Wednesday, August 7, 2013

ഭൌതിക ഭരണാധികാരത്തിൽനിന്ന് മാർപാപ്പയെ മാറ്റുവാൻ നിവേദനം


"സഭയുടെ പരമോന്നത ആദ്ധ്യാത്മികാചാര്യന്‍ എന്ന ഉത്തരവാദിത്വത്തില്‍ ശ്രദ്ധയൂന്നാന്‍, ഭൗതികഭരണാധികാരത്തില്‍നിന്നു മാര്‍പ്പാപ്പാ മാറേണ്ടതു സംബന്ധിച്ച നിവേദനം" എന്ന  പ്രൊഫസർ വട്ടമറ്റത്തിന്റെ തലവാചക ആശയത്തൊട് യോജിക്കാൻ  സാധിക്കുന്നില്ല. വത്തിക്കാന്റെ പാരമ്പര്യമോ ഭരണസംവിധാനങ്ങളൊ സാമ്പത്തികമോ  ലോകരാജ്യങ്ങളിൽ മാർപാപ്പായുടെ സ്വാധീനമോ മനസിലാക്കിയിരുന്നുവെങ്കിൽ,  ചിന്തിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നിവേദനത്തിന് മുതിരുകയില്ലായിരുന്നു.  ഭൌതിക ഭരണാധികാരത്തിൽനിന്ന് മുക്തിനേടി വെറും ആത്മീകാചാര്യൻ പദവിയിൽമാത്രം മാർപാപ്പയെ കാണണമെന്നുള്ള അഭിപ്രായം  വിവാദപരമാണ്. വത്തിക്കാനിലേക്ക് പ്രബന്ധങ്ങളും നിവേദനങ്ങളും നയതന്ത്രജ്ഞരിൽകൂടി  അയച്ചില്ലെങ്കിൽ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുകയില്ല. വത്തിക്കാൻ സെക്രട്ടറിയേറ്റ് മറ്റു രാജ്യങ്ങളിൽ നിന്നയക്കുന്ന  നിവേദനങ്ങളെല്ലാം ഔദ്യോഗികമല്ലെങ്കിൽ പരിഗണിക്കുകയില്ല. അത് ഏതു രാജ്യത്തിന്റെയും ആഗോള നിയമമാണ്. 

ഇന്നുള്ള മതാചാര്യന്മാർ ആരും ലോകസമാധാനത്തിനായി എന്തെങ്കിലും ചെയ്തതായി അറിയില്ല. അദ്ധ്യാത്മികനേതാവായ ദലൈലാമാമൂലം ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ അരനൂറ്റാണ്ടിൽപ്പരം ശത്രുരാജ്യങ്ങളായി കഴിഞ്ഞുകൂടുന്നു. ആത്മീയ അചാര്യന്മാരായ കാമകോടി, പൂരി ശങ്കരാചാര്യപ്രഭുക്കൾ ഇന്ത്യയിൽ വർഗീയവിഷം ഇളക്കി വിടാൻ എന്നും മുന്നണിയിൽ തന്നെയുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ശങ്കരാചാര്യരെ ബാലപീഡക്ക് അറസ്റ്റുചെയ്ത ഫോട്ടോസഹിതമുള്ള വാർത്തകളും പ്രസിദ്ധമായിരുന്നു. ഇവരെല്ലാം അദ്ധ്യാത്മിക ഗുരുക്കളായിട്ടാണ് കഴിയുന്നതെങ്കിലും വൻസ്വത്തുക്കളുടെ ആസ്തിയുള്ളവരാണ്. ദലൈലാമയും കൂട്ടരും ടിബറ്റിൽനിന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായി വന്നതും  വലിയ സ്വർണ്ണശേഖരങ്ങളുമായിട്ടായിരുന്നു.   കുപ്രസിദ്ധരായ ധാരാളം ആത്മീയമുള്ളാമാരും ഭീകരമുള്ളാമാരും ലോകത്തുണ്ട്. അവരുടെ നിലവാരത്തിലേക്ക് മാർപാപ്പയേയും  പ്രതിഷ്ഠിക്കണോ?

പലരും വിചാരിക്കുന്നതുപോലെ മാർപാപ്പാ ജീവിക്കുന്നത് ആധുനിക സൗകര്യങ്ങളോടെയല്ല. കേരളത്തിലെ അഭിഷിക്തരിൽ അനേകർ മാർപാപ്പായെക്കാളും സുഖസൗകര്യങ്ങളോടെ ജീവിക്കുന്നുണ്ടെന്നും ശരിതന്നെ. സാധാരണ ഇരിപ്പിടങ്ങൾ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റ് മാത്രമാണ് മാർപാപ്പാക്കുള്ളത്. വത്തിക്കാനിലുള്ള സ്ഥാവരസ്വത്തുക്കൾ ഒന്നും അദ്ദേഹത്തിന്റെതല്ല. ധരിക്കുന്ന വസ്ത്രങ്ങൾപോലും സ്വന്തമായിട്ടുള്ളതല്ല. സഭയാണ് അദ്ദേഹത്തിന് വസ്ത്രവും ഭക്ഷണവും താമസിക്കാൻ സൌകര്യവും കൊടുക്കുന്നത്. ലോകത്തുള്ള ഏതു സർക്കാരും ചെയ്യുന്നതുപോലെ അദ്ദേഹത്തിന് ആരോഗ്യരക്ഷയും നല്കുന്നു.

ഒരു ബില്ലിയനിൽ കൂടുതൽ അംഗങ്ങളുള്ള  കത്തോലിക്കരുടെ നേതാവായ മാർപാപ്പായെ  ആദ്യം നന്നാക്കുന്നതിനുമുമ്പ് കേരളത്തിലെ മെത്രാന്മാരെ നന്നാക്കുവാൻ സാധിക്കുമോയെന്ന് ശ്രമിക്കുന്നതായിരിക്കും നല്ലത്. വത്തിക്കാനിൽ സമരമുറകളുമായി ചെന്നാൽ ഐക്യരാഷ്ട്രസംഘടനയും അമേരിക്കാവരെയും ഇടപെടും. കാരണം വത്തിക്കാന്റെ  ഭൂരിഭാഗം ധനവും സൂക്ഷിക്കുന്നത് അമേരിക്കൻ ബാങ്കുകളിൽ ആണ്. ഒരു സുപ്രഭാതത്തിൽ ആ പണം ജീവകാരുണ്യത്തിനായി പിൻവലിച്ചാൽ അമേരിക്കൻ ഓഹരികൾ (സ്റ്റോക്ക്) വിറ്റുകൊണ്ടുള്ള വ്യാപാര  സാമ്പത്തിക തലസ്ഥാനമായ വാൾസ്റ്റ്റീറ്റ്തന്നെ തകർന്ന്  തരിപ്പണമാകും. അമേരിക്കാ തകരാൻ ഈ രാജ്യത്തിലെ ഭരണകൂടവും സമ്മതിക്കുകയില്ല. അത് ആഗോള സാമ്പത്തികം തന്നെ കീഴ്മേലാക്കും.
ലോകത്തുള്ള ആകമാന ക്രിസ്ത്യൻസഭകളുടെ  മൊത്തം
ആതുരസേവനങ്ങളെക്കാളും കൂടുതലായി  കത്തോക്കാസഭയുടെ സ്വന്തമായ  മേൽനോട്ടത്തിൽ  തന്നെയുണ്ട്‌. ഒരു നവീകരണസഭയ്ക്കും കത്തോലിക്കാസഭയുടെ സേവനങ്ങളുടെ സമീപത്തുപോലും എത്തുവാൻ സാധിക്കുകയില്ല.   വത്തിക്കാന്റെ സ്വത്തുക്കൾ വില്ക്കണമെന്ന് പറയുന്നവർ ചിന്തിക്കണം, ആദ്യം നമ്മുടെ തന്നെ സ്വത്തുക്കൾ വിറ്റ് ദരിദ്രർക്ക് ദാനംചെയ്യുക. എന്നിട്ട് ഭവനരഹിതരായി കഴിയുക. എങ്കിൽ ഒരു കൂരയുടെ കീഴിൽ താമസിക്കുന്ന മാർപാപ്പായെ നമുക്കും വിമർശിക്കാൻ സാധിക്കും. അതുതന്നെയല്ലേ പഴമയുടെ തത്ത്വങ്ങളായ   അപ്പസ്തോലരും ചെയ്തത്.  അവരെപ്പോലെ സർവ്വതും പത്രോസിന് സമർപ്പിച്ച് എന്നും  നിത്യയാചകരായി ജീവിക്കണോ?

എങ്കിലും സഭയെ വിമർശിക്കാൻ നമുക്ക് പലതുമുണ്ട്. പതിനെട്ട് വയസു താഴെയുള്ള  കുട്ടികളെ കന്യാസ്ത്രിയാക്കുവാനുള്ള മഠം ശ്രമങ്ങളെ നിയമംമൂലം തടയണം. അതിന് നിർബന്ധിക്കുന്നവർക്ക് അർഹിക്കുന്ന ശിക്ഷകളും കൊടുക്കണം. ഞെട്ടിക്കുന്ന കഥകളും മഠം മതിൽക്കെട്ടിനുള്ളിലെ നിസഹായരായ പെണ്‍ക്കുട്ടികളുടെ ദീനരോദനങ്ങളുമാണ് എന്നും വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്‌. സഭയുടെ കുടുംബാസൂത്രണ പദ്ധതികൾ അമ്പേ പരാജയമായിരുന്നു. കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയെന്ന സഭയുടെ നിലപാട് മാറ്റണം. ഗർഭനിരോധക ഗുളികകളും ഉറകളും തടയുന്നത് മൂലം എയിഡ്സ് രോഗികൾ ലോകത്ത് വർദ്ധിക്കുന്നുവെന്നും സഭ മനസിലാക്കണം. സഭയുടെ ഈ നയം മൂലം ധാരാളം ഗർഭച്ഛിന്ദ്രത്തിനും വഴി തെളിക്കുന്നുണ്ട്.

വത്തിക്കാൻ എന്തിന് സ്വത്തുക്കൾ സ്വരൂപിച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്നുവെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. വത്തിക്കാനിലുള്ള ഭൌതികസ്വത്തുക്കളൊന്നും മാർപാപ്പായുടെ സ്വന്തമല്ല. ആർഭാടവസ്തുക്കളൊന്നും സത്യത്തിൽ മാർപാപ്പായ്ക്കു വിൽക്കാൻ അവകാശമില്ല. വത്തിക്കാനിൽ വരുന്നവർക്ക് ദർശനം നല്കുക  മാത്രമാണ് മഹാപുരോഹിതനായ മാർപാപ്പായുടെ ജോലിയെന്നും തോന്നിപ്പോവും. അവിടെയുള്ള സ്വത്തുക്കൾ മുഴുവൻ ആകമാന കത്തോലിക്കാ സഭയുടെയും വരുംതലമുറകളുടെയും സ്വത്തുക്കളാണ്. ഈ സ്വത്തുക്കളുടെ നിയന്ത്രണത്തിൽ അല്മേനികളുടെ പങ്ക് എത്രമാത്രം ഉണ്ടെന്നും വ്യക്തമല്ല. വത്തിക്കാനുള്ള സ്വത്തുക്കളെല്ലാം ഒന്നും സ്വന്തമായി വാങ്ങിച്ചുകൂട്ടിയതല്ല. പലതും തലമുറകളായി  സമ്മാനങ്ങളായിട്ട് പലരും കൊടുത്ത സ്വത്തുക്കളാണ്. അനേകരുടെ ഓർമ്മക്കായി കൊടുത്ത സ്വത്തുക്കൾ വിൽക്കുന്നതും അവരോട് ചെയ്യുന്ന ക്രൂരതയാണ്. മാർപാപ്പാ ഒരേ സമയം രണ്ട് ഓഫീസുകളാണ് കൈകാര്യം ചെയ്യുന്നത്. ഒന്ന് ആഗോളസഭയുടെ വികാരിയും രണ്ട് ഒരു പരമാധികാര രാജ്യത്തിന്റെ മേലാധികാരിയുമാണ്.

മാർപാപ്പായുടെ വേഷം പൌരാണിക കാലംമുതൽ ആ കൊച്ചുരാജ്യത്തിന്റെ നിബന്ധനയാണ്. കൌപീനധാരിയായ ഒരു മാർപാപ്പാ ചരിത്രത്തിൽ ഇല്ല. സൗദിയിലെ രാജാവിന്റെയോ ജനങ്ങളുടെയോ വേഷം മാറ്റുവാൻ നാം ആവശ്യപ്പെടാറില്ല. മുണ്ടുടുത്തുനില്ക്കുന്ന അർദ്ധ യാചകനെപ്പോലെയുള്ള ആന്റണിയുടെ രൂപം ചൈനീസ്‌ പ്രതിരോധമന്ത്രിക്കൊപ്പം കാണുമ്പോൾ പ്രവാസിമലയാളികളും വടക്കേഇന്ത്യാക്കാരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അങ്ങനെയെങ്കിൽ മാർപാപ്പ ഇറ്റാലിയൻ വേഷമായ സ്യൂട്ട് ധരിക്കണമെന്ന് ആവശ്യപ്പെടാൻ സാധിക്കുമോ? നമുക്ക് ചുറ്റുമുള്ള കേരളത്തിലെ രാജവെമ്പാലകളായ മെത്രാന്മാരുടെ വേഷങ്ങൾപോലും മാറ്റിക്കാൻ സാധിക്കുകയില്ല. ഒരോനാളിലും സീറോമലബാർ മെത്രാന്മാരുടെ കോമാളിവേഷങ്ങളിൽ പരിഷ്ക്കാരങ്ങളും മാറിമാറി വരുന്നുണ്ട്. ഇങ്ങനെയുള്ള അഭിഷിക്തരെപ്പോലും മാറ്റാൻ സാധിക്കാത്ത നാം  വിശ്വപൌരനായ മാർപാപ്പയുടെ മുമ്പിൽ എന്ത് ചെയ്യാനാണ്?

വത്തിക്കാൻകൊട്ടാരത്തിലെ സ്ഥാവര സ്വത്തുക്കളൊന്നും മാർപാപ്പാ സ്വന്തമാക്കുന്നില്ല. ബനഡിക്റ്റുമാർപാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോഴും സ്വന്തമായി ഒന്നും കൊണ്ടുപോയില്ല. സർവ്വതും സഭയുടെ നിയന്ത്രണത്തിൽ തന്നെയാവുകയായിരുന്നു. മറ്റു ലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ വത്തിക്കാനും വർഷംതോറും വരവ് ചെലവുകളുടെ കണക്ക് തയാറാക്കണം. രാജ്യങ്ങൾ നടത്തുന്നതുപോലെ ബഡ്ജറ്റും അവതരിപ്പിച്ച് ക്യൂരിയായിൽ പാസാക്കണം. അവിടെയും ധനകാര്യങ്ങളിൽ മാർപാപ്പാക്ക് തന്നിഷ്ടം കാണിക്കാൻ സാധിക്കുകയില്ല. ചർച്ചകൾ നടത്തിയശേഷം ഓരോ വർഷവും വത്തിക്കാന്റെ വാർഷിക വരുമാന റിപ്പോർട്ട് പ്രസിദ്ധികരിക്കാറുണ്ട്. ബാലൻസ് ഷീറ്റും തയ്യാറാക്കാറുണ്ട്.

ആകമാന ലോകത്തിലുള്ള വത്തിക്കാന്റെ സ്വത്തുക്കൾ നിർണ്ണയിക്കുകയെന്നതും അസാധ്യമാണ്. വിലതീരാത്ത കലാമൂല്യങ്ങൾ വത്തിക്കാൻ കൊട്ടാരത്തിലുണ്ട്. അതെല്ലാം വിറ്റാൽ താല്ക്കാലികമായി വത്തിക്കാന്റെ പണപ്രവാഹത്തിൽ ഒഴുക്കുണ്ടാകാം. തലമുറകളായി ലോകജനത ആനന്ദം കണ്ടെത്തുന്ന ആ കലാമൂല്യങ്ങൾ പിന്നീട് വ്യക്തികളുടെ അധീനതയിൽ ആകും. കലാഹൃദയരായ ലോകജനതയ്ക്ക് ദുഖവുമുണ്ടാകും. ഓരോ കലകൾക്കും വിവിധങ്ങളായ ചരിത്രമൂല്ല്യങ്ങളും ഉണ്ട്. വിശ്വപ്രസിദ്ധമായ ഹാർവാർഡ്, യേൽ യൂണിവേഴ്സികളുടെ ഗവേഷണ കേന്ദ്രവുമാണവിടം. വത്തിക്കാന്റെ കലാമൂല്യങ്ങൾ ഇല്ലാതാകുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു വഞ്ചനയും ചരിത്രകാരോട് ചെയ്യുന്ന അനീതിയുമായിരിക്കും. ചരിത്രങ്ങളുടെ തായ് വേരുകൾ തന്നെ ഇളകിപ്പോവും. വത്തിക്കാന്റെ ഗ്രന്ഥപ്പുരകൾ അനേക സംസ്ക്കാരങ്ങളുടെയും    ഉയർച്ചകളുടെയും താഴ്ച്ചകളുടെയും സാക്ഷിത്വം   വഹിക്കുന്നു. വിലപറയാൻ  കഴിയാത്തവണ്ണം പൗരാണിക പുസ്തകങ്ങളുടെ ശേഖരവും അവിടെയുണ്ട്.  ഈ ചരിത്ര ശേഖരങ്ങൾ വത്തിക്കാൻ സൂക്ഷിക്കുന്നത് ലോകത്തിന്റെ നന്മക്കുവേണ്ടിയും കൂടിയാണ്.

കലാമൂല്യങ്ങൾ വിറ്റാൽ തീർച്ചയായും സഭയ്ക്ക് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ സാധിക്കുമെന്നതും സത്യമാണ്. എന്നാൽ അറിയുക, ഇന്ന് ലോകത്ത് ഏറ്റവും വലിയ  ജീവകാരുണ്യസ്ഥാപനം  കത്തോലിക്കാസഭയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലോകത്തുള്ള ഏത് രാജ്യത്തെക്കാളും ആഫ്രിക്കയിൽ പണം ഇറക്കുന്നത്‌ വത്തിക്കാനാണ്.

അല്പ്പം സാമ്പത്തികശാസ്ത്രംകൂടി  ഇവിടെ അനുബന്ധിക്കട്ടെ. വത്തിക്കാന്റെ സ്വത്തുക്കൾ മുഴുവൻ വില്ക്കാൻ തീരുമാനിച്ചെന്ന് വിചാരിക്കുക. ഫലം, ആഗോളതലത്തിൽ കലാമൂല്യങ്ങളുടെ പ്രവാഹം കൂടും. കലാസമ്പത്തിന്റെ വിലയും ഇടിയും. ആ പണം ഭക്ഷണം, മരുന്ന് എന്നിങ്ങനെ  ജീവകാരുണ്യങ്ങൾക്കായി ഉപയോഗിക്കാം. ധനതത്ത്വശാസ്ത്രത്രത്തിൽ ചരക്കുകളുടെ  വില നിയന്ത്രിക്കുന്ന 'സംഭരണവും' 'ആവശ്യവും' (Supply and demand) എന്നുള്ളത് കാതലായ ഒരു വിഷയമാണ്. 'സംഭരണം'(Supply) വില കുറയുന്ന ഘടകവും അതനുസരിച്ച് 'ആവശ്യം' (demand) വില കൂട്ടുകയും ചെയ്യും.  'സംഭരണം'(Supply) മൂലം കലാമൂല്യങ്ങളുടെ വിലകുറയുകയും 'ആവശ്യം'(demand)മൂലം ജീവകാരുണ്യത്തിനാവശ്യമുള്ള  മരുന്നുകളുടെയും ഭക്ഷണത്തിന്റെയും വില കൂടുകയും ചെയ്യും. ജീവകാരുണ്യത്തിനായി ലഭിച്ച പണംകൊണ്ട് വിലപ്പെരുപ്പം കാരണം അധികം മെഡിസിനും മറ്റു വിഭവങ്ങളും സഭയ്ക്ക് മേടിക്കാൻ  കഴിയാതെ വരും. വിലപ്പെരുപ്പം അനുഭവപ്പെടുമ്പോൾ സംഭാവനകളുടെ പ്രവാഹവും കുറയും. ഭക്ഷണത്തിന്റെയും മെഡിസിന്റെയും വില കൂടുമ്പോൾ ദുരിതം അനുഭവിക്കുന്നതും ദരിദ്രരാജ്യങ്ങളായിരിക്കും.

വത്തിക്കാന്റെ കലാശേഖരങ്ങൾ മുഴുവൻ വിറ്റുകഴിഞ്ഞാൽ അവിടേക്കുള്ള വിനോദയാത്രക്കാരുടെ എണ്ണവും കുറയും. മ്യൂസിയം ടിക്കറ്റ് വിറ്റുകിട്ടുന്ന പണം വത്തിക്കാന്റെ പ്രധാന വരുമാനമാർഗമാണ്. വിനോദയാത്രകൾ കുറയുമ്പോൾ പിന്നീടുള്ള കാലങ്ങൾ സഭ സാമ്പത്തികമായി അധപതിക്കും. പണം കുറയുമ്പോൾ പണംതേടി സഭയുടെ പ്രവർത്തനങ്ങൾ പുറത്തുള്ളവരുടെ താൽപര്യം അനുസരിച്ച് മുമ്പോട്ട്‌ കൊണ്ടുപോകേണ്ടിവരും. സാമ്പത്തിക അഴിമതികൾ നടത്തുന്നവരുടെ എണ്ണം കൂടും.

സമയമെടുത്ത് അനേക കാലങ്ങൾകൊണ്ട് സഭാസ്വത്തുക്കൾ വിറ്റഴിക്കുന്നുവെന്നും  വിചാരിക്കുക. വിലതീരാത്ത കലകൾ വ്യക്തികളുടെ കൈവശം ആകുന്നത്‌ കൂടാതെ ലോകത്തിന് ആ കലാമൂല്യങ്ങൾ  പിന്നീടൊരിക്കലും ആസ്വദിക്കാനും സാധിക്കില്ല. കത്തോലിക്കാസഭ നശിച്ച് മറ്റുള്ള നവീകരണസഭകൾപോലെ പിളരുകയും വീണ്ടും വീണ്ടും പിളർച്ചകൾ  തുടരുകയും ചെയ്യും. ഒരു പുനർ നവീകരണത്തിന്റെ ഉദ്ദേശം സഭയെ നശിപ്പിക്കുകയെന്നല്ലെന്നും മനസിലാക്കണം. സഭാ നവീകരണ നാളുകളിൽ  മുമ്പോട്ട്‌ വന്ന മാർട്ടിൻ ലൂതറിനുപോലും  സഭയെ  പിളർക്കണമെന്നില്ലായിരുന്നു. 

 മ്യൂസിയം ടിക്കറ്റുകൾ വില്ക്കാൻ സാധിക്കാതെ ദിവ്യകാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും. സഭക്കുള്ളതെല്ലാം ആയിരകണക്കിന് വർഷങ്ങളായി നേടിയെടുത്തതാണ്. അതെല്ലാം പുറംലോകത്തിന് വളരെ സൌന്ദര്യം തോന്നുവെങ്കിലും അത് സൂക്ഷിക്കുന്നതെല്ലാം പഴഞ്ചൻ കെട്ടിടങ്ങളിലാണ്. കെട്ടിടങ്ങൾ നന്നാക്കലും പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളുമായി   വത്തിക്കാന്റെ വരുമാനത്തിന്റെ  അധികപങ്കും  ഇന്ന് പാഴായിപ്പോവുന്നുണ്ട്. അതിനായി വസ്തുവകകളും വിറ്റുകൊണ്ടിരിക്കുന്നു. ദൈനംദിന വരുമാനത്തിലും വത്തിക്കാൻ പാപ്പരായികൊണ്ടിരിക്കുകയാണ്. ലോകത്ത് അമേരിക്കാ കഴിഞ്ഞാൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന രാജ്യവും വത്തിക്കാനാണ്. സഭ നശിച്ചാൽ ലക്ഷകണക്കിന് വിദ്യാലയങ്ങളും കോളെജുകളും യൂണിവേഴ്സിറ്റികളും പിന്നീട് മറ്റുള്ള പ്രസ്ഥാനസംഘടനകളുടെ വകയാകും. തന്മൂലം ലോകത്തിന് എന്തെങ്കിലും നന്മ ലഭിക്കുമെന്നും തോന്നുന്നില്ല.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...