Friday, February 28, 2020
വിശുദ്ധ പദവിയിലെത്തുന്ന ദേവസഹായപിള്ളയും കാല്‍പനികകഥകളും
ജോസഫ് പടന്നമാക്കൽ
2020 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയിൽക്കൂടി ദൃശ്യമായ ഒരു അത്ഭുത സിദ്ധിയെ മാർപാപ്പാ അംഗീകരിച്ചു. ദേവ സഹായം പിള്ളയെ വിശുദ്ധനാക്കാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായിരിക്കുന്നു. ഇന്ത്യയിൽനിന്നും വിശുദ്ധപട്ടം കിട്ടുന്ന ആദ്യത്തെ അല്മായൻ ദേവസഹായം പിള്ളയായിരിക്കും. അദ്ദേഹത്തിൻറെ ജീവിതത്തെപ്പറ്റി ആധികാരികമായ ഒരു ചരിത്ര രേഖയില്ല. കോട്ടാർ രൂപതയുടെ വെബ്‌സൈറ്റിൽ ദേവസഹായം പിള്ളയുടെ ജീവചരിത്രം സംഗ്രഹിച്ചിട്ടുണ്ട്. രൂപതയുടെ വിവരശേഖരണത്തിൽനിന്നും അദ്ദേഹത്തെപ്പറ്റി വായിച്ചറിഞ്ഞ ആധികാരികമല്ലാത്ത ചരിത്രവും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
"തിരുവിതാംകൂർ രാജാവ് മാർത്താണ്ഡ വർമ്മയുടെ കാലത്താണ് ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രം പണിയാരംഭിച്ചത്. നീലകണ്ഠപിള്ള (ദേവസഹായം) ക്ഷേത്രത്തിന്റെ മേല്നോട്ടക്കാരനും കാര്യക്കാരനുമായിരുന്നു. 1741-ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാം കൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. തടവുകാരനാക്കപ്പെട്ട ഡച്ചുകാരനായ 'ഡിലനായിയെ' രാജാവ് സൈന്യാധിപനാക്കി നിയമിച്ചു. ഉദയ ഗിരി കോട്ട പണിയുന്ന ചുമതല ഡിലനായിക്കായിരുന്നു. കോട്ടയ്ക്കുള്ളിൽ രാജകീയ അനുമതിയോടെ ഒരു ദേവാലയവും പണിതുയർത്തി. ഡിലനായി വലിയ ക്രിസ്തു ഭക്തനായിരുന്നു. അദ്ദേഹത്തിൻറെ വിശുദ്ധിയും പ്രാർത്ഥനാ ജീവിതവും കണ്ട നീലകണ്ഠന് യേശുവിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ടായി. ഡിലനായി അദ്ദേഹത്തെ തിരുനൽവേലിയിലുള്ള ഒരു പള്ളിയിൽ മതപഠനത്തിനായി അയച്ചു. 1745-ൽ ഫാദർ ജിയോവാന്നി ബാറ്റിസ്റ്റ ബുട്ടറി (Fr. Giovanni Battista Buttari) വടക്കൻകുളം അദ്ദേഹത്തിന് മാമോദീസ നൽകി ക്രിസ്ത്യാനിയാക്കി. അദ്ദേഹം ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു.
ആധികാരികമായ രേഖകളില്ലെങ്കിലും ദേവസഹായത്തിന്റെ ജീവചരിത്ര രേഖകൾ കോട്ടാർ രൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. '1712 -ൽ കന്യാകുമാരി ഡിസ്ട്രിക്ടിൽ വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി ദേവസഹായം പിള്ള ജനിച്ചു. 'അമ്മ നായർ സമുദായത്തിലുള്ള ഒരു സ്ത്രീയായിരുന്നു. ശിവന്റെ പേരിൽ നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മരുമക്കത്തായം നിലനിന്നതുകൊണ്ട് അദ്ദേഹത്തിൻറെ ജാതി നായരായി അറിയപ്പെട്ടു. 'നീലം'വളർന്നു കഴിഞ്ഞപ്പോൾ രാജകൊട്ടാരത്തിൽ നല്ല സ്ഥാനമാനങ്ങൾ നൽകിയിരുന്നു. പേരിന്റെ കൂടെ പിള്ളയെന്ന സ്ഥാനപ്പേരും നൽകി. അങ്ങനെയാണ് നീലകണ്ഠൻ പിള്ളയായത്. അദ്ദേഹത്തിൻറെ പിതാവ് ശിവന്റെ പേരിൽ പ്രതിഷ്ട ചെയ്ത ഒരു അമ്പലത്തിന്റെ പൂജാരിയായിരുന്നു. ബാലനായപ്പോൾ തന്നെ ആയുധ കലകളിൽ പ്രാവിണ്യം നേടിയിരുന്നു. തമിഴും മലയാളവും സംസ്കൃതവും പഠിച്ചിരുന്നു. കൂടാതെ കളരിപ്പയറ്റും മർമ്മ ശാസ്ത്രവും പഠിച്ചു. നീലകണ്‌ഠ പിള്ള മാർത്താണ്ഡ വർമ്മ രാജാവിന്റെ പട്ടാളക്കാരനായി സേവനം ആരംഭിച്ചു. പിന്നീട് പത്ഭനാഭപുരത്തുള്ള നീലകണ്‌ഠ സ്വാമി ക്ഷേത്രത്തിലെ ചുമതലക്കാരനായി ജോലിയെടുത്തു. ഉദയ ഗിരി കോട്ട ഡച്ചുകാരനായ ഡിലനായുടെ നേതൃത്വത്തിലായിരുന്നു പണിതുകൊണ്ടിരുന്നത്. തൊഴിലാളികൾക്ക് കൂലി കൊടുക്കുന്ന ചുമതല നീലകണ്‌ഠ പിള്ളയ്ക്കായിരുന്നു. നല്ല വിദ്യാസമ്പന്നനും, കളരിപ്പയറ്റ് വിദഗ്ദ്ധനുമായ നീലകണ്‌ഠ പിള്ളയെ രാജാവിനു വളരെ പ്രിയമായിരുന്നു. അമ്പലത്തിൽ പൂജാ കർമ്മങ്ങളുമായി ഭക്തനായി കഴിഞ്ഞിരുന്നു. അമ്പലത്തിന്റെ സുരക്ഷിതത്വ ചുമതലയും നീലകണ്ഠനായിരുന്നു. അദ്ദേഹം ഒരു ബ്രാഹ്മണ സ്ത്രീയായ ഭാർഗവി അമ്മാളിനെ വിവാഹം ചെയ്തു. നീലകണ്ഠൻ ഭൂസ്വത്തുണ്ടായിരുന്ന ധനികനായിരുന്നതുകൊണ്ട് നിരവധി പെൺകുട്ടികളുടെ മാതാപിതാക്കൾ അദ്ദേഹത്തിനുവേണ്ടി വിവാഹ വാഗ്ദാനമായി വരുമായിരുന്നു. '
കരിഷ്മാറ്റിക്ക് നേതാവായ 'ബെന്നി പുന്നത്തറ' എഴുതിയ ദേവസഹായം പിള്ളയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളിൽനിന്നും ഭാവനാത്മകമായ ചില വിവരങ്ങൾ ചുരുക്കമായി ഇവിടെ ചേർക്കുന്നു. "പിള്ളയുടെ ക്രിസ്തുമതത്തിലേക്കുള്ള മാറ്റം മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ ദളവായായ രാമയ്യന് അതൃപ്തിയുണ്ടാക്കി. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന ഭീഷണി പ്പെടുത്തി. വസ്ത്രം ഊരി രാജ സന്നിധിയിൽ കൊണ്ടുപോയിയെന്നും മതത്തിൽ തിരിച്ചു വന്നാൽ വലിയ ഉദ്യോഗങ്ങൾ വാഗ്ദാനം ചെയ്‌തെന്നും കഥകൾ തുടരുന്നു. ദണ്ഡന മുറകൾ നൽകിയെന്നും കഴുത്തിൽ എരിക്കിൻ മുള്ള് ഇട്ടു വലിച്ചെന്നും അക്കാലങ്ങളിൽ ക്രിസ്ത്യാനികളെ മുഴുവൻ രാജാവ് പീഡിപ്പിച്ചെന്നും പറയുന്നു. എരുമപ്പുറത്ത് കയറ്റി ചാട്ട വാറുകൊണ്ട് അടിച്ചിട്ടും അദ്ദേഹം ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ല. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് പൊടി വിതറി നട്ട വെയിലിൽ നിർത്തിയിരുന്നു. പ്രതിദിനം ചാട്ടവാറുകൾ കൊണ്ടുള്ള 'മുപ്പതു അടികൾ' വീതം സഹിക്കേണ്ടി വന്നു. ദാഹിക്കുമ്പോൾ ചകിരി ചീഞ്ഞ അഴുക്കു ജലം കുടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ചോരത്തുള്ളികൾ എരുമയുടെ പുറത്തുംകൂടി ഒലിച്ചു. വഴിവക്കിൽ ചിലർ കരയുമ്പോൾ മറ്റു ചിലർ പൊട്ടി ചിരിക്കുമായിരുന്നു." (Ref:ബെന്നി പുന്നത്തറ) കോട്ടാർ രൂപതയും പുരോഹിതരും വിശ്വാസികളെ കൂടതന്ത്രങ്ങളിൽക്കൂടി കെണിയിൽ പെടുത്തുവാൻ തക്കവണ്ണം നിരവധി കഥകൾ ഇതിനോടകം വിശുദ്ധനെപ്പറ്റി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1749 മുതൽ 1752 വരെ കഠിനമായി പീഡിപ്പിച്ച ശേഷം നാഗർകോവിൽ തിരുനെൽവേലി റോഡ് സൈഡിലുള്ള ഒരു വനപ്രദേശത്തു മാർത്താണ്ഡ വർമ്മയുടെ പട്ടാളക്കാർ ദേവസഹായം പിള്ളയെ വെടി വെച്ചുകൊന്നുവെന്നാണ് കഥ.
2012 ജൂൺ ഇരുപത്തിയെട്ടാം തിയതി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ സഭയുടെ വിശുദ്ധനാക്കുന്ന ആദ്യത്തെ പടിയായി വാഴ്ത്തപ്പെട്ടവൻ എന്നു പ്രഖ്യാപിച്ചു. ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനെന്നു വിളിക്കാനുള്ള സഭയുടെ ചേതോവികാരം എന്തായിരിക്കും? ഇങ്ങനെ ഒരാളിന്റെ ജീവിതവുമായി ചരിത്രത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ആരെയാണ് സാധാരണ രക്തസാക്ഷിയെന്നു വിളിക്കാറുള്ളത്. പോപ്പ്, യൂറോപ്പിന്റെ മേൽ പരമാധികാരിയായിരുന്ന കാലത്തിൽ സഭയ്ക്കു വേണ്ടി യുദ്ധം ചെയ്തു മരിക്കുന്ന പട്ടാളക്കാരെ സഭയുടെ രക്തസാക്ഷികളെന്നു വിളിച്ചിരുന്നു. സഭയുടെ ഈ വീര ശൂര പരാക്രമികൾ കൊല്ലും കൊലയും അക്രമണങ്ങളും നടത്തുമായിരുന്നു. കീഴടങ്ങുന്നവരെ മതപരിവർത്തനവും നടത്തിയിരുന്നു. സ്വന്തം ജീവിതം ഏറ്റുമുട്ടലിൽ നഷ്ടപ്പെടുകയും ചെയ്യാമായിരുന്നു. ഈ രക്തസാക്ഷികൾ കന്യാകുമാരിയിൽനിന്ന് ആയിരക്കണക്കിന് മൈലുകൾക്കുമപ്പുറം സഭയ്ക്കുവേണ്ടി ത്യാഗം അനുഷ്ടിച്ചവരായിരുന്നു. രക്തസാക്ഷികളുടെ രക്തം സഭയുടെ ബീജമാണെന്ന് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'ഫാദർ ടെർട്‌ലിൻ' എഴുതി. സഭയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള ചുടുരക്തം ഓരോ രക്തസാക്ഷികളും വഹിച്ചിരുന്നു.
രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധ പദവികളുടെയും പിന്നിലുള്ളത് മതത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കുകയെന്നുള്ളതാണ്. വത്തിക്കാന്റെ അസ്തിത്വം നില നിർത്തുന്ന യോദ്ധാക്കളാണ് ഈ രക്തസാക്ഷികളെന്ന് ജോൺ പോൾ പറയുകയുണ്ടായി. സഭയുടെ ആദ്യ നൂറ്റാണ്ടുകൾ സഭയെ രക്തസാക്ഷികളുടെ രക്തം കൊണ്ട് പടുത്തുയർത്തിയതായിരുന്നു. ദൈവത്തിനു വേണ്ടി മരിച്ച അജ്ഞാത യോദ്ധാക്കളെന്നും അവരെ വിശേഷിപ്പിക്കാറുണ്ട്.
മതം മനുഷ്യന്റെ ആന്തരിക ചിന്തകളെയും മനുഷ്യത്വത്തെയും ഉണർത്തുന്നുവെന്നാണ് വെപ്പ്. മതത്തിൽനിന്നു അവനിൽ ദിവ്യത്വവും കൽപ്പിക്കുന്നു. ഇത്തരം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ മതത്തിന്റെ പരിപാവനത മനസിലാക്കാൻ സാധിക്കും. എന്നാൽ മതം രാജ്യങ്ങൾ കീഴ്പെടുത്തി സമ്മർദങ്ങളിൽക്കൂടെ മതപ്രചാരണം നടത്തുന്നുവെങ്കിൽ അതിൽ വിശ്വസിക്കുന്ന മതത്തെ എന്തു പേരു വിളിക്കണമെന്ന് വ്യക്തമല്ല. മതം എന്നാൽ അഭിപ്രായങ്ങൾ എന്നാണ് അർത്ഥം. കൊളോണിയൽ കാലങ്ങളിൽ രാജ്യങ്ങൾ കീഴടക്കുന്ന സമയം അവിടെയുള്ള ജനങ്ങളെ ഭീക്ഷണികൾകൊണ്ട് ക്രിസ്തു മതത്തിൽ ചേരാൻ നിർബന്ധിച്ചിരുന്നു. ബലപ്രയോഗത്തോടെയുള്ള മത പരിവർത്തനത്തെ സ്വദേശികളായ നാട്ടുകാർ എതിർക്കുമ്പോൾ ഏറ്റുമുട്ടലുകളും സംഭവിക്കാം. സഭയുടെ യോദ്ധാക്കളും അവിടെ മരിക്കാനിട വരുന്നു. പിന്നീട് അവരെ സഭയ്ക്കു വേണ്ടി മരിച്ച രക്തസാക്ഷികളായി വാഴ്ത്തുകയും ചെയ്യും.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യയിൽ വന്നപ്പോൾ പറഞ്ഞ വാക്കുകളിൽ ചില യാഥാസ്ഥികരായ ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു. 'ആദ്യത്തെ പത്തു നൂറ്റാണ്ടുകളിൽ ഞങ്ങൾ യൂറോപ്പിനെ ക്രിസ്തീയ രാജ്യങ്ങളാക്കി. രണ്ടാമത്തെ പത്തുനൂറ്റാണ്ടുകൾ അമേരിക്ക ഭൂഖണ്ഡത്തെയും ക്രിസ്ത്യൻ രാജ്യങ്ങളാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏഷ്യ മുഴുവൻ ഞങ്ങൾ കുരിശുകൾ നാട്ടും'. സഭയ്ക്ക് ആത്മാക്കളുടെ സമൃദ്ധി ആവശ്യമാണ്. അതിന്റെ പരിണിത ഫലമാണ് രക്തസാക്ഷികൾ. സഭ കേരളത്തിലും തമിഴ് നാട്ടിലും ശ്രീ ലങ്കയിലും രക്തസാക്ഷികളെ തേടി നടക്കുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ രക്തസാക്ഷികളുടെ ധീരോജ്വലമായ ഡോകുമെന്റുകൾ ശേഖരിക്കാനും ആവശ്യപ്പെട്ടിരുന്നു.
രക്തസാക്ഷിയായ ഒരു വിശുദ്ധനെ തേടിയുള്ള ഖനനത്തിൽ കണ്ടുപിടിച്ചയാളാണ്, ദേവസഹായം പിള്ള. ദേവസഹായം പിള്ളയുടെ ചരിത്രം നിരവധി ക്രിസ്ത്യൻ വെബ്‌സൈറ്റുകളിലും ചേർത്തിട്ടുണ്ട്.
ദേവസഹായ പിള്ളയെ വിശുദ്ധനാക്കുക വഴി സഭയുടെ അന്തസ്സിനും സമൂഹത്തിനും ഗുണപ്രദമാവുമെന്നാണ് കോട്ടൂർ രൂപത വെബ്‌സൈറ്റ് പറയുന്നത്. അതിൽനിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ള സഭയുടെ പുതിയ ഒരു വ്യാവസായിക ഉൽപ്പന്നമെന്നാണ്. വ്യവസായത്തിനായുള്ള സഭയുടെ ഒരു ഉപകരണം മാത്രം. സഭയുടെ ഈ വിശുദ്ധനെ വാഴിക്കുന്നതിൽക്കൂടി യാതൊരു ആദ്ധ്യാത്മികതയും കാണുന്നില്ല. ഏതെല്ലാം ദിശയിൽ ഈ വ്യാവസായിക ഉൽപ്പന്നം പ്രയോജനപ്പെടുത്താമെന്നും സഭ ചിന്തിക്കുന്നു. ദേവസഹായത്തോടുള്ള ഭക്തി അക്രൈസ്തവരിലും കടന്നുകൂടും. തമിഴ് നാട്ടിലും തെക്കേ കേരളത്തിലും ശ്രീ ലങ്കയിലും ഈ വിശുദ്ധൻ പ്രസിദ്ധനാകും. അതുമൂലം ആ ഭൂപ്രദേശങ്ങളിലെല്ലാം ധനസമ്പാദനത്തോടൊപ്പം മതം പ്രചരിക്കുകയും ചെയ്യാം.
ദേവസഹായം പിള്ളയുടെ 'വിശുദ്ധീകരണ ദിനം' ജനുവരി പതിനാലാം തിയതിയെന്നാണ് സഭയുടെ കലണ്ടറിൽ കുറിച്ചിരിക്കുന്നത്. ആ ദിവസമാണ് ദേവസഹായം പിള്ള രക്തസാക്ഷിയായി എന്നുള്ള കഥയും. കത്തോലിക്ക ബിഷപ്പ് കോൺഫറൻസും ആ തിയതി അംഗീകരിച്ചു. ജനുവരി പതിനാലാം തിയതി ഹിന്ദുക്കളുടെ ഒരു പുണ്യ ദിനമാണ്. അന്നേദിവസമാണ് തമിഴർ 'പൊങ്കൽ' ആചരിക്കുന്നതും. പൊങ്കൽ ദിവസം തന്നെ ദേവസഹായ പിള്ളയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുന്നതിൽ ഹൈന്ദവ സംഘടനകളിലും എതിർപ്പുണ്ട്. സ്ഥലത്തെ ആചാരങ്ങളായ പൊങ്കൽ ദിന ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ദേവസഹായ പിള്ളയുടെ മരിച്ച ദിനം കൊണ്ടാടുന്നതെന്നും കരുതുന്നു. രാഷ്ട്രീയ ലക്ഷ്യവും മത പരിവർത്തനവുമെന്ന് ചില ഹൈന്ദവ സംഘടനകൾ വിശ്വസിക്കുന്നു.
ചരിത്രപരമായ തെളിവുകളോടെയാണ് ദേവസഹായത്തിന്റെ ഈ വിശുദ്ധ പദവിയെന്നു സാധാരണക്കാർ വിശ്വസിക്കുന്നു. മണ്ണിന്റെ പുത്രനെന്നു കരുതുകയും ചെയ്യുന്നു. വിശ്വാസത്തിനടിമപ്പെട്ടു കഴിഞ്ഞാൽ സത്യം അന്വേഷിക്കാൻ ആരും മെനക്കെടാറില്ല. ദേവസഹായം പിള്ളയുടെ കഥ ചരിത്രമല്ലെന്ന് സഭയ്ക്കും അറിയാം. ഗവേഷണം നടത്തുന്നവർക്ക് മണ്ണിന്റെ ഈ പുത്രൻ വെറും കെട്ടുകഥയെന്നു മനസിലാകും. സത്യത്തിനു വിരുദ്ധമായ കഥകളാണ് സഭ നെയ്തുണ്ടാക്കിയിരിക്കുന്നത്.
പ്രസിദ്ധ ചരിത്രകാരനായ ശ്രീധര മേനോൻ 2004 ജനുവരി ഇരുപത്തിനാലാം തീയതി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു, "തിരുവിതാം കൂറിന്റെ ചരിത്രത്തിൽ മതം മാറ്റിയെന്ന പേരിൽ ഒരാളെ പോലും രാജവംശം ശിക്ഷിച്ചിട്ടില്ല. ആരെയും വധിച്ചിട്ടില്ല. ദേവസഹായത്തിന്റെ കഥ നല്ലവണ്ണം നെയ്തെടുത്തതും ഭാവനയിൽ കുരുത്തതുമാണ്." ഇന്ത്യയുടെ ചരിത്ര ഗവേഷകനും ഹിസ്റ്റോറിക്കൽ റിസർച്ച് അദ്ധ്യക്ഷനുമായിരുന്ന (Council of Historical Research, ICHR) എംജിഎസ് നാരായണൻ പറഞ്ഞത് 'കേരള ചരിത്രത്തിൽ നീലകണ്‌ഠ പിള്ള യെന്നോ ദേവസഹായം പിള്ളയെന്നോ പേരുള്ള ഒരു പട്ടാള മേധാവി മാർത്താണ്ഡ വർമ്മയ്ക്കുണ്ടായിരുന്നതായി അറിവില്ലാ'യെന്നാണ്.
ചരിത്രകാരനായ 'ശ്രീ നാഗം അയ്യ' ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നത്, "ദേവസഹായം പിള്ളയുടെ കഥകൾ ആദ്യം പ്രചാരത്തിൽ വന്നത് മതം മാറിയ പുതു ക്രിസ്ത്യാനികളിൽ നിന്നുമെന്നാണ്. കര മൂപ്പന്മാരുടെയും പൂർവികരുടെയും വീരകഥകൾ പ്രചരിപ്പിക്കുക എന്നത് ഹിന്ദുക്കളിൽ താഴ്ന്ന വിഭാഗങ്ങളിലുള്ളവരുടെ കീഴ്വഴക്കമായിരുന്നു. പിന്നീട് അവരെ കുലദൈവങ്ങളായി ആചരിക്കുകയും ചെയ്യും. അതുപോലെ പുതുക്രിസ്ത്യാനികളിലും പൂർവികരുടെ വീര കഥകൾ പ്രചരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നു." അങ്ങനെ ദേവസഹായം പിള്ളയ്ക്കും വ്യാജ കഥകളിൽ വീരപട്ടം ലഭിച്ചുവെന്നു കരുതണം.
ദേവ സഹായ പിള്ളയെപ്പറ്റി എഴുതുന്ന ക്രിസ്ത്യൻ കഥാകൃത്തുക്കൾ തിരുവിതാം കൂർ രാജാക്കന്മാരുടെ കാലത്ത് മതപീഡനം ഉണ്ടായിരുന്നുവെന്ന കെട്ടുകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. മതപീഡനം സ്ഥാപിക്കാൻ വ്യാജ തെളിവുകളും സൃഷ്ടിക്കുന്നു. ചരിത്രത്തിൽ എന്തു തെളിവെന്ന് ഇവർക്കാർക്കും സ്ഥാപിക്കാൻ സാധിക്കുന്നില്ല. അതേ സമയം ക്രിസ്ത്യാനികളെയും ദേവ സഹായത്തേയും പീഡിപ്പിച്ചെന്നു പറയുന്ന മാർത്താണ്ഡ വർമ്മ രാജാവ് വരാപ്പുഴ പള്ളിക്ക് സ്ഥലം ദാനം ചെയ്യുകയും പള്ളിക്ക് കരം അടയ്‌ക്കേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (തിരുവിതാംകൂർ മാനുവൽ , വോളിയം l. പേജ് 16, ടി.കെ. വേലുപ്പിള്ള )
നീലകണ്‌ഠ പിള്ളയെ അടക്കിയ കോട്ടാർ പള്ളി ഫ്രാൻസീസ് സേവ്യറിന്റെ പേരിലാണ്. കന്യാകുമാരിയിൽ നല്ലൊരു ശതമാനം ക്രിസ്ത്യാനികളുണ്ട്. സെന്റ്. തോമസ് രക്തസാക്ഷിയായതുപോലെ നീലകണ്‌ഠ പിള്ളയും രക്തസാക്ഷിയായി സഭയുടെ ഔദ്യോഗിക റിക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ മഹാരാജാവ് മാർത്താണ്ഡ വർമ്മ മഹാരാജാവ് 'പിള്ളയെ' മൂന്നു വർഷം ജയിലിൽ അടച്ച് പീഡിപ്പിച്ചു കാട്ടിൽ കൊണ്ടുപോയി വെടി വെച്ചു കൊന്നുവെന്നുള്ള കഥയും വിശ്വസിക്കാൻ വിശ്വാസികളുമുണ്ടാവും. കേരള ജനത ബഹുമാനിച്ചിരുന്ന വീര മാർത്താണ്ഡ വർമ്മ രാജാവിനെ ചരിത്രത്തിലെ വില്ലനായും ചിത്രീകരിക്കും. ദേവസഹായത്തെപ്പറ്റി വ്യജകഥകൾ നെയ്തുണ്ടാക്കി പ്രചരിപ്പിക്കുന്ന വഴി മഹാനായ ഒരു രാജാവിനെയാണ് അപമാനിക്കുന്നത്. ദേവസഹായത്തിന്റെ കെട്ടുകഥയിലൂടെ അന്നത്തെ കേരള സമൂഹത്തെ ബാർബേറിയൻമാരായും ചിത്രീകരിക്കുന്നു.
ചരിത്രകാരനായ ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂർ മാനുവലിൽ വോളിയം ഒന്നിൽ പതിനാറാം പേജിൽ എഴുതിയിരിക്കുന്നത് നോക്കുക, "തിരുവിതാകൂർ മഹാരാജാവായിരുന്ന കാർത്തിക തിരുന്നാൾ, ഡിലനായി ആവശ്യപ്പെട്ട പ്രകാരം 'ഉദയഗിരി പള്ളി' പണിക്കുള്ള ചെലവുകൾ വഹിച്ചു. കൂടാതെ രാജാവ് പള്ളി വികാരിക്ക് 100 പണം ശമ്പളവും നല്കുന്നുണ്ടായിരുന്നു. സ്‌കോട്ടീഷ് ക്രിസ്ത്യാനിയായ കേണൽ മൺറോ തിരുവിതാം കുർ ദിവാനായിരുന്നു. ക്രിസ്ത്യാനികളോട് വിരോധമുള്ള രാജാവ് ക്രിസ്ത്യാനിയെ ദിവാനാക്കുന്നതും വിരോധാഭാസമാണ്. തിരുവിതാം കുർ രാജാക്കന്മാരെ മതഭ്രാന്തരായി ചിത്രീകരിക്കുന്നവർ രാജാക്കന്മാർക്ക് അക്കാലങ്ങളിൽ ക്രിസ്ത്യാനികളുമായുണ്ടായിരുന്ന സഹകരണവും പഠിക്കണം. കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ രാജാക്കന്മാരെ വർഗീയവാദികളായി ചിത്രീകരിക്കേണ്ടത് സഭയുടെ ആവശ്യമായി മാറിയിരിക്കുന്നു.
ഡച്ചുകാരനായ 'ഡിലനായി' ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായിരുന്നു. ഉദയഗിരി ഫോർട്ടിലുള്ള അദ്ദേഹത്തിൻറെ പള്ളി പ്രൊട്ടസ്റ്റന്റുകാരുടെ പള്ളിയാണ്. പോരാഞ്ഞ് ഇന്ത്യയിലുള്ള ഡച്ചു മിഷിനറിമാരായിരുന്നു അന്ന് മതം മാറുന്നവർക്ക് മാമ്മോദീസ കൊടുത്തിരുന്നതും. അങ്ങനെയുള്ള സാഹചര്യത്തിൽ ഡിലനായി എന്തുകൊണ്ട് നീലകണ്‌ഠ പിള്ളയെ കത്തോലിക്കനായി മാമ്മോദീസ മുക്കാൻ അയച്ചു. മഹാരാജാവിന്റെ ജനറൽ മാമ്മോദീസ മുങ്ങിയാൽ രാജാവിന് എന്തെങ്കിലും പ്രായോജനമുണ്ടാകുമായിരുന്നോ? ഉയർന്ന ജാതിക്കാരനായ നീലകണ്‌ഠ പിള്ള യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ലാത്ത കത്തോലിക്ക സഭയിൽ മാമ്മോദീസ മുങ്ങിയാൽ എന്ത് നേട്ടമായിരുന്നു അയാൾക്ക് ഉണ്ടാവുന്നത്? ഇതിൽ നിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ളയുടെ കള്ളക്കഥ രചിച്ചവർക്ക് അന്നത്തെ തിരുവിതാം കൂറിന്റെ രാഷ്ട്രീയ സാമൂഹിക ചരിതം അറിഞ്ഞു കൂടായിരുന്നുവെന്നാണ്. അല്ലെങ്കിൽ അന്നത്തെ കാലത്തെ യൂറോപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലവും അവർക്ക് അജ്ഞാതമായിരുന്നു. റ്റി.കെ. വേലുപ്പിള്ളയുടെ ബുക്കിൽ മാർത്താണ്ഡ വർമ്മ രാജാവിന്റെ തിരുവിതാം കൂർ പട്ടാളത്തിൽ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. (വോളിയം 4, പേജ് 122) അങ്ങനെയെങ്കിൽ ക്രിസ്ത്യാനിയായ ദേവസഹായം പിള്ള എങ്ങനെ കുറ്റവാളിയാകും?
നീലകണ്‌ഠ പിള്ളയെ മത പരിവർത്തനം ചെയ്ത നാളുകളിൽ യൂറോപ്പിൽ പ്രൊട്ടസ്റ്റന്റ്കാരും കത്തോലിക്കരും തമ്മിൽ പരസ്പ്പരം യുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലും കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്കാരുമായുള്ള വഴക്കുകൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കൊച്ചി ഫോർട്ട് പിടിച്ച ശേഷം പ്രൊട്ടസ്റ്റന്റ് ഡച്ചുകാർ ഹോളി അന്റോണിയോ കത്തോലിക്ക പള്ളിയുടെ പേര് ഹോളി ഫ്രാൻസിസ് പ്രൊട്ടസ്റ്റന്റ് ചർച്ച് എന്ന പേരിൽ മാറ്റിയെഴുതി. അവിടെ വാസ്കോഡി ഗാമയുടെ ഭൗതിക അവശിഷ്ടം നിലകൊള്ളുന്നു. ഈ പള്ളി ഇപ്പോൾ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്‌ഐ സഭയുടെ നിയന്ത്രണത്തിലാണ്.
ഇന്ത്യൻ ചരിത്രകാർ ക്രിസ്ത്യാനികൾക്ക് എതിരാണെന്നും ഹിന്ദുക്കൾക്ക് അനുകൂലമായി ചരിത്രം എഴുതുന്നുവെന്നും ചില ക്രിസ്ത്യൻ പുരോഹിതരും മതചരിത്രകാരും പരാതിപ്പെടാറുണ്ട്. ക്രിസ്ത്യൻ കഥകൾ ചരിത്രമായി, സത്യമായി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ക്രിസ്ത്യൻ പുരോഹിതരുടെ ഈ വാദഗതിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
1774 ജൂലൈ രണ്ടാം തിയതി ക്ലമന്റ് പതിന്നാലാം മാർപാപ്പായുടെ ഒരു കത്തിൽ 'തിരുവിതാം കൂർ മഹാരാജാവിന്റെ ക്രിസ്ത്യാനികളോടുള്ള സ്നേഹവാത്സല്യത്തെയും ദയയെയും അഭിനന്ദിക്കുന്നുണ്ട്. (തിരുവിതാംകൂർ മാനുവൽ വോളിയം 1, പേജ് 387, എം. നാഗം അയ്യാ ) എങ്കിൽ ക്ലമന്റ് മാർപാപ്പാ കള്ളം പറഞ്ഞതാണോ? കേരളത്തിന്റെ പഴയ രാജാക്കന്മാരുടെ മത സൗഹാർദ്ദത്തെപ്പറ്റി പോപ്പ് ജോൺ പോൾ രണ്ടാമനും പറഞ്ഞത് നുണയായിരുന്നോ? അതുപോലെ ബനഡിക്റ്റ് മാർപാപ്പയും കേരളത്തിൽ നില നിന്നിരുന്ന മതസൗഹാർദത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. രാജാക്കന്മാർ ക്രിസ്ത്യൻ പള്ളികൾക്ക് ഭൂമി ദാനമായി നൽകിയിട്ടുണ്ടെങ്കിൽ, രാജാക്കന്മാരുടെ പട്ടാളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നെങ്കിൽ, മുമ്പുള്ള മാർപാപ്പാമാർ കേരളത്തിന്റെ മതസഹിഷ് ണതയെ പുകഴ്ത്തി പറഞ്ഞിരുന്നുവെങ്കിൽ വിശുദ്ധനായ ദേവസഹായത്തെ പറ്റി ഇപ്പോൾ കേൾക്കുന്ന കഥകൾ വ്യാജങ്ങളെന്നും വ്യക്തമാണ്. മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ പറഞ്ഞിരുന്ന കാര്യങ്ങൾ ചരിത്രത്തിനു വിപരീതവും തന്നെ. ഇപ്പോൾ കോട്ടാർ രൂപത പറയുന്നത് സത്യമാണെങ്കിൽ, ഇവരിൽ കള്ളം പറയുന്നത് മാർപാപ്പമാരോ കോട്ടാർ രൂപതയോയെന്നും പഠിക്കേണ്ടിയിരിക്കുന്നു.
തിരുവിതാം കൂർ രാജാക്കന്മാർ മരണ ശിക്ഷ നൽകിയിരുന്നത് രാജ്യത്തിനെതിരെ ആസൂത്രണ പദ്ധതികൾ ചെയ്യുന്നവരെയും കലാപകാരികളെയും കൂട്ടം കൂടി കൊള്ള നടത്തുന്നവരെയും എന്ന് ചരിത്രകാരൻ ശ്രീ നാഗം അയ്യ രേഖപ്പെടുത്തിയിരിക്കുന്നു. (തിരുവിതാം കുർ മാനുവൽ, വോളിയം 4, പേജ് 77) ഒരു പക്ഷെ നീലകണ്‌ഠ പിള്ള ക്രിസ്ത്യാനിയായ ശേഷം രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തി രാജ്യദ്രോഹം ചെയ്തിരിക്കാം. രാജ്യത്തിന്റെ നിയമം ലംഘിച്ചതുകൊണ്ട് വധിക്കപ്പെട്ടിരിക്കാം. ക്രിസ്ത്യാനിയായി മത പരിവർത്തനം ചെയ്താലോ പ്രചരിപ്പിച്ചാലോ യാതൊരു ശിക്ഷയും തിരുവിതാംകൂർ സർക്കാരിലുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ സവർണ്ണ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. അദ്ദേഹം താഴ്ന്ന ജാതികളുമായി സഹവസിച്ചിരുന്നെങ്കിൽ ഉയർന്ന ജാതികൾ അദ്ദേഹത്തെ വെറുത്തു കാണാം. അങ്ങനെ ജാതിവ്യവസ്ഥയിൽ കൊന്നതുമാകാം. അതിൽ സർക്കാരിന്റെ നിയമവുമായി യാതൊരു ബന്ധവുമില്ല. സഭ ലജ്ജയില്ലാതെ ഇവിടെ ജാതി വ്യവസ്ഥ എന്ന കഥയും മെനഞ്ഞെടുത്തിട്ടുണ്ട്. ജാതി വ്യവസ്ഥയനുസരിച്ച് ജാതികൾ തമ്മിലുള്ള കലഹം അക്കാലത്തിലെ ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
ദേവ സഹായം പിള്ള മത പരിവർത്തനം നടത്തിയെന്ന് ആരോപ്പിക്കുന്ന വടക്കൻകുളം പ്രദേശങ്ങളിൽ താണവരായ വെള്ളാള ക്രിസ്ത്യാനികൾക്ക് സവർണ്ണരുടെ പള്ളികളിൽ ഇന്നും പോവാൻ അനുവാദമില്ല. അഥവാ പള്ളിയിൽ പോയാലും അവർ പ്രത്യേകമായ ഒരു സ്ഥലത്ത് ഇരിക്കേണ്ടിയും വരുന്നു. ക്രിസ്തു മതത്തിൽ തന്നെ ജാതി വ്യവസ്ഥ ഇന്നും ഉള്ള സ്ഥിതിക്ക് ദേവ സഹായംപിള്ള ജാതി വ്യവസ്ഥക്കെതിരെ പോരാടിയെന്നു വിശ്വസിക്കുന്നതെങ്ങനെ? ഇന്നുള്ള വർണ്ണ വർഗ വിവേചനത്തിനെതിരെയുള്ള സഭയുടെ നിലപാട് എന്താണ്? ജാതിയിൽ താണവരുമായി വിവാഹബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ടോ?
ഒരു പ്രദേശത്തെ ജനതയുടെ സംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നീലകണ്‌ഠ പിള്ളയുടെ പൗരുഷമോ, അല്ലെങ്കിൽ സഭ കരുതുന്നപോലെ രക്തസാക്ഷിത്വമോ ? ഹിന്ദുക്കളുടെ ആത്മാക്കളെ രക്ഷിച്ചുവെന്ന വാദങ്ങളാണ് ഉന്നയിക്കുന്നത്. നല്ലവരായ ഹിന്ദു ജനത ക്രിസ്ത്യാനികളെ ഇരുകരങ്ങളും കൂട്ടി സ്വാഗതം ചെയ്തു. അവർക്ക് പള്ളി പണിയാൻ സൗകര്യങ്ങൾ നൽകി. മതം ആചരിക്കാനും സൗകര്യങ്ങൾ നൽകി. വാസ്തവത്തിൽ അവരുടെ പാരമ്പര്യത്തെയും മാമൂലുകളെയും സംസ്ക്കാരത്തെയും നശിപ്പിച്ച 'ഇവർ' സഹായിച്ചവരെ ചതിക്കുകയല്ലേ ചെയ്തത്. സഭയുടെ പ്രചാരണത്തിനൊരുങ്ങുന്ന ക്രിസ്ത്യാനിയുടെ ഒരു പോരാളി മരിച്ചാൽ അയാൾ രക്തസാക്ഷിയാകും. അതേ യോദ്ധാവ് സഭയ്ക്ക് വേണ്ടി ശത്രു രാജ്യത്തിലുള്ളവരെ കൊല ചെയ്താലും വിശുദ്ധനാകും. ഇതാണ് ക്രിസ്തീയ ചരിത്രം. ക്രിസ്തുമതം ലോക വ്യാപകമായി പ്രചരിച്ചതും രക്തസാക്ഷികളിൽക്കൂടിയാണ്.
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment