വ്യവസ്ഥിതിയെ അംഗീകരിക്കാനും തയ്യാറല്ല.

ഏതോ കാലത്ത് ആരോ ഉണ്ടാക്കിവെച്ച മതനിയമങ്ങൾ നാം എല്ലാ കാലത്തും ഒരുപോലെ പരിപാലിക്കണമെന്നില്ല. മതേതരത്വ രാജ്യമെന്നു വിചാരിച്ചിരുന്ന,  ഇന്ത്യയിൽ' പൗരത്വ അവകാശത്തിനു തന്നെ മാറ്റം വരുത്തിയിരിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം കൊടുക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മുസ്ലിമുകളെ അകറ്റി നിർത്തിക്കൊണ്ടുള്ള   നിയമം ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് നാം ശരിയെന്നു വിചാരിക്കുന്നത് നാളെ ശുദ്ധ അബദ്ധമായി മാറുമെന്നുള്ളതാണ് സത്യം.

സ്വവർഗ ജീവിതം സഭയുടെ നിയമം അനുസരിച്ച് പാപം! എന്നാൽ സ്വവർഗ വിവാഹം  ഔദ്യോഗികമായി സർക്കാർ അനുവദിച്ചുകഴിഞ്ഞു. ഇന്നലത്തെ അബദ്ധം ഇന്ന് ആചാരമാകുംപോലെ ഇന്നത്തെ ആചാരം നാളത്തെ അബദ്ധമാകാം! മതം ഒരു വ്യവസായമായി പോവുന്നു. അതിന്റെ ലാഭം പുരോഹിതർക്ക് മാത്രം! അല്മേനി നിക്ഷേപിക്കുന്ന പൈസയുടെ മുതലും പലിശയും കൂട്ടി സ്വർഗത്തിൽ ലഭിക്കും. അത്തരം ഒരു തട്ടിപ്പാണ് മതപ്രസ്ഥാനങ്ങളും പുരോഹിതരും നടത്തുന്നത്.

ഇന്ത്യയിൽ പുതിയ കാർ വന്നപ്പോൾ അംബാസഡർ കമ്പനിക്കാർ പുത്തനായി വന്ന കാർ നിർമ്മാതാക്കളുടെ ലൈസൻസ് റദ്ദാക്കാൻ ശ്രമിച്ചിരുന്നു. അവരുടേത് നിലനിർത്താനും ശ്രമിച്ചിരുന്നു.  കാലം മാറിയപ്പോൾ മതത്തിനു പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ലൂസിയുടെ പുസ്തകം സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നു! മാറ്റങ്ങൾ കൂടിയേ തീരൂ! ചർച്ച് ആക്റ്റും സ്ത്രീകൾക്ക് പൗരാഹിത്യം കൊടുക്കേണ്ടതുമായ സാമൂഹിക മാറ്റങ്ങൾക്കും തുടക്കമിടുന്നു.

കത്തോലിക്ക മതത്തിനുമാത്രമായി ദൈവം ഇല്ലെന്ന് മാർപാപ്പയും പറഞ്ഞു. "സ്വവർഗ രതിക്കാരെ വിധിക്കാൻ' ഞാൻ ആരെന്നുള്ള" ഫ്രാൻസീസ് മാർപാപ്പയുടെ പ്രസ്താവനയും സഭയുടെ ഒരു വിപ്ലവ മുന്നേറ്റമായിരുന്നു. എങ്കിലും മതത്തിനു മാറ്റം സംഭവിക്കണമെങ്കിൽ ആയിരം കൊല്ലം വേണ്ടി വരുന്നു. മതത്തിന്റെ പരിണാമം വളരെ സാവധാനമാണ്. മാറ്റങ്ങൾ മൂലം ശതകോടി വർഷങ്ങളുടെ ചരിത്രമറിയുന്ന ദൈവത്തിന്റെ ത്രികാല ജ്ഞാനവും  മാറ്റേണ്ടതായി വരുന്നു. ആയിരം വർഷം മുമ്പ് നടപ്പാക്കിയിരുന്ന സ്വവർഗാനുരാഗികളെ മതഭ്രഷ്ട് കല്പിച്ചിരുന്നതും സവർണ്ണ ജാതി വ്യവസ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നു. ഇത്രമാത്രം ത്രികാല ജ്ഞാനമുള്ള ഈ ദൈവത്തിന് അന്നുണ്ടാക്കിയ നിയമങ്ങൾ ഒക്കെ മാറ്റപ്പെടുമെന്നു അറിഞ്ഞു കൂടായിരുന്നോ? ഇപ്പോഴത്തെ മാർപാപ്പ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ആളാണ്‌. അപ്പോൾ വിശ്വാസത്തിനും പരിക്കേൽക്കും. അതും മതത്തിന് ഒരു വെല്ലുവിളിയായി തീരുന്നു.





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...