Wednesday, August 14, 2013

പെണ്ണെഴുത്തും പുരോഹിത വിമർശനങ്ങളും

By ജോസഫ് പടന്നമാക്കൽ

സാറാ ജോസഫിന്റെ പ്രബന്ധത്തെ 'പെണ്ണെഴുത്തെന്ന്' നിന്ദിച്ചുതള്ളിയ സഭാനേതൃത്വത്തിന്റെ പ്രസ്താവന കണ്ടപ്പോൾ കാര്യമായി എന്തെങ്കിലും പുതിയതായി ലഭിക്കുന്ന വിവരങ്ങൾ കാണുമെന്നാണ് ഞാൻ വിചാരിച്ചത്. ഈ ലേഖനത്തിന്റെ പ്രത്യേകത ഒരു സ്ത്രീ എഴുതിയ മതസാമൂഹിക വിമർശനമെന്നേയുള്ളു. സഭയിലെ കാലഹരണപ്പെട്ട സാമൂഹികാചാരങ്ങളെ വിമർശിച്ചെന്നല്ലാതെ കാതലായ മൗലിക തത്ത്വങ്ങളെപ്പറ്റിയൊന്നും പരാമർശിച്ചിട്ടില്ല. അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്ന് സഭാ നേതൃത്വത്തിൽ യാഥാസ്ഥിതികരും മിതവാദികളും വിശാല മനസ്കരും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഉണ്ട്. കുടുംബാസൂത്രണ പദ്ധതികളും സ്ത്രീകൾക്ക്‌ പൌരാഹിത്യം നിഷേധിക്കലും സ്ത്രീയെ പെറ്റുപെരുകാൻ കാണുന്ന യന്ത്രമായി സഭ കാണുന്നതും സഭയുടെ ഉന്നതശ്രേണിയിലുള്ളവരുടെ ചർച്ചാവിഷയങ്ങളാണ്. ഈ വിഷയങ്ങളെപ്പറ്റി സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ സഭയെ വിമ്മിഷ്ടപ്പെടത്തും. അവിടെ സ്ത്രീയെ തളയ്‌ക്കാൻ സെന്റ് പോളിന്റെ വചനങ്ങൾ സഭയ്ക്ക് വജ്രായുധമായി ഉണ്ട്. പുരുഷന്റെ ഏകാധിപത്യവും സന്മാർഗശാസ്ത്രവും വചനത്തിൽക്കൂടി സ്ഥാപിക്കാൻ സാധിക്കും. ഇവിടെയാണ്‌ മതത്തിന്റെ ചട്ടക്കൂട്ടിൽക്കൂടി സ്ത്രീക്ക് വിമോചനം ലഭിക്കില്ലെന്ന് സാറാ ജോസഫ് തന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കേരള പൌരാഹിത്യം അവരുടെ രചനയെ 'പെണ്ണെഴുത്ത്' എന്ന് പരിഹസിച്ചതിൽക്കൂടി പുരോഹിത വർഗം ആണും പെണ്ണും കെട്ടവരായി അധപതിച്ചുവെന്നും കണക്കാക്കണം.

ശൈശവത്തെ പൌരാഹിത്യം എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന് സാറാ ജോസഫ് തന്റെ സ്വന്തം അനുഭവകഥകളിലൂടെ വിവരിച്ചിട്ടുണ്ട്. പള്ളിവക സ്കൂളിൽ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന അവർ അന്ന് വിമോചനസമര പോരാട്ടത്തിൽ മഞ്ഞയും വെള്ളയുമുള്ള വെള്ളക്കൊടി പിടിച്ചുകൊണ്ട് "തണ്ടാ മുണ്ടാ മുണ്ടശ്ശേരി" യെന്ന് മുദ്രാവാക്യം വിളിച്ചു. അത് പൌരാഹിത്യ ശ്രുംഗലയുടെ കുഞ്ഞുകുട്ടികളുടെമേലുള്ള ഒരു തരം മസ്തിഷ്ക്ക പ്രഷാളനമായിരുന്നു. അന്ന് മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന എന്റെ മുദ്രാവാക്യം 'മണ്ടന്മാരെ പാതിരിമാരെ മുണ്ടശേരി തനിച്ചല്ലെ'ന്നായിരുന്നു.   നിസാരമായ ഒരു കുറ്റത്തിന് കത്തോലിക്കാസ്കൂളിൽനിന്നും എന്നെ പുറത്താക്കിയതുമൂലം അന്ന് ഞാൻ അകത്തോലിക്കാ സ്കൂളിൽ പഠിച്ചിരുന്ന കാലവുമായിരുന്നു.

 സാറായെ സംബന്ധിച്ച് അവർക്കന്ന് ഉൾബോധം ഉണ്ടായിരുന്നു. ശബ്ദമാധുരിയിൽ ലയിച്ച അവരിലന്ന് ഒരു സാഹിത്യകാരി വളരുകയായിരുന്നു. ഇന്നവർ പൌരാഹിത്യത്തെ ഞെട്ടിപ്പിക്കുന്ന സ്ത്രീസിംഹവുമായി മാറി. നവോത്വാന ചിന്തകൾക്കെതിരായ പ്രശ്നങ്ങൾക്കെല്ലാം പാതിരിയുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരു സ്ത്രീയുമായി പുരുഷപാതിരി എങ്ങനെ യോജിക്കും? എത്ര കുഞ്ഞുങ്ങൾ വേണമെന്ന സ്ത്രീയുടെ അവകാശത്തെ തീരുമാനിക്കുന്നത് പുരോഹിതരും മതവുമാണ്. സ്ത്രീ അത് ചോദ്യം ചെയ്‌താൽ മതത്തിന് പിടിക്കില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ മതം അവിടെ തളച്ചിടുകയാണ്. 'മതം സ്നേഹിക്കാനല്ല പഠിപ്പിക്കുന്നത്‌ മറ്റൊരു മതത്തെ വെറുക്കാനാണ് ഓരോ മതവും ശ്രമിക്കുന്നതെന്നും' സാറാ ഈ പ്രബന്ധത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മതത്തിൽനിന്നും സ്ത്രീ വിമോചനമല്ല മാനവവിമോചനമാണ് അവർ ചിന്തിക്കുന്നത്. അത്തരം വിമോചന കൊടിക്കീഴിൽ അവഗണിക്കപ്പെട്ട ദളിതരുമുണ്ട്.

സഭയുടെ ആത്മാക്കളെ രക്ഷിക്കാനുള്ള വ്യവസായം മദ്ധ്യകാലങ്ങൾക്ക് മുമ്പുമുതൽ തുടങ്ങിയതാണ്‌. കുറെ വർഷങ്ങൾക്കുമുമ്പ് ബുദ്ധിജീവികളായ എഴുത്തുകാർക്ക് മഹറോനെ ഭയമായിരുന്നു. സ്വർഗം കിട്ടുകയില്ല, നരകവും പിശാചും മനസങ്ങനെ നിറഞ്ഞിരിക്കും. മനസിന്റെ ഈ വേലിയേറ്റത്തിൽനിന്ന്‌ ഒരു സ്ത്രീക്ക് എന്നും പുറത്തുചാടുവാനും ബുദ്ധിമുട്ടായിരുന്നു. സമൂഹത്തിൽനിന്ന് തന്നെ മതഭ്രഷ്ടാക്കും. ആ ഭ്രാന്തൻകാലങ്ങളിൽ ക്രിസ്ത്യനികളായി പിറന്നവർ  നിർഭാഗ്യരെന്നും  തോന്നിപ്പോവുന്നു.  പ്രസിദ്ധ സാഹിത്യകാരൻ എം.പി. പോൾവരെ അന്നത്തെ സഭാകോമാളികളുടെ ബലിയാടായി തീർന്നു. മനസിലുണ്ടാക്കിയ പേടിയിൽനിന്നും പാപത്തിന്റെ അളവും വർദ്ധിപ്പിച്ചു. ആ പണംകൊണ്ട് മദ്ധ്യകാലയുഗത്തിലെ മാർപ്പാപ്പമാർ ശയിച്ചിരുന്നതും വേശ്യാസദനങ്ങളിൽ ആയിരുന്നു. ഇന്ന് ബുദ്ധിജീവികളായ സ്ത്രീകളെ പരിഹസിക്കുന്ന പുരോഹിതർ മധ്യകാലങ്ങളിലെ പുരോഹിതചരിത്രത്തിൽ വെറും പിമ്പുകളായിരുന്നുവെന്നും ചിന്തിക്കണം. 

'മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി കഴിയുന്നവർക്ക് സാഹിത്യകാരിയാകുവാൻ സാധിക്കുകയില്ലെന്ന്' സാറായെ ഉപദേശിച്ച ആ നല്ല ഗുരുവിനെ അഭിനന്ദിക്കുന്നു. സാറാ മതനിയമങ്ങളെക്കാൾ സാഹിത്യത്തിന്റെ വഴി തെരഞ്ഞെടുത്തു. അത് മലയാള സാഹിത്യത്തിനുതന്നെ ഒരു സമ്പത്തായി മാറി. രാഷ്ട്രം ഭരിക്കാൻ കഴിവുള്ള സ്ത്രീവാളുകൾ ഒരിക്കൽ സമാധാനത്തിന്റെ ചെങ്കോലുമേന്തി പത്രോസ് മുക്കവന്റെ സിംഹാസനത്തിൽ മാർപാപ്പയുടെ പദവിയും അലങ്കരിക്കില്ലെന്ന് ആരറിയുന്നു?    ഇന്ന് പരിഹസിക്കുന്ന പുരോഹിതർ ഈ വസ്തുതയും ആദ്യം മനസിലാക്കട്ടെ.

സ്ത്രീയെ അപമാനിക്കുക നൂറ്റാണ്ടുകളായുള്ള സഭാപിതാക്കന്മാരുടെ പാരമ്പര്യമാണ്. അങ്ങനെയുള്ള പാരമ്പര്യം പിന്തുടർന്നിരുന്ന സഭാപിതാക്കന്മാർ കത്തോലിക്കാസഭയിലും നവീകരണസഭകളിലും ഒരുപോലെ കാണാം. വെറുപ്പിന്റെ ഭാഷ സ്ത്രീയുടെമേൽ പ്രയോഗിക്കുകയെന്നതും ക്രിസ്ത്യൻ മൌലികതയുടെ ഒരു ഭാഗമാണ്. യാഥാസ്തിതിക ചിന്തകളിലൊന്നായി തലമുറകളായി ഇന്നും ആ ചരിത്രം തുടരുന്നു. സെന്റ്‌ ആഗസ്റ്റിൻമുതൽ പാറ്റ് റോബെർട്ട്സൻവരെയുള്ളവർ സ്ത്രീയെ താഴ്ത്തി കെട്ടിയവരാണ്.   കത്തോലിക്കാ സഭയിലും നവീകരണസഭകളിലും കഴിഞ്ഞ നൂറ്റാണ്ടിൽ അനേക പ്രശസ്തരായ വിശുദ്ധരും പാത്രീയാക്കീസുമാരും സഭാപിതാക്കന്മാരും സ്ത്രീയെ വിലയിടിച്ച് തത്ത്വചിന്തകളും എഴുതികൊണ്ടിരുന്നു. സ്ത്രീ വിരോധികളായിരുന്ന സഭാപിതാക്കന്മാരെ പ്രശംസിച്ചുകൊണ്ടുള്ള ചരിത്രങ്ങളും നാം വായിക്കുന്നുണ്ട്.

'മതത്തിന്റെ വേലിക്കുള്ളിൽനിന്ന് ഒരാൾക്ക്‌ സ്വതന്ത്രമായി ചിന്തിക്കാൻ സാധിക്കില്ലന്ന്' സാറായുടെ അഭിപ്രായം തികച്ചും ശരിയാണ്. മതം കല്പ്പിച്ച ചുരുളുകളിൽനിന്നും പുറത്തിറങ്ങിയപ്പോൾ അവർ സമൂഹത്തിനാവശ്യമായ ഒരു എഴുത്തുകാരിയായി വളർന്നു. സ്ത്രീയുടെ പേനായ്‌ക്കും ഛാൻസി റാണിയുടെ വാളിനേക്കാൾ മൂർച്ചയുണ്ടെന്നും അഭിഷിക്തർ മനസിലാക്കണം. ഹാവായുടെ കന്യകത്വവും ശാലീനതയും കവർന്നെടുത്ത മഞ്ചെട്ടിസർപ്പങ്ങളാണ് പുരോഹിതവർഗം. എന്നിട്ട് ആദമിനെ ആവാ ചതിച്ചെന്ന കെട്ടുകഥയുമായി പോൾ മുതൽ മാർട്ടിൻ ലൂതർവരെ  ചരിത്രത്തിലെ വിഷദീപങ്ങളായി പൊള്ളുന്ന ലോകത്ത് ജീവിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുവരെ വിശുദ്ധരും പാത്രിയാക്കീസുമെല്ലാം പുരുഷൻമാർമാത്രം. സ്ത്രീ നികൃഷ്ടജീവിയെന്നും ജുഗുപ്സാവഹവുമെന്നും ഇവർ വിധിയെഴുതി. അതേ വിശുദ്ധരെ വണങ്ങാനും നേർച്ചയിടാനും ഇടിച്ചുതള്ളുന്നതു സ്ത്രീകൾതന്നെ. സ്ത്രീയപ്പറ്റി ആധുനിക കാഴ്ച്ചപ്പാടുകളിലും ഒന്നിനൊന്നു മോശമായതുമൂലം ചിന്താഗതികളിൽ പഴയതുപോലെ മാറ്റമില്ലാതെ തുടരുന്നു.

സഭയുടെ അവിശ്വാസികളെ ഭയപ്പെടേണ്ടതുണ്ടോ? പള്ളിയിൽ പോകാത്തവരെ അവിശ്വാസികളായി സഭയെന്നും കറുത്തപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വവർഗാനുരാഗിയായ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പള്ളിയിൽ പോവാറില്ല. ലഹരിയിൽ അടിമയായവരും ലൈംഗികാസക്തിയിൽ ഡാൻസിൽ പങ്കുചേരുന്നവരും ചീട്ടുകളിയിൽ അടിമകളായവരും പള്ളികളിൽ വിരളമായേ പോവുകയുള്ളൂ. അവരും അവിശ്വാസികളുടെ ഗണങ്ങളിൽപ്പെടും.  ഇവരൊന്നും നിത്യം പള്ളിയിൽ പോവുന്നവരെപ്പോലെ അപകടകാരികളല്ല. വൈകാരികമായും വ്യക്തിപരമായും ഇവരാരും സമൂഹത്തെ ദ്രോഹിക്കുന്നുമില്ല. ഇത്തരക്കാരുടെ അപകടങ്ങൾ ജനത്തിന് നിയന്ത്രിക്കാൻ സാധിക്കും. 

ഒരു കാലത്ത് അവിശ്വാസികളായ ഹിന്ദുക്കളും മുസ്ലിമുകളും സ്വർഗത്തിൽ പോവുകയില്ലെന്നും സഭ വിശ്വസിച്ചിരുന്നു. സഭ വേദപാഠ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നതും അങ്ങനെതന്നെ. സ്വവർഗാനുരാഗികൾക്കും മദ്യം കഴിക്കുന്നവർക്കും ചീട്ടു കളിക്കുന്നവർക്കും സ്വർഗം നിഷേധിച്ചിരുന്നു.   ഡാൻസ് ചെയ്യുന്നതും അശ്ലീല സിനിമാകൾ കാണുന്നതും പാപങ്ങളുടെ പട്ടികയിലുണ്ട്. ഇവരെയെല്ലാം സഭയുടെ ദൃഷ്ടിയിൽ അപകടകാരികളായി കണക്കാക്കുന്നു. എന്നാൽ സത്യത്തിൽ മേൽപ്പറഞ്ഞവരെല്ലാം അപകടം പിടിച്ചവരല്ല. സ്വവർഗ അനുരാഗികൾ യൂറോപ്പിലും അമേരിക്കയിലും തുറന്ന സമൂഹമായി ജീവിക്കുന്നു. ഇവിടെയുള്ള മിക്ക സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരും ഇത്തരക്കാരായ വ്യത്യസ്ത ലൈംഗിക സമൂഹങ്ങളാണ്. കള്ളു കുടിക്കുന്നവൻ നിശബ്ദമായി കിടന്നുറങ്ങികൊള്ളും. ഉണർന്നിരിക്കുന്ന സമയം പ്രശ്നക്കാരനെങ്കിൽ അയാളെ കൈകാര്യം ചെയ്യുവാനും ബുദ്ധിമുട്ടില്ല. എന്നാൽ മേൽപ്പറഞ്ഞവരെക്കാളും അപകടം പിടിച്ചവരാണ് സ്വർഗവും നരകവും ശുദ്ധീകരണസ്ഥലവും വിൽക്കുന്നന്നവരായ മതവും, അവരുടെ കൂട്ടാളികളും പള്ളിയോട് അടുത്തുനില്ക്കുന്നവരും. സമൂഹത്തിൽ അവരെന്നും വിഷം വിതയ്ക്കുന്നു.

എന്റെ അനുഭവം വെച്ച് പള്ളിയിൽ നിത്യം പോകുന്നവർ  കൂടുതൽ അപകടകാരികളായി മാറുന്നത് കാണുന്നു.  വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേരുന്ന ജനതയിൽ പ്രധാനമായും രണ്ട് കൂട്ടരെ വിഷപാമ്പുകളെക്കാളും  ഭയാനകങ്ങളായി കണക്കാക്കാം. ആദ്യത്തെ അപകടക്കാർ പുരോഹിതരുടെ ശിങ്കിടികളായി നടക്കുന്ന പള്ളിയിൽ കണ്ടുമുട്ടുന്ന മതനേതാക്കന്മാരാണ്. സഭാകാര്യങ്ങളും പള്ളിയുടെ പ്രവർത്തനങ്ങളുമായി വലിയ ചിന്തകരായി അഭിനയിക്കും. എനിയ്ക്കുശേഷം പ്രളയമെന്ന രീതിയിൽ താനില്ലാതെ പള്ളി പ്രവർത്തിക്കില്ലെന്ന വിധത്തിൽ ഓടി നടക്കും. കൂട്ടമായി നിൽക്കുന്ന സ്ത്രീകളുടെ ഇടയിൽക്കൂടി ഈ നേതാക്കന്മാർക്ക് തിങ്ങിനടക്കാനും ഇഷ്ടമാണ്. ജനശ്രദ്ധ ലഭിക്കാൻ പള്ളിയുടെ മുൻസീറ്റുകളിൽ മാത്രമേ ഇരിക്കുകയുള്ളൂ. വിശുദ്ധ കർമ്മങ്ങളുടെ മദ്ധ്യേ ആരെങ്കിലും സംസാരിക്കുന്നുവോയെന്ന് കാകന്റെ ദൃഷ്ടിയോടെ കണ്ണുകൾ നീട്ടികൊണ്ടിരിക്കും. അച്ചന്റെ പ്രസംഗം മോശമാണെന്ന് അഭിപ്രായപ്പെട്ടാൽ മതി ഈ നേതാവിന്റെ വിധം മാറുവാനും.  രണ്ടോ മൂന്നോ പേർ കൂട്ടമായി സംസാരിക്കാൻ നിന്നാലും ശ്രദ്ധിക്കാൻ ഇയാൾ ഓടിവരും. ഓരോ കുടുംബങ്ങളിലും എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നുവെന്ന് അയാൾക്കറിയണം. താറുമാറായ അയാളുടെ വീട്ടുപ്രശ്നങ്ങളിൽ നിന്നും ഒരു മുക്തിയുമാകും. മറ്റുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾ അല്പ്പമെങ്കിലും കിട്ടിയാൽ ഈ നേതാക്കന്മാർക്ക് കൊട്ടിഘോഷിക്കാൻ അവസരങ്ങളുമായി.  നാട്ടിലുള്ള ഗർഭിണികളുടെ സ്ഥിതിവിവരകണക്കുകൾ ഇയാൾ സ്ത്രീ ജനങ്ങളെക്കാൾ കൃത്യമായും പറയും. ആണും പെണ്ണും നിറഞ്ഞ ഒരുനേതാവിൽ സ്വയം അഭിമാനം കൊള്ളുന്നു.

അടുത്ത അപകടകാരികൾ പതിവായി പള്ളിയിൽ വരുന്ന പ്രസിദ്ധരായവരും ധനികരുമായിരിക്കും. മന്ത്രിയോ മന്ത്രിമക്കളോ വന്നാൽ ദൈവത്തെപ്പോലെ  അയാൾക്ക്‌ ചുറ്റും ആരാധന തുടങ്ങും. സാധാരണ ഒരു പള്ളി പുരോഹിതന് അയാളുമായി കൂടുതൽ അടുപ്പം കാണും. ആവശ്യത്തിലും അനവസരത്തിലും അയാളെ കുർബാന സമയങ്ങളിലും  പുകഴ്ത്തലുകൾ  തുടങ്ങും. അങ്ങനെ പ്രശംസകൾക്ക്‌ അടിമയാകുന്ന ഈ കീർത്തിമാന്മാർ സമൂഹത്തിന് ദോഷംചെയ്യും. അയാളും കരയിലെ മറ്റൊരു ദൈവമായി പിന്നീട്  പ്രതിഷ്ഠിക്കപ്പെടുന്നതും കാണാം.

എല്ലാ പുരോഹിതരും കൈക്കാരും കപ്യാരും പള്ളിയിൽ വരുന്ന പ്രസിദ്ധരായവരും അപകടകാരികളെന്ന് ഇതിൽനിന്ന് അർത്ഥമാക്കേണ്ടതില്ല. ഈ അഭിപ്രായത്തിൽ ആരും കുപിതരാകേണ്ടതില്ല. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നാണല്ലൊ വചനങ്ങളിൽ പറഞ്ഞിരിക്കുന്നത്.  ഇവിടെ സത്യത്തെ അംഗീകരിക്കാത്തവർക്ക് എന്റെ ഈ അഭിപ്രായത്തിൽ അരുചിയുണ്ടാകാം. അങ്ങനെയെങ്കിൽ പള്ളിയുടെ മുൻനിരയിൽ ഇരിക്കുന്ന നിങ്ങളും അപകടകാരികളെന്ന്  മനസിലാക്കിക്കൊള്ളൂ.

ലത്തീനിലുള്ള പൗരാണിക ഗ്രന്ഥങ്ങളുടെ പിതാവായ ടെർറ്റുല്ലിയൻ (Tertullian) തന്റെ ക്രിസ്തീയതയും 'വിശ്വാസ സത്യങ്ങളും' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്, "സ്ത്രീയെന്നാൽ ദുർഗന്ധം വമിക്കുന്ന ഓടയിലെ വാതകവും അഴുക്കു നിറഞ്ഞ ചെളികൊണ്ടും നിർമ്മിച്ച ശരീരമെന്നാണ്"(Tertullian, "the  faith of Latin Christinity) ഈ പുണ്യാളൻമാരൊക്കെയാണ് അൾത്താര സൂക്ഷിപ്പുകാരെന്നും സ്ത്രീകൾ മനസിലാക്കണം.   മൂന്നാംനൂറ്റാണ്ടിലെ മറ്റൊരു വിശുദ്ധന്റെ അഭിപ്രായം ഇങ്ങനെ,  "ഒരു സ്ത്രീ പൊതുയോഗങ്ങളിൽ സംസാരിക്കുന്നത് നീതികരിക്കുവാൻ സാധിക്കുകയില്ല. അവൾ എന്തു പറഞ്ഞാലും ആശയഗംഭീരങ്ങളായ അഭിപ്രായങ്ങളെങ്കിലും വിശുദ്ധിയുടെ നന്മ നിറഞ്ഞവളെങ്കിലും അവൾക്ക് പ്രാധാന്യം കൊടുക്കരുത്. കാരണം സ്ത്രീയല്ലയോ, സ്ത്രീയുടെ അധരങ്ങളിൽ നിന്നല്ലയോ ആശയങ്ങൾ മുളപൊട്ടിയത്."‌ (Origen d. 258 (3 rd cent.)   

നാലാം നൂറ്റാണ്ടിൽ ജീവിച്ച സെൻറ് അഗസ്റ്റിനോസ് പറഞ്ഞത് "അവൾ ഭാര്യയാണെങ്കിലും അമ്മയാണെങ്കിലും പ്രലോഭിനിയായ ഹാവായുടെ സന്തതിയല്ലയോ. പെറ്റുപെരുകാൻ സ്ത്രീക്ക് കഴിവില്ലായിരുന്നെങ്കിൽ പുരുഷന് സ്ത്രീയെന്തിന്? മഹാനായ മാർട്ടിൻ ലൂതറും സ്ത്രീയെ വിട്ടില്ല. അദ്ദേഹം പറഞ്ഞത് "സ്ത്രീയെ ഭാര്യയായിട്ടോ വ്യപിചാരിണിയായിട്ടോ മാത്രം ദൈവം സൃഷ്ടിച്ചു."

സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാൻ നിയമങ്ങളുണ്ടാക്കിയത് റോമൻ നിയമങ്ങൾ അനുസരിച്ചാണ്. പുരാതനകാലംമുതൽ സ്ത്രീ ഒരു നികൃഷ്ടജന്മമായി സഭ കരുതുന്നു. റോമൻ ‍ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം. വേദങ്ങൾ രചിച്ച പുരുഷ വേദാന്തികൾ അതിപുരാതന കാലംമുതൽ സ്ത്രീത്വത്തെ തരംതാഴ്ത്തി നിയമങ്ങളും രചിച്ചു.

റോമൻനിയമം അനുശാസിച്ചത് സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങൾ കൊടുക്കരുതെന്നായിരുന്നു. ‍ സ്ത്രീ പുരുഷനേക്കാൾ തുല്യത കുറഞ്ഞവളെന്ന് സഭയിലെ ആദ്യപിതാക്കന്മാർ വേദഗ്രന്ഥങ്ങളിൽ എഴുതി ചേർ‍ത്തു.
"മാറ്റുവിന്‍ ചട്ടങ്ങളേ" യെന്നു കുമാരനാശാൻ പാടിയിട്ട് ഏട്ടു പതിറ്റാണ്ടുകൾ ‍ കഴിഞ്ഞു. ചട്ടങ്ങൾ എല്ലാമേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാൽ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുകൾ പിറകിൽതന്നെ. പഴയ കാളപൂട്ടു ചക്രങ്ങള്‍തന്നെ ഇന്നും ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ  ഇന്നും സഭയിൽ ‍അടിമ തന്നെ. സ്ത്രീകൾ പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തിൽ കഴിയുവാനായി താത്പര്യപ്പെടുന്നു. സഭാകാര്യങ്ങൾ ‍ സ്ത്രീകൾ നിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്‍റെ സാരോപദേശങ്ങൾ ആപ്പാടെ അനുസരിക്കും. സ്ത്രീകൾ പുരുഷന്മാരേക്കാളും ‍അന്ധമായ ഭക്തിമാര്‍ഗങ്ങളില്ക്കൂടി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ഇവർ പള്ളിപ്രവര്‍ത്തനങ്ങളിൽക്കൂടി പുരോഹിതരുമായി ചങ്ങാത്തം കൂടുവാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും  പുരുഷന്മാരെക്കാളും ഇഷ്ടപ്പെടുന്നു. എഴുത്തും വായനയുംകൊണ്ട് സ്വയം അറിവുകൾ പോഷിപ്പിക്കുവാനും താത്പര്യപ്പെടുകയില്ല. പുരോഹിതമന്ത്രങ്ങൾ ദൈവവാക്യങ്ങള്‍ എന്നു വിചാരിച്ചു പിള്ളേരെ പരിപാലിക്കുവാനും അവരുമായി സമയം ചെലവഴിക്കുവാനുമാണ് സ്ത്രീജനങ്ങൾ കൂടുതലും ഇഷ്ടപ്പെടുക. സ്ത്രീകൾ പുരു‍ഷന്മാരെക്കാളും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കും. മതപരമായ പൊതുചര്‍ച്ചകൾക്ക് ഇവർ ‍താത്പര്യം കാണിക്കണമെന്നില്ല. പുരുഷമേധാവിത്വത്തിലുള്ള ഒരുസംസ്കാരമാണു നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകളും ചുരുക്കമാണ്. അതിനൊരു അപവാദമാണ് ശ്രീമതി സാറാ ജോസഫ് എന്ന പെണ്ണെഴുത്തുകാരിയെന്നും പുരോഹിതലോകം മനസിലാക്കണം.





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...