Sunday, October 19, 2014

കോഹന്റെ വ്യവസായ സാമ്രാജ്യത്തിൽ വീണുപോയ മാർതോമയുടെ കുടുംബം


By ജോസഫ് പടന്നമാക്കൽ

അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിലെ   നിയമാനുസൃതമല്ലാത്ത സ്റ്റോക്കു വ്യാപാരത്തിൽ  പോർട്ട്‌ഫോളിയോ  മാനേജരായിരുന്ന ശ്രീ മാർതോമ്മാ  മാത്യു  കുറ്റകൃത്യങ്ങൾ നടത്തിയെന്നു പറഞ്ഞ്  ഫെഡറൽ കോടതി ഒമ്പതു വർഷം  അദ്ദേഹത്തെ   ശിക്ഷിച്ചത് വാൾസ്ട്രീറ്റിന്റെ സ്റ്റോക്കുവ്യാപാരത്തിലെ സുപ്രധാനമായ ഒരു ചരിത്രവാർത്തയായിരുന്നു. മാധ്യമങ്ങൾ മുഴുവൻ ആ രംഗം അന്ന് പകർത്തിയെടുത്തു.  പ്രമാദമായ  ഈ കേസ്സിൽ പ്രതിയെ ശിക്ഷിക്കാൻ കോടതിയ്ക്ക് പല ന്യായവാദങ്ങളുണ്ടെങ്കിലും   അദ്ദേഹത്തെ അറിയാവുന്ന സുഹൃത്തുക്കൾക്കും  ബന്ധുക്കൾക്കും അതുൾക്കൊള്ളാൻ സാധിക്കുന്നില്ല. ആർക്കോ വേണ്ടി മാർതൊമ്മാ ബലിയാടാവുകയായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ വിശ്വസിക്കുന്നു. നിയമത്തിന്റെ ന്യായവാദങ്ങൾ കേട്ട  ഒരു കേസിന്റെ വിധിയെ  പൌരനെന്ന നിലയിൽ മാനിച്ചേ തീരൂ. ഇനി അദ്ദേഹം നിഷ്കളങ്കനാണെന്ന് തുടർന്നുള്ള  അപ്പീലിൽക്കൂടി തെളിയിക്കണം.   


പ്രമാദമായ ഈ കേസിന്റെ കഥ ആദ്യം ആരംഭിക്കുന്നത്  വൈദ്യശാസ്ത്ര ലോകത്തിലെ  പ്രസിദ്ധനായ ഡോ. ഗില്മാനിൽ നിന്നുമായിരുന്നു. അല്സേമേഴ്സ് എന്ന രോഗനിവാരണത്തിനുള്ള  ശാസ്ത്രീയ ഗവേഷണം നടത്തിയിരുന്നത് ഡോ . ഗില്മാന്റെ  നേതൃത്വ ത്തിലായിരുന്നു. നാളിതുവരെ ആ രോഗത്തിന് ഫലവത്തായ  മരുന്നൊന്നും   കണ്ടുപിടിച്ചിട്ടില്ല. അതിനായി പരീക്ഷണങ്ങൾ അനേക തവണകൾ നടത്തിയെങ്കിലും  എല്ലാം പരാജയപ്പെടുകയായിരുന്നു.  എന്നാൽ  'എലൻ'  എന്നും  വൈത്ത്  എന്നും  രണ്ടു കമ്പനികൾ ഈ രോഗത്തിനു  ശമനം ലഭിക്കാൻ ഗവേഷണങ്ങളുമായി രംഗത്തു  വന്നു. 'ബാപി' യെന്ന ചുരുക്കപേരിൽ ഈ മരുന്നിനെ വിളിച്ചിരുന്നു. അതിന്റെ മെഡിക്കൽ പേര് 'ബാപിനെയൂഴുമാബ് (Bapineuzumab)' എന്നാണ്. ആദ്യം എലികളിൽ പരീക്ഷണമായി  മരുന്നു പ്രയോഗിച്ചപ്പോൾ വിജയകരമായി കണ്ടു. രണ്ടാം പരീക്ഷണം 240 മനുഷ്യരിലായിരുന്നു. പരീക്ഷണങ്ങൾ മനുഷ്യരിലും വിജയമായിരുന്നു. അൽസാമെഴ്സുമായി ബന്ധപ്പെട്ട ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും  ഡോ. ഗിൽമാന്റെ  നേത്രുത്വത്തിലായിരുന്നു നടത്തിയത്. രണ്ടാ ഘട്ടത്തിലെ വിജയം ഡോ. ഗിൽമാൻ പൊതുജനങ്ങളെ അറിയിക്കാൻ ഒരുമ്പെടുന്ന സമയവുമായിരുന്നു.


അമേരിക്കയിൽ അഞ്ചു മില്ല്യനിൽപ്പരം അല്സേമെഴ്ഷ് രോഗികളുണ്ട്. ജനങ്ങളുടെ വർദ്ധനവനുസരിച്ച് രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗനിവാരണത്തിനായുള്ള ഒരു മരുന്നു കണ്ടുപിടിച്ചിരുന്നെങ്കിൽ അമേരിക്കൻ വൈദ്യശാസ്ത്രത്തിനു തന്നെ അതൊരു   നേട്ടമാകുമായിരുന്നു. സ്റ്റോക്കിൽ  പണം നിക്ഷേപിക്കുന്നവർക്ക് ലാഭം കൊയ്യാൻ നല്ലൊരവസരമായിരുന്നു. 'എലൻ' കമ്പനിയും 'വൈത് 'കമ്പനിയും  'ബാപി' യുടെ പരീക്ഷണ നിരീക്ഷണങ്ങൾക്കായി നൂറു മില്ല്യനിൽ അധികം   ഡോളർ ചിലവാക്കിക്കൊണ്ടിരുന്നു. 'ബാപി'യിൽ പണം നിക്ഷേപിക്കുന്നവർക്ക് പ്രതീക്ഷകളുമുണ്ടാവാൻ തുടങ്ങി. 'ലിപ്പിറ്റൊർ' പോലെ 'ബാപി' മരുന്നും ആഗോള പ്രസിദ്ധമാകുമെന്ന   വിശ്വാസവും ജനങ്ങളിൽ ഉണ്ടാവാൻ തുടങ്ങി. അമേരിക്കൻ മെഡിക്കൽ മാസികകൾ 'ബാപി'യുടെ വിജയസാധ്യതയെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. 
സ്റ്റോക്ക് ഹെഡ്ജ് മാർക്കറ്റിലെ അതികായനായി അറിയപ്പെടുന്ന മിസ്റ്റർ സ്റ്റീഫൻ ഏ കോഹൻ നൂറു കണക്കിനു മില്ല്യൻ ഡോളർ വിലവരുന്ന 'ബാപി' സ്റ്റോക്കുകൾ എലൻ കമ്പനിയിൽ നിന്നും വൈത്തു കമ്പനിയിൽ നിന്നും മേടിച്ചത് 'ബാപി'യുടെ വിജയത്തിന്റെ സൂചനയായി നിക്ഷേപർ കരുതി. 'ബാപി'യുടെ പരീക്ഷണങ്ങൾ എല്ലാ ഘട്ടത്തിലും വിജയിച്ചാൽ അതിന്റെ നേട്ടം പറഞ്ഞറിയിക്കാൻ സാധിക്കാത്തവണ്ണമായിരുന്നു.


എന്നാൽ 'ബാപി'യുടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ചില രോഗികളിൽ പ്രായോഗികമായി വിജയിച്ചെങ്കിലും എല്ലാവരിലും വിജയം കണ്ടെത്തുവാൻ സാധിച്ചില്ല. ഗില്മാന്റെ ഈ പരീക്ഷണങ്ങളിൽ   സ്റ്റോക്കുനിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. എലൻ മാർക്കറ്റ് നാൽപ്പതു ശതമാനവും വൈത്തു മാർക്കറ്റ് ഇരുപതു ശതമാനവും വിലയിടിഞ്ഞു. ഇതിനുള്ളിൽത്തന്നെ കോഹൻ രണ്ടു കമ്പനികളിലും ഉണ്ടായിരുന്ന 700 മില്ല്യൻ ഡോളറിന്റെ സ്റ്റോക്കുകൾ ഉടനടി വിൽക്കുകയും ചെയ്തു. ഈ സ്റ്റോക്ക് വ്യാപാരത്തിൽ കോഹന് 275 മില്ല്യൻ ഡോളർ ലാഭവുമുണ്ടായി. വളരെ രഹസ്യമായി വെച്ചിരുന്ന ഈ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പരാജയവിവരം കോഹനു ലഭിച്ചതെങ്ങനെയെന്നു രണ്ടു ഫാർമോട്ടിക്കൽ കമ്പനികൾക്കും വിസ്മയമായിരുന്നു. കോഹന്റെ സ്റ്റോക്കിനെപ്പറ്റിയുള്ള നിരീക്ഷണപാടവമാണ് അതിന്റെ പിന്നിലുള്ളതെന്നു മറ്റു നിക്ഷേപകരും സ്റ്റോക്ക് മാർക്കറ്റുമായി ബന്ധമുള്ളവരും കരുതി. 


 ഫെഡറൽ  അധികാരികൾക്ക് കഥകൾ മറ്റൊരു തരത്തിലായിരുന്നു പറയാനുണ്ടായിരുന്നത്. 'ബാപി'യുടെ ഗവേഷണ  പരാജയവിവരങ്ങൾ രഹസ്യമായി ഗില്മാനിൽ നിന്ന്  ചോർത്തിയെടുത്ത് കോഹനെ ധരിപ്പിച്ചത് പോർട്ട്‌ ഫോളിയോ  മാനേജരായിരുന്ന മാർതോമായായിരുന്നുവെന്നു  അവർ ആരോപിക്കുന്നു. ബൌദ്ധികതലങ്ങളിലുളള ഇത്തരം വിവരങ്ങൾ ചോർത്തിയെടുത്ത  തെളിവുകളായി കോഹനും 
മാർതോമായുമായുള്ള  സംഭാഷണങ്ങളും ഈമെയിലുകളുമുണ്ടെന്നു   ഫെഡറൽ അധികാരികൾ ആരോപിച്ചെങ്കിലും അത്തരം തെളിവുകൾ  കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. ഒരു സ്റ്റോക്ക്  പോർട്ട്‌ ഫോളിയോ മാനേജരെന്ന നിലയിൽ 'ബാപി'യുടെ പുരോഗതിയെപ്പറ്റി  തീവ്രമായ അന്വേഷണങ്ങൾ  മാർതോമാ നടത്തിയെങ്കിലും  'ബാപി' യുടെ ഗവേഷണ പരാജയവിവരങ്ങൾ ഏതെങ്കിലും ഡോകടർമാരിൽ നിന്ന് ലഭിച്ചതായ രേഖകളും കോടതിയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.  ആദ്യം പ്രതിസ്ഥാനത്തായിരുന്ന  ഗില്മാനെ  സാക്ഷിയാക്കി  പിന്നീട് കുറ്റം മുഴുവൻ   മാർതോമായിൽ  ആരോപിക്കുകയായിരുന്നു. 

ഡോക്ടർ ഗില്മാൻ  ന്യൂറോളജിയിൽ ഫ്രോഫാസറാണെങ്കിലും  രണ്ടുതരം വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. കോടതിയിൽ  അദ്ദേഹത്തിൻറെ വിസ്താര വേളയിലും പ്രായാധിക്യം കാരണം മാനസിക പരിഭ്രമം വ്യക്തമായി കാഴ്ചക്കാർക്ക് കാണാമായിരുന്നു.  ഇന്നു പറയുന്നത് മറ്റൊരു ദിവസം വേറൊരു തരത്തിൽ  പറയുന്ന സ്വഭാവ വിശേഷം ഇദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ തെളിഞ്ഞുകാണാം. പ്രതിയായിരുന്ന സമയത്ത് മാർതോമായ്ക്ക്    അനുകൂലമായി പറഞ്ഞ അദ്ദേഹത്തെ കോടതി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതെല്ലാം വ്യത്യസ്തമായ രീതിയിൽ മാർതോമായ്ക്കെതിരായി ആയിരുന്നു. ന്യൂറോളജിയിലെ ആധികാരികമായ ഡോക്ടർ എന്ന നിലയിൽ  അദ്ദേഹത്തിന്റെ സാക്ഷിമൊഴികൾ കോടതിയ്ക്ക് വിശ്വസിനീയവുമായിരുന്നു.  പ്രതിയായിരുന്നപ്പോൾ പറഞ്ഞതെല്ലാം പാടെ തള്ളി കളയുകയും ചെയ്തു.

ഗിൽമാൻ 1977-ൽ മിഷിഗണ്‍  യൂണിവേഴ്സിറ്റിയിൽ ന്യൂറോളജി  പ്രൊഫസറുടെ ചുമതല വഹിച്ചിരുന്നു. ന്യൂറോളജി  ഡോക്ടറായിരുന്ന ഗില്മാന്റെ ജീവിതം എന്നും മാനസിക പാളീച്ചകൾ  നിറഞ്ഞതായിരുന്നു. ദുഖകരമായ അനുഭവങ്ങൾ അദ്ദേഹത്തിനു ധാരാളമുണ്ട്. 1980-ൽ  അദ്ദേഹത്തെ  ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയി. മൂത്ത മകനായ 'ജെഫ്' ഒരു മാനസിക രോഗിയായി മാറി. 1983-ൽ അമിതമായ ഗുളികകൾ കഴിച്ച് 'ജെഫ്' ആത്മഹത്യ ചെയ്തു. ജെഫിന്റെ മരണ ശേഷം നിരാശനായ അദ്ദേഹം  ജോലി രാജി വെച്ചു. 1984-ൽ  രണ്ടാമതും വിവാഹം കഴിച്ചു. ആദ്യത്തെ വിവാഹത്തിൽ ജനിച്ച മകൻ  'റ്റോടും' അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.


ഗിൽമാൻ യൂണി വേഴ്സിറ്റി  പ്രൊഫസറെന്നതിലുപരി  ജി.എൽ.സി എന്ന കമ്പനിയുടെ മെഡിക്കൽ സ്റ്റോക്ക് സംബന്ധിച്ച കണ്‍സൾ ട്ടന്റും ആയിരുന്നു. അങ്ങനെ  മെഡിക്കൽ  സ്റ്റോക്ക്  ഉപദേശകനെന്ന നിലയിൽ  മാർതോമായിൽ നിന്നും ഒരിയ്ക്കൽ അദ്ദേഹത്തിനു ഒരു ടെലഫോണ്‍  വന്നു.  മെഡിക്കൽ സംബന്ധമായി സ്റ്റോക്കുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹം കോഹന്റെ കമ്പനിയിൽ നിയമിതനായ വിവരവും ഡോക്ടർ  ഗിൽമാനെ അറിയിച്ചു.  ഗവേഷണത്തിലിരിക്കുന്ന 'ബാപി ' യെ പ്പറ്റിയും  അല്സാമെഴ്സ് രോഗത്തെപ്പറ്റിയും അദ്ദേഹമന്ന് സംസാരിച്ചിരുന്നു. മാർതോമായുടെ അമ്മയും ഭാര്യയും ഡോക്ടർമാരായതുകൊണ്ട് പ്രായോഗിക ജീവിതത്തിനു വേണ്ട സാമാന്യ മെഡിക്കൽ വിവരങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. മാർതോമയ്ക്ക് അല്സാമെഴ്സ് രോഗത്തെപ്പറ്റി സംസാരിക്കാൻ ധാരാളമുണ്ടായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹോസ്പ്പിറ്റലുകളിൽ ചാരിറ്റബിൾ സംഘടനയ്ക്കായി കാന്റി(candy) വിൽക്കാൻ പോവുന്ന കാര്യവും  മാർതോമ്മാ   ഗിൽമാനോട് സംസാരിച്ചിട്ടുണ്ട്.    

മാർതോമാ എസ്.എ. സിയിൽ വരുന്നതിനു മുമ്പ് സിരിയോസ് ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന ചെറിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പോർട്ട് ഫോളിയോ മാനേജരെന്ന നിലയിൽ മാർതോമയുടെ ഫ്രൊഫഷണൽ വളർച്ചയ്ക്ക് എസ്.എ.സി കമ്പനി അനുയോജ്യമായ സ്ഥലമെന്നും അദ്ദേഹം വിചാരിച്ചു. കമ്പനിക്ക് തുടർച്ചയായി ലാഭമുണ്ടാക്കുന്നവർ അവിടെ പെട്ടെന്നു പണക്കാരാകും. കമ്പനിയ്ക്ക് നഷ്ടമുണ്ടാക്കുന്ന സമയം അവിടെനിന്നു പുറത്താകുകയും ചെയ്യും. വളരെ കഴിവും പ്രാപ്തിയുമുള്ളവരെയും അക്കാദമിക്ക് നിലവാരം നോക്കിയുമേ അവിടെ ജോലിക്കായി നിയമിക്കുകയുള്ളൂ. മാർതോമയെ സംബന്ധിച്ച് അദ്ദേഹത്തിന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രീയുണ്ടായിരുന്നു. അനേക വർഷങ്ങൾകൊണ്ട് വളരെയധികം   അദ്ധ്വാനഫലമായി അല്സേമഴ്സിനെ സംബന്ധിച്ചുള്ള പേപ്പറുകളും ഹാർവാർഡ് യൂണിവെഴ്സിറ്റിയിൽ തയാറാക്കിയിരുന്നു.നിയമഡിഗ്രിയ്ക്ക് ഡോക്ടറെറ്റിന് പഠിക്കാൻ ഹാർവാർഡു യൂണിവേഴ്സിറ്റിയിൽ തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീടദ്ദേഹം സ്റ്റാൻഫോർഡിൽനിന്ന് എം.ബി.എ. ബിരുദമെടുത്തു. എസ്.ഏ. സി യുടെ പുരോഗതിക്കായി മാർതോമ അതീവ ഗവേഷണ ചാതുരിയും കഠിനാധ്വാനിയുമായിരുന്നു. അവിടെ ജോലിയെടുത്ത നാളുമുതൽ അദ്ദേഹത്തെ ആകർഷിച്ചത് 'ബാപി' യുടെ പുരോഗതിയായിരുന്നു. ആ ഡ്രഗുമായി ബന്ധപ്പെട്ട അനേകം ഡോക്ടർമാരുമായി അദ്ദേഹം സംസാരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പുരോഗതിയെപ്പറ്റി പറയുവാൻ ഡോക്ടർമാർ തയാറായിരുന്നില്ല. ഗില്മാനും മാർതോമായുമായുള്ള സംഭാഷണത്തിന്റെ വെളിച്ചത്തിൽ അഞ്ചുമില്ല്യൻ ഡോളർ വിലയുള്ള 'ബാപി'യുടെ സ്റ്റോക്ക് എസ്.എ .സി. വാങ്ങിക്കാൻ തയാറായി.    


'ന്യൂയോർക്കറെന്ന' അമേരിക്കൻ വാരികയിലെ ഒരു ലേഖകനും റോസ് മേരിയുമായുള്ള അഭിമുഖ സംഭാഷണംത്തിൽ റോസ് മേരി മനസു തുറന്ന് സംസാരിക്കുന്നുണ്ട്. റോസ് മേരി പറയുന്നു, "മാത്യൂ ഒരിക്കലും തന്റെ ജോലികൾ സ്വയമായിട്ടായിരുന്നില്ല ചെയ്തിരുന്നത്. ഓരോ തീരുമാനവും എടുക്കുന്നത് സഹപ്രവർത്തകരും ബോസുമാരുമായി ആലോചിച്ച് ഒരു ഗ്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു. വിശ്രമമില്ലാതെ സദാസമയവും ഏഴുതരം ജോലി ചെയ്യണമായിരുന്നു. രാവിലെ നാലുമണിക്കെഴുന്നേൽക്കും. യൂറോപ്യൻ മാർക്കറ്റ് ശ്രവിച്ചു കഴിഞ്ഞ് ന്യൂയോർക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുന്നവരെ ജോലി ചെയ്തുകൊണ്ടിരുന്നു. വിജയകരമായി കൈകാര്യം ചെയ്യാമായിരുന്ന മറ്റനേക സ്റ്റോക്കുകളുണ്ടായിരുന്നെങ്കിലും 'ബാപി' യായിരുന്നു അദ്ദേഹത്തിൻറെ പ്രതീക്ഷകൾ മുഴുവനും. ഒരു പോർട്ട്‌ഫോളിയോ മാനേജരെന്ന നിലയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടാകും. ഓരോതരം സ്റ്റോക്കുകളും അവരുടെ കുഞ്ഞുങ്ങളാണ്. അതിനെ പരിപോഷിപ്പിച്ച് വളർത്തിക്കൊണ്ടിരിക്കണം. സ്റ്റോക്കിന്റെ വളർച്ചയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും അന്വേഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുകയെന്നത് കമ്പനിയുടെ താൽപര്യവും സ്വന്തം പ്രൊഫഷണിലസത്തിന്റെ വളർച്ചക്കുമാവശ്യവുമാണ്. ഗില്മാനും മാർതോമായുമായി 42 അഭിമുഖ സംഭാഷണങ്ങൾ നടന്നതായി കോടതിയിൽ സാക്ഷി പറഞ്ഞിട്ടുണ്ട്. കൂടാതെ അനേക ഡോക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും 'ബാപി'യുടെ പരാജയത്തെപ്പറ്റിയോ പാർശ്വഫലങ്ങളെപ്പറ്റിയോ അദ്ദേഹത്തോട് സംസാരിച്ചതായി അറിവില്ല.  

 1974-ൽ ഫ്ലോറിഡായിൽ മെറിറ്റ്  ഐലൻഡിൽ മാർതോമാ ജനിച്ചു. അജയ മാത്യൂ തോമസെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. മാത്യൂവിന്റെ പിതാവ് അവിടെ ഡ്രൈ ക്ലീനിംഗ് ബിസിനസ് നടത്തിയിരുന്നു. മകന്റെ പഠനത്തിലും അക്കാഡമിക്ക്  വളർച്ചയിലും  അതി കർശനക്കാരനായിരുന്നു. ഏതെങ്കിലും വിഷയത്തിൽ മകന് 'ബി' ഗ്രേഡായാൽ  അപ്പനു സഹിക്കുമായിരുന്നില്ല. ആദികുടിയേറ്റക്കാരായ ഭൂരി ഭാഗം മാതാപിതാക്കളും മക്കൾ ഹാർവാർഡിൽ പഠിക്കണം അല്ലെങ്കിൽ ഡോക്ടറാകണമെന്ന ചിന്താഗതിക്കാരായിരുന്നു.  മൂത്ത മകനായ  'അജയ' എന്ന' മാർതോമാ'  ഹാർവാർഡിൽ പഠിക്കണമെന്നത്  അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.   മാർതോമാ, ഹൈസ്കൂൾ പാസായത് 'എ' ഗ്രേഡോടെ ഒന്നാമനായിട്ടായിരുന്നു. എങ്കിലും അന്ന് തെരഞ്ഞെടുത്തത് ഡ്യൂക്ക് യൂണിവെഴ്സിറ്റിയായിരുന്നു. ഡ്യൂക്ക് യൂണിവെഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തും അൽസെമെഴ്സിനെ സംബന്ധിച്ചുള്ള മെഡിക്കൽ പഠനത്തിനായി വോളണ്ടീയർ ജോലി ചെയ്യുമായിരുന്നു. പഠിച്ചു മിടുക്കനായി ജീവിതത്തിന് അർത്ഥവും വ്യക്തിപ്രഭാവമുള്ളവനുമായി വളരണമെന്ന തീവ്രമായ ഉൽക്കർഷേച്ഛ എന്നുമദ്ദേഹത്തെ നയിച്ചിരുന്നു. ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ  പഠിക്കുന്ന കാലത്ത് അദ്ദേഹത്തിൻറെ  പി.എച് ഡി. തിസീസിന്റെ അഡ്വൈസർ ഡോക്ടർ റൊണാള്ഡ്  ഗ്രീൻ  പറഞ്ഞത് "സ്വഭാവ ഗുണത്തിലും പഠനത്തിലും അർപ്പണബോധത്തിലും ഒരുപോലെ മികവു പ്രകടിപ്പിച്ചിരുന്ന മാത്യൂ മാർതോമയെ തന്റെ വളർത്തു പുത്രനാക്കാൻ ആഗ്രഹിക്കുന്നു"വെന്നായിരുന്നു.  (റെഫ. ന്യൂയോർക്കർ  പത്രം, ഒക്റ്റോബർ 3)   

സ്റ്റാൻഫോർഡിൽ പഠിക്കുമ്പോഴാണ് മാത്യൂ മാർതോമാ റോസ് മേരിയെന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പാലായിലെ പേരും പെരുമയുമുള്ള അതിപുരാതനമായ കുടുംബത്തിലെ അംഗമായ റോസ് മേരി മാതാപിതാക്കളോടൊപ്പം വളർന്നത്‌ ന്യൂ സെലെണ്ടിലും. റോസ് മേരി അന്ന് യൂ.എസ്സിൽ പ്രാക്റ്റീസ് ചെയ്യാൻ മെഡിക്കൽ ബോർഡിനു പഠിക്കുകയായിരുന്നു. മാർതോമായെ കണ്ടുമുട്ടിയതുമുതൽ അവർതമ്മിൽ അടുപ്പമാവുകയും ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. റോസ് മേരിയുടെ മാതാപിതാക്കൾ കേരളത്തിൽ വളർന്നെങ്കിലും ഉദ്യൊഗമായി മറുനാടുകളിലായിരുന്നതുകൊണ്ട് കൂടുതലും പാശ്ചാത്യ ചിന്താഗതിക്കാരായിരുന്നു. മാർതോമാ റോസ്മേരിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ ബഹുമാനിച്ചിരുന്നു. വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗമായ ഒരു ഓർത്തോഡോക്സ് യുവാവുമായുള്ള വിവാഹം മാതാപിതാക്കൾ സമ്മതിക്കുമോയെന്നും റോസ് മേരിയുടെ മനസിനെ അന്ന് അലട്ടിയിരുന്നു. അവരുടെ മാതാപിതാക്കൾക്കും മാർതോമായെ വളരെയേറെ ഇഷ്ടമായിരുന്നു. അവർ പൂർണ്ണസമ്മതത്തോടെ ഈ വിവാഹം അംഗീകരിച്ചു. 2003-ൽ റോസ്മേരിയും മാർതോമായും ഓർത്തോഡോക്സ് ആചാരപ്രകാരം വിവാഹിതരായി. ജോലിസംബന്ധമായി കണക്റ്റിക്കട്ടിൽ താമസമാക്കിയ കാലം, ആദ്യത്തെ കുഞ്ഞു ജനിച്ചതുകൊണ്ട് റോസ് മേരി ജോലി നിറുത്തി. പിന്നീടു മാത്യുവിന്റെ തൊഴിലിനേയും സഹായിച്ചുകൊണ്ട് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു. 

ഗില്മാനും മാർതോമായുമായുള്ള ബന്ധം കൂടുതലും ബൌദ്ധിക തലങ്ങളിലുള്ളതായിരുന്നു. അൽസേമാഴ്സിനെ സംബന്ധിച്ച വിവിധ തരം ഡ്രഗുകളെപ്പറ്റി  ചർച്ച ചെയ്യുമായിരുന്നു. അറിയാനുള്ള ജിജ്ഞാസ കാരണം മാർതോമായ്ക്ക് ഗിൽമാനെ കണ്ടുമുട്ടുമ്പോഴെല്ലാം അനേക ചോദ്യങ്ങളുമുണ്ടായിരുന്നു.  താൻ പഠിപ്പിക്കുന്ന  ബുദ്ധിമാന്മാരായ വിദ്യാർത്ഥികളെക്കാൾ  ബുദ്ധിശക്തിയിൽ  വളരെയേറെ മികച്ച വ്യക്തിയാണ് മാർതോമായെന്ന്  ഗില്മാൻ പറയുമായിരുന്നു.  2010 -ൽ മാർതോമായ്ക്ക് എസ്.എ .സി കമ്പനിയിൽനിന്നും പണം നഷ്ടപ്പെടുകയാണുണ്ടായത്. ആ വർഷം ജോലിയും നഷ്ടപ്പെട്ടു. അതിനു ശേഷം മാർതോമാ കുടുംബം 1.9  മില്ല്യൻ ഡോളറോളം വില വരുന്ന മനോഹരമായ ഒരു വീട് ഫ്ലോറിഡായിൽ വാങ്ങിച്ചു.  കൂടാതെ 'മാത്യൂ റോസ് മേരി'യെന്ന ഒരു ജീവകാരുണ്യ ഫൗണ്ടേഷനും സ്ഥാപിച്ചു. പഠിക്കുന്ന കാലങ്ങളിലും മാത്യു ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായിരുന്നു. ഒരു മില്ല്യൻ ഡോളറിൽ കൂടുതൽ ജീവ കാരുണ്യത്തിനായി നല്കിയിട്ടുണ്ടെന്നും റോസ് മേരി അവകാശപ്പെടുന്നു.   

2011 നവംബർ  രണ്ടാം തിയതി മാർത്തോമാ  സായംകാലത്തെ സവാരി കഴിഞ്ഞു മടങ്ങിവരവേ  അദ്ദേഹത്തെ  കാത്ത് രണ്ടു എഫ്.ബി.ഐ. ഉദ്യോഗസ്ഥർ  വീടിനു പരിസരത്തുണ്ടായിരുന്നു. രണ്ടു പേരും സ്റ്റീഫൻ കോഹന്റെ രഹസ്യവിവരങ്ങൾ അന്വേഷിക്കാൻ വന്നവരായിരുന്നു.  'മാർക്ക്  തിരുത്തി താങ്കൾ ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയില്ലേ'യെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ  മാർതോമാ ഉടനടി ബോധരഹിതനാവുകയാണുണ്ടായത്. 

മാർതോമാ  ഹാർവാർഡ്  യൂണിവേ ഴ്സിറ്റിയിൽ  നിയമ പഠനത്തിന് അഡ്മിഷൻ മേടിച്ചപ്പോൾ അതിലേറ്റവുമധികം സന്തോഷിച്ചത് അദ്ദേഹത്തിൻറെ പിതാവായിരുന്നു.  അവിടെ  മാർതോമാ  ലോ ആൻഡ് ടെക്കനോളജി  മാസികയുടെ എഡിറ്ററായിരുന്നു.  യൂണി വേഴ്സിറ്റിയിൽ  സൊസൈറ്റി ആൻഡ് ലോ ഫൌണ്ടേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. ആ വർഷം അദ്ദേഹം ജുഡീഷ്യൽ  ക്ലർക്ക് ഷിപ്പിനുള്ള  അപേക്ഷ അയച്ചിരുന്നു. എന്നാൽ അവിടെ ഒരു ജഡ്ജിയുടെ ക്ലർക്ക് മാർതോമായുടെ  ഡ്യൂക്ക് യൂണി വേഴ്സിറ്റിയിലെ കൃത്രിമത്വം   കാണിച്ച  മാർക്കിന്റെ കോപ്പി  കണ്ടെത്തി.  രണ്ടു 'ബി' യുള്ളതിൽ 'എ' യായി തിരുത്തിയിരിക്കുന്നു. മാർതോമാ അറ്റോർണിയെ വെച്ച് പ്രതികരിച്ചെങ്കിലും യൂണി വേഴ്സിറ്റിയിൽ   നിന്നും പുറത്താക്കുകയാണുണ്ടായത്.   ഇതിൽ മാർതോമ്മയുടെ വിശദീകരണം മറ്റൊരു തരത്തിലാണ്. അദ്ദേഹം ട്രാൻസ് ക്രിപ്റ്റ് തിരുത്തിയത് യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയല്ലായിരുന്നു. മാതാപിതാക്കളുടെ ചോദ്യ ശരങ്ങളിൽനിന്നും രക്ഷപ്പെടാനായിരുന്നു. 'ബി' ഗ്രേഡു  കാണിച്ചാൽ മാതാപിതാക്കളുടെ വഴക്കു കിട്ടുമായിരുന്നു. അവരുടെ വികാരങ്ങളെ മാർതോമാ ഭയപ്പെട്ടിരുന്നു. അന്ന് എന്തോ ആവശ്യത്തിന്  മാർതോമായ്ക്ക് യാത്ര ചെയ്യണമായിരുന്നു. അദ്ദേഹത്തിൻറെ ഇളയ സഹോദരനോട് തന്റെ അഡ്മിഷനുള്ള   പൂരിപ്പിച്ച അപ്പ്ളിക്കേഷൻ തയാറാക്കാനും പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ തിരുത്തിയ മാർക്ക് ലിസ്റ്റിന്റെ  ട്രാൻസ്ക്രിപ്റ്റാണ്   കൂടെ അയച്ചത്. യൂണിവേഴ്സിറ്റിയുടെ  തീരുമാനത്തിനെതിരെ കോടതിയിൽ വക്കീലിനെ വെച്ച് വാദിച്ചെങ്കിലും വിജയിച്ചില്ല.  മാതാപിതാക്കളെയും സഹോദരനെയും ഇതിനായി വിസ്തരിച്ചിരുന്നു. ഈ സംഭവം മാർതോമായെ സംബന്ധിച്ച് തികച്ചും അപമാനമായിരുന്നു. കൂട്ടുകാരോടും മറച്ചു വെച്ചു. റോസ്മേരിയെ  കണ്ടുമുട്ടിയ നാളുകളിലും രഹസ്യമായി തന്നെ മനസ്സിൽ സൂക്ഷിച്ചു. ഹാർവാർഡ്  സംഭവം എന്നും   പേടി സ്വപ്നവുമായിരുന്നു. എസ് എ സി യിൽ ചേർന്ന കാലത്തും കമ്പനി കണ്ടുപിടിക്കുമോയെന്നും പേടിയുണ്ടായിരുന്നു. ഈ സംഭവം കമ്പനിക്ക് അറിയാമായിരുന്നെങ്കിലും കമ്പനി ആ വിവരം പുറത്തു വിട്ടില്ല.


മാർതോമായ്ക്ക് ബോധം തെളിഞ്ഞപ്പോൾ 2008-ലെ എസ്.എ .സി. യുമായുള്ള സ്റ്റോക്ക്  വിവാദങ്ങൾ എഫ്.ബി.ഐ. യ്ക്ക് അറിയാമായിരുന്നുവെന്ന് വന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്. ബി.ഐ. ഉദ്യോഗസ്ഥൻ മാർതോമായോടായി പറഞ്ഞു,  'നിന്റെ ശേഷിച്ച ജീവിതം നാശത്തിലേക്കാണ് പോവുന്നത്. നിനക്കുള്ള എല്ലാ സുഹൃത്തുക്കളും നഷ്ടപ്പെടും. നിന്റെ വളർന്നുവരുന്ന മക്കൾ നിന്നെ വെറുക്കും. കാരണം ശേഷിച്ച ജീവിതം മുഴുവൻ നിനക്കിനി  ജയിലിൽ കഴിയേണ്ടി വരും. നീ ഞങ്ങളോട് സഹകരിച്ചില്ലെങ്കിൽ സർക്കാർ നിന്നെ ഒന്നുമില്ലാതാക്കും. ഞങ്ങൾക്കു  വേണ്ടത് സ്റ്റീവൻ കോഹനും ഗില്മാനും നീയുമൊന്നിച്ചു നടത്തിയ 'ബാപി' രഹസ്യങ്ങൾ ചോർത്തിയ കഥകളാണ്." ഇതെല്ലാം കേട്ടിട്ടും മാർതോമാ ഉത്തരം പറയാതെ നിശബ്ദനായി നിന്നതേയുള്ളൂ. 

എഫ്.ബി.ഐ. ഉദ്യോഗസ്ഥർ ഗില്മാനെ ചോദ്യം ചെയ്തപ്പോഴും താനാർക്കും, മാർതോമായ്ക്കും  'ബാബി'യുടെ രഹസ്യം ഒരിക്കലും ചോർന്നു കൊടുത്തില്ലെന്നു പറഞ്ഞു.  പിന്നീട് അദ്ദേഹത്തിൻറെ പേരിൽ കേസെടുക്കുകയില്ലെന്നും പ്രതിയാക്കാതെ സാക്ഷി മാത്രമേയാക്കൂള്ളൂവെന്നു പറഞ്ഞപ്പോൾ ഗില്മാന്റെ അഭിപ്രായങ്ങൾക്കും മാറ്റം വന്നു. അദ്ദേഹം പറഞ്ഞു, "ഞാൻ എന്റെ സഹപ്രവർത്തകരെ ചതിച്ചു. എന്നെയും എന്റെ യൂണിവേഴ്സിറ്റിയെയും. എഫ്.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു,  "അങ്ങു  ഭയപ്പെടേണ്ടാ, വൻ മണൽകൂമ്പാരത്തിലെ ഒരു തരിപോലെയെ താങ്കളിൽ ഞങ്ങൾ കുറ്റം കാണുന്നുള്ളൂ. ഒരു ബലഹീനമായ നിമിഷത്തിൽ അറിയാതെ വന്ന വാക്കു പിഴവാണെന്നും കരുതിയാൽ മതി. ഗില്മാന്റെ പേരിൽ കേസെടുക്കില്ലന്നുള്ള ഉറപ്പിൽ സർക്കാരിനോട് സഹകരിക്കാമെന്നും  ഉറപ്പു കൊടുത്തു. അവർക്കു വേണ്ടത് യഥാർത്ഥ കുറ്റവാളിയെയാണെന്നും പറഞ്ഞു. ഗില്മാനിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ചാണ് മാർതോമായെ  തേടി അന്വേഷണം ആരംഭിച്ചത്.   



മാർതോമാ ഒന്നിനും സഹകരിക്കുന്നില്ലന്നറിഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ മുമ്പിൽ അദ്ദേഹത്തിന്റെ കൈകളിൽ വിലങ്ങു വെച്ച് അറസ്റ്റു ചെയ്തു. ആഗോള ഫിനാൻഷ്യൽ ലോകവും നിയമജ്ഞരും ഒന്നുപോലെ ഒരു ചോദ്യം ചോദിക്കുന്നു, "എന്തുകൊണ്ട്മാർതോമാ രക്ഷപെടാൻ പഴുതുകളുണ്ടായിട്ടം  താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടുന്നു"  ഒരു പക്ഷെ  ചെയ്യാത്ത കുറ്റത്തിന് കോഹനെ  ഒറ്റുകൊടുക്കാൻ മാർതോമായ്ക്ക് താല്പര്യമില്ലായിരിക്കാം.  കോഹൻ, ട്രോപ്പിക്കൽ രാജ്യങ്ങളിൽ  പലതരം അക്കൗണ്ടുകൾ മാർതോമായ്ക്ക് തുറക്കുമെന്ന്  ചിലർ പറയുന്നു. അദ്ദേഹം അത്ര ബുദ്ധി മോശം കാണിക്കുമോ? ബ്ലാക്ക് മെയിൽ ചെയ്യാൻ  തനിക്കു നേരെ സ്വയം തോക്കിൽ വെടിമരുന്നു നിറയ്ക്കാൻ അദ്ദേഹം തയാറാകുമോ?  


റോസ് മേരിയെ സംബന്ധിച്ച് മാർതോമായുമായി വേർപെട്ട് ജീവിക്കുന്നതിനു ചിന്തിക്കാൻപോലും അവർക്കു കഴിയുന്നില്ല. ബോസ്റ്റണിൽ മെഡിക്കൽ റസിഡൻസിയിലായിരുന്ന കാലത്തേയ്ക്കും അവരുടെ ഓർമ്മകൾ ഓടിപാഞ്ഞു." ഓണ്‍ ‍ കോളുള്ള രാത്രികാലങ്ങളിൽ താൻ ഒറ്റയ്ക്കെന്നുള്ള ചിന്തകൾ മാർതോമായെ   അലട്ടിയിരുന്നതുകൊണ്ട് . ഹോസ്പിറ്റലിൽ തനിയ്ക്കന്നു കൂട്ടുനൽകാൻ  വരുമായിരുന്നു.  അദ്ദേഹം ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും പ്രിയങ്കരനാണ്.  ഞങ്ങളുടെ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ  കലങ്ങി തെളിഞ്ഞ കണ്ണുകളിലേക്ക് നോക്കൂ. അവരുടെ ഹൃദയങ്ങൾ ഇപ്പോഴും പൊട്ടി കരയുന്നതായി കാണാം.  'അവനു വേണ്ടി ഞാൻ ആ ഇരുമ്പഴികളിൽ  കിടന്നുകൊള്ളാമെന്ന്' മാത്യൂവിന്റെ അമ്മ  പറയും. ഞാനും ഇതുപോലെ മാത്യുവിനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുലയൂട്ടി വളർത്തിയ ആ പാവം  അമ്മയുടെ കണ്ണുനീരിനു വില കൽപ്പിക്കാൻ സാധിക്കില്ല."



റോസ് മേരി തന്റെ കുടുംബ കഥകളും പറയാൻ തുടങ്ങി. "എന്റെ മുത്തച്ചൻ ഗാന്ധിജിയോടൊപ്പം സമരം ചെയ്ത ധീരനായ ഒരു സേനാനിയായിരുന്നു. ജയിലറകളിലെ  കാരിരുമ്പിനുള്ളിൽ  അനേക വർഷങ്ങൾ ചിലവഴിച്ചു.  ബ്രിട്ടീഷ് പതാകയെ വന്ദിക്കാത്തതിന്  ജയിലിനുള്ളിൽ ശിക്ഷകൾ വേറെയും കിട്ടിയിരുന്നു.   കോളറാ പിടിപെട്ട്  ഭേദമാകാത്തവണ്ണം  മരിക്കുംവരെ  എന്റെ മുത്തച്ചൻ അവശതയനുഭവിച്ചിരുന്നു. " റോസ് മേരിയുടെ അമ്മ ജഡ്ജ് ഗാർഡപ്പായ്ക്കെഴുതി. " മാത്യൂ   അവന്റെ ഭാര്യ റോസ് മേരിക്കെന്നും  അവളുടെ മുത്തച്ഛന്റെ ധൈര്യം കൊടുത്തുകൊണ്ട്  സമാശ്വസിപ്പിക്കാറുണ്ട്. മഹത്തായ ആദർശത്തിനുവേണ്ടിയും സത്യത്തിനു വേണ്ടിയും അവളുടെ മുത്തച്ഛൻ യാതനകളനുഭവിച്ചു. അതുപോലെ മാത്യുവും ഒരു തത്ത്വത്തിനു വേണ്ടി നിലകൊള്ളുന്നു. ആ സത്യം  നിഷ്കളങ്കനായ  അവനിൽ പതിഞ്ഞിരിക്കുന്നു."


ഭാവിയിലേക്ക് ഇനിയെന്തെന്ന ഒരു റിപ്പോർട്ടറുടെ  ചോദ്യത്തിന് റോസ് മേരി ഒരു നിമിഷം ചിന്താമഗ്നയായി കണ്ടു. കരഞ്ഞുകൊണ്ട് "എനിക്കതിന് ഉത്തരമില്ലായെന്നു പറഞ്ഞു. ഇന്നെന്റെ ലക്ഷ്യം അതിനുത്തരം കണ്ടുപിടിക്കുകയെന്നതാണെന്ന് നിങ്ങൾക്കെല്ലാമറിയാം.  അതിനായി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞുങ്ങൾക്കു ജന്മം നല്കിയത്  ഈ പ്രിയപ്പെട്ട നാടാണ്. മറ്റെല്ലാ കുടിയേറ്റക്കാരെപ്പോലെ ഞാനും അമേരിക്കായെന്ന സുന്ദരമായ സ്വപ്നഭൂമിയിൽ വന്നെത്തി.  ഞാൻ സ്വീകരിച്ചതായ   ഈ നാട് അതിനുള്ള അവസരം ഒരുക്കിതരട്ടെ. ഈ രാജ്യത്തിന്റെ മക്കളായി ഞങ്ങൾക്കും അന്തസായി ജീവിക്കണം. ഞാൻ ആഗ്രഹിക്കുന്നത് അതിമോഹമോ?


മാർതോമായുടെ  മയാമിയിലുള്ള ജയിൽ വാസം അടുത്ത മാസം നവംബറിൽ തുടങ്ങും. റോസ് മേരിയോട് എങ്ങനെയാണ് കുഞ്ഞുങ്ങളുമായുള്ള ഇനിയുള്ള ജീവിതമെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു, "എനിക്കറിയത്തില്ല" എന്റെ കുഞ്ഞുങ്ങൾ ഒമ്പതും ഏഴും അഞ്ചും വയസുള്ളവരാണ്. ഡാഡി ജയിലിലേക്കു പോകുന്നുവെന്ന് അവർക്കറിയാം. ഞാനൊരു സ്ത്രീയെന്ന നിലയിൽ  എന്റെ ജീവിതമിനി എങ്ങോട്ടെന്നു  മനസിലാക്കാൻ ബുദ്ധി മുട്ടുണ്ട്.  ഭർത്താവിന്റെ കുടുംബങ്ങളിൽ നിന്നോ എന്റെ കുടുംബത്തിൽനിന്നോ അവർക്കിനി കൊടുക്കാനൊരു സമ്പാദ്യവുമില്ല.  മുമ്പോട്ടുള്ള നിലനില്പ്പിന് നാളേയ്ക്കായി സ്റ്റീവ് കോഹനുമായി സംസാരിക്കാൻ ഞങ്ങളില്ല. ഒരിക്കലുമില്ല. ഒരിക്കലുമില്ലായിരുന്നു. ഇനി ഒരിക്കലുമുണ്ടാവില്ല. 


EMalayalee:  http://emalayalee.com/varthaFull.php?newsId=87265

Tuesday, October 14, 2014

ആർഷ ഭാരതമേ, സത്യാർത്ഥിയുടെ നോബൽ സമ്മാനം നിനക്കഭിമാനമോ ?


   
By ജോസഫ് പടന്നമാക്കൽ 

 'ബച്പൻ  ബചാവോ ആന്തോളൻ  (ബി.ബി.എ)' എന്ന സംഘടനയുടെ   സ്ഥാപകനായ കൈലാഷ് സത്യാർത്ഥി   നോബൽസമ്മാന വിജയത്തിലൂടെ ആഗോള വാർത്തകളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി  താലീബനെതിരെ  ശബ്ദം  ഉയർത്തുന്ന 'മലാല'യെന്ന വിശ്വപ്രസിദ്ധി നേടിയ  കൗമാരക്കാരത്തിയുമൊത്ത് ഈ നോബൽ സമ്മാനം അദ്ദേഹം പങ്കിടുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടികളെ തൊഴിലുടമകൾ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെയാണ് ശ്രീ കൈലാഷ്  സത്യാർത്ഥി പൊരുതുന്നത്. അദ്ദേഹത്തിൻറെ സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയാണ്. കൂടാതെ ബംഗ്ലാ ദേശിലും നേപ്പാളിലും പാകിസ്ഥാനിലും ശ്രീ ലങ്കയിലും ഇതിനായി കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടിമ വേലകളിൽനിന്നും പതിനായിരക്കണക്കിനു കുട്ടികളുടെ ബന്ധിതമായ ജീവിതമാണ് അദ്ദേഹം മോചിപ്പിച്ചത്.   അനേക അവാർഡുകളും കൈലാഷിനെ  തേടി വന്നിട്ടുണ്ട്. 1995-ലെ മനുഷ്യാവകാശ സംരക്ഷനത്തിനായുള്ള റോബർട്ട് കെന്നഡി അവാർഡ്, 1999 -ലെ ഫ്രെഡ്രിക് എബെർട്ട് സ്റ്റിഫ്റ്റുങ്ങ് മനുഷ്യാവകാശ അവാർഡ്,  2009-ലെ ഗ്ലോബൽ ആക് ഷൻ  ഡിഫണ്ടർ  ഓഫ് ഡെമോക്രസി അവാർഡ്,  എന്നിങ്ങനെ  അവാർഡുകൾ  വാരിക്കൂട്ടിയിട്ടുണ്ട്.


ഭാരതത്തെ സംബന്ധിച്ചടത്തോളം കുട്ടികളെ ബാല വേലയ്ക്കായി സ്വന്തം സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിൽ കടത്തിയും ദുരുപയോഗിക്കുന്നത് ഒരു പ്രശ്നമായി  തീർന്നിരിക്കുകയാണ്. ഓരോ വർഷവും മില്ല്യൻ കണക്കിനു കുട്ടികളെയാണ് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക്  കടത്തുന്നത്. കണക്കിൻ പ്രകാരം ഏകദേശം അമ്പതു മില്ല്യൻ കുട്ടികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ബാല വേല ചെയ്യുന്നുണ്ട്. അവരിൽ പത്തു മില്ല്യൻ കുട്ടികളും മുതലാളിമാർ ബന്ധിതരാക്കിയ ജോലിക്കാരാണ്. അവർക്ക് ഈ അടിമത്വത്തിൽ നിന്നും രക്ഷപ്പെടാനും എളുപ്പമല്ല. അവരിൽ അനേകർ ജനിക്കുമ്പോൾ തന്നെ അടിമ വേലകൾക്കായി ബന്ധിതരാകുന്നു. തൊഴിൽ ഉടമയും മാതാപിതാക്കളും തമ്മിൽ അതിനായി ഉടമ്പടിയും ഉണ്ടായിരിക്കും. അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ തൊഴിൽ ഉടമയാൽ ബന്ധിതരായിരിക്കും. ബന്ധിതരായ കുട്ടികൾ കൂടുതലും അന്യ സംസ്ഥാനക്കാരാണ്. അവരുടെ എണ്ണം ഏകദേശം അഞ്ചു മില്ല്യൻ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.  ഭരണ കൂടങ്ങളുടെ ഒത്താശകളോടെ   ഫാക് റ്ററികളും    ചെറുകിട,  വൻകിട ബിസിനസ് സ്ഥാപനങ്ങളും  കൃഷിഭൂമിയുടമകളും ദരിദ്രരായ  കുട്ടികളെ നിർബന്ധപൂർവ്വം പിടിച്ചുകൊണ്ടുപോയി ജോലി ചെയ്യിപ്പിക്കുന്ന ഒരു വ്യവസ്ഥയാണ്  ഭാരതം മുഴുവനുള്ളത്.


കൈലാഷ് സത്യാർത്ഥി 1954- ജനുവരി പതിനൊന്നാംതിയതി മദ്ധ്യപ്രദേശിലെ വിഭിഷാ ജില്ലയിൽ ജനിച്ചു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിൻറെ കളികൂട്ടുകാരായവർ  നിർദ്ധനരായ പിള്ളേരായിരുന്നു. അവർക്ക് കുടുംബത്തിലെ കടുത്ത ദാരിദ്ര്യം കാരണം പഠിക്കാൻ സാധിക്കാതെ ഉപജീവനത്തിനായി മാതാപിതാക്കൾക്കൊപ്പം ജോലി ചെയ്യണമായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു ഫുട്ട് ബാൾ ക്ലബ് സംഘടിപ്പിക്കുകയും പഠിക്കാനാവശ്യമുള്ള പിള്ളേർക്ക് ക്ലബിലെ അംഗ വരിസംഖ്യകൊണ്ട് സ്കൂൾ ഫീസ് നൽകുകയും ചെയ്തിരുന്നു. അദ്ദേഹവും ഒരു കൂട്ടുകാരനുംകൂടി ഒറ്റ ദിവസംകൊണ്ട് രണ്ടായിരം സ്കൂൾ ബുക്കുകൾ ശേഖരിച്ച ചരിത്രവുമുണ്ട്. പിന്നീട് 'ബുക്ക് ബാങ്കെന്ന' ഒരു പദ്ധതി  ആവിഷ്ക്കരിക്കുകയും ചെയ്തു. 
 ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദവും നേടി. കുറെ വർഷം ലക്ചററായി നിയമിതനായി. 1980-ൽ അദ്ധ്യാപക ജോലി രാജി വെച്ച് ബാലവേലകൾക്കിരയായ കുട്ടികൾക്കുവേണ്ടി  സാമൂഹിക പ്രവർത്തനങ്ങളിൽ  മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി.  ജീവിതം തന്നെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന കോടാനുകോടി ഇന്ത്യയിലെ അടിമ കുഞ്ഞുങ്ങൾക്കായി  നീക്കി വെച്ചു.

ശ്രീ കൈലാഷ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. 'ഈ  നോബൽ  പുരസ്ക്കാരം  തനിക്കു  ചുറ്റുമുള്ള ലോകത്തിലെ ശൈശവത്വം നഷ്ടപ്പെട്ടവർക്കും   നിസഹായരായവർക്കും , സ്വാതന്ത്ര്യത്തിന്റെ രുചിയെന്തെന്നറിയാത്തവർക്കും   വിദ്യ ലഭിക്കാതെ   ജനിച്ചു ജീവിക്കുന്ന മില്ല്യൻ കണക്കിനു കുട്ടികൾക്കും അർപ്പിക്കുന്നുവെന്നു'   കൈലാഷ്  പറഞ്ഞു. 'ഈ പുരസ്ക്കാരത്തെ താനൊരു വെല്ലുവിളിയായി കരുതുന്നുവെന്നും ബാലവേലയ്ക്കെതിരായ വിപ്ലവത്തിന് ഇത്  പ്രയോജനമുണ്ടാവുമെന്നും കുഞ്ഞുങ്ങളുടെ അടിമത്വം ആഗോള തലത്തിലും പ്രത്യേകിച്ചു എന്റെ രാജ്യത്തിലും ഇല്ലാതാകുമെന്നും' അദ്ദേഹം ശുഭാബ്ധിവിശ്വാസം പ്രകടിപ്പിച്ചു. 'ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ  ജനിച്ച  ഈ മണ്ണിന്റെ അഭിമാനിയായ ഭാരതീയനാണ് താനെന്നും'   വികാരാധീനനായി  അദ്ദേഹം   പറഞ്ഞു.   ഈ മഹാത്മാക്കളിൽ ശ്രീ കൈലാഷ് എന്നും ആവേശഭരിതനായിരുന്നു. ബാല വേലയെന്നുള്ളത് മനുഷ്യത്വത്തിന്റെ പേരിലുള്ള ഒരു ഹീന കൃത്യമാണ്. മനുഷ്യത്വം മുഴുവനായി ഇവിടെ മൂടപ്പെട്ടിരിക്കുന്നു.


 "തനിക്കിനി  ശേഷിച്ച ജീവിതത്തിലും അനേകം നേടാനുണ്ട്, എന്നാൽ തന്റെ ജീവിതത്തിൽ ബാലവേലയില്ലാത്ത സുപ്രഭാതങ്ങളെ താൻ കാണുന്നുവെന്നും അത് ഇന്ന് തന്റെ സ്വപ്നമാണെന്നും" കൈലാഷ് പറഞ്ഞത്  ഇന്നുള്ള കുഞ്ഞുങ്ങൾക്കും  ജനിക്കാനുള്ള കുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു.


ഇന്ത്യയിലെ 'ബ്രൂഷാ' മുതലാളിമാരുടെ നിലനില്പ്പിനെ ബാധിക്കുന്ന  ഈ സാമൂഹിക വിപ്ലവം സ്വന്തം ജീവിതത്തിനു തന്നെ  ഭീഷണിയായിരുന്നു.  ഫാക്ടറികളിൽ ആയുധങ്ങൾ ധരിച്ച സെക്ക്യൂരിറ്റികളുടെ കണ്ണുകൾ വെട്ടിച്ച് കുഞ്ഞുങ്ങൾക്ക് അവിടെനിന്നും രക്ഷപ്പെടുവാനും സാധിക്കുമായിരുന്നില്ല. ചിലപ്പോൾ കുഞ്ഞുങ്ങളും അവരുടെ മാതാ പിതാക്കളും കുടുംബം മുഴുവനും  രക്ഷപ്പെടാൻ സാധിക്കാതെ തൊഴിലുടമകളുടെ ബന്ധനത്തിലായിരിക്കും. അത്തരം അനേകായിരം കുട്ടികളെ സ്വതന്ത്രരാക്കി അവരെ പുനരധിവസിപ്പിച്ചശേഷം ശ്രീ  കൈലാഷ് സത്യാർത്ഥി കുട്ടികളുടെ ബാലവേലയ്ക്കെതിരെ  അന്തർദേശീയ നവോദ്ധാന പദ്ധതി നടപ്പിലാക്കി. അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.   ഇന്നും ഫാക്റ്ററികളിൽ പാഞ്ഞു നടന്ന് ദിനം പ്രതി കുഞ്ഞുങ്ങളെ  ബാല ജോലികളിൽ നിന്ന് വിമോചിപ്പിച്ച് അവരെ അഭ്യസ്ത വിദ്യരാക്കുവാനുള്ള തൊഴിലുകളും പരിശീലിപ്പിക്കുന്നുണ്ട്.  കുട്ടികളെ ചൂഷണ വർഗത്തിൽനിന്നും   സ്വതന്ത്രരാക്കുമെന്ന    പ്രതിജ്ഞയുമായി   അദ്ദേഹമിന്നും ദുർഘടവും കാഠിന്യവുമായ  തന്റെ  ചുമതലകളുടെ പാതയിൽക്കൂടിതന്നെ   പിന്തിരിയാതെ സഞ്ചരിക്കുന്നു.  ഈ സാമൂഹിക വിപ്ലവകാരിയുടെ സ്വപനം  ഭാരതം മുഴുവനും ബാലവേലകൾ ഇല്ലാതാക്കി  വിജയം കാണുംവരെ  പൊരുതുമെന്നാണ്. 1989-ൽ  സ്ഥാപിച്ച അദ്ദേഹത്തിൻറെ സംഘടന  ഏകദേശം 40000 ബന്ധിതരായ കുട്ടികളെ ബാല വേലകളിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. അടിമകളായിരുന്ന ഈ കുട്ടികൾ അനേകരും ജോലി ചെയ്തിരുന്നത് ചണം കൊണ്ട് ചാക്കുകൾ പോലുള്ള ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ഫാക്റ്ററികളിലും തുണിമില്ലുകളിലുമായിരുന്നു.   സ്വതന്ത്രരാക്കുന്ന കുട്ടികൾക്ക് പഠിക്കാനുള്ള  സാഹചര്യങ്ങളും  ഒരുക്കി കൊടുക്കുമായിരുന്നു.  അടിമ വേലകളിൽ നിന്നും  മോചിതനായ ശേഷം ജീവിക്കാൻ നിവൃത്തിയില്ലാത്ത ചുറ്റുപാടിലേക്ക്  കുട്ടികളെ തള്ളി വിടുന്നത് നീതിയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.


അദ്ദേഹത്തിന്റെ   'ബച്പൻ  ബചാവോ ആന്തോളൻ'  എന്ന സംഘടന സ്വതന്ത്രരാക്കുന്ന കുട്ടികളെ രാജസ്ഥാനിലുള്ള ബാലയാശ്രമം  താമസ സൗകര്യം കൊടുത്ത് വിദക്ത തൊഴിലുകൾ  പരിശീലിപ്പിക്കുന്നുണ്ട്. പാറ മടയിൽ നിന്നും സ്വതന്ത്രയാക്കിയ ഒരു പെണ്‍ക്കുട്ടിയുടെ കദനമേറിയ കഥ 'കൈലാഷ്  സത്യാർത്ഥി' വിവരിക്കാറുണ്ട്.  കുഞ്ഞായ ആ സുന്ദരിയുടെ   താങ്ങാൻ പാടില്ലാത്ത  ദുഖങ്ങളും വികാരങ്ങളും   തണുത്ത ശേഷം    മുഖത്തു  പുഞ്ചിരി തൂകിയപ്പോൾ  കൈലാഷിനു എന്തെന്നില്ലാത്ത  സന്തോഷമുണ്ടായി. ആവേശഭരിതനായി . അദ്ദേഹം പറയുന്നു, ' അവളൊരു തുറന്ന പുസ്തകംപോലെയായിരുന്നു. അവളുടെ  വികാരതരളിതമായ  കരളലിയിക്കുന്ന ശോകകഥകൾ കേൾവിക്കാരെ കരയിപ്പിക്കുമായിരുന്നു.  പാരതന്ത്ര്യത്തിൽ നിന്നും സ്വതന്ത്രയായെന്ന  തോന്നലോടെ  അവളുടെ മുഖം തെളിഞ്ഞപ്പോൾ അവൾക്കന്നുണ്ടായിരുന്നത് മറ്റുള്ളവരെയും  തന്നോടൊപ്പം സ്വതന്ത്രരാക്കണമെന്ന  ചിന്തയായിരുന്നു .  ആശ്രമത്തിൽ നൂറു പേർക്കു പരിശീലനം നടത്താനുള്ള സൌകര്യമേയുണ്ടായിരുന്നുള്ളൂ.  അതുകൊണ്ട് അദ്ദേഹം    'ബാല മിത്ര ഗ്രാമം'  എന്ന  പേരിൽ ഇന്ത്യൻ ഗ്രാമങ്ങളെ ബാലവേല നിരോധിച്ചുകൊണ്ടുള്ള  ഒരു പദ്ധതി  നടപ്പാക്കി. ആ പദ്ധതിയനുസരിച്ച് ഗ്രാമത്തിലെ ഒരു കുട്ടിയെപോലും ബാല വേല ചെയ്യിപ്പിക്കില്ലെന്നും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചുകൊള്ളാമെന്നും  ഗ്രാമവാസികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുമായിരുന്നു.


 ഗ്രാമങ്ങൾ തോറും മനുഷ്യരിൽ പരിവർത്തനം നടത്തി  തന്റെ പ്രവർത്തനങ്ങളുമായി  ഇങ്ങനെ മുമ്പോട്ടുപോയാൽ   താനുദേശിച്ച  ലക്ഷ്യപ്രാപ്തിയിലെത്താൻ പതിറ്റാണ്ടുകളെടുക്കുമെന്നും  കൈലാഷിനു ബോദ്ധ്യമായി. അത്രയും കാലങ്ങൾ കാത്തിരിക്കാനുള്ള ക്ഷമയും സഹനശക്തിയും  അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട്  ബാലവേലയെന്ന ഉല്പ്പന്നം വിറ്റഴിക്കുന്ന മാർക്കറ്റിനെ തന്നെ  സ്വാധീനിക്കാനും  ശ്രമിച്ചു.  സൌത്ത് ഏഷ്യായിലെ  അനേക കമ്പനികളുടെ 'റഗുകൾ'  (പരവതാനി)  ഉൽപ്പാദിപ്പിച്ചിരുന്നത് അടിമ ജോലി ചെയ്യുന്ന കുട്ടികളുടെ  കരങ്ങൾ കൊണ്ടായിരുന്നു. ബാലന്മാരുടെ വേലകൾ ചൂഷണം ചെയ്താണ് തങ്ങളുപയോഗിക്കുന്ന വില കൂടിയ റഗുകളെന്ന വസ്തുത     ഉപഭോക്താക്കളും  മനസിലാക്കണമെന്ന് കൈലാഷ് തീരുമാനിച്ചു. അത്തരം 'റഗുകൾ'  (പരവതാനി) വാങ്ങിക്കുന്നവരുടെ മനസ്സിൽ വെറുപ്പുണ്ടാക്കണമെന്നും  ആഗ്രഹിച്ചു. ഫാക്റ്ററികളെക്കൊണ്ട് "ബാലന്മാർ നിർമ്മിച്ച  റഗല്ലെന്ന  ലേബൽ"   റഗിന്റെ വില്പ്പനയോടൊപ്പം ഒട്ടിപ്പിക്കാനും തുടങ്ങി. അതുപോലെ ബാലവേലകൾ നിറുത്തലാക്കിയ ഫാക്റ്ററികളിലെ  സോക്കർ ബാളിലും ലേബൽ പതിപ്പിച്ചു. കൈലാഷ് പറയുന്നു, "ബാല വേല നിറുത്തൽ  ഇന്നില്ലെങ്കിൽ പിന്നെ എന്ന്? നിങ്ങൾ അത് ചെയ്തില്ലെങ്കിൽ പിന്നെ ആരു ചെയ്യും? മൌലികമായ ഈ സാമൂഹിക തിന്മയ്ക്ക് ഉത്തരം കാണാൻ സാധിച്ചാൽ മനുഷ്യന്റെ ഈ അടിമവ്യവസായം എന്നത്തേയ്ക്കുമായി ഇല്ലാതാക്കാൻ സാധിക്കും."


 1998-ൽ ബാലവേലയ്ക്കെതിരെ അദ്ദേഹം സംഘടിപ്പിച്ച ലോക പദയാത്ര ചരിത്രം സൃഷ്ടിക്കുന്നതായിരുന്നു.   ശ്രീ കൈലാഷ്  ആ പ്രകടന യാത്രയ്ക്ക് നേതൃത്വം നല്കി. ഏകദേശം  അറുപതു രാജ്യങ്ങളിലോളം  ബാലവേലയ്ക്കെതിരെ  അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏഷ്യയിൽ നിന്നും ആഫ്രിക്കയില്നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും മോചിതരായ കുട്ടികളുൾപ്പടെ ആയിരത്തോളം ജനങ്ങൾ അന്ന് ജനീവായിൽ ആഗോള തൊഴിലാളികളുടെ   യോഗത്തിൽ സമ്മേളിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് ചൂഷിതരായ കുട്ടികളുടെ സുരക്ഷിതത്തിനായ ഒരു ഉടമ്പടി ആഗോളതൊഴിലാളി  സംഘടന  അംഗീകരിക്കുകയും ചെയ്തു.


 ഇന്നും ബാല വേലകൾ  ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ദൽഹി, കൽക്കട്ടാ, മുബൈ , ഹൈദരാബാദ് അഹമ്മദബാദ് എന്നീ  പ്രധാന പട്ടണങ്ങളിലേക്കാണ് കുട്ടികളെ കൂടുതലും കടത്താറുള്ളത്. അവിടെ എത്തുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും ബാല വേലകളിലും ഭിക്ഷ യാജിക്കുന്നതിലും, ലൈംഗിക തൊഴിലുകളിലും, പല തരം അടിമ പണിയിലും  അകപ്പെട്ടു പോവുന്നു.   ബാല വേലകൾക്കുള്ള കുട്ടികളുടെ   കച്ചവടങ്ങളായ പ്രദേശങ്ങളിൽ ബീഹാർ മുമ്പിൽ നില്ക്കുന്നു.   മദ്ധ്യപ്രദേശവും ഒറീസയും വെസ്റ്റ് ബംഗാളും അധോലോക കച്ചവടക്കാരുടെ ബാല വേലയ്ക്കായുള്ള പ്രഭവ കേന്ദ്രങ്ങളുമാണ്.  കച്ചവട വസ്തുക്കളായ ഈ കുട്ടികൾ കൂടുതലായും ജോലി ചെയ്യുന്നത് തുണി വ്യവസായ ശാലകളിലായിരിക്കും.


കുട്ടികളെ കടത്തൽ സംബന്ധിച്ച് ഭാരതത്തിന് പ്രത്യേകമായ ഒരു നിയമം ഇല്ല. എന്നാൽ   ലൈംഗികഭോഗത്തിനെതിരെ  നിയമങ്ങളുണ്ട്.  സാമൂഹിക ഉച്ഛനീചത്വങ്ങൾ മറച്ചു വെക്കാൻ ഇത്തരം കുറ്റകൃത്യങ്ങൾ ഭരിക്കുന്നവർ പുറത്തു വിടുകയുമില്ല. സംസ്ഥാന സർക്കാരുകളിൽ   കുട്ടികളുടെ  കച്ചവടകാര്യം  ഉന്നയിച്ചാൽ  അഭിമാനത്തിന്റെയും സാമൂഹിക വിലക്കുകളുടെയും മറവിൽ സത്യത്തെ മറച്ചു വെയ്ക്കുകയും ചെയ്യും. സർക്കാർ അപ്പോഴെല്ലാം  സാമൂഹിക  വിരുദ്ധർക്കൊപ്പം  ചേർന്ന്  നിക്ഷേധിക്കുകയും ചെയ്യും.  ആരെങ്കിലും കുട്ടികളെ  കടത്തുന്നത് തടഞ്ഞാലോ   കുട്ടികളെ രക്ഷിക്കുകയോ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയോ ചെയ്താൽ ഗത്യന്തരമില്ലാതെ സർക്കാരുകൾ  ബാലവേലകളെപ്പറ്റി സമ്മതിക്കുകയും ചെയ്യും.  മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ  നിഷേധാത്മക മറുപടിയും പ്രശ്നപരിഹാരത്തിന് തടസമാണ്. കുറ്റാരോപിതരായവരുടെ   പേരിൽ നിയമനടപടികൾ സർക്കാരിന്റെ സഹകരണമില്ലാതെ നടപ്പാക്കാനും  എളുപ്പമല്ല. കാരണം ഈ ബിസിനസ്സിൽ ഉൾപ്പെട്ടിരിക്കുന്നവർ മാഫിയാപോലുള്ള നേതാക്കൻമാരുമായി സ്വാധീനമുള്ളവരാണ്.  മന്ത്രിക്കസേരകൾവരെ ഇവർക്കു തെറിപ്പിക്കാൻ സാധിക്കും. ഇത്തരം സാമൂഹിക വിപത്തിനെ നേരിടാൻ  സർവ്വ രാഷ്ട്രീയപാർട്ടികളുടെ   ജനാധിപത്യകൂട്ടുകെട്ടും ആവശ്യമാണ്.


 ലോകമെമ്പാടും പഠനം നടത്തിയാലും ഇന്ന് ഏറ്റവുമധികം കുട്ടികളെ പീഡിപ്പിക്കുന്ന രാജ്യം ഇന്ത്യയെന്നു കാണാം. ഒരു ഭാരതീയനെന്ന നിലയിൽ  ഈ അവാർഡിൽ ആർക്കെങ്കിലും അഭിമാനിക്കാമെന്നും തോന്നുന്നില്ല. ഒരു പക്ഷെ ഈ നോബൽ സമ്മാനം ഒരാളിന്റെ വ്യക്തിപരമായ വിജയമായിരിക്കാം.   ഈ രാജ്യത്ത് എത്രയെത്ര കുഞ്ഞുങ്ങളെ കാണാതാവുന്നൂ. മുലയൂട്ടിയ മാതാക്കളുടെ കണ്ണീരിനു കണക്കുണ്ടോ.?  മനുഷ്യത്വമില്ലാത്ത ഈ ലോകം ലൈംഗിക ജോലി ചെയ്യിപ്പിക്കുന്നു, കുഞ്ഞുങ്ങൾ  തെരുവുതെണ്ടികളായി  റെയിൽവേ  ട്രാക്കിലും വഴിയോരങ്ങളിലുമലയുന്നു. കടത്തിണ്ണകളിലന്തിയുറങ്ങുന്നു. നിർദോഷികളെ  മോഷ്ടാക്കളായി ജയിലറകളിലും അടയ്ക്കും. മല മൂത്ര വിസർജനത്തിനുപോലും  സൌകര്യമില്ലാതെ   റെയിൽവേ ട്രാക്കുകകളിൽ കുത്തിയിരിക്കണം. 


"ഈ  സമ്മാനം തനിക്കൊരു  അപമാനമാണെന്നും   ഇത്രയും കാലം  ഭാരതത്തെ  നയിച്ച മാറി മാറി വന്ന ഭരണകൂടങ്ങൾക്കെതിരെയുള്ള  കനത്തയൊരു  പ്രഹരമാണ് ഈ  നോബൽ  സമ്മാനമെന്നും" കൈലാഷ്   തറപ്പിച്ചു പറഞ്ഞു.


കൈലാഷിനു ലഭിച്ച നോബൽ സമ്മാനം   ഭരിക്കുന്ന സർക്കാരിനും  വരാനിരിക്കുന്ന ഭരണകൂടങ്ങൾക്കും  സഹായമാകുമെന്നും വിശ്വസിക്കാം.  മഹാത്മാ ഗാന്ധിജിക്ക്   രണ്ടു പ്രാവിശ്യം നോബൽ സമ്മാനം അന്നത്തെ കമ്മിറ്റി നിഷേധിച്ചതിൽ അവരിന്നു ഖേദിക്കുന്നു.  ഇന്ത്യയുടെ ആത്മാവിനെ തേടുക അവരുടെ ലക്ഷ്യമായിരുന്നില്ല. പാകിസ്താൻ  പ്രസിഡണ്ട്  നവാസ് ക്ഷെരീഫും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നോബൽ സമ്മാനദാനത്തിൽ സംബന്ധിക്കണമെന്ന് നോബൽ ജേതാവായ പാക്കിസ്ഥാന്റെ സ്കൂൾകുട്ടി' മലാലാ' ആവശ്യപ്പെടുകയുണ്ടായി. കർത്തവ്യബോധത്തിൽ നിന്നും ഒഴിഞ്ഞു മാറിയ  ഇന്ത്യയിലെ കഴിഞ്ഞകാല ഭരണകൂടങ്ങൾക്കെതിരെയുള്ള ഈ നോബൽ സമ്മാന ദാനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നതും നമ്മുടെ രാജ്യത്തിന് അപമാനകരമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള അധോലോകത്തിന്റെ പ്രവർത്തനങ്ങളെ  ഇല്ലാതാക്കി  വ്യവസ്ഥാപിത ഭരണകൂടം സ്ഥാപിക്കാൻ നാളിതുവരെയുള്ള എല്ലാ സർക്കാരുകളും പരാജയപ്പെട്ടിരിക്കുന്നു. അനേകായിരം അമ്മമാരുടെ നിലവിളികളും  നെടുവീർപ്പുകളും വറ്റാത്ത കണ്ണുനീരും ഈ നോബൽ പത്രികയിലുണ്ട്. ഇന്ത്യയിലെ ചുവന്ന തെരുവുകളിലെ വേദനകളും വേദനിക്കുന്ന മാതാക്കളുടെ നൊമ്പരങ്ങളും ഈ ദാന പത്രത്തിൽ കാണാം. അതുകേട്ടു   ആഹ്ലാദിക്കാൻ ധാർമ്മികത നഷ്ടപ്പെട്ട ലോകവാർത്താ മാദ്ധ്യമങ്ങളുമുണ്ട്. "ഭാരതത്തിലെ  ഗ്രാമങ്ങളിലും പട്ടണങ്ങളിലും അലഞ്ഞു തിരിയുന്ന കുട്ടികളുടെയും ബാലവേല ചെയ്യുന്നവരുടെയും കരച്ചിലുകൾ   കാതുകളിൽ മുഴങ്ങുമ്പോൾ ഞാൻ അപമാനിതനാകുകയാണെന്നും" നോബൽ ജേതാവ് കൈലാഷ്  പറഞ്ഞു.


ഭാരതം ഭരിക്കുന്നവർ  'ഇന്ത്യാ തിളങ്ങുന്നുവെന്ന' അപ്തവാക്യം  അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കും.  ഈ നോബൽ സമ്മാനം  തിളങ്ങുന്ന ഇന്ത്യയുടെ വിരിമാറിലെ തീപന്തമെന്നും  ഭരണത്തിലുള്ളവർ മനസിലാക്കണം.  കൂട്ട ബലാൽ സംഗത്തിനിരയായ രണ്ടു ദളിത സഹോദരികൾ  ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലുള്ള  മാവിൻ മരത്തിൽ തൂങ്ങി കിടക്കുന്ന ദയനീയ കാഴ്ചയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അത്തരം അനേക വാർത്തകളിൽക്കൂടി  ഇന്ത്യ ബലാൽസംഗങ്ങളുടെ നാടെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു.   നിയമത്തിന്റെ കരങ്ങൾ ഇന്ത്യയിലെ ഓരോ മുക്കിലും കോണിലും നടപ്പാക്കുന്ന കാലം വന്നിരുന്നെങ്കിൽ  ഇന്ത്യാ തിളങ്ങി നിൽക്കുമായിരുന്നു. വേശ്യാലയങ്ങൾ അടച്ചുപൂട്ടി അവർക്ക് നിത്യവൃത്തിക്കുള്ള മാർഗവും കണ്ടുപിടിക്കണം. തെരുവിൻറെ  കുട്ടികൾക്ക്  അഭയകേന്ദ്രങ്ങൾ നൽകണം.  കാണാതായവരെയും കണ്ടുപിടിച്ച് അവരെ സംരക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം.  കുട്ടികളെ ഉപഭോഗവസ്തുക്കളായി കച്ചവടം നടത്തുന്ന അധോലോകത്തെ ഇല്ലാതാക്കണം. അനാഥരില്ലാത്ത കുട്ടികളുടെ ഒരു  ഭാരതം സൃഷ്ടിക്കണം. ഭരണകൂടങ്ങൾ ഉത്തരവാദിത്വത്തോടെ ഭരണം നടത്തിയിരുന്നെങ്കിൽ അവർ അവരുടെ ജോലി സത്യസന്ധമായി ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു അപമാനവും പേറി മഹാനായ കൈലാഷ് സത്യാർത്ഥിയെന്ന   മനുഷ്യന്  ഈ അവാർഡ് സ്വീകരിക്കേണ്ടി വരില്ലായിരുന്നു.  


 ഭാരതത്തിലെ വൈദിക കാലങ്ങളിലെ വേദങ്ങളിൽ ഒരു പ്രാർത്ഥനയുണ്ട്. "അസതോ മാ സത് ഗമയാ, തമസോ മാ ജ്യോതിർ ഗമയാ" അസത്യത്തിൽ നിന്ന് ദൈവമേ സത്യത്തിലേക്ക് നയിച്ചാലും. ഇവിടെ അസത്യമെന്നു പറയുന്നത് നമുക്ക് ചുറ്റുമുള്ള കപട ലോകമാണ്. ബാലവേലകൾ ചെയ്യിപ്പിക്കുന്നവരും  അസത്യത്തിന്റെ വക്താക്കളാണ്. ഭരണ സംവിധാനവും സർക്കാരുകളും സഞ്ചരിക്കുന്നത് അസത്യത്തിന്റെ വഴികളിൽകൂടി തന്നെ. 'വാസ്തവികത'യെന്നു പറയുന്നതും ഇതുതന്നെയാണ്.  വേദമന്ത്രം ഉച്ഛരിക്കുന്നു,   "എന്നെ സത്യത്തിലേക്ക് നയിക്കൂ! അന്ധകാരത്തിൽ നിന്നും പ്രകാശത്തിലെക്ക്   നയിച്ചാലും." അജ്ഞതയാണ് അന്ധകാരം. കർമ്മങ്ങളും പ്രവർത്തികളും നന്മയിൽക്കൂടി പ്രകാശം പകർത്തുന്നതായിരിക്കണം. ദൈവമേ,  ഭാരതാംബികയെ അങ്ങു  അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്  നയിച്ചാലും.













Tuesday, October 7, 2014

യാഥാസ്ഥിതികരുടെ വത്തിക്കാൻ സിനഡും ഫ്രാൻസീസ് മാർപ്പാപ്പയും



By ജോസഫ് പടന്നമാക്കൽ 

        ആഗോള കത്തോലിക്കാ സഭയിൽ എങ്ങനെ നവീകരണാശയങ്ങൾ പ്രാവർത്തികമാക്കാമെന്ന  ചർച്ചാ വിഷയങ്ങളുമായി വത്തിക്കാൻ   ഒരു സിനഡ് വിളിച്ചു കൂട്ടിയത്  ലോകം ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചത്.  സിനഡിലെ  വിഷയങ്ങൾ പ്രധാനമായും വൈവാഹിക ജീവിതത്തിന്റെ താളപ്പിഴകളെപ്പറ്റിയും  സഭ നിയന്ത്രിച്ചിരിക്കുന്ന ഗർഭ നിരോധന  നിയന്ത്രണങ്ങളെപ്പറ്റിയുമാണ്.  ഗർഭ നിരോധക ഉറകളും  വിവാഹത്തിനുമുമ്പുള്ള ലൈംഗികതയും  ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെടുത്തിട്ടുണ്ട്.  ക്രിയാത്മകമായ  ഈ ചർച്ച  സഭയുടെ  പാരമ്പര്യ നിയമങ്ങൾക്കെതിരായുള്ള  നുഴഞ്ഞു കയറ്റമെന്ന്  യാഥാസ്ഥിതിക ലോകം വിലയിരുത്തുകയും ചെയ്തു. യാഥാസ്ഥിതികരും   പുരോഗമന ചിന്താഗതിക്കാരും തമ്മിൽ  ഗൌരവമേറിയ  വാക്കുതർക്കങ്ങൾക്ക് എന്നും ഈ വിഷയങ്ങൾ കാരണമായിരുന്നു. സഭാമക്കളുടെ ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരം തേടാനാണ് സിനഡിന്റെ ലക്ഷ്യമെങ്കിലും  യാഥാസ്ഥിതിക ലോകത്ത് ഈ പരിവർത്തനങ്ങൾ തീക്കനൽ വിതറിയിരിക്കുകയാണ്.  വിവാഹ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും  മൂല്യങ്ങളിൽ അർഥം കൽപ്പിക്കുന്നതായ  ഒരു പുതിയ ഭാഷ   കണ്ടെത്തണമെന്നും വത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.



        ഇന്ന് കത്തോലിക്കാ ലോകത്തിലെ ഭൂരിഭാഗം പേരും  ലൈംഗികതയും കുടുംബാസൂത്രണവും സംബന്ധിച്ച  സഭാനിയമങ്ങൾ   പാലിക്കാറില്ലെന്നുള്ളത്  വത്തിക്കാന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലൈംഗികത സംബന്ധിച്ച സമകാലിക വിഷയങ്ങൾ  സിനഡിൽ ചർച്ച ചെയ്യാൻ 75 പേജുള്ള ഒരു പത്രിക  തയ്യാറാക്കിയിട്ടുണ്ട്. സ്വവർഗ രതികളിൽ വ്യാപൃതരായിക്കുന്നവരുടെ പ്രശ്നങ്ങളിൽ  വ്യത്യസ്തമായ ഒരു തീരുമാനം എടുക്കുവാൻ സാധിക്കാതെ സഭയിന്ന് ഒരു വെല്ലുവിളിയെ നേരിടുകയാണ്. പരാജയപ്പെട്ട സഭയുടെ പാരമ്പര്യമായ കണക്കു കൂട്ടലിനും  വിശ്വാസത്തിനും    ഒരു തീരുമാനം കൈകൊള്ളുവാൻ യാഥാസ്ഥിതിക ലോകവും മുമ്പോട്ടു വരണം.  സ്വവർഗ രതികളിൽ പങ്കാളികളായി ജീവിക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരിൽ  ഉൾകൊള്ളാനുള്ള  സഭയുടെ  സന്മനസ്സും സിനഡിന്റെ  ചർച്ചാ വിഷയങ്ങളായിരിക്കും. അവരെയും അന്തസ്സോടെ സഭയുടെ വിശ്വാസ സത്യങ്ങളിലേക്ക്‌ സ്വാഗതം ചെയ്യണമെന്നുള്ള  ആവശ്യങ്ങൾ എന്നത്തേക്കാളും ശക്തമായിട്ടുണ്ട്.  വിവാഹത്തിനുമുമ്പും ലൈംഗികതയുണ്ടെങ്കിൽ  വധൂവരന്മാർ തമ്മിലുള്ള ഹൃദയബന്ധങ്ങൾക്ക് കൂടുതൽ അടിത്തറയുണ്ടെന്നുള്ള  സത്യവും സഭ മനസിലാക്കണം.



       അടുത്ത കാലത്ത്   സഭാ പൌരന്മാർക്കായി ചോദ്യോത്തര രൂപത്തിൽ ഒരു പ്രശ്നാവലി   ആഗോളസഭയിലുള്ള എല്ലാ രൂപതകളിലും വത്തിക്കാൻ അയച്ചിരുന്നു. ദൗർഭാഗ്യവശാൽ  ചോദ്യോത്തരങ്ങളടങ്ങിയ ആ സർവ്വേ റിപ്പോർട്ട്  സീറോ മലബാർ  രൂപതകൾ പുറത്തു വിട്ടില്ല.  അല്മേനികളിൽ നിന്നും  റിപ്പോർട്ട്  മറച്ചുവെക്കാനാണ് സീറോ മലബാർ അഭിഷിക്തർക്ക് താല്പര്യമുണ്ടായിരുന്നത്.  ആഗോള സഭയുടെ തീരുമാനങ്ങൾക്കെതിരെ ധിക്കാരപരമായി   ചോദ്യോത്തര പംക്തികൾ ഒളിച്ചുവെച്ച   സീറോ മലബാർ നേതൃത്വത്തിനെതിരെ ബ്ലോഗുകൾ വഴിയും   കത്തുകൾവഴിയും   ഡോ ജെയിംസ് കൊട്ടൂരും   അല്മായ സംഘടനകളും  ദേശീയതലത്തിൽ പ്രതിക്ഷേധിക്കുകയുണ്ടായി.  വത്തിക്കാന്റെ സർവ്വേ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കേരളത്തിലെ സഭാപൌരന്മാർക്ക്  അവസരം നൽകണമെന്നുള്ള കത്തുകൾക്കെല്ലാം  മറുപടി നല്കാതെ കാക്കനാട്ടു കേന്ദ്രമായ അഭിക്ഷിക്ത നേതൃത്വം നിശബ്ദത പാലിക്കുകയാണുണ്ടായത്. സഭയുടെ പാരമ്പര്യമായ  അനാചാരങ്ങളെപ്പറ്റിയും കാലത്തിനനുസരിച്ച  സാമൂഹിക  പ്രശ്നങ്ങളെപ്പറ്റിയും   പഠനം നടത്തുകയെന്നതായിരുന്നു ചോദ്യോത്തരരൂപത്തിൽ തയ്യാറാക്കിയ ഈ സർവ്വേ  റിപ്പോർട്ടിലുണ്ടായിരുന്നത്.  ലൈംഗികതയും സ്വവർഗ രതിയും ഗർഭനിരോധകവും നിരോധക ഉറകളും വിവാഹവും വിവാഹ മോചനവും മറ്റു സങ്കീർണ്ണമായ  പ്രശ്നങ്ങളും  അല്മായരുടെ അഭിപ്രായങ്ങളിൽക്കൂടി എങ്ങനെ പരിഹാരം കണ്ടെത്താമെന്നുള്ള ഒരു അന്വേഷണമാണ്  സർവ്വേകൊണ്ട് ഉദ്ദേശിച്ചത്.   സാധാരണ സഭാ പൌരന്മാർ തൊട്ട് ബൌദ്ധികതലങ്ങളിലുള്ളവരും  ചിന്തകരും പുരോഹിതരും അഭിഷിക്തരും ഈ ചോദ്യോത്തരാവലിയിൽ   പങ്കു ചേർന്നിരുന്നു. അവരിൽനിന്നും സ്വരൂപിച്ച  അഭിപ്രായങ്ങളടങ്ങിയ  ഡോക്കുമെന്റ് വത്തിക്കാന്റെ കൈവശമുണ്ട്.  ഡോക്കുമെന്റിലെ  ഉള്ളടക്കവും ജനങ്ങളുടെ അഭിപ്രായങ്ങളും  സിനഡിലെ ചർച്ചകളിൽ  പ്രതിഫലിക്കുമെന്നു വിശ്വസിക്കുന്നു. ഒരു കുടുംബത്തിന്റെ ഭദ്രതയെ നിലനിർത്താനുള്ള  ദമ്പതികളുടെ ശ്രമങ്ങളിൽ  സന്മാർഗത്തിന്റെ പേരിൽ  സഭ വിലങ്ങു തടിയാണെന്നുള്ള   അഭിപ്രായങ്ങളും പൊന്തി വന്നിട്ടുണ്ട്. കുടുംബാസൂത്രണപരമായ സഭയുടെ നിയന്ത്രണങ്ങൾ വിവാഹിതരായവർക്ക് ഇന്ന് ഉൾക്കൊള്ളാൻ സാധിക്കാതെ പോകുന്നു.


        മുപ്പത്തിയൊമ്പത്  ചോദ്യോത്തരങ്ങളാണ് സഭാപൌരന്മാർക്കായി  വത്തിക്കാൻ ആഗോളസഭയിലെ രൂപതകൾക്കെല്ലാം വിതരണം ചെയ്തത്. വത്തിക്കാനിൽ നടക്കുന്ന ബിഷപ്പ് കോണ്‍ഫറൻസിലേക്ക് അവതരിപ്പിക്കേണ്ട  ചർച്ചാവിവരങ്ങളാണ് ആ ചോദ്യോത്തരങ്ങളുടെ പതിപ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. അഭിപ്രായങ്ങൾ സാധാരണ കത്തോലിക്കർതൊട്ട് ജീവിതത്തിന്റെ നാനാ തുറകളിലെ  ബൗദ്ധിക തലങ്ങളിലുള്ളവരിൽനിന്നും  പുരോഹിതരിൽനിന്നും സമാഹരിച്ചിരുന്നു. ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് സ്വവർഗക്കാരുടെ പ്രശ്നത്തിൽ സഭ അനുഭാവപൂർവമായ പരിഗണന നല്കണമെന്നായിരുന്നു.   ചോദ്യോത്തരങ്ങളിൽ പങ്കുചേർന്ന ലോകമാകമാനമുള്ള കത്തോലിക്കരുടെയിടയിലുള്ള  അഭിപ്രായങ്ങളനുസരിച്ച്  ഭൂരിഭാഗം സഭാപൌരന്മാരും സഭയുടെ ഇന്നത്തെ നയങ്ങളെയും പഠനങ്ങളെയും എതിർക്കുന്നതായി കാണാം. സഭ പഠിപ്പിക്കുന്നത്‌ അപ്പാടെ തിരസ്ക്കരിക്കണമെന്നും  അഭിപ്രായപ്പെട്ടു. സഭയുടെ നിയന്ത്രണങ്ങളായ  ഗർഭനിരോധകങ്ങളും ലൈംഗിക നിയമങ്ങളും വിശ്വാസികൾക്ക്  ഉൾക്കൊള്ളുവാൻ സാധിച്ചില്ല. 95 ശതമാനം വിശ്വാസികളും  സഭയുടെ ലൈംഗിക നിയമങ്ങളെ തള്ളിക്കളയുന്നു.  സ്വവർഗരതികളിലുള്ളവരെയും അവർ വളർത്തുന്ന പിള്ളേരെയും   സഭാമക്കളായി  സ്വീകരിച്ചുകൊണ്ട്  സഭയുടെ ചട്ടക്കൂട്ടിൽ  കൊണ്ടുവരാനും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താനും  സർവ്വേ റിപ്പോർട്ട്  വ്യക്തമാക്കി. അന്തസോടെ സഭാമക്കളായി  അവരെയും തുല്യരായി  കരുതണം. സ്വവർഗരതിക്കാരെ  ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട്  സഭയുടെ ഇടയചരിത്രത്തിലെ  ആദ്യസംഭവമായിരുന്നു.   ആണും പെണ്ണും പോലെ  ദമ്പതികളെപ്പോലെ  അവരെ  സഭയുടെ നിയമങ്ങളിൽക്കൂടി പങ്കാളികളാക്കാനുള്ള   നിർദ്ദേശങ്ങളും  ചോദ്യോത്തര സർവ്വേയിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. 'പ്രതീക്ഷകളാണ് നമ്മെ നയിക്കുന്നതെന്നും തീവ്രമായ ചില പാരമ്പര്യങ്ങൾ മുറിച്ച് സഭയെ നവീകരിക്കാൻ ഒറ്റ ദിവസം കൊണ്ടു സാധിക്കില്ലെന്നും' മാർപ്പാപ്പാ  ഒർമ്മിപ്പിച്ചു.   പ്രശ്നസങ്കീർണ്ണത നിറഞ്ഞ   ഇത്തരം പ്രശ്നങ്ങൾ  സഭയെ സംബന്ധിച്ച് പരിഹാരം കാണാനും ബുദ്ധിമുട്ടാണ്. സിനഡിൽ  നടക്കുന്ന ചർച്ചകളും  വിശ്വാസ സത്യങ്ങളും സഭാ പൌരന്മാർക്ക് മനസിലാകത്തക്കതായിരിക്കണമെന്നും   തീരുമാനങ്ങൾ നവീകരണത്തിന്റെ  മാർഗരേഖയായിരിക്കണമെന്നും   മാർപ്പാപ്പാ  ആഗ്രഹിക്കുന്നു.


        ചരിത്രപ്രധാനമായ ഈ സിനഡിൽ  സഭയുടെ ഗൗരവമേറിയ  ഇത്തരം വിഷയങ്ങളെ അവലോകനം ചെയ്യാൻ ഫ്രാൻസീസ് മാർപാപ്പാ ലോകമെമ്പാടുമുള്ള ബിഷപ്പുമാരോട് ആഹ്വാനം ചെയ്യുകയുണ്ടായി.  സഭയെ നവീകരിച്ച്,  മനുഷ്യ മനസാക്ഷിയെ വിലമതിച്ചു   പരിശുദ്ധമായ  ഒരു സഭയെ നയിക്കണമെന്ന് മാർപാപ്പ സ്വപ്നം കാണുന്നു. നാനാ ദിക്കിലും അധിവസിക്കുന്ന ബിഷപ്പുമാരോടായി  മാർപ്പാപ്പ  ഒരു സന്ദേശത്തിൽ പറഞ്ഞത്,"ഭയം അരുത്,    സഭയുടെ ഇടയ ശ്രേഷ്ടരായ നിങ്ങൾ   ഭയരഹിതരായി,  സ്വതന്ത്രമായ  തുറന്ന മനസ്സോടെ ഒരു വിവാദം നടത്തൂ. ഭയം മനസാക്ഷിക്കനുസരിച്ചുള്ള  വിവാദങ്ങൾക്ക് തടസമാണ്. പാരമ്പര്യത്തെ മുറിക്കുന്ന  പ്രശ്നങ്ങളെ കാണാനും പരിഹാരം കാണാനും പലപ്പോഴും നാം ഭയപ്പെടുന്നു. ഭയമെന്നുള്ളതു ദൈവിക വരപ്രസാദമല്ല. ദൈവം നിങ്ങളോട് സംസാരിക്കുന്നത് എന്താണോ അതാണ്‌ തുറന്ന ചർച്ചകൾക്കായി  അവതരിപ്പിക്കേണ്ടത്. പരിശുദ്ധമായ ആത്മാവ് മനസിനെയും  ഉയർത്തണം. ഭയമില്ലാതെ മനസാക്ഷിക്കനുസരിച്ച് മാനുഷിക മൂല്യങ്ങൾക്ക് പരിഗണ നല്കണം. "  ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സമ്മേളിക്കുന്ന  ബിഷപ്പുമാരോടും കർദിനാൾമാരോടുമായി ഈ സിനഡിന്റെ ലക്ഷ്യവും ഉദേശവും  മാർപ്പാപ്പ  വിശകലനം ചെയ്തു.


   

        2014-ജൂലൈ പതിനാലാം തിയതി   മാർപ്പാപ്പാ വാർത്താ ലേഖകരുമായുള്ള അഭിമുഖ സംഭാഷണവേളയിൽ   സഭയിലെ  രണ്ടു ശതമാനത്തോളം   പുരോഹിതർ കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നവരാണെന്നു   വെളിപ്പെടുത്തി. പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റിയും  ലൈംഗികതയെപ്പറ്റിയും മാർപ്പാപ്പ സംസാരിച്ചു.  ഇറ്റലിയുടെ 'ലാ റിപ്പബ്ലിക്കാ ഡയിലി'  നടത്തിയ സംഭാഷണ മദ്ധ്യേയാണ് മാർപ്പാപ്പാ ഇങ്ങനെ സഭയിലെ സത്യങ്ങൾ വാർത്താ ലേഖകരോട് പറഞ്ഞത്.  ബിഷപ്പുമാരും കർദ്ദിനാനാൾവരെയും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്നും  മാർപ്പാപ്പാ പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്തു. പുരോഹിതരെ വൈവാഹിക ജീവിതത്തിനു സമ്മതിക്കുമോയെന്ന ചോദ്യങ്ങൾക്കും മാർപ്പാപ്പാ ശുഭവിശ്വാസത്തോടെയാണ്  മറുപടി പറഞ്ഞത്. "രക്ഷകനായ  യേശുവിന്റെ ക്രൂശിത മരണശേഷം 900 വർഷങ്ങൾക്കു ശേഷമാണ് സഭയിൽ പുരോഹിതർക്കുള്ള ബ്രഹ്മചര്യം നടപ്പിലാക്കിയത്. കിഴക്കിന്റെ സഭകളിലെ പുരോഹിതർക്ക് വിവാഹം ചെയ്യാമെന്നുള്ള നിയമം സഭയുടെ കീഴ്വഴക്കമാണെന്നും" മാർപ്പാപ്പാ പറഞ്ഞു.  "സഭയുടെ ഇന്നത്തെ സാഹചര്യത്തിൽ പുരോഹിതരെ വിവാഹം ചെയ്യാൻ അനുവദിക്കുന്നതിൽ  പ്രശ്നങ്ങളേറെയുണ്ട്‌.  എങ്കിലും സങ്കീർണ്ണമല്ലാത്ത ഈ പ്രശ്നങ്ങൾ കാലാന്തരത്തിൽ സഭയ്ക്ക് പരിഹരിക്കാൻ സാധിക്കും. അതിന് സമയവും കാലവുമാണവശ്യം. അതിനുള്ള പരിഹാരം ഞാൻ കണ്ടുപിടിക്കും."  പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി  കൂടുതലായ വിവരങ്ങളൊന്നും മാർപ്പാപ്പാ സംസാരിച്ചില്ല. എന്നാൽ വത്തിക്കാൻ വക്താവായ 'ഫെഡറിക്കോ ലൊംബാർഡി'  പറഞ്ഞത് 'പൌരാഹിത്യ ബ്രഹ്മചര്യത്തെപ്പറ്റി മാർപ്പാപ്പയുടെ അഭിപ്രായങ്ങൾ  വളച്ചു തിരിച്ചുകൊണ്ട്  അർത്ഥ വ്യത്യാസത്തോടെ പത്രങ്ങൾ  തെറ്റായി റിപ്പോർട്ട് ചെയ്തെന്നാണ്.' പത്രധർമ്മത്തിനെതിരായി   അറിവില്ലാത്ത വായനക്കാരെ പത്രങ്ങൾ ചൂഷണം ചെയ്യുകയാണെന്നും കർദ്ദിനാൾ കുറ്റപ്പെടുത്തി.



        കുടുംബ പ്രശ്നങ്ങളും സഭയുടെ ലൈംഗിക നിയമങ്ങളും സംബന്ധിച്ച  വിവാദപരമായ വിഷയങ്ങൾ  സിനഡിൽ ആത്മാർത്ഥതയോടെ  ചർച്ചാ വിഷയങ്ങളാക്കാൻ ബിഷപ്പുമാരോടും കർദ്ദിനാൾമാരോടും    മാർപ്പാപ്പാ അഭ്യർഥിച്ചെങ്കിലും  അത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പലരും തയ്യാറാകുന്നില്ല. സഭയുടെ പാരമ്പര്യത്തെ ഇല്ലാതാക്കി പുതിയതിനെ സ്വീകരിക്കാൻ അവർ തയാറാകാത്തത്  വ്യക്തിപരമായ  അഭിമാനപ്രശ്നം കൊണ്ടാണ്.   കുർബാനയിൽ പുരോഹിതൻ  പ്രാർത്ഥിക്കുന്നതുപോലെ റോമ്മാമാർപ്പാപ്പായ്ക്ക് കീഴ്വഴങ്ങി മാർപ്പായുടെ അഭിപ്രായങ്ങൾ  വിലമതിച്ചാൽ, അദ്ദേഹത്തിൻറെ ഉപദേശപ്രകാരം മനസാക്ഷിക്കനുസരിച്ച് മേൽപ്പട്ടക്കാർ പ്രവർത്തിച്ചാൽ, സഭയുടെ നവോധ്വാന ചിന്തകളിൽ പുത്തനായ മാറ്റങ്ങൾ ഉണ്ടാകാം. ഭൂരിഭാഗം ബിഷപ്പുമാരും  യാഥാസ്ഥിതിക പുരോഹിതരും ഗർഭ  നിരോധക മാർഗങ്ങളെ സംബന്ധിച്ച് സംസാരിക്കാൻപോലും ആഗ്രഹിക്കുന്നില്ല. സഭ പാരമ്പര്യമായി പഠിപ്പിച്ച തത്ത്വങ്ങളിൽ വിശ്വാസികൾക്ക് ചിന്താക്കുഴപ്പമുണ്ടാക്കുമെന്നും  വാദിക്കുന്നു.  ലൈംഗിക വിവാദങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയവ സഭാമക്കളെ പഠിപ്പിക്കാൻ അവർ തയ്യാറുമല്ല.  പാരമ്പര്യത്തെ മുറിക്കാനും  തടസങ്ങൾ ഏറെയുണ്ട്.  ഇന്നത്തെ കാലഘട്ടമനുസരിച്ച് സഭയുടെ നയങ്ങളിൽ രൂപകല്പ്പന ആവശ്യമെന്ന് പുരോഗമന ചിന്താഗതിക്കാരായ മെത്രാന്മാരും കർദ്ദിനാൾമാരും  ചിന്തിക്കുന്നു.



       കുടുംബ കാര്യങ്ങളെപ്പറ്റി  ചിന്തിക്കുമ്പോൾ സഭ വിവാഹ മോചനം നടത്തിയവരെ പാടെ നിരസിക്കുന്നതായി കാണാം. ബന്ധം പിരിഞ്ഞ വിവാഹിതരെ രണ്ടാം തരമായി  സഭ കാണുന്നു. അതിനൊരു മാറ്റമുണ്ടാകണം. വിവാഹ മോചനം നടത്തിയവർക്ക്‌ സഭ  കൂദാശകൾ വിലക്കിയിരിക്കുകയാണ്.അവർക്കു  പുനർവിവാഹം ചെയ്യണമെങ്കിലും തക്കതായ കാരണമില്ലെങ്കിൽ  സഭയനുവദിക്കില്ല.വിവാഹ മോചനം നടത്തിയവർ  പുനർ വിവാഹം ചെയ്യാതെ ഒറ്റയ്ക്ക് മക്കളെ വളർത്തി വിശ്വാസം സംരക്ഷിക്കാൻ  സഭ  കല്പ്പിക്കുന്നു. ക്രിസ്തുവിൽ മനുഷ്യരെല്ലാം ഒന്നായ സഭയിൽ അവിടെ എന്തു നീതിയാണുള്ളത്?  എന്തുകൊണ്ട് അവർക്ക് കൂദാശകൾ നിഷേധിക്കുന്നു? വീണ്ടും വിവാഹിതരാകുവാൻ അനുവദിക്കുകയുമില്ല. സഭാ നിയമങ്ങളിൽ വിവാഹ ബന്ധം വേർപെടുത്തിയവർ  ജീവിത കാലം മുഴുവൻ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണം. അവസാനം അവരുടെ മക്കളും സമൂഹത്തിൽനിന്നു ഒറ്റപ്പെടും. ഒടുവിൽ വിവാഹമോചനം നേടിയവരുടെ മക്കളും സഭയിൽ നിന്നു പിരിഞ്ഞു പോകും.  ക്രിസ്തു പഠിപ്പിച്ച കരുണയെവിടെ ? വിവാഹമെന്നത് പരിപാവനമായ കൂദാശയെന്നു കണക്കാക്കിയാൽ തന്നെ വൈവാഹിക പങ്കാളികളുടെ ഹോർമോണുകൾ പരസ്പ്പരം യോജിക്കുന്നില്ലെങ്കിൽ  എങ്ങനെ  ആ വിവാഹ ബന്ധം തുടരാൻ സാധിക്കും? ലൈംഗിക താല്പര്യമില്ലാത്ത ഒരു പങ്കാളിയുമായി ജീവിച്ച് സഭയോട് നല്കിയ പ്രതിജ്ഞ എങ്ങനെ നിറവേറ്റും?
 വിവാഹ മോചിതർ പൊറുക്കപ്പെടാത്ത പാപികളാണെന്ന്  സഭ പറയുന്നു. കൊലയും കൊള്ളയും തീവെട്ടിക്കൊള്ളയും വെടിവെപ്പും നടത്തുന്നവർക്ക് പാപമോചനമുണ്ട്. എന്നാൽ വിവാഹ മോചനം നടത്തിയവർക്ക്  കൂദാശകൾ വിലക്കുന്ന സഭയുടെ മനോഭാവത്തിനു നാളിതുവരെ മാറ്റം വന്നിട്ടില്ല. അത്തരം പരിവർത്തനങ്ങൾക്കായുള്ള   ചിന്താഗതികൾ സിനഡിന്റെ  അജണ്ടയിലുണ്ട്. മാർപ്പാപ്പാ  പറഞ്ഞു, "ഞാനും സഭയുടെ പുത്രനാണ്.  സഭ അങ്ങനെയുള്ള കുടുംബബന്ധങ്ങൾ തകർന്നവരോട് കരുണ കാണിക്കണം. രോഗികൾക്കാണ് വൈദ്യനെ ആവശ്യം. വൈദ്യൻ എക്കാലവും രോഗികളായി  വരുന്നവരുടെ രോഗം ഭേദമാക്കുന്നു. മുറിവേറ്റ  ആത്മാക്കൾക്കും നാം അഭയം കൊടുക്കണം."  എന്നാൽ യാഥാസ്ഥിതിക  പുരോഹിതലോകം വിവാഹമോചിതർക്കായുള്ള   മാർപ്പാപ്പയുടെ  അഭിപ്രായങ്ങളെ എതിർക്കുന്നു.  സിനഡിലെ  ചർച്ചകൾ നടക്കുന്നത് പുറം ലോകത്തിനു പ്രവേശനമില്ലാതെ  രഹസ്യമായ മുറികളിലെ അടഞ്ഞ വാതിലിനുള്ളിലായിരിക്കും.  രണ്ടാഴ്ചയോളമുള്ള ഈ സമ്മേളനത്തിൽ  സംബന്ധിക്കുന്നവരുടെ  വ്യക്തിപരമായ അഭിപ്രായം   പുറത്തു വിടാതെ തികച്ചും രഹസ്യമായി സൂക്ഷിക്കും.  കഴിഞ്ഞ കാലചർച്ചകളിൽ  വെളിവാക്കപ്പെട്ട  അഭിപ്രായങ്ങൾക്ക് ഒരിക്കലും രഹസ്യ സ്വഭാവമുണ്ടായിരുന്നില്ല. അത് പലപ്പോഴും  വ്യക്തിപരമായ മാനസിക സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.



       .വിശ്വാസത്തെക്കാൾ ഒരു സാമൂഹിക കൂടികാഴ്ച്ചയ്ക്കായി   ലോകമെമ്പാടും പള്ളികളിൽ ജനമിന്നു  സമ്മേളിക്കുന്നു. ദൈവ വിശ്വാസം കുറഞ്ഞ ഒരു ജനതയാണ്  ലോകം മുഴുവനുള്ളത്. പുരോഹിത ലോകത്തിലെ അനേകർ യുവാക്കളുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നത് സഭയ്ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. ലൈംഗിക വൈകൃതമുള്ള   പുരോഹിതർ ശരീര അവയവത്തെയും ലൈംഗികാവയാങ്ങളെയും ഇഷ്ടപ്പെടുന്നു.  അത്തരക്കാർ നല്ലവരായ പുരോഹിതരുടെ പേരിനും  കളങ്കം വരുത്തുന്നു. അവരുടെ പ്രവർത്തനങ്ങൾ  ക്രിസ്തുവിന്റെ തത്ത്വങ്ങളുമായി  യോജിക്കാൻ സാധിക്കുകയില്ല. ദൈവിക പുരോഹിതരുടെ സ്ഥാനത്ത് ഇന്ന് സൊഡോമിസ്റ്റുകൾ പള്ളിയുടെ അൾത്താര സൂക്ഷിപ്പുകാരാകുന്നതും  പള്ളിയിലെത്തുന്ന മാതാപിതാക്കൾക്ക് ഒരു പേടിസ്വപ്നമായിരിക്കുകയാണ്.  പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും ദൈവവചനം പ്രസംഗിക്കുന്നതിനുപകരം അത്തരക്കാരുടെ താല്പര്യം യുവാക്കളുമായി ലൈംഗിക ക്രീഡകൾ നടത്താനാണ്. വചനത്തിൽ  പറയുന്നത് ഭൂമിയിൽ   പിശാചിനും നിയന്ത്രണമുണ്ടെന്നാണ്. " നിന്റെ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ"യെന്ന് പ്രാർത്ഥിക്കുന്നത്   'പിശാചിന്റെ '  കൈകൾ ഭൂമിയിലും  ശക്തമായതുകൊണ്ടാണ്. ഈ പ്രാർത്ഥന പിശാചുക്കളായ ഇത്തരം പുരോഹിതരെയുദേശിച്ചായിരിക്കാം.   



       ക്രിസ്തുവിന്റെ മാർഗങ്ങളിൽനിന്ന് അകന്നു പോയിരിക്കുന്ന സഭ പൌരാഹിത്യ ഞാണിന്മേൽ ക്രിസ്തുവിന്റെതല്ലാതായിരിക്കുന്നു. ക്രിസ്തുവിനെ അവർ സഭയിൽനിന്ന് പുറത്തു ചാടിച്ചു.  കൃസ്തുവിന്റെ വഴിയും സത്യവും ബലിപീഠത്തിങ്കൽ നിത്യവും ഹോമിച്ച് ക്രിസ്തുവില്ലാത്ത സഭയാക്കിയിരിക്കുന്നു.   ഈ പുരോഹിതർ ക്രിസ്തുവിന്റെ  വചനങ്ങളെയും നിയമങ്ങളെയും വെറുക്കുന്നതിനു  കാരണം  ലൈംഗികമായ വൈകൃതം അവർക്കുള്ളതുകൊണ്ടാണ്. നല്ലവരായ പുരോഹിതരുടെ അഭിമാനവും കുപ്പായത്തിനുള്ളിരുന്നുകൊണ്ട് ഇവർ നശിപ്പിക്കുന്നു. ആഗോളവാർത്തയായ ഈ സിനഡിൽ  പുരോഹിതരാൽ പീഡിതരായ കുഞ്ഞുങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഒരു സിനഡ് വിളിച്ചുകൂട്ടരുതോ?



      പ്രതീക്ഷകൾ നൽകുന്ന യുഗ പുരുഷനായ ഒരു മാർപാപ്പാ നമുക്കുണ്ട്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾക്ക് സർവ്വവിധ പിന്തുണയും നല്കുകയെന്നതാണ് സഭാനവീകരണ ചിന്തകളിൽ ഉൾപ്പെടുത്തേണ്ടത്. സഭയുടെ മാലിന്യങ്ങളെ തുടച്ചു മാറ്റി ശുദ്ധികലശം നടത്താൻ ശ്രമിക്കുന്നതും ആശ്വാസകരമാണ്.  തീവ്രമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സഭ മരിക്കുമെന്നും മാർപ്പാപ്പ  കരുതുന്നുണ്ടാകാം. സഭാമക്കളെ സത്യത്തിന്റെ വഴിയേ മടക്കി കൊണ്ടുവരാൻ മാർപ്പാപ്പ  ആഗ്രഹിക്കുന്നു. അതിന് സഭാ മക്കളുടെ വിശ്വാസം  വീണ്ടെടുക്കണം. സഭയുടെ പുരോഹിതർ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ ഇനിമേൽ അനുവദിക്കരുത്. കഴിഞ്ഞ മാർപ്പാമാരുടെ തെറ്റുകൾ തിരസ്ക്കരിച്ച് ഒരു നവയുഗം പടുത്തുയർത്താൻ സഭയുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപ്പായ്ക്ക് അവസരം കൊടുക്കൂ. ലോകം ആ മഹാന്റെ വാക്കുകൾ ശ്രവിക്കട്ടെ.

Malayalam Daily News: 

http://www.malayalamdailynews.com/?p=117679

EMalayalee.com:


http://emalayalee.com/varthaFull.php?newsId=86439







കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...