ജോസഫ് പടന്നമാക്കൽ
അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റക്കാരിൽ ഇന്ത്യൻ വംശജരാണ് ഏറ്റവും വലിയ സമൂഹം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ കൂട്ടമായി യുഎസിൽ വരാൻ തുടങ്ങിയത് കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിലാണ്. ജനസംഖ്യയുടെ കാര്യത്തിൽ മെക്സിക്കോക്കാരേക്കാളും ചൈനാക്കാരേക്കാളും ഇന്ത്യക്കാർ മുന്നിൽ നിൽക്കുന്നു. ഏറ്റവും വിദ്യാഭ്യാസമുള്ള സമൂഹവും ഇൻഡ്യക്കാർതന്നെ. മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും ഇന്ത്യൻ സമൂഹങ്ങളിൽ മൂന്നിരട്ടി ബിരുദധാരികളുമുണ്ട്. അമേരിക്കയിലെ ഏതു വംശീയ (Ethnic) സമൂഹങ്ങളെക്കാളും സാമ്പത്തിക ഉന്നമനം നേടിയിട്ടുമുണ്ട്. ശരാശരി അമേരിക്കൻ ആളോഹരി വരുമാനത്തിന്റെ ഇരട്ടി വരുമാനം ഇൻഡ്യക്കാർക്കുണ്ട്. സാമ്പത്തികമായി പിന്നിൽ നിന്ന ഒരു രാജ്യത്തുനിന്നും അമേരിക്കയിൽ വന്ന ഇന്ത്യക്കാർ ഇന്ന് ഏറ്റവും സമ്പന്നമായത്, തീർച്ചയായും വിസ്മയകരവും നമുക്കു അഭിമാനകരവും തന്നെ.
ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാ ദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ളവരെ സൗത്ത് ഏഷ്യക്കാരായി കരുതിയിരുന്നു. സൗത്ത് ഏഷ്യാക്കാർ സ്പെയിനിന്റെ കൊളോണിയൽ പ്രദേശങ്ങളായ മെക്സിക്കോയിൽക്കൂടി എ.ഡി 1500-നു മുമ്പു തന്നെ അമേരിക്ക ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ വാസം ഉറപ്പിച്ചിരുന്നു. 1820 നു മുമ്പ് നിരവധി ജനങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും എത്തിയിരുന്നു. ചരിത്രകാരനായ 'വിവേക ബാൾഡ്' ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഏഷ്യൻ കുടിയേറ്റക്കാർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടായപ്പോൾ അവരുടെ സമൂഹം അമേരിക്ക മുഴുവനായി വ്യാപിച്ചിരുന്നു. ഏ.ഡി 1900 മുതൽ ക്യാനഡായിൽ കുടിയേറ്റം വർദ്ധിച്ചതോടെ ഐക്യനാടുകളിലും (USA) കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കാനിടയായി. പഞ്ചാബികളായ തൊഴിലാളികൾ തടി മില്ലുകളിലും റെയിൽ റോഡുകളിലും കൃഷി സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അവർ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വന്ന സമൂഹങ്ങൾക്കൊപ്പം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ഏഷ്യൻ കുടിയേറ്റക്കാർ ഒരു ഭീഷണിയായി ദേശീയരായ അമേരിക്കക്കാർ കരുതുകയും അവരെ വെറുക്കുകയും ചെയ്തിരുന്നു. അവർക്കെതിരെ ആക്രമണങ്ങളും കൊള്ളകളും നിത്യ സംഭവങ്ങളായിരുന്നു.
1910-ൽ റയിൽവേയിലും തടി മില്ലുകളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ കാലിഫോർണിയായിൽ കാർഷിക കോട്രാക്ട് ജോലികളിലും ഏർപ്പെടുവാൻ തുടങ്ങി. അനേകം കാർഷിക തൊഴിലാളികളെ ധാന്യ വിളകൾ വിളയിക്കുന്ന കർഷക മുതലാളികൾക്ക് ആവശ്യമായി വന്നു. കാർഷിക ജോലികളിൽ വളരെ പ്രാവിണ്യം നിറഞ്ഞിരുന്ന ഇന്ത്യക്കാർ കൃഷിക്കാരുടെ പുരയിടങ്ങളിൽ താമസിച്ച് ദിവസക്കൂലിക്കാരായി ജോലിചെയ്തിരുന്നു. ബാങ്കിൽനിന്നും കടമെടുത്ത് അവർ ഏക്കർ കണക്കിന് സ്ഥലങ്ങൾ മേടിക്കാനും തുടങ്ങി. 1914-ൽ ഏഷ്യൻ ഇന്ത്യൻ വംശജർ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കർഷക സമൂഹങ്ങളുമായി മാറി. അവർ ഉൾനാടുകളിലുള്ള കൃഷി സ്ഥലങ്ങളിൽനിന്നും മദ്ധ്യ കാലിഫോർണിയയിൽ താമസമാക്കി, ഒരു സ്വതന്ത്ര വംശം സ്ഥാപിക്കുകയുമുണ്ടായി. അവർ കഠിനാധ്വാനികളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായിരുന്നു. ഈ സമൂഹം സാമ്പത്തികമായി ഉയരുന്നതുമൂലം മറ്റു വെള്ളക്കാരായ കർഷകപ്രമാണികളുടെ വെല്ലുവിളികളും നേരിടേണ്ടി വന്നു. 1920 -ൽ വെള്ളക്കാരുമായുള്ള മത്സരം മൂലം ഏഷ്യൻ ഇന്ത്യക്കാരോടുള്ള വെള്ളക്കാരുടെ ശത്രുത വളരെയേറെ വർദ്ധിക്കുകയുമുണ്ടായി.
സൗത്ത് ഏഷ്യാക്കാരെ അക്കാലങ്ങളിൽ 'ഹിന്ദൂസ് ' എന്ന് വിളിച്ചിരുന്നു. കൂടാതെ അപകടകാരികളായ, അരോചകമായ തൊഴിലാളികൾ എന്നും പരിഹസിച്ചു. ഇന്ത്യയിൽ ബ്രിട്ടന്റെ കൊളോണിയൽ ഭരണം അവസാനിപ്പിച്ചു സ്വാതന്ത്ര്യം നേടാനുള്ള അമേരിക്കൻ പിന്തുണ അമേരിക്കൻ ഐക്യനാടുകൾക്ക് അപകടകരമാണെന്നും വിലയിരുത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഇൻഡ്യക്കാർക്കെതിരെ വിവേചനവും ശക്തമായികൊണ്ടിരുന്നു. അവർക്കെതിരെ തൊഴിൽ മേഖലകളിലും സാമൂഹിക തലങ്ങളിലും പീഡനങ്ങളുമുണ്ടായിരുന്നു. മറ്റുള്ള ഏഷ്യൻ കുടിയേറ്റക്കാരെപ്പോലെ ഇവരെ ഭൂമി സ്വന്തമാക്കുന്നതിന് അനുവദിച്ചിരുന്നില്ല. കാലിഫോർണിയായിലെ ചില ടൗണുകളിൽ നിന്നും മൃഗീയമായി പുറത്താക്കാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടായപ്പോൾ സൗത്ത് ഏഷ്യക്കാരെ ഒഴിവാക്കുന്നത് ഒരു ദേശീയ പ്രശ്നമായി മാറി. 1911-ലെ 'യു. എസ് ഇമ്മിഗ്രെഷൻ കമ്മിഷൻ' സൗത്ത് ഏഷ്യാക്കാരെ രാജ്യത്തിന് ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി ഗൗനിച്ചുകൊണ്ടു അവരെ യു. എസ്. എ യിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
വെള്ളക്കാരുടെ നേതൃത്വത്തിൽ ഏഷ്യാറ്റിക് എക്സ്ക്ലൂഷൻ ലീഗ് (AEL) എന്ന ഒരു സംഘടനയുണ്ടായി. ഈ സംഘടന ചൈനാക്കാരെയും ജപ്പാൻകാരെയും എതിർക്കുന്നതിനൊപ്പം കാലിഫോർണിയയിൽ എത്തിയ മൂവായിരം ഏഷ്യൻ ഇന്ത്യക്കാരെയും പീഡിപ്പിക്കാൻ തുടങ്ങി. ഏഷ്യൻ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിക്ഷേധങ്ങൾ ശക്തമായിക്കൊണ്ടിരുന്നു. സൗത്ത് ഏഷ്യാക്കാരുടെ കുടിയേറ്റം സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസ്സിൽ വാദപ്രതിവാദങ്ങളുണ്ടായി. അവരെ ഒഴിച്ചുനിർത്തികൊണ്ടുള്ള കുടിയേറ്റങ്ങൾക്കായിരുന്നു അന്നുണ്ടായിരുന്ന നിയമനിർമ്മാണ സമിതികൾ അനുകൂലിച്ചിരുന്നത്. അനേക വർഷങ്ങളുടെ പ്രതിക്ഷേധങ്ങളും ഒച്ചപ്പാടുകൾക്കും ശേഷം സമരം വിജയിക്കുകയും 1917-ൽ, സൗത്ത് ഏഷ്യാക്കാരെ ഒഴിച്ചുനിർത്തിക്കൊണ്ട് ഒരു കുടിയേറ്റ നിയമം പാസ്സാക്കുകയും ചെയ്തു. 'സുപ്രീം കോർട്ടും' 'ഭഗത് സിങ്ങുമായ' കേസിൽ ഇന്ത്യക്കാരെ 'വെളുത്ത വർഗ്ഗക്കാരായി ' കണക്കാക്കില്ലെന്നും വിധിയുണ്ടായി. അതുമൂലം ഇന്ത്യക്കാർക്കും സ്ഥിരമായ കുടിയേറ്റം അനുവദിക്കില്ലെന്നും നിയമം വന്നു. സ്ഥിരം കുടിയേറ്റാവകാശം ലഭിച്ചവർക്ക് പൗരത്വം നിഷേധിക്കുകയുമുണ്ടായി.
അഞ്ഞൂറു മില്യൺ ജനങ്ങൾ വസിക്കുന്ന ഒരു ഭൂഖണ്ഡത്തെ തന്നെ അമേരിക്കൻ കുടിയേറ്റ നിയമം നിരോധിച്ചു. പടിഞ്ഞാറുള്ള പല സ്റ്റേറ്റുകളും സൗത്ത് ഏഷ്യാക്കാർക്ക് ഭൂമി വാങ്ങിക്കുവാനോ ലീസ് (Lease) ചെയ്യാനോ പാടില്ലാന്നുള്ള നിയമവും പാസ്സാക്കി. 1923-ലെ 'ഭഗത് സിങ് തിൻഡ്' കേസനുസരിച്ച് സൗത്ത് ഏഷ്യാക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പാടില്ലെന്നും വിധിയുണ്ടായി. ഈ നിയമങ്ങൾ മൂലം സൗത്ത് ഏഷ്യൻ സമൂഹങ്ങൾ തന്നെ രാജ്യത്ത് ചുരുങ്ങാൻ കാരണമായി. സൗത്ത് ഏഷ്യാക്കാർ അമേരിക്കയിൽ നാമമാത്രമായി നിലനിൽക്കുകയും ചെയ്തു. 1924 -ൽ സ്ഥിരമായി താമസിച്ചുകൊണ്ടിരുന്ന രണ്ടു ശതമാനം കുടിയേറ്റക്കാർക്കു മാത്രം ഗ്രീൻ കാർഡ് കൊടുക്കാനുള്ള നിയമം പാസാക്കി. അടുത്ത ഇരുപതു വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറായി ചുരുങ്ങി. 1946-ൽ 'ലൂസ്-സെല്ലെർ'ബിൽ (Luce-Celler Bill) വീണ്ടും പുനഃസ്ഥാപിക്കുകയും ഏഷ്യൻ ഇന്ത്യക്കാർക്ക് നിയന്ത്രിതമായി കുടിയേറ്റം നൽകുകയും ചെയ്തു. 1947-നും 1965-നുമിടയിൽ 6000 ഇന്ത്യക്കാർ നിയമാനുസ്രതം അമേരിക്കയിൽ പ്രവേശിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ രാജ്യമായിരുന്ന ഇന്ത്യയും അമേരിക്കയോടൊപ്പം യുദ്ധത്തിൽ സഹകരിച്ചിരുന്നു. അമേരിക്കയിൽ മാറ്റങ്ങളുടെ തുടക്കവും ആരംഭിച്ചു. യു എസിലുള്ള സൗത്ത് ഏഷ്യാക്കാർ കുടിയേറ്റ നിയമങ്ങൾക്ക് ഭേദഗതി വരുത്തണമെന്ന ആവശ്യമായി അമേരിക്കൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ നേടാനും ശ്രമവും തുടങ്ങി. 1946-ലെ 'ലൂസ് സെല്ലർ' നിയമം സൗത്ത് ഏഷ്യാക്കാർക്കു അമേരിക്കൻ പൗരത്വം നൽകാനും തീരുമാനിച്ചു. എങ്കിലും കുടിയേറ്റം അനുവദിക്കുന്നതിലും വിവേചനമുണ്ടായിരുന്നു. ഒരു വർഷം നൂറു ഇന്ത്യക്കാർക്കു മാത്രം 'ക്വാട്ട' അനുവദിച്ചു. സൗത്ത് ഏഷ്യാക്കാർ അമേരിക്കയിൽ വരുന്നതിൽ തന്നെ നിയന്ത്രണമുണ്ടായിരുന്നു. 1960-ൽ അമേരിക്കയിൽ സൗത്ത് ഏഷ്യക്കാരായി പന്തീരായിരം കുടിയേറ്റക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. അതായത്, സൗത്ത് ഏഷ്യാക്കാർ വിദേശ കുടിയേറ്റക്കാരിൽ അര ശതമാനം മാത്രമായിരുന്നു . അവിടെയാണ് 1965-ലെ സംഭവബഹുലമായ ലിണ്ടൻ ബി ജോൺസന്റെ കുടിയേറ്റ നിയമം വരുന്നത്.
മാർട്ടിൻ ലൂതർ കിങ്ങിന്റെ കാലത്തുണ്ടായ അമേരിക്കൻ ജനതയുടെ പൗരാവകാശ പോരാട്ടങ്ങൾ, കുടിയേറ്റ നിയമങ്ങളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് വഴിതെളിയിച്ചു. 1920 മുതലുള്ള ഇമ്മിഗ്രെഷൻ ക്വാട്ടയിൽ (quota) മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമങ്ങൾ പുറപ്പെടുവിച്ചു. ലിംഗം,നിറം, വർഗം, ദേശീയത, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം പരിഗണിക്കാതെ കുടിയേറ്റ വിസാകൾ നൽകാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. കൂടാതെ രാജ്യത്തിനാവശ്യമായ തൊഴിലുകൾക്കധിഷ്ഠിതമായി വിസാ നൽകാനും തീരുമാനം എടുത്തു. മാതാപിതാക്കൾ, സഹോദരങ്ങൾ മുതലായ അടുത്ത ബന്ധു ജനങ്ങളെ കൊണ്ടുവരാമെന്നുള്ള ഭേദഗതികളും കുടിയേറ്റ നിയമങ്ങളിൽ കൂട്ടിച്ചേർത്തു. വിവേചനം അവസാനിപ്പിക്കണോ ; കൂട്ടമായി കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക് ആകർഷിക്കണോ എന്നെല്ലാമുള്ള വാദ പ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു. നിയമം ഉണ്ടാക്കുന്നവരുടെ മനസ്സിൽ ഇന്നും വർഗ വിവേചനം കുടികൊള്ളുന്നുണ്ട്. ഏഷ്യൻ കുടിയേറ്റക്കാരുടെ ചർച്ചകൾ വരുന്ന സമയങ്ങളിൽ അവർക്കുള്ള ആനുപാതികമായ പങ്ക് (ക്വാട്ട) തടയാനുള്ള ശ്രമങ്ങൾ സ്പഷ്ടമായി കാണാം.
അമേരിക്കൻ കോൺഗ്രസ്സ്, ഏഷ്യൻ അമേരിക്കക്കാർക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാകിസ്ഥാൻ, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തുടരുന്നു. പുതിയ കുടിയേറ്റ നിയമം വിദ്യാഭ്യാസമുള്ളവർക്കും വൈദഗ്ധ്യമുള്ള തൊഴിലുകൾ (Skilled)ചെയ്യുന്നവർക്കും തുറന്നു വെച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അവരുടെ വിദ്യാഭ്യാസ രീതികൾക്കും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ആഗോള മാർക്കറ്റിൽ മത്സരിക്കാൻ വിദ്യാഭ്യാസത്തോടൊപ്പം ധാരാളം പേർക്ക് തൊഴിൽ മേഖലകളിൽ ഉള്ള വൈദഗ്ദ്ധ്യവും നൽകി വരുന്നു. ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരെ മുഴുവനായി ഉൾക്കൊള്ളാൻ നമ്മുടെ സമ്പദ് വ്യവസ്ഥക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ തേടി ഇന്ത്യക്കാർ പോവുന്നു. 1980 മുതൽ 2013 വരെയുള്ള കണക്കിൽ 206,000 കുടിയേറ്റക്കാരിൽ നിന്നും 2.4 മില്യൺ ഇന്ത്യൻ കുടിയേറ്റക്കാർ ഈ രാജ്യത്ത് വന്നിട്ടുണ്ട്. ഓരോ പത്തു വർഷത്തിലും അവരുടെ എണ്ണം ഇരട്ടിയാകുന്നു. 1990-ൽ സ്ഥിരം കുടിയേറ്റക്കാരുടെയും താൽക്കാലിക കുടിയേറ്റക്കാരുടെയും എണ്ണം വർദ്ധിച്ചു. 2014-ൽ 316,000 എച്ച് വൺ വിസ യിൽ വന്നവരിൽ 70 ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യകാരാണ് ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസയിൽ ഈ നാട്ടിൽ വരുന്നവർ. അതുപോലെ പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ബംഗ്ളാദേശിൽ നിന്നും കുടിയേറ്റക്കാർ ഇരട്ടിച്ചിട്ടുണ്ട് .
ന്യൂ ജേഴ്‌സി, ന്യൂ യോർക്ക്, കാലിഫോർണിയ എന്നിവടങ്ങളിൽ ഇന്ത്യക്കാർ കൂട്ടമായി സ്ഥിരതാമസം തുടങ്ങി. ടെക്‌സാസ് , മിനിസോട്ട, ജോർജിയ, നോർത്ത് കരോലിന സ്ഥലങ്ങളിൽ വീടുകളും പണിയാൻ തുടങ്ങി. 'നിക്കി ഹാലി', ബോബി ജിൻഡാൽ മുതൽ അമേരിക്കൻ സ്റ്റേറ്റുകളിൽ ഗവർണർമാർ വരെ ആകുന്ന ചരിത്രവുമുണ്ടായി. സാങ്കേതിക രംഗത്തും അനേകം ടെക്ക്നിക്കൽ നേതാക്കന്മാരുണ്ടായി. ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്ട് മേധാവി സത്യ നഡെല്ല, അഡോബി മേധാവി ശന്തനു നാരായണ്‍ മുതൽപേർ ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ്.
അതേസമയം അനേകം ഇന്ത്യക്കാരും സൗത്ത് ഏഷ്യക്കാരും സാമ്പത്തീകം, സാമൂഹികം രാഷ്ട്രീയം എന്നീ തലങ്ങളിൽ നിലനിൽപ്പിനായി പട പൊരുതേണ്ടിയും വന്നു. ഇംഗ്ളീഷ് ഭാഷ പരിജ്ഞാനക്കുറവു മൂലം ആദ്യകാല ഇന്ത്യക്കാർ പലപ്പോഴും ചൂഷണത്തിന് വിധേയമായിരുന്നു. സ്വദേശികളായ അമേരിക്കരിൽ നിന്നും വെറുപ്പുകളും (Hate crimes) പീഡനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഓക്ക് ക്രീക്ക്, വിസ്കോൺസിൻ എന്നിവടങ്ങളിൽ സിക്കുകാരുടെ അമ്പലങ്ങൾ തകർത്തിട്ടുണ്ട്. 2012 മുതൽ നിയമപരമല്ലാത്ത കുടിയേറ്റക്കാരും രാജ്യത്തു വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1990 നു ശേഷം അനധികൃതരുടെ എണ്ണം കണക്കില്ലാതെ വർദ്ധിക്കുകയുമുണ്ടായി.
വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളിൽ താമസിച്ച നിരവധി പേർ തങ്ങളുടെ വ്യക്തിത്വവും നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. അവരിൽ ശാസ്ത്രജ്ഞരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും നോബൽ സമ്മാന ജേതാക്കളുമുണ്ട്. അന്യനാടുകളിലാണെങ്കിലും അവിടെയുള്ളവരുടെ സംസ്‌കാരങ്ങളിൽ ലയിച്ചു ജീവിക്കുന്നതുകൊണ്ടാണ് അവർക്ക് വിജയങ്ങൾ നേടാൻ സാധിച്ചത്. അറബിയുടെ നാട്ടിൽ അറബിയെപ്പോലെയും സായിപ്പിന്റെ നാട്ടിൽ സായിപ്പിനെപ്പോലെയും ജീവിക്കാൻ പ്രവാസികൾ പഠിച്ചു. എന്നിരുന്നാലും നാടിന്റെ സംസ്‌കാരങ്ങളും നിലനിർത്താൻ അവർ അതീവ തല്പരരായിരുന്നു. നിരവധി പ്രാദേശികമായ സംഘടനകൾ രൂപീകരിച്ച് ഓണവും ക്രിസ്തുമസും ദീപാവലിയും ശിവരാത്രിയുമെല്ലാം ആചരിക്കുന്നു. അതുമൂലം നാടിന്റെ സംസ്ക്കാരം നിലനിർത്തുന്നതിനും പ്രേരണ ലഭിക്കുന്നു. ക്ഷേത്രങ്ങൾ, അരമനകൾ, മോസ്കുകൾ, പള്ളികൾ എന്നിങ്ങനെ ഓരോ മതങ്ങളുടെയും ആചാരങ്ങളനുസരിച്ച് സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടിയേറ്റക്കാർ വ്യത്യസ്തരാണ്. അമേരിക്കയിൽ ജീവിക്കാൻ സാമ്പത്തികമായി കഴിവുള്ളവർക്കാണ് ബന്ധു വിസ അനുവദിക്കാറുള്ളത്. ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാ കുടിയേറ്റക്കാരും സ്വതന്ത്രമായ മനസോടെ അവരവരുടെ ഇഷ്ടത്തിന് ഇവിടെ വന്നവരാണ്. ജോലിക്കായി വന്നവരെല്ലാം യുവാക്കളായിരുന്നു. ഓരോരുത്തർക്കും പഠിച്ചതിനനുസരിച്ച് തൊഴിൽ പ്രാവണ്യവും നേടണമായിരുന്നു. അതുകൊണ്ട് ജോലിചെയ്യുന്നവർക്കു വലിയ വേതനം പണം മുടക്കുന്ന തൊഴിൽ ദാദാവിന് (Employer) നൽകേണ്ടി വന്നില്ല.
ജനിച്ചുവളർന്ന ഇന്ത്യയുടെ മൂല്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് വിവാഹ മോചനങ്ങൾ വളരെ വിരളമായി മാത്രമേ ഇന്ത്യൻ സമൂഹങ്ങളിൽ സംഭവിക്കുന്നുള്ളൂ. ഒരു സ്ത്രീക്കോ പുരുഷനോ ഒറ്റക്ക് കുടുംബജീവിതം നയിക്കേണ്ടി വരുന്നില്ല. ഭാര്യയും ഭർത്താവും ഒന്നിച്ച് ജോലി ചെയ്യുന്നതുകൊണ്ട് കുടുംബങ്ങൾ സാമ്പത്തികമായും മെച്ചപ്പെടുന്നു. അമേരിക്കൻ ജനതയിൽ 60 ശതമാനം കുടുംബങ്ങൾ മാതാപിതാക്കളുമൊത്തു ജീവിക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം കുട്ടികൾ മാതാപിതാക്കന്മാരുമായി ഒത്തൊരുമിച്ചു ജീവിക്കുന്നവരാണ്. ഇന്ത്യയിൽ നിന്നും വരുന്ന കുടിയേറ്റക്കാർ മൂന്നിൽ രണ്ടു വിഭാഗം ഇരുപതിനും മുപ്പത്തിയഞ്ചിനും വയസിനിടയിലുള്ളവരാണ്. ഇന്ന്, വിദേശികളായ സൗത്ത് ഏഷ്യാക്കാരുടെ എണ്ണം 41 മില്യൺ ആയി വർദ്ധിച്ചിരിക്കുന്നു. അവർ അമേരിക്കൻ ജനസംഖ്യയുടെ പതിമൂന്നു ശതമാനമുണ്ട്. സൗത്ത് ഏഷ്യൻ സമൂഹത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ അമ്പതു വർഷങ്ങളിൽ മാത്രമാണ് അവരുടെ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നു പറയാൻ സാധിക്കുള്ളൂ.
1965 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ കുടിയേറ്റ ചരിത്രത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നു. പ്രസിഡന്റ് 'ലിണ്ടൻ ബി ജോൺസൺ' 1965-ൽ കുടിയേറ്റ നിയമ ബില്ലിൽ ഒപ്പിട്ടു. ഈ ബില്ലിനെ ഹാർട്ട് സെല്ലെർ ആക്ട് (Hart-Celler Act) എന്ന് പറയുന്നു. ഇന്ത്യക്കാർക്ക് നിശ്ചിതമായിരുന്ന വിസാ ക്വാട്ടകൾ നീക്കം ചെയ്തു. പകരം, ഓരോരുത്തരുടെ തൊഴിലിന്റെ കഴിവനുസരിച്ചും പ്രൊഫഷണൽ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഗ്രീൻ കാർഡ് നൽകാനായിരുന്നു നിയമം. 1970 നു ശേഷം അനേകം ഏഷ്യൻ ഇന്ത്യക്കാർ ചെറുകിട ബിസിനസുകൾ ആരംഭിച്ചു. റെസ്റ്റോറന്റ്, ട്രാവൽ ഏജൻസികൾ, മോട്ടലുകൾ മുതലായവകളാരംഭിച്ചു. ഏഷ്യൻ ഇന്ത്യക്കാർ സ്റ്റുഡന്റ് വിസായിലും വന്നെത്തിയിരുന്നു. 1990 -ൽ അവരുടെ ജനസംഖ്യ എട്ടുലക്ഷത്തോളമുണ്ടായിരുന്നു. 1990-ൽ ടെക്കനോളജി ഡിഗ്രിയുള്ളവർക്കും ഐറ്റി പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്കും വിസ നൽകി വന്നു. എ.ഡി. 2000-മായപ്പോൾ കോളേജുകൾ മുഴുവൻ ഇന്ത്യക്കാരായ സമർത്ഥരായ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്നു.
Sikh immigrants, California (1910)
Yearbook of Immigration Statistics, 2008 |
No comments:
Post a Comment