Sunday, August 11, 2013

ശ്രീ പുലിക്കുന്നേൽ സാറിന് ഫ്രാൻസീസ് മാർപാപ്പായുടെ മറുപടി



(സാങ്കല്പ്പിക ഹാസ്യരചന)

  By ജോസഫ് പടന്നമാക്കൽ

 യേശുവിൽ പ്രിയപ്പെട്ട  ബഹുമാനിതനായ  പുലിക്കുന്നേൽ സാറേ,

അങ്ങയുടെ കത്തിന് മറുപടിയായി ഞാൻ ഫ്രാൻസീസ്  മാർപാപ്പാ എഴുതിയത് ശ്രദ്ധാപൂർവ്വം വായിച്ചാലും. യുവജനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ബ്രസീലിൽ പോയതുമൂലം മറുപടി അയക്കാൻ താമസിച്ചതിൽ ക്ഷമിക്കുമല്ലോ. അങ്ങയെപ്പറ്റി നല്ലതുമാത്രം അനേകതവണകൾ കേട്ടിട്ടുണ്ട്. ക്രിസ്തുചൈതന്യം നിലനിർത്തുവാൻ ഒരു പ്രവാചകനെപ്പോലെ ജീവിതം മാറ്റിവെച്ചതിലും അങ്ങയുടെ നിസ്തുലമായ സേവനങ്ങളിലും ഈയുള്ളവന് അതിയായ സന്തോഷം ഉണ്ട്. എന്റെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഈ മുഹൂർത്തത്തിൽ അങ്ങേക്കായി അർപ്പിക്കുന്നു.

ഞാൻ ദൈവകൃപയാൽ മാർപാപ്പാ ആകുന്നതിന് വളരെക്കാലം മുമ്പുതന്നെ ആർഭാടങ്ങളോടെ ജീവിക്കുന്ന അഭിഷിക്തരെ അങ്ങ് പല തവണകൾ താക്കീത് കൊടുക്കുന്നതായും കേട്ടിട്ടുണ്ട്. അന്ന് പാലാരൂപത മെത്രാൻ കല്ലറങ്ങാടനും കാഞ്ഞിരപ്പള്ളിരൂപത മെത്രാൻ അറക്കനും അങ്ങയോട് വിരോധമായിരുന്നു. ഇന്ന് അവരുടെ വിരോധം എന്റെനേരെയും തിരിഞ്ഞിരിക്കുന്നു. ആശയപരമായി നമുക്കൊരുമിച്ച് പൊരുതുവാൻ ധാരാളം പഴുതുകൾ ഉണ്ട്. ഭാരതത്തിൽ വരുമ്പോൾ തീർച്ചയായും പാലായിൽ വന്ന്ഞാൻ അങ്ങയെ കാണുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലും തൃശൂരുമുള്ള അഭിഷിക്തർ പ്രശ്നക്കാരെന്നും കേട്ടു. നേർച്ചപ്പെട്ടികളിൽനിന്നും കട്ട് കോടിക്കണക്കിന് രൂപാ വിലപിടിപ്പുള്ള കാറുകളിലാണ് ഇവരൊക്കെ സഞ്ചരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. അല്ഫോൻസായെ വെച്ചു പണം ഉണ്ടാക്കി ബ്ലേഡ് കമ്പനിയിൽ ഇടുന്നുവെന്നും അറിഞ്ഞു. നമ്മൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഇതെപ്പറ്റി കൂടുതലായി സംസാരിക്കാം. എന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോവുന്ന മഹാനായ അങ്ങയോട് എനിക്ക് പ്രത്യേക ബഹുമാനം ഉണ്ട്.

ഇനി വിഷയത്തിലേക്ക് കടക്കട്ടെ. അങ്ങ് എഴുതി, "രണ്ടായിരം വർഷങ്ങളായി അങ്ങയുടെ നാട്ടിൽ നമ്മുടെ സഭ തഴച്ചു വളർന്നു. പതിനാറാം നൂറ്റാണ്ടിൽ വിദേശികളായ പോർട്ടുഗീസ്‌കാർ വരുന്നതുവരെ അങ്ങ് ഉൾകൊള്ളുന്ന സഭയെ യാതൊരു പിളർപ്പുമില്ലാതെ പരിശുദ്ധാത്മാവ് സംരക്ഷിച്ചു പോന്നു." ഞാൻ ചരിത്രം മുഴുവൻ ചികഞ്ഞിട്ടും വത്തിക്കാൻലൈബ്രറി മുഴുവൻ തപ്പിയിട്ടും പരിശുദ്ധാത്മാവിന്റെ വരപ്രസാദത്താലുള്ള റോമായുമായി ബന്ധമുള്ള കേരളത്തിലെ ഒരു സഭയെ കണ്ടെത്തുവാൻ സാധിച്ചില്ല. "പേർഷ്യൻ, നെസ്തോറിയൻ, ഓർത്തോഡോക്സ്, ഇവരെല്ലാം ക്രിസ്ത്യൻ ആചാരങ്ങളെ തകർത്തുവെന്നും" അങ്ങ് എഴുതിയിരിക്കുന്നു. അങ്ങനെയെങ്കിൽ നാലാം നൂറ്റാണ്ടിൽ പിരിഞ്ഞുപോയ ഈ സഭകളും നമ്മുടെ സഭയും തമ്മിൽ പരസ്പര വഴക്കുകളും മത്സരവും ഉണ്ടായിരുന്നുവെന്നല്ലേ മനസിലാക്കേണ്ടത്. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് പരസ്പര മത്സരത്തിൽ ജീവിച്ച ഈ സഭകളിൽമേൽ പരിശുദ്ധാത്മാവിന്റെ കൃപയുണ്ടായിരുന്നുവെന്ന് എങ്ങനെ അങ്ങേക്ക് അനുമാനിക്കാൻ സാധിക്കും?

അങ്ങ് പറയുന്ന രണ്ടായിരം വർഷത്തെ സഭയുടെ തഴച്ചുവളർച്ചലിനെ സംബന്ധിച്ച് ശ്രീ ആലഞ്ചേരിയുമായി ടെലഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സദാ വിമാനയാത്രയിൽ ആയതുകൊണ്ട് സാധിച്ചില്ല. യാത്രകളില്ലാത്ത സമയം അദ്ദേഹം ആരെയും കാണാൻ സമ്മതിക്കുകയുമില്ല. ഈ വന്ദ്യതിരുമേനിക്ക്(?) ടെലിഫോണ്‍ എടുക്കത്തില്ലാത്ത ഒരു വികൃതസ്വഭാവവുമുണ്ട്‌. ആരെങ്കിലും സന്ദർശകർ വന്നാൽ അദ്ദേഹം പത്തായത്തിൽ ഒളിച്ചിരിക്കുന്നതുമൂലം ചരിത്രത്തെപ്പറ്റി ഒരു അന്വേഷണം നടത്തുവാൻ സാധിച്ചില്ലെന്നും ഖേദപൂർവ്വം പറയട്ടെ.

എങ്കിലും അങ്ങയുടെ കത്തിൻപ്രകാരം ഞാൻ പല പൌരാണിക ഗ്രന്ഥങ്ങളും പരിശോധിച്ചു. എന്റെ ഗഹനമായ പഠനത്തിൽ ഇന്നുള്ള സീറോ മലബാർ സഭ നെസ്തോറിയൻ പാഷണ്ഡികളെന്നും മനസിലാക്കി. ഈ സഭ സ്ഥാപിച്ചത് ഇറാനിലെ കുപ്രസിദ്ധ കുറ്റവാളിയായ മനിക്കെയാൻ (Manichean) എന്ന കൊള്ളക്കാരനായിരുന്നു. പിന്നീട് വത്തിക്കാനെ തെറ്റി ധരിപ്പിച്ചത് അഭിഷിക്തരിലെ ബുദ്ധിമാനായ ശ്രീ പവ്വത്തായിരുന്നുവെന്നും മനസിലാക്കി. അങ്ങ് പറയുന്ന ആദിമ ക്രിസ്ത്യാനികളെയും മനിക്കെയാൻ എന്ന കൊള്ളത്തലവൻ നെസ്തോറിയൻ സഭയുടെ കീഴിൽ ആക്കിയിരിക്കാം.

ഉദയംപേരൂർ സുനഹദോസിന് മുമ്പ് റോമുമായി ബന്ധമുള്ള സഭകളെപ്പറ്റി ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വസിനീയമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.  കേരളത്തിലെ ക്രിസ്ത്യൻ ചരിത്രകാർ എഴുതിയിരിക്കുന്നത് എല്ലാംതന്നെ പച്ച കള്ളങ്ങൾ മാത്രമാണ്. ആദിമസഭയുടെ പരിപാവനത നാലാംനൂറ്റാണ്ട് വരെയേ കാണുവാൻ സാധ്യതയുള്ളൂ. അതിനുശേഷമാണ് സഭാവിരുദ്ധരായ നെസ്തോറിയൻ സഭ രൂപം കൊണ്ടത്‌. ഭാരതത്തിൽ വന്നുകൊണ്ടിരുന്ന ബാബിലോണിയൻ ബിഷപ്പുമാർ പൊതുവേ കത്തോലിക്കാ വിരോധികളായിരുന്നുവെന്നും എന്റെ പേപ്പസ്സി ഒപ്പീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാതൃസഭയിൽനിന്നും പിരിഞ്ഞ അവർ സഭാവിരുദ്ധരായിരുവെന്നും (Schismatics) മനസിലാക്കുന്നു.

നാലാംനൂറ്റാണ്ടുവരെ കേരളസഭ ക്രിസ്തു ചൈതന്യത്തിൽ വളർന്നുവെന്ന് പറയുന്നതും വിശ്വസിനീയമല്ല. അന്ന് കേരളം മുഴുവൻ കാട്ടുപ്രദേശങ്ങൾ ആയിരുന്നു. മലവേടന്മാരും കാട്ടുജാതിക്കാരും മാത്രമേയുണ്ടായിരുന്നുള്ളൂ. കേരളം തമിഴകത്തോട് ചേർന്ന നാടായിരുന്നു. നരഭോജികളും തിങ്ങി പാർത്തിരുന്നു. അമ്പും വില്ലുമായി നടന്നിരുന്ന അവരുടെയിടയിലേക്ക്‌ അറാമിക്ഭാഷയോ ഗ്രീക്കോ സംസാരിച്ചിരുന്ന തോമസ് വന്നുവെന്ന് എങ്ങനെ വിശ്വസിക്കും? ഭാരതചരിത്രമോ കേരളചരിത്രമോ വ്യക്തമല്ലാത്ത ചരിത്രകാരുടെ നാട്ടിൽ സുറിയാനിക്കാർ പറയുന്ന ഈ കള്ളചരിത്രങ്ങൾ ഞാൻ എങ്ങനെ വിശ്വസിക്കും? സഭാ പാഷണ്ഡിയായി പ്രഖ്യാപിക്കത്തക്കവണ്ണം അബദ്ധങ്ങൾ നിറഞ്ഞതാണ്‌ ശ്രീ പവ്വത്തിന്റെ ലേഖനങ്ങളെല്ലാം തന്നെയെന്നും മനസിലാക്കുന്നു.

അങ്ങ് എന്നെ മിശിഹായിൽ പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തുവല്ലോ. അപ്പോൾ പുതുക്രിസ്ത്യാനികളായ എന്റെ തലമുറകളും മാർത്തോമ്മായിൽ പാരമ്പര്യമുള്ള അങ്ങയുടെ തലമുറകളും മിശിഹായിൽ ഒന്നാണന്നല്ലേ ചിന്തിക്കേണ്ടത്? പിന്നെ എന്തിന് പാരമ്പര്യത്തിന്റെ പേരില് അങ്ങും തോമസ്‌ ക്രിസ്ത്യാനികളും ഇങ്ങനെ ഒരു മിഥ്യാഭിമാനം കൊണ്ടുനടക്കണം. മതസൌഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗീയത ഉണ്ടാക്കി ശ്രീ പവ്വത്ത് കാഞ്ഞിരപ്പള്ളിക്കാരെക്കൊണ്ട് ക്ലാവർ പഴംകുരിശ് ശബരിമലയിൽ കുഴിപ്പിച്ചിട്ട കഥകളൊക്കെ വേദനയോടെ ഞാൻ കേട്ടിട്ടുണ്ട്. അതുപോലെ ആരോ ഉണ്ടാക്കിയ വെറും ഒരു കെട്ടുകഥയാണ് 'തോമ്മാശ്ലീഹായുടെ കേരളം' എന്ന് പറയുന്നതും.

അങ്ങയെപ്പോലെ മഹാനായ ഒരാൾ ഈ കെട്ടുകഥകളിൽ വിശ്വസിക്കുന്നതും എന്നെ അതിശയിപ്പിക്കുന്നു. നെസ്തോറിയൻവിഭാഗം മാതൃസഭയിൽനിന്ന് പിരിഞ്ഞുപോയത് എ .ഡി. 430 ലെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് നാലാംനൂറ്റാണ്ട് വരെ കേരളസഭയിൽ പരിശുദ്ധാരൂപി വസിച്ചിരുന്നുവെന്ന് വിചാരിക്കുക. ഏഴര കുരിശും ചുമന്നുകൊണ്ട് മാർത്തോമ്മായെന്ന വൃദ്ധൻ ഈ കാടുമാടുകളിൽക്കൂടി എങ്ങനെ നടന്നുവെന്നും വിചാരിക്കുന്നു. ആനയും കരടിയും വസിച്ചിരുന്ന ശബരിമലവരെയാണ് ഈ വൃദ്ധൻ പേർഷ്യയിലെ പാഴ്തടികൊണ്ട് ഉണ്ടാക്കിയ കുരിശും വഹിച്ചുകൊണ്ട് നടന്നതെന്നും വിചാരിക്കണം. ഇതെല്ലാം നമ്മുടെ കർത്താവിന്റെ ഉയർപ്പിനെക്കാളും അതിശയമായി എനിക്ക് തോന്നുന്നു.

അങ്ങ് പറയുന്നതുപോലെ തഴച്ചു വളർന്നിരുന്ന നമ്മുടെ സഭയൊന്നും പോർട്ടുഗീസുകാർക്ക് മുമ്പ് ഭാരതത്തിൽ കാണുന്നില്ല. കത്തോലിക്കരുണ്ടായിരുന്നുവെന്ന തെളിവായി 'ജേക്കബ്' എന്ന ഒരാളെ വിശുദ്ധ ഫ്രാൻസീസ് സേവിയർ ഉത്തമനായ ഒരു കത്തോലിക്കനായി പുകഴ്ത്തുന്നത് പോർട്ടുഗീസ്‌ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോർട്ടുഗീസുകാർക്ക് മുമ്പ് മാർ ജോസഫും മാർ എബ്രാഹാമും കത്തോലിക്കാ വിശ്വാസാചാരം പിന്തുടർന്നവരെന്നും തെളിവുകൾ ഉണ്ട്. പോർട്ടുഗീസുകാർ വരുന്നതിന് അമ്പത് കൊല്ലം മുമ്പ് കാഞ്ഞിരപ്പള്ളി പഴയപള്ളി കൂദാശചെയ്‌ത ഒരു മാർ യൗസേപ്പെന്നും നാനംമോനം ഭാഷയിൽ താളിയോലയിൽ കുറിച്ചിട്ടുണ്ട്. നിധിരിക്കൽ മാണിക്കത്തനാരുടെ കുറിപ്പിൽ കാണുന്നത് ഒമ്പതാം നൂറ്റാണ്ടിൽ മാർ പ്രൊടാസൂയിങ്ങ് (Protasiung), മാർ സെബ്രെസിയം എന്നീ കത്തോലിക്കാ കൽദായ മെത്രാന്മാർ കൊല്ലത്ത് വന്നുവെന്നുംകാണുന്നു. നെസ്തോറിയൻകാരെ കത്തോലിക്കരാക്കിയത് ഇവരായിരിക്കാമെന്നും അനുമാനിച്ചിട്ടുണ്ട്. അക്കാലത്ത് മൊസൂളിലെ പാത്രിയാക്കീസിന്റെ കീഴിൽ നെസ്ത്തോറിയൻകാരും റോമിന്റെ കീഴിൽ കത്തോലിക്കരും ഉണ്ടായിരിക്കാം. അവിടെയും തെളിവുകളായി ഞാൻ വത്തിക്കാൻലൈബ്രററി മുഴുവൻ അന്വേഷിച്ചിട്ടും ഒന്നും ലഭിച്ചില്ല. കത്തോലിക്കരെ കൽദായക്കാരെന്ന് വിളിക്കാൻ തുടങ്ങിയതും അന്നുമുതലാണ്‌. 1504ൽ ഒരു കൽദായമെത്രാനെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തിന്റെ കോപ്പിയും വത്തിക്കാൻ ലൈബ്രറിയിൽനിന്നും ലഭിച്ചിട്ടുണ്ട്. തോമസ് ക്രിസ്ത്യാനികൾ പേപ്പൽഡെലിഗേറ്റായ മരങ്ങോലിയുടെ ചെലവുകൾ വഹിച്ചതും തെളിവുകളിൽ കാണുന്നു. മാനിക്കെയൻ എന്ന കൊള്ളത്തലവൻ സ്ഥാപിച്ച കൽദായക്കാർ ഇത്രമാത്രം തെളിവുകൾ നിരത്തിയതുകൊണ്ട് സീറോമലബാർ സഭയെ റോം ഒരു സ്വതന്ത്ര സഭയായി ദുഖത്തോടെ അംഗീകരിക്കേണ്ടി വന്നു. ഒട്ടകത്തിന് തല ചായ്ക്കാൻ സ്ഥലം കൊടുത്തപോലെയായി. ഇന്ന് അവർക്ക് ലോകം മുഴുവൻ കീഴടക്കണം. ഇറ്റലിയിൽവരെ മണിമാളികകൾ പണിയണം. ഇനി ഒരു മാർതോമ്മാ സഭയെക്കൂടി കേരളത്തിൽ സ്ഥാപിക്കാൻ വത്തിക്കാന് സാധിക്കില്ല. അത്രക്ക് വേല പഠിച്ചവരാണ് മലയാളികളായ അഭിഷിക്തരെന്നും എന്റെ പേപ്പൽഓഫീസിന് ഇതിനകം മനസിലായി കഴിഞ്ഞു.

മാർതോമ്മായിൽ സ്ഥാപിതമായ സഭയാണ് അങ്ങയുടെതെങ്കിൽ ഐതിഹ കഥകളല്ലാതെ തെളിവുകളുമായി വരിക. നമുക്കൊരുമിച്ച് സംസാരിക്കാം. പ്രായംകൊണ്ട് ഞാൻ അങ്ങയെക്കാളും ഇളയതായതുകൊണ്ട് എന്നെ അങ്ങ് ഒരു സഹോദരനായി കണ്ടാൽ മതി. ഞാൻ അർജന്റീനായിൽ സെമിനാരിയിൽ പഠിക്കുന്ന കാലംമുതൽ അങ്ങയുടെ പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരു പക്ഷെ ഇന്നത്തെ അഭിഷിക്തരുടെ ആർഭാടത്തിൽ എന്നെ വേദനിപ്പിക്കുന്നതും അങ്ങയുടെ പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നതുകൊണ്ടായിരിക്കാം.

എന്റെ മുൻഗാമിയായിരുന്ന ബനഡിക്റ്റ് മാർപാപ്പാ വിശുദ്ധ തോമസ് അപ്പോസ്തോലന്റെ ഇന്ത്യയിലേക്കുള്ള യാത്ര വെറും പൊള്ളയായ വാദങ്ങളെന്നും പറഞ്ഞ കഥയും അങ്ങേക്ക് അറിവുണ്ടായിരിക്കുമല്ലൊ. പിന്നെ എന്തിന് ഇല്ലാത്ത ഒരു പാരമ്പര്യം ഉയർത്തി ചരിത്രത്തെ വികൃതമാക്കണം? ഈ കത്ത് തികച്ചും വ്യക്തിപരമാകട്ടെ. ഔദ്യോഗികമായി ഞാൻ എന്തെങ്കിലും സംസാരിച്ചാൽ അവിടെയുള്ള അഭിഷിക്തരും കെട്ടുകഥകളെ ചരിത്രമാക്കി എഴുതുന്നവരും ഒന്നുപോലെ ഒച്ചപ്പാടുകളും പ്രശ്നങ്ങളും സൃഷ്ടിക്കും.


'ആക്റ്റ് ഓഫ് തോമസ്' എന്ന പൗരാണിക കൃതി മുഴുവനായി വിശ്വസിക്കുകയാണെങ്കിൽ അങ്ങ് വിശ്വസിക്കുന്ന വിശുദ്ധ തോമസല്ല കേരളത്തിൽ വന്നതെന്നും വ്യക്തമാക്കും. താഴെ ഞാൻ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് വായിക്കുക.


തോമ്മാ കൃതിയിലുള്ള‍ ശ്ലീഹാ സിറിയാ, പാർത്തിയ (പേർ‍ഷ്യ, ഇറാന്‍) ഗാന്ധാര (പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറേ ഭാഗം) , യാത്ര ചെയ്തതായി പറയുന്നുണ്ട്. എന്നിട്ടും തെക്കേ ഇന്ത്യയിലെവിടെയെങ്കിലും വന്നുവെന്നുള്ള ചരിത്രപരമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. 'തോമ്മാ ആക്ട്' സൂചിപ്പിച്ചിട്ടുമില്ല. സഭ‍ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. ‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെക്കുള്ള യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്‌' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്‍റെ യാത്രകളെ ചരിത്രമായിട്ടു കരുതണമെങ്കിലതു മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തിൽ,‍ സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്,‌ പാലസതീൻ വിട്ടതു ജീസസ്, തന്‍റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നർ‍ഥം വരുന്ന‍ 'ഡിഡിമാസ്' എന്നും വിശുദ്ധനു പേരുണ്ട്. ആക്റ്റ് ഓഫ് തോമസ്‌ വിവരിക്കുന്നതുപോലെ വിശുദ്ധനല്ല വന്നതെന്ന് താഴെ പറയുന്ന തെളിവുകളും ഒന്ന് പരിശോധിക്കുമല്ലൊ.

1. തോമസ്,‌ ജീസസിനെ ധിക്കരിച്ച ഒരുസാമൂഹിക വിരുദ്ധനായിരുന്നു.
2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
3. തോമസ്,‌ ജീസസിന്‍റെ ഇരട്ട സഹോദരനായിരുന്നു.
4. കാനോൻ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
5. തോമസ്‌ ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്‍റെ ഏകജാതനല്ല.


ചുരുക്കത്തിൽ,‍ തോമസിന്‍റെ ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവർക്ക്‌ സഭയുടെ മൌലികങ്ങളായ തത്ത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും. ഇതാണോ പുലിക്കുന്നേൽസാർ വിചാരിക്കുന്ന വിശുദ്ധ തോമസിനാൽ സ്ഥാപിതമായ പരമ്പര്യമതമെന്നും അറിയുവാൻ വലിയ ആഗ്രഹം ഉണ്ട്.

പാരമ്പര്യത്തിന്റെ പേരിൽ അങ്ങ് വിഭാവന ചെയ്യുന്ന ഒരു സഭയെ മിശിഹായുടെ ചൈതന്യത്തിൽ വളർന്ന സഭയെന്നു ന്യായികരിക്കാനും അംഗീകരിക്കാനും എനിക്കുണ്ടാകുന്ന പ്രയാസങ്ങൾ അങ്ങേക്ക് ബോധ്യമായെന്ന് വിചാരിക്കുന്നു. സീറോമലബാർ സഭ തഴച്ചു വളർന്നതുതന്നെ ഈശോ സഭക്കാരും കർമ്മലീത്താക്കാരും പ്രവർത്തനങ്ങൾ തുടങ്ങിയതിൽ പിന്നീടാണെന്നും ബോധ്യമായല്ലൊ. വിശ്വാസം, ഭക്തി, അപ്പോസ്തോലിക ശുഷ്ക്കാന്തിയുടെ ശക്തി സ്രോതസ് എന്നൊക്കെയുള്ള ഭംഗിവാക്കുകൾ ഫാദർ റോബർട്ട് റ്റാഫ്റ്റിനെപ്പോലെ ശ്രീ ആലഞ്ചൈരിയും ശ്രീ കാഞ്ഞിരപ്പള്ളി അഭിഷിക്തനും പറയാറുണ്ട്‌. ഇങ്ങനെ അർഥമില്ലാത്ത വാചക കസർത്തുക്കളിൽ അങ്ങ് വിശ്വസിക്കരുത്.

അമേരിക്കയിലും യൂറോപ്പിലും ഈ പൊങ്ങച്ച കഥകളുമായി സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും പറ്റിക്കാൻ അഭിഷിക്തർ സഞ്ചരിക്കുന്നത് കാണാം. കത്തിൽ കാണുന്നതുപോലെ കേരളസഭ മതജീവിതത്തിന്റെ മാതൃകയെന്നൊക്കെ എങ്ങനെ വിശ്വസിക്കും? കോഴ, ദളിതരോടും ദരിദ്രരോടുമുള്ള വിവേചനം, പണക്കാരെ മാത്രം സേവിക്കുക എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സഭ എങ്ങനെ മാതൃകാ സഭയാകുമെന്നും വിശദീകരിക്കുമല്ലൊ. ഇത്രയേറെ വൈദികരെ സീറോ മലബാർ സഭ സൃഷ്ടിച്ചെങ്കിൽ തൊഴിലില്ലായ്മക്ക് പരിഹാരമായിയെന്നും അങ്ങയുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അത്രയും കൊള്ളക്കാരും കള്ളന്മാരും സന്മാർഗനിരതരും സഭയിൽ നുഴഞ്ഞ് കയറിയെന്നല്ലേ അർത്ഥമാക്കേണ്ടത്? യൂറോപ്പിലും അമേരിക്കയിലും ഇവരെ കയ്യോടെ പിടിക്കാൻ തുടങ്ങി. ഇന്ന് പിടികിട്ടാ കള്ളന്മാർ അങ്ങയുടെ നാട്ടിലുള്ള മലയാളീ വൈദികരെന്നും മനസിലാക്കാൻ കഴിഞ്ഞു. ഭാരതത്തെ മാനസാന്തരപ്പെടുത്തി ക്രിസ്തുരാജ്യമായി ഒന്നും മാറ്റേണ്ട ആവശ്യമില്ല. വേദങ്ങളിലും പുരാണങ്ങളിലും ക്രിസ്തു ഒളിഞ്ഞിരുപ്പുണ്ട്. ക്രിസ്തുവിന്റെ ചൈതന്യവും ഭാരത സംസ്ക്കാരത്തിൽ ഉണ്ട്. വെറുതെ സെമറ്റിക്ക് വിരോധം വളർത്തുവാനെ ഇത്തരം ആസൂത്രണ പദ്ധതികൾ ഉപകരിക്കുകയുള്ളൂ.

യേശുവിൽ വിധേയൻ

ഫ്രാൻസീസ് മാർപാപ്പാ
 

(Almayasabda blog)
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...