Friday, February 10, 2017

ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രവും ദർശനങ്ങളും



ജോസഫ് പടന്നമാക്കൽ 

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യത്തിനുമുമ്പും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന ഉജ്വലപ്രതിഭയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച വീരനായകരിൽ ഒരാളുമായിരുന്നു.  നിത്യവും അണയാത്ത ദീപമായി ജനകോടികളുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാനുഭാവന്മാരിൽ മഹാനുമാണ്. മഹാത്മാ ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക നായകൻ, 1947 മുതൽ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളിൽ നെഹ്‌റുവിനെ ചരിത്രത്തിലറിയപ്പെടുന്നു. മഹാത്മാ ഗാന്ധിജിയുടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നെഹ്‌റു 1947 മുതൽ 1967 മെയ് ഇരുപത്തിയേഴാംതീയതി മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ഭരണസാരഥ്യം വഹിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ രാഷ്ട്രം ബഹുമാനിക്കുന്നു. കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തിൽ ജനിച്ചതിനാൽ, അദ്ദേഹത്തെ പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെട്ടു. കുട്ടികൾ ബഹുമാന പുരസ്സരം ചാച്ചാ നെഹ്‌റുവെന്നു വിളിച്ചിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യപ്രാപ്തിക്കായി നെഹ്‌റുവും കോൺഗ്രസ്സും 1930 മുതൽ നേതൃത്വം കൊടുത്തുകൊണ്ടിരുന്നു.

മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവ് അംബേദ്ക്കറെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് നെഹ്‌റുവെന്നും ഉച്ചത്തിൽ നമുക്കോരോരുത്തർക്കും വിളിച്ചു പറയാൻ സാധിക്കും.വിവിധ സംസ്‌കാരങ്ങളും, ഭാഷകളും മതങ്ങളും ഉൾപ്പെട്ട ഒരു ജനതയെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ ഭാരതത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ തലങ്ങളിൽ ബൃഹത്തായ പലവിധ പദ്ധതികളും അദ്ദേഹത്തിന് നടപ്പാക്കാൻ സാധിച്ചു. കോടാനുകോടി ജനങ്ങൾ വിശ്വാസവും സ്നേഹവും അദ്ദേഹത്തിലർപ്പിച്ചിരുന്നു. ചേരിചേരാ നയവും പഞ്ചശീല തത്വങ്ങളും നെഹ്‌റുവിനെ വിശ്വപൗരനാക്കിയിരുന്നു. 1962-ലെ സീനോ-ഇന്ത്യാ യുദ്ധം അദ്ദേഹത്തെ മാനസികമായി തകർത്തിരുന്നു. അന്നുമുതൽ ആരോഗ്യം ക്ഷയിക്കുകയും പതിനേഴു വർഷം പ്രധാന മന്ത്രിയായിരുന്ന ശേഷം 1964-ൽ മരിക്കുകയും ചെയ്തു. 

പൂക്കളെയും കുട്ടികളെയും ഇത്രമാത്രം സ്നേഹിച്ച ഒരു മഹാൻ ഉണ്ടായിരിക്കില്ല. ഏതു ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം കുട്ടികളുമായി കളിക്കാൻ ഉത്സാഹം കാണിച്ചിരുന്നു. അതുകൊണ്ടാണ് സ്നേഹപൂർവ്വം അദ്ദേഹത്തെ ചാച്ചാ നെഹ്‌റുവെന്നു അവർ വിളിച്ചിരുന്നത്.

1889 നവംബർ പതിനാലാം തിയതി ബ്രിട്ടീഷ് ഇന്ത്യയിൽ അലഹാബാദിൽ ഒരു ധനിക കുടുംമ്പത്തിൽ നെഹ്‌റു ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് മോത്തിലാൽ നെഹ്‌റു  (1861–1931) ക്രിമിനലും സിവിലുമായ നിയമങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു ബാരിസ്റ്ററായിരുന്നു. സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദം രണ്ടുതവണ മോത്തിലാൽ അലങ്കരിച്ചിരുന്നു. ജവഹർലാലിന്റെ അമ്മ 'സ്വരൂപറാണി തുശൂ(1868–1938)', കാശ്മീരിൽ പേരും പെരുമയുമുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവർ മോത്തിലാലിന്റെ രണ്ടാമത്തെ ഭാര്യയും. ഒരു കുഞ്ഞിന്റെ ജനനത്തോടെ ആദ്യത്തെ ഭാര്യ മരിച്ചുപോയിരുന്നു. മൂന്നു മക്കളിൽ ജവഹർലാൽ ഏറ്റവും മൂത്തയാളായിരുന്നു. മറ്റു രണ്ടു സഹോദരികളിൽ വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നാഷണൽ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായിരുന്നു. ഇളയ സഹോദരി കൃഷ്ണ പ്രസിദ്ധയായ ഒരു എഴുത്തുകാരിയും അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്രിയുമായിരുന്നു. രാജഹര്‍മ്മ്യോപമമായ ആനന്ദഭവനിലാണ് ജവഹർലാൽ  വളർന്നത്. ജവഹറെന്ന വാക്കിന്റെ അർത്ഥം അമൂല്യമായ പവിഴ രത്നമെന്നാണ്.

കുഞ്ഞുനാളിലുള്ള നെഹ്‌റുവിന്റെ ജീവിതത്തെപ്പറ്റി എഴുതപ്പെടേണ്ടതായ സംഭവങ്ങളൊന്നും തന്നെയില്ല. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വന്നു പ്രൈവറ്റായി പഠിപ്പിക്കുന്ന ട്യൂട്ടർമാരിയിൽ നിന്നായിരുന്നു.ശാസ്ത്രവും ബ്രഹ്മജ്ഞാനവും അദ്ദേഹത്തിന് പ്രിയങ്കരങ്ങളായ വിഷയങ്ങളായിരുന്നു. പിന്നീട് ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ തല്പരനായതുകൊണ്ട്, പതിമൂന്നാം വയസിൽ തീയോസഫിക്കൽ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങി. കുടുംബ സുഹൃത്തായ ആനി ബസന്റായിരുന്നു ആ സംഘടനയെ നയിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ദൈവിക വിഷയങ്ങളിൽ താൽപ്പര്യം കുറയുകയും  ആ സംഘടന വിടുകയും ചെയ്തു. ആനന്ദ ഭവനുമായി നിത്യം മൈത്രിയിലായിരുന്ന ആനിബസന്റിനെ ജവഹർലാൽ ഒരു അമ്മായിയുടെ സ്ഥാനത്തായിരുന്നു കണ്ടിരുന്നത്. ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ അഭിരുചിയുണ്ടായിരുന്ന നെഹ്‌റു പിന്നീട് ബുദ്ധമതത്തെപ്പറ്റിയും വേദങ്ങളെപ്പറ്റിയും പഠിക്കാനാരംഭിച്ചു. ഈ പഠനങ്ങളാണ് ആദ്യം അദ്ദേഹത്തിന് ഇന്ത്യയെ മനസിലാക്കാനുള്ള പ്രചോദനം ലഭിച്ചത്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹത്തിൻറെ മനസ് അഗാതമായും ബൗദ്ധിക തലങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നു.

യുവാവായിരുന്നപ്പോൾത്തന്നെ നെഹ്‌റു  ഒരു ദേശീയവാദിയായി വളർന്നു കഴിഞ്ഞിരുന്നു. 1905-ൽ അദ്ദേഹം ഇംഗ്ലണ്ടിൽ പഠിക്കാൻ പോയി. അവിടെ ജി.എം.ട്രെവെല്യൻ  (G.M. Trevelyan's) എഴുതിയ ഗാരിബാള്ഡിയെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെട്ടിരുന്നു. ഗാരിബാള്ഡിയെ ഒരു വിപ്ലവ നേതാവായി അദ്ദേഹം മനസ്സിൽ സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്നതിനായി ഉത്തേജനം നേടിയതും ഗാരിബാള്ഡിന്റെ വിപ്ലവചിന്തകളിൽ നിന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രണശൂരനായിരുന്ന ഗാരിബാൾഡിയെ  (Giuseppe Garibaldi) ചിന്നിച്ചിതറി കിടന്നിരുന്ന ഇറ്റലിയെ ഏകീകരിപ്പിച്ച ദേശീയ നേതാവായി ആദരിച്ചിരുന്നു.

1907-ൽ ഇംഗ്ലണ്ടിലെ പ്രസിദ്ധിയേറിയ  കെയിംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നെഹ്‌റു  പഠനം ആരംഭിച്ചു.  1910-ൽ ട്രിനിറ്റി കോളേജിൽ നിന്നും പ്രകൃതിശാസ്ത്രത്തിൽ ഹോണേഴ്‌സോടുകൂടി ബിരുദം നേടി. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ തത്ത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നീ വിഷയങ്ങളും പഠിച്ചിരുന്നു. ബെർണാഡ് ഷാ, എച്ച്.ജി. വെൽസ്, കെയിൻസ്, ബെർട്രൻ റസ്സൽ, ലൗസ് ഡിക്കിൻസൻ   മുതലായ ചിന്തകരുടെ പുസ്തകങ്ങളും പഠിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വായിക്കുന്ന വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡ്യത്യവും നേടിയിരുന്നു.  

1910-ൽ ഡിഗ്രി നേടിയശേഷം നിയമം പഠിക്കാൻ ലണ്ടനിൽ രണ്ടു വർഷംകൂടി ചെലവഴിച്ചു. ഇൻസ് ഓഫ് കോർട്ട് ലോ സ്‌കൂളിൽ (Inns of Court School of Law) നിയമം പഠിച്ചു. 1912-ൽ ബാർ അറ്റ് ലോ  (Bar at Law) പരീക്ഷ പാസ്സായി. 1912-ൽ ഇന്ത്യയിലെത്തി,  അലഹബാദ് ഹൈകോർട്ടിൽ പ്രാക്ടീസ് തുടങ്ങി. പക്ഷെ അദ്ദേഹത്തിന് നിയമത്തിൽ തുടരാൻ താത്പര്യമുണ്ടായിരുന്നില്ല. അവിടെ അദ്ദേഹത്തിൻറെ അഭിരുചിയനുസരിച്ചും ബൗദ്ധികമായും ഉയരാനുള്ള സാഹചര്യങ്ങൾ ലഭിച്ചില്ലെന്നു   ആത്മകഥാ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിലെല്ലാം   അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി. നിയമ പരിശീലനം പാടെ ഉപേക്ഷിക്കുകയും ചെയ്തു.

ബ്രിട്ടനിൽ താമസിക്കുന്ന കാലം മുതൽ നെഹ്‌റുവിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന  മോഹമുണ്ടായിരുന്നു. 1912-ൽ ഇംഗ്ലണ്ടിൽനിന്നും വന്നെത്തിയ അദ്ദേഹത്തിന് ഏതാനും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പാറ്റ്നയിൽ നടന്ന കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഉന്നതകുല ജാതരായവർ മാത്രം സമ്മേളന സ്ഥലത്തിൽ വന്നെത്തിയതിൽ നെഹ്‌റുവിനു സമ്മേളനത്തോട് അന്ന് അതൃപ്തിയുണ്ടായി. എങ്കിലും ഇന്ത്യൻ പൗരാവകാശ ഫണ്ടിനായി പണം സമാഹരിക്കുന്ന കാര്യത്തിൽ ഗാന്ധിജിയുമായി ഒത്തൊരുമിച്ചു സഹകരിച്ചു.

1914-ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസിൽ ഒരു കൂട്ടർ ജർമ്മനിയുടെ ഭാഗം കൂടി പിന്തുണ നൽകാൻ ആഗ്രഹിച്ചു. എങ്കിലും വിദ്യാഭ്യാസമുള്ള ഉയർന്ന സമൂഹം ബ്രിട്ടീഷ് സഖ്യസേനയ്ക്ക് പിന്തുണ നൽകാനാണ് ആഗ്രഹിച്ചത്. നെഹ്‌റു അന്ന് ബ്രിട്ടന് പിന്തുണ നല്കുകയാണുണ്ടായത്. അക്കാലയളവിൽ അലഹബാദിലുള്ള സെന്റ് ജോൺ ആമ്പുലൻസ് വാനിൽ നെഹ്‌റു വോളന്റീർ ജോലി ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന സെൻസർഷിപ് ആക്റ്റിനെയും അദ്ദേഹം എതിർത്തു. ആ നിയമം അനുസരിച്ചു ബ്രിട്ടീഷ് സർക്കാരിനെ ആരും വിമർശിക്കാൻ പാടില്ലായിരുന്നു.

യുവാവായ നെഹ്‌റുവിന്റെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ആശയങ്ങൾ അക്കാലത്തു തികച്ചും വിപ്ലവകരങ്ങളായിരുന്നു. യുദ്ധകാല അവസ്ഥകളിൽ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നത് വിവേകമല്ലെന്നു ഗോപാല കൃഷ്ണ ഗോഖലെയെപ്പോലുള്ള മിതവാദികൾ അക്കാലത്ത് വാദിച്ചിരുന്നു. നെഹ്‌റു ബ്രിട്ടീഷ് സർക്കാരിനോട് എല്ലാ വിധത്തിലും നിസഹകരണമാണ് വേണ്ടതെന്നും വാദിച്ചു. ബ്രിട്ടീഷ്കാരുടെ നയത്തെ പിന്തുടരുന്ന ഐ.സി.എസ് (I.C.S.)മുതലായ ഹോണററി സ്ഥാനമാനങ്ങളെ അദ്ദേഹം പരിഹസിച്ചു. ആ ബഹുമതി ഇന്ത്യനുമല്ല, (Indian) സിവിലുമല്ല(civil) സേവനവുമല്ലെന്നു(Service) പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സിവിൽ സർവീസ് പരീക്ഷകളെ ഇന്ത്യൻ ജനത ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മിതവാദികളുടെ കൂടെയായിരുന്നെങ്കിലും നെഹ്‌റു അക്കാലത്തു തീവ്രവാദികളോടൊപ്പം പ്രവർത്തിക്കാനാണ് താല്പര്യപ്പെട്ടത്. 

1915-ൽ ഗോഖലെ മരിച്ചശേഷം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള മിതവാദികളുടെ സ്വാധീനം കുറഞ്ഞു. 'ലോകമാന്യ തിലകനെയും' 'ആനി ബസന്റി'നെയും പോലുള്ള തീവ്രചിന്താഗതിക്കാർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായുള്ള പുതിയ സമരമുഖങ്ങൾ തുറന്നുവിട്ടു. അവരുടെ സമരാഹ്വാനങ്ങൾക്ക് കോൺഗ്രസിന്റെ സമ്മതം അന്ന് കിട്ടിയില്ല.1916-ൽ തിലകനും ആനിബസന്റും കോൺഗ്രസിന് ബദലായി മറ്റൊരു സംഘടനയുണ്ടാക്കി. എന്നാൽ നെഹ്‌റു രണ്ടു പാർട്ടികൾക്കും അനുകൂലമായി നിന്നു. അതിന്റെ കാരണവും നെഹ്‌റു പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോൾ മുതൽ ആനി ബസന്റ് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും രാഷ്ട്രീയ കാൽവെപ്പിനും കാരണക്കാരി അവരായിരുന്നുവെന്നും നെഹ്‌റു പറയുമായിരുന്നു. 1916-ൽ ഹിന്ദു മുസ്ലിം ഐക്യം സംബന്ധിച്ച ഒരു ഉടമ്പടി കോൺഗ്രസും മുസ്ലിം ലീഗും ഒപ്പുവെച്ചിരുന്നു. അന്ന് അത്തരം ഒരു ഉടമ്പടി ഒപ്പുവെച്ചതും ആനന്ദഭവനിലായിരുന്നു. നെഹ്രുവിന്റെ രാഷ്ട്രീയ ഭാവിക്ക് അതും ഒരു കാരണമായിരുന്നു. രണ്ടു മതങ്ങൾ തമ്മിലുള്ള ആ യോജിപ്പിനെ നെഹ്‌റു സ്വാഗതം ചെയ്തിരുന്നു. അതിനെ ലക്‌നൗ ഉടമ്പടിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

1919 ലാണ് നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നത്. 1920-ലെ ഗാന്ധിജിയുമൊത്തു പ്രവർത്തിച്ച നിസഹകരണ പ്രസ്ഥാനമാണ് നെഹ്‌റുവിനെ ദേശീയ രാഷ്ട്രീയത്തിന്റെ തലപ്പത്തിലെത്തിച്ചത്. ഉത്തർപ്രദേശിൽ അതിനു നേതൃത്വം കൊടുത്തത് നെഹ്‌റുവായിരുന്നു. സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്ന പേരിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം ജയിൽ വിമുക്തനാക്കി. നിസഹകരണ പ്രസ്ഥാനം പൊളിഞ്ഞതോടെ കോൺഗ്രസിൽ തന്നെ പിളർപ്പുണ്ടായി. തന്റെ പിതാവ് മോത്തിലാലും സി.ആർ. ദാസും നേതൃത്വം നൽകിയിരുന്ന സ്വരാജ് പാർട്ടിയിൽ നെഹ്‌റു ചേരാതെ ഗാന്ധിജിയ്‌ക്കൊപ്പം നിന്നു. കൂടാതെ 'ചൗരി ചൗരാ' സംഭവവും ഉണ്ടായത് അക്കാലത്താണ്. നിസഹകരണ വിപ്ലവകാരികൾ ഗോരഖ്‌പൂരിലുള്ള 'ചൗരി ചൗരാ'യിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീ വെക്കുകയും ചെയ്തു. അതിനുള്ളിലുള്ള ഇരുപത്തിയെട്ടു പോലീസുകാരും മൂന്നു പൗരജനങ്ങളും മരണമടഞ്ഞിരുന്നു. അതുമൂലം ദേശീയ ലെവലിൽ നിസഹകരണ പ്രസ്ഥാനത്തിൽനിന്നും കോൺഗ്രസ്സ് പിന്മാറി. 'ചൗരി ചൗരാ'യെന്ന ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യത്തിന്റെ പോരാട്ടം മറ്റൊരു ദിശയിൽ ആകുമായിരുന്നുവെന്നു ഗാന്ധിജി പറയുമായിരുന്നു. 

1920 ലും 1930 ലും നെഹ്രുവിനു പൗരനിയമ ലംഘനം കൊണ്ട് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1940 ഒക്ടോബര്‍ 31ന് അറസ്റ്റിലായ അദ്ദേഹത്തെ 1941 ഡിസംബറിൽ ‍മോചിതനാക്കി. 1942 ഓഗസ്റ്റ് ഏഴിനു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ അദ്ദേഹത്തിന്റെ ജയില്‍വാസം. ആകെ ഒമ്പതു തവണകൾ  ജയിലിലടയ്ക്കപ്പെട്ടു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൾകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി. സ്വാതന്ത്ര്യ സമര കാലങ്ങൾ മുഴുവനും ഗാന്ധിജിയുടെ അഹിംസാ തത്ത്വങ്ങളായിരുന്നു അദ്ദേഹം പിന്തുടർന്നത്. 

നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒരു ആഗോള കാഴ്ചപ്പാടിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശവുമായി രാജ്യങ്ങൾ തോറും അക്കാലങ്ങളിൽ യാത്ര ചെയ്തിരുന്നു.1927-ൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഫലപ്രദമാകാൻ ബ്രസീലിലും ബെൽജിയത്തിലും നടന്ന സമ്മേളനങ്ങളിൽ പങ്കു ചേർന്നിരുന്നു. സാമ്രാജ്യ ശക്തികൾക്കെതിരായുള്ള സമ്മേളനങ്ങളായിരുന്നു അതെല്ലാം. ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് നെഹ്‌റുവിനെ ആ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു.    

1936-ൽ നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിന്തുണകളും നേടി യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ കമല കൗൾ നെഹ്‌റു (Kamala Kaul Nehru) മരിക്കുന്നതിനു മുമ്പ് സ്വിറ്റ്‌സർലണ്ടിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ ചീകത്സയിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യമായാലും യുദ്ധത്തിൽ ഫ്രാൻസിനെയും ബ്രിട്ടനേയും മാത്രമേ പിന്തുണയ്ക്കുള്ളൂവെന്നും അദ്ദേഹം പറയുമായിരുന്നു. ലോക രാജ്യങ്ങളുമായി അഭിപ്രായ ഐക്യത്തിനും പിന്തുണയ്ക്കുമായി അതാത് രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആശയവിനിമയവും നടത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസുമായി നെഹ്‌റു കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. എങ്കിലും 1930-ൽ അവർ ഇരുവരും അഭിപ്രായ വ്യത്യസങ്ങൾമൂലം രണ്ടു ചേരികളിലായി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ്കാരെ പുറത്താക്കാൻ ജർമ്മനി പോലുള്ള ഫാസിസ്റ്റു രാജ്യങ്ങളുമായി സുബാഷ് ചന്ദ്ര ബോസ് സഹകരിക്കുന്നതിലും സഹായം അന്വേഷിക്കുന്നതിലും നെഹ്‌റുവിന് എതിർപ്പുണ്ടായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായ മുസ്സോലിനി നെഹ്‌റുവിനെ കാണാൻ താൽപ്പര്യം കാണിച്ചപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. 

സ്വാതന്ത്ര്യത്തിനു മുമ്പേ രാജകീയ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർദാർ വല്ലഭായി പട്ടേലുമൊത്തു നെഹ്‌റു ആരംഭിക്കുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ രാജഭരണത്തിന്റെ കീഴിൽ സ്വന്തമായ പട്ടാളം അനുവദിക്കില്ലെന്നു 1946-ൽ നെഹ്‌റു വിളംബരം ചെയ്തു. ആരെങ്കിലും അതിനു ഒരുമ്പെടുമെങ്കിൽ അത് ഇന്ത്യൻ യുണിയനോടുള്ള ശത്രുതയായി കണക്കാക്കുമെന്നും അദ്ദേഹം രാജാക്കന്മാർക്കു മുന്നറിയിപ്പു കൊടുക്കുകയുമുണ്ടായി. 1935ലെ ബ്രിട്ടീഷ് സർക്കാരുമായുണ്ടാക്കിയ ഒരു ഉടമ്പടിയിൽ രാജഭരണ പ്രദേശങ്ങൾക്ക് ഫെഡറൽപോലെ വേറിട്ട സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ അന്നത്തെ കോൺഗ്രസ്സിൽ ഭൂരിഭാഗം നേതാക്കന്മാർ അനുകൂലിച്ചപ്പോൾ നെഹ്‌റു എതിർക്കുകയാണുണ്ടായത്. എല്ലാ രാജസ്റ്റേറ്റുകളും ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ഭരണഘടനയുടെ നക്കലുണ്ടാക്കിയത് നെഹ്രുവിന്റെ സ്വാധീനം മൂലമായിരുന്നു.1971-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ രാജാക്കന്മാരുടെ പ്രിവി പേഴ്സ് ഇല്ലാതാക്കിയതും രാജകീയാവകാശങ്ങൾ എടുത്തു കളഞ്ഞതും നെഹ്‌റു തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ പൂർത്തികരിക്കലായിരുന്നു.    

1947 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യാ സ്വാതന്ത്ര്യം നേടിയ വേളകളിൽ, നാടുമുഴുവൻ കലാപവും രക്തപ്പുഴകളും ഒഴുകുകയായിരുന്നു. പാകിസ്ഥാൻ വിഭജനവും കാശ്മീർ പ്രശ്നവും അനേകായിരങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സ്വത്തുക്കൾ നഷ്ടപ്പെടുന്നതിനും കാരണമായി. 

പതിനേഴു വർഷത്തെ അദ്ദേഹത്തിൻറെ ഭരണകാലം സോഷ്യലിസ്റ്റു വ്യവസ്ഥയിലുള്ള ഒരു ജനാധിപത്യ സംവിധാനത്തിലായിരുന്നു. 1951 മുതൽ പഞ്ചവത്സര പദ്ധതികളിൽക്കൂടി വ്യവസായവൽക്കരണത്തിന്റെ ആരംഭം കുറിച്ചു. ധാന്യവിളകൾ വർദ്ധിപ്പിക്കാൻ കൃഷിയേയും ജലസേചന പദ്ധതികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം പൊതു വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പാരമ്പര്യ സ്വത്തുക്കളിൽ സ്ത്രീകൾക്കും ഭർത്താക്കന്മാർക്കൊപ്പം തുല്യമായ അവകാശങ്ങളും ലഭിച്ചു. ജാതി മത വർഗ വ്യവസ്ഥയിലുള്ള വിവേചനത്തിനെതിരായി സംവരണവും നിയമങ്ങളും പാസ്സാക്കികൊണ്ടിരുന്നു. ഇന്ത്യയുടെ ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി നെഹ്‌റു നൽകിയ സംഭാവന അതുല്യമാണ്. പഞ്ചവത്സര പദ്ധതികളിൽകൂടി അദ്ദേഹം ഭാരതത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ചു. കൃഷിയും കുടിൽവ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടപ്പാക്കികൊണ്ടിരുന്നു.  

ശീതസമര കാലത്ത് നെഹ്‌റു ചേരിചേരാ നയമായിരുന്നു അവലംബിച്ചിരുന്നത്. എന്നാൽ 1956-ൽ സോവിയറ്റ് യൂണിയൻ ഹംഗറിയെ ആക്രമിച്ചപ്പോൾ നിശ്ശബ്ദനായിരുന്നതിൽ വിമർശനങ്ങളുണ്ടായിരുന്നു.. 

എഴുത്തുകാരനെന്ന നിലയിൽ അനേക ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങളും അദ്ദേഹത്തിൻറെ രാഷ്ട്രീയപരമായ ജീവിത പശ്ചാത്തലങ്ങളിൽ രചിക്കപ്പെട്ടതായിരുന്നു. ജയിൽവാസ കാലങ്ങളിൽ മുഴുവൻ സമയവും പുസ്തക രചനയിൽ വ്യാപൃതനായിരുന്നു. 1937-ൽ അദ്ദേഹം സോവിയറ്റ് യൂണിയനെ സംബന്ധിച്ച യാത്രാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ലോക ചരിത്ര അവലോകനം (Glimpses of World History) എന്നിവകളാണ് അദ്ദേഹത്തിൻറെ മറ്റു കൃതികൾ. 'ഇന്ത്യയെ കണ്ടെത്തൽ', 'ആത്മകഥ', 'ഇന്ത്യ ഇന്നും അന്നും നാളെയും' മുതലായ കൃതികൾ പ്രസിദ്ധങ്ങളാണ്. 'ഒരച്ഛൻ മകൾക്കയച്ച കത്തുകളെ'ന്നത് പത്തുവയസ്സായ മകൾ ഇന്ദിരയ്ക്ക് എഴുതുന്ന ലേഖനങ്ങളായിരുന്നു. പ്രകൃതിയും സർവ്വ ജീവജാലങ്ങളും അവകളുടെ  ഉത്ഭവവും ആദ്യമുണ്ടായ ജീവികളും കത്തിലെ വിഷയങ്ങളായിരുന്നു. കൂടാതെ ചരിത്രം, ഭൂമിശാസ്ത്രം മുതലായവകൾ ഉൾപ്പെടുത്തിക്കൊണ്ട് മുപ്പത്തിയൊന്നു അദ്ധ്യായങ്ങളിലായി ഗവേഷണ പാടവത്തോടെ വിഷയങ്ങളെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. കഥകളുടെ രൂപത്തിൽ സംഭവങ്ങളെയും ഹൃദ്യമായ രീതിയിൽ വിവരിച്ചുകൊണ്ടായിരുന്നു ആ അച്ഛൻ മകൾക്കുവേണ്ടി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 

പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ദീർഘദൃഷ്ടിയോടെ എത്തിച്ചതാണ് നെഹ്‌റു രാഷ്ട്രത്തിനായി നൽകിയ ഏറ്റവും വലിയ സംഭാവന. കൊളോണിയൽ ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ദരിദ്രജനതയെ പുനരുദ്ധരിച്ചുകൊണ്ടു നവോത്ഥാന പാതയിൽ എത്തിച്ചതും നെഹ്‌റുവായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ നെഹ്‌റു ആദ്യമായി അമേരിക്കയിൽ സന്ദർശനം തുടങ്ങുന്ന നാളുകളിൽ ഇൻഡ്യയിൽ രൂക്ഷമായ ഭക്ഷ്യപ്രശ്‍നമുണ്ടായിരുന്നു. ഗോതമ്പും അരിയും തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്കായി അമേരിക്കയുടെ സഹായം അഭ്യർഥിക്കാൻ ചില ക്യാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 'ആദ്യമായി ഒരു രാജ്യം സന്ദർശിക്കുന്ന വേളയിൽ താൻ ഒരു പിച്ചപാത്രവും കൈകളിലേന്തി പോകാൻ തയ്യാറല്ലെന്നും' നെഹ്‌റു മറുപടി കൊടുത്തു. 'അത്തരം പ്രശ്നങ്ങൾ നാം തന്നെ പരിഹരിക്കണമെന്നും' അദ്ദേഹം പറഞ്ഞു. 

1954-ൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനങ്കൽ നെഹ്‌റു ഉത്‌ഘാടനം ചെയ്തു. "ആധുനിക ഇന്ത്യയുടെ മഹത്തായ ഒരു പുണ്യസങ്കേതമെന്നാണ്" അദ്ദേഹം അണക്കെട്ടിനെ വിശേഷിപ്പിച്ചത്. വ്യവസായവൽക്കരണമാണ് ഇൻഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്നും അദ്ദേഹം വിശ്വസിച്ചു. എങ്കിൽ മാത്രമേ സ്വന്തം ജനതയുടെ അഭിവൃത്തിക്കൊപ്പം ലോക രാഷ്ട്രങ്ങളോടും മത്സരിക്കാൻ സാധിക്കുള്ളൂവെന്നും നെഹ്‌റു പറഞ്ഞു.     

നെഹ്‌റു ഒരു രാഷ്ട്രീയ ചിന്തകനുപരി ഒരു തത്ത്വചിന്തകനും കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ഇന്ത്യയുടെ ഭാവിയെപ്പറ്റി ഗഹനമായി അദ്ദേഹം ചിന്തിക്കുമായിരുന്നു. അദ്ദേഹം ഗ്ലിമ്പ്സസ് ഓഫ് വേൾഡ് ഹിസ്റ്ററിയിൽ (glimpses of world history) എഴുതി, "സ്വാതന്ത്ര്യമെന്നു പറയുന്നത് നാം ബ്രിട്ടീഷ് കോളനിയിൽ നിന്ന് വിമുക്തി നേടുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തീർച്ചയായും നമുക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അതിൽ കൂടുതലായും നാം നേടേണ്ടതായുണ്ട്. ആദ്യം അകം വെടിപ്പാക്കണം. സമ്പൂർണ്ണമായ ദാരിദ്ര്യവും ജനങ്ങളുടെ കഷ്ടപ്പാടും നമ്മുടെ പുണ്യഭൂമിയിൽ നിന്നും ഇല്ലാതാക്കണം. താത്ത്വികനായ നെഹ്‌റുവിൽ വന്ന വൈകാരിക ഭാവങ്ങളെ താത്ത്വികമായും പ്രായാഗികമായും രാഷ്ട്രീയ ചിന്തകളിൽക്കൂടിയും പിന്നീട് അദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നു.

മതം മനുഷ്യന്റെ പുരോഗതിയിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നന്മയുടെയും മൂല്യതയുടെയും കാരണമായി മനുഷ്യരെ നയിച്ചിട്ടുണ്ട്. അതേ സമയം ഈ നന്മകൾക്കെല്ലാം ഉപരി സത്യത്തെ അതിന്റെ തടവറയിൽ ഒളിപ്പിച്ചും വെച്ചു. സത്യമെന്നത് ആരുടേയും കുത്തകയല്ലെന്ന് ശാസ്ത്രീയ ചിന്തകരും അറിയണം. ശാസ്ത്രീയ വീക്ഷണത്തോടെയായാലും മതമായാലും രണ്ടു തത്വങ്ങളും അപകടം പിടിച്ചതാണ്.

സത്യത്തെപ്പറ്റിയും അദ്ദേഹം തന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്താണ് സത്യമെന്നുള്ളത്? പൗരാണിക കാലം മുതലുള്ള ചോദ്യമാണത്‌. ഓരോരുത്തരുടെയും ഭാവനകളിൽ ആയിരക്കണക്കിന് ഉത്തരങ്ങൾ ലഭിച്ചു കഴിഞ്ഞു. എങ്കിലും ആ ചോദ്യം ഇന്നും അവിടെയുണ്ട്. ചോദ്യങ്ങൾ സ്വയം ചോദിക്കുകയെന്നതാണ് അതിലേക്കുള്ള ശരിയായ വഴി. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അംഗീകരിക്കണം. കാരണം സത്യമെന്നുള്ളത് അതിരില്ലാത്തതാണ്. സത്യത്തിലെ പൂർണ്ണതയുടെ അതിരിങ്കൽ നാം ഒരിക്കലും ചെന്നെത്തില്ല. നാം കണ്ടെത്താതിനെ കൈപ്പറ്റുവാൻ നിത്യം യാത്ര ചെയ്യുകയാണ്. ഭാരതത്തിന്റെ മഹാനായ ഈ പുത്രൻ തന്റെ അവസാന ശ്വാസം വരെയും ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള ഈ യാത്രയിലായിരുന്നു.


Dwight D. Eisenhower
Nehru with Krishna  on his right, Vijaya Lakshmi on his left, 






Sunday, February 5, 2017

കുടുംബയോഗം സാഹോദര്യത്തിന്റെ സംഗമവേദി:



പി.എം.ഫിലിപ്പ് (കുടുംബയോഗ പ്രസിഡന്റ്) 

മനുഷ്യ ചരിത്രം ഒരു പരമ്പര ഓട്ടം (റിലേ റെയിസ്) ആണല്ലോ. മുൻഗാമികളുടെ അത്യദ്ധ്വാനത്തിലൂടെ ആർജിച്ചെടുത്ത നന്മയും സിദ്ധികളും അടുത്ത തലമുറയിലേക്ക് അനസ്യൂതം കൈമാറ്റം ചെയ്യുന്നതിലൂടെ ചരിത്രം സമ്പന്നമാക്കുന്നു. ഒരു നാടിന്റെ ചരിത്രം അതിലെ കുടുംബങ്ങളുടെ ചരിത്രം കൂടിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാടിന്റെ ചരിത്രഗതികളെ നിയന്ത്രിക്കുന്നതിൽ കുടുംബങ്ങൾക്ക് അതുല്യമായ ഒരു പങ്കുണ്ട്. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അതുകൊണ്ട് കുടുംബങ്ങളുടെ നന്മയും സുസ്ഥിതിയും ഒരു നാടിന്റെ ഭദ്രതയ്ക്ക് ആവശ്യ ഘടകമാണ്.

തെക്കൻകൂർ രാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്ന കാഞ്ഞിരപ്പള്ളിയിലേയ്ക്ക് ഏകദേശം 650 വർഷങ്ങൾക്കുമുമ്പ് നിലയ്ക്കൽനിന്നും കുടിയേറിയ വലിയവീട്ടിൽ തൊമ്മി കാരണവരുടെ പിന്തലമുറക്കാരിലൂടെ കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ കുടുംബങ്ങൾ രൂപം കൊണ്ടു. തൊമ്മിക്കാരാണവരുടെ വംശാവലിയിൽ പന്ത്രണ്ടാം തലമുറയിലെ പടന്നമാക്കൽ ചാണ്ടപ്പിള്ളയിലൂടെ പടന്നമാക്കൽ കുടുംബം സ്ഥാപിതമായി.

കാലപ്രവാഹത്തിൽ പടന്നമാക്കൽ, പുതുപ്പറമ്പിൽ, വാഴവേലിൽ, ഇടയാടി എന്നിങ്ങനെ അഞ്ചു ശാഖകളായി നാടിന്റെ നാനാഭാഗങ്ങളിൽ ഇവർ കഴിയുന്നു.

തെക്കുംകൂർ രാജാവിന്റെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രീഭൂതനായിരുന്ന പടന്നമാക്കൽ ചാണ്ടപ്പിള്ളയുടെ വംശാവലിയിലുള്ള നമ്മുടെ കുടുംബാംഗങ്ങൾ ആ പൈതൃകം കാത്തു സൂക്ഷിക്കാൻ 1976 മുതൽ മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ക്രാന്തദർശികൾ ചേർന്ന് രൂപം കൊടുത്തതാണ് നമ്മുടെ കുടുംബയോഗം. ഇതിന്റെ ചരിത്രത്തിലെ സുപ്രധാന ഒരു നാഴികക്കല്ലായി 1989-ൽ അന്നത്തെ കുടുംബയോഗം പ്രസിഡന്റായിരുന്ന ശ്രീ എ.സി.ദേവസ്യാ ഇടയാടിയുടെ നേതൃത്വത്തിൽ കുടുംബചരിത്രത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. പിന്നീട് 2007-ൽ ശ്രീ ജോസഫ് പടന്നമാക്കലിന് തന്റെ അത്യദ്ധ്വാനത്തിലൂടെ അഞ്ഞൂറിലധികം പേജ് വരുന്ന കുടുംബചരിത്രത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. സ്തുത്യർഹമായി സേവനം ചെയ്ത ഈ മഹത്‌വ്യക്തികളോട് കുടുംബയോഗത്തിനുള്ള നന്ദിയും കടപ്പാടും ഇത്തരുണത്തിൽ രേഖപ്പെടുത്തുന്നു.

കുടുംബയോഗം പാരമ്പര്യത്തിന്റെയും പൈതൃകമായി ലഭിച്ച നന്മകളുടെയും കൈമാറ്റത്തിനുള്ള വേദിയാണ്. ഏക പിതാവിന്റെ മക്കളെന്ന നിലയിൽ ഒത്തുചേരാനും പരസ്പ്പരം പ്രോത്സാഹിപ്പിക്കാനും പങ്കുവെയ്ക്കാനും പരസ്പ്പരം പ്രാർത്ഥിക്കാനും നമുക്ക് കഴിയണം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വം കുടുംബയോഗത്തിനുണ്ട്. മാസംതോറും എല്ലാ രണ്ടാം ഞായറാഴ്ചകളിലും കുടുംബയോഗ കമ്മിറ്റി കുടുംബയോഗം ഓഫീസിൽ കൂടുന്നു. 2004-ൽ തുടക്കം കുറിച്ച പടന്നമാക്കൽ ഫാമിലി വെൽഫേർ ഫണ്ട് ഇപ്പോഴും അഭംഗുരം തുടരുന്നു. കുടുംബയോഗത്തിന്റെ കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കാൻ ഉള്ള സാമ്പത്തിക സ്രോതസ്സാണത്. എസ്.എസ്..എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന, കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യുന്നു.

 ആധുനിക കാലഘട്ടം ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ചത് കുടുംബബന്ധങ്ങളെയാണ്. സന്തുഷ്ടമായ കുടുംബങ്ങളും ധാർമ്മികതയും നീതിബോധവുമുള്ള കരുത്തുറ്റ വ്യക്തിത്വങ്ങളും ഏതൊരു സമൂഹത്തിന്റെയും വലിയ സമ്പത്താണ്. ധന സമ്പാദന മാർഗത്തോടൊപ്പം ലക്ഷ്യബോധവും കഠിനാദ്ധ്വാന ചിന്തയും ഉള്ള സൽസ്വഭാവികളായ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുവാൻ കുടുംബങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പിന്തള്ളപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ഏതൊരാൾക്കും കൈത്താങ്ങാകാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. ഈശ്വര ചിന്തയും ത്യാഗസന്നദ്ധതയും സേവനമനോഭാവവും ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള പോരാട്ടവീര്യവും കൈമോശം വരാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിഞ്ഞാൽ കുടുംബയോഗം അതിന്റെ ധർമ്മം നിർവഹിച്ചുവെന്നു പറയാം.

കുടുംബയോഗത്തിന് തുടക്കം കുറിക്കാനും കുടുംബാംഗങ്ങളെ കർമ്മോത്സകരാക്കുവാനും ആത്മാർത്ഥമായി ശ്രമിക്കുന്ന കുടുംബാംഗങ്ങളായ പുരോഹിതരെയും സന്യാസിനികളെയും മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കാരണവന്മാരെയും സഹപ്രവർത്തകരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരു നല്ല നാളെയുടെ പുനഃസൃഷ്ടിക്കായി തോളോട് തോൾ ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം.

Saturday, February 4, 2017

രമണ മഹർഷിയും ചിന്തകളും




ജോസഫ് പടന്നമാക്കൽ 

ശങ്കരാചാര്യർക്കുശേഷം ലോകമറിയപ്പെടുന്ന  ഒരു ഋഷി വര്യനായി രമണ മഹർഷിയെ  ആദരിക്കുന്നു.  കിഴക്കും പടിഞ്ഞാറും ഒരുപോലെ ആദ്ധ്യാത്മിക സന്ദേശത്തിന്റെ ചൈതന്യം വീശുവാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതും സനാതനികൾക്ക് അഭിമാനിക്കാം. തെറ്റുകളധികം ആവർത്തിക്കാത്ത   കളങ്കമറ്റ സുന്ദരമായ ഒരു ജീവിതം രമണനെന്ന  ഋഷിവര്യനിലുണ്ടായിരുന്നു. പരിശുദ്ധിയുടെ ഹൃദയഹാരിയായ മനോഹാരിത ആ ലളിത ജീവിതത്തിൽ നിത്യവും പ്രകാശിച്ചിരുന്നു. എളിമയുടെ മൂർത്തികരണമായിരുന്ന രമണമുനി  ബൗദ്ധിക തലങ്ങളിലും ഉന്നത നിലവാരം പുലർത്തിയിരുന്നു. മനുഷ്യഹൃദയങ്ങളിൽ ആവേശം പകർന്നുകൊണ്ടിരുന്ന ഒരു കവിയും തത്ത്വ ചിന്തകനുമായിരുന്നു. അരുണാചല മലമുകളിലെ നിർമ്മലമായ വായു ശ്വസിച്ചുകൊണ്ടും തണൽ വൃക്ഷങ്ങളെ ആശ്രയിച്ചുകൊണ്ടും ഏകാന്തമായ ഒരു ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ധ്യാനനിരതമായ നിശബ്ദത ആ യോഗീശ്വരന്റെ ഗാഢമായ ചിന്തകളുടെ ഭാഗമായിരുന്നു. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരെയും  ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.

ആദ്ധ്യാത്മിക ചിന്താലോകത്തിലെ ആ വലിയ വിപ്ലവകാരി എന്തിനെയും പ്രതികരിക്കുന്ന ഒരു സാത്വികനും ആചാര്യനുമായിരുന്നു. ദൈവത്തെ അന്വേഷിക്കുന്നവരായവർക്ക് ഒരു നിഴലുപോലെ   അവരോടൊപ്പം എന്നുമുണ്ടായിരുന്നു. സ്വയം ഒരു അന്വേഷകനായി എവിടെയോ ബോധമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന ആത്മത്തെ കണ്ടെത്തുകയെന്ന ഒരു അദ്വൈതവാദിയായിരുന്നു അദ്ദേഹം. ദുഃഖങ്ങൾ മായയാണെന്നും മനുഷ്യൻ അതിൽനിന്നും മോചിതനായി സ്വയം കീഴടങ്ങണമെന്നും നിർദേശിച്ചു. അദ്വൈത വേദങ്ങൾ സർവ്വജാതികളുടെയും ആത്മീയ പരിവർത്തനങ്ങൾക്കുള്ള മാർഗമായി രമണ മഹർഷി തുറന്നുകൊടുത്തു. വിശാല ഹൃദയത്തോടെയുള്ള വേദ സാരോപദേശങ്ങൾ മറ്റു ഋഷിവര്യന്മാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.

പതിനേഴാം വയസിൽ ബുദ്ധനെപ്പോലെ ദിവ്യമായ ബോധദീപ്തി നേടിയെന്നു രമണ മഹർഷി അവകാശപ്പെടുന്നു. അതിനുശേഷം തെക്കേ ഇന്ത്യയിലുള്ള പുണ്യ കേന്ദ്രമായ അരുണാചൽ മലയിൽ ഏകദേശം അമ്പതു വർഷങ്ങളോളം ജീവിച്ചു. അദ്ദേഹത്തിൻറെ ആശ്രമത്തിൽ ഇന്നും ദിനം പ്രതി ആയിരക്കണക്കിന് സന്ദർശകർ വന്നും പോയും കൊണ്ടിരിക്കുന്നു. അവരിൽ ധനികരോ ദരിദ്രോയെന്നു വ്യതാസമില്ലാതെ ഏവരെയും ഒരുപോലെ അദ്ദേഹം സ്വീകരിച്ചിരുന്നു. ലോകമാകമാനമുള്ള നാനാ ജാതി മതസ്ഥരും പണ്ഡിതരും വിവിധ സംസ്ക്കാരങ്ങളിലുള്ളവരും അവിടെ വന്നെത്തിയിരുന്നു. അദ്ധ്യാത്മികത തേടിയുള്ള രമണാശ്രമത്തിലേക്കുള്ള ജനപ്രവാഹത്തിനു രമണമഹർഷിയുടെ മരണവും തടസ്സമായില്ല. രമണ തത്ത്വങ്ങൾ പഠിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം അവിടെ വന്നെത്തുന്നുണ്ട്.

തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുച്ചുളി ഗ്രാമത്തിൽ 1879 ഡിസംബർ മുപ്പതാം തിയതി വെങ്കട്ടരാമനെന്നറിയപ്പെട്ടിരുന്ന രമണ മഹർഷി ജനിച്ചു. ഗ്രാമത്തിലെ ഒരു അക്കൗണ്ട് ക്ലർക്കായിരുന്ന സുന്ദരം അയ്യരായിരുന്നു അദ്ദേഹത്തിൻറെ പിതാവ്. പിന്നീട് പ്ലീഡറായി അടുത്തുള്ള കോടതിയിൽ ജോലി ചെയ്തിരുന്നു. മക്കളെ സാമാന്യം നല്ല നിലയിൽ വളർത്താനുള്ള വരുമാനവും ഉണ്ടായിരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെയും സാധുക്കളെയും സഹായിക്കാനുള്ള നല്ല മനഃസ്ഥിതിയുമുണ്ടായിരുന്നു. കോടതിയിലും അദ്ദേഹത്തിന്റെ പിതാവിന് സമുന്നതമായ ഒരു സ്ഥാനം കല്പിച്ചിരുന്നു. ചില സമയങ്ങളിൽ വാദികളും പ്രതികളും ഒരു പോലെ അവർക്കുവേണ്ടി വാദിക്കണമെന്നു പറഞ്ഞെത്തുമായിരുന്നു.

രമണന്റെ അമ്മ 'അളഗമ്മ' 'മനമാധുരൈ'ക്കു സമീപമുള്ള 'പസലൈ' യെന്ന സ്ഥലത്തായിരുന്നു ജനിച്ചത്. അവർ ശിശുവായിരുന്നപ്പോൾ തന്നെ സുന്ദരം അയ്യരെ വിവാഹം ചെയ്തിരുന്നു. അക്കാലത്ത് സ്‌കൂൾ വിദ്യാഭ്യാസമൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും വേദാന്തത്തിലെ ശ്ലോകങ്ങൾ പഠിക്കുകയും മറ്റുള്ളവരുടെ മുമ്പിൽ ഉരുവിടുകയും ചെയ്യുമായിരുന്നു.

അളഗമ്മയും അവരുടെ ഭർത്താവു സുന്ദരവും അക്കാലത്തെ ആരെയും ആകർഷിക്കുന്ന മാതൃകാ ദമ്പതികളായിരുന്നു. ഏതു പാതിരായ്ക്കും അവരുടെ വീട്ടിൽ അതിഥികൾ വന്നാൽ അളഗമ്മ അവരെ എന്നും സ്നേഹപൂർവ്വം സൽക്കരിക്കുമായിരുന്നു. സംസ്കൃത വാക്കായ സുന്ദരവും തമിഴ്‍ വാക്കായ അളഗമ്മയും പേരുകളിൽ ഒരേ അർത്ഥമാണ് കല്പിച്ചിരിക്കുന്നത്, അതായത് സുന്ദരനും സുന്ദരിയും. രമണൻ അരുണാചലിൽ തപസിലായിരുന്നപ്പോൾ "നീയും ഞാനും ഒന്നായിരിക്കട്ടെ, അളഗുവിനേയും സുന്ദരത്തെപ്പോലെയും തമ്മില്‍ പിരിക്കാന്‍ കഴിയരുതേ" യെന്നു' ദേവ പർവ്വതമായ അരുണാചലനെ സ്തുതിച്ചു പാടുമായിരുന്നു.

ഒരു സാധാരണ ബാലനെപ്പോലെയാണ് വെങ്കിട്ടരാമൻ വളർന്നത്. അഞ്ചു വയസുവരെ അമ്മയുടെ മുലപ്പാൽ കുടിച്ചു ആരോഗ്യവാനായി അവൻ വളർന്നു. ഗ്രാമത്തിലുള്ള സകല ജനത്തിനും ആ ബാലനെ സ്നേഹമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തിരുച്ചുളിയിൽ... മൂന്നു വർഷം അവിടെ പഠിച്ചു. പതിനൊന്നു വയസുവരെ സെക്കണ്ടറി വിദ്യാഭ്യാസം ദിണ്ടിഗലിൽ ആയിരുന്നു. വെങ്കിട്ടരാമൻ ബുദ്ധിമാനായിരുന്നെങ്കിലും പഠനത്തിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ല. പഠനത്തെക്കാളും സ്പോർട്സിലും ഗെയിംസിലുമായിരുന്നു താൽപ്പര്യം. 'ഭൂമിനാദേശ്വര അമ്പലവും' അതിന്റെ പരിസരങ്ങളും ഈ ബാലന്റെ പ്രധാന കളിസ്ഥലങ്ങളായിരുന്നു. അമ്പലക്കുളത്തിൽ കുട്ടികളുമൊത്ത് നീന്തുന്നതും ഒരു കൗതുകമായിരുന്നു.

1892-ൽ സുന്ദരം അയ്യർ അപ്രതീക്ഷിതമായി മരണമടഞ്ഞു. അദ്ദേഹം അന്ന് നാൽപ്പതു വയസിനടുത്ത പ്രായമായിരുന്നു. വെങ്കിട്ടരാമനു   പന്ത്രണ്ടു വയസു പ്രായവും.  മൂത്ത സഹോദരൻ നാഗസ്വാമിയ്ക്ക് പതിനാലു വയസും ഇളയ സഹോദരൻ നാഗസുന്ദരത്തിനു ആറുവയസും സഹോദരി അളമേലുവിനു നാലു വയസുമായിരുന്നു പ്രായമുണ്ടായിരുന്നത്. സ്‌കൂളിൽനിന്നു വന്നെത്തിയ വെങ്കിട്ടരാമന് ആ സായംകാലത്തിൽ അച്ഛൻ മരിച്ചു കിടക്കുകയെന്ന വിവരം അറിയില്ലായിരുന്നു.   അന്ന് അച്ഛായെന്നു മൃതദേഹത്തെ കുലുക്കികൊണ്ടു വിളിച്ചപ്പോൾ അദ്ദേഹത്തിൻറെ അമ്മാവൻ സമാശ്വസിപ്പിച്ചുകൊണ്ടു, 'ഇനിയൊരിക്കലും നിന്റെ അച്ഛൻ വിളികേൾക്കില്ലാ'ന്നു പറഞ്ഞു. ജഡികമായ ഒരു ജീവിതത്തെപ്പറ്റി അപ്പോഴാണ് വെങ്കിട്ടരാമൻ ചിന്തിക്കാനാരംഭിച്ചത്.

വെങ്കിട്ടരാമൻ സ്‌കോട്ട് മിഡിൽ സ്‌കൂളിൽ പ്രാരംഭ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം ചെയ്തത് അമേരിക്കൻ മിഷ്യൻ സ്‌കൂളിലായിരുന്നു. സാധാരണ കുട്ടിയെന്നതിലുപരി പഠിക്കാൻ അതിസമർത്ഥനായിരുന്നില്ല. ക്ലാസ്സിൽ ഒരിക്കലും ഗൃഹപാഠം ചെയ്തുകൊണ്ട് പോവില്ലായിരുന്നു. സ്‌കൂളിൽ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ  ഉറക്കം തൂങ്ങുകയും  പതിവായിരുന്നു. തലമുടി ഒരു ചരടിന്മേൽ കൂട്ടിക്കെട്ടി ഭിത്തിയിൽ തറച്ചുവെച്ചിരിക്കുന്ന ഒരു ആണിയിൽ ചുറ്റി ബന്ധിച്ചിടുകയെന്നത് അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. തല കുലുക്കുന്ന സമയം ചരടു വലിയുകയും പെട്ടെന്ന് ഉണരുകയും ചെയ്യുമായിരുന്നു. അല്ലായെങ്കിൽ ടീച്ചറിന്റെ ചെവി പിരിച്ചുള്ള 'പിച്ച്' സഹിക്കാൻ സാധിക്കില്ലായിരുന്നു. ഗൃഹപാഠം ചെയ്യാത്തതിനും ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിനും നിത്യം ശിക്ഷ കിട്ടുന്നതും പതിവായിരുന്നു.

ഗുസ്തിയും ബോക്‌സിംഗും ഓട്ടവും വെങ്കിട്ടരാമന്റെ ഹോബിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ കായിക ബലവുമുണ്ടായിരുന്നു. അക്കാലങ്ങളിൽ സമപ്രായക്കാരേക്കാൾ ശരീരബലവും ശരീരപുഷ്ടിയുമുണ്ടായിരുന്നു. മുതിർന്ന കുട്ടികൾപോലും ബലപ്രയോഗത്തിലും മസിലുയർത്തുന്നതിലും വെങ്കിട്ടരാമനോട്  ജയിക്കില്ലായിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കും. എപ്പോഴും അദ്ദേഹത്തിൻറെ ടിം മാത്രമേ വിജയിച്ചിരുന്നുള്ളൂ.  അതുകൊണ്ടു തങ്കകൈ അഥവാ ഗോൾഡൻ ഹാൻഡ് എന്ന പേരും ലഭിച്ചിരുന്നു.

1895 നവംബറിൽ വെങ്കിട്ടരാമന്റെ പതിനാറാം വയസ്സിൽ അദ്ധ്യാത്മിക ചൈതന്യം ഉണർത്തിക്കൊണ്ട് സുപ്രധാനമായ ഒരു സംഭവവുമുണ്ടായി. അരുണാചലമെന്ന ഒരു പുണ്ണ്യമലയിലേക്ക് ഉടൻതന്നെ പുറപ്പെടണമെന്നും മരണം വരെ അവിടെ ജീവിക്കണമെന്നുള്ള ഒരു ഉൾക്കാഴ്ചയായിരുന്നു അത്. ഭക്തി നിറഞ്ഞ ഹിന്ദുക്കൾക്ക് അവിടം ഒരു പുണ്യസങ്കേതമാണ്‌. ആദ്യമായിട്ടായിരുന്നു അരുണാചല മലയെപ്പറ്റി വെങ്കിട്ടരാമൻ കേൾക്കുന്നത്. ആ മല എവിടെയെന്നു പോലും അദ്ദേഹത്തിന്  അറിവുണ്ടായിരുന്നില്ല. ആവർത്തിച്ചുള്ള പ്രാർഥനകളിൽ അരുണാചലയെന്നു അർത്ഥമുള്ള 'സ്പുരണ', 'സുപുരണ' യെന്നു ചെറുപ്പം മുതൽ ജപിക്കുമായിരുന്നു.

വെങ്കിട്ടരാമൻ സ്‌കൂളിൽ അക്കാലങ്ങളിൽ അവസാന വർഷത്തെ ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്നേ ദിവസം പുത്തനായ  ഒരു ജീവിതാനുഭവംകൊണ്ടു സ്വന്തം ജീവിതത്തെ തന്നെ തകിടം മറിച്ചുവെന്ന് അദ്ദേഹം  പറയുമായിരുന്നു. അതിനെപ്പറ്റി  വിവരിക്കുന്നതിങ്ങനെ:- 'മധുരയ്ക്ക് പുറപ്പെടുന്ന ആറാഴ്ച്ച മുമ്പായി എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമുണ്ടായി. എന്റെ അമ്മാവന്റെ ഭവനത്തിൽ  ഏതോ സ്വപ്നലോകത്തിലെന്നപോലെ ഏകാന്തമായി ഒരു തറയിൽ ഇരിക്കുകയായിരുന്നു. എന്നുമെന്നപോലെ ഞാൻ പൂർണ്ണമായും ആരോഗ്യവാനായിരുന്നു. വലിയ ഉറക്കക്കാരനെന്നതിലുപരി മറ്റുള്ള അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. നിശ്ശബ്ദതയിലെ അന്നേ ദിവസത്തിൽ മരണത്തെപ്പറ്റിയുള്ള ഭീകരമായ ഒരു അനുഭവവും   മരിക്കാൻ പോവുന്നുവെന്ന തോന്നലും എനിക്കുണ്ടായി.  അന്നത്തെ എന്നിലുണ്ടായ വൈകാരിക മനോവൈകല്യത്തെപ്പറ്റി വിവരിക്കുക അസാധ്യമാണ്.'

'ഈ ഭയത്തെപ്പറ്റി എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും ഞാൻ ചിന്തിക്കാൻ തുടങ്ങി. ഞാൻ മരിക്കാൻ പോവുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നും ഞാൻ ചിന്തിക്കുകയായിരുന്നു. അതിനായി ഡോക്ടേഴ്സിനെയോ, മുതിർന്നവരെയോ, എന്റെ സുഹൃത്തുക്കളെയോ, അവരുടെ അഭിപ്രായങ്ങൾ ആരായാനോ തയാറല്ലായിരുന്നു. ഞാൻ തന്നെ ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വിചാരിച്ചു. സ്വയം ചോദിച്ചു. എനിക്കനുഭവപ്പെട്ട മരണത്തിന്റെ അർത്ഥമെന്താണ്?  നമുക്കുള്ള ഭൗതിക ശരീരം മരിക്കുന്നു. ഒരു നാടകം പോലെ ആ മരണത്തെ ഞാൻ കണ്ടു. മരണത്തിനു തൊട്ടുപിന്നാലെയുള്ള ശരീരത്തിന്‍റെ മരവിപ്പുപോലെ എന്റെ ചുണ്ടുകൾ കടിച്ചമർത്തപ്പെട്ടിരുന്നു. ഒരു ശവം ആകാശത്തിൽ പറന്നു നടക്കുന്നപോലെ അനുഭവപ്പെട്ടു. എന്റെ ശ്വാസങ്ങളെ പിടിച്ചു നിർത്തിയിരുന്നു. വായ് അടച്ചിരുന്നു. ചുണ്ടുകൾ അമർത്തി പിടിച്ചിരുന്നു. അതുകൊണ്ട് ശബ്ദം പുറത്തു വരുമായിരുന്നില്ല. എന്നിലെ 'ഞാൻ', അതിനു മറ്റെന്തെങ്കിലും വാക്കുകൾ ഉച്ചരിക്കാൻ ഉണ്ടോ? ഞാൻ സ്വയം പറഞ്ഞു:- 'അങ്ങനെ ഈ ദേഹി മരിച്ചു. ഇനി അത് ചിതയിൽ കത്തിക്കും. കത്തി കത്തി അത് ചാരമായി മാറും. പക്ഷെ ഈ ശരീരം മരിക്കുന്നതിനൊപ്പം 'ഞാൻ' മരിക്കുന്നുണ്ടോ? അല്ലെങ്കിൽ ഞാനാണോ ഈ ശരീരം? ശരീരം പ്രവർത്തന ശക്തിയില്ലാത്ത നിർജീവ വസ്തുവായി മാറിക്കഴിഞ്ഞു. എങ്കിലും 'ഞാനായ' ആ ശക്തിയ്ക്ക് മാറ്റമൊന്നുമില്ല. 'ഞാനെന്ന' വ്യക്തി അചഞ്ചലമായി അവിടെത്തന്നെയുണ്ട്. 'ഞാൻ' എന്നിൽത്തന്നെയുണ്ട്. അങ്ങനെ 'ഞാനെന്നാൽ' ചൈതന്യം നിറഞ്ഞ ഒരു സത്തയാകുന്നു. ഭൗതിക ശരീരം മരിച്ചാലും മരണത്തിനു എന്റെ സത്തയെ സ്പർശിക്കാൻ കഴിയില്ല. അതുകൊണ്ടു ഞാൻ മരണമില്ലാത്തവനാണ്.'

മരണമെന്ന യാഥാർഥ്യത്തെ അടുത്തറിഞ്ഞ നാളുമുതൽ രമണന്റെ ജീവിതം തന്നെ പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു:- "എന്റെ കൈകാലുകൾ വലിച്ചുനീട്ടി മാനസികമായി മരണമെന്ന യാഥാർഥ്യത്തിൽ വന്നെത്തിയപ്പോൾ എന്റെ ശരീരം എന്നിൽനിന്നും മാറി പോയിയെന്നും കത്തിച്ചു കളഞ്ഞെന്നും എന്നിട്ടും ഏതോ ശക്തിമൂലം ഞാൻ ജീവിക്കുന്നുവെന്നും കണ്ടു. അതിനെ ഞാൻ 'ആത്മൻ' എന്ന് വിളിച്ചു. അത് എന്നിൽത്തന്നെ ഉയർന്നു നിന്ന് എന്നെ താങ്ങി നിർത്തി. അങ്ങനെ 'ഞാൻ' വീണ്ടും ജനിച്ചു. 'ഞാൻ' പുതിയൊരു മനുഷ്യനായി രൂപാന്തരപ്പെട്ടു. അതിനുശേഷം  ഒന്നിലും എനിക്ക് താല്പര്യമില്ലായിരുന്നു. എന്നിലെ വ്യത്യസ്തനായ ഒരു മനുഷ്യൻ അവിടെ രൂപം പ്രാപിച്ചു."

വെങ്കിട്ട രാമൻ ജ്ഞാനോദയം കൈവരിച്ചശേഷം അമ്പലത്തിൽ പോകുന്നതും പതിവാക്കി. "അദ്ദേഹം തന്നെ പറയുന്നു:- "മുമ്പൊക്കെ സുഹൃത്തുക്കളുമൊത്ത് വളരെ ചുരുക്കമായേ അമ്പലത്തിൽ പോകുമായിരുന്നുള്ളൂ. യാതൊരു കാഴ്ചപ്പാടുമില്ലാതെ നെറ്റിത്തടത്തിൽ ചന്ദനം പുരട്ടുമായിരുന്നു. ബോധദീപ്‌തമായ ജീവിതമാരംഭിച്ച ശേഷം എല്ലാ സായം കാലങ്ങളിലും അമ്പലത്തിൽ പോകുന്നത് ദിനചര്യയായി മാറി. ഏകനായി ഞാൻ ശിവന്റെയും മീനാക്ഷിയുടെയും, അറുപത്തിമൂന്ന് ദിവ്യന്മാരുടെയും മുമ്പിൽ ഏറെ നേരം നിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ  ഭക്ഷണ രീതികൾക്കും മാറ്റം വന്നു. എന്ത് ഭക്ഷണം കൊടുത്താലും കഴിക്കാൻ മടിയില്ലായിരുന്നു. രുചിയോ അരുചിയോ പഴയതോ പുതിയതോ, നല്ലതോ ചീത്തയോ ഏതുതരം ഭക്ഷണം കഴിക്കുന്നതിലും പരാതിയില്ലായിരുന്നു. മുമ്പ് അനീതി ആരുടെമേൽ കണ്ടാലും ആരെങ്കിലും അദ്ദേഹത്തെ പരിഹസിച്ചാലും അതിന്റെ പേരിൽ അടിപിടിയും വഴക്കുമുണ്ടാക്കുമായിരുന്നു. ഉപബോധ മനസ്സിൽ പ്രതിഫലിച്ച   ജ്ഞാനോദയത്തിനുശേഷം എന്തുതന്നെ  അനിഷ്ടമുണ്ടായാലും നിശ്ശബ്ദനായിരിക്കുമായിരുന്നു. ഒന്നിലും പ്രതികരിക്കില്ലായിരുന്നു. ഓടിച്ചാടിയും അമ്പലക്കുളങ്ങളിൽ മുങ്ങിയും താണും കൂട്ടുകാരുമൊത്ത് കളിക്കുകയും കായിക വിനോദങ്ങളിലും ഏർപ്പെട്ടിരുന്ന ഈ യുവാവിന് പിന്നീട് ഒന്നിനോടും താല്പര്യമില്ലാതായി.

ഏകനായി ഏതെങ്കിലും ഒരു മുറിയുടെ കോണിൽ ഒരു യോഗി ചമ്പ്രം പടഞ്ഞിരിക്കുമ്പോലെ  ധ്യാനനിരതനായി കണ്ണുകളടച്ചിരിക്കാനും വെങ്കിട്ടരാമൻ താല്പര്യപ്പെട്ടു. സ്‌കൂളിൽ പഠിക്കുന്ന വിഷയങ്ങളിലും താല്പര്യമില്ലാതെ വന്നു. മനസ് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുമായിരുന്നു. സ്വർഗ്ഗത്തിൽനിന്നു താഴെയിറങ്ങി വരുന്ന ദൈവത്തെ താൻ ധ്യാനനിമഗ്നനായി സ്വപ്നം കണ്ടിരുന്നുവെന്നും പറയുമായിരുന്നു. രമണന്റെ മൂത്ത സഹോദരൻ നാഗസ്വാമി അദ്ദേഹത്തെ ജ്ഞാനിയെന്നും യോഗീശ്വരനെന്നും വിളിച്ചു പരിഹസിച്ചിരുന്നു. ഏതെങ്കിലും ഒരു കൊടുംവനത്തിൽ ഇവൻ മുനിയായി കഴിയുമെന്നു പറഞ്ഞുകൊണ്ടു  കളിയാക്കിയിരുന്നു.

വെങ്കിട്ടരാമന്റെ മരണാനുഭൂതിക്കുശേഷം ഭക്തിമാർഗത്തിൽ സദാ ചലിക്കാനും പുണ്യ പുസ്തകങ്ങൾ വായിക്കാനും സമയം ചെലവഴിക്കാൻ തുടങ്ങി.  ദൈവ സ്നേഹത്തിൽ മനസുമുഴുവൻ ചഞ്ചലിച്ചുകൊണ്ടിരുന്ന ആ ആത്മീയാന്വേഷി കവി ചേക്കിഴാരുടെ (Sekkizhar)പെരിയ പുരാണം' മുഴുവൻ വായിച്ചു തീർത്തു. തമിഴ് ദിവ്യന്മാരായ അറുപത്തിമൂന്നു നയനാർമാരുടെ (nayanars) ജീവിത കഥകളും വായിച്ചു. മധുരയിലെ മീനാക്ഷി അമ്പലത്തിൽ പോയി നയനാർ പ്രതിമകളും വന്ദിച്ചുകൊണ്ടിരുന്നു. അറുപത്തിമൂന്ന് ദിവ്യന്മാർക്കും ദൈവത്തിന്റെ കൃപ ലഭിച്ചതെങ്ങനെയെന്നും പഠിച്ചു.

ഒരു ദിവസം സർവ്വതും ഉപേക്ഷിച്ചുകൊണ്ടു അദ്ദേഹം വീട് വിട്ടിറങ്ങി. ആദ്യകാലങ്ങളിൽ അരുണാചലം മലകളുടെ അടിവാരങ്ങളിലും മുകളിലുമായി അലഞ്ഞു നടന്നിരുന്നു. വിശക്കുമ്പോൾ കൈനീട്ടി യാചിക്കുമായിരുന്നു. വിശന്നു വലഞ്ഞുള്ള അലച്ചിലിൽ ഒരു ദിവസം ഭക്ഷണം കിട്ടാതെ ബോധവും മറഞ്ഞുപോയി. അമ്പലത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങിയിരുന്നു. ഒരിക്കൽ അമ്പലനടയിൽ ഒരു ബാർബറിനെ രമണ മഹർഷി കണ്ടുമുട്ടി. അയാളെക്കൊണ്ട് തന്റെ തിങ്ങി നിറഞ്ഞിരുന്ന തലമുടി മുഴുവൻ വെട്ടിച്ചു. ഒറ്റമുടി തലയിലില്ലാതെ തല മുണ്ഡനം ചെയ്തു. ധരിച്ചിരുന്ന വസ്ത്രം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു ഒരു കൗപീനം മാത്രം ധരിച്ചു. അന്നുമുതൽ മരിക്കുന്നവരെ അദ്ദേഹം കൗപീനം മാത്രമേ ധരിക്കുമായിരുന്നുള്ളൂ. അഞ്ചു രൂപയിൽ കൈവശമുണ്ടായിരുന്ന ഒന്നര രൂപ ബാർബറിന് കൊടുത്തു. ബാക്കി സ്വന്തം സഹോദരന് തപാലിൽ അയച്ചുകൊടുക്കുകയാണുണ്ടായത്. അതിനുശേഷം ജീവിത കാലത്തൊരിക്കലും അദ്ദേഹം പണത്തെ സ്പർശിച്ചിട്ടില്ല. യാതൊരു സ്വത്തുക്കളും സ്വന്തമായി കൈവശം വെച്ചിരുന്നുമില്ല. ആരെങ്കിലും അദ്ദേഹത്തിന് സമ്മാനം നൽകുകയാണെങ്കിൽ ഉടൻതന്നെ ചുറ്റുമുള്ളവർക്കായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവസാനം അദ്ദേഹത്തിൻറെ ബ്രാഹ്മണ അടയാളമായ ചരടും അഴിച്ചു മാറ്റി. പിന്നീടുള്ള കാലങ്ങളിൽ ഭിക്ഷ കിട്ടുന്നതു മാത്രം ഭക്ഷിച്ചിരുന്നു.

ആയിരം തൂണുള്ള അമ്പലനടയിൽ രാത്രിയും പകലുമില്ലാതെ ധ്യാനനിരതനായി സമാധിപോലെ ഇരിക്കുമായിരുന്നു. ചുറ്റും വന്നെത്തുന്ന കുട്ടികളുടെ കല്ലേറ് അസഹ്യമായിരുന്നു. അവിടുന്ന് അദ്ദേഹം ധ്യാനത്തിനായി ഒരു ഗുഹയിലേക്ക് താമസം മാറ്റി. വിഷജീവികളും പ്രാണികളും കടിച്ചു ശരീരം മുഴുവൻ വൃണംപോലെ തടിച്ചുപൊങ്ങിയിരുന്നു. 'ശേഷാദ്രി സ്വാമി'യെന്ന ഒരാൾ കുട്ടികളെ അടുപ്പിക്കാതെ രമണ മഹർഷിയെ സുരക്ഷിതമായ സുബ്രമണ്യ ക്ഷേത്രനടയിൽ കൊണ്ടിരുത്തി.പിന്നീട് ഗുരുമൂർത്തം എന്ന അമ്പലമുറ്റത്തു താമസമാക്കി.

രമണ മഹർഷിയുടെ പ്രശസ്തി നാടെങ്ങും പടരാനും തുടങ്ങി. ഇതിനിടെ വീട്ടിൽ നിന്നും ഒളിച്ചോടിയ, രമണമഹർഷിയായി പേരുമാറ്റപ്പെട്ട  വെങ്കിട്ടരാമനെ തേടി അമ്മയും സഹോദരനും അമ്മാവനും വന്നെത്തി. ആവുന്നത്ര അമ്മയും അമ്മാവനും മടങ്ങിയെത്താൻ നിർബന്ധിച്ചിട്ടും യാചിച്ചിട്ടും രമണ മഹർഷി ചെവികൊണ്ടില്ല. അവർ നിരാശരായി മടങ്ങി പോവുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ 'അമ്മ' മകനെ സന്ദർശിക്കുമായിരുന്നു. ഒരിക്കൽ അമ്മയുടെ സന്ദർശന വേളയിൽ അമ്മയ്ക്ക് ടൈപ്പോയ്ഡ് പിടിച്ചു. രമണ മഹർഷി അമ്മയെ ശുശ്രുഷിച്ചുകൊണ്ടിരുന്നു. രോഗം ഭേദമായപ്പോൾ 'അമ്മ' മടങ്ങിപ്പോയി. അതിനുശേഷം അമ്മയും ഇളയ സഹോദരനുമൊത്തു വരുകയും രണ്ടുപേരും കാവി വസ്ത്രം ധരിച്ചു സന്യസ്‌തം സ്വീകരിക്കുകയും ചെയ്തു. ഇളയ സഹോദരൻ നാഗസുന്ദരത്തിനെ ചിന്ന സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്.1920-ൽ  അമ്മയ്ക്ക് ഓരോവിധത്തിലുള്ള അസുഖങ്ങളുണ്ടാവുകയും രമണ മഹർഷി ഉറക്കമിളച്ചു ശുശ്രുഷിച്ചുകൊണ്ടുമിരുന്നു. 1922 മെയ് പത്തൊമ്പതാം  തിയതി ആ സ്വാധി മരണമടഞ്ഞു.

രമണമഹർഷി തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അരുണാചലത്തിൽ തന്നെ കഴിച്ചുകൂട്ടി. നീണ്ട അമ്പത്‌ വർഷങ്ങളാണ് ധ്യാനനിരതനായി അരുണാചലിന്റെ പ്രാന്തപ്രദേശങ്ങളിൽ കഴിഞ്ഞത്.  പ്രകൃതിയോടും മൃഗങ്ങളോടും പക്ഷികളോടുമിഷ്ടമായിരുന്നു. മയിലുകളും കുരങ്ങന്മാരും മാൻപേടകളും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയും ഈശ്വരനും ഒത്തുചേർന്നുള്ള ഒരു പുണ്യസങ്കേതമായിരുന്നു അവിടം. ആത്മീയ സത്തയനുഭവിക്കാൻ പ്രപഞ്ചത്തെയറിഞ്ഞു ജീവിക്കുകയെന്ന തത്ത്വമാണ് രമണ മഹർഷി വാഗ്ദാനം ചെയ്യുന്നത്. മൗനത്തിന്റെ മഹാത്മാവെന്നാണ് മഹർഷിയെ അറിയപ്പെട്ടിരുന്നത്. ആശയങ്ങൾ കൈകാര്യം ചെയ്യാൻ ഭാഷകൾ ആവശ്യമില്ലെന്നായിരുന്നു, അദ്ദേഹം വിശ്വസിച്ചിരുന്നത്.

രമണ മഹർഷി വളരെ കുറച്ചു പുസ്തകങ്ങളെ എഴുതിയിട്ടുള്ളൂ. 'ഞാൻ ആര്' എന്നുള്ള അദ്വൈത തത്വങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധിയേറിയതായിരുന്നു. അരുണാചല സൂക്തങ്ങളും ഉപദേശ സാരങ്ങളും അതിൽ പ്രാമുഖ്യം വഹിക്കുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിൻറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം ശിക്ഷ്യന്മാരോട് പറഞ്ഞിരുന്നതും അവർ പകർത്തിയെടുത്തതും പിന്നീട് പുസ്തക രൂപത്തിൽ വന്നിരുന്നു.

ഒരിക്കൽ, ശ്രീ നാരായണ ഗുരു അരുണാചലിൽ വന്നെത്തി  രമണ മഹർഷിയെ സന്ദർശിച്ചു.  നാരായണ ഗുരു, രമണ മഹർഷിയെപ്പറ്റി രചിച്ച കവിത സന്ദർശക ഗ്യാലറിയിലെ ഡയറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'നിർവൃതി പഞ്ചകം' എന്നാണു കവിതയുടെ പേര്. ഗുരു നിത്യ ചൈതന്യ യതി കുറേക്കാലം രമണ മഹർഷിക്കൊപ്പം താമസിച്ചിരുന്നു. രമണ മഹർഷിയിൽനിന്നാണ് അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. വിദേശീയരായവരും അദ്ദേഹത്തിൻറെ ആശ്രമത്തിൽ വന്നു ശിക്ഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഇന്നും അനേകം വിദേശീയർ വന്നും പോയും രമണാശ്രമത്തിലെ ആത്മീയത ആസ്വദിക്കുന്നു.

രമണമഹർഷിയെന്ന   സത്യാന്വേഷി പറഞ്ഞു:- "അനന്തമായ സത്യം വളരെ ലളിതമാണ്. നിഷ്കളങ്ക ഹൃദയം സത്യത്തിന്റെ പൂര്‍ണ്ണതയാണ്. ആ പരമമായ സത്യം എന്നില്ക്കൂടിയുമുണ്ട്. സത്യത്തെ തേടിയുള്ള യാത്രയില്‍ എന്നെ സ്വതന്ത്രനാക്കൂ, സത്യം എല്ലാ മതങ്ങളിലുമുണ്ട്." സത്യം ഗീതയിലും ബൈബിളിലും ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നത് കാണുവാന്‍ രമണമഹര്‍ഷിയെപ്പോലെയുള്ള ശ്രേഷ്ഠന്മാര്‍ക്കെ കഴിയുകയുള്ളൂ. ഒരേ സത്യത്തെ തേടി പോവുന്ന മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നും രമണമഹര്‍ഷി വിലപിക്കുന്നതു കാണാം.

രമണ മഹർഷി, യേശുവിനെപ്പറ്റി അഗാധമായ പഠിച്ച ഒരു ഋഷിവര്യനും കൂടിയായിരുന്നു. 'ഞാന്‍' എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്. 'സ്വര്‍ഗരാജ്യം നേടുവാന്‍ ശിശുവിനെപ്പോലെയാകുവിനെന്നു' പീറ്ററിനെ യേശു ഉപദേശിച്ചു. രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട്, "ജ്ഞാനം തേടി ഈ പര്‍വതനിരകളില്‍ വന്ന ഞാന്‍ നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു. വന്നുകഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞാണ് മുഖംവടിച്ചത്‌. തലമുടികൾ കുട്ട നെയ്യുന്ന ചകിരിനാരു പോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു. നഖങ്ങള്‍ നീണ്ട് ആകെ ഞാനൊരു ഭീകരനെപ്പോലെയായിരുന്നു.’ യേശുവിന്‍റെ തത്ത്വങ്ങളില്‍ ബാഹ്യമായതു വെടിപ്പാക്കുന്നതിനെക്കാള്‍ സ്വയം കണ്ടെത്തെലായിരുന്നു. അതുതന്നെയാണു രമണനും ചെയ്തത്. "സ്വര്‍ഗരാജ്യം ഒരു വ്യാപാരിയുടെ വില്‍പ്പനച്ചരക്കുകള്‍ക്കുള്ളില്‍ കാണപ്പെട്ട പവിഴമുത്തു പോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്. ബുദ്ധിമാനായ അവന്‍ തന്‍റെ ചരക്കുകൂമ്പാരത്തില്‍ വിലതീരാത്ത മുത്ത്‌ ഒളിച്ചു വെക്കുന്നു. രമണന്‍ പറഞ്ഞു, "മറ്റെല്ലാ ലോകവസ്തുക്കള്‍ സ്വബോധത്തോടെ വെടിഞ്ഞാലും 'ഞാന്‍' എന്ന സത്യത്തെ വെടിയരുത്. അവിടം അറിവാണ്." യേശുവിൽ കുടികൊണ്ടിരുന്ന  നിര്‍മ്മലമായ ഹൃദയത്തിന്‍റെ സത്യവും അതുതന്നെയായിരുന്നു.

യേശു പറഞ്ഞു "നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട് അന്യന്‍റെ കണ്ണിലെ കരുട് തൂത്തു കളയുവാന്‍ ശ്രമിക്കുക." അപരന്‍റെ കണ്ണിലെ കരടിനും സ്വന്തം കണ്ണിലെ കാരിരുമ്പിനും  രമണന്റെ വിവരണം യുക്തി സഹജമെന്നും കാണാം. സ്വയം കണ്ടെത്തലില്‍' സര്‍വ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും. ഈശ്വരന്‍ സൃഷ്ടിച്ചതെല്ലാം ഉള്കാഴ്ചയില്‍ ഗവേഷണം നടത്തും. "പര്‍വതത്തോട് കല്‍പ്പിച്ചാല്‍ പര്‍വതവും മാറിതരുമെന്ന്" യേശു പറഞ്ഞതു സ്വയം ഉള്കാഴ്ചയായിരുന്നുവെന്നും" രമണൻ പറഞ്ഞു.

കണ്ണിലെ കരടിന് രമണന്‍ നിര്‍വചനം നല്‍കിയത് ഇങ്ങനെ, "ഒരുവന്‍ സ്വയം തെറ്റു തിരുത്തുമ്പോള്‍ ലോകത്തെ മുഴുവനാണ്‌ അവൻ തെറ്റുതിരുത്തുന്നത്." സൂര്യന്‍ സ്വയം പ്രകാശിക്കുന്നു. സൂര്യന്‍ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു മുഴുവന്‍ പ്രകാശതരംഗങ്ങള്‍ അര്‍പ്പിക്കുകയാണ്. സ്വയം നമ്മെ തന്നെ പൂര്‍ണ്ണവാന്‍ ആക്കുന്നുവെങ്കില്‍ അവന്‍ ലോകത്തിനു മുഴുവന്‍ പ്രകാശം ഒപ്പം നല്‍കുകയും ചെയ്യുന്നു." 'മനുഷ്യനായ യേശു മനുഷ്യചരിത്രത്തില്‍ അങ്ങനെ ലോകത്തിന്‍റെ പ്രകാശമായി. ലോകത്തിനു പ്രകാശ രശ്മികളെ ദാനം ചെയ്തത്, സ്വയം 'ഞാന്‍' എന്ന ബോധത്തോടെയെന്നു യുക്തിസഹജമായി ചിന്തിക്കണം.' അങ്ങനെ രമണന്റെ കാഴ്ചപ്പാടിൽ യേശുവും ഒരു അദ്വൈത വാദിയായിരുന്നു.

രമണ മഹർഷി പറഞ്ഞു:-“ഒരുവൻ പ്രകൃതിയാൽ തന്നെ ദുർബലനെന്നും തിന്മ നിറഞ്ഞവനെന്നും ചിന്തിക്കരുത്. അത് തെറ്റാണ്. ഓരോ മനുഷ്യനിലും ദൈവികതയും പ്രഭയുമുണ്ട്. അവൻ പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ട ശക്തിമാനുമാണ്. ദുർബലതകളും തിന്മകളുമായ ചിന്തകൾ അവന്റെ ആഗ്രഹങ്ങളിൽനിന്നും വിചാരങ്ങളിൽനിന്നും പ്രതിഫലിക്കുന്നതാണ്. എന്നാൽ അവനതല്ല. 'ഞാൻ പോയി' 'ഞാൻ വന്നു' 'ഞാൻ ചെയ്തു' 'ഞാൻ ആയിരുന്നു' ഇങ്ങനെയുള്ള ചിന്തകൾ നാം കണ്ടറിഞ്ഞ സ്വാനുഭവങ്ങളാണ്. നമുക്കുണ്ടാകുന്ന അനുഭവജ്ഞാനങ്ങളിൽ 'ഞാൻ' എന്ന സത്തയുണ്ട്. 'ഞാൻ' ആണ് അവിടെയെല്ലാം. സത്യമായ 'ഞാൻ'; അവിടെ ഒരു അന്വേഷകന്റെ 'ഞാൻ' തേടിയുള്ള  പ്രഭവസ്ഥാനത്തിന്റെ തുടക്കവുമാണ്."

1922-ൽ രമണ മഹർഷിയുടെ 'അമ്മ' അളഗമ്മയെ സംസ്‌കരിച്ച സ്ഥലത്ത് ഒരു അമ്പലമുണ്ടാവുകയും അദ്ദേഹം അവിടേക്ക് താമസമാവുകയും ചെയ്തു. കാലക്രമേണ അതൊരു ആശ്രമവുമായി തെരഞ്ഞെടുത്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ നിത്യവും അവിടെ എത്തിക്കൊണ്ടിരിക്കുന്നു. 1947 കാലങ്ങളായപ്പോൾ രമണ മഹർഷിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. കൈമുട്ടിനു താഴെ അർബുദ രോഗം വഷളാവുകയും ചെയ്തു. കൈ മുറിച്ചു കളയുവാൻ ഡോക്ടർമാർ ഉപദേശിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. 1950 ഏപ്രിൽ പതിനാലാം തിയതി രമണ മഹർഷി സമാധിയായി. മരണത്തോടനുബന്ധിച്ചും അതിനുശേഷവും രമണ മഹർഷിയെപ്പറ്റിയുള്ള അത്ഭുത കഥകൾ അദ്ദേഹത്തിൻറെ ശിക്ഷ്യന്മാർ ലോകമാകമാനം പ്രചരിപ്പിച്ചിട്ടുണ്ട്. അത്ഭുതങ്ങളെക്കാളുപരി രമണമഹർഷിയെ ജ്ഞാനിയായ ഒരു വേദാന്തിയായിട്ടാണ് ലോകം ബഹുമാനിക്കുന്നത്. ആർതർ ഓസ്‌ബോനെപ്പോലെയും (Arthur Osborne) പോൾ ബ്രണ്ടനെപ്പോലെയുമുള്ള (Paul Brunton)   എഴുത്തുകാർ ശ്രീ രമണ മഹർഷിയുടെ ജീവിതത്തെയും തത്ത്വചിന്തകളെയും സംബന്ധിച്ച   പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.








Azhakamma (Mother)





കുടുംബയോഗങ്ങളുടെ പ്രസക്തി:



By ഫാദർ ജോസഫ് പുത്തൻപുരക്കൽ  (രക്ഷാധികാരി)  

ലോകത്തിന്റെ ചരിത്രം കുടുംബങ്ങളുടെ ചരിത്രമാണ്. സ്വസ്ഥതയുള്ള കുടുംബങ്ങളുണ്ടെങ്കിൽ സമാധാനമുള്ള രാജ്യങ്ങളുമുണ്ടാകും. ശാന്തിയും സമാധാനവുമുള്ള സകുടുംബങ്ങളെയാണ് ഇന്നത്തെ പ്രശ്നരൂക്ഷമായ ലോകത്തിനാവശ്യവും.

അകന്നുപോയവരെ വിളക്കി ചേർത്തുകൊണ്ട് ഇന്ന് കുടുംബയോഗങ്ങൾ പ്രവർത്തിക്കുന്നു. തലമുറകൾക്കുമുമ്പ് ഒരേ മാതാപിതാക്കളിൽനിന്നും പിറന്നവർ വിവിധ സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ച് കാലത്തിന്റെ ഗതിവിഗതികളിൽ ബന്ധങ്ങൾ മുറിഞ്ഞു,അകന്നു പോയ ബന്ധങ്ങളെ വിളക്കിച്ചേർത്ത് കുടുംബയോഗങ്ങൾ നമ്മെ ഒന്നിപ്പിക്കുന്നു. ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തുകൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടും എല്ലാ കുടുംബങ്ങളും ഇവിടെ ഒന്നിക്കുന്നു.

കാഞ്ഞിരപ്പള്ളിയെന്ന ഭൂപ്രദേശവും പടന്നമാക്കൽ കുടുംബവും ഒന്നിച്ചു വളരുകയാണ്. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന പടന്നമാക്കൽ കുടുംബവും അതിന്റെ വിവിധ ശാഖകളും ഇന്ന് കരുത്താർജിച്ചിരിക്കുന്നു.

എല്ലാ വർഷവും ജനുവരി 26-ന് കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുന്നു. സഭയുടെയും സമൂഹത്തിന്റെയും ഉയർച്ചക്ക് ഈ കുടുംബയോഗം സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ കുടുംബയോഗം അനുഗ്രഹപ്രദമായി മാറട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.

Wednesday, January 25, 2017

ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും

Sr. Teena 


ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത രാജ്യങ്ങളിലും അടിമ സമ്പ്രദായം  അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാൽ, സീറോ മലബാർ സഭയിൽ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കർത്താവിന്റെ മണവാട്ടികളിൽ   വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽനിന്നും വന്നെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. അത്തരം വീടുകളിൽ കന്യാസ്ത്രികളിലെ പ്രമാണിമാർ സന്ദർശിക്കുകയും പാകത വരാത്ത പ്രായത്തിൽ  കൊച്ചുപെൺകുട്ടികളെ മഠത്തിൽ ചേർക്കാൻ ചാക്കിട്ടുപിടിക്കുകയും ചെയ്യും. അറവു ശാലകളിൽ കന്നുകാലികൾ വന്നെത്തുമ്പോലേയാണ് പറക്ക പറ്റാത്ത ഈ കുട്ടികൾ കന്യാസ്ത്രി മഠത്തിലും വന്നെത്തുന്നത്. പുതിയ ആകാശം, പുതിയ ഭൂമി , പുതിയ ലോകം, പിന്നീടവർക്ക് ഒന്ന് കരയാൻ പോലും അവകാശം കാണില്ല. ഏതു നിമിഷവും കഴുത്തിനു കത്തി വരുന്ന നാൽക്കാലി മൃഗങ്ങളെപ്പോലെയാണ് അവരുടെ ജീവിതവും. അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തിൽ ഒരു ആയുസു മുഴുവൻ സമർപ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന അവർക്ക് എപ്പോൾ വേണമെങ്കിലും എന്തും   സംഭവിക്കാം. ഒരിക്കൽ അവരുടെ തടവറയിൽ അകപ്പെട്ടാൽ അവിടെനിന്നു കുരുക്കുകളഴിച്ചു രക്ഷപെടുകയെന്നത് എളുപ്പവുമല്ല. പീഡനങ്ങൾ സഹിക്കവയ്യാതെ മഠം മതിൽക്കെട്ടിനുള്ളിൽനിന്നും രക്ഷപെട്ട   മേരി ചാണ്ടിയുടെയും ജെസ്മിയുടെയും  മേരി സെബാസ്റ്റിൻറെയും, സിസ്റ്റർ അനിറ്റയുടെയും കഥകൾ അതിനുദാഹരണങ്ങളാണ്‌.

സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ പുരോഹിതർ അവർക്കു കൊടുത്ത പീഡനങ്ങളെ വിവരിച്ചിട്ടുണ്ട്. പ്രേമാഭ്യർഥനയുമായി വന്ന ഒരു ബിഷപ്പുവരെ അവരെ സമീപിച്ചെന്ന കഥ വായിച്ചപ്പോൾ  സഭ എത്രമാത്രം അധഃപതിച്ചുവെന്നും മനസിലാക്കാം. ഒരിക്കൽ, സിസ്റ്റർ  മേരി ചാണ്ടി   ഒരു പുരോഹിതന്  മഠത്തിലെ തീന്മേശയിൽ പ്രഭാത ഭക്ഷണം വിളമ്പവേ അയാൾ അവരെ ബലാൽസംഗം ചെയ്യാൻ മുറിയിൽ കുറ്റിയിടുകയും മല്പിടുത്തത്തിനിടയിൽ രക്ഷപെടാൻ അവർ  പുരോഹിതന്റെ തലക്കിട്ടു സ്റ്റൂളുകൊണ്ടു അടിക്കുകയും ചെയ്തു. എന്നിട്ടും സഭയും പുരോഹിതരും മറ്റു കന്യാസ്ത്രികളും പീഡിപ്പിച്ചവനൊപ്പമായിരുന്നു. കഴിഞ്ഞ വർഷം സിസ്റ്റർ അനിതയെന്ന യുവ കന്യാസ്ത്രിയെ ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല. സഭാധികാരികൾ അവരെ ദ്രോഹിക്കാവുന്നതിൽ പരമാവധി ദ്രോഹിച്ചു. ഇറ്റലിയിലെ മഠത്തിലേക്ക് സ്ഥലമാറ്റം കൊടുത്തു. ഒടുവിൽ ഇറ്റാലിയൻ തെരുവിൽ യുവതിയും സുന്ദരിയുമായ ആ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് ഇറക്കിവിട്ടു. അവർ നാട്ടിലെത്തിയത് ചില മലയാളി സംഘടനകളുടെ സഹായത്തോടെയായിരുന്നു. ഇതെല്ലാം പഴങ്കാല കഥകളല്ല, സഭാമാതാവിന്റെ നെഞ്ചത്തു ചവിട്ടിക്കൊണ്ട് വർത്തമാന കാലത്തിൽ സംഭവിക്കുന്നതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

പീഡനങ്ങൾക്ക് സമ്മതിക്കാതെയോ, അധികാരികൾക്ക് വഴങ്ങാതെയോ ഏതെങ്കിലും കന്യാസ്ത്രി പ്രവർത്തിച്ചാൽ പിന്നീടവരെ കൂട്ടത്തോടെ പൈശാചിക സ്വഭാവമുള്ള മറ്റു കന്യാസ്ത്രികൾ അപമാനിക്കാനും മാനസികമായി തകർക്കാനും സ്വയം സഭയിൽനിന്നും പിരിഞ്ഞുപോകാനുള്ള സമ്മർദ്ദങ്ങളും പീഡനങ്ങളും കൊടുക്കാനും ശ്രമിക്കും. അന്ധകാരമായ മുറികളിൽ അടച്ചുപൂട്ടി ഭക്ഷണവും കൊടുക്കാതെ ബാഹ്യ ലോകവുമായുള്ള ബന്ധവും വേർപെടുത്താൻ ശ്രമിക്കും. സാമൂഹിക പ്രവർത്തകരോ, വനിതാ സംഘടനകളോ ഇവരുടെ ദീനരോദനം കേൾക്കില്ല. അടച്ചുപൂട്ടിയ വാതിലിനുള്ളിൽ അവിടെ നടക്കുന്ന സംഭവങ്ങളെന്തെന്നു ഒരിക്കലും പുറം ലോകവുമറിയില്ല. ഭീകരവും ഭീഭത്സവും ജനിപ്പിക്കുന്ന ഇത്തരം കഥകളുമായി ജീവിക്കുന്ന പെൺകുട്ടികൾ ശവക്കല്ലറകളിൽ അടക്കിയതിനു തുല്യമെന്ന് ജനിപ്പിച്ച അവരുടെ മാതാപിതാക്കളും അറിയുന്നില്ല.

അടുത്തയിടെ പത്രങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയാകൾ വഴിയും 'സിസ്റ്റർ ടീന' യെന്ന   ഒരു വക്കീൽ കന്യാസ്ത്രീയുടെ ഹൃദയാദ്രമായ ജീവിതകഥ വായിക്കാനിടയായി. എറണാകുളം റാണിമാതാ കോൺവെന്റിലെ കർമ്മലീത്താ സഹോദരിയാണവർ. നാൽപ്പതിൽപ്പരം വർഷങ്ങൾ  സഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്തിരുന്നു. സഭയ്ക്കുള്ളിൽ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ അനീതികൾക്കെതിരെ 2015-ൽ ഈ സഹോദരിക്ക് നിയമപരമായിത്തന്നെ പ്രതികരിക്കേണ്ടി വന്നു. അതിൽ കലിപൂണ്ട വൈദികരും സഹകന്യാസ്ത്രികളും അവർക്കെതിരെ ദയനീയമായ പീഡനങ്ങൾ അഴിച്ചുവിട്ടു. അവരെയിന്നു ഏകാന്ത തടവുകാരിയെപ്പോലെ ഭക്ഷണവും കൊടുക്കാതെ സഹകന്യാസ്ത്രികൾ പീഡിപ്പിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ അവർ ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹമനുഷ്ടിച്ചതായ വാർത്തകൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയിൽ നടന്നുപോവുന്ന സമയത്ത്  എതിരെ വന്ന വാഹനം മുട്ടി അവർക്കപകടമുണ്ടായി. അതിൽ മഠത്തിന്റെ പ്രതികാര നടപടികളുടെ ദുരൂഹതയുണ്ടെന്നും പറയുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്ന ബില്ലിന്റെ പണമടയ്ക്കാൻ തയാറാകാഞ്ഞ മഠത്തിനെതിരെ കേസുകൊടുത്ത് പണം ഈടാക്കേണ്ടി വന്നു. 

1953 ഒക്ടോബർ പതിനാലാം തിയതി ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളിൽ അഞ്ചാമതായിട്ടാണ് സിസ്റ്റർ ടീന  ജനിച്ചത്.  അവരുടെ മാതാപിതാക്കൾ നൽകിയ പേര്  'മേരി ട്രീസാ'യെന്നായിരുന്നു. മറ്റുള്ള കന്യാസ്ത്രികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.കുട്ടിക്കാലം മുതൽ സൊഡാലിറ്റികളിലും പള്ളിപ്രവത്തനങ്ങളിലും അതീവ താല്പര്യമുണ്ടായിരുന്ന അവരുടെ മോഹങ്ങൾ ഒരു കന്യാസ്ത്രിയാകണമെന്നുള്ളതായിരുന്നു. ചെറുപ്പകാലങ്ങളിൽ മനസ്സിൽ ദൈവിക വേലകൾക്കായി പ്രചോദനമുണ്ടാകാൻ കാരണവും വേദപാഠം പഠിപ്പിച്ചിരുന്ന കന്യാസ്ത്രികളും പള്ളിയിലെ പുരോഹിതരുമായിരുന്നു. അവരുടെ ഭാവനയിൽ ലോകത്തിലെ ഏറ്റവും മഹനീയമായ ജീവിതം കർത്താവിന്റെ മണവാട്ടിയായി ഒരു കന്യാസ്ത്രിയാവുകയെന്നായിരുന്നു. സമൂഹത്തിനുവേണ്ടി നന്മയുടെ പാതകളൊരുക്കാൻ, സേവനനിരതയാകാൻ, ഒരു കന്യാസ്ത്രിയാകുന്നത് ഉത്തമമെന്നു അക്കാലങ്ങളിൽ അവർ വിചാരിച്ചിരുന്നു. തീവ്രമായ അവരുടെ ഉറച്ച തീരുമാനത്തിൽനിന്നു മാതാപിതാക്കൾക്കോ ബന്ധുജനങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരെ തടയാൻ സാധിക്കില്ലായിരുന്നു. നാലു പതിറ്റാണ്ടോളം സ്തുത്യർഹമായ സേവനമാണ് അവർ സഭയ്ക്കും കന്യാസ്ത്രി മഠത്തിനും സമൂഹത്തിനുമായി കാഴ്ച വെച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലും അതിനുശേഷം പൊന്നുരുന്നി സെന്റ്. ജോർജ് ഹൈസ്‌കൂളിലുമായിരുന്നു. 1972-ൽ എസ്.എസ്.എൽ.സി. പാസായ ശേഷം മഠത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. പക്ഷെ അടുത്ത രണ്ടു വർഷങ്ങൾ അവരുടെ മോഹങ്ങൾ നടന്നില്ല. സ്വന്തം പിതാവിന്റെ ശക്തിയായ എതിർപ്പും കടുംപിടുത്തവുമായിരുന്നു കാരണം. അപ്പന്റെ ഉപദേശമനുസരിച്ച് മുമ്പോട്ട് പഠിക്കാനും ട്രീസാ തയ്യാറായിരുന്നില്ല. മക്കളും മാതാപിതാക്കളുമടങ്ങിയ സന്തുഷ്ടമായ കുടുംബത്തിൽ അവർ കന്യാസ്ത്രിയാകാൻ തീരുമാനമെടുത്തപ്പോൾ മാതാപിതാക്കളും സഹോദരങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചത് അവരെ നിരാശയാക്കിയിരുന്നു. പഠനശേഷം വിവാഹം കഴിപ്പിച്ചു വിടണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം.

അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. ഒടുവിൽ മകളുടെ ആഗ്രഹത്തിനു കീഴ്വഴങ്ങി അവരുടെ അപ്പൻ അവരെ മഠത്തിൽ ചേരാൻ സമ്മതിക്കുകയുമുണ്ടായി. ചേരാനുള്ള അപേക്ഷയും അയച്ചു. മഠത്തിൽനിന്നും നോവിഷ്യറ്റിനു ക്ഷണം കിട്ടിയപ്പോൾ ട്രീസായുടെ മൂത്ത സഹോദരൻ കുപിതനായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. 'നീയുമായി ഒരു ബന്ധവുമില്ലെന്നും നീ മരിച്ചുപോയതായി കരുതുമെന്നും അവരുടെ സഹോദരൻ താക്കീതും കൊടുത്തു. വീട്ടിലെ എതിർപ്പുകളൊന്നും ട്രീസായെ മഠത്തിൽ പോവുന്നതിൽനിന്നു പിൻതിരിപ്പിച്ചില്ല.  തന്റെ സ്വപ്നക്കൂടുകളിൽ നിറഞ്ഞിരുന്ന  അദ്ധ്യാത്മികതയിലെ തിരുവസ്ത്രത്തെ  മാറോടണിയിക്കാൻ അവർ ആവേശഭരിതയായിരുന്നു.

1976 ഡിസംബർ ഏഴാം തിയതി അവർ സിസ്റ്റർ  ടീനയെന്ന പേരിൽ തിരുവസ്ത്രമണിഞ്ഞു.1977 ജനുവരി മൂന്നിന് ആലങ്ങാട്ടുളള മഠത്തിൽ സേവനത്തിനായി അയച്ചു. പിന്നീട് ആ വർഷം കാക്കനാട് കാർമ്മൽ ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി തുടങ്ങി. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം കുമ്പളം സെന്റ് മേരീസ് നഴ്‌സറിയിൽ പഠിപ്പിക്കാൻ ആരംഭിച്ചു. പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് സ്‌കൂളിൽ ക്ലർക്കായി സേവനമാരംഭിച്ചു. രണ്ടു വർഷം അവിടെ ജോലി തുടർന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നുള്ള മോഹം അക്കാലത്തുണ്ടായി. അക്കാര്യം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികളുടെ സമ്മത പ്രകാരം ഭോപാൽ യൂണിവേഴ്സിറ്റിയിൽ ഇന്റർമീഡിയറ്റിനു ചേർന്ന് പാസ്സായി. പിന്നീട് മദ്രാസിലുള്ള സ്റ്റെല്ലാ മേരിസ് കോളേജിൽനിന്ന് കമ്യൂണിറ്റി ഡവലപ്പ്മെന്റ് ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്ലോമാ നേടി. 1894-ൽ ദൈവശാസ്ത്രം പഠനം പൂർത്തികരിച്ചു. ബിരുദങ്ങളും നിയമത്തിൽ ബിരുദാനന്ത ബിരുദങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടി.

യുവ കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ സിസ്റ്റർ ടീന മറ്റുള്ള സഹകന്യാസ്ത്രികളുടെയും മേലധികാരികളുടെയും പ്രിയപ്പെട്ടവളായിരുന്നു. വലിയ പ്രശ്നങ്ങളും അല്ലലുമില്ലാതെ മണവാട്ടിയുടെ പരിമള വേഷത്തിൽ ആശ്രമജീവിതം തുടർന്നുകൊണ്ടിരുന്നു.  മുതിർന്ന കന്യാസ്ത്രികൾ എന്തുപറഞ്ഞാലും ക്ഷമയോടെയും മറുത്തുപറയാതെയും അനുസരിച്ചുകൊണ്ടുമിരുന്നു. സാമ്പത്തികമായി മെച്ചമായ വീട്ടിൽ നിന്നു വന്നതുകൊണ്ടു മറ്റു കന്യാസ്ത്രികളുടെയിടയിൽ അവർക്ക് കൂടുതൽ പരിഗണയും ലഭിച്ചിരുന്നു. അതേ സമയം പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രികൾക്ക് അടുക്കളപ്പണി, റബറുവെട്ടു, വസ്ത്രങ്ങൾ കഴുകുക മുതലായ ജോലികളായിരുന്നു നിശ്ചയിച്ചിരുന്നത്. ജോലിയും വരുമാനവുമുള്ള കന്യാസ്ത്രികളും പള്ളി വികാരിയും ആദ്യം തീന്മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കും. അവർ കഴിക്കുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചു ശാന്തമായി മഠം മതിൽക്കൂട്ടിൽ കഴിയുന്നവരാണവർ. സിസ്റ്റർ ടീനയെ സംബന്ധിച്ച് അത്തരം വിവേചനങ്ങളൊന്നും മുതിർന്ന കന്യാസ്ത്രികളിൽനിന്നും ലഭിച്ചിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നതു മൂലം മഠം അതിനുള്ള അവസരങ്ങളും കൊടുത്തുകൊണ്ടിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകളുടെയിടയിൽനിന്നും ആദ്യമായി നിയമ ബിരുദം നേടിയതും അവരായിരുന്നു. 2008 ജനുവരിയിൽ അവർ ജില്ലാകോടതിയിൽ അഭിഭാഷികയായി ജോലി തുടങ്ങി. ഇങ്ങനെയെല്ലാം സഭയുടെ ഇഷ്ടതോഴിയായി സേവനം ചെയ്ത കാലത്താണ് ഞാറക്കൽ സംഭവം ഉണ്ടായതും സിസ്റ്റേഴ്‍സിന് അതിൽ ഇടപെടേണ്ടി വന്നതും.  പള്ളിയ്ക്കും വികാരിക്കും സഭാധികാരികൾക്കുമെതിരെ അവർക്ക് ധീരമായി പോരാടേണ്ടി വന്നു. അന്നുമുതൽ അവർ സഭാധികാരികളുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.

സിസ്റ്റർ റ്റീനായുടെ സഹോദരി സിസ്റ്റർ ആനി ജെയിൻസിനെ ഞാറക്കൽ സെന്റ് ജോസഫ്സ് സ്‌കൂളിന്റെ പ്രിൻസിപ്പലായി നിയമിച്ചപ്പോൾ മുതലാണ് മെത്രാനും പള്ളിവികാരിയുമൊത്ത് കന്യാസ്ത്രികൾക്കെതിരെ ശണ്ഠകളാരംഭിച്ചത്. ഞാറക്കൽ പള്ളിയും ലിറ്റിൽ ഫ്ലവർ സ്‌കൂളും തമ്മിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾക്കു തുടക്കമിട്ടു. ഈ രണ്ടു സ്‌കൂളുകളും അടുത്തടുത്തായിരുന്നു നിലകൊണ്ടിരുന്നത്. അക്കാലത്താണ് അരമനയിൽ നിന്ന് ബിഷപ്പിന്റെ ഒരു കത്തു ലഭിച്ചത്. ഞാറയ്ക്കൽ സെന്റ് ജോസഫ്സ് സ്‌കൂളും അതിനോടനുബന്ധിച്ചുള്ള മഠവും അവിടെനിന്നു മാറ്റണമെന്നും ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് സ്‌കൂളിന്റെ പ്രവർത്തനത്തിന് മഠം വക സെന്റ്. ജോസഫ്സ് സ്‌കൂൾ തടസം വരുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കവും.

കള്ള പ്രമാണങ്ങൾ ചമച്ചു പള്ളിയധികാരികൾ കന്യാസ്ത്രി മഠവും സ്‌കൂളും വളരെ വർഷങ്ങൾക്കു മുമ്പ് കൈവശപ്പെടുത്തിയ വിവരം ബിഷപ്പിന്റെ കത്തു കിട്ടിയപ്പോഴാണ് കന്യാസ്ത്രികൾ അറിയുന്നത്.  അത് അവരെ സംബന്ധിച്ച് ഒരു കോളിളക്കം തന്നെയുണ്ടാക്കിയിരുന്നു. നാല്പതുകളിൽ കന്യാസ്ത്രികൾ പിടിയരി മേടിച്ചും യാചിച്ചും സമാഹരിച്ച പണംകൊണ്ട് സ്ഥാപിച്ച മഠവും സ്വത്തുക്കളുമായിരുന്നു   അത്. കാര്യങ്ങൾ ബോധിപ്പിക്കാൻ കന്യാസ്ത്രികൾ ബിഷപ്പ് ചാക്യത്തിനെ കണ്ടെങ്കിലും ബിഷപ്പും അരമനയും പുരോഹിതരും കന്യാസ്ത്രികൾക്കെതിരായിരുന്നു. കന്യാസ്ത്രികൾ പള്ളിയുടെ ഗൂഢതന്ത്രങ്ങൾ അംഗീകരിക്കാതെ വന്നപ്പോൾ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭീഷണികളും വരാൻ തുടങ്ങി.

1923-ലാണ് ഞാറക്കൽ പള്ളി സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചു പള്ളിവക സെന്റ് മേരിസ് സ്‌കൂളുമുണ്ടായിരുന്നു. ഇടവക വികാരി സ്‌കൂളിന്റെ മാനേജരുമായിരുന്നു. പള്ളിയ്ക്ക് തെക്കു പടിഞ്ഞാറായി അര കിലോമീറ്ററകലെ 1926-ൽ മഠം സ്ഥാപിക്കാനായി കർമ്മലീത്താ കന്യാസ്ത്രികൾ സ്ഥലം മേടിച്ചു. 1939-ൽ അതിനോടനുബന്ധിച്ചു കോൺവെന്റും പണി കഴിപ്പിച്ചു.1944-ൽ ഇടവക ജനങ്ങളുടെ താല്പര്യം അനുസരിച്ചു കോൺവെൻറ് പുതുക്കി പണിയുകയും  കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. 1945-ൽ ലിറ്റിൽ ഫ്ലവർ സ്‌കൂൾ ആരംഭിച്ചു. 1945 മുതൽ ഇടവക വികാരിയെ സ്‌കൂളിന്റെ മാനേജരായി തീരുമാനിക്കുകയും ചെയ്തു. അത് മദർ സുപ്പീരിയറിന്റെ   പുരോഹിതരോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2001-ൽ കോൺവെന്റിന്റ മേൽനോട്ടത്തിൽ സെന്റ് ജോസഫ്'സ് സി.ബി.എസ്‌.സി. സിലബസ്സിൽ സ്‌കൂളും ആരംഭിച്ചു.

മെത്രാന്റെയും പുരോഹിതരുടെയും അവകാശവാദങ്ങൾ കന്യാസ്ത്രികൾ നിരസിക്കുകയും വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന് ഒരു പരാതി അയക്കുകയും ചെയ്തു. ഞാറക്കൽ, മൂന്നേക്കർ സ്ഥലത്ത് കന്യാസ്ത്രികൾ രണ്ടു സ്‌കൂളുകളും ദരിദ്രർക്കുള്ള ഒരു ഭവനവും നടത്തുന്നുണ്ടായിരുന്നു. 1930 മുതൽ അവിടെ വന്നും പോയും കൊണ്ടിരുന്ന പുരോഹിതർ സ്‌കൂളിന്റെ പ്രവർത്തനത്തിനായി സഹായിക്കുന്നുണ്ടായിരുന്നു. കീഴ്വഴക്കപ്രകാരം സ്‌കൂളിലെ മാനേജർമാരെല്ലാം പുരോഹിതരായിരുന്നു. അവർ കുട്ടികളിൽനിന്നു സ്‌കൂളിൽ പ്രവേശനത്തിനായും അദ്ധ്യാപക നിയമനത്തിനും കോഴ മേടിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം കന്യാസ്ത്രികൾ നിശ്ശബ്ദരായിരുന്നു. നൂറു ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അദ്ധ്യാപക നിയമനത്തിന് കന്യാസ്ത്രികളിൽ നിന്നും കോഴപ്പണം മേടിക്കാൻ സാധിക്കാത്തതുകൊണ്ടു അവരെ നിയമിക്കില്ലായിരുന്നു. ആദ്യകാലങ്ങളിൽ സ്‌കൂളിൽ അദ്ധ്യാപികകളായി 36 കന്യാസ്ത്രികളുണ്ടായിരുന്ന സ്ഥാനത്ത് അവരുടെ എണ്ണം ആറായി കുറഞ്ഞിരുന്നു.

കാനൻ നിയമവും കത്തോലിക്ക സഭയും പറയുന്നത് ധർമ്മം സ്വീകരിച്ച ഒരു കത്തോലിക്കാ വിശ്വസിയ്ക്ക്  സഭയ്‌ക്കെതിരെ യാതൊരു കാരണവശാലും കേസുകൊടുക്കാൻ അവകാശമില്ലെന്നാണ്. എന്നാൽ എറണാകുളത്തെ ഞാറയ്ക്കലുള്ള ചെറുപുഷ്പം മഠത്തിലെ സിസ്റ്റർ ടീനയുടെ നേതൃത്വത്തിലുള്ള ആറു ധീരകളായ   കന്യാസ്ത്രീകൾ കാനൻ നിയമങ്ങളുടെ പാരമ്പര്യം തെറ്റാണെന്നു തെളിയിച്ചു കൊണ്ട് സഭയ്‌ക്കെതിരെ കേസുകളുമായി മുമ്പോട്ട് പോവുകയാണുണ്ടായത്. സാധാരണ ഗതിയിൽ കേസുകൾ വരുമ്പോൾ സഭാസംബന്ധമായ വിഷയങ്ങൾ പുരോഹതരാണ്‌ കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങൾക്കു തീർപ്പു കല്പിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രത്യേക അപേക്ഷാ പേപ്പറിൽ  പൂരിപ്പിച്ചപേക്ഷിക്കേണ്ടതായുണ്ട്. സഭാധികാരികളെ മാനിക്കണമെന്നും അവർ പറയുന്നത് ശ്രദ്ധിക്കണമെന്നും അനുസരണ ശീലം വേണമെന്നും വ്രതവാഗ്ദാനത്തിന്റെ ഭാഗങ്ങളായുള്ളതാണ്.

കന്യാസ്ത്രികൾ കൊടുത്ത പരാതിയിന്മേൽ വിദ്യാഭ്യാസ ഡിപ്പാർമെൻറ് മെത്രാനും വികാരിയ്ക്കുമെതിരെ തീരുമാനമെടുക്കുകയും സ്‌കൂൾ കന്യാസ്ത്രീകളുടെ നിയന്ത്രണത്തിൽ കൊടുക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ മെത്രാനും പള്ളിവികാരിക്കും കന്യാസ്ത്രികളോട് അടങ്ങാത്ത കോപവും പ്രതികാരവുമുണ്ടായി.  തുടർന്ന് പുരോഹിതൻ തെരുവ് പോക്രികളെ കൊണ്ട് കന്യാസ്ത്രീകളെ ശല്യപ്പെടുത്താനും എല്ലാ വിധ പീഡനങ്ങളും കൊടുക്കാൻ തുടങ്ങി. കന്യാസ്ത്രികളോട് പള്ളിയിൽ വരാൻ പാടില്ലാന്നു കൽപ്പിച്ചു. അവിടെയങ്ങനെ പുരോഹിത നേതൃത്വത്തിൽ അശാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കന്യാസ്ത്രീകളെ നൂറു കണക്കിനുള്ള പുരോഹിത ഗുണ്ടാകൾ വഴിയിൽ തടഞ്ഞു നിർത്തി.  ഗുണ്ടകൾ നിത്യം പീഡിപ്പിക്കലും അസഭ്യ വാക്കുകൾ പറയുകയും പതിവായി തീർന്നു. സിസ്റ്റേഴ്‍സിന് കൂടുതൽ സഹിക്കാൻ സാധിക്കില്ലായിരുന്നു. അവർ സ്‌കൂളിന്റെ നിയന്ത്രണത്തിനായി പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തു. കീഴ്‌ക്കോടതി അവർക്കനുകൂലമായി വിധിച്ചു.

അഴിമതികൊണ്ടു കൊഴുത്ത പുരോഹിതനെ മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. സ്‌കൂൾ മാനേജർ സ്ഥാനത്തുനിന്ന് പള്ളിവികാരിയെ മാറ്റണമെന്ന പേപ്പറുകൾ തയാറാക്കിയത് അന്ന് പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ആനി ജെയിൻസിയായിരുന്നു.  വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചുകൊണ്ട് സ്‌കൂൾ നിയമപരമായി അവർ മഠത്തിന്റെ കീഴിലാക്കി. മാനേജരെ മാറ്റാനുള്ള ഓർഡർ സമ്പാദിച്ചതും അതിനായി പ്രയത്നിച്ചതും  സിസ്റ്റർ ടീനയായിരുന്നു. ഇക്കാര്യത്തിൽ പള്ളിവികാരി കലിപൂണ്ടുകൊണ്ട് പ്രതികാരങ്ങളും ആരംഭിച്ചു.

സഭയും സ്ഥാപനവും രമ്യതയിലാക്കി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ച മദർ ജനറലിനെ വികാരിയും കിങ്കരന്മാരും പള്ളിയ്ക്കകത്തു ഒരിക്കൽ പൂട്ടിയിട്ടു. ജീവനു ഭീഷണി നൽകി മഠം വക സ്വത്തുക്കളെല്ലാം പള്ളിയ്ക്കു നൽകിക്കൊണ്ട് ബലമായി പ്രമാണങ്ങളിൽ ഒപ്പുവെപ്പിച്ചു. പിറ്റേ ദിവസം ആ പ്രമാണം നിയമപരമായി സിസ്റ്റർ ടീന ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. അതിൽ പ്രതികാരം മൂത്തു പള്ളി വികാരിയുടെ ഗുണ്ടകൾ മാരകായുധങ്ങളുമായി വന്നു കന്യാസ്ത്രീകളെ ആക്രമിച്ചു. സിസ്റ്റർ റെയ്സിയെന്ന ഒരു കന്യാസ്ത്രിയെയും മറ്റൊരു അന്തേവാസിയായ മറിയക്കുട്ടിയെയും മാരകമായി മുറിവേൽപ്പിച്ചു. സിസ്റ്റർ ടീന  മുറിവേറ്റു കിടക്കുന്ന റെയ്‌സിയെ ഹോസ്പിറ്റലിൽ ചെന്നു കണ്ടു. ഗുണ്ടായിസത്തിൽ പ്രതികരിച്ചുകൊണ്ട് സിസ്റ്റർ ടീന  അച്ചന്മാർക്കും സഭാധികാരികൾക്കും എതിരെ കേസ് കൊടുപ്പിച്ചു.

വൈദിക പ്രമാണികളടങ്ങിയ ഒരു സംഘം ഗുണ്ടകൾ ഞാറക്കലുള്ള ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ കയ്യേറിയ സംഭവം സാസ്‌കാരിക കേരളത്തിനും കേരള ക്രിസ്ത്യൻ സമുദായത്തിനും അപമാനകരമായിരുന്നു.  അതുമൂലം മെത്രാനെയും മൂന്നു വൈദികരെയും പ്രതികളാക്കിക്കൊണ്ടായിരുന്നു കന്യാസ്ത്രികൾ അന്ന് കേസ് ഫയൽ ചെയ്തത്.മർദ്ദനമേറ്റ സിസ്റ്റർ റോസി റെയിന്റെ പരാതിയിൽ അങ്കമാലി സഹായ മെത്രാൻ തോമസ് ചക്കിയത്തിനെയും പ്രതി ചേർത്തിരുന്നു. ബിഷപ്പിന്റെ സമ്മതത്തോടെയാണ് ഈ അക്രമം ഉണ്ടായതെന്ന് അവർ വിശ്വസിച്ചിരുന്നു.  രമ്യമായി പരിഹരിക്കാവുന്ന ഈ പ്രശ്‍നം ഇത്രയും വഷളാക്കിയത് മെത്രാനും പുരോഹിതരുമാണ്. തങ്ങളുടെ അധികാര പരിധിയിൽ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ് ഓരോ മെത്രാനും കരുതിയിരിക്കുന്നത്. പണത്തിന്റെ ദുരാഗ്രഹവും  മെത്രാന്റെ തലയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.

കാലക്രമേണ ബിഷപ്പും പുരോഹിതരും സഭയിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രികളെ  അവരുടെ നിയന്ത്രണത്തിലാക്കി.  ഞാറക്കൽ പ്രശ്നങ്ങൾക്കു കാരണം സിസ്റ്റർ ടീനയെന്നു പറഞ്ഞു കന്യാസ്ത്രികൾ അവർക്കെതിരായി പ്രവർത്തിക്കാനും തുടങ്ങി. നീണ്ട വർഷങ്ങളോളം താൻ ആത്മാർഥമായി പ്രവർത്തിച്ച മഠവും അവിടുത്തെ അധികാരികളും അവർക്കെതിരായി ഗൂഢാലോചനകളും  പ്രവർത്തനങ്ങളും  തുടങ്ങിയപ്പോൾ അവരുടെ മനസു തകർന്നിരുന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചവരെല്ലാം അവരുടെ ശത്രുപാളയങ്ങളിലാണ്. അതിനു പിന്നിൽ ബിഷപ്പ് ചാക്യയത്തിന്റെ കറുത്ത കൈകളുമുണ്ട്.

കന്യാസ്ത്രി മഠത്തിൽനിന്നു സിസ്റ്റർ ടീനയെ പുറത്താക്കാൻ സർവ്വവിധ ശത്രുനയങ്ങളും അവരോടൊപ്പമുളള മറ്റു കന്യാസ്ത്രികൾ അനുവർത്തിച്ചു വരുന്നു. സന്യാസിനി രജിസ്ട്രാറിലെ അവരുടെ പേര് നീക്കം ചെയ്തു. അവരോടു ആരും സംസാരിക്കാൻ പാടില്ലാന്നും അധികാരികൾ നിയമമുണ്ടാക്കി. സംസാരിക്കുന്നവരെ സ്ഥലം മാറ്റി നടപടികളുമെടുക്കുന്നു. വിശന്നാൽ ഭക്ഷണം കൊടുക്കാതെ പഞ്ഞം കെടത്തും. ചെരുപ്പുകളും സോപ്പുകൾ വാങ്ങിക്കുന്നതിനുപോലുമുള്ള അലവൻസുകൾ മഠം നിർത്തൽ ചെയ്തു. അടുക്കളയിൽ ചെന്ന് ഭക്ഷിക്കാൻ ചെന്നാലും അടുക്കളയുടെ ചുമതലയുള്ളവർ നിരസിക്കും. വക്കീൽ പണിയ്ക്ക് കിട്ടുന്ന നിസാര തുകകൾ കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നു.ബന്ധുജനങ്ങൾ ചെന്നാൽ, കന്യാസ്ത്രികൾ കാണാൻ അനുവദിക്കുകയോ പുറത്തു വരുകയോ ഇല്ല.   കുർബാന സമയം മറ്റുള്ള കന്യാസ്ത്രികൾക്ക് കസേര കൊടുക്കുമ്പോൾ അവർക്കു മാത്രം കൊടുക്കില്ല. മഠത്തിന്റെ പരിസരത്ത് ഒരു ചെടി നട്ടാൽ അത് മറ്റുള്ള കന്യാസ്ത്രികൾ പറിച്ചുകളയും. സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹസ്വരൂപനായ യേശുവിന്റെ സ്ഥാനത്തു ക്രൂരതയുടെ പിശാചുക്കളായ സഹ കന്യാസ്ത്രീകളാണ് അവിടെ ഭരണം നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ തലമുണ്ടും കുപ്പായവുമണിഞ്ഞ രാക്ഷസി സമൂഹങ്ങളുടെ കൈകളിലാണ് ഇന്നവിടെ  അധികാരത്തിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്നത്.

ബിഷപ്പുമാർക്കും പുരോഹിതർക്കും സ്‌കൂളും പരിസരങ്ങളും പള്ളിയ്ക്ക് വിട്ടുകൊടുക്കണമെന്നുള്ള ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. സിസ്റ്റർ ടീന ഇത് നിരസിക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും പുരോഹിതരുടെയും തോന്ന്യാസങ്ങൾക്ക് കൂട്ടു നിൽകാഞ്ഞതായിരുന്നു അവർ ചെയ്ത തെറ്റ്. അതിനവർ വലിയ വില കൊടുക്കേണ്ടി വന്നു. സഭയിൽനിന്ന് പുറത്താക്കാനുള്ള സകല തന്ത്രങ്ങളും കന്യാസ്ത്രികൾ മെനയുന്നുണ്ടെങ്കിലും കാനോൻ നിയമം അനുസരിച്ചു അവരുടെ സമ്മതമുണ്ടെങ്കിലേ അതിനു സാധിക്കുള്ളൂ. പുറത്തുപോകാൻ സകലവിധ സമ്മർദങ്ങളും അവരുടെമേലുണ്ട്. ഒരിക്കൽ തിരുവസ്ത്രമണിഞ്ഞുകൊണ്ടു സഭയ്ക്കായി സേവനം ഉഴിഞ്ഞുവെച്ച അവർ ഇനി പുറകോട്ടില്ലെന്നുള്ള തീരുമാനത്തിലാണ്. ചിലപ്പോഴെല്ലാം മനസുപതറിയപ്പോൾ സ്വന്തം തീരുമാനത്തിന് മാറ്റം വരുത്താനും തോന്നിയിട്ടുണ്ട്.

കേരളസഭയിൽ രണ്ടു കർദ്ദിനാൾമാരുണ്ട്. മുത്തുക്കുടകളുടെ കീഴിൽ കുഞ്ഞാടുകളുടെ നടുവിൽക്കൂടി നടക്കുന്ന ഭാഗ്യവാന്മാരായവർക്ക് വേദനിക്കുന്നവരുടെ കണ്ണുനീരിന്റെ കഥകൾ അറിയേണ്ട ആവശ്യമില്ല.
ഏതെങ്കിലും മാനുഷ്യക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം കൊടുത്തതായും അറിവില്ല. അങ്ങനെയിരിക്കുമ്പോൾ ചില മണ്ടൻ പ്രസ്താവനകളുമായി ഇടയലേഖനങ്ങളും ഇറക്കും. 'സോഷ്യൽ മീഡിയാവഴി ദൈവവിളി കുറയുന്നു, കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ കുടുംബങ്ങൾ ശ്രമിക്കണം, വിവാഹം പുരുഷനും സ്ത്രീയും ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ കഴിക്കണം....'എന്നിങ്ങനെ പ്രസ്താവനകളുമായി വിശ്വാസി ലോകത്തെ ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യും. ഇവരുടെ പഞ്ചാര വാക്കുകൾ ശ്രവിച്ചു മഠത്തിൽ വന്നെത്തുന്ന സഹോദരിമാരുടെ കരളലിയിക്കുന്ന കഥകൾ ശ്രവിക്കാൻ, അതിനു പരിഹാരങ്ങൾ കാണാൻ ഒരു അഭിഷിക്തനും മുമ്പോട്ട് വരില്ല. മനുഷ്യത്വത്തെ സ്നേഹിക്കാതെ സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന പാരമ്പര്യമാണ് സഭയുടെ ചരിത്രത്തിലുടനീളമുള്ളത്. സഹനത്തിൽക്കൂടി, അനുസരണയിൽക്കൂടി, പാവം കന്യാസ്ത്രീകളെ അടിച്ചമർത്തി കൊല്ലാകൊല ചെയ്തശേഷം മരിച്ചുകഴിയുമ്പോൾ അവരെ വിശുദ്ധരാക്കി പണം വാരാനുള്ള തന്ത്രങ്ങളും സഭ മെനഞ്ഞെടുക്കും.

ഞാറക്കൽ സിസ്റ്റേഴ്‌സിന്റെ ദുരവസ്ഥയ്ക്കും പരാജയത്തിനും കാരണം കൂടെ നിന്നവർ കാലുമാറുകയും അവരെ നയിച്ചവർ ചതിക്കുകയും ചെയ്തതുകൊണ്ടായിരുന്നു. സിസ്റ്റേഴ്‍സിന് എല്ലാവിധ പിന്തുണകളും നൽകി നേതൃത്വം നല്കിക്കൊണ്ടിരുന്ന  'സിസ്റ്റർ വിമല പോൾ' പെട്ടെന്ന് കാലു മാറി ബിഷപ്പിനൊപ്പം ചേർന്നത്  ഐക്യം തകരാൻ കാരണമായി.  പിന്നീടുള്ള കഥകളിൽ സമരത്തിൽ പങ്കെടുത്തവർക്ക്  അധികാരികളുടെ നിന്ദകളും പീഡനങ്ങളും ഏൽക്കേണ്ടി വന്നു. കുതികാൽ വെട്ടുമൂലം സിസ്റ്റർ ടീന ഉൾപ്പടെയുള്ളവർ സത്യത്തിന്റെ ബലിയാടുകളുമായി.

സിസ്റ്റർ ടീന, സ്വന്തം മഠത്തിനോടുള്ള അഗാധമായ സ്നേഹവും വിശ്വാസവും മൂലം   ധർമ്മത്തിനായി പൊരുതി. അഴിമതികളെയും അനീതികളെയും അംഗീകരിക്കാൻ  ടീനയ്ക്കു സാധിച്ചില്ല. അവർക്കു കിട്ടിയ പ്രതിഫലം പീഡനവും മഠത്തിൽനിന്നു പുറത്താക്കുമെന്ന ഭീഷണികളുമായിരുന്നു. ധീരതയോടെ എല്ലാ സഹനങ്ങളും താൻ വിശ്വസിക്കുന്നതായ  ദൈവത്തിൽ സമർപ്പിച്ചു. ഞാറക്കൽ കന്യാസ്ത്രീകളുടെ പ്രവർത്തികൾ വ്രതവാഗ്ദാനത്തിലെ അനുസരണക്കേടെങ്കിൽ അതേ കുറ്റങ്ങൾ തന്നെ ക്രിസ്തുവിലും പഴിചാരാൻ സാധിക്കും. അനുസരണക്കേടെന്ന പേരിൽ ശിക്ഷിക്കാൻ പുറപ്പെടുന്ന പൈശാചിക സ്ത്രീകൾ ഇന്ന് ഞാറയ്ക്കൽ മഠം കൈവശപ്പെടുത്തി കഴിഞ്ഞു. മതം പഠിപ്പിക്കുന്നത് ദൈവത്തിൽ വിശ്വാസം അർപ്പിക്കാനാണ്. തിന്മയുടെ കാവൽക്കാരായി പിശാചുക്കളെ വന്ദിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല.  ആദ്ധ്യാത്മികതയുടെ വഴി തെരഞ്ഞെടുത്ത ഗാന്ധിജിയും സത്യത്തിനു നിരക്കാത്ത പൊതു നിയമങ്ങളെ ലംഘിച്ചിരുന്നു. അധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ട് സത്യം നിലനിർത്താൻ സിസ്റ്റർ ടീനയും അതേ വഴിയേ തന്നെ പൊരുതി. സഭയ്ക്ക് ഈ സഹോദരിയുടെ പോരാട്ടം സ്വീകാര്യമല്ലെങ്കിലും അവർ സമൂഹ മനസാക്ഷിയുടെ കാവൽക്കാരിയായി മാറിക്കഴിഞ്ഞു. അനീതിയും അധർമ്മവും നിലനിൽക്കുന്നിടത്തു ത്യാഗത്തിന്റെ വില മനസിലാവില്ല. സത്യത്തെയും ധർമ്മത്തെയും വിലയിരുത്തുന്നവരുടെ മനഃസാക്ഷിയിൽ സിസ്റ്റർ ടീന  നിത്യവും ഒരു നിഴലുപോലെ കാണും.





Mar Thomas Chakiath
Emeritus Auxiliary Bishop of Ernakulam-Angamaly


Thursday, January 19, 2017

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും




ജോസഫ് പടന്നമാക്കൽ 

നിരവധി തലമുറകളുടെ ചരിത്രസാക്ഷിയായ ശബരിമല ശാസ്താവും അവിടുത്തെ പൂങ്കാവനവും ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.   ആ പൂങ്കാവനത്തിനുള്ളിലാണ് അയ്യപ്പൻറെ ദേവസ്ഥാനവും. നിരവധിയായ പഴയതും പുതിയതുമായ സംസ്ക്കാര പരമ്പരകൾ അയ്യപ്പൻറെ സന്നിധാനത്തിൽക്കൂടി കടന്നു പോയിട്ടുണ്ട്. തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാൽ വരുമാനത്തിൽ ശബരിമല രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അന്യമതസ്ഥർ അവിടെ ദർശനം നടത്തുന്നുവെങ്കിൽ അന്നേ ദിവസം താൻ വിശ്വാസിയെന്നു എഴുതി കൊടുത്താൽ മതി. അങ്ങനെ മതസൗഹാർദ്ദത്തിന്റെ ഒരു ഈറ്റില്ലംകൂടിയാണവിടം. കേരളത്തിലെ മിക്ക അമ്പലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. അമ്പലത്തിന്റെ മുമ്പിൽ അങ്ങനെ ബോർഡും കാണാം. പക്ഷെ ശബരിമലയിൽ നൂറ്റാണ്ടുകളായി അങ്ങനെയൊരു വ്യവസ്ഥയില്ല. അവിടെ ഏതു വിശ്വാസിക്കും കയറാം.  എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസം  ശബരിമലയിൽ വന്നതെങ്ങനെയെന്നും വിസ്മയകരമാണ്‌. മറ്റേതു അമ്പലത്തിൽ നടക്കുന്ന പൂജാവിധികൾ മാത്രമാണ് ശബരി മലയിലുമാചരിക്കുന്നത്.

ശബരിമല ശാസ്താവിന്റെ  അമ്പലമന്ദിരത്തിന്റെ കവാടത്തിങ്കൽ 'തത് ത്വം അസി' എന്ന മഹാവാക്യം ലിഖിതം ചെയ്തിട്ടുണ്ട്. 'അത് നീ ആകുന്നു' വെന്നാണ് അർത്ഥം. ഓരോ തീർത്ഥാടകനെയും സ്വാമി അവരുടെ ദൈവികത്വം അംഗീകരിക്കുകയാണ്. നീ പരമാത്മാവിന്റെ ചൈതന്യമാകുന്നുവെന്നും അതിൽ അടങ്ങിയിട്ടുണ്ട്. അത് അദ്വൈത തത്ത്വങ്ങളുടെ സത്തയാണ്. തത്ത്വമസി, ഈ മഹാവാക്യത്തിൽ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അർത്ഥം:-   'തത്  - അത് (ആ പരമ സത്ത, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന അന്തഃസാരം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ സകല നക്ഷത്രവ്യൂഹങ്ങൾക്കപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന അദൃശ്യമായ ഒരു ശക്തിയാണ്. അതാണ് പരബ്രഹ്മമെന്നു പറയുന്നത്.

ആദ്യകാലങ്ങളിൽ അയ്യപ്പപ്രതിഷ്ഠ നടത്തുന്നതിന് ശ്രീ കോവിലുകളോ ബിംബങ്ങളോ ശബരിമല പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കാവു പുരയിടങ്ങൾ കാണാമായിരുന്നു. അതുപോലെ ശബരിമലയിലും അയ്യപ്പപൂജ നടത്തിയിരുന്നത് കാവുകളിലായിരുന്നു. ബ്രാഹ്മണാധിപത്യം നിലവിൽ വന്നതിനു ശേഷമായിരിക്കാം അയ്യപ്പനെ നാലുകെട്ടിനുള്ളിൽ പൂജാമുറികളിൽ വിഗ്രഹവുമായി പ്രതിഷ്ഠിച്ചത്. മലകളും താഴ്വരകളും ചുറ്റും നിറഞ്ഞിരുന്നതുകൊണ്ടു പ്രകൃതി ദത്തമായും അയ്യപ്പൻ സുരക്ഷിതമായിരുന്നു. വൈദികാചാരങ്ങളുടെ കാലം തുടങ്ങിയതിൽ പിന്നീടാണ് മണി കൊട്ടിക്കൊണ്ടുള്ള പൂജയും കൊടിയേറ്റിയുള്ള ഉത്സവമൊക്കെ ആരംഭിച്ചത്. പഴങ്കാല പാട്ടുകളിൽനിന്നും കാവുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. 'വേട്ട വിളി തോട്ടം', 'കാവെണ്ണൽ തോറ്റം' എന്നീ പാട്ടുകൾ അയ്യപ്പൻകാവിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. പണ്ട് ശബരി മലയ്ക്ക് പോകുന്നവർ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി അയ്യപ്പനു കൊടുക്കാൻ  കൊണ്ടുപോകുമായിരുന്നു. അതെല്ലാം നിയമവിരുദ്ധമായി പിന്നീട് തള്ളപ്പെട്ടു.

പൊന്നമ്പലമേടിലുള്ള മകരവിളക്കിന് ഒരു ഐതിഹ്യ കഥയുണ്ട്. ശബരിമലയിലുള്ള കാട്ടിൽ ശബരിയെ ശ്രീ രാമനും സഹോദരൻ ലക്ഷ്മണനും കണ്ടുമുട്ടി. 'ശബരി' നീലിമലകളുടെ അടിവാരത്തിൽ താമസിച്ചിരുന്ന ഒരു യോഗിനിയായിരുന്നു. പമ്പയുടെ കിഴക്കുഭാഗത്തു താമസിച്ചുകൊണ്ട് ധർമ്മശാസ്താവിന്റെ വരവിനായി തപസു ചെയ്തുകൊണ്ടിരുന്നു. ശബരി താമസിച്ച നീലി മലകളെയാണ് ശബരിമലയെന്നു പറയുന്നത്. അവർ മോക്ഷപ്രാപ്തി നേടിയതും ഈ മലയിൽ നിന്നായിരുന്നു. ഭക്തി പരവശയായ ശബരി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടമാത്രയിൽ രുചിയുള്ള പഴവർഗങ്ങൾ സമ്മാനിച്ചു. ശ്രീ രാമൻ ശബരിയിൽ അതീവ സന്തുഷ്ടനായിക്കൊണ്ട് അനുഗ്രഹങ്ങൾ നൽകി. അവിടെ ഒരു ദേവൻ തപസു ചെയ്യുന്നത് കണ്ടുകൊണ്ട് ശ്രീരാമൻ അതാരെന്നു ശബരിയോട് ചോദിച്ചു. ശാസ്താവെന്നു മറുപടി പറഞ്ഞു. രാമൻ, ശാസ്താവിന്റെ സമീപം വന്നു നിന്നു. ശാസ്താവ് അയോധ്യയായിലെ രാജകുമാരനെ സ്വാഗതം ചെയ്തു. അതിന്റെ സൂചകമായി മകരവിളക്ക് എല്ലാവർഷവും അതെ സമയം തെളിയിക്കാനും ആചരിക്കാനും തുടങ്ങി. മകരവിളക്കു പ്രകാശിപ്പിക്കുന്ന ദിവസം ധർമ്മ ശാസ്താവ് ഭക്തജനങ്ങളെ തപസു നിർത്തി അനുഗ്രഹിക്കുമെന്ന വിശ്വാസമാണുള്ളത്. ആ ദിവസത്തെ മകര സംക്രാന്തിയെന്നും പറയും.

ബുദ്ധന്മാരുടെ തത്ത്വമനുസരിച്ചു 'ശാസ്താ' അല്ലെങ്കിൽ ധർമ്മശാസ്‌തായെന്നു പറഞ്ഞാൽ ബുദ്ധന്റെ പതിനെട്ടു പേരുകളിൽ ഒന്നാണെന്നാണ് കരുതുന്നത്. താമരയുടെ ആകൃതിയിൽ ഒരു യോഗിയെപ്പോലെ അയ്യപ്പൻറെ ഇരിപ്പും പീഠവും ബുദ്ധവിഹാരത്തെ കാണിക്കുന്നു. അയ്യപ്പ ഭക്തന്മാരുടെ ശരണം വിളികളും സ്തോത്ര മന്ത്രങ്ങളും ബുദ്ധശിക്ഷ്യന്മാരുടെ പോലെയാണ്. അത്തരം മന്ത്രോച്ഛരണം മറ്റു ക്ഷേത്രങ്ങളിൽ കാണാനുമില്ല. ഇതെല്ലാം അനുമാനങ്ങൾ മാത്രമാണ്. ചരിത്രപരമായോ, ഭൂമിശാസ്ത്രപരമായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുരാവസ്തു ശാസ്ത്ര വിഷയങ്ങളിലുള്ളതുമല്ല.

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽക്കൂടി യാത്ര ചെയ്ത ചൈനീസ് യാത്രക്കാരൻ 'ഹുയാങ് സാങ്'(Huan Tsang) ന്റെ യാത്രക്കുറിപ്പിൽ പോടലക പർവ്വത നിരകൾക്കു സമീപമുള്ള 'അവലോകിദീശ്വര' എന്ന ബോധിസത്വയെ സൂചിപ്പിച്ചിട്ടുണ്ട്. അവലോകിദീശ്വരയെന്നാൽ വിഷ്ണുവിന്റെയും ശിവന്റെയും  വെളിപാടുകളുടെ സങ്കേതമെന്നും കരുതുന്നു. ശബരിമലയെന്നത് ആദ്യം ശിവന്റെയും വിഷ്ണുവിന്റെയും വാസസ്ഥാനമായിരുന്നുവെന്നു   പഴമൊഴിയിലുണ്ട്.

1821-ൽ പന്തളം രാജ്യം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. ശബരിമലയുൾപ്പടെ നാല്പത്തിയെട്ടു അമ്പലങ്ങൾ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി. 1910 ലാണ് അയ്യപ്പൻറെ വിഗ്രഹം ശബരിമലയിൽ പ്രതിഷ്ഠിച്ചത്. 1950-ൽ അമ്പലം പൂർണ്ണമായി തീയിൽ നശിച്ചു. ക്രിസ്ത്യൻ തീവ്രവാദികളാണ് അമ്പലം കത്തിച്ചതെന്നു പറയുന്നു. ആ സ്ഥാനത്തു പിന്നീട് പുതിയ അമ്പലം പണിയുകയുമുണ്ടായി. സംഘപരിവാർ എത്രമാത്രം പ്രചരണം നടത്തിയാലും അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യമെന്നുള്ളത് പ്രമാണികരിക്കാത്ത വെറും കെട്ടുകഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുള്ളൂ.വൈദിക കാലത്തെ ഹൈന്ദവത്വത്തിന്റെ വിശ്വാസങ്ങളെ തുരങ്കം വെച്ചുകൊണ്ട് ഹിന്ദുത്വയെന്ന പുതിയ മതം പ്രചരിപ്പിക്കുകവഴി ശബരിമല അവരുടെ സ്വാധീനവലയത്തിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നുമുണ്ട്.

ഹിന്ദുമതമെന്നു പറഞ്ഞാൽ വിവിധ ഗുണങ്ങളോടുകൂടിയ കോടാനുകോടി ആശയസംഹിതകളുടെ, ദൈവങ്ങളുടെ പ്രഭവകേന്ദ്രമാണ്. അവരിൽ സ്ത്രീ ദൈവങ്ങളും  ആരാധനമൂർത്തികളായി കാണാം.അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെ അയ്യപ്പൻറെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീർഥാടകർ എത്താത്ത കാലത്തിൽ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പൻറെ വാഗ്ദാനവും ഉണ്ട്.

ശബരിമലയമ്പലത്തിലെ അയ്യപ്പനെ ഹൃദയാമൃതമായി സ്വീകരിച്ചിരിക്കുന്ന 'മാളികപ്പുറത്തമ്മ' സുന്ദരിയായ ഒരു ദേവതയാണ്. ശബരിമല അയ്യപ്പൻറെ ശ്രീകോവിലിനു സമീപമായി മറ്റൊരു കോവിലിൽ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പനെ തൊഴുന്ന ഭക്തജനങ്ങൾ അവരെയും നമസ്ക്കരിച്ചിട്ടേ മടക്കയാത്ര പുറപ്പെടുകയുള്ളൂ. മാളികപ്പുറത്തമ്മയെ ദർശിക്കുന്നതും ചിലർ ജന്മസായൂജ്യമായി കരുതുന്നു.  ഐതിഹ്യ കഥകളനുസരിച്ച് അവർ ഒരിക്കൽ മഹിഷിയെന്ന രാക്ഷസിയായിരുന്നു. അയ്യപ്പൻ അവരെ നിഗ്രഹിച്ചുകൊണ്ടു ശാപമോക്ഷം നൽകിയെന്നു വിശ്വസിക്കുന്നു. കാട്ടുപോത്തിന്റെ തലയുള്ള മഹിഷിയെന്ന രാക്ഷസിയെ അയ്യപ്പൻ കൊന്നപ്പോൾ അവൾ സുന്ദരിയായ പെൺകുട്ടിയുടെ ഒരു രൂപമായി മാറി. അവരുടെ മുൻജന്മത്തിൽ അവർ 'ഗൽവൻ' എന്ന ജ്ഞാനിയായ യതിയുടെ മകളായിരുന്നു. ഗൽവന്റെ ഒരു ശിക്ഷ്യൻ അവരെ പോത്തിന്റെ തലയുള്ള ഒരു രാക്ഷസിയാകട്ടെയെന്നു ശപിച്ചിട്ടുണ്ടായിരുന്നു.

'മഹിഷി' എന്ന രാക്ഷസി അയ്യപ്പനാൽ കൊല്ലപ്പെട്ടതിനാൽ അവർക്ക് ശാപമോഷം കിട്ടി. സുന്ദരിയായ ആ സ്ത്രീ അയ്യപ്പനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയ്യപ്പൻ ബ്രഹ്മചാരിയെന്ന് അവരെ അറിയിച്ചു. ശബരിമലയിൽ ശാസ്താവായ അയ്യപ്പനു സമീപമുള്ള കോവിലിൽ അവരോടു പാർക്കാനും ആവശ്യപ്പെട്ടു. കാലക്രമത്തിൽ അവർ വസിക്കുന്നടം 'മാളികപ്പുറത്തമ്മ ശ്രീ കോവിലെ'ന്നും അറിയപ്പെടാൻ തുടങ്ങി.

അയ്യപ്പൻ അവരോട് 'കന്നി തീർത്ഥാടകരായ ഭക്തന്മാർ അയ്യപ്പ സന്നിധാനത്തിൽ എത്താത്ത കാലത്ത് മാളികപ്പുറത്തു ദേവിയെ വിവാഹം ചെയ്തുകൊള്ളാമെന്നും' പ്രതിജ്ഞ ചെയ്തു. അയ്യപ്പൻറെ അവതാരോദ്ദേശ്യവും മഹിഷിയെന്ന രാക്ഷസിയെ കൊല്ലാൻ വേണ്ടിയായിരുന്നു. ശിവനും മോഹിനിയുടെ രൂപത്തിൽ വന്ന വിഷ്ണുവും സംഭോഗിച്ചശേഷം അയ്യപ്പൻ ജനിച്ചുവെന്നാണ് വിശ്വാസം. മഹിഷിക്ക് ലഭിച്ച ഒരു വരമനുസരിച്ചായിരുന്നു അയ്യപ്പനെന്ന അവതാരമൂർത്തി ജനിച്ചത്. മഹിഷിയെന്ന രാക്ഷസി രാക്ഷസനായ മഹിഷാസുരയുടെ സഹോദരിയായിരുന്നു. ദുർഗാദേവി നിഗ്രഹിച്ചു രൂപം പ്രാപിച്ച രാക്ഷസനാണ്  മഹിഷാസുരൻ. ഒരു പുരുഷനും  മഹിഷാസുരനെ കൊല്ലാൻ സാധിക്കില്ലാന്നുള്ള വരവുമുണ്ടായിരുന്നു. കാലക്രമേണ 'ദുർഗാദേവി' ശക്തിയുടെ ദേവതയായി ഈ രാക്ഷസനെ കൊല്ലുകയായിരുന്നു. മഹിഷിയെന്ന രാക്ഷസി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ ഉഗ്രമായ തപസ്സനുഷ്ഠിക്കാൻ തുടങ്ങി. അവസാനം ബ്രഹ്മാവ്  പ്രത്യക്ഷപ്പെട്ടുകൊണ്ട് അവർക്ക് ഒരു വരം കൊടുത്തു. ശിവനിൽനിന്നും വിഷ്ണുവിൽ നിന്നും ജനിക്കുന്ന പുത്രനുമാത്രമേ മഹിഷിയെ നിഗ്രഹിക്കാൻ സാധിക്കുള്ളൂവെന്നായിരുന്നു ആ വരം.

പുരുഷദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മിൽ പരിഗ്രഹിച്ചുകൊണ്ട് ഒരു കുട്ടിയെ ജനിപ്പിക്കുകയെന്നതു പ്രായോഗികമായിരുന്നില്ല. വിഷ്ണു നൃത്തപ്രിയയായി മോഹിനിയുടെ രൂപം പ്രാപിച്ചു. ശിവനും മോഹിനിയും സംഭോഗത്തിലേര്‍പ്പെട്ടശേഷം ജനിച്ച കുട്ടിയാണ് അയ്യപ്പൻ. പന്തളം രാജാവ് വനത്തിൽക്കൂടി പരിവാരങ്ങളുമായി നായാട്ടിനു പോയ സമയം ശിശുവായ അയ്യപ്പനെ വനാന്തരങ്ങളിൽ അനാഥനായി കിടക്കുന്നതു കണ്ടു. അദ്ദേഹം അയ്യപ്പനെ രാജകുമാരനായി വളർത്തി. അയ്യപ്പൻ വളർന്നു കഴിഞ്ഞപ്പോൾ രാക്ഷസിയായ മഹീഷിയെ വധിച്ചുവെന്നാണ് കഥ.

സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് തീവ്രമത വിശ്വാസികൾ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകൾ യുക്തിരഹിതങ്ങളാണ്. സ്ത്രീയെ കണ്ടാൽ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കിൽ അങ്ങനെയുള്ള അയ്യപ്പൻ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും.കേരളത്തിനു പുറത്തുള്ള പ്രത്യേകിച്ച് വടക്കേ ഇൻഡ്യയിൽ ഉള്ളവരാണ് സ്ത്രീകളെ അമ്പലത്തിൽ പ്രവേശിപ്പിക്കണമെന്ന വാദഗതികളുമായി കൂടുതലും മുറവിളി കൂട്ടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സമത്വവും അമ്പലങ്ങളിൽ പ്രവേശനം വേണമെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ പരമ്പരാഗതമായ വിശ്വാസം മാറ്റുവാൻ സാധിക്കില്ലെന്നും സ്ത്രീകളുടെ പ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ബാധിക്കുമെന്നും രണ്ടാമത്തെ കൂട്ടർ വിശ്വസിക്കുന്നു. എതിർഭാഗത്തുള്ള വാദഗതികളെ തിരസ്ക്കരിക്കുകയും ചെയ്യുന്നു.

അട്ടയ്ക്കും പുഴുവിനും കീടങ്ങൾക്കും വരെ അയ്യപ്പ ശാസ്താവിന്റെ വിഗ്രഹങ്ങൾക്ക് ചുറ്റും ഇഴഞ്ഞു നടക്കാം. സമീപപ്രദേശങ്ങളിൽനിന്നും ശ്വാനന് ഓലിയാനുമിടാം. അഹിന്ദുക്കൾക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികൾക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധർമ്മമാണ്. അവരുടെ ആർത്തവകാലവും കാരണങ്ങളായി ചൂണ്ടികാണിക്കുന്നു. ഒരു കൊച്ചുപെൺകുട്ടി വിഗ്രഹത്തെ സ്പർശിച്ചപ്പോൾ അയ്യപ്പൻ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതൊക്കെ  ചോദിക്കാൻ അഹിന്ദുവിന്‌ എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരൽ ചൂണ്ടാൻ ആർക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിമുകളും റോമ്മായിൽ നിന്നോ, മെക്കായിൽനിന്നോ വന്നവരല്ല. അവരും ഈ രാജ്യത്തിന്റെ വെളിച്ചവും ചൂടുമനുഭവിച്ച കറയറ്റ പൗരന്മാരാണ്. വൈദികകാലത്തിന്റെ പാരമ്പര്യം അവർക്കുകൂടി അവകാശപ്പെട്ടിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകൾക്ക് സമത്വം മാത്രമേ കൽപ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്കൃതത്തിൽ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയിൽക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തിൽ ദൈവങ്ങളിൽപ്പോലും അസമത്വമില്ല. ദുർഗപോലുള്ള ദൈവങ്ങളിൽക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പൻറെ മുമ്പിൽ മാത്രം അശുദ്ധമോ? നീതിയും സത്യവും കൈമുതലായുള്ള അയ്യപ്പനുപോലും ഈ അധർമ്മം പൊറുക്കാൻ സാധിക്കില്ല.

വേദങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് അവരുടെ സർവ്വവിധ പ്രവർത്തനമണ്ഡലങ്ങളിലും പൂർണ്ണമായ  സ്വാതന്ത്ര്യം കല്പിക്കുന്നുണ്ട്. ഒരു മകനും ഒരു മകൾക്കും മാതാപിതാക്കളുടെ പാരമ്പര്യമായ സ്വത്തിന്മേൽ തുല്യാവകാശമാണുള്ളതെന്നു ഋഗ്‌വേദം പറയുന്നു. ഒരു രാജ്യത്തിന്റെ നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്വം വഹിക്കണമെന്ന് അഥർവ്വ  വേദവും പഠിപ്പിക്കുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ത്രിമൂർത്തി ദൈവങ്ങളിലും സ്ത്രീയുണ്ട്. സ്ത്രീത്വവുമുണ്ട്.

ശബരിമലയിൽ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിക്കവഴി ഹിന്ദുക്കളുടെ അടിസ്ഥാന തത്ത്വങ്ങളെവരെ അവിടെ   ലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്ന സമയം  ആണാണെങ്കിലും പെണ്ണാണെങ്കിലും പരിശുദ്ധവും നിഷ്കളങ്കവുമാണ്. ദൈവത്തിന്റെ കൃപ ജനനത്തിലും ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ലഭിക്കുന്നു. വൈവാഹിക ജീവിതത്തിലും ഭാര്യയേയും ഭർത്താവിനെയും തുല്യപങ്കാളികളായിട്ടാണ് ഋഗ്‌വേദം ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുരുഷൻ ദിവസേന പത്തു പ്രാവിശ്യം കുളിച്ചില്ലെങ്കിൽ അശുദ്ധനെന്നുണ്ട്. അങ്ങനെയെങ്കിൽ സന്നിധാനത്തിലെത്തുന്ന പുരുഷന്മാരെല്ലാം അശുദ്ധരല്ലേ! അവിടെ സ്ത്രീയ്ക്ക് മാത്രം വിലക്ക് കല്പിക്കണോ? സ്ത്രീകൾ ആർത്തവകാലങ്ങളിൽ അശുദ്ധരെങ്കിൽ പുരുഷന്മാരും ബീജപ്രതിക്രിയകൾ ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ അശുദ്ധരല്ലേ?അനേക സ്ത്രീ ദൈവങ്ങളുള്ള സ്ഥിതിക്ക് ഈ നൈഷ്ഠിക ബ്രഹ്മചര്യമെല്ലാം അർത്ഥമില്ലാത്തതാണ്. അതുകൊണ്ടു ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും അമ്പലത്തിൽ പോവാനുള്ള അനുവാദം കൊടുക്കുന്നത് നീതിയും  സനാതനത്തവുമാണ്.

കുറുനരികൾക്കും കാട്ടുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ശബരിമല കേറാം. എന്നാൽ സ്ത്രീയായി പിറന്നവർക്ക് അവിടം നാരികേറാ മലയായിട്ടു മതപൂജാരികളും തീവ്രവാദികളും വിധിയെഴുതിയിരിക്കുന്നു. അമ്പലങ്ങളിൽ പൂജയ്ക്കായും പ്രാർഥനയ്ക്കായും പോവുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെന്നു സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.  പക്ഷെ ദേവസ്വം ബോർഡിലെ ഭരണതലങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അവിടെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒറ്റയൊരു സ്ത്രീയുമില്ലെന്നു കാണാം.

ശബരിമലയിൽ സ്ത്രീകൾക്കു മൊത്തം പ്രവേശനമില്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു വാദം. അവിടെ പ്രവേശനമില്ലാത്തതു യുവതികൾക്ക് മാത്രമെന്ന വിഷയം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നുമില്ല. എന്നാൽ ഭരണഘടനപ്രകാരം വിവേചനം ഒരു വിഭാഗത്തിനും പാടില്ലാന്നുള്ളതാണ്. എല്ലാ ജാതിക്കാർക്കും ശബരിമലയിൽ പ്രവേശിക്കാം. വാവറിനു പോലും അയ്യപ്പസ്വാമിയുടെ മുമ്പിൽ സ്ഥാനമുണ്ട്. ഇഴജന്തുക്കൾക്കു പോലും അകത്തു കടക്കാം. അതിലും അധമമായിട്ടാണ് സ്ത്രീയെ കരുതുന്നത്. ദൈവം പൂർണ്ണനെന്നും പറയുന്നു. അങ്ങനെ പൂർണ്ണമായ ദൈവത്തിനു ഒരു യുവതിയെ കണ്ടാൽ ഇകഴ്ന്നുപോവുമോ. 'സ്ത്രീ', ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു തെറ്റല്ലെന്ന കാര്യം സ്ത്രീയെ  വിലക്കുന്നവർ എന്തുകൊണ്ടു ചിന്തിക്കുന്നില്ല.

വേദങ്ങളും ഹിന്ദു പുരാണങ്ങളും സ്ത്രീകളെപ്പറ്റിയും സ്ത്രീ ശക്തിയെപ്പറ്റിയും വ്യത്യസ്തങ്ങളായി വിവരിച്ചിട്ടുണ്ട്. സ്ത്രീയെ പരമസത്യമായ ദൈവം മുതൽ അനുസരണയുള്ള മകളായും അമ്മയായും വീട്ടുകാര്യങ്ങൾ നോക്കേണ്ടവളായും വർണ്ണിച്ചിരിക്കുന്നു. ഋഗ്‌വേദത്തിലെ ദേവീസൂക്തയിൽ ഇക്കാണുന്ന പ്രപഞ്ച സൃഷ്ടിയിൽ നിഴലിക്കുന്നത് സ്ത്രീയുടെ ചൈതന്യമെന്നു വിവരിച്ചിരിക്കുന്നു. അതേ  ചൈതന്യമാണ് പദാർത്ഥങ്ങളെയും, ഉപബോധ മനസ്സുകളെയും വേർതിരിക്കുന്നത്. ഉപബോധ മനസിലുള്ള ആത്മം നിത്യതയും പ്രദാനം ചെയ്യുന്നു. അത് ഭൗതികതയുടെ സത്യവും വാസ്തവികതയും അതീന്ദ്രിയവും ഭാവനാധീതവുമാകുന്നു. സൃഷ്ടികർത്താവും ബ്രഹ്മനും പരമാത്മാവും ഒന്നുതന്നെയാണ്.   ഉപനിഷത്തുക്കളിലും ശാസ്ത്രങ്ങളിലും വേദങ്ങളിലും പ്രത്യേകിച്ച് ദേവി മാഹാത്മ്യത്തിലും ദേവി ഭാഗവത പുരാണത്തിലും സ്ത്രീയെ ശക്തിയുടെ കേന്ദ്രമായി വർണ്ണിച്ചിട്ടുണ്ട്.

മനുസ്മ്രിതിയിൽ പറഞ്ഞിരിക്കുന്നത് 'ഒരുവൾ കുട്ടിയായിരിക്കുമ്പോൾ അവൾക്ക് അപ്പന്റെ സംരക്ഷണവും പരിപാലനവും വേണം. അപ്പനെ അനുസരിക്കണം. ഒരു യുവതിയെന്ന നിലയിൽ ഭർത്താവിനെയും വിധവയെന്ന നിലയിൽ മകനെയും അനുസരിക്കണം.' മറ്റൊരിടത്തു പ്രമാണികരിച്ചിരിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം, അടയാഭരണങ്ങൾ അണിയിച്ചൊരുക്കണം. എവിടെ സ്ത്രീയെ പൂജിതയായി കാണുന്നുവോ അവിടെ ദൈവങ്ങൾ ആനന്ദിക്കും. വേദങ്ങളുടെ അപ്രസക്തിയിൽ, പിൽക്കാലങ്ങളിൽ സ്‌ത്രീയെ തിരസ്ക്കരിക്കാൻ തുടങ്ങിയിരിക്കാം. സ്ത്രീയെ തരം താഴ്ത്തിക്കൊണ്ടുള്ള ആചാരോപാനുഷ്ഠാനങ്ങൾ രണ്ടാം നൂറ്റാണ്ടിനുശേഷം അന്നത്തെ സാമൂഹിക ചുറ്റുപാടുകളനുസരിച്ചു മാറ്റപ്പെട്ടതുമാകാം. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ സുവിശേഷത്തിലും സ്ത്രീ പുരുഷന്റെ അടിമയായി പുരുഷൻ പറയുന്നനുസരിച്ചു ജീവിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ഋഗ്വേദത്തിലെ ദേവീസൂക്തായിൽ പ്രമാണികരിച്ചിരിക്കുന്നത് 'ദേവി ബ്രഹ്മനാകുന്നു'വെന്നാണ്.  അവളിൽനിന്ന് പ്രകൃതിയും പുരുഷനും ഉയർന്നു വന്നു. പ്രകൃതിയിൽ നിന്ന് പദാർത്ഥങ്ങളും പുരുഷനിൽ നിന്ന് ആത്മവും. ആത്മമെന്നുള്ളത് അന്തർബോധമെന്നർത്ഥം. അവൾ പരമമായ നിത്യാനന്ദവും നിർവൃതിയുമാകുന്നു. പ്രപഞ്ചം അവളിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകൾ താത്ത്വികമായ ചർച്ചകളിൽ പങ്കെടുത്തിരുന്നതായും ഉപനിഷത്ത് പറയുന്നുണ്ട്. അവരുടെയിടയിൽ പണ്ഡിതരും, അദ്ധ്യാപകരും പുരോഹിതരുമുണ്ടായിരുന്നു. സംസ്കൃതത്തിൽ 'ആചാര്യ' എന്നാൽ ഗുരുവെന്നർത്ഥം. 'ആചാരിണി' ഗുരുവിന്റെ ഭാര്യയും. സ്ത്രീകളിൽ ഗുരുക്കന്മാരുമുണ്ടായിരുന്നു.

ബ്രാഹ്മണാധിപത്യത്തിൽ തകർന്ന ജനത ജാതിയിൽ താണ അധഃകൃതർ മാത്രമല്ല, അന്തപ്പുരകളിൽ വസിച്ചിരുന്ന അന്തർജനങ്ങളും അക്കൂടെയുണ്ട്. അവരുടെ ജീവിതം ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ മുമ്പിൽ അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ബ്രാഹ്മണിക്കൽ ശാസ്ത്രങ്ങളിൽ പുരുഷ മേധാവിത്വമായിരുന്നു നിഴലിച്ചിരുന്നത്. നാലുകെട്ടിനുള്ളിൽ ഒന്നു ശബ്ദിക്കാനുള്ള അവകാശമില്ലാതെ സ്ത്രീകൾ വീർപ്പുമുട്ടിയിരുന്നു. അവരെ സംബന്ധിച്ച് ജീവിതംതന്നെ ശവക്കുഴികളും അന്തപ്പുരകൾ ഒരു മഹാനരകവുമായിരുന്നു.

പഴയകാലത്ത് ജാതിയിൽ താണവനു, വഴി നടക്കാനും കുളിക്കാനും സമാധാനമായി ഉറങ്ങാൻപോലും  സാധിക്കില്ലായിരുന്നു. ജനകീയം വന്നപ്പോൾ അത്തരം വ്യവസ്ഥകൾക്കെല്ലാം പരിവർത്തനം വന്നു. എന്നിട്ടും സ്ത്രീയ്ക്ക് മാത്രം ശാസ്താവിനെ ദർശിക്കാനുള്ള അവകാശം   നിഷേധിക്കുന്നതു'  തികച്ചും ലജ്‌ജാവഹമല്ലേ? അത്തരം പുരുഷന്റെ ചിന്തകൾ ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കു തന്നെ അപമാനവുമാണ്. ആധുനിക കാലത്തിലെ ജനകീയ ദേവസ്ഥാനത്ത് സ്ത്രീയ്ക്ക് പ്രവേശനമില്ലാത്തതും അന്ധവിശ്വാസങ്ങളടങ്ങിയ കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ്. മാനവിക സംസ്ക്കാരത്തെ തന്നെ അമ്പലത്തിലെ ഭരണകർത്താക്കളും പൂജാരികളും തന്ത്രികളും ചവുട്ടിമെതിക്കുന്നതു ദുഃഖകരം തന്നെ.

ശബരിമലയിൽ യുവതികളായ സ്ത്രീകൾക്കു വിലക്ക് കൽപ്പിക്കുന്ന വിധി 1991-ലെ ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റീസ് കെ.ബി.മാരാരുമടങ്ങിയ കേരള ഹൈക്കോടതി ബെഞ്ച് ഒപ്പുവെച്ചിരുന്നു.  അതുവരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. അന്നൊന്നും അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വന്നില്ല. ശബരിമലയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ആരംഭിച്ചത് 1950 നു ശേഷമാണ്. ക്ഷേത്രം ഭരിക്കുന്നവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ഓരോ തീരുമാനങ്ങളിലും  സ്പഷ്ടമായി കാണാം.

വേദങ്ങളും പുരാണങ്ങളും സ്ത്രീയുടെ മഹത്വം പ്രമാണികരിക്കുന്നുണ്ടെങ്കിലും  ശബരിമല പ്രദേശങ്ങളിൽ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമല്ലെന്നുള്ള വസ്തുതകളും അംഗീകരിക്കേണ്ടതായുണ്ട്. ശക്തമായ സുരക്ഷിതാ സംവിധാനം നടപ്പാക്കിയാൽ മാത്രമേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെപ്പറ്റി ഗൗരവപരമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുള്ളൂ.   അമ്പതു വയസുള്ള സ്ത്രീകളുടെയും പത്തു വയസുള്ള കുഞ്ഞു കുട്ടികളുടെയും ദേഹത്തു  സ്പർശിക്കുന്ന അയ്യപ്പന്മാരുണ്ട്. വയസ്സായ സ്ത്രീകൾക്കുപോലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കാത്ത നാട്ടിൽ ശബരി മലയെന്ന കാട്ടുപ്രദേശത്തുള്ള പുണ്യഭൂമിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ആലോചിക്കുക. അയ്യപ്പന്മാരെ വിശ്വസിക്കേണ്ട ആവശ്യമില്ല. ടോയിലറ്റുകൾ ഒരു സ്ഥലത്തുമില്ല. സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ തുറസായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സാധിക്കില്ല. പൊതുവഴികളിൽ അത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതും സംസ്ക്കാരത്തിന് ചേർന്നതുമല്ല.

പമ്പയാറും അതിന്റെ തീരപ്രദേശങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളും വനഭൂമികളും  അതിനുള്ളിലെ വന്യമൃഗങ്ങളും ഇഴജന്തുക്കളും മൊട്ടക്കുന്നുകളും തരണം ചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ ശബരിമല തീർത്ഥയാത്രകളെ അനുകൂലിക്കാനും പ്രയാസമാണ്. ഇങ്ങനെയൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്, സ്ത്രീകളോടുള്ള  വിവേചനം കൊണ്ടല്ല മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യങ്ങളായ പ്രദേശങ്ങളല്ലാത്തതുകൊണ്ടാണ്. കൂടാതെ അയ്യപ്പന്മാരുടെ മറവിൽ കപടവേഷധാരികൾ കൊള്ളയും ആക്രമണങ്ങളും നടത്തും. സ്ത്രീകളെ പീഡിപ്പിക്കാനും ശ്രമിക്കും. വനങ്ങളുടെ നടുവിൽ വ്യപിചാര ശാലകളും നക്ഷത്ര ബംഗ്ളാവുകളും പൊന്തിവരാം. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമായ സ്ത്രീകളെയും പീഡിപ്പിച്ച കഥകൾ ശബരിമല പരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല എന്ന ഒരു ഉത്സവം ആഘോഷിക്കാറുണ്ട്. ആ ഉത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് മാത്രമേ സാധിക്കുള്ളൂ. പുരുഷന്മാരെ അവിടെ വിലക്കിയിരിക്കുകയാണ്. അവിടെയുള്ള ആ വിവേചനത്തിൽ ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്നും ചോദ്യം വരാറുണ്ട്. ഒരു സ്ത്രീയ്ക്ക് പൊതുവഴികളിൽകൂടി പോലും സുരക്ഷിതമായി നടക്കാൻ സാധിക്കില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ ദുരിതപൂർണ്ണമായ  യാത്രകളിൽക്കൂടി ഒരു അമ്പലത്തിൽ സ്ത്രീകൾക്കും പോവണമെന്നുള്ള ആകാംഷകളിൽ    എന്തർത്ഥമാണുള്ളത്? നമ്മുടെ ചിന്താഗതികളിൽ ദൈവം സർവ്വവ്യാപിയെന്നിരിക്കെ ആ കൊടുംവനത്തിൽക്കൂടി  സ്ത്രീയ്ക്ക് തീർത്ഥാടനം നടത്തണമെന്നുള്ള വാദഗതികൾക്ക് പ്രായോഗികതയുണ്ടോ?

സ്ത്രീകളുടെ തീർത്ഥ യാത്രമൂലം ഉണ്ടാകാവുന്ന ജനബാഹുല്യം പരിസ്ഥിതിയെ നശിപ്പിക്കുമെന്നു  പരിസ്ഥിതി പ്രവർത്തകയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റിൽ അയ്യപ്പപ്രവാഹം മൂലം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് തീർഥാടകർ കേരളത്തിൽനിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി മില്യൻ കണക്കിന് ഭക്തജനം അവിടെയെത്തുന്നു. സ്ത്രീകൾക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. വനവിഭവങ്ങളോടൊപ്പം മൃഗസമ്പത്തും നശിക്കുന്നു. വനങ്ങൾ നശിച്ചാൽ പ്രകൃതിയും വരണ്ടുപോകും. ഭൂപ്രദേശങ്ങൾ മരുഭൂമിയായി തീരും. വെള്ളത്തിന്റെ ഉറവിടകളും നിലനിൽക്കും.

ശബരിമലയിലെ പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ കല്പിച്ചിട്ടുണ്ട്. പതിനെട്ടു മലകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാല് വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാംപടിയാകുമെന്നു പറയുന്നവരുമുണ്ട്. അയ്യപ്പദർശനവും കഴിഞ്ഞ് പരബ്രഹ്മത്തിന്റെ പൊരുളും മനസിലാക്കി മലയിറങ്ങുന്ന ഭക്തരെ നോക്കിക്കൊണ്ട് ഒരു പാവം പെണ്ണിന്റെ നീണ്ട കാത്തിരുപ്പ് തുടർന്നുകൊണ്ടിരിക്കും. അയ്യപ്പനെ പ്രണയിച്ച മാളികപ്പുറത്തമ്മയെന്ന ദേവസുന്ദരി വേളി കഴിക്കാമെന്നുള്ള മോഹങ്ങളോടെ നോക്കി നിൽക്കുമ്പോൾ കന്നി അയ്യപ്പന്മാരെ കണ്ടാൽ പ്രതീക്ഷകളസ്തമിച്ചു ദുഃഖിതയുമാവും.

Joychan Puthukulam News 














കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...