ഇന്ത്യയിൽ വസ്തുക്കളുള്ള പ്രവാസികളുടെ കഥകൾ കേൾക്കുമ്പോൾ സാധാരണ ബോളിവുഡ് സിനിമാകളിലെ സാഹസിക കയ്യേറ്റം നടത്തി ജീവിക്കുന്നവരുടെ എപ്പിസോഡുകൾപോലെ തോന്നിപ്പോവും. അമേരിക്കയിൽനിന്ന് അവധിക്കാലത്ത് മുംബയിൽ എത്തിയ പ്രവാസി ദമ്പതികളുടെ ഒരു കഥയും 'ടൈംസ് ഓഫ് ഇന്ത്യായിൽ' വായിച്ചു. പൂർവിക സ്വത്തായ വസ്തുവകകൾ സന്ദർശിക്കാൻ അവർ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച വസ്തുക്കളെല്ലാം അനധികൃതമായി കുടിയേറിയവരുടെ കൈവശത്തിൽ ഇരിക്കുന്നതായിരുന്നു. അങ്ങനെ കയറിയ നുഴഞ്ഞുകയറ്റക്കാർ വസ്തുക്കൾ വിട്ടുകൊടുക്കാനും തയ്യാറല്ലായിരുന്നു. പകരം പ്രവാസി ദമ്പതികളെ അതിക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായത്. കൂട്ടത്തിൽ ചുറ്റുമുള്ളവർ ഒത്തുകൂടി പ്രവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്ത് ദമ്പതികളെ അവരുടെ പുരയിടത്തിൽനിന്നും ബലമായി പുറത്താക്കുകയും ചെയ്തു.
വിസ്ക്കോൻസിനിൽ താമസിക്കുന്ന ഒരു പ്രവാസി ഇന്ത്യാക്കാരന്റെ വസ്തു ക്രയവിക്രയമൂലം ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ കഥയാണ് താഴെ ചുരുക്കമായി വിവരിച്ചിരിക്കുന്നത്. പ്രവാസികളായവർ ഇത്തരത്തിലുള്ള ഭവിഷിത്തുക്കളിൽ അകപ്പെടാതിരിക്കാൻ അനുഭവസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഥയും ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉപദേശങ്ങളും വായനക്കാർക്ക് പ്രയോജനപ്പെടും. അമേരിക്കൻ പൗരനായ ശ്രീ ഭാരത് പ്രകാശ് ഏതാനും വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ താമസമാക്കിയിരുന്ന തന്റെ പിതാവിന്റെ താമസം മതിയാക്കി ബാംഗ്ലൂരിൽ മറ്റൊരു വീട് മേടിച്ച് പിതാവിന്റെ വാസസ്ഥലം അവിടെയാക്കി. ഡൽഹിയിലെ ഭവനം വില്ക്കുവാനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ മാതാവ് ഏതാനും വർഷങ്ങൾക്കുമുമ്പ് മരിച്ചു പോയിരുന്നു. അതിനുശേഷം പിതാവിന്റെ ആരോഗ്യനിലയും വഷളായിക്കൊണ്ടിരുന്നു. ഡൽഹിയിൽ മറ്റ് ബന്ധുക്കൾ ആരും ഇല്ലായിരുന്നതിനാലാണ് ബന്ധുജനങ്ങളുള്ള ബാംഗ്ലൂരിൽ വീട് വാങ്ങിച്ചത്. ആൾതാമസമില്ലാതെ ദൽഹിയിലെ വീട് പൂട്ടിയിടുകയും ചെയ്തു. ക്രമേണ ആ വീട് വിൽക്കാനും പ്രകാശ് മനസ്സിൽ പദ്ധതിയിട്ടിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഡൽഹിയിലെ ഭവനം ഒരു പേക്കിനാവ് പോലെയായിരുന്നു. ഏതാനും നാളുകൾക്കുശേഷം ആൾതാമസം ഇല്ലാഞ്ഞ പ്രകാശിന്റെ പിതൃഭവനം നിയമാനുസരണമല്ലാത്ത കയ്യേറ്റക്കാരുടെ കൈവശമായിത്തീർന്നു. വീടിന്റെ പരിസരം വീണ്ടും കയ്യേറാതിരിക്കാൻ വീട് നോക്കാനായി കാവൽക്കാരായവരെ ഏർപ്പെടുത്തേണ്ടി വന്നുവെന്ന് പ്രകാശ് ദുഃഖത്തോടെ പറഞ്ഞു.
സത്യമെന്തെന്നാൽ ആൾപാർപ്പില്ലാത്ത ഇത്തരം ഭവനങ്ങൾ കയ്യേറ്റക്കാരുടെ അധീനതയിൽ പെട്ടുപോവുന്നത് നിത്യസംഭവങ്ങളായി തീർന്നിട്ടുണ്ട്. തന്മൂലം പ്രവാസികൾ ഉൾപ്പടെയുള്ളവർ ഇന്ത്യയിൽ കേസിന്റെ നൂലാമാലകളായി പലവിധ ദുരിതങ്ങളും അനുഭവിക്കുന്നുണ്ട്. അവിടെ നിക്ഷേപിക്കുന്നവരുടെ വസ്തുവകകൾ ആരും ശ്രദ്ധിക്കാനില്ലെങ്കിൽ പലപ്പോഴും സ്ഥലത്തെ അധികാരികളുടെ അറിവോടെ കയ്യേറാൻ സാധ്യതയുണ്ട്. കയ്യേറ്റക്കാരെ സഹായിക്കുന്നതിന് മാഫിയാ സംഘടനകൾ തന്നെയുണ്ട്. കൂടുതലായും കയ്യേറ്റക്കാർ നുഴഞ്ഞുകയറുന്നത് പ്രവാസികളുടെ ആളൊഴിഞ്ഞ വീടുകളിലായിരിക്കും. അനധികൃതമായി കയ്യേറിയവരെ നിയമപരമായി പുറത്താക്കണമെങ്കിൽ മാസങ്ങൾതന്നെ കോടതികളിൽ കയറിയിറങ്ങേണ്ടി വരും. ആർക്കെങ്കിലും വാടകയ്ക്ക് താമസിക്കാൻ കൊടുത്താലും അവരെ കുടിയൊഴിപ്പിക്കുകയെന്നതും എളുപ്പമല്ല. കാരണം മിക്ക സ്റ്റേറ്റുകളിലും വാടകക്കാരന് അനുകൂലമായിട്ടാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് അസുഖം വന്ന് ചീകത്സിക്കുന്നതിലും അസുഖം വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഇന്ത്യയിൽ വസ്തുവകകൾ നിക്ഷേപമായി കരുതുന്നവർ ഇത്തരം ദുരന്തങ്ങൾകൂടി കാലേകൂട്ടി മനസിലാക്കണമെന്ന് ശ്രീ പ്രകാശ് പറയുന്നു.
നിയമപരമായി ഉപദേശങ്ങൾ നൽകുന്ന ബാംഗളൂരിലെ ഒരു കമ്പനി(Law firm) യുടെ സ്ഥാപകനായ നിധിസിംഹ അഭിപ്രായപ്പെട്ടിരിക്കുന്നതായത് ഒരു കയ്യേറ്റക്കാരന് അവൻ ഉടമസ്തനല്ലെങ്കിലും അക്രമിച്ചെടുത്ത വസ്തുവിന്മേൽ നിയമപരമായ പരിരക്ഷണവും അയാൾക്ക് ലഭിക്കാറുണ്ട്. കൈവശം വെച്ചിരിക്കുന്നവന്റെ അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് നിയമത്തിന്റെ പരിരക്ഷണം അയാൾക്കും ലഭിക്കുന്നത്. കൈവശക്കാരൻ നിലവിലുള്ള നിയമത്തിന്റെ തണലിൽ നിയമത്തെ വളച്ചൊടിക്കുകയും ചെയ്യും. അതുമൂലം യഥാർത്ഥ അവകാശി പലപ്പോഴും വസ്തു തിരിച്ചെടുക്കുന്ന നിയമയുദ്ധവേളയിൽ അക്രമിച്ചെടുത്തവന്റെ സ്വാധീനവലയത്തിലുള്ള ധിക്കാരികളായ ചിലരിൽനിന്നും ഭീക്ഷണികളും നേരിടാറുണ്ട്. കടന്നു കയറ്റക്കാരിൽ നിന്നുള്ള പ്രശ്നം കൂടുതലായും അനുഭവപ്പെടുന്നത് ആരും നോക്കാനും അന്വേഷിക്കാനും ഇല്ലാത്ത പ്രവാസികളായവരുടെ വസ്തുക്കളേൽ ആയിരിക്കും. തന്മൂലം പരിചിതമല്ലാത്ത നാടാണെങ്കിലും വസ്തുക്കൾ കാത്തുകൊള്ളുന്നതിനായി സ്ഥലവാസികളുടെ സഹായം തേടേണ്ടി വരുന്നു. കേസുകൾ എന്തെങ്കിലും വന്നാലും വസ്തുവിനോട് സമീപത്ത് താമസിക്കുന്നവരെ വിശ്വസിച്ച് എല്പ്പിക്കണം. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ വിശ്വാസ വഞ്ചകരാണ് കൂടുതലായും ഉള്ളത്.
അതുകൊണ്ട് പ്രവാസികളായവർക്ക് ഇന്ത്യയിൽ വീടും പുരയിടവും ഉണ്ടെങ്കിൽ അവകൾ സംരക്ഷിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട ചില നിബന്ധനകളും ഉണ്ട്. അതിനുമുമ്പ് നിയമാനുസൃതമല്ലാതെ കയ്യേറ്റം നടത്തുന്നതും എങ്ങനെയെന്ന് പരിശോധിക്കാം. നിയമപരമല്ലാതെ സാധാരണ രണ്ട് വിധത്തിലാണ് വസ്തുക്കൾ കൈവശം വെക്കാറുള്ളത്. ആദ്യത്തേതിൽ കയ്യേറ്റക്കാർ വസ്തുക്കളിൽമേൽ കള്ളപ്രമാണങ്ങൾ ഉണ്ടാക്കും. അതിനുശേഷം ശരിയായ ഉടമസ്ഥനെ വസ്തുവില്മേൽ അവകാശമില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇവർ പൊതുവേ കവർച്ചയും കൊലപാതകവും നടത്തുന്നവരുടെ ഗണവുമായിരിക്കും. അവർ ആ വസ്തു മാർക്കററ് വിലയേക്കാൾ വിലയിടിച്ച് ഉടമസ്ഥനോട് മേടിക്കുകയോ ഭീമമായ ഇടലാഭം മേടിച്ച് മറ്റുള്ളവർക്ക് വിൽപ്പിക്കുകയോ ചെയ്യും. അല്ലെങ്കിൽ കൈവശാവകാശത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടുതലായും സ്ഥലത്തുള്ള റവന്യൂ ഡിപ്പാർമെൻറ്മായി ഒരു തരം ഒത്തുകളിയായിരിക്കും.
വസ്തുക്കളെ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങളും ബാധ്യതകളും രേഖപ്പെടുത്തുന്ന ഒരു കേന്ദ്ര കാര്യാലയ ഡിപ്പാർട്ട്മെൻറ് പ്രവർത്തനം ആരംഭിച്ചാൽ ഇത്തരം പ്രവാസികളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ആശ്വാസമാകുമായിരുന്നു. അങ്ങനെയെങ്കിൽ പ്രവാസികൾ ഇന്ത്യയിൽ വസ്തുക്കൾ മേടിക്കുന്നതിനു മുമ്പായി വസ്തുക്കളെ സംബന്ധിച്ച വിവരങ്ങളും ചരിത്രവും പ്രവാസിവകുപ്പിൽനിന്നും കണ്ടെടുക്കാമായിരുന്നു. കേന്ദ്രീകൃതമായ മാർഗങ്ങളിൽക്കൂടി പ്രവാസികളെ സഹായിക്കാൻ ശക്തമായ ഒരു പ്രവാസിവകുപ്പ് ഉണ്ടെങ്കിൽ റീയൽ എസ്റ്റേറ്റുമായി കൈകാര്യം ചെയ്യുന്ന പ്രവാസികൾ ഇങ്ങനെയുള്ള ചതികളിലും പ്രശ്നങ്ങളിലും അകപ്പെട്ടു പോകില്ലായിരുന്നു.
'ഭാരതം നമ്മുടെ നാട്' എന്ന അഭിമാന ബോധത്തോടെ ഉയർച്ചയിലും താഴ്ചയിലും പ്രവാസികളെന്നും സ്വന്തം രാജ്യത്തിനൊപ്പം ഉണ്ടായിരുന്നു. നിർണ്ണായക കാലങ്ങളിലെല്ലാം പ്രവാസികളായവർ ഭാരതസർക്കാരിനെ എന്നും സഹായിച്ച ചരിത്രമേയുള്ളൂ. അവരുടെ വേദനകൾ സർക്കാരിന് ഉൾക്കൊള്ളാൻ സാധിക്കാത്തത് തികച്ചും ലജ്ജാകരവും രാജ്യത്തിന് അപമാനവുമാണ്. പരസ്പരമായ ധാരണയില്ലെങ്കിൽ നിരുപയോഗികളായ നമ്മുടെ നാട്ടിലെ മന്ത്രിശ്രേഷ്ഠന്മാരെ സ്വീകരണ പന്തലുകളിലേക്ക് ആനയിക്കുന്നതെന്തിനാണ്? അവർ പങ്കുചേരുന്ന പ്രവാസി സമ്മേളനങ്ങൾ ബഹിഷ്ക്കരിച്ച് ഈ നാടിന് അവരെക്കൊണ്ട് ആവശ്യമില്ലെന്ന സന്ദേശം നല്കി പ്രതികരിക്കുകയും വേണം. പ്രവാസികളുടെ വിയർപ്പിന്റെ ഫലം അനുഭവിക്കാൻ വന്നെത്തുന്ന മന്ത്രിപുംഗവന്മാരുടെ അർത്ഥശൂന്യങ്ങളായ വാക്കുകളിൽ ഇന്ന് പ്രവാസിക്ക് വിശ്വാസവും നഷ്ടപ്പെട്ടുകഴിഞ്ഞു.
.
http://britishpathram.com/index.php?page=newsDetail&id=29347
Malayalam Daily News :
http://www.malayalamdailynews.com/?p=60700
കയ്യേറ്റക്കാരുടെ പ്രവാസിഭൂമി - ജോസഫ് പടന്നമാക്കല്‍ .
http://joychenputhukulam.com/newsMore.php?newsId=35829
http://www.malayalamdailynews.com/?p=60700
കയ്യേറ്റക്കാരുടെ പ്രവാസിഭൂമി - ജോസഫ് പടന്നമാക്കല്‍ .
http://joychenputhukulam.com/newsMore.php?newsId=35829
No comments:
Post a Comment