Monday, December 16, 2013

കൈവിട്ടുപോയ പൈതൃകനാടും പ്രവാസികളുടെ പരിചിന്തനങ്ങളും


By
ജോസഫ് പടന്നമാക്കൽ 









ജന്മംകൊണ്ട് ഭാരതിയരും കർമ്മംകൊണ്ട് മറ്റുരാജ്യങ്ങളിൽ വസിക്കുന്നവരും സാധാരണ പ്രവാസികളായി അറിയപ്പെടുന്നു.  വിദ്യാഭ്യാസപരമായോ ഉദ്യോഗപരമായോ മറുനാടുകളിൽ വസിച്ച് സ്വന്തം നാട്ടിൽ മടങ്ങിവരാൻ പദ്ധതികൾ ഇട്ടവരെ മുമ്പൊക്കെ പ്രവാസികളായി കരുതിയിരുന്നു. എന്നാൽ ഇന്ന് വിദേശരാജ്യങ്ങളിൽ പൌരത്വം ഉണ്ടെങ്കിലും ഭാരതത്തിലെ ഓ.സി.ഐ. കാർഡ് വഴി ചില അവകാശങ്ങൾ രാജ്യത്ത്  ലഭിക്കുന്നതുകൊണ്ട് ഒരുവനെ പ്രവാസിയായി കരുതാം. അവരിൽ രണ്ടാം തലമുറക്കാരും ഉൾപ്പെടും. 


ആദ്യകാലംമുതൽ ഇരട്ടപൌരത്വം നേടുന്നതിനായി പ്രവാസിജനത ഇന്ത്യാസർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഭീകരത കണക്കാക്കി അത്തരം ഒരു സാഹചര്യം ഒഴിവാക്കാനായി ഇരട്ടപൌരത്വം നല്കാൻ സർക്കാർ തയാറല്ലായിരുന്നു. അതിന് പകരമായി പ്രവാസികള്ക്ക് ചില ആനുകൂല്യങ്ങളുമായി ഓ.സി.ഐ (Overseas Citizen of India ) കാർഡ് നല്കി. 'പ്രവാസി ഭാരതീയപൗരനെന്ന' അർത്ഥമുള്ള പേര് കേൾക്കുമ്പോൾ ഇത് ഇന്ത്യൻ പൌരത്വത്തിന് തുല്യമായി തോന്നാം. പ്രവാസികളുടെ കണ്ണിൽ മണ്ണിടാൻ ആരോ ബുദ്ധിപൂർവം നല്കിയ പേരാണ് ഒ.സി.ഐ (O.C.I)എന്നുള്ളത്. ഇന്ത്യയിൽ ഐഡന്റിറ്റിയായി ഒസിഐ (O.C.I.) കാർഡ് കാണിച്ചാൽ ആരും സ്വീകരിക്കില്ല. ഒരു സെൽഫോണ്‍ കണക്ഷൻ കിട്ടുന്നതിനുപൊലും ഇതിന് നിയമസാധുതയില്ല. ഈ കാർഡ്‌ ആരംഭിച്ചപ്പോൾ കൃഷിഭൂമി മേടിക്കുന്നതിലും വോട്ടവകാശവും ഒഴിച്ച് എല്ലാ ആനുകൂല്യവും ഉണ്ടെന്നാണ് സർക്കാർ പ്രവാസികളെ ധരിപ്പിച്ചിരുന്നത്. ജീവിതകാലം മുഴുവനായ വിസായായും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് പാസ്പോർട്ട് പുതുക്കുന്ന സമയമെല്ലാം ഒ.സി.ഐ (O.C.I)കാർഡും പുതുക്കണമെന്നുള്ളതാണ്. ഇതിനെതിരായുള്ള പ്രവാസികളുടെ മുറവിളിക്ക് സർക്കാരോ അതിനോടനുബന്ധിച്ചുള്ള കാര്യാലയങ്ങളോ ശ്രദ്ധിക്കുന്നുമില്ല. ഒ.സി.ഐ(O.C.I) കാർഡുമുഖേന ഇന്ത്യാസർക്കാർ ഇത് പണം ഉണ്ടാക്കുന്ന ഒരു മാർഗമായി കണ്ടുകഴിഞ്ഞു. അതിനെതിരായ പ്രതികരണങ്ങൾക്ക് മന്ത്രിമാരും രാഷ്ട്രീയക്കാരും മോഹനവാഗ്ദാനങ്ങൾ നല്കി പ്രവാസികളിൽനിന്നും സ്വീകരണവും സമ്മാനങ്ങളും സൗജന്യ യാത്രാടിക്കറ്റും മേടിച്ച് മടങ്ങിപ്പോവും.

 
ഡൽഹിയിൽ ഒരു പ്രവാസികാര്യാലയം ഉണ്ട്. അവരുടെ പ്രധാന ജോലി ഓരോ വിശേഷദിവസങ്ങളിലും പാർട്ടികളും സംഗീതവും ഡാൻസും നടത്തുകയെന്നതാണ്. ക്യാബിനറ്റ്റാങ്കുള്ള ഒരു പ്രവാസിമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പ് ഇന്ന് സർക്കാരിന്റെ വെറും ഒരു വെള്ളാനയെന്ന് പറയാം. ഒരു പ്രവാസി എന്തെങ്കിലും ഒരു കാര്യം സാധിക്കാൻ അവിടെ ചെന്നാൽ കാര്യാലയങ്ങൾ തമ്മിൽ പരസ്പരം ഉരുണ്ടുകളിക്കും. ആഭ്യന്തരവകുപ്പിൽ ചെന്നാൽ വിദേശവകുപ്പിൽ പേപ്പറെന്ന് പറയും. അവിടെനിന്ന് പ്രവാസിവകുപ്പിലേക്കും വിടും. അങ്ങനെ ചുറ്റികളിപ്പിക്കുന്ന ചുവപ്പുനാടകളുള്ള കാര്യാലയങ്ങളാണ് നാടുമുഴുവൻ ഉള്ളത്. ജനിച്ച നാട്ടിലേക്ക് മടങ്ങിപ്പോയാൽ ഒരു പ്രവാസി അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കാര്യസാദ്ധ്യതയ്ക്ക് ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ട കോഴയെന്നതായിരിക്കും. അതിനുള്ള പ്രായോഗിക കഴിവുകൾ പലർക്കും ഉണ്ടെന്നിരിക്കില്ല. ഒരോ ഇന്ത്യാഡേ പരേഡിലും കോണ്‍സുലർ ജനറിലിന്റെ വാഗ്ദാനങ്ങളും കാണും. ഒരേ വാഗ്ദാനങ്ങൾ എന്നും തിളങ്ങുന്ന ഇന്ത്യയുടെ പതാകയുടെ കീഴിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
  

ഭാരതത്തിൽ പ്രവാസിക്ക് സ്ഥലവാസികളെക്കാൾ കൂടുതൽ പരിഗണനയും ബഹുമാനവും നൽകുന്നത്  കാണാം. അവധിയ്ക്ക് വരുന്ന കാലങ്ങളിൽ കാറിൽസഞ്ചാരവും ജീവിതരീതിയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കലും നാട് മുഴുവൻ നടന്ന് സ്വർണ്ണം, വസ്ത്രം ഷോപ്പിങ്ങും പ്രവാസിയെ ജനിച്ചനാട്ടിൽ വ്യത്യസ്ഥനാക്കുന്നു. ചിലർ പണക്കാരായി പൊങ്ങച്ച വർത്തമാനങ്ങളും മറുനാട്ടിലെ വീരകഥകളും തട്ടിവിടാറുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒരു വലയം എപ്പോഴും ചുറ്റിനും കാണും. പോക്കറ്റ് നിറയെ പണവുമായി നടക്കുമ്പോൾ അയാളുടെ മുമ്പുണ്ടായിരുന്ന സ്റ്റാറ്റസിന് തന്നെ ഒരു മാറ്റമായി. നേരെമറിച്ച് ഒരു പ്രവാസി ഡോക്റ്ററോ, എഞ്ചിനീയറോ എന്തുതന്നെ ഉയർന്ന തൊഴിൽ ചെയ്യുന്നയാളായാലും അമേരിക്കയിലോ കാനഡായിലോ ബ്രിട്ടനിലോ താമസിച്ചാൽ ആരും ഗൌനിക്കപോലുമില്ല. ആ അന്തസ് തിരികെ ലഭിക്കുന്നത് നാട്ടിൽക്കൂടി മോഡിയായി വസ്ത്രങ്ങൾ ധരിച്ച് കാറിൽ സഞ്ചരിക്കുമ്പോഴാണ്. വിദേശത്ത് ആരും ശ്രദ്ധിക്കാതിരുന്ന പ്രവാസി അവിടെ ഒന്നാംക്ലാസ് ശ്രേണിയിലുള്ള വിശിഷ്ട വ്യക്തിയായി കരുതപ്പെടും.  

 

കാലത്തിന്റെ നീർച്ചുഴിയിൽ സ്നേഹിച്ചിരുന്ന ബന്ധുജനങ്ങളുടെയും പ്രവാസികളുടെയും ചിന്തകൾ അപ്പാടെ മാറിപ്പോയി. ഇന്ന് ഏറ്റവും അസൂയപിടിച്ചവരായവർ ഒരിക്കൽ നമ്മെ സ്നേഹിച്ചിരുന്ന ബന്ധുജനങ്ങളും സുഹൃത്തുക്കളുമായിരിക്കും. സാമ്പത്തികമായ സുഖസൗകര്യങ്ങളും പണവും പ്രതാവും നേടിയെങ്കിലും പ്രവാസിക്ക് നഷ്ടപ്പെട്ടത് ഏറെയാണ്‌. കുടിയേറ്റക്കാരനായ പ്രവാസിയുടെ പ്രയത്നം മൂലം സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും മെച്ചപ്പെടുത്തിയെങ്കിലും അവരുടെയിടയിലും പ്രവാസി ഏകനാണ്. അവരാരും അയാളുടെ ദുഖത്തിൽ പങ്കുചേരില്ല. പുതിയ ജീവിതം, പുതിയ സമൂഹം, പുതിയ കൂട്ടുകാരായി സാവധാനം പഴയതിനെ മറക്കാനും തുടങ്ങും. പതിയെ പതിയെ സ്വന്തം ഇഷ്ടക്കാരുടെ മുമ്പിലും പ്രവാസി അപ്രധാനമാകും


 

അംബരചുംബികളായ കെട്ടിടങ്ങളുടെയും വീഥികളുടെയും മദ്ധ്യേ ചലിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്ന പ്രവാസി പില്ക്കാല ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കുകയാണെങ്കിൽ സ്വന്തം ജീവിതാനുഭവങ്ങൾ പലതും തമാശ നിറഞ്ഞതെന്ന് തോന്നിപ്പോവും. മണ്ണെണ്ണവിളക്കിന്റെ പുകയിൽ പരീക്ഷയ്ക്ക് പഠിച്ചകാലങ്ങളും കാല്നടയായി ഒന്നും രണ്ടും മൈലുകൾ സ്കൂളിൽ നടന്നുപോയതും സ്കൂളില്പ്പോകാൻ കഷ്ടിച്ച് രണ്ടോ മൂന്നോ വസ്ത്രങ്ങൾകൊണ്ട് തൃപ്തിപ്പെട്ടതും ജീവിക്കാൻവേണ്ടി അന്നുള്ള മാതാപിതാക്കളുടെ നെട്ടോട്ടവും പായ്ച്ചിലുമെല്ലാം ഇന്നലത്തെപ്പോലെ മനസ്സിൽ തെളിഞ്ഞു വരും. വടക്കേഇൻഡ്യയിൽ അന്ന് ജോലിയെങ്കിൽ ഉപ്പേരിയും കപ്പ വറുത്തതും പഴഞ്ചൻവസ്ത്രങ്ങളും നിറച്ച തകരപ്പെട്ടികളുമായി തീവണ്ടിയിൽ സീറ്റ് പിടിക്കാൻ ഉന്തും തള്ളുമായി തത്രപ്പെട്ടതും ഈ പ്രവാസി തന്നെയായിരുന്നു. 

 
അതിനുശേഷം സ്വാനുഭവ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു. മാതാപിതാക്കളും  സഹോദരികളും സഹോദരരുമടങ്ങിയ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മുമ്പിൽക്കണ്ട നാം അന്ന് ഒരു പക്ഷെ സ്വന്തം വീട്ടിൽനിന്ന് രക്ഷപ്പെടാൻ വിദേശത്ത് പോവുകയെന്ന തീരുമാനം എടുത്തത് ശരിയായിരിക്കാം. നമുക്ക് അക്കാലത്ത് മറ്റൊരു വഴിയില്ലായിരിക്കാം. ജനിച്ച നാടിനെയും സുഹൃത്തുക്കളെയും ഓടിച്ചാടി നടന്ന മലകളെയും കുന്നുകളെയും താഴ്വരകളെയും ഊടുവഴികളെയും അയൽവാസികളെയും തൊട്ടടുത്തുള്ള മുറുക്കാൻ ചായക്കടക്കാരെയും സ്വന്തം രാജ്യത്തെയും ഉപേക്ഷിച്ച് അന്ന് വിട പറയേണ്ടിവന്നു. ചിലർ ജനിച്ചനാട്ടിലെ ആറ്റിൻതീരത്തുകൂടി മീൻ പിടിച്ചുനടക്കാനും ഇന്ന് സ്വപ്നം കാണുന്നു. ഭൂരിപക്ഷം ജനങ്ങളും നമ്മുടെ നാടിനോട് എന്നേക്കുമായി വിടപറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചുകാണുകയില്ല.

അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ പൂർവികരാൽ നാം പടുത്തുയർത്തിയ നമ്മുടെ പാരമ്പര്യത്തെ, സംസ്ക്കാരത്തെ മങ്ങലേൽപ്പിച്ചുകൊണ്ട് പിന്തലമുറകൾക്കായി പുതിയ ഒരു സംസ്ക്കാരത്തെ സ്വീകരിക്കേണ്ടി വരുമെന്നും ഓർത്തുകാണില്ല. നമ്മോടൊപ്പവും നമുക്ക് ചുറ്റും ജീവിച്ചവരോടും മടങ്ങിവരുമെന്നുള്ള വാഗ്ദാനമായിട്ടാണ് ആദ്യമായി ഓരോരുത്തരും വിദേശത്തേക്ക് യാത്രതിരിക്കുന്നത്. എന്നാൽ നമ്മിൽ ചുരുക്കം ചിലർ മാത്രമേ ആ പ്രത്യാശ പൂർത്തിയാക്കിയിട്ടുള്ളൂ. 

 
നാം തെരഞ്ഞെടുത്തതായ രാജ്യത്ത് അവസരങ്ങൾ ഏറെയുണ്ടായിരുന്നുവെന്നതും സത്യമാണ്. ദൈനംദിന ജീവിതത്തിലെ സൌകര്യങ്ങൾ,   പരിഷ്കൃതമായ ഒരു ലോകം, കൂടുതൽ കൂടുതൽ ആഡംബര വസ്തുക്കൾ മേടിക്കാനുള്ള കഴിവ് വിലകൂടിയ കാറുകളും വീടുകളുമെല്ലാം പ്രവാസിജീവിതത്തിന്റെ സവിശേഷതകളാണ്. എന്നാൽ വാസ്തവത്തിൽ ഇന്ത്യയിൽനിന്ന് മറ്റൊരുരാജ്യത്ത് പുതിയതായി വരുന്ന ഒരാൾക്ക് ഭാഷയും വിദ്യാഭ്യാസ യോഗ്യതയും എന്നും പ്രശ്നമായിരുന്നു.  മറ്റൊരുരാജ്യത്തെ സാമൂഹിക പെരുമാറ്റങ്ങളും ആചാരങ്ങളുമെല്ലാം തികച്ചും പുതുമയായി അനുഭവപ്പെടും. നാം ഇന്ത്യയിൽ ആയിരുന്നപ്പോഴും ഇംഗ്ലീഷ് സംസാരിച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസകാലംതന്നെ കൂടുതലും ഇംഗ്ലീഷ് ഭാഷയിൽ ആയിരുന്നു. ഇന്ന് അധിവസിക്കുന്ന പുതിയ രാജ്യത്തിലെ ജീവിത സൌകര്യങ്ങളുമായി ഇടപഴുകുമ്പോൾ ഭാഷയുടെ പരിജ്ഞാനമല്ല പ്രധാനം.  ആശയവിനിമയത്തിന് അത്യാവശ്യമായുള്ളത് നമ്മുടെ സംസാരരീതിയുടെ മാറ്റമാണ്. പ്രത്യേകമായ ഉച്ഛാരണത്തോടുകൂടിയ ഇന്ത്യൻ ഇംഗ്ലീഷ് അല്ലെങ്കിൽ മംഗ്ലീഷ് ദൈനംദിനം ജീവിതത്തിൽ കണ്ടുമുട്ടുന്ന പ്രവാസിരാജ്യത്തുള്ള ജനങ്ങൾക്ക് മനസിലാകുവാനും പ്രയാസമാണ്. സംസാരിക്കുന്ന ഭാഷയിൽ വ്യാകരണമോ സ്പെല്ലിംഗോ പ്രശ്നമല്ല. സംസാരിക്കുന്ന രീതിയ്ക്കാണ് ജനങ്ങളുമായി ഇടപഴുകുവാൻ ആവശ്യമുള്ളത്. ഒരു രാജ്യത്ത് വരുമ്പോൾ അവിടുത്തെ നാടോടിഭാഷയിൽ പ്രാവണ്യം നേടണം. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇംഗ്ലീഷ്ഭാഷകൾ തമ്മിൽ അന്തരം ഉണ്ട്. അതുപോലെ അമേരിക്കൻ ഭൂഖണ്ഡത്തിലെ തെക്കും വടക്കുമുള്ളവരുടെയും ഭാഷകളുടെ ഉച്ഛാരണ ശൈലിയിലും വിത്യാസം കാണാം. കൂടാതെ ശരീര ആംഗ്യവും നമ്മുടെ ആശയങ്ങളെ മറ്റുള്ളവരെ മനസിലാക്കുവാൻ ആവശ്യമായി വരുന്നു. പുതിയതായി ഒരു സമൂഹത്ത് ജീവിക്കുമ്പോൾ അവിടെ വിജയിക്കണമെങ്കിൽ ശരിയായ ആശയവിനിമയവും ആവശ്യമാണ്. അന്നാട്ടിലെ ഭാഷകളുടെ വൈദഗ്ദ്ധ്യം നേടാനും സമയമെടുക്കും. 

 
 പ്രവാസി രാജ്യത്ത് കാണുന്നതെല്ലാം എന്നും പുതമയാണ്. വ്യത്യസ്തമായ ഒരു ലോകവും സംസ്ക്കാരവുമായി എന്നും ഒത്തുപോവണം. ഭാഷ കൂടാതെ ഷോപ്പിംഗ്‌പ്രദേശങ്ങൾ, റോഡുകൾ, ഹൈവേകൾ, ഭൂപ്രദേശങ്ങൾ മനുഷ്യരുടെ പെരുമാറ്റചട്ടങ്ങൾ, വിവിധ സംസ്ക്കാരബന്ധങ്ങൾ എല്ലാം വിഭിന്നമാണ്. സർവ്വതും ഒറ്റ രാത്രികൊണ്ട്‌ മനസിലാക്കാൻ സാധിക്കുന്നതല്ല. അവസരങ്ങൾ ധാരാളം ഉണ്ടെന്നുള്ള പ്രതീക്ഷയിലാണ് നാം വിമാനം കയറുന്നത്. എന്നാൽ അത് മുഴുവൻ സത്യമായിരിക്കണമെന്നില്ല. നമ്മൾ ഉദ്ദേശിക്കുന്ന തൊഴിൽമേഖലകൾ കണ്ടെത്തണമെന്നില്ല. സ്വപ്നത്തിൽ കാണുന്ന ജോലി ലഭിക്കാത്തപ്പോൾ നിരാശനാകും.
 
 അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യാക്കാർ പ്രൊഫഷനൽ മേഖലയിലെ വിവിധതുറകൾ പലതും കീഴടക്കി. അവരിൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, ഭരണത്തിലുള്ളവർ, ഉന്നത തൊഴിലുകളിലെ വമ്പൻ ബോസുമാർ അങ്ങനെ സമൂഹത്തിൽ അനേകരുണ്ട്. അവർക്കെല്ലാം സുഖകരമായ ജീവിതവും,   കൊട്ടാരംപോലുള്ള വീടുകളും ആധുനിക ജീവിത സൌകര്യങ്ങളുമുണ്ടാകാം. എന്നാൽ ജീവിതത്തിൽ വിജയികളായ ഇവരെ അന്നാട്ടിലുള്ളവർ ഗൗനിക്കാറില്ല. പ്രവാസികളെ ആ രാജ്യത്തുള്ളവർക്ക് പുച്ഛമായും കാണുന്നു. സംസ്ക്കാരമുള്ള ഉയർന്ന തൊഴിലുള്ളവരെയും അന്നാട്ടുകാർ അസൂയയോടെ കാണുന്നു. തൊഴിലില്ലായ്മ കാരണം അവിടെയുള്ളവരുടെ അവസരങ്ങളെ നഷ്ടപ്പെടുത്തി രാജ്യത്തെ തൊഴിലുകൾ ചൂഷണം ചെയ്തുവെന്നുള്ള ചിന്തകളാണ് പ്രവാസി താമസിക്കുന്ന നാട്ടിലെ നാട്ടുകാർക്കുള്ളത്.  

ജന്മനാട്ടിൽ പ്രവാസിയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടിന് തികച്ചും വിപരീതമായിട്ടാണ് വിദേശത്ത് താമസിക്കുമ്പോൾ ലഭിക്കുന്നത്. അഭിമാനപൂർവ്വം സ്വന്തം രാജ്യത്ത് തല ഉയർന്നുനടന്നവന് വിദേശത്ത് വരുമ്പോൾ തലതാഴ്ത്തി നടക്കണം. പ്രവാസികൾ പ്രത്യേകിച്ച് ഒന്നാംതലമുറകൾ സ്വന്തം അന്തസിനെ, മൂല്യങ്ങളെ അവരുടെ സാമൂഹിക ഉൽകൃഷ്ടയെ, വ്യക്തിത്വത്തെ ഈ നാട്ടിൽ പണയം വെച്ചുവെന്നതാണ് സത്യം. മഹാഭൂരിപക്ഷമുള്ള ജനതയിൽനിന്നും അകന്ന് ന്യൂനപക്ഷ ജനതയുമായി ഒത്ത് ജീവിതം പടുത്തുയർത്തണം. പുതിയ രാജ്യത്തിന്റെ നിയമങ്ങളും ആചാരങ്ങളും പഠിക്കണം. എല്ലാം ആരംഭംമുതൽ തുടങ്ങണം. മാതൃഭാഷയുടെ പുരോഗമനംമൂലം കാലാന്തരത്തിൽ സ്വന്തം ഭാഷയ്ക്കുതന്നെ വിത്യാസം വരും. പുതിയ സാഹചര്യങ്ങളും ജീവിതവുമായി പൊരുത്തപ്പെടണം. വിദേശിയുടെ ജീവിതരീതിയെ പഠിച്ച് അവരെ പിന്തുടരണം. അനേക വർഷങ്ങൾകൊണ്ട്‌ ഒരു പ്രവാസിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവൻ സ്വയം അറിയുന്നില്ല. അവൻ അറിയാതെ മറ്റൊരു മനുഷ്യനാകുന്നത് ഒരു പക്ഷെ പതിറ്റാണ്ടുകൾ കൊണ്ടായിരിക്കാം.  

  
തെരഞ്ഞെടുത്ത രാജ്യത്തുള്ള പ്രവാസിയുടെ ജീവിതം ഇത്രമാത്രം മാനസികസമ്മർദം നൽകുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ട് സ്വന്തം രാജ്യത്ത് മടങ്ങിവരുന്നില്ലായെന്ന് ചോദ്യം ഉയരാം. വിദേശത്ത് താമസിക്കുമ്പോൾ സ്വന്തം ദേശത്തെക്കാൾ മറ്റ് പല നേട്ടങ്ങളുമുണ്ട്. ഉദാഹരണമായി പരിഷ്കൃത രാജ്യത്തുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ മേന്മ സ്വന്തം രാജ്യത്ത് ലഭിക്കുകയില്ല. കുട്ടികളുടെ വിദ്യാഭ്യാസവും ജോലി അവസരങ്ങളും മെച്ചപ്പെട്ടത് അമേരിക്കാ, യൂറോപ്പ് മുതലായ രാജ്യങ്ങളിലായിരിക്കാം.

മറ്റൊരു രാജ്യത്തിന്റെ പൌരത്വം എടുത്തെങ്കിലും മിക്കവരുടെയും മനസിനുള്ളിൽ അവർ ഭാരതിയരെന്നുള്ള ചിന്തകളുമുണ്ട്. പുതിയ സംസ്ക്കാരവും പുതിയ ജീവിതവുമായി ഒത്തിണങ്ങിയ ഭൂരിഭാഗം പ്രവാസികളും അവരുടെ ബന്ധുജനങ്ങളെയും കുടിയേറാൻ സഹായിച്ചിട്ടുണ്ടാകാം. ചുറ്റും ബന്ധുജനങ്ങൾ പ്രവാസി രാജ്യത്തുള്ളപ്പോൾ സ്വന്തം രാജ്യത്തിലേക്ക് മടങ്ങിവന്നാലും ഒറ്റപ്പെട്ട ജീവിതമായിരിക്കാം അനുഭവപ്പെടുന്നത്. എന്നിരുന്നാലും സ്വപ്നങ്ങൾ കാണുകയെന്നത് മനുഷ്യസഹജമാണ്. എത്രമാത്രം നാം ഉന്നതങ്ങളിൽ എത്തി വിജയിച്ചാലും നമ്മുടെതായ പഴങ്കാല സംസ്ക്കാരത്തിന്റെ ഒർമ്മകൾ നമ്മെ പുറകോട്ടുള്ള കാലത്തേക്ക് വഹിച്ചുകൊണ്ട്    പോകും.  നല്ലൊരു ഭാവിക്കായി സ്വപ്നം കാണാത്തവർ ആരുമുണ്ടാവുകുയില്ല. അതേസമയം സ്വന്തം നാട്ടിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ഇന്നലെകളുടെ ഭാരതത്തിലെ സാമൂഹികവും സാംസ്ക്കാരികവുമായ പരിവർത്തനഘട്ടങ്ങളും മനസിലെന്നും ഉദിച്ചുവന്നുകൊണ്ടിരിക്കും. കുറച്ചുപേർക്ക് മടങ്ങിപോവാൻ ആഗ്രഹം വന്നേക്കാം. കാരണം അവിടെ സുഹൃത്തുക്കളും ബന്ധുക്കളും പ്രായമായ മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ടാകാം.

'മടങ്ങണോ  പ്രവാസി ജീവിതം തുടരണോ' എന്നിങ്ങനെ ഉത്തരം കാണാതെ പ്രവാസിയുടെ മനസ് സദാ ചഞ്ചലിച്ചുകൊണ്ടിരിക്കും. അമേരിക്കാപോലുള്ള രാജ്യത്ത് വളർന്ന പുതിയ തലമുറയിലെ ചെറുപ്പക്കാരായവർ അവർ ജനിച്ചുവളർന്ന മണ്ണിന്റെ സംസ്ക്കാരത്തെ പൂർണ്ണമായും തെരഞ്ഞെടുത്തുകഴിഞ്ഞു. അവരുടെ മാതാപിതാക്കളുടെ രാജ്യത്തോട് കൂറ് കണ്ടെന്നിരിക്കില്ല. അതേസമയം കുടിയേറ്റക്കാരായി വന്നവർക്ക് നാടുമായി എന്നും ഒരു ബന്ധം കാണും. സാമ്പത്തികവും കുടുംബ കാരണങ്ങളും കൊണ്ട് അവർ തെരഞ്ഞെടുത്ത പ്രവാസിജീവിതത്തിൽ സ്ഥിരമായിപ്പോവും.  മനസിലെ പോരാട്ടത്തിൽ ജനിച്ചനാടിനെ ത്യജിച്ച് അവസാനം പ്രവാസിമണ്ണിലും അന്ത്യം കുറിക്കും. ഭാഗികമായ ഇന്ത്യയിലെ താമസമല്ലാതെ ഭൂരിഭാഗം പ്രവാസികളും സ്ഥിരമായി മടങ്ങിപ്പോവാറില്ല.പുഴകൾ പാടുന്ന നാടും സ്നേഹം നല്കുന്ന വീടും നെഞ്ചിലടിക്കുന്ന മോഹങ്ങളും ഇന്ന് പ്രവാസിയുടെ
ഗാനങ്ങളിലില്ല.


 


 
 

 
 

 


 


 


 


 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...