Friday, January 15, 2016

ഗാന്ധിസവും ഗാന്ധിയൻ ചിന്തകളും



By ജോസഫ് പടന്നമാക്കൽ

മഹാനായ ഗുജറാത്തി, പ്രമുഖനായ ഇന്ത്യൻ, ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാനുഭാവനായ ഏഷ്യൻ, ആഢ്യനായഹിന്ദു, ഇതിനെല്ലാമുപരി മനുഷ്യത്വത്തെ ദർശിച്ച ലോകൈക മഹാത്മാവ് എന്നീ നിലകളിൽ മഹാത്മാ ഗാന്ധിജിയെ അറിയപ്പെടുന്നു. മഹാനെന്ന നിർവചനത്തിൽ  മഹാന്മാരിൽ പരമോന്നതനുമാണ്. യുഗ പുരുഷനായ ഗാന്ധിജിയെക്കാളും മഹാനായ ഒരു വ്യക്തി ലോകത്ത് ജീവിച്ചിട്ടില്ല. ചർച്ചിലും റൂസ് വെൽറ്റും ലെനിനും മാവോയും നെഹ്രുവും  ഐൻസ്റ്റീനും മഹാന്മാരെങ്കിലും അവർക്കാർക്കും ഗാന്ധിജിയെപ്പോലെ മനുഷ്യത്വത്തെ ദർശിക്കാൻ സാധിച്ചിട്ടില്ല. അവരെക്കാളുമുപരി  ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹം ഒരു വിശ്വ പൌരനായിരുന്നു.  കാലത്തിനെയും അതിജീവിച്ച് ഇന്നും അനേകായിരങ്ങൾക്ക് ആ മഹാൻ ആവേശം നല്കിക്കൊണ്ടിരിക്കുന്നു.


ഗാന്ധിജിയെപ്പറ്റി ഓർമ്മിക്കുമ്പോൾ 1947-മുതലുള്ള സംഭവ ബഹുലമായ രണ്ടു കാര്യങ്ങൾ  പ്രാധാന്യം അർഹിക്കുന്നു. ആദ്യത്തേത്, ഹിന്ദു മുസ്ലിം കൂട്ടക്കൊലകൾ കൊണ്ട് താറുമാറായ കത്തിയെരിയുന്ന കല്ക്കട്ടാ നഗരം മഹാത്മാ ഗാന്ധിജിയുടെ മനസിനെ തളർത്തി. അവിടെ വേദനിക്കുന്ന ഒരു ജനതയ്ക്കൊപ്പം അവരുടെ മുറിവുകളുണങ്ങാൻ ആ മഹാത്മാവ് പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇരുണ്ട കൽക്കട്ടാ നഗരത്തിലെ ക്രൂര കൂട്ടക്കൊലകളും രക്തമൊഴുക്കലും സമൂഹമനസാക്ഷിയ്ക്കു തന്നെ ഒരു വെല്ലുവിളിയായിരുന്നു. രണ്ടാമത്തേത്, 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി അർദ്ധ രാത്രിസമയം സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ  ഡൽഹി നഗരം ഉജ്ജ്വലപ്രഭയാൽ പ്രകാശിതമായിരുന്നു. മിന്നുന്ന പ്രകാശ സ്രോതസ്സിൽ 'ജയ്‌ ഹിന്ദ്‌' എന്ന മുദ്രാ വാക്യം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് കാവ്യാത്മകമായി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു,' "താലോലിക്കുന്ന ഇന്നത്തെ രാത്രിയുടെ അന്ത്യയാമത്തിൽ ലോകം ഉറങ്ങുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിലേന്തി ഭാരതം ഉണർന്നിരിക്കുന്നു. നീണ്ട കാലം അടിമത്വത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു മുറിവുകളേറ്റ ഇന്ത്യയുടെ ആത്മാവ് പാരതന്ത്ര്യത്തിൽ നിന്നും മുക്തി നേടി. കല്ക്കട്ടായിലെ ഇരുണ്ട ദിനങ്ങളെ ഞാൻ ഓർമ്മിക്കുന്നു. ഗാന്ധിജിയുടെ മരണതുല്യമായ യാതനകളും ഓർമ്മിക്കുന്നു."


ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനത്തിന്റെ പാതകളിലും പ്രായോഗിക ഗാന്ധിസത്തിനായി പ്രയത്നിക്കുമായിരുന്നു.  ലോകത്തുള്ള സംഘട്ടനങ്ങളെ സമാധാനത്തിന്റെ വഴികളിലൂടെ  പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് ഗാന്ധിസം അപ്രത്യക്ഷമായിരിക്കുന്നു. വിഭാഗിക ചിന്തകൾ ഗാന്ധിസത്തെ കവർന്നെടുത്തു. സത്യാഗ്രഹവും  അക്രമരാഹിത്യ ചിന്തകളും  ഗാന്ധിജിയുടെ മാനവിക സംഭാവനകളാണ്. ലോകം മുഴുവനും ഗാന്ധിയൻ തത്ത്വങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്യുന്നു. ഗാന്ധിജിയുടെ മരണശേഷം അമേരിക്കൻ ഗാന്ധിയെന്ന പേരിൽ അമേരിക്കൻ ഐക്യ നാടുകളിൽ മാർട്ടിൻ ലൂതർ കിംഗ്‌ ഉയർത്തെഴുന്നേറ്റു.തെക്കേ കൊറിയായിൽ  ഹാം സോക്ക് ഹോണും പാലസ്തീനിൽ അവാദ് മുബാറക്കും അതാതു രാജ്യങ്ങളിലെ ഗാന്ധിയന്മാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ 'ഖാൻ അബ്ദുൾ ഗാഫർഖാൻ' അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്നു.  ജനകീയ സ്വാതന്ത്ര്യ മുന്നേറ്റത്തിനായുള്ള  ചൈനയിലെ വിദ്യാർത്ഥി പ്രക്ഷോപണ  കാലത്തും ഗാന്ധിജിയുടെ ചൈതന്യം അവിടെ പ്രതിഫലിച്ചിരുന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരായ ലഹളകളിലും ഗാന്ധിജി ഒരു ഉത്തേജനമായിരുന്നു.  നെൽസൻ മണ്ഡാലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും  ഗാന്ധി ചൈതന്യമുണ്ടായിരുന്നു.


രാജകോട്ടിലോ ബോംബെയിലോ നല്ലയൊരു വക്കീലായി ഗാന്ധിജി ശോഭിച്ചിരുന്നെങ്കിൽ, തെക്കേ ആഫ്രിക്കയിൽ പോകാതെ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ യുഗപുരുഷനായ ഒരു മഹാത്മാവിനെ, ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ഇന്ത്യയ്ക്ക് ലഭിക്കില്ലായിരുന്നു. അദ്ദേഹത്തിൻറെ വക്കീലെന്നുള്ള ഇടപാടുകാരും  സാധാരണക്കാരായ ഹിന്ദുക്കളും അവരിൽ ഗുജറാത്തികളും മാത്രമായി അദ്ദേഹത്തിൻറെ ജീവിതം ഒതുങ്ങുമായിരുന്നു. സ്വന്തം തൊഴിലിന്റെ പരാജയത്തിൽ നിന്നും ലോകത്തിനു കിട്ടിയത്  ഹൈന്ദവ യാഥാസ്തിതിക ചിന്താഗതിക്കാരനായ ഒരു യുഗ പുരുഷനെയായിരുന്നു.


ആഫ്രിക്കയിൽ അദ്ദേഹം സേവനം ചെയ്തിരുന്ന പറ്റുവരവുകാർ ജീവിതത്തിന്റെ എല്ലാ  സാമൂഹിക മണ്ഡലങ്ങളിലും  വെളുത്ത വർഗക്കാരായവരുടെ വിവേചനം അനുഭവിക്കുന്നവരായിരുന്നു. സ്വന്തം വക്കീൽത്തൊഴിലിനൊപ്പം അദ്ദേഹം ഒരു സാമൂഹിക പ്രവർത്തകനായും പ്രവർത്തനം ആരംഭിച്ചു. ഭാരതത്തിൽ നിന്നും ആഫ്രിക്കയിൽ താമസിച്ചിരുന്നവർ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജനതയെങ്കിലും ഭാഷകളും മതവും അവരെ  സ്വന്തം രാജ്യത്തെപ്പറ്റി ആത്മാഭിമാനികളാക്കിയിരുന്നു. ആഫ്രിക്കൻ ജീവിതത്തിൽ ഗാന്ധിജി ഒരു ചിന്തകനായി മാറി. തെക്കേ ആഫ്രിക്കയിലെ വക്കീലെന്നതിലുപരി ചുറ്റുമുള്ള സമൂഹത്തിൽ ഒരു നേതാവായി  അറിയപ്പെടാനും തുടങ്ങി. അവിടെനിന്നാണ് അന്നുവരെ ബ്രിട്ടീഷ് ചിന്താഗതിയുണ്ടായിരുന്ന അദ്ദേഹം തനി ഭാരതീയ ദേശാഭിമാനിയായത്. സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം നല്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോടു പോരാടിയ  ഗാന്ധിജിയ്ക്ക്  പടിഞ്ഞാറൻ ജനതയോട് ശത്രുതയുണ്ടായിരുന്നില്ല.വെളുത്തവരായ ഹെന്റി സോൾട്ട്, ജോൺ റസ്ക്കിൻ, ടോൾസ്റ്റോയ്  എന്നീ ചിന്തകരിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും  ലണ്ടനിൽ  ബോംബു ചെയ്തപ്പോൾ ഗാന്ധിജി ദുഖിതനായിരുന്നു.


1893-മുതൽ 1914 വരെ അദ്ദേഹത്തിൻറെ യുവത്വകാലം  തെക്കേ ആഫ്രിക്കയിൽ ചെലവഴിച്ചു.  അവിടെ കൂടുതൽ സമയം ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിലും വക്കീലെന്ന നിലയിലും ജനസേവനത്തിനായി സമയം കണ്ടെത്തിയിരുന്നു. അന്ന് തെക്കേ ആഫ്രിക്കാ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അവിടെ ഡച്ചുകാരായ ആഫ്രിക്കാക്കാരും, കറുത്ത വർഗക്കാരായ സ്വദേശികളും ഇന്ത്യയിലെ കരാറനുസരിച്ച് വന്ന കൂലിത്തൊഴിലാളികളും പ്രൊഫഷണലുകളും ചുറ്റുമുണ്ടായിരുന്നു. ഗാന്ധി തെക്കേ ആഫ്രിക്കയിൽ വന്നപ്പോൾ നീതികിട്ടാത്ത ഒരു ജനതയുടെയിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അപരിചിതമായ ആ സാഹചര്യങ്ങളിൽ  നിന്നും ഗാന്ധിജി പിന്നീട് സ്വാതന്ത്ര്യ യോദ്ധാവ്, സാമൂഹിക പരിഷ്കർത്താവ്‌,  മത ചിന്തകൻ, തത്ത്വജ്ഞാനി, പ്രവാചകൻ   എന്നീ നിലകളിൽ  ഉയർന്നു വന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തെ അദ്ദേഹം എതിർത്തു. അതിനായി അവിടെയുള്ള എല്ലാ സമൂഹങ്ങളുടെയിടയിലും പ്രവർത്തിച്ചിരുന്നു. യഹൂദരും ക്രിസ്ത്യാനികളും രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട കച്ചവടക്കാരും അക്കൂടെയുണ്ടായിരുന്നു.  ഇന്ത്യയിലെ അപ്രസിദ്ധനായിരുന്ന  'മോഹൻദാസ്‌ കരൻ ചന്ദ്  ഗാന്ധി'യെന്ന  കേസില്ലാ വക്കീൽ അതിമിടുക്കനും ചിന്തകനും സാമൂഹിക പ്രവർത്തകനും ജ്ഞാനിയും വിവേകവുമുള്ള വലിയ ഒരു മനുഷ്യനായി അറിയപ്പെടാൻ തുടങ്ങി.


ആഡംബരങ്ങൾ വെടിഞ്ഞ് ലളിതമായി ജീവിതം നയിക്കുന്നവരുടെയിടയിൽ ഗാന്ധിജി  ഇന്നും ജീവിക്കുന്നു. തെക്കേ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധി ആശ്രമങ്ങൾ  ലാളിത്യത്തിലും അനാഡംഭരത്തിലും   ജീവിക്കുന്നവർക്കുള്ളതായിരുന്നു. ഭാരതത്തിലെ ഹരിതക വിപ്ലവത്തിലും പ്രകൃതിയുടെ സംരക്ഷണത്തിലും ഗാന്ധിജിയുടെ പ്രതിഫലനം മുഴങ്ങുന്നു. പരീസ്ഥിതി സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ രീതി, സസ്യാഹാരം ഇവിടെയെല്ലാം ഗാന്ധിജി  ജീവിക്കുന്നു. മതങ്ങൾ തമ്മിലുള്ള വൈരങ്ങൾ ഇല്ലാതാക്കി, മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേർതിരിവുകൾ മാററി ,   പരസ്പരധാരണയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ലോകമതങ്ങളിലും ഗാന്ധിജിയുടെ ചൈതന്യം പ്രസരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒത്തു കൂടുക, കൃസ്ത്യാനികളും യഹൂദരും തമ്മിൽ പരസ്പര വിശ്വാസം പുലർത്തുക, മതങ്ങൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവകളിലെല്ലാം  ഗാന്ധിജിയുണ്ട്.  ആഗോള സമാധാനത്തിനായുള്ള ഒത്തുചേരലിലും ഗാന്ധിജിയുടെ  ആത്മചൈതന്യം വെട്ടിത്തിളങ്ങുന്നു. .


നശീകരണ ലോകായുധങ്ങളും  ന്യൂക്ലിയർ ബോംബുകളും  ഇല്ലായ്മ ചെയ്യണമെന്ന വിപ്ലവമുന്നേറ്റത്തിലും ഗാന്ധിജി  നമ്മോടൊത്ത് ജീവിക്കുന്നു. എവിടെ യുദ്ധമുണ്ടോ അസമാധനമുണ്ടോ അവിടെയെല്ലാം ഗാന്ധിജി സമാധാന ദൂതനായി ഉണ്ട്.  നൂക്ലിയർ ലോകത്ത് അദ്ദേഹം 29 മാസം ജീവിച്ചു. ലോക നിരായുധീകരണത്തിനായി ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ  മരണശേഷം കെന്നഡിയും  ക്രൂഷ്ചേവും നിരായുധീകരണത്തിനായി ശ്രമിച്ചു. പിന്നീട് ഗോർബച്ചോവുമായും നിരായുധീകരണ സമാധാന ഉടമ്പടികളുണ്ടായി.  ഗാന്ധിജിയിൽ അവേശഭരിതരായി പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളിൽ  അനേകമനേക സമാധാന പ്രകടന ജാഥാകളുണ്ടായിരുന്നു.   അതാതു രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ പ്രകടനക്കാർ  ഗാന്ധിജിയുടെ പടങ്ങൾ വഹിച്ചിരുന്നു.


ഗാന്ധി പ്രതിമകളും ഗാന്ധി മ്യൂസിയമുകളും  ഗാന്ധി എക്സിബിഷനും ഗാന്ധി സിനിമാകളും  ഓർമ്മകൾ പുതുക്കാൻ ഉപകരിക്കുന്നു. പുതിയ തലമുറകൾക്കും  അദ്ദേഹത്തെപ്പറ്റി ഓർമ്മിക്കാൻ  സാധിക്കും.  90 വാല്യങ്ങളിലായി (Volumes) അദ്ദേഹത്തിൻറെ  കൃതികളടങ്ങിയ പുസ്തകങ്ങൾ ലോകം മുഴുവൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അക്കൂടെ ഗാന്ധിജിയെപ്പറ്റി കുട്ടികൾക്കായുള്ള  പുസ്തകങ്ങളുമുണ്ട്. അങ്ങനെ എല്ലാ വിഭാഗങ്ങളിലും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലും എല്ലാ രാജ്യങ്ങളിലും ഒരു പക്ഷെ ഇന്ത്യയിലെക്കാൾ കൂടുതലായി പുറം രാജ്യങ്ങളിലും  ജാതിമത ഭേദമേന്യേ  അബാല വൃദ്ധ  ജനകോടികൾ ഗാന്ധിജിയെ സ്മരിക്കുന്നു.


ഗാന്ധിജിയെ വധിച്ചത് ഇന്ത്യാ   മുപ്പതു കോടി രൂപാ പാക്കിസ്ഥാനു കൊടുക്കാൻ കരാറുണ്ടാക്കിയ കാരണംകൊണ്ടെന്നു   അദ്ദേഹത്തിൻറെ എതിരാളികൾ പറയും. സത്യത്തിൽ അത് ശരിയല്ല. ഗാന്ധിജി  ജാതി വ്യവസ്ഥകൾക്ക് എതിരായി സംസാരിച്ചതു കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത്. തീണ്ടലും തൊടീലും സമൂഹത്തിൽ ഇല്ലാതാക്കാൻ 'അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കണമെന്ന ചിന്താഗതികൾക്ക് ഏറെക്കാലം മുമ്പേ 'നത്തുറാം  ഗോഡ്സെ' ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ചിരുന്നു. 1935 മുതൽ നാലു  പ്രാവശ്യം   ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.


'സത്യത്തിൽ അന്നത്തെ കോൺഗ്രസടക്കമുള്ള  നേതാക്കന്മാർക്കും സർക്കാരിലെ ചുവപ്പു നാടകൾക്കും  ഗാന്ധിജിയെ വധിക്കുന്ന വിവരം അറിയാമായിരുന്നുവെന്നും അവർ അറിയാത്ത ഭാവത്തിൽ കണ്ണടച്ചെന്നും അവർക്കാവശ്യം ജീവിച്ചിരിക്കുന്ന ഗാന്ധിയേക്കാൾ രക്ത സാക്ഷിയായിരുന്ന ഗാന്ധിജിയെ യായിരുന്നുവെന്നും' ഗാന്ധിജിയുടെ കൊച്ചുമകൻ അരുൺ ഗാന്ധി   ബീ ബി. സി.യു മായുള്ള അഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി. ജീവിച്ചിരുന്ന ഏതാനും ആഴ്ചകൾക്കു മുമ്പ് ഗാന്ധിജി ഒരു ബ്രിട്ടീഷ്  ജേർണ ലിസ്റ്റിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു; 'ഞാൻ ജീവിച്ചിരിക്കുമ്പോൾ ഭാരതീയ ജനത എന്നെ പിന്തുടരും. മരിക്കുമ്പോൾ എന്നെ ആരാധിക്കും. പക്ഷെ എന്റെ ലക്ഷ്യങ്ങളായിരിക്കില്ല അവരുടെ ലക്ഷ്യം. എന്റെ  ചിന്തകൾ അപ്പാടെ തിരസ്ക്കരിക്കും.' ഒരു പ്രവാചകന്റെ  പ്രവചനം പോലെ അതെല്ലാം സത്യങ്ങളായി ഭവിച്ചു. കോൺഗ്രസ്സ്  പാർട്ടിയും ഇന്ത്യയിലെ പ്രമുഖ മറ്റു രാഷ്ട്രീയ പാർട്ടികളും ബ്രിട്ടീഷ് സാമ്രാജ്യ ഭരണം അവസാനിപ്പിച്ച് ഇന്ത്യൻ സാമ്രാജ്യ വാദികളായി. പൊങ്ങച്ചവും ആഡംബര പൂർണ്ണമായ പ്രകടനങ്ങളും ആഡംബര ജീവിതവും സാധാരണ ജനതയുമായുള്ള അകൽച്ചയും ജീവിക്കുന്ന ഗാന്ധിജി സമ്മതിക്കില്ലായിരുന്നു. ജീവിക്കുന്ന ഗാന്ധിജിയെ ഭയപ്പെട്ടതുകൊണ്ട് ഗാന്ധി വധത്തിൽ നിശബ്ദരായി തന്നെ  അവരും  കൂട്ടുനിന്നു.


അനേക മതങ്ങളുള്ള ഭാരതത്തിൽ ഒരു മതത്തിനും  രാഷ്ട്രീയത്തിൽ പ്രാധാന്യം കല്പ്പിക്കരുതായിരുന്നു. മതത്തെ പ്പറ്റിയുള്ള നമ്മുടെ മനസിലാക്കലും സങ്കുചിതമാണ്. മതങ്ങളെന്നു പറഞ്ഞാൽ അസഹിഷ്ണതയുടെ ഉറവിടങ്ങളാണ്.  പരസ്പര ധാരണയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കന്നതിനു പകരം മതങ്ങൾ തമ്മിൽ മല്ലടിച്ചുകൊണ്ട് വെറുപ്പിന്റെ ഭാഷ പഠിപ്പിക്കുന്നു. മഹാത്മാ ഗാന്ധിജി അഭിമാനിയായ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം മറ്റുള്ള മതങ്ങളുടെ നല്ല സാരാംശങ്ങളെയും സ്വീകരിച്ചിരുന്നു. അമ്പല പൂജാരികളുടെ അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാൽ വേദങ്ങളിലെ വാക്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും അവകളെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹം സ്വന്തം മതത്തെ സ്നേഹിച്ചപോലെ മറ്റുള്ള മതങ്ങളെയും തുല്യമായി സ്നേഹിച്ചിരുന്നു. മതേതരത്വമെന്നാൽ സ്വന്തം മതത്തെ തിരസ്ക്കരിക്കയെന്നല്ല എല്ലാ മതങ്ങളെയും ഉൾക്കൊള്ളുക യെന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മതമെന്നു  പറയുന്നത് വലിയ ഒരു പർവ്വതം കയറുന്നതിനു തുല്യമായിരുന്നു. നാമെല്ലാം ഒരേ പർവത ശിഖരത്തിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കിൽ പർവതത്തിന്റെ ഏതു വശത്തുനിന്നു യാത്ര ചെയ്താലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണെന്നു  ഗാന്ധിജി പറയുമായിരുന്നു.


1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പ് പണ്ഡിറ്റ്‌ നെഹ്രുവിന്റെയും സർദാർ പട്ടേലിന്റെയും ദൌത്യവുമായി ഒരു സംഘം കൽക്കട്ടയിൽ ഗാന്ധിജിയെ കാണാനെത്തി. ഗാന്ധിജി ആ സമയങ്ങളിൽ ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടിയും സമാധാനത്തിനായും ശ്രമിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വന്നെത്തിയ അവർ നെഹ്രുവിന്റെയും പട്ടേലിന്റെയും കത്തുകൾ ഗാന്ധിജിയ്ക്ക് കൈമാറി. വന്ന അതിഥികൾക്ക് ഭക്ഷണം കൊടുത്ത ശേഷം ഗാന്ധിജി ആ കത്തുകൾ പൊട്ടിച്ചു. കത്തിൽ  അവർ എഴുതിയിരുന്നു: "ബാപ്പുജി അങ്ങ് രാഷ്ട്ര പിതാവാണ്. 1947- ആഗസ്റ്റ് പതിനഞ്ചാം തിയതി ആദ്യത്തെ സ്വാതന്ത്ര്യ ദിനമായിരിക്കും. അങ്ങ് ഡൽഹിയിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കണം." ഗാന്ധി പറഞ്ഞു, 'എന്തു വിഡ്ഢിത്വം, ബംഗാൾ കത്തിയെരിയുമ്പോൾ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം കൊലകൾ നടത്തുമ്പോൾ കൽക്കട്ടയിലെ ഇരുണ്ട ഈ രാത്രിയിൽ ദയനീയമായ അവരുടെ യാതനകളെ ഞാൻ ശ്രവിക്കുന്നു. വെട്ടിത്തിളങ്ങുന്ന ദീപങ്ങളുടെ നടുവിൽ മുറിവേറ്റ ഭാരതാത്മാവിന്റെ വേദനകളും ആവഹിച്ചുകൊണ്ട് ഞാൻ എങ്ങനെ ഡൽഹിക്കു വരും?" ഇത് ഗാന്ധിജിയുടെ ഹൃദയ സ്പർശമായ വാക്കുകളായിരുന്നു. ഗാന്ധിജി പറഞ്ഞു, 'ബംഗാളിൽ സമാധാനം ഉണ്ടാക്കുന്നതിന് എനിയ്ക്കിവിടെ ജീവിക്കേണ്ടതായുണ്ട്. അവരിൽ സൗഹാർദവും സമാധാനവും കൈവരിക്കാൻ എന്റെ ജീവൻതന്നെ ബലി കഴിച്ചേക്കാം.'


സുപ്രഭാതമായപ്പോൾ നെഹ്രുവിന്റെയും പട്ടേലിന്റെയും  ദൗത്യ സംഘത്തെ ഗാന്ധിജി മടക്കി അയച്ചു. അദ്ദേഹം ഒരു മരത്തിന്റെ കീഴെ നില്ക്കുകയായിരുന്നു. ഒരു വരണ്ട ഇല മുകളിൽ നിന്ന് താഴെ വീണു. ഗാന്ധിജി അത് പെറുക്കിയെടുത്ത് ഉള്ളം കൈകളിലാക്കിക്കൊണ്ട് പറഞ്ഞു, "ചങ്ങാതിമാരെ നിങ്ങൾ ഡൽഹിക്ക് മടങ്ങി പോവുകയല്ലേ? നെഹ്രുവിനും പട്ടേലിനും സമ്മാനങ്ങൾ നല്കാൻ എന്റെ കൈവശം ഒന്നും തന്നെയില്ല. ഞാൻ അധികാരവും പണവുമില്ലാത്ത ഒരു സാധു മനുഷ്യനാണ്. സ്വാതന്ത്ര്യദിന സമ്മാനമായി ഈ ഉണങ്ങിയ ഇല നെഹ്രുവിനും പട്ടേലിനും സമ്മാനിക്കൂ. ഗാന്ധിജി ഇത് പറയുമ്പോൾ വന്ന അതിഥികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തമാശരൂപേണ ഗാന്ധിജി വീണ്ടും പറഞ്ഞു, "ദൈവം എത്ര മഹത്വപ്പെട്ടതാകുന്നു. അവിടുന്നു നിങ്ങളുടെ  'ഗാന്ധി' ഉണങ്ങിയ ഇല കൊടുക്കാൻ ആഗ്രഹിക്കുന്നില്ല." ഗാന്ധിജി ഒരു നിമിഷം ധ്യാനനിരതനായ ശേഷം ഉണങ്ങിയ ഇലയിൽ വെള്ളം ഒഴിച്ചു. ഒരു ചിരിയോടെ അദ്ദേഹം "ഈ ഇല ഇപ്പോൾ മിന്നി തിളങ്ങുന്നില്ലേയെന്നു" ചോദിച്ചു. കണ്ണുനീരുകൾ നിറഞ്ഞ 'ഇല' എന്റെ സമ്മാനമായി അവർക്കു നല്കൂ. അതായിരുന്നു ഗാന്ധിജിയുടെ ഹൃദയ സ്പർശമായ മാനവിക വികാരം.


അബലകളായ സ്ത്രീകളുടെ കരളലിയിക്കുന്ന പ്രശ്നങ്ങൾ ഗാന്ധിജിയെ സ്പർശിച്ചിരുന്നു. 'ചമ്പരാൻ' ജില്ലയിൽ, പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ഏതാനും പേരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ കൊണ്ടുവന്ന റിപ്പോർട്ടിൽ സ്ത്രീകളുടെ  പ്രശ്നങ്ങളൊന്നും പരാമർശിച്ചില്ലായിരുന്നു. സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള ഒരു റിപ്പോർട്ട് എങ്ങനെ പൂർണ്ണമാകുമെന്നും ഗാന്ധിജി ചോദിച്ചു. സ്ത്രീകൾ ലജ്ജാവതികളായതുകൊണ്ട് വീടിനു പുറത്തിറങ്ങുകയില്ലെന്നും ആരെയും കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ട്  തയ്യാറാക്കിയവർ ഗാന്ധിജിയോട് മറുപടി പറഞ്ഞു. ഗാന്ധിജി ഉടൻ കസ്തൂർബാ ഗാന്ധിയേയും അവാന്റികബായി ഗോഖലെ എന്ന ഒരു സ്ത്രീയേയും സ്ത്രീകളുടെ യാതനകളറിയാൻ ചമ്പരാൻ പ്രദേശങ്ങളിൽ അയച്ചു. ചമ്പരാനിലെ സ്ത്രീകൾ അവരെ കാണുകയോ വാതിൽ തുറക്കുകയോ ഉണ്ടായില്ല. സൂര്യാസ്തമനമായപ്പോൾ കസ്തൂർബാ ഗാന്ധി ഒരു വീടിന്റെ വാതിലിൽ മുട്ടിയിട്ടു അകത്തുള്ള സ്ത്രീയോട് പറഞ്ഞു, "ഞങ്ങൾ സൂര്യോദയം മുതൽ അസ്തമയം വരെ ഈ ഗ്രാമത്തിൽ അലഞ്ഞു നടക്കുകയാണ്. ഞങ്ങൾക്ക് ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തരുമോ?" സാവധാനം ഒരു വാതിൽ പകുതിയായി തുറന്നു. ഒരു സ്ത്രീ വാതിലിനു മറവിൽ ഒളിച്ചിരുന്നുകൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി കൈകൾ നീട്ടി. കസ്തൂർബാ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു, സഹോദരി, ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടുള്ള നിങ്ങളുടെ കൈകൾ മാത്രം കാണുന്നു. എന്നാൽ കൈകൾക്ക് പുറകിലുള്ള നിങ്ങളെയാണ് ഞങ്ങൾക്ക് കാണേണ്ടത്." അകത്തുള്ള സ്ത്രീ പറഞ്ഞു, "ഈ വീട്ടിലുള്ള മൂന്നു സ്ത്രീകൾക്ക് ആകെയുള്ളത് കീറാത്ത ഒരു സാരി മാത്രമാണ്. ഒരാൾ ആ സാരിയുമുടുത്തുകൊണ്ട് പുറത്തിറങ്ങിയാൽ മറ്റുള്ള സ്ത്രീകൾ അർദ്ധ നഗ്നകളായി നിങ്ങൾക്ക് വാതിലെങ്ങനെ  തുറന്നു തരും." കരയുന്ന ആ സ്ത്രീയോട് കസ്തൂർബാ പറഞ്ഞൂ, "വാതിലടയ്ക്കൂ സഹോദരീ, നിങ്ങളുടെ ഹൃദയ വാതിലുകൾ തുറന്നിരിക്കുന്നു." ഹൃദയ സ്പർശമായ ഈ റിപ്പോർട്ടുമായി കസ്തൂർബായും അവാന്റിഭായിയും ഗാന്ധിജിയുടെ അടുത്തെത്തി. സ്ത്രീകളുടെ ആദരവു വർദ്ധിപ്പിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുമെന്നും അതുവരെ താൻ വിശ്രമിക്കില്ലെന്നും ഗാന്ധി അന്ന് പ്രതിജ്ഞ ചെയ്തു.

2002-ലെ ഗുജറാത്ത് കലാപം  നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ഹീനമായ ഒരു സംഭവമായിരുന്നു. അതു  സംഭവിച്ചത് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലായിരുന്നു. യാതൊരു തത്ത്വങ്ങളുമില്ലാത്ത രാഷ്ട്രീയക്കളികൾമൂലം അനേക മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടു.  അധികാരം നിലനിർത്താൻ ഏതു മൃഗീയമായ  പ്രവർത്തികളും ഇത്തരക്കാർ രാഷ്ട്രീയത്തിൽ കളിക്കും. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഗുജറാത്ത് സംഭവത്തിൽ അദ്ദേഹം അപമാനിതനാവുമായിരുന്നു. ഗുജറാത്തിയെന്നോ ഇന്ത്യനെന്നോ പറയാൻ മടിക്കുമായിരുന്നു.


കപടത നിറഞ്ഞ രാഷ്ട്രീയ ചൂതുക്കളിക്കാരുടെ  ലോകത്തിൽ ഗാന്ധിജിയുടെ ചിന്തകൾ  കൈവെടിഞ്ഞെങ്കിലും രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്നവരുടെ  സാമൂഹിക തലങ്ങളിലും  വിവിധ മാനുഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിലും   അനേകായിരങ്ങളിലും ഗാന്ധിയൻ തത്ത്വങ്ങൾ ഉത്തേജനം നല്കിക്കൊണ്ടിരിക്കുന്നു.  അവർ ആതുര സേവനങ്ങളിലും ഗ്രാമീണ ഉദ്ധാരണങ്ങളിലും  സ്ത്രീകളുടെ നവോത്വാന മേഖലകളിലും പരീസ്ഥിതി ക്രമീകരണങ്ങളിലും  ശുദ്ധീകരണ മേഖലകളിലും പ്രവർത്തിക്കുന്നു. ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും  ഇന്നും കാലത്തിനനുയോജ്യമെന്നു  കാണാം.  ഇന്ത്യയ്ക്കു  മാത്രമല്ല ലോകത്തിനു മുഴുവനായും അദ്ദേഹത്തിന്റെ ചൈതന്യം  അണയാത്ത ദീപമായി ശോഭിക്കുന്നു.  അനീതിയ്ക്കെതിരെ , ഏകാധിപത്യ പ്രവണതകളുള്ള   സർക്കാരുകൾക്കെതിരെ  അദ്ദേഹത്തിൻറെ അക്രമരാഹിത്യ സമര മുറകൾ വിവിധ  രാജ്യങ്ങൾക്ക് മാർഗദർശനം നല്കി.   മത സഹിഷ്ണതയും മതങ്ങൾ തമ്മിലുള്ള പരസ്പര സഹവർത്തിത്വവും ഗാന്ധിസത്തിന്റെ ഭാഗമാണ്. ഗാന്ധി വിഭാവന ചെയ്ത  പ്രകൃതിയെ നശിപ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം ഇന്നും കാലത്തിനനുയോജ്യം തന്നെ.  സമാധാനത്തിലധിഷ്ടിതമായ ചർച്ചകളിൽ കൂടി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗാന്ധിയൻ ആശയങ്ങളെ പരിഷ്കൃത ലോകങ്ങൾ  ആദരിക്കുന്നു.


ആല്ബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, 'ഈ ഭൂമിയിൽ  രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി  'ഗാന്ധിയെന്ന'  ഒരു മഹാൻ ജീവിച്ചിരുന്നുവെന്ന് തലമുറകൾ കടന്നു പോവുമ്പോൾ അവിശ്വസനീയമായി തോന്നും.'  ഗാന്ധിജി മരിച്ചു. ആ ദീപം പൊലിഞ്ഞു. അദ്ദേഹം ജീവിച്ച ഭൂമിയിലാണ് നാമിന്നു  ജീവിക്കുന്നത്. മനുഷ്യത്വത്തെയും ആക്രമണ രാഹിത്യത്തെയും ബഹുമാനിച്ചാൽ ഗാന്ധിജിയുടെ   ചൈതന്യം  നിത്യം ലോകത്തു വെളിച്ചം നല്കിക്കൊണ്ട് സമാധാനം ഉളവാകും.  അദ്ദേഹത്തിൻറെ ജീവിക്കുന്ന ചൈതന്യം ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ ദാഹികളായ ജനങ്ങളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നുണ്ട്.






Kasthurba and children 

















Friday, January 8, 2016

എന്റെ 'പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന ' അപൂർവ രോഗം


By ജോസഫ് പടന്നമാക്കൽ
മെഡിക്കൽ സംബന്ധമായി കാര്യമായ  യാതൊരറിവും എനിയ്ക്കില്ലെങ്കിലും  ഞാനനുഭവിക്കുന്ന  എന്റെ രോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ  ആധാരമാക്കിയാണ് ഈ ലേഖനം രചിച്ചിരിക്കുന്നത്. ചില മെഡിക്കൽ പദങ്ങൾക്ക്‌ അനുയോജ്യമായ വാക്കുകൾ മലയാളത്തിൽ കണ്ടുപിടിക്കുക പ്രയാസമാണ്.  അറിയാൻ പാടില്ലാത്ത ഒരു വിഷയത്തെപ്പറ്റി  ഒരു ലേഖനം എഴുതിയെങ്കിൽ അത് എന്റെയൊരു  സാഹസം മാത്രമെന്നു കരുതിയാൽ മതിയാകും. ഈ ലേഖനം തയ്യാറാക്കുന്നതിൽ  ഒരു രോഗിയെന്ന നിലയിലുള്ള എന്റെ അനുഭവജ്ഞാനം വളരെയേറെ ഉപകരിച്ചിട്ടുണ്ട്. രോഗത്തെപ്പറ്റി അറിവില്ലാത്തവർക്കും രോഗം ബാധിച്ചവർക്കും   അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും  എന്റെ ലേഖനം ഉപകരിക്കുമെന്നു  വിശ്വസിക്കട്ടെ.


2015 ജൂണ്‍ മാസത്തിലാണ്  പി ആർ പി (Pityriasis Rubra Pilaris)യെന്ന   രോഗം എന്നിൽ പിടി കൂടിയത്. ഹെൽത്ത് ഇൻഷുറൻസിന്റെ  നിയമമനുസരിച്ച് ഒരു സ്പഷ്യലിസ്റ്റ്  ഡോക്ടറെ കാണാൻ  പ്രൈമറി ഡോക്റ്ററുടെ റഫറലാവശ്യമായിരുന്നു.   ഇതിനായി ഫാമിലി പ്രാക്റ്റീസ് ചെയ്യുന്ന  മലയാളീയായ ഒരു വനിതാ ഡോക്ടറെ സമീപിച്ചു. അവരുടെ ഓഫീസ് സന്ദർശന വേളയിൽ റഫറലിനായി പല വിധ ആരോഗ്യപരമായ ടെസ്റ്റുകളുടെ കടമ്പകൾ കടക്കണമായിരുന്നു. അന്നെന്റെ തൂക്കം 160 പൌണ്ടും. കൊളോസ്ട്രോൾ കൂടുതലായതു കൊണ്ട്  അവരുടെ നിർദേശമനുസരിച്ച്  മരുന്നുകളും കഴിക്കാൻ തുടങ്ങി. 'ക്രെസ്റ്ററെ'ന്ന   മരുന്നിന്റെ പാർശ്വ ഫലമെന്നോണം  രണ്ടാഴ്ചയ്ക്കുള്ളിൽ   ദേഹം മുഴുവൻ ചുവന്നു തടിച്ച് കടുത്ത ചൊറിച്ചിലുമായി  'ഹൈവുസെന്ന' (hives) രോഗം കാണപ്പെട്ടു. ആ രോഗം ഭേദപ്പെട്ടു കഴിഞ്ഞ് അതിന്റെ തുടർച്ചയെന്നോണം ഒരു മാസം കഴിഞ്ഞപ്പോൾ  ശരീരത്തിലെ ചർമ്മങ്ങൾ മുഴുവൻ വരളാനും പൊഴിയാനും ആരംഭിച്ചു. കാലിന്റെ പാദങ്ങളും  ഉള്ളം കൈകളും കറുത്തു തടിക്കാനും തുടങ്ങി. കൈകാലുകളിലെ രോമവും പൊഴിഞ്ഞു. തലമുടി പൊഴിയുകയും വളരാതെ വളരെ ഘനം കുറഞ്ഞതുമായി. കാലുകളിലെ നീരു കാരണം പര സഹായം കൂടാതെ നടക്കാനും ബുദ്ധിമുട്ടായി. ശരീര  ഭാരം കുത്തനെ മുപ്പതു പൌണ്ട് കുറഞ്ഞു.


അനങ്ങാനോ തിരിയാനോ സാധിക്കാതെ മറ്റുള്ളവരുടെ സഹായം നിത്യേന ആവശ്യമായി വന്നു. എന്റെ കൈകൾ കൊണ്ട് എന്തെങ്കിലും ചെയ്യാനോ ഷേവു ചെയ്യാനോ, ഷൂവിന്റെ വള്ളികൾ കെട്ടാനോ   സാധിക്കുമായിരുന്നില്ല. തോലുപോലെ കഠിനമായിരിക്കുന്ന കൈകൾ കൊണ്ട് ചോറുണ്ണാനോ എഴുതുവാനോ പറ്റില്ലായിരുന്നു. എങ്കിലും റ്റൈപ്പു ചെയ്യാൻ സാധിച്ചിരുന്നതുകൊണ്ട്  എന്റെ ഹോബിയായ എഴുത്തിലും വായനയിലും ശ്രദ്ധിക്കാൻ സാധിച്ചു. ദിവസവും വിശ്രമമില്ലാതെ  ദേഹമാകെയുള്ള   ചൊറിച്ചിൽ എന്റെ ചിന്താശക്തിക്കും മങ്ങലേൽപ്പിച്ചിരുന്നു.  ശരീരം മൊത്തമായുള്ള ചർമ്മങ്ങൾ വെളുത്ത മഞ്ഞുപോലെ  എന്റെ വസ്ത്രങ്ങളിലും ബെഡിലും, കമ്പൂട്ടർ ഡസ്ക്കിലും എവിടെയും  കാണുമ്പോൾ എന്നെ  ദുഖിതനാക്കിയിരുന്നു. 'വാക്കും ക്ലീനർ' നിറയെ  ചർമ്മങ്ങൾ പൊടി രൂപത്തിൽ  നിറയുന്നതും കാണാം.ആശ്വാസത്തിനായി 'ഒട്ട് മീൽ' കുളികൾ നടത്തും. മണിക്കൂറുകൾ വെള്ളത്തിൽ കിടന്ന് ചൊറിയുന്ന ചർമ്മങ്ങൾ പൊളിച്ചു കളയുമായിരുന്നു. കിട്ടാവുന്ന ക്രീമുകൾ ദേഹത്ത് പുരട്ടിക്കൊണ്ടിരുന്നു. വലിയ ആശ്വാസമൊന്നും കിട്ടിയില്ല.


രോഗം വന്നു കഴിഞ്ഞ് കണ്ണാടിയിലെ എന്റെ വിരൂപമായ  രൂപവും നീരുകൾ കൊണ്ട് ബലൂണ്‍ പോലെ വീർത്തിരിക്കുന്ന വരണ്ടു കീറിയ പാദങ്ങളുടെ പാർശ്വ വശങ്ങളും  കണ്ടപ്പോൾ ഞാനൊരു ഭ്രാന്തനായോയെന്നും തോന്നിപ്പോയി. കൈകളിലെ പത്തു വിരലുകളും സ്വാധീനമില്ലാതെ മരച്ചിരുന്നു. ബാഹ്യ ചർമ്മങ്ങൾ പൊട്ടിയും  വരണ്ടുമിരുന്നിരുന്നു. കണ്‍ പുരികങ്ങളും അതുപോലെ തന്നെ. അടുത്തുള്ള ഹോസ്പറ്റലിലെ എമർജൻസി വിഭാഗത്തിൽ എന്നെ പ്രവേശിപ്പിച്ചെങ്കിലും ഈ രോഗമെന്തെന്നു ആർക്കുമൊന്നും പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ ഇത്തരം രോഗം ഒരിയ്ക്കലും കണ്ടിട്ടില്ലെന്നും ഏതെങ്കിലും മെഡിക്കൽ വിദ്യാർത്ഥികളെ  പഠിപ്പിക്കുന്ന ഹോസ്പിറ്റലിൽ പോകാനും ഉപദേശിച്ചു. പുകച്ചിലും ചൊറിച്ചിലും അനുഭവിക്കുന്ന എന്റെ രോഗത്തിന് ഒരു കാരണം നിശ്ചയിക്കാതെ അന്നു തന്നെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു.


പി ആർ പി (Pityriasis Rubra Pilaris)യെന്നത് അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന  ഒരു രോഗമാണ്. വളരെ പ്രാവീണ്യമുള്ള ത്വക്കു രോഗ വിദഗ്ദ്ധരായവർക്കു  മാത്രമേ ഈ രോഗത്തെ തിരിച്ചറിയാനും രോഗ നിവാരണ മാർഗങ്ങൾ നിർണ്ണയിക്കാനും   സാധിക്കുള്ളൂ. ഈ രോഗം ബാധിച്ചവർ ദൈനം ദിന ജീവിതചര്യകളിൽ സ്വയം ജീവിതത്തെ ചെറുത്തു നില്ക്കാനും പ്രയാസപ്പെടും. അയ്യായിരം ത്വക്കു രോഗികളിൽ ഒരാളെ മാത്രമേ ഇത്തരം രോഗമുള്ളവരായി  രേഖപ്പെടുത്തിയിട്ടുള്ളൂ. കഴിയുന്നതും  മെഡിക്കൽ വാക്കുകൾ ബ്രായ്ക്കറ്റിലിട്ട് സാങ്കേതികമല്ലാത്ത മലയാള ഭാഷയിൽ  രോഗത്തെപ്പറ്റി വിവരിക്കാനും  ശ്രമിച്ചിട്ടുണ്ട്. എന്റെ അനുഭവ ജ്ഞാനം കൊണ്ട് രോഗത്തെപ്പറ്റി  വിവരിക്കുന്നുവെങ്കിലും  ഇതിന്റെ ചീകത്സാ വിധികൾ നടത്തുന്നത് ത്വക്ക് രോഗ  വിദഗ്ദ്ധരായവരാണ്. എങ്കിലും ഒരു രോഗത്തെപ്പറ്റി ഗഹനമായി പഠിക്കാൻ അതനുഭവിക്കുന്ന രോഗികൾക്കും സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഡോക്ടർമാർ കുറിച്ചു തരുന്ന  മരുന്നുകളുടെ പാർശ്വ ഫലങ്ങൾ മനസിലാക്കി അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമോ രോഗികൾക്കുണ്ട്.  ഡോക്ടർമാരെ തെരഞ്ഞെടുക്കുമ്പോൾ അഹങ്കാരികളല്ലാത്തവരും  രോഗികളുടെ സംശയങ്ങൾ വ്യക്തമാക്കുന്നവരും ബെഡ് സൈഡു മര്യാദകളുമുള്ളവരായിരിക്കണം.  വൈകാരികമായി ദീർഘകാലം ഈ രോഗത്തോട് നാം മല്ലിടേണ്ടവരാണ്. മനസിനിഷ്ടപ്പെടാത്ത ഡോക്ടർമാരുടെ സേവനം  രോഗം കൂടുതൽ വഷളാക്കാനെ ഉപകരിക്കുള്ളൂ.

പി ആർ പി അപൂർവമായ രോഗമാണെങ്കിലും കുടുംബ പാരമ്പര്യങ്ങളിൽനിന്നും ലഭിക്കാം. ഭൂരിഭാഗം  ഡോകടർമാർക്കും ഈ രോഗത്തെപ്പറ്റിയോ ചീകത്സാ രീതികളെ പ്പറ്റിയോ അറിവുണ്ടായിരിക്കില്ല. രോഗം ബാധിച്ചവരെ  ഡോക്ടർമാർ  മാറി മാറി പല  ചീകത്സാ സമ്പ്രദായങ്ങളും പരീക്ഷിക്കും. അത്തരം ശ്രമങ്ങൾ  പി ആർ പി യെ സംബന്ധിച്ച് വലിയ പ്രയോജനമുണ്ടാവുകയില്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ മറ്റുള്ള ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രോഗമുള്ളവർ സമർത്ഥനായ ഒരു ത്വക്കുരോഗ  ഡോക്ടറുടെ സഹായം തേടേണ്ട ആവശ്യവുമുണ്ട്. കഴിവും പ്രാവണ്യവുമുള്ള പ്രസിദ്ധനായ ഒരു ഡോക്ടറുടെ  സേവനം എനിയ്ക്ക് ലഭിക്കുന്നതുകൊണ്ട് രോഗത്തിന്‌  വളരെയേറ ആശ്വാസം ലഭിച്ചു. എത്ര ജോലിത്തിരക്കിലും അദ്ദേഹത്തിൻറെ ഓഫീസ് സന്ദർശിക്കുന്ന സമയം  എന്റെ രോഗത്തിന്റെ പുരോഗമനവും വിവരവുമറിയാൻ  ഓടി വരും.അപൂർവമായ എന്റെ രോഗം എന്തെന്നു നിർണ്ണയിച്ച ദിവസം അദ്ദേഹത്തിന് ചീകത്സകൾ നടത്താൻ പ്രത്യേകമായ ഒരു ഉത്സാഹമായിരുന്നു. രോഗശമനത്തിനായി ആഴ്ചയിൽ മൂന്നു ദിവസം ലൈറ്റ് ബോക്സ് തെറാഫിയ്ക്ക് പോവണം.   'സൊറാറ്റയിൻ എന്ന ക്യാപ്സൂൾ ഗുളിക ദിവസം രണ്ടു പ്രാവശ്യം കഴിക്കണം.


പി.ആർ.പി.    (Pityriasis Rubra Pilaris)  ജീവന് അപകടകരമായ ഒരു അസുഖമല്ല. മറ്റുള്ളവർക്ക് പകരുന്ന രോഗവുമല്ല.  ഈ അസുഖത്തിന്റെ ഉത്ഭവം എവിടെനിന്നെന്നും വ്യക്തമല്ല. 1800--ൽ ഒരു മെഡിക്കൽ സമൂഹമാണ് ആദ്യമായി ഈ സുഖക്കേട്‌ എന്താണെന്നുള്ള വിവരം പുറത്തുവിട്ടത്. 'പിറ്റിറിയാസിസ് റൂബ്രാ പിലാരീസ്'( പി ആർ പി) എന്ന രോഗത്തിന്റെ പേരിന്റെ കൂടി തന്നെ അർത്ഥവത്തായ  വിവരണവുമുണ്ട്. 'പിറ്റിറിയാസിസ്' എന്നാൽ പകിട്ടാർന്നതും നേർത്ത പൊറ്റകളുമുള്ള   ചെറുതുമായ ഉരിയുന്നപോലുള്ള ചർമ്മങ്ങളെന്നു  അർത്ഥം കൽപ്പിച്ചിരിക്കുന്നു. 'റൂബ്രാ'യെന്നാൽ ചുവപ്പെന്നർത്ഥം. 'പിലാരിസ്' എന്നാൽ രോമമൂലത്തിലുള്ള ചെറു ഗ്രന്ഥി യെന്നർത്ഥം.  'പി ആർ പി' വന്നുപെട്ടാൽ പിന്നീടത്‌  വിട്ടു മാറാത്ത ഒരു രോഗമായി മാറും. മോണയിൽക്കൂടി പല്ലു മുളച്ചു വരുന്നപോലെ തൊലികളിലെ ഓരോ ടിഷ്യൂവിലും പുതിയ  തൊലി മുളയ്ക്കുകയും പൊഴിയുകയുമെന്ന ക്രിയകൾ  തുടർച്ചയായി ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കും.    തൊലിക്കു പുറത്തു ആവരണം പോലെ മറ്റു തൊലികൾ വന്നു കൂടും. ആവരണം ചെയ്യുന്ന തൊലികളുടെ  നിറം ചുവപ്പോ ഒറഞ്ചു നിറമോ ആയിരിക്കും.


പി അർ പി മൂലം ശരീരത്തിലെ തൊലികൾ വരളുമ്പോൾ കഠിനമായ ചൊറിച്ചിലുകൾ അനുഭവപ്പെടും.  താല്ക്കാലിക ശമനത്തിനുപകരിക്കുന്ന ധാരാളം ക്രീമുകൾ മാർക്കറ്റിലുണ്ട്.  ശരീരത്തിലെ ഈർപ്പം തടയാനും ചൊറിച്ചിൽ തടയാനും ദിവസം രണ്ടു തവണകൾ ക്രീമുകളൊ ലോഷനുകളൊ ദേഹത്ത് ഇടവിടാതെ പുരട്ടിക്കൊണ്ടിരിക്കണം.  പെർഫ്യൂമിൽ  ആൽക്കഹോൾ അടങ്ങിയ ലോഷൻസ്‌ പി ആർ പി രോഗികൾക്ക് നന്നല്ല. ശരീരത്തിലെ ചർമ്മ പുഷ്ടിക്ക് ധാരാളം വെള്ളവും കുടിക്കണം. നീണ്ട നേരം 'റ്റബിൽ' കിടക്കാതെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പ്രയോജനപ്പെടും. ചൂടു വെള്ളത്തിൽ കുളിയ്ക്കുന്നതുകൊണ്ട് സുഖം അനുഭവപ്പെടുമെങ്കിലും ദീർഘ നേരത്തിലെ സ്നാനം ദേഹത്തിലെ തൊലി പെട്ടെന്ന് വരളാനിടയാകും.


പി ആർ പി എന്ന അജ്ഞാത രോഗത്തിന്റെ കാര്യ കാരണങ്ങളെപ്പറ്റി വ്യക്തമായി  ഒരു ഉത്തരം ആർക്കും നല്കാൻ സാധിക്കില്ല.  പാരമ്പര്യമായോ  മാതാവിൽനിന്നൊ പിതാവിൽ നിന്നോ അല്ലെങ്കിൽ മറ്റു യാതൊരു കാരണവു മില്ലാതെയോ ഈ രോഗം പിടിപെടാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. വൈറൽ മൂലമൊ ബാക്റ്റീരിയാ മൂലമൊ ഉണ്ടാകാമെന്നും ചില ഗവേഷണങ്ങൾ പറയുന്നു. ആന്റി ബയോട്ടിക്സ്, ശരീരത്തിലുണ്ടാകുന്ന   മാനസികാഘാതം,  പ്രധാന സർജറി,  അമിതമായ  സൂര്യ താപം, വൈകാരിക ദുഃഖ ങ്ങൾ എന്നീ കാരണങ്ങളുമാകാം.  നാളിതു വരെ പി ആർ പി രോഗത്തെ ഭേദപ്പെടുത്തുന്ന ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.  എന്നാൽ ഭേദമാകുകയും പിന്നീട് രോഗം ആവർത്തിക്കുകയും ചെയ്യുന്ന ചീകത്സാ മാർഗങ്ങളുണ്ട്. വളരെയധികം അപൂർവ രോഗമായതുകൊണ്ട് പി.ആർ.പി യ്ക്ക് കാര്യമായ ഗവേഷണങ്ങൾ നടത്തിയിട്ടില്ല. എങ്കിലും ഇതിനോട് സാമ്യമുള്ള സോറായിസിസ് ചീകത്സകൾ പി ആർ പി ചീകത്സകൾക്കും പ്രയോജനപ്രദമായിട്ടുണ്ട്.


പി ആർ പി ആദ്യം തുടങ്ങുന്നത് ദേഹമാസകലം സഹിക്കാൻ സാധിക്കാത്ത ചൊറിച്ചിലിലൂടെയായിരിക്കും.  ശരീരത്തിലാകമാനം മഞ്ഞ നിറത്തിലുള്ള ചൊറിയുന്ന മുള്ളുകൾ പോലുള്ള കുരുക്കളുണ്ടാകും.  പുറത്തും കൈമുട്ടുകളിലും ദേഹത്തിന്റെ ഏതു ഭാഗത്തുമുണ്ടാകാം. ഈ കുരുക്കൾ ഒന്നിച്ച് വളർന്നു ‌ കഴിയുമ്പോൾ തൊലികൾ പൊരിഞ്ചു പിടിച്ചതു പോലെ വരണ്ടിരിക്കും. കൈകൾ കൊണ്ട് പതുക്കെ തടവിയാലും വരണ്ട തൊലികൾ അടർന്നു വീഴും. ദേഹത്തെ രോമവും തലമുടിയും പൊഴിയുകയോ ഘനം കുറയുകയോ ചെയ്യും. പി ആർ പി രോഗികൾക്ക്  ഉള്ളം കൈകളിലും പാദത്തിന്റെ  അടിവശങ്ങളിലും  വേദനയോടെയുള്ള തൊലികളായിരിക്കും ഉണ്ടാവുക.   ശരീര ഭാഗങ്ങളിൽ മുമ്പുണ്ടായിരുന്ന  സോറൈസീസിൽ നിന്നോ എക്സിമായിൽനിന്നോ രോഗം വ്യാപിക്കും. ശരീരം സ്വീകരിക്കാത്ത ചില മരുന്നുകളുടെ പ്രത്യാഘാതാവും രോഗത്തിന് കാരണമാകാം.  ശരീരത്തിലുള്ള തൊലികൾ ഇടവിടാതെ പൊഴിഞ്ഞു പോവുന്നതുകൊണ്ട് (exfoliation) കഠിനമായ ചൊറിച്ചിലും ദേഹം മുഴുവൻ പുകച്ചിലുമുണ്ടാകും. സദാ സമയവും സുഖമില്ലാതെ തോന്നുക, അതിക്ഷീണവും തളർച്ചയും അനുഭവപ്പെടുക, ചൂടാണെങ്കിലും തണുപ്പായി വിറക്കുകയും , ദേഹത്തിന്റെ ചൂടിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരുകയും ചെയ്യുകയെന്നുള്ളത് രോഗത്തിന്റെ ലക്ഷണങ്ങളാണ്.  ധാരാളം ജലം ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നതുകൊണ്ട് ശരീരത്തിന്റെ ആന്തരിക അവയവങ്ങൾക്കും പ്രശ്നങ്ങളുണ്ടാകാം. കരൾ വലുതാകാം.


ലക്ഷണങ്ങൾ കണ്ട് രോഗം നിർണ്ണയിക്കേണ്ടത്  ആരാണെന്നുള്ളതിൽ രോഗിയുടെ മനസ്സിൽ അങ്കലാപ്പുണ്ടാക്കാം. ആദ്യഘട്ടം മുതൽ ത്വക്ക് രോഗ വിദഗ്ദ്ധനാണ് രോഗമെന്തെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്. പല ഡോക്ടർമാരും  പി ആർ പി യെന്ന ഈ രോഗം സോറായിസിസെന്നു കരുതി ചീകത്സ തുടങ്ങും. അല്ലെങ്കിൽ 'എരിത്രോ ഡെർമാ  ' (Erythroderma)
എന്ന ത്വക്ക് രോഗങ്ങളുടെ വകഭേദമെന്നു  വിചാരിച്ച് തെറ്റായ ചീകത്സ തുടങ്ങും.  രോഗം നിർണ്ണായത്തിനായി  ചർമ്മത്തിന്റെ ദ്രവ ഭാഗം (ബൈയോപ്സി) പരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. അതിന് നല്ല യോഗ്യതയും കഴിവുമുള്ള  ത്വക്കു രോഗലക്ഷണശാസ്ത്രവിദഗ്ദ്ധന്‍ (പതാലജസ്റ്റ്) ആവശ്യമാണ്.  ഭൂരിഭാഗവും ത്വക്കുരോഗ ഡോക്ടർമാർ 'പതാലജസ്റ്റ്' ഡോക്ടർമാരുടെ സഹായത്തോടെയാണ് ഈ രോഗം ആധികാരികമായി നിർണ്ണയിക്കുന്നത്.


ത്വക്ക്‌ രോഗ നിവാരണ ഡോക്ടർ രോഗം നിർണ്ണയിച്ച ശേഷം അടുത്ത പടി ഏതു തരം പി.അർ.പി എന്നറിയിക്കും. പി ആർ പി തന്നെ പല വിധമുണ്ട്. ഓരോരുത്തരുടെയും വ്യക്തിപരമായ മെഡിക്കൽ ചരിത്രമനുസരിച്ച് ചീകത്സാ വിധികളും ഡോക്ടർ  നിശ്ചയിക്കും.  പലവിധ ചീകത്സാ സമ്പ്രദായങ്ങൾ നിലവിലുണ്ടെങ്കിലും ഡോക്ടർ ഒന്നോ ഒന്നിൽ കൂടുതൽ മരുന്നുകളോ രോഗിയ്ക്ക്  നിശ്ചയിക്കും. ചില രോഗികൾ മരുന്നുകളെടുക്കാൻ വിസമ്മതിക്കും. മരുന്നുകളില്ലാതെ ചിലർക്കു രോഗം സ്വയം ഭേദമാവാറുണ്ട്.
മരുന്നുകളെടുക്കുന്ന സമയം  ചില അനുഷ്ടാനങ്ങളിൽ  രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. മാസം തോറും ലാബറട്ടറികളിൽ പോയി   രക്തം പരിശോധിക്കണം. റെട്ടിനോയിഡോ ഇമ്മ്യൂണോ സപ്രസന്റ്റ് മരുന്നുകളോ എടുക്കുന്നുവെങ്കിൽ പാർശ്വ ഫലങ്ങളായ കൊളോസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ പാർശ്വ ഫലങ്ങളും ശ്രദ്ധിക്കേണ്ടതായി വരും. ഈ മരുന്നുകളും അസുഖം തന്നെയും ദേഹത്തിലെ ചർമ്മ കോശങ്ങൾ   ശക്തിയായി പൊളിയാൻ കാരണമാകുന്നു. രോഗികൾ  ധാരാളം വെള്ളം കുടിക്കാനും  ശ്രമിക്കണം. ഓരോ മാസവും രക്ത പരിശോധന ഏതെല്ലാം വേണമെന്ന് ഡോക്ടർ  നിർദേശിക്കും.


പി ആർ പി രോഗത്താൽ ദുരിതമനുഭവിക്കുന്നവർ അവരുടെ വൈകാരിക പ്രശ്നങ്ങളിലും  ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്. മാനസികമായ ആരോഗ്യം ശരീരാരോഗ്യം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. വ്യത്യസ്തങ്ങളായ ഈ രണ്ടു ആരോഗ്യ ഘടനകളെയും വേർതിരിക്കാനും സാധിക്കില്ല.   നമുക്കു ചുറ്റുമുള്ള ബന്ധു ജനങ്ങളും സുഹൃത്തുക്കളും മാനസികമായ പിന്തുണ നൽകുന്നുവെങ്കിൽ രോഗത്തെ ചെറുത്തു നില്ക്കാൻ സാധിക്കും. നമുക്ക് വിശ്വസിക്കാവുന്നവരോട് ഈ രോഗത്തെപ്പറ്റി സംസാരിക്കണം.നമുക്കുണ്ടാകുന്ന മാനസിക സംഘട്ടനങ്ങളെയും പരിഗണിക്കണം. സുഹൃത്തുക്കളും രോഗിയുടെ മനസിന്റെ സമതല തെറ്റുന്നുണ്ടോയെന്ന്  നോക്കണം. മാനസിക സമനില തെറ്റുന്നവർ ഡോക്ടർമാരുടെ സഹായം തേടേണ്ടി വരും. പി ആർ പി യുള്ളവർ പലരും മനസിന്റെ സമനില തെറ്റുന്നവരെന്ന്  സ്ഥിതിവിവര കണക്കുകളിൽ കാണുന്നു. നമ്മോടുകൂടി ഒപ്പം സഞ്ചരിക്കുന്നവർക്കേ നമ്മുടെ മാനസിക പ്രശ്നങ്ങളെ വിലയിരുത്താൻ സാധിക്കുള്ളൂ.


ഏതു കാലാവസ്ഥയിലും ചൂടത്തും ഈ രോഗമുള്ളവർ വിയർക്കാതിരിക്കുന്നതും കാണാം.  അതിന്റെ കാരണമെന്തെന്ന് വൈദ്യ ശാസ്ത്രം വ്യക്തമാക്കുന്നില്ല. ദേഹത്തിലെ ചർമ്മം നഷ്ടപ്പെടുന്നതു കൊണ്ടായിരിക്കാം. വിയർപ്പ് നമ്മുടെ ശരീരത്തിന്റെ താപ നിലയെ നിയന്ത്രിക്കുന്നു. ചർമ്മങ്ങൾ നഷ്ടമാകുംതോറും  തണുപ്പു സഹിക്കാൻ സാധിക്കാതെ വരുന്നു. ചൂടും സഹിക്കാൻ സാധിക്കാതെ വരുന്നു. ദേഹത്തുള്ള ചർമ്മവും ഇൻസുലിനും നഷ്ടപ്പെടുന്നതാണ് അതിനു കാരണം.   നമ്മുടെ ശരീര താപ നില നിയന്ത്രിക്കേണ്ടതായുണ്ട്.  പി ആർ പി രോഗികളെ സംബന്ധിച്ച് ഇതേറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം രോഗികൾ ചൂടിലും തണുപ്പിലും തണുക്കുന്നുവെന്ന് പരാതിപ്പെടും. കടകളിലെയും തീയറ്ററുകളിലെയും   എയർ കണ്ടീഷനും പി ആർ പി ക്കാരെ കൂടുതൽ തണുപ്പുള്ളവരാക്കും. ഏതു കാലാവസ്ഥയിലും ജാക്കറ്റും സ്വറ്ററും ബ്ലാങ്കറ്റും സഞ്ചരിക്കുമ്പോൾ കൂടെ കൊണ്ടുപോവേണ്ടതായി വരും.   കാറിൽ സഞ്ചരിക്കുന്ന മറ്റുള്ളവർ എയർ കണ്ടീഷൻ ആസ്വദിക്കുമ്പോൾ പി ആർ പി ക്കാർ  ബ്ലാങ്കറ്റും പുതച്ച് കാറിൽ ഇരിക്കേണ്ടി വരും.  സദാ സമയവും ചൊറിച്ചിലെന്നു പറയുന്നത് ഒരു പക്ഷെ നമ്മുടെ സാമൂഹിക ജീവിതത്തെ ഏറ്റവുമധികം അലങ്കോലപ്പെടുത്തുന്നതാകാം.  ചൊറിയുന്ന സമയം ശരീരം മുറിഞ്ഞാൽ മറ്റു പ്രശ്നങ്ങളും ഉണ്ടാകാം. മുറിവിൽ അണുബാധ (ഇൻഫഷൻ) യുണ്ടാകാം.  കുളിക്കുന്ന സമയം  'ടബിൽ' കൂടുതൽ നേരം കിടക്കുന്നതും നന്നല്ല. അത് ചർമ്മം വരളാൻ മാത്രമേ സഹായിക്കുള്ളൂ. ധാരാളം  ക്രീമും ലോഷനും ചൊറിച്ചിലിനെ തടയാൻ ഉപയോഗിക്കേണ്ടി വരും.  ചർമ്മങ്ങൾ മഴ പോലെ പൊഴിയുന്ന കാരണം 'വാക്കും ക്ലീനർ'  സമീപത്തു തന്നെ വേണ്ടി വരും. കറുത്ത വേഷങ്ങൾ ധരിക്കാൻ പ്രയാസമാകും. കാരണം പൊഴിഞ്ഞു പോകുന്ന വെളുത്ത ചർമ്മങ്ങൾ  നാം ധരിക്കുന്ന കറുത്ത വേഷത്തിൽ വ്യക്തമായി കാണാൻ സാധിക്കും.  മറ്റുള്ളവരുടെ മുമ്പിൽ നിരന്തരമായ ചർമ്മങ്ങളുടെ പൊഴിച്ചിൽ  പരിഹാസമാകാം. എങ്കിലും ചർമ്മങ്ങൾ പൊഴിയുന്നതു ഒരനുഗ്രഹം കൂടിയായി കണക്കാക്കണം. പുതിയ തൊലി വളരുന്നതു കൊണ്ട് നമ്മുടെ ശരീരവും കൂടുതൽ വെടിപ്പുള്ളതാകും. ചെറുപ്പകാലത്തിലെ തിളക്കം പുതിയ ചർമ്മങ്ങളിൽ പ്രകടമാകുന്നതു മനസിന്‌ ഉന്മേഷം നല്കും.


പി ആർ പി ക്കാർ  തങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനായി പോഷകാഹാരമുള്ള ഭക്ഷണം കഴിക്കേണ്ടതായുണ്ട്.  ചർമ്മങ്ങൾ തുടർച്ചയായി  ശരീരത്തിൽനിന്നും  പോവുന്നതിനാൽ ഫലം നിറഞ്ഞ ഭക്ഷണ വിഭവങ്ങൾ ശരീരത്തിന്  ആവശ്യമായി വരുന്നു. പഴ വർഗങ്ങളും പച്ചക്കറികളും  ശരീര പുഷ്ടിക്ക് നല്ലതാണ്.  അമിതമായി ഉപ്പുള്ള പൊട്ടെറ്റോ ചിപ്സ്  ഫലമില്ലാത്തതും 'എഡിമ' യുണ്ടാകുന്നതുമാണ്. ന്യൂട്രിഷൻ ഡോക്ടറെ കാണുന്നവർ തങ്ങൾക്കുള്ള അപൂർവമായ പി ആർ പി യുടെ രോഗ വിവരങ്ങൾ അറിയിക്കണം.  പി. അർ പിയെ പ്പറ്റി ന്യൂട്രിഷൻ ഡോക്ടർ കേട്ടിട്ടുണ്ടാകാൻ സാധ്യതയില്ല. സൂര്യ പ്രകാശം കഴിയുന്നതും എല്ക്കാതിരിക്കാൻ ശ്രമിക്കണം. സൂര്യന്റെ പ്രകാശം പുറമെയുള്ള തൊലിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.   നീണ്ട കൈകളുള്ള ഷർട്ടുകൾ ധരിക്കേണ്ടി വരും. തലയിൽ തൊപ്പി ധരിച്ചാൽ സൂര്യ പ്രകാശം തടയാൻ സാധിക്കും.


എന്നെ സംബന്ധിച്ചടത്തോളം 'പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന '   ഈ മൂന്നു വാക്കുകളെ  ആഹ്ലാദത്തോടെ  പറയാൻ   കഴിയുന്നില്ല.  എങ്കിലും ഇതനുഭവിക്കുന്നവരുടെ ചർമ്മങ്ങൾ ഇടവിടാതെ പൊഴിയുന്ന കാരണം ശരീരമാകെ ചുവന്ന തെളിമയുള്ളതായി  മാറുന്നു.  വികാര വിചിന്തനമായ ഇത്തരം ശുദ്ധീകരണം ആരും ആഗ്രഹിക്കില്ല. മദ്ധ്യവയസു കഴിയുന്നവർക്കാണ്  സാധാരണ ഈ രോഗങ്ങൾ  പിടിപെടാറുള്ളത്.   ഈ രോഗത്തിനടിമയാകുമ്പോൾ ജീവിതത്തിലെ നമ്മുടെ മോഹങ്ങൾക്കെല്ലാം ഒരു വിരാമവും വരുകയാണ്. കണ്ണാടിയുടെ മുമ്പിൽനിന്ന് കണ്ണൂനീരുകൾ പൊഴിക്കാതിരിക്കില്ല.  വർഷങ്ങളോളം കണ്ണുനീർ  തുള്ളികൾ താഴെ വീണു കൊണ്ടിരിക്കും. ഇത്തരം അപൂർവങ്ങളിൽ അപൂർവമായ രോഗത്തിന്റെ കാരണം  തികച്ചും അജ്ഞാതമാണ്. സൌഖ്യം പ്രാപിക്കാനുള്ള പൂർണ്ണമായ ഒരു ചീകത്സാ സമ്പ്രദായം നാളിതുവരെ ഗവേഷകരുടെ പണിപ്പുരയിൽ നിന്നും പുറത്തു വന്നിട്ടില്ല.


പി ആർ പി യെന്ന രോഗം വരുന്നവരുടെ വിരലുകൾ ശോഷിക്കാം. നഖങ്ങൾ ദ്രവിക്കാം.  ഉള്ളം കൈകൾ തുകലുകൾ പോലെയോ  തടി കഷണം പോലെയോ ആവാം. കണ്ണിന്റെ ഇമകൾ ഒട്ടിയിരിക്കാം. ശരീരത്തിലെ ചൂടുള്ള തൊലികൾ തിളങ്ങിയിരിക്കുമെങ്കിലും  രോഗം അനുഭവിക്കുന്നവന്റെ അകം പൊട്ടുകയാണ്‌. തലയിലുള്ള 'ഡാൻഡ്രഫ്'   മഞ്ഞുപോലെ പറന്നു കൊണ്ടിരിക്കും. കാല്പാദങ്ങൾ  നീരു വെച്ചിരിക്കും. ഇടവിടാതെയുള്ള ചൊറിച്ചിലുകൾ  ജീവിതത്തിന്റെ ഭാഗമായി തീരും.  രോഗം ഭേദപ്പെടുമെന്ന് സുഹൃത്തുക്കൾ  കൂടെ കൂടെ നമ്മോടു പറയും. പക്ഷെ എപ്പോളെന്നു ആർക്കും പ്രവചിക്കാൻ കഴിയില്ല. ചില ദിനങ്ങളിൽ അസുഖം ഭേദമായിയെന്നു തോന്നും. ഉടൻ വീണ്ടും തൊലികൾ പൊളിഞ്ഞ്  പുതിയ തൊലികൾ വരും. വീണ്ടും മനസ്സിൽ പൊട്ടുന്നത് ലഡുവല്ല  തീക്കട്ടകളാണ്. പഴയതു പോലെ വീണ്ടും ചൊറിച്ചിലും. ഇട്ടിരിക്കുന്ന  വസ്ത്രങ്ങൾ മുഴുവൻ ശരീരത്തിലെ പൊടി കാരണം രൂക്ഷവുമായിരിക്കും.  മറ്റുള്ളവരുടെ മുമ്പിൽ  പോവാനും സങ്കോചമുണ്ടാവാം.   എങ്കിലും സപ്ത വർഷങ്ങൾ ഞാൻ ആരോഗ്യവാനയിരുന്നതിലും സംതൃപ്തനാണ്. എന്നിലുണ്ടായിരുന്ന  കോപ ജ്വാലകൾ കത്തിയെരിഞ്ഞ് ഞാനിന്നു ശാന്തനായ മനുഷ്യനായി രൂപാന്തരപ്പെട്ടു. പി.ആർ.പി രോഗമെന്നാൽ  ഒരു തമാശയല്ല. ഈ രോഗത്തിന്റെ ചീകത്സയും നമ്മെ സാമ്പത്തികമായി തകർക്കും. എങ്കിലും ഈ രോഗം കാൻസറിനേക്കാളും ഹൃദയ രോഗത്തെക്കാളും   ഉത്തമമെന്നു പറയാം.


കര കവിഞ്ഞൊഴുകുന്ന ദുഃഖങ്ങളും പേറി പി ആർ പി രോഗത്തോടു മല്ലടിക്കുന്ന സമയത്തും  കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോഴും   മുഖത്തുള്ള വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറമാർന്ന തൊലികളാൽ ആവരണം ചെയ്ത് അപ്രത്യക്ഷമായതായി തോന്നും. മുഖത്തിലെയും  ദേഹമാകെയുമുള്ള ചർമ്മങ്ങൾ  വരണ്ടു പൊഴിയുന്നതു കൊണ്ട് യുവത്വത്തിന്റെ ഓർമ്മകളും മനസിനെ താലോലിച്ചുകൊണ്ടിരിക്കും. വാർദ്ധക്യത്തെ, മുളച്ചു വരുന്ന പുതിയ ചർമ്മങ്ങളിൽ  ഒളിച്ചു വെയ്ക്കുന്നതായും തോന്നിപ്പോവും.ഏറെക്കാലം മുമ്പ്  പി ആർ പി ബാധിച്ച 'മൈക്കിൾ ഒട്ടോർബിനെ'ന്ന ഒരാളിന്റെ മകൾ അപ്പനോട് 'പി.ആർ പി' യെന്നാൽ 'പ്രറ്റി റെഡ് പീപ്പിൾ' (Pretty red people) എന്നല്ലെയെന്നു ചോദിച്ചു. മൈക്കിനെ ആ വാക്കുകൾ ചിരിപ്പിച്ചു. ശൈലിയിലുള്ള ആ പദങ്ങൾ അമേരിക്കൻ ചൊല്ലായി മാറിക്കൊണ്ട്  രോഗം ബാധിച്ചവരെയെല്ലാം ചിരിപ്പിച്ചു.  ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാനും ചിരിക്കുന്നു. രോഗമായി മല്ലിടുന്ന എനിയ്ക്ക് എന്റെ സഹനങ്ങളിൽ എന്നോടൊത്തു ആശ്വസിപ്പിക്കാൻ  എന്റെ കുടുംബത്തിന്റെയും മക്കളുടെയും നല്ലവരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  പിന്തുണയുണ്ട്. രോഗം  ഭേദപ്പെടുമെന്ന് സംശയാതീതമായി  എനിയ്ക്ക് വിശ്വാസവുമുണ്ട്‌. ആ വിശ്വാസം എന്നെ ഞാനായി മുമ്പോട്ടു നയിപ്പിക്കുന്നു.


Wednesday, December 30, 2015

ജയിൽ ബന്ധനം അഭിമുഖീകരിക്കുന്ന സനൽ ഇടമറുകും സഭയുടെ ഫാത് വായും


By ജോസഫ് പടന്നമാക്കൽ

യുക്തി വാദിയും  ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനൽ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കിൽപ്പെട്ട് സ്വന്തം രാജ്യത്തു വരാൻ സാധിക്കാതെ യൂറോപ്പിലുള്ള  ഫിൻലാൻഡിൽ  പ്രവാസ ജീവിതം നയിക്കുകയാണ്.ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തിൽനിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം  അത്ഭുതമല്ലെന്നു  തെളിയിച്ചതുകൊണ്ടാണ് സഭയുടെ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ വിമർശിച്ചതിന് 'മതനിന്ദ'യെന്ന (ബ്ലാസ്പ്പമി) നിയമത്തിന്റെ മറവിൽ മൂന്നു വർഷം ജയിൽ ശിക്ഷയും ഭീമമായ പിഴയും കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരായ കേസുകൾ ഇന്ന് നിലവിലുള്ളത്. ഇന്ത്യൻ യുക്തി വാദി സംഘടനകളുടെ പ്രസിഡണ്ടെന്ന നിലയിലും ഒരു സാമൂഹിക സേവകനെന്ന നിലയിലും അദ്ദേഹം ഇതിനോടകം പ്രസിദ്ധനായി തീർന്നിരിക്കുന്നു.  ബാബാമാരുടെയും പുരോഹിതരുടെയും ജനങ്ങളെ പറ്റിക്കുന്ന അത്ഭുതങ്ങളുടെ ചുരുളുകളഴിച്ചുകൊണ്ട് ടെലിവിഷൻ മീഡിയാകളിൽ കൂടി സത്യം ബോധ്യപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു ശ്രീ സനൽ നിർവഹിച്ചു കൊണ്ടിരുന്നത്.


2013 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൂമാനിസ്റ്റ്റ് മാഗസിനിൽ സനൽ ഇടമറുകും ജെർണലിസ്റ്റ് 'റയൻ ഷാഫറു'മായുള്ള  ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സംഭാഷണ രൂപേണയുള്ള പ്രസ്തുത ലേഖനത്തിൽ  സനൽ ഇടമറുകിന്റെ  വ്യക്തിപരമായ ജീവിതവും വളർച്ചയും സഭയിൽ നിന്നും നിയമത്തിന്റെ കുരുക്കില്നിന്നും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും  വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പിതാവ് പ്രസിദ്ധ യുക്തിവാദിയായ ജോസഫ് ഇടമറുകും മാതാവ്  ഹൈന്ദവ കുടുംബത്തിൽ ജനിച്ച  സോലെയുമായിരുന്നു.   അവരുടെ ഗ്രാമത്തിന്റെ പേരായ  'ഇടമറുക്' പിന്നീട് പേരിന്റെ കൂടി കൂട്ടിച്ചേർത്തതാണ്. അദ്ദേഹത്തിൻറെ മാതാപിതാക്കൾ വ്യത്യസ്ത മതക്കാരായതുകൊണ്ട് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അക്കാലങ്ങളിൽ ശക്തമായ എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. സനൽ ജനിക്കുന്ന സമയം ക്രിസ്ത്യാനികളായി   മതം മാറാൻ  ശക്തമായ പ്രേരണ വന്നതിനാൽ  മാതാപിതാക്കൾ അവിടെ നിന്നും നാട് വിടുകയാണുണ്ടായത്. എവിടെ പോകണമെന്നറിയാതെ  മഴയുള്ള ഒരു രാത്രിയിൽ, തുറന്ന ആകാശത്തിൽ,  ജനിച്ചു വീണ കുഞ്ഞായ സനലിനെയും വഹിച്ചുകൊണ്ട് മാതാപിതാക്കൾ  സ്വന്തം കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട കഥ സനൽ തന്നെ അദ്ദേഹത്തിൻറെ അഭിമുഖക്കുറിപ്പുകളിൽ  വിവരിക്കുന്നുണ്ട്.


ഓർത്തോഡോക്സ്  സഭയിൽ നിന്നു വളരെയേറെ പീഡനങ്ങൾ സഹിച്ച ഒരു കുടുംബ പശ്ചാത്തലത്തിലാണ് 'സനൽ' മാതാപിതാക്കൾക്കൊപ്പം വളർന്നത്‌. അദ്ദേഹത്തിൻറെ അമ്മാവൻ ഓർത്തോഡോക്സ് സഭയിലെ ബിഷപ്പായിരുന്നു. സനലിന്റെ പിതാവിനെ ( ജോസഫ് ഇടമറുക് ) 'യേശു ഒരു മനുഷ്യാനായിരുന്നുവെന്ന' ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കി. വിവാദപരമായ  ഈ പുസ്തകം എഴുതിയതുമൂലം സമൂഹം മുഴുവൻ ജോസഫ് ഇടമറുകിനോട് അക്കാലങ്ങളിൽ ശത്രുതാ മനോഭാവം പുലർത്തിയിരുന്നു. കുടുംബത്തിനു പേരുദോഷം വരുത്തിയെന്നു പറഞ്ഞ്  ജീവനു ഭീഷണികളുമുണ്ടായി. അവിടെനിന്നും രക്ഷപ്പെട്ട് ഒരു ഹിന്ദു പണ്ഡിതനൊപ്പം പിന്നീട് ഇവരുടെ കുടുംബം താമസം തുടങ്ങി.


സനലിനെ സംബന്ധിച്ചടത്തോളം അദ്ദേഹമെന്നും സ്വന്തം പിതാവിൽ ആവേശഭരിതനായിരുന്നു.  ജീവിച്ചിരുന്ന നാളുകളിൽ,  തനതായ ആദർശങ്ങൾ ബലി കഴിച്ചുകൊണ്ട് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹത്തിൻറെ പിതാവ് തയ്യാറല്ലായിരുന്നു. തന്മൂലം നിയമത്തിന്റെ കുരുക്കിൽ  അനേക തവണകൾ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1970-ൽ പിതാവായ ഇടമറുക് തന്റെ വിവാദപരമായ പുസ്തം പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ് വിലയ്ക്ക് വാങ്ങി. പ്രസ്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയം നിസാര കാരണങ്ങൾ പറഞ്ഞ് അപ്രതീക്ഷിതമായി  പിതാവിനെ അറസ്റ്റ് ചെയ്യുകയും പ്രസ് കണ്ടു കെട്ടുകയും ചെയ്തു. പോലീസ് അക്കാലത്ത് അദ്ദേഹത്തിൻറെ പിതാവിനെ മൃഗീയമായി ഉപദ്രവിക്കുകയും എഴുത്തുകൾ അവസാനിപ്പിച്ചില്ലെങ്കിൽ വിരലുകൾ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.  ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു പത്രത്തിന്റെ എഡിറ്ററായതു കാരണം 1975-ൽ  അടിയന്തിരാവസ്ഥ കാലത്തു വീണ്ടും  അറസ്റ്റു ചെയ്തു. അക്കാലത്ത് അടിയന്തരാവസ്ഥയുടെ പേരിൽ കേരളത്തിൽ നിന്നും അറസ്റ്റ്  ചെയ്ത ഏക പത്രാധിപർ അദ്ദേഹം മാത്രമായിരുന്നു.


സനൽ, ചെറുപ്പകാലം മുതൽ സംഗീതത്തിലും കേരളത്തിലെ പാരമ്പര്യ കലകളിലും കഥകളിയിലും തല്പ്പരനായിരുന്നു. കഥകളിയിൽ വിജയകരമായി പഠനം പൂർത്തിയാക്കി നല്ലയൊരു കലാകാരനുമായി അറിയപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ ലൈബ്രറിയിൽ നിന്നും യുക്തി ചിന്തകളെ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കുകയെന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. അക്കാലങ്ങളിൽ ഉണ്ടായിരുന്ന യുക്തിവാദികളും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും  ഗഹനമായ ചർച്ചകൾ നടത്തിയിരുന്നതും  അദ്ദേഹത്തിൻറെ പിത്രുഭവനത്തിലായിരുന്നു.  ദൈവ വിശ്വാസമില്ലാതെ സനൽ വളർന്നെങ്കിലും മാതാപിതാക്കൾ ഒരിയ്ക്കലും അങ്ങനെയുള്ള ചിന്താഗതികൾക്ക് പ്രേരിപ്പിച്ചിരുന്നില്ല. സനൽ യുക്തിവാദിയാകാനുള്ള സാഹചര്യവും അദ്ദേഹം തന്നെ  വിവരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അയൽവക്കത്തുണ്ടായിരുന്ന സൂസനെന്ന യുവതിയായ ദേശീയ സ്പോർട്സ് താരം കാൻസർ രോഗത്തിന് അടിമപ്പെട്ടു. പ്രാർത്ഥനകളിൽ മാത്രം വിശ്വസിച്ചിരുന്ന  വെന്തിക്കോസ് വിഭാഗത്തിലെ തീവ്ര മതവിശ്വാസികളായ  മാതാപിതാക്കൾ  സൂസന് ചീകത്സ നല്കാൻ സമ്മതിച്ചില്ല. ആ യുവതിയുടെ മരണം  അന്നു ബാലനായിരുന്ന സനലിനെ വേദനിപ്പിക്കുകയും ഒരു യുക്തിവാദി  ചിന്തകനാക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഇടയിൽ യുക്തി വാദികളുടെ സംഘടന രൂപികരിക്കുകയും അന്ധ വിശ്വാസങ്ങൾക്കെതിരെ പോരാടുകയും ചെയ്തു.


സനൽ പറയുന്നു , "ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചില്ല. ഞാനൊരിയ്ക്കലും മാമ്മോദീസാ മുങ്ങിയിട്ടില്ല. എനിക്കൊരു മതമില്ല. ദൈവത്തിലോ പിശാചിലോ യഹോവായിലോ, യേശുവിലോ അള്ളായിലോ ശിവനിലോ  ജൂപ്പിറ്ററിലോ  ബഹു ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഞാനൊരു യുക്തിവാദിയാണ്.ആരും ഒരു മതത്തിൽ ജനിക്കുന്നുമില്ല. എന്റെ മാതാപിതാക്കൾ  യാതൊരു മതത്തിലും വിശ്വസിക്കാതിരുന്ന യുക്തിവാദികളായിരുന്നു. യേശു കരയുന്നുവെന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ നിങ്ങൾക്കു  തെറ്റു പറ്റി, അവിടെ ക്രൂശിതനായ രൂപം കരയുന്ന കാരണം പ്ലംബിഗ് തകരാറു കൊണ്ടായിരുന്നു." ഈ ഉറച്ച തീരുമാനത്തിൽ മാറ്റമില്ലാതെ  നില്ക്കുന്ന കാരണം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സ്വന്തം രാജ്യത്തു പ്രവേശിക്കാനാവാതെ സനൽ  ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്.


2012-ൽ  ബോംബയിലെ  വേളാങ്കണ്ണി പള്ളിയിലെ  ക്രൂശിത രൂപത്തിൽ നിന്നും വിശുദ്ധ ജലം വരുന്ന അത്ഭുത ക്രിയകളെ  അദ്ദേഹം  വീക്ഷിച്ചുകൊണ്ടിരുന്നു. കുരിശു രൂപം നിലകൊള്ളുന്ന ഭിത്തിയിൽ നിന്നുമാണ് വെള്ളം കുരിശു രൂപത്തിൽക്കൂടി പുറത്തു വരുന്നതെന്ന് കണ്ടു പിടിച്ചു. ഈ സത്യം ശ്രീ സനൽ ഇടമറുക് ടീ.വിയിൽ റിപ്പോർട്ട് ചെയ്യുകയും ശാസ്ത്രത്തിനെതിരായ ഇത്തരം അത്ഭുതങ്ങൾ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതിൽ വിമർശിക്കുകയും ചെയ്തു. അദ്ദേഹം  കത്തോലിക്കാ സഭയെ വിമർശിച്ചതുമൂലം പ്രശ്നം സങ്കീർണ്ണമാവുകയും സഭയ്ക്കുള്ളിൽ വലിയ ഒച്ചപ്പാടാവുകയും ചെയ്തു. കുപിതരായ വിശ്വാസികൾ  അദ്ദേഹത്തിനെതിരെ ശത്രുതാ മനോഭാവം പുലർത്തുകയും ഔദ്യോഗിക തലങ്ങളിൽ  പരാതികൾ അയക്കുകയുമുണ്ടായി.  ഇന്ത്യൻ ശിക്ഷാ നിയമം 295 (എ)   അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ്സുകൾ സഭ ഫയൽ ചെയ്യുകയും ചെയ്തു. മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന പേരിൽ  'മത നിന്ദ ' (ബ്ലാസ്പ്പമി) നിയമവും കേസിനോടൊപ്പം ഉള്പ്പെടുത്തി. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന  അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കുറ്റാരോപണങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ വക്കീലന്മാർ വാദഗതികളുമായി രംഗത്തുണ്ട്. ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാൽ ഇന്ത്യയിൽ  വരാൻ കഴിയാതെ   അദ്ദേഹത്തിന് പ്രവാസിയായി യൂറോപ്പിൽ കഴിയേണ്ടി വരുന്നു.


2012 ജൂലൈ നാലാം തിയതി ഡൽഹി പോലീസ് സനലിനെ അറസ്റ്റ് ചെയ്യുന്നതിനായി  അദ്ദേഹത്തിൻറെ  വസതിയിൽ എത്തിയിരുന്നു. ബോംബെ മെട്രോപൊളിറ്റൻ മജിസ്ട്രെറ്റിന്റെ  വാറന്റ് സഹിതം ഡൽഹി കോർട്ടിന്റെ ആജ്ഞ പ്രകാരമാണ് പോലീസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്ന് സനൽ വീട്ടിലുണ്ടായിരുന്നെങ്കിൽ  അറസ്റ്റു വരിച്ച് ജയിലിൽ പോകേണ്ടി വരുമായിരുന്നു. അദ്ദേഹം  വിദേശ യാത്രയിലായിരുന്നതു കൊണ്ട് കയ്യാമം വെക്കാൻ സാധിച്ചില്ല. അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്ന് പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞുമില്ല. നാടകീയമായ ഈ സംഭവങ്ങൾക്കുശേഷം സനലിനെതിരെയുള്ള പീഡനങ്ങൾ അതീവ ഗുരുതരമാവുകയും ചെയ്തു. കുരിശിൽ കൂടിയുള്ള വെള്ളമൊഴുക്കൽ അത്ഭുതമല്ലെന്നും പ്ളംമ്പിംഗ്  തകരാറെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് അദ്ദേഹത്തിനെതിരായ മത നിന്ദ വകുപ്പനുസരിച്ചുള്ള കുറ്റാരോപണമായി സഭ കരുതി. ക്ഷമിക്കാൻ സാധിക്കാത്തവിധം സഭാധികാരികൾ നടപടികൾക്ക് തുടക്കമിട്ടു. അന്നു ഭരിച്ചിരുന്ന ഇന്ത്യാ സർക്കാരിന്റെ പൂർണ്ണമായ പിന്തുണ സഭയ്ക്കു  ലഭിക്കുകയും ചെയ്തു. ഭാരതത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ ഒരു ന്യൂന സമുദായമെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള കേസുകളിൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യൻ സഭകളുടെ പിന്തുണ സഭയ്ക്കു ലഭിയ്ക്കാറുണ്ട്. പാശ്ചാത്യ സഭയിൽ നഷ്ടപ്പെട്ട പ്രതാപം ഭാരത സഭയില്ക്കൂടി വീണ്ടെടുക്കാനാണ് സഭ ശ്രമിക്കുന്നത്. കറുത്ത യുഗങ്ങൾ ഇന്ത്യയിൽ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് 'സനൽ' ഒരു ടീവി പ്രോഗ്രാമിൽ പറയുകയുമുണ്ടായി.


സഭയും സനലുമായി നടക്കുന്ന  വിവാദപരമായ ഈ പ്രശ്നത്തിൽ സനലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വാർത്തകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. യുക്തിബോധമുള്ളവർ സനലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും നല്കിവരുന്നു. ക്രൂശിതനായ രൂപത്തിൽക്കൂടി ഒഴുകിയത് അത്ഭുത വെള്ളമല്ലെന്നുള്ള സത്യം  പൊതു ജനങ്ങളുടെ മുമ്പിലായിരുന്നു അദ്ദേഹം തെളിയിച്ചത്. സ്വതന്ത്രമായി സംസാരിക്കാനുള്ള പൂർണ്ണാവകാശം ഭാരതത്തിലെ  ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ  അറിവുകൾ ജനങ്ങളിൽ പകർന്നു കൊടുക്കുന്നത് ഒരു കുറ്റമായി കരുതാനും സാധിക്കില്ല.   ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് പ്രകാരം  മാനുഷിക സാംസ്ക്കാരിക മുന്നേറ്റങ്ങൾക്കായുള്ള സനലിന്റെ പ്രവർത്തനങ്ങൾ തികച്ചും  നിയമത്തിന്റെ വ്യവസ്ഥകളിലും  അടിസ്ഥാനത്തിലും തന്നെയായിരുന്നു.  ആഗോള മനുഷ്യാവകാശ തത്ത്വങ്ങളുടെ ലംഘനമാണ് സഭയുടെ സനലിനെതിരെയുള്ള ഈ കുറ്റാരോപണമെന്നതിലും സംശയമില്ല. അധികാരവും പണവുമുള്ള സഭയുമായി ഏറ്റു മുട്ടുമ്പോൾ പ്രതികാരത്തിനായി മോഹിക്കുന്ന സഭാ ഭാഗത്തുനിന്നും പലവിധ കള്ളക്കേസുകളും  പ്രതീക്ഷിക്കാം. പതിനായിരക്കണക്കിനു ഒപ്പുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  യുക്തിവാദി സംഘടനകൾ  വത്തിക്കാനിൽ പെറ്റീഷനുകൾ അയച്ചിട്ടും പ്രയോജനമില്ലാതെ  സഭ നിശബ്ദത പാലിക്കുന്നതും മനുഷ്യത്വത്തോട് ചെയ്യുന്ന ഒരു കൊടും ക്രൂരത തന്നെയാണ്. കരുണയുടെ കണികപോലും കാണികാണാത്ത കഠിന ഹൃദയരാണ് '2015-2016' വർഷത്തെ കരുണയുടെ വർഷമായി' ആഘോഷിക്കുന്നതെന്നും ഓർക്കണം.


യേശുവിന്റെ പ്രതിമയിൽ സംഭവിക്കുന്ന  ഈ വെള്ളമൊഴുക്കലിനെ സ്ഥലവാസികൾ ഒരു അത്ഭുതമെന്നു പ്രഖ്യാപിച്ചു. അനേകർ വെള്ളം പരിശൂദ്ധമെന്നു കരുതി ശേഖരിക്കാനും തുടങ്ങി. ബോംബയിലെ വേളാങ്കണ്ണി പള്ളി ഒരു തീർത്ഥാടക കേന്ദ്രമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. സനൽ,  'ഇത് വിശുദ്ധ ജലമല്ല പ്ലംബിഗ് തകരാറെന്നു  പ്രഖ്യാപിച്ചപ്പോൾ' അതിന്റെ പ്രത്യാഘാതം  ഭയങ്കരമായിരുന്നു. ഭാവിയിൽ ഒരു തീർത്ഥാടക കേന്ദ്രം വഴി സഭയ്ക്ക് നേടാവുന്ന സമ്പത്താണ് അവിടെ നഷ്ടപ്പെട്ടത്. "ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ കുരിശു രൂപത്തിൽനിന്നും അടർന്നു വീഴുന്ന വെള്ളത്തിനെ ചൊല്ലിയുള്ള  കബളിപ്പിക്കലുകൾ  പുറം ലോകത്തെ അറിയിച്ചത്  പൊതു ജനാരോഗ്യം കണക്കിൽപ്പെടുത്തിയും കൂടിയാണെന്നും " സനൽ പറഞ്ഞു. രോഗം ഭേദപ്പെടുമെന്നു വിചാരിച്ച്
വിശ്വാസികൾ ആ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.  കുഴൽ വാഹിനികളിലെ തകരാറുമൂലം അഴുക്കു ചാലുകളിൽ നിന്ന് മലിന വെള്ളം ഭിത്തി വഴി ക്രൂശിത രൂപത്തിൽ ക്കൂടി വരുന്നതെന്ന വസ്തുത അവർക്കറിയില്ലായിരുന്നു. പരിശുദ്ധ ജലമെന്നു കരുതി  കുരിശു രൂപത്തിൽനിന്നും വരുന്ന  അഴുക്കു വെള്ളം കുടിച്ചാൽ  ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സനൽ അന്ന് കണ്ടുനിന്നവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കരുണയുടെ ഈ വർഷത്തിലും  പ്രതികാര മനോഭാവത്തോടെ   സഭ സനിലെനെതിരെ  നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.


സനലിനെതിരെയുള്ള  കേസുകൾ  പിൻവലിക്കാൻ  ഇന്ത്യൻ  സർക്കാരിനെ സ്വാധീനിക്കണമെന്ന് സനലും യൂറോപ്പിലെ യുക്തിവാദി സംഘടനകളും യൂറോപ്യൻ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'മതനിന്ദ' അഥവാ 'ബ്ലാസ്പ്പമി'   ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഒരു അപരിഷ്കൃത നിയമമാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിയമങ്ങൾക്കു ഭേദഗതി വരാതെ ഇന്നും 'മതനിന്ദാ നിയമം' ഇന്ത്യൻ ഭരണഘടനയിൽ ഒരു അപവാദമായി തുടരുന്നു. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസമാകുന്നു.  കൊളോണിയൽ കാലത്തെ ഈ 'മതനിന്ദ' നിയമം മാറ്റപ്പെട്ടില്ലെങ്കിൽ മതത്തിനെതിരെ സംസാരിക്കുന്ന ആരെയും കുഴപ്പത്തിലാക്കാം.  "പാകിസ്ഥാനിൽ ഒരു പെണ്‍കുട്ടി മത നിന്ദ നടത്തിയെങ്കിൽ അതിൽ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും" സനൽ ഇടമറുക് പറഞ്ഞു. കാരണം മത നിന്ദയെന്നാരോപിച്ച്  ഈ രാജ്യത്തിലെ പൌര ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയിലും സംഭവിക്കുന്നത്‌. ഇതൊരു കാലഹരണപ്പെട്ട നിയമമാണ്.അതിന്റെ മറവിൽ  ഹിന്ദു, മുസ്ലിം ക്രിസ്ത്യാനികളായ മതഭ്രാന്തർ നിയമത്തെ വളച്ചൊടിച്ച് ബലഹീനരെ അടിച്ചമർത്താൻ ശ്രമിക്കുന്നു. വിരോധം തീർക്കാനും മത നിന്ദയുടെ ഈ നിയമത്തെ ആയുധമാക്കുന്നു.


കുരിശു രൂപത്തിലെ അത്ഭുതങ്ങളെ അവഹേളിച്ചതിന് ക്ഷമാപണം നടത്തിയാൽ കേസുകൾ ഇല്ലാതാക്കാമെന്ന്  ബോംബയിലെ ആർച്ച് ബിഷപ്പ് ഗ്രേഷിയസ്  ഓസ്‌വാൾഡ്  പറഞ്ഞിരുന്നു.  സനൽ, കർദ്ദിനാളിന്റെ ക്ഷമാപണാവശ്യം നിരസിക്കുകയാണുണ്ടായത്. തെറ്റുകൾ ചെയ്യാത്ത താനെന്തിനു ക്ഷമ ചോദിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം  ഉറച്ചു തന്നെ നില്ക്കുന്നു.   യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കൾ  സനലിന്റെ ഈ നിലപാടിനെയും ചിന്താഗതികളെയും പിന്താങ്ങുന്നതു അദ്ദേഹത്തിന്  ബലം നല്കുന്നു.  ഈ പ്രശ്നത്തിൽ എന്തു വില കൊടുത്തും പൊരുതാൻ തന്നെയാണ് അദ്ദേഹം  തീരുമാനിച്ചിരിക്കുന്നത്. സനലിനെപ്പോലെ  പ്രസിദ്ധനായ ഒരാൾക്ക് മതത്തിന്റെ സ്വാധീനത്തിൽ പ്രവാസിയായി കഴിയേണ്ടി വന്നെങ്കിൽ  മതനിന്ദ നടത്തിയ സാധാരണക്കാരന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ  ചോദിക്കാനാരുമില്ലാതെ  ജാമ്യമില്ലാതെ അവരെ നേരെ ജയിലിൽ അയക്കുമായിരുന്നു.


'മതനിന്ദ' ഇന്ത്യൻ ഭരണഘടന വ്യവസ്ഥയിലെ ബാലിശമായ ഒരു നിയമമാണ്. യുക്തിചിന്തയില്ലാത്തവർ എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ പോരായ്മയാണ് ഇത് കാണിക്കുന്നത്. 'മതനിന്ദ'  നിയമങ്ങളുടെ കുരുക്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ  ജയിലിൽ അടയ്ക്കുകയോ വധിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ സനലിന്റെ കേസ്സിൽ ഒരു  അത്ഭുതം വെറും കള്ളമെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അത്ഭുതങ്ങൾ ബാബാമാരും മത പുരോഹിതരും ജനങ്ങളിൽ കുത്തി വെയ്ക്കുന്നതുമൂലം അവരിൽ   ഒരു തരം ഹിസ്റ്റീരിയാ വ്യാപിക്കുന്നു. മാനാസികാടിമത്വം സൃഷ്ടിക്കുന്നു. ഭ്രാന്തു പിടിച്ച ലോകം ഇവരുടെ മായാവേലകൾ  അപ്പാടെ വിശ്വസിക്കുകയും ചെയ്യുന്നു.


മതത്തെ ചോദ്യം ചെയ്യുന്ന ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഈ നിയമത്തിന്റെ മറവിൽ നിശബ്ദരാക്കുന്ന ചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്.  ഈ നിയമത്തിന്റെ അപകടമെന്തന്നാൽ ഏതൊരു വർഗീയ ചിന്താഗതിക്കാരനും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച്  മറ്റൊരാളെ നിയമത്തിന്റെ മറവിൽക്കൂടി കുഴപ്പത്തിലാക്കാനും സാധിക്കുന്നു. മത നിന്ദാരോപണത്തിന്റെ പേരിൽ സംശയമുള്ളവരെ പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കോടതിയുടെ കുറ്റ വിമുക്തനെന്ന തീരുമാനം വരെ ജയിലിലും കിടക്കണം.  ചിലപ്പോൾ കോടതിയുടെ ഒരു തീരുമാനത്തിനായി വർഷങ്ങൾ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഈ നിയമത്തിന്റെ അപകടം കോടതിവിധിയല്ല, കോടതിയുടെ തീരുമാനത്തിനു മുമ്പുള്ള നീണ്ടകാല വിസ്താരമാണ്. ഇന്ത്യയുടെ മതനിന്ദ നിയമത്തിൽക്കൂടി പ്രസിദ്ധരായ പലരെയും കുറ്റവാളികളായി കോടതി വിധിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രസിദ്ധ യുക്തി ചിന്തകനായിരുന്ന ഇ.വീ. രാമസ്വാമി നായിക്കരെ മതനിന്ദ നിയമത്തിന്റെ പേരിൽ കീഴ്കൊടതിയും  സുപ്രീം കോടതിയും കുറ്റവാളിയായി വിധിച്ചു. സല്മാൻ റഷ്ഡിയുടെ സാറ്റനിക്ക് വേഴ്സസ് പോലെ അനേക പുസ്തകങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.


കുരിശു  രൂപത്തിൽനിന്നും  വെള്ളം വരുന്നത്   അത്ഭുതമല്ലെന്നു  തെളിയിച്ചിട്ടും  സനലിന്റെ വാദഗതികളെ സഭാധികാരികൾ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വെള്ളം വരുന്നതെങ്ങനെയെന്ന സനലിന്റെ വിവരണം  ശ്രദ്ധിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. വിവാദപരമായ ടി.വി. വാർത്തകൾ സഭാധികാരികൾ നിരസിക്കുകയും സനലിന്റെ യുക്തിപരമായ  വാദങ്ങളിൽ യാതൊരു അർത്ഥവുമില്ലെന്നു വാദിക്കുകയും ചെയ്തു. ഈ പ്രശ്നം കൂടുതൽ രാഷ്ട്രീയ വൽക്കരിക്കാനാണ് സഭ ശ്രമിച്ചത്. വത്തിക്കാൻ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.  സനലിന്റെ കേസ്സിൽ ബോംബെ ഹൈക്കോർട്ടും ഡൽഹി ഹൈക്കോർട്ടും  ജാമ്യം നിഷേധിച്ചിരിക്കുകയാണ്.


ഇന്ത്യയിലെ നിയമ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞതെന്നും  സമൂലമായ മാറ്റങ്ങളാവശ്യമെന്നും സനൽ പറയുന്നു. നീതി എന്നും  അധികാരവും പണവും രാഷ്ട്രീയ സാമൂഹിക സാമുദായിക പിന്തുണയുള്ളവരുടെയും  പക്ഷത്തുമായിരിക്കും. മതഭ്രാന്തരെയും  സമുദായ പ്രമാണികളെയും പ്രീതിപ്പെടുത്തിക്കൊണ്ട്  പോലീസ് എക്കാലവും വിവേകമില്ലാതെ പ്രവർത്തിക്കും. സനൽ ചെയ്ത കുറ്റം സഭ വിശ്വസിക്കുന്ന ഒരു രൂപത്തിലെ വ്യാജ അത്ഭുതത്തിന്റെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുകയും അതിനെ  വിമർശിച്ചുവെന്നതുമാണ്. മത വിശ്വാസികളായ പൗരന്മാരെ സംരക്ഷിക്കുകയെന്നതു സർക്കാരിന്റെ ചുമതല തന്നെ. അതെ സമയം മതത്തെ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമല്ല. മതമെന്നു പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. മതങ്ങൾ തമ്മിൽ വൈരാഗ്യം സൃഷ്ടിക്കുന്നത്  മത രാഷ്ട്രീയ പുരോഹിതരുടെ ചരടുവലിയിലുമായിരിക്കും. വിശ്വാസികളുടെമേൽ മാനസ്സികാടിമത്വം അടിച്ചേൽപ്പിച്ചിരിക്കുന്നതുകൊണ്ട് നീതിയും നിയമവും എന്നും പൌരാഹിത്യത്തിനൊപ്പമായിരിക്കും.  വോട്ടുബാങ്കിനായി രാഷ്ട്രീയക്കാരുടെ കൈകളിലും 'മതനിന്ദാ നിയമം'  ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ '51 എ' വകുപ്പ് അനുശാസിക്കുന്നത്  'ഏതൊരു പൗരനും ശാസ്ത്രീയ ഗവേഷണത്തിനും മാനുഷിക പുരോഗതിക്കും അന്വേഷണത്തിനും സാമൂഹിക പരിഷ്ക്കാരങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ്. ബോംബയിലെ തന്റെ പ്രവർത്തനം, സാധാരണക്കാരെ സാംസ്ക്കാരിക മുന്നേറ്റത്തിനായി  ബോധവൽക്കരിക്കുക മാത്രമായിരുന്നുവെന്ന് സനൽ അവകാശപ്പെടുന്നു.




Joseph Edamaruk



Saturday, December 19, 2015

ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമർശനങ്ങളും


By ജോസഫ് പടന്നമാക്കൽ



ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമസിനെ അദ്ധ്യാത്മികതയുടെയും പരിശുദ്ധിയുടെയും ദിനമായി  ആചരിച്ചു വരുന്നു. 'ക്രിസ്തുമസ്'  വിവിധ രാജ്യങ്ങളുടെ  മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ  ആഘോഷ ദിനമാണ്. എങ്കിലും  ആധുനിക ലോകം ക്രിസ്തുമസിനെ  വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം. സമ്മാനങ്ങൾ കൈമാറുക, ക്രിസ്തുമസ് മരം അലങ്കരിക്കുക, പള്ളിയിൽ പോവുക, ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണം പങ്കു വെക്കുക, സാന്റാ ക്ലോസിന്റെ വരവ് കാത്തിരിക്കുക  എന്നിങ്ങനെയുള്ള  ക്രിസ്തുമസ് ദിനത്തിലെ പരമ്പരാഗതങ്ങളായ  ആചാരങ്ങൾ നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്നു.ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ജന്മദിനം ഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ്  സഭാധികാരികൾ യേശുവിന്റെ ജന്മ ദിനാ ഘോഷത്തിനു തുടക്കമിട്ടത്.


2012-ലെ ക്രിസ്തുമസ് കാലത്ത്   ബനഡിക്റ്റ്  മാർപാപ്പാ യേശുവിന്റെ ശൈശവ കാലങ്ങളെ വിവരിച്ചുകൊണ്ടു  'നസ്രത്തിലെ യേശു'വെന്ന (ജീസസ് ഓഫ് നസറത്ത്)  ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ആറാം  നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ,'ഡയോനിസിയസ്  എക്സിഗൂസ്' എന്നു പേരുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ തയ്യാറാക്കിയ ക്രിസ്ത്യൻ കലണ്ടർ തികച്ചും അബദ്ധങ്ങൾ നിറഞ്ഞതാണെന്നു"   മാർപാപ്പായുടെ  പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സഭ അംഗികരിച്ച  ഈ കലണ്ടറിലുള്ള  യേശുവിന്റെ ജനനതിയതിയും മാസവും വർഷവും  ശരിയല്ലെന്നും  അനേക വർഷങ്ങളുടെ വ്യത്യാസത്തിലാണ് കലണ്ടറുണ്ടാക്കിയിരിക്കുന്നതെന്നും  ബനഡിക്റ്റിന്റെ ഈ ഗവേഷണ ഗ്രന്ഥത്തിലുണ്ട്. ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി ആഘോഷിക്കുന്നത് തികച്ചും നിരർത്ഥകമാണെന്നു മാർപാപ്പായുടെ  പുസ്തകത്തിൽ നിന്നും മനസിലാക്കാം. ഉണ്ണിയേശു പിറന്നപ്പോൾ മാലാഖമാർ ഗാനങ്ങൾ ആലപിച്ചുവെന്നത്  തെറ്റായ വിശ്വാസമായും  മാർപാപ്പയുടെ പുസ്തകത്തിലുണ്ട്. ഭാവനകളിൽ നെയ്തെടുത്ത ക്രിസ്തുമസ് ഗാനങ്ങൾ ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ളതല്ല.  സ്വർഗത്തിൽ വസിക്കുന്ന മനുഷ്യനെപ്പോലുള്ള ചിറകുള്ള  മാലാഖമാർ   യേശു ജനിച്ച സമയം ചുറ്റിനുമുണ്ടായിരുന്നുവെന്നത് വെറും കെട്ടു കഥകളായും കരുതണം.  മാലാഖമാർ പാടിയെന്നനുമാനിക്കുന്ന കരോളുകളും  ക്രിസ്തുമസ് സംബന്ധിച്ചുള്ള മറ്റു കൂത്താട്ടങ്ങളും ചരിത്രത്തിലെ യേശുവുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല.


ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിൽ വ്യക്തമായി ഒന്നും സൂചിപ്പിച്ചിട്ടില്ല. ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ജനനം വസന്തകാലത്തിലോ മഴക്കാലത്തിലോ ആയിരിക്കാം. രണ്ടു പ്രധാന കാരണങ്ങളാണ് അതിനു തെളിവുകളായി ചൂണ്ടി കാണിക്കുന്നത്. ഒന്നാമത്തേതു ക്രിസ്തു ജനിച്ച സമയം ആട്ടിടയർ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ട് മേച്ചിൽ സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നു ലൂക്കിന്റെ സുവിശേഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആട്ടിടയന്മാർ ശൈത്യ കാലത്ത് ആടു മാടുകളെ മേയിച്ചിരുന്നുവെന്നത്  തികച്ചും  യുക്തിക്കു ചേരുന്നതുമല്ല.  കന്നുകാലികൾ മേയുന്നത് സാധാരണ പുല്ലുകൾ നിറഞ്ഞ വസന്തത്തിലോ  മഴക്കാലങ്ങളിലോ ആയിരിക്കും. ഡിസംബർ മാസം യഹൂദാദേശം മുഴുവൻ ശൈത്യം നിറഞ്ഞ പ്രദേശങ്ങളാണ്. രണ്ടാമത്, തണുപ്പുകാലത്ത് യേശുവിന്റെ മാതാപിതാക്കൾ സെൻസസ് വിവരങ്ങൾ  രജിസ്റ്റർ ചെയ്യാൻ ബെദലഹേമിൽ വരാനും   സാധ്യതയില്ല. ജനങ്ങൾക്കു  അനുയോജ്യമായ കാലാവസ്ഥകളും കണക്കാക്കി മാത്രമേ ഇങ്ങനെയുള്ള രാജവിളംബരങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുള്ളൂ. ഡിസംബർ മാസത്തിലെ ശൈത്യത്തിൽ   നടന്നു പോവുന്ന വഴികൾ കുണ്ടും കുഴികളും ചെളികളും നിറഞ്ഞതായിരിക്കും. ദുർഘടമായ വഴികളിൽക്കൂടി രാജ്യം മുഴുവനുമുള്ള ജനം  നടന്ന് സെൻസസ് എടുക്കുകയെന്ന രാജ വിളംബരവും  പ്രായോഗികമായിരിക്കില്ല. രോഗം ബാധിച്ചവരും കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവരും കഠിനമായ  ശൈത്യത്തിലകപ്പെട്ടു അപകടപ്പെടാനാണ് സാധ്യത.  ഇക്കാരണങ്ങൾകൊണ്ട് പേഗൻ മതങ്ങളെ തൃപ്തിപ്പെടുത്താൻ ഡിസംബർ ഇരുപത്തിയഞ്ചാം  തിയതി ക്രിസ്തു ജനിച്ച ദിവസമായി തെരഞ്ഞെടുത്തതായിരിക്കണം.


ഡിസംബർ ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ സൂര്യന്റെ ജന്മദിനമായി പുരാതന റോമ്മാക്കാർ ആചരിച്ചിരുന്നു. പേഗൻ മതങ്ങളെ ആകർഷിക്കാൻ  അന്നേ ദിവസം സഭാധികാരികൾ സൌകര്യപൂർവ്വം ക്രിസ്തു ജനിച്ച ദിനവുമാക്കി. ബൈബിൾ പ്രകാരം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിക്കാൻ സാധ്യതയുണ്ടോ?  ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിലോ പുരാതന ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. യുക്തിപൂർവ്വം ചിന്തിക്കുകയാണെങ്കിൽ 'ഡിസംബർ ഇരുപത്തിയഞ്ച്'  ക്രിസ്തു ജനിച്ച ദിനമായി ഗണിക്കാനും സാധിക്കില്ല.


യൂറോപ്പും ലോകത്തിലെ മറ്റു ശൈത്യ ഭൂവിഭാഗങ്ങളും സാധാരണ ആഘോഷങ്ങൾ കൊണ്ടാടുന്നത്  ഡിസംബറിനോടടുത്ത  മാസങ്ങളിലാണ്. യൂറോപ്യൻ ജനത യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തണുപ്പ് കാലത്തിലെ രാത്രി കാലങ്ങൾ കൊണ്ടാടുവാൻ വിളക്കുകൾ കത്തിക്കുമായിരുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതോറും രാത്രിയെ വെളിച്ചമാക്കി അവർ ആഘോഷിച്ചിരുന്നതായി  കാണാം. സ്കാൻഡിനേവിയൻ  രാജ്യങ്ങളിൽ നോർക്സ് വർഗക്കാർ ഡിസംബർ ഇരുപത്തിയൊന്നാം തിയതി ഒരു പവിത്ര ദിനമായി ആചരിച്ചിരുന്നു.  രാത്രി കാലങ്ങളിൽ അസ്തമിച്ച സൂര്യൻ മടങ്ങി വരാൻ വേണ്ടി ഓരോ വീടുകളിലും അപ്പനും മക്കളുംമൊത്ത്  തടിക്കഷണങ്ങൾ  ശേഖരിച്ചു  കൂമ്പാരങ്ങളാക്കി   കത്തിക്കുമായിരുന്നു. ജ്വലിക്കുന്ന തീയെ നോക്കിക്കൊണ്ട്‌ തടികൾ കത്തി തീരുന്നവരെ  അന്നേ ദിനങ്ങളിൽ  ഉത്സവമായി കൊണ്ടാടിയിരുന്നു.   സാധാരണ രണ്ടാഴ്ച കാലത്തോളം  ആഘോഷങ്ങൾ നീണ്ടു നിന്നിരുന്നു. കത്തുന്ന തീയിലെ ഓരോ തീ നാളവും പുതുവർഷത്തിൽ ജനിക്കാൻ പോകുന്ന ഒരു പന്നികുട്ടിയുടെയോ പശുകുട്ടിയുടെയോ   ജനനത്തെ സൂചിപ്പിക്കുന്നതായി നോർക്സ് വർഗക്കാർ വിശ്വസിച്ചിരുന്നു.


യൂറോപ്യരെ  സംബന്ധിച്ച് ഇത്തരം ആഘോഷങ്ങൾക്കുള്ള അനുയോജ്യമായ സമയം ശൈത്യകാലമായ ഡിസംബർ  മാസത്തിലെ അവസാന നാളുകളായിരുന്നു. കന്നുകാലികളെ കൂടുതലായും കൊല്ലുന്നതും ശൈത്യകാലത്തായിരിക്കും. വിറങ്ങലിച്ച തണുപ്പത്ത് കന്നുകാലികൾക്ക് തീറ്റ തേടി  പോവേണ്ട ബുദ്ധിമുട്ടുകളും  വരില്ല. പച്ചയായ നല്ല മാംസം ലഭിക്കുന്നതും ഡിസംബർ മാസത്തിലായിരിക്കും. വസന്തകാലത്തിലും ശിശിരകാലത്തിലും സൂക്ഷിച്ചു വെച്ച  വൈൻ കുടിക്കാൻ പാകമാകുന്നതും ഡിസംബർ  മാസത്തിലായിരിക്കും.


ജർമ്മനിയിലുണ്ടായിരുന്നവർ പേഗൻ ദൈവമായ  ' ഓടനെ' ആരാധിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.  ശക്തനായ 'ഒടൻ' ദൈവത്തെ ജർമ്മനിയിലുള്ളവർ  ഭയപ്പെട്ടിരുന്നു. ഈ ദൈവം രാത്രികാലങ്ങളിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നുവെന്നും ഭൂമിയിലെ ജനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ആരൊക്കെ ഐശ്വര്യം കൈവരിക്കണമെന്നും നശിക്കണമെന്നും തീരുമാനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. ശൂന്യാകാശത്തിൽ  ദൈവമായ 'ഒടൻ'  സഞ്ചരിക്കുന്നതുകൊണ്ട് മനുഷ്യരെല്ലാം വീടിനു പുറത്തിറങ്ങാതെ രാത്രികാലങ്ങളിൽ സുരക്ഷിതരായി  വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിഞ്ഞിരുന്നു.


റോമിൽ  കൃഷിയുടെ ദേവനായ ശനിഗ്രഹത്തിന്റെ  ആഘോഷങ്ങളും നടത്തിയിരുന്നത് ഡിസംബർ  മാസത്തിലായിരുന്നു.  ശൈത്യം തുടങ്ങുന്ന കാലം മുതൽ ആ മാസത്തിലെ പൂർണ്ണ ചന്ദ്രനെ കാണുന്നവരെ ആഘോഷം തുടർന്നിരുന്നു. അന്നേ ദിവസം ഭക്ഷണവും ലഹരി പദാർത്ഥങ്ങളും ഓരോ വീടുകളിലും ധാരാളമായി ശേഖരിച്ചിരുന്നു. അടിമകളെ മോചിപ്പിച്ച് അവരെ ഈ ദിവസങ്ങളിൽ  യജമാനൻമാരാക്കുന്ന ചടങ്ങുകളും  ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. കൃഷിക്കാർ പട്ടണങ്ങളിലെത്തി പട്ടണജനങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊള്ളുമായിരുന്നു. ഡിസംബർ മാസത്തിലെ ശൈത്യകാലങ്ങളിൽ  കുട്ടികൾക്കായും ആഘോഷങ്ങളുണ്ടായിരുന്നു. കൂടാതെ സൂര്യ ദേവനായ 'മിത്രാ'യെ പൂജിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.' മിത്രാ'  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ഒരു പാറപ്പുറത്തു ജനിച്ചുവെന്നാണ് വിശ്വാസം. മിത്രാ ദൈവത്തിന്റെ ജനനം ഏറ്റവും പരിശുദ്ധമായ ദിനമായി റോമ്മാക്കാർ കരുതിയിരുന്നു.


പൌരാണിക കാലം മുതൽ റോമിൽ ഡിസംബർ  മാസം  ഇരുപത്തിയഞ്ചാം തിയതി പവിത്രദിനമായി ആചരിച്ചിരുന്നു. നന്മ നേരാനുള്ള അവസരവും കൂടാതെ  സാധുക്കളോട് ദയയോടെ പെരുമാറുകയും അവരെ സഹായിക്കുകയും  സമ്മാനങ്ങൾ കൈമാറുകയും ചെയ്യുകയെന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. മരങ്ങളും അലങ്കരിക്കുമായിരുന്നു. റോമ്മാക്കാരുടെ ഈ ആഘോഷ വേളകളിൽ ക്രിസ്തു ജനിച്ചിട്ടുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. അവരുടെ അന്നുണ്ടായിരുന്ന ആഘോഷങ്ങളെ 'സാറ്റുനർലിയാ' എന്നു പറഞ്ഞിരുന്നു. ഇത് പേഗൻ മതക്കാരുടെ ശൈത്യകാല ഉത്സവമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള  ഉത്സവങ്ങൾ  'സാറ്റുനർലിയാ'യുടെ തുടർച്ചയാണ്. 'സാറ്റുനർലിയാ' ആചരിക്കുന്ന വേളയിൽ ധനികരായവർ താമസിക്കാൻ ഇടമില്ലാത്തവർക്കു  പാർപ്പിടവും വാടകയുക്ക് താമസിക്കുന്നവർക്കു  ഒരു മാസത്തെ വാടകയും  നല്കിയിരുന്നു. യാതൊരു ബിസിനസ്സും അന്നേ ദിവസം അനുവദിച്ചിരുന്നില്ല. കളി തമാശുകൾ, കുളി, നഗ്നരായി പാട്ടും കൂത്തും  തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.


'സാറ്റുനർലിയാ'  കൃഷിക്കാരുടെ ഉത്സവമായി ആദ്യം ആരംഭിച്ചു.  അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തു  ഡിസംബർ  പതിനേഴുമുതൽ രണ്ടു ദിവസത്തെ ആഘോഷമായിരുന്നത് പിൽക്കാലങ്ങളിൽ ഏഴു ദിവസങ്ങളാക്കിക്കൊണ്ട് മാറ്റങ്ങൾ വരുത്തി.  ആചാരങ്ങൾ  പിന്നീട് ഡിസംബർ ഇരുപത്തിയഞ്ചാതിയതി മുതൽ  തുടങ്ങി.  ആഘോഷ വേളകളിൽ വധ ശിക്ഷ നടപ്പാക്കിയിരുന്നില്ല. യുദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കോണ്‍സ്റ്റാന്റിൻ  ചക്രവർത്തിയുടെ മതപരിവർത്തനത്തോടെ ക്രിസ്ത്യാനികൾക്കെതിരെയുള്ള മതപീഡനങ്ങൾ അവസാനിച്ചു. എങ്കിലും ഏറെ നാളത്തേയ്ക്ക് ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൻറെ ഔദ്യോഗിക മതമായിരുന്നില്ല.  ക്രിസ്തുമതാഘോഷങ്ങളും പേഗനാഘോഷങ്ങളും ഒരേ കാലത്ത് ഒന്നിച്ചു കൊണ്ടാടിയിരുന്നു. കോണ്‍സ്റ്റാന്റിനു ശേഷം ഒരു നൂറ്റാണ്ടു കൂടി 'സാറ്റുനർലിയാ' ദിനങ്ങൾ  ക്രിസ്ത്യാനികളും പേഗൻ വിശ്വാസികളും, ഒന്നിച്ചാഘോഷിച്ചിരുന്നു.


റോമ്മാക്കാരുടെ പേഗൻദൈവമായ  'സാറ്റുനർലിയാ' ആഘോഷദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചരിത്രം ചൂണ്ടി കാണിക്കുന്നു. ഡിസംബർ ഇരുപത്തിയഞ്ച് ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുത്തത് സഭയിലേയ്ക്ക ആകൃഷ്ടരായ റോമ്മാക്കാരുടെ  പാരമ്പര്യങ്ങളും മാമൂലുകളും അതേപടി സ്വീകരിക്കുവാനായിരുന്നു. സഭയിൽ  പോപ്പ് ജൂലിയസ് ഒന്നാമനാണ്‌  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി പ്രഖ്യാപിച്ചത്. 'ദേശീയ ജനതയുടെ ആഘോഷമെന്നായിരുന്നു' ആദ്യകാലങ്ങളിൽ ഈ ദിനത്തെ വിളിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടിൽ ഈ ആഘോഷം ഈജിപ്റ്റിലും പിന്നീട് ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും വ്യാപിച്ചു. എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയാ മുഴുവനായും ക്രിസ്തുമസാഘോഷങ്ങൾ പടർന്നു. ഗ്രീക്ക്, റഷ്യൻ ഓർത്തോഡോക്സ് സഭകൾ ഡിസംബർ ഇരുപത്തിയഞ്ച് കഴിഞ്ഞു പതിമൂന്നു ദിവസങ്ങൾക്കു ശേഷം ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏതാണ്ട് ഈ സമയങ്ങളിലാണ് മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷിക്കാറുള്ളത്‌. ഈ ദിനങ്ങളിൽ കിഴക്കുനിന്നുള്ള മൂന്നു ബുദ്ധി ജീവികൾ പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെ വന്നു കണ്ടുവെന്ന് വിശ്വസിക്കുന്നു.


റോമ്മായുടെ  പാരമ്പര്യമായി ആഘോഷിച്ചിരുന്ന ശൈത്യകാലാഘോഷങ്ങൾ കൃസ്തുമസ് ദിനമാക്കിയാൽ കൂടുതൽ സ്വാഗതാത്മകമായിരിക്കുമെന്നും സഭാധികാരികൾ കരുതി കാണും. മദ്ധ്യകാലമായപ്പോഴേയ്ക്കും പേഗൻ മതങ്ങളുടെ സ്ഥാനത്തു ക്രിസ്തു മതം  തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം പെഗനീസത്തിലുണ്ടായിരുന്ന മദ്യ ലഹരികളും ആഘോഷങ്ങളുടെ ഭാഗമായി. ക്രിസ്ത്യാനികൾ പള്ളികളിലെ കർമ്മങ്ങളിൽ പങ്കെടുത്തശേഷം ആദ്യകാലാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു യാജകനെ അധികാര ദുർവിനിയോഗിയായ രാജാവിന്റെ വേഷം കെട്ടിക്കുകയും  ദരിദ്രരായവർ പണക്കാരുടെ വീടുകളിൽ പോവുകയും നല്ല ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടുടമകൾ ഭക്ഷണം നല്കാൻ തയ്യാറായില്ലെങ്കിൽ  അവരുടെ വീട് കൊള്ളയടിക്കുകയും സാധാരണമായിരുന്നു. സമൂഹത്തിൽ പണക്കാരായവർ പാവങ്ങളെ സഹായിക്കുകയും അവരുടെ കടങ്ങൾ വീട്ടി കൊ ടുക്കുകയും ക്രിസ്തുമസ്  കാലത്ത് പേഗൻ മതങ്ങളുടെ തുടർച്ചയെന്നോണം  ചെയ്തിരുന്നു.


ബൈബിളിൽ ക്രിസ്തുവിന്റെ ജന്മദിവസത്തെപ്പറ്റി യാതൊന്നും പരാമർശിച്ചിട്ടില്ലാത്തതു കൊണ്ടും  ക്രിസ്തു ജനിച്ച വ്യക്തമായ ദിനം ചരിത്രത്തിൽ രേഖപ്പെടുത്താതുകൊണ്ടും  ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായ പ്യൂരിറ്റൻ മതക്കാർ  ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ക്രിസ്തുമസാഘോഷങ്ങളിൽ പലവിധ  പരിവർത്തനങ്ങളും വന്നു. 1645-ൽ 'ഒലിവര് ക്രോം വെൽ' യൂറോപ്പിൻറെ രാജാവായി. പ്യൂരിറ്റൻ മതവിശ്വാസിയായ അദ്ദേഹം ക്രിസ്തുമസാഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ചാൾസ്  രണ്ടാമൻ രാജാവായപ്പോൾ വീണ്ടും ആഘോഷങ്ങൾ തുടങ്ങുകയും ക്രിസ്തുമസ് ദിനം പൊതു ഒഴിവു ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.


1620 ൽ  രാജ്യത്തോട് വിട വാങ്ങിയ തീർഥാടകരായ അമേരിക്കൻ കുടിയേറ്റക്കാർ ക്രോം വെൽ രാജാവിനെക്കാളും തീവ്രമായ പ്യൂരിറ്റൻ മതവിശ്വാസികളായിരുന്നു. അതിന്റെ പരിണിതഫലമായി കുടിയേറ്റ പ്യൂരിറ്റൻ തലമുറക്കാരുടെ സ്വാധീനത്തിൻമേൽ 1659 മുതൽ 1681- വരെ ക്രിസ്തുമസ് ബോസ്റ്റണിൽ  നിരോധിച്ചിരുന്നു. ആരെങ്കിലും ക്രിസ്തുമസ് ദിനമാഘോഷിച്ചാൽ അഞ്ചു ഷില്ലിംഗ് പിഴ ശിക്ഷ നല്കിയിരുന്നു. അമേരിക്കൻ വിപ്ലവ ശേഷം ക്രിസ്തുമസാഘോഷങ്ങൾ പുനസ്ഥാപിച്ചു. 1870 ജൂണ്‍ ഇരുപത്തിയാറു വരെ അമേരിക്കൻ ഐക്യനാടുകളിൽ ക്രിസ്തുമസ് ഒരു ഫെഡറൽ അവധി ദിനമായിരുന്നില്ല.  അമേരിക്കയിൽ വ്യാപകമായി ക്രിസ്തുമസാഘോഷങ്ങൾ  കൊണ്ടാടുവാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടുമുതലാണ്‌.  വെറും സാധാരണ അവധി ദിവസത്തെക്കാൾ ക്രിസ്തുമസ് ദിനത്തെ കുടുംബങ്ങൾ ഒത്തൊരുമിച്ചുള്ള ആഘോഷദിനമാക്കി മാറ്റിയെടുക്കുകയും ചെയ്തു.  ക്രിസ്തുമസാഘോഷങ്ങളെ സമാധാനത്തിന്റെ പ്രതീകമായി പരിഗണിക്കാനും തുടങ്ങി. പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വർഗസമരം അമേരിക്കാ മുഴുവനായുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ  സമയവുമായിരുന്നു. അസഹയീനതയും അസഹിഷ്ണതയും  ജനങ്ങളെ ക്രിസ്തുമസ് കാലങ്ങളിൽ കൊള്ളകൾക്ക് പ്രേരിപ്പിച്ചു. ക്രിസ്തുമസ് കാലത്തുള്ള ആക്രമണവും കൊള്ളയും കാരണം ന്യൂയോർക്കു പട്ടണത്തിൽ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി. സമൂഹത്തിലെ  ഉയർന്നവരായവർ   പൊതു സ്ഥലങ്ങളിൽ ക്രിസ്തുമസാഘോഷിക്കാതെ  സുരക്ഷിതത്വത്തിന്റെ പേരിൽ  വീടുകളിൽ മാത്രമാക്കുകയും ചെയ്തു.


പാവങ്ങളോടുള്ള സഹാനുഭൂതിയും ത്യാഗ മനസ്തിതിയുടെ അടിസ്ഥാനവുമായി ക്രിസ്തുമസ് കരോളിനെ കരുതുന്നു. ക്രിസ്തുമസിന്റെ പ്രാധാന്യത്തെ മനസിലാക്കാനും  കുട്ടികളും മുതിർന്നവരുമായി   വൈകാരിക ഐക്യത്തിനും മുൻഗണന നല്കിക്കൊണ്ട്  1800- കളിൽ കുട്ടികൾക്ക് ക്രിസ്തുമസ് കാലങ്ങളിൽ  സമ്മാനങ്ങളും നല്കാൻ തുടങ്ങി. പുതിയതായി വന്ന കുടിയേറ്റക്കാരുടെയും കത്തോലിക്കരുടെയും എപ്പിസ്ക്കൊപ്പൽകാരുടെയും ആചാര രീതികളെയും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമാക്കി. ക്രിസ്തുമസാഘോഷങ്ങളിലെ പിന്നീടുള്ള  നൂറു വർഷങ്ങൾ   വിവിധ സംസ്ക്കാരങ്ങളിൽ നിന്നും ആചാരങ്ങളിൽനിന്നും  പകർത്തിയെടുത്തതായിരുന്നു. ക്രിസ്തുമസ് മരങ്ങൾ അലങ്കരിക്കലും കാർഡുകൾ അയയ്ക്കലും സമ്മാനങ്ങൾ നല്കലും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായി. തുടങ്ങി. വളരുന്ന രാഷ്ട്രത്തിൽ പുതിയതായി വന്ന കുടിയേറ്റക്കാരുടെ താല്പര്യവും ക്രിസ്തുമസാഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിച്ചിരുന്നതു കാണാമായിരുന്നു.

Constantine

God Mithra

Thursday, December 10, 2015

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്രപ്രവർത്തനവും




By ജോസഫ് പടന്നമാക്കൽ

കഴിഞ്ഞ നൂറ്റാണ്ടിൽ, 1878 മുതൽ മുപ്പത്തിയെട്ടു വയസ്സുവരെ മാത്രം  ഹൃസ്വകാലം ജീവിച്ച രാമകൃഷ്ണ പിള്ള  അനേക പത്രങ്ങളുടെയും വരാന്ത്യ പതിപ്പുകളുടെയും  എഡിറ്ററായിരുന്നു. അമൂല്യങ്ങളായ  സാംസ്ക്കാരിക രാഷ്ട്രീയ പുരോഗമനാശയങ്ങൾ വഞ്ചിഭൂമിയ്ക്കു സംഭാവന നല്കിക്കൊണ്ട് ധന്യമായ ജീവിച്ച ആ മഹാൻ ഇന്ന് ചരിത്രവിദ്യാർത്ഥികളുടെ ആരാധനപാത്രമായി മാറിയിരിക്കുന്നു. 1906 ജനുവരി മുതൽ 1910 വരെ അദ്ദേഹം എഡിറ്റ് ചെയ്ത സ്വദേശാഭിമാനി പത്രമാണ്‌ ചരിത്രത്തിലെ സ്മാരകമായി ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം, മറ്റേതു ഭാരതീയ ഭാഷകൾക്കു  മുമ്പേ കാറൽ മാർക്സിന്റെ ജീവചരിത്രം എഴുതിചരിത്രം കുറിച്ചു. ജീവിത സൌഭാഗ്യങ്ങൾ കൈവിട്ടുപോകുമെന്നു ഭയന്ന അധികാരവർഗത്തിനു പിള്ളയെന്ന പത്രാധിപർ  അന്നൊരു  പേടി സ്വപ്നമായിരുന്നു.


കമ്മ്യൂണിസം കേരള മണ്ണിലടിയുറയ്ക്കും മുമ്പ് നാടിന്റെ പുരോഗതിയ്ക്കായുള്ള സമത്വ സുന്ദരമായ ആശയങ്ങൾ ആദ്യമായി പ്രചരിപ്പിച്ചതും പിള്ളയായിരുന്നു.  "രാജ്യത്തിന്റെ മുതൽ വർദ്ധന പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയത്ന ഫലമായിട്ടും അവന്റെ കഷ്ടിയുള്ള ജീവിത വൃത്തിയ്ക്കു ലഭിക്കുന്ന കൂലിയല്ലാതെ ബാക്കിയുള്ളത് മുഴുവനും മുതൽ മുടക്കുന്ന മുതലാളിമാരുടെ കൈകളിൽ ചെന്നു ചേരുന്നു. മതാചാര്യന്മാരും മാടമ്പി പ്രഭുക്കന്മാരും ആഡംബരത്തിൽ ജീവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ  പ്രയത്നത്തെ ചൂഷണം ചെയ്താണ്." കാറൽ മാര്ക്സിന്റെ ഈ സിദ്ധാന്തത്തെ ആദ്യമായി മലയാളിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് രാമ കൃഷ്ണ പിള്ളയായിരുന്നു.
മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയും ലേഖങ്ങൾ എഴുതിയിരുന്നു.


1878 മെയ് ഇരുപത്തിയഞ്ചാം തിയതി നരസിംഹ പോറ്റിയുടെയും ചക്കിയമ്മയുടെയും ഇളയ മകനായി  കെ. രാമ കൃഷ്ണ പിള്ള ജനിച്ചു. ബ്രഹ്മശ്രീ നരസിംഹ പോറ്റി തിരുവിതാംകൂർ  പ്രദേശങ്ങളിൽ അക്കാലത്ത് അമ്പല പൂജാരിയായിരുന്നു. നെയ്യാറ്റിൻ കരയിലുള്ള അത്തിയന്നൂർ എന്ന സ്ഥലത്തുള്ള തെക്കേകോട് വീട്ടിലാണ് രാമകൃഷ്ണ പിള്ള   വളർന്നത്‌. കുടുംബത്തിലെ ഒരു പൂർവിക കാരണവർ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡ വർമ്മ  മഹാരാജാവിനെ  രാജാവാകുന്നതിനു മുമ്പ്   സേവിച്ചിരുന്നു. യുവ  മാർത്താണ്ഡ വർമ്മ   ശത്രുക്കൾക്കെതിരെ പടപൊരുതിയിരുന്ന നാളിൽ  സഹായിച്ചതുകൊണ്ട് അദ്ദേഹം രാജാവായപ്പോൾ പാരിതോഷികമായി അമ്പതേക്കർ പുരയിടവും ഒരു കൊട്ടാരവും കരംതിരിവായി നല്കിയിരുന്നു. കൂടാതെ പല വിധ രാജാവകാശങ്ങളും നല്കി ആ കുടുംബത്തെ ബഹുമാനിച്ചു. അതേ കുടുംബത്തിലാണ് നൂറു വർഷങ്ങൾക്കു ശേഷം രാമകൃഷ്ണ പിള്ള ജനിച്ചത്. മരുമക്കത്തായം നില നിന്നിരുന്ന കാലഘട്ടത്തിൽ രാമകൃഷ്ണ പിള്ള വളർന്നത് തന്റെ മാതുലനായ കേശവപിള്ള വക്കീലിനൊപ്പമായിരുന്നു. 1887-ൽ മലയാളം സ്കൂളിൽ  ചേർന്നു. അവിടുത്തെ  ആദ്യത്തെ അദ്ധ്യാപകൻ  കാട്ടുപ്പന നാഗനാഥയ്യരായിരുന്നു. 1887-ൽ നെയ്യാറ്റിൻ കര ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.അവിടെ വെലുപിള്ള പ്രധാന അദ്ധ്യാപകനും കേശപിള്ള   രണ്ടാം അദ്ധ്യാപകനുമായിരുന്നു. 1892-ൽ അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം രാജകീയ പാഠശാലയിൽ ചേർന്നു. അവിടെനിന്നാണ് പുസ്തക പാരായണവും പത്രങ്ങളും വായനകൾ തുടങ്ങിയത്. പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും കൂട്ടുകാരെ സമ്പാദിക്കുന്നതിലും 'പിള്ള'  തല്പ്പരനായിരുന്നു. സ്കൂളിൽ ഒരു നാണം കുണുങ്ങിയും ശാന്തനുമായിരുന്നു. പതിനാലു വയസുള്ളപ്പോൾ മെട്രിക്കുലേഷൻ പാസ്സായി.


എഫ്.എ യ്ക്ക് പഠിയ്ക്കുന്ന കാലത്തും വർത്തമാന പത്രങ്ങളോട് എന്നും ഒരു കമ്പമായിരുന്നു. തിരുവിതാംകൂർ, മലബാർ , കൊച്ചി എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ പത്രങ്ങളും തന്നെ അദ്ദേഹം വായിക്കുമായിരുന്നു. ലേഖനങ്ങളെഴുതാൻ തുടങ്ങിയതും ആ കാലഘട്ടത്തിലാണ്. അന്നത്തെ പേരുകേട്ട സാഹിത്യകാരുമായി വലിയ സൗഹർദ്ദത്തിലുമായിരുന്നു. കേരള വർമ്മ വലിയ കോയി തമ്പുരാൻ, എ ആർ രാജ രാജ വർമ്മ, ഉള്ളൂർ പരമേശ്വരയ്യർ, കണ്ടത്തിൽ വർഗീസ്‌ മാപ്പിള എന്നിവരുമായി വലിയ അടുപ്പമായിരുന്നു.  പത്രഭ്രമം  കൂടി പഠന കാര്യങ്ങളിൽ താൽപര്യമില്ലാതായി. അതുമൂലം അദ്ദേഹത്തിൻറെ അമ്മാവന്റെയും കുടുംബത്തിന്റെയും അപ്രീതി സമ്പാദിക്കേണ്ടി വന്നു. 1898-ൽ എഫ് എ പരീക്ഷ പാസ്സായി. ബി. എസ്. സി. യ്ക്ക് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേരാൻ പദ്ധതിയിട്ടെങ്കിലും അമ്മാവന്റെ നിർബന്ധപ്രകാരം ബി.എ യ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേരുകയാണുണ്ടായത്.


അക്കാലത്ത് രാമകൃഷ്ണ പിള്ളയ്ക്കും പത്ര പ്രവർത്തനത്തിൽ താല്പര്യമുള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കൾക്കും തിരുവിതാംകൂറിൽ നിന്ന് ഒരു പത്രം തുടങ്ങണമെന്ന്  ആഗ്രഹമുണ്ടായി. 1900-ൽ  കേരള ദർപ്പണമെന്നും  വഞ്ചി വിഭൂജിക എന്നും പേരുകളിൽ രണ്ടു പത്രങ്ങൾ അവരുടെ സഹകരണങ്ങളോടെ തുടങ്ങി. അതിൽ കേരള ദർപ്പണത്തിന്റെ എഡിറ്റർ ചുമതല രാമകൃഷ്ണ പിള്ള വഹിക്കണമെന്നു അദ്ദേഹത്തിൻറെ കൂട്ടുകാരും അഭ്യുദയകാംക്ഷികളും   നിർബന്ധിക്കാൻ തുടങ്ങി.  അമ്മാവൻ കേശവ പിള്ളയുമായി അഭിപ്രായ വിത്യാസം ഉണ്ടായതിനാൽ പിള്ളയ്ക്ക് അദ്ദേഹത്തിൻറെ ഭവനത്തിൽ നിന്നും മാറി താമസിക്കേണ്ടി വന്നു. നിലനില്പ്പിനായി ഒരു ജോലിയും അന്വേഷിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ബി എ യ്ക്ക് പഠിക്കാനും പത്രത്തിന്റെ എഡിറ്റർ ജോലി നടത്താനും നന്നേ കഷ്ടപ്പെട്ടു. ബി എ  മലയാളം ഒന്നാം റാങ്കിൽ പാസ്സായി. ഏറ്റവും നല്ല അക്കാദമിക്ക് നിലവാരത്തിനു കേരള വർമ്മ പുരസ്ക്കാരവും ലഭിച്ചു.


തലമുറകളായി നിലനിന്നിരുന്ന ഹിന്ദു സമുദായത്തിലെ  അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ അദ്ദേഹം എഴുതി.  വാക്കുകളെക്കാളും പ്രവർത്തികളിൽ  വിശ്വസിച്ചു.  ജാതി വ്യവസ്ഥ സമൂഹത്തിൽ തീരാശാപമായിരുന്ന കാലത്തിൽ, തന്നെക്കാളും താണ ജാതിയിലുള്ള  ഒരു നായർ സ്ത്രീയെ വിവാഹം കഴിച്ചതും വലിയ ഒച്ചപ്പാടിനു കാരണമായി. തിരുവനന്തപുരം ജില്ലയിലുള്ള പാലിക്കുളങ്ങര തൂപ്പൂവീട്ടിൽ നാണിക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. അവരെ 1901-ൽ വിവാഹം കഴിച്ചു.  ഏതായാലും ആ വൈവാഹിക ജീവിതം അധികകാലം നീണ്ടു നിന്നില്ല. പിള്ളയുടെ ജീവിതത്തിൽ ശോകമയം  പകർത്തികൊണ്ട് തന്റെ പ്രിയപ്പെട്ട ഭാര്യ അധികം താമസിയാതെ  1904-ൽ മരിച്ചുപോയി.
നാണിക്കുട്ടിയമ്മ,  കേരള ദർപ്പണം പത്രത്തിന്റെ ഉടമസ്ഥനായിരുന്ന പരമേശ്വര പിള്ളയുടെ  ബന്ധുവായിരുന്നു.   പിന്നീട് ബന്ധുക്കളുടെ സമ്മർദത്തോടെ തന്റെ സാഹിത്യ യാത്രയിലെ സഖിയായിരുന്ന വഞ്ചിയൂർ കുളിവിളാകത്ത് കല്യാണിയമ്മയെ വിവാഹം ചെയ്തു.


1901-ൽ  കേരള ദർപ്പണവും വഞ്ചി വിഭൂജികയും യോജിച്ച്  ശ്രീ മാർത്താണ്ഡ തമ്പിയുടെ നേതൃത്വത്തിൽ കേരള പഞ്ചിക (Kerala panjhika) പത്രം തുടങ്ങി. 1901 മുതൽ 1903 വരെ രാമകൃഷ്ണ പിള്ള ആ പത്രത്തിന്റെ എഡിറ്ററായി തുടർന്നു. പത്രാധിപ ധർമ്മത്തോടൊപ്പം കേരള ജനതയുടെ സാമൂഹിക വശങ്ങളെ പഠിക്കാൻ അദ്ദേഹം നാടാകെ യാത്ര ചെയ്തിരുന്നു.  കേരള പഞ്ചിക പത്രത്തിൽനിന്നു  1903 ഫെബ്രുവരിയിൽ  അദ്ദേഹം  രാജി വെച്ചു. നസ്രാണി ദീപികയിലും മലയാളി പത്രങ്ങളിലും പിന്നീട്   എഴുതിക്കൊണ്ടിരുന്നു.   മലയാളീ പത്രത്തിന്റെ എഡിറ്ററായി ജോലി സ്വീകരിച്ച് 1904-ൽ  കൊല്ലത്ത് താമസമാക്കി. തിരുവിതാംകൂറിലെ പൌരന്മാരുടെ അവകാശങ്ങളെയും കടമകളെയുംപ്പറ്റി അക്കാലത്ത് അദ്ദേഹം പത്രങ്ങളിൽ മുഖ പ്രസംഗങ്ങൾ എഴുതി.  പൊതു സമ്മേളനങ്ങളിൽ സാമൂഹിക തിന്മകളെ അപലപിച്ച് പ്രസംഗിക്കുമായിരുന്നു.


സമൂഹത്തിൽ അന്നു നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രാമകൃഷ്ണ പിള്ള  ആരുടേയും മുഖം നോക്കാതെ എതിർത്തിരുന്നു.  ജീവനെപ്പോലും പണയപ്പെടുത്തി തന്റെ ആശയങ്ങളെ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിച്ചു.  ' അരജനെ കെടുത്തി ഒരു വാക്കും പറഞ്ഞുകൂടാ'' എന്ന  ആപ്തവാക്യം പ്രചരണത്തിലിരുന്ന കാലഘട്ടത്തിലാണ് 'പിള്ള' തന്റെ ശക്തിയേറിയ തൂലികകൊണ്ട്  വിപ്ലവ കൊടുങ്കാറ്റ്  അക്കാലത്തു തൊടുത്തു വിട്ടത്.  അദ്ദേഹവും സ്വന്തം കുടുംബവും അതിനു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കാലഘട്ടത്തിൽ 'പിള്ള' മലയാളിയുടെയും കേരളപത്രികയുടെയും പത്രാധിപരായിരുന്നു. അതിനു ശേഷം 'കേരളൻ' എന്ന പേരിൽ സ്വന്തമായി മാസിക തുടങ്ങി. അദ്ദേഹത്തിൻറെ 'കേരളൻ'  വഴിയുള്ള ഉഗ്രമായ വിമർശനങ്ങൾ അന്നത്തെ അഴിമതി വീരന്മാരായ രാജകീയ ഉദ്യോഗസ്ഥരെ കുപിതരാക്കിയിരുന്നു. ചുറ്റും ശത്രു വലയം സൃഷ്ടിക്കുകയും ചെയ്തു. ഏതായാലും അധികകാലം ആ മാസിക നീണ്ടു നിന്നില്ല. മാസിക നിർത്തൽ ചെയ്തതിനുശേഷം തത്ത്വ ശാസ്ത്രത്തിൽ ബി.എ ഡിഗ്രി യ്ക്ക് പഠിക്കാൻ അദ്ദേഹം മദ്രാസിലേയ്ക്ക് താമസം മാറ്റി.


അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ പുതിയ പുതുമകളോടെ ചരിത്രകുതുകികളായ മലയാളി മനസ്സുകളിൽ  തലമുറകളായി കടന്നു പോവുന്നു.  സംഭവ ബഹുലമായ ആ കാലഘട്ടങ്ങൾക്ക് സാക്ഷിയായി പന്ത്രണ്ടു വർഷത്തോളം ഒത്തൊരുമിച്ച് അദ്ദേഹത്തിൻറെ ഭാര്യ കല്യാണിയമ്മ ജീവിച്ചു. വൈകാരികവും ബൌദ്ധികവുമായി ഒന്നിച്ചു ജീവിച്ച ആ കാലഘട്ടത്തെ വിവരിച്ചുകൊണ്ട് അവർ എഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ചരിത്ര വിദ്യാർത്ഥികൾക്ക്  വില തീരാത്ത ഒരു അമൂല്യ പുസ്തകമാണ്. രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മലയാളക്കരയിലുണ്ടായ ഒരു സാംസ്ക്കാരിക പരിവർത്തനത്തിന്റെ കാലഘട്ടമായി കല്യാണിയമ്മയുടെ വ്യാഴവട്ട സ്മരണകളെ കണക്കിലാക്കാം.


1884 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി തിരുവനന്തപുരത്തുള്ള കുതിരവട്ടത്തു കുഴിവിലാക്കാത്ത് വീട്ടിലാണ് കല്യാണിയമ്മ ജനിച്ചത്‌. സുബ്രഹ്മണ്യം പോറ്റിയും ഭഗവതിയമ്മയുമായിരുന്നു അവരുടെ മാതാപിതാക്കൾ. ഒരു പാരമ്പര്യ കുടുംബത്തിൽ വളർന്ന അവർ 1905-ൽ രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്തു. വിവാഹത്തിനു മുമ്പ് സാഹിത്യ വാസനയുണ്ടായിരുന്ന ഇരുവരും കൂടുതലും സാഹിത്യപരമായ വിഷയങ്ങൾ പരസ്പരം കത്തിൽ കൂടി കൈമാറുമായിരുന്നു. പരസ്പരം ചർച്ചകളും നടത്തുമായിരുന്നു. സാമൂഹിക പരിഷ്ക്കാരങ്ങൾക്കായി  പേനാ ചലിപ്പിച്ചിരുന്ന അവരുടെ ജീവിതം കൂടുതലും പ്രശ്ന സങ്കീർണ്ണങ്ങളായിരുന്നു. രാമകൃഷ്ണ പിള്ളയുടെ സാമൂഹിക  വിപ്ലവത്തിന് അവർ എല്ലാ പിന്തുണയും നല്കിയിരുന്നു. മാറ്റങ്ങൾ സമൂഹത്തിൽ വന്നില്ലെങ്കിൽ, വക്ര ബുദ്ധികളായ അധികാരികളുടെ അഴിമതികളെ ഉന്മൂലനം ചെയ്തില്ലെങ്കിൽ രാജ്യം പുരോഗമിക്കുകയില്ലായെന്ന ചിന്തകളായിരുന്നു  അവർ ഇരുവരിലുമുണ്ടായിരുന്നത്.


പുരുഷമേധാവിത്വം നിറഞ്ഞിരിക്കുന്ന എഴുത്തു ലോകത്തിൽ സ്ത്രീയെഴുത്തുകാരെ ഉയരുവാൻ സാധാരണ അനുവദിക്കില്ല.  ബി കല്യാണിയമ്മയുടെ ഭർത്താവിനെക്കുറിച്ചെഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ക്ലാസ്സിക്കൽ ബുക്കുകളിൽ  പ്രാധാന്യം അർഹിക്കുന്നു. ആദ്യകാലത്ത് സ്ത്രീകളുടെ ഇത്തരം കൃതികളെ  വിധവയുടെ വിലാപം', 'പെണ്ണെഴുത്ത്' എന്നീ പദങ്ങൾ കൊണ്ട് പുരുഷന്മാരായവർ  പരിഹസിക്കുമായിരുന്നു.   വ്യാഴവട്ട സ്മരണകൾ' എഴുതി നൂറു വർഷങ്ങളായിട്ടും ആ കൊച്ചു പുസ്തകം ഗവേഷകരുടെ  ഗ്രന്ഥപ്പുരകളിലും ചിന്തകരുടെ മനസിനുള്ളിലും  കാലങ്ങളെ അതിജീവിച്ചും  സ്ഥാനം പിടിച്ചുകഴിഞ്ഞു. കാരണം,  മനുഷ്യ മനസുകളെ ഇളക്കി,  കേരളത്തിന്റെ സാമൂഹിക വ്യവസ്ഥകളെ  തകിടം മറിച്ചുകൊണ്ട് ഒരു വ്യാഴവട്ട കാലത്തിലെ വൈകാരിക സ്മരണകളാണ്  സ്പോടനാത്മകാം വിധം ആ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.


കല്യാണിയമ്മ മറ്റനേക  പുസ്തകങ്ങളുടെ ഗ്രന്ഥകർത്രി കൂടിയാണ്. ഓർമ്മയിൽ നിന്ന്, മഹതികൾ, താമരശേരി, കർമ്മ ഫലം, വീട്ടിലും പുറത്തും ആരോഗ്യ ശാസ്ത്രം, ആരോഗ്യ ശാസ്ത്രവും ഗ്രഹഭരണവും, അങ്ങനെ അനേക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  ശ്രീ രാമൻ വനവാസത്തിൽ പോയപ്പോൾ സീത പിന്തുടർന്ന പോലെ സ്വന്തം ഭർത്താവിന്റെ സുഖ ദുഖങ്ങളിലും നാടുകടത്തൽ വാസസ്ഥലങ്ങളിലും  കല്യാണിയമ്മയും ഒപ്പമുണ്ടായിരുന്നു. 1979- ൽ പിള്ളയുടെയും കല്യാണിയമ്മയുടെയും മകൾ ഗോമതിയമ്മ എഴുതിയ 'ധന്യമായി ഞാൻ' എന്ന പുസ്തകത്തിലും പിള്ളയുടെ വൈകാരികത നിറഞ്ഞ  സംഭവ ബഹുലമായ ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്.


1905 ജനുവരി പത്തൊമ്പതാം തിയതി 'വക്കം  മൗലവി' എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനി  'വക്കം  മുഹമ്മദ്‌ അബ്ദുൽ ഖാദർ' ഒരു ആഴ്ച്ചപ്പതിപ്പ് തുടങ്ങിയിരുന്നു. തിരുവിതാം കൂർ  സർക്കാരിന്റെ അഴിമതികളെ തുറന്നു കാണിച്ചുകൊണ്ട്  മൌലവിയുടെ പത്രം ദിനംപ്രതി വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അന്നത്തെ കാലത്ത് ലഭിക്കാവുന്ന നവീകരണമായ ഒരു അച്ചടി യന്ത്രം അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നു  വരുത്തി. ശ്രീ രാമകൃഷ്ണ പിള്ള  പത്രത്തിന്റെ പത്രാധിപരാകുന്നതിനു  മുമ്പ് സി.പി. ഗോവിന്ദ പിള്ള പത്രത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു.  സ്വന്തമായി തുടങ്ങിയ സ്വദേശാഭിമാനി പത്രം നടത്താൻ 'മൗലവി' ധീരനായ ഒരു പത്രാധിപരെ തേടിയിരുന്നു. ഒടുവിൽ രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടുകയും മുഖ്യ പത്രാധിപരായി നിയമിക്കുകയും ചെയ്തു. 1906 ജനുവരിയിൽ പത്രത്തിന്റെ പത്രാധിപർ സ്ഥാനം വഹിക്കാൻ രാമകൃഷ്ണ പിള്ളയും കുടുംബവും  പത്ര ഓഫീസ് സ്ഥിതി ചെയ്തിരുന്ന വൈക്കം താലൂക്കിലുള്ള ചിറയിങ്കലിലേയ്ക്ക് താമസം മാറ്റി.


അക്കാലങ്ങളിൽ മുമ്പുള്ള പത്രാധിപ സമിതികളിൽ രാമകൃഷ്ണ പിള്ള ചുമതലകൾ വഹിച്ചിരുന്നപ്പോൾ  ‌ സ്വന്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നില്ല.  അതിൽ അദ്ദേഹം നിരാശനായിരുന്നു. ചില പ്രസിദ്ധീകരണങ്ങൾ നിന്ന് പോവുകയും മറ്റു ചില പ്രസിദ്ധീകരണങ്ങളിൽ നിന്ന്  അഭിപ്രായ വിത്യാസങ്ങൾ മൂലം പിരിഞ്ഞു പോവുകയും ചെയ്തിരുന്നു.  സാമൂഹിക മാറ്റങ്ങളിലും  രാഷ്ട്രീയ തത്ത്വ സംഹിതകളിലും  വിദ്യാഭ്യാസ പരിചിന്തനങ്ങളിലും പരിഷ്ക്കാരങ്ങളിലും അദ്ദേഹത്തിന്റേതായ ചിന്താഗതികളും അഭിപ്രായങ്ങളും ആദർശങ്ങളുമുണ്ടായിരുന്നു. രാജാവിനെ പിന്താങ്ങിക്കൊണ്ട്, സ്തോത്ര ഗീതങ്ങൾ പാടിക്കൊണ്ടുള്ള  സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപെടുത്താത്ത പത്രങ്ങളും വാർത്താ മീഡിയാകളുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.


വക്കം   മൌലവിയുടെ ദേശസ്നേഹവും പാണ്ഡിത്യവും പിള്ളയെ അഗാധമായി ആകർഷിച്ചിരുന്നു. അവർ തമ്മിൽ ഒരേ ആശയങ്ങൾക്കായി പൊരുതുന്ന വലിയ സുഹൃത്തുകളായി മാറി. രണ്ടു പേരും ഒരു പോലെ പത്രത്തിന്റെ വളർച്ചക്കായി കഠിനാധ്വാനം ചെയ്തു. ആഴ്ചപതിപ്പ് പിന്നീട് ആഴ്ചയിൽ മൂന്നു ദിവസം പ്രസിദ്ധീകരിക്കാൻ തുടങ്ങി. ശത്രുക്കളെയും അവരുടെ ഭീഷണികളെയും ഇരുവരും വക വെക്കാതെ സത്യധർമ്മങ്ങളിൽ അധിഷ്ടിതമായ  പത്രപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഒന്നും രണ്ടും ഭാഗങ്ങളായി എഴുതിയ 'പാറപ്പുറം' എന്ന ഗദ്യ കാവ്യവും അക്കാലത്ത് വലിയ ഒച്ച പ്പാടുകൾ സൃഷ്ടിച്ചു.


1907- ജൂലൈ മാസത്തിൽ  രാമകൃഷ്ണ പിള്ളയും കുടുംബവും വൈക്കത്തു നിന്നും  തിരുവനന്തപുരത്തേയ്ക്ക് താമസമാക്കി.  സ്വദേശാഭിമാനി പത്രവും അച്ചുകൂടവും അതോടൊപ്പം തിരുവനന്തപുരത്തു സ്ഥാപിച്ചു. പിള്ള തിരുവനന്തപുരത്തു നിയമ പഠനവും തുടങ്ങി. 'വനിതാ'യെന്ന മാസികയും ആരംഭിച്ചു. രാജാവിനെയും പ്രഭുക്കളെയും അവരുടെ ദുഷ്ടപ്രവർത്തികളെയും  വിമർശിച്ചുകൊണ്ടിരുന്നതിനാൽ പിള്ള അധികാരികളുടെ നോട്ടപ്പുള്ളിയുമായി.  രാജ്യം ഭരിച്ചിരുന്ന ദിവാനെവരെ പ്രതിക്കൂട്ടിൽ കൊണ്ടുവന്ന് രാജ്യത്തിലെ അഴിമതികൾ ഓരോന്നായി സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. വക്കം  മൗലവി, പത്രത്തിന്റെ ഉടമയായിരുന്നെങ്കിലും  രാമകൃഷ്ണ പിള്ളയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങളനുസരിച്ചു പത്രം നടത്തുവാൻ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും നല്കിയിയിരുന്നു. പണപരമായ ബാധ്യതകൾ മുഴുവൻ വഹിച്ചിരുന്നത് മൌലവിയും.


വ്യത്യസ്ത  ലക്ഷ്യങ്ങളോടെ  പ്രവർത്തിക്കുന്ന പത്രങ്ങളിലും  അദ്ദേഹം എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. 'ഉപാധ്യായൻ' മാസികയിൽ  വിദ്യാഭ്യാസ പരമായ വിഷയങ്ങളായിരുന്നു കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്. അതേ സമയം 'കേരള ദർപ്പണത്തിൽ' പൊതു ജനങ്ങൾക്കു  താൽപ്പര്യമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള  എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. മൌലവിയുടെ സ്വദേശഭിമാനിയിൽ കൂടുതലും രാഷ്ട്രീയ സാമൂഹിക വശങ്ങളെ  സംബന്ധിച്ച ലേഖനങ്ങളും വാർത്തകളുമായിരുന്നുണ്ടായിരുന്നത്. സ്വദേശാശിഭിമാനി പത്രത്തിൽ ആദ്യത്തെ പേജിൽ എഴുതിയിരുന്നത് ഭയരഹിതമായി സത്യത്തിലടിയുറച്ച്   വാർത്തകൾ പ്രസിദ്ധീകരിക്കുകയെന്നതു പത്രത്തിന്റെ ധർമ്മവും  ലക്ഷ്യങ്ങളും നയങ്ങളുമെന്നാ'യിരുന്നു. പത്രത്തിനുണ്ടായിരുന്ന മൂല്യങ്ങളെ, അടിസ്ഥാന തത്ത്വങ്ങളെ  അവസാന ദിവസം വരെ കാത്തു സൂക്ഷിക്കുകയും ചെയ്തു. ജനവികാരങ്ങളെ ഇളക്കത്തക്കവണ്ണം ശക്തമായ ആശയങ്ങൾ നിറഞ്ഞ സ്വദേശാഭിമാനി പത്രത്തിൽ ആവേശഭരിതരായി അനേക ജനവിഭാഗങ്ങളും സാമൂഹിക സംഘടനകളും  രൂപമെടുത്തു. ജനങ്ങളിൽ ഒരു നവോധ്വാനത്തിന്റെതായ  ചൈതന്യം സ്വദേശാഭിമാനി പത്രത്തിനു വാർത്തെടുക്കാൻ സാധിച്ചു.  ജനത്തിനു പൊതുവായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും സ്വതന്ത്ര ചിന്താഗതികളും സൃഷ്ടിക്കാൻ സാധിച്ചു. നമ്പൂതിരി സമുദായത്തിന്റെ ദുരാചാരങ്ങളും ശ്രീ നാരായണ ഗുരു ചൈതന്യവും സ്വദേശാഭിമാനി പത്രത്തിൽ പ്രതിഫലിച്ചിരുന്നു. പിന്നീട് സ്വദേശാഭിമാനി പത്രത്തെ പിന്തുടർന്ന് എസ് എൻ ഡി പി യുടെ വിവേകോദയവും ഉണ്ണി നമ്പൂതിരി പ്രസിദ്ധീകരണവും കേരള സമൂഹത്തിൽ പുത്തനായ കാഴ്ചപ്പാടുകളുമായി ജനങ്ങളെ സ്വാധീനിച്ചിരുന്നു.


വക്കം  അബ്ദുൽ ഖാദർ മൗലവിയുടെയും  സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും  ദേശീയ നവോത്വാനത്തിനായി  തുടക്കമിട്ടുകൊണ്ടുള്ള ഒത്തൊരുമുച്ചുള്ള പ്രവർത്തനങ്ങൾ  മറക്കാനാവാത്ത വാർത്താ മാധ്യമങ്ങളുടെ ഒരു ചരിത്രം തന്നെ കുറിച്ചു. ആശയപരമായി ഐക്യരൂപ്യമുണ്ടായിരുന്ന അവർ ഒത്തൊരുമിച്ചു വിശ്രമമില്ലാതെ മാറ്റങ്ങൾക്കായി പൊരുതിയിരുന്നു. അവർ തുടങ്ങി വെച്ച നവോധ്വാന ചൈതന്യം  ഭാരതത്തിലെ പത്രപ്രവർത്തനത്തിൽ ഒരു വിപ്ലവ കൊടുങ്കാറ്റു തന്നെ  സൃഷ്ടിച്ചു.   ദിവാന്റെ അഴിമതി വാർത്തകൾ യാതൊരു മായവും ചേർക്കാതെ സത്യമായി തന്നെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മൗലവിയുടെയും  രാമകൃഷ്ണ പിള്ളയുടെയും  പ്രയത്നഫലമായി നവീകരണാശയങ്ങളുടെ  ഒരു പ്രവാഹം തന്നെ ജനമധ്യത്തിൽ പ്രവഹിച്ചുകൊണ്ടിരുന്നു.  ദിവാനെതിരായി എന്തും എഴുതുവാൻ പിള്ളയ്ക്ക് സാധിച്ചതും മൌലവിയുടെ പൂർണ്ണ സഹകരണത്തോടെയായിരുന്നു. അധികാരികളിൽ നിന്ന് ശിക്ഷ കിട്ടുമെന്ന് ബോധ്യമായിരുന്നിട്ടും വക വെയ്ക്കാതെ അവരുടെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരുന്നു. ശിക്ഷ കിട്ടിയിട്ടും തന്റെ പ്രസ്സ് നഷ്ടപ്പെട്ടിട്ടും മൌലവിയ്ക്ക് സങ്കടം വന്നില്ല. എന്നാൽ അധികാര വേട്ട മൂലം തന്റെ വിശ്വസ്തരായ സഹപ്രവർത്തകരുടെ  ദുരന്തത്തിൽ അദ്ദേഹം ദുഖിതനായിരുന്നു. പിള്ളയെ നാട് കടത്തിയപ്പോഴും അസുഖമായിരുന്ന കാലഘട്ടത്തിലും മൗലവി സാമ്പത്തികമായി തകർന്നിരുന്നു. അദ്ദേഹം നേടിയ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടു. പിന്നീട് ദാരിദ്ര്യാവസ്തയിലാണ് കഴിഞ്ഞിരുന്നത്.


തിരുവിതാംകൂർ ദിവാൻ പി രാജ ഗോപാലാചാരിയ്ക്കെതിരെയായിരുന്നു 'പിള്ള'  അക്കാലത്ത് വിമർശനങ്ങളിൽ ക്കൂടി പത്രത്തിൽ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നത്. മഹാരാജാവ് ശ്രീ മൂലം തിരുനാളിനെയും രാജ ഭരണത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.  'രാജാവ് സ്വയം വിശ്വസിക്കുന്നത് ദൈവത്തിന്റെ പുനരവതാരമെന്നും സ്വന്തം പ്രമാണങ്ങൾ  മറ്റുള്ളവരെ അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നുവെന്നും' അദ്ദേഹം പത്രത്തിൽ എഴുതി. " ഇത് നീചമാണ്,  ദൈവം രാജാവിന്റെ പ്രത്യേക പട്ടികളെ സൃഷ്ടിച്ചിട്ടുണ്ടോ. അല്ലെങ്കിൽ വിശേഷപ്പെട്ട ആനയെക്കൊണ്ട്‌  ആനകളെ നയിക്കാൻ കല്പ്പിച്ചിട്ടുണ്ടോ"യെന്നുള്ള ചോദ്യങ്ങളും രാജാവിനെ കുപിതനാക്കിയിരുന്നു. പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചു കൊട്ടാരങ്ങൾ പണിയുന്നതിലും മഹാ രാജാവിന്റെ മകളുടെ വിവാഹം ആഘോഷമായി നടത്തി ഖജനാവ് കാലിയാക്കുന്നതിലും രാമകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നു. ശ്രീമൂലം പ്രജാസഭയിൽ അവർണ്ണ ജാതികൾക്കായി സംസാരിക്കാൻ ജനപ്രതിനിധിയായി പി. കെ. ഗോവിന്ദപിള്ളയെ നിയമിച്ചപ്പോൾ ശ്രീ രാമകൃഷ്ണ പിള്ളയുടെ സ്വദേശാഭിമാനി പത്രം എതിർത്തിരുന്നു. പുലയർക്കും പറയർക്കും  സ്വന്തം പ്രതിനിധി തന്നെ വേണമെന്ന് രാമകൃഷ്ണ പിള്ള വാദിച്ചു.


1910 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി  മുന്നറിയുപ്പു കൂടാതെ രാജാവിന്റെ പോലീസ്  പിള്ളയെ അറസ്റ്റും ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്നു തിരുന്നൽവേലിക്ക് വിചാരണ കൂടാതെ നാടു കടത്തി. മൌലവിയുടെ പ്രസ്സും ഉപകരണങ്ങളും ജപ്തി ചെയ്തു.  അതിനു ശേഷം രാജാവിനോട് മാപ്പ് പറഞ്ഞു ശിക്ഷ ഇളവു മേടിക്കാൻ പലരും ആവശ്യപ്പെട്ടിട്ടും പിള്ള വഴങ്ങിയില്ല. കൊച്ചിയിലും മലബാറിലുമുള്ള പത്രയുടമകൾ  പത്രാധിപസ്ഥാനം  വാഗ്ദാനം ചെയ്തെങ്കിലും  അദ്ദേഹം സ്വീകരിച്ചില്ല. പിള്ളയുടെ നാടുകടത്തൽ പത്ര പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ കുടുംബം അനുഭവിച്ച യാതനകൾ അവർണ്ണനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1957-ൽ ഇ എം എസ്  മന്ത്രിസഭയുടെ കേരള സർക്കാർ മൗലവി കുടുംബത്തിലെ   അദ്ദേഹത്തിന്റെ പുത്രനായ അബ്ദുൽ ഖാദറിനു  പ്രസും ഉപകരണങ്ങളും മടക്കി നല്കി. അവസാന നാളുകളിൽ പിള്ളയും കുടുംബവും കണ്ണൂരു  താമസിച്ചു.  1916 മാര്‍ച്ച് 28 ന് അദ്ദേഹം കണ്ണൂരില്‍ വെച്ചു   മരിച്ചു. അഴിമതിക്കെതിരെ പോരാടിക്കൊണ്ട് ഭയരഹിതനായി  പത്രപ്രവർത്തനം നടത്തിയ കേരളത്തിന്റെ ഈ ധീരപുത്രൻ കണ്ണൂരുള്ള പയ്യമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Ramakrishna Pilla house 

Ramakrishna Pilla 

Maulavi

Maulavi

B.Kalyani Amma
Diwan Raja Gopalachari
Sree Moolam Thirunnaal


Ramakrishna Pilla



കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...