Monday, December 9, 2013

ബെൻമോൻ പപ്പായുടെ പൊന്മോൻ

By Joseph Padannamakkel







പ്രിയപ്പെട്ട ബെൻ മോൻ വിട പറഞ്ഞെങ്കിലും അവനെ സ്നേഹിച്ചവരായ  ഞങ്ങളോടൊപ്പം അവനെന്നും ജീവിക്കുന്നു. അവസാനമായി ഞാൻ അവനെ കണ്ടത് കഴിഞ്ഞ വർഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു. എന്നെത്തേടി പ്രതീക്ഷിക്കാതെ എവിടെനിന്നോ അവൻ വന്നു. ഒരു മണിക്കൂറോളം അന്ന് വർത്തമാനം പറഞ്ഞപ്പോൾ അവന്റെ ജീവിതത്തിലെ നാഴികമണികൾ എണ്ണപ്പെട്ടെന്ന് ഞാനന്ന് അറിഞ്ഞില്ലായിരുന്നു. അവൻ മാത്രം എന്നെ യാത്ര അയക്കാൻ വന്നു. അവന്റെ നിത്യമായ യാത്രപറച്ചിലിൽ  ഞാൻ അവിടെയുണ്ടായിരുന്നില്ല. സൌഭാഗ്യ കിരീടത്തിലേക്ക് അവൻ യാത്രചെയ്തതും സുന്ദരനായിട്ടായിരുന്നു.


ബെൻമോൻ ജനിച്ച ദിവസം എനിക്കിന്ന് ഇന്നലെയുടെ ഓർമ്മകൾപോലെയാണ്.നാല് പെണ്മക്കൾ കഴിഞ്ഞ് ഒരാണ്‍തരിയെ കിട്ടിയപ്പോൾ അന്നെല്ലാവർക്കും പുരയിലൊരു ഉത്സവമായിരുന്നു. അവന്റെ പപ്പാ മതി മറന്ന് അത്യാഹ്ലാദത്തോടെ നാടായ നാടുമുഴുവൻ വിവരങ്ങൾ അറിയിച്ചതും ഓർമ്മിക്കുന്നുണ്ട്. ഒരു പൊന്നോമന മകനെ കിട്ടിയതിൽ എന്നും എന്റെ ചേട്ടൻ ചാക്കോച്ചൻ അഭിമാനിയായിരുന്നു. വൈമാനിക സർവീസിൽനിന്നും ജോലി മതിയാക്കി അദ്ദേഹം നാട്ടിൽ വന്ന കാലവുമായിരുന്നു. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുമായി വിസായ്ക്ക് ഞാൻ കാത്തിരിക്കുന്ന കാലവും. അക്കാലത്ത് ചാക്കോച്ചനും കുടുംബവും മൂവാറ്റുപുഴയിൽ സ്ഥിര താമസമാക്കിയിരുന്നു. കുഞ്ഞുവാവാ കൈക്കുഞ്ഞായിരുന്നപ്പോൾ ഒരിക്കൽ അവന്റെ പപ്പാ കുഞ്ഞിനേയും കൊണ്ട് എന്റെ അടുത്തു വന്ന് പറഞ്ഞു, "നോക്കടാ ജോസുകുട്ടീ, എന്റെ കുഞ്ഞ് നിന്നെ നോക്കുന്നത് നീ കാണുന്നില്ലേ. ഒന്നെടുക്കടാ ഇവനെ.  നിനക്കും കുഞ്ഞുണ്ടാകുമ്പോൾ ഇപ്പോഴെ എടുക്കാൻ പഠിക്കടാ" ഞാൻ ആ കുഞ്ഞിനെ കൈകളിൽ താലോലിച്ചെടുത്ത് തല തോളിലായി വെച്ചു. ഒമനത്തമുള്ള ആ കുഞ്ഞിനെയുംകൊണ്ട് വീടിന് ചുറ്റും നടന്നു. ആകാശത്ത് നോക്കി ഞാൻ അവനോട് പറഞ്ഞു, നിന്റെ പുഞ്ചിരിയും നിന്റെ കളിയും വളർച്ചയുടെതായ കുസൃതികളും എനിക്കിനി കാണാൻ പറ്റില്ല. ഭൂഖണ്ഡവും കടന്ന് രണ്ട് ദിവസം കഴിഞ്ഞ് അങ്ങകലെ ഞാൻ വിമാനം കയറിപ്പോവും. വാരി പുണർന്ന് മുത്തം തന്ന് ആകാശം മുട്ടെ അവനെ താലോലിക്കണമെന്നും തോന്നിപ്പോയി. വാതില്പ്പടികളിലിരുന്ന് റോഡിൽക്കൂടി പോവുന്ന വണ്ടികളെ അവനെ ചൂണ്ടി കാണിച്ചതും ഇന്നലെയുടെ സ്വപ്നങ്ങളായും  തോന്നുന്നു.


ബെൻമോൻ ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയിലേക്ക് ഞാൻ കുടിയേറിയതുമൂലം അവന്റെ വളർച്ചയുടെതായ കാലങ്ങളും കളിയും കുസൃതിയും ഓട്ടവും ചാട്ടവും എന്നിൽ സ്പർശിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. എങ്കിലും അവന്റെ മരിച്ചുപോയ പപ്പാ എന്നെ എഴുത്തുകളിൽക്കൂടിയും ടെലഫോണിൽക്കൂടിയും അവനിലെ വളരുന്ന വ്യക്തി പ്രഭാവത്തെ അറിയിക്കുമായിരുന്നു. സാധാരണ ഒരു ബാലനായിട്ടായിരുന്നു അവൻ വളർന്നതും. ബെൻമോന്റെ പ്രാഥമിക വിദ്യാഭ്യാസം മൂവാറ്റുപുഴയിൽ ആയിരുന്നു. അവിടെനിന്ന് ഡിഗ്രീ കരസ്ഥമാക്കിയശേഷം നിയമ ഡിഗ്രിക്കായി മൈസൂറിൽ പഠിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനുശേഷം വിവിധ സ്ഥാപനങ്ങളിൽ മാനേജരായി ജോലിചെയ്ത്‌ അവിടെയുള്ള സഹപ്രവർത്തകരുടെയും തൊഴിലാളികളുടെയുമെല്ലാം പ്രിയങ്കരനായി തീർന്നിരുന്നു. അവൻ സ്വയം മറന്നും ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളിൽ ആകുലനായി അവരെ സഹായിക്കാനും എന്നും തീക്ഷ്ണതയും പ്രകടിപ്പിച്ചിരുന്നു. മരിക്കുന്ന വേളകളിലും രോഗിയായിരിക്കുന്ന അവന്റെ അമ്മാവനെ സഹായിക്കാനും അവനിലെ ക്രൈസ്തവത അവനെ നയിച്ചിരുന്നു. കൂടെ താമസിച്ചുകൊണ്ട് ആശ്വാസ വാക്കുകൾ അവന്റെ അമ്മാവന് നല്കിയിരുന്നു.


കമ്പ്യൂട്ടറിനെ വെല്ലുന്നവിധം ഗുണിത ഹരിത സമ്മിശ്രങ്ങളായ അക്കങ്ങൾകൊണ്ടുള്ള ചതുരംഗക്കളിയിൽ അവനൊരു ബുദ്ധിജീവിയായിരുന്നു. വഞ്ചിഭൂമിയുടെയും കേരള നാടിന്റെയും ചരിത്രവും ഭൂമി ശാസ്ത്രവും തലച്ചോറിനുള്ളിൽ പ്രോഗ്രാം ചെയ്തതുപോലെയായിരുന്നു. ഓരോ നാടിന്റെയും താലൂക്കുകളുടെയും ജില്ലകളുടെയും സ്ഥിതിവിവരങ്ങൾ അക്കമിട്ടു പറയുമായിരുന്നു. സഞ്ചരിക്കുന്ന വിജ്ഞാനകോശംപോലെ ദൈവ വരദാനമായ ഒരു കഴിവ് അവനെ വലയം ചെയ്തിരുന്നു. ചുറ്റുമുള്ള പരിചയക്കാരുടെയും ബന്ധുജനങ്ങളുടെയും ജനിച്ച തിയതിയും വർഷവും അവന് മനപാഠമായിരുന്നു. 'ഗുണികൾ ഊഴിയിൽ നീണ്ടുവാഴാ', നാഥൻ അവനെ വിളിച്ചു. അവൻ അനുസരിച്ചുകൊണ്ട് നാഥന്റെ പിന്നാലെ പോയി.    

 
 സാധാരണ ചെറുപ്പക്കാരെപ്പോലെ വീരസാഹസിക കഥകളൊന്നും എടുത്തുപറയാൻ അവന്റെ ജീവിതത്തിലില്ലായിരുന്നു. അവന്റെ പപ്പായും മമ്മിയും പെങ്ങന്മാരുമെല്ലാം ആഡംബര പ്രേമികളായ  പരിഷ്ക്കാരികളായിരുന്നെങ്കിൽ വ്യത്യസ്തനായ അവൻ എന്നും ലളിതമായ ജീവിതമായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിന്റെ പേരില് സന്ധിയില്ലാ വാദവിവാദങ്ങളും അവനും അവന്റെ മമ്മിയും തമ്മിലുണ്ടായിരുന്നു. ഒരു പക്ഷെ അവനിലെ ഉത്തേജനം നാഥനായ യേശുവിന്റെ വചനങ്ങളായിരിക്കാം. അല്ലെങ്കിൽ ഗാന്ധിജിയുടെ ലാളിത്യ ജീവിതമായിരിക്കാം.


നസ്രാണി സഭാചരിത്രങ്ങൾ മനപാഠമാക്കി പലപ്പോഴും അറിവുള്ളവരുടെ സദസ്സിലും അവനെന്നും തിളങ്ങിയിരുന്നു. സഭകളുടെ പൈതൃകം തേടിയുള്ള അന്വേഷണവും വിശ്രമവേളയിൽ അവന്റെ ഹോബിയായിരുന്നു. മലങ്കര കത്തോലീക്കാ ശ്ലൈഹികത്വത്തിൽ വിശ്വാസം ജ്വലിച്ചിരുന്നു. അവരുടെ ജപമാലകളും കീർത്തനങ്ങളുമായി അധരങ്ങൾ ഉരുവിടുന്നതും കേൾക്കാമായിരുന്നു.  അന്ധതയല്ല ജ്ഞാനമായ വിശ്വാസം അവനെ നയിച്ചു. അവന്റെത് യേശുവിന്റെ പ്രബോധനങ്ങൾ മുഴങ്ങിയിരുന്ന ആദിമസഭയെന്നും വിശ്വസിച്ചിരുന്നു. നീരാടുന്ന സമയവും രാത്രിയുടെ എകാന്തന്തയിലും മലങ്കരയുടെ ദേവാലയത്തിനുള്ളിലെ നാഥനെ പ്രകീർത്തിച്ച ഇമ്പമേറിയ ഗാനങ്ങൾ പാടുമ്പോൾ ശ്രവിക്കുന്നവരും ഭക്തിയുടെ ആഴിക്കടലിൽ തുഴഞ്ഞുതുഴഞ്ഞ് ഒപ്പം പാടിക്കൊണ്ട് നീന്തുമായിരുന്നു.  


ജീവിക്കാൻ ഇനിയും ആനേക വർഷങ്ങൾ ബാക്കിയുണ്ടെന്ന് ചിന്തിച്ചിരുന്ന ബെൻമോൻ നാളെ ജീവിക്കുന്നുണ്ടെന്നനുമാനിക്കാതെ ഇന്നിന്റെ ബഹുമുഖമായ പദ്ധതികളുമായി ഓടി നടക്കുകയായിരുന്നു. അവനവനെ സ്വയം ചിന്തിച്ചിരുന്നില്ല. അവനുചുറ്റുമുള്ള ലോകമായിരുന്നു അവന് പ്രധാനം. സ്നേഹിക്കുന്ന സ്നേഹിതർ എന്നും അവന്റെ സമ്പത്തായിരുന്നു. കുടുംബ ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ അവനെന്നും മുമ്പിലുണ്ടായിരുന്നു. പൂർവിക പിതാക്കന്മാരുടെ കാലടികളെ പിന്തുടർന്ന് നാടായ നാടുമുഴുവൻ ചുറ്റിക്കറങ്ങി അമൂല്യങ്ങളായ ചരിത്രവിവരങ്ങൾ ശേഖരിക്കുന്നതും ബെൻ മോന്റെ ഹോബിയായിരുന്നു. അവന്റെയുംകൂടി ചരിത്രവീക്ഷണത്തിന്റെ ഫലമായിട്ടാണ് മഹത്തായ പാരമ്പര്യമുള്ള പടന്നമാക്കൽ കുടുംബത്തിന്റെ ചരിത്രം അന്ന് അച്ചടിക്കാൻ സാധിച്ചത്. നന്ദിയുണ്ട് ബെൻ മോനെ. പിതാക്കന്മാർ സഞ്ചരിച്ച അതേ വഴികളിലാണോ ഇന്ന് നിന്റെ സഞ്ചാര വീഥികളെന്നും അറിഞ്ഞുകൂടാ. കുടുംബചരിത്ര പുസ്തകങ്ങൾ അഗാതമായി വായിക്കുക, ചാർട്ട് ഉണ്ടാക്കുക, ഓരോ വ്യക്തികളെപ്പറ്റിയും പഠിക്കുക എന്നെല്ലാം അവന്റെ താല്പര്യങ്ങളായിരുന്നു.  കുടുംബത്തിന്റെ വേരുകളെ തേടിപ്പോവാൻ വിദൂരതയിലും വണ്ടി കയറിപ്പോവും. പൂർവിക പിതാക്കന്മാരിൽ അവനെന്നും അഭിമാനിയായിരുന്നു. അവരുടെ വീരകഥകൾ കൂട്ടുകാരോട് പറഞ്ഞ് അഭിമാനിച്ചിരുന്നു. ചുറ്റും എവിടെയും നല്ലവരായ സുഹൃത്തുക്കളുടെ വലയം എന്നും അവനുണ്ടായിരുന്നു. സമൂഹത്തിന്റെ നാനാഭാഗങ്ങളിലെ ജാതിമത ഭേദമേന്യേ ആയിരക്കണക്കിന് ജനങ്ങൾ അവന്റെ ശവസംസ്ക്കാരകർമ്മങ്ങൾക്കായി പങ്കുചേർന്നത് അതിന്റെ പ്രതിഫലനമായിരുന്നു. ചരിത്രം കുറിക്കുന്ന വലിയ ഒരു ജലപ്രളയം നിർജീവമായ അവന്റെ ശരീരത്തെ ദർശിക്കാൻ മൂവാറ്റുപുഴയിലെ പിതൃഭവനത്തിൽ വന്നെത്തിയിരുന്നു. സമൂഹത്തിലെ ഉന്നതരായവരും പേരും പെരുമയുമുള്ളവരും അക്കൂടെയുണ്ടായിരുന്നു.            


നിശബ്ദതയുടെ ഇന്നത്തെ എന്റെ രാത്രിയിൽ ശൂന്യതയിലെവിടെയോ ഗഗന വൈമാനികനെപ്പോലെ മനസൊന്ന് ജീവിതത്താളുകളിലൂടെ പിന്നിലേക്കൊന്നോടി. സ്വയം ഞാനെന്ന ജീവന്റെ സത്തയുടെ ഒരു തേടലുമായിരുന്നു. കദനതരംഗങ്ങളായി മനസ്സോടിയെത്തിയതും ബെൻ മോൻ എന്ന പ്രഭയുടെ ഉറവിടത്തിലേക്കായിരുന്നു. ഓമനപൂമുഖം നീട്ടുന്ന കാലത്തിലെ ശിശുവായിരുന്ന നിന്നെ വാരിയെടുത്ത ദിനത്തിലെ പുഞ്ചിരിത്താളിൽ ഞാനൊന്നോടിയൊളിക്കട്ടെ. അതിനുശേഷം മലരണിക്കാടുകൾ പൂവുകൾ വിടർന്നുകൊണ്ട് എത്രയെത്ര വസന്തങ്ങൾ ഗാനകോകിലങ്ങളുടെ ശബ്ദമനോഹാരിതയോടെ ദൈവസ്തുതി പാടിക്കൊണ്ട് കടന്നുപോയി.


2013 ഡിസംബർ അഞ്ചാം തിയതി എന്റെ അനുജന്റെ മകൾ ട്രീനായുടെ സന്ദേശം വന്നത് ഞെട്ടിക്കുന്ന ഈ സത്യവുമായിട്ടായിരുന്നു. "ജോസുകുട്ടി പപ്പാ ബെൻ പോയി" നിത്യമായ പവിഴമുത്തിനെ തേടിയലഞ്ഞ ബെൻ മോൻ അലച്ചിൽ മതിയാക്കി സമസ്തലോകത്തോടും അവനന്ന് യാത്ര പറഞ്ഞിരുന്നു. ഒരിക്കലും അങ്ങനെയൊരു വാർത്ത കേൾക്കരുതായിരുന്നുവെന്നും ഞാൻ ആഗ്രഹിച്ചു. അവിനില്ലാത്ത ഒരു ലോകം എനിക്ക് വിശ്വസിക്കാനായില്ല. എന്നാലും യുവത്വത്തിന്റെ സൗന്ദര്യ ലഹരിയിൽ എന്തേ അവൻ വിട പറഞ്ഞെന്നും ഓർത്തുപോയി. സത്യകാഹളങ്ങൾ മുഴക്കികൊണ്ട് മാലാഖമാർ അവനായി സ്വർഗത്തിൽ വിരുന്നൊരുക്കുന്നുണ്ടെന്ന് അവനാരോടും പറഞ്ഞില്ല. കൈക്കുഞ്ഞായിരുന്ന നിന്റെ ശൈശവത്തിലെ ഹൃദയഹാരിയായ മനോഹാരിത നിന്നിലെ കുരുന്നുമുഖത്ത് ഞാനന്ന് കണ്ടതും ഓർത്തു. നിഷ്കളങ്കതയുടെ നീരാളക്കയത്തിൽ ഒഴുകി നടന്ന നീ മരിച്ചു. എന്നാൽ ആ കുഞ്ഞ് ആത്മാവിന് കുളിർമ്മ നൽകി ഇന്നും എന്നിൽ  മരിച്ചിട്ടില്ല. എന്നിലെ മനം മുഴുകി താളം തെറ്റാത്ത സംഗീതവുമായി എന്നിൽത്തന്നെ നീയെന്ന ആ കുഞ്ഞ് ഒളിഞ്ഞിരിപ്പുണ്ടടാ മോനേ. 


ഭൂമിയിൽ നീയായിരുന്നപ്പോൾ വ്യത്യസ്തങ്ങളായ ഭൂഖണ്ഡങ്ങളിലായിരുന്നെങ്കിലും എനിക്കെന്നും നിന്നോട് പ്രത്യേകമായ വാത്സല്ല്യം ഉണ്ടായിരുന്നു. ഒരു പക്ഷെ നിന്റെ പപ്പായും ഞാനും ഒരേ പാത്രത്തിൽ ഒന്നിച്ചുണ്ട് ഒന്നിച്ചു കളിച്ച് ഒരേ മേൽക്കുരയിൽ വളർന്നതുകൊണ്ടായിരിക്കാം. കണ്ടു തീരുന്നതിനുമുമ്പ് നിന്റെ പപ്പായും അന്ന് സമസ്ത ലോകത്തോടും യാത്ര പറഞ്ഞു. നീയും ഒപ്പം ഞാനും അന്ന് നിന്റെ പപ്പായോട് വിടപറഞ്ഞ് ദൈവത്തിന് സ്തുതിപാടി.  


നിനക്കെന്നും നിന്റെതായ തത്ത്വങ്ങൾ ഉണ്ടായിരുന്നു. അതിൽ വിട്ടുവീഴ്ച്ചയില്ലാതെ നിന്റെ വ്യക്തിത്വത്തെ ആർക്കും അടിയറ വെക്കില്ലായിരുന്നു. ഞാൻ നാട്ടിൽ വരുന്ന കാലങ്ങളിൽ എന്നോടൊപ്പം സഞ്ചരിക്കാനും നീ താല്പര്യം കാണിച്ചിരുന്നു. എന്നോടുകൂടി യാത്ര ചെയ്ത് ബന്ധുജനങ്ങളുടെ വീടുകളിൽ പോയി അവരോടൊത്ത് സമയം ചിലവഴിക്കാനും ഇഷ്ടമായിരുന്നു. ബന്ധങ്ങളുടെ കണ്ണികൾ കണ്ടുപിടിച്ച് ഓർമ്മയിൽ സൂക്ഷിക്കുമായിരുന്നു. സൂര്യന് താഴെയുള്ള ഏത് വിഷയങ്ങളിലും നിനക്ക് ജ്ഞാനവും ഉണ്ടായിരുന്നു. ഒന്നിച്ച് സഞ്ചരിക്കുന്ന വേളകളിൽ ചിലപ്പോൾ കാത്തിരിക്കുന്ന ബസ് നിറയെ യാത്രക്കാരായിട്ടായിരിക്കും വരുന്നത്. തിങ്ങി നിറഞ്ഞിരിക്കുന്ന യാത്രക്കാർ ഇറങ്ങുന്ന വാതിലിൽ കൂടി നുഴഞ്ഞുകയറി എനിക്കവൻ  സീറ്റു പിടിച്ചു നല്കുന്നതും ഓർക്കുന്നുണ്ട്. എന്നിട്ട് അവൻ നില്ക്കും. ചെറുപ്പകാലങ്ങളിൽ കരാട്ട പഠിച്ച് ബെൽറ്റുകളും നേടിയിട്ടുണ്ട്.അതുകൊണ്ട് ആരെയും കൂസ്സാക്കുകയില്ലായിരുന്നു. ആരോടും ആ പാവം വഴക്കടിക്കില്ല.   


എല്ലാ ചെറുപ്പക്കാരെപ്പോലെ അവനും സ്വപ്നങ്ങൾ ഏറെയുണ്ടായിരുന്നു. പുഞ്ചിരിയോടെ പരാജയങ്ങൾ ഏറ്റു വാങ്ങി കുതിച്ചുയരുന്ന വിജയത്തിനായി അവനെന്നും പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ടായിരുന്നു.  അവസാനം വിധിയും അവനെ പരാജയപ്പെടുത്തി. ലോകമേ യാത്രയെന്ന് ഉരുവിട്ട് അവൻ യാത്രയായി. സ്നേഹിച്ച നിന്റെ മമ്മിയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കള്ക്കും ദുഃഖങ്ങൾ നല്കിപ്പോയ യാത്രക്കാരാ ചുറ്റുമുണ്ടായിരുന്ന സ്നേഹത്തിന്റെ കരകാണാക്കടൽ നീ കാണുന്നില്ലേ. എത്താത്ത ദൂരത്ത് കൈകൾ ഉയർത്തി ഹർഷാരവത്തോടെ നിന്റെ പപ്പാ നിന്നെ സ്വീകരിക്കുന്നത് സ്നേഹച്ചവരായവരുടെ കേഴുന്ന ഹൃദയങ്ങളിൽ മണിനാദമായി മുഴങ്ങുന്നുണ്ട്. നീ പോയില്ലെന്ന് ഇന്നും വിശ്വസിക്കുന്ന നിന്റെ മമ്മിയുമായി ഇന്നലെ ഞാൻ സംസാരിച്ചു. എന്താണ് സംസാരിക്കേണ്ടതെന്ന് അറിയാൻ മേലാതെ വാക്കുകൾ എനിക്ക് പതറിപ്പോയിരുന്നു. എങ്കിലും നിന്നെപ്പറ്റി സംസാരിച്ചു. നിന്റെ മൂക്കത്തായിരുന്നു ദ്വേഷ്യമെന്നും നിന്റെ മമ്മി പറഞ്ഞു. മൂക്കത്ത് ദ്വേഷ്യക്കാരാ നിന്റെ ദ്വേഷ്യം ഞാൻ കണ്ടിട്ടില്ല. നവരസങ്ങളിലൊന്നായ ദ്വേഷ്യമില്ലെങ്കിൽ അവനെങ്ങനെ മനുഷ്യനാകും. എവിടുന്നോ കൊടുങ്കാറ്റുപോലെ നിയന്ത്രിക്കാൻ മേലാതെ ദ്വേഷ്യം വന്നു കൂടും. പെട്ടന്നത് ശമിക്കുകയും ചെയ്യും. അതായിരുന്നു നീ. ഞാനും അങ്ങനെ തന്നെ. ഒരേ പാരമ്പര്യത്തിന്റെ ഒരേ ചോരയിൽ കിളുത്ത നിനക്കും എനിക്കും ദ്വേഷ്യമില്ലായിരുന്നെങ്കിൽ ലോകം തന്നെ ബാലിശമായേനെ. ദ്വേഷ്യമില്ലാത്തവന്  പൗരുഷ്യം എവിടെ? നിന്നിലെ ദ്വേഷ്യക്കാരനെ എനിക്കഭിമാനമായിരുന്നു. 'എന്റെ ബെൻ മോന്റെ ദ്വേഷ്യം കാണുന്നില്ല'ന്നോർത്ത് നഷ്ടപ്പെട്ട നിന്റെ അഭാവം നിന്റെ മമ്മി ഇന്നറിയുന്നു.

മാസങ്ങൾക്കുമുമ്പ് അവസാനമായി ടെലഫോണിൽ നിന്നോട്  സംസാരിച്ചതും ഞാൻ ഓർക്കുന്നു. ഒരു അദ്വൈത വേദാന്തിയുടെ 'അമ്മയെന്ന' വേദാന്തമായിരുന്നു അന്നെനിക്ക് നിന്നോട് പറയാനുണ്ടായിരുന്നത്. നിശബ്ദതയോടെ നീ എല്ലാം കേട്ടു. തത്ത്വചിന്തകളെ ലാളിച്ചിരുന്ന നിന്നോട് എനിക്കും വേദാന്തം പറയാനിഷ്ടമായിരുന്നു. അമ്മ' എന്ന രണ്ടക്ഷരത്തെപ്പറ്റി അവസാനമായി നിന്നോട് സംസാരിച്ചതും ഓർക്കുന്നു. നിന്റെ അമ്മയ്‌ക്കായി താങ്ങും തണലുമായ നിന്നോട് നിന്റെ അമ്മാവനെന്ന നിലയിൽ ഞാനുമന്ന് വാചാലനായി. ഞാൻ അന്ന് പറഞ്ഞത് ഇന്നിവിടെ കുറിയ്ക്കട്ടെ.


അമ്മയ്ക്കെന്നും തൻകുഞ്ഞ് പൊന്നാണ് മോനെ. ജനിച്ച കുഞ്ഞിനെ സ്പർശിക്കുന്ന വേളയിൽ അവിടെ അമ്മയുടെ മാതൃത്വം പൂർണ്ണമാവുകയാണ്. നീ ജനിച്ച നാളിൽ നിന്റെ സുന്ദരമായ കണ്ണുകളെ അമ്മ ഇമ വെട്ടാതെ നോക്കി നിന്നു കാണും. നീ ആയിരുന്ന കുഞ്ഞ് അമ്മയെ നോക്കുന്നുവെന്നു പറഞ്ഞ് അഭിമാന ചരിതയായി ചുറ്റുമുള്ളവരെ ചൂണ്ടികാണിച്ചിരിക്കും. ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി. ഇന്ന് നീ വളർന്നു കഴിഞ്ഞു. എന്നാൽ അമ്മയുടെ മനസിനുള്ളിൽ നീ എന്നും കുഞ്ഞായി മാത്രം. നീ നടക്കാൻ പഠിച്ചു. വായിക്കാനും നീന്താനും കരാട്ടയും പഠിച്ചു. നീ സർവ്വ വിജ്ഞാനിയെങ്കിലും അമ്മയ്ക്കെന്നും പൊന്നോമനയാണ്. കുഞ്ഞായിരിക്കുമ്പോൾ അമ്മയെ പിച്ചുകയും മാന്തുകയും ചെയ്യും. അമ്മക്കതൊരു സുഖമുള്ള വേദനയാണ്. അമ്മ കരയും. എന്ത് കുറ്റമാണേലും അമ്മ ക്ഷമിക്കും. ഇന്ന് നീ വളർന്നു കഴിഞ്ഞു. നിന്റെ കൈകളെ അമ്മയിനി പിടിച്ചുകൊണ്ട് നടക്കേണ്ടായിരിക്കാം. നീ സ്വതന്ത്രനായാലും അമ്മയ്ക്കെന്നും നീയൊരു കൊച്ചു ദുഖമായിരിക്കാം. കണ്ണടച്ച് തുറക്കുന്നതിനുമുമ്പ് നിന്നെ കണ്ട് അമ്മ ചോദിക്കാം "നീ എന്തിന് കുതിച്ചുചാടി വേഗത്തിൽ വളർന്നു. നിന്റെ കുട്ടിക്കാലം ഇന്നും അമ്മ സ്വപ്നങ്ങൾകൊണ്ട് മേയുകയാണ്. മുമ്പോട്ടുപായുന്ന സമയത്തെ പിടിച്ചുനിർത്താൻ ആർക്കുമിനിയാവില്ല. തിരമാലകൾകണക്കേ തിരിയുകയും മറിയുകയും ചെയ്യും. നീ എന്ന നല്ല മനുഷ്യനെ ഹൃദയത്തിലെന്നും ആദരിക്കുന്നതും അമ്മയായിരിക്കും. നിന്നെപ്പോലെ മറ്റാരെയും ഒരമ്മയ്ക്ക്‌ ഉൾക്കൊള്ളാൻ സാധിക്കില്ല. നീയായിരുന്നു അമ്മയുടെ സ്നേഹം. വാർദ്ധക്യത്തിൽ നീ അവരെ പരിപാലിക്കുമെന്നും ഓർത്തുകാണും. ഇന്ന് നീയായ സത്യമില്ല. പൊടിയായ ദേഹിയിൽ ജീവന്റെ ചൈതന്യവും ഇല്ല. നിന്റെ അമ്മയുടെ മനസ്സിൽ മരവിച്ച ഇന്നലെകളുടെ ചരിത്രം നെയ്തെടുക്കുന്നുണ്ടാവാം. നീ ഭൂമിയിലായിരുന്നപ്പോൾ നിന്റെ പുഞ്ചിരിക്കുന്ന കണ്ണുകളെ നോക്കി അമ്മ നിൽക്കുമായിരുന്നു. സ്നേഹ സ്പുരണകളോടെ നിന്നെ തലോടാൻ എന്നും കൊതിയുണ്ടായിരുന്നു. വിധി നിന്നെ അംബരചുമ്പികളായ വിഹായസ്സിനപ്പുറം പറപ്പിച്ചുകൊണ്ട് പറന്നകന്നുപൊയി. അത് നീതിയല്ലായിരുന്നു. അമ്മയുടെ ഒരേയൊരുമകൻ,  അവകാശി എല്ലാം സ്വപ്നകൂടാരങ്ങളായിരുന്നു. അവരുടെ സ്വപ്നങ്ങളെല്ലാം ചിതറിപ്പോയെടാ മോനെ. ജീവിതപാളികളെ മടക്കാതെ നിനക്കുമുമ്പിൽ വർഷങ്ങൾ നിനക്കായി കാത്തുകിടപ്പുണ്ടെന്നും ഞങ്ങൾ  ഓർത്തുപോയി. പൊക്കോളൂ കുട്ടാ, നിന്റെ വിധിയായ പുതിയ ഭവനത്തിൽ നിന്റെ പപ്പാ കരങ്ങളുയർത്തി കാത്തിരിപ്പുണ്ട്‌. ഇനിമേൽ നിനക്ക് ദുഖമില്ല. ആനന്ദ ലഹരിയിൽ മതിമറന്ന നിന്റെ പപ്പായുമായി സ്വർഗീയ വീണക്കമ്പികളിൽ കൈകളമർത്തി നീ പാടുന്ന ഗീതങ്ങൾ ഭൂമിയിലെ ഞങ്ങളും ഇനിമേൽ ശ്രവിക്കട്ടെ.

http://www.vsquaretv.com/mathews-jacob.html

1 comment:

  1. we read it completely....Hridaya sparsiyaya oru sokha kavitha pole....great.....

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...