Wednesday, January 30, 2013

34.'ആമേന്‍' ഒരു കന്യാസ്ത്രിയുടെ ആത്മകഥ




 

സിസ്റര്‍ ജെസ്മി സന്യാസജീവിതം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച വിവരം മഠം അധികാരികളെ അറിയച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അവർക്കു  ഭ്രാന്താണെന്നു  പറഞ്ഞു ഭ്രാന്താശുപത്രിയില്‍ തള്ളിവിടുവാനായിരുന്നു ശ്രമിച്ചത്. എന്താണ്, മഠം അധികാരികള്‍ക്കെതിരെ സിസ്റ്റര്‍ ജെസ്മി ചെയ്തത്? പ്രിന്‍സിപ്പാള്‍ ആയിരുന്ന കാലത്തു കോളേജിനുള്ളില്‍ നടന്നിരുന്ന പല അഴിമതികള്‍ക്കെതിരെ  ശബ്ദംഉയര്‍ത്തി. കര്‍മ്മലീത്താസഭ പ്രാര്‍ഥനയുടെ കൂട്ടായ്മകളില്‍ മറ്റു സഭകളെക്കാളും മെച്ചപ്പെട്ടതായിട്ടു പാരമ്പര്യമായി വിശ്വസിച്ചു വന്നിരുന്നു. എന്നാല്‍, ഇതിനുള്ളിലും കട്ടുറൂമ്പുകള്‍ നിറഞ്ഞതാണെന്നു സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലുകളോടെയാണ് പുറംലോകം അറിയുന്നത്. ജീസസും ഞാനും മാത്രം എന്നു പ്രതിജ്ഞ ചെയ്തുകൊണ്ടായിരുന്നു ഈ സഹോദരി വ്രതം എടുത്തതും ജെസ്മി (Jesus and me ) എന്ന നാമം സ്വീകരിച്ചതും.

 വിദ്യാസമ്പന്നയും ഉന്നതകോളേജുകളില്‍ സഹകാരിയും പ്രവര്‍ത്തകയുമായിരുന്ന ക്രിസ്തുവിന്‍റെ ഈ മണവാട്ടി എന്തിനു മഠം വിട്ടുവെന്നത് ഒരു ചോദ്യം ആയിരിക്കാം. അവരുടേതായ പല കാഴ്ചപ്പാടുകള്‍ അതിനുണ്ട്. എന്നാല്‍ തനിക്കു ചുറ്റുമുള്ള ലോകം തന്നെ അംഗീകരിക്കുമോ, മഠംചാടിയെന്നു ലോകമാകെ പരിഹസിക്കുകയില്ലേ, ഒന്നിനു പുറകെ അപവാദകഥകള്‍ പൊതുജനം പരത്തുകയില്ലേ ഇതൊക്കെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളാകാം. മനുഷ്യന്‍റെ വാമൂടി കെട്ടുവാന്‍ സാധിക്കുകയില്ലല്ലോ. ഇങ്ങനെ ഇല്ലാത്ത കിംവദന്തികളില്‍നിന്നും രക്ഷപ്പെടുവാന്‍ പലരും പലതും കണ്ടില്ലന്നും കേട്ടില്ലന്നും നടിക്കും. സഹിച്ചും പ്രതികരിച്ചും സന്യാസജീവിതം തുടര്‍ന്നുകൊണ്ടിരിക്കും. നീണ്ട രാത്രികളും പകലുകളും ഉറക്കം കെടുത്തിയശേഷമേ ആര്‍ക്കും ഇത്തരം നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. ചുറ്റും നില്‍ക്കുന്ന എതിരാളികള്‍ മദര്‍ സുപ്പീരിയര്‍മുതല്‍ ബിഷപ്പുവരെയുള്ളവര്‍ എരിഞ്ഞുതീര്‍ന്നു നില്‍ക്കുന്ന ഇങ്ങനെയുള്ള ആത്മാക്കളെ തളച്ചിടുവാന്‍ ശക്തരാണ്. എന്നിട്ടും എന്തിന് ഈ സഹോദരി മഠംവിട്ടു. ഉത്തരങ്ങള്‍ ധാരാളമുണ്ട്.

ഏകദേശം മുപ്പത്തിമൂന്നു വര്‍ഷം കര്‍മ്മലീത്താ സഭക്കുവേണ്ടി സേവനംചെയ്തു. എന്നാല്‍ 2008 ആഗസ്റ്റ്‌ 31നു സഭാജീവിതം ഉപേക്ഷിക്കുവാന്‍ ഈ സഹോദരി തീരുമാനിച്ചു. സഭയ്ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുജനങ്ങള്‍ക്കും അതൊരു വൈകാരിക ഭൂകമ്പനമായിരുന്നു. ജെസ്മിയുടെ തീരുമാനങ്ങൾക്ക് സഭയ്ക്കകത്തും പുറത്തും വിമര്‍ശനങ്ങളുടെ ഒരു മഴയായിരുന്നു. അവരെ മാനസിക ദൌര്‍ബല്യമുള്ള ഒരു സ്ത്രീയായി മുദ്രകുത്തി. പി.എച്ച്. ഡി. ബിരുദവും അനേക വര്‍ഷങ്ങള്‍ ഒന്നാംതരം കോളേജുകളില്‍ ഇംഗ്ലീഷ്പ്രൊഫസ്സറും പ്രിന്‍സിപ്പാളുമായി ഉന്നതപദവികളില്‍ ഇരുന്നിട്ടുള്ള സിസ്റ്റര്‍ തീര്‍ച്ചയായും നല്ലവണ്ണം ആലോചിച്ച ശേഷമായിരിക്കാം സഭ വിട്ടത്. 'ആമേന്‍' എന്ന ആത്മകഥാ രചനയിലൂടെയാണ് അവര്‍ വിവാദം സൃഷ്ടിച്ചത്.

 കൂടെ വസിച്ചിരുന്ന മറ്റു കന്യാസ്ത്രീകളില്‍നിന്നും സ്വവര്‍ഗരതിക്കായുള്ള പ്രേരണ അസഹ്യമായിരുന്നുവത്രേ. ആശ്രമത്തിനുള്ളില്‍തന്നെ പല കന്യാസ്ത്രീകളും വേര്‍തിരിഞ്ഞ് അനുരാഗപ്രേമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കോണ്‍വെന്റിനുള്ളില്‍ കഴിഞ്ഞുകൂടുന്നത്. എന്തെല്ലാം അവരുടെ കണ്മുമ്പില്‍ നടന്നിരുന്നുവെന്നു എഴുതുവാന്‍ മടിയാണെന്നു ജെസ്മി തന്‍റെ ആത്മകഥാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സ്വവര്‍ഗരതികള്‍ക്കുപരി സന്യാസജീവിതം ഉപേക്ഷിക്കുവാനുള്ള കാരണവും അവര്‍ വിവരിച്ചിട്ടുണ്ട്.

ന്യാസ്ത്രീകളും  മനുഷ്യജീവികളാണ്. അവരും സ്ത്രീകളാണ്. സ്വതന്ത്രമായ ലോകം അവര്‍ക്കു മുമ്പിലുമുണ്ട്. സ്വതന്ത്രചിന്തകളും പ്രതികരിക്കുവാനുള്ള അവകാശവും. സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും അവര്‍ക്കും വേണം.

സിസ്റ്റര്‍ അഭയ ഒരു കിണറ്റില്‍ മരിച്ചു കിടക്കുന്നതു കണ്ടു. ഉത്തരം ഇല്ലാതെ ഇന്നും ദുരൂഹതകള്‍ അവളുടെ മരണത്തിൽ അവശേഷിക്കുന്നു. സിസ്റ്റര്‍ അനുപമാമേരി കോണ്‍വെന്റിനുള്ളില്‍ തൂങ്ങിമരിച്ചു. ഇതിനൊക്കെ കാരണങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട കോണ്‍വെന്റിനുള്ളിലെ ദുസ്സഹമായ സാഹചര്യങ്ങളാണ്. സ്ത്രീവിമോചനസംഘടനകള്‍ ഉണർ‍ന്ന് പതിനെട്ടുവയസ്സ് കഴിഞ്ഞവര്‍ക്കുമാത്രമേ സന്യാസിനിമഠങ്ങളില്‍ പ്രവേശനം അനുവദിക്കാവൂ എന്നുള്ള നിയമത്തിനു ഒരു നിര്‍ദ്ദേശം കൊണ്ടുവന്നു. ആരു കേള്‍ക്കാന്‍; പോരാഞ്ഞിട്ടു സഭയിലെ ഇടയന്മാരുടെയും ഇടയത്തികളുടെയും അവരോടു ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെയും പ്രതിഷേധങ്ങള്‍ മിച്ചം. അത്തരക്കാര്‍ക്കു ജെസ്മിയുടെ ഈ ആത്മകഥ ഒരു മറുപടിയായിരിക്കും.

 

സന്യാസജീവിതം ഉപേക്ഷിക്കുവാന്‍ ജെസ്മിയെടുത്തത് ഒരു കടുത്ത തീരുമാനമാണ്. അവര്‍ വിവരിക്കുകയാണ്, പുറകോട്ടുള്ള ജീവിതത്തിലേക്ക് ഇനി പോകുവാന്‍ സാധിക്കുകയില്ല. സമുദായം, കുടുംബം ഇങ്ങനെ ചുറ്റുമുള്ള ഏവരും ജയിലിനു പുറത്തുചാടിയ ഒരു കുറ്റവാളിയെപ്പോലെ കാണും. ഇതാണ് പലരും കോണ്‍വെന്റില്‍നിന്നു രക്ഷപ്പെടുവാന്‍ മടികാണിക്കുന്നത്‌.

ആമേന്‍' എന്ന ആത്മകഥാ പുസ്തകത്തില്‍ അനുഭവങ്ങളും പാളിച്ചകളും തുടരുന്നു.നോവീഷത്ത്ക്കാലത്ത് കുമ്പസാരിക്കുവാന്‍ പലരും മനസ്സ് വിറങ്ങലിച്ചായിരുന്നു പുരോഹിതനെ സമീപിച്ചിരുന്നത്. ഓരോ പെണ്‍കുട്ടിയും കുമ്പസാരത്തിനുമുമ്പു പുരോഹിതന്‍റെ രണ്ടു കവിളിലും ഉമ്മ വെയ്ക്കുവാന്‍ ആവശ്യപ്പെടുമായിരുന്നു. കുമ്പസാരത്തിനു പോയ ജെസ്മി മനസ്സില്‍ ധൈര്യംവരുത്തി പുരോഹിതന്  ഉമ്മ കൊടുക്കുവാന്‍ വിസമ്മതിച്ചു. ബൈബിളില്‍ നിന്നുള്ള  വാക്യം എടുത്തു കാണിച്ചുകൊണ്ട്, "കുട്ടീ ഇത് എനിക്കു ലഭിക്കുന്ന ആത്മീയചുംബനമാണെന്നു" പറഞ്ഞ് , നിര്‍ബന്ധിച്ചു കവിളത്ത് ഉമ്മമേടിച്ചു.

പഠനാവിശ്യത്തിനായി ഒരിക്കല്‍ ബാംഗ്ലൂരില്‍  പോയപ്പോള്‍ ഒരു പുരോഹിതനില്‍നിന്നും സിസ്റ്റര്‍ അനുഭവിച്ച ലൈംഗികമായി പീഡനങ്ങളും ആത്മകഥയിലുണ്ട്. അവിടെ ഒരു പുരോഹിതന്‍റെ ഓഫീസ്മുറിയില്‍ തനിയെ പോകേണ്ട ഗതികേടുവന്നു. സിസ്റ്റര്‍ തുടരുന്നു, " അദ്ദേഹം എന്‍റെ മാറിടങ്ങള്‍ വിടാതെ ഏറെനേരം ശ്വാസം മുട്ടത്തക്കവിധത്തില്‍ അമര്‍ത്തിപ്പിടിച്ച് ആലിംഗനം ചെയ്തുകൊണ്ടായിരുന്നു ഓഫീസിനുള്ളിലേക്ക് സ്വാഗതം ചെയ്തത്. പിന്നീട് എന്നെ സമീപത്തുള്ള ലാല്‍ബാഗ് ഉദ്യാനത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവിടെ കെട്ടിപ്പുണര്‍ന്നു കിടന്നുകൊണ്ട് അനുരാഗരതികളില്‍ ഏര്‍പ്പെട്ടിരുന്ന യുവതീയുവാക്കളെ ചൂണ്ടിക്കാട്ടി ശാരീരികമായി ബന്ധപ്പെട്ടുള്ള സ്നേഹത്തെപ്പറ്റി എന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമംതുടങ്ങി. പുരോഹിതരും കന്യാസ്ത്രീകളും തമ്മിലുള്ള അവിഹിതബന്ധങ്ങളുടെ കഥ പറയുവാന്‍തുടങ്ങി. തിരിയെ അദ്ദേഹത്തിന്‍റെ മുറിയില്‍ മടങ്ങിയെത്തിയപ്പോള്‍ കരങ്ങള്‍കൊണ്ട് എന്നെ സ്നേഹവികാരങ്ങളോടെ ലാളിക്കുവാന്‍ശ്രമിച്ചു. ഇങ്ങനത്തെ മനുഷ്യനെയാണോ കണ്ടുമുട്ടിയത്‌ എന്നു പറഞ്ഞു കുപിതയായി ഞാന്‍ ‍എതിര്‍ത്തപ്പോള്‍ ആ പുരോഹിതന്‍ സ്വയം നഗ്നനായി ശുക്ലം എന്‍റെ മുമ്പില്‍ വിസ്സര്‍ജിക്കുകയും ബലമായി എന്‍റെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും ചെയ്തു.”

 

ജെസ്മിയുടെ പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍പോകുവാന്‍ അനുവാദം കൊടുക്കാതെ പീഡിപ്പിച്ച കഥയും ഈ പുസ്തകത്തിലുണ്ട്. മുപ്പത്തിമൂന്നു വര്‍ഷത്തെ കന്യാസ്ത്രീജീവിതം വെറും നൂറ്റിഎണ്‍പതു പേജുകളില്‍ വിവരിക്കുവാന്‍ പ്രയാസമാണെന്നും അതുകൊണ്ടു പ്രധാന സംഭവങ്ങള്‍മാത്രം ചൂണ്ടികാട്ടി പുസ്തകം അവതരിപ്പിക്കുന്നുവെന്നും അവര്‍ പറയുന്നു. 

 

ആര്‍ക്കും സഹിക്കുവാന്‍ സാധിക്കാത്തവണ്ണം അവിടെ മാനസികപീഡനം കഠിനമാണ്. അനേകം കന്യാസ്ത്രീകള്‍ മാനസിക ആശുപത്രികളില്‍ ചികത്സ നടത്തുന്നുണ്ട്. ചോദ്യംചെയ്യുവാന്‍ ആര്‍ക്കും ധൈര്യമില്ല. തകര്‍ക്കാന്‍ ദുഷ്ക്രരവും അതിഘോരവുമായ ഒരു വന്‍കോട്ടയാണ് സഭ.

സഭയുടെ അനേക കൊള്ളരുതായ്മകളെപ്പറ്റിയും ജെസ്മിയുടെ ആത്മകഥയിലുണ്ട്. പണം കൊടുത്തു പുസ്തകം പ്രസിദ്ധീകരിക്കാതിരിക്കുവാന്‍ പ്രേരിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്തുവെങ്കിലും സിസ്റ്റര്‍ വഴങ്ങിയില്ല. അവര്‍ ചോദിക്കുകയാണ്, "ഒരു സ്ത്രീയുടെ ചാരിത്രം ഹനിക്കുവാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌താല്‍ ചോദിക്കുവാന്‍ ആളില്ലേ? ആയിരത്തില്‍ ഒരാളെങ്കിലും സ്ത്രീക്കു വേണ്ടി പ്രതിഷേധിക്കുവാന്‍ മുമ്പോട്ട്‌ വരില്ലേ? ലോകമേ, ഒന്നു ചിന്തിക്കൂ. മാതാപിതാക്കള്‍ ലാളിച്ചു വളര്‍ത്തിയ സര്‍വ്വതും വിശ്വസിച്ചു സഭയെ ഏല്‍പ്പിച്ച യേശുഭഗവാന്‍റെ ഈ മണവാട്ടികളുടെ മാനംപോയാല്‍ ആരു സംസാരിക്കും? സന്യാസജീവിതം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു" ആമേന്‍

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...