Tuesday, August 20, 2013

ഹഡ്സൻ നദിയിലുണ്ടായ ബോട്ടപകടവും ജോജോ ജോണിനെ പീഡിപ്പിക്കലും

By  ജോസഫ് പടന്നമാക്കൽ

പ്രവചനങ്ങൾ ചിലപ്പോൾ ചില കാലങ്ങളിൽ സത്യമാകുമെന്ന് കേട്ടിട്ടുണ്ട്. ഹഡ്സണ്‍ നദിയിൽ 7-26-2013 ൽ ഉടനീളമുള്ള പത്തേമാരികളിൽ ഒന്നിൽ  തട്ടിയുണ്ടായ ബോട്ടപകടം ഭയാനകവും ഭീതി നിറഞ്ഞതുമായിരുന്നു. രണ്ടു ജീവിതങ്ങളാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. നയാക്ക് നിവാസിയായ മൈക്കിൽ ഹൊർട്ടന്റെ(Michael Hortens’ )ഭയംപോലെ സംഭവിക്കേണ്ടതായ അപകടം സംഭവിച്ചതും തികച്ചും ആകസ്മികവും അവിചാരിതവുമായിരുന്നു. ജെ.പി. മോർഗൻ വൈസ് പ്രസിഡന്റ് മിസ്റ്റർ സ്കൂമർ (Schumacher)പറഞ്ഞത് "പാലത്തിന് സമീപം ഉണർവോടെ ഞങ്ങളുടെ കണ്ണുകൾ ഇമവെട്ടാതെ ഒരുപോലെ വെള്ളത്തിലേക്ക് തന്നെയുണ്ടായിരുന്നു. പെട്ടെന്നൊരിടിയും 'ബൂം' എന്ന ശബ്ദവും മാത്രം കേട്ടു." 


ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാവേണ്ടിയിരുന്ന വധുവും വിവാഹം കഴിക്കേണ്ടിയിരുന്ന വരന്റെ ഉറ്റമിത്രവും അപകടത്തിൽ മരിച്ചതും മറ്റു നാലുപേർക്ക്  പരുക്കേറ്റതും ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ  ഒഴിവാക്കാമായിരുന്നുവെന്ന്  ഹോർട്ടൻ പറഞ്ഞു. "സംഭവിക്കേണ്ടിയിരുന്ന ഈ അപകടം എന്നും അവിടെ പതിയിരിപ്പുണ്ടായിരുന്നു".


ഒരു ബോട്ടുടമകൂടിയായ അദ്ദേഹം അപകടത്തിന്  ഏതാനും നാളുകൾക്ക് മുമ്പ് നയാക്ക് മേയർ ജെൻ ലൈർഡ്‌ വൈറ്റിന്( Nyack Mayor Jen Laird-White) പത്തേമാതിരിയുടെ സമീപപ്രദേശങ്ങൾ വേണ്ടത്ര പ്രകാശം ഇല്ലാതെ അപകടം പിടിച്ചതെന്ന് കാണിച്ച് ഒരു കത്ത് എഴുതിയിരുന്നു. വേനൽക്കാലങ്ങളിൽ ബോട്ടുയാത്ര ചെയ്യുന്ന വിനോദയാത്രക്കാരിൽ അപകടം പതിയിരിക്കുന്നുവെന്നും മേയറെ ധരിപ്പിച്ചിരുന്നു. അവർ ആ കത്തിന്റെ കോപ്പി റ്റാപ്പൻസി പാലത്തിന്റെ നിർമാണത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കായി അയച്ചുകൊടുക്കുകയും ചെയ്തു.


രണ്ടുമരണങ്ങൾക്കും കുറ്റം ആരോപിച്ച് പോലീസ് ബോട്ടോടിച്ചിരുന്ന ജോജോ ജോണിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം മദ്യം കഴിച്ചിരുന്നുവെന്നും ആരോപണം ഉയർത്തി. ഇതിൽ കുറ്റക്കാർ പത്തെമാരികൾ സ്ഥാപിച്ചവരെന്ന് പറഞ്ഞ് നാനാഭാഗത്തുനിന്നും ശബ്ദം ഉയരുന്നുണ്ട്.  എങ്കിലും കുറ്റം മുഴുവൻ ജോജോയിൽ ചുമത്തിയിരിക്കുകയാണ്. കഴുത്തിലുള്ള കഠിനമായ വേദനകൾ അമർത്തിപിടിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഓറഞ്ച് ടൌണിലുള്ള കോടതിയിൽ അദ്ദേഹം ഹാജരായിരുന്നു. ടോക്സിക്കോളൊജി റിപ്പോർട്ടും പത്തേമാരിയിലെ വെളിച്ചത്തിന്റെ പ്രശ്നവുമായിരിക്കും കേസിന്റെ അടിസ്ഥാനകാരണമായി കരുതുന്നത്. അടുത്ത സെപ്റ്റംബർ ഇരുപത്തിയഞ്ചാംതിയതി ജോജോ ജോണിന് വീണ്ടും കോടതിയിൽ ഹാജരാവണം. പത്തേമാരിയിൽ ആവശ്യത്തിന് ലൈറ്റില്ലായിരുന്നുവെന്നും അപകടസൂചകമായി യാതൊരു അടയാളങ്ങളും നദിയിൽ ഉണ്ടായിരുന്നില്ലെന്നും ജോജോയുടെ സഹയാത്രക്കാരും നദിയിലെ മറ്റു യാത്രക്കാരും ഒരുപോലെ മൊഴിനല്കുന്നുണ്ട്.
 

പാലം പണിയുന്ന മാഫിയാ മുതലാളിമാരുടെ ഉദാസീനതയിൽ സംഭവിച്ച പിഴവുകൾക്ക് ഇന്ന് കുറ്റം മുഴുവൻ ജോജോയിൽ ആരോപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരമായി  വൻതുകകൾ അപകടപ്പെട്ടവർക്ക് കൊടുക്കേണ്ടി വരുമെന്നും ഈ മുതലാളിമാർ ഭയപ്പെടുന്നു. നാളിതുവരെയായും റ്റോക്സിക്കോളേജി റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിലും ദുരൂഹതയുണ്ട്. ജോജോ നിയമത്തിനുപരിയായി ഡ്രിങ്ക്സ് കഴിച്ചില്ലെന്ന് സഹ യാത്രക്കാർ ഒന്നുപോലെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമിതമായി ലഹരി ഉപയോഗിച്ചില്ലെന്ന് തെളിവായി ബാർഉടമ ബില്ലും ഹാജരാക്കി.


ബോട്ടപകടത്തിൽ പരിപൂർണ്ണമായും ജോജോയെ പഴിചാരുന്നവർ താഴെപ്പറയുന്ന കാര്യങ്ങളുംകൂടി കണക്കിലെടുക്കണം.  

1.നയാക്ക് മേയർ പാലം പണിയുന്നവരോടും സ്റ്റേറ്റ് സർക്കാരിനോടും പാലത്തിൽ ലൈറ്റില്ലെന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടും  ഉത്തരവാദിത്തപ്പെട്ടവരിൽനിന്നും വേണ്ട നടപടികൾ ഉണ്ടായില്ല. അങ്ങനെയെങ്കിൽ അപകടകാരണം പത്തേമാരിയിലെ ലൈറ്റിന്റെ പ്രശ്നമല്ലേ? 

2.അപകടത്തിന്റെ പിറ്റേദിവസം പത്തേമാരിയിൽ ലൈറ്റിടുവാൻ ഗവർണ്ണർ കോമോ ഒർഡറിട്ടതും അപകടത്തിനുമുമ്പുള്ള പത്തേമാരിൽ  ആവശ്യത്തിന് ലൈറ്റില്ലായിരുന്നുവെന്ന കുറ്റബോധംകൊണ്ടല്ലേ? 

3.പത്തെമാരികളുടെ സമീപം അപകടം പിടിച്ചതെന്നും,പത്തേമാതിരികളിൽ ലൈറ്റില്ലെന്നും മുമ്പും യാത്രക്കാരിൽ നിന്ന് പരാതികൾ ഉണ്ടായിരുന്നു. എങ്കിൽ അപകടം വന്നപ്പോൾ എന്തുകൊണ്ട് ജോജോയിൽമാത്രം കുറ്റം ആരോപിക്കുന്നു?

4.ജോജോയുടെ ബോട്ടിൽ ഉണ്ടായിരുന്ന ആറുപേരും യാത്രാസമയം വെള്ളത്തിൽ മാത്രം നോക്കികൊണ്ട്‌ യാത്ര ചെയ്തിരുന്നുവെന്ന് സഹയാത്രക്കാരുടെ പ്രസ്താവനകളിൽ കാണുന്നു. ആരും അപകടം ഉണ്ടാകുംവരെ പത്തേമാരി കണ്ടില്ല. എങ്കിൽ അപകടകാരണം ജോജോയിൽ ആരോപിക്കുവാൻ സാധിക്കുമോ?

5.നിയമത്തിനുപരിയായി ജോജോ മദ്യം കഴിച്ചില്ലെന്ന് ബാർഉടമ തെളിവുകൾ നല്കിയിട്ടും എന്തുകൊണ്ട് അങ്ങനെ ഒരു ആരോപണം ജോജോയുടെമേൽ ചുമത്തി?

6.അപകടകാരണം നിലാവത്തുള്ള റ്റാപ്പൻസി പാലത്തിന്റെ നിഴലും,പാലത്തിലെ ലൈറ്റുകളുടെ പ്രതിഫലനവും പത്തെമാരികളുടെയും ക്രെയിനുകളുടെയും പാലം പണിയാനുള്ള അസംസ്കൃത പദാർഥങ്ങളുടെയും വെള്ളത്തിലുള്ള നിഴലുകകളുമായിരുന്നു. ഇത്തരം യാത്രാ തടസങ്ങൾ എന്തുകൊണ്ട് വേണ്ടപ്പെട്ടവർ നിരസിക്കുന്നു?
 
7.രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ പത്തേമാരി ആര്‍ക്കും കാണാൻ‍ സാധിക്കില്ലാന്ന്‌’ റോക്ക്‌ലാന്‍ഡ്‌ കൗണ്ടിപോലീസും വെളിപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെയെങ്കിൽ ജോജോയെ അറസ്റ്റ് ചെയ്തതിൽ നീതികരണം എന്ത്?  
   
8.അപകടംമൂലം അവശനായ ജോജോയെ ഹോസ്പിറ്റലിൽ ചങ്ങലയിലിട്ടു ബന്ധിച്ചതും അപകടത്തിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടായിട്ട് എം.ആർ എ എടുക്കാഞ്ഞതും മനുഷ്യാവകാശ ലംഘനമല്ലേ?

9.ഇത്രമാത്രം ഗുരുതരമായ അപകടം ഉണ്ടായിട്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടും എന്തുകൊണ്ട് അധികൃതർ യഥാസമയങ്ങളിൽ അടുത്ത ബന്ധുക്കളെ അറിയിച്ചില്ല?

10.ഹോസ്പിറ്റലിൽ ചങ്ങലയിട്ടു ബന്ധിതനായി ഇട്ടിരിക്കുന്ന മകനെ കാണാൻ മാതാപിതാക്കൾ വന്നപ്പോൾ അവരുടെ അവകാശത്തെ നിഷേധിച്ചതെന്തിന്?


11.തന്റെതല്ലാത്ത കുറ്റംകൊണ്ട് അപകടം സംഭവിച്ചതിൽ 'മ്യാൻസ്ലോട്ടർ' കുറ്റവാളിയായി കേസ് രജിസ്റ്റർ ചെയ്തതും അനീതിയാണ്.  

ഇതെല്ലാം ജോജോയെ കുറ്റവാളിയാക്കാൻ ചില സ്ഥാപിതതാല്പര്യക്കാരുടെ മുൻകൂട്ടിയുണ്ടായിരുന്ന ആസൂത്രണ പദ്ധതികൾ ആയിരുന്നില്ലേ?   
  

250,000 ഡോളർ തുകയാണ് ജോജോയുടെ ജാമ്യത്തിനായി നിശ്ചയിച്ചിരുന്നത്. ഒരു ദിവസം 3400 ഡോളർ വേതനം കൊടുത്ത് കുറ്റവാളിയെപ്പോലെ വീക്ഷിക്കുവാൻ രണ്ട് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും റോക്കലാന്റ്കൌണ്ടി അധികൃതർ നിയമിച്ചിരുന്നു. ജസ്റ്റീസ് ഫോർ ഓൾ (Justice for all) എന്ന സംഘടനയുടെ പ്രസിഡന്റായ ശ്രീ തോമസ് കൂവള്ളൂരും ജോർജ് ജോസഫും (മെറ്റ് ലൈഫ്) ഞാനുമൊത്ത് സംഭവം നടന്ന ദിവസങ്ങളിൽ ജോജോയെ ഹോസ്പിറ്റലിൽ കാണാൻ ഒരു ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തെ കാണാൻ റോക്കലാൻഡ് കൌണ്ടിയിലെ ഷെരീഫിന്റെ  അനുവാദം ലഭിച്ചെങ്കിലും അന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ സന്ദർശകരായി ഉണ്ടായിരുന്നതുകൊണ്ട് കാണുവാൻ സാധിച്ചില്ല. അന്നേദിവസം കൌണ്ടിയിലെ പ്രമുഖ പത്രമായ ജേർണൽ ന്യൂസ് വാർത്താ ലേഖകൻ സംഭവത്തിന്റെ നിജസ്ഥിതിയറിയുവാൻ എന്നെയും ശ്രീ കൂവള്ളൂരിനെയും ടെലിഫോണിൽ വിളിച്ച്  സംഭാഷണം നടത്തിയിരുന്നു. ഇത്രയും വലിയ തുക ജോജോയ്ക്ക് ജാമ്യമായി വിധിച്ചതിൽ ശ്രീ കൂവള്ളൂർ ശക്തിയായി പ്രതികരിച്ചതും ഒരു നിരപരാധിയെ കേസിൽ കുടുക്കിയതും പ്രതികരിച്ചത് അമേരിക്കയിലെ അനേക ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്റെ മുൻ ലേഖനത്തിലും ഞാൻ ഈ വാർത്ത സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ നിയമവശങ്ങൾക്കൊപ്പം സമൂഹം ഈ അനീതിക്കെതിരെ ഒറ്റകെട്ടായി നിൽക്കുമെന്നുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പും   പത്രങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തു. 


 ജോജോ രാജ്യം കടക്കുന്ന സാഹസത്തിന് മുതിരുകയില്ലെന്ന് പറഞ്ഞ് മുഴുവൻ ജാമ്യത്തുക ഇളവ് നല്കികൊണ്ട് പിറ്റേദിവസം ഹോസ്പിറ്റൽ ബെഡിൽ കൈകളിലും കാലുകളിലും ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിക്കുകയും ചെയ്തു. ഇത് യാദൃശ്ചികമായി സംഭവിക്കാൻ സാധ്യതയില്ല. ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. ജെ.എഫ്.എ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.  ഇത് മനസിലാക്കാൻ സാധിക്കാതെ ചിലർ ഈ സംഘടനക്കെതിരെയും ജോജോയ്ക്കെതിരെയും വിമർശനങ്ങൾ തൊടുത്തുവിടുന്നതും ചില പത്രങ്ങളിൽ വായിച്ചു. ഒരു കുടുംബത്തിന്റെ വിധി നിർണ്ണായകമായ ആപൽഘട്ടത്തിൽ സമൂഹം ഒന്നിക്കുകയാണ് വേണ്ടത്. ഇതിനായി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയല്ല വേണ്ടത്. മനുഷ്യമനസാക്ഷിയെ മുൻനിർത്തിപ്രവർത്തിക്കുന്ന ഈ സംഘടനയിലെ പ്രവർത്തകർ ആരും പ്രതിഫലം മോഹിച്ചുകൊണ്ടല്ല മുമ്പോട്ട് വന്നിരിക്കുന്നതെന്നും ഓർക്കണം.


ഈ അപകടംമൂലം ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ് നശിച്ചത്. മാനേജരായി ചേസ് ബാങ്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി രാജിവെയ്ക്കേണ്ടി വന്നു. സമൂഹം അറിയപ്പെടുന്ന പ്രമുഖമായ ഒരു കുടുംബം ഇതുമൂലം മാനസികമായി ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്. അപകടസമയം ജോജോ അബോധാവസ്തയിൽ ആയിരുന്നു. നീണ്ട മണിക്കൂറുകൾ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ താൻ ഹോസ്പിറ്റൽബെഡിൽ തിരിയാനും മറിയാനും നിവൃത്തിയില്ലാതെ മൃഗീയമായ രീതിയിൽ ചങ്ങലയിൽ ബന്ധിപ്പിച്ചിരുന്നതായിരുന്നു കണ്ടത്. ഒരേ കിടപ്പിൽ ഒരാഴ്ചയോളം ബന്ധിച്ച് ദേഹത്തുമുഴുവൻ വടുക്കളും ബാധിച്ചിരുന്നു.  ചുറ്റും കാവല്ക്കാരെ കണ്ടപ്പോഴാണ് അപകടകാര്യംപോലും ഓർമ്മയിൽ വന്നത്.   കഴുത്തിനും നട്ടെല്ലിനുമെല്ലാം ഗുരുതരമായ പരുക്കുകളും ഉണ്ടായിരുന്നു.


8-18 -2013 ൽ ഞാനും ശ്രീ കൂവള്ളൂരുംകൂടി  ജോജോയുടെയും മാതാപിതാക്കളുടെയും  വീട്ടിൽപ്പോയി അവരെ നേരിൽകണ്ടു സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യോഹന്നാൻ ജോണും പെങ്ങൾ അറ്റോർണി ജയയും മാതാവ് എലിയാമ്മയും സംഭാഷണത്തിൽ ഉണ്ടായിരുന്നു. ജോജോയുടെകൂടെ ജോലി ചെയ്തിരുന്ന മറ്റൊരു ബാങ്ക്മാനേജരും അവിടെയുണ്ടായിരുന്നു. കഴുത്തിൽ കോളർ ബാൻഡേഡ് കെട്ടിയിരുന്ന ജോജോ അന്ന് അവശനായിരുന്നു. ചങ്ങലക്കിട്ട് ഒരാഴ്ച പീഡിപ്പിച്ച കഥ പറയുമ്പോഴും അദ്ദേഹത്തിലെ ഒരു നിരപരാധിയിലെ കണ്ണിലെ പ്രകാശമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. തിരിയാനും മറിയാനും അവസരം കൊടുക്കാതെ ചങ്ങലയിൽ അവശനായ ഒരു നിരപരാധിയെ ബന്ധിപ്പിച്ച കഥ കേട്ടപ്പോൾ  മൂന്നാംലോകത്തിലെ ഒരു രാജ്യത്ത് നടന്ന സംഭവംപോലെയും തോന്നി. പറയാനുള്ള അവസരങ്ങൾ നിഷേധിച്ച ഹോസ്പിറ്റലിൽ അധികൃതർ പീഡിപ്പിച്ചത് അമേരിക്കയിൽ നടന്ന  സംഭവമാണിതെന്നും വിചാരിക്കണം. നമ്മുടെ സമൂഹത്തിന് യാതൊരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് മനുഷ്യത്വരഹിതമായി, നിന്ദിതമായി ഉത്തരവാദിത്വപ്പെട്ട അധികാരികൾ ഇങ്ങനെ പ്രവർത്തിച്ചത്. ഇത് സംഭവിക്കുന്നത്‌ നാളെ നിങ്ങളുടെ മക്കളോടെങ്കിൽ ഇന്ന് പ്രതികരിച്ചേ മതിയാവൂ. അതിനായി സമൂഹം ഉണരണം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യപുലരിയിൽ എന്നും നമ്മുടെ മക്കളും മക്കളുടെ മക്കളും ജീവിക്കണം.  മാനുഷികാവകാശങ്ങളെ വാതോരാതെ സംസാരിക്കുന്ന ഈ രാജ്യത്തിനുള്ളിലെ ആധുനിക സംസ്ക്കാരകേന്ദ്രമായ ന്യൂയോർക്കെന്ന മഹാനഗരത്തിൽ നടന്ന മനുഷ്യധ്വംസനത്തിന്റെ കഥയാണിതെന്നും ഓർക്കണം. മൃഗതുല്യമായി ജോജോയെ പീഡിപ്പിച്ച് ഒരു കുടുംബത്തെ മുഴുവൻ നിരാശയിലാക്കിയവർക്കെതിരെ നിയമത്തിന്റെ പഴുതുകൾ തേടിയേ തീരൂ. 


സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയാണ് ജോജോയുടെ പിതാവായ യോഹന്നാൻ ജോണ്‍‍. മക്കൾ മൂന്നുപേരെയും നല്ല സ്വഭാവഗുണങ്ങളോടെ അന്തസ്സായി വളർത്തി എല്ലാവരും ഉന്നതമായ പ്രൊഫഷണൽ ജോലിയിലെന്നതിലും അദ്ദേഹം അഭിമാനിയായിരുന്നു. മൂത്തമകൻ റേഡിയോളജി  സ്പെഷ്യലിസ്റ്റായ ഡോക്ടർ, രണ്ടാമത്തെ മകൻ ജോജോ എം.ബി.എ കഴിഞ്ഞ് പ്രമുഖമായ ഒരു ബാങ്കിലെ മാനേജർ, ഇളയ മകൾ അറ്റോർണി എന്നിങ്ങനെ മക്കളുടെ നല്ല ഭാവികണ്ട് അഭിമാനിച്ചിരുന്ന മാതാപിതാക്കൾ അടങ്ങിയ സന്തുഷ്ടകുടുംബമായിരുന്നു. അപ്പോഴാണ്‌ കാർമേഘങ്ങൾ വിതച്ചുകൊണ്ട് ഈ കുടുംബത്തിലേക്ക് ദുരന്തം വന്നുകയറിയത്‌. വാർത്തകളുടെ അപവാദ ശ്രുംഖലമൂലം വിവാഹിതനാകാൻ തയ്യാറായിരുന്ന ജോജോയുടെ ഭാവിജീവിതത്തിലും മുമ്പോട്ടുള്ള കരീയറിലും മാതാപിതാക്കൾ വ്യാകുലരാണ്. മാതാപിതാക്കളെ എന്നും അനുസരിച്ച് ജീവിക്കുന്ന ജോജോ എപ്പോഴും സാഹസികതയിൽ ചിന്തിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹം രണ്ട് വീലുള്ള മോട്ടോർ സൈക്കിൾ മേടിക്കാൻ ഒരുങ്ങിയപ്പോൾ അപകടമുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കൾ എതിർത്തു. അപ്പോഴാണ്‌ ബോട്ട് മേടിക്കണമെന്ന ആഗ്രഹം ഉണ്ടായത്. ജോജോയുടെ ആഗ്രഹത്തിന്  മാതാപിതാക്കൾ വഴങ്ങി ബോട്ട് മേടിക്കാൻ സമ്മതിക്കുകയും ഇങ്ങനെ ഒരു വിപത്തിൽ എത്തുകയും ചെയ്തു. 


കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഒരേ വീട്ടിൽ താമസിക്കുന്ന മാന്യമായി ജീവിച്ചിരുന്ന ഈ കുടുബത്തിനെതിരെ സ്വന്തം സമൂഹത്തിൽ ചിലരും പത്രമാധ്യമങ്ങളും അപവാദങ്ങൾ ചൊരിഞ്ഞപ്പോൾ ഇവർക്കുവേണ്ട ധർമ്മവീര്യവും ആത്മതന്റേടവും നല്കിയത് ചുറ്റുമുള്ള നൂറുകണക്കിനായ അമേരിക്കൻ അയൽവാസികളായിരുന്നു.  ആ പരിസരത്ത് വളർന്ന ജോജോയേയും അവരിൽ പലരും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കരുതുന്നതും. ഇങ്ങനെ ഒരു അപകടം സംഭവിച്ചപ്പോൾ തുല്യമായി അവരെല്ലാം ദുഖിതരുമായിരുന്നു. അപകടശേഷം ടെലിവിഷൻ ചാനൽകാരും വാർത്താലേഖകരും ക്യാമറാ ക്രൂവും കുറ്റവാളികളുടെ വീടുവളയുമ്പോലെ എന്നും ഇവരുടെ ഭവനത്തിന് ചുറ്റും ഉണ്ടായിരുന്നു. വീടിന്റെ ഫോട്ടോയും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. സഹികെട്ട ജോജോയുടെ മാതാപിതാക്കൾ ഇവരെ അഭിമുഖികരിക്കാൻ പ്രയാസമായതുകൊണ്ട് വീടുവിട്ട് മറ്റു താവളങ്ങളിൽ ആരും കാണാതെ താമസിക്കേണ്ടി വന്നു. എന്നും ഒച്ചയും ബഹളവും വീടിനിട്ട് കൊട്ടലുമായി വാർത്താലേഖകർ ശല്ല്യം ചെയ്തിരുന്നു. ഇവരെ പല ദിവസങ്ങളും ഈ കുടുംബത്തോട് സ്നേഹമുള്ള കുപിതരായ അയൽവാസികൾ ഓടിക്കേണ്ടിയും വന്നിട്ടുണ്ട്.


ഓർത്തോഡോക്സ് സഭയിൽപ്പെട്ട ജോജോയുടെ മാതാപിതാക്കളും കുടുംബവും മതപരമായുള്ള ആചാരാനുഷ്ഠാനങ്ങളിൽ വളരെ നിഷ്ഠയുള്ളവരാണ്. പള്ളിപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പിതാവ് യോഹന്നാൻ സജീവമായുണ്ട്. കൂടാതെ  സാംസ്ക്കാരിക സംഘടനകളിൽ നേതൃത്വവും പള്ളിസംഘടനകളുടെ  ഔദ്യോഗിക പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.  അതുകൊണ്ട് ഇവരെ സഹായിക്കാൻ പള്ളിയിലെ അംഗങ്ങൾ അവരുടെ പാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാണ്. ഈ കുടുംബത്തിന് മനോവീര്യം നല്കാനും വേണ്ടിവന്നാൽ അനീതിക്കെതിരെ പ്രവർത്തിക്കാനും സംഘിടതമായി മുമ്പിൽത്തന്നെയുണ്ട്‌. അമേരിക്കൻ ക്രിസ്ത്യൻ സമൂഹങ്ങളിൽ ഇങ്ങനെ ഒരു സംഭവമുണ്ടായാൽ രക്ഷിക്കാൻ ഓടിയെത്തുന്നതും ആ പള്ളിയിലെ പാസ്റ്ററും പള്ളിയിലെ അംഗങ്ങളുമായിരിക്കും. ജോജോയുടെ കാര്യത്തിലും അങ്ങനെ പിന്തുണയുണ്ടെന്ന് ഈ കുടുംബം തറപ്പിച്ചുപറയുന്നു.     


പള്ളിയിലെ ഓരോ അംഗത്തിനും ജോജോ പ്രിയങ്കരനെന്ന് അപവാദങ്ങൾ പരത്തുന്ന പത്രങ്ങളും സമൂഹവും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ജോജൊയുടെ  മാതൃകാവ്യക്തിത്വം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും കാണുവാൻ സാധിക്കും. ഹൈസ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപികയും വാർത്തകളിൽ പറഞ്ഞത് പഠിക്കുന്ന കാലങ്ങളിൽ അങ്ങേയറ്റം അച്ചടക്കമുള്ള കുട്ടിയായിരുന്നുവെന്നായിരുന്നു. ബാങ്കിലെ  കസ്റ്റമറെന്ന നിലയിൽ ജോജോയുടെ നല്ല പെരുമാറ്റരീതിയും അവർ വിവരിച്ചിരുന്നു.  ഇങ്ങനെയെല്ലാം സ്വഭാവഗുണങ്ങളുള്ള ഒരു യുവാവിനെതിരെയായിരുന്നു ചില മലയാളപത്രങ്ങൾ ഉൾപ്പടെ മാദ്ധ്യമലോകം മുഴുവൻ അപവാദങ്ങൾ പ്രചരിപ്പിച്ചത്. ജോജോയെ തേജോവധം ചെയ്ത പത്രങ്ങളുടെ ഒരു ശേഖരംതന്നെ അദ്ദേഹത്തിന്റെ പിതാവ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വേണ്ടിവന്നാൽ മകന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട്‌ ഒരു നിയമയുദ്ധത്തിനിറങ്ങാനും അദ്ദേഹം തയ്യാറാണ്.


സമൂഹത്തിൽ ആരെങ്കിലും കുറ്റവാളിയായാൽ കുറെയെങ്കിലും വാസ്തവം കാണും. എന്നാൽ ജോജോയുടെ പേരിൽ അർദ്ധരാത്രിയിൽ ബോട്ട് ഡ്രൈവ് ചെയ്തതൊഴികെ യാതൊരു കുറ്റവും ആർക്കും ചൂണ്ടികാണിക്കാൻ സാധിക്കില്ല. ഒരു മനുഷ്യനോട് ഇങ്ങനെ പെരുമാറാമോയെന്ന് സമൂഹമനസാക്ഷി ഉണർന്നു ചിന്തിക്കണം. സദാ ചിരിച്ചുകൊണ്ടിരുന്ന ആ യുവാവിന്റെ മുഖം ഇന്ന് ദുഖമയമാണ്. സംഭവം നടന്ന ദിവസങ്ങളിൽ അദ്ദേഹമെവിടെയെന്ന് സ്വന്തം മാതാപിതാക്കളെപ്പോലും അധികൃതർ അറിയിച്ചില്ല. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളെപ്പോലും   ഹോസ്പ്പിറ്റലിൽ  കിടക്കുന്ന മകനെ കാണാൻ സമ്മതിച്ചില്ല. ഇത്ര മാത്രം മുറിവുകൾ ഉണ്ടായിട്ടും എം.ആർ. എ. എടുക്കാൻ അധികൃതർ സമ്മതിച്ചില്ല. ജോജോയുടെ സഹോദരൻ ഡോക്റ്റർ കുറ്റാരോപണം നടത്തി കഴിഞ്ഞാണ് എം.ആർ. എ എടുക്കുവാൻ  തയ്യാറായതും. ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവരിൽനിന്നും വന്നുഭവിച്ച പിഴവുകൾ തികച്ചും പൗരാവകാശ ലംഘനം കൂടിയാണ് .
          

ഈ സംഭവത്തിൽക്കൂടി നമ്മുടെ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാളെ ഇത് സംഭവിക്കുന്നത്‌ എന്റെയും നിങ്ങളുടെയും നിരപരാധികളായവരുടെ മക്കൾക്കായിരിക്കാം. നമ്മുടെ സമൂഹം ജാഗരൂകരായി പ്രവർത്തിച്ചില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം എന്ത്? എല്ലാവർക്കും തുല്യതയും സാഹോദര്യവും കൽപ്പിച്ചുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ഭരണഘടനയാണ്  ഈ രാജ്യത്തിനുള്ളത്. മലയാളിസമൂഹവും വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾക്കായി ഒറ്റകെട്ടായി നിലകൊള്ളണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ജോജോക്കെതിരായ ഇത്തരം നീചപ്രവർത്തനങ്ങൾ ചെറുതായി കാണാൻ സാധിക്കുകയില്ല. അമേരിക്കയുടെ മടിത്തട്ടിൽ, ഈ നാടിന്റെ മണ്ണിൽ തലമുറകളായി വളർന്ന മക്കളോട് ഇങ്ങനെയുള്ള ക്രൂരപ്രവർത്തികൾ ചെയ്‌താൽ ആ സമൂഹം അടങ്ങിയിരിക്കുകയില്ല. ഐക്യമത്യം മഹാബലമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിരപരാധിയെ  ഇങ്ങനെ അധികൃതർ വ്യക്തിഹത്യ ചെയ്തത് നമ്മുടെ സമൂഹത്തിനും അപമാനമാണ്. ഇന്ന് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങളോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. ഞാനുൾപ്പെട്ട ആദ്യത്തെ തലമുറകൾ കടന്നുപോവുന്നു. നമ്മുടെ സമൂഹത്തിലെ നിസഹായനായ ഒരു വ്യക്തിയെ കരുവാക്കി കൽത്തുറുങ്കിൽ അടക്കത്തക്കവണ്ണം കുറ്റാരോപണം നടത്തുന്ന പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ നാളത്തെ തലമുറകൾ ഈ തലമുറകൾക്ക് മാപ്പ് നല്കുകയില്ല.  ഇത് മനുഷ്യാവകാശ ലംഘനമാണ്. നിർദ്ദയമായി കൊടുത്ത ഈ പീഡനം  മലയാളി സമൂഹത്തെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ചെറുപ്പക്കാരന്റെ ജീവിതം വെച്ചുള്ള പന്തുകളിയായിരുന്നു.


മഹാനായ മാർട്ടിൻലൂതർ കിംഗ്‌ പറഞ്ഞതുപോലെ "നാം എല്ലാം ദൈവത്തിന്റെ മക്കളാണ്. ഓരോ ജീവിതവും തുല്യമായി വിലപ്പെട്ടതായിരിക്കണം." ശബ്ദം ഇല്ലാത്തവർക്കുവേണ്ടിയും ശബ്ദം ഉയർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കെതിരെ സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയെ നിർദ്ദയമായി പീഡിപ്പിച്ച ചരിത്രം നിങ്ങളുടെ മുമ്പിൽ ഉള്ളപ്പോൾ അത് കണ്ടില്ലന്നു നടിച്ചാൽ നാളത്തെ തലമുറ മാപ്പ് നല്കുകയില്ല. നാം എല്ലാം ഒരുപോലെ സ്വതന്ത്രരല്ലെങ്കിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്ത്‌? അങ്ങനെയെങ്കിൽ നാം വസിക്കുന്ന മഹത്തായ ഈ ഭൂഖണ്ഡവും എത്യോപ്പിയായും സൊമാലിയായും തമ്മിലുള്ള വിത്യാസമെന്ത്? നമ്മുടെ സമൂഹവും ഫാക്ട്റ്ററികളിലും തൊഴിൽശാലകളിലും ആതുരസ്ഥാപനങ്ങളിലും ജോലിചെയ്ത് രാജ്യത്തിന്റെ വളർച്ചക്കൊപ്പം ഉണ്ടായിരുന്നു. അഭിപ്രായവിത്യാസങ്ങൾ പാടെമറന്ന് ഇനി ഒരിക്കലും നമ്മുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാതെ ഒരേ ശബ്ദത്തിൽ നാം ഗർജിക്കണം. അതിനായി ജെ.എഫ്. എ. പ്രവർത്തകർ സംഘടനാതലത്തിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...