Thursday, October 17, 2013

ഹിന്ദുശാസ്ത്രവും പശുവെന്ന ദിവ്യമൃഗവും



 
By  ജോസഫ് പടന്നമാക്കൽ

http://www.malayalamdailynews.com/?p=51839
പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ്വാർത്ഥതയുടെയും ശക്തിയുടെയും വിശുദ്ധ അടയാളമായി  ഹൈന്ദവജനത ആദരിക്കുന്നു. ഹിന്ദുക്കൾക്കും സൊറാസ്ട്രിയർക്കും ജൈനമതക്കാർക്കും ഒന്നുപോലെ പശു ആദരണീയമാണ്. പൗരാണിക ഈജിപ്റ്റിലും ഗ്രീസിലും റോമായിലും ഇതേ വിശ്വാസം തന്നെയുണ്ടായിരുന്നു. മഹാത്മാഗാന്ധിയും പശുവിനെ ആരാധിച്ചിരുന്നു. ഗാന്ധി പറഞ്ഞു "ഞാൻ പശുവിനെ വന്ദിക്കുന്നു. എന്റെ ഈ വിശ്വാസസത്യം ലോകത്തിന്റെമുമ്പിൽ ന്യായികരിക്കാനും തയ്യാറാണ്. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹൈന്ദവധർമ്മങ്ങളുടെ കാതലായ തത്ത്വമാണ്. പശു കോടാനുകോടി ഭാരതീയരുടെ ആത്മമാതാവാണ്." സ്വന്തം അമ്മ മരിച്ചാൽ മരണാനന്തര ചെലവുകളുണ്ട്. എന്നാൽ അമ്മയായ പശു കൊല്ലപ്പെട്ടാൽ അതിന്റെ കൊമ്പും മാംസവും തൊലിയും എല്ലുമെല്ലാം മനുഷ്യന് ഗുണപ്രദമാണെന്നും പശുഭക്തർ ചിന്തിക്കുന്നു. 1966ല്‍ ഇന്ത്യയിലെ എല്ലാ വര്‍ഗ്ഗീയപാര്‍ട്ടികളും സംഘടനകളും ഒത്തുചേർന്ന്   ഗോവധം ദേശീയതലത്തില്‍ നിരോധിക്കുന്നതിനായി ഒരു വന്‍പ്രകടനം സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് മുമ്പിൽ അന്ന് എട്ടോളം പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ആത്മീയ ശിക്ഷ്യനായിരുന്ന വിനോബാഭാവെ ഗോവധം ഭാരതമൊട്ടാകെ നിരോധിക്കാൻ ഇന്ത്യൻ പാർലമെന്റിന് മുമ്പാകെ നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി.  


ആധുനികകാലത്ത് ഗോക്കളെ ദൈവതുല്യമായി കരുതുന്ന ഒരു സംസ്ക്കാരമാണ് ഹിന്ദുമതത്തിലെ തീവ്ര വിപ്ലവകാരികളിൽനിന്നും ഉദയം ചെയ്ത ഹിന്ദുത്വാ എന്ന പുതിയ മതത്തിനുള്ളത്. പശുവിനെ  പുരാണങ്ങളിലെ കാമധേനുവിന് തുല്യമായ  ദൈവമായി മതമൗലിക വാദികൾ കരുതുന്നു. സപ്ത മഹർഷികളിൽ ഒരാളായ വസിഷ്ഠ മുനിയുടെ അധീനതയിലുണ്ടായിരുന്ന പശുവാണ് കാമധേനു. ആഗ്രഹിക്കുന്നതെന്തും പ്രദാനം ചെയ്യുന്ന ദിവ്യശക്തിയുള്ള പശുവാണത്. പശുവിൽ ഭൌതികചിന്തയും ആത്മീയതയും ഒന്നുപോലെ  ഹൈന്ദവാചാരങ്ങളിലെ  ചിന്തകളിലുണ്ട്. അതിനെ ദിവ്യമൃഗമാക്കിക്കൊണ്ട് ഹിന്ദുത്വാ പടയാളികൾ നിഷ്കളങ്കരായ ഹിന്ദുക്കളെ അഹിന്ദുക്കൾക്കെതിരെ കലഹം സൃഷ്ടിക്കുന്നു.  അനീതിയും അസമാധാനവും ഈ പുതിയ മതത്തിൽക്കൂടി രാജ്യത്തുണ്ടായി. തന്മൂലം കൊലയും കൊള്ളിവെപ്പും രാജ്യം മുഴുവൻ പടർന്നുപിടിച്ചു. പശു  ഹിന്ദുത്വാവാദികളുടെ രാഷ്ട്രീയമുതലെടുപ്പിനായ മൃഗം കൂടിയാണ്. 


വേദങ്ങളുടെ കാലങ്ങളിൽ പശുവധം നിരോധിച്ചിരുന്നുവെന്നുള്ള  ഗോവാൾക്കരുടെ കണ്ടെത്തൽ വെറും ഭാവനാസൃഷ്ടി മാത്രമാണ്. അങ്ങനെ ചരിത്രപരമല്ലാത്തത് സ്കൂളുകളിലെ പാഠപുസ്തകങ്ങളിലും ചേർത്തിട്ടുണ്ട്. "പശു മാതാവാണ്, പശുവിനെ ഉപദ്രവിച്ചാൽ വധശിക്ഷയോ നാടുകടത്തലോ വേദങ്ങളുടെ കാലത്തുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി  ഹിന്ദുത്വാവാദികൾ ലഘുലേഖകളിൽക്കൂടി പ്രചരിപ്പിക്കുന്നുമുണ്ട്. മാംസാഹാരികളായ ഒരു ജനതയെപ്പറ്റിയുള്ള വിവരങ്ങൾ വേദങ്ങളിലുള്ള  സംസ്കൃത ശ്ലോകങ്ങളിൽനിന്നും വ്യക്തമാണ്. പശുക്കളുടെ മാംസം വേദങ്ങളുടെ കാലത്ത് ഭക്ഷിച്ചിരുന്നുവെന്ന് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മനുസ്മൃതിയിൽ (അദ്ധ്യായം 5, ശ്ലോകം 30) പറയുന്നു, "ബ്രഹ്മാവ്‌  മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്.  ഭക്ഷിക്കാവുന്ന ഏത്  മൃഗങ്ങളുടെയും മാംസം  മനുഷ്യർ  കഴിക്കുന്നത് പാപമല്ല."  അതുപോലെ ഋഗ്വേദം(6/17/1) പ്രസ്താവിക്കുന്നത് " പശു, കാളക്കുട്ടി, കുതിര, പോത്ത് എന്നിവകളെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നുവെന്നാണ്"  പെണ്‍കുട്ടികളുടെ വിവാഹത്തിൽ കാളയെയും പശുവിനെയും കൊന്നിരുന്നതായി" ഋഗ്വേദത്തിൽ (10/85/13) പരാമർശിച്ചിട്ടുണ്ട്. 


വേദങ്ങളുടെ കാലങ്ങളിൽ പശുക്കളെ പരിശുദ്ധമായി കരുതിയിരുന്നെങ്കിലും വിരുന്നുകാർ വരുമ്പോൾ വിശിഷ്ട ആഹാരമായി നൽകിയിരുന്നത് ഗോമാംസമായിരുന്നു. മാംസം ഭക്ഷിച്ചിരുന്നതായി പൗരാണിക ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പണ്ഡിതർ ഒന്നടങ്കം നീതികരിച്ചിട്ടുള്ളതാണ്.എന്നാൽ പണ്ഡിതരെന്നു ഭാവിക്കുന്ന അല്പ്പജ്ഞാനികൾക്ക് സത്യങ്ങളിൽ കലിയുമിളകും. സംശയമുണ്ടെങ്കിൽ ആധുനിക ഹൈന്ദവ നവീകരണങ്ങളുടെ ചിന്തകനായ വിവേകാനന്ദന്റെ ബുക്കുകൾ മതമൌലികത പ്രചരിപ്പിക്കുന്നവർ വായിക്കട്ടെ. വിവേകാനന്ദൻ പറഞ്ഞു "ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ അതിശയിക്കും. പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആചാരങ്ങളനുസരിച്ച് അന്ന് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കരുതുകയില്ലായിരുന്നു. വിശിഷ്ടദിനങ്ങളിൽ കാളകളെ ബലിയർപ്പിച്ച് വേദങ്ങളുടെ കാലങ്ങളിൽ ഭക്ഷിച്ചിരുന്നു. (Works of Swami Vivekaananda, Volume 3 , പേജ് 536) വിവേകാനന്ദന്റെ സംപൂർണ്ണ കൃതികളടങ്ങിയ അതേ ഗ്രന്ഥത്തിൽ (പേജ് 174)  വീണ്ടും പ്രമാണികരിക്കുന്നത്‌  "മഹത്തായ ഭാരതമെന്ന വേദഭൂമിയിൽ ഒരിക്കലൊരുകാലത്ത് ഗോമാംസം തിന്നാത്ത ബ്രാഹ്മണനെ ബ്രാഹ്മണനായി കരുതുകയില്ലായിരുന്നു"വെന്നാണ്. ഹിന്ദുക്കളുടെ പൗരാണിക ഗ്രന്ഥങ്ങളിൽ ഗോമാംസം ഭക്ഷിക്കുന്നതായി ശ്ലോകരൂപേണ അനേക തെളിവുകൾ കാണാം. ഹരേരാമ കൃഷ്ണ ഭക്തർ (ISKON)  യേശുവിനെ സസ്യാഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്. മുക്കവരുമൊത്ത് മത്സ്യം കഴിച്ചുകഴിഞ്ഞ യേശുവിനെയും യേശുവിന്റെ ജീവിതത്തെയും ഹൈന്ദവീകരിച്ചുകൊണ്ട് പാശ്ചാത്യക്രിസ്ത്യാനികളെ അവർ ആ മതത്തിലേക്ക് ചേർക്കുന്നു.    ആൾദൈവങ്ങളും ഗുരുക്കളും പറഞ്ഞാൽ വേദവാക്യങ്ങളായി കരുതുന്നവർ സത്യത്തിന്റെ വഴി തനിയേ കണ്ടുപിടിക്കാൻ ശ്രമിക്കില്ല.
 

ഭാരതത്തിൽ ബുദ്ധമതം പ്രചാരത്തിലായിരുന്ന കാലങ്ങളിൽ ബ്രാഹ്മണമതം സസ്യാഹാരത്തെപ്പറ്റി പഠിപ്പിച്ചിരുന്നതായി തെളിവുകളൊന്നുമില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. അതേസമയം വേദങ്ങളുടെ കാലങ്ങളിൽ മൃഗബലികൾ അർപ്പിച്ചിരുന്നതായി അനേക ചരിത്രാതീത രേഖകൾ ശ്ലോകങ്ങളിൽക്കൂടി സ്പഷ്ടമാണ്‌.  കൃസ്തുവിന് മുന്നൂറുവർഷങ്ങൾക്ക് മുമ്പ്‌ രചിച്ചതെന്ന് വിശ്വസിക്കുന്ന കാമസൂത്രയിൽ മദ്യവും പട്ടിമാംസവും പുരുഷനിൽ പൗരുഷത്വവും ശൗര്യവും വർദ്ധിപ്പിക്കുമെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. രാമായണത്തിലോ മഹാഭാരതത്തിലോ സസ്യാഹാരത്തിന്റെ മഹത്വത്തെപ്പറ്റി ഒരു സ്ഥലങ്ങളിലും വിവരിക്കുന്നില്ല. പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആര്യന്മാർ സസ്യാഹാരം മാത്രം കഴിച്ചിരുന്ന ജനതയായിരുന്നില്ല. മത്സ്യവും മാംസവും അവർ വ്യാപകമായി ഭക്ഷിച്ചിരുന്നു. സീതയിൽ ആകൃഷ്ടനായ ശ്രീരാമൻ പാറപ്പുറത്തിരുന്നുകൊണ്ട് താൻ പാകംചെയ്ത മാംസത്തെപ്പറ്റി "സീത, ഞാൻതന്നെ തീയിൽ ചുട്ടെടുത്ത മാംസമാണ്. ഇത് പരിശുദ്ധവും  രുചിയുള്ളതുമാണ്, ഭക്ഷിക്കൂ" വെന്ന്  ശ്ലോകരൂപേണ പരാമർശിക്കുന്നുണ്ട്‌. ഭരതന്റെ പട്ടാളത്തിന് ആട്, മാട്, പന്നിയിറച്ചികൾ ഭക്ഷിക്കാൻ കൊടുക്കുന്നതായും വിവരിക്കുന്നുണ്ട്.  ഹനുമാനും വാനരപ്പടയും സസ്യാഹാരം കഴിച്ചിരുന്നുവെന്ന് സ്ഥാപിക്കാമെങ്കിലും ബ്രാഹ്മണർ സസ്യാഹാരം മാത്രം കഴിച്ചുകൊണ്ട് ജീവിച്ചിരുന്നവരായിരുന്നില്ല. സസ്യാഹാരം ആത്മീയതയിലേക്ക് വന്നത് പിന്നീടുള്ള കാലഘട്ടങ്ങളിലാണ്. അന്ന് സന്യാസത്തിലുണ്ടായിരുന്ന മുനിമാരും സസ്യാഹാരവും മാംസവും കഴിച്ചിരുന്നു.  വസിഷ്ഠ മുനിയും അഗസ്തിമുനിയും മാംസം ഭക്ഷിച്ചിരുന്നതായി പുരാണങ്ങളിലുണ്ട്.(സൊസൈറ്റി ഓഫ് രാമായണ, 1966, പേജ്147)   പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ബുദ്ധന്മാരെ അനുകരിച്ച് ബ്രാഹ്മണർ മാംസം ഉപേക്ഷിച്ച് സസ്യാഹാരം ഭക്ഷിക്കുന്നവരായെന്ന് അനുമാനിക്കുന്നു. 



പ്രാചീന കാലങ്ങൾമുതൽ ഗോക്കൾ വിശുദ്ധ മൃഗങ്ങൾ എന്നത് വിവാദ'മായിരുന്നുവെന്ന് പ്രസിദ്ധ ചരിത്രകാരനായ ഡി.എൻ. ജാ (D. N. Jha ) എഴുതിയ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഋഗ്വേദത്തിൽ ഗോമാംസം ബ്രാഹ്മണരുടെ പ്രധാന ഭക്ഷണമായിരുന്നു. ആര്യൻ സംസ്കാരത്തിലും പശുക്കളെ കൊന്നുതിന്നിരുന്നു. ഭാരതത്തിൽ ഇന്നും ഇന്ത്യാക്കാരിൽ ഭൂരിഭാഗവും കാളയുടെയും പശുവിന്റെയും മാംസം ഭക്ഷിക്കുന്നവരാണ്. ഗോമാംസം ഇന്ത്യയിൽ തിന്നാത്തവർ വെറും ന്യൂനപക്ഷം മാത്രമേയുള്ളൂ. ബി.ജെ.പി. ഓരോ സ്റ്റേറ്റുകളിലും ബില്ലുകൾ കൊണ്ടുവരുന്ന സമയത്ത് മൃഗങ്ങളെ സംരക്ഷിക്കാനെന്ന ന്യായവാദങ്ങൾ പറയുക സാധാരണമാണ്. എങ്കിൽ അവർ സ്വന്തം വീടുകൾ എന്തുകൊണ്ട് പരിരക്ഷിക്കുന്നില്ല. പാമ്പുകളും നായ്ക്കളും പൂച്ചകളും ആട്, പോത്തുകളും മറ്റു പക്ഷി മൃഗാദികളും കരുണ അർഹിക്കുന്നില്ലേ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെ ഭക്ഷണമായ ഗോമാംസം നിരോധിക്കൽ തീർത്തും മനുഷ്യത്വമില്ലായ്മയാണ്. മുസ്ലിം ക്രിസ്ത്യൻ ദളിത ജനതയെ അപമാനിക്കൽകൂടിയാണ്.   
ഇന്ത്യാ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. പശുക്കളെ കൊല്ലാൻ പാടില്ലായെന്ന നിയമം നാടാകെ നടപ്പിലാക്കിയാൽ വിദേശ വരുമാനത്തെ ബാധിക്കും. പശുവളർത്തൽ ആദായകരമല്ലാത്ത തൊഴിലാകും. തന്മൂലം കൃഷിക്കാർക്ക് പശുവിനെ വളർത്താൻ താല്പര്യമില്ലാതെയാവുകയും പശുവിൻപാലിന് ക്ഷാമം വരുകയും ചെയ്യാം.


പശുക്കളെ കൊന്നതിന്റെ പേരില് നൂറുകണക്കിന് ദളിതരെ ഹിന്ദുമൗലിക വാദികൾ വധിച്ചിട്ടുണ്ട്. പശുവിനുവേണ്ടി ദളിതരെ വധിക്കുന്നതിന് പ്രശ്നമില്ല. പശുക്കളെ അറവുശാലകളിൽ വിറ്റതിന്റെ പേരിൽ മുസ്ലിമുകളെയും വധിച്ചിട്ടുണ്ട്. പശുവധ നിരോധനമെന്ന ബില്ലുകൾ ഭാരതത്തിൽ കൊണ്ടുവന്നാൽ വർഗീയ ലഹളകളും പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. വിവിധ സംസ്ക്കാരങ്ങളോടെയുള്ള ഭാരതത്തിൽ ഒരു പ്രത്യേക മതത്തിന്റെ വിശ്വാസം മറ്റുള്ള മതക്കാരിൽ  അടിച്ചേൽപ്പിക്കുന്നത്‌ ഭാരതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരാണ്. മുസ്ലിമുകൾ ഗോമാംസം കഴിക്കുന്നതുകൊണ്ടാണ് സമരപ്രിയരായി നശീകരണലഹളകൾ നടത്തുന്നതെന്നാണ് ഗോവധത്തിന് എതിരായവരുടെ മറ്റൊരഭിപ്രായം. മാംസം മനുഷ്യന്റെ മസ്സിൽശക്തി വർദ്ധിപ്പിക്കുമെന്നത് ശരിതന്നെ. എന്നാൽ വിപ്ലവങ്ങൾ മനുഷ്യന്റെ മനസിന്റെ പരിവർത്തനമാണെന്നുള്ള  സാമാന്യബോധം സംഘപരിവാറിനില്ലാതെ പോയി. 
 

പശുക്കൾ പശുഭക്തരുടെ അമ്മമാരെന്നാണ് വെപ്പ്. തീർച്ചയായും അമ്മമാരെ ബഹുമാനിക്കണം. അവർ അതിനൊപ്പം അഹിംസയും പ്രസംഗിക്കുന്നു. വഴിയരികിൽ ചത്തുകിടക്കുന്ന പശുക്കളുടെ തോലുരിയുന്ന ദളിതരെ ഹിംസയും നടത്തുന്നു. ഇവിടെയാണ്‌ അഹിംസയുടെ പ്രമാണം മനസിലാകാത്തത്. പശുവിന്റെ മൂത്രവിസ്സർജനം ഫാർമസികളിൽ വിൽക്കാനുള്ള ഇവരുടെ തീരുമാനം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അത്തരം വിശ്വാസങ്ങൾ സ്വന്തം മതവിശ്വാസികളിലും അപകടമുണ്ടാക്കും.
പശുക്കളെ സംരക്ഷിക്കുന്നതിനായുള്ള വിപ്ലവത്തിന്റെ നീണ്ട ചരിത്രം പശുഭക്തർക്കുണ്ട്. ഇന്ന് ഭാരതത്തിൽ അനേക സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിരിക്കുകയാണ്. ഏഴുവർഷംവരെ ഗോക്കളെ കൊല്ലുന്നവർക്ക്‌ തടവ്‌ ശിക്ഷ ലഭിക്കാം. ബി.ജെ. പി. ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം ഈ നിയമം പ്രാബല്യത്തിലാക്കി. ബാബറി മസ്ജിദ് തകർത്തവർക്ക് ശിക്ഷ രണ്ടുവർഷമെങ്കിൽ പശുക്കളെ കൊല്ലുന്നവർക്കോ ഹോട്ടലുകളിൽ ഗോമാംസം കൊടുക്കുന്നവർക്കോ ശിക്ഷ ഏഴുവർഷംവരെയാണ്. 

 
 ഇന്ത്യയിൽ പശുക്കളെ കൊല്ലുന്നതിലും മാംസം ഉപയോഗിക്കുന്നതിലും തടസമിട്ടുകൊണ്ട് വർഗീയശക്തികൾ ദിനംപ്രതി  പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പേരില് ദളിതരെ കൂട്ടക്കൊലകൾ നടത്തികൊണ്ട് പലപ്പോഴും വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടാറുണ്ട്. പശു കച്ചവടക്കാരും ഇവരുടെ മതഭ്രാന്തിന് ഇരയാകുന്നു. ഗോവധം  നിരോധിക്കുകയെന്നത് വർഗീയവികാരം വളർത്തുന്നവരുടെ രാഷ്ട്രീയ മുതലെടുപ്പിനും കൂടിയാണ്. 


ബി.ജെ.പി യ്ക്ക് രാഷ്ട്രീയാധികാരം കിട്ടിയ സംസ്ഥാനങ്ങളിൽ  ഗോക്കളുടെ മൂത്രം ഉത്ഭാതിപ്പിച്ച് വില്ക്കാനുള്ള പ്രോത്സാഹനങ്ങളും നല്കിവരുന്നു. പശുമൂത്രം കുടിച്ചാൽ കാൻസർരോഗം ഭേദപ്പെടുമെന്നും പ്രചരണങ്ങൾ നടത്തുന്നു. പശുവിന്റെ ചാണകവും മതമൗലിക വാദികളുടെ  രോഗനിവാരണങ്ങൾക്കുള്ള ഔഷധവുമാണ്. കണ്ണിനും ചെവിയുടെ അസുഖത്തിനും പശുമൂത്രം കുടിക്കാൻ ഇവർ പ്രചരണങ്ങൾ നടത്താറുണ്ട്‌. ചാണകത്തിൽനിന്ന് മോണരോഗങ്ങൾ ഭേദപ്പെടാൻ ടൂത്ത്പേസ്റ്റ് ഉണ്ടാക്കി വിൽക്കുന്നു.  ഷേവ് ചെയ്തശേഷം മുഖത്ത് പുരട്ടാൻ  ചാണകക്രീം മതതീവ്രവാദികൾ കമ്പോളത്തിൽ വിൽക്കാറുണ്ട്. തിരുപ്പതിപോലുള്ള അനേകം അമ്പലങ്ങളിൽ പശുമൂത്രം പ്രസാദമായി വിലയ്ക്ക് കൊടുക്കാറുണ്ട്. തമിഴ്നാട്ടിൽ സഞ്ചരിച്ചാലും പശുവിൽനിന്ന് മൂത്രം ശേഖരിച്ച് നേരിട്ട്  കുടിക്കുന്നവരെ കാണാം. സംസ്കാര ശൂന്യരായ ഇത്തരം പ്രാകൃതജനതയെ കാണണമെങ്കിൽ വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിൽ വരണം. 

 

ഹിന്ദുമതത്തിലെ വിപ്ലവകാരികളായ വീരഭടന്മാർ ഹിന്ദുമതം ഏത് പരിതസ്ഥിതികളിലും യുക്തിയിലും ഇണങ്ങിപ്പോകുന്ന മതമെന്ന് അവകാശപ്പെടും. എല്ലാ മതവികാരങ്ങളും ഉൾകൊള്ളുമെന്നും പറയും. സനാതനധർമ്മത്തിന്റെ തത്ത്വങ്ങളനുസരിച്ച് ശരിയാണ്. ഹിന്ദുമതത്തിന് അനേകകാര്യങ്ങൾ ഉൾകൊള്ളുവാൻ സാധിക്കും. എങ്കിലും ഹിന്ദുമതത്തിന് പൂർണ്ണമായും അങ്ങനെ ചിന്തിക്കാൻ  സാധിക്കില്ല. ഒരു കൊച്ചുകുഞ്ഞിനെ ചാണകം തീറ്റി വളർത്തുന്നത് പരിഷ്കൃത ചിന്താഗതിക്കാരായ ഹിന്ദുക്കൾക്ക് അഭിമാനിക്കാൻ സാധിക്കുമോ സനാതനമതത്തിൽ ഗോമാംസം കഴിച്ചിരുന്ന ഹിന്ദുമതം അഥവാ ബ്രാഹ്മണമതം ബുദ്ധമതത്തെ അനുകരിച്ച് സസ്യാഹാരം കഴിക്കുന്നവരായി. ബുദ്ധമതത്തിന്റെ അഹിംസാ സിദ്ധാന്തം പകർത്തികൊണ്ട് സ്വന്തം തത്ത്വചിന്തകളിൽ ഉൾപ്പെടുത്തി.  എന്നാൽ ഹിന്ദുമതത്തിലെ പുതിയ വിഭാഗമായ  ഹിന്ദുത്വാ മതത്തിന് ദളിതരുമായി യോജിക്കാൻമാത്രം നാളിതുവരെ സാധിച്ചിട്ടില്ല. ദളിതരെ തൊട്ടുകൂടായ്മ ഇന്നും ബ്രാഹ്മണമനസ്സിൽ നിറഞ്ഞിരിപ്പുണ്ട്.  പശുവിന്റെ പാലിനെക്കാളും മാംസത്തെക്കാളും അവർക്കിഷ്ടം പശുമൂത്രവും ചാണകവുമാണ്. അവകൾ ഔഷധങ്ങളായി മറ്റ് മതവിഭാഗങ്ങളെ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. 
















Wednesday, October 9, 2013

ഒബാമയും ഭരണസ്തംഭനവും


By  ജോസഫ് പടന്നമാക്കൽ

അമേരിക്കൻ സർക്കാരിന്റെ ഇപ്പോഴുള്ള പ്രവർത്തനസ്തംഭനം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യസംഭവമല്ല. ഇന്നേക്ക്  18 വർഷങ്ങൾക്കുമുമ്പ് (1995-96) പ്രസിഡണ്ട്‌ ബിൽ ക്ലിന്റന്റെ കാലത്തുണ്ടായ സർക്കാർസ്തംഭനം 21 ദിവസങ്ങളോളം നീണ്ടുനിന്നു. ഒബാമയുടെ ആരോഗ്യപരിരക്ഷാപദ്ധതിയാണ് ഈ സംഭവത്തിന്റെ പിന്നിൽ മുഖ്യ ചർച്ചാവിഷയമായിരിക്കുന്നത്. ഇന്നുള്ള പ്രതിസന്ധിക്ക് റിപ്പബ്ലിക്കനും ഡെമോക്രാറ്റും പരസ്പരം കുറ്റാരോപണം നടത്തുന്നതല്ലാതെ രണ്ട് പാർട്ടികളിൽനിന്നും പരിഹാര മാർഗങ്ങൾക്കായി  ആത്മാർഥമായ ഒരു നീക്കമുണ്ടാകുന്നില്ല. ഈ മാസം പ്രശ്നങ്ങൾ പരിഹരിച്ചാൽത്തന്നെയും സർക്കാരിന്റെ നിലവിലുള്ള ഭീമമായ കടബാധ്യത വീണ്ടും വർദ്ധിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. 


ഒരു വ്യക്തിക്ക് ക്രഡിറ്റ്കാർഡിൽനിന്നും പരമാവധി കടമെടുക്കാൻ (Credit rating) അനുവദിക്കുന്നതുപോലെ രാഷ്ട്രത്തിനും കടമെടുക്കാനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. മേടിച്ച പണം തിരിച്ചുകൊടുക്കാനാവാതെ സർക്കാരിന്റെ ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ക്രെഡിറ്റ്‌ ഉയർത്തി കൂടുതൽ പണം അനുവദിച്ചാൽ മാത്രമേ രാജ്യഭരണം സുഗമമാവുകയുള്ളൂ. അമേരിക്കയിൽ നടപ്പാക്കേണ്ട അത്യാവശ്യമല്ലാത്ത പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതെ പാഴ്ചെലവുകൾ ഒഴിവാക്കിയാൽ പ്രശ്നങ്ങൾക്ക് ശമനം കണ്ടെത്തുവാൻ സാധിക്കുമെന്നും കരുതുന്നു.
 

പ്രധാന രാഷ്ട്രീയ പാർട്ടികളായ റിപ്പബ്ലിക്കനും ഡമോക്രാറ്റും തമ്മിൽ  പണത്തിന്മേലുള്ള പന്തുകളി വാർത്തകളാണ് വാഷിംഗ്ടണിൽനിന്നും എന്നും കേട്ടുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങൾ തീർക്കാതെ ഉചിതമായ മറുപടിയുമായുള്ള ഒബാമയുടെ കടുംപിടുത്തവും വിമർശനങ്ങളിലുണ്ട്. ഏത് അടിയന്തിരാവസ്തയിലും കോണ്‍ഗ്രസ്സ് അംഗങ്ങൾക്കും സെനറ്റ് മെംബർമാർക്കും പ്രസിഡന്റിനും മുടങ്ങാതെ ശമ്പളം കിട്ടിക്കൊണ്ടിരിക്കും. അത് അമേരിക്കയുടെ നിയമവ്യവസ്ഥയിലുള്ളതാണ്‌. രാജ്യം നേരിടുന്ന ഈ ദുരവസ്ഥയിൽ റിപ്പബ്ലിക്കന്റെയും ഡെമോക്രാറ്റിന്റെയും ആദർശങ്ങൾ പൊക്കിയുയർത്തി വോട്ടുബാങ്കുകളുടെ ബലം വർദ്ധിപ്പിക്കാനാണ് പലരുടെയും ശ്രമം. അതിനായി രാഷ്ട്രീയപാർട്ടികൾ പരസ്പരം ചെളിവാരിയെറിയലല്ലാതെ ജനങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ച് ബോധവാന്മാരല്ല. അമേരിക്കൻ സർക്കാരിലുള്ള ചുവപ്പുനാടകൾ വാസ്തവത്തിൽ രാജ്യത്തിന്റെ പേരുതന്നെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. രാജ്യം അഭിമുഖികരിക്കുന്ന സാമ്പത്തിക ഞെരുക്കം അവർക്ക് പ്രശ്നമല്ല. അമേരിക്കയിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെയാണ് സാമ്പത്തിക അസമത്വം ബാധിക്കുന്നത്. ഈ അടിയന്തിര സാഹചര്യം തരണം ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ച തെരഞ്ഞെടുക്കപ്പെട്ടവരെ ഒന്നടങ്കം കുറ്റപ്പെടുത്തണം. പ്രത്യേക പാർട്ടികൾ മാത്രമല്ല ഇതിന് കാരണക്കാർ.  സ്വാർഥതയാണ് ഈ സാമ്പത്തിക വിവാദങ്ങളിൽ ദൃശ്യമാകുന്നത്. ലോകത്തിന്റെ മുമ്പിൽ എന്നും അഭിമാനത്തോടെ വിലസിയിരുന്ന സമ്പന്നമായ ഈ രാജ്യത്തെ മറ്റുള്ള ലോകരാജ്യങ്ങൾ ഇന്ന് കാണുന്നത് പരിഹാസരൂപത്തിലാണ്.


ഒബാമയുടെ ആരോഗ്യപരിരക്ഷാപദ്ധതികളിൽ അമർഷംപൂണ്ട ചിലരുടെ എതിർപ്പുകൾമൂലമാണ് ദേശത്തിന്റെ ആകസ്മികമായ ഈ മഹാവിപത്തിന് കാരണമായത്‌. വാസ്തവത്തിൽ ആരോഗ്യരക്ഷാപദ്ധതി അമേരിക്കയിലെ ഖജനാവുമായി നേരിട്ട് ബന്ധമില്ല. റിപ്പബ്ലിക്കിലെ യാഥാസ്ഥിതികർക്ക് ഈ പദ്ധതികൾ ദഹിക്കുന്നില്ലാത്തുകൊണ്ട് കിട്ടിയ അവസരം അവർ മുതലാക്കുന്നുവെന്നേയുള്ളൂ. രാജ്യത്തിലെ 13 ശതമാനം മാത്രമുള്ള താഴ്ന്ന വരുമാനക്കാർക്ക് മാത്രമേ ഒബാമ പദ്ധതികൊണ്ട് പ്രയോജനമുള്ളൂവെന്നും നികുതി കൊടുക്കുന്ന എല്ലാ ജനങ്ങൾക്കും തുല്യനീതി ലഭിക്കുന്നില്ലായെന്നും യാഥാസ്ഥിതിക റിപ്പബ്ലിക്കരായവരുടെ വാദങ്ങളാണ്.


എന്തുകൊണ്ട് സർക്കാർ പ്രവർത്തനങ്ങൾ നിലച്ചുവെന്നും അതിനുള്ള സാഹചര്യങ്ങൾ എന്തെല്ലാമെന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. അമേരിക്കൻ ഭരണഘടനയനുസരിച്ച് സർക്കാരിന്റെ വരവുചെലവുകൾ സംബന്ധിച്ച ബില്ലുകൾ സെനറ്റും കോണ്ഗ്രസ്സും പാസാക്കി പ്രസിഡന്റ് ഒപ്പിടേണ്ടതായുണ്ട്. ചെറുകിട ബിസിനസ്കാർക്ക് കടം കൊടുക്കുന്നതുമുതൽ പാസ്പോർട്ട് ഏജൻസികളുടെ പ്രവർത്തനംവരെ ആവശ്യത്തിന് ഫണ്ട് ഉപയോഗിക്കാൻ ബില്ലുകൾ സെനറ്റ്ഹൌസ് മുതൽ അവതരിപ്പിക്കണം. സോഷ്യൽ സെക്യൂരിറ്റി,  ട്രാഫിക്ക് നിയന്ത്രണം, മിലിട്ടറി എന്നിവകൾക്കുള്ള പണം സർക്കാരിന്റെ പ്രവർത്തനം നിലച്ചാലും കൊടുത്തുകൊണ്ടിരിക്കണം. ഇവകൾ അത്യാവശ്യ സർവീസുകളാണ്. സർക്കാർ പ്രവർത്തനം നിന്നാലും സൈന്യങ്ങൾക്ക് യുദ്ധം ചെയ്തുകൊണ്ടിരിക്കാം. പോസ്റ്റൽ കത്തുകൾ കിട്ടികൊണ്ടിരിക്കും. അതുപോലെ കോണ്‍ഗ്രസ് അംഗങ്ങൾക്കും സെനറ്റ് അംഗങ്ങൾക്കും പ്രസിഡന്റിനും ശമ്പളം ലഭിച്ചുകൊണ്ടിരിക്കും. തെരഞ്ഞെടുക്കപ്പെട്ടവരായ ഇവരാണ് ഇന്ന് ജനങ്ങളുടെ നികുതിപ്പണം അമ്മാനമാടികൊണ്ട് സാധാരണക്കാരന്റെ ജീവിതത്തെ കുഴപ്പത്തിലാക്കുന്നത്.
സാധാരണ ബില്ലുകൾ വർഷത്തിന്റെ മധ്യകാലസമയങ്ങളിലാണ് അവതരിപ്പിച്ച് പാസാക്കാറുള്ളത്. സർക്കാരിന്റെ സാമ്പത്തികവർഷം ഒക്റ്റോബർ ഒന്നുമുതൽ തുടങ്ങി സെപ്റ്റംബർ മുപ്പതിന് അവസാനിക്കുന്നു.  കോണ്‍ഗ്രസിനും സെനറ്റിനും ചില പദ്ധതികൾക്കായി ഫണ്ട് അനുവദിക്കാതെയിരിക്കാം. രാഷ്ട്രത്തിന്റെ വരവുചെലവുമതിപ്പിൽ (budget ) പുതിയതായി ഉൾകൊള്ളിക്കേണ്ട ചില പദ്ധതികൾ വരുമ്പോഴാണ് സാധാരണ വാദപ്രതിവാദങ്ങൾ ഉണ്ടാകാറുള്ളത്. അങ്ങനെയാണ് ഒബാമായുടെ ആരോഗ്യ സുരക്ഷാപദ്ധതി കോണ്‍ഗ്രസിൽ വിവാദ വിഷയമായി തീർന്നത്. ആരോഗ്യ സുരക്ഷാപദ്ധതികൾ സാധാരണ ഫെഡറലിന്റെ നിയന്ത്രണത്തിലുള്ളതല്ല. ഒബാമയുടെ ആരോഗ്യ സുരക്ഷാപരിപാടികൾ സാമ്പത്തിക അപര്യാപ്തത വരുത്തുമെന്ന് ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതുമൂലം പ്രശ്നങ്ങൾ സങ്കീർണ്ണമാകുവാനിടയായി. ഒബാമയുടെ ആരോഗ്യാരക്ഷാ നിയമങ്ങളനുസരിച്ച് അമേരിക്കയിലെ എല്ലാ പൌരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നിർന്ധമായും വേണമെന്നുള്ളതാണ്. ഇത് തൊഴിലുടമകൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നു. ഇൻഷുറൻസ് കമ്പനികൾ സാമ്പത്തിക സമ്മർദം കാരണം പ്രീമിയവും വർദ്ധിപ്പിക്കും. അധികം വരുന്ന ചെലവ് വഹിക്കേണ്ടതും തൊഴിൽ നൽകേണ്ടവരാണ്. തന്മൂലം ഉത്പാദന ചെലവുകൾ കൂടും. ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കുന്നതുമൂലം രാജ്യത്ത് വിലപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. എത്ര ഗുരുതരമായ രോഗമുള്ളവർക്കും സുരക്ഷാ പദ്ധതിയനുസരിച്ച് ഇൻഷുറൻസ് കൊടുക്കുന്നതുവഴി  ഇൻഷുറൻസ് കമ്പനികൾ പാപ്പരത്തത്തിലേക്ക് നീങ്ങുമെന്നും ഭയപ്പെടുന്നു.
റിപ്പബ്ലിക്കൻസ്കൂടി ഒത്തുചേർന്ന് പാസാക്കിയ ഒബാമാ ആരോഗ്യപരിരക്ഷാപദ്ധതി ബില്ല് ഒരു വർഷം കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്നാണ് പുതിയ വാദങ്ങൾ. മറ്റൊന്ന് മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിച്ച് വിറ്റഴിക്കുന്ന കമ്പനികളുടെ അധിക നികുതിയിലുള്ള എതിർപ്പാണ്. ഒത്തുതീർപ്പിനുള്ള വഴികൾ കണ്ടുപിടിക്കാൻ സാധിക്കാതെ പോവുന്നതും മെഡിക്കൽ നിർമ്മാണകമ്പനികളെ തൃപ്ത്തിപ്പെടുത്താനുമാകാം. ഈ നികുതിയും ഒബാമയുടെ ആരോഗ്യരക്ഷാ പദ്ധതിയുടെ ഭാഗമാണ്. സർജറിക്കും മറ്റു മെഡിക്കൽ വകുപ്പുകൾക്കുംവേണ്ടി നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക്‌ ഇപ്പോൾ രണ്ടര ശതമാനം നികുതി കൊടുക്കുന്നുണ്ട്. ഒബാമയുടെ തീരുമാനമനുസരിച്ച് ഇങ്ങനെ കണ്ടെത്തുന്ന അധികവരുമാനം ആരോഗ്യരക്ഷക്കായി പ്രയോജനപ്പെടുത്തണമെന്നാണ്. അമേരിക്കൻ ജനതയുടെ ആരോഗ്യമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബില്ലിനെ റിപ്പബ്ലിക്കൻ പാർട്ടി എതിർക്കുന്നു. കമ്പനിയുടെ ഉത്ഭാതന ചെലവുകൾ കൂടുന്നതുമൂലം തൊഴിൽമേഖലകൾ വിദേശകമ്പനികൾ ഏറ്റെടുക്കുമെന്ന ഭയമാണ് മുമ്പിലുള്ളത്. ലക്ഷക്കണക്കിന് ജോലിക്കാർ ഈ തൊഴിൽ മണ്ഡലങ്ങളിൽ ജോലിചെയ്യുന്നുണ്ട്.
അമേരിക്കയിൽ 33 ലക്ഷം ജോലിക്കാർ അത്യാവശ്യവിഭാഗങ്ങളിൽ ജോലിചെയ്യുന്നവരാണ്. സർക്കാരിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതുമൂലം എട്ടുലക്ഷം ജോലിക്കാർ പ്രശ്നം അവസാനിക്കുംവരെ വീട്ടിൽ ഇരിക്കേണ്ടി വരുന്നു. അവർക്ക് ജോലിചെയ്യാതെ ശമ്പളം കൊടുക്കുന്നവഴി സർക്കാർ ഖജനാവ്‌ കാലിയായിക്കൊണ്ടിരിക്കും. സാമ്പത്തിക സമ്മർദം തുടർന്നുകൊണ്ടിരുന്നാൽ സ്റ്റോക്ക്മാർക്കറ്റും താഴേക്ക് പോവും. സർക്കാരിന്റെ പ്രവർത്തനസ്തംഭനം നീളുംതോറും അമേരിക്കൻ സാമ്പത്തികതയുടെ അടിത്തറ ഇളകും. ഏതാനും ദിവസങ്ങൾ മാത്രമേയുള്ളുവെങ്കിൽ സാരമായ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.  സർക്കാരിന്റെ പ്രവർത്തനാവസ്ഥ നിർജീവമായി നാലാഴ്ച തുടരുകയാണെങ്കിൽ 55 ബില്ല്യൻ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് മൂഡിസ്‌ (Moody's ) കണക്കുകൾ വ്യക്തമാക്കുന്നു.   
സാധാരണക്കാരനെ ഇന്നുള്ള സർക്കാർ സ്തംഭനംമൂലം എങ്ങനെയെല്ലാം ബാധിക്കുമെന്ന് നോക്കാം. പോസ്റ്റൽ സേവനങ്ങൾക്ക് മുടക്കം വരില്ല. കത്തുകൾ ലഭിച്ചുകൊണ്ടിരിക്കും. സൈന്യങ്ങൾക്കുള്ള ഫണ്ട് സമയാസമയങ്ങളിൽ സേവനത്തിനായി വിനിയോഗിക്കും. യുദ്ധകാലത്തെങ്കിൽ സൈന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കും. സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾക്കും മുടക്കം വരുകയില്ല. എന്നാൽ വീട് മേടിക്കുന്നവർക്ക് ഫെഡറിലിൽനിന്നും കടമെടുക്കുവാൻ കാത്തിരിക്കേണ്ടിവരും. തോക്കിന് ലൈസന്സ് വേണമെങ്കിലും പാസ്പോർട്ട് ലഭിക്കണമെങ്കിലും കാലതാമസം വേണ്ടിവരും. തന്മൂലം വിദേശ സഞ്ചാരികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. 
സർക്കാർ സ്തംഭനംമൂലം ഒബാമാ ആരോഗ്യരക്ഷാ പദ്ധതിയെ നേരിട്ട് ബാധിക്കില്ല. ഈ പദ്ധതി നടപ്പിൽ വരുത്തുന്നത് പുതിയ നികുതി വരുമാനത്തിൽനിന്നാണ്. അതുപോലെ സർക്കാർ നടപ്പാക്കണമെന്ന് വിചാരിച്ചിരുന്ന പല അനാവശ്യപദ്ധതികളും വേണ്ടെന്നുവെച്ച് നീക്കി വെച്ചിരിക്കുന്ന പണം ആരോഗ്യരക്ഷാ പദ്ധതികൾക്കായി വിനിയോഗിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക അരാജകത്വത്തിന് ഹേതുവായുള്ള അഭിപ്രായവോട്ടിൽ പങ്കെടുത്ത ജനവിഭാഗങ്ങളിൽ 46 ശതമാനംപേർ റിപ്പബ്ലിക്കൻ പാർട്ടിയേയും 36 ശതമാനംപേർ പ്രസിഡന്റിനെയും 13 ശതമാനംപേർ രണ്ടുകൂട്ടരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്.
അമേരിക്കൻ സർക്കാരിന് 16.699 ട്രില്ലിയൻ ഡോളർ തുകയാണ് ക്രഡിറ്റ്  അനുവദിച്ചിരിക്കുന്നത്. കൂടുതൽ പണം അനുവദിക്കണമെങ്കിൽ നിലവിലുള്ള  ക്രഡിറ്റ്പരിധി വർദ്ധിപ്പിക്കണം. അതിനായി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റിൽ ഉടനെതന്നെ ബില്ലും അവതരിപ്പിക്കും. സർക്കാർ സ്തംഭനം തുടരുകയാണെങ്കിൽ അമേരിക്കയുടെ ക്രെഡിറ്റ് വിലയിരുത്തലിനെ ബാധിക്കുകയും തന്മൂലം സുപ്രധാനമായ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാതെ വരുകയും ചെയ്യും.
അമേരിക്കയ്ക്ക് ഏറ്റവുമധികം കടംകൊടുക്കുന്ന രാജ്യമായ ചൈന അമേരിക്കൻ സാമ്പത്തിക പ്രശ്നത്തിൽ ആശങ്കയും പ്രകടിപ്പിച്ചുകഴിഞ്ഞു. ഒക്ടോബർ പതിനേഴാം തിയതിക്കുള്ളിൽ പ്രശ്നങ്ങൾ തീർക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനാ അമേരിക്കയുടെ സാമ്പത്തികഭദ്രതയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക നിക്ഷേപ പദ്ധതികൾക്കും ആഗോള സാമ്പത്തിക വളർച്ചക്കും തടസം വരുമെന്ന് ആ രാജ്യം ഭയപ്പെടുന്നു.
സ്തംഭനംമൂലം 300 മില്ല്യൻ ഡോളർ ദിനംപ്രതി സർക്കാരിന് നഷ്ടപ്പെടുന്നുണ്ട്. പൊതുപാർക്കുകളും കാലാവസ്ഥ നിർണ്ണയിക്കുന്ന ഓഫീസുകളും പ്രവർത്തനരഹിതമായി കഴിഞ്ഞു. തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. ഇത് തുടരുന്നപക്ഷം ഒബാമയ്ക്ക് യുദ്ധകാലംപോലുള്ള ദേശീയ അടിയന്തരാവസ്ഥ (National emergency) പ്രഖ്യാപിക്കേണ്ടി വരും. അതിനാലായിരിക്കാം വിട്ടുവീഴ്ചയില്ലാതെ ഒബാമഭരണകൂടം മുമ്പോട്ടുപൊകുന്നത്. ഗുരുതരമായ ഈ സാമ്പത്തിക കുഴപ്പങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെയാണ് ജനം കൂടുതൽ പഴിചാരുന്നത്. ജോണ്‍ മക്കയിൻവരെ റിപ്പബ്ലിക്കൻപാർട്ടിയുടെ നിരുത്തരവാദിത്തത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്.  സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ഒബാമാ ഭരണകൂടം ഒത്തുതീർപ്പിനായുള്ള ഒരു ഉപാധിക്ക് സമ്മതിക്കാതിരിക്കുന്നതും അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള  ആരോപണങ്ങളിൽ ഉണ്ട്.
അമേരിക്കയുടെ ഈ സ്തംഭനാവസ്ഥ ഒരു രാഷ്ട്രീയമായി കരുതാൻ  സാധിക്കില്ല. സാമ്പത്തിക അസമത്വം മറയാക്കി കാര്യസാധ്യത്തിനായി തെരഞ്ഞെടുത്തവരുടെ ഒരു കുട്ടിക്കളിയെന്ന് വേണം അനുമാനിക്കാൻ.  ഇത്തരം സാമ്പത്തിക അരാജകത്തം ചരിത്രത്തിൽത്തന്നെ വിരളമാണ്. ഈ സാമ്പത്തിക പോരാട്ടത്തിൽ വിജയിയായിരിക്കുന്നത് ചൈനയാണ്. ഇവിടെ ജയിക്കുന്നത് പ്രസിഡന്റോ റിപ്പബ്ലിക്കനൊയെന്ന് തീരുമാനിക്കാനും പ്രയാസമാണ്. പരാജയപ്പെടുന്നത് അമേരിക്കൻ  ജനതയായിരിക്കും.  ഒബാമ ഒരു ഒത്തുതീർപ്പിന് തയ്യാറല്ലായെന്നും വ്യക്തമായി കഴിഞ്ഞു.  എന്തുകൊണ്ട്? മറ്റെല്ലാ പ്രസിഡന്റുമാരും ബിൽക്ലിന്റനും റൊണാൾഡ് റീഗനും ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ വിജയകരമായി ഒത്തുതീർപ്പുണ്ടാക്കി. പ്രശ്നങ്ങൾ പരിഹരിച്ചു.  ബ്ലാക്ക്‌മെയിൽ ചെയ്ത് കാര്യം സാധിക്കുന്ന അംഗങ്ങളാണ് ജനപ്രതിനിധികളിലുള്ളത്. ഒരുതരം സാമ്പത്തിക ഭീകരതയെന്നും ഈ സർക്കാർപ്രവർത്തനങ്ങളുടെ മരവിപ്പിക്കലിനെ വിളിക്കാം. ജനാധിപത്യത്തിനും വ്യക്തിക്കും രാജ്യത്തിനും ഈ സ്തംഭനം അപകീർത്തികരമാണ്. അമേരിക്കയുടെ ഇന്നത്തെ ശോചനീയാവസ്ഥ  കണ്ട് കടലിന്റെ അഗാധതയിൽ കബറിനുള്ളിൽ കിടക്കുന്ന ബിൽലാഥന്റെ പ്രേതം ഒരു പക്ഷെ പൊട്ടിച്ചിരീക്കുന്നുണ്ടാകാം. വളരെക്കാലം നാം വിദേശഭീകരരെ ഭയപ്പെട്ടു. അവർ ഈ രാജ്യത്തിനെയും സമ്പത്തിനെയും ജനത്തെയും നശിപ്പിക്കുമെന്ന് ഭയപ്പെട്ടു. ഇന്ന് ഈ രാജ്യത്ത് നിയമങ്ങൾ ഉണ്ടാക്കുന്ന നുഴഞ്ഞുകയറിയവരെയാണ് ഭയപ്പെടേണ്ടത്. കഴിഞ്ഞകാലങ്ങളിൽ നാം ഭയപ്പെട്ട അതേ ഫലംതന്നെ ഇവർ രാജ്യത്തിന്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ദൈവം കനിഞ്ഞനുഗ്രഹിച്ച കോടാനുകോടി ജനങ്ങളുടെ സ്വപ്നഭൂമിയായ അമേരിക്കയെ ഒബാമഭരണകൂടം പൂർവ സ്ഥിതിയിലേക്ക് മടക്കികൊണ്ടുവരുമെന്നും പ്രതീക്ഷിക്കാം.      


Wednesday, October 2, 2013

മാർപാപ്പായുടെ 'ഞാൻ പാപി' സഭയുടെ പാപം


സ്നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനഭാഷയിൽ സംസാരിക്കുന്ന മാർപാപ്പായെ ഇന്ന് ലോകം മുഴുവൻ ശ്രവിക്കുന്നു. മാർപാപ്പായ്ക്കൊപ്പം സഭ എത്രമാത്രം വളരുമെന്നും കണ്ടറിയണം. സഭയുടെ മാറ്റങ്ങൾ ഒരു ദിവസംകൊണ്ടോ മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ സംഭവിക്കുന്നതല്ല. വലിയ മുക്കവൻ സഞ്ചരിക്കുന്നത് പടുകൂറ്റൻ കപ്പലിലാണ്. ആ വലിയ കപ്പൽ സാവധാനമേ തിരിയുകയുള്ളൂ.  അയല്ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക, പാപികളെ സ്നേഹിക്കുകയെന്നെല്ലാം സഭയുടെ പ്രമാണങ്ങളിലുണ്ട്.
ഞാൻ പാപിയാണ്‌ ഇപ്പറയുന്നത്‌ മാർപാപ്പയാണ്.എന്നാൽ പാപ്പാ സഭയുടെ സകല പാപങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നല്ലേ സത്യം. കഴിഞ്ഞകാലങ്ങളിൽ ആയിരക്കണക്കിന് പുരോഹിതർ കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് സഭയുടെ പാപമല്ലേ? അവരുടെ കുറ്റങ്ങൾ മറച്ചുവെച്ച സഭതന്നെയല്ലേ പാപി.  "ഞാൻ പാപിയെന്ന്" പാപ്പാ പറഞ്ഞപ്പോൾ മനസിലാക്കേണ്ടത്‌ പാപി മാർപാപ്പായെന്നല്ല. പാപകൂമ്പാരം കൊണ്ട് വഹിക്കാൻ സാധിക്കാതെ നിലയില്ലാത്ത വെള്ളത്തിൽ നീന്തുന്ന സഭ തന്നെയാണ് മുറിവേറ്റ പാപി.  മാർപാപ്പ സഭയിലെ ഒരു വ്യക്തി മാത്രം. എന്നാൽ ഈ വ്യക്തി സഭയുടെ ഔദ്യോഗികനാവാണ്.  വാർത്താമാധ്യമങ്ങളോട് സംസാരിച്ചതും സഭയുടെ നാവാണ്.  ഒരു വ്യക്തിയെന്ന നിലയിൽ നമുക്ക് പാപം ചെയ്യാം. കുമ്പസാരിക്കാം. ആരും ഗൗനിക്കാറില്ല. പക്ഷെ സഭതന്നെ പാപം ചെയ്താലോ? തെരഞ്ഞെടുത്ത പുരോഹിതരും അഭിഷിക്തരും കൂട്ടമായി സഭയെ വ്യപിചരിച്ചുകൊണ്ടിരിക്കുന്നു. അഴിമതി, കള്ളപ്പണം, കൊള്ളപ്പണം, പുരോഹിത വ്യപിചാര,  കുട്ടികളെ പീഡിപ്പിക്കൽമുതൽ അഭയാവധംവരെയുള്ള പാപക്കറകൾക്ക് സഭയ്ക്കിന്നും മുക്തിയാവശ്യമാണ്.  യഹൂദ കൂട്ടക്കൊലകൾക്ക് മാപ്പ് പറഞ്ഞു.  ഗലീലിയോടും മാപ്പ് പറഞ്ഞു. ഇനി സഭയ്ക്കുവേണ്ടി മാർപാപ്പാ പാപത്തിന്റെ കുരിശുകൾ ചുമക്കുന്നു.       
വിവാഹത്തിനുമുമ്പുള്ള ലൈംഗികഭോഗം സഭയിൽ പാപമാണ്.  രണ്ടു വ്യക്തികൾ തമ്മിലുള്ള രതിക്രിയകൾ പാപമെന്ന് സദാചാരം പറയുമെങ്കിൽ പരിഹാരമുണ്ട്. സഭയുടെ അനുഷ്ഠാനങ്ങളിലുള്ള കൂദാശകളനുസരിച്ച് കുമ്പസാരിക്കൂ? പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ കുമ്പസാരക്കൂട്ടിൽനിന്നും കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ വ്യപിചാരം ചെയ്‌താൽ അത് സഭയുടെ പാപമാണ്. പാപം ചെയ്യരുതെന്ന് ഉപദേശിക്കുന്നവന്റെ പാപം മാപ്പില്ലാത്തതാണ്. അതാണ്‌ യേശു അവരെ സർപ്പങ്ങളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും വിളിച്ചത്.
മാർപാപ്പാ പറഞ്ഞു, "ഒരുവന്റെ ജീവിതത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളെ തടസപ്പെടുത്തുവാൻ കഴിയുകയില്ല."  (It is not possible to interfere  spirituality in the life of a person)എങ്കിൽ സഭ ചെയ്ത പാപങ്ങളുടെ പരിഹാരമെന്ത്? ആയിരങ്ങളെ ചുട്ടുകരിച്ച് പരിവർത്തനങ്ങളിക്കൂടി കടഞ്ഞെടുത്ത സഭയാണ് പാപം എന്തെന്ന് എന്നും ഉച്ചത്തിൽവിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്ധ്യാത്മികകാര്യങ്ങളിൽ ഇടപ്പെട്ടതുകൊണ്ടല്ലേ ലൂതറനീസം ഉണ്ടായത്. മഹറോൻശിക്ഷ എങ്ങനെയുണ്ടായി?.  സഭയെ വിമർശിച്ചാൽ മഹറോനു തുല്യമായ പാപമായി ഗൌനിച്ചിരുന്ന കാലവുമുണ്ടായിരുന്നു. അത് ഒരുവന്റെ അദ്ധ്യാത്മികതയിൽ ഇടപെടലല്ലേ?
കത്തോലീക്കാസഭ സ്വവർഗാനുരാഗം പാപമായി കരുതുന്നു. അതേസമയം എതിർലിംഗത്തോടുള്ള അനുരാഗം ആദ്ധ്യാത്മികതയുടെ നിയന്ത്രണത്തിലുമാണ്. ജീവവിജ്ഞാന ശാസ്ത്രത്തിലെ ഒരേ ശരീരത്തിലെ ഒരേ അനുരാഗങ്ങളിൽ ഒന്ന് നന്മയും മറ്റേത് തിന്മയുമാണ്. ദൈവം മനുഷ്യന് കൽപ്പിച്ച പ്രക്രിയകളിൽ പാപവും പുണ്യവും ഒരുപോലെ സമ്മിശ്രമാക്കുന്നു. പ്രത്യേകിച്ച് അനുരാഗം സന്താനോത്ഭാതനമെങ്കിൽ കൂടുതൽ പുണ്യവും. ഇത്തരം വിരോധാഭാസങ്ങൾ സഭയുടെ ചട്ടകൂട്ടിനുള്ളിലെ ചോദ്യംചെയ്യാൻ പാടില്ലാത്ത നിയമങ്ങളാണ്. മാർപാപ്പാ പറഞ്ഞു, "സ്വവർഗാനുരാഗം പാപമെന്ന് തീരുമാനിക്കാൻ ഞാൻ ആര്"  അപ്രമാദിത്വത്തിന്റെ ചുരുളുകളിൽ അകപ്പെട്ടിരിക്കുന്ന നൂലാമാലകളിലെ കെട്ട് മാർപാപ്പ അവിടെ അഴിക്കാൻ ശ്രമിക്കുന്നുവെന്ന് വേണം കരുതാൻ. ദൈവം തന്ന അനുഗ്രഹീത അനുരാഗനിമിഷങ്ങളെ ചോദ്യം ചെയ്യാൻ സഭയ്ക്കെന്തവകാശമെന്നുകൂടി മാർപാപ്പ ചോദിക്കണമായിരുന്നു.   അങ്ങനെയെങ്കിൽ സഭയിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമായിരുന്നു. അടിച്ചമർത്തപ്പെട്ട വിശ്വാസിയുടെ മനസിന്‌ ആശ്വാസം ലഭിക്കുമായിരുന്നു.
സഭ പാപികളെ സ്നേഹിക്കണമെന്ന് പറയുന്നു. എന്നാൽ സ്വവർഗദമ്പതികളെ  ഉൾകൊള്ളാൻ സഭയ്ക്ക് സാധിക്കില്ല. യൂറോപ്പിലും അമേരിക്കയിലും അവരടെ ശക്തി തെളിയിച്ചു കഴിഞ്ഞു. ചില നവീകരണസഭകൾ അവരുടെ ലൈംഗിക ജീവിതരീതികളെ അംഗീകരിക്കുകയും ചെയ്തു. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളും അവരുടെ വിവാഹം നിയമാനുസൃതമാക്കി. എങ്കിലും സഭ ഇവരുടെ പാപങ്ങൾക്ക് മാപ്പ് കൊടുക്കില്ല. മോഷണം, കൊലപാതകം, ചതി, വഞ്ചന എന്നീ അധർമ്മങ്ങൾക്കെല്ലാം മാപ്പുണ്ട്. സ്വന്തം ശരീരത്തിലെ സ്വവർഗഭ്രമങ്ങൾ സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത ഈ പാപികൾക്ക് വാതിലുകൾ തുറന്നുകൊടുക്കാൻ സഭ തയാറാവുകയില്ല.
ലോസാഞ്ചൽസിലെ കർദ്ദിനാൾ മഹോണിയുടെ രൂപതകളിൽ കുട്ടികളെ പീഡിപ്പിച്ചതെല്ലാം വെറും സംഭവിക്കാത്ത ചരിത്രങ്ങളാക്കി.   പരിശുദ്ധാത്മാവിനോടുള്ള പാപങ്ങൾ പൊറുക്കാൻ സാധിക്കില്ലായെന്നുള്ള വചനം സഭയിലെ പവിത്ര നശിപ്പിക്കുന്ന പുരോഹിതരെ ഉദേശിച്ചുള്ളതാണ്. സഭയുടെ ചൈതന്യം നശിപ്പിച്ച് മൃതശരീരത്തിന് തുല്യമാക്കിയത് സഭയെ നയിക്കുന്നവർ തന്നെയാണ്. പുരോഹിത അഭിഷിക്ത പാപങ്ങൾ വഹിക്കാൻ ഇതാ സഭയുടെ തന്നെ സൈന്യങ്ങളുടെ നേതാവ് മുമ്പോട്ട്‌ വന്നിരിക്കുന്നു. പാപത്തിൽ മുങ്ങിയിരിക്കുന്ന കോട്ടകൾകൊണ്ട് കെട്ടിപൊക്കിയിരിക്കുന്ന അഭിഷിക്ത മണിമന്ദിരങ്ങളും കത്തീഡ്രലുകളും പത്രോസിന്റെ പാറയിൽ ഇന്ന് ഉറച്ചിരിപ്പില്ല. മണൽകൂമ്പാരങ്ങളിൽ പണിതെടുത്ത ഈ സൗധങ്ങളെല്ലാം എന്നുവേണമെങ്കിലും കാറ്റത്തുലഞ്ഞ് നിലം പതിക്കാം. യൂറോപ്പിലും അമേരിക്കയിലും ദേവാലയങ്ങളും പുരോഹിതരുടെ സ്കൂളുകളും മനുഷ്യർക്ക് വേണ്ടെന്നായി.   പ്രവചനങ്ങൾക്കതീതമായി സഭ മുമ്പോട്ട് ചലിക്കണമെങ്കിൽ സഭയിലുണ്ടായിരുന്ന ആദിമചൈതന്യം കൈവരിച്ചേ മതിയാവൂ.
കുഞ്ഞുപിള്ളേരെ പീഡിപ്പിച്ച പുരോഹിതരെ ദൂരസ്ഥലങ്ങളിലും മെക്സിക്കോയിലും സ്ഥലമാറ്റം കൊടുത്തശേഷം കർദ്ദിനാൾ മഹോണി പറഞ്ഞതിങ്ങനെ, "അവരുടെ പാപങ്ങൾ ദൈവം പൊറുത്തു." പാപം ചെയ്യാതെ സ്വയം പാപിയെന്ന് പറയുന്ന മാർപാപ്പായുടെ പാപങ്ങൾ ദൈവം പൊറുക്കുന്നുവെന്ന് പാപ്പാ പറയുന്നില്ല. ഒരു കാര്യം തീർച്ച. സഭയുടെ കാലഹരണപ്പെട്ട തത്ത്വങ്ങൾ മാറുകയില്ല. സ്വവർഗം, സ്വവർഗ വിവാഹം, ഗർഭനിരൊധനം എന്നീ വിവാദങ്ങളിൽ സഭയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കുടുംബാസൂത്രണ പദ്ധതികൾ സഭയുടെ തത്ത്വങ്ങൾക്കെതിരായി തുടർന്നുകൊണ്ടിരിക്കും. ഒരു ചോദ്യം, മാർപാപ്പായുടെ തെറ്റാവരത്തിന് എന്തുപറ്റി?   യേശുവിന്റെ അമ്മ മറിയാമിൽ പാപമില്ലെന്ന് തെറ്റാവരത്തിന്റെ ശക്തിയിൽ പന്ത്രണ്ടാംപീയുസ് മാർപാപ്പാ വിളംബരം ചെയ്തു. മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ഫ്രാൻസീസ് മാർപാപ്പാ സഭയുടെ തെറ്റാവരം അബദ്ധമെന്നും ചിന്തിക്കുന്നുണ്ടാവാം.     
യേശു ഒരു വാക്കുപോലും സ്വവർഗ അനുരാഗരതികളുമായി നടക്കുന്നവർക്കെതിരെ പറഞ്ഞിട്ടില്ല. യേശു സംസാരിച്ചത് അമിത ധനം ഉപയോഗിക്കാതെ പൂഴ്‌ത്തി വെക്കുന്നവർക്കെതിരെയായിരുന്നു.  നീതിക്കുവേണ്ടി ദാഹിക്കുന്നവർക്കായും അധികമുള്ളവർ ദരിദ്രരെ സഹായിക്കുവാനും പറഞ്ഞു. അങ്ങനെയെങ്കിൽ വളർന്നു വന്നിരിക്കുന്ന സ്വവർഗരതികളെ ക്രിസ്ത്യാനികൾ എന്തിന് വെറുക്കണം. സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ക്രിസ്ത്യൻ തത്ത്വശാസ്ത്രത്തിൽ വെറുപ്പിന്റെ ഭാഷയില്ല. സ്വവർഗരതികളെ സംബന്ധിച്ച് പറയുമ്പോൾ സഭയെന്നും വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമായിരുന്നു. അതിനൊരു മാറ്റം വരാനായിരിക്കാം മാർപാപ്പാ പറഞ്ഞത്, "അവർ പാപികളെന്നു വിധിക്കാൻ ഞാൻ ആര്"?  ഇത്തരം വൈകൃതങ്ങളായ രതിവികാരമുള്ളവരെയും ദൈവം സ്രുഷ്ടിച്ചവരാണ്. വികാരങ്ങളിൽ അടിമപ്പെട്ട ഈ മനുഷ്യജീവികളിൽ ഉള്ളതും ദൈവം സൃഷ്ടിച്ച ശരീരങ്ങളുടെ താല്പര്യങ്ങൾ തന്നെയാണ്. അവരിൽ അടങ്ങിയിരിക്കുന്ന ലൈംഗികമോഹങ്ങളെ ശമിപ്പിച്ച് നിയന്ത്രിക്കുകയും എളുപ്പമല്ല. അങ്ങനെയുള്ള സ്വവർഗപ്രേമികളായ ദൈവമക്കളെ ആദ്ധ്യാത്മികതയിൽനിന്നും മാറ്റിനിർത്തുന്നത് നീതികരിക്കുക സാധ്യമല്ല. സഭ അവരെ രണ്ടാംക്ലാസ് പൌരന്മാരായി കാണുന്നു. ഭൂമിയിലെ മനുഷ്യർക്ക് അവരുടെ ആദ്ധ്യാത്മികതയിൽ ഇടപെടുവാൻ അവകാശമെന്തെന്നുള്ള ചോദ്യത്തിനുത്തരമാണ് മാർപാപ്പ പറഞ്ഞത്.   മനുഷ്യരാരും അവരെ പാപികളെന്ന് വിധിക്കാൻ അർഹരല്ല. സഭയുടെ നയങ്ങൾ എന്നും  അവർക്കെതിരെയായിരുന്നു. സഭയ്ക്ക് വിധിക്കാൻ അവകാശമില്ലാത്ത സ്വവർഗക്കാരുടെ പ്രശ്നങ്ങൾ ദൈവത്തിന് വിട്ടുകൊടുത്ത് അവരെ സഭാമക്കളായി കാണുവാൻ സഭയ്ക്ക് കഴിയുമോ? കൂദാശകൾ അവർക്ക്  നിഷേധിക്കുന്നതുവഴി സഭ അദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് വ്യക്തമാണ്. അവർക്കുള്ള കൂദാശ നിഷേധിക്കലും മാർപാപ്പാ പറഞ്ഞതിന് തികച്ചും പരസ്പരവിരുദ്ധമായ സഭയുടെ പ്രവർത്തിയാണിതെന്നതിൽ സംശയമില്ല. ലൈംഗിക വിഭാഗിയചിന്തകളോടെ അവരെ അകത്തിനിർത്തി സഭ യാഥാസ്ഥിതികത്വം തുടർന്നുകൊണ്ടിരിക്കുന്നു.  ബനഡിക്ററ് മാർപാപ്പായുടെ പതിവ് പല്ലവികൾ എന്നും സ്വവർഗ അനുരാഗികൾക്കെതിരെയായിരുന്നു.  
അമ്പത് വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടാം വത്തിക്കാൻ കൌണ്‍സിലെ ചർച്ചകളടങ്ങിയ ഫയലുകൾ കാലഹരണപ്പെട്ട് ചിതലരിച്ചുപോയി.  സുനഹദോസിന് തുരങ്കം വെച്ച അന്നുള്ള വൃദ്ധന്മാർ മണ്ണിലടിയിൽ പോയി.  സഭയുടെ ചെറിയ ഒരു മാറ്റംപോലും അനുവദിക്കാതെ ഇന്നും തലപ്പത്ത് ഇരിക്കുന്നത് അവരുടെ പിൻഗാമികൾ തന്നെയാണ്. സഭയ്ക്കുണ്ടായിരുന്ന പരിശുദ്ധിയും അപ്പോസ്തോലീകാ പാരമ്പര്യവും വിട്ടുവീഴ്ചയില്ലാത്ത കർദ്ദിനാൾമാർ പണ്ടേ കാറ്റിൽ പറപ്പിച്ചു കഴിഞ്ഞു.  സത്യമായ സഭ മരിച്ചുപോയി. സഭയ്ക്കുള്ളിലെ പരിശുദ്ധി മടക്കികൊണ്ടുവരുവാൻ മാർപാപ്പാമാത്രം ശ്രമിച്ചാൽ ഇനി സാധിക്കില്ല.  സഭയിലെ പുരോഹിതർ കുഞ്ഞുങ്ങളെ ദുരുപയോഗപ്പെടുത്തികൊണ്ട് പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്ത് സഭയെ നശിപ്പിച്ചു. 
ഭ്രൂണഹത്യ, ഗർഭം അലസിപ്പിക്കൽ എന്നീ സഭയുടെ നയങ്ങളെ മാർപാപ്പ വിലയിരുത്തിയതും വ്യത്യസ്തമായിട്ടായിരുന്നു. സഭയിലെ നീറുന്ന മറ്റു സംഗതികളിൽ അത്തരം പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രാധാന്യം കല്പ്പിക്കരുതെന്നും നിർദ്ദേശിച്ചു.  ഈ വിഷയം വിവാദങ്ങളിൽനിന്നും ഒഴിവാക്കാനാണ് മാർപാപ്പാ അഭിപ്രായപ്പെട്ടത്. മാർപാപ്പായുടെ ഗർഭച്ഛിന്ദ്രത്തെപ്പറ്റിയുള്ള അഭിപ്രായം ജീവന്റെ തുടിപ്പിലുള്ള അനുഭാവികൾക്ക് (pro life) എതിർപ്പുകൾ ഉണ്ടാക്കി. ലോകത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന 50000  കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യമൂലം ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുന്നത്. നിശബ്ദമായി അത് കണ്ടില്ലെന്ന് എങ്ങനെ നടിക്കുമെന്ന് ഭ്രൂണഹത്യക്കെതിരായവർ ചോദിക്കുന്നു. ദൈവം കുഞ്ഞുങ്ങളെ ഉദരത്തിൽ സൃഷ്ടിച്ചു. ഭൂമിയിലേക്ക്‌ പിറക്കാൻ പോവുന്ന അവരെ നമ്മൾ കൊല്ലുന്നു. അക്കാര്യങ്ങളിലെ വിവാദങ്ങൾ ഒഴിവാക്കാൻ മാർപാപ്പാ ലോകത്തോട്‌ പറഞ്ഞു. സ്വവർഗ അനുരാഗികളുടെ ആത്മീയതയിൽ മാർപാപ്പാ ഇടപെടരുതെന്ന് ആഗ്രഹിക്കുന്നു.  എന്നാൽ ഭൂമിയിലേക്ക്‌ വരുന്ന കുഞ്ഞുങ്ങളുടെ ജീവനായുള്ള അവകാശങ്ങൾക്കായി മുറവിളി കൂട്ടുന്നവരുടെ ആത്മീയചിന്താഗതികളിൽ ഇടപെടാൻ മാർപാപ്പയ്ക്ക് മടിയില്ല. ഗർഭച്ഛിന്ദ്രം പോലുള്ള ഗുരുതരമായ പാപങ്ങൾ സഭ അനുവദിക്കുകയില്ലെന്നും മനസിലാക്കുവാനുള്ളതേയുള്ളൂ.
 
വൈമാനിക യാത്രക്കാരായ അഭിഷിക്തർക്കെതിരെയും മാർപാപ്പ സംസാരിച്ചു. സ്വന്തം കുഞ്ഞാടുകളെ നയിക്കാതെ ദേശാടനം ചെയ്ത് നടക്കുന്ന മെത്രാന്മാർക്കും കർദ്ദിനാൾമാർക്കും മാർപാപ്പായുടെ വാക്കുകളാലുള്ള ഈ താക്കീത് ഒരു പ്രഹരമായിക്കാണും.  " മാർപാപ്പാ പറഞ്ഞു, “കർമ്മനിരതരായി അവരെ സേവിക്കാൻ നിങ്ങൾ കടപ്പെട്ടവരാണ്. നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന സേവനത്തിന്റെ ഉടമ്പടികൾ നിങ്ങളുടെ സമൂഹത്തിന് മാത്രമുള്ളതാണ്.  ദയവായി നിങ്ങളുടെ ജനത്തിനൊപ്പം ജീവിച്ചാലും."  ആരും യജമാനരല്ല സഭയുടെ സേവകരാണെന്നുള്ള വസ്തുത അഭിഷിക്തർ മറക്കുന്നു. ആട്ടിടയൻ ആടുകളുടെ മുമ്പാകെ നടക്കാതെ സ്വന്തം ആടുകളെ മേയിച്ച് പിന്നാലെ നടക്കുവാനാണ് മാർപാപ്പാ ആഗ്രഹിക്കുന്നത്. ആഗോള അഭിഷിക്തരുടെ ഒരു സമ്മേളനത്തിലാണ് മാർപാപ്പാ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്.  നിങ്ങളുടെ സമൂഹത്തിൽ ജീവിക്കൂ ജീവിക്കൂയെന്ന് മാർപാപ്പാ ആവർത്തിച്ചു പറഞ്ഞു. ജനങ്ങളുമായി പരസ്പരം സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കാനും അവരുടെ ദുഃഖങ്ങളിൽ പങ്കുചേരാനുമാണ് മാർപാപ്പാ ഉദേശിച്ചത്. അവിടെ ധനികനെന്നോ ദരിദ്രനെന്നോ, ദളിതനെന്നോ സ്ത്രീപുരുഷനെണോ വിത്യാസമില്ല.  പ്രേഷിതനായി ജനങ്ങളുടെ വികാരങ്ങളെ മനസിലാക്കി അവരുമൊത്ത് യാത്ര ചെയ്യാനാണ് മാർപാപ്പാ ആവശ്യപ്പെട്ടത്.
ഇന്ന് അഭിഷിക്തലോകം ധനികരെയും,രാഷ്ട്രീയ സാമുദായിക പ്രഭുക്കളെയും സുന്ദരികളെയും സുന്ദരന്മാരെയും സ്വന്തം അരമനകളിൽ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു.   വൈരൂപ്യമുള്ളവരും സഭയുടെ മക്കളാണെന്നുള്ള ചിന്ത അഭിഷിക്തർക്കുണ്ടാകണമെന്നും മാർപാപ്പാ പറഞ്ഞു. സേവനമനസ്തിതിയോടെ എല്ലാ ജനങ്ങളുമായി ഒപ്പം ആശയവിനിമയം ചെയ്ത് സ്വന്തം ടെലിഫോണുകൾ മറ്റുള്ളവരെ എല്പ്പിക്കാതെ ഏതു സമയവും സ്വന്തം ജനങ്ങളോട്‌ സംസാരിക്കുന്നതിന് നെഞ്ചോട്‌ ചേർത്തുപിടിക്കാൻ സമ്മേളനത്തിൽ മാർപാപ്പ അഭിഷിക്തരോട് ആവശ്യപ്പെട്ടു. ആരോടും വിവേചനം കാണിക്കാതെ ഭവനത്തിന്റെ വാതിലുകൾ സദാ തുറന്നിരിക്കട്ടെയെന്നും ആശംസിച്ചു. വൈമനികനെപ്പോലെ ആകാശത്ത് സദാ സഞ്ചരിക്കാതെ ഭൂമിയിലെ സമതലങ്ങളിൽക്കൂടി യാത്ര ചെയ്ത് ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് മാർപാപ്പാ ആഗ്രഹിക്കുന്നത്.  
------------------------------
ഒരച്ഛൻ മകൾയച്ച കത്ത്:

കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സാധാരണ മാതാപിതാക്കൾ മക്കളുടെ ദുഃഖങ്ങളിൽ പങ്കുചേരും. എന്നാൽ ഒരു മുത്തച്ഛൻ ഒരു പടികൂടി മുമ്പോട്ട് ചിന്തിച്ച് കൊച്ചുമകന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സ്വവർഗ പ്രേമിയാണ് താൻ എന്ന് ഒരു മകൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ മകനെ വീടിന് പുറത്താക്കി. ഇതിൽ ദുഖിതനായ അച്ഛൻ മകൾക്കെഴുതിയ ഒരു കത്ത് അമേരിക്കൻ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കൊച്ചുമകനെ ന്യായികരിച്ചുകൊണ്ട്‌ മകളെ പിന്തിരിപ്പൻ, ഇടുങ്ങിയ ചിന്താഗതിക്കാരിയെന്നെല്ലാം അപ്പൻ കുറ്റപ്പെടുത്തുന്നുണ്ട്. സ്വവർഗാനുരാഗികൾ സമത്വത്തിനുവേണ്ടി മുറവിളി കൂട്ടുന്നതും ഇതേ കാരണങ്ങളാലാണ്. "അവരെ പാപികളെന്ന് വിളിക്കാൻ ഞാൻ ആര്, വിധിക്കാൻ എനിക്കന്തധികാര"മെന്ന് മാർപാപ്പാ പറഞ്ഞതും ഇതുതന്നെയാണ്.

ഒരച്ഛൻ മകൾക്കയച്ച എഴുത്തിന്റെ പൂർണ്ണരൂപം താഴെ മലയാളത്തിൽ കൊടുക്കുന്നു. ഇംഗ്ലീഷിൽ വായിക്കാൻ ഇതോടനുബന്ധിച്ച് ലിങ്കും കൊടുത്തിട്ടുണ്ട്.


പ്രിയ മകളെ ക്രിസ്റ്റീന,

" ഞാനിന്ന് നിന്നിൽ വളരെ നിരാശനാണ്. നമ്മുടെ കുടുംബത്തിന് മാനഹാനിയുണ്ടായിയെന്ന് നീ പറഞ്ഞത് അക്ഷരംപ്രതി ശരിതന്നെ. എന്നാൽ നിനക്ക് തെറ്റുപറ്റി. നിന്റെ മകൻ ‘ചാഡ്‌’ സ്വവർഗ രതിക്കാരനെന്ന് നിന്നെ അവൻ അറിയച്ചതിൽ കുപിതായായി നീ അവനെ വീടിനു പുറത്താക്കിയത് നീതികരിക്കാനാവില്ല. തന്മൂലം നിന്നെയും ഞാൻ ഹൃദയവേദനയോടെ കാണുന്നു. നിന്റെ തീരുമാനമാണ് കൂടുതൽ ജുഗുപ്ത്സാവഹമായത്. ഇക്കാരണംകൊണ്ട് മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കുന്നത് പ്രകൃതിനിയമത്തെപ്പറ്റി അറിവില്ലായ്മകൊണ്ടാണ്.

“എന്റെ മകനെ ഞാൻ വളർത്തിയത് സ്വവർഗ ലൈംഗികമോഹിയാകാനല്ലന്ന” നിന്റെ ന്യായവാദത്തിൽ വളരെയേറെ യുക്തിയുണ്ട്. ഞാനത് സമ്മതിച്ചു. നീ പറഞ്ഞത് തികച്ചും ശരിതന്നെയാണ്. തീർച്ചയായും നീ അങ്ങനെ അവനെ വളർത്തിയില്ല. എന്നാൽ നീ അറിയുക, അവൻറെ കുറ്റമല്ലാതെ അവൻ ജനിച്ചതും അത്തരം ശരീരപ്രകൃതത്തോടെയായിരുന്നു. ഇടതുകൈകൾകൊണ്ട് മാത്രം ഒരുവന് എഴുതാൻ സാധിക്കുന്നതുപോലെ അവന്റെ സ്വവർഗാനുരാഗവും ജന്മനാ പ്രകൃതി നിശ്ചയിച്ചതാണ്. എന്നാൽ നീ അവനെ പിന്തിരിപ്പമനസോടെ ഇടുങ്ങിയ ചിന്താഗതികളോടെ മനസ്സിൽ മുറിവേൽപ്പിക്കുന്ന വഴി തെരഞ്ഞെടുത്തു. അങ്ങനെ നാം ആ മകനെ ഉപേക്ഷിച്ചതുമൂലം ഈ നിമിഷം നിന്നോടും യാത്രപറയാൻ ഞാൻ നിർബന്ധിതനായി. സ്വവർഗപ്രേമിയെങ്കിലും അവിശ്വസിനീയമാംവിധം എനിക്കിന്ന് എന്റെ കൊച്ചുമകനെ ലഭിച്ചിരിക്കുന്നു. വാക്യാലങ്കാരങ്ങൾകൊണ്ട് ഹൃദയശൂന്യയായ ഒരു മകളുമായി ഞാൻ എന്തിന് സമയം ചെലവഴിക്കണം? കഠിനത വെടിഞ്ഞ് ഹൃദയശുദ്ധി കൈവരിക്കുന്നനാളിൽ നിനക്കിനി എന്നെ ബന്ധപ്പെടാം."

ഇവിടെ ആരാണ് മനുഷ്യത്വമുള്ളതെന്ന് ചോദ്യം വരുന്നു, അമ്മയോ, സഭയോ മുത്തച്ഛനൊ? സഭയുടെ ജനം പള്ളിയിലൊത്തുകൂടുമ്പോൾ അമ്മയോടും സഭയോടും ചേരും. ആ അമ്മ ആരാന്റെ അമ്മയല്ലേ? മകനിലുള്ള പുത്രദുഃഖം ഉണ്ടാകേണ്ടതും ആരാന്റെ അമ്മയ്ക്കല്ലേ?

എന്റെ മകൻ അത്തരം സ്വഭാവക്കാരനെങ്കിൽ സഭയുടെ നിയമതത്ത്വക്കൂട്ടിൽ അന്നെനിക്ക് കഴിയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവന്റെ സന്തോഷത്തിൽ ഞാൻ ദുഖിതനെങ്കിൽ അന്നത്തെ പകൽ കഴിയുമ്പോൾ ഞങ്ങൾ അപ്പനും മക്കളും ഒന്നിച്ചുതന്നെ അത്താഴം കഴിക്കും. മകനെ നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്റെ സന്തോഷമാണ് എനിക്ക് വലുതെന്ന് ഞാൻ അവനോട് പറയും.

http://www.dailymail.co.uk/news/article-2442166/Grandfather-blasts-daughter-letter-kicks-gay-grandson.html


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...