പരിഷ്കൃതരാജ്യങ്ങള്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും പരിസ്ഥിതി സംരക്ഷണത്തിനായി ചെലവഴിക്കുമ്പോള്‍ കേരളസംസ്ഥാനവും സീറോ മലബാര്‍ കത്തോലിക്കാസഭയും ഈ സംരംഭത്തിനു തടസ്സ മിടുന്നതായിട്ടാണ് സമകാലികസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ നേതൃത്വത്തിലുള്ള അല്‍മായകമ്മീഷനുവേണ്ടി മാധവ ഗാഡ്ഗില് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യമായി ശക്തിയേറിയ പ്രതിഷേധവുമായി ചിലർ രംഗത്തുണ്ട്. റിപ്പോര്‍ട്ടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് പൊതുജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കികൊണ്ടുള്ള പ്രസ്താവനകളാണ് മെത്രാന്‍ലോകം ഇന്ന് വേദികള്‍വഴിയും ലഘുലേഖകള്‍വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭയുടെ പത്രങ്ങളും മാസികകളും അന്തരാഷ്ട്ര ഗൂഢാലോചനയെന്നൊക്കെ ആരോപിച്ച് ഈ റിപ്പോര്‍ട്ടിനെതിരെ പ്രചരണതന്ത്രങ്ങളുമായി രംഗത്തുണ്ട്. വിദേശ ഏജന്‍സികളുടെ കാര്‍ബണ്‍ഫണ്ടിനു വേണ്ടിയുള്ള പ്രവർത്തനമെന്നൊക്കെയാണ് സഭയുടെ വക്താക്കള്‍ നാടുമുഴുവന്‍ പ്രചരണങ്ങള്‍ നടത്തുന്നത്. ഇന്ത്യക്ക് ലോകസംഘടനയില്‍നിന്ന് പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും പ്രകൃതിയെ ശുദ്ധമാക്കുന്നതിനും ഫണ്ട് അനുവദിച്ചതില്‍ അല്മായകമ്മീഷൻ നേതൃത്വം പ്രസ്താവനകളില്‍ക്കൂടി വിമർശിച്ചുകൊണ്ട് പരിഹസിക്കുന്നതും വിചിത്രമായിരിക്കുന്നു.
അരമനയില്‍ ശീതീകരിച്ച മുറിയില്‍ വസിച്ച് അജപാലനം നടത്തുന്ന ബിഷപ്പുമാർക്ക് സാധാരണക്കാരന്‍റെ ദുഃഖങ്ങള്‍ പരിഹരിക്കുവാന്‍ പരിസ്ഥിതി വേഷം അണിഞ്ഞുവന്നിരിക്കുന്നതും പുതിയ ഒരു തന്ത്രമായി ഗൗനിക്കണം. മാധവ ഗാഡ്ഗില് റിപ്പോര്‍ട്ട് എന്തെന്നു മനസിലാക്കാതെ അല്ലെങ്കില്‍ ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്ത അണികളെ ഒരുമിപ്പിച്ച് ഒരു ബഹുജന പ്രക്ഷോഭണത്തിനായി തയ്യാറെടുക്കുന്നതായി അല്‍മായകമ്മീഷന്‍ വേദികളിലെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നതു കേള്‍ക്കാം. പശ്ചിമ ഘട്ടത്തില്‍ മൂന്നുകോടി ജനങ്ങളുടെ സ്വത്തിനും ജീവനും അപകടം വരുമെന്നാണ് പണ്ഡിതനായ ബിഷപ്പ് അറക്കലിന്‍റെയും കൂട്ടരുടെയും കണ്ടുപിടിത്തം. ഗാഡ്ഗില് റിപ്പോർട്ട് പ്രാവർത്തികമാവുകയാണെങ്കില് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരള സംസ്ഥാനത്തെയെന്നു ഭയപ്പെടുത്തുന്ന പ്രസ്താവനകളും ഇടയലേഖനങ്ങളും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പേ വനഭൂമികളില്‍ ഏറിയ പങ്കും ഭൂമിമാഫിയാകളും നുഴഞ്ഞുകയറ്റക്കാരും കൈവശപ്പെടുത്തിയെന്നുള്ളതും കഥയായി അവശേഷിക്കുന്നു. അവരെയൊക്കെ കുടിയൊഴിപ്പിച്ചാല്‍ മൂന്നാറിന്‍റെ താഴ്വരകളിലും മലയിടുക്കുകളിലും വലിയ ഒരു വിപ്ലവം തന്നെ നേരിടേണ്ടി വരും. അതിനു കഴിവില്ലാഞ്ഞിട്ടായിരിക്കാം, ഈ റിപ്പോര്‍ട്ടിനെപ്പറ്റി പൊതുജനങ്ങളുമായി ആശയവിനിമയം നടത്താതെ റിപ്പോര്‍ട്ടിനെ മുഴുവനായി കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. സര്‍ക്കാരിന്‍റെ തീരുമാനത്തെ അനേക രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്താങ്ങുന്നുണ്ടെങ്കിലും പരിസ്ഥിതിയെപ്പറ്റി ബോധവാന്മാരായ ഒരു ഒരു വന്‍ജനത റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്, സര്‍ക്കാരിനും സഭയ്ക്കും തലവേദനയായി തീര്‍ന്നിട്ടുണ്ട്. പരീസ്ഥിതിസംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു ഗുണം ചെയ്യുമെന്നും ചിന്താശക്തിയുള്ള ജനം മനസിലാക്കുന്നു.
കേരള ശാസ്ത്ര പരിഷത്ത് പ്രൊഫസര്‍ മാധവ ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരിക്കുന്നതായി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവ ഗാഡ്ഗിലിന്‍റെ പരീസ്ഥിതി റിപ്പോര്‍ട്ട് ജനങ്ങളെ പഠിപ്പിച്ചു ബോധവാന്മാരാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. മതമൗലിക വാദികള്‍ക്കും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന പാർട്ടികള്‌ക്കുമെതിരെയുള്ള ഒരു വെല്ലുവിളിയാണ് പരിഷദ് ഇവിടെ സ്വീകരിച്ചത്. മതവും രാഷ്ട്രീയവും തെറ്റായി ജനങ്ങളില്‍ വിവരങ്ങള്‍ പ്രച്രിപ്പിക്കുന്നുവെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. പശ്ചിമ ഘട്ടങ്ങളില്‍ ജീവിക്കുന്നവരുടെ മനസ്സില്‍ ചിന്താക്കുഴപ്പങ്ങള്‍ നല്‍കി സ്വാര്‍ഥതാല്പര്യക്കാര്‍ ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നുവെന്ന് പരിഷത്തിന്‍റെ സെക്രട്ടറി ടീ.കെ. ദിവാകരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ മലയാളീകരിച്ച പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇംഗ്ലീഷ് അറിയുവാന്‍ പാടില്ലാത്ത 95 ശതമാനം പശ്ചിമഘട്ടം നിവാസികളെ റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി വെളിപ്പെടുത്താതെ തെറ്റായ വിവരങ്ങള്‍നല്‍കി പരിഭ്രമിപ്പിക്കുക എന്നുള്ളതാണ് സഭ എടുത്തിരിക്കുന്ന അടവ്. റിപ്പോര്‍ട്ടിന്‍റെ സത്യമായ വശങ്ങള് ജനങ്ങളെ ബോധ്യപ്പെടുത്തി ഹൈറേഞ്ചുകളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുവാന്‍ പരിഷത്ത് പദ്ധതികളിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവസാനവാക്കായി സ്വീകരിക്കുകയല്ല ഇവരുടെ ലക്‌ഷ്യം. ഈ റിപ്പോര്‍ട്ടിന്‍റെ ഗുണദോഷവശങ്ങളെ ചര്‍ച്ച ചെയ്യുക, തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പു ജനങ്ങൾക്കു സർക്കാർ ചര്‍ച്ച ചെയ്യുവാന്‍ അവസരം കൊടുക്കുക, പ്രായോഗികമായ നിർദ്ദേശങ്ങള് ജനങ്ങളില്‍നിന്ന് സ്വീകരിച്ചു പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുക്കുകയെന്നല്ലാമാണ് പ്രകടന പത്രികകള്കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂവിഭാഗത്തില്‍ ജനങ്ങളുടെ ചിന്താശക്തിക്കനുരൂപമായി നിവാരണമാര്‍ഗം കണ്ടെത്തുന്ന ഒരു ചൂണ്ടു പലകയായി ഈ റിപ്പോര്‍ട്ടിനെ കാണുവാന്‍ പരിഷത്ത് ആഗ്രഹിക്കുന്നു.
സമൂഹത്തിലെ സാധാരണജനങ്ങളും കൃഷിഭൂമി കൈകാര്യം ചെയ്യുന്നവരും പരിസ്ഥിതി സംരക്ഷകരും വിദഗ്ദ്ധരും യോജിച്ചു തീരുമാനിക്കേണ്ട ഇത്തരം സംഗതികള്‍ പുരോഹിതരും രാഷ്ട്രീയ മുതലെടുപ്പുകാരുമല്ല കൈകാര്യം ചെയ്യേണ്ടത്. സ്വാര്‍ഥ താല്പര്യങ്ങളോടെ നയിക്കുന്ന പ്രസ്ഥാനങ്ങളാണ് മേല്‍പ്പറഞ്ഞ പുരോഹിതസംഘടനകളും രാഷ്ട്രീയ മുതലെടുപ്പുകാരും. അനേകം സാമൂഹികസംഘടനകളും ബുദ്ധിജീവികളുമുള്ള നാട്ടിൽ ഭൂപ്രഭുക്കന്മാരുടെയും മതനേതാക്കളുടെയും ചിന്താഗതിക്ക് പരിസ്ഥിതിയെ സംബന്ധിച്ചുള്ള വിവാദവിഷയങ്ങൾ വിട്ടുകൊടുക്കുന്നത് നാടിനുതന്നെ അപമാനമാണ്.
ആരും പൂര്‍ണ്ണമായും റിപ്പോര്‍ട്ടിനെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ ഈ റിപ്പോര്‍ട്ടിനുള്ളിലുള്ള നല്ല നല്ല ആശയങ്ങളെ പകർത്തിയെടുക്കുവാന്‍ ജനം ബാദ്ധ്യസ്ഥരാണ്. തെക്കേ ഇന്ത്യ മുഴുവനായും ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഭാവിതലമുറകളോടു ചെയ്യുന്ന അനീതിയാണ്. അമ്പതു കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ പുനർനിർമ്മിക്കണമെന്നുള്ള റിപ്പോര്‍ട്ടും മാനുഷികപരിഗണനയില്‍പ്പെട്ടതാണ്. ഈ റിപ്പോര്‍ട്ട് ആദ്യം പഞ്ചായത്ത് നിലവാരങ്ങളിലായിരുന്നു ചര്‍ച്ച ചെയ്യേണ്ടത്. എങ്കില്‍ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ മനസ്സിലാക്കി കൊടുക്കാമായിരുന്നു.
പ്രൊഫ. ഗാഡ്ഗില്ലിന്‍റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ സ്ഥാപിതതാല്പര്യം പുലര്‍ത്തുന്നവരെന്നാണ്.അവര്‍ കപടചിന്താഗതികള്‍ ജനങ്ങളില്‍ പ്രചരിപ്പിച്ച് ഒരു കൊടുങ്കാറ്റു സൃഷ്ടിക്കുന്നു. പ്രൊഫ. ഗാഡ്ഗില്‍ ഈ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത് പശ്ചിമ ഘട്ടത്തിലുള്ള കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്, സർക്കാർ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, എം.എല്‍.എ, എംപി. മാര്‍ എന്നിവരോടെല്ലാം ആലോചിച്ചശേഷം ആയിരുന്നു. അവരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും കണക്കിലെടുത്ത് ഒരുമിച്ചുള്ള തീരുമാനം സ്വീകരിച്ചതിനു ശേഷമായിരുന്നു പരിസ്ഥിതിയെ സംബന്ധിച്ചുള്ള നക്കല്‍രൂപം സര്‍ക്കാരിന് സമര്‍പ്പിച്ചതും. പശ്ചിമഘട്ട ഭൂവിഭാഗങ്ങളെ നല്ലവണ്ണം ഗവേഷണം നടത്തിയശേഷമാണ് മാധവ ഗാഡ്ഗില് തന്‍റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചത്. വനസംരക്ഷണം ഒരു രാജ്യത്തിന്‍റെ പരീസ്ഥിതി സംരക്ഷണത്തിന് ആവശ്യമാണ്.
ഗാഡ്ഗില്‍റിപ്പോര്‍ട്ട് പ്രാവര്‍ത്തികമായി നിയമപരമാക്കുന്നതിനുമുമ്പു ഇതിന്‍റെ ഗുണദോഷവശങ്ങള് അനുഭവിക്കുന്ന സ്ഥലവാസികളുമായി പൂര്‍ണ്ണ ചര്‍ച്ചകളില്‍ക്കൂടി ഒത്തൊരുമ ഉണ്ടാകണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ സർക്കാർ പുരോഹിത, ഭൂമി മാഫിയാകളുടെ അഭിപ്രായങ്ങള്‍മാത്രം മാനിച്ച് പഞ്ചായത്തുരാജ് മുതല്‍
സംസ്ഥാനസര്ക്കാര്‍, കേന്ദ്രം വഴി ഒരു തുറന്ന ചര്‍ച്ചക്ക് തയാറാകാത്തതും ജനാധിപത്യവിരുദ്ധമാണ്.
" പരിസ്ഥിതികളുടെ പരിതാപവസ്ഥയില്‍ ദുഖിതരായ വലിയ ഒരു ജനത്തെ കണ്ടെന്നും, പഞ്ചായത്തുകളും ഗ്രാമസഭകളും പരിസരം ശുചീകരീക്കുവാന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ജനങ്ങൾ പരാജയപ്പെട്ടുവെന്നും " പ്രൊഫ. മാധവ ഗാഡ്ഗിലിന്‍റെ മറ്റൊരു പ്രസ്താവനയിലുണ്ട്. പരിത:സ്ഥിതി ശുചീകരണത്തിനായി ദേശീയ പാര്‍ക്കുകള്‍ നിർമ്മിക്കുകയല്ല, സോണുകള്‍ തിരിച്ചു ഭൂമിയുടെ പരിത:സ്ഥിതി സംരക്ഷണത്തിനു ചില നിയമങ്ങള്‍ ബാധകമാക്കുകയെന്നതാണ് ഈ റിപ്പോര്‍ട്ടിന്‍റെ പരമമായ ലക്ഷ്യവും ഉദ്ദേശവുമെന്നു 'പ്രൊഫ. ഗാഡ് ഗില്‍ റിപ്പോര്‍ട്ട്' വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാർ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നിരുപാധികം തള്ളിക്കളഞ്ഞതും ഭരിക്കുന്ന കഷികളുടെ ബലഹീനതയായി കണക്കാക്കണം.
കുരുടന്മാര്‍ ആനയെ കണ്ടതുപോലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുരോഹിതരും രാഷ്ട്രീയക്കാരും വിലയിരുത്തുന്നത്. ആഗോള ഗൂഢാലോചനയെന്ന കുറ്റാരോപണങ്ങളുമായി വന്ന പുരോഹിത ട്രാപ്പില്‍ സർക്കാർ വീണതിനെ മുന്‍മന്ത്രി ബിനോയ് വിശ്വം അപലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും കാര്‍ഷിക താല്പര്യങ്ങള്‍ക്ക് മുൻഗണന നല്‌കുന്നുവെന്നാണ്. റിപ്പോര്‍ട്ട് മലയാളത്തില്‍ തർജ്ജമ ചെയ്തു കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കണമെന്നും, എങ്കിലേ ഇതിന്‍റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമാവുകയുള്ളൂവെന്നും വിശ്വം പറഞ്ഞു. സ്വാര്‍ഥതാല്പര്യക്കാരുടെ അഭിപ്രായമല്ല ജനം സ്വീകരിക്കേണ്ടത്.
ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുമെന്ന ഇടയലേഖനങ്ങളും ഭൂമി മാഫിയാ പ്രസ്താവനകളും മുല്ലപ്പെരിയാർ അണക്കെട്ടുപൊലെ ജനങ്ങളുടെയിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുവാന്‍ ഉള്ള പ്രചരണങ്ങളാണ്.പശ്ചിമഘട്ട പരിസ്ഥിതി റിപ്പോര്‍ട്ട് നിയമപരമല്ലാത്ത ഖനനവും വനം കയ്യേറ്റവും തടയുന്നത് സ്വാര്‍ഥ താല്പ്പര്യക്കാരെ ചൊടിപ്പിക്കുന്നു. നമ്മുടെ നദികളെയും വനങ്ങളെയും പരിരക്ഷിക്കുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ഭൂമിയുടെ താപനില മാറുന്നതോ കാലാവസ്ഥാ മാറ്റമോ ഈ പ്രകടനക്കാര്‍ ചിന്തിക്കുകയില്ല. വെള്ളവും നദികളും എന്നും രാഷ്ട്രത്തിന്‍റെ സമ്പത്തെന്നുള്ള ചിന്താഗതി ഇവരെ അലട്ടുകയില്ല. പ്ലാസ്റ്റിക്കിനെ നിര്‍മ്മാജനം ചെയ്യുക, കൃഷിഭൂമി സംരക്ഷിക്കുക, കൂറ്റന്‍കെട്ടിടങ്ങളുടെ പണി നിരോധിക്കുക, പാറ പൊട്ടിക്കല്, മണല്‍വാരല്‍ ഇവകളെല്ലാം ഭൂമിയുടെ സമതുലനാവസ്തക്ക് മാറ്റങ്ങള്‍ വരുമെന്നും, നിരോധിക്കണമെന്നും പാനല്‍ നിര്‌ദ്ദേശിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് നല്ലയിനം വിത്തുകള്‍ നല്‍കി വിളവുകള്‍ വര്‍ദ്ധിപ്പിക്കുവാനും വെച്ചുപിടിപ്പിക്കുന്ന പാഴ്മരങ്ങള്‌ക്കു പകരം വന്‍വൃഷങ്ങള്‍ നട്ടു പിടിപ്പിക്കുവാനുമാണ് ഗാഡ്ഗില്‍ കമ്മീഷന്‍ ശുപാർശ ചെയ്തിരിക്കുന്നത്.
കോടിക്കണക്കിനു ജനങ്ങളുടെ നിലനില്‍പ്പിന് ആധാരമായ പശ്ചിമഘട്ടം ഇന്ന് വനനശീകരണത്തിനടിമപ്പെട്ടു. ഖനനമാഫിയാകളുടെ കൈകളിലാണ് നദികളിന്ന്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇത്തരം ഖനനമാഫിയാകള്‍ക്കു വന്‍തിരിച്ചടിയെന്നു ഭയപ്പെടുന്നു. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മലനിരകളെ മൂന്നു സോണുകളായി വിഭജിച്ച് ഓരോ സോണിലെയും പ്രവര്‍ത്തനങ്ങള്‍വരെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ ഏതു പ്രവൃത്തികള്‍ നടപ്പാക്കണം, ഏതു വേണ്ട എന്നു തീരുമാനിക്കേണ്ടത് അവിടത്തെ ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍, ആരോടും ആലോചിക്കാതെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന നിലപാടു ശരിയല്ല. ഭൂമിമാഫിയാകളെ നിലനിര്‍ത്തുവാന്‍, പ്രീതിപ്പെടുത്തുവാന്‍ സർക്കാർ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് രാജ്യത്തോടു ചെയ്യുന്ന വന്‍ക്രൂരതയാണ്. സ്വാര്‍ഥതാല്പര്യക്കാരായ പൌരാഹിത്യ, ഭൂജന്മിമാഫിയാ പ്രഭുക്കന്മാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും ഇന്നുള്ള കുഞ്ഞുങ്ങളോടു ചെയ്യുന്ന അനീതിയാണ്. നദികള്‍ വരണ്ട് കുടിക്കാന്‍ കുടിവെള്ളം ഇല്ലാതെ ദുര്‍ഗന്ധം വമിക്കുന്ന കാറ്റില്ക്കൂടി കേരളം വരളുന്നത് കടന്നു പോവുന്ന തലമുറകള്‍ക്ക് ചിന്തിക്കേണ്ട ആവശ്യവുമില്ലല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിഷേധിച്ചതുവഴി മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ സർക്കാർ ചോദ്യം ചെയ്യുകയാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സ്ഥാനത്ത് കസ്തൂരി റിപ്പോർട്ടിനെ കേന്ദ്രസർക്കാർ അനുകൂലിച്ചതിൽ പ്രൊഫ.. ഗാഡ്ഗിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കസ്തൂരി റിപ്പോർട്ടിനെ എകാധിപത്യപരമെന്നും അപൂർണ്ണമെന്നും വിശേഷിപ്പിച്ചു. ഭൂമിയുടെ സമതുലനാവസ്ഥ പരിഹരിക്കാൻ റിപ്പോർട്ട് അപര്യാപ്തമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച് 25000 ചതുരശ്രമൈൽ ഭൂപ്രദേശങ്ങൾ ലോലപ്രദേശങ്ങളായി കരുതിയെങ്കിൽ കസ്തൂരി റിപ്പോർട്ട് അത് ചുരുക്കി 13000 ചതുരശ്ര മൈലാക്കി. അത്രയും ചുരുക്കൽമൂലം ഭൂമിയുടെ സമതുലനാവസ്ത നിയന്ത്രിക്കാൻ സാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം പരീസ്ഥിതിക്കും രാഷ്ട്രത്തിനും വെല്ലുവിളിയായി കരുതുന്നു. ഒരു പ്രദേശത്തെ ലോലപ്രദേശങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്നാണ് ഗാഡ്ഗിൽ നിർദ്ദേശിച്ചിരിക്കുന്നത്. ലോകചരിത്രംതന്നെ അവലോകനം ചെയ്താലും അതാതു പ്രദേശത്തെ ജനങ്ങൾ പരീസ്ഥിതിയെ സംരക്ഷിക്കാൻ സ്വമേധയാ മുൻകൈയെടുത്തു വന്നതായും കാണാം. പ്ലാച്ചിമട പഞ്ചായത്തിൽ മാലിന്യം ഉണ്ടാക്കിക്കൊണ്ടിരുന്ന കൊക്കോകോളാ ഫാക്ടറിയുടെ പ്രവർത്തനം ഇല്ലാതാക്കാൻ സ്ഥലവാസികൾക്ക് സാധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
No comments:
Post a Comment