ജോസഫ് പടന്നമാക്കൽ
ദേശീയ സാമ്പത്തിക പുരോഗതിക്കായുള്ള ആസൂത്രണമാണ് പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിക്കുന്നത്. ഓരോ പദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ചുമതലയിലായിരിക്കും. 1928-ൽ ജോസഫ് സ്റ്റാലിൻ പഞ്ച വത്സര പദ്ധതികൾ റഷ്യയിൽ ആവിഷ്‌ക്കരിച്ചിരുന്നു. അനേക കമ്മ്യുണിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങളും പഞ്ചവത്സര പദ്ധതികൾ തങ്ങളുടെ ദേശീയ നയങ്ങളായും സ്വീകരിച്ചു. ചൈനയും പഞ്ചവത്സര പദ്ധതികളിലൂടെയാണ് ദേശീയ സാമ്പത്തിക പദ്ധതികൾ നടപ്പാക്കിയിരുന്നത്. 1951-ൽ ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കമിട്ടു. ജവഹർലാൽ നെഹ്രു വിഭാവന ചെയ്ത പഞ്ചവത്സര പദ്ധതികൾ തികച്ചും സോഷ്യലിസ്റ്റ് ആശയങ്ങളുൾക്കൊണ്ടതായിരുന്നു.
പഞ്ചവത്സര പദ്ധതികൾ 1951 മുതലാണ് തുടങ്ങിയതെങ്കിലും അതിന് വളരെ മുമ്പ് മുതലേ താത്ത്വികമായി പദ്ധതികൾക്കു തുടക്കമിട്ടിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് 1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 1944-ൽ ബോംബെ പ്ലാനും ഗാന്ധിയൻ പ്ലാനും ആവിഷ്ക്കരിച്ചു. 1945-ൽ യുദ്ധത്തിനു ശേഷമുള്ള രാജ്യത്തിന്റെ പുരോഗതിക്കായി ജനകീയ പദ്ധതി തയാറാക്കിയിരുന്നു. 1950-ൽ ജയപ്രകാശ നാരായൻ സർവോദയ പ്ലാൻ നിർദ്ദേശിച്ചിരുന്നു.
പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക വളർച്ചയെന്നുള്ളതാണ്. അതുവഴി രാജ്യത്തെ സമ്പന്നമാക്കുകയെന്നതാണ്. ആദ്യകാല ഘട്ടങ്ങളിൽ ഇന്ത്യക്കാരന്റെ ആളോഹരി വരുമാനം വളരെ പരിതാപകരമായിരുന്നു. നിയന്ത്രാണാതീതമായ ജനസംഖ്യയും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിച്ചിരുന്നു. സാധാരക്കാർക്കും പങ്കാളികളാകാവുന്ന വിധത്തിലുള്ള നിരവധി സേവിങ് പദ്ധതികളും വ്യവസായിക മുതൽ മുടക്കുകളും ഓരോ പഞ്ചവത്സര പദ്ധതികളിലും പ്രോത്സാഹിപ്പിക്കേണ്ടതായുണ്ടായിരുന്നു.
രണ്ടു നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് ഭരണം മൂലം നിശ്ചലമായിരുന്ന ഇന്ത്യൻ സാമ്പത്തികത്തെ കര കയറ്റുകയെന്നതും സ്വതന്ത്രാനന്തര ഇന്ത്യയുടെ വെല്ലുവിളികളായിരുന്നു. ആസൂത്രണ ചിന്തകർ, സാമ്പത്തിക പുരോഗമനത്തിനായി ഗഹനമായി പഠിക്കുകയും ചെയ്തിരുന്നു. കൃഷി, വ്യവസായം, വൈദുതി, യാത്രാ സൗകര്യങ്ങൾ എന്നിവകൾക്കു മുൻഗണന നൽകിയിരുന്നു. ദേശീയ വരുമാനവും ആളോഹരി വരുമാനവും വർദ്ധിപ്പിക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ദാരിദ്ര്യം ഇന്ത്യയിൽ നിന്ന് ഉച്ഛാടനം ചെയ്തുകൊണ്ടു ജനങ്ങളുടെ ക്ഷേമ നിലവാരം ഉയർത്തുവാനുള്ള ലക്ഷ്യങ്ങളും ആസൂത്രണ പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നു.
സാമ്പത്തിക പുരോഗമനം കൂടാതെ സാമൂഹികമായ നീതിയും പദ്ധതിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. വരുമാനത്തിനനുസരിച്ച് ചെലവുകൾ നിർവഹിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലുള്ള സാമ്പത്തികം വിഭാവനയും ചെയ്തിരുന്നു. സമ്പത്തു മുഴുവൻ ഏതാനും പേരുടെ കൈകളിൽ മാത്രമെന്നുള്ള സ്ഥിതിവിശേഷമായിരുന്നു സ്വതന്ത്രാനന്തര ഇന്ത്യയിലുണ്ടായിരുന്നത്. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിൽക്കൂടി ദേശീയ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രക്രിയയെയും എതിർത്തു. സ്വത്തു സമ്പാദിക്കുന്നതിലുള്ള അസമത്വവും ഇല്ലാതാക്കാനുള്ള ചിന്തകളുമുണ്ടായിരുന്നു. ഓരോ പൗരനുമുള്ള വരവു ചെലവുകളും നീതിയുക്തമായിരിക്കണമെന്നും കണക്കാക്കിയിരുന്നു. സാമ്പത്തിക പദ്ധതികളുടെ ഗുണോഭാക്താക്കൾ ദരിദ്രർ ആയിരിക്കണമെന്ന ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കണമെന്ന പദ്ധതികൾക്കു മുൻഗണന നൽകിയത് അഞ്ചാം പദ്ധതി കാലത്തായിരുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തീവ്ര പദ്ധതികളൂം പരിഗണിച്ചിരുന്നു. എങ്കിലും തൊഴിലില്ലായ്‌മ രൂക്ഷമായതല്ലാതെ ദേശീയമായി ഒന്നും നടപ്പാക്കാൻ സാധിച്ചിട്ടില്ല. 1978-83-ൽ ആറാം പദ്ധതിയിൽ ജനതാ സർക്കാരിന്റ കാലത്ത് തൊഴിൽ പദ്ധതികൾക്ക് പ്രാധാന്യം നൽകി. എന്നാൽ ഏഴാം പദ്ധതി (1985-90) തൊഴിൽ നയങ്ങളെ അവഗണിക്കുകയായിരുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്‌മ വർദ്ധിക്കുകയും അനേകായിരങ്ങൾ തൊഴിലില്ലാത്തവരുമായി തീരുകയും ചെയ്തു. തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം 34.24 ലക്ഷത്തിൽ നിന്ന് 1999 -ൽ 402 ലക്ഷമായി വർദ്ധിക്കുകയുമുണ്ടായി.
രാജ്യം സ്വയം പര്യാപ്തി നേടുകയെന്നത് ഓരോ പഞ്ച വത്സരപദ്ധതികളുടെയും പ്രകടന പത്രികളിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ നാം സ്വയം മുന്നേറണമെന്നുള്ള തത്ത്വമാണ് ഇതിലുള്ളത്. ഒന്നാം പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ വൻതോതിൽ ഭക്ഷണ പദാർത്ഥങ്ങൾ പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. അതുപോലെ കൃഷിക്കാവശ്യമുള്ള വളവും അസംസ്കൃത സാധനങ്ങളും വ്യാവസായിക മെഷീനുകളും അതിനോടനുബന്ധിച്ച ഉപകരണങ്ങളും പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. അതിനാൽ, വ്യവസായ നയങ്ങളിൽ ഇന്ത്യക്ക് എന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പോരായ്മകളുണ്ടായിരുന്നു. വിദേശ നാണയങ്ങളും അപര്യാപ്തമായിരുന്നു. ഇറക്കുമതി കുറച്ചുകൊണ്ടുള്ള സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക് മുൻതൂക്കം നൽകിയിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ നാലു പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയിട്ടും ഇന്ത്യ വിഭാവന ചെയ്ത ലക്ഷ്യം നേടാൻ സാധിച്ചിരുന്നില്ല.
പഞ്ചവത്സര പദ്ധതികളിൽക്കൂടിയുള്ള വ്യവസായ നവീകരണം മൂലം നിരവധി നിലവിലുള്ള വ്യവസായങ്ങളെ പുനരുദ്ധരിക്കേണ്ടി വരുന്നു. വിദേശ സഹായത്തോടെയുള്ള നവീകരണ ടെക്‌നോളജികളും ആവശ്യമായി വരുന്നു. കൃഷികാര്യങ്ങളിലും ഊർജത്തിലും ആധുനിക ടെകനോളജികൾ നടപ്പിലാക്കിയെന്നുള്ളത് ശരി തന്നെ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായ വ്യവസായ ആവശ്യത്തിനുള്ള ടെക്‌നോളജി നടപ്പാക്കുക എളുപ്പമല്ല. രാജ്യം മുഴുവൻ ഗുരുതരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു. ദാരിദ്യം അങ്ങേയറ്റവും. വ്യവസായങ്ങൾ ആധുനിവൽക്കരിക്കുമ്പോൾ തൊഴിൽ മേഖലകൾ ഇല്ലാതാകും. തൊഴിലില്ലായ്‌മ വർദ്ധിക്കുകയും ചെയ്യും. ഒരിടത്ത് നവീകരണത്തിനു ശ്രമിക്കുമ്പോൾ മറ്റൊരിടത്ത്, തൊഴിലില്ലായ്മയും ദാരിദ്ര്യവും നീക്കപ്പെടുന്നതിൽ പരാജയപ്പെടുന്നു.
പന്ത്രണ്ടു പദ്ധതികളാണ് നാളിതു വരെ നടപ്പാക്കിയിരുന്നത്. എന്നാൽ എൻഡിഎ സർക്കാർ പഞ്ചവത്സര പദ്ധതികളുടെ അന്തസത്ത ഇല്ലാതാക്കിയിരിക്കുന്നു. പന്ത്രണ്ടാം പദ്ധതിയെ ഇന്ത്യയുടെ അവസാനത്തെ പദ്ധതിയെന്ന് പറയാം. പതിമൂന്നാം പദ്ധതി രാജ്യക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പകരം രാജ്യത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഓരോ പഞ്ചവത്സര പദ്ധതികളുടെയും രത്ന ചുരുക്കം താഴെ വിവരിക്കുന്നു.
1. 1951 ഡിസംബർ എട്ടാം തിയതി ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി നെഹ്‌റു പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയത് 1951 മുതൽ 1956 വരെയുള്ള കാലഘട്ടത്തിലായിരുന്നു. അഭയാർത്ഥി പ്രശ്നങ്ങൾ, ഭക്ഷണം അപര്യാപ്തത, വിലപ്പെരുപ്പം എന്നീ മൂന്നു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ജനപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കുടുംബാസൂത്രണ പദ്ധതികളും ആവിഷ്ക്കരിച്ചു. ഇന്ത്യ പാകിസ്ഥാൻ മൂലമുണ്ടായിരുന്ന വിഭജന കെടുതികളിൽ നിന്നും ഇന്ത്യക്ക് മോചനം നേടേണ്ടതുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളിലും കരകയറേണ്ട ആവശ്യമുണ്ടായിരുന്നു. അഭയാർഥികളെ പാർപ്പിക്കുക എന്നുള്ള പ്രശ്നങ്ങൾക്കും മുൻഗണന നൽകിയിരുന്നു. കൃഷികൾ വികസിപ്പിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുകയും വിലപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതികൾ ആസൂത്രണം ചെയ്തു. ഭക്രാനംഗൽ, ഹിരാക്കുഡ് എന്നീ അണക്കെട്ടുകൾ പണി കഴിപ്പിച്ചു. കൂടാതെ ദാമോദർ വാലി പദ്ധതിക്ക് രൂപകൽപ്പന ചെയ്തു. 1953-ൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ രൂപീകരിച്ചു. ഒന്നാം പഞ്ചവത്സര പദ്ധതി വളരെയേറെ വിമർശനങ്ങളും ഉൾക്കൊണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം താറുമാറായ ഇന്ത്യയുടെ ആവിഷ്‌ക്കാര പദ്ധതികൾ നടപ്പാക്കുന്നതും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. രാഷ്ട്രത്തിനു മൊത്തം പുനർ നിർമ്മാണത്തിന്റെ ആവശ്യവുമുണ്ടായിരുന്നു.
2.രണ്ടാം പദ്ധതി 1956 മുതൽ 1961 വരെയുള്ള കാലഘട്ടത്തിലായിരുന്നു. വ്യവസായവൽക്കരണമായിരുന്നു ലക്ഷ്യം . പൊതു മേഖലയ്ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് സമ്മിശ്രിത സാമ്പത്തികവൽക്കരണത്തിനു പ്രാധാന്യം നൽകിയിരുന്നു. സ്വകാര്യ വ്യവസായവൽക്കരണവും പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്തുക എന്ന ലക്ഷ്യവും പദ്ധതി തയ്യാറാക്കുമ്പോളുണ്ടായിരുന്നു. വലിയ തോതിലുള്ള വ്യവസായങ്ങൾക്കും വ്യവസായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും മുൻഗണന നൽകിയിരുന്നു. ഇരുമ്പ്, ഉരുക്ക് നിർമ്മാണ ഫാക്ടറികളും രാസ നിർമ്മാണ ഫാക്ടറികളും സ്ഥാപിക്കാനും പദ്ധതികളിട്ടു. അതുപോലെ യന്ത്രങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾക്കും പ്രാധാന്യം നൽകി. നൂതനമായ വ്യവസായ പദ്ധതികൾ ആവിഷ്ക്കരിച്ചത് രണ്ടാം പഞ്ച വത്സര പദ്ധതി കാലത്താണ്. വളർച്ച നിരക്ക് 4.5 ശതമാണ്, ലക്ഷ്യമിട്ടതെങ്കിലും 4.27 ശതമാനം മാത്രമേ കൈവരിക്കാൻ സാധിച്ചുള്ളൂ. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഉരുക്കുവ്യവസായങ്ങൾ തുടങ്ങാൻ സാധിച്ചു. ഭിലായ്, റൂർക്കല, ദുർഗാപ്പൂർ പദ്ധതികൾ പൂർത്തിയാക്കി. പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ സഹായങ്ങളുമുണ്ടായിരുന്നു.
3. 1961 മുതൽ 1966 വരെ മൂന്നാം പദ്ധതിയുടെ കാലഘട്ടമായിരുന്നു. സാമ്പത്തിക സ്വയം പര്യാപ്തത നേടുകയെന്നതു ലക്ഷ്യമായിരുന്നു. അതുപോലെ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള കർമ്മ പരിപാടികളും തുടങ്ങി വെച്ചു. എന്നിരുന്നാലും രണ്ടാം പദ്ധതിയിലെ കൃഷി വികസന ആസൂത്രണ പദ്ധതികൾ വേണ്ടത്ര വികസിച്ചില്ല. അത് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് തടസമായി നിന്നു. അതുകൊണ്ട് മൂന്നാം പദ്ധതിയിലും കൃഷിക്ക് പ്രാധാന്യം നൽകേണ്ടി വന്നു. 1961-ലെ ഇന്ത്യ ചൈന യുദ്ധം മൂലം പഞ്ചവത്സര പദ്ധതികൾക്ക് നീക്കി വെച്ചിരുന്ന ഫണ്ടുകൾ ചെലവാക്കേണ്ടി വന്നു. 1965-66 ലെ ഇൻഡോ പാക്ക് യുദ്ധം മൂലവും വികസന പദ്ധതികൾക്കു തടസം വന്നു. പോരാഞ്ഞ്, 1965-1966 ൽ കനത്ത വരൾച്ച കാരണം കൃഷികളും നശിച്ചു. അത് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഭക്ഷ്യക്ഷാമം വരാനും കാരണമായി. മൂന്നാം പദ്ധതി അപൂർണ്ണമാവുകയും അതിന്റെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. ചൈനയും പാക്കിസ്ഥാനും ഇന്ത്യയോട് യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ വളർച്ച നിരക്ക് വളരെ മോശമായിരുന്നു. 5.6 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.4 ശതമാനം വളർച്ച നേടാൻ മാത്രമേ സാധിച്ചുള്ളൂ. രാഷ്ട്രീയമായ അസ്ഥിരതയുമുണ്ടായിരുന്നു. നെഹ്‌റു, നന്ദ, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ പ്രധാനമന്ത്രിമാർ മൂന്നാം പഞ്ചവത്സര പദ്ധതികളെ അതാത് കാലങ്ങളിൽ നയിച്ചു. ഹരിതക വിപ്ലവം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. 1965-ലെ പാക്കിസ്താനുമായുള്ള യുദ്ധം മൂലം നാലാം പദ്ധതി ആരംഭിക്കാൻ സാധിച്ചില്ല.
1966-ൽ നാലാം പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്ന വേളയിൽ വരൾച്ചയും രൂപയുടെ മൂല്യം കുറച്ചതും വിലപ്പെരുപ്പവും, സാമ്പത്തിക അപര്യാപ്തതയും മൂലം പദ്ധതികൾ താൽക്കാലികമായി നിർത്തൽ ചെയ്തു. അതുകൊണ്ടാണ് 1966 മുതൽ മൂന്നു വർഷം സർക്കാർ വാർഷിക പദ്ധതികൾക്കായി രൂപകൽപ്പന ചെയ്തത്. ഈ കാലഘട്ടത്തെ പദ്ധതിയുടെ അവധിക്കാലമെന്നും പറയാം.
4. 1969 മുതൽ 1974 വരെയുള്ള നാലാം പദ്ധതിയിൽ ഭക്ഷണം ഇറക്കുമതി നിർത്തൽ ചെയ്യാൻ കരടുരൂപം തയ്യാറാക്കിയിരുന്നു. എന്നാൽ നാലാം പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്തു. 1971-ൽ പി.എൽ. 480 പ്രകാരമുള്ള ധാന്യം ഇറക്കുമതി പരിപൂർണ്ണമായും നിർത്തൽ ചെയ്തു. ദേശീയ വരുമാന വളർച്ചയും രാജ്യത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കുകയെന്നതും നാലാം പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ദേശീയ വരുമാനം 5.5 നേടുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ സമൂഹത്തിലെ താണവരായവരെയും ദരിദ്രരെയും പുനരുദ്ധരിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു. 'ഗരീബി ഹട്ടാവോ' എന്നും ഈ പദ്ധതിക്ക് മുദ്ര നൽകിയിരുന്നു. ദൗർഭാഗ്യ വശാൽ 1971-1972-ൽ മറ്റൊരു ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമുണ്ടായി. അത് സാമ്പത്തികം തകർക്കുകയും നാലാം പദ്ധതിയ്ക്ക് തടസ്സമാവുകയുമുണ്ടായി. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടുകയെന്നതും പദ്ധതിയുടെ പ്രത്യേകതയായിരുന്നു. കൃഷിയിൽ ഇറക്കുമതി ആശ്രയിക്കാതെ രാജ്യത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നു. വ്യവസായ പുരോഗതിയ്ക്കും വ്യവസായ ഉൽപ്പന്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു. 3.8 ശതമാനം മാത്രം ഈ പദ്ധതി കാലത്ത് ഇന്ത്യ വളർച്ച നേടി.
5.1974 മുതൽ 1979 വരെയുള്ള കാലഘട്ടം അഞ്ചാം പദ്ധതിയായി ആസൂത്രണം ചെയ്തു. അഞ്ചാം പദ്ധതിയുടെ അടിസ്ഥാന ഉദ്ദേശ്യവും സ്വയം പര്യാപ്തി പ്രാപിക്കുകയെന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി ധാന്യ വിളകളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു. അത്യാവശ്യമുള്ള ഉപഭോഗ വസ്തുക്കളും, അസംസ്കൃത വസ്തുക്കളും മാത്രം ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയെ പരമാവധി വർദ്ധിപ്പിക്കാൻ ശ്രമിച്ചു. അതുമൂലം വിദേശനാണ്യവും നേടാനുള്ള ശ്രമമുണ്ടായിരുന്നു. ജിഡിപി വർദ്ധിപ്പിക്കുക, രാജ്യത്തിന്റെ വരുമാനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്കും നീതിപൂർവം വിതരണം ചെയ്യുക, സ്വാശ്രയം നടപ്പാക്കുക മുതലായവകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കയറ്റുമതി വർദ്ധിപ്പിക്കൽ, ദേശീയ സുരക്ഷാ പദ്ധതികൾ, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു . ഭവന രഹിതർക്ക് വീടുകൾ, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം മുതലാവകൾക്കും ഫണ്ട് അനുവദിച്ചു. പദ്ധതി കൂടാതെ 1978 മുതൽ 1980 വരെ മറ്റൊരു വാർഷിക പദ്ധതിയും നടപ്പാക്കി. ഇത് മുൻവർഷങ്ങളിൽ നടപ്പാക്കാൻ സാധിക്കാഞ്ഞ പദ്ധതികൾ പൂർത്തിയാക്കുന്നതിനുവേണ്ടിയായിരുന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യണമെന്നുള്ള ലക്ഷ്യമുണ്ടായിരുന്നു. 1975 -ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ ഇരുപതിന പരിപാടികൾ നടപ്പാക്കിയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികൾക്ക് കാലതാമസം നേരിട്ടിരുന്നു. "ഗരീബി ഹഠാവോ' ഈ പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു. ശരാശരി 5.1 ശതമാനം വളർച്ച നിരക്ക് നേടി.
1978-80-ൽ മൊറാർജി ദേശായി അധികാരത്തിൽ വന്നപ്പോൾ പഞ്ചവത്സര പദ്ധതികൾ അവസാനിപ്പിച്ചിരുന്നു. പകരം റോളിംഗ് പദ്ധതി നടപ്പാക്കി. എന്നാൽ 1980 -ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ പദ്ധതികൾ പുനരാരംഭിക്കുകയും ചെയ്തു.
6. 1980 മുതൽ 1985 വരെയുള്ള കാലഘട്ടം ആറാം പദ്ധതി കാലമാണ്. സാമ്പത്തിക തലങ്ങളിൽ ഉള്ള ഫ്യൂഡൽ വ്യവസ്ഥിതി അവസാനിപ്പിക്കുക എന്നതായിരുന്നു ആറാമത്തെ പദ്ധതിയുടെ കരടുപത്രികയിൽ തയ്യാറാക്കിയിരുന്നത്. കൊളോണിയൽ സാമ്പത്തിക ശാസ്ത്രത്തിൽനിന്നും പൂർണ്ണമായ ഒരു വിടുതലും ആവശ്യമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാനപരമായ ഒരു ആധുനിവൽക്കരണവും ലക്ഷ്യമിട്ടിരുന്നു. വ്യവസായങ്ങൾ' ആധുനികരിക്കാനും പദ്ധതി മുൻഗണന നൽകി. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ദാരിദ്ര്യം തുടച്ചു നീക്കുകയും ലക്ഷ്യങ്ങളായിരുന്നു. ഗ്രാമീണ പദ്ധതിയനുസരിച്ച് എല്ലാ ഗ്രാമങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുണ്ടായിരുന്നു. കാർഷിക മേഖലകൾ സാങ്കേതിക വിദ്യ ഉപയോഗിപ്പിച്ച് മെച്ചമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. ഗ്രാമീണ സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും മെച്ചമായ ജീവിത സൗകര്യത്തിനായി ഫണ്ട് അനുവദിച്ചു.
7.ഏഴാം പദ്ധതി 1985-ൽ തുടങ്ങി 1990-ൽ അവസാനിക്കുന്നു. മനുഷ്യാവകാശങ്ങളും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും സാമൂഹിക തലങ്ങളിൽ തുല്യ നീതിയും നടപ്പാക്കുന്നതും പദ്ധതിയുടെ നക്കലിലുണ്ടായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ വർദ്ധനവും പ്രതീക്ഷിച്ചു. ഈ പദ്ധതി കാലത്ത് ഇന്ത്യക്ക് വാർത്താ വിനിമയ കാര്യത്തിൽ പുരോഗതി നേടാൻ സാധിച്ചു. സാമ്പത്തിക വളർച്ച 5.9 ശതമായിരുന്നു. തൊഴിലുകളും ഉൽപ്പാദന മേഖലകളും വർദ്ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുമുണ്ടായിരുന്നു. സാമൂഹിക നീതി, സ്വാശ്രയം, ആധുനിവൽക്കരണം മുതലാവകളും നടപ്പിലാക്കണമായിരുന്നു.
8.1992 മുതൽ 1997 വരെ എട്ടാം പദ്ധതികൾ തുടങ്ങി വെച്ചു. എന്നാൽ കേന്ദ്രത്തിൽ രാഷ്ട്രീയ മാറ്റങ്ങളും സർക്കാർ മാറ്റങ്ങളും കാരണം പദ്ധതികൾ മുമ്പോട്ട് കൊണ്ടുപോവുന്നതിൽ തടസങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് പ്ലാനിങ് കമ്മീഷനിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഒടുവിൽ 1992-ൽ എട്ടാം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അക്കാലത്ത് രാജ്യം ഒരു സാമ്പത്തിക അരാജകത്വത്തിൽ പോയിരുന്നു. സർക്കാർ, പുതിയ പരീക്ഷണങ്ങളോടെ സാമ്പത്തിക തലങ്ങൾ മറ്റൊരു ദിശയിൽക്കൂടി നയിച്ചിരുന്നു. വ്യവസായങ്ങളെ ആധുനിവൽക്കരിക്കുക ലക്ഷ്യമായിരുന്നു. സ്വയം തൊഴിലുകൾ കണ്ടുപിടിക്കുന്നതിനും പ്രായോഗി പരിശീലനം നൽകുന്നതിനും പദ്ധതി ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ജനസംഖ്യ നിയന്ത്രണവും പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തി. 1993-ൽ നരസിംഹ റാവുവിന്റെ കാലത്ത് 'പഞ്ചായത്ത് രാജ്' വന്നു.1992-ലാണ് 'നാഷണൽ സ്റ്റോക്ക് എക്‌ചേഞ്ച്' സ്ഥാപിച്ചത്.
9.1997 മുതൽ 2002 വരെയായിരുന്നു ഒമ്പതാം പദ്ധതി നടപ്പാക്കിയ കാലം. ആരോഗ്യ സംരക്ഷണം, ശുദ്ധജലം ലഭ്യമാക്കുക, പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നെല്ലാം ലക്ഷ്യങ്ങളായിരുന്നു. ദരിദ്രർക്ക് ഭവനങ്ങൾ നിർമ്മിച്ച് കൊടുക്കുന്നതും പദ്ധതികളിലുണ്ടായിരുന്നു. ഗ്രാമീണ റോഡുകൾ പരസ്‌പരമുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു കാരണമായി. സൗത്ത് ഏഷ്യയിലെ സാമ്പത്തിക തകരാറുകൾ ഇന്ത്യൻ എക്കണോമിയെയും ബാധിച്ചിരുന്നു. ഉദാരവൽക്കരണം മൂലം ഇന്ത്യ മുഴുവൻ വിമർശനങ്ങളുമുണ്ടായിരുന്നു. ശുദ്ധ ജലം, പ്രാഥമികമായ മെഡിക്കൽ സഹായം, നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം, വീടില്ലാത്തവർക്ക് വീട്, മുതലായവകൾ നടപ്പാക്കാനും പദ്ധതിയിട്ടു. കുഞ്ഞുങ്ങൾക്ക് പോഷകാഹാരം കൊടുക്കുന്നതിള്ള ഫണ്ടുകളും നീക്കി വെച്ചു. കൃഷിക്ക് മുൻ പദ്ധതികൾ പോലെ ഈ പദ്ധതിയിലും പ്രാധാന്യവും കല്പിച്ചിരുന്നു.
10. പത്താം പദ്ധതി 2002 മുതൽ 2007 വരെയുള്ള കാലഘട്ടമാണ്. പൊതു ജനങ്ങളുടെ പങ്കാളിത്തം, ഭക്ഷ്യ ധാന്യ വിളകൾ വർദ്ധിപ്പിക്കുക, ആരോഗ്യ സുരക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ ആസൂത്രണ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത പത്തു വർഷം കൊണ്ട് ആളോഹരി വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ആധുനിക ജീവിത സൗകര്യങ്ങളോടെയുള്ള വളർച്ചകളും പദ്ധതിയിൽ ഉൾപ്പെടുത്തി.
11. 2007 മുതൽ 2012 വരെ പതിനൊന്നാം പദ്ധതിയുടെ ആസൂത്രണ കാലഘട്ടമായിരുന്നു. നാനാ ജാതി ജനവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര പദ്ധതിക്കായിരുന്നു തുടക്കമിട്ടിരുന്നത്. 'പ്രസവത്തോടെ'യുള്ള മാതൃ മരണങ്ങൾ കുറയ്ക്കാനുള്ള മെഡിക്കൽ ഫണ്ടുകളും അനുവദിച്ചിരുന്നു. വർദ്ധിച്ചു വരുന്ന ജനന നിരക്കു നിയന്ത്രിക്കാനും കുടുംബാസൂത്രണ പദ്ധതികൾ ബലപ്പെടുത്താനും മുൻഗണനയുണ്ടായിരുന്നു. ശുദ്ധജലം സംഭരിച്ച് നാടിന്റെ നാനാ ഭാഗത്തും വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതി സാമ്പത്തിക വളർച്ച ഏറ്റവും നേടിയ കാലഘട്ടമായിരുന്നു. ദേശീയ വളർച്ച പ്രതീക്ഷിച്ചതിലും വളരെയേറെയായിരുന്നു. 9 ശതമാനം വളർച്ചയുണ്ടായി. ആളോഹരി വരുമാനം 7.5 ശതമാനവും വർദ്ധിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരത്തിനും മാറ്റമുണ്ടായി. ദാരിദ്ര്യം ഇല്ലാതാക്കി തൊഴിലുകൾ കണ്ടെത്തുക എന്നത് ലക്ഷ്യമായിരുന്നു. പാവങ്ങൾക്കുള്ള വിദ്യാഭ്യാസവും ആരോഗ്യ പദ്ധതികളും നടപ്പാക്കണമായിരുന്നു. ഗ്രാമീണർക്ക് തൊഴിൽ പദ്ധതികൾ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുത്തിയിരുന്നു. സ്ത്രീ സമത്വവും ഒപ്പം കാര്യക്ഷമതയുള്ള ഭരണ സംവിധാനവും പദ്ധതികളുടെ ഭാഗമായിരുന്നു.
12. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17)യിൽ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഒമ്പതു ശതമാനം വളർച്ച നിരക്ക് പ്രതീക്ഷിച്ചു. കൃഷിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കൃഷിയിൽ നാലുശതമാനം വളർച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണം ചെയ്തിരുന്നു. വികസന പദ്ധതികളും പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മാറി. സാമൂഹിക സേവന മേഖലകളുടെ വളർച്ചയും പരിഗണനയിൽപ്പെടുത്തിയിരുന്നു.
എൻഡിഎ സർക്കാർ പതിമൂന്നാം പഞ്ച വത്സര പദ്ധതിക്കു പകരം രാജ്യത്തെ ശക്തിമത്താക്കാൻ പ്രതിരോധത്തിനു പ്രാധാന്യം നൽകിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധത്തിനായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ 65.86 ബില്യൺ ഡോളർ ( ₹471,378 crores) ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 47 .7 ലക്ഷം കോടി (477,000 crores) രൂപയായിരുന്നു പന്ത്രണ്ടാം പദ്ധതിയുടെ ബഡ്‌ജറ്റ്. അത് പതിനൊന്നാം പദ്ധതിയെക്കാൾ 135 ശതമാനം കൂടുതലായിരുന്നു.
പഞ്ചവത്സര പദ്ധതികൾ കൊണ്ട്, ഇന്ത്യ പുരോഗതി നേടിയെന്നതിൽ യാതൊരു തർക്കവുമില്ല. ഭക്ഷണ പദാർത്ഥങ്ങളുടെ ഉൽപാദനം ഗണ്യമായി വർദ്ധിച്ചുവെന്നുള്ളതാണ് ഒരു നേട്ടം. ഭക്ഷണ കാര്യങ്ങളിൽ ഇന്ത്യ സ്വയം പര്യാപ്‌തമാവുകയും ചെയ്തു. കൂടാതെ വ്യവസായ കാര്യങ്ങൾക്കായി മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ച് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന മെഷിനറികളുടെയും മറ്റു വിലപിടിപ്പുള്ള വ്യവസായ ഉപകരണങ്ങളുടെയും ഇറക്കുമതികൾ നിയന്ത്രിക്കാൻ സാധിച്ചു. ഫാക്റ്ററികൾക്ക് ആവശ്യമുള്ള പല ഉപകരണങ്ങളൂം ഇന്ത്യ സ്വയം നിർമ്മിക്കാനും ആരംഭിച്ചു. എന്നാലും, മറ്റു നിരവധി കാര്യങ്ങളിലും ഇനിയും നമുക്ക് നേട്ടങ്ങൾ കൈവരിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ വിദേശക്കടങ്ങൾ ക്രമാതീതമായി വർദ്ധിച്ചത് ഒരു കാരണമായിരുന്നു. അതായത്, സാമ്പത്തിക വ്യവസായങ്ങളിൽ ഇന്ത്യ ഇനിയും സ്വയം പര്യാപ്തി നേടേണ്ടതായുണ്ട്. ഭാഗീകമായി സ്വയം പര്യാപ്തത വിജയിച്ചതല്ലാതെ ഇന്ത്യയുടെ പ്രയത്നങ്ങൾ നാളിതുവരെ സഫലീകരിച്ചിട്ടില്ല.
ആധുനിക ഇന്ത്യയിൽ പഞ്ച വത്സര പദ്ധതികൾ ഇനി ആവശ്യമുണ്ടോ എന്നും ചോദ്യം വരുന്നു. അനേക വർഷങ്ങളായി വൈവിദ്ധ്യങ്ങൾ നിറഞ്ഞ കേന്ദ്രീകൃതമായ ഭാരതത്തിൽ പഞ്ച വത്സര പദ്ധതികൾക്കെതിരെ പരാതികളും ഉയർന്നിരുന്നു. പ്ലാനിങ്ങ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലായതുകൊണ്ട് പലപ്പോഴും കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിക്കാത്ത സ്റ്റേറ്റുകളെ കേന്ദ്രം തഴയാറുമുണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഫണ്ട് വീതിക്കുമ്പോൾ പദ്ധതിയുടെ പങ്ക് കൊടുക്കാറുണ്ടായിരുന്നില്ല.